2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഇര

അരുണ്‍കുമാര്‍ പൂക്കോം


                  രാവിലെ പൂമുഖത്തിരുന്ന് അച്ഛന്‍ പകുത്തു തന്ന പത്രം വായിക്കുകയായിരുന്നു നിരുപമന്‍. അവന് കിട്ടിയത് പത്രത്തിന്റെ മുന്‍പേജ് അടങ്ങുന്ന ഷീറ്റായിരുന്നു. വാത്തകളിലൂടെയുള്ള തിരിച്ചും മറിച്ചുമുള്ള ഓട്ടപ്രദക്ഷിണത്തിന് ഒടുവില്‍ അവന്റെ കണ്ണുകള്‍ മുന്‍പേജില്‍ താഴെയായി ഇട്ടിരിക്കുന്ന വാര്‍ത്തയില്‍ തെല്ലുടക്കി. ഒരു പെണ്‍കുട്ടിയെ ചിലര്‍ ചേര്‍ന്ന് പീഢിപ്പിച്ചതിന്റെ വാര്‍ത്തയായിരുന്നു അത്. അടുത്ത കാലത്തായി അത്തരം വാര്‍ത്തകള്‍ അടിക്കടി പത്രങ്ങളില്‍ വരാറുള്ളതിനാല്‍ അവനതിലത്ര താല്പര്യം തോന്നിയില്ല. തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന വാര്‍ത്തകള്‍ വായനക്കാരന് തരുന്ന ഒരു തരം മരവിപ്പ് അവനും വന്നു പെട്ടിരുന്നു.


                    ആ വാര്‍ത്ത പകുതിയില്‍ നിര്‍ത്തി അവന്‍ രണ്ടാം പേജിലെ ഇന്നത്തെ സിനിമ നോക്കാന്‍ തുടങ്ങി. സ്ക്കൂള്‍ ഒഴിവായതിനാല്‍ പറ്റുമെങ്കില്‍ കൂട്ടുകാരോടൊത്ത് ടൌണില്‍ മാറ്റിനിക്ക് പോകണം. അതും കഴിഞ്ഞ് വൈകിട്ട് പാര്‍ക്കിലൊന്ന് ചുറ്റിത്തിരിയണം. പിന്നെ അവര്‍ക്കൊപ്പം ഇന്ത്യന്‍ കോഫി ഹൌസില്‍ നിന്നും മസാല ദോശ, അല്ലെങ്കില്‍ കട്ലറ്റ്. അതും കഴിഞ്ഞ് വീടിന്റെ കാന്തികതയിലേക്ക് മടക്കം. അല്ലെങ്കില്‍ തന്നെ അത്തരത്തിലുള്ള മടക്കമല്ലല്ലോ, ഒരര്‍ത്ഥത്തില്‍ വീടിനെ ചുറ്റിയുള്ള ഭ്രമണങ്ങളല്ലേ ഓരോ ദിവസവും എന്നവന്‍ ചിന്തിച്ചു.    


                  അവര്‍ക്കിരുവര്‍ക്കും തെല്ലകലെയായി ടൈല്‍സ് നിലത്തിരുന്ന് അവന്റെ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന അനിയത്തി കുട്ടികളുടെ പുസ്തകം വായിക്കുകയായിരുന്നു.  അവള്‍ക്കടുത്ത് സ്ക്കൂള്‍ ബാഗും സ്കെച്ച് പെന്നുകളും വാട്ടര്‍ ബോട്ടിലും കിടപ്പുണ്ടായിരുന്നു.പത്രത്തോടൊപ്പം വന്ന പുതിയ ലക്കം വായിച്ചു തീര്‍ത്തിട്ടു മാത്രമേ അവളിനി ഹോം വര്‍ക്കൊക്കെ ചെയ്യുകയുള്ളു.


                    പൊടുന്നനെ അകത്ത് അവന്റെ മൊബൈല്‍ ഫോണ്‍ അടിക്കുകയും അവന്‍ വായിച്ചു കൊണ്ടിരുന്ന പത്രവും കൈയില്‍ പിടിച്ചു കൊണ്ടുതന്നെ അതു ചെന്ന് എടുക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥ് കോളിംഗ് എന്ന് കണ്ട് ടൌണിലെ എയിം കോച്ചിങ്ങ് സെന്ററില്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേരുന്നതിനെ പറ്റി കാലത്തു തന്നെ ഓര്‍മ്മിപ്പിക്കാന്‍ വിളിക്കുകയാണെന്ന് കരുതി. ഇന്നലെ രാത്രി സംസാരിച്ച് തീരുമാനിച്ചുറപ്പിച്ചതാണ്. വല്ലതും പറയാന്‍ മറന്നത് ഓര്‍ത്തെടുത്ത് വിളിക്കുന്നതാവും എന്നു കരുതിക്കൊണ്ട് അവന്റെ ശബ്ദത്തെ  സ്ക്രീനില്‍ തൊട്ടെടുത്തു. ഫോണെടുത്തതും മറുപുറത്തു നിന്നും ആമുഖമില്ലാത്ത വിധം ധ്യതിയില്‍ പറഞ്ഞു.


                  -നീ പത്രം കണ്ടോ? നമ്മുടെ രണ്ടാമത്തെ ബഞ്ചിലെ ഗേളിയാണെടാ അത്.


                   അവന്‍ അതു കേട്ടതും രണ്ടു നാള്‍ മുമ്പ് ടൌണിലെ കാര്‍ണിവലിന് പോയപ്പോള്‍ ആകാശത്തൊട്ടിലില്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കയറിയിട്ട് അതിന്റെ ഭീകരമായ വേഗത്തിലും നിര്‍ത്താതെയുള്ള തുടര്‍ച്ചയായ കറക്കത്തിലും പെട്ടുപോയതിന്റെ ഓര്‍മ്മയിലേക്ക് വഴുതി വീണു. വലിയ കൂട്ടുകെട്ടും ബഹളവുമൊന്നുമില്ലാതെ അടക്കവും ഒതുക്കവുമുള്ള ഗേളി എന്ന പെണ്‍കുട്ടി ക്ളാസിലെ വലതുഭാഗത്തെ നീല ചെക്ക് യൂനിഫോമുകള്‍ക്കിടയില്‍ നിന്നും തന്നിലേക്ക് നീട്ടുന്ന കണ്ണുകളാലുള്ള സ്നേഹസ്പര്‍ശങ്ങള്‍ കുഞ്ഞുന്നാളില്‍ കണ്ട മേയുന്ന മാനിന്റെ കണ്ണുകളെന്നോണം അവനെ തരളമായി തഴുകി പോയെങ്കിലും നൊടിയിടെ അവന്റെ മനസ്സിലേക്ക് ഒരു കൂട്ടം ചെന്നായ്ക്കള്‍ക്കിടയില്‍ പെട്ട മാന്‍ അടുത്തുള്ള പാറയില്‍ തല തല്ലി ചാവുന്നതിന്റെ ടി.വി ചാനല്‍ ദ്യശ്യവും ഓടിയെത്തി.


                   പ്ളസ് റ്റു ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ അവന്‍ ആദ്യമായി കണ്ടത് അവളെയായിരുന്നു. അവളുടെ കൂടെ മുത്തശ്ശിയായിരുന്നു ഉണ്ടായിരുന്നത്. മറ്റെല്ലാവരും അവരുടെ അച്ഛന്റെ കൂടെ വന്നപ്പോള്‍ അവള്‍ മാത്രം വേറിട്ടു നിന്നതിനാല്‍ അവനപ്പോള്‍ തന്നെ അവളെ ശ്രദ്ധിച്ചിരുന്നു. ക്ളാസിലെ എല്ലാവരെയും മെല്ലെ മെല്ല പരിചയപ്പെടുമ്പോള്‍ അവളുമായി പരിചയത്തിലേക്ക്  കടക്കാനുള്ള പാസ്സ്വേഡായിരുന്നു മുത്തശ്ശി.


                  -അതാരായിരുന്നു? ഗ്രാന്റ്മയായിരുന്നോ?


                   അവള്‍ ഒതുക്കത്തോടെ തിരക്കി.


                  -ആര്?


                    -അന്ന് ഇന്റര്‍വ്യൂന് കൂടെയുണ്ടായിരുന്നത്?


                   അവള്‍ അതെ എന്ന് തല കുലുക്കി.


                   നല്ല പെണ്‍കുട്ടി എന്ന് അപ്പോള്‍ തന്നെ അവന്‍ അവള്‍ക്ക് മനസ്സു കൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്കി. മറ്റു ചില പെണ്‍കുട്ടികളെ പോലെ ജാഡയോ കളിപ്പീരോ അഹങ്കാരമോ ഇല്ലാത്ത പെണ്‍കുട്ടി. അതു കൊണ്ടു തന്നെ അവന് സിദ്ധാര്‍ത്ഥിനെ വിശ്വസിക്കാനായില്ല. അവളുടെ ലേറ്റസ്റ് ദ്യശ്യങ്ങളില്‍ നിന്നും മനസ്സിലെ ഒരു മൌസ് ക്ളിക്കില്‍ നാലു ദിവസം മുമ്പ്  അവന്‍ നീട്ടിയ കോഫീബൈറ്റ് മിഠായി വാങ്ങി കവര്‍ പൊളിച്ച് വായിലേക്കിടുന്ന അവളെ അവന്‍ കണ്ടു. കൂടെ അവളുടെ മുന്‍ബെഞ്ചില്‍ ഇരിക്കുന്ന ശ്രേയയുടെ പിന്തിരിഞ്ഞു നോക്കിക്കൊണ്ടുള്ള ചോദ്യവും പോന്നു.


                  -എന്തേ നീരു അവള്‍ക്ക് മാത്രം? ങ്ങാ.. ങ്ങാ.. നടക്കട്ടെ. നടക്കട്ടെ.


                   അതു കേട്ട് മിഠായി നുണയുന്ന അവളുടെ ഇരു കവിളുകളിലേക്കും റോസ് നിറമുള്ള പനിനീര്‍പ്പൂക്കള്‍ വിരിഞ്ഞിറങ്ങുന്നത് അവന്‍ കാണുകയും മനസ്സിന്റെ ഫോള്‍ഡറില്‍ അപ്പോള്‍ തന്നെ സേവ് ചെയ്യുകയും ചെയ്തു. അത്തരമൊന്ന് തീര്‍ത്തത്  താന്‍ നല്കിയ മിഠായിയാണല്ലോ എന്ന തോന്നല്‍ കെമിസ്ട്രി ലാബില്‍ ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ  ചീഞ്ഞമുട്ടയുടെ മണം തന്റെകൈകളിലെ ടെസ്റ്ട്യൂബില്‍ നിന്നും ഉയരുമ്പോള്‍ പോലും ഓര്‍ത്തു.


                   അന്ന് വീട്ടിലെത്തിയപ്പോഴും അവന്‍ ഓര്‍ത്തത് അവളുമായി തനിക്കുള്ള ചീഞ്ഞ മുട്ടയുടെ മണം പോലും മറന്നുപോകുന്ന തരത്തിലുള്ള എന്തോ ഒന്നിനെ കുറിച്ചായിരുന്നു. പ്രണയം ഒരു മോശം ഇടപാടാണെന്ന് മറുചിന്തകള്‍ വന്ന് എത്തി നോക്കുന്നതിനാലും ആയതിന് അവന് തെല്ല് ധൈര്യമില്ലാത്തതിനാലും വെറും ഇന്‍ഫാക്ച്ച്വേഷന്‍ മാത്രമാണോ അതെന്ന് സംശയമുള്ളതിനാലും അതിനെ കുറിച്ച് ചിന്തിച്ച് യുക്തമായ തീരുമാനത്തിലെത്താനായി അവനന്ന് കൂട്ടുകാരെ എല്ലാവരെയും ഒഴിവാക്കി ഒറ്റക്കാണ് വീട്ടിലേക്ക് പോയത്.

                   അപ്പൂപ്പന്‍ താടി പോലെ പറക്കാന്‍ പറ്റുന്ന എന്തോ ഒന്ന് അവര്‍ തമ്മിലുണ്ടെന്ന തോന്നിച്ചയാല്‍ വീട്ടിലെത്തി നെറ്റില്‍ നിന്നും ഡി.ഡി.എല്‍.ജെയും ദില്‍ ഹൈ കെ മാന്‍താ നഹിയും ഡൌണ്‍ലോഡ് ചെയ്ത് ഒറ്റയിരിപ്പിന് കാണുകയുമുണ്ടായി. പിറ്റേന്ന് അവളോടൊപ്പം നടക്കാന്‍ പറ്റുന്ന വിധത്തില്‍ തന്റെ വഴികളെ ക്രമപ്പെടുത്തുകയും ഒന്നിച്ച് രണ്ടുമൂന്നു പേര്‍ കൂടെയുണ്ടെന്ന് കണ്ട് അത്യന്തം ഖിന്നനാവുകയുമുണ്ടായി.                 


                   സിദ്ധാര്‍ത്ഥിന്റെ അപ്പുറത്തു നിന്നും തുടരെയുള്ള ഹലോ..ഹലോ വിളികള്‍ക്കിടയില്‍ പത്രത്തിലെ വാര്‍ത്ത തിരക്കിട്ട് മറിച്ച് കണ്ടെത്തി അവന്‍ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു.


                   -നിന്നോടാരാ പറഞ്ഞത്?


                   -കാശ്യപ് വിളിച്ചു പറഞ്ഞതാണ്. അവനോട് ചേച്ചി പറഞ്ഞതാണ്. നിനക്കറിയില്ലേ മെഡിക്കല്‍ കോളേജില്‍ നേഴ്സായി വര്‍ക്കു ചെയ്യുന്ന അവന്റെ ചേച്ചിയെ? ഇന്ത്യന്‍ കോഫീ ഹൌസില്‍ വെച്ച് കഴിഞ്ഞാഴ്ച കണ്ട ചേച്ചി. അന്ന് സയന്‍സ് വേള്‍ഡിന്റെ ക്വിസ് പ്രോഗ്രാമും കഴിഞ്ഞ് ചായ കഴിക്കാന്‍ കയറിയപ്പോള്‍ നമ്മളെയും ടീച്ചേഴ്സിനെയും  കണ്ട് അടുത്തു വന്ന് വര്‍ത്തമാനം പറഞ്ഞ ചേച്ചി.


                    ചാനലിന്റെ സ്റുഡിയോയില്‍ ക്യാമറക്കു മുന്നില്‍ ക്വിസ് മാസ്ററുടെ ചോദ്യങ്ങള്‍ക്ക് തന്റെ ചെവിയിലേക്ക് ചാഞ്ഞ് ഉത്തരം പറയുന്ന ഗേളി തന്റെ അടിവയറ്റില്‍ നിന്നും ഉച്ചിയിലേക്ക് പൊടുന്നനെ പാഞ്ഞുപോയ ഭയമായിട്ടാണ് ഓടിയെത്തിയത്. സിദ്ധാര്‍ത്ഥും കാശ്യപും ശ്രേയയുമൊക്കെ കാണികളുടെ സീറ്റിലിരുന്ന് അവരുടെ ഉത്തരങ്ങള്‍ക്ക് കൈയടിച്ചു കൊണ്ടിരുന്നു.പരിപാടി ടെലികാസ്റ് ചെയ്തപ്പോള്‍ വായ പൊത്തിക്കൊണ്ടുള്ള അവളുടെ തന്റെ അടുത്തേക്കുള്ള ഓരോ ചരിവും കണ്ട് ഒടുവില്‍ അമ്മ ചോദിച്ചത് അവനോര്‍ത്തു.


                   -നിനക്ക് ഒന്നുമറിയില്ലായിരുന്നോടാ.        


                   അവന്റെ അച്ഛനും അനിയത്തിയും അതു കേട്ട് ചിരിച്ചു.


                   അവന്‍ സിദ്ധാര്‍ത്ഥിനോട്  പറഞ്ഞു.


                 - ഓര്‍മ്മയുണ്ട്.


                  -അവളുള്ളതു കൊണ്ടാണ് നമുക്ക് ഫസ്റടിച്ചതു തന്നെ. അവളിപ്പോള്‍ ഐ.സി.യുവിലാണ്. ഹൈലി ക്രിറ്റിക്കല്‍ സ്റേജിലാണ്. കോമയിലാണെന്നാണ് പറഞ്ഞു കേട്ടത്. ചേച്ചിക്കായിരുന്നത്രെ ഇന്നലെ ചാര്‍ജ്ജ്. അവളെ കണ്ടതും ചേച്ചി തിരിച്ചറിഞ്ഞത്രെ.


                  -എന്താ ഉണ്ടായേ?


                    -ഡാന്‍സ് ക്ളാസും കഴിഞ്ഞ് വരുന്ന വഴി വൈകിട്ട് ആരൊക്കെയോ ടാറ്റാ സുമോയില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയതാണത്രെ. അവളുടെ വീടിനടുത്തുള്ള പണി തീരാത്ത ഫ്ലാറ്റിന്റെ മുമ്പില്‍ നിന്നായിരുന്നത്രെ സംഭവം.  ചുറ്റുവട്ടത്തൊക്കെ വീടൊക്കെ ഉണ്ടെങ്കിലും ടൌണ്‍ ഏരിയയില്‍ ആര് ആരെ അറിയുന്നു. എല്ലാവരും അവരവരുടെ വീട്ടിനുള്ളിലല്ലേ. ഫ്ലാറ്റിന്റെ ഏറ്റവും മുകള്‍ നിലയില്‍ ഉണ്ടായിരുന്ന നാലഞ്ച് ബംഗാളി തൊഴിലാളികള്‍ മാത്രമാണ് കണ്ടത്.  അവര്‍ എട്ടാം നിലയില്‍ നിന്നും ഓടി ഇറങ്ങിയെത്തുമ്പോഴേക്കും അവന്‍മാര് എത്തേണ്ടിടത്ത് എത്തിയിരുന്നു. അവര്‍ ഒച്ച വെച്ച് ആളുകളെ കൂട്ടിയെങ്കിലും അവര്‍ ബംഗാളിയില്‍ പറഞ്ഞതൊന്നും ആദ്യമാദ്യം മറ്റുള്ളവര്‍ക്കൊട്ട് മനസ്സിലായതുമില്ല.


                   അവന്‍ അത്യന്തം പരിഭ്രമത്തോടെയും നിസ്സഹായതയോടെയും  ചോദിച്ചു.


                   -അവള്‍ക്ക് കാറില്‍ നിന്നും ഒന്ന് വിളിച്ചു കൂവാമായിരുന്നില്ലേ? അതു കേട്ട് വഴിയിലുള്ള ആരെങ്കിലുമൊക്കെ രക്ഷപ്പെടുത്തുമായിരുന്നല്ലോ.            


                 - അവന്‍മാര് അവള്‍ക്ക് മയക്കുമരുന്നോ മറ്റോ കുത്തിവെച്ചു കാണും. അവള്‍ കോമയിലാകാന്‍ കാരണം തന്നെ അങ്ങനെ എന്തെങ്കിലുമാകും. വഴങ്ങാതെ വന്നപ്പോള്‍ തല പിടിച്ച് എവിടെയെങ്കിലും ശക്തിയില്‍ ഇടിച്ചിട്ടാകാനും മതി.


                   തന്റെ അടുത്തേക്ക് ചായുന്ന ഗേളിയുടെ കാച്ചിയ വെളിച്ചെണ്ണയുടെയും ചന്ദനത്തിന്റെയും കഴുത്തിന് പിന്നിലായി മുടിയില്‍ തിരുകിയ തുളസിക്കതിരിന്റെയും അവളുടെ തന്നെയും സമ്മിശ്ര മണം അവന്റെ ഓര്‍മ്മയിലേക്ക് വരികയും  അവന്‍ ഫോണിലേക്ക് എന്തോ അവ്യക്തമായി പറയുകയുമുണ്ടായി. അതെന്താണെന്ന് മനസ്സിലാകാതെ അങ്ങേ തലക്കല്‍ നിന്നും സിദ്ധാര്‍ത്ഥ് വീണ്ടും ഹലോ.. ഹലോ എന്ന് വിളിച്ചു കൊണ്ടിരുന്നു.


                  നിരുപമന്റെ ശബ്ദത്തിലെ പതറിച്ചയും പരിഭ്രമവും മറ്റും കണ്ട് അച്ഛന്‍ പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ നിന്നും മുഖമുയര്‍ത്തി കണ്ണടകള്‍ക്കിടയിലൂടെ പുരികങ്ങള്‍ രണ്ടു തവണ മുകളിലേക്കും താഴേക്കും ചലിപ്പിച്ച് കണ്ണുകള്‍ കൊണ്ട് എന്താണ് കാര്യം എന്ന് ചോദിച്ചു. അവന്‍ വാര്‍ത്ത നീട്ടിക്കൊണ്ട് അച്ഛനോട് പറഞ്ഞു.


                  -ഗേളിയാണത്രെ ഇത്.


                  -ആര്? ക്വിസ് കോംപീറ്റേഷന് നിന്റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയോ?


                   അവന്‍ അതെ എന്ന് തലയാട്ടി.


                    അച്ഛന്‍ പത്രത്തിലെ വാര്‍ത്ത വായിച്ചതെങ്കിലും വീണ്ടും ഒരു തവണ കൂടി വായിച്ചു. അപ്പോഴേക്കും അവര്‍ക്ക് നല്കാനായി കാലത്ത് പതിവുള്ള  കോഫിയുമായി വന്ന അമ്മയും കാര്യമറിഞ്ഞ് പത്രത്തിലേക്ക് കഴുത്ത് നീട്ടി.


                   നിരുപമന്‍ സിദ്ധാര്‍ത്ഥിനോട് ചോദിച്ചു.


                    -നമുക്കൊന്ന് ഹോസ്പിറ്റല്‍ വരെ ഒന്നു പോയാലോ?


                   അവന്റെ ചോദ്യം കേട്ടതും അച്ഛന്‍ അസ്വസ്ഥതയോടെ കയര്‍ത്തു.


                 -എവിടെ പോകുന്നെന്ന്? എവിടെയും ആരും പോകുന്നില്ല.


                   അച്ഛന്‍ ദേഷ്യപ്പെട്ട് പറയുന്നത് കേട്ട് അപ്പോഴേക്കും സിദ്ധാര്‍ത്ഥ് കോള്‍ കട്ട് ചെയ്തിരുന്നു. അച്ഛന്റെ അസ്വസ്ഥതയെ മനസ്സിലാക്കി കൊണ്ട് അമ്മ പറഞ്ഞു.


                  -മോനേ, കുഴപ്പം പിടിച്ച കേസല്ലേ അത്? നിങ്ങളാരും അങ്ങോട്ടൊന്നും പോണ്ട. വല്ല പൊല്ലാപ്പും വന്നു പെട്ടാല്‍ ആകെ ബുദ്ധിമുട്ടാകും.


                    അപ്പോഴേക്കും അച്ഛനും ശബ്ദം മയപ്പെടുത്തി പറഞ്ഞു.


                 -ഹോസ്പിറ്റലിനെ ചുറ്റിപ്പറ്റി ഇതിനോടകം പലരും കാണും. കേസിന്റെ നീക്കുപോക്കറിയാന്‍ അവന്‍മാരും അവിടവിടെയൊക്കെ കാണും. അവന്‍മാരല്ലെങ്കില്‍ അവന്‍മാരുടെ കൂട്ടക്കാര്‍. എന്തിനാണ് നമുക്ക് വേണ്ടാത്ത പൊല്ലാപ്പ്?

  
                   അവന്‍ തിരിച്ചൊന്നും പറയാതെ ദുഃഖത്തോടെ അകത്തേക്ക് തലയും താഴ്ത്തിപ്പോയി. മുറിയിലെ കംപ്യൂട്ടറിന്റെ മുന്നില്‍ പോയിരുന്ന് വെറുതെയെന്ന വണ്ണം തുറന്നു. തികച്ചും യാന്ത്രികമായി അതു ചെയ്യുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയോട് തോന്നാവുന്ന ഒരു ആണിന്റെ അകല്‍ച്ച തനിക്ക് അവളോട് തോന്നുന്നതിനെ അവന്‍ ചെറുതായി തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. അതേ സമയം തനിക്കവളോട് തോന്നിയിരുന്ന സ്നേഹവും അവന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു.


                   അവളുമായി ചാറ്റു ചെയ്യുന്നതിനെ ഓര്‍ത്തുകൊണ്ട് അവന്‍ ഇമെയില്‍ വെറുതെ ചെക്കു ചൈയ്യാന്‍ തുടങ്ങി. അവളുടെ ഇമെയില്‍ ഐഡിയില്‍ അവന്‍ ക്ളിക്ക് ചെയ്തു. അവളുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു. ആദ്യമൊന്നും അവളുടെ ഫോട്ടോ ഇമെയില്‍ ഐഡിയോടൊപ്പം നല്കിയിരുന്നില്ല. അവന്‍ നിര്‍ബന്ധിച്ചിട്ടാണ് ഫോട്ടോ ചേര്‍ത്തതു തന്നെ. കംപ്യൂട്ടറില്‍ ഫോട്ടോയൊന്നും ധൈര്യത്തില്‍ ഇടാന്‍ പറ്റില്ല എന്നവള്‍ ചാറ്റിംഗിനിടയില്‍ പറഞ്ഞിരുന്നു. അവളുടെ ഗള്‍ഫിലുള്ള അച്ഛനോട് രാത്രി എന്നും ചാറ്റ് ചെയ്ത് ശീലമുള്ളതിനാല്‍ ചാറ്റിംഗിന് ക്ഷണിച്ചപ്പോള്‍ അവള്‍ മറുത്തൊന്നും പറഞ്ഞില്ല. അവള്‍ അത് ആഗ്രഹിച്ചതു പോലെ തോന്നി. ചാറ്റിംഗില്‍ എന്നെ വിശ്വാസമില്ലേ എന്ന ചോദ്യത്തിന്‍ മേലാണ് ഫോട്ടോ നല്കാന്‍ അവള്‍ വഴങ്ങിയത്. ആ ഫോട്ടോയും നോക്കിയിരിക്കുക അവന്റെ വലിയ ഇഷ്ടങ്ങളിലൊന്നായിരുന്നു. അമ്മ ചെറുപ്പത്തിലേ മരിച്ചു പോയ പെണ്‍കുട്ടി എന്ന സഹതാപവും അവനെ അവളിലേക്ക് അടുപ്പിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ അവള്‍ ഏതോ അന്യഗ്രഹജീവിയെ പോലെ അവന് അന്യയായി തോന്നിച്ചു. താന്‍ ക്രൂരനാണെന്ന് അവന്‍ തന്നെ തന്നെ ശപിക്കാനും തുടങ്ങി.


                 അവന്‍ കംപ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്ത് ആശയക്കുഴപ്പങ്ങളില്‍ ഉഴറി വരാന്തയിലേക്ക് തിരിച്ചു വന്നു. അച്ഛന്‍ എഡിറ്റോറിയല്‍ പേജിലേക്ക് കൂപ്പുകുത്തിയിരുന്നു. അനിയത്തി ഇടതു കൈമുട്ട് തറയില്‍ കുത്തി ചാഞ്ഞിരുന്ന് കൂട്ടം തെറ്റിയ മുയല്‍ക്കുട്ടിക്ക് അതിന്റെ അമ്മയുടെ അടുത്തേക്ക് സ്കെച്ച് പെന്നു കൊണ്ട് വഴി കാണിച്ചു കൊടുക്കുകയായിരുന്നു. അതിന്റെ ഇടതു വശത്തെ പേജില്‍ കാട്ടില്‍ ഒളിഞ്ഞിരുന്ന ഒരു ചെന്നായയെ അവള്‍ കുത്തുകള്‍ യോജിപ്പിച്ച് കണ്ടെത്തിക്കഴിഞ്ഞിരുന്നു.


                  അപ്പോള്‍ തൊടിയില്‍ നിന്നും ഉപ്പന്‍മാരുടെ ശബ്ദം കേട്ട് അവന്‍ അങ്ങോട്ട് നോക്കി. ചെടിക്കമ്പുകളില്‍ നിന്നും തൊട്ടടുത്ത ചെടിക്കമ്പുകളിലേക്ക് പറന്നു മാറിക്കൊണ്ട് താഴത്തേക്ക് നോക്കി അവ പ്രത്യേകതരം ശബ്ദമുണ്ടാക്കുന്നത് കണ്ട് അച്ഛനും അനിയത്തിയുമൊക്കെ അവയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അവ മുറ്റത്തിന്റെ ഘടങ്ങിന് അപ്പുറം താഴത്തേക്ക് പറന്നിറങ്ങി വീണ്ടും ചെടിക്കൊമ്പുകളിലേക്ക് മടങ്ങുന്നു. ചീവീട്,  പുഴു, പ്രാണി പോലുള്ള  ചെറിയ ഇരകളെ അവ ശബ്ദങ്ങളുണ്ടാക്കി ആഘോഷിക്കാറില്ല. ഉപ്പന്‍മാര്‍ക്ക് ആഘോഷിക്കാനുതകുന്ന തരത്തിലുള്ള കാര്യമായ ഒരു ഇര പെട്ടിട്ടുണ്ടെന്ന് അവന് മനസ്സിലായി.


                    നിരുപമന്‍ മുറ്റത്തേക്കിറങ്ങി തൊടിയിലേക്ക് മുഖമെത്തിച്ചു നോക്കി. ഒരു ചെറിയ അണ്ണാന്‍കുഞ്ഞ് ഘടങ്ങിനോട് ചേര്‍ന്ന് കൂനിയിരുന്ന് വിറക്കുന്നു. അതിന്റെ വയര്‍ പേടികൊണ്ട് ശക്തമായി ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു. കൂട്ടില്‍ നിന്നും ഉപ്പന്‍മാര്‍ അതിനെ കൊത്തി വീഴ്ത്തിയതോ ചിലപ്പോള്‍ കൂട്ടില്‍ നിന്നും നടക്കാന്‍ പഠിക്കുമ്പോള്‍ താഴെ വീണതോ ആകാമെന്ന് അവന്‍ നിരൂപിച്ചു. ഉപ്പന്‍മാര്‍ അവനെ പരിഗണിക്കാതെ വീണ്ടും കൊത്താനായി അതിന്റെ നേര്‍ക്ക് പറന്നിറങ്ങുന്നതു കണ്ട് അവന്‍ അവയെ കൈ കൊണ്ട് ആട്ടിയകറ്റാന്‍ ശ്രമിച്ചു. തങ്ങള്‍ക്ക് കിട്ടിയ ഇരയെ പെട്ടെന്നു തന്നെ കൈ വിടാന്‍ പക്ഷേ അവക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അവ തെല്ല് ദൂരേക്ക് മാറിയെങ്കിലും വീണ്ടും അണ്ണാന്‍കുഞ്ഞിന്റെ അടുത്തുള്ള ചെടിച്ചില്ലകളിലേക്ക് പാറിവന്നു.  അവന്‍ അവയെ ഉടനെ മുറ്റത്തു കിടന്ന കല്ലുകള്‍ എടുത്ത് എറിഞ്ഞോടിച്ചു.


                  അനിയത്തി വരാന്തയില്‍ തൂണും ചാരി നോക്കി നിന്നിടത്തു നിന്നും മുറ്റത്തേക്കിറങ്ങി അവന്റെ അടുത്തേക്ക് വരുന്നതിനിടയില്‍ ചോദിച്ചു.


                  -എന്താ, ചേട്ടാ അത്?


                   തൊടിയിലേക്ക് ഘടങ്ങ് കടന്നു വെച്ച് ഇറങ്ങുന്നതിനിടയില്‍ അവന്‍ പറഞ്ഞു.


                  -ഒരു അണ്ണാന്‍കുഞ്ഞ്.  


                   അവന്‍ കുനിഞ്ഞ് അതിനെ കൈയിലെടുത്തു. തെല്ലുപോലും പ്രതിഷേധിക്കാന്‍ പറ്റാത്ത വിധം അത് പേടിച്ചു പോയിരുന്നു. അതിന്റെ ഉടലില്‍ അവന്‍ മെല്ലെ തൊട്ടു. അത് അപ്പോഴും അതിയായ ശക്തിയോടെ മിടിച്ചു കൊണ്ടിരുന്നു. ചുറ്റും വട്ടത്തില്‍ വരക്കുന്ന കീരിയുടെ മൂത്രം വിഷമുള്ള പാമ്പിനെ പോലും തളര്‍ത്തിക്കളയുന്നു എന്ന് പറഞ്ഞു കേട്ടത് എത്ര ശരിയാണെന്ന് അവനോര്‍ത്തു. വേട്ടക്കാരുടെ കൈയില്‍ പെട്ടുപോയാല്‍ ഇര മനസ്സു കൊണ്ട് മരിക്കാന്‍ തയ്യാറായി കഴിഞ്ഞിരിക്കുമെന്ന് അവന് അണ്ണാന്‍കുഞ്ഞിന്റെ ഇറുക്കിയടച്ച കണ്ണുകളും താഴ്ത്തിപ്പിടിച്ച മുഖവും കണ്ട് ബോധ്യപ്പെട്ടു.


                  അവന്‍ അതിനെ അനിയത്തിയുടെ നീട്ടിയ കൈയിലേക്ക് വെച്ചു കൊടുത്തു. അവള്‍ അതിനെയുമെടുത്ത് പൂമുഖത്തേക്ക് കയറാന്‍ നേരം സ്വീകരണമുറിയില്‍ നിന്നും പുറത്തിറങ്ങിക്കൊണ്ട് അമ്മ ചോദിച്ചു.


                  -ഇതെന്തിനാ പിള്ളേരേ നിങ്ങള്‍ അതിനെ ഇങ്ങോട്ടെടുക്കുന്നത്?


                   അനിയത്തിയാണ് ഉത്തരം പറഞ്ഞത്.


                   -പോറ്റാനാ.


                    അച്ഛന്‍ അനിയത്തിയുടെ അടുത്തേക്ക് നീങ്ങിച്ചെന്ന്


                   അണ്ണാന്‍കുഞ്ഞിനെ നോക്കിക്കൊണ്ട് പറഞ്ഞു.


                     -നന്നേ കുഞ്ഞാണ്. വല്ല പൂച്ചയോ നായയോ കടിച്ചു കൊണ്ടുപോകും.


                    അനിയത്തി അതിനെ തുറന്നു വെച്ച പുസ്തകത്തില്‍ മുയല്‍ക്കുട്ടിക്ക് വഴി കാണിച്ചു കൊടുക്കാമോ എന്നതിന്റെ മേല്‍ വെച്ചു. മുറ്റത്തേക്ക് ഇറങ്ങുന്നതിനു മുമ്പ് അനിയത്തി അതില്‍ പകുതി വരെ വഴി വരഞ്ഞു വെച്ചിരുന്നു.


                  അപ്പോള്‍ പുറത്ത് വേവലാതിയോടെ ചിലച്ചുകൊണ്ട് രണ്ട് അണ്ണാന്‍മാര്‍ ചെടികളിലേക്ക് ഓടിയെത്തി. അവയെ കണ്ട് അമ്മ പറഞ്ഞു.


                    -അതിന്റെ തള്ളയാണെന്നു തോന്നുന്നു. കുട്ടിയെ വല്ലതും പിടിക്കുന്നത് നോക്കാതെ എവിടെ പോയി വരുന്നു, ആവോ?


                     അവന്‍ അവയെ കണ്ടതും അനിയത്തിയുടെ വിലക്ക് വകവെക്കാതെ അതിനെ എടുത്ത് മുറ്റത്തേക്ക് വെച്ചു കൊടുത്തു.
അവര്‍ നോക്കിനില്ക്കെ അതിലൊരു അണ്ണാന്‍ മുറ്റത്തേക്ക് ഇറങ്ങി വരികയും കുഞ്ഞിനെ കടിച്ചു കൊണ്ടുപോവുകയും ചെയ്തു.


                  അനിയത്തി അതു കണ്ട് സങ്കടത്തോടെ പറഞ്ഞു.


                   -കൊടുക്കേണ്ടായിരുന്നു. നമുക്ക് പോറ്റാമായിരുന്നു.


                   അവന്‍ അവളെ സമാധാനിപ്പിച്ചു.


                   -സാരമില്ല. അതിന് അതിന്റെ തള്ളയല്ലേ വലുത്.


                  അതും പറഞ്ഞ് അവന്‍ അകത്തേക്ക് പോവുകയും മുറിയിലിരുന്ന് നിലവിളിക്കാനാവാതെ പോയ ഗേളിയെ തിരിച്ചറിഞ്ഞു കൊണ്ട് ഒരു ടെക്സ്റ്റ് മെസേജ് അടിക്കാന്‍ തുടങ്ങി.


                  -പതിനൊന്നു മണിക്ക് മെഡിക്കല്‍ കോളേജില്‍ എത്തുക. അവസാനമായി നമുക്കവളെ ഒന്നു കാണേണ്ടതുണ്ട്.


                    അനന്തരം അവന്‍ കോണ്ടാക്റ്റില്‍ നിന്നും സിദ്ധാര്‍ത്ഥിനെ കണ്ടെടുക്കുകയും സെന്റ് ബട്ടന്‍ അമര്‍ത്തുകയും ചെയ്തു.


                      മൊബൈല്‍ ഫോണില്‍ നിന്നും ആ മെസേജ് ആത്മാവിനെ പോലെ പറന്നുപോയി.

                                                                        -0-
   
       

2011, ജൂലൈ 13, ബുധനാഴ്‌ച

അപഥസഞ്ചാരങ്ങള്‍

അരുണ്‍കുമാര്‍ പൂക്കോം
                 
                 
                   മകളുടെ കൈയും പിടിച്ച് മുറ്റത്തേക്കിറങ്ങുമ്പോള്‍ ഒന്നാം ക്ളാസിലേക്ക് ആദ്യമായി പോയ ദിവസത്തെ പോലെയൊന്നും അവള്‍ കരയാത്തതെന്തെന്ന് നാരായണന്‍ മാഷ് ആലോചിക്കാതിരുന്നില്ല. തന്നെ കണ്ടപ്പോള്‍ അവള്‍ ഒന്നു വിതുമ്പുക പോലും ചെയ്തില്ല. ഇളക്കമില്ലാത്ത കായല്‍ കണക്ക് വെറുതെ തെല്ലു നേരം ഇമ വെട്ടാതെ നോക്കി. അത്രതന്നെ. അവളുടെ കണ്ണുകളിലെ നിര്‍വ്വികാരത മാഷെ തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്.
               
                   വലിയ ഗെയിറ്റും കടന്ന് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ ആശ്വാസമെന്നോണം ഒരു ഓട്ടോ എതിരെ വന്നു.മകളെ മുതുകില്‍ ചേര്‍ത്തു പിടിച്ച് ഓട്ടോയില്‍ കയറ്റുന്നതിനിടയില്‍ മാഷ് ഇടറിയ ശബ്ദത്തോടെ പറഞ്ഞു.

                   -ടാക്സി സ്റാന്റ്.

                    മാഷുടെ ശബ്ദത്തിലെ ഇടര്‍ച്ച തിരിച്ചറിഞ്ഞ് മുന്നിലെ കണ്ണാടിയോട് ഡ്രൈവര്‍ ചോദിച്ചു.

                   -എന്താ, എന്തുപറ്റി?

                   മാഷ് ഒന്നുമില്ലെന്ന് കൈ കൊണ്ട് ചോദ്യങ്ങള്‍ നിരുത്സാഹപ്പെടുത്തുന്ന വിധം ആംഗ്യം കാട്ടി. ഓട്ടോ ഓടിക്കുന്നതിനിടയിലും  ഡ്രൈവര്‍ സംശയത്തോടെ ഇടക്കിടെ പിന്‍സീറ്റിലെ കാഴ്ചകള്‍ക്കായി കണ്ണാടിയില്‍ നോക്കിക്കൊണ്ടിരുന്നു. കണ്ണാടിയില്‍ ഡ്രൈവറുമായി കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ ഇനിയുള്ള നാളുകളില്‍ അത്തരം സംശയങ്ങളെ ഒട്ടനവധി തീര്‍ത്തു കൊടുക്കേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചുകൊണ്ട് മാഷ് മകള്‍ക്കു നേരെ തെല്ലൊന്ന് മുഖം തിരിച്ചു. പുറത്തേക്കു വെറുതെ എന്ന വണ്ണം നോക്കിയിരിക്കുന്ന അവളുടെ ഇടത്തെ കണ്ണിന്റെ വെള്ള മാത്രമേ മാഷ് കണ്ടുള്ളു. അത് ഒന്നും എഴുതാത്ത കടലാസ് പോലെ വരണ്ടിരുന്നു.

                   ടൌണില്‍ നിന്നും വീട്ടിലേക്ക് ടാക്സി പിടിച്ചു. ഓട്ടോറിക്ഷക്കാരനുണ്ടായിരുന്നതു പോലുള്ള സംശയങ്ങള്‍ യാതൊന്നും തോന്നാത്ത ടാക്സിക്കാരന്റെ പെരുമാറ്റം യാത്രയില്‍ തെല്ലൊന്നുമല്ല ആശ്വാസമായത്. ഇടക്കെപ്പോഴോ റോഡിലെ കുഴികളെ പറ്റിയും ട്രാഫിക് നിയമം തെറ്റിച്ച് ഇടതു ഭാഗത്തു കൂടെ അതിവേഗം ഓവര്‍ടേക്ക് ചെയ്ത മീശ മുളക്കാത്ത പയ്യനെ പറ്റിയും എന്തോ പറഞ്ഞെന്നല്ലാതെ അയാള്‍ യാത്രയിലുടനീളം നിശ്ശബ്ദനായിരുന്നു.               

                    അതിനോടകം അവളുടെ ശരീരത്തിന്റെ ഭാഷ അച്ഛന്റെ ചിറകിന് അടിയിലേക്ക് മാറിയതിന്റെ   മാറ്റങ്ങളും കാണിക്കാന്‍ തുടങ്ങിയിരുന്നു. തെല്ലു നേരം മുമ്പൊക്കെ അവള്‍ കൂട്ടില്‍ നിന്നും പുറത്തേക്ക് എറിയപ്പെട്ട ഒരു പക്ഷിക്കുഞ്ഞിനെ പോലെ നിരാലംബയായിരുന്നു. അവളെ തൊട്ടിരിക്കുമ്പോള്‍ മാഷത് തിരിച്ചറിയുകയും ചെയ്തു. കാര്‍ ഡ്രൈവര്‍ക്ക് സംശയങ്ങള്‍ തോന്നാതിരിക്കാന്‍ ചേര്‍ത്തു പിടിക്കുന്നത് വേണ്ടെന്ന് അവരിരുവരും പരസ്പരം പറഞ്ഞില്ലെങ്കില്‍ പോലും അദ്യശ്യമായ ആശയവിനിമയത്തിലൂടെ തീരുമാനിച്ചിരുന്നു.

                   വീട്ടുമുറ്റത്ത് കാര്‍ വന്നു നില്ക്കുമ്പോള്‍ മാഷുടെ ഭാര്യ കുളിമുറിയില്‍ ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടിയുടെ മണം കഴുകിക്കളയുകയായിരുന്നു. പൈപ്പ് നന്നായി തുറന്നിട്ടിരുന്നതിനാലും മൂളിപ്പാട്ട് പാടുന്നതിനാലും ടി.വി ശബ്ദത്തോടെ വെച്ചിരുന്നതിനാലും കാറ് വന്നുപോയതോ അതിനെ ഇഷ്ടപ്പെടാഞ്ഞ് നായ കുരക്കുന്നതോ മാഷുടെ ഉറക്കെയുള്ള ഒന്നുരണ്ടു വിളികളോ അവര്‍ കേട്ടതില്ല. ഒടുവില്‍ കേട്ടപ്പോള്‍ അവര്‍ വിളിച്ചു ചോദിച്ചു.

                  -ഇതെന്താ ഇത്ര നേരത്തെ? ഇന്ന് സ്ക്കൂളില്ലേ?

                   -നീയൊന്ന് വേഗം വാതില്‍ തുറക്ക്.

                   മാഷ് അക്ഷമയോടെ വിളിച്ചു പറഞ്ഞു.

                   -ഞാന്‍ കുളിക്കുകയാണ്. അല്പനേരം അവിടെയിരിക്ക്.

                    അതു കേട്ടതും മാഷുടെ ശ്രമപ്പെട്ട് ഉണ്ടാക്കിയ ക്ഷമ നശിച്ചു. മാഷ് ഒച്ചയുയര്‍ത്തി കയര്‍ത്തു.

                  -നിന്നോട് പറഞ്ഞതു കേട്ടില്ലേ?

                   താന്‍ ഒച്ചയുയര്‍ത്തിയത് മകളെ വിഷമിപ്പിച്ചു കാണുമോ എന്ന് ഉടനെ സംശയം തോന്നുകയും അവളെ ദയനീയമായി നോക്കുകയും ചെയ്തു. പിന്നില്‍ നില്ക്കുകയായിരുന്ന അവള്‍ അച്ഛനുമായി ഇടഞ്ഞ കണ്ണുകള്‍ മെല്ലെ മുറ്റത്തെ പട്ടിക്കൂട്ടിലേക്ക് മാറ്റിക്കളഞ്ഞു. അപ്പോള്‍ നായ കുര നിര്‍ത്തി അവരോട് വാലാട്ടിക്കൊണ്ടു നില്ക്കുകയായിരുന്നു. അതിന് തന്നോടുള്ള സ്നേഹം കണ്ടപ്പോള്‍ അവളുടെ മനസ്സിന് തെല്ലൊന്ന് ആശ്വാസമായി.    

                   താന്‍ കേട്ടത് തന്റെ ഭര്‍ത്താവിന്റെ ശബ്ദം തന്നെയോ എന്ന സംശയമാണ് മാഷുടെ ഭാര്യക്ക് ആദ്യം ഉണ്ടായത്. അനാവശ്യത്തിന് പോയിട്ട് ആവശ്യത്തിനു പോലും ദേഷ്യം പിടിക്കാത്ത പ്രക്യതമാണ്്. അവര്‍ കുളി പകുതിക്കിട്ട് വസ്ത്രം മാറി വേഗം തന്നെ വന്ന് വാതില്‍ തുറന്നു. വിവശനായ മാഷെയും കൂടെ മകളെയും കണ്ട് ഒരു നിമിഷം തരിച്ചിരുന്നു. പിന്നെ, മാഷ്ക്ക് തടയാന്‍ കഴിയുന്നതിന് മുമ്പേ അവര്‍ നിലവിളിച്ചു കൊണ്ട് മകളെ കെട്ടിപ്പിടിച്ചു.


                   അയല്‍ക്കാരൊക്കെ നിലവിളി കേട്ട് ഓടി വരുന്നത് കണ്ടപ്പോള്‍ മാഷ് മകളെ നെഞ്ചോട് ചേര്‍ത്ത് അകത്തേക്ക് കൂട്ടി കൊണ്ടുപോയി. മാഷുടെ ഭാര്യ നിലവിളിയുടെ ഭാഗമെന്നോണം എന്തൊക്കെയോ കൈ കൊണ്ടും മറ്റും മാഷോട് ചോദിച്ചു കൊണ്ട് പിന്നാലെ ചെന്നു. മാഷ് മകളെ പിടിച്ചു കൊണ്ടു നടക്കുന്നതിനിടയില്‍ തിരിഞ്ഞു നോക്കി കൊണ്ട് അവരെ പതിയെ ശാസിച്ചു.

                  -ബഹളം വെക്കല്ലേ. ബഹളം വെക്കല്ലേ.

                  തന്റെ സ്വന്തം മുറിയും കട്ടിലും കണ്ടപ്പോള്‍ മകള്‍ കട്ടിലിലേക്ക് വീണു. പരിഭ്രമത്തോടെ മാഷുടെ ഭാര്യ അവളുടെ പുറം തടവിക്കൊടുക്കാന്‍ തുടങ്ങി. മാഷ് അയല്‍ക്കാരുടെ ചോദ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ഓടി വന്ന സ്ത്രീകള്‍ അതിനോടകം അകത്തേക്ക് കയറിപ്പോയിരുന്നു.                

                  എല്ലാവരും പോയപ്പോള്‍ മാഷോട് ഭാര്യ സ്വകാര്യം ചോദിച്ചു.

                   -അവളെന്തേലും പറഞ്ഞോ?

                   മാഷ് ഇല്ലെന്നു തലയാട്ടി.

                  -അവള്‍ എന്നോടും ഒന്നും പറഞ്ഞില്ല.

                   മാഷ് അകത്തു ചെന്നു അവള്‍ കാണാതെ അവളുടെ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടു വന്ന് അതിലെ മെസേജുകളും കോളുകളും പരിശോധിച്ചു. ഇപ്പോഴുള്ള പല ദാമ്പത്യബന്ധങ്ങളും തകര്‍ന്നു പോകുന്നത് മൊബൈല്‍ ഫോണിന്റെ യാതൊരു നിയന്ത്രണവുമില്ലാത്ത ഉപയോഗം കൊണ്ടാണെന്ന് മാഷ് കഴിഞ്ഞ ലക്കം ഒരു ആഴ്ചപ്പതിപ്പില്‍ എഴുതിയിട്ട് തിരിഞ്ഞു നില്ക്കുമ്പോഴേക്കും തനിക്കും അത്തരമൊരു വിധി വന്നല്ലോ എന്ന് തന്നെ തന്നെ ശപിച്ചു. പക്ഷേ, അതില്‍ സംശയിക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല. അതിലെ അവസാനത്തെ കോള്‍ അവിടെ ചെന്ന് വിളിച്ചു കൊണ്ടുപോരാന്‍ അവള്‍ അന്നു കാലത്ത് തന്നെ വിളിച്ചതാണെന്ന് മാഷ് കണ്ടു.

                   മകള്‍ക്ക് പഠനത്തില്‍ മാത്രമായിരുന്നുവല്ലോ ശ്രദ്ധ എന്ന് മാഷ് ആശ്വസിച്ചു. എം.ബി.എയില്‍ യൂനിവേഴ്സിറ്റി റാങ്ക് ഹോള്‍ഡര്‍ ആയിരുന്നുവല്ലോ അവള്‍. അവള്‍ക്ക് ലഭിച്ച ഭര്‍ത്താവും അവളുടെ വിദ്യാഭ്യാസത്തിന് പറ്റിയ ആള്‍ തന്നെ. അവളുടെ ഭര്‍ത്താവ് മറുനാട്ടില്‍ എഞ്ചിനീയറായിരുന്നു. നീണ്ടു വെളുത്ത് സുമുഖനായ നല്ല പെരുമാറ്റക്കാരന്‍. എന്നിട്ടും അവര്‍ തമ്മില്‍ എന്താണ് സ്വരച്ചേര്‍ച്ചയില്ലായ്മ എന്ന് മാഷക്ക്  ഒരു എത്തും പിടിയും കിട്ടിയില്ല. വിരുന്നിനും മറ്റുമായി വീട്ടിലേക്ക് വന്നപ്പോള്‍ രണ്ടുപേരും നല്ല സന്തോഷത്തിലുമായിരുന്നു. അങ്ങോട്ട് ചെന്നപ്പോഴും നല്ല സ്വീകരണമായിരുന്നു. മകളുടെ ഭര്‍ത്താവിന്റെ അമ്മ മാഷക്ക് പ്രമേഹമായതിനാല്‍ പഞ്ചസാരയിടാത്ത ചായ നല്കാന്‍ ശുഷ്കാന്തി കാണിച്ചു. വല്ല സൌന്ദര്യപ്പിണക്കവുമാണെങ്കില്‍ എല്ലാം ആറിത്തണുത്താല്‍ രണ്ടുപേരെയും ഒരുമിപ്പിക്കാം എന്ന് മാഷ് മനസ്സില്‍ കണ്ടു. അത്തരമൊരു സാഹചര്യത്തെ കണ്ട് അവളെ കൂട്ടിക്കൊണ്ടു പോരുമ്പോള്‍ അവിടെയുള്ള ആരോടും തന്നെ കടുപ്പിച്ചോ സങ്കടപ്പെട്ടോ എന്തെങ്കിലും പറയാന്‍ മാഷ് നിന്നതുമില്ല. ഇരുവരും വഴക്കു കൂടിയതു കൊണ്ടോ എന്തോ മകളുടെ ഭര്‍ത്താവ് അകത്തെ മുറിയില്‍ നിന്നും പുറത്തേക്ക് വന്നതുമില്ല. മാഷ് കാണണമെന്ന് പറഞ്ഞതുമില്ല.

                   അന്ന് രാത്രി മാഷുടെ ഭാര്യ മകള്‍ക്ക് കൂട്ടു കിടന്നു. ഒറ്റക്ക് മുറിയില്‍ കിടക്കവേ മാഷ് തന്റെ ദാമ്പത്യം ഓര്‍ത്തെടുത്തു. നാട്ടിലെ ഹെല്‍ത്ത് സെന്ററില്‍ നഴ്സായി വന്ന ദൂരനാട്ടുകാരിയെ മാഷ് ആദ്യമായി കാണുന്നത് ടെറ്റ്നസ്സിന് ഇഞ്ചെക്ഷന്‍ എടുക്കാന്‍ പോയപ്പോഴാണ്. ഓഫീസിലക്ക് പോകും വഴിക്ക് റബ്ബര്‍ ചെരുപ്പ് തുളച്ചു കയറിയാണ് ശീലക്കുട പോലെയുള്ള ആണി കൊണ്ട് കാലു തെല്ല് ആഴത്തില്‍ മുറിഞ്ഞത്. ഡോക്ടര്‍ എഴുതിത്തന്ന മരുന്നുചീട്ട് വാങ്ങി അകത്തേക്ക് പോയത് വളരെ പ്രായമുള്ള നഴ്സായിരുന്നു. തിരിച്ച് ഇഞ്ചക്ഷന്‍ സിറിഞ്ചുമായി വന്ന അരയന്നത്തെ കണ്ട് തൊടിയിലെ തുമ്പപ്പൂക്കളെ മാഷ് ഓര്‍ത്തു പോയി. അവര്‍ ചിരിച്ചെങ്കിലും മാഷക്ക് ചിരിക്കാനായില്ല. സൂചി തുളച്ചുകയറിയപ്പോള്‍ മാഷ് വേദന കൊണ്ട് അറിയാതെ ശബ്ദമുണ്ടാക്കി. പഞ്ഞി കൊണ്ട് സൂചി വെച്ചിടം തടവുമ്പോള്‍ അവര്‍ മെല്ലെ ചിരിച്ചു കൊണ്ട് ചോദിച്ചു.

                  -എന്താത് കൊച്ചു കുട്ടികളെ പോലെ?                            

                   പിറ്റേന്ന് കാലത്ത് മകള്‍ അലമാരയില്‍ നിന്നും അവളുടെ വസ്ത്രങ്ങളൊക്കെ എടുത്ത് പോയി നന്നായി കുളിച്ച് ഒന്നുമൊന്നും സംഭവിക്കാത്ത പോലെ അവളുടെ കംപ്യൂട്ടര്‍ തുറന്നു. ഇന്റര്‍നെറ്റില്‍ വിക്കിപീഡിയയില്‍ അവള്‍ക്കറിയാവുന്നവ തുന്നിച്ചേര്‍ക്കാന്‍ തുടങ്ങി. കല്യാണത്തിന് മുമ്പ് അവളുടെ ഹോബിയായിരുന്നു അത്. അതു കണ്ട് മാഷക്ക് തെല്ല് ആശ്വാസമായി. ഇന്നലെ മുഴുവന്‍ ഒറ്റ കിടപ്പായിരുന്ന മകള്‍ പഴയതു പോലെ പെരുമാറാന്‍ തുടങ്ങിയല്ലോ എന്ന് മാഷ് മനസ്സില്‍ കരുതി. മാഷ് മുറിയിലേക്ക് ചെന്ന് അവള്‍ക്കടുത്തായി ഒരു കസേര നീക്കിയിട്ടിരുന്നു.

                  -എന്താ മോളേ ഉണ്ടായേ?

                   മാഷ് നയത്തില്‍ ചോദിച്ചു.

                  -പറയാന്‍ പാടില്ലാത്തതു വല്ലതുമാണെങ്കില്‍ പറയണ്ട.   

                  അവള്‍ ഒന്നും പറഞ്ഞില്ല.

                  -ആളുകള്‍ അതുമിതും പറയാന്‍ തുടങ്ങിയത്രെ. എന്റെ ഒരു


                   ഫ്രണ്ട് വിളിച്ചു പറഞ്ഞത്.

                  മാഷ് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. അവള്‍ അപ്പോഴും ഒന്നും പറഞ്ഞില്ല. മകളോട് പറയാന്‍ പാടില്ലാത്തതിനെ മാഷ് സംഗ്രഹിച്ചു.

                   -എന്താണ് പറ്റിയത് എന്നു പറഞ്ഞാല്‍ ആളുകള്‍ അതുമിതും അപവാദം പറയുന്നത് ഒഴിവാക്കാം.

                  വന്ന മാഷുടെ ഭാര്യയും അതു ശരി വെച്ചു.

                    അവള്‍ കീ ബോര്‍ഡില്‍ അനായാസം വിരലുകള്‍ ചലിപ്പിക്കുന്നതിനിടയില്‍ മെല്ലെ പറഞ്ഞു.

                  -ബന്ധം വിടുന്ന ഏതൊരു പെണ്ണും മറ്റുള്ളവര്‍ക്ക് പുതുകഥകളും പുതുവിവരങ്ങളും ചേര്‍ക്കാനുള്ളതാണ്. ചിലത് എരിവും പുളിയും കൂടും. അതൊക്കെ ഓരോരുത്തരുടെ താല്പര്യം പോലിരിക്കും.അതില്‍ വലിയ കാര്യമൊന്നുമില്ലച്ഛാ.

                  -മോളെ, എന്നാലും.. 

                   അവള്‍ മോണിറ്ററില്‍ നോക്കിക്കൊണ്ട് പറഞ്ഞു.

                   -ചിലത് മറ്റു ചിലര്‍ എടുത്തു കളയും. ചിലര്‍ കൂട്ടിച്ചേര്‍ക്കും. വിപുലീകരിച്ചു കൊണ്ടിരിക്കും. ഒരു സ്വതന്ത്രകൂട്ടായ്മ.

                   മാഷും ഭാര്യയും എന്തെന്നറിയാതെ പരസ്പരം നോക്കി.
മാഷുടെ ഭാര്യ ചോദിച്ചു.

                   -നിങ്ങള്‍ തമ്മില്‍ വലിയ ഇഷ്ടായിരുന്നല്ലോ?

                   അവള്‍ മെല്ലെ അതെ എന്ന് തലയാട്ടി. പിന്നെ മൌസില്‍ കൈയെത്തിച്ച് പറഞ്ഞു.

                   -അയാള്‍ നിങ്ങള്‍ കരുതുന്നതു പോലെയുള്ള ആളേ അല്ല.

                  മാഷ് ചെറുക്കനെ പറ്റി സുഹ്യത്തുക്കളോടൊക്കെ അന്വേഷിച്ചു തന്നെയായിരുന്നു അവന് അവളെ കല്യാണം കഴിച്ചു കൊടുത്തത്. എന്തുകൊണ്ടും നല്ലതാണെന്ന് എല്ലാവരും പറഞ്ഞു.

                  -എന്താ മോളേ നീയീ പറയുന്നത്?

                  മാഷുടെ ശബ്ദം വിറ പൂണ്ടു.

                   അന്തിച്ചു നില്ക്കുന്ന മാഷോട് വെളിയില്‍ പോകാന്‍ മാഷുടെ ഭാര്യ പറഞ്ഞു. മാഷ് പുറത്തു പോയപ്പോള്‍ അവര്‍ മകളോട് സ്വകാര്യമായി ചോദിച്ചു.

                 -എന്തേ ഉണ്ടായേ?

                  അവള്‍ അലക്ഷ്യമായി മോണിറ്ററില്‍ കഴ്സര്‍ ഓടിച്ചു കൊണ്ട് പറഞ്ഞു.

                 -ഹണിമൂണിന് പോയിടത്ത് ഹോട്ടലിലെ റൂമില്‍ കണ്ണാടി മേല്‍ വിരല്‍ വെച്ചു നോക്കുമ്പോള്‍ അപ്പടി ററൂ വേ ഗ്ളാസ്. ബാത്ത്റൂമില്‍ മൊബൈല്‍ ഫോണ്‍ മിണ്ടുന്നതേയില്ല.

                  -അതിനെന്താ മോളേ?

                  അമ്മ വെറും പൊട്ടത്തിയാണല്ലോ എന്ന ഭാവത്തില്‍ അവള്‍ അവരെ നോക്കി. പിന്നെ പറഞ്ഞു.

                   - നിറയെ ക്യാമറകള്‍. അപ്പുറത്തു നിന്നും നാമറിയാതെ നോക്കാവുന്ന കണ്ണാടികള്‍.

                   -എന്റീശ്വരാ

                   അവള്‍ അലക്ഷ്യമായി പറഞ്ഞു.

                  -ഞാന്‍ അവനോട് ചെന്നു പറഞ്ഞു. വലിയ ഹോട്ടലായാല്‍ അങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ലവലേശം നാണമില്ലാതെ അവന്‍ പറഞ്ഞു. ഹോട്ടലിലെ മാനേജറും അവനും വളരെ ക്ളോസ് ഫ്രണ്ട്സാണെന്ന് ഹോട്ടലില്‍ കയറിയപ്പോഴേ മനസ്സിലായതാണ്. 

                   ഒളിഞ്ഞു കേള്‍ക്കുന്നത് മോശമാണെന്ന ആത്മനിന്ദയോടെ ആയിരുന്നെങ്കിലും ചുമരോട് ചേര്‍ന്ന് ചെവി വട്ടം പിടിച്ച മാഷ് അവിടെ നിന്നും മുറിയിലെ ഈസിച്ചെയറിലേക്ക് ഇടിഞ്ഞ മനസ്സിനെ ചായ്ച്ചു കിടത്തി. രണ്ടാഴ്ച മുമ്പ് സ്ക്കൂളിലെ ഏഴാം ക്ളാസിലെ ആണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ അവരുടെ ബാഗില്‍ നിന്നും ഹെഡ്മാഷ് പിടിച്ചെടുത്തത് ഓര്‍ത്തു. അന്നു വൈകിട്ട് സ്ക്കൂള്‍ വിട്ട് ബസ്സ്റ്റോപ്പിലേക്ക് ഒന്നിച്ച് നടക്കുമ്പോള്‍ ഹെഡ്മാഷ് പറഞ്ഞു.

                   -പുറത്തറിഞ്ഞ് കുട്ട്യോള് കുറഞ്ഞ് ഡിവിഷന്‍ ഫോള് വരണ്ടാന്ന് കരുതീട്ടാ മൂടിവെക്കാന്‍ സ്റാഫ് മീറ്റിംഗില്‍ പറഞ്ഞത്. പെണ്‍കുട്ടികളുടെ ലാട്രിനായിരുന്നു മൊത്തം.   

                   അത്തരമൊന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ ചിലരില്‍ കണ്ടേക്കാവുന്ന ഉത്സാഹക്കൂടുതല്‍ മീറ്റിംഗില്‍ ചില അദ്ധ്യാപകരില്‍ കണ്ടതു കൊണ്ടുതന്നെ മാഷുടെ മനസ്സ് വിഷമിച്ചു നില്ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ  വിശദമായൊന്നും തിരക്കിയില്ല. വീണ്ടും അത് ഹെഡ്മാഷുമായി ചര്‍ച്ചക്ക് എടുക്കാന്‍ മാഷ് ഇഷ്ടപ്പെട്ടുമില്ല. അദ്ദേഹത്തിന്റെ പെന്‍ഷന്‍ പേപ്പറുകള്‍ പൂരിപ്പിച്ച് എത്രയും പെട്ടെന്ന് അയച്ചു കൊടുക്കാന്‍  പറഞ്ഞ് വിഷയം മാറ്റുകയും ചെയ്തു.


                   മാഷുടെ മൊബൈല്‍ ഫോണിലെ ഡയല്‍ ടോണ്‍ ഓര്‍മ്മയെ മുറിച്ചു. ഈസിച്ചെയറില്‍ നിന്നും കൈയെത്തിച്ച് അതെടുത്തപ്പോള്‍ ആരോ ഒരാള്‍ അങ്ങേത്തലക്കു നിന്നും പരിഹാസച്ചുവയോടെ പറഞ്ഞു.

                  -മല്ലു ഹോട്ട് - ആമ്പല്‍ പെണ്‍കൊടി എന്നൊന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്തു നോക്കിക്കേ മാഷേ. ഇതിനോടകം പതിനാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി എട്ട് വ്യൂവേഴ്സ് കണ്ടുകഴിഞ്ഞു. ഉടനെ സെര്‍ച്ച് ചെയ്താല്‍ മാഷക്ക് തൊട്ടടുത്ത നമ്പറാകാം.


                   പെട്ടെന്ന് മറുപുറത്ത് ഫോണ്‍ കട്ടു ചെയ്തു കളഞ്ഞു. പരിഭ്രാന്തിയോടെ തിരിച്ചു വിളിച്ചപ്പോള്‍ ഫോണെടുത്തയാള്‍ അതൊരു കോയിന്‍ ബോക്സാണെന്നും ആരാണ് തൊട്ടു മുമ്പ് വിളിച്ചതെന്ന് ശ്രദ്ധിച്ചില്ലെന്നുമാണ് പറഞ്ഞത്. 

                   അന്നു രാത്രി മാഷ് മുറ്റത്തു കൂടെ പലതും ആലോചിച്ച് വേവലാതിപ്പെട്ട് നടക്കവേ  ഒരു  എലി കേബിള്‍ വയറിലൂടെ ശബ്ദം കേള്‍പ്പിക്കാതെ ഓടി വന്ന് തട്ടിന്‍പുറത്തേക്ക് കയറുന്നത് കണ്ടു. ഓരോ വീട്ടിലെയും രഹസ്യങ്ങള്‍ എലികളാണ് ചോര്‍ത്തി പരസ്യപ്പെടുത്തിക്കളയുന്നത് എന്ന് അപ്പോള്‍ മാഷിന് തോന്നി. കേബിള്‍ വയറുകളും ഇലക്ടിക് വയറുകളും എല്ലാ വീടുകളെയും മറ്റ് കെട്ടിടങ്ങളെയും തമ്മില്‍ കൂട്ടി വരക്കുന്നവയാണെന്നും അതൊരു സഞ്ചാരമാര്‍ഗ്ഗമാണെന്നും ഉള്ളതിനെ കുറിച്ച് മാഷ് അപ്പോഴാണ് ചിന്തിച്ചത്.

                    അനന്തരം മാഷ് ചുട്ട കപ്പ കോര്‍ത്ത് വയറും പിളര്‍ത്തി എലിപ്പെട്ടി വെക്കുന്നതിനെ കുറിച്ചാലോചിച്ചു. ഉടനെ തന്നെ മറിച്ചും ആലോചിച്ചു.

                    -എലികള്‍ പാവം. അവക്ക് കണ്ണുകള്‍ കൊണ്ട് കാണാനാവാത്ത വലക്കണ്ണികളിലൂടെ ഓടാനാവില്ലല്ലോ.   

                                                            

                                                                        -0-

2011, ജൂലൈ 8, വെള്ളിയാഴ്‌ച

കപ്പല്‍ച്ചേതങ്ങള്‍

അരുണ്‍കുമാര്‍ പൂക്കോം

കപ്പല്‍ച്ചേതങ്ങളില്‍
മനസ്സ് എന്നും
തകര്‍ന്നു പോകുന്നു.
ഒന്നുമൊന്നും
വെട്ടിപ്പിടിക്കാനാവാതെ
കടലില്‍ മുങ്ങിത്താഴുന്നു.
ചത്തതിനൊക്കുമേ
കരക്കടിയുന്നു.
ആരോരും കണ്ടെത്താത്ത
പുതുകരകളില്‍
ഒരിക്കലും
കാലുകുത്തുന്നതേയില്ല.
മരണം പോലും
കൈവിട്ടുകളയുന്നതെന്തേ,
ആവോ?
-0-