2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ഗദ്ദാമ - കഥയില്ലായ്മകളുടെ പെണ്ണാടുജീവിതം

അരുണ്‍കുമാര്‍ പൂക്കോം
         
                  സൂപ്പര്‍താര പരിവേഷങ്ങളില്ലാതെ അടുത്തിടെ ഇറങ്ങിയ ഗദ്ദാമ എന്ന സിനിമ നല്ല സിനിമയാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. പക്ഷേ, മലയാളസിനിമകളില്‍ സമീപകാലത്തുണ്ടായ പലതരം അപചയങ്ങളില്‍ നിന്നും ഒട്ടും മുക്തമല്ല മുന്‍കാല പ്രശസ്ത നായികമാരായ സംയുക്താവര്‍മ്മയുടെയും മഞ്ജുവാര്യരുടെയും മറ്റും പരസ്യങ്ങളിലൂടെ പ്രചാരം നേടിയ ഗദ്ദാമയും എന്ന് തിരിച്ചറിയേണ്ടതുണ്ട്. വെറും അസംഭവ്യ കാഴ്ചകള്‍ വിതറുന്ന ഒത്തുതീര്‍പ്പു സിനിമക്ക് അപ്പുറം ഗദ്ദാമ തെല്ലും വളരുന്നില്ല.
 
                   പലപ്പോഴും അനാവശ്യകഥാപാത്രങ്ങളെ കൊണ്ട് നിബിഡമാക്കുന്ന പ്രക്രിയ കൊമേഴ്സ്യല്‍ സിനിമയുടെ പൊതുവേയുള്ള രീതിയാണ്. അവയില്‍ പലതും തെല്ലും ആസ്വാദനക്ഷമമല്ലാത്ത കഥാപാത്രങ്ങളായിരിക്കും. അവര്‍ സിനിമയിലെ സ്ഥിരം മുഖങ്ങളുമായിരിക്കും. അത് കച്ചവടസിനിമയിലെ അലിഖിതനിയമമാണെന്നു തോന്നുന്നു. സിനിമയില്‍ പലതരം സംഘടനകള്‍ നിലവില്‍ വന്നപ്പോള്‍ കഥാപാത്രാഭിനയം ചിലരുടെയൊക്കെ അവകാശമോ കുത്തകയോ ആയി മാറി. അവര്‍ക്കു വേണ്ടി കഥാപാത്രങ്ങളെ സ്യഷ്ടിച്ചു കൊടുക്കുന്ന ഗതികേട് തങ്ങളുടെ നിലനില്പിനായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായി എന്ന് ഇതില്‍ നിന്നും അനുമാനിക്കേണ്ടതുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും കഥാപാത്രങ്ങള്‍ക്ക് ഇണങ്ങാത്ത പതിവ് മുഖങ്ങളെ കാണേണ്ടി വരുന്നു.
                 
                       അത്തരത്തിലുള്ള കഥാപാത്രങ്ങളുടെ തിരുകിക്കയറ്റലുകള്‍ ഗദ്ദാമയില്‍ ഒട്ടനവധിയുണ്ട്. പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ മുന്നില്‍ നില്ക്കുന്ന സുകുമാരിയും കെ.പി.എ.സി.ലളിതയുമൊക്കെ ഇതിലും ചെറിയ റോളുകളില്‍ ഉപയോഗിക്കപ്പെടുന്നു. അത്തരം കഥാപാത്രങ്ങളൊന്നും തന്നെ ഈ സിനിമയില്‍ തെല്ലും ആവശ്യമുണ്ടായിരുന്നില്ല.അതേ പോലെ ബിജുമേനോന്‍ അവതരിപ്പിച്ച ജെ.സി.ബി ഡ്രൈവറും അധികപ്പറ്റു തന്നെ. ഒരു പാട്ട് രംഗത്തിലും പുഴയില്‍ മുങ്ങിമരിച്ചെന്ന പ്രേക്ഷകന്റെ തിരിച്ചറിവിലും ആ ഡ്രൈവറെ ഒതുക്കിയിരിക്കുന്നു.

                        മറ്റൊരു വിധത്തില്‍ ചിന്തിച്ചാല്‍  ടെക്നോളജി വളരെയധികം വളര്‍ന്ന പുതുകാലത്ത് പഴയ ഈസ്റ്മേന്‍ കളര്‍ കാലത്തെ ചെമ്മീനില്‍ രാമു കാര്യാട്ട് സമര്‍ത്ഥമായി ആവിഷ്കരിച്ച കടലിലെ സ്രാവുമായുള്ള പളനിയുടെ മരണത്തിനിടയാക്കിയ കെട്ടുപിടച്ചിലു പോലുള്ള രംഗങ്ങള്‍ ഇന്നത്തെ സിനിമയില്‍ ആവിഷ്കരിക്കാന്‍ കഴിയാതെ പോകുന്നത് സിനിമയോടുള്ള അണിയറ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത കുറയുന്നതു കൊണ്ടുതന്നെയാണ്. നാടകം കാണുന്നതു പോലെ, പരമിതികളില്‍ തീര്‍ത്ത സിനിമ പ്രേക്ഷകര്‍ വെറുതെ കാണേണ്ടി വരുന്നു.
                 
                       ഹിന്ദിയിലെ കോന്‍, റെയിന്‍കോട്ട് എന്നീ സിനിമകളില്‍ രണ്ടോ മൂന്നോ കഥാപാത്രങ്ങളേ ഉണ്ടായിരുന്നുള്ളു. രണ്ടും കഥാപാത്രങ്ങളുടെ ധാരാളിത്തമില്ലാതെ ആസ്വാദന ക്ഷമത തരുന്ന ചിത്രങ്ങളാണ്.ഗദ്ദാമയെ അവയോട് താരതമ്യപ്പെടുത്തിയാല്‍ കഥാപാത്രബാഹുല്യത്താല്‍ ശിഥിലമായ സിനിമ എന്നേ പറയാന്‍ കഴിയുകയുള്ളു.
                   
                       ഈയടുത്ത് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലെയും ഒഴിച്ചു കൂടാനാവാത്ത അജിനോമോട്ടോ ഇന്‍ഗ്രെഡിയന്റായി സുരാജ് വെഞ്ഞാറമൂട് മാറിയിരിക്കുന്നു എന്ന് ഗദ്ദാമയും അടിവരയിട്ട് സാക്ഷ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. തികച്ചും അനാവശ്യമായ രംഗങ്ങള്‍ ഈ കഥാപാത്രത്തിനും നല്കിയിരിക്കുന്നു.പ്രസ്തുത കഥാപാത്രത്തിന് തനതായ സ്വഭാവം പോലുമില്ല. നാട്ടിലെ വീട്ടില്‍ ഭാര്യയും മക്കളുമുള്ള അറബിയുടെ കാര്‍ഡ്രൈവര്‍ കഥാപാത്രം അറബിയുടെ ഇന്തോനേഷ്യന്‍ വേലക്കാരിയുമായി സമ്പര്‍ക്കത്തിലാവുന്നു. അതേ സമയം യാതൊരു വിധത്തിലും ദ്യഡമായ മുന്‍ബന്ധങ്ങളില്ലാത്ത നായികയെ പെങ്ങളെ എന്ന് രായ്ക്കുരാമാനം വിളിക്കുകയും ചെയ്യുന്നു. അവളെ ലൈംഗികമായ രീതിയില്‍ സിനിമയില്‍ ഒരിടത്തും അയഞ്ഞ മോറാലിറ്റിയുള്ള കാര്‍ഡ്രൈവര്‍ സമീപിക്കുന്നില്ല എന്നതും വിശ്വാസയോഗ്യമായ കാര്യമല്ല. കാര്‍ കഴുകുമ്പോള്‍ വലിയ വായില്‍ ഹാസ്യം എന്ന രൂപേണ വിഡ്ഢിത്തം പാടുന്നു. സൌദി അറേബ്യയില്‍ തൊട്ടതിനും തൊടുന്നതിനും കുറ്റം കണ്ടുപിടിക്കുന്ന അറബികളുടെ കൊട്ടാര സദ്യശ്യമായ മാളികയില്‍ അതൊക്കെ സംഭവിക്കുമെന്ന് പ്രേക്ഷകനെ വെറുതെ വിശ്വസിപ്പിക്കുന്നു. വല്ല അറബിയോ മറ്റോ അത്തരം കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടാകുമായിരുന്നില്ല.
             
                    ഗദ്ദാമ എന്ന വാക്ക് സൂചിപ്പിക്കുന്നതു പോലെ തന്നെ ചോദിക്കാനും പറയാനും ആരുമില്ലാത്ത വെറുമൊരു ദ്രരിദ്രവാസി  ആയ മാത്രമാണ്. പക്ഷേ, പ്രശസ്തയായ സിനിമാനടി കാവ്യാമാധവനെയാണ് അണിയറ പ്രവര്‍ത്തകര്‍ ആയയായി കാണുന്നത്. നടിമാരോടും നടന്‍മാരോടുമുള്ള ബഹുമാനവും കരുതലും ആരാധനയുമൊക്കെ സിനിമയില്‍ സിനിമാപ്രവര്‍ത്തകര്‍ പ്രതിഷ്ഠിക്കുന്നത് നല്ല കാര്യമൊന്നുമല്ല. അത്തരത്തില്‍ കാവ്യാമാധവന്റെ കാര്യത്തില്‍ ബാധ്യതകള്‍ വരുമായിരുന്നെങ്കില്‍ പാലേരി മാണിക്യം-ഒരു പാതിരാ കൊലപാതകം എന്ന സിനിമയില്‍ ഒരു പുതുമുഖത്തെ പരീക്ഷിച്ചതു പോലെ ഇതിലും പരീക്ഷിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. കുറച്ചു കൂടി തടിയൊക്കെ കുറഞ്ഞ കഷ്ടപ്പാടും സങ്കടവുമൊക്കെ തോന്നിക്കുന്ന ഒരു മുഖത്തെ എന്തു കൊണ്ട് നായികയായി പരീക്ഷിച്ചില്ല എന്ന  ചോദ്യം വളരെ പ്രസക്തമാണ്. അഴകി എന്ന തമിഴ് സിനിമയിലെന്ന പോലെ നന്ദിതാ ദാസിനെ പോലുള്ള ഏതെങ്കിലും നടി ചെയ്യേണ്ടിയിരുന്ന റോളാണ് സൂപ്പര്‍ നായികയായ കാവ്യാമാധവനെ ഏല്പിച്ചിരിക്കുന്നത്.

                    വളരെ സൌന്ദര്യാത്മകതയോടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കു വന്ന ഇന്തോനേഷ്യന്‍ വേലക്കാരി പെണ്‍കുട്ടിയുടെ കഥാപാത്രസ്യഷ്ടി ആകെ അവതാളത്തിലായി. നിഷ്കളങ്കതയോടെ പാട്ടുപാടിയ പെണ്‍കുട്ടിയെ കാര്‍ ഡ്രൈവറുമായി രതി തേടി പോകുന്ന ചപലയായി ചിത്രീകരിച്ചു നിറം കെടുത്തി. പ്രേക്ഷകന്റെ യാതൊരു തരത്തിലുള്ള സഹതാപവും പിടിച്ചു പറ്റാന്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ ആ കഥാപാത്രത്തിനായില്ല. മോഷ്ടിച്ചെന്നോ മറ്റോ കള്ളപ്പഴിയില്‍ അവള്‍  പുറന്തള്ളപ്പെട്ടിരുന്നെങ്കില്‍ മലയാളസിനിമക്ക് ഓര്‍ത്തുവെക്കാന്‍ അവള്‍ നല്ലൊരു കഥാപാത്രമാകുമായിരുന്നു. പ്രേക്ഷകരുടെ ധിഷണയെ ചോദ്യം ചെയ്യുന്ന തരത്തില്‍ അവളെ ഒഴിവാക്കേണ്ടത് കമലിന്റെ ആവശ്യമായിരുന്നിരിക്കാം.

                 കാര്‍ ഡ്രൈവര്‍ക്ക് നാട്ടില്‍ ഭാര്യയും കുട്ടികളും വേണ്ടിയിരുന്നില്ല. മറുനാട്ടില്‍ അറബിയുടെ കാറോടിക്കുന്ന, അവിടത്തെ വേലക്കാരിയെ പ്രണയിക്കുന്ന നല്ലൊരു യുവാവിനെ എന്തുകൊണ്ടാണ് ആവിഷ്കരിക്കാതെ പോയത് എന്ന് ചിന്തിക്കേണ്ടതുണ്ട്. അവര്‍ തമ്മിലുള്ള പ്രണയവും രണ്ടുപേരും പുറന്തള്ളപ്പെടാനുള്ള കാരണമാകുമായിരുന്നു. മറ്റേതെങ്കിലും നടന്‍ അഭിനയിച്ചു ഫലിപ്പിക്കേണ്ടിയിരുന്ന നല്ലൊരു കഥാപാത്രത്തെ സുരാജ് വെഞ്ഞാറമൂടിന്റെ ജനപ്രിയഹാസ്യത്തെ മാത്രം കണക്കിലെടുത്ത് നശിപ്പിച്ച് പ്രേക്ഷകരുടെ കൈയില്‍ തന്നു. അല്ലെങ്കില്‍ തന്നെ പുതുമുഖങ്ങളെ ഇത്തരം രംഗങ്ങളിലേക്ക് കാസ്റ് ചെയ്യാന്‍ എന്തുകൊണ്ടോ സിനിമാപ്രവര്‍ത്തകര്‍ മടിക്കുന്ന അത്യന്തം സപതാപാര്‍ഹമായ കാഴ്ചയാണ് ഈയിടെ ഇറങ്ങുന്ന മലയാളസിനിമകളില്‍ കണ്ടു വരുന്നത്.
           
                      ഗദ്ദാമ കെ.യു.ഇക്ബാലിന്റെ ഒരു കഥയെ അതിജീവിച്ച് അതേ പേരില്‍ തന്നെ എടുത്ത സിനിമയാണെന്നാണ് പറയപ്പെടുന്നതെങ്കിലും ബെന്യാമിന്റെ അത്യന്തം വിറ്റഴിക്കപ്പെടുന്ന ആടുജീവിതം എന്ന നോവലിലെ നായക കഥാപാത്രത്തിന്റെ സിനിമാപ്രവേശം ഇതില്‍ കാണുകയുണ്ടായി. അശ്വതി എന്ന കാവ്യാമാധവന്‍ അവതരിപ്പിക്കുന്ന ഗദ്ദാമ അറബിയുടെ വീട്ടിലെ പീഢനങ്ങളില്‍ നിന്നും ചാടി എത്തിപ്പെടുന്നത് മരുഭൂമിയിലെ ആടുവളര്‍ത്തല്‍ കേന്ദ്രക്കാരുടെ വണ്ടിയിലാണ്. വണ്ടിയുടെ പിന്നില്‍ ആടുകള്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്ന മൂന്ന് അറബികളുടെ അടിമയായ ആടുജീവിതക്കാരനോടുമൊപ്പം അവള്‍ എത്തിപ്പെടുന്നത് കര കാണാത്ത മരുഭൂമിയിലെ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലാണ്. അവളെ ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശമാണ് അറബികള്‍ക്കുള്ളത്. അവരില്‍ നിന്നും പ്രേക്ഷകരുടെ യുക്തിബോധത്തെ ചോദ്യം ചെയ്തുകൊണ്ട് ആടുജീവിതക്കാരന്‍ അവളെയും കൊണ്ട് മരുഭൂമിയില്‍ കൂടെ ബഹുദൂരം ഓടി രക്ഷപ്പെടുത്തുന്നതായി സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. നാളുകളായി വെള്ളം കാണാത്ത കോലത്തില്‍ മേക്കപ്പില്‍ മെനെഞ്ഞെടുത്ത വെറുമൊരു ആടുജീവിതക്കാരന്റെ പക്കല്‍ മിനറല്‍ വാട്ടറിന്റെ കുപ്പി കണ്ടതും വലിയ അത്ഭുതം ഉണ്ടാക്കി. ആടുജീവിതം എന്ന നോവലില്‍ അത്തരക്കാര്‍ക്ക് നേരാംവണ്ണം വെള്ളം പോലും കൊടുക്കില്ലെന്നാണ് എഴുതിക്കണ്ടത്. അതുമാത്രമല്ല, പലയിടത്തും മരുഭൂമിയില്‍ പൊന്നിന്റെ മൂല്യമുള്ള വെള്ളം കുടിക്കുന്നതിനു പകരം മുഖം കുളിപ്പിക്കുന്നതായും വെറുതെ കളയുന്നതായും കണ്ടു. വെള്ളത്തിന്റെ വിലയറിയുന്നവരുടെ കൈകൊണ്ട് ഗദ്ദാമ കൊല്ലപ്പെടാന്‍ ആ ഷോട്ട് ഒന്നു മാത്രം കണ്ടാല്‍  മതി. ശ്രമകരമായ ഒന്നിച്ചുള്ള ഓട്ടത്തിനു ശേഷം ആടുജീവിതക്കാരന്‍ ഗദ്ദാമയെ രക്ഷപ്പെടുത്തി പറഞ്ഞുവിട്ട് മടങ്ങി വരികയും ചെയ്യുന്നു. എങ്കില്‍ അവര്‍ക്ക് ഇരുവര്‍ക്കും രക്ഷപ്പെട്ടു കൂടേ എന്നും അയാള്‍ അതിനുമുമ്പ് എന്തുകൊണ്ട് രക്ഷപ്പെട്ടില്ല എന്നും അയാള്‍ അനന്തമായ മരുഭൂമിയില്‍ വഴിയറിയാത്ത അവള്‍ക്ക് എന്തുകൊണ്ട് തുണ പോയില്ല എന്നുമൊക്കെയുള്ള ചോദ്യങ്ങളും അവശേഷിക്കുന്നത് കാണാതെ പോകരുത്.
                 
                       നിസ്കരിച്ചു കൊണ്ടിരിക്കുന്ന അറബി ആടുജീവിതക്കാരന്‍ അവളെ രക്ഷപ്പെടുത്തുന്നത് ഇടം കണ്ണുകൊണ്ട് കാണുന്നുമുണ്ട്. കാമം കൊണ്ട് അന്ധരായ പുരുഷന്‍മാര്‍ കൈയില്‍ കിട്ടിയ ആരോരും ചോദിക്കാനില്ലാത്ത ഒരു പെണ്ണിനെ തെല്ലൊരു ശ്രമവും നടത്താതെ വെറുതെയങ്ങ് വിട്ടുകളയുന്ന ലോകത്തെ ആദ്യസിനിമ ഒരു പക്ഷേ ഗദ്ദാമ ആയിരിക്കും. നെറി കെട്ടവര്‍ക്ക് കാമത്തേക്കാളും സാഡിസത്തേക്കാളും മനശാസ്ത്രപരമായി ഒരിക്കലും വലിയ കാര്യമായിരിക്കില്ല ദൈവവിശ്വാസം. ആടുജീവിതക്കാരന്‍ അവളെ രക്ഷപ്പെടുത്തിയതിന്റെ പേരില്‍ തൂമ്പ കൊണ്ട് അവരില്‍ ഒരാളുടെ അടിയേറ്റ് മരിക്കുന്നുണ്ട് എന്ന കാര്യം അവരുടെ ദൈവവിശ്വാസവുമായും കൈയില്‍ കിട്ടിയ ഒരു പെണ്ണിനെ വെറുതെയങ്ങ് വിട്ടുകളഞ്ഞതുമായും പൊരുത്തപ്പെടാത്ത ഒന്നായി മാറുന്നു. അങ്ങനെയെങ്കില്‍ അവരല്ല ആടുജീവിതക്കാരനെ കൊന്നത്, സിനിമക്ക് വൈകാരികതലം കിട്ടാനായി അണിയറപ്രവര്‍ത്തകര്‍  തന്നെയാണ് അത് ചെയ്തിരിക്കുന്നത്. സ്വപ്നക്കൂട് എന്ന സിനിമയില്‍ ഭാവന അവതരിപ്പിച്ച നായികയുടെ അനിയത്തിയെ കഥാന്ത്യത്തില്‍  സിനിമയില്‍ പിന്തുടരാന്‍ പ്രയാസമുണ്ടെന്ന ഒറ്റ കാരണത്താല്‍ കൂട്ടുകാര്‍ക്കൊപ്പം കടല്‍ കാണാന്‍ പോയിടത്തു വെച്ച് സംവിധായകന്‍ കമല്‍ കടലിലേക്ക് തള്ളിയിട്ട് കൊന്നിട്ടുണ്ട് എന്നത് ഇതിനോട് ചേര്‍ത്ത് ഓര്‍ക്കേണ്ടതാണ്. ശ്രമകരമായ സിനിമ കമലിന് കുറച്ചൊക്കെ വയ്യ. ഓടുന്നവരെ അറബികള്‍ പിന്തുടരുന്നതായും അവിടെ വെച്ച് ആടുജീവിതക്കാരനെ കൊല്ലുന്നതായുമുള്ള ശ്രമകരമായ ഷോട്ടുകളൊന്നും എടുക്കാന്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ഈയിടെയായി തീരെ വയ്യ. എന്തോക്കെയോ ബാഹ്യഇടപെടലുകളില്‍ പെട്ട് അവരില്‍ ഒരുതരം മടിയോ മരവിപ്പോ വന്നുപെട്ടിരിക്കുന്നു.
            
                       ആടുജീവിതം എന്ന നോവലില്‍ മരുഭൂമിയില്‍ ബൈനോക്കുലര്‍ ഉപയോഗിക്കുന്നതിനാല്‍ അത്തരം ജീവിതത്തില്‍ നിന്നും ആടുകള്‍ക്കോ ഒട്ടകങ്ങള്‍ക്കോ ആടുജീവിതക്കാര്‍ക്കോ രക്ഷപ്പെടാന്‍ പറ്റില്ലെന്ന് പ്രത്രേകം എഴുതിയിട്ടുണ്ട്. എപ്പോഴും നിരീക്ഷണത്തിലായിരിക്കും എല്ലാവരും, എന്തിന് ആടുകള്‍ പോലും. പിന്നെ അശ്വതി എന്ന കഥാപാത്രം അറബി അറിഞ്ഞിട്ടു പോലും രക്ഷപ്പെടുന്നതെങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു.ഗദ്ദാമയില്‍ ദുര്‍ബലമായ കഥ മെനയലാണ് നടന്നിരിക്കുന്നത്. തെല്ലും അന്വേഷണങ്ങളോ പഠനങ്ങളോ ഇല്ലാതെ ആടുജീവിതം എന്ന നോവലിന്റെ വിപണി മൂല്യത്തില്‍ ആകര്‍ഷിക്കപ്പെട്ട് ആ നോവലിന്റെ വായനക്കാര്‍ ഏതാണ്ടൊക്കെ സമാനമായ സിനിമ കാണാന്‍ എത്തുമെന്ന് കച്ചവടക്കണ്ണോടെ കണ്ടറിഞ്ഞ് തിടുക്കത്തില്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയെടുത്ത സിനിമ മാത്രമാണ് ഗദ്ദാമ എന്ന് തിരിച്ചറിയേണ്ടതുണ്ട്.
               
                         ഫേസ്ബുക്കില്‍ നിന്നും ഈയടുത്തായി കണ്ട ഒരു ദ്യശ്യം വല്ലാത്ത ഭീതി ഉണര്‍ത്തി. മരുഭൂമിയില്‍ ജീവനില്‍ കൊതിയോടെ ഒരു ഒട്ടകം ഓടുന്നു. അതിനെ പിന്തുടര്‍ന്നു കൊണ്ട് ഒരു വാന്‍. പൊടുന്നനെ ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ നിന്നും ഒരുവന്‍ ഒട്ടകത്തിന്റെ വാലില്‍ ദയാരാഹിത്യത്തോടെ ചാടിപ്പിടിക്കുന്നു. മരണത്തെ ഭയന്നുള്ള ഓട്ടം അപ്പോഴും ഒട്ടകം നിര്‍ത്തുന്നില്ല. വാലില്‍ പിടിച്ചു കൊണ്ടു തന്നെ അവന്‍ പിന്നാലെ ഓടി അതിനെ പിന്‍കാലില്‍ പിടിച്ച് മറിച്ചിടുന്നു. ഒടിഞ്ഞു മടങ്ങി വീണ മരുഭൂമിയിലെ കപ്പലിന്റെ ചങ്കില്‍ അതിനെ ഓടിച്ച ക്രൂരനായ മനുഷ്യന്‍ കാലു വെച്ച് ഞെളിയുന്നു.

                    മേല്‍പറഞ്ഞ രംഗം കണ്ടവര്‍ ഗദ്ദാമ എന്ന സിനിമയിലെ അടിമയുടെ പരിസരങ്ങളെ നിര്‍ദ്ദാക്ഷിണ്യം വേട്ടയാടപ്പെടുന്ന ഒട്ടകത്തില്‍ നിന്നും വേറിട്ട് കാണാന്‍ സന്നദ്ധരാവില്ല. ആരോരുമില്ലാത്ത പെണ്ണിനും ആരോരുമില്ലാത്ത ഒട്ടകത്തിനും തമ്മില്‍ വേട്ടക്കാരുടെ ദയാരഹിതമായ കണ്ണുകളില്‍ യാതൊരു വ്യത്യാസവും ഉണ്ടാകാന്‍ സാധ്യതയില്ല. കൊലയും ബലാത്സംഗവും പേടിയാല്‍ സ്തബ്ധിച്ചു പോകുന്നവരുടെ മേലുള്ള വേട്ടക്കാരുടെ കടന്നുകയറ്റങ്ങളാണ്.
              
                    കൊടുകാട്ടില്‍ വെച്ച് നവവധുവിനെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് കൊള്ളക്കാരന്‍ നശിപ്പിക്കുന്ന രംഗങ്ങള്‍ സ്യഷ്ടിച്ചെടുക്കാന്‍ വിശ്വപ്രശസ്ത സിനിമയായ റാഷമോണില്‍ അകിറാ കുറോസോവ തെല്ലും മടിച്ചില്ല. ഇന്ത്യന്‍ മുഖ്യധാരാ സിനിമകളില്‍ അവശ്വസനീയമായ രക്ഷപ്പെടലുകള്‍ ഇത്തരം ഭാഗങ്ങളില്‍ പലപ്പോഴും നായികമാര്‍ക്ക് സിദ്ധിക്കാറുണ്ട്. റാപ്പ് ചെയ്യപ്പെട്ട നായികയെ പ്രേക്ഷകര്‍ കൈയൊഴിയും എന്ന വിധിയോ മുന്‍വിധിയോ അത്തരം രംഗങ്ങള്‍ ഒഴിവാക്കാന്‍ സിനിമാപ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നു. സിനിമ കാണുമ്പോള്‍ പ്രേക്ഷകരില്‍ വികാരിയസായി പ്രവര്‍ത്തിക്കുന്ന നായികയോടുള്ള പ്രണയത്തെയോ അല്ലെങ്കില്‍ സഹജാവബോധത്തെയോ അത്തരം രംഗങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതോടെ അവര്‍ അത്തരം സിനിമകളെ കൈയൊഴിയും എന്നതിനാലാകാം നായികമാരെ സിനിമാപ്രവര്‍ത്തകര്‍ നായകന്റെയോ മറ്റോ വേഷത്തില്‍ വന്ന് നായികയെ രക്ഷപ്പെടുത്തി കളയുന്നത്. പ്രണയസിനിമകളില്‍ അത്തരം ഒത്തുതീര്‍പ്പുകള്‍ പ്രേക്ഷകരില്‍ നിന്നും തീര്‍ച്ചയായും ഉണ്ടാകേണ്ടതുണ്ട്. പക്ഷേ, ഗദ്ദാമ ഒരു പ്രണയ സിനിമയല്ല. അവിടെ പ്രേക്ഷകര്‍ ഒത്തുതീര്‍പ്പുകള്‍ക്ക് പെട്ടെന്നങ്ങ് വഴങ്ങിക്കൊടുക്കാന്‍ സാധ്യത കുറവാണ്. ഇത് അത്ഭുതങ്ങള്‍ വിരിയുന്ന ആയിരത്തൊന്നു രാവുകളെ അധികരിച്ച് തീര്‍ത്ത ദയ പോലെയുള്ള സിനിമയാകരുതായിരുന്നു. മറിച്ച്, കഷ്ടപ്പാടുകളുടെ നേര്‍ചിത്രങ്ങളുടെ ഗദ്ദാമയാകണമായിരുന്നു.
               
                       നായിക വിധവയാണെന്നതിനാല്‍ അവിടെ പ്രേക്ഷകരുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വികാരിയസായ സ്വപ്നസമാനമായ പ്രണയത്തിന് സാധ്യതയില്ല. വിധവയുടെ ജീവിതത്തെ ഗദ്ദാമയുടെ പരിസരത്തില്‍ നോക്കിക്കാണാനാണ് പിന്നീട് പ്രേക്ഷകര്‍ ശ്രമിക്കുക. അവിടെ തീര്‍ച്ചയായും സത്യസന്ധമായ കാഴ്ചകളെ മാത്രമേ പ്രേക്ഷകര്‍ വില മതിക്കുകയുള്ളു.
                
                  വിധവയുടെ രാത്രികള്‍ക്ക്
                 വരണമാല്യങ്ങള്‍ കൊഴിഞ്ഞ മണം.
                 മാഞ്ഞസിന്ദൂരത്തില്‍
                 നിത്യവിരഹം.
               
               -എന്ന് കവി എ.അയ്യപ്പന്‍ അദ്ദേഹത്തിന്റെ കവിതയില്‍ വിധവയുടെ സാമൂഹ്യാവസ്ഥയെ പറഞ്ഞുവെച്ചിട്ടുമുണ്ട്. സമൂഹത്തിന് വലിയ പ്രതീക്ഷയോ വിലയോ ഉള്ള ഒരു വിഭാഗമല്ല ചെറുപ്രായത്തില്‍ വിധവയാകുന്ന പെണ്‍കുട്ടികള്‍ എന്നതാണ് സത്യം. അതേ സമയം അത്തരക്കാരുടെ ജീവിതത്തിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുന്ന പ്രവണതയും സമൂഹത്തിനുണ്ട്. അത്തരം വിധവകളില്‍ പലരും ലൈംഗികകാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നവരാണെന്നാണ് സമൂഹത്തിനുള്ള മനശാസ്ത്രകാഴ്ചപ്പാട്. സമൂഹത്തില്‍ അത്തരക്കാരെ തെല്ലൊന്നു മുട്ടി നോക്കുകയോ തട്ടിനോക്കുകയോ ചെയ്യുന്ന ചിലരൊക്കെയുണ്ട്. അവരുടെ വലയില്‍ വിധവകളിലെ ആര്‍ജ്ജവമില്ലാത്തവര്‍ പെട്ടുപോകാറുമുണ്ട്. അത്തരത്തിലല്ലാത്ത വിധം നായികയെ ആര്‍ജ്ജവത്തോടെ ഗദ്ദാമയില്‍ ചിത്രീകരിക്കുന്നതായൊന്നും കണ്ടില്ല. ഗള്‍ഫില്‍ ഗദ്ദാമയായി പോകാനൊന്നും അവള്‍ വിസമ്മതിക്കുന്നതായും സിനിമയില്‍ എവിടെയും പറഞ്ഞുവെച്ചിട്ടില്ല. അച്ഛന്‍ സമ്മതിക്കാതിരിക്കുമ്പോള്‍ അവള്‍ തന്നെ മുന്‍കൈ എടുത്തു പോവുകയാണ് ഉണ്ടാകുന്നത്. അവളെ വലിച്ചിഴച്ച് ആ ജീവിതത്തിലേക്ക് മറ്റുള്ളവര്‍ തള്ളിവിടുന്നതായി ചിത്രീകരിച്ചിരുന്നെങ്കില്‍ സിനിമക്ക് കുറച്ചൊക്കെ വിശ്വസനീയത കൂടുമായിരുന്നു.
                     
                     ഗദ്ദാമ എന്ന സിനിമയുടെ ചര്‍ച്ചകളില്‍ പൊന്തിവന്ന മറ്റൊരു കാര്യം സ്വത്വപ്രശ്നമാണ്. കെ.ഇ.എന്നും പി.കെ.പോക്കറുമൊക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന സ്വത്വപ്രശ്നങ്ങളൊന്നും തന്നെ ഗദ്ദാമ എന്ന സിനിമയിലില്ല. സൌദി അറേബ്യയില്‍ എല്ലാ മതവിഭാഗത്തില്‍ പെട്ട സ്ത്രീകളും പര്‍ദ്ദ ധരിക്കേണ്ടത് അവിടുത്തെ നിയമമാണ്. അശ്വതി എന്ന കഥാപാത്രം അവിടെ എത്തുമ്പോള്‍ ആ നിയമം അനുസരിക്കുന്നു എന്നു മാത്രമേയുള്ളു. സൌദി അറേബ്യയിലെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ നിരയായി ഇരുന്ന പര്‍ദ്ദാധാരികളായ സ്ത്രീകളുടെ അറ്റത്തായി അതുവരെ സാരിയിലായിരുന്ന നായിക  അവളുടെ അടുത്തേക്കു വന്ന മറ്റൊരു പര്‍ദ്ദാധാരിയായ സ്ത്രീയുമായുള്ള സംഭാഷണത്തിനു ശേഷം പൊടുന്നനെ ഇരിക്കുന്നതായുള്ള തികച്ചും സിനിമയുടെ ഭാഷക്ക് ചേരാത്ത ക്യത്രിമത്വം നിറഞ്ഞ വിഷ്വല്‍ കാണിക്കുകയാണ് അലസമായി സംവിധായകന്‍ ചെയ്യുന്നത്. ചലനാത്മകമാണ് ചലച്ചിത്രം എന്നത് തിരിച്ചറിഞ്ഞ് സാരിയുടെ മുകളില്‍ പര്‍ദ്ദ ധരിക്കുന്നതായോ അപ്പോള്‍ നായികയുടെ മുഖത്ത്  പലതരം ഭാവങ്ങള്‍ മാറി വരുന്നതായോ മറ്റോ ഉള്ള സീനുകളെടുത്തിരുന്നെങ്കില്‍ സ്വത്വപ്രശ്നങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ട്. പര്‍ദ്ദ ധരിച്ചിരിക്കുന്നവരെ വെറുതെ കാണിക്കുന്ന നിര്‍ജ്ജീവമായ സ്റില്‍ ഫോട്ടോയില്‍ അത്തരം പ്രശ്നങ്ങള്‍ തേടുന്നതില്‍ യാതൊരു കഴമ്പുമില്ല.

                ബോംബെ എന്ന സിനിമയില്‍ മനീഷ കൊയ്രാളയെ പര്‍ദ്ദയില്‍ സിനിമക്ക് വളരെ യോജിച്ച വിധം ചലനങ്ങളോടെ സൌന്ദര്യാത്മകമായി മണിരത്നം ചിത്രീകരിച്ചിട്ടുണ്ട്. സിനിമക്ക് വെറും സ്റില്‍ ഫോട്ടോ മതിയായിരുന്നെങ്കില്‍ മനീഷ കൊയ്രാളയെ പര്‍ദ്ദയില്‍ വെറുതെ നില്ക്കുന്നതായോ ഇരിക്കുന്നതായോ മണിരത്നത്തിന് കാണിച്ചാല്‍ മതിയാകുമായിരുന്നല്ലോ. അതില്‍ തന്നെ പര്‍ദ്ദ കൊണ്ട് മുഖം പോലും മറച്ച് അന്യമതക്കാരനായ നായകന്‍ നായികയുടെ കൂട്ടുകാരികളോ തോണിക്കാരനോ തന്നെ തിരിച്ചറിയാത്ത വിധം നായികക്കൊപ്പം തോണിയില്‍ ഒന്നിച്ച് യാത്ര ചെയ്യുന്ന രംഗം പോലുമുണ്ട്. നായകനെ തിരിച്ചറിഞ്ഞ് നായികയായ മനീഷ കൊയ്രാള പരിഭ്രമിക്കുകയും നായകന്‍ ചേര്‍ത്തു പിടിച്ചപ്പോള്‍ മറ്റാരും അറിയാതിരിക്കാന്‍ നിശ്ശബ്ദം ചേര്‍ന്നിരിക്കുകയും ചെയ്യുന്ന സീനുകള്‍ ഗദ്ദാമയിലെ പോലെ മരവിച്ച സീനുകളല്ലെന്ന് താരതമ്യം ചെയ്ത് നോക്കിയാല്‍ മനസ്സിലാകുന്നതേയുള്ളു. എത്രത്തോളം സൌന്ദര്യത്തോടെയാണ് പര്‍ദ്ദയെ സിനിമയില്‍ മണിരത്നം ആവിഷ്കരിച്ചിരിക്കുന്നതെന്നും സിനിമയോടുള്ള ആത്മാര്‍ത്ഥമായ സമീപനങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്നും അത്തരം താരതമ്യപ്പെടുത്തലില്‍ നിന്നും പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.
                 
                    മനീഷ കൊയ്രാള എന്ന നടി ബോംബെ എന്ന സിനിമയില്‍ ഗ്രാമത്തില്‍ നിന്നും തിരക്കേറിയതും പരിചയമില്ലാത്തതുമായ ബോംബെ എന്ന നഗരത്തിലേക്ക് നായകന്‍ പറഞ്ഞതനുസരിച്ച് ഒറ്റക്ക് വീടു വിട്ടു വന്ന് റെയില്‍വേ സ്റേഷന്റെ കവാടത്തില്‍ നിന്നു കൊണ്ട് കാണിക്കുന്ന അഭിനയമികവിന്റെ യാതൊരു അംശവും കാവ്യമാധവന്‍ എന്ന നടി ഗദ്ദാമ എന്ന സിനിമയില്‍ അത്തരമൊരു ഗ്രാമത്തില്‍ നിന്നും തിരക്കേറിയതും പരിചയമില്ലാത്തതുമായ മറ്റൊരു രാജ്യത്തെ എയര്‍പോട്ട് ലോഞ്ചില്‍ തെല്ലും കാണിക്കുന്നില്ല. വെറുതെ നിര്‍ജ്ജീവമായി സാരിയില്‍ ഇരിക്കാന്‍ പറയുമ്പോള്‍ സാരിയില്‍ ഇരിക്കുന്നു. പിന്നെ പര്‍ദ്ദയില്‍ ഇരിക്കാന്‍ പറയുമ്പോള്‍ പര്‍ദ്ദയില്‍ ഇരിക്കുന്നു. അത്രതന്നെ. ഇപ്പോള്‍ തന്നെ പലരും പുകഴ്ത്തുന്ന ഗദ്ദാമയിലെ കാവ്യമാധവന്റെ അഭിനയത്തിന് അവാര്‍ഡുകള്‍ വാരിക്കോരി നല്കാന്‍ തുടങ്ങുന്നതിനു മുമ്പ് ചിലരെങ്കിലുമൊക്കെ ശോഭനയുടെ മണിച്ചിത്രത്താളും മനീഷ കൊയ്രാളയുടെ ബോംബെയുമൊക്കെ കണ്ട് അഭിനയമെന്താണെന്ന് തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം.

                   സിനിമയില്‍ കഥാപാത്രങ്ങള്‍ പറയുന്ന നെടുനീളന്‍ ഡയലോഗുകള്‍ പ്രേക്ഷകരുടെ ആസ്വാദനക്ഷമതക്ക് തെല്ലൊന്നുമല്ല ഭംഗം വരുത്തുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ റസാഖ് കൊട്ടേക്കാട് എന്ന ശ്രീനിവാസന്റെ കഥാപാത്രം ഗദ്ദാമയോടൊപ്പം അവളെ സംരക്ഷിച്ചു നിര്‍ത്തുന്ന ഇടത്തുനിന്നും വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട് സൌദി അറേബ്യയില്‍ തടവിലാക്കപ്പെട്ട ഭരതന്‍ എന്ന കഥാപാത്രത്തോട് ജയിലില്‍ വെച്ച് പറയുന്ന ആപ്തവാക്യസമാനമായ ഡയലോഗുകള്‍ തീര്‍ത്തും ജീവിതബോധമില്ലാത്തതാണ്. സൌദിയിലെ തടവറകളും മറ്റും ഒറ്റയാനായ ഒരു സാമൂഹ്യപ്രവര്‍ത്തകന് കയറി ഇറങ്ങാന്‍ പറ്റുന്ന ഇടങ്ങളാകാന്‍ സാധ്യത വളരെ കുറവാണ്. റസാഖ് എന്ന കഥാപാത്രത്തിന് തന്നെ സമയോചിതം പുതുക്കാത്ത പാസ്പോര്‍ട്ടാണ് കൈവശമുള്ളത്. അത്തരം ഒരാള്‍ നിര്‍ഭയം സൌദി അറേബ്യയിലെ ജയിലിലും മറ്റും കയറിയിറങ്ങുന്നതായി കാണിച്ച് പ്രേക്ഷകരുടെ യുക്തിയെ ഗദ്ദാമ എന്ന സിനിമ നിരാകരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്കൊന്നും തന്നെ തെല്ലും വിശ്വസനീയത നല്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഒരു സാമൂഹ്യസംഘടനക്ക് തടവുകാരുമായി സംവദിക്കാന്‍ ഒരു പക്ഷേ സാധിച്ചേക്കാം. പാക്കിസ്ഥാന്‍ തീവ്രവാദികള്‍ പിടിച്ചു കൊണ്ടുപോകുന്ന ഭര്‍ത്താവിനെ തിരിച്ചു കിട്ടാനായി നായിക കാശ്മീരിലെ പട്ടാളക്യാമ്പുകളിലും പോലീസ് സ്റേഷനുകളിലും നിരന്തരം ബന്ധപ്പെടുന്നതു കൊണ്ടാണ് റോജ എന്ന മണിരത്നത്തിന്റെ സിനിമ വിശ്വാസ യോഗ്യമാകുന്നത്. അത്തരത്തിലുള്ള ബന്ധപ്പെടലുകളൊന്നും റസാഖ് നടത്തുന്നതായി കാണുന്നില്ല. ഒരു ന്യൂസ് എഡിറ്ററുമായി തന്റെ സാമൂഹ്യപ്രതിബദ്ധത പറഞ്ഞു ഫലിപ്പിക്കുന്നതു പോലുള്ള രംഗങ്ങളിലാണ് റസാഖിനെ പലപ്പോഴും കാണുന്നതു തന്നെ. അന്യോന്യം നെടുനീളന്‍ സംഭാഷണങ്ങളുള്ള അത്തരം രംഗങ്ങള്‍ക്ക് നാടകത്തോടാണ് കൂടുതല്‍ അടുപ്പം, അല്ലാതെ സിനിമയോടല്ല.ദ്യശ്യപ്രാധാന്യമുള്ളതായിരിക്കണം സിനിമ. ഗദ്ദാമ പലയിടത്തും നാടകമായി പോകുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്.
              
                        റസാഖ് എന്ന കഥാപാത്രത്തെ വെറുതെ വലിച്ചു നീട്ടി പ്രേക്ഷകരില്‍ മടുപ്പുണ്ടാക്കുന്നു. പ്രേക്ഷകര്‍ക്കു ശ്രീനിവാസനോടുള്ള താല്പര്യം കൊണ്ട് കണ്ടിരിക്കുന്നു.ന്യൂസ് എഡിറ്ററുടെ കരണത്ത് സാമൂഹ്യപ്രതിബദ്ധതയുടെ പേരില്‍ അടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഏതാണ്ടെല്ലാ സിനിമയിലും ചിരിക്കാനുള്ള വക എന്ന രീതിയില്‍ അത്തരം ഒന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് തെല്ലും അത്ഭുതം തോന്നാന്‍ വകയില്ല. ഗദ്ദാമയില്‍ അദ്ദേഹത്തെ പോലെ തന്നെ കാവ്യമാധവനും സുരാജ് വെഞ്ഞാറമൂടും സുകുമാരിയും കെ.പി.എ.സി.ലളിതയും ലെനയുമെല്ലാം ടൈപ്പ് ചെയ്യപ്പെടുക മാത്രമാണ് ചെയ്യപ്പെട്ടിട്ടുള്ളത്. അവരൊക്കെ എന്താണ് അടുത്ത ഷോട്ടില്‍ ചെയ്യുക എന്നത് പ്രേക്ഷകന് ഊഹിച്ചെടുക്കാനാകുന്നു എന്നിടത്ത് ഗദ്ദാമ സിനിമ എന്ന നിലയില്‍ തീര്‍ത്തും പുതുമകള്‍ ഒന്നും തന്നെ തരുന്നില്ല.
                
                       താന്‍ കണ്ടുമുട്ടിയ ഒരു അവിവാഹിതയായ ഒരു ഗദ്ദാമയെ അറബിയുടെ മാളികയിലെ പീഡനങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തില്‍ അവിവാഹിതനായ ചെറുപ്പക്കാരന്‍ രക്ഷപ്പെടുത്തുന്നതായ വിധത്തിലോ, അതല്ല അത്തരമൊരു രക്ഷപ്പെടുത്തലില്‍ നിന്നും അവരിരുവരും ദയനീയമായി പരാജയപ്പെടുന്നതായ തരത്തിലോ ഗദ്ദാമയെ തീര്‍ത്തിരുന്നെങ്കില്‍ സിനിമക്ക് റോജയുടേതു പോലെയൊക്കെ കാല്പനിക തലം അവകാശപ്പെടാനാകുമായിരുന്നു. അതല്ല, ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതെ യഥാതഥമായ ചിത്രീകരണം നടത്തിയിരുന്നെങ്കില്‍ പി.ടി.കുഞ്ഞുമുഹമ്മദിന്റെ പരദേശി പോലെയൊക്കെയുള്ള നല്ലൊരു സിനിമയായും ഗദ്ദാമ മാറുമായിരുന്നു. അല്ലെങ്കില്‍ തന്നെ ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മലയാളസിനിമയില്‍ നല്ല സിനിമകള്‍ എന്ന് സധൈര്യം പറയാവുന്നവയില്‍ രഞ്ജിത്തിന്റെ പാലേരി മാണിക്യം-ഒരു പാതിരാകൊലപാതകം, ഷാജി.എന്‍.കരുണിന്റെ കുട്ടിസ്രാങ്ക്, ശ്യാമപ്രസാദിന്റെ ഋതു എന്നിവ പോലെയുള്ള രണ്ടോ മൂന്നോ എണ്ണം മാത്രമല്ലേ ഉള്ളു. ടി.ഡി.ദാസന്‍, സ്റാന്‍ഡേര്‍ഡ് സിക്സ് ബി എന്ന സിനിമ പ്ളാച്ചിമട പ്രശ്നവും മറ്റും അനാവശ്യമായി കയറ്റാതെ തമിഴിലെ പശങ്ക പോലെയൊക്കെ എടുത്തിരുന്നെങ്കില്‍ അതുമൊരു നല്ല സിനിമ ആകുമായിരുന്നു.

                  സിദ്ദിഖിന്റെ ബോഡിഗാര്‍ഡ് എന്ന സിനിമ നയന്‍താര എന്ന താരത്തിന് വേണ്ടിയോ ദിലീപ് എന്ന താരത്തിന്റെ നായകപരിവേഷത്തെ കണക്കിലെടുത്തോ കഥയെ വളച്ചൊടിച്ച് നായകനെ കൊണ്ട് നായികയെ വീണ്ടും കല്യാണം കഴിപ്പിച്ചില്ലായിരുന്നെങ്കിലും ജയരാജിന്റെ ലൌഡ്സ്പീക്കര്‍ എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ സ്നേഹവായ്പില്‍ മറ്റൊരാളുടെ വ്യക്ക തനിക്കു വേണ്ടെന്ന് സ്വീകര്‍ത്താവിനെ കൊണ്ട് പറയിച്ചിരുന്നുവെങ്കിലും അവ മലയാളത്തിലെ നല്ല സിനിമകളുടെ ഇടയില്‍ സ്ഥാനം പിടിക്കുമായിരുന്നു. ബോഡിഗാര്‍ഡിലെ കിറ്റന്‍ സ്വഭാവമുള്ള നയന്‍താരയുടെ കളിപ്പീര് കഥാപാത്രം ഒരിക്കലും പറഞ്ഞുറപ്പിച്ച കല്യാണം കഴിക്കാതെ ഗൌരവസ്വഭാവം കൈക്കൊണ്ട് വിരഹവേദനയോടെ നായകനെ കൊല്ലങ്ങളോളം കാത്തിരിക്കില്ല എന്ന മനശാസ്ത്രപരമായ കാര്യം പോലും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ നിരാകരിച്ചു കളഞ്ഞു. 
                 
                        കഥാബോധമോ ഈസ്തെറ്റിക് സെന്‍സോ ഇല്ലാത്ത പലരും താരപ്പൊലിമകളില്‍ മയങ്ങി മലയാളസിനിമകളില്‍, പ്രത്രേകിച്ചും അവയുടെ കഥകളില്‍, നിരന്തരം ഇടപെടുന്നുണ്ടെന്നു ചില സിനിമകള്‍ നല്കുന്ന നിരാശകളില്‍ നിന്നും മനസ്സിലാക്കേണ്ടതുണ്ട്. പാലേരി മാണിക്യം-ഒരു പാതിരാകൊലപാതകവും കുട്ടിസ്രാങ്കും നല്ല സിനിമകളാകുന്നത് അവയുടെ രചയിതാക്കളായ ടി.പി.രാജീവനും പി.എഫ്.മാത്യൂസും കഥയുടെ കാര്യത്തില്‍ സാഹിത്യലോകത്ത് മറ്റുള്ളവര്‍ക്ക് വഴങ്ങാതിരിക്കാന്‍ മാത്രം സ്വയം പര്യാപ്തരായതു കൊണ്ടാണ്. മറ്റ് ഭൂരിഭാഗം സിനിമാ കഥ എഴുത്തുകാര്‍ക്കും മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് വെറുതെ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു. അതു കൊണ്ടു തന്നെ മലയാളികള്‍ക്ക് നല്ല സിനിമാ അനുഭവങ്ങള്‍ക്കായി പുതുപുത്തന്‍ പരീക്ഷണങ്ങള്‍ എല്ലാ മേഖലകളിലും നടത്തിക്കൊണ്ടിരിക്കുന്ന തമിഴ് സിനിമകളെ അഭയം പ്രാപിക്കുക മാത്രമേ വഴിയുള്ളു. 
          
                   മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറും പോലുള്ള നല്ല സിനിമകള്‍ എടുത്ത കമല്‍ പറയുന്നത് അദ്ദേഹത്തിന്റെ മാസ്റര്‍പീസാണ് ഗദ്ദാമ എന്നാണ്. സംവിധായകന്റെ മേല്‍ കഥയുടെയും കഥാപാത്രത്തിന്റെയും നടീനടന്‍മാരെ തിരഞ്ഞെടുക്കുന്നതിന്റെയുമൊക്ക കാര്യങ്ങളില്‍ ബാഹ്യമായ പലതരം ഇടപെടലുകള്‍ സാധാരണപ്രേക്ഷകര്‍ക്ക് പോലും അനുഭവപ്പെടുന്ന ഗദ്ദാമ എന്ന സിനിമ ഒരിക്കലും അതിന്റെ സംവിധായകന്റെ മാസ്റര്‍പീസാകില്ല. കമലിന്റെ മാസ്റര്‍പീസ് ഇതുവരെ വന്ന അദ്ദേഹത്തിന്റെ സിനിമകള്‍ വെച്ചു നോക്കുമ്പോള്‍ താരബാഹുല്യമില്ലാത്ത മേഘമല്‍ഹാര്‍ തന്നെയാണ്. അത് തീര്‍ച്ചയായും മലയാളസിനിമയിലെ നല്ലൊരു രാഗമായിരുന്നു.
                
                         എന്തും എങ്ങനെയും വിറ്റഴിക്കപ്പെടുന്ന നിലവിലെ ആഗോളവത്കരണകാലത്ത് പുതുസിനിമ അവയുടെ പോസ്ററുകളില്‍ ചതിപ്രയോഗങ്ങള്‍ നടത്തുന്നതിന് ഉത്തമ ദ്യഷ്ടാന്തമാണ് ഗദ്ദാമ എന്ന സിനിമയുടെ പരസ്യത്തക്കിടികള്‍. സിനിമാതാരങ്ങളെ കല്യാണം കഴിച്ചു എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് നഷ്ടബോധം തോന്നുന്ന തരത്തില്‍ പിന്നീടുണ്ടായ സിനിമകളില്‍ നിന്നും വിട്ടു നിന്ന മുന്‍കാല ജനപ്രിയ നായികമാരെ കൊണ്ട് നല്ല സിനിമയാണെന്നു പറയിപ്പിച്ചും ജനപ്രിയ സംവിധായകന്റെ മാസ്റര്‍പീസാണെന്ന് സ്വന്തം തന്നെയങ്ങ് പ്രഖ്യാപിച്ചും അത്തരത്തിലുള്ള പോസ്ററുകള്‍ നാടുനീളെ എഴുതിക്കാട്ടിയും പലതരം മാധ്യമങ്ങളില്‍ നല്ല സിനിമയാണെന്ന് ലേഖനങ്ങള്‍ നല്കിയും മറ്റുമുള്ള പരസ്യത്തക്കിടികളിലൂടെയും മറ്റും ഒരു ഒത്തുതീര്‍പ്പ് സിനിമ പ്രേക്ഷകരെ നല്ല സിനിമയെന്ന് തെറ്റിദ്ധരിപ്പിക്കുന്നതെങ്ങനെ എന്ന് ഗദ്ദാമ എന്ന ശരാശരി സിനിമ അടിവരയിട്ടു കാണിച്ചു തരുന്നു.                                    
                 കമല്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍ തന്റെ നിലവാരത്തകര്‍ച്ചയില്‍ തീര്‍ച്ചയായും ലജ്ജിക്കേണ്ടതുണ്ട്.                                              
                                                                 
                                                                       -0-