2011, മാർച്ച് 8, ചൊവ്വാഴ്ച

പിന്നോക്കം പോകുന്നവര്‍


അരുണ്‍കുമാര്‍ പൂക്കോം
  
                സ്റാഫ് റൂമിലേക്ക് ചെക്ക് ഷര്‍ട്ടിന്റെയും കടും നീല കുഞ്ഞു പാവാടയുടെയും യൂനിഫോമില്‍ അനുനന്ദ ഒരു വണ്ടിനെ പോലെ ഓടിച്ചെന്നു. അവിടെ ഇരിക്കുന്ന ടീച്ചര്‍മാരുടെ കൂട്ടത്തില്‍ നിന്നും ശബാന ടീച്ചറെ അവള്‍ മിസ്സ്, മിസ്സ്.....എന്ന മുരണ്ടു കൊണ്ട് തേടിപ്പിടിച്ചു. ശബാന അപ്പോള്‍ അടുത്തിരിക്കുന്ന ഷംസീന ടീച്ചറോട് പുത്തന്‍ സാരിയുടെ വിലയും വാങ്ങിയ കടയും ചോദിച്ചറിയുകയായിരുന്നു.
             
               അവളെ കണ്ടതും ശബാന ടീച്ചര്‍ തിരക്കി.  
        
              -'ന്താ മോളേ?'
            
              രണ്ടു കിലോമീറ്റര്‍ അപ്പുറമുള്ള മോണ്ടിസോറി ഇംഗ്ളീഷ് മീഡിയം അണ്‍ എയ്ഡഡ് സ്ക്കൂളിലേക്ക് പോകാനൊരുങ്ങി നിന്നിടത്തു നിന്നും ഏറ്റവും ജൂനിയറായ അനുപല്ലവി ടീച്ചര്‍ കൂട്ടിക്കൊണ്ടു വന്ന സ്വന്തം ചേട്ടന്റെ കുട്ടിയാണ് അനുനന്ദ. കുട്ടികളില്ലാതെ ഡിവിഷന്‍ ഫോള്‍ വന്നാല്‍ തന്റെ പോസ്റ് തള്ളിപ്പോകുമെന്നതിനാല്‍ പേരും പെരുമയും ചെറുപ്പത്തില്‍ തന്നെ സിദ്ധിച്ച വക്കീലായ ചേട്ടന്റെ കൈയും കാലും പിടിച്ച് അനുനയിപ്പിച്ചാണ് ടീച്ചര്‍ അതു സാധിച്ചെടുത്തത്.  
             
                       ചേട്ടന്‍ ഇത്രയും പ്രശസ്തനായതും തന്റെ ഹസ്ബന്റിന് ബാങ്കില്‍ ജോലി കിട്ടിയതുമൊക്കെ സാധാരണ സ്ക്കൂളുകളില്‍ പഠിച്ചിട്ടല്ലേ എന്നും തന്റെ ജോലി സ്ഥിരതയുടെ പ്രശ്നമല്ലേ  എന്നുമൊക്കെയുള്ള അനിയത്തിയുടെ പല്ലവികളില്‍ സ്നേഹമുള്ള ജ്യേഷ്ഠന്‍ വീണു പോവുകയായിരുന്നു. യാത്രാക്ളേശം പറഞ്ഞ് കുട്ടികള്‍ കൊഴിഞ്ഞു പോകാതിരിക്കാനായി വാങ്ങിച്ച സ്ക്കൂള്‍ ബസ്സുകളില്‍ ഒന്നിലാണ് അനുപല്ലവിയോടൊപ്പം അവള്‍ എന്നും വരിക. 
അനുപല്ലവി മറ്റേര്‍ണിറ്റി ലീവില്‍ പ്രവേശിക്കുന്ന ദിവസമായതിനാല്‍ അനുനന്ദയെ  പ്രത്രേകം നോക്കിക്കൊള്ളണമെന്ന് മൊബൈല്‍ ഫോണില്‍ കാലത്തു തന്നെ ശബാനക്ക് എസ്.എം.എസ് ലഭിച്ചിട്ടുമുണ്ട്. എസ്.എം.എസ് നോക്കാന്‍ വിട്ടുപോകാതിരിക്കാന്‍ അതിനു പിന്നാലെ രണ്ടു മൂന്ന് മിസ് കോളുകളെയും കൂടെ പറഞ്ഞു വിട്ടിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ശബാനക്ക് താന്‍ ക്ളാസ് ടീച്ചറായ നാല് എയിലെ അനുനന്ദയെ നന്നായി നോക്കേണ്ടതുണ്ട്.
            
                    ഓടി വന്നതിന്റെ കിതപ്പിനെ കൂട്ടുപിടിച്ച് അവള്‍ തന്റെ ക്ളാസിന് നേര്‍ക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
              
                 -'ഓന്‍ പറേവ്വാ പിന്നോക്കം പോണവര് ജയിക്കണ കളിയെന്തോരു സ്വിമ്മിങ്ങാന്ന്. ഇന്നലേം പറഞ്ഞു. ഇന്നും പറേവ്വാ'.
           
                   കേട്ടുനിന്ന ഷംസീന ടീച്ചര്‍ പ്രശ്നത്തിലേക്ക് ജിറാഫിനെ പോലെ കഴുത്തു നീട്ടി. ആ കഴുത്തു നീട്ടല്‍ കണ്ട് മറ്റു ടീച്ചര്‍മാരും അവരുടെ സീറ്റുകളില്‍ ഇരുന്നുകൊണ്ട് അങ്ങോട്ട് ശ്രദ്ധിച്ചു.
              
                   -'ആര്?'
              
                   -'ജില്‍ജിത്താ മിസ്. ഓന്‍ പറേവ്വാ ഒര് ചോദ്യത്തിന് ഒരുത്തരം മാത്രല്ല ഇണ്ടാക്വാന്ന്.'
           
                    ജില്‍ജിത്തിനെ പെട്ടെന്നു തന്നെ ശബാന മിസ്  മനസ്സു കൊണ്ട് തൊണ്ടിയോടെ പിടികൂടി. ശബാന എല്ലാവരോടുമെന്ന പോലെ പറഞ്ഞു.
              
                   -'ഓനാള് മൊത്തം പ്രശ്നക്കാരനാ'.
           
                  -'ആര്? ആ നീണ്ട കറുമ്പന്‍ പിമ്പഞ്ചുകാരനോ?'
              
                  ഷംസീന ടീച്ചര്‍ ആളെ തിരിച്ചറിഞ്ഞെന്ന പോലെ ചോദിച്ചു.
            
                  -'ആ ഓന്തന്നെ. എപ്പളും ചോദ്യങ്ങക്ക് സൊന്തൊത്തരം കണ്ടുപിടിക്കലാ ഓന്റെ പണി. ഇവ്ടേം അതന്നെ.'
           
                   അവനെ തിരിച്ചറിഞ്ഞ് തന്റെ സീറ്റില്‍ നിന്നും എലിയെ കിട്ടിയ പൂച്ചയെ പോലെ ആനീസ് സ്ട്രീസ ടീച്ചര്‍ പൊടുന്നനെ നടന്നു വന്ന് അനുനന്ദയെ തോളില്‍ പിടിച്ചു കൊണ്ട് ചോദിച്ചു.
            
                   -'ന്താ മോളെ, ന്താ?'
           
                 -'ഒര് ചോദ്യത്തിന് ഒരുത്തരല്ലേ ഇണ്ടാകൂ, മിസ്?'
               
                  -'അതങ്ങന്യേ ഇണ്ടാകൂ. ചെന്ന് ഓനോടിങ്ങ് വരാന്‍ പറ.'
            
                  അനുനന്ദ മടിച്ചു നില്ക്കുന്നതു കണ്ട് ശബാന പറഞ്ഞു.
              
                 -'ഞാന്‍ വിളിക്കുന്നൂന്ന് പറ.'
            
                   താന്‍ സമീപിച്ച ടീച്ചര്‍ പറഞ്ഞെന്നായപ്പോള്‍ അനുനന്ദ ക്ളാസിലേക്ക് ഓടി പോയി.
ആനീസ് സ്ട്രീസ അവള്‍ പോയെന്നു കണ്ട് സ്റാഫ് റൂമിലെ എല്ലാവരും കേള്‍ക്കത്തക്ക വിധം പറഞ്ഞു.
           
                    -'ഓനാള് വല്യ വമ്പനാ. സുനാമി അടിച്ചേന്റെ രണ്ടൂന്നീസം കഴിഞ്ഞേന്റെ ഒരീസം ഒരുത്തന്‍ അയിന്റെ സ്പെല്ലിംഗ് ചോയിച്ചു. ഞാന്‍ പറഞ്ഞ് എസ്.യു.ന്‍.എ.എം.ഐന്ന്. നമ്മള് മാത്സ്കാര്‍ക്ക് അത്രെല്ലേ ഇംഗ്ളീഷറിയൂ. അപ്പോ ഓന്‍ പിമ്പഞ്ചീന്ന് എണീറ്റ് ഒറ്റ പറച്ചില് സുനാമിക്ക് ടി ഇണ്ട് മുന്നിലീന്ന്. ടീച്ചര്‍ക്ക് അറിയാഞ്ഞിട്ടാന്ന്. ഞാനങ്ങ് ശെരിക്കും സുനാമി
അടിച്ചേല് പെട്ടുപോയി.'
                
                       അതു കേട്ടതും പ്രായം കൂടുതല്‍ ഉണ്ടെങ്കിലും സീനിയോറിറ്റി ഇല്ലാത്തതിനാല്‍ ഹെഡ്ടീച്ചറാകാന്‍ പറ്റാതെ പോയ രമണി ടീച്ചര്‍ തന്റെ കണ്ണട കഴിച്ച് കൈയില്‍ പിടിച്ച് വല്ലാത്തൊരു ആവേശത്തോടെ പറഞ്ഞു.
                
                     -'ആ ചെക്കനെ എനക്ക്വറിയാം. ആനീസില്ലാത്തീസം ഫ്രീ അവറില്‍ ഞാനാ ക്ളാസില്‍ പോയന്ന് പൂമ്പാറ്റ ചുണ്ടോണ്ട് തേന്‍ കുടിക്കുന്നേനെ പറ്റി പറഞ്ഞേരം ഓന്‍ ചാടി എണീറ്റ് പറയ്വാ- പൂമ്പാറ്റ ചുണ്ടോണ്ടല്ല തേന്‍ കുടിക്ക്വാ, കാലോണ്ടാണെന്ന്. അദ് ഞ്യിയാരിക്ക്വെന്ന് ഞാനങ്ങ് കാച്ചി. അപ്പോ ഓനതേ ഏതാണ്ടെന്തോ പുസ്തകോം എട്ത്ത് അയില് എഴുതേത് കാണിക്ക്ന്ന്. അപ്പോ പിള്ളേര് മൊത്തം ഓന്റെ പക്ഷത്ത്. ഞാനപ്പാട് സൈലന്‍സ്.. സൈലന്‍സ്.. .. ന്നും പറഞ്ഞ് മേശക്ക് രണ്ടടീം അടിച്ച് വെഷയം മാറ്റിക്കളഞ്ഞ്.'
          
                      സ്റാഫ് റൂമിലെ ടീച്ചര്‍മാര്‍ക്കെല്ലാം അതൊരു പുതിയ അറിവായിരുന്നു. മായ മിസ് അത് ചോദിക്കുകയും ചെയ്തു.
          
                    -'ശെരിക്കും പൂമ്പാറ്റ കാലോണ്ടാണോ തേന്‍ കുടിക്ക്വാ?'
          
                  -'എന്തോന്നു കൊണ്ടേലുമാട്ടെ. ആ ചെക്കനെ ഇങ്ങനങ്ങ് വിട്ടാ പറ്റൂല്ല. ചെക്കനേതാണ്ട് വല്യോന്റെ മോന്റെ കളിയാ. ഓന്റച്ഛന് വെറും തുന്നപ്പണിയാ. അതും ആരാന്റെ കടേല് നിന്നിറ്റ്ള്ള പണി.'
            
                  അതും പറഞ്ഞ് രമണി ടീച്ചര്‍ കണ്ണട മൂക്കിനു മേല്‍ പുനസ്ഥാപിച്ചു.
          
                 ആനീസ് സ്ട്രീസ പറഞ്ഞു.
            
                -'നാല്വൊല്ലം മുമ്പെ പിള്ളേരെ പിടിക്ക്യാന്‍ പല്ലവീടെ കൂട പോയേരം അയാളെ ഡിമാന്റ് ഭയങ്കരായിര്ന്ന്. സ്ക്കൂള് നല്ല ലൈബ്രറ്യൊക്കെ ഇണ്ടാക്കണത്രെ. വായിച്ച് വളരണോത്രെ കുട്ട്യേള്. വായിച്ച് വായിച്ച് വളര്‍ന്നിറ്റ് അയാളെന്തേ തുന്നപ്പീട്യേല് മെഷീന്‍ ചവിട്ട്ണ്. അയിന് വായന വേണോ. ചവിട്ട്വാ..ചവിട്ട്വാ.. അത്രെന്നെ. ഓന്റച്ഛന്‍ സര്‍വ്വവിഞ്ജാനകോശാന്നാ ചെക്കന്റെ പത്രാസ്.'
           
                   -'ഓന് വിവരൊല്ലാന്ന് പറഞ്ഞൂടാ. കോളേജീ പഠിക്കുമ്പോ നക്സല് കേറീതാ. വായനാന്നൊക്കെ വെച്ചാ വെല്യ വായന്യാ. ചെലപ്പോക്കെ മാസികേലൊക്കെ കവിത എഴുത്തൂണ്ട്. എന്നാല് ന്താ എഴുതേന്ന് വായിച്ചാ നമ്മക്ക് ഒര് പിടുത്തോം കിട്ട്യോല്ല. അതോണ്ടന്നെ ഞാന്‍ വായിക്കലൂല്ല.'
             
                   വര്‍ഷാവസാനം അടുത്തൂണ്‍ പറ്റുന്ന നളിനി ടീച്ചര്‍ തന്റെ പഴയ അരുമ ശിഷ്യനെ ഓര്‍ത്തെടുത്ത് തന്റേതായ ഒരു അഭിപ്രായം കൂട്ടത്തില്‍ നിന്നു കൊള്ളട്ടെ എന്ന വിധം ഒരു പക്ഷത്തേക്കും ചായ്വില്ലാത്ത വിധം മെല്ലെ പറഞ്ഞു വെച്ചു.
              
                    അതുകേട്ട് ആനീസ് സ്ട്രീസ അമര്‍ത്തി ചിരിച്ചു.
               
                  -'നല്ല നക്സല്! ഓട്ടിസം പിടിച്ച മൂത്ത ചെക്കന്റെ പേരും പറഞ്ഞ് കാശ് കടം വാങ്ങലാ നക്സല്. കാറ് വാങ്ങാന് ലോണെട്ത്തിറ്റ്ണ്ടെന്നറിഞ്ഞപ്പോ കയിഞ്ഞീസം അഞ്ഞൂറുറുപ്പ്യാന്നും പറഞ്ഞ് വീട്ടിലേക്കോടി വന്ന്. ഓറ് അതൂതും എങ്ങന്യൊക്ക്യോ പറഞ്ഞൊയിവാക്കി.' 
               
                   തന്റെ സീറ്റില്‍ തന്നെ ഇരിക്കുന്നതിനിടയില്‍ ആനീസ് സ്ട്രീസ അതേ സ്ക്കൂളിലെ മാഷായ തന്റെ ഭര്‍ത്താവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പൂങ്കുന്നില്‍ ജോസഫിന്റെ ക്രിയാത്മകമായ ജീവിതബോധത്തെ ഫലപ്രദമായി മറ്റുള്ളവര്‍ക്കു മുന്നില്‍ ഉദ്ധരിച്ചു.   
               
                   -'ഓന്‍ തോറ്റുപോയ നക്സലല്ലേ ആനീസേ.'
           
                    നളിനി ടീച്ചര്‍ ചെറിയൊരു അയ്യപ്പാവത്തോടെ മറുപടി നല്കി. അതു കേട്ട് ആനീസ് സ്ട്രീസ സീറ്റില്‍ നിന്നും തെല്ലൊന്ന് എഴുന്നേറ്റ് ആദ്യം നളിനി ടീച്ചറോടും പിന്നെ എല്ലാവരോടുമായി പറഞ്ഞു.
           
                  -'അതൊന്നും എനക്കറിഞ്ഞൂട. അയാള് വാങ്ങിച്ചിട്ന്ന കിത്താബ് മുഴ്വോന്‍ ഈ ചെക്കന്‍ വിഴ്ങ്ങ്വാ. ചെക്കനും ഇപ്പഴേ നക്സലാ. ഓന്റൊരു ക്ളാസിലെ എണീറ്റു നിപ്പും അഭിപ്രായം പറച്ചിലും. ഇപ്പഴേ അടിച്ചൊതുക്കീട്ടാ നമ്മക്കും നല്ലതാ, ഓനും നല്ലതാ.'
               
                     അതു പറഞ്ഞു കഴിഞ്ഞപ്പോള്‍ ആനീസ് സ്ട്രീസക്ക് തെല്ലൊരു ആശ്വാസം തോന്നുകയും സീറ്റില്‍ തന്നെ ഇരിക്കുകയും ചെയ്തു.
           
                     -'എച്ചെമ്മിനോട് സങ്ങതി പറഞ്ഞ് ഷാജിമാഷക്ക് വിടാം. മാഷാകുമ്പോ ചൂരലോണ്ട് മനിഷ്യപ്പറ്റില്ലാണ്ട് നല്ലണം വെച്ചു പൊട്ടിച്ചോളും. അപ്പത്തീരും ഓന്റ സൂക്കെട്.'
            
                      മായ ടീച്ചര്‍ അതു പറഞ്ഞു തീരും മുമ്പ് എന്തോ അപകടം മണത്തതു പോലെ മടിച്ചു മടിച്ച് പതിയെ വരുന്ന ജില്‍ജിത്തിനെയും കൂട്ടി അനുനന്ദ എത്തി. അവള്‍ക്കപ്പോള്‍ ഒരു ഒറ്റുകാരിയുടെ മുഖമായിരുന്നു. അവനാകട്ടെ പകല്‍ വെളിച്ചത്തില്‍ പുറത്തിറങ്ങി ആളുകള്‍ക്ക് മുന്നില്‍ പെട്ടു പോയ എലിയുടെ മുഖവും. 
                
                   ക്ളാസ് ടീച്ചര്‍ താനാണെന്നതിനാല്‍ ശബാന കണ്ണുകളും പുരികവുമുയര്‍ത്തി നെറ്റി ചുളിച്ചു കൊണ്ട് ജില്‍ജിത്തിനോട് ചോദിച്ചു.
                
                  -'ങ്ഉം.. ന്താ, ന്താ കാര്യം?'
             
                   തനിക്ക് വലിയ ഇഷ്ടമായിരുന്ന ശബാന ടീച്ചറുടെ വലിയ കണ്ണുകളിലെ ഇഷ്ടക്കേടിന്റെ പൊള്ളുന്ന തീയെ അവന്‍ തിരിച്ചറിഞ്ഞു. എന്നിട്ടും അവന്‍ പറഞ്ഞു.
            
                   -'ഓള് ചോദിച്ചു...'
             
                   പറഞ്ഞു തുടങ്ങും മുമ്പേ ശബാന മിസ് അതില്‍ ഇടപെട്ടു.
            
                  -'ആരാ ഈ ഓള്.'
             
                   അവന്‍ അനുനന്ദയെ ചൂണ്ടിക്കാട്ടി.
           
                 -'മാനേഴ്സില്ലേ ഇനിക്ക്? ഒന്നിച്ച് പഠിക്കണ കുട്ടീനെ ഓള്ന്നാ വിളിക്ക്വാ?'
               
                  അത് ഏറ്റു പിടിച്ചു കൊണ്ട് പൊടുന്നനെ ഷംസീനയും കാര്‍ക്കശ്യത്തോടെ അവനോട് ചോദിച്ചു.
              
                 -'ഇന്റച്ഛനെന്താ ജ്യോലി?'
            
                   അവ കേട്ടതോടെ അവന്റെ തൊണ്ടയില്‍ ഉമിനീരു വറ്റി. അവന്‍ മിണ്ടാതെ നിന്നു.
           
                    -'ചോയിച്ച കേട്ടില്യേ?'
               
                     ശബാന ശബ്ദമുയര്‍ത്തി. അവന്‍ അപ്പോഴും വാക്കുകള്‍ കൂട്ടു വരാതെ ടീച്ചറെ തന്നെ മിഴിച്ചു നോക്കി നിന്നു.
           
                     അതുകണ്ട് സന്തോഷം തോന്നി രമണി ടീച്ചറും ഇടപെട്ടു.
              
                   -'ഞ്യി ടീച്ചറ് ചോയിച്ചേനുത്തരം പറയാണ്ട് അഹങ്കാരം കാട്ട്വാ?'
               
                    അവന്‍ തല തിരിച്ച് വേട്ടയാടപ്പെട്ട മാനിനെ പോലെ രമണി ടീച്ചറെ ഒന്നു നോക്കി. അവിടെ ഒരു  പെണ്‍പുലിയെ കണ്ടെന്നോണം കണ്ണുകള്‍ തിരിച്ച് ഷബാന ടീച്ചറില്‍ തന്നെ ഉറപ്പിച്ചു.
            
                    ആനീസ് സ്ട്രീസ അവന്റെ ഭാഗത്തു നില്ക്കുന്നു എന്ന പോലെ അഭിനയിച്ച് മെല്ലെ തിരക്കി.
                
                   -'എന്തോന്നായിരുന്നു ചോദ്യം?'
             
                   -'അത്.. .'.
              
                    അവന്‍ തപ്പിത്തടഞ്ഞു.അവന്‍ പറയുന്നില്ലെന്നു കണ്ട് സമരവീര്യത്തോടെ അനുനന്ദ പറഞ്ഞു.
           
                    -'പിന്നോക്കം പോകണവര് ജയിക്കണ കളിയേതാന്ന്.'
               
                    ഷബാന അവനോട് തിരക്കി.
              
                 -'ഹും.. ഉത്തരെന്താ?'
           
                   തന്നെ കരുതലോടെ കാണാത്ത മൂര്‍ച്ചയുള്ള മുള്ളുകള്‍ ചോദ്യത്തില്‍ തിരിച്ചറിഞ്ഞതിനാല്‍ അവന്‍ മിണ്ടിയില്ല.
            
                  അനുനന്ദ പറഞ്ഞു.
          
                 -'കമ്പവലീന്നാ ഉത്തരം. ടീവീലെ കുസ്യതി ക്വിസ്സില് ഞാങ്കണ്ടതാ. ഓന്‍ പറയ്വാ എന്തോ സ്വിമ്മിങ്ങാന്ന്.'
                
                    മായ ടീച്ചര്‍ തലയാട്ടി കൊണ്ട് തന്റെ മുഖം അവനോട് അടുപ്പിച്ച് കണ്ണുകള്‍ മിഴിച്ചു കൊണ്ട് ചോദിച്ചു.
              
                   -'പിന്നോട്ട് പോണവര് ജയിക്കണത് കമ്പവലീലാ. ല്യാണ്ടെന്ത് സ്വിമ്മിങ്ങാ?'
               
                    എല്ലാ ടീച്ചര്‍മാരുടെയും കണ്ണുകളില്‍ കണ്ട ഈര്‍ഷ്യയെ തിരിച്ചറിഞ്ഞ് വീണ്ടും അവന്‍ മിണ്ടാതെ നിന്നു.
             
                   ശബാന ശബ്ദമുയര്‍ത്തി.
               
                  -'ചോയിച്ച കേട്ടില്യേ?'
               
                   പേടി കൊണ്ട് തന്റെ വാക്കും നാക്കുമൊക്കെ കൂടെയില്ലെന്ന് അറിഞ്ഞു കൊണ്ടു ഇടറുന്ന ശബ്ദത്തോടെ മടിച്ചു മടിച്ച് അവന്‍ പറഞ്ഞു.
              
                     -'ബേക്ക്.... സ്ട്രോ.. ..ക്ക് .. ..സ്വിമ്മിങ്ങ്.'
               
                     അതെന്തോന്ന് സ്വിമ്മിങ്ങ് എന്ന് ചോദിക്കാനൊരുങ്ങിയ നാക്കിനെ ആനീസ് സ്ട്രീസ മുഖം രക്ഷിക്കാനായി അകത്തേക്കു തന്നെ ഇട്ടു. താന്‍ കണ്ട ഒളിംപിക്സ് ഐറ്റങ്ങളില്‍ അത്തരമൊന്ന് ചികഞ്ഞെടുക്കാന്‍ ആകാത്തതിനാല്‍ രമണി ടീച്ചറും മിണ്ടിയില്ല.
എപ്പോഴോ താന്‍ ടി.വിയില്‍ കണ്ട മലര്‍ന്നു കിടന്നു കൊണ്ടുള്ള നീന്തലാണ് ബേക്ക് സ്ട്രോക്ക് സ്വിമ്മിംഗ് എന്ന് ഏതാണ്ട് തിരിച്ചറിഞ്ഞ് ശബാന ടീച്ചര്‍ പറഞ്ഞു.
           
                       -'അതെല്ല ശെരി. കമ്പവലിയെന്ന്യാണ് ശെരി. മലര്‍ന്ന് കെടന്ന് നീന്തുന്നോര് മുന്നോട്ടെന്ന്യാ നീന്തുന്നെ.'
           
                        അവന്‍ തന്നെ രക്ഷിച്ചെടുക്കാനായി മെല്ലെ പറഞ്ഞു നോക്കി.
          
                     -'കമ്പവലി ശെരിയല്ലാന്ന് ഞ്യാന് പറഞ്ഞില്യ.'
             
                     ബേക്ക് സ്ട്രോക്ക് സ്വിമ്മിംഗ് എന്താണെന്ന് ഏതാണ്ട് ഊഹിച്ചെടുത്ത ആനീസ് സ്ട്രീസ ഇരുന്നിടത്തു നിന്നും മുന്നോട്ടാഞ്ഞ് അതില്‍ കയറി പിടിച്ചു.
          
                     -'പിന്ന പറയാണ്ട്?'
            
                      രൂക്ഷമായ ചോദ്യത്തിനു മുന്നില്‍ ചൂളിക്കൊണ്ട് അവന്‍ പറഞ്ഞൊപ്പിച്ചു.
              
                    -'ബേക്ക് സ്ട്രോക്ക് സ്വിമ്മിങ്ങൂണ്ടെന്നെ പറഞ്ഞുള്ള്.'
           
                   -'ഞ്യിയത് എവിടേലും വായിച്ചതാ?'
                
                   രമണി ടീച്ചര്‍ അവന്റെ വായനയെ തക്കം കിട്ടിയപ്പോള്‍ പരിഹാസത്തോടെ ഒന്നു കടിച്ചു    കുടഞ്ഞു.
            
                  -'അല്ല. എനക്കന്നെ തോന്ന്യതാ.'
               
                   അവന്‍ പറഞ്ഞു.
               
                  അതു കേട്ട് രമണി ടീച്ചര്‍ കയര്‍ത്തു.
             
                 -'ങ്ങനെ തോന്നുമ്പം തോന്നുമ്പം എന്ത്വേതും വിളിച്ച് പറഞ്ഞാ ഷാജി മാഷേടത്ത് പറഞ്ഞ്വൂടും. ഇന്റ മുട്ടുമ്മല് തോല്ണ്ടാവില്ല പിന്ന. അതോട നിക്കും ഇന്റ വിളിച്ച്വേറ്യേല്. പറഞ്ഞില്ലാന്ന്യേണ്ട.'
            
                  ആനീസ് സ്ട്രീസക്ക് സുനാമിക്കിടയില്‍ പിടിച്ചു നില്ക്കാന്‍ ഒരു കച്ചിത്തുരുമ്പ് ഒത്തുകിട്ടി.
          
                   -'കണ്ട ആട്ന്നീട്ന്നും വായ്ക്കുന്നൊക്കെ വിളിച്ച്വേറ്യാന്‍ ഞങ്ങക്കും ആവൂല്യേ. ഞ്യി വേണോ അയിന്? ന്ന്യിയങ്ങോട്ട് ഞ്യി പാഠപുസ്തകത്തിലേത് മാത്രം ക്ളാസിപ്പറഞ്ഞാ മയി.' 
                 
                    അവനോട് കാര്യങ്ങള്‍ പറയാന്‍ ക്ളാസ് ടീച്ചര്‍ എന്ന നിലക്ക് തനിക്കാണ് കൂടുതല്‍ അധികാരം എന്ന് കാട്ടാനായി ശബാന പറഞ്ഞു.
              
                  -'ബേണ്ടാത്ത ജാഡ ന്ന്യി മേലാല് ക്ളാസിക്കാണിച്ചാ ഇന്നെ സ്ക്കൂളിന്നേ പൊറത്താക്കും. പറഞ്ഞില്ലാന്ന്വേണ്ട. ഞ്യി ഇപ്പപ്പോയ്ക്കോ.'
                
                   അവന്‍ തന്റെ പതറുന്ന കണ്ണുകളെയും ചലനങ്ങള്‍ മറന്നുപോയ കൈകാലുകളേയും ആരും കാണാത്ത വിധം തിരിച്ചെടുത്തെന്നു വരുത്തി. പിന്നെ തലയും താഴ്ത്തി സ്റാഫ് റൂമില്‍ നിന്നും ഇറങ്ങി തന്റെ വലതു ഭാഗത്തായി നില്ക്കുന്ന സ്ക്കൂള്‍ ചുമര്‍ ആസ്പദമാക്കി കൊണ്ട് മണ്ണിളക്കുമ്പോള്‍ തൂമ്പ കൊണ്ട് കൊത്തു കൊണ്ട് പുറത്തെത്തിപ്പോയ മണ്ണിരയെ പോലെ തത്രപ്പെട്ട് ക്ളാസിലേക്ക് മെല്ലെ മെല്ലെ ഇഴഞ്ഞിഴഞ്ഞ് പോയി.
              
                     സ്റാഫ് റൂമില്‍ എല്ലാം കണ്ടും കേട്ടും സന്തോഷത്തോടെ നിന്ന അനുനന്ദയോട് ടീച്ചര്‍മാരില്‍ ചിലര്‍ പറഞ്ഞു.
              
                   -'മോള് ക്ളാസിപ്പോയ്ക്കോ.'
                 
                    അവര്‍ക്കെല്ലാവര്‍ക്കും നന്ദി പറയുന്നതു പോലെ ഷബാന ടീച്ചറെ നോക്കി അവള്‍ പറഞ്ഞു
               
                     -'താങ്ക് യു മിസ്.'
                  
                      അനന്തരം അവള്‍ പൂമ്പാറ്റയെ പോലെ ചിറകു വിരിച്ച് തന്റെ ക്ളാസ്റൂമിലേക്ക് പാറിപ്പറന്നു പോയി.   
                                                                     
(കേരളസമീക്ഷ മാസിക)

                                                                  -0-



മേല്‍വിലാസം

അരുണ്‍കുമാര്‍ പൂക്കോം
തയ്യുള്ളതില്‍
പൂക്കോം
പാനൂര്‍ (പി.ഒ)
കണ്ണൂര്‍ ജില്ല
പിന്‍- 670 692
ഫോണ്‍: 9495619963