2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

നൂല്‍മനം


അരുണ്‍കുമാര്‍ പൂക്കോം

കൈയിലുണ്ടായിരുന്നത്
വ്യത്തിയും വെടിപ്പും
അടുക്കുമൊത്തത്.
എളുപ്പം ഇഴ
പിരിച്ചെടുക്കാവുന്നത്.
ഇപ്പോളത്
തലയും വാലുമില്ലാതെ
കൂടിക്കുഴഞ്ഞ്
കെട്ടുകള്‍ വീണ്
കുഴഞ്ഞുമറിഞ്ഞത്.
പഴയ ചേലില്‍
ഇനി ആവതുണ്ടോ?
സൂക്ഷിച്ചും കണ്ടും
എടുക്കാതെ പോയി.
ഒരു വേള മതിയാക്കാമീ
നൂല്‍ക്കളിയെന്നും കരുതി.
എങ്കിലും
കളയുന്നതെങ്ങനെ
എന്ന് പിന്‍വിളി.
അവിടെയുമിവിടെയും
പൊട്ടിച്ചുപൊട്ടിച്ചെടുത്തു.
ഇല്ലാ പഴയ ഭംഗിയെന്നാകിലും
ഒത്തൊപ്പിച്ചവ ഏച്ചുകൂട്ടുന്നു
ഈയിടെ.
    -0-

2011, ഏപ്രിൽ 23, ശനിയാഴ്‌ച

ഏഴില്‍ ബഗ്


അരുണ്‍കുമാര്‍ പൂക്കോം


                   ഓഫീസിലെ ജോലിത്തിരക്കിനിടയില്‍ വീണുകിട്ടുന്ന തെല്ലുസമയത്തിനിടയില്‍ അടുത്തിരിക്കുന്ന യു.ഡി.ക്ളര്‍ക്ക് ചോദിച്ചു.


                 -നിന്റെ കല്ല്യാണക്കാര്യമൊക്കെ എവിടെം വരെയായി?


                 ജോലികിട്ടിയിട്ട് ഏതാണ്ട് രണ്ടു കൊല്ലമായി. ഇത്രയും കാലം ജോലി കിട്ടാത്തതിനെ പറ്റിയായിരുന്നു മറ്റുള്ളവരുടെ ചോദ്യം. അതിനു മുമ്പ് പഠിപ്പ് എവിടെ വരെയായി എന്നായിരുന്നു. എതാണ്ട് ഒരു വര്‍ഷം മുമ്പ് കല്ല്യാണം കഴിഞ്ഞ അടുത്തിരിക്കുന്ന സ്നേഹിതനോട് ഇപ്പോള്‍ പലരും ചോദിക്കുന്നത് അവന്റെ ഭാര്യക്ക് വിശേഷം വല്ലതുമായോ എന്നാണ്. അവനും ഞാനും എതാണ്ട് ഒന്നിച്ചാണ് ജോലിയില്‍ കയറിയത്. ഒരു കുട്ടി ആയിക്കഴിഞ്ഞാല്‍ അടുത്ത കുട്ടി ആവാത്തതെന്താണെന്നായിരിക്കും പലരുടെയും ചോദ്യം. എന്തിന്, പ്രായമായി കിടപ്പിലായാല്‍ എന്തേ മരിക്കാത്തതെന്നും നിശ്ശബ്ദമായി മറ്റുള്ളവര്‍ ചോദിക്കാന്‍ തുടങ്ങും. ഒരാളുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ എപ്പോഴും ഏതാണ്ട് ഇത്തരം ചോദ്യങ്ങളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു.


                  - ജോലിത്തിരക്കിനിടയില്‍ കല്ല്യാണപ്പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്റെ അടുത്തുപോകാന്‍ സമയം കിട്ടുന്നില്ല.


                  ഇനിയൊരു ചോദ്യമുണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെ അതും പറഞ്ഞ് തിരക്കുണ്ടെന്ന നാട്യത്തോടെ ചെയ്തു കൊണ്ടിരുന്ന ഫയലിലേക്ക് തല പൂഴ്ത്തി.


                 -കഴിഞ്ഞ തവണ കണ്ട പെണ്‍കുട്ടിയുടെ കാര്യം ശരിയാവാഞ്ഞതെന്തേ?
അപ്പോഴേക്കും ചോദ്യം പിന്നിലിരിക്കുന്ന ലേഡി ക്ളര്‍ക്ക് ഏറ്റെടുത്തിരുന്നു. സ്ത്രീകള്‍ക്ക് പൊതുവേ കല്ല്യാണം, പ്രസവം പോലുള്ള കാര്യങ്ങളില്‍ അതൊക്കെ അവരുടെ കുത്തക കാര്യങ്ങളാണെന്ന പോലെ ഇടപെടുന്ന സ്വഭാവമുണ്ട്. ഇനി രക്ഷയില്ലെന്ന് എനിക്ക് ഏതാണ്ട് ബോധ്യപ്പെട്ടു.


                  -അതങ്ങോട്ട് ജാതകം ഒത്തില്ല. അവള്‍ക്ക് ഏഴില്‍ ചൊവ്വ.


                  അവര്‍ ഇങ്ങോട്ട് വലിമ്മാമന്‍ മുഖാന്തിരം ആലോചനയുമായി വന്നതായിരുന്നു. വലിയ വീട്ടിലെ പെണ്‍കുട്ടിയായതിനാല്‍ ആദ്യം തെല്ലൊന്നു മടിച്ചതായിരുന്നു. വലിയമ്മാമന്‍ അമ്മയെ നിര്‍ബന്ധിക്കുകയും എന്റെ ഇന്‍ഫീരിയോറിറ്റി ഫീലിങ്ങ്സിനെ  കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയതോടെ ചെന്നു നോക്കിയേക്കാം എന്നു കരുതി ഒരു ദിവസം കൂട്ടുകാരനേയും കൂട്ടി ചെന്നു. പരസ്പരം സംസാരിക്കാന്‍ മറ്റെല്ലാവരും മാറിത്തന്നപ്പോള്‍ താന്‍ ചോദിക്കുന്ന ചോദ്യത്തിനൊന്നും അവള്‍ക്ക് വ്യക്തമായ ഉത്തരങ്ങളില്ലായിരുന്നു. എന്താണിതിങ്ങനെ എന്ന് അത്ഭുതപ്പെട്ടും സംശയിച്ചും നില്ക്കുമ്പോള്‍ പ്രതീക്ഷിക്കാതെ അവള്‍ പറഞ്ഞു.


                 -മറ്റാരോടും ഒന്നും പറയരുത്. എനിക്കത്ര പ്രായമൊന്നുമില്ല. കഷണ്ടിയുള്ള ആളെ എനിക്ക് ഇഷ്ടമല്ല. ഒന്നിച്ച് നടക്കുമ്പോള്‍ വല്ലാത്ത ബോറായിരിക്കും.


                 മുഖത്തു നോക്കി അതു പറഞ്ഞ അവളുടെ ധിക്കാരത്തില്‍ അടി കൊണ്ട പാമ്പിനെ പോലെ എന്റെ മനസ്സ്  പിടഞ്ഞു. അല്ലെങ്കിലും ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് ചെയ്യുന്നതിനും പറയുന്നതിനുമൊന്നും യാതൊരു നിയന്ത്രണവുമില്ല. ചെറുപ്പത്തിലേ കഷണ്ടിക്കാരനായിപ്പോയല്ലോ എന്ന് ഞാന്‍ തെല്ലൊന്നു സങ്കടപ്പെട്ടു.


                 പി.ജിക്കു പഠിക്കുന്ന കാലത്തൊക്കെ നല്ല മുടിയുണ്ടായിരുന്നു എനിക്ക്. കുട്ടിക്കാലത്ത് ബച്ചന്‍ കട്ടായിരുന്നു സ്ഥിരം ഫാഷന്‍. ബച്ചന്‍ കട്ടടിക്കാന്‍ നല്ല മുറ്റുള്ള മുടി വേണം. ഇന്നത് ഓര്‍ക്കുമ്പോള്‍ നന്നായി സങ്കടം വരും. പി.ജി കഴിഞ്ഞയുടനെയാണ് മുടി കൊഴിയാന്‍ തുടങ്ങിയത്. പഠിപ്പുമുറിയിലൊക്കെ നിറയെ അവിടവിടെയായി മുടിയിഴകള്‍ വീണുകിടക്കുന്നുണ്ടാകും. ആദ്യമൊന്നും ഗൌനിച്ചില്ല. പിന്നീട് സ്ക്കൂളടച്ച കാലം കുട്ടികളുടെ കൂടെ താമസിക്കാനെത്തിയ ചേച്ചിയാണ് എന്റെ കഷണ്ടിയെ കണ്ടുപിടിക്കുന്നത്. അവള്‍ എന്റെ തല തടവിക്കൊണ്ട് പറഞ്ഞു.


                 -എടാ, നിനക്ക് നെറ്റിക്ക് ഇരുവശവും കഷണ്ടി വരുന്നുണ്ടെന്നാ തോന്നുന്നത്.


                  അപ്പോള്‍ അടുത്തുതന്നെ ഉണ്ടായിരുന്ന അമ്മയും ശരിയാണല്ലോ എന്ന് അത്ഭുതം കൂറി.


                 -എങ്ങനെയാ ഇവന് കഷണ്ടി വരാതിരിക്ക്വാ. ഇവന്റെ അപ്പൂപ്പന് തലയില്‍ ഒരു പൂട രോമം പോലുമുണ്ടായിരുന്നില്ല.


                  എനിക്കാകെ വിഷമമായി. ഒരു പൂട രോമം പോലുമില്ലാത്ത എന്റെ നീര്‍മാതളം പോലുള്ള തല സങ്കല്‍പിച്ച് എനിക്ക് സങ്കടം വന്നു. എങ്കിലും ഒരു പിടിവള്ളി എന്നവണ്ണം ഞാന്‍ ചോദിച്ചു.


                -അപ്പോള്‍ അച്ഛന് നല്ല മുടിയുണ്ടായിരുന്നല്ലോ.


                അമ്മ എന്റെ സങ്കടം ഏതാണ്ട് മനസ്സിലാക്കി എന്നോണം പറഞ്ഞു.


              -കഷണ്ടി പാരമ്പര്യാത്രെ. ഒന്നിടവിട്ട തലമുറക്കാണത്രെ ഉണ്ടാവുക. പിന്നെ കഷണ്ടിക്കെന്താ കുഴപ്പം. നിനക്ക് കഷണ്ടിയായിരിക്കും ഭംഗി.


                 അപ്പോള്‍ പ്ളസ് ടുവിന് പഠിക്കുന്ന മരുമകള്‍ വെട്ടിത്തുറന്നു പറഞ്ഞു.


                -കഷണ്ടിക്കെന്തോന്നു ഭംഗി. വയസ്സനെ പോലെയുണ്ടാകും. എനിക്കിഷ്ടമല്ല. എനിക്ക് മുടിയുള്ളവരെയാ ഇഷ്ടം.


                ചേച്ചി അന്ന് അവളെ എനിക്ക് വിഷമമാകാതിരിക്കാനായി ശാസിച്ചു. എന്നെ തെല്ലും ഗൌനിക്കാത്ത പെണ്‍കുട്ടി ഏതാണ്ടൊക്കെ എന്റെ മരുമകളുടെ തലമുറയില്‍ പെട്ടവളായിരുന്നു. എന്നെ കണ്ടപ്പോള്‍ നല്ല വയസ്സുള്ള ഒരുവനെ തോന്നിക്കാണും. എന്നെ അവള്‍ക്ക് പിടിച്ചിട്ടില്ല എന്ന തിരിച്ചറിവില്‍ ഞാന്‍ അവളോട് കാര്യമായൊന്നും ചോദിക്കാന്‍ നിന്നില്ല. മറ്റുള്ളവരുടെ മുമ്പില്‍ മുഖം രക്ഷിക്കാനായി ജാതകക്കുറിപ്പ് ചോദിച്ചു വാങ്ങി. എനിക്ക് പെണ്‍കുട്ടിയെ തരാന്‍ ഏതാണ്ടൊരു താല്പര്യമുള്ളതിനാല്‍ ജാതകക്കുറിപ്പ് തരാന്‍ അവര്‍ക്ക് ചെറിയ മടിയുണ്ടായിരുന്നു. പെണ്ണിന്റെ അച്ഛന്‍ ചോദിക്കുകയും ചെയ്തു.


                 -ജാതകത്തിലൊക്കെ ഇപ്പോള്‍ എന്തോന്ന് കാര്യമാണ്.


                തന്നെ ഇഷ്ടപ്പെടാത്ത ഒരു പെണ്‍കുട്ടിയെ ഞാന്‍ സമ്മതം മൂളിയാല്‍ എനിക്ക് പിടിച്ചുതരുമെന്ന് ഏതാണ്ട് ബോധ്യമായതിനാല്‍ അവളെ ഒഴിവാക്കാനുള്ള കച്ചിത്തുരുമ്പു കൂടിയായിരുന്നു എനിക്കാ ജാതകത്തിന്റെ ഫോട്ടോസ്റാറ്റ് കോപ്പി. കിട്ടിയ കടുപ്പത്തിലുള്ള ചായ സന്തോഷം കാണിച്ചുകൊണ്ട് കുടിച്ചു തീര്‍ത്തു. വഴിക്ക് വെച്ചുതന്നെ കൂട്ടുകാരന്‍ ചോദിച്ചു.


                 -നല്ല പെണ്‍കുട്ടി, അല്ലേ?


                 ഞാന്‍ ഉും എന്ന് മൂളി.


                 -നിനക്കിഷ്ടപ്പെട്ടില്ലേ?


                  ഞാന്‍ വീണ്ടും ഉും എന്ന് മൂളി.


                  അവന് എന്തോ സംശയം തോന്നി.


                 -നീ എന്തോ മറക്കുന്നു. എന്താ ഉണ്ടായേ?


                 ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ പറഞ്ഞു.


                -ജാതകം ചേരുമോ എന്ന് സംശയമാണ്.


                -അതിന് നിനക്ക് ജാതകം നോക്കാനറിയാമോ?


                -ഏതാണ്ട്.


                 പെണ്ണുകാണാന്‍ പോയിപ്പോയി ഏതാണ്ടൊക്കെ വിവാഹപ്പൊരുത്തം നോക്കാന്‍ എനിക്കറിയാമായിരുന്നു. ഞാന്‍ തുടര്‍ന്നൂ.


                - പെണ്‍കുട്ടിയുടെ ല എന്നെഴുതിയ കള്ളിയില്‍ നിന്നും ക്ളോക്കുവൈസില്‍ ഏഴാമത്തെ കള്ളിയില്‍ കേതുവുണ്ട്. ലഗ്നത്തില്‍ നിന്നും ഏഴാമത്തെ കള്ളിയില്‍ കേതു എന്നു കണ്ടാല്‍ അത് എഴില്‍ ചൊവ്വാദോഷമുള്ള ജാതകമാണ്. ഗ്രഹനിലയില്‍ ഏഴാമത്തെ കള്ളിയാണ് എതൊരാളുടേയും വിവാഹകാര്യങ്ങളെ തീരുമാനിക്കുന്നത്. ചൊവ്വക്ക് ചൊവ്വയുള്ള ഒരാളാണ് എന്തുകൊണ്ടും നല്ലത്.


                  അവന്് വിശ്വാസം വരാത്തതിനാല്‍ എന്റെ പോക്കറ്റില്‍ നിന്നും അവന്‍ ജാതകക്കുറിപ്പ് ബലമായി പിടിച്ചു വാങ്ങി. അവന്‍ അതിലെ ലഗ്നത്തിന്റെ കോളത്തില്‍ നിന്നും ഏഴാം കള്ളിയിലേക്ക് പേര്‍ത്തും പേര്‍ത്തും എണ്ണിനോക്കി. കേതുവിനെ ഏഴില്‍ കാണാതെ അവന്‍ പറഞ്ഞു.


                  -എന്തോന്ന് ഏഴും എട്ടുമാണ് നീയീ പറയുന്നത്?


                   ഞാന്‍ മെല്ലെ പറഞ്ഞു.


                 -ആ ബന്ധം വേണ്ടെടാ.


                 എന്തോ പന്തികേട് തിരിച്ചറിഞ്ഞതിനാല്‍ പിന്നീടൊന്നും ചോദിക്കാതെ അവന്‍ പറഞ്ഞു.


                -നിന്റിഷ്ടം.


                അവന്‍ ജാതകക്കുറിപ്പ് തിരിച്ചു തരികയും ചെയ്തു..   


                  അത്തരത്തിലൊരു കല്ലുകടി ആ പെണ്ണുകാണലിനുള്ളതിനാല്‍ ലേഡിക്ളര്‍ക്കിനോട് അതിനെ പറ്റിയൊന്നും വിശദീകരിക്കാനൊന്നും വീണ്ടും വീണ്ടുമുള്ള ചോദ്യങ്ങള്‍ കേട്ടിട്ടും ഞാന്‍ നിന്നില്ല.


                  ഉച്ചയൂണ് കഴിഞ്ഞുള്ള ഒഴിവു സമയത്ത് തൊട്ടടുത്തിരിക്കുന്ന സ്നേഹിതന്‍ മറ്റാരും കേള്‍ക്കാതിരിക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിച്ച് ചെവിയിലെണ്ണോണം പറഞ്ഞു.


                  -നീയൊരു കാര്യം ചെയ്യ്. ടൌണിലെ റെയില്‍വേയുടെ ഓവര്‍ബ്രിഡ്ജും കഴിഞ്ഞ് തെല്ലൊന്ന് നടന്നാല്‍ അവിടെയുണ്ട് കംപ്യൂട്ടര്‍ ജാതകം നോക്കുന്ന സ്ഥലം. അവര്‍ക്ക് വിവാഹബ്യൂറോയുമുണ്ട്. ഒരു വെടിക്ക് നിനക്ക് ഒട്ടനവധി പക്ഷികളെ കിട്ടും. നിനക്കു പറ്റിയ പെണ്‍പിള്ളേരുടെ അഡ്രസ്സും കാണാം. വിവാഹപ്പൊരുത്തവും നോക്കാം. 


                   പറയുന്നത് മറ്റാരുമറിയാതിരിക്കാന്‍ സ്നേഹിതന്‍ കാണിച്ച സ്വകാര്യത എന്തുകൊണ്ടോ എനിക്കിഷ്ടപ്പെട്ടു. നല്ല സ്നേഹിതന്‍ നമ്മളെ എപ്പോഴും കരുതുന്നു. നമ്മുടെ വിഷമങ്ങള്‍ പറയാതെ തന്നെ തിരിച്ചറിയുന്നു. നല്ലൊരു സുഹൃത്തുണ്ടെങ്കില്‍ നമ്മുടെ തെറ്റുശരികളെ തിരിച്ചറിയാനും നല്ല വഴികള്‍ തെരഞ്ഞെടുക്കാനും എത്രയോ എളുപ്പമാണ്.
അവന്‍ എന്നെ ബോധ്യപ്പെടുത്താനായി തുടര്‍ന്നു.


                 -എന്റെ കല്ല്യാണപ്പൊരുത്തം നോക്കിയത് മുഴുവന്‍ കംപ്യൂട്ടറിലാണ്. ഏതാണ്ട് ഒരു കൊല്ലമേ ആയുള്ളുവെങ്കിലും എന്റെ പാതിയുമായി തമ്മില്‍ തമ്മില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ല. അല്ലറച്ചില്ലറ കാണുമായിരിക്കും. അല്ലെങ്കിലും ഈ പെണ്ണെന്നു പറയുന്ന കൂട്ടത്തിന് അവരുടേതായ നിയമങ്ങളാണ്. അവരുടെ ചില നിയമങ്ങള്‍ക്ക് നമ്മള്‍ കണ്ടും കേട്ടും ശീലിച്ച നിയമങ്ങളുമായൊന്നും യാതൊരു ബന്ധവും കാണില്ല. ചിലപ്പോള്‍ നമ്മളൊന്ന് താണുനിന്നു കൊടുക്കുക. മറ്റുചിലപ്പോള്‍ നന്നായി ക്ഷോഭിക്കുക. ത്രാസില്‍ സാധനങ്ങള്‍ തൂക്കുന്നതു പോലെയാണ് ദാമ്പത്യം. ഇരു തട്ടിലും തെല്ലെടുത്ത്, തെല്ലുവെച്ച് ഏതാണ്ട് സമാസമമാക്കി മുന്നോട്ട് കൊണ്ടു പോകുക, അത്രതന്നെ.   


                   അവന്‍ പറയുന്നത് കേട്ട് ഞാന്‍ ചിരിച്ചു. അവന്‍ വീണ്ടും തുടര്‍ന്നു.


                  -ഞാന്‍ പെണ്ണുകാണാന്‍ ചെന്ന ദിവസം അവള്‍ തിരുവാതിര നോറ്റ് മുണ്ടും വേഷ്ടിയുമൊക്കെ ഉടുത്ത്, ചന്ദനക്കുറി തൊട്ട്, തുളസിക്കതിരൊക്കെ ചൂടി നില്ക്കുന്നു. അറിയിക്കാതെ ചെന്നതാണ്. ഒന്നാന്തരമൊരു ഓണപ്പതിപ്പിന്റെ മുഖചിത്രം. എനിക്കങ്ങ് ഇഷ്ടപ്പെട്ടു. ജാതകക്കുറിപ്പ് കംപ്യൂട്ടറില്‍ സര്‍വ്വദൈവങ്ങളേയും പ്രാര്‍ത്ഥിച്ച് നോക്കിയപ്പോള്‍ പത്തില്‍ ഏഴരപൊരുത്തം. രാശ്യാധിപപ്പൊരുത്തവും മഹേന്ദ്രപ്പൊരുത്തവും മറ്റന്തോരു ചില്ലറപ്പൊരുത്തവും ഇല്ലെന്നു പറഞ്ഞു. പത്തില്‍ പത്ത് പഠിക്കുന്ന കാലത്തു പോലും കിട്ടിയിട്ടില്ല. ഓര്‍ക്കാപ്പുറത്ത് ഒന്നോ രണ്ടോ ഉത്തരങ്ങള്‍ തെറ്റിയ ഏന്‍സര്‍പേപ്പറുകളേ എന്റെ ഓര്‍മ്മകളിലുള്ളു. ഇതും അത്ര തന്നെ.


                  ഞാന്‍ രസിച്ചിരുന്ന് കേള്‍ക്കുന്നത് കണ്ടപ്പോള്‍ അവന് ആവേശം കൂടി.


                -ജോത്സ്യന്‍മാര്‍ പലരും പല അഭിപ്രായം പറയും. ഒന്നുമൊട്ട് തെളിച്ച് പറയുകയുമില്ല. ജാതകങ്ങളുമായി ചെന്നാല്‍ പൊരുത്തങ്ങള്‍ അസ്സലാണ് എന്ന് പറഞ്ഞതു കേട്ട് വിശ്വാസം വരാതെ വീണ്ടും എന്തെങ്കിലും ചോദിച്ചാല്‍ വേണമെങ്കില്‍ വേണ്ടെന്നും വെക്കാം എന്നും അവര്‍ തന്നെ പറയും. ഒരാള്‍ പറയുന്നതായിരിക്കില്ല മറ്റൊരാള്‍ പറയുക. ചിലര്‍ക്ക് കാശു കൊടുത്താല്‍ ചേരാത്ത ജാതകങ്ങള്‍ തമ്മില്‍ ചേര്‍ത്തുതരികയും ചെയ്യും. പിന്നെ എന്തോന്ന് ഗ്യാരന്റി. അതിലും നല്ലത് കംപ്യൂട്ടറിലെ റെഡീമെയ്ഡ് ജാതകമല്ലേ.


                 -അവരും ജീവിച്ചോട്ടെ.


                 -ഞാന്‍ പറഞ്ഞതുകൊണ്ടു മാത്രം ആരെങ്കിലും അവരുടെ അടുത്ത് പോകാതിരിക്കുമോ. യുക്തിവാദി പോയില്ലെങ്കില്‍ അയാള്‍ക്കുവേണ്ടി അയാളുടെ ഭാര്യ പോകും. പിന്നെ ആരൊക്കെ തളളിപ്പറഞ്ഞാലും ജ്യോതിഷം ഏതാണ്ടൊക്കെ ശരിയാണ്. ജോലിയൊന്നുമില്ലാതെ വേവലാതിപ്പെട്ട് ഒരു ജോത്സ്യന്റെ അടുത്തു ചെന്നപ്പോള്‍ ഒരു കൊല്ലം കൊണ്ടൊരു ഉറച്ച പണി കിട്ടുമെന്ന് പറഞ്ഞത് എന്റെ കാര്യത്തില്‍ നന്നായങ്ങ് ഫലിച്ചു. അതുകൊണ്ടു തന്നെ ജാതകത്തെ തള്ളിപ്പറയാന്‍ ഞാനാളല്ല.  


                  അത് പറഞ്ഞുതീരുന്നതിനു മുമ്പേ അവന് ഒരു ഫോണ്‍കോള്‍ വന്നു. അവന്‍ ഫോണ്‍ എടുക്കാനായി പോയി.     


                   അന്നു വൈകുന്നേരം ഓഫീസും വിട്ട് റെയില്‍വേ ഓവര്‍ബ്രിഡ്ജും കടന്ന് ഒന്നുരണ്ടു പേരോട് ചോദിച്ച്ചോദിച്ച് കംപ്യൂട്ടര്‍ ജാതകം എന്ന പേരു വെച്ച കടയിലെത്തി. കഴിഞ്ഞ ഞായറാഴ്ച പെണ്ണുകാണാന്‍ പോയിട്ട് കിട്ടിയ ജാതകക്കുറിപ്പ് പേഴ്സില്‍ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു. എത്രാമത്തെ പെണ്ണായിരുന്നു അവള്‍ എന്ന് കണക്കൊപ്പിച്ചു നോക്കാന്‍ വിരലുകളില്‍ എണ്ണിത്തിട്ടപ്പെടുത്തി. ഇരുപത്തിരണ്ടാമത്തെ വിരലായിരുന്നു, അവള്‍. ആദ്യത്തെ വിരല്‍ മെലിഞ്ഞു കൊലുന്നനെയുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. അവളുടേതും എന്റേതും ആദ്യത്തെ പെണ്ണുകാണലായിരുന്നു അത്. അവളുടെ അച്ഛന് എന്തുകൊണ്ടോ എന്നെ പിടിച്ചില്ല. ആദ്യമായി പെണ്ണുകാണാന്‍ വന്നയാളായതു കൊണ്ടോ എന്തോ അവളുടെ കണ്ണുകളില്‍ എന്നോട് ആരാധന കരകവിഞ്ഞൊഴുകുന്നതായി എനിക്കു തോന്നി. അവളുടെ കുഞ്ഞനിയന് ആ ആരാധന മനസ്സിലായിട്ടോ എന്തോ എന്നോട് വലിയ ബഹുമാനമായിരുന്നു.
ഒരുപാടു ദിവസം അവയുടെ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടതിനോട് പൊരുത്തപ്പെടാന്‍ ആകാതെ മറ്റൊരു പെണ്‍കുട്ടിയെ കാണാതിരിക്കാനായി അമ്മയോട് പല ഒഴികഴിവുകള്‍ പറഞ്ഞൊഴിഞ്ഞു. പിന്നെ ആ ഓര്‍മ്മ കളയാനായി രണ്ടാമത്തെ പെണ്‍കുട്ടിയെ കാണാനായി ഒരു ദിവസം പുറപ്പെട്ടു.


                   പെണ്ണുകാണുമ്പോള്‍ മുന്നും പിന്നും നോക്കാതെ പെണ്ണിനെ കയറിയങ്ങ് സ്നേഹിക്കരുത് എന്ന ഗുണപാഠം ഇതിനോടകം പഠിച്ചതിനാല്‍ പിന്നെയെല്ലാം പോയി കണ്ടു, ചായയോ തണുത്തതോ കുടിച്ചു, പോന്നു, അത്ര തന്നെ. തണുത്തത് കഴിച്ചാല്‍ തെല്ല് ഇസ്നോഫീലിയ ഉളളതിനാല്‍ ഒരാഴ്ചത്തേക്ക് താലിസ്പത്രാദി ലേഹ്യം കൂട്ടിനു കാണും. പെണ്ണുകാണാന്‍ പോകുന്ന വീട്ടില്‍ തണുത്തത് കഴിക്കില്ലെന്ന് പറഞ്ഞിട്ട് പെണ്ണുകിട്ടുന്നത് ഇല്ലാതാകണ്ട എന്ന ചിന്തയുടെ പുറത്താണ് തൊണ്ടയെയും ശ്വാസകോശത്തെയും മൂക്കിനെയും തലയെയുമൊക്കെ വേദനയിലേക്കും ചൊറിച്ചിലിലേക്കും ചുമയിലേക്കും ശ്വാസം കിട്ടായ്മയിലേക്കുമൊക്കെ തള്ളിയിടുന്നത്.  


                    പലപ്പോഴും ആ വഴി ഞാന്‍ വന്നിട്ടുണ്ടങ്കിലും കംപ്യൂട്ടര്‍ ജാതകത്തിന്റെ ആ കട ഞാനിതു വരെ കണ്ടിരുന്നില്ല. പാതയോരത്തായിരുന്നിട്ടും ഞാന്‍ എന്തുകൊണ്ട് ആ കട ഇന്നേവരെ കണ്ടില്ല എന്നു ഞാന്‍ അത്ഭുതപ്പെട്ടു. ചിലപ്പോഴൊക്കെ കാണാതെ പോകുന്നതോ അവഗണിക്കുന്നതോ ആയ കാര്യങ്ങള്‍ ജീവിതത്തിലേക്ക് വല്ലാത്ത പ്രാധാന്യത്തോടെ കടന്നു വരും. അതിനു തൊട്ടടുത്ത കട പേനകള്‍ മാത്രം വില്ക്കുന്ന കടയായിരുന്നു. ജോലി കിട്ടിയ ഉടനെ നല്ല രണ്ടുമൂന്നു പേനകള്‍ ആ കടയില്‍ നിന്നുമായിരുന്നു വാങ്ങിയത്. വലിയ വില കൊടുത്തു വാങ്ങുന്ന പേനകളല്ലേ എന്ന് കരുതി വില കൂടിയ റീഫില്ലുകള്‍ വാങ്ങിയിടും. റീഫില്ലുകളില്‍ ചിലത് പകുതിയാകുമ്പോഴേക്കും കട്ടിയുള്ള എഴുത്ത് വരാന്‍ തുടങ്ങും. അവയെ ഉപേക്ഷിക്കുകയല്ലാതെ പിന്നെ വേറെ വഴിയില്ല. പെട്ടെന്നൊരു ദിവസം തോന്നും മിതവ്യയമാകാമെന്ന്. വില കുറഞ്ഞ റീഫില്ലുകള്‍ വാങ്ങിയിട്ട് എഴുതാന്‍ തുടങ്ങും. നീളമൊപ്പിക്കാനായി പേനകളില്‍ ഒഴിഞ്ഞ റീഫില്ലുകളുടെ കഷണങ്ങള്‍ മുറിച്ചിട്ടു. റീഫില്ലുകളുടെ കാര്യത്തില്‍ പൈസ ലാഭിക്കാന്‍ കഴിഞ്ഞതില്‍ ചെറുതായി സന്തോഷിക്കുകയും ചെയ്തു. ഏതാണ്ട് എല്ലാ സാധാരണക്കാരന്റെയും എഴുത്തുരീതികള്‍ ഏറെക്കുറെ എന്റേതു പോലെ തന്നെയാകാനേ വഴിയുള്ളു.


                   സണ്‍ഗ്ളാസിന്റെ വാതിലിന്‍ മേല്‍ തള്ളുക എന്നെഴുതിയതു കണ്ട് വാതില്‍ തള്ളിത്തുറന്നു. ഞാന്‍ വാതില്‍ തള്ളിത്തുറക്കുന്നത് അകത്തിരുന്നു കണ്ടതിനാല്‍ കംപ്യൂട്ടറിന്റെ മുമ്പില്‍ ഇരിക്കുന്ന പെണ്‍കുട്ടി അതിനോടകം തന്നെ നല്ലൊരു പുഞ്ചിരി ചുണ്ടത്ത് തേച്ചുപിടിപ്പിച്ചിരുന്നു. ഏതൊരു കസ്റ്റമറോടും തേച്ചുപിടിപ്പിക്കുന്ന ഒന്നാണത് എങ്കില്‍ തന്നെയും പെണ്‍കുട്ടിയില്‍ സ്വതസിദ്ധമായ ഭവ്യതയുള്ളതായി എനിക്കു തോന്നി. അവളുടെ ഭവ്യതയില്‍ യാതൊരു തരത്തിലുള്ള കൃത്രിമത്വവും എന്തുകൊണ്ടോ അനുഭവപ്പെട്ടില്ല. അവളുടെ കണ്ണുകള്‍ക്ക് അടുത്തായി  ഉണ്ടായിരുന്ന പെട്ടെന്നു തന്നെ ദൃശ്യമാകുന്ന കറുത്ത മറുകാണ് അവളുടെ ചെറിയ കണ്ണുകള്‍ക്ക് ശേഷം ആദ്യം ശ്രദ്ധിച്ചത്. നിറക്കൂട്ടില്‍ അത്രയൊന്നും പെട്ടെന്ന് തീര്‍ക്കാന്‍ പറ്റാത്ത നിറമായിരുന്നു അവള്‍ക്ക്. തന്റെ സൌന്ദര്യസങ്കല്പങ്ങളില്‍ ഒരിക്കലും അത്തരമൊരു പെണ്‍കുട്ടിയില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എങ്കിലും അവളുടെ ഇടതു ഭാഗത്തെ കറുത്ത മറുക് ഒരു തീവണ്ടി യാത്രക്കിടയില്‍ വാങ്ങി വായിച്ച മറുകുശാസ്ത്രപുസ്തകത്തിലേക്ക് തെല്ലിട എന്റെ മനസ്സിനെ കൈപിടിച്ച് വലിച്ചു കൊണ്ടുപോയി. സ്ത്രീകള്‍ക്ക് ഇടതു ഭാഗത്ത് മറുക് നല്ലതാണെന്ന് അതില്‍ കണ്ടത് ഓര്‍മ്മ വന്നു. പക്ഷേ, ഇടത്തെ കണ്ണിനടുത്തായി മറുകുണ്ടായാല്‍ എന്താണെന്ന് ഒരു പിടുത്തവും കിട്ടിയില്ല. അത്തരം പുസ്തകങ്ങള്‍ക്കുള്ള ചെറിയൊരു കുഴപ്പമതാണ്. എല്ലാമൊന്നും ഓര്‍ത്തുവെക്കാന്‍ പറ്റില്ല. ഓര്‍ത്തുവെക്കുന്നവ തന്നെ വല്ലാതങ്ങ് ആശയക്കുഴപ്പം തീര്‍ക്കുന്നവയുമായിരിക്കും. അതിനെല്ലാം മേലെയായി പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന യുക്തിയുള്ളതോ ഇല്ലാത്തതോ ആയ ചിന്തകളും വെള്ളത്തിലൊഴുകുന്ന പൊങ്ങുതടികളെ പോലെ ഒഴുകി നടക്കും.  അല്ലെങ്കിലും ജീവിതം ഒത്തൊപ്പിച്ചെടുക്കുന്ന ഒട്ടുമിക്കതും ചേര്‍ന്ന അവിയല്‍ പോലെ എന്തോ ഒന്നല്ലാതെ മറ്റെന്ത്?


                   അവള്‍ ഇരിക്കാന്‍ കൈ കൊണ്ട് ആഗ്യം കാണിച്ചത് അനുസരിച്ച് ഞാന്‍ അവളുടെ മുന്നിലായി ഇരുന്നു. എന്റെ മനസ്സറിഞ്ഞെന്ന പോലെ അവള്‍ തിരക്കി.


                  -കല്ല്യാണപ്പൊരുത്തം നോക്കാനാണോ?


                 -അതെ.


                 ഞാന്‍ ഉത്തരം നല്കിക്കൊണ്ട് ബാഗില്‍ നിന്നും ഇരുപത്തിരണ്ടാമത്തെ വിരലിന്റെ ഗ്രഹനിലയും എന്റെ ഗ്രഹനിലയും അവള്‍ക്ക് നീട്ടി. അവള്‍ അവ രണ്ടും വാങ്ങി കംപ്യൂട്ടറിലേക്ക് കൂപ്പുകുത്തി. അപ്പോള്‍ എന്റെ ഒര്‍മ്മയിലേക്ക് തെല്ലൊരു തലക്കനമുള്ള ഇരുപത്തിരണ്ടാമത്തെ വിരല്‍ പഠിക്കുകയാണോ എന്ന ചോദ്യത്തിന് യ്യാ, എം.എസ്.സി, ബയോകെമിസ്ട്രി എന്നു പറയുകയായിരുന്നു. യെസ് എന്നു പോലും പറയാതെ യ്യാ എന്നു പറഞ്ഞ അവളെ എനിക്ക് തരില്ല എന്നും പഴഞ്ചനും എല്‍.ഡി.ക്ളര്‍ക്കുമായ തന്നെ അവള്‍ക്ക് വേണ്ടി വരില്ല എന്നും നന്നായി അറിഞ്ഞുകൊണ്ടു തന്നെ നടത്തുന്ന ഒരു ഫാര്‍സിനപ്പുറത്തേക്ക് ജാതകം എന്തു പറയുമെന്ന കൌതുകം മുന്നിലേക്ക് ഓടിയെത്തി. ഒരു സാധാരണക്കാരനായ എല്‍.ഡി.ക്ളര്‍ക്കിനും ബയോകെമിസ്ട്രിക്കാരിക്കും തമ്മിലെന്താണ് പറയുവാന്‍ ഉണ്ടാവുക എന്ന് അവര്‍ക്ക് താല്പര്യമുണ്ടെന്ന് പറഞ്ഞപ്പോഴേ അമ്മയോട് ഞാന്‍ ചോദിച്ചതാണ്. താന്‍ പഠിച്ചത് ഹിസ്ററി ആണെന്നു പറഞ്ഞപ്പോള്‍ അവള്‍ക്ക് അങ്ങനെ എത്ര അടകോടന്‍മാര്‍ ഹിസ്ററിയും ഇക്കണോമിക്സുമൊക്കെയായി തപ്പിക്കൂട്ടി ഒപ്പിച്ചെടുത്ത ജോലിയുമൊക്കെയായി തന്നെ പെണ്ണുകാണാന്‍ വരുന്നു എന്നൊരു മുഖഭാവം അവളില്‍ കണ്ടതായ കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല. ഒരുപാടു ദൂരം താണ്ടിച്ചെന്ന് ഏതോ അവളുടെ താന്‍പോരിമ കണ്ടു. അല്ലാതെന്ത്. എന്നാലും നോക്കിയേക്കാം. തമ്മില്‍ ചേരില്ല എന്ന കടലാസ് കിട്ടിയാല്‍ അമ്മക്ക് പോരിനോ സ്നേഹത്തിനോ മരുമകള്‍ ഒത്തുവരാത്ത വേവലാതി ഞാന്‍ കാരണമല്ലെന്നും കോടാനുകോടി ഗ്രഹങ്ങളുടെ കളിയാണെന്നും പറഞ്ഞൊഴിയാം.   


                  പെണ്‍കുട്ടി പ്രിന്ററില്‍ നിന്നും തെല്ല് ഒച്ചപ്പാടോടെ പുറത്തേക്കു വന്ന കടലാസുകള്‍ എടുത്ത് ഗുണമേന്‍മ നോക്കി ബോധ്യപ്പെട്ട് ആശ്വസിപ്പാനെന്ന വണ്ണം പുഞ്ചിരിയോടെ പറഞ്ഞു.


                  -ഈ കുട്ടി പറ്റില്ലാട്ടോ.


                  -എന്താ കുഴപ്പം.


                  കടലാസുകള്‍ക്കായി കൈ നീട്ടുന്നതിനിടയില്‍ ഞാന്‍ തിരക്കി.


                  -ദശാസന്ധിപ്പൊരുത്തം ഇല്ല.


                  -അയ്യോ. കഷ്ടായി.


                  ഞാന്‍ നിരാശഭാവം അഭിനയിച്ച് അവള്‍ക്കിട്ടു കൊടുത്തു. അതില്‍ തട്ടി അവളും തെല്ലുനേരത്തേക്ക് ശരിക്കങ്ങ് സങ്കടപ്പെട്ടു. എന്റെത് വെറുമൊരു അഭിനയമായിരുന്നു എന്ന് അവള്‍ക്ക് മനസ്സിലാകാത്തതില്‍ എന്നിലെ നടനോട് എനിക്ക് അഭിമാനം തോന്നി. അതെ സമയം തന്നെ അവളുടെ മുന്നില്‍ താനെന്തിനാണ് അഭിനയിച്ചത് എന്നൊരു ചോദ്യം ഉത്തരമില്ലാതെ തല പൊക്കി.


                   കാശെത്രയാണെന്ന് പെണ്‍കുട്ടിയോട് തിരക്കിയാല്‍ അവള്‍ തനിക്ക് ഇതിനെ പറ്റിയൊന്നും യാതൊരു വിവരവുമില്ലെന്ന് കരുതിക്കളയുമോ എന്ന് സംശയിച്ച് പേഴ്സില്‍ നിന്നും ഒരു നൂറു രൂപയുടെ നോട്ടെടുത്ത് നീട്ടി. ചില കുഞ്ഞുകുഞ്ഞു കള്ളത്തരങ്ങളാണ് ജീവിതം.


                  -ചില്ലറയില്ല, അല്ലേ.


                   അത്തരമൊരു ചോദ്യം ചോദിച്ചെങ്കിലും ഉത്തരത്തിന് കാക്കാതെ മേശവലിപ്പില്‍ നിന്നും അവള്‍ ബാക്കി എടുത്ത് ഗാന്ധിജിയുടെ പടങ്ങളെ ഒരേ ഭാഗത്തേക്ക് ക്രമപ്പെടുത്തി വളരെ അടുക്കോടെ എനിക്ക് നീട്ടി. അവളുടെ അടുക്കില്‍ ഞാന്‍ തെല്ലൊന്ന് താളം തെറ്റി. ഒരു അടുക്കും ചിട്ടയുമില്ലാതെ രൂപാനോട്ടുകള്‍ പേഴ്സിലും മേശയിലുമൊക്കെ പുസ്തകങ്ങളും വസ്ത്രങ്ങളും വാരിവലിച്ചിടുന്നതു പോലെ തന്നെ കൈകാര്യം ചെയ്യുന്ന സ്വഭാവമായിരുന്നു എനിക്ക്. അതും വാങ്ങി മടിയിലെ ബാഗ് ചുമലിലേക്കിട്ട് വലിക്കുക എന്ന വാതിലിനെ വലിച്ചു തുറന്ന് ഞാന്‍ പുറത്തേക്കിറങ്ങി. പുറത്ത് അഴിച്ചു വെച്ച ചെരുപ്പിടുമ്പോള്‍ കംപ്യൂട്ടറിലേക്ക് തിരിച്ചുപോയ പെണ്‍കുട്ടിയേയും പിന്നെ കണ്ണാടി വാതിലിലെ തള്ളുക എന്ന വാക്കിലേക്കും വെറുതെയൊന്ന് നോക്കി. സണ്‍ഗ്ളാസ് കാരണം ഇരുണ്ട നിറമുള്ള പെണ്‍കുട്ടി നന്നായി ഇരുണ്ടതായി തോന്നി. കംപ്യൂട്ടറിലേക്ക് പൊടുന്നനെ മടങ്ങുന്നതിനു പകരം താന്‍ പോകുന്നത് അവള്‍ക്കൊന്ന് നോക്കിനിന്നാലെന്തായിരുന്നു എന്ന് മനസ്സില്‍ തോന്നി. അടുത്ത പെണ്ണുകാണല്‍ തീര്‍ച്ചയായും ഇരുപത്തിരണ്ട് വെളുപ്പിച്ചികള്‍ക്ക് ശേഷം ഒരു കറുത്ത പെണ്ണിനെ തന്നെ എന്ന് മനസ്സില്‍ അതിനോടകം ഉറപ്പിച്ചും കഴിഞ്ഞിരുന്നു.


                   പല ഞായറാഴ്ചകളിലും പെണ്ണുകാണാന്‍ പോകുമ്പോള്‍ തനിക്ക് തികച്ചും അപരിചിതമായ വീടും വീട്ടുകാരും അവരുടെ ഒത്തിരി ചോദ്യങ്ങളും മുന്നിലേക്ക് ട്രേയില്‍ കുടിക്കാനുള്ള പാനീയവുമായി വരുന്ന പെണ്‍കുട്ടിയും പഠിക്കുകയാണോ, പേരെന്താ എന്നൊക്കെയുള്ള ഉത്തരങ്ങള്‍ അറിഞ്ഞുകൊണ്ടു തന്നെയുള്ള തന്റെ ചോദ്യങ്ങളും പെണ്‍കുട്ടിയെ പറ്റിയുള്ള കൂട്ടുകാരന്റെ സ്വതവേയുള്ള നല്ല അഭിപ്രായങ്ങളും അവളായിരിക്കുമോ തന്റെ ഭാര്യ എന്ന സംശയവും പിന്നീടുള്ള അവരുടെ വേണ്ടെന്നുള്ള പറച്ചിലുകളും ബന്ധുക്കളില്‍ ചിലരുടെ എന്റെ സമീപനത്തിലും ജീവിതവീക്ഷണത്തിലും മറ്റുമുള്ള പഴി ചാരലുകളും പെണ്‍കുട്ടികളുള്ള ഇടങ്ങളിലൊക്കെ കയറിച്ചെന്ന് പെണ്‍കുട്ടിയെയും കാത്തുള്ള തെല്ലൊരു പരിഭ്രമത്തോടെയുള്ള ഇരിപ്പും വെറുതെ ചായ കുടിക്കുന്നതും എല്ലാം കൂടി ഈ പെണ്ണുകാണല്‍ ചടങ്ങ് ഒന്നു തീര്‍ന്നുകിട്ടിയാല്‍ മതിയായിരുന്നു എന്ന ചിന്ത എന്നില്‍ ഉണ്ടാക്കാതിരുന്നില്ല. 


                   വീട്ടില്‍ തിരിച്ചെത്തിയാല്‍ കൂട്ടുകാരന്‍ സംഭവങ്ങളെല്ലാം അമ്മക്ക് വിസ്തരിച്ച് പറഞ്ഞു കൊടുക്കും. അതിനിടയില്‍ അവിടെ നിന്നും കിട്ടുന്ന ചായക്ക് കടുപ്പം കൂടിപ്പോയി എന്നും നാരങ്ങ പിഴിഞ്ഞ വെള്ളം അത്രക്കങ്ങ് നന്നായില്ല എന്നുമൊക്കെയുള്ള നിസ്സാരകാര്യങ്ങളും അവന്‍ പറഞ്ഞിടും. അമ്മക്ക് പക്ഷേ പെണ്‍കുട്ടി കാഴ്ച്ചക്കെങ്ങനെ എന്നും സ്വഭാവമെങ്ങനെ എന്നും വീട്ടുകാരെങ്ങനെ എന്നുമൊക്കെ അറിയാനായിരിക്കും ആകാംക്ഷ. ഒന്നുരണ്ടു ദിവസം കഴിഞ്ഞാല്‍ അമ്മ ഏതെങ്കിലും വഴിക്ക് അവരെന്തു പറയുന്നു എന്നറിയലായി. ശരിയായില്ലെന്നു കണ്ടാല്‍ അമ്മ തെല്ലൊന്നുമല്ല നിരാശപ്പെടുക.


                 -ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ എഞ്ചിനീയറിംഗിനും എം.സി.എക്കും എം.എസ്.സിക്കും ബി.എഡിനുമൊക്കെ വലിയ പഠിപ്പ് പഠിച്ചിട്ട് പണ്ടത്തെപ്പോലെ ക്ളര്‍ക്കിനൊന്നും പെണ്ണുകിട്ടുന്നില്ലപ്പാ.


                   അമ്മ സ്വയം പറയും. ശരിയാണെന്ന് എനിക്കും തോന്നിത്തുടങ്ങിയിരുന്നു. മൊബൈല്‍ഫോണും കംപ്യൂട്ടറും വ്യാപകമായി പ്രചരിച്ച കാലത്തു തന്നെ പുതുതലമുറയുടെ പഠനനിലവാരവും കൂടി. പുതുതലമുറയുടെ കാഴ്ചപ്പാടിലും ആഗ്രഹങ്ങളിലുമൊക്കെ സാധാരണക്കാരനായ ഒരു ക്ളര്‍ക്കിന് സ്ഥാനമൊന്നുമില്ല. അവരുടെ ജീവിതനിലവാരവും ഒരു ക്ളര്‍ക്കിന്റെ ജീവിതനിലവാരവും തമ്മില്‍ എന്തെന്നില്ലാത്ത വ്യത്യാസങ്ങളുണ്ട്. പക്ഷേ അതൊന്നും മനസ്സിലാക്കാതെ പെണ്ണുകെട്ടാത്തതില്‍ ബന്ധുക്കളില്‍ പലരും എന്നെ പഴി ചാരുകയാണ് ചെയ്യുന്നത്. ആളുകൂടുന്നിടത്ത് വെച്ച് കിട്ടിയാല്‍ എല്ലാവരും കേള്‍ക്കേ ഉപദേശിക്കലായി, കുറ്റം പറച്ചിലായി, കളിയാക്കലായി. പെണ്ണെന്നു പറയുന്നത് ആണും പെണ്ണുമായ മറ്റുള്ളവര്‍ക്ക് തങ്ങളേക്കാള്‍ താഴെക്കിടയിലുള്ള ഏതെങ്കിലും ആണിനെ കളിയാക്കാനും പരിഹസിക്കാനും ഒന്നു കൂടി താഴ്ത്തിപ്പിടിക്കാനുമുള്ള ഒന്നാന്തരം ഉപാധിയാണ്. എത്രയൊക്കെ ഫെമിനിസവും പുരോഗമന ചിന്തകളുമൊക്കെ വന്നാലും അടിസ്ഥാനപരമായ മനുഷ്യരുടെ പെരുമാറ്റങ്ങളില്‍ വലിയ മാറ്റമൊന്നും വരാന്‍ ഒരു കാലത്തും സാധ്യതയില്ല.


                  അവരുടെ ബന്ധത്തിലുള്ള വല്ല പെണ്ണിനേയും പിടിച്ചു തരുമോ. അതൊട്ടില്ല താനും. അവള്‍ പഠിക്കുകയല്ലേ, ചെറിയ കൊച്ചല്ലേ എന്നൊക്കെയായിരിക്കും അത്തരം ചോദ്യങ്ങള്‍ മുളയിലേ നുള്ളിക്കൊണ്ടുള്ള ഉത്തരം. ഏതാണ്ടൊക്കെ അവരൊക്കെ ജീവിതം തുടങ്ങിയതു പോലെയുള്ള ജോലി നേടിയിട്ടും അവരുടെ കൂട്ടത്തില്‍ ഞാന്‍ യോഗ്യനായി പരിഗണിക്കപ്പെടുന്നില്ലല്ലോ എന്ന സങ്കടം എനിക്ക് ബാക്കി നില്ക്കും.


                  ഇടക്കൊക്കെ ഗ്രഹനിലയുമായി ചെല്ലുന്നതു കൊണ്ട് കടയിലെ പെണ്‍കുട്ടി അല്പം സ്വാതന്ത്രത്തോടെ ഒരു ദിവസം തിരക്കി.


                 -കഴിഞ്ഞ പ്രപ്പോസലില്‍ പത്തില്‍ ആറു പൊരുത്തമുണ്ടായിരുന്നല്ലോ. എന്തേ അതു ശരിയായില്ലേ?


                  അവളുടെ ചോദ്യം വെറുതെ ചിരിച്ചു തള്ളി. അവര്‍ വേണ്ടെന്നു വെച്ചതായിരുന്നു അത്.


                -ഇത്രക്കങ്ങ് ജാതകമൊന്നും നോക്കരുത്. ഒത്തൊപ്പിച്ചങ്ങ് കഴിക്കണം.


                അവള്‍ പറഞ്ഞു. അതിന് അമ്മ സമ്മതിക്കുകയില്ല. അമ്മ പറയും.


               -നന്നായി പൊരുത്തം നോക്കണം. എന്റെ കഥ കണ്ടില്ലേ നീ. എന്തെങ്കിലും സുഖമുണ്ടായിരുന്നോ എനിക്ക്. ജാതകം ചേരുമോ എന്നൊന്നും നോക്കിയതേയില്ല. മാഷല്ലേ എന്നു കരുതി ഇങ്ങോട്ട് പറഞ്ഞയച്ചു. അനുഭവിച്ചതിനൊന്നും കണക്കും കൈയുമില്ല.


                  അമ്മയേയും കുട്ടികളേയും നോക്കാതെ രാഷ്ട്രീയപ്രവര്‍ത്തനവുമായി നടന്ന അച്ഛനെ കുറിച്ച് അമ്മക്ക് തെല്ലും അഭിപ്രായമുണ്ടായിരുന്നില്ല. ഇല്ലത്തു നിന്നു വിട്ടു, അമ്മാത്തൊട്ട് എത്തിയതുമില്ല എന്നു പറയുന്നതു പോലെ രാഷ്ട്രീയത്തിന്റെ മേഖലയില്‍ അച്ഛന്‍ എവിടെയും എത്തിയതുമില്ല. വീട്ടിലുള്ള ദിവസങ്ങളില്‍ അമ്മയേയും കുട്ടികളേയും തല്ലിത്തല്ലി വശം കെടുത്തുകയും വായില്‍ തോന്നിയതൊക്കെ പറയലും അച്ഛന്റെ ആവേശങ്ങളില്‍ ഒന്നായിരുന്നു. ഭാഗ്യത്തിന് പെട്ടെന്നു തന്നെ മരിച്ചു കിട്ടി. കിടപ്പിലായതിന്റെ അവസാന നാളുകളിലൊന്നില്‍ അച്ഛന്‍ എന്നോട് അവസാനമായി പറഞ്ഞത് ചിലപ്പോഴൊക്കെ മനസ്സിലേക്ക് ഓടിയെത്തും.


                  -ഞാന്‍ ചത്തിട്ടു വേണമല്ലേടാ നിനക്ക് എന്റെ കട്ടില് സ്വന്തമാക്കാന്‍.


                  സ്വന്തം കുട്ടികളെ ലക്ഷക്കണക്കിന് കോഴ നല്കിയും മറ്റും വലിയ നിലയില്‍ പഠിപ്പിക്കുകയും വലിയ ജോലിയാക്കി കൊടുക്കുകയും ചെയ്യുന്ന അച്ഛന്‍മാരെയും കുട്ടികളെയും കാലുകള്‍ ആടി അവിടെയുമിവിടെയും പൊട്ടി പഴഞ്ചനായ ആ കട്ടില് വെച്ചാണ് ഞാന്‍ അളക്കാറ് പതിവ്. അളന്നളന്നു കഴിയുമ്പോള്‍ വിഷാദത്തിന്റെ അഗാധതാഴ്ചയിലേക്ക് ഞാന്‍ എടുത്തു ചാടും. ഒരുപക്ഷേ തനിക്ക് പെണ്ണുതരാന്‍ പലരും മടിക്കുന്നത് അച്ഛനെ പറ്റിയുള്ള ബന്ധുക്കള്‍ക്കിടയിലെ അഭിപ്രായമില്ലായ്മ കൊണ്ടു തന്നെയായിരിക്കാം. അത്തരമൊരു അച്ഛന്റെ മകന് പെണ്ണിനെ നല്കാന്‍ ആരും തന്നെ ഇഷ്ടപ്പെടുകയില്ല.


                 പിന്നീടൊരു ദിവസം അവള്‍ പറഞ്ഞു.


                 -ഇവിടെ കംപ്യൂട്ടര്‍ ജാതകം മാത്രമല്ല, ചെറിയ തോതില്‍ മാര്യേജ് ബ്യൂറോയുമുണ്ട്. വേണമെങ്കില്‍ ജാതി എന്താണെന്നു പറഞ്ഞാല്‍ പറ്റിയ പെണ്‍കുട്ടിയെ ഇവിടെ നിന്നു തന്നെ കിട്ടും.


                -ജാതി ചോദിക്കരുതെന്നല്ലേ.


                പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് ചിരിച്ചു കൊണ്ട് അവള്‍ ഇടപെട്ടു.


                -അതൊന്നും ഒരു കാലത്തും മാര്യേജ് ബ്യൂറോയില്‍ നടക്കില്ല. ഇവിടെ അത്യാവശ്യം ജാതിയൊക്കെ പറഞ്ഞാലേ കാര്യം നടക്കൂ.


                അവളെ മാത്രമേ എപ്പോഴും കടയില്‍ കാണാറുള്ളു എന്നതിനാല്‍ പരിചയത്തിന്റെ പുറത്ത് അനുവദിക്കപ്പെട്ട സ്വാതന്ത്രത്തോടെ ചോദിച്ചു.


                -ഇവിടെ വേറെയാരെയും കാണാത്തതെന്തേ?


                -ഓണര്‍ അപ്പുറത്തുണ്ട്. പെന്നിന്റെ കടയും ഇതും അവരുടേതാണ്. കണ്ടിട്ടുണ്ടാകും. ഇതിനു മുമ്പൊരു നാള്‍ പെന്നു വാങ്ങാന്‍ വന്നിരുന്നല്ലോ.


                -അത് വളരെ വളരെ മുമ്പല്ലേ. ഏതാണ്ട് ഒന്നുരണ്ടു കൊല്ലം മുമ്പ്.


                 തെല്ല് പഴയ ഓര്‍മ്മയെ അവള്‍ കാത്തുവെച്ചിരിക്കുന്നതില്‍ അത്ഭുതത്തോടെ ചോദിച്ചു പോയി. തന്റെ കള്ളി പുറത്തായെന്നപോലെ അവളുടെ ചെറിയ കണ്ണുകള്‍ തെല്ലൊന്ന് വിടര്‍ന്നെങ്കിലും പൊടുന്നനെ അവള്‍ ഒരു കടക്കാരിയുടെ മുഖംമൂടി എടുത്തണിഞ്ഞ് കണ്ണുകളെ മറച്ചുകളഞ്ഞു. പിന്നെ ഞാന്‍ കൊടുത്ത ഗ്രഹനില കംപ്യൂട്ടറില്‍ ഒത്തു നോക്കി പറഞ്ഞു.


                -ശുദ്ധജാതകമാണ്. ചേരില്ല.


               -ഹയ്യോ കഷ്ടം.


               എന്റെ അഭിനയമികവ് അംഗീകരിച്ചെന്ന പോലെ അവള്‍ വായ പൊത്തി നിറഞ്ഞു ചിരിച്ചു.


                  അവള്‍ക്ക് കൊടുക്കേണ്ട ചില്ലറ ഈയിടെയായി ക്യത്യമായി കരുതാറുള്ളതിനാല്‍ കൊടുത്ത നോട്ടുകള്‍ അവള്‍ മേശവലിപ്പിലേക്കിട്ടു.


                  റേഷന്‍ കാര്‍ഡ് പുതുക്കാന്‍ അവള്‍ ഓഫീസിലെത്തിയപ്പോഴാണ് അവളുടെ ഇടതു കൈത്തണ്ടയിലെ കറുത്ത മറുക് ശ്രദ്ധയില്‍ പെടുന്നത്. മേശപ്പുറത്തു വെച്ച രശീതി ഇടതു കൈകൊണ്ട് എടുക്കുകയായിരുന്നു അവള്‍. അതിനു മുമ്പ് കറുത്ത മറുക് താന്‍ ശ്രദ്ധിച്ചതേയില്ലായിരുന്നു. അവള്‍ പരിചയം വെച്ച് ചോദിച്ചു.


                  -ഇവിടെയാണോ ജോലി?


                  ഞാന്‍ ചിരിച്ചു. ഇടതു കൈത്തണ്ടയില്‍ മറുകുള്ള പെണ്‍കുട്ടികള്‍ക്ക് നല്ല കുട്ടികളുണ്ടാകാനുള്ള യോഗമുണ്ടാകുമെന്ന് മറുകുശാസ്ത്രത്തില്‍ വായിച്ചത് ഞാന്‍ ഓര്‍ത്തു. റേഷന്‍ കാര്‍ഡും അപേക്ഷയും വാങ്ങിവെച്ച് മറ്റുള്ളവര്‍ക്ക് അനാവശ്യ സംശയങ്ങള്‍ തോന്നാതിരിക്കാനായി തനിക്കവളെ പരിചയമില്ലെന്ന പോലെ നടിച്ചുകൊണ്ട് പറഞ്ഞു.


                  -ഒരാഴ്ച കഴിഞ്ഞ് വരൂ.


                   ഞാന്‍ ഏതെങ്കിലും തരത്തില്‍ പെട്ടെന്നു തന്നെ സംഗതി നടത്തിക്കൊടുക്കുമെന്ന പോലെ അവള്‍ തെല്ലു നേരം കാത്തുനിന്നു. അവളെ എതെങ്കിലും തരത്തില്‍ സഹായിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അവളോട് പ്രത്രേക താല്പര്യം കാണിക്കുന്നതു കണ്ടാല്‍ അതേ ആവശ്യക്കാരായ മറ്റുള്ളവര്‍ മുഷിഞ്ഞെന്നും വരാം. ഞാന്‍ തെല്ലൊരു ഗൌരവത്തില്‍ അവളെ നോക്കി. പിന്നെ ഒന്നും പറയാതെ നിരാശ കലര്‍ന്ന ഒരു ചിരി സമ്മാനിച്ച് അവള്‍ നടന്നു പോയി. തെല്ല് കഴിഞ്ഞു നോക്കിയപ്പോള്‍ അവള്‍ ഗെയിറ്റ് കടന്നു പോകുന്നതു കണ്ടു.  


                   പിന്നീട് ഗ്രഹനിലയുമായി ചെന്നപ്പോള്‍ അവളൊരു പുസ്തകം വായിക്കുകയായിരുന്നു. എന്നെ ദൂരത്തു നിന്ന് കണ്ടിട്ട് പുസ്തകമെടുത്ത് തുറന്നു വെച്ചതു പോലെ എനിക്ക് തോന്നി. അവള്‍ പരിചയമൊന്നും കാണിച്ചതേയില്ല. ഞാന്‍ നല്കിയ ഗ്രഹനില എന്റെ ഗ്രഹനിലയുമായി ഒപ്പിച്ചു നോക്കി കിട്ടുന്ന പേപ്പര്‍ഷീറ്റ് ഒന്നോടിച്ചു നോക്കുന്ന പതിവും അവള്‍ തെറ്റിച്ചു. നേരെ കാശ് വാങ്ങി മേശ വലിപ്പിലിട്ടു. പിന്നെ തിരക്കിട്ടെന്ന പോലെ പുസ്തകത്തിലേക്ക് മടങ്ങി. ഞാന്‍ അവളെ വിളിച്ചു.


                  -ഏയ്.


                   അവള്‍ പുരികം ചുളിച്ചുകൊണ്ട് എന്തേ എന്ന അര്‍ത്ഥത്തില്‍ ഇഷ്ടക്കേടോടെ നോക്കി.


                   -അന്ന് തിരക്കായിരുന്നു. എനിക്ക് സഹായിക്കാന്‍ പറ്റുകയുമില്ലായിരുന്നു.


                   അവള്‍ ചിരിച്ചെന്നു വരുത്തി.


                 -അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ.


                  അവള്‍ അതും പറഞ്ഞ് പുസ്തകത്തിലേക്കു തന്നെ തല താഴ്ത്തി.


                 -അതെന്താണ് വായിക്കുന്നത്.


                 അവള്‍ പെട്ടെന്ന് പുസ്തകം മടക്കി മേശവലിപ്പിലേക്ക് ഇട്ടുകളഞ്ഞു. പിന്നെ കംപ്യൂട്ടറിന്റെ കീ ബോര്‍ഡുകളില്‍ കാര്യമായി എന്തോ തിരയുന്നതു പോലെ ഇരുന്നു. ഞാന്‍ അല്പം ചമ്മലോടെ പുറത്തേക്കിറങ്ങി ചെരുപ്പിടുമ്പോള്‍ ഗ്ളാസിലൂടെ അവളെ നോക്കി. അവള്‍ തെല്ലൊന്ന് പാളിനോക്കി. ഞാന്‍ നോക്കുന്നതായി അറിഞ്ഞ് അവള്‍ കംപ്യൂട്ടര്‍ മോണിറ്ററില്‍ ഗൌരവമായി എന്തോ ചികയുകയാണെന്ന ഭാവത്തില്‍ ഇരുന്നു. അവള്‍ തന്നോട് തെല്ലൊരു സ്വാതന്ത്യം എടുക്കുന്നുണ്ടോ എന്ന് ചെറുതായി സംശയം തോന്നിയെങ്കിലും അവള്‍ ധാരാളം കസ്റമേഴ്സിനെ ദിവസവും കാണുന്നതായിരിക്കുമെന്നും എന്നോട് മാത്രം പ്രത്രേകത തോന്നേണ്ട കാര്യങ്ങളൊന്നുമില്ലെന്നും തനിക്ക്  വെറുതെ തോന്നുന്നതായിരിക്കുമെന്നും മനസ്സ് അത്തരം ചിന്തകളെ പെട്ടെന്നു തന്നെ തിരുത്തി. എങ്കിലും അവള്‍ അങ്ങനെ പെരുമാറേണ്ടിയിരുന്നില്ല എന്നും മനസ്സിന്റെ മറ്റൊരു കോണില്‍ തോന്നുകയുണ്ടായി.


                   അന്നത്തെ ജാതകം പത്തില്‍ എട്ടുപൊരുത്തമുള്ള ജാതകമായിരുന്നു. ജാതകത്തിന്റെ കാര്യത്തില്‍ അമ്മക്ക് സമ്മതമായി. പോയിക്കണ്ടപ്പോള്‍ പെണ്‍കുട്ടിയെ അമ്മക്ക് നന്നായി ബോധിക്കുകയും ചെയ്തു. ബന്ധുക്കള്‍ക്കും എതിരഭിപ്രായമില്ലായിരുന്നു. കല്ലാണത്തിന് ബന്ധുക്കളില്‍ ചിലര്‍ ചെന്ന് ഉറപ്പു കൊടുത്തു. കല്ല്യാണനിശ്ചയത്തിന്റെ ദിവസവും തീരുമാനിച്ചു.
ഓഫീസിലും നാട്ടിലുമൊക്കെ എന്റെ കല്ല്യാണമായെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ കല്ല്യാണനിശ്ചയത്തിന്റെ തലേ ദിവസം ആ പെണ്‍കുട്ടി ഏതോ ഒരുവന്റെ കൂടെ എങ്ങോട്ടോ ഒളിച്ചോടിപ്പോയി. ഓര്‍ക്കൂട്ടില്‍ അടുത്തിടെ പരിചയപ്പെട്ട അവന്‍ വെറുമൊരു ക്ളര്‍ക്കിന്റെ കൂടെ പോയി ജീവിതം എണ്ണിച്ചുട്ട് കഴിച്ചു കൂട്ടണോ എന്ന് അവളോട് ചോദിച്ചത്രെ. കീമേന്‍ ഫോണ്ടില്‍ മലയാളത്തില്‍ അവളുടെ അച്ഛന്റെ ഇ മെയിലിലേക്ക് അവള്‍ കാര്യങ്ങളെല്ലാം കത്തെഴുതി അയച്ചതാണത്രെ. ചെറുക്കന്‍ ഒന്നാന്തരം ജോലിയുള്ളവനാണെന്നറിഞ്ഞപ്പോള്‍ അവളുടെ വീട്ടുകാര്‍ക്ക് സന്തോഷമായി.


                   ആകെ നാണം കെട്ടല്ലോ എന്ന ചിന്തയായിരുന്നു പിന്നെ മനസ്സു നിറയെ. പെണ്ണു കാണാന്‍ ചെന്നപ്പോള്‍ ആ പെണ്‍കുട്ടിയുടെ ബഹുമാനവും പക്വതയുമൊക്കെ കണ്ടപ്പോഴേ മതിപ്പു തോന്നിയതാണ്. അവളാകട്ടെ നിരന്തരം തന്നെ വിളിക്കാറുമുണ്ടായിരുന്നു. അവള്‍ പഠിക്കുന്ന എം.സി.എയെ പറ്റി കാര്യമായി പറയാനൊന്നും തനിക്ക് അറിയാത്തതിനാല്‍ രണ്ടുപേര്‍ക്കും പൊതുവില്‍ അറിയാവുന്ന സിനിമയും സാഹിത്യവുമായിരുന്നു പലപ്പോഴും വിഷയം. ചര്‍ച്ച ചെയ്തവ തന്നെ വീണ്ടും വീണ്ടും ചര്‍ച്ചക്ക് വന്നപ്പോള്‍ തന്നെ മനസ്സിലായിരുന്നു ഞങ്ങള്‍ തമ്മില്‍ സ്നേഹത്തിന്റെ ലിങ്കുകള്‍ കാര്യമായി ഒന്നുമില്ലെന്ന്. സംസാരിക്കാനായി സംസാരിക്കുന്നു. അത്രമാത്രം.


                  ചിലരൊക്കെ പലതും കുത്തിക്കുത്തി ചോദിക്കാന്‍ തുടങ്ങി. മൊബൈലില്‍ രാവുതോറും കുറെ നേരം പരസ്പരം സംസാരിക്കാറുണ്ടായിരുന്നല്ലോ, പിന്നെന്താണ് ഇങ്ങനെ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. സാഹിത്യവും സിനിമയും താല്പര്യമുള്ളവര്‍ക്ക് പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിഷയങ്ങളാണെന്ന് അവര്‍ക്ക് മനസ്സിലാകാത്തതിന് എനിക്കെന്തു ചെയ്യാന്‍ കഴിയും? പക്ഷേ, ദാമ്പത്യബന്ധത്തില്‍ അവക്കൊന്നും വലിയ കാര്യമൊന്നുമില്ല താനും. അവ നാലയലത്ത് അടുപ്പിക്കാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത്. എല്ലാറ്റിനും ഉത്തരം നല്കി മടുത്തു.


                    അമ്മയുടെ കാര്യവും മറ്റൊന്നായിരുന്നില്ല. അമ്മ ആ പെണ്‍കുട്ടിയെ മറ്റുള്ളവരുടെ മുമ്പിലുണ്ടായ നാണക്കേടോര്‍ത്ത് പ്രാകാന്‍ തുടങ്ങി. പുതുതലമുറക്ക് വലിയ എക്സ്പോഷന്‍ കിട്ടുന്ന കാലത്ത് അതൊക്കെ സ്വാഭാവികമാണെന്ന് പറഞ്ഞു കൊടുത്തിട്ടൊന്നും അമ്മക്ക് തെല്ലും മനസ്സിലായില്ല. ജോലി കിട്ടിയപ്പോള്‍ അറിഞ്ഞതായി പോലും നടിക്കാത്തവര്‍ കാര്യമറിഞ്ഞ് കുറ്റപ്പെടുത്താനും മറ്റുള്ളവരുടെയിടയില്‍ നാണം കെടുത്താനും തുടങ്ങി എന്നറിഞ്ഞപ്പോള്‍ അമ്മ ആരാണ് എഴുതിയതെന്ന് അറിയാത്ത ഒരു കവിതയുടെ വരികള്‍ ചൊല്ലിത്തന്ന് ആശ്വസിപ്പിച്ചു.


                 -ആനപ്പുറത്ത് ഞാന്‍ കയറിയിരുന്നത്
                  കണ്ടവരുണ്ടോ, കണ്ടവരുണ്ടോ
                  കണ്ടവരില്ല, കണ്ടവരില്ല. 
                  ആനപ്പുറത്തു നിന്ന് ഞാന്‍ മൂക്കും കുത്തി
                  താഴോട്ട് വീണത് കണ്ടവരുണ്ടോ, കണ്ടവരുണ്ടോ
                  കണ്ടവരുണ്ടേ, കണ്ടവരുണ്ടേ.


                   ഓഫീസിലുള്ള ചില സുഹ്യത്തുക്കളും ആശ്വസിപ്പിച്ചു. തൊട്ടടുത്തിരിക്കുന്ന സുഹ്യത്ത് ഒരു വൈകുന്നേരം ഒന്നിച്ച് ബസ് സ്റാന്റിലേക്ക് നടന്നുപോകവേ എല്ലാമറിഞ്ഞ് ആശ്വസിപ്പിക്കാനായി പറഞ്ഞു.


                  -വളരെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ പിന്നീട് വെറും കഥകളായി മാറും. ചിലതൊക്കെ വെറും തമാശകള്‍. ഓര്‍ത്തു നോക്കൂ. മാഷുടെ തല്ലു പേടിച്ചും പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞു പോകുമെന്നു പേടിച്ചും കഷ്ടപ്പെട്ട് പഠിച്ചെടുത്ത രണ്ടാം ലോകമഹായുദ്ധത്തിന്റെ കാര്യകാരണങ്ങളും അനന്തരഫലങ്ങളും ഇപ്പോള്‍ പലതും നമ്മള്‍ ഓര്‍ക്കുന്നു പോലുമില്ല. അത്രയൊക്കെയുള്ളു നമ്മുടെ ജീവിതത്തിലെ കുഞ്ഞുകുഞ്ഞു യുദ്ധങ്ങളും. ഇപ്പോള്‍ കാര്യവും കാരണവും അനന്തരഫലങ്ങളും ഓര്‍ത്തോര്‍ത്ത് വിഷമിക്കും. നീ അതുമിതും കാടുകയറി ആലോചിച്ചു കൂട്ടാതെ പെട്ടെന്ന് മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി കല്യാണം കഴിക്കാന്‍ നോക്ക്.


                   നാട്ടിലേക്കുള്ള വഴിയില്‍ ബസ്സിലിരുന്ന് ആലോചിച്ചപ്പോള്‍ എത്രത്തോളം ശരിയാണ് അതെന്ന് മനസ്സിലായി. ജീവിതത്തില്‍ തോല്ക്കുന്ന യുദ്ധങ്ങളെത്ര, ജയിക്കുന്നതെത്ര, സന്ധിയാകുന്നതെത്ര. എല്ലാം യുദ്ധങ്ങളാണ്. അത്രത്തോളമൊന്നുമില്ലെങ്കില്‍ സാമര്‍ത്ഥ്യത്തോടെയുള്ളതോ അല്ലാത്തതോ ആയ ചെറിയ ചെറിയ ചെസ്സുകളികള്‍. ഉന്തുന്തുന്തുന്തുന്താളെയുന്ത് എന്ന് പാടാന്‍ ഒരാളെ കിട്ടിയാല്‍ രക്ഷപ്പെട്ടു. ഭൂരിഭാഗം കളികളും ഒത്തൊപ്പിച്ച് ജയിച്ചു കയറാം.


                   തുടര്‍ന്നുള്ള മൂന്നുനാലു ദിവസം നാട്ടിലെ ക്രമസമാധാനം തകര്‍ന്നതിനാല്‍ നൂറ്റിനാല്പത്തിനാല്  പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ആ ദിവസങ്ങളില്‍ വീടിനു പുറത്തു തന്നെ ഇറങ്ങാന്‍ പറ്റിയില്ല. സമാധാനം പുനഃസ്ഥാപിക്കപ്പെട്ടപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി. കുഴപ്പങ്ങളില്ലാത്ത നാടാണ് എന്തുകൊണ്ടും നല്ലത്. പുറത്തേക്കൊന്നും പോകാതെ വീട്ടിലിരിക്കുകയാണെങ്കില്‍ തന്നെ പുറത്ത് എല്ലാം ഭംഗിയായി നടക്കുന്നു എന്ന ചിന്ത ഏവര്‍ക്കും ആശ്വാസം നല്കുന്ന കാര്യമാണ്. മറ്റെന്ത് അവസ്ഥയും ഏതൊരാള്‍ക്കും മനസ്സിന് വല്ലാത്ത അസ്വസ്ഥതയും പിരിമുറുക്കവും വേവലാതികളുമാണ് നല്കുക. അത്തരം അവസ്ഥയില്‍ നാടു മാത്രമല്ല, വീട് പോലും എലിപ്പെട്ടിയാകും. നന്‍മ നിറഞ്ഞ സമൂഹം പൂത്തു നില്ക്കുന്ന മരം പോലെയാണ്. 


                  ഓഫീസില്‍ പോകുന്ന വഴിയില്‍ പല കടകളും തകര്‍ക്കപ്പെട്ടിരിക്കുന്നതു കണ്ടു. റോഡില്‍ തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങളെ  മറികടന്നു കൊണ്ട് നടന്നു. കംപ്യൂട്ടര്‍ കടയുടെ അടുത്തെത്തിയപ്പോള്‍ അതും തകര്‍ത്തു കാണുമോ എന്ന വേവലാതിയോടെ നോക്കി. ഭാഗ്യത്തിന് അതിനൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല.പെണ്‍കുട്ടി അതിനകത്തുണ്ടോ എന്ന് എത്തി വലിഞ്ഞു നോക്കി. നോക്കുന്നതു കണ്ട് അവളും നോക്കി. കഴിഞ്ഞ മൂന്നുനാലു ദിവസത്തെ വേവലാതികള്‍ അവള്‍ നൊടിയിടയില്‍ പരിചയക്കാരനായ എന്നോട് കണ്ണുകളാല്‍ പങ്കു വെച്ചു. അവള്‍ ചിരിച്ചതില്ല, ഞാനും. എങ്കിലും അവള്‍ക്ക് തന്നോടുണ്ടായിരുന്ന തെല്ലൊരു അകല്‍ച്ച മാറിക്കിട്ടിയതു കണ്ട് എന്തിനെന്നറിയാതെ ആശ്വാസം തോന്നി. കണ്ണുകൊണ്ട് വരട്ടെ എന്നൊന്നും പറയാതെ മുന്നോട്ട് നടന്നു. അവള്‍ കണ്ണുകളാല്‍ പറയാതെ പറഞ്ഞവ പക്ഷേ കൂടെ പോന്നു. മനുഷ്യന് തന്റേതായ എന്തെങ്കിലുമൊക്കെ വിഷമങ്ങളില്‍ അത് തിരിച്ചറിയുന്ന സഹജീവികളെ കാണുന്നത് വലിയ ആശ്വാസമാണ്. കൂടെ മറ്റ് ചിന്തകളുമുണ്ടായി. ഒരു സാധാരണക്കാരന്റെ ജീവിതം എത്ര ശുഷ്കമാണ്.  കൊച്ചു വീട്, കൊച്ചു ജോലി, ചെറിയ വ്യത്തത്തിലെ പരിചയക്കാര്‍, സ്നേഹിക്കാന്‍ എന്ന പേരില്‍ ഒരാള്‍, വളര്‍ത്തി വലുതാക്കാന്‍ കുട്ടികള്‍ - തികച്ചും വളരെ ചെറിയ ഗാലക്സികള്‍. സമൂഹത്തെ മാറ്റിമറിക്കാനൊന്നും പറ്റാത്തിടത്തോളം ഒരു സാധാരണക്കാരന് അതിന്റെ ഭാഗമാകാന്‍ ചെറിയ ഗാലക്സികള്‍ തന്നെ വലുത്.


                   പിറ്റേന്ന് റീഫില്ലുകള്‍ വാങ്ങാനെന്ന വ്യാജേന തൊട്ടടുത്ത കടയില്‍ കയറിയതിനു ശേഷം അവളുടെ അടുത്തു ചെന്നു. കടയില്‍ മറ്റാരെയും കാണാത്തതിനാല്‍ വെറുതെ ചോദിച്ചു.


                   -കുറച്ചു ദിവസം നാട്ടില്‍ കുഴപ്പമായതിനാല്‍ ഇന്നലെ കാര്യമായി ആരും വന്നില്ല, അല്ലേ?


                   അവള്‍ അതെയെന്ന് തലയാട്ടി.


                  -ഓഫീസിലും തിരക്കില്ലായിരുന്നു. ഒന്നു രണ്ടു ദിവസമെടുക്കും പഴയതു പോലെയാകാന്‍.


                  അവള്‍ അതിനും തലയാട്ടി. പിന്നെ ചോദിച്ചു.


                  -പുതിയ ഗ്രഹനിലയുണ്ടോ?


                   -ഒന്നു രണ്ടുദിവസം പുറത്തിറങ്ങാന്‍ പോലും പറ്റാത്തപ്പോഴാണോ പെണ്ണുകാണല്‍!


                   അവള്‍ ചിരിച്ചെന്നു വരുത്തി. കംപ്യൂട്ടറിനെ ചൂണ്ടിക്കൊണ്ട് ഉള്ള ധൈര്യത്തിന്റെ പുറത്ത് പറഞ്ഞു.


                  -അല്ലെങ്കിലും എനിക്കീ കംപ്യൂട്ടറില്‍ അത്ര വിശ്വാസം പോര.


                  അവള്‍ ചോദിച്ചു.


                  -അതെന്തേ?  


                  -കംപ്യൂട്ടര്‍ അധമം എന്നു പറഞ്ഞ പെണ്‍കുട്ടികള്‍ മാന്യമായി ഇതിനോടകം കല്യാണം കഴിച്ചു എന്നാണ് കേള്‍ക്കുന്നത്. ഉത്തമമെന്ന് പറഞ്ഞവള്‍ മറ്റൊരുവന്റെ കൂടെ ഒളിച്ചോടി നാണം കെടുത്തി. പൊട്ട കംപ്യൂട്ടര്‍.


                   കംപ്യൂട്ടറിനെ പറ്റി കളിയാക്കിയത് അവള്‍ക്ക് പിടിച്ചില്ലെന്ന് അവള്‍ മുഖഭാവം കൊണ്ട് പെട്ടെന്നു തന്നെ കാണിച്ചു. പക്ഷേ, അവളിലെ സത്യസന്ധത എനിക്കെന്തു കൊണ്ടോ ഇഷ്ടപ്പെടുകയാണുണ്ടായത്. ചിരിക്കുകയും തമാശ പറയുകയും ചെയ്ത മറ്റൊരു മുഖം തന്നെ കൈയൊഴിഞ്ഞതു കൊണ്ടാകാമത് എന്നു തോന്നി. 


                   അവള്‍ പറഞ്ഞു.


                  -അതൊക്കെ ഞാനുമറിഞ്ഞു. അതിന് ഈ കംപ്യൂട്ടര്‍ എന്തു പിഴച്ചു?


                   അവള്‍ അറിഞ്ഞത് ഓഫീസിലെ ആരെങ്കിലും മുഖാന്തിരമായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. ഈയിടെയായി ഓഫീസിലുള്ളവരില്‍ പലരും മക്കള്‍ക്കും മറ്റും കല്ല്യാണാലോചനകള്‍ വരുമ്പോള്‍ ജാതകം നോക്കുന്നത് അവിടെ നിന്നാണ്. ആ കാര്യം വിട്ട് ഞാന്‍ വീണ്ടും പറഞ്ഞു.


                  -പൊട്ടകംപ്യൂട്ടര്‍.


                  അവള്‍ ചുമരിലെ ക്ളോക്കിലേക്ക് നോക്കിയതിനു ശേഷം പറഞ്ഞു.


                   -പൊരുത്തം നോക്കാനാണെങ്കില്‍ പെട്ടെന്ന് തന്നേക്കു. പത്തുമണിയൊക്കെ കഴിഞ്ഞു. പത്തേ അമ്പതായി. ഓഫീസില്‍ ഇനിയും വൈകും.


                  -ഇന്ന് ഓഫീസൊന്നുമില്ല. ഇന്ന് രണ്ടാം ശനിയാഴ്ചയാണ്. പിന്നെ എന്റെ കൈയില്‍ ഒരു പെണ്ണിന്റെയും ഗ്രഹനിലയില്ലെന്ന് ഞാന്‍ പറഞ്ഞല്ലോ.


                   അവള്‍ പ്രതീക്ഷിക്കാത്തതെന്തോ കേട്ടപോലെ അത്ഭുതത്തോടെ നോക്കി. ഞാന്‍ ഗൌരവത്തില്‍ തുടര്‍ന്നു.


                  -അല്ലെങ്കിലും ഈ ഗ്രഹനിലയിലൊന്നും ഒളിച്ചോടുന്നവരെ തിരിച്ചറിയാന്‍ പറ്റില്ല. ആ ജാതകം ചേര്‍ത്തിട്ട് ഒന്നാന്തരം പൊരുത്തമുണ്ടെന്ന് പറഞ്ഞുതന്നത് ഇവിടെ നിന്നാണ്.അവള്‍ ഒളിച്ചോടാന്‍ പോകുന്നവളാണെന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് അബദ്ധം പറ്റുമായിരുന്നില്ല. ഞാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പരാതി കൊടുക്കാന്‍ പോവുകയാണ്. പോകുന്നതിന് മുമ്പ് പറഞ്ഞിട്ടു പോകാമെന്ന് കരുതി.


                   അവള്‍ അതു കേട്ട് അങ്ങനെ ഒരു വകുപ്പുണ്ടോ എന്ന വിധം തെല്ലൊന്ന് ശങ്കിച്ചു. പിന്നെ തമാശയാണെന്ന് തിരിച്ചറിഞ്ഞ് ചിരിച്ചെന്നു വരുത്തി.


                 -അതിന് എനിക്ക് എതിരെയാണോ പരാതി കൊടുക്കുന്നത്. ജാതകത്തിന്റെ സോഫ്റ്റ്വെയറിനെതിരെ കൊടുക്കു.


                   -അതൊക്കെ തീരുമാനിച്ചിട്ട് പതിയെ ചെയ്യാം. ഇപ്പോള്‍ എനിക്കൊന്ന് ജാതകഫലം നോക്കിയാല്‍ കൊള്ളാമെന്നുണ്ട്. വെറുതെ ഒരു മനഃസ്സമാധാനത്തിന്. അതിനാ ഞാന്‍ വന്നത്.


                    ബാഗില്‍ നിന്ന് ജാതകമെടുത്ത് അവള്‍ക്ക് നീട്ടി. വെറുതെ വന്നതല്ലെന്ന് കണ്ടപ്പോള്‍ അവള്‍ക്ക് സമാധാനമായതു പോലെ തോന്നി. അവള്‍ ഞാന്‍ ഡാറ്റകള്‍ കംപ്യൂട്ടറിലേക്ക് നല്കുന്നത് നോക്കിക്കൊണ്ട് മെല്ലെ ചോദിച്ചു.


                  -അന്ന് എന്നില്‍ നിന്നും മറച്ച പുസ്തകമേതായിരുന്നു?


                   അവള്‍ ഓര്‍ത്തെടുക്കുന്നതു പോലെ കാണിച്ച് കംപ്യൂട്ടറില്‍ ഗൌരവത്തോടെ നോക്കിക്കൊണ്ട് അലസമായി പറഞ്ഞു.


                   -അന്നത്തെ പുസ്തകമല്ലേ? അത് ഡോക്ടര്‍ പാപ്പൂട്ടിയുടെ ജ്യോതിഷവും ജ്യോതിശാസ്ത്രവും. ടൌണിലെ മരച്ചുവട്ടിലെ പഴയ പുസ്തകക്കാരില്‍ നിന്നും വെറുതെ ഒരു രസത്തിന് ചുളു വിലക്ക് വാങ്ങിച്ചതാണ്. എന്തേ ചോദിച്ചത്? വായിക്കാന്‍ വേണോ?


                   മേശവലിപ്പില്‍ നിന്നും പുസ്തകമെടുക്കാന്‍ തുനിഞ്ഞ അവളെ കൈയാല്‍ വിലക്കി.


                  -ഞാന്‍ വായിച്ചിട്ടുണ്ട്. ജാതകത്തിലൊന്നും വിശ്വസിക്കരുതെന്ന് പറയുന്ന പുസ്തകമല്ലേ.


                   അവള്‍ പെട്ടെന്ന് ചിരിച്ചു കൊണ്ട് പഴയ സ്വാതന്ത്യത്തോടെ ചോദിച്ചു.


                  -അതും വായിച്ചാണോ ജാതകം നോക്കാന്‍ വരുന്നത്?


                  ചോദ്യം പൊടുന്നനെ തിരിച്ചു ചോദിക്കാനാണ് തോന്നിയത്.
         

                   -അതും വായിച്ചിട്ടാണോ ജാതകം നോക്കാന്‍ ഇരിക്കുന്നത്?


                  -മറ്റുള്ളവരുടെ ജാതകം നോക്കിക്കൊടുക്കുന്നതില്‍ എന്റെ വിശ്വാസത്തിന് എന്തു കാര്യം.  അവര്‍ വിശ്വാസത്തോടെ വരുന്നു. ഞാന്‍ കംപ്യൂട്ടറിനെ വിശ്വസിച്ച് പ്രിന്റെടുത്ത് കൊടുക്കുന്നു.


                  -അപ്പോള്‍ ജാതകത്തില്‍ വിശ്വാസമില്ലേ?


                  അവള്‍ നിസ്സംഗതയോടെ പറഞ്ഞു.


                  -എനിക്ക് വിശ്വസിക്കാന്‍ ഒരു ജാതകമില്ല. ക്യത്യമായ ഡേറ്റ് ഓഫ് ബര്‍ത്ത് പോലുമില്ല. സ്ക്കൂളില്‍ സുമാറൊരു വയസ്സ് ചേര്‍ത്തു.


                   -അതെന്തേ?


                   പ്രിന്ററില്‍ കടലാസ് തിരുകുന്നതിനിടയില്‍ അവള്‍ നിസ്സംഗതയോടെ പറഞ്ഞു.


                   -ഞാന്‍ ഓര്‍ഫനാണ്.


                   ഞാന്‍ തെല്ല് നേരം സ്തംബ്ധിച്ചിരുന്നു.പിന്നെ അത്ഭുതത്തോടെ തിരക്കി.


                   -അപ്പോള്‍ ആ റേഷന്‍കാര്‍ഡ്?


                  -അത് ഓണറുടേതാണ്.


                  -അപ്പോള്‍ പേര് സിന്ധു എന്നല്ല, അല്ലേ?


                  പ്രിന്ററില്‍ നിന്നും പുറത്തു വരുന്ന കടലാസുകള്‍ എടുത്തു കൊണ്ടിരിക്കെ അവള്‍ ചോദിച്ചു.


                  -അതാരാണ് സിന്ധു?


                  -റേഷന്‍കാര്‍ഡിലുണ്ടായിരുന്ന കുടുംബത്തിലെ മറ്റംഗങ്ങളിലെ ഇരുപത്തിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ പേര്.


                  -അത് ഓണറുടെ മകളാകും.


                  അപ്പോള്‍ രണ്ടുപേര്‍ കയറി വന്നു. അവര്‍ കൊടുത്ത പൊതി വാങ്ങിവെച്ച് അവള്‍ അവരോട് പറഞ്ഞു.


                  -രണ്ടു ദിവസം കൊണ്ട് ചെയ്തു വെക്കാം.


                   അവര്‍ സമ്മതത്തോടെ തിരിച്ചു പോയി.


                  അവള്‍ എന്നോട് പറഞ്ഞു.


                   -ഡി.ടി.പി വര്‍ക്കാണ്്. സ്ഥിരം വരുന്നവരാണ്.


                   പിന്നീട് പ്രിന്ററില്‍ നിന്നും എടുത്ത പേപ്പറുകള്‍ സ്റാപ്ളര്‍ അടിച്ച് ഒരു പുസ്തകം പോലെ അവള്‍ എനിക്ക് തന്നു. അതു വാങ്ങുന്നതിനിടയില്‍ ആശ്ചര്യം മാറാതെ തന്നെ ഞാന്‍ അവളോട് തിരക്കി.


                  -ആരോടാണ് ചോദിക്കേണ്ടതെന്നു വെച്ചാല്‍ പറയു. ഞാന്‍ വന്ന് ചോദിച്ചു കൊള്ളാം.


                   അവളുടെ മുഖത്തെ ചിരി പെട്ടെന്ന് മായുകയും പ്രതീക്ഷിക്കാത്തതെന്തോ കേട്ടതു പോലെ അവള്‍ എന്നെ അന്തം വിട്ടതു പോലെ വിടര്‍ന്നു വന്ന ചെറിയ കണ്ണുകളാല്‍ നോക്കുകയും ചെയ്തു.


                    മെല്ലെ തിരിഞ്ഞ് വാതില്‍ തുറന്ന് പുരത്തിറങ്ങാന്‍ നോക്കുമ്പോള്‍ അവള്‍ വിളിച്ചു.


                   -ജാതകത്തിന്റെ പൈസ തന്നില്ല.


                  -ഓ ഞാനതു മറന്നു. എത്രയാണ്.


                  അവള്‍ മിഴി താഴ്ത്തിക്കൊണ്ട് പറഞ്ഞു.


                -നൂറ്റമ്പത്.


                                                        -0-

(സാഫല്യം മാസിക)

2011, ഏപ്രിൽ 20, ബുധനാഴ്‌ച

പീഡകന്റെ സുവിശേഷം

അരുണ്‍കുമാര്‍ പൂക്കോം

നീ
പറയുന്നതൊന്നും
മനസ്സിലാകുന്നില്ലെങ്കിലും
സമ്മതിച്ചു.
എന്തൊക്കെയോ
കാരണങ്ങളാല്‍
എന്നെ
പ്രണയിക്കാന്‍
നിനക്കാവതില്ല.
സ്നേഹിക്കാനും
കരുതാനുമതെ.
എങ്കിലും
പ്രിയേ,
നീ
എന്നെ
എന്നുമെന്നും
ഓര്‍ത്തുവെക്കാന്‍
നിന്നില്‍
എനിക്കൊരിടം
വേണം.
അതിനാല്‍
നിന്റെ
വഴികളില്‍,
മനസ്സിന്‍
മിഴികളില്‍
ഞാനെന്നും
കരടായി
കിടക്കട്ടെ.
    -0-

വാട്ടര്‍ലൂ

അരുണ്‍കുമാര്‍ പൂക്കോം

പോരില്‍
കൂടെ നിന്ന
എല്ലാറ്റിനേയും
എതിരാളി
തരാതരം
വെട്ടിപ്പിടിച്ചു.
തരം കിട്ടിയപ്പോള്‍
നിസ്സാരനെന്ന്
കണ്ട് വിട്ടുകളഞ്ഞ
വെറും കാലാള്‍ക്ക്
മുന്നില്‍  പോലും
വിഷണ്ണനായി
രാജാവ്
മാറാനിടമില്ലാതെ
പോര്‍ക്കളത്തില്‍
പിടിക്കപ്പെട്ടു.
പലായനത്തിന്
പഴുതുകളില്ലാതെ പോയി.
ഇനി
അടിമയാകല്‍.
നാടുകടത്തപ്പെടല്‍.
ശിരച്ഛേദം.
എന്തെന്ന്
കല്പിക്കാനിരിക്കുന്നതേയുള്ളു.
വിധി കാത്തുനില്ക്കും
നേരം
തോറ്റ കുട്ടി
എതിരാളിയോട്
ഒന്നും രണ്ടും
പറഞ്ഞു മുഷിഞ്ഞ്
പടനിലം
തട്ടിത്തെറിപ്പിച്ചു.
വീഴ്ചയില്‍
രാജാവിന്റെ
വിലയില്ലാക്കിരീടം
പൊട്ടിത്തെറിച്ചുപോയി.
കളിക്കാനിനി
പുതിയ രാജാവ്
കൂടിയേ തീരൂ.
അടുത്ത പോരിലെങ്കിലും
ജയിക്കാമെന്ന
രാജാവിന്റെ
ആശയും
വൃഥാ.
       -0-

വാല്‍വളവ്


അരുണ്‍കുമാര്‍ പൂക്കോം

അയല്ക്കാരന്റെ പൂച്ച
മീന്‍ മുറിക്കുമ്പോള്‍
ഓടിയെത്തും.
ഞ്യൂഞ്യൂഞ്യൂ എന്നങ്ങു
വിളിച്ചാല്‍ വാലാട്ടി
വിളികേള്‍ക്കും.
സ്നേഹമുള്ള പൂച്ച.
അവന്റെ പിടക്കോഴി
ചിക്കാനും ചികയാനും
പറമ്പിലെപ്പോഴും കാണും.
ബാബാബാ എന്നങ്ങു
വിളിച്ചാല്‍
ഉടല്‍ കുലുക്കി
ഓടിയെത്തും.
അനുസരണയുള്ള കോഴി.
അവന്റെ പെണ്ണ്
അവനില്ലാത്തപ്പോള്‍
കണ്ണുകാണിച്ചാല്‍
ഇങ്ങോട്ടും കണ്ണുകാണിക്കും.
കൈയും കലാശവുമാണെങ്കില്‍
അതും തിരിച്ച്.
ഉള്ളതിലപ്പുറമിപ്പുറം
അര്‍ത്ഥമുള്ളതെന്തേലും
പറഞ്ഞാല്‍
പെട്ടെന്നതങ്ങു പിടിച്ചെടുത്ത്
മയങ്ങിക്കുണുങ്ങിച്ചിരിക്കും.
ആളുകൂടുന്നിടം
തിക്കിലും തിരക്കിലും
ആരുമറിയാതങ്ങു
ദേഹത്തുമുട്ടും.
വശപ്പെടുന്ന പെണ്ണ്.
എങ്കിലുമെങ്കിലും
അവന്റെ നായ
സ്നേഹത്തോടെ
ഒന്നുനോക്കില്ല.
വാലാട്ടില്ല.
എപ്പോഴുമെപ്പോഴും
സംശയം.
കണ്ടാല്‍
ചതിയന്‍,
വഞ്ചകന്‍,
ശത്രു,
ദുഷ്ടന്‍,
അസൂയാലു,
ജാരന്‍,
കൂട്ടിനു പറ്റാത്തവന്‍
എന്നൊക്കെ
തോന്നും പടി
കുരച്ചുചാടി
വീട്ടുകാരനോട്
വെറുതെയങ്ങു കൂറുകാട്ടും.
ഒരിക്കലും നന്നാകാത്ത
തിരിച്ചറിവില്ലാത്ത
നന്ദികെട്ട നായ.
വാലെപ്പോഴുമെപ്പോഴും
വളഞ്ഞു തന്നെ.
   
            -0-

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

മൃത്യുസാക്ഷ്യം

അരുണ്‍കുമാര്‍ പൂക്കോം
        

                  ആര്‍ത്തലച്ച നിലവിളി കേള്‍ക്കേ തല പോയൊരു തെങ്ങിന്‍പൊത്തില്‍ നിന്നും തത്തച്ഛനും തത്തമ്മയും കുഞ്ഞുങ്ങളും  തലയെത്തിച്ചു നോക്കി. നിലാവെളിച്ചത്തില്‍ ഏതോ ഒരു പൂച്ചയെ കണ്ടാലറിയാവുന്ന നാലഞ്ചുനായകള്‍ ഓടിച്ചിട്ടു പിടിക്കാന്‍ തുനിയുന്നു.
          

                  പ്രാണന്‍ കാക്കാനായി പൂച്ച പരക്കം പായുന്നതിനിടയില്‍ തെങ്ങിലേക്ക് അള്ളിക്കയറാന്‍ പാടുപെടുന്നത് കണ്ട് തത്തച്ഛന്‍ മുന്നും പിന്നും നോക്കാതങ്ങു പൊത്തടച്ചു കളഞ്ഞു.
        

                  പുറത്ത് പൂച്ചയുടെ പ്രാണന്‍ പോകുന്ന ദീനരോദനം. പിന്നെ പിന്നെ അതും കെട്ടടങ്ങി.
നായകള്‍ എല്ലാം കഴിഞ്ഞെന്നുറപ്പിച്ച് തിരിച്ചു പോകുന്നൊരൊച്ചയും കേട്ടു.
        

                  തത്തക്കുഞ്ഞുങ്ങള്‍ പേടിച്ചരണ്ട് മിടിച്ചുമിടിച്ച് കണ്ണു മിഴിച്ചൊരു മൂലക്കിരുന്നു. തത്തച്ഛന്‍ തത്തമ്മ കേള്‍ക്കാനായി അടക്കം പറഞ്ഞു.
        

                  നമ്മളായൊന്നും കണ്ടതില്ല, നമ്മളായൊന്നും കേട്ടതില്ല. പിള്ളേര്‍ മറ്റുള്ളവരോട് തത്തമ്മേ, പൂച്ച, പൂച്ച വിളിച്ചങ്ങു പറയാതെ നോക്കണം.
        

                 തത്തച്ഛന്‍ പറഞ്ഞത് കേട്ട പാടേ തത്തമ്മയും പറഞ്ഞു.
       

                -അല്ലാതെ പിന്നെ. നമ്മളൊന്നും കണ്ടില്ല. കേട്ടതുമില്ല. നമ്മള്‍ കിടന്നങ്ങുറങ്ങുകയായിരുന്നു.

                 അതും പറഞ്ഞ് തത്തമ്മ കുട്ടികളോട് അവരുടെ അഭിപ്രായം അറിയാനായി ചോദിച്ചു.
     

               -അല്ലേ, പിള്ളേരേ
       

               കുഞ്ഞുങ്ങള്‍ സമ്മതഭാവത്തില്‍ തലയാട്ടി.

       
              തത്തച്ഛന് അതു കേട്ട് സന്തോഷമായി. തത്തച്ഛന്‍ അവരെ ചേര്‍ത്തു പിടിച്ചു പറഞ്ഞു.
       

             -വാ. വന്നാട്ടെ. നമുക്കേവര്‍ക്കും ഉറക്കം നടിച്ചങ്ങുറങ്ങിയേക്കാം.
       
                               
                                                           -0-

നിലക്കണ്ണാടിയും നായയും

അരുണ്‍കുമാര്‍ പൂക്കോം
            
                 വലിയ വില കൊടുത്ത് അയാള്‍ മനോഹരമായ ഒരു നിലക്കണ്ണാടി വാങ്ങി. വീട്ടിലെത്തി നോക്കുമ്പോള്‍ അയാള്‍ അതിലെത്രയോ ചെറുതും വികൃതവും. മറ്റുള്ളവരാകട്ടെ വളരെ വലിയവരും സൌന്ദര്യമുള്ളവരും. അയാള്‍ക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. അയാള്‍ തന്നോടു തന്നെ ചോദിച്ചു.
          
               -എന്റേത് എന്നോടിതെന്തിങ്ങനെ?
           
               പൊറുതി കെട്ട് തിരിച്ചുകൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ കടക്കാരന്‍ നിലക്കണ്ണാടിയെ അടിമുടി തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് പറഞ്ഞു.
           
               -നോക്കിക്കേ. കുഴപ്പമൊന്നുമില്ലല്ലോ.
            
               താന്‍ പറഞ്ഞത് അയാള്‍ക്ക് ബോധ്യപ്പെട്ടതായി തോന്നാത്തതിനാല്‍ കടക്കാരന്‍ അയാളെ അടിമുടി സംശയത്തോടെ നോക്കി. പിന്നെ തുടര്‍ന്നു.
          
              -ഒക്കെ തോന്നിച്ചയാണ്. മനസ്സൊന്നു കാണിച്ചുകള.
          
              നിലക്കണ്ണാടിയുമായി അയാള്‍ വീട്ടിലേക്ക് ഒട്ടനവധി ആശയക്കുഴപ്പങ്ങളുമായി തിരിച്ചുപോന്നു. വീട്ടില്‍ വന്നു നിലക്കണ്ണാടിയില്‍ നോക്കുമ്പോള്‍ വീണ്ടും പഴയപടി. അയാള്‍ കടക്കാരന്‍ പറഞ്ഞതു പോലെ ഒക്കെ തോന്നിച്ചയായിരിക്കും എന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചു.
           
               തന്റെ മനസ്സിന് എന്തു കുഴപ്പം വരാനാണെന്നും ആള്‍ക്കാര്‍ അതുമിതും പറയുന്നതാണെന്നും അയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. അതേ സമയം മനസ്സൊന്നു കാണിച്ചാലോ എന്ന് അയാള്‍ക്ക് ഇടക്കൊക്കെ തോന്നാതിരുന്നില്ല. പിന്നെ ധൈര്യം പോരാഞ്ഞ് വേണ്ടെന്നുവെച്ചു.
            
                അതിനിടയില്‍ ഒരു നാള്‍ വലിയ വില കൊടുത്ത് അയാള്‍ ഒരു നായയെ വാങ്ങി. കാണുമ്പോഴൊക്കെ അപരിചിതത്വത്തോടെ കണ്ണുകളില്‍ ക്രൂരതയും വെറുപ്പും ചാലിച്ച് നായ അയാളെ നോക്കും. പിന്നെ കുരച്ച് ബഹളം വെക്കും. അതേ സമയം മറ്റുള്ളവരോട് നിശ്ശബ്ദമായി സ്നേഹത്തോടെ വാലാട്ടും.
            
                 അയാള്‍ക്ക് നായയെ പറ്റിയും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. അയാള്‍ തന്നോടു തന്നെയുള്ള ചോദ്യം ആവര്‍ത്തിച്ചു..
            
                -എന്റേത് എന്നോടിതെന്തിങ്ങനെ?
           
                അതും പറഞ്ഞ് മറ്റുള്ളവരോട് സങ്കടപ്പെട്ടപ്പോള്‍ അവരും അയാളെ സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
           
                 -എല്ലാം തോന്നിച്ചയായിരിക്കും. മനസ്സൊന്നു കാണിച്ചേക്കൂ.
            
                 അയാള്‍ എന്നുമെന്ന പോലെ എത്തും പിടിയുമില്ലാത്ത ആലോചനകളിലേക്ക് ആഴ്ന്നാഴ്ന്നു പോയി.
           
                -ഓ വേണ്ട, വേണ്ട. മനസ്സുകാണിക്കുക വലിയ കുറച്ചിലാണ്.
           
                പൊടുന്നനെ അയാള്‍ മറിച്ചും ചിന്തിച്ചു.
           
                -എങ്കിലും ഒന്നുപോയിനോക്കാം. മനസ്സിന് ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടിട്ടു തന്നെ കാര്യം. നിലക്കണ്ണാടിക്കു തന്നെയാണ് കുഴപ്പം, നായക്കും.
             
                ഒരുപാട് ദിവസത്തെ ചിന്തകളുടെയും മറുചിന്തകളുടെയും ഒടുവില്‍ ഒരു നാള്‍ നന്നേ കാലത്ത് തന്നെ മറ്റാരും തിരിച്ചറിയാത്ത  ദൂരെ നഗരത്തില്‍ നിലക്കണ്ണാടിയുമെടുത്ത് നായയെയും നല്ലവരാണെന്ന് എതാണ്ടൊക്കെ ഉറപ്പു തോന്നിയ ഏറ്റവും അടുത്ത രണ്ടു പേരെയും കൂട്ടി  അയാള്‍ മനസ്സു കാണിക്കാന്‍ ചെന്നു.
              
               ക്ളിനിക്കില്‍ എത്തിയപ്പോള്‍ അയാള്‍ അതിശയപ്പെട്ടു.
              
               -എന്തൊരു തിരക്ക്. പലതരത്തിലുള്ളവര്‍.പലതരം മനസ്സിന്റെ പ്രശ്നങ്ങള്‍.
             
                നിലക്കണ്ണാടിയും നായയും ദൂരെ മാറി നിന്നു. അയാള്‍ക്കൊപ്പം നില്ക്കാന്‍ അവര്‍ക്ക് വല്ലാത്ത വിമ്മിഷ്ടമുള്ളതു പോലെ തോന്നി. മറ്റുള്ളവരുടെ നിര്‍ബന്ധം കൊണ്ടാണ് അവര്‍ അവിടേക്ക് വന്നതു തന്നെ.തങ്ങള്‍ക്കല്ല കുഴപ്പം എന്ന് നിലക്കണ്ണാടിയും നായയും തെല്ലും സഹതാപമില്ലാത്ത വിധം നിശ്ശബ്ദമായി തന്നോട് പറയുന്നതായി അയാള്‍ക്ക് തോന്നി. അവിടെ കൊണ്ടു വന്നതിന് കുറ്റപ്പെടുത്തുന്ന പോലെ നോക്കുന്നതായും അയാള്‍ക്ക് തോന്നി.
                
                  അകത്തു കടത്തി വിടുന്ന പാമ്പുമുഖമുള്ള ആള്‍ക്ക് എല്ലാമെല്ലാമൊരു രസമാണെന്ന് അയാള്‍ക്ക് തോന്നി. അത്തരമൊരു ഇടത്തിലേക്ക് ചെല്ലുന്ന ഉടനെ ആര്‍ക്കുമുണ്ടാകുന്ന തികച്ചും നിര്‍ദ്ദോഷമായ ഒരു സംശയത്തിന് പാമ്പുമുഖം ഈര്‍ഷ്യയോടെ പറഞ്ഞു.
               
                -വിളിച്ചു ബുക്കു ചെയ്തതല്ലേ. ടേണ്‍ ആയാല്‍ വിളിക്കും. പോയി അവിടിരിക്കു.
               
                 ഒട്ടനവധി ആളുകള്‍ ഉള്ളതിനാല്‍ ഇരിക്കാന്‍ ഇടമില്ലെന്ന് അറിഞ്ഞു കൊണ്ടുതന്നെയായിരുന്നു പാമ്പുമുഖം ചീറ്റിയത്. മനസ്സിന് ചെറുതോ വലുതോ കുഴപ്പമുള്ളവരോടുള്ള മറ്റുള്ളവരുടെ പെരുമാറ്റം നന്നേ മോശം എന്ന് മനസ്സില്‍ അയാള്‍ നിരൂപിച്ച് തെല്ലൊന്ന് സമാധാനിച്ചു.   
               
                  ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ഒടുവില്‍ അയാളുടെ ഊഴമായി. മൂക്കിലേക്ക് ഊഴ്ന്നു കിടക്കുന്ന കണ്ണടക്ക് മുകളിലൂടെ നോക്കുന്ന ഡോക്ടറോട് എല്ലാമെല്ലാം തുറന്നുപറഞ്ഞു. പറഞ്ഞു നിര്‍ത്താന്‍ നേരം അയാള്‍ ഒന്നു കൂടെ ഡോക്ടറെ ഓര്‍മ്മിപ്പിച്ചു.
-നിലക്കണ്ണാടിക്കും നായക്കുമാണ് കുഴപ്പമെങ്കില്‍ അവരെ, മറിച്ചെനിക്കാണെങ്കിലെന്നെ ചികിത്സിക്കണം. എങ്ങനെയെങ്കിലും ഒന്നു രക്ഷിക്കണം.
               
                   അയാളുടെ കൂടെ മുറിയിലേക്ക് വന്ന നിലക്കണ്ണാടിയെയും നായയെയും മറ്റു രണ്ടു പേരെയും ഡോക്ടര്‍ കണ്ടതായേ നടിച്ചില്ല. ചില മരുന്നുകള്‍ കുത്തിക്കുറിച്ച കുറിപ്പടി നീട്ടി ഡോക്ടര്‍ അയാളോട് മുടങ്ങാതെ കഴിക്കാന്‍ പറഞ്ഞു.അയാള്‍ അതു വാങ്ങുന്നതിനിടയില്‍ മനസ്സില്‍ സങ്കടപ്പെട്ടു.
              
                   -അയ്യയ്യോ! കുഴപ്പം എനിക്കെന്ന്. ഇതൊക്കെയും ഇനി എത്രനാള്‍ കഴിക്കണമാവോ?
മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ നേരം അയാള്‍ ഡോക്ടറോട് ഹ്യദയം പുറത്തേക്കും വരും വിധം ആകാംക്ഷയോടെ തിരക്കി.
              
                   -രോഗം മാറിയാല്‍ എന്റെ നിലക്കണ്ണാടിയും എന്റെ നായയും എന്നെ തെല്ലെങ്കിലുമൊന്നു പരിഗണിക്കുമോ, ഡോക്ടര്‍?
                
                    ഡോക്ടര്‍ തിരക്കുണ്ടെന്ന വിധം തലയാട്ടി പാമ്പുമുഖം കേള്‍ക്കാനായി അടുത്ത ആള്‍ക്കായി ബെല്ലടിച്ചു.
                                                             
                                                                -0-

2011, ഏപ്രിൽ 9, ശനിയാഴ്‌ച

ഉറങ്ങും മുമ്പ് താണ്ടാനുള്ള ദൂരങ്ങള്‍

അരുണ്‍കുമാര്‍ പൂക്കോം
                
                  ക്ളാസില്‍ വെച്ച് പഠിച്ച തന്റെ പ്രിയപ്പെട്ട കവിയായ റോബര്‍ട്ട് ഫോസ്റിന്റെ സാറ്റോപ്പിംഗ് ബൈ വുഡ്സ് ഓണ്‍ എ സ്േനാവി ഈവനിംഗ് എന്ന ഇംഗ്ളീഷ് പദ്യം മനസ്സിലിട്ട് പരുവപ്പെടുത്തുകയായിരുന്നു, അവന്തിക. ബസ്സു വരാന്‍ ഇനിയും പത്തു മിനിറ്റ് കൂടിയുണ്ട്. നാലു സ്റോപ്പ് അപ്പുറത്തുള്ള റെയില്‍വേ ഗേറ്റിന് കുടുങ്ങിയില്ലെങ്കില്‍ ബസ്സ് അതിന്റെ ക്യത്യസമയത്തു തന്നെ വരും.
          
                  നാട്ടില്‍ നിന്നും വളരെ ദൂരെ സ്ക്കൂളില്‍ പോയി പഠിക്കുന്ന കുട്ടി അവള്‍ മാത്രമായിരുന്നു. തന്റെ മകള്‍ക്ക് ഇംഗ്ളീഷ് മീഡിയം മതിയെന്ന് അവളുടെ അച്ഛനങ്ങ് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന് ടൌണില്‍ നിന്നും ഉള്‍നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ഏതാണ്ട് രണ്ടു മാസമാകുന്നതേയുള്ളു. അതോടൊപ്പം ടൌണിലെ പോലീസ് ക്വോട്ടേഴ്സില്‍ നിന്നും ഉള്‍നാട്ടിലെ പോലീസ് ക്വോട്ടേഴ്സിലേക്ക് അവള്‍ക്കും അമ്മക്കും സ്ഥലം മാറ്റം. അത്രതന്നെ. കുഞ്ഞുന്നാളു മുതലേ അവള്‍ അതുമായി പൊരുത്തപ്പെട്ടതാണ്. തെല്ലൊന്നു യാത്ര ചെയ്താല്‍ പഠിച്ചുകൊണ്ടിരുന്ന ടൌണിലെ സ്ക്കൂളിലേക്കു തന്നെ ദിവസവും പോയി വരാമെന്നതിനാല്‍ മറ്റൊരു സ്ക്കൂളില്‍ ചേരാനായി ടി.സി. വാങ്ങിയില്ല. 
          
              മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ളീപ്പ്        
              മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ളീപ്പ്
            
             പദ്യത്തിലെ അവസാന വരികള്‍ നന്നായി ഇഷ്ടപ്പെട്ടതിനാല്‍ ച്യൂയിംഗം പോലെ അവള്‍ ചവച്ചു കൊണ്ടിരുന്നു. തീരുന്നതിനു മുമ്പ് തനിക്കും ഒരുപാട് ദൂരം പോകാനുണ്ട്.
സ്കൂളിന്റെ സ്റോപ്പില്‍ നിന്നും വരുന്ന ബസ്സില്‍ നിന്നും ആ സ്റോപ്പില്‍ ഇറങ്ങിയിട്ടു വേണം ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള ബസ്സ് പിടിക്കാന്‍. മുഷിപ്പു തോന്നുന്ന ചില ദിവസങ്ങളില്‍ എന്തൊരു യാത്രയാണിതെന്ന് അവള്‍ക്ക് തോന്നാറുണ്ട്. ഒന്നിച്ചു പഠിക്കുന്നവരോ ടീച്ചര്‍മാരോ തൊട്ടടുത്തുള്ള യാത്രക്കാരോ ബസ്സിലെ കണ്ടക്ടറോ കിളിയോ ഡ്രൈവറോ അങ്ങനെ ആരെങ്കിലുമാകും അനാവശ്യമായി തട്ടിക്കയറി അതുവരെയുള്ള മനസ്സിന്റെ സ്വസ്ഥത തകര്‍ത്തു കളയുന്നത്. അവള്‍ക്കപ്പോള്‍ വല്ലാത്തൊരു ആത്മനിന്ദ തോന്നാറുണ്ട്.
വീട്ടിനകത്തും പുറത്തുമെല്ലാം ഒരാള്‍ എത്രപേരുടെ ശകാരങ്ങളാണ് പല ദിവസങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും കേള്‍ക്കേണ്ടി വരുന്നത്. അല്ലെങ്കിലും ഏതൊരു മനുഷ്യനെയും ബുദ്ധിമുട്ടിക്കുന്നത് മറ്റു മനുഷ്യരുടെ കരുതലുകളില്ലാത്ത ഇടപെടലുകളാണ്. അത്തരത്തിലുള്ള മനസ്സിന്റെ വിഷമങ്ങളും ദീര്‍ഘമായ യാത്രയുടെ ക്ഷീണവുമൊക്കെ കഴിഞ്ഞു കിട്ടുന്ന സമയം കൊണ്ടുവേണം എല്ലാമൊന്ന് പഠിച്ചെടുക്കാന്‍. എന്നിരുന്നാലും പഠിക്കാന്‍ സമര്‍ത്ഥയാണെന്നതിനാല്‍ ഇതുവരെയുള്ള പരീക്ഷകളിലെല്ലാം അവള്‍ക്ക് എ പ്ളസ് നേടാനായി.
               
                  ആ ബസ്സ്റോപ്പില്‍ ആകെയുള്ളതില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ കുറച്ചു മാത്രമാണ്. അവയാകട്ടെ അധികമൊന്നും കച്ചവടമില്ലാത്തവയും. അവള്‍ എന്നും ബസ്സ് കാത്തുനില്ക്കാറ് ചെറിയൊരു മുറുക്കാന്‍ കടയുടെ ഓരം പറ്റിയാണ്. റോഡിനപ്പുറത്ത് ഒരാളിരുന്നു തുന്നുന്ന തയ്യല്‍ കടയുണ്ട്. പിന്നെ എപ്പോഴെങ്കിലും തുറക്കുന്ന ഒരു വളപ്പീടിക. അതിന്റെ മുകളിലായി ബോര്‍ഡിലെ എഴുത്തു മാഞ്ഞു പോയ ഏതോ ഒരു ക്ളബ്ള്. താഴത്തെ മൂന്നോളം കോണിപ്പടികള്‍ ഇല്ലാത്തതിനാല്‍ മുകളില്‍ നിന്നും ഒരു കയര്‍ താഴത്തേക്ക് ഞാത്തിയിട്ടിട്ടുണ്ട്. അതില്‍ പിടിച്ചു കയറിയിട്ടാണെന്നു തോന്നുന്നു രണ്ടു ചെറുപ്പക്കാര്‍ ക്ളബ്ബിന്റെ അരഭിത്തിമേല്‍ കുനിഞ്ഞിരുന്ന് അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊന്നും നോക്കാതെ നിര കളിക്കുന്നുണ്ട്.പിന്നെയുള്ളത് ഒരു അനാദിക്കടയാണ്. അത് നാട്ടുകാരുടെ അല്ലറച്ചില്ലറ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വെറുതെ തുറന്നു വെച്ച കടയായിരുന്നു. അതിന്ന് എന്തെന്നറിയില്ല, തുറന്നിട്ടുമില്ല. പിന്നെയുള്ളത് ഒരു കൈവണ്ടി കച്ചവടമാണ്.
                  
                      വൈകുന്നേരങ്ങളില്‍ അവള്‍ എപ്പോഴും കാണുക കൈവണ്ടിക്കാരന്‍ തക്യതിയായി എന്തൊക്കെയോ മാവു കുഴക്കുന്നതാണ്. അയാള്‍ അപ്പുറത്തെ പഞ്ചായത്ത് കിണറ്റില്‍ നിന്നും എവിടുന്നോ സംഘടിപ്പിച്ച പെയിന്റിന്റെ ബക്കറ്റില്‍ വെള്ളം വലിച്ച് കൊണ്ടുവരുന്നതും കാണാം. അവിടെ കച്ചവടം പൊടിപൊടിക്കുക രാത്രിയാണെന്നു തോന്നുന്നു. 
                  
                     മുറുക്കാന്‍ കടയില്‍ ആരുമാരും അങ്ങനെയൊന്നും വരുന്നത് അവള്‍ കാണാറേയില്ല. അതിന്റെ സുരക്ഷിതത്വത്തിലാണ് അവള്‍ നില്ക്കാനായി അതിന്റെ ഓരം തിരഞ്ഞെടുത്തതു തന്നെ. ഏതൊരു മനുഷ്യനും, പ്രത്യേകിച്ച് സ്ത്രീകള്‍,  ദിവസവും പുറത്തേക്കു പോകുന്നവരാണെങ്കില്‍ ബസ് സ്റോപ്പിലും മറ്റുമായി തന്റേതായൊരു ഇടം പതിച്ചെടുക്കും. അങ്ങോട്ടോ ഇങ്ങോട്ടോ മാറി നിന്നു പോയാലും തന്റേതായ ഇടത്തേക്ക് അറിഞ്ഞോ അറിയാതെയോ തന്നെ സ്ഥാപിക്കും. മറ്റാരെങ്കിലും അവിടെ നില്ക്കുന്നതായി കണ്ടാല്‍ തെല്ലൊരു നഷ്ടബോധത്തോടെ മറ്റൊരിടം കണ്ടെത്തും. ആ ആള്‍ പോയാല്‍ അവിടേക്ക് അവകാശത്തോടെ ചെന്നുനില്പു തുടങ്ങും.
                  
                     അവയൊക്കെ അവളുടേതായ ചില നിരീക്ഷണങ്ങള്‍ ആണ്. അവള്‍ തന്നെ തീര്‍ത്ത ബ്ളോഗില്‍ അത്തരം നിരീക്ഷണങ്ങള്‍ പോസ്റ് ചെയ്യാറുമുണ്ട്. അവളുടെ പേരു തന്നെയാണ് അവളുടെ ബ്ളോഗിനും. നല്ല ഒന്നാന്തരം ഇംഗ്ളീഷിലാണ് കുറിച്ചു വെച്ചിട്ടുള്ളത്. കൂടെ ഒഴിവു നേരങ്ങളില്‍ കുത്തിക്കുറിക്കാറുള്ള കവിതകളും കഥകളും പിന്നെ എന്തു പേരിട്ട് വിളിക്കണമെന്ന് അവള്‍ക്കു തന്നെ അറിയാത്ത മറ്റു ചിലതും  പോസ്റു ചെയ്യാറുണ്ട്. അവളുടെ നിരീക്ഷണങ്ങളില്‍ ഭ്രമിച്ച് പ്രശസ്തമായ ദിനപത്രം അവരുടെ വെബില്‍ അവളുടെ ബ്ളോഗിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. അതുവരെ നെറ്റില്‍ ആരോരും കാണാത്തിടത്തൊരു വേള്‍ഡ് ഫെയ്മസ് ബ്ളോഗര്‍ അവന്തിക എന്നൊക്കെ കളിയാക്കിയ അച്ഛനും കൂട്ടുകാരികളും കളിയാക്കലുകള്‍ നിര്‍ത്തി. അന്നത്തെ ദിവസം അച്ഛന്റെ വക ഗംഭീരമായ ഒരു ട്രീറ്റുമുണ്ടായിരുന്നു.
ഏറ്റവും അവസാനമായി പോസ്റ് ചെയ്തത് ലേഡീസ് കംപാര്‍ട്ടുമെന്റില്‍ വെച്ച് തനിച്ചായിപ്പോയ പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിന്നും പുറത്തേക്കു തള്ളിയിട്ട് അവള്‍ മരണത്തോട് മല്ലിടുമ്പോഴും ക്രൂരമായി അവളില്‍ കടന്നുകയറ്റം നടത്തിയ ഒറ്റക്കയ്യന്‍ പിച്ചക്കാരന്റെ സെക്ഷ്വല്‍ സാഡിസത്തെ കുറിച്ചായിരുന്നു. അവള്‍ ബ്ളോഗില്‍ താനെഴുതിയതില്‍ ചില വരികള്‍ ഓര്‍ത്തെടുത്തു.
                 
                       ലുക്ക് ഏറ്റ് ഹിസ് ഫോട്ടോസ്. ദേര്‍ ഈസ് നോ റിഗ്രെറ്റ് ഓണ്‍ ഹിസ് ഫേസ് ഓര്‍ ബോഡി ലേഗ്വേജ്. ഹീ ബിലോങ്ങ്സ് ടു സെക്ഷ്വല്‍ ക്രിമിനല്‍സ്, ഹൂ ഷോ സെക്ഷ്വല്‍ അബ്നോര്‍മാലിറ്റീസ്. ഹീ മസ്റ് ബി കെപ്റ്റ് എവേ ഫ്രെം മിഗ്ളിംഗ് വിത്ത് അദേര്‍സ് . 
                  
                       അവളുടെ അഭിപ്രായത്തോട് യോജിച്ചു കൊണ്ട് ഒട്ടനവധി കമന്റുകളാണ് ബ്ളോഗില്‍ മറ്റുള്ളവര്‍ കുറിച്ചത്. പലരും തീവണ്ടിയില്‍ ലേഡീസ് കംപാര്‍ട്ട്മെന്റ് മദ്ധ്യഭാഗത്താക്കണമെന്നും രണ്ടു വീതം വനിതാ പോലീസുകാരെ നിയോഗിക്കണമെന്നും എല്ലാ കംപാര്‍ട്ടുമെന്റുകള്‍ തമ്മിലും ബന്ധിപ്പിക്കണമെന്നുമുള്ള അവളുടെ നിര്‍ദ്ദേശത്തെ പിന്തുണച്ചു.    
                 
                      അത്തരം ചിന്തകളിലേക്കാണ് പൊടുന്നനെ തലയും മനവും പെരുപ്പിക്കുന്ന പാന്‍പരാഗിന്റെ അസ്വസ്ഥതയുളവാക്കുന്ന മണത്തോടെ ഒരു ചുടുനിശ്വാസം ആരെന്നും എന്തെന്നുമില്ലാതെ അവളുടെ പിന്‍കഴുത്തില്‍ തോണ്ടിയത്. അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. ഏതാണ്ട് നാല്പത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒരാള്‍ തൊട്ടുപിറകില്‍ പാന്റ്സിന്റെ പോക്കറ്റുകളില്‍ കൈകളിട്ട് നില്ക്കുന്നു. അവളുടെ ഞെട്ടിത്തിരിഞ്ഞുള്ള നോട്ടത്തില്‍ അയാള്‍ മുഖത്ത് ജളുപ്പോടെയുള്ള ഒരു ചിരി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. അയാളുടെ ചെമ്പിച്ച മീശകള്‍ക്കിടയില്‍ നിന്നും പുറത്തേക്കു വന്ന നീളമുള്ള കറ പുരണ്ട പല്ലുകള്‍ കണ്ട് അവള്‍ക്ക് എന്തെന്നില്ലാത്ത വെറുപ്പു തോന്നി.
             
                അയാള്‍ പറഞ്ഞു.
            
                -സോറി.
          
               അവള്‍ തെല്ലൊന്നു മാറി നിന്നു,
          
               അയാള്‍ വീണ്ടും പറഞ്ഞു.
          
                -കുട്ടിയെ ഞാനെപ്പോഴും കാണാറുണ്ട്. പക്ഷേ കുട്ടി എന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
        
                 അയാളുടെ വര്‍ത്തമാനം ക്യത്രിമമായി സ്യഷ്ടിച്ചെടുത്തതു പോലുള്ള അച്ചടി ഭാഷയിലുള്ളതായിരുന്നു. അതേ പോലെ ക്യത്രിമമായ ശരീരഭാഷയുമായിരുന്നു അയാളുടേത്. അതു കൊണ്ടുതന്നെ അവള്‍ക്ക് ചെടിപ്പു തോന്നി. അവള്‍ ഒന്നും പറഞ്ഞില്ല. അവള്‍ തെല്ല് മുറുക്കാന്‍ കടയുടെ മുമ്പിലേക്ക് മാറി നില്ക്കുകയാണുണ്ടായത്.
               
                അയാള്‍ അവളെ തൊട്ടുതൊട്ടില്ലെന്ന പോലെ മുന്നിലൂടെ നടന്നു ചെന്ന് ജീന്‍സ് പാന്റ്സിന്റെ പിന്‍കീശയില്‍ നിന്നും തടിയന്‍ പേഴ്സെടുത്ത് കാശു നീട്ടി ഒരു സിഗരറ്റ് പാക്കറ്റ് വാങ്ങി. ഒരുപാടു നേരത്തിനു ശേഷം ഒരാള്‍ എന്തെങ്കിലുമൊന്ന് വാങ്ങാന്‍ വന്നതിന്റെ സന്തോഷം തന്റെ മുയല്‍ പല്ലുകളില്‍ മുറുക്കാന്‍ കടക്കാരന്‍ തന്നോടു തന്നെ പതിപ്പിച്ചു കാട്ടി. അയാള്‍ മുറുക്കാന്‍ കടക്കാരനോട് വിലക്കയറ്റത്തിന്റെ ഗ്ളോബലൈസേഷനെ കുറിച്ച് മേനി കാണിച്ചു കൊണ്ട് ചെറുകുറിപ്പ് അവളെ ലക്ഷ്യം വെച്ച് അവതരിപ്പിച്ചു. മുറുക്കാന്‍ കടക്കാരന്‍ തലയാട്ടിയും കണ്ണുകള്‍ തുറുത്തിയും പല്ലുകള്‍ കാട്ടിയും നിശ്ശബ്ദമായി പങ്കുചേര്‍ന്നു. അതിനെ തട്ടിക്കളഞ്ഞ് അയാള്‍ അവളുടെ അടുത്തേക്ക് വന്ന് പറഞ്ഞു.
               
                   -ഞാന്‍ കുട്ടിയുടെ ഫാദറിന്റെ ഫ്രണ്ടാണ്.
               
                    അവള്‍ അയാളില്‍ നിന്നും തെല്ലു കൂടി മാറി നില്ക്കുകയാണുണ്ടായത്. അയാളെ ചിലപ്പോഴൊക്കെ അവിടെ കാണാറുണ്ട്. കാണുമ്പോള്‍ തന്നെ എന്തോ തരം വെറുപ്പു തോന്നുന്ന ആളാണെന്നതിനാല്‍ അവള്‍ അയാളെ ശ്രദ്ധിക്കാതെ മുഖം തിരിക്കാറാണ് പതിവ്. അയാളുടെ പൂച്ചക്കണ്ണുകളും ചെമ്പിച്ച മുതുകു വരെ നീട്ടിയ മുടിയും നീണ്ട മുഖവും ചെമ്പിച്ച മീശയും കറ പുരണ്ട പല്ലുകളും അവളില്‍ കാരണമില്ലാത്ത വെറുപ്പ് തീര്‍ക്കും. അയാള്‍ കള്ളിഷര്‍ട്ടാണ് ഇട്ടിരുന്നത്. കോളറും പോക്കറ്റും ഫാഫ് കൈ തീരുന്നിടവും ഷര്‍ട്ടിലെ കള്ളികളോട് എതിരു നില്ക്കുന്നുണ്ടായിരുന്നു. പ്ളേബോയ് എന്ന് ചുവന്ന അക്ഷരത്തില്‍ ഷര്‍ട്ടിന്റെ പിന്നില്‍ നൂലില്‍ എഴുതിയിരുന്നു.
               
                   എപ്പോഴും അയാള്‍ രൂപം കൊണ്ടും വേഷം കൊണ്ടും പിന്നെ അവള്‍ക്കു തന്നെ കണ്ണുകളാല്‍ കാണാത്ത സൂക്ഷ്മ തരംഗങ്ങളാലും അവളില്‍ വെറുപ്പു നെയ്യും. മൊബൈല്‍ ഫോണിലും റേഡിയോയിലും മറ്റും പ്രവര്‍ത്തിക്കുന്ന തരം തരംഗങ്ങള്‍ മനുഷ്യര്‍ക്കിടയിലുമുണ്ടെന്ന് അവള്‍ തിരിച്ചറിയും. ചിലത് പരസ്പരം അകറ്റുന്നത്. മറ്റു ചിലത് തമ്മില്‍ പരിചയപ്പെട്ടില്ലെങ്കില്‍ പോലും അദ്യശ്യമായി അടുപ്പിക്കുന്നത്. യാത്രകളില്‍ കാണുന്നതോ അടുത്തിരിക്കുന്നവരോ ആയവരോട് എന്തോ വെറുപ്പ് പൊടുന്നനെ തോന്നും. ചിലരോടൊക്കെ സുരക്ഷിതത്വം തോന്നും വിധം എന്തോ ഇഷ്ടവും. അവര്‍ ജീവിതത്തിലേക്ക് പിന്നീടൊരിക്കലും കണ്ടുമുട്ടാത്തവരായിരിക്കും. ചിലപ്പോള്‍ ചിലയിടങ്ങളില്‍ കാണുന്നവരുമായിരിക്കും. അവരോടുള്ള വെറുപ്പോ സ്നേഹമോ തികച്ചും അകാരണമാണെങ്കില്‍ തന്നെയും തെല്ലുനേരത്തേക്ക് മനസ്സിന്‍ തത്തിത്തത്തി കളിക്കും.
               
                     അത്തരത്തിലുള്ളവരില്‍ തികച്ചും വെറുപ്പു തോന്നിയ അയാള്‍ നാട്ടിലേക്കുള്ള ബസ്സ് കാത്തുനില്ക്കുക മാത്രം ചെയ്യുന്ന ഇടം മാത്രമായ ബസ് സ്റോപ്പില്‍ വെച്ച് പരിചയം കൂടാന്‍ വന്നത് അവളെ കുറച്ചൊന്നുമല്ല വിമ്മിഷ്ടപ്പെടുത്തിയത്. അയാള്‍ നരച്ച മുടികളെ മൈലാഞ്ചി തേച്ച് മിനുക്കിയും ജീന്‍സിട്ടും മറ്റും നഷ്ടപ്പെട്ട യുവത്വം തിരിച്ചെടുക്കാന്‍ നടത്തിയ വിഫല ശ്രമത്തെ അവള്‍ വെറുത്തു. കണ്ണുകളില്‍ വെറുപ്പ് കോര്‍ത്ത് അയാളെ നോക്കാതെ ഏതാണ്ട് നാല്പത്തഞ്ചു ഡിഗ്രി കഴുത്തു വെട്ടിച്ച് അയാള്‍ക്ക് മനസ്സിലായിക്കോട്ടെ എന്ന വിധം നേര്‍ക്കാഴ്ചയെ മങ്ങിച്ച് രൂക്ഷമായി നോക്കി. തന്റെ കൂടെ കൂട്ടുകാരികളോ തികച്ചും പരിചയക്കാരല്ലാത്തതെങ്കിലും തെല്ലൊന്ന് മനസ്സു ചായ്ക്കാവുന്നതോ ആയ മറ്റാരെങ്കിലുമോ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളും അവള്‍ക്ക് അനുഭവപ്പെട്ടു.  ഒന്നിച്ചുള്ള കൂട്ടുകാരി സല്‍മ അഞ്ചാറു കിലോമീറ്ററുകള്‍ക്ക് മുമ്പേ ഇറങ്ങുന്നവളാണ്. ബസ് സ്റോപ്പിനടുത്ത് റോഡരികിലാണ് അവളുടെ വീടും.
                    
                     അയാള്‍ സിഗരറ്റ് പാക്കറ്റെടുത്ത് അതില്‍ നിന്നും ഒരെണ്ണമെടുത്ത് പേക്കറ്റ് പൂട്ടി. സിഗരറ്റിനെ തലകീഴായി പിടിച്ച് ഒരു അനുഷ്ഠാനം പോലെ പേക്കറ്റില്‍ മുട്ടിക്കൊണ്ടിരിക്കെ അയാള്‍ പറഞ്ഞു.
                  
                    -ഫാദറുടെ ഫ്രണ്ടാണെന്നു പറഞ്ഞിട്ട് കുട്ടിക്ക് വിശ്വാസമായില്ല, അല്ലേ.
                  
                    അയാള്‍ ഒരിക്കലും തന്റെ അച്ഛന്റെ സുഹ്യത്താവില്ലെന്ന് അവള്‍ക്ക് നല്ല വിശ്വാസമുണ്ട്. അവള്‍ക്ക് ഓര്‍മ്മ വെച്ച നാള്‍ മുതലേ കാണുന്ന അവളുടെ അച്ഛന്‍ വ്യത്തിയുള്ള കൂട്ടുകെട്ടുകളും ചിന്തകളുമായി നടക്കുന്ന ആളാണ്. അച്ഛന്റെ കൂട്ടുകാരെല്ലാം അവളെ നല്ല രീതിയില്‍ തികച്ചും  ആരോഗ്യകരമായ രീതിയില്‍ മാത്രമേ കാണാറുള്ളു. എങ്ങിനെയാണ് അച്ഛന് ഇത്രനല്ല കൂട്ടുകാരെ കിട്ടുന്നതെന്ന് അവള്‍ അത്ഭുതപ്പെടാറുണ്ട്. കള്ളന്‍മാരോടും പിടിച്ചുപറിക്കാരോടും മറ്റും പഴകുന്ന ഒരാളായിട്ടും അച്ഛന്‍ സൌഹ്യദങ്ങളില്‍ നന്നായി ശ്രദ്ധിച്ചു പോന്നു. അച്ഛന്‍ പണ്ട് നന്നായി എഴുതുമായിരുന്നു എന്ന് അമ്മ പറഞ്ഞ് അവള്‍ കേട്ടിട്ടുണ്ട്. അത്യാവശ്യം വാരികകളിലൊക്കെ വരുമായിരുന്നത്രെ. ഒന്നും സൂക്ഷിച്ചു വെക്കുന്ന പതിവില്ലാത്തതിനാല്‍ വാരികകളൊക്കെ നഷ്ടപ്പെട്ടു. അവയുടെ കൈയെഴുത്തു പ്രതികള്‍ എവിടെ എന്നു ചോദിച്ചപ്പോള്‍ അച്ഛന്‍ ചിരിച്ചെന്നു വരുത്തി കൊണ്ട് കൈ മലര്‍ത്തി. പിന്നെ പറഞ്ഞു.
              
                  -എന്തോന്നു കൈയെഴുത്തു പ്രതികള്‍. ഇപ്പോ അച്ഛന്റെ കൂടെ പ്രതികളല്ലേ ഉള്ളു, മോളെ. 
               
                    ഒരു എഴുത്തുകാരന്‍ ജോലിത്തിരക്കു കൊണ്ട് എഴുത്തു നിര്‍ത്തിയതിന്റെ വേദന അവള്‍ അച്ഛന്റെ മുതുകില്‍ തൊട്ടറിഞ്ഞു. പിന്നെ അച്ഛനെ വേദനിപ്പിക്കാതിരിക്കാന്‍ അവള്‍ അതിനെ പറ്റി ചോദിച്ചതേയില്ല. സ്റേഷനില്‍ നിന്ന് തെല്ലൊന്നു വിശ്രമിക്കാമെന്നു കരുതി സന്തോഷത്തോടെ വരുന്ന ദിവസമായിരിക്കും എവിടെയെങ്കിലും വെട്ടോ കുത്തോ ബോംബേറോ കൊലപാതകമോ റിപ്പോര്‍ട്ട് ചെയ്യപ്പെടുക.

                       തന്റെ വായനാശീലത്തെ കണ്ടറിഞ്ഞ് അച്ഛന്‍ ശബളത്തില്‍ നിന്നും നല്ലൊരു തുക നീക്കിവെച്ചത് അവള്‍ അറിഞ്ഞിട്ടുണ്ട്. അച്ഛന്‍ പ്രമുഖമായ ഒരു പുസ്തക പ്രസാധകരുടെ വി.ഐ.പി മെമ്പറാണ്. തന്നിലെ എഴുത്തുകാരിയെ വളര്‍ത്താന്‍ അച്ഛന്‍ പെടുന്ന പാടുകള്‍ അവളെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുക. തിരക്കൊഴിഞ്ഞ നേരം നെറ്റില്‍ നിന്നും തന്റെ ബ്ളോഗ് എടുത്തു വായിക്കുന്നതു കാണും. അവള്‍ നാണമായതിനാല്‍ അടുത്തേക്ക് ചെല്ലുകയില്ല. എങ്കിലും മനസ്സു മുഴുവന്‍ അവിടെ ആയിരിക്കും. തിരിച്ചിറങ്ങുമ്പോള്‍ അടുത്തെത്തിയാല്‍ അച്ഛന്‍ അര്‍ത്ഥഗര്‍ഭമായി അമര്‍ത്തി മൂളും.
                   
                      അയാള്‍ സിഗരറ്റിന് തീ കൊളുത്തി പുകയെടുത്ത് പുറത്തേക്ക് വിട്ടു. പുക അവളുടെ കവിളിലും മൂക്കിലും ചുണ്ടിലുമൊക്കെ തരിമ്പും കൂസലില്ലാതെ തൊടാന്‍ തുടങ്ങി. അവള്‍ വലം കൈ കൊണ്ട് പുകയെ തട്ടിയകറ്റാന്‍ തുടങ്ങി. അതിനിടയിലെപ്പോഴോ പുക അവളില്‍ കടന്നു കയറ്റം നടത്തിയിരുന്നു. അവള്‍ ചുമക്കാന്‍ തുടങ്ങി. ചുമക്കുന്നതു കണ്ട് ഗൂഢമായി ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
                
                     -ശീലമായിപ്പോയി. കുട്ടിക്ക് വിഷമമായല്ലേ.
               
                      ആരെങ്കിലും അവിടേക്കൊന്ന്  നോക്കുന്നുണ്ടോ എന്നറിയാനായി അവള്‍ ചുറ്റും നോക്കി. തുന്നല്‍ കടയിലെ പ്രായമായ തയ്യല്‍ക്കാരന്‍ നീളത്തില്‍ ഒരു ചരട് തയ്ക്കുന്നതിന്റെ തിരക്കില്‍ പുറത്തേക്ക് നോക്കാതൈ താഴേക്കും മുകളിലേക്കും ശബ്ദത്തോടെ വെറി പിടിച്ചെന്ന വണ്ണം ചലിക്കുന്ന സൂചിയെയും അതിന്റെ ഒരോ താഴലുകളും പൊന്തലുകളും ഏറ്റു വാങ്ങുന്ന തുണിയെയും  മുഖം താഴ്ത്തിപ്പിടിച്ചു കൊണ്ട് ശ്രദ്ധയോടെ പാകത്തിന് കൈകള്‍ കൊണ്ട് ഇണ ചേര്‍ക്കുകയായിരുന്നു. അയാള്‍ പുറത്തേക്കൊന്നു നോക്കുന്നതേ ഉണ്ടായിരുന്നില്ല. കൈവണ്ടിക്കാരന്‍ തന്റെ മണ്ണെണ്ണ സ്റൌവിന്റെ കാറ്റടിക്കുന്ന പിടിയെ വളരെ ശ്രദ്ധയോടെ കൈകള്‍ കൊണ്ട് പിടിച്ച് ശക്തിയോടെ അകത്തേക്ക് തള്ളുകയും പുറത്തേക്ക് വലിക്കുകയുമായിരുന്നു. ഇടയില്‍ കോരിത്തരിച്ച് സ്റൌ ഒന്നു കത്തുകയും പൊടുന്നനെ കെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിര കളിക്കുന്ന ക്ളബ്ബിലെ ചെറുപ്പക്കാര്‍ മുന്നിലെ ചെറിയ കല്ലുകളുടെയും ചെറുതണ്ടിന്‍ കഷണങ്ങളുടെയും തമ്മിലുള്ള കളികളെ തിട്ടപ്പെടുത്തി കൊണ്ട് ശ്രദ്ധയോടെ അങ്ങുമിങ്ങും കണ്ണുകള്‍ മാറ്റാതെ നോക്കിയിരിക്കുന്നു.
                
                     പെട്ടിക്കടക്കാരന്‍ ഒരു മനുഷ്യന് വേണ്ട പ്രാപ്തിയൊന്നുമില്ലാത്ത ഒരാളായിരുന്നു. അയാള്‍ തീപ്പെട്ടിയും ഹാന്‍സും മനോരമയും മംഗളവും മിഠായിയും മൂക്കുപ്പൊടിയുമൊക്കെ തെറ്റിപ്പോകാതെ ശീലിപ്പിച്ച എണ്ണത്തിലും അളവിലും എടുത്തു കൊടുക്കാന്‍ മാത്രമല്ലാതെ മറ്റുള്ള കാര്യങ്ങളിലൊന്നും തെല്ലും ഇടപെടാന്‍ അറിയാത്ത ആളായിരുന്നു. മറ്റെന്തെങ്കിലും കാര്യങ്ങള്‍ ഏറ്റെടുത്താല്‍ തന്റെ പെട്ടിക്കട പോലുള്ള ജീവിതത്തിന്റെ ഒത്തൊപ്പിക്കുന്ന കണക്കുകളെല്ലാം തെറ്റിപ്പോകുമെന്ന് വേവലാതിപ്പെടുന്ന മനസ്സാണ് അയാളുടേതെന്ന് അവള്‍ ബസ്സ് കാത്തുനില്പുകള്‍ക്കിടയില്‍ മനസ്സിലാക്കിയിരുന്നു.
             
                   ആരുമാരും തന്റെ വിഷമം ശ്രദ്ധിക്കുന്നില്ലെന്ന് അവള്‍ തിരിച്ചറിയുന്നതിനിടയില്‍ അയാള്‍ അല്പം കൂടി അടുത്തേക്ക് തന്നെ നീക്കിക്കൊണ്ട് സ്വകാര്യമെന്ന പോലെ പറഞ്ഞു.
             
                 -കുട്ടിയെ കാണാന്‍ നല്ല ചേലുണ്ട്.
              
                 അവള്‍ ഈര്‍ഷ്യയോടെ മിണ്ടാതെ പെട്ടിക്കടയോട് കൂടുതല്‍ ചേര്‍ന്നു നിന്നു. തന്റെ സൌന്ദര്യത്തെ കുറിച്ച് താന്‍ വെറുക്കുന്ന ഒരാള്‍ അഭിപ്രായം പറഞ്ഞത് അവള്‍ക്ക് തെല്ലും മനസ്സിന് പിടിച്ചില്ല. ശബ്ദം വെച്ച് അയാളെ ആട്ടിയകറ്റാന്‍ തോന്നിയെങ്കിലും വെറുതെയൊരു രംഗം സ്യഷ്ടിച്ചാല്‍ അത് ഒരു പക്ഷേ തനിക്കുതന്നെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന സംശയത്തിന്റെ പുറത്ത് ബസ്സൊന്ന് വേഗം വന്നിരുന്നെങ്കില്‍ എന്നവള്‍ പ്രാര്‍ത്ഥിച്ചു. അവള്‍ മനസ്സില്‍ പറഞ്ഞു.
                 
                    -നാശം. റെയില്‍വേ ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകും.
                     
                   അയാള്‍ തെല്ലു കൂടി അവളുടെ അടുത്തേക്ക് നീങ്ങി,
                
                   -കുട്ടി വലിയ ഗൌരവക്കാരിയാണെന്ന് തോന്നുന്നല്ലോ
              
                   അങ്ങൊട്ടൊന്നും പറയാതിരുന്നിട്ടും അയാളോടുള്ള വെറുപ്പും ഈര്‍ഷ്യയുമൊക്കെ മുഖത്ത് കാണിച്ചിട്ടും അയാള്‍ അതൊന്നും മനസ്സിലാക്കുന്നില്ലല്ലോ എന്നവള്‍ ആലോചിച്ചു. തന്റെ അവഗണനയും വെറുപ്പുമാകുമോ അയാളില്‍ തന്നെ കൊണ്ട് എന്തെങ്കിലുമൊക്കെ പറയിക്കണമെന്ന വാശിയുണ്ടാക്കുന്നതെന്ന സംശയം അവള്‍ക്ക് ഉണ്ടായി. അയാള്‍ തീര്‍ച്ചയായും കല്ല്യാണം കഴിച്ചതായിരിക്കുമെന്നും തന്നെപ്പോലുള്ള ഒന്നു രണ്ടു കുട്ടികള്‍ അയാള്‍ക്കുമുണ്ടാകുമെന്നും അവള്‍ക്ക് തോന്നി. സ്വന്തം പ്രായം തിരിച്ചറിയാത്തവരെ പലപ്പോഴായി അവള്‍ യാത്രകളില്‍ കാണാറുണ്ട്. മറ്റുള്ളവരുടെ പ്രശ്നമാകയാല്‍ ദൂരെ നിന്നു നോക്കി മനസ്സിലാക്കാറാണ് പതിവ്. അത്തരത്തിലൊന്ന് ഉണ്ടാകുമ്പോള്‍ അവ ഒഴിവാക്കാനായി അവള്‍ മാറിക്കളയാറാണ് പതിവ്. തന്നെ പോലെ പെണ്‍കുട്ടികളില്‍ അധികം പേരും ചുരുക്കം ചിലരൊഴിച്ച് അങ്ങനെയൊക്കെ തന്നെയാണ് പെരുമാറുന്നത്. പക്ഷേ, ആദ്യമായാണ് തനിക്കു മേല്‍ ഇത്തരത്തിലുള്ള കടന്നു കയറ്റമുണ്ടാകുന്നത്.

                    അയാള്‍ തെല്ലൊന്ന് അപ്പുറത്തേക്കും ഇപ്പുറത്തേക്കും നടന്ന് പിന്നെ അവളുടെ പിന്നില്‍ വന്ന് വീണ്ടും പിന്‍കഴുത്തിലേക്ക് ശക്തിയായി നിശ്വസിച്ചു. അവള്‍ക്ക് തന്നിലേക്ക് ഒരു ചൊറിയന്‍ പുഴു കയറിയതു പോലെ തോന്നി. സ്ക്കൂള്‍ ബാഗില്‍ നിന്നും തൂവാലയെടുത്ത് അവള്‍ പിന്‍കഴുത്ത് ശക്തിയായി തുടക്കാന്‍ തുടങ്ങി. അസ്വസ്ഥപ്പെടുന്ന അവളുടെ മനസ്സ് അയാളില്‍ ആവേശമുണര്‍ത്തുകയാണ് ഉണ്ടായത്. അയാള്‍ നേരത്തെ ചെയ്തു കൊണ്ടിരുന്ന കടക്കണ്ണു കൊണ്ടുള്ള നോട്ടം ഒന്നു കൂടി കൂട്ടാന്‍ തുടങ്ങി. 
                 
                     എവിടെ നിന്നെന്നില്ലാതെ ഒരു നായ വന്ന് ചുമരില്‍ ഒട്ടിച്ച പോസ്ററിന്റെ മുകളില്‍ കാലുയര്‍ത്തി മൂത്രമൊഴിച്ച് അവിടെയുമിവിടെയും തെല്ല് മണം പിടിച്ചു നിന്നു. അയാള്‍ നിലത്തു ചവിട്ടി ശബ്ദമുണ്ടാക്കി അതിനെ ഓടിച്ചു വിട്ടു. പിന്നെ താന്‍ എത്രത്തോളം ശക്തനാണെന്ന് കണ്ടോ എന്ന് കണ്ണു കൊണ്ടും പേന്റ്സിന്റെ കീശയില്‍ തിരുകിയ കൈകള്‍ കൊണ്ടും നിവര്‍ത്തിയ നെഞ്ചു കൊണ്ടും മുഖം കൊണ്ടുമൊക്കെ അവളോട് ചോദിച്ചു. അവളപ്പോള്‍ വരാത്ത ബസ്സിനെ ശപിക്കുകയായിരുന്നു.
                  
                       വീട്ടില്‍ ചെന്നിട്ടു വേണം അവളുടെ കൂട്ടുകാരി ശാലിന്‍ അവളോട് ഇന്റര്‍വെല്‍ സമയത്ത് പറഞ്ഞ കാര്യത്തെ കുറിച്ച് അച്ഛനോട് പറയാന്‍. കുറച്ച് ദിവസങ്ങളായി ശാലിന്‍ ആകെ പ്രശ്നത്തിലാണ്. ഇന്റര്‍ സ്ക്കൂള്‍ അത്ലെറ്റിക് മീറ്റിന് പങ്കെടുപ്പിക്കണമെങ്കില്‍ തെല്ല് അഡ്ജസ്റ് ചെയ്യണമെന്നാണത്രെ കോച്ച് ജാവലിന്‍ ത്രോയില്‍ സ്ക്കൂളില്‍ നിന്നും പങ്കെടുക്കുന്ന അനുമോള്‍  മുഖാന്തിരം സൂചിപ്പിച്ചിരിക്കുന്നത്. അവളുടെ വീട്ടില്‍ വെച്ച് കോച്ചിനെ മീറ്റ്് ചെയ്യാമെന്നാണത്രെ പറഞ്ഞിരിക്കുന്നത്. തന്റെ ഹൈ ജംപ് മോഹങ്ങള്‍ മാനം തൊടാതെ പോകുമെന്ന് അതു കേട്ട് അവള്‍ വല്ലാതെ സങ്കടപ്പെട്ടു പോയത്രെ. എല്ലാം പറഞ്ഞു കഴിഞ്ഞ് അവള്‍ പല്ലിറുമ്മി.
              
                  -ബാസ്റാഡ്. ഒന്നാന്തരം ചരക്കൊരുത്തി വീട്ടില്‍ വൈഫായുണ്ട്. എന്നിട്ടും വേണം കിളുന്ത് പെണ്‍പിള്ളേര്‍.
            
                   ഒത്തിരി ആലോചിച്ച് അവരിരുവരും ഒടുവില്‍ അവന്തികയുടെ അച്ഛനോട് കാര്യങ്ങള്‍ അവതരിപ്പിക്കാമെന്ന് തീരുമാനിച്ചു. 
            
                 -ഏയ് കുട്ടീ, ഒന്നും മിണ്ടൂല്ലേ.
           
                  അയാള്‍ സ്വകാര്യം എന്ന വണ്ണം വീണ്ടും തിരക്കി. ബസ്സൊന്ന് വന്നെങ്കില്‍ എന്നവള്‍ വീണ്ടും കരുതി. തെല്ലൊന്നുറക്കെ ഇതുവരെ ആരോടും പറയാത്ത തെറി പറഞ്ഞാലോ എന്നും അവള്‍ക്ക് തോന്നാതിരുന്നില്ല. മറ്റൊരാളുടെ വിചാരവികാരങ്ങളെയും തന്റെ  തന്നെ പ്രായത്തെയും അവസ്ഥകളെയും മനസ്സിലാക്കാത്ത നിക്യഷ്ടജന്തു എന്നവള്‍ മനസ്സില്‍ കരുതി.
                 
                     അയാളുടെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു. വിടരും അധരം വിറ കൊള്‍വതെന്തിനോ എന്ന പാട്ട് ഉച്ചത്തില്‍ മുഴങ്ങി. ആ പാട്ടിന്റെ മുന്നില്‍ മറ്റെന്തൊക്കെയോ ഉണ്ടായിരുന്നല്ലോ എന്നും അയാളെന്താണ് ഇതു മാത്രം ട്യൂണാക്കി വെച്ചിരിക്കുന്നതെന്നും അവള്‍ ചിന്തിച്ചു. ആളൊരു പോക്കുകേസാണെന്ന് ഇതിനോടകം തന്നെ മനസ്സിലായിരുന്നെങ്കിലും ആ പാട്ടു കൂടി കേട്ടതോടെ അവളുടെ വെറുപ്പ് കൂടി. ഒറ്റക്കിരിക്കുമ്പോള്‍ അവള്‍ കംപ്യൂട്ടറില്‍ അത്യാവശ്യം കാണാറുള്ള പാട്ടായിരുന്നു അത്. സിനിമാപാട്ടുകളോട് തന്റെ ജീവിതത്തിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരനെ നായകനിലേക്ക് സന്നിവേശിപ്പിച്ച്് അവള്‍ ഭാവന നെയ്യാറുണ്ട്. ഏതൊരു പ്രണയഗാനത്തോടും തനിക്കത്തരം തോന്നലുകളുണ്ടാകുമെന്ന് പാട്ടു കേട്ടുകൊണ്ടുള്ള ഒരു ബസ്സ് യാത്രയില്‍ ലേഡീസ് സീറ്റുകളുടെ പിന്നിലായി അടുത്തടുത്തിരിക്കുമ്പോള്‍ സല്‍മയോട് സ്വകാര്യം പറഞ്ഞത് തന്നിലേക്ക് ചായുന്ന പടുവ്യദ്ധനില്‍ നിന്നും തട്ടം ഒതുക്കിക്കൊണ്ട് ഒരു ട്രപ്പീസ് കളിക്കാരിയുടെ മെയ്വഴക്കത്തോടെ ഒഴിവാകുന്നതിനിടയില്‍  അവള്‍ നിസ്സാരമായി തള്ളി.
                   
                    -അതത്ര വലിയ കാര്യമൊന്നുമല്ല. ഞാനും ചെയ്യാറുണ്ട് അങ്ങനെയൊക്കെ. നാട്ടിലെ മറ്റു സകലരും ചെയ്യാറുണ്ട്.
                  
                    വെറുതെയല്ല സിനിമകളിലെ പാട്ടുരംഗങ്ങള്‍ ടി.വിയിലും കംപ്യൂട്ടറിലുമൊക്കെ ഇപ്പോഴും മായാതെ മറയാതെ ആവശ്യക്കാരെ തേടിയെത്തുന്നതെന്ന് അവള്‍ സല്‍മയുടെ നിസ്സാരമറുപടിയോട് കൂട്ടി വായിച്ചു. അവള്‍ക്ക് ആ പാട്ടിനോട് എന്തെന്നില്ലാത്ത വിരോധം പൊടുന്നനെ വന്നുപെട്ടു. ഇനിയെപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ചു കേട്ടാല്‍ അയാളെ ഓര്‍മ്മ വരുമല്ലോ എന്നവള്‍ സങ്കടപ്പെട്ടു. 
                     
                      അയാള്‍ അവള്‍ കേള്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. താനൊരു തിരക്കുള്ള ആളാണെന്ന് അവളെ കാട്ടാനുള്ള വ്യഗ്രത അയാളിലുണ്ടായിരുന്നു. അവള്‍ കാര്യങ്ങളെല്ലാം ആകെ കുഴപ്പത്തിലേക്കാണ് പോകുന്നതെന്ന് ചിന്തിച്ചു തുടങ്ങിയിരുന്നു. ബസ്സാണെങ്കില്‍ വരാന്‍ വല്ലാതെ വൈകുകയും ചെയ്യുന്നു. അഥവാ വന്നാല്‍ തന്നെ തിരക്കോടെയാണ് വരിക. മുന്നിലെ വാതിലില്‍ തിരക്കില്‍ പറ്റി നിന്നുവേണം നാലഞ്ചു സ്റോപ്പുകള്‍ വരെ പോകാന്‍. ബസ്സുകള്‍ അങ്ങനെയൊന്നുമില്ലാത്ത റൂട്ടായതിനാല്‍ എന്നും തിരക്കാണ് ബസ്സില്‍. അയാളുടെ കൈയിലുരിപ്പു വെച്ച് അയാള്‍ താന്‍ കയറിയാല്‍ തന്റെ പിന്നില്‍ ഓടിക്കയറുമെന്നും തന്റെ ശരീരത്തില്‍ അവിടെയുമിവിടെയും മനപ്പൂര്‍വ്വം ചാരിനില്ക്കുമെന്നും അവള്‍ ഊഹിച്ചു.
                 
                     അയാള്‍ മൊബൈല്‍ ഫോണിലെ വര്‍ത്തമാനം നിര്‍ത്തുകയും അതും കൈയില്‍ പിടിച്ച് അവള്‍ക്കടുത്തേക്ക് വന്നു. അതൊരു ക്യാമറാ ഫോണാണെന്നും തന്നെ ഇതിനോടകം തന്നെ താനറിയാതെ അയാള്‍ ഫോട്ടോ എടുത്തു കാണുമെന്നും അവള്‍ക്ക് തോന്നി. ഫോട്ടോ എടുക്കുമ്പോള്‍ അറിയാനുള്ള സാധ്യതയുള്ളതിനാല്‍ വീഡിയോ ആയിരിക്കും തീര്‍ച്ചയായും എടുത്തു കാണുക. രണ്ടായാലും ബുദ്ധിമുട്ടു തന്നെ.
                 
                  -കുട്ടിക്ക് എന്റെ നമ്പറു തരട്ടെ.
                   
                  അയാള്‍ വീണ്ടും ചോദിച്ചു. അവള്‍ കേട്ടതായി നടിച്ചില്ല.
               
                -കുട്ടി നല്ല ബുദ്ധിമതിയാണെന്നെനിക്കറിയാം. ഞാന്‍ നമ്പറു പറയാം. ഓര്‍ത്തു വെച്ചു വിളിച്ചോളു.
                  
                 അവള്‍ വീണ്ടും ആരെങ്കിലും അവിടേക്ക് ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി. നിര കളിക്കുന്നവര്‍ കളിയില്‍ തന്നെ. തയ്യല്‍കാരന്‍ ചരട് അടിച്ചത് മതിയാക്കി വലിയൊരു കിടക്ക ഉറയിലേക്ക് തിരിഞ്ഞിട്ടുണ്ട്. മുറുക്കാന്‍ കടക്കാരന്‍ ആരും വരാത്തതിനാല്‍ വെറുതെ വായും പൊളിച്ച് പല്ലുകള്‍ പുറത്തു കാണിച്ച് ഇരിക്കുന്നു. കൈവണ്ടിക്കാരന്‍ എന്തോ വറച്ചട്ടിയില്‍ എണ്ണയില്‍ പൊരിക്കുന്ന തിരക്കിലാണ്.
                   
                   അവളുടെ പിന്‍കഴുത്തിലേക്ക് വീണ്ടും നിശ്വസിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
                 
                 -നൈന്‍,ഫോര്‍ നൈന്‍..
                  
                  അയാള്‍ മുഴുമിക്കുന്നതിനു മുമ്പേ അവള്‍ മിന്നല്‍ വേഗത്തില്‍ പൊടുന്നനെ കുനിയുകയും വലം കാലിന്റെ ചെരിപ്പ് അഴിച്ചെടുക്കുകയും പിന്നിലേക്ക് വീശി അയാളുടെ മുഖത്ത് അടിക്കുകയും ചെയ്തു. അവള്‍ പോലും പ്രതീക്ഷിക്കാത്ത ശബ്ദമായിരുന്നു അടിക്ക്്. ചെറുപ്പക്കാരും കൈവണ്ടിക്കാനും തയ്യല്‍ക്കാരനും മുറുക്കാന്‍ കടക്കാരനും എന്തെന്ന് തിരിച്ചറിയാതെ അവരവരുടെ കാര്യങ്ങള്‍ നിര്‍ത്തി സ്തംബ്ധരായി നോക്കി.അയാള്‍ തന്റെ ഇടത്തെ കവിള്‍ കൈ കൊണ്ട് തടവുന്നതിനിടയില്‍ തന്നെ ക്ഷോഭത്തിലേക്ക് മാറിയിരുന്നു. അയാളുടെ വഷളന്‍ ക്ഷോഭത്തേക്കാള്‍ ജ്വലനശേഷിയുണ്ടായിരുന്നു അവളുടെ ദേഷ്യത്തിന്.
പോടാ പട്ടീ എന്നവള്‍ ഉച്ചത്തില്‍ അയാളെ ആട്ടി. അതു കേട്ടതും ദ്രവിച്ച പടികള്‍ വേഗത്തില്‍ ചാടിയിറങ്ങി ചെറുപ്പക്കാരും എണ്ണയിലുള്ളത് അവിടെ തന്നെ ഇട്ട് കൈവണ്ടിക്കാരനും കിടക്കയുറ വിട്ട് തയ്യല്‍ക്കാരനും അവിടേക്ക് ഓടിയെത്തി. മുറുക്കാന്‍ കടക്കാരന്‍ വലുതായൊന്നും മനസ്സിലാകാതെ പെട്ടിക്കടയില്‍ നിന്നും മുഖമെത്തിച്ചു നോക്കി.
              
                     എന്താ, എന്താ എന്ന മുറുക്കാന്‍ കടക്കാരന്റെ ചോദ്യം അവഗണിച്ച് അപ്പോഴേക്കും വന്നെത്തിയ ബസ്സിലെ തിരക്കിലേക്ക് കൈയില്‍ പിടിച്ച ചെരിപ്പോടെ അവള്‍ അതേ ദേഷ്യത്തോടെ ചുറ്റിക്കൂടിയവരുടെ പൊരിഞ്ഞ അടികള്‍ക്കിടയില്‍ പെട്ട അയാളെ രൂക്ഷമായി തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട് കയറിപ്പോയി.
                   
                    ബസ്സില്‍ തിരക്കില്‍ നില്ക്കുമ്പോള്‍ അവള്‍ക്ക് തെല്ലും സന്ദേഹങ്ങളുണ്ടായിരുന്നില്ല. തന്നെ മുട്ടാന്‍ സഡന്‍ ബ്രെയ്ക്കിന് കാത്തു പിന്നില്‍ നില്ക്കുന്ന മീശ പൊടിക്കാത്ത കിളുന്തുപയ്യനോട് തെല്ലു ദൂരെ മാറി നില്ക്കാന്‍ അവള്‍ ആഞ്ജാപിച്ചു. പിന്നെ മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ളീപ്പ് എന്ന വരികള്‍ വീണ്ടും മനസ്സില്‍ ഉരുവിടാന്‍ തുടങ്ങി.           

                                                                        -0-