2011, ജൂൺ 23, വ്യാഴാഴ്‌ച

അന്യന്റെ മുതല്‍

അരുണ്‍കുമാര്‍ പൂക്കോം


                   ബഞ്ചില്‍ ഉറക്കുത്ത് വീണുണ്ടായ ദ്വാരത്തില്‍ കണ്ട പച്ച നിറത്തിലുള്ള ക്രയോണിന്റെ കഷണം സൌരഭിനെ മോഹിപ്പിച്ചത് ഇന്റര്‍വെല്ലിന്റെ സമയത്തായിരുന്നു. അവന്‍ ഇന്റര്‍വെല്ലിന് ക്ളാസ് വിട്ടപ്പോള്‍ പുറത്തേക്ക് ആദ്യം ഓടിപ്പോകുകയും ആദ്യം തന്നെ തിരിച്ചെത്തുകയും ചെയ്തു. അപ്പോള്‍ പുറത്തേക്ക് പോകാതെ ക്ളാസില്‍ തന്നെ ഇരുന്ന അനുപമ.എസ്.ശ്രീനിവാസും നയന്‍താര ശീധറും മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. 

                   വെറുതെ ക്ളാസില്‍ തെല്ലൊന്ന് കറങ്ങി നടക്കുമ്പോഴാണ് അവന്‍ ദ്വാരത്തില്‍ ആ ക്രയോണ്‍ കഷണം കാണുന്നതു തന്നെ. അവന്‍ അതിനടുത്തൊന്നും ആയിരുന്നില്ല ഇരുന്നിരുന്നത്. കുട്ടികളുടെ ഉയരത്തിന് അനുസരിച്ച് ഇരുത്തിയതിനാല്‍ അവന്‍ പിന്‍ബഞ്ചിന്റെ തൊട്ടു മുന്നിലെ ബഞ്ചിലായിരുന്നു ഇരുന്നിരുന്നത്. ആകാശ് ശേഖര്‍ സൌരഭിന്റെ അത്രതന്നെ ഉയരക്കാരനൊക്കെ തന്നെ ആണെങ്കിലും സ്ക്കൂള്‍ മാനേജറുടെ  മകളുടെ മകനായിരുന്നതിനാല്‍  അവനെ മുന്‍ബഞ്ചിലായിരുന്നു ഇരുത്തിയിരുന്നത്.

                  സൌരഭിന് വീട്ടില്‍ ക്രയോണും വാട്ടര്‍ കളറുമൊക്കെയുണ്ട്. എങ്കിലും ഒരു ചെറുക്രയോണ്‍ കഷണത്തെ പുറത്തെടുക്കുന്നതിലെ രസമൊന്നു മാത്രമാണ് തൊട്ടടുത്തു ഡസ്കിന്റെ മുകളില്‍ കണ്ട ആകാശ് ശേഖറിന്റെ സ്കെയില്‍ എടുത്ത് അതിന്റെ കോണു കൊണ്ട്  ബഞ്ചിന്റെ ദ്വാരത്തില്‍ കടത്തി ക്രയോണ്‍ പുറത്ത് എടുക്കാന്‍ അവനെ പ്രേരിപ്പിച്ചതു തന്നെ. അവന്റെ ശ്രമം കണ്ട് അനുപമയും നയന്‍താരയും അതെന്താണെന്ന് കാണാനായി അവന്റെ അടുത്തേക്ക് വന്നു.

                 പെണ്‍കുട്ടികള്‍, പ്രത്രേകിച്ചും നയന്‍താര അടുത്തേക്ക് വന്നതോടെ അടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഉള്ളിലേക്ക് പോയിക്കൊണ്ടിരുന്ന ക്രയോണ്‍ കഷണം എടുക്കേണ്ടത് തന്റെ ആണത്തത്തിന്റെ കൂടി പ്രശ്നമാണെന്ന് സൌരഭ് തിരിച്ചറിഞ്ഞു. പക്ഷേ എത്ര ശ്രമിച്ചിട്ടും ക്രയോണ്‍ പിന്നെയും ഉള്ളിലേക്ക് നീങ്ങിക്കാണ്ടിരുന്നു. അതുകണ്ട് സമര്‍ത്ഥമായി ക്രയോണ്‍ കഷണത്തെ പുറത്തെടുക്കാന്‍ തനിക്കാവും എന്ന് കരുതിക്കൊണ്ട് നയന്‍താര പറഞ്ഞു.

                  -ഞാനൊന്ന് നോക്കട്ടെ.

                   അതും പറഞ്ഞ് അവള്‍ സ്കെയില്‍ അവന്റെ കൈയില്‍ നിന്നും പിടിച്ചു വാങ്ങുകയും ബഞ്ചിന്‍ മേല്‍ ഇരുന്നു കൊണ്ട് ശക്തിയോടെ രണ്ടുകൈകള്‍ കൊണ്ടും സ്കെയില്‍ ഇളക്കാനും തുടങ്ങി. സൌരഭിന്റെ മെല്ലെയുള്ള ശ്രമങ്ങളില്‍ മടുത്തും കൂടിയാണ് അവള്‍ സ്കെയില്‍ പിടിച്ചു വാങ്ങിയതു തന്നെ. അത്തരം ശ്രമപ്പെട്ട കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കില്ലെന്നും അത്തരം കാര്യങ്ങള്‍ ആണ്‍കുട്ടിയായ താന്‍ തന്നെയാണ് ചെയ്യേണ്ടത് എന്ന് പെട്ടെന്നു തന്നെ തോന്നിയതിനാല്‍ സൌരഭ് നയന്‍താരയുടെ കൈയില്‍ നിന്നും സ്കെയിലൊന്ന് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചതേയുള്ളു അത് ചെറിയൊരു ശബ്ദത്തോടെ പരിഭവിച്ച് അതിന്റെ പുറത്ത് എഴുതിയ പേരിനെ ഏതാണ്ട് പകുതിയില്‍ മുറിച്ചു കൊണ്ട് പൊട്ടി.

                  സ്കെയില്‍ പൊട്ടിയതും നയന്‍താര അതിലെ പിടി വിടുകയും രണ്ട് കഷണങ്ങളും സൌരഭിന്റെ ഇരുകൈകളിലേക്കുമാക്കി എഴുന്നേറ്റ് നില്ക്കുകയും ചെയ്തു.

                   അപ്പോള്‍ അനുപമ ചോദിച്ചു.

                  -ആരുടേതാ സ്കെയില്‍?

                  അവന്‍ അറിയില്ലെന്ന് പൊട്ടിയ കഷണങ്ങള്‍ പിടിച്ചു കൊണ്ടുതന്നെ കൈ മലര്‍ത്തി.

                  നയന്‍താര അവന്റെ കൈയിലെ സ്കെയില്‍ നോക്കിക്കൊണ്ട് പറഞ്ഞു.

                  -ആകാശിന്റെയാ. 

                  അതും പറഞ്ഞ് അവള്‍ വലതു കൈയിലെ ചൂണ്ടുവിരല്‍  തന്റെ മൂക്കിനടുത്തേക്ക് ഉയര്‍ത്തിക്കൊണ്ട് വായുവില്‍ താഴ്ത്തുകയും പൊക്കുകയും ചെയ്തു കൊണ്ട് ചുണ്ടുകള്‍ കോട്ടി പാടാന്‍ തുടങ്ങി.

                  -നല്ലതു മോനേ, നല്ലതു മോനേ, അടി പാര്‍സലു മോനേ

                   അതുകേട്ടതും അനുപമയും അതേ ഈരടി കൈവിരല്‍ ചലനത്തില്‍ നയന്‍താരയെ അനുകരിച്ചു കൊണ്ട് പാടാന്‍ തുടങ്ങി. കഴിഞ്ഞ കൊല്ലം സംഘന്യത്തത്തില്‍ അവരിരുവരും ഉറ്റ കൂട്ടുകാരികളായിരുന്ന. ഇതുവരെ സ്ക്കൂളിലെ ഒരു പരിപാടിയിലും പങ്കെടുക്കാതിരുന്ന സൌരഭ് കൈചലനങ്ങളിലെയും പാട്ടിലെയും അവരിലെ ഒത്തൊരുമ കണ്ട് തെല്ലുനേരം അന്ധാളിച്ചു നില്ക്കുകയും പിന്നെ ഞാനല്ല, ഞാനല്ല എന്ന് പറയുകയും ചെയ്തു. അടുത്തതായി ക്ളാസിലേക്ക് വരിക ആരെയും തല്ലാത്ത സാധുവായ ക്ളാസ് ടീച്ചര്‍ സ്റെല്ല ടീച്ചറല്ല മറിച്ച് കണക്കിന്റെ സൂരജ് മാഷാണെന്നത് ഓര്‍ത്തതും അവന്റെ അടിവയറ്റില്‍ നിന്നും ഒരു മിന്നല്‍പ്പിണര്‍ ഉച്ചിയിലേക്ക് അതിവേഗം കടന്നുപോയി. തന്നെ മാഷുടെ തല്ലില്‍ നിന്നും രക്ഷിച്ചെടുക്കാനായി അവന്‍ തിടുക്കത്തില്‍ സ്കെയിലിന്റെ പൊട്ടിയ കഷണങ്ങള്‍ ആകാശിന്റെ ബാഗ് തുറന്ന് പുസ്തകങ്ങള്‍ക്കിടയിലേക്ക് ഒളിപ്പിച്ചു.

                   അപ്പോഴേക്കും ബെല്ലടിക്കുകയും പുറത്തേക്ക് പോയവര്‍ കൂട്ടമായി ക്ളാസിലേക്ക് മടങ്ങി വരാന്‍ തുടങ്ങി. ആകാശ് ക്ളാസിലെത്തിയതും ബാഗില്‍ നിന്ന് പുറത്തെടുത്തു വെച്ചിരുന്ന പുസ്തകത്തിന് പുറത്തായി വച്ചിട്ടുണ്ടായിരുന്ന സ്കെയില്‍ കാണാതെ ബാഗില്‍ പരതുകയും പൊട്ടിയ കഷണങ്ങള്‍ കണ്ട് സങ്കടത്തോടെ അവ പുറത്തെടുക്കുകയും ചെയ്തു. അപ്പോഴേക്കും സൂരജ് മാഷ് ക്ളാസിലേക്ക് കയറി വന്നു. മാശെ കണ്ടതും ആകാശ് പൊട്ടിയ സ്കെയില്‍ കഷണങ്ങള്‍ കാണിച്ചു കൊണ്ട് പരാതി പറഞ്ഞു.

                  -സാര്‍, എന്റെ സ്കെയില്‍ ആരോ പൊട്ടിച്ചു. കഴിഞ്ഞാഴ്ച ഡാഡി വാങ്ങിച്ചു തന്നതാ.

                   ആകാശ് നീട്ടിയ സ്കെയില്‍ കഷണങ്ങള്‍ വാങ്ങിച്ച് നോക്കുമ്പോള്‍ രണ്ടു ദിവസം മുമ്പ് സീ വ്യൂ ബാറിലെ ശീതീകരിച്ച മുറിയില്‍ ആകാശിന്റെ ബിസിനസ്സുകാരനായ ഡാഡിക്കും കൂട്ടുകാര്‍ക്കുമൊപ്പം ഒന്നിച്ചത് മാഷ് ഓര്‍ത്തു. ഇതുവരെ മാഷ് കഴിച്ചിട്ടില്ലാത്ത തവളക്കാലായിരുന്നു ആകാശിന്റെ ഡാഡി അന്ന് മാഷിന് നല്കിയത്. അല്ലറച്ചില്ലറ കാര്യങ്ങളിലുള്ള അങ്ങോട്ടുമിങ്ങോട്ടുമുള്ള പാലത്തെ കുറിച്ചും നീക്കുപോക്കിനെ കുറിച്ചും ഉള്ള ഓര്‍മ്മപ്പെടുത്തലുമുണ്ടായിരുന്നു കൂടെ. തിരിച്ചു പോരുമ്പോള്‍ നല്ലൊരു തുകയും കൊടുക്കുകയുണ്ടായി.  അയാളുടെ കശുവണ്ടിക്കമ്പനിയിലുണ്ടായ തൊഴില്‍പ്രശ്നം ഒതുക്കിക്കൊടുക്കാന്‍ ഒരു ഫോണ്‍വിളി മാത്രമേ വേണ്ടിവന്നുള്ളു. അതോര്‍ത്തതും വാക്ക് പാലിക്കേണ്ടതിന്റെ ഭാഗമാണ് സ്കെയില്‍ പ്രശ്നവുമെന്ന് തിരിച്ചറിഞ്ഞു കൊണ്ട് പൊട്ടിയ സ്കെയിലിന്റെ രണ്ട് കഷണങ്ങളും  ക്ളാസില്‍ ഉയര്‍ത്തി കാണിച്ചു കൊണ്ടും അതിനിടയില്‍ മേശക്കകത്തു നിന്നും ചൂരലെടുത്തു വായുവില്‍ വീശിക്കൊണ്ടും സൂരജ് മാഷ് ചോദിച്ചു.


                 -ആരായിത് പൊട്ടിച്ചത്?

                 അതു കണ്ടതും അവന്റെ നെഞ്ച് കൂട്ടില്‍ നിന്നും പുറത്തേക്ക് വീണ പക്ഷിക്കുഞ്ഞിനെ പോലെ മിടിച്ചു. നയന്‍താരയും അനുപമയും തന്റെ പേര് മാഷോട് പറയാതിരിക്കണേ എന്ന് സൌരഭ് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. തന്റെ പ്രാര്‍ത്ഥന ഫലിക്കുന്നുണ്ടെന്ന് അവന്‍ ആശ്വസിച്ച് ചൂളിയിരിക്കെ സൌരഭിനെ ഞെട്ടിച്ചു കൊണ്ട് നയന്‍താര പറഞ്ഞു.

                 -സൌരഭാ, സാര്‍.

                 രാവിലെയും വൈകിട്ടും സ്ക്കൂളിലേക്കുള്ള ഓട്ടോറിക്ഷയില്‍ സ്നേഹത്തിന്റെ പുറത്ത് അവളെ എന്നും മടിയിലിരുത്താറുള്ളതിനെ പറ്റിയോര്‍ത്ത് അവന് തെല്ലൊന്നുമല്ല വിഷമം തോന്നിയത്. വീട്ടിലുളളവരാകട്ടെ എന്നും നയന്‍താരയെ പറ്റി പറയുന്നത് കേട്ട് അവനോട് നയന്‍താര നിന്റെ ഗേള്‍ഫ്രണ്ടാണോ എന്ന് ചോദിച്ച്് കളിയാക്കുക പതിവായിരുന്നു. അതുകേള്‍ക്കുമ്പോള്‍ കൈയില്‍ വാട്ടര്‍ ബോട്ടിലും പുറത്ത് സ്ക്കൂള്‍ ബാഗുമുള്ള യൂണിഫോമില്‍ പാറിപ്പറക്കുന്ന ഒരു പൂമ്പാറ്റയാണ് നയന്‍താരയെന്നും താനവളുടെ ബോയ്ഫ്രണ്ടാണെന്നും അവനും തോന്നും. മാഷ് കൈമാടി വിളിക്കുന്ന മേശക്കടുത്തേക്ക് നടക്കുമ്പോള്‍ അവളോട് തോന്നിയ സ്നേഹം സ്ക്കൂള്‍ മുറ്റത്തെ വെള്ലത്തില്‍ അവള്‍ക്കൊപ്പം ഇറക്കിയ കടലാസ്തോണി പൊടുന്നനെ വന്ന മഴയില്‍ കുതിര്‍ന്ന് മുങ്ങിപ്പോയതു പോലെ അവന് നഷ്ടപ്പെട്ടു പോയി.

                   സൂരജ് മാഷ് അവന്റെ വലംകൈയില്‍ ചൂരല്‍ കൊണ്ട് തൊട്ട് കൈ നീട്ടാന്‍ ആഗ്യം കാണിച്ചു. നീട്ടിയ കൈയില്‍ അടിക്കുമ്പോള്‍ മാഷ് അവനോട് ചോദിച്ചു.

                  -അന്യന്റെ മുതല് എടുക്കുമോടാ?

                  അവന്‍ ഇല്ലെന്ന് വേദന സഹിച്ചു കൊണ്ട് പറഞ്ഞു.

                 രണ്ടാമത്തെ അടിയോടൊപ്പം മുമ്പ് മാഷ് ചോദിച്ചു.

                  -അന്യന്റെ മുതല് നശിപ്പിക്കുമോടാ?

                  അവന്‍ ഇല്ലെന്ന് തലയാട്ടി.

                 അൂന്നാമത്തെ അടിക്കൊപ്പം മാഷ് പറഞ്ഞു.

                 -പൊട്ടിച്ചതിന് മറ്റൊന്ന് വാങ്ങിച്ചു കൊടുക്കണം

                  അവന്‍ സമ്മതഭാവത്തില്‍ തലയാട്ടി.

                   നാലാമത്തെ അടിക്കൊപ്പം മാഷ് ചോദിച്ചു.

                  -ഇനി കുരുത്തക്കേട് കളിക്കുമോടാ?

                  അവന്‍ ഇല്ലെന്ന് വേദനയോട് ഇതിനോടകം സമരസപ്പെട്ടുകൊണ്ട് പറഞ്ഞു.

                  ശിക്ഷണ നടപടിയില്‍ തന്നോടു തന്നെ മതിപ്പായപ്പോള്‍ സൂരജ് മാഷ് അടി നിര്‍ത്തുകയും അവന്റെ നിക്കറില്‍ വടി കൊണ്ട് തട്ടി പോയ്ക്കൊള്ളാന്‍ പറയുകയും ചെയ്തു.

                  സൌരഭിന് തിരിച്ച് ബെഞ്ചില്‍ വന്നിരുന്നിട്ടും പുസ്തകങ്ങളില്‍ ഒന്നും കണ്ടില്ല. സ്ക്കൂള്‍ വിടുന്നതു വരെ പലതരം ചിന്തകളില്‍ ഉഴറി അവന്‍ മുഖമുയര്‍ത്തിയതുമില്ല.

                  അന്ന് വീട്ടിലേക്കുള്ള യാത്രയില്‍ ഓട്ടോറിക്ഷയില്‍ ഇരിക്കുമ്പോള്‍ നയന്‍താരയെ തെല്ലൊന്നകറ്റാന്‍ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷ ഡ്രൈവര്‍ അവളെ പിടിച്ച് അവന്റെ മടിയില്‍ ഇരുത്തി. അവന്‍ തെല്ലൊന്ന് കൈകൊണ്ട് മാറ്റാന്‍ നോക്കിയെങ്കിലും അയാള്‍ കാര്‍ക്കശ്യത്തോടെ അവനെ നോക്കിക്കൊണ്ട് പറഞ്ഞു.

                  -അടുപ്പിച്ചടുപ്പിച്ച് ഇരുന്നേ. ഇനിയും പിള്ളേരൊത്തിരി കേറാനുള്ളതാ.

                    അവന്‍ ആ വാക്കുകളുടെ കാര്‍ക്കശ്യത്തില്‍ വീണ്ടും തളര്‍ന്നു. അവളുടെ വീടെത്തും വരെ നയന്‍താരയെ അവന്‍ മടിയില്‍ താങ്ങി. . ഇനി ക്ളാസ്റൂമിലെ ചുമരില്‍ മൂന്ന് ബി എന്ന് ഭംഗിയില്‍ സ്കെച്ച് പെന്നു കൊണ്ട് എഴുതിത്തുക്കുന്ന പ്രശ്നമില്ലെന്ന് അതിനോടകം തീരുമാനിക്കുകയും ചെയ്തു.   

                   വീട്ടിലെത്തിയപ്പോള്‍ അപ്പോളേക്കും കോണ്‍വെന്റില്‍ നിന്നും മടങ്ങി വന്ന ചേച്ചി അവനെ നയന്‍താര എന്നുവിളിച്ചു കളിയാക്കിയപ്പോള്‍ അവന്‍ പതിവില്ലാതെ ചേച്ചിയോട് ശണ്‍ഠ കൂടി. ചേച്ചി അവന്റെ തലയില്‍ തടവി കളിയാക്കി.

                 - ഇന്നെന്താ ഒരിക്കലുമില്ലാത്ത ദേഷ്യം. നയന്‍താര നിന്നെ വഞ്ചിച്ചോടാ.

                   അവന്‍ കുതറി. സംഗതി പന്തിയല്ലെന്ന് കണ്ട് കണ്ടുനിന്ന അമ്മ അവനെ പിടിച്ച് അകത്തേക്ക് കൈക്കു പിടിച്ച് കൊണ്ടുപോയി.
അകത്തേക്ക് പോകുമ്പോള്‍ അവന്‍ അമ്മയോട് പറഞ്ഞു.

                 -എനിക്ക് നാളേക്കൊരു സ്കെയിലു വേണം. നീളമുള്ള ഒരു നൂട്രന്‍ സ്കെയില്‍.

                  അതുകേട്ട് അമ്മ ചോദിച്ചു.

                  -നിനക്കൊന്നുണ്ടല്ലോ. പിന്നെന്തിനാ വേറൊന്ന്?

                  അവന്‍ നിലത്തിരുന്ന് സ്കെയില്‍ വേണമെന്നും പറഞ്ഞ് കരയാന്‍ തുടങ്ങി. ഒടുവില്‍ അമ്മ സമ്മതിച്ചു.

                 അന്നുരാത്രി ഏഴരയോടെ ഓഫീസ് വിട്ടു അവന്റെ അച്ഛന്‍ എത്തുകയും ടി.വി സിനിമാപാട്ടുകളില്‍ നിന്നും വാര്‍ത്താചാനലിലേക്ക് കൂടുമാറുകയും ചെയ്തു. മറ്റുള്ളവരെല്ലാം എഴുന്നേറ്റ് പോയ്ക്കൊണ്ടിരിക്കെ അവന്‍ അച്ഛന്‍ കൊണ്ടുവന്ന ചിത്രപുസ്തകം ടി.വിക്കു മുന്നില്‍ നിലത്തിരുന്നു കൊണ്ട് നിവര്‍ത്തി.

                   വാര്‍ത്താച്ചാനലുകളില്‍ നിന്നും വാര്‍ത്താച്ചാനലുകളിലേക്ക് മാറിക്കൊണ്ടിരിക്കെ അവന്‍ കേട്ടു.

                  -മാര്‍ച്ചില്‍ പരക്കെ അക്രമം. പത്രപ്രവര്‍ത്തകരെ മാര്‍ച്ച് അനുകൂലികള്‍ ആക്രമിച്ചു. ക്യാമറകള്‍ തകര്‍ത്തു.

                  അവന്‍ വെറുതെ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ടി.വിയിലെ ദ്യശ്യങ്ങളില്‍ സൂരജ് മാഷ് ചാനലുകാരില്‍ നിന്നും ക്യാമറ ബലമായി പിടിച്ചുവാങ്ങി റോഡിലിട്ടുടക്കുന്നത്  കണ്ട് തെല്ലുനേരം അന്ധാളിച്ചു നിന്നു. അപ്പോള്‍ അച്ഛന്‍ അ്ടുക്കളയിലേക്ക് അമ്മയെ വിളിച്ചു.

                  -നമ്മുടെ സൂരജ് മാഷിനെ കാണണമെങ്കില്‍ വേഗം വന്നേ.
അമ്മ ചപ്പാത്തിപ്പൊടി കൈയിലാക്കിക്കൊണ്ട് ഓടിവന്നു.

                 -എവിടെ? എവിടെ?

                  അച്ഛന്‍ പറഞ്ഞു.

                  -പ്രധാനവാര്‍ത്തയിലായിരുന്നു. ഇപ്പോള്‍ വാര്‍ത്ത വിശദമായി കാണിക്കുമ്പോള്‍ വരും.

                   സൌരഭ് അപ്പോഴും വേദനിക്കുന്ന തന്റെ വലതു ഉള്ളംകൈ ആരും കാണാതിരിക്കാന്‍ പുസ്തകത്തിനടിയിലേക്ക് പിടിച്ചുകൊണ്ട് ടി.വിയില്‍ മാഷ് വീണ്ടും വരുന്നതും കാത്ത് തവളയെ പോലെ വെറുതെ മുഖമുയര്‍ത്തിയിരുന്നു. 

                                                                 -0-