2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ദൂരക്കാഴ്ചകള്‍


അരുണ്‍കുമാര്‍ പൂക്കോം
              

                     റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റിലെ അപ്പര്‍ബെര്‍ത്തില്‍ ഉറക്കം വരാതെ നേര്‍ത്ത വെളിച്ചത്തില്‍ റെയില്‍വേ സ്റേഷനിലെ ന്യൂസ് സ്റാന്റില്‍ നിന്നും വാങ്ങിയ ഒരു ആഴ്ചപ്പതിപ്പില്‍ നോക്കുന്നുണ്ടെങ്കിലും അനന്തുവിന് വായിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. താഴേക്ക് നോക്കിയപ്പോള്‍ അയാള്‍ കാലിന്‍മേല്‍ കാലു കയറ്റി വെച്ച് ഉപ്പൂറ്റി വെറുതെ തടവിക്കൊണ്ടിരിക്കുന്നു. നേരത്തെ പരസ്പരം വര്‍ത്തമാനം പറഞ്ഞെങ്കിലും പേര് ചോദിക്കുകയുണ്ടായില്ല. അയാളുടെ ഭാര്യ താഴെ ബര്‍ത്തില്‍ ബോഗി ചാരി ഇരുന്നുറങ്ങുന്ന സ്ത്രീയുടെ മടിയില്‍ തലവെച്ച് ഉറങ്ങുകയാണ്. ആ സ്ത്രീ അവളുടെ അമ്മയോ അല്ലെങ്കില്‍ അയാളുടെ അമ്മയോ ആണെന്നു തോന്നുന്നു. അനന്തുവിന്റെ ഭാര്യ ഷേര്‍ലി അടുത്തുള്ള അപ്പര്‍ ബര്‍ത്തില്‍ നല്ല ഉറക്കത്തിലാണ്. കുട്ടികള്‍ രണ്ടുപേരും ഒരുമിച്ച് അതിനപ്പുറത്തെ ബര്‍ത്തില്‍ കിടന്നുറക്കം തന്നെ. ട്രെയിനില്‍ കയറിയതു മുതല്‍ ഭക്ഷണസമയം ഒഴിച്ച് ജാലകക്കാഴ്ചകളിലും അന്യോന്യമുള്ള കുസ്യതികളിലുമായിരുന്നു  രണ്ടുപേരും. 


                  അനന്തു ഷര്‍ട്ടിന്റെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുക്കുകയും അതിലെ തന്റെ ഫോട്ടോ ശേഖരത്തില്‍ നിന്നും അവളുടെ പഴയ ബ്ളേക്ക് ആന്റ് വൈറ്റ് ഫോട്ടോയുടെ മൊബൈല്‍ ഫോണ്‍ കൊണ്ട് എടുത്ത മങ്ങിക്കിട്ടിയ ഫോട്ടോയിലേക്ക് സങ്കടത്തോടെ നോക്കിക്കൊണ്ടിരുന്നു. അവന് അതുവരെയും പേരറിയാത്ത പെണ്‍കുട്ടിയായിരുന്നു അവള്‍. അവന്‍ പണ്ട് കണ്ടതില്‍ നിന്നും അവള്‍ പെണ്‍കുട്ടിയില്‍ നിന്നും വളര്‍ന്ന് സ്ത്രീ ആയെങ്കിലും അവന്റെ മൊബൈല്‍ ഫോണിലെ ഫോട്ടോയില്‍ അവള്‍ അപ്പോഴും കറുപ്പിലും വെളുപ്പിലും പെണ്‍കുട്ടിയായി തന്നെയിരുന്നു.  


                   യു.ഡി. ക്ളര്‍ക്കില്‍ നിന്നും അനന്തുവിന് ഹെഡ് ക്ളര്‍ക്കായി പ്രെമോഷന്‍ പോസ്റിംഗ് ലഭിച്ചത് തിരുവനന്തപുരത്തേക്കായിരുന്നു. അതുവരെ ചെയ്തു വന്ന ജോലിയില്‍ നിന്നും പോരുമ്പോള്‍ തനിക്ക് ഏതാണ്ട് പതിനേഴുകൊല്ലത്തോളം ആസ്പദമായ സ്ഥാപനത്തെ വിട്ടു പോരാന്‍ അവന് വിഷമമുണ്ടായിരുന്നു. കൂടെ ജോലി ചെയ്തവരില്‍ എന്നും ഒന്നിച്ചു നടക്കാറുണ്ടായിരുന്ന സുഹ്യത്തുക്കളായ രണ്ടുപേര്‍ റെയില്‍വേ സ്റേഷന്‍ വരെ വന്ന് യാത്രയയക്കുകയുമുണ്ടായി. കൂടെ ഭാര്യയെയും കുട്ടികളെയും രണ്ടു മൂന്നു ദിവസത്തേക്ക് കൂടെ കൂട്ടുകയും ചെയ്തു. അവള്‍ പഠിപ്പിക്കുന്ന സ്ക്കൂളില്‍ ഏഴിലും അഞ്ചിലുമാണ് രണ്ടു പെണ്‍കുട്ടികളും. ദൂരത്തേക്ക് സ്ഥലംമാറ്റം കിട്ടിയതില്‍ അവര്‍ക്ക് തെല്ലൊന്നുമായിരുന്നില്ല വിഷമം.


                 ഒറ്റക്ക് പോകാന്‍ ഒരുങ്ങിയതാണ്. അപ്പോഴാണ് ഷേര്‍ലി അനന്തപത്മനാഭ സ്വാമി ക്ഷേത്രം ഒന്നു കൂടെ കാണണമെന്നു പറയുന്നത്. കുട്ടികള്‍ക്കും അതു കേട്ടപ്പോള്‍ ഉത്സാഹമായി. അനന്തപത്മനാഭസ്വാമി ക്ഷേത്രം, കനകക്കുന്നു കൊട്ടാരം, കന്യാകുമാരിയിലെ ഉദയാസ്തമയങ്ങള്‍, കോവളം ബീച്ച് എല്ലാം ഒരു തവണ കൂടി കാണാനുള്ള അവസരം കളയാന്‍ വയ്യെന്നും പറഞ്ഞാണ് സ്ക്കൂളില്‍ നിന്നും ലീവെടുത്ത് കൂടെ കൂടിയിരിക്കുന്നത്. ഷേര്‍ലിക്ക് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചാര മണലുകളില്‍ ഒരുപാടു നേരം വീണ്ടും ഇരിക്കണമത്രെ. ക്ഷേത്രത്തില്‍ അമൂല്യ നിധികള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് സുരക്ഷ ശക്തമാക്കിയതോടെ അതിനി പഴയതു പോലെ സാധിക്കില്ലെന്ന് അനന്തു പറഞ്ഞപ്പോള്‍ അവിടുത്തെ പഞ്ചാര മണല്‍ ഒന്നു കണ്ടാല്‍ മാത്രം മതിയെന്ന് അവള്‍ സ്വയം ഒത്തുതീര്‍പ്പിലെത്തി.  കല്യാണം കഴിഞ്ഞ ഉടനെ അവള്‍ക്കൊപ്പം അവിടെ ഒരുപാടു നേരം ഇരുന്ന ഓര്‍മ്മ അനന്തുവിലേക്കും ഗ്യഹാതുരതയോടെ ഓടിയെത്തിയിരുന്നു.


                  തീവണ്ടിയില്‍ കയറി അവരെ സീറ്റുകളില്‍ ഇരുത്തി വാതിലിനടുത്തേക്ക് തിരിച്ചു വന്നു. വാതിലിനടുത്തു നിന്നുകൊണ്ട് കൂട്ടുകാരോട്  സംസാരിച്ചു കൊണ്ട് കൈവീശി യാത്ര പറഞ്ഞുകൊണ്ട് നില്ക്കുമ്പോഴാണ് അവളെ ചുമലിനോട് ചേര്‍ത്തു പിടിച്ചുകൊണ്ട് അയാളും പ്രായമായ ആ സ്ത്രീയും വാതിലിനടുത്തെത്തിയത്. ട്രെയിന്‍ കിട്ടാനായി തിരക്കുകൂട്ടി വന്നതിന്റെ എല്ലാ ലക്ഷണങ്ങളും അയാളുടെയും ആ സ്ത്രീയുടെയും മുഖങ്ങളിലുണ്ടായിരുന്നു.


                   വാതിലിനടുത്തായി നില്ക്കുന്ന അനന്തുവിന്റെ സുഹ്യത്തുക്കളോടും വാതില്‍ പടിയില്‍ നില്ക്കുന്ന അനന്തുവിനോടുമായി അയാള്‍ തിടുക്കത്തില്‍ പറഞ്ഞു.


                  -ഒന്നു വഴി തരണേ. സുഖമില്ലാത്ത ആളാണ്.


                  
                  നോക്കുമ്പോള്‍ അവള്‍ തലവഴി സാരി മൂടിയിരുന്നു. ഒരു പക്ഷേ അയാള്‍ പിടിക്കുമ്പോള്‍ തിരക്കില്‍ തലയിലിട്ടിരുന്ന സാരി മുഖം മറച്ചതായിരിക്കാം. അവന്‍ അവരെ അത്രയൊന്നും ശ്രദ്ധിക്കാതെ സുഹ്യത്തുക്കളോട് യാത്ര പറയേണ്ടതിനാല്‍ ബന്ധപ്പാടോടെ കംപാര്‍ട്ടുമെന്റിന്റെ ഉള്ളിലേക്കു വലിയുകയും തൊട്ടടുത്ത ജാലകത്തിന്റെ അടുത്തേക്ക് പുറത്തേക്ക് കുനിഞ്ഞു നോക്കിക്കൊണ്ട് നീങ്ങുകയും ചെയ്തു. അവന്റെ സുഹ്യത്തുക്കളും ഒരു കടലാസിന് മുകളില്‍ താഴത്തെ കാന്തത്തിന്റെ ശക്തിയാല്‍ നീങ്ങുന്ന മൊട്ടുസൂചികളെ പോലെ പ്ളാറ്റ്ഫോമില്‍ അവന്‍ നില്ക്കുന്ന ജാലകത്തിന്റെ അടുത്തേക്ക്  ദ്രുതവേഗത്തില്‍ ഓടിയെത്തി. വണ്ടി എടുക്കുവാന്‍ പോകയാണെന്ന് കണ്ട് അവന്‍ അവരെ ആര്‍ദ്രതയോടെയും സ്നേഹത്തോടെയും നോക്കി കൈവീശി.


                  അനന്തു ഷേര്‍ലിയുടെയും കുട്ടികളുടെയും അടുത്തെത്തിയപ്പോഴേക്കും  അയാളും രോഗിയായ അവളും പ്രായമായ സ്ത്രീയും അവരുടെ സീറ്റിന് എതിര്‍വശത്തായി ഇരിപ്പിടം പിടിച്ചിരുന്നു. അവന്‍ തോളിലുണ്ടായിരുന്ന ബാഗ് ഇരിക്കുന്നതിന് മുമ്പ് തലക്കു മുകളിലുള്ള ഹുക്കില്‍ ഘടിപ്പിക്കുകയും പിന്നെ അലക്ഷ്യമായെന്ന വണ്ണം അവരെ നോക്കുകയും ചെയ്തു. അപ്പോഴേക്കും അവളുടെ മുഖത്തു നിന്നും സാരിത്തലപ്പ് മാറ്റിയിരുന്നു. അവന്‍ പെട്ടെന്ന് സങ്കടങ്ങളിലേക്കും  അപ്പുറത്തെ പാളത്തിലൂടെ എതിര്‍ഭാഗത്തേക്ക് ചീറിവന്ന് ഓടുന്ന മറ്റൊരു തീവണ്ടി തീര്‍ത്ത വലിയ ശബ്ദതാളത്തിലേക്കും ഏതാണ്ട് പത്തുകൊല്ലങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മ്മയില്‍ മായാതെ നില്ക്കുന്ന പുലര്‍കാലത്ത് കണ്ട ഒരു അബ്സേഡ് സ്വപ്നത്തിലേക്കും ഒരേ നിമിഷം വലിച്ചെറിയപ്പെട്ടു. യാത്ര പറയുന്നതിന്റെ തിരക്കില്‍ ശ്രദ്ധിക്കാത്തതിനാലോ കൊല്ലങ്ങളോളമായി കാണാത്തതിനാലും പ്രസവിച്ചതിനാലോ തെല്ലൊന്ന് പ്രായമായതിനാലോ മറ്റോ ആയിരിക്കാം അവളെ തിരിച്ചറിയാതെ പോയത് എന്നവന്‍ തന്നെത്തന്നെ സമാധാനിപ്പിച്ചു. ഏത് ജനക്കൂട്ടത്തിലും പണ്ട് അവളെ തിരിച്ചറിയാന്‍ അവന് ആകുമായിരുന്നു.  പക്ഷേ, അവള്‍ സ്വപ്നത്തിലല്ലാതെ അവന് എന്നും ദൂരക്കാഴ്ചയായിരുന്നു.


                   അവന്‍ ആദ്യമായി അവളെ കണ്ടത് ഉച്ചയൂണും കഴിഞ്ഞുള്ള അലസമായുള്ള ചിട്ടി ഫണ്ട് ഓഫീസിന്റെ വരാന്തയിലൂടെയുള്ള നടത്തത്തിലാണ്. അവിടത്തേത് ഉറച്ച ജോലിയൊന്നുമായിരുന്നില്ല. ഓഫീസിന്റെ മുന്നിലൂടെ അതിവേഗം അവള്‍ നടന്നു പോകുന്നു. മറ്റ് യാതൊരു ആവശ്യമുമില്ലാതെ അവന്‍ പുറത്തേക്ക് ഇറങ്ങി അവള്‍ക്ക് പിറകെ നടന്നു. തെല്ലുനേരത്തെ ഇരുവശത്തും കടകളുള്ള റോഡിലൂടെയുള്ള നടത്തത്തിനൊടുവില്‍ അവള്‍ യുനീക്ക് എന്ന മുകള്‍ നിലയിലെ കംപ്യൂട്ടര്‍ സെന്ററിലേക്ക് കയറിപ്പോയി. അവന്‍ അലസമായി മുന്നോട്ട് നടന്ന് ഒരു എസ്.ടി.ഡി ബൂത്തിലെ ചതുരത്തിലേക്ക് കയറുകയും വെറുതെ പല നമ്പറുകളും കറക്കുകയും ചെയ്തതിനു ശേഷം പുറത്തേക്ക് ഇറങ്ങി. അവിടെ ഇരിക്കുന്ന പെണ്‍കുട്ടിയോട് ഇറങ്ങിപ്പോരാന്‍ നേരം വെറുതെ പറഞ്ഞു.


                  -കോഡ് മാറിപ്പോയെന്നു തോന്നുന്നു. കിട്ടുന്നില്ല.


                  അതും പറഞ്ഞ് അവന്‍ തന്നെ ഓഫീസിലേക്കു തന്നെ തിരിച്ചു നടത്തി. അവള്‍ പോയ വഴി മടങ്ങുന്നുണ്ടോ എന്ന് തന്റെ ഓഫീസിലെ കസേരയിലിരുന്ന് ഇടക്കിടെ നോക്കിയെങ്കിലും തെല്ല് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ട് അവളെ കാണാന്‍ പറ്റാതെ പോയതില്‍ വിഷാദപ്പെടുകയും ചെയ്തു.


                   പിറ്റേന്നു പുലര്‍കാലത്ത് അവന്‍ ഉറക്കത്തില്‍ സ്വപ്നത്താല്‍ വെള്ളത്തിന്റെ മുകളിലൂടെ ഒഴുകുന്ന പൊങ്ങു തടി പോലെ തീര്‍ത്തും നിസ്സഹായനാക്കപ്പെട്ടു. ആ സ്വപ്നത്തെ തന്റെ ബെര്‍ത്തില്‍ കിടന്നു കൊണ്ട് അവന്‍ ഓര്‍ത്തെടുത്തു. ഒട്ടനവധി സ്വപ്നങ്ങള്‍ അവന്‍ അതിനോടകം കണ്ടിട്ടുണ്ടെങ്കിലും ചില രാത്രികളിലെ പാമ്പുകളെയും കള്ളന്‍ വീട്ടില്‍ കയറിയതായുള്ള സ്വപ്നങ്ങളെയുമൊക്കെ  മാത്രമേ തെല്ലെങ്കിലും അവന്റെ കൂടെ പകലും പോരാറുണ്ടായിരുന്നുള്ളു. കാലങ്ങള്‍ ഒട്ടനവധി കഴിഞ്ഞിട്ടും ആ സ്വപ്നം മാത്രം അനന്തുവിന് മറക്കാന്‍ കഴിഞ്ഞിരുന്നില്ല. യാത്രകളിലും മറ്റും എത്രയോ പെണ്‍കുട്ടികളെ ശ്രദ്ധിക്കാറുണ്ടായിരുന്നെങ്കിലും അവരാരും അവന്റെ സ്വപ്നത്തിലേക്ക് കടന്നു വരാറുണ്ടായിരുന്നില്ല. അന്ന് മൊബൈല്‍ ഫോണൊന്നും വ്യാപകമായി ഇല്ലായിരുന്നല്ലോ എന്നും തന്റെ മൊബൈല്‍ ഫോണിനെ നോക്കി അവന്‍ വിചാരപ്പെട്ടു.  


                     അവന്‍ സ്വപ്നത്തില്‍ ഓഫീസിനടുത്തുള്ള രാഗം സ്റുഡിയോയുടെ സ്റെപ്പുകള്‍ ഓടിക്കയറുകയും കൈയിലുണ്ടായിരുന്ന കടലാസില്‍ അവളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ നോക്കി വരക്കാനും തുടങ്ങി. കാര്യമെന്തെന്നറിയാതെ സ്റുഡിയോക്കാരന്‍ തെല്ലുനേരം അന്ധാളിച്ചു നിന്നു. പിന്നെ തന്റെ സ്റുഡിയോയിലെ ബോര്‍ഡിലുള്ള പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന ബോധത്തോടെ കയറി ഇടപെട്ട് വരക്കുന്നത് തടഞ്ഞു.


                  -എന്താണ്? എന്താണ്? നിങ്ങള്‍ക്ക് ചിത്രം വരക്കാനുള്ളതാണോ ആ ഫോട്ടോ? മാറി നിന്നാട്ടെ.


                     അയാള്‍ അതും പറഞ്ഞ് അവളുടെ ഫോട്ടോയെ മറഞ്ഞു നില്പായി. അനന്തു അയാളെ തട്ടി നീക്കി അവളുടെ ഫോട്ടോയിലേക്കും വരച്ച ചിത്രത്തിലേക്കും നോക്കാന്‍ തുടങ്ങി. അവളുടെ കണ്ണുകള്‍ അവളുടെ കണ്ണട മറക്കുന്നില്ല. അവളുടെ മൂക്ക്, അവളുടെ ചുണ്ടുകള്‍, അവളുടെ കവിളുകള്‍, അവളുടെ ചുരുണ്ട മുടി, അവളുടെ ഇടത്തോട്ടിട്ട ചൂരീദാറിന്റെ ഷാള്‍, എല്ലാം അവന് ഞൊടിയിടയില്‍ വരക്കാന്‍ കഴിഞ്ഞു. അവളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അവന്‍ കടലാസിലേക്ക് പകര്‍ത്തിയിരിക്കുന്നു.


                   സ്റുഡിയോക്കാരന്‍ വീണ്ടും ഇടപെട്ടു. അയാള്‍ ശബ്ദമുയര്‍ത്തി. അകത്ത് ഫോട്ടോ എടുക്കുകയായിരുന്ന അയാളുടെ അസിസ്റന്റും പെന്‍ഷന്‍ ഫോട്ടോ എടുക്കാന്‍ വന്ന അവനെ എല്‍.പി. സ്ക്കൂളില്‍  പഠിപ്പിച്ച മാഷും ഭാര്യയും പുറത്തേക്കിറങ്ങി വന്നു. സ്റുഡിയോക്കാരന്‍ അവരോടായി പറഞ്ഞു.


                   -കണ്ടില്ലേ ഇവന്‍ ഓടിക്കയറിവന്ന് കണ്ട പെണ്‍പിള്ളേരുടെയൊക്കെ ഫോട്ടോ വരക്കാന്‍ തുടങ്ങി. ഇവനാരിത്? എന്താടാ നിനക്ക് തലക്ക് വെളിവില്ലേ?


                     അതുകേട്ട് അസിസ്റന്റ് അവന്റെ കൈയിലുള്ള കടലാസ് നോക്കാനും പിടിച്ചു പറിക്കാനും ശ്രമിച്ചപ്പോള്‍ അവനത് പിന്നിലേക്ക് ഒളിപ്പിച്ചു. മാഷ് അതു കണ്ട് പെട്ടെന്ന് നാലാം ക്ളാസിലെ ഡ്രോയിംഗ് പുസ്തകം മുന്നിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.


                     -നിനക്കു വരക്കാന്‍ അത്രക്ക് നിര്‍ബന്ധമാണെങ്കില്‍ ഇതിലെ ഏതെങ്കിലും ചിത്രം വരച്ചോ.


                       അവന്‍ കാണാത്ത പോലെ ഫോട്ടോയിലേക്കും തന്റെ ചിത്രത്തിലേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നു. മാഷുടെ ഭാര്യക്ക് അവന്‍ തന്റെ ഭര്‍ത്താവിനെ അനുസരിക്കാത്തതു കണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ ഏതൊരു മാഷുടെ ഭാര്യക്കും ഉണ്ടാകുന്ന വിധം ശുണ്ഠി വന്നു.


                       സ്റുഡിയോക്കാന്‍ മാഷോട് പറഞ്ഞു.


                      -അവനതിന് അതൊന്നും പോര. കാണാന്‍ കൊള്ളാവുന്ന


                       പെണ്‍പിള്ളേരുടെ ഫോട്ടോ തന്നെ വേണം.


                         അവന്‍ പക്ഷേ കേട്ടതായി നടിക്കാതെ അവളുടെ ഫോട്ടോയിലേക്ക് നോക്കി. പിന്നെ ചിത്രത്തിലേക്കും.


                       സ്റുഡിയോക്കാരന്റെ അസിസ്റന്റ് ചോദിച്ചു.


                      -എടാ നീ ഇറങ്ങിപ്പോകുന്നുണ്ടോ അതോ ആളെ വിളിക്കണോ.


                   അതും പറഞ്ഞ് അയാള്‍ സ്റുഡിയോയുടെ ജാലകത്തിലൂടെ താഴത്തുകൂടി എഴുകുന്ന റോഡിലേക്ക് നോക്കി വിളിച്ചു കൂവി.


                    -മുകുന്ദേട്ടാ, വാസ്വേട്ടാ ഒന്നിങ്ങു വാ. ഒരു കേസുകെട്ട്.


                    അനന്തു ഫോട്ടോയില്‍ നിന്നും കണ്ണെടുത്ത് ചാഞ്ഞും ചെരിഞ്ഞും റോഡിലേക്ക് നോക്കി. അവിടുത്തെ ലോഡിംഗ് അണ്‍ ലോഡിംഗ് പാര്‍ട്ടികള്‍ റോഡ് മുറിച്ചു കടന്ന് അടിക്കാനെന്ന വണ്ണം സ്റുഡിയോയുടെ നേര്‍ക്ക് വരുന്നു. അവന്‍ പേടിച്ച് ധ്യതിയില്‍ സ്റുഡിയോയുടെ സ്റെപ്പുകള്‍ ഇറങ്ങി നാല്ക്കവല ഭാഗത്തേക്ക് ഓടി അവിടെ നിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഓട്ടോറിക്ഷയില്‍ കയറി. അവന്‍ പറഞ്ഞു.


                  -ഒന്നു വേഗം.


                  മുന്നിലെ സീറ്റിലിരുന്ന് ആ ലക്കത്തെ ഡിറ്റക്ടീവ് നോവല്‍ വായിക്കുന്ന ഓട്ടോറിക്ഷക്കാരന്‍ മുഖം തിരിച്ച് പിന്നിലേക്ക് നോക്കി പറഞ്ഞു.


                   - ഇതിപ്പോള്‍ പോകില്ല. മുന്നിലെ ഓട്ടോയില്‍ കയറിക്കോ.


                     ഇറങ്ങാന്‍ ഒരുങ്ങിയ അവന്റെ കോളറില്‍ പിന്നാലെ ഓടിവന്നവരില്‍ മുന്നിലെത്തിയ നീല ഷര്‍ട്ടിട്ട ഒരു ലോഡിംഗ് ഏന്റ് അണ്‍ലോഡിംഗ് തൊഴിലാളി അപ്പോഴേക്കും കയറിപ്പിടിക്കുകയും അവന്‍ തല അപ്പുറത്തേക്കും ഇപ്പുറത്തേക്കും കുടഞ്ഞ് പിന്നെ തെല്ലൊന്ന് ഞരങ്ങി കുതറി ഉണരുകയും ചെയ്തു. പുറത്ത് അപ്പുറത്തെ വീട്ടിലെ കോഴി കൂവുന്നതു കേട്ടു. നേരത്തെ ഉണരുന്ന ശീലമില്ലാത്തതിനാല്‍ അവിടെ തന്നെ കണ്ട സ്വപ്നത്തെ അയവിറക്കി കിടന്നു. അപ്പോഴേക്കും കാക്കകളും പേരറിയാത്ത മറ്റു പക്ഷികളും ഉണര്‍ന്ന പാടേ ശബ്ദങ്ങള്‍ തീര്‍ക്കേണ്ടതുണ്ടെന്ന പോലെ  ഉറക്കമുണര്‍ന്ന് ശബ്ദിക്കാന്‍ തുടങ്ങി. കറച്ചു കൂടി കഴിഞ്ഞപ്പോള്‍ പുറത്തെ ശബ്ദങ്ങള്‍ നേര്‍ക്കുകയും അവന്‍ മെല്ലെ എഴുന്നേല്ക്കുകയും ചെയ്തു.


                    തെല്ലുകഴിഞ്ഞ് അമ്മ ഡൈനിംഗ് ടേബിളില്‍ അടുക്കളയിലെ തിരക്കിനിടയില്‍ കൊണ്ടു വന്നു വെച്ച കാപ്പി കഴിക്കുകയും പിന്നീട് അലമാരയിലെ അച്ഛന്റെ പുസ്തകശേഖരങ്ങളില്‍ നിന്നും സിഗ്മണ്ട് ഫോയ്ഡിന്റെ ഇന്റര്‍പ്രെട്ടേഷന്‍ ഓഫ് ഡ്രീംസ് എന്ന പുസ്തകത്തില്‍ തന്റെ സ്വപ്നത്തെ പരതി നോക്കുകയും ഇംഗ്ളീഷിലായതിനാല്‍ കാര്യമായി യാതൊന്നും മനസ്സിലാകാതെ തിരഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു. കുട്ടിക്കാലങ്ങളിലെദിവസങ്ങളില്‍ ഒന്നില്‍ നിന്നും അവന്‍ ആറാം ക്ളാസില്‍ പഠിക്കുമ്പോഴേ മരിച്ചു പോയ മാഷായിരുന്ന അവന്റെ അച്ഛന്‍ തലയെത്തിച്ചു നോക്കി ചോദിച്ചു.


                   -എന്താടാ ഒരിക്കലുമില്ലാത്ത പുസ്തക വായന?


                   അവന്‍ അച്ഛനോടെന്ന പോലെ ചുമല്‍ വെട്ടിച്ച് പുസ്തകം തിരികെ വെച്ചു. അപ്പോഴേക്കും ആ പുസ്തകത്തില്‍ നിന്നും തെല്ല് ആശയക്കുഴപ്പങ്ങള്‍ അവനൊപ്പം പോന്നിരുന്നു.    
    

                      ഓഫീസിലിരിക്കുമ്പോഴൊക്കെ അവനെ ആ സ്വപ്നം പിന്തുടര്‍ന്നു കൊണ്ടിരുന്നു. അതിലെ എല്ലാ കഥാപാത്രങ്ങളും അവന് അറിയാവുന്നവരോ കണ്ടു പരിചയമുള്ളവരോ ആയിരുന്നു. പക്ഷേ അവരെ പറ്റിയൊന്നും, എന്തിന് ആ പെണ്‍കുട്ടിയെ പറ്റി പോലും, ഉറങ്ങാന്‍ നേരത്ത് അവന്‍ ഓര്‍ത്തതു പോലുമില്ലായിരുന്നു. അന്നു വെകിട്ട് വീട്ടിലേക്ക് പോകാന്‍ നേരം ഒരു ഫോട്ടോ എടുക്കാന്‍ എന്ന കാരണം നെയ്തെടുത്ത് സ്വപ്നത്തില്‍ കണ്ട  സ്റുഡിയോയില്‍ കയറുകയും അകത്തു നിന്നും സ്റുഡിയോക്കാരന്‍ പുറത്തേക്കു വരുമ്പോഴേക്കും ചുമരിലെ ബോര്‍ഡിലെ ഫോട്ടോകളിലേക്ക് നോക്കുകയും ചെയ്തു. അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ താഴത്തെ നിരയില്‍ ബ്ളാക്ക് ആന്റ് വൈറ്റ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ആയി അവളുണ്ടായിരുന്നു. അവളുടെ ഫോട്ടോയില്‍ കുരുങ്ങി അവന്‍ നിന്നു. അകത്തു നിന്നും സ്റുഡിയോക്കാരന്‍ പുറത്തേക്ക് വന്നപ്പോള്‍ അവന്‍ നോട്ടം പിന്‍വലിച്ചെങ്കിലും തന്റെ ആവശ്യം പറയുമ്പോഴൊക്കെയും അറിഞ്ഞോ അറിയാതെയോ അവളുടെ ഫോട്ടോയിലേക്കു തന്നെ അനന്തുവിന്റെ കണ്ണുകള്‍ തെന്നി വീണുകൊണ്ടിരുന്നു. അതിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നാല്‍ സ്റുഡിയോക്കാരന് എന്തു തോന്നുമെന്ന ചിന്തയാല്‍ അവന്‍ ഇടക്കിടെ പുറത്തേക്ക് റോഡിലേക്കൊക്കെ നോക്കുകയും  വീണ്ടും ഫോട്ടോയിലേക്കു തന്നെ തിരിച്ചെത്തിക്കൊണ്ടിരിക്കുകയും ചെയ്തു. 



                    സ്റുഡിയോക്കാരന്‍ അവനോട് ഉള്ളിലേക്ക് ചെല്ലാന്‍ ആഗ്യം കാണിച്ചു. പിന്നെ കണ്ണാടിയിരിക്കുന്ന ടെലിഫോണ്‍ ബൂത്തിലെ ചതുരം പോലെയുള്ള അറയിലെ ലൈറ്റ് തെളിച്ച് പറഞ്ഞു.


                 -മുഖത്തെ ആ എണ്ണമിനുപ്പൊക്കെ ഒന്നു പൌഡറിട്ട് മാച്ചുകളഞ്ഞേക്കു.



                    അനന്തു കണ്ണാടിക്കു മുന്നില്‍ നിന്ന് വെറുതെ നോക്കി. പൌഡറും ചീര്‍പ്പുമൊക്കെ കണ്ണാടിയുടെ താഴെയുണ്ടായിരുന്നു. അവന്‍ ഒന്നും ഉപയോഗിച്ചില്ല. വെറുതെ കൈ കൊണ്ട് എണ്ണമിനുപ്പുകള്‍ മായ്ച്ചു. മുടി കൈ കൊണ്ടു തന്നെ ഒതുക്കി. അത്രയൊന്നും സൌന്ദര്യമില്ലാത്ത താനെന്തു മിനുക്കാനാണ് എന്നായിരുന്നു അവന്റെ ചിന്ത. അപേക്ഷാഫോമിലൊക്കെ ഒട്ടിക്കാന്‍ എന്തിനാണ് പൌഡറൊക്കെയിട്ട ഫോട്ടോ എന്നൊരു പിന്തിരിപ്പന്‍  ചിന്ത അവനെ പിന്തുടര്‍ന്നു. അത്രയൊക്കെ മതി. താനെടുക്കുന്ന ഫോട്ടോകളുടെ മേന്‍മകള്‍ എല്ലാവര്‍ക്കും കാണാനെന്ന വണ്ണം അവളുടെ ഫോട്ടോ ബോര്‍ഡില്‍ പതിച്ചതു പോലെ സ്റുഡിയോക്കാരന്‍ തന്റെ ഫോട്ടോ ഒട്ടിച്ചു വെക്കില്ലെന്ന് അവന് നന്നായി അറിയാം. എന്നും അവനെടുക്കുന്ന ഫോട്ടോകളിലെന്നും എന്തെങ്കിലുമൊക്കെ ഏങ്കോണിപ്പുകള്‍ കാണും. ചിരി വരാത്തതു പോലെ. അല്ലെങ്കില്‍ കണ്ണുകളില്‍ പ്രകാശമില്ലാത്തതു പോലെ. പിന്നെ തോന്നും എല്ലാം തന്റെ തോന്നലാണെന്ന്. ഓഫീസിലൊക്കെയുള്ള മറ്റു ചിലരുടെയൊക്കെ ഫോട്ടോകളുടെ ഭംഗി കാണുമ്പോള്‍ എങ്ങനെ അവരത് ഒപ്പിക്കുന്നു എന്ന് അവന് തോന്നിപ്പോകാറുണ്ട്.    


                     അവന്‍ ഫോട്ടോ എടുക്കുന്ന ഡാര്‍ക്ക് റൂമിലേക്ക് പോകുകയും നീലത്തുണി വിരിച്ചിരിക്കുന്ന പെട്ടിമേല്‍ അപ്പുറത്തെ മുറിയില്‍ നിന്നും സ്റുഡിയോക്കാരന്‍ വരുന്നതും കാത്ത് ഇരിക്കുകയും ചെയ്തു. അയാള്‍ അപ്പുറത്തെ മുറിയില്‍ നിന്നും തലയെത്തിച്ചു നോക്കുകയും പിന്നെ ക്യാമറയുമായി അത് അയാളുടെ മാത്രമായ വലിയൊരു രഹസ്യമാണെന്ന വണ്ണം അവിടെയുമിവിടെയും തിരിക്കുകയും മറിക്കുകയും പിന്നെ എന്തൊക്കെയോ ക്രമപ്പെടുത്തിക്കൊണ്ട് നടന്നു വരികയും ചെയ്തു. പിന്നെ ഡാര്‍ക്ക് റൂമിലെ ലൈറ്റ് പൊടുന്നനെ ഒന്നിച്ച് തെളിക്കുകയും ചെയ്തു.പറയാതെ തെളിച്ചതിനാല്‍ അവന്റെ കണ്ണുകളും പുരികങ്ങളും പേശികളും അതത്ര പിടിച്ചില്ല എന്ന പോലെ ചുളിഞ്ഞു.  സ്റുഡിയോക്കാരന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് തന്റെ ശരീരത്തിന്റെ ഇരിപ്പിനെയും തന്റെ കൈകളെയും തന്റെ തലയുടെ കഴുത്തിലെ നില്പിനെയുമൊക്കെ ക്രമപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും താന്‍ പറയുന്നതൊന്നും അവന് മനസ്സിലാകുന്നില്ലല്ലോ എന്ന തോന്നലോടെ അയാള്‍ മുന്നോട്ടേക്ക് വന്ന് അവന്‍ ചെറുതായി ബലം പിടിക്കുന്നത് അവഗണിച്ച് തല തെല്ലൊന്ന് താഴ്ത്തുകയും തലയുടെ ഇടതു വശം തെല്ലൊന്ന് വലത്തേക്ക് തട്ടി ക്രമപ്പെടുത്തുകയും ചെയ്തു. എന്നിട്ട് അയാള്‍ പിന്നിലേക്ക് പോവുകയും ക്യാമറയുടെ ലെന്‍സിലേക്ക് ചൂണ്ടി പറഞ്ഞു.


                     -ഇങ്ങോട്ട് നോക്കു.


                     അവന്‍ അനുസരിച്ചു കൊണ്ട് തെല്ലൊരു ചിരി ചുണ്ടത്ത് വരുത്താന്‍ ശ്രമിച്ചു. ഫോട്ടോകളില്‍ സന്തോഷം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ തെല്ലൊന്ന് പാളുന്നോ എന്ന ചിന്തയെ മാറ്റിവെച്ച് സന്തോഷം നന്നായി അഭിനയിച്ചു ഫലിപ്പിക്കാന്‍ വീണ്ടും ശ്രമിച്ചു. പക്ഷേ അയാളുടെ ക്യാമറയില്‍ നിന്നും പൊഴിഞ്ഞ മൂന്നു പ്രാവശ്യത്തെ പ്രകാശങ്ങളില്‍ അവന്‍ അത്യന്തം ഗൌരവത്തോടെ ചിത്രീകരിക്കപ്പെട്ടു.


                    അകത്തെ മുറിയില്‍ നിന്നും പുറത്തിറങ്ങിയതോടെ അനന്തു തെല്ലു നേറം മാറി നിന്നതിന്റെ പാരവശ്യത്തോടെ അവളുടെ ബ്ളാക് ഏന്റ് വൈറ്റ് ഫോട്ടോയിലേക്ക് സ്റുഡിയക്കാരന്‍ കാണാത്ത വിധം തിരിച്ചു പോയി.  ഒരു കട്ടിക്കടലാസു തുണ്ടില്‍ അവനെ അക്കത്തിലാക്കിയതിനു ശേഷം സ്റുഡിയോക്കാരന്‍ അതു നീട്ടി പറഞ്ഞു.


                    - മൂന്നു നാള്‍ കഴിഞ്ഞ് വാ. ഇതു കാണിച്ചാല്‍ മതി.


                      അവന്‍ അതും വാങ്ങി വീണ്ടും സ്റുഡിയോക്കാരന് സംശയമൊന്നും തോന്നാത്ത വിധം അവളിലേക്ക് അലസമായെന്നോണം പിന്‍വാങ്ങിക്കൊണ്ട് തെല്ലൊരു മനസ്സില്ലാ മനസ്സോടെ സ്റുഡിയോയുടെ പടവുകള്‍     ഇറങ്ങി. റോഡിന്റെ മറുവശത്തെ അടച്ചിട്ട കടയുടെ വരാന്തയില്‍ ലോഡിംഗ് ഏന്റ് അണ്‍ലോഡിംഗ് തൊഴിലാളികള്‍ ജോലിത്തിരക്കൊക്കെ കഴിഞ്ഞ് വിശ്രമിക്കുന്നുണ്ടായിരുന്നു.


                       റോഡിലെത്തിയപ്പോഴേക്കും അവനെ ഒരു സംശയം വന്നു പൊതിഞ്ഞു.


                      -അവള്‍ ഫോട്ടോയില്‍ കണ്ണട വെച്ചിരുന്നോ?


                      അത്രയും നേരം നോക്കിയിട്ടും താനതു ശ്രദ്ധിച്ചില്ലല്ലോ എന്നവന്‍ ആലോചിച്ചു. അവളുടെ കണ്ണുകള്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. അല്ലെങ്കില്‍ തന്നെ ഒരാള്‍ മറ്റൊരാളെ നോക്കുക എപ്പോഴും കണ്ണുകളിലാണല്ലോ. ആളുകളുടെ ഫോട്ടോകളിലും ഏതാണ്ട്് അങ്ങനെ തന്നെ. എങ്കിലും കണ്ണട വെച്ചിരുന്നോ എന്ന സംശയം അവന് ബാക്കിയായി. മടങ്ങിച്ചെന്ന് നോക്കിയാലോ എന്ന് ആലോചിച്ചെങ്കിലും സ്റുഡിയോക്കാരന്‍ എന്തു കരുതും എന്ന് കരുതി മൂന്നു ദിവസം കഴിഞ്ഞാകട്ടെ എന്ന് അവന്‍ അവനെ തന്നെ സമാധാനിപ്പിച്ചു. വീട്ടിലേക്ക് പോകാനായി ബസ്സ്സ്റാന്റിലേക്ക് നടക്കുമ്പോള്‍ അവന്‍ ഏതൊരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിയിലേക്കുള്ള അകലം കുറക്കാനുതകുന്ന തരത്തില്‍ അവള്‍ക്ക് ഒരു ഇരട്ട പേരിട്ടു. സ്പെക്സ്. 


                     മൂന്നു ദിവസം കഴിഞ്ഞ് വീണ്ടും അവന്‍ സ്റുഡിയോയിലേക്ക് ചെന്നു. സ്റുഡിയോക്കാരനോട് ഫോട്ടോയെ പറ്റി അന്വേഷിക്കുന്നതിനു മുമ്പേ അവന്‍ ബോര്‍ഡിലെ അവളുടെ ഫോട്ടോയില്‍ മൂന്നു നാള്‍ കാണാതിരുന്നതിന്റെ അത്യന്തം സ്നേഹത്തോടെ നോക്കി. അവനെ കണ്ടതും കട്ടിക്കടലാസ് തുണ്ട് വാങ്ങുകയും  സ്റുഡിയോക്കാരന്‍ നമ്പര്‍ നോക്കുകയും എടുത്തു വെച്ച ഫോട്ടോകളില്‍ നിന്നും ആ നമ്പറിനെ പരതാനും തുടങ്ങി. അപ്പോഴേക്കും അവന്‍ അവളുടെ ഫോട്ടോയിലെ കണ്ണടയെ കണ്ട് ബോധ്യപ്പെട്ടിരുന്നു. തന്റെ ഫോട്ടോയെ പറ്റി ഏതാണ്ടൊരു രൂപരേഖയുമായി ക്യാമറയെ നോക്കിക്കൊണ്ട് ചെറുതായി ചിരി തൂകുന്ന അവളെ അവന് നോക്കിയിട്ടും നോക്കിയിട്ടും മതി വന്നതേയില്ല.
അവന്‍ വെറുതെ ബോര്‍ഡിലെ മറ്റു ഫോട്ടോകളിലേക്ക് നോക്കി. അതില്‍ ചില സിനിമാ നടന്‍മാരുടെയും നടികളുടെയും നാട്ടിലെ പേരെടുത്ത സാമൂഹ്യപ്രവര്‍ത്തകരുടെയുമൊക്കെ ഫോട്ടോകളുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരു വ്യദ്ധയുടെ ഫോട്ടോയുമുണ്ടായിരുന്നു. അവര്‍ നൊണ്ണു കാട്ടി ചിരിക്കുന്നു. കരിമ്പടം പോലുള്ള  ബനിയനാണ് ഇട്ടിരിക്കുന്നത്.  കാണാന്‍ നല്ല ഫോട്ടോ ആയിരുന്നു അത്. സ്റുഡിയോക്കാരനോട് അവന്‍ തിരക്കി.


                       -ഇതാരാണ്?


                     അയാള്‍ അപ്പോഴേക്കും പരതി എടുത്ത അവന്റെ ഫോട്ടോകള്‍ വക്കുകള്‍ അമര്‍ത്തുന്ന കത്രികയില്‍ വെച്ച് ക്യത്യമായി മുറിക്കുന്നതിനിടയില്‍ പറഞ്ഞു.


                    -ഓ അതോ. അതിവിടെ അടുത്തുള്ള ഒരു സ്ത്രീയാണ്.


                    അവന്‍ പറഞ്ഞു.


                    -നല്ല ഫോട്ടോ. ഏതെങ്കിലും വീക്കിലിക്ക് അയച്ചു കൊടുത്താല്‍ ചിലപ്പോള്‍ അവര്‍ മുഖചിത്രമാക്കും.


                     അയാള്‍ക്ക് പക്ഷേ അത്ര താല്പര്യമൊന്നും കണ്ടില്ല. അയാള്‍ ജോലി തുടര്‍ന്നു. അതിനിടയിലും അവനെ സമാധാനിപ്പിക്കാനെന്ന വണ്ണം അയാള്‍ ചിരിച്ചെന്നു വരുത്തി.


                   പെട്ടെന്ന് അവനിലേക്ക് അവള്‍ക്കും അതുപോലെ പ്രായമാകില്ലേ എന്ന തോന്നലുണ്ടായി. അവളുടെ കണ്ണുകളില്‍ ജീവിച്ചു തീര്‍ത്ത കാലങ്ങള്‍ തെളിയും.  തുടുത്ത കവിളുകളില്‍ ചുളിവുകള്‍ വീഴും. ചുരുണ്ട ഭംഗിയുള്ള മുടി വെള്ളിയാകും. വായിലെ പല്ലുകള്‍ പൊഴിഞ്ഞു പോകും.
പെട്ടെന്നു തന്നെ തനിക്ക് ഭ്രാന്താണെന്ന തോന്നല്‍ അവനുണ്ടാവുകയും ഒറ്റത്തവണ മാത്രം കണ്ട ഒരു പെണ്‍കുട്ടിയെ പറ്റി ഇത്രമാത്രം ചിന്തിക്കുന്നതെന്തിന് എന്ന് തിരിച്ചറിവുണ്ടാവുകയും ചെയ്തു. 
എങ്കിലും ചിന്തകളില്‍ വീണ്ടും കണ്ണട വന്നു പെട്ടു. കണ്ണട വെക്കുന്നവര്‍ ഫോട്ടോ എടുക്കുമ്പോഴും കണ്ണട വെക്കുന്നതെന്തിനാണെന്ന ചോദ്യമായിരുന്നു പെട്ടെന്ന് ഓടിയെത്തിയത്. ക്യാമറക്ക് മുന്നിലിരിക്കുമ്പോള്‍ അവരെന്താണ് കണ്ണട അഴിച്ചു വെക്കാത്തത് എന്ന വലിയ യുക്തിയൊന്നുമില്ലാത്ത ചോദ്യം അവന്റെ മനസ്സില്‍ തത്തിക്കളിക്കാന്‍ തുടങ്ങി. കണ്ണട വെക്കുന്നവര്‍ക്ക് കണ്ണട അവരുടെ ശരീരത്തിന്റെ ഭാഗം തന്നെയാകുന്നുണ്ടാകാം. അവള്‍ക്കും കണ്ണട  അങ്ങനെ തന്നെയായിരിക്കും. 


                     പിന്നെ ചൂരിദാറിന്റെയും ഇടത്തെ ചുമലിലേക്കിട്ട ഷാളിന്റെയും നിറമെന്താകും എന്ന ചിന്ത പുതുതായി അവനെ പൊതിയാന്‍ തുടങ്ങി. ബ്ളാക്ക് ഏന്റ് വൈറ്റില്‍ നിറം തിരിച്ചറിയാന്‍ പറ്റാത്തതില്‍ അവളുടെ നിറത്തെ അവന്‍ ഓര്‍ത്തെടുത്ത് ഫോട്ടോയില്‍ ചാലിക്കാന്‍ തുടങ്ങി. ചെറിയ കുട്ടികളുടെ ബേബി സോപ്പിന്റെയോ അതിന്റെ കവറിന്റെയോ നിറമാണതെന്ന് അവന് തോന്നി.
നിറങ്ങളില്‍ തട്ടി അനന്തു യാത്രയില്‍ തെല്ലുനേരം വിഷാദത്തിന്റെ തുരങ്കത്തിലേക്ക് കയറിപ്പോയി. വിവാഹം കഴിഞ്ഞതിന്റെ നാലാം നാള്‍ അടുത്തടുത്ത് കിടക്കുമ്പോള്‍ കറുത്ത പെണ്‍കുട്ടിയോട് അവന്‍ തമാശ പോലെ തന്റെ മൊബൈല്‍ ഫോണിലെ അവളുടെ മങ്ങിയ ഫോട്ടോ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.


                   -ഇത് ഞാന്‍ സ്േനഹിച്ച പെണ്‍കുട്ടിയാണ്.


                   അവള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കി. എന്നിട്ട് അതുവരെ കാണാത്ത മുഖഭാവത്തോടെ അവനെ നോക്കി ചോദിച്ചു.


                  -ആരാണിത്?


                   അവളുടെ മുഖംഭാവം മാറിയതില്‍ മുഖം മങ്ങി അവന്‍ പറഞ്ഞു.


                   -എനിക്കുമറിയില്ല. ഞാനൊരു തമാശ പറഞ്ഞതല്ലേ.


                      അവള്‍ മൊബൈല്‍ ഫോണ്‍ തിരിച്ചു തന്ന് കമിഴ്ന്നു കിടന്ന് കിടക്കയില്‍ മുഖം പൂഴ്ത്തി കരയാന്‍ തുടങ്ങി. അവന്‍ അവളുടെ ചുമലില്‍ തൊട്ടു സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ അത്യന്തം ശക്തിയോടെ അവന്റെ കൈ തട്ടിത്തെറിപ്പിച്ചു. അവന് നിയന്ത്രിക്കാന്‍ പറ്റാത്ത വിധം അവള്‍ കരഞ്ഞു കൊണ്ട് വഴക്കു പറയാന്‍ തുടങ്ങി.
അന്ന് അവരിരുവരും ഉറങ്ങിയതേയില്ല.


                      പിറ്റേന്നു കാലത്ത് ഉറക്കച്ചടവോടെ അവള്‍ അടുക്കളയിലേക്ക് പോകുകയും അമ്മയോട് സങ്കടം പറയുകയും ചെയ്തു. അമ്മ വന്ന് മൊബൈല്‍ ഫോണെടുത്ത് നോക്കുകയും അനന്തുവിനെ നീരസത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു.


                      -നീ ഈ പെണ്ണിനെ ഇതുവരെ കളഞ്ഞില്ലേ?


                     അനന്തു ശബ്ദം താഴ്ത്തിപ്പറഞ്ഞു.


                    -അതെങ്ങനെ. അവളല്ലേ എന്നിലേക്ക് പോസിറ്റീവായ ചിന്തകള്‍ പകര്‍ന്നു തന്നത്. അതവള്‍ അറിഞ്ഞില്ലെങ്കില്‍ പോലും. അവളെ കിട്ടാന്‍ വേണ്ടിയായിരുന്നില്ലേ ഒരു സ്ഥിര ജോലി എഴുതിപ്പിടിച്ചത്.


                     അമ്മ ഇഷ്ടപ്പെടാത്ത വിധം ചോദിച്ചു.


                    -ഇതെപ്പോഴാണ് അവളെ മൊബൈല്‍ഫോണില്‍ കയറ്റിയത്.


                     -എന്നും കാണാന്‍ സ്റുഡിയോയുടെ ബോര്‍ഡില്‍ നിന്നും എടുത്തു.


                    ഷേര്‍ലി അപ്പോഴേക്കും അകത്തേക്ക് വന്നു. അവള്‍ അത്യന്തം വാശിയോടെ ചോദിച്ചു. അമ്മ അവള്‍ നല്ല രീതിയിലല്ലെന്നു കണ്ട് മെല്ലെ അടുക്കളയിലേക്ക് ഉള്‍വലിഞ്ഞു.


                  -എന്തേ അവളെ കെട്ടായിരുന്നില്ലേ?


                    അനന്തു പറഞ്ഞു.


                    -അവളൊരു വലിയ പണക്കാരിയായിരുന്നു. ടൌണില്‍ പുതിയ ബസ്സ്സ്റാന്റിലും പഴയ ബസ്സ്സ്റാന്റിലുമൊക്കെയായി നാലഞ്ചു ബേക്കറികള്‍ സ്വന്തമായി ഉണ്ടായിരുന്നു അവളുടെ അച്ഛന്. ജോലി കിട്ടി അന്വേഷിച്ചു ചെന്നപ്പോഴാണ് എല്ലാം അറിയുന്നത്. അവളെ കിട്ടാനായിരുന്നു ജോലി നേടിയത്. എനിക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്തതാണെന്നു കണ്ടപ്പോള്‍ വേണ്ടെന്നു വെച്ചു. അത്രേയുള്ളു. അവള്‍ക്ക് എന്നെയോ എനിക്കവളെയോ തെല്ലും അറിയില്ല. ഒന്ന് സംസാരിച്ചിട്ടു പോലുമില്ല. റാങ്ക് ലിസ്റില്‍ വന്നപ്പോള്‍ ഒരു നാള്‍ അവളറിയാതെ അവളുടെ വീടു വരെ തെല്ലു അകലം പാലിച്ച് ചെന്നിട്ടുണ്ട്. അവള്‍ വലിയ ഗേറ്റും കടന്ന് അവളുടെ കൊട്ടാരം പോലെയുള്ള  വീട്ടിന്റെ മുറ്റത്തേക്ക് കടന്നപ്പോള്‍ നേരെ നടന്ന് പലവഴികളില്‍ ചുറ്റിത്തിരിഞ്ഞ് മെയിന്‍ റോഡിലെത്തി വീട്ടിലേക്കു തന്നെ മടങ്ങി. ആ വീടിന്റെ വലിപ്പം കണ്ടപ്പോഴേ അവളെ ഞാന്‍ ഉപേക്ഷിച്ചു.


                        -പിന്നെ എന്നാത്തിനാ ഈ ഫോട്ടോ.


                       -എല്ലാം പ്രണയമാണോ. പ്രണയത്തേക്കാള്‍ വലുതായി പലതുമില്ലേ ലോകത്ത്. അവളുടെ ഫോട്ടോ കൂടെ നില്ലട്ടെ എന്നു കരുതി. അത്ര തന്നെ. 


                       അവള്‍ വെറുപ്പോടെ പറഞ്ഞു.


                      -വെറും പെണ്‍കോന്തന്‍. ആരാന്‍ പെണ്‍പിള്ളേരുടെ ഫോട്ടോയും കൊണ്ടു നടക്കുന്നു. വെളുപ്പല്ലേ, വെളുപ്പ്. കൊണ്ടു നടന്നോളു.
ഷേര്‍ലി  അനന്തുവിനോട് രണ്ടു നാള്‍ കൊണ്ട് ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ഒരിക്കലും ആ ഫോട്ടോയോട് പൊരുത്തപ്പെട്ടതേയില്ല. എന്തുകൊണ്ടോ ആ ഫോട്ടോ കളയാന്‍ അവനൊട്ട് തോന്നിയതുമില്ല.


                         അപ്പര്‍ ബര്‍ത്തില്‍ നിന്നും ഷേര്‍ലി അനന്തുവിലേക്ക് ഉറക്കത്തില്‍ നിന്നുമുണര്‍ന്ന് മുഖമുയര്‍ത്തി. അവള്‍ ചോദിച്ചു.


                       -എന്തേ ഉറങ്ങിയില്ലേ?


                       അവന്‍ ഇല്ലെന്നു തലയാട്ടി. യാത്രയിലുടനീളം ഷേര്‍ലിയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് സംശയിച്ച് തൊട്ടടുത്തിരിക്കുന്ന സ്ത്രീയെ ചാരി മുന്നിലെ സീറ്റില്‍ ഇരിക്കുകയോ അവരുടെ മടിയില്‍ കിടക്കുകയോ ഇടക്കൊക്കെ വേദനയാല്‍ ഞരങ്ങുകയോ ഒക്കെ ചെയ്തു കൊണ്ടിരുന്ന അവള്‍ ആരാണെന്ന് പറയണോ വേണ്ടയോ എന്ന് വിചാരിച്ചു മാറ്റി വെച്ചതിനെ അനന്തു മൊബൈല്‍ ഫോണില്‍ ഡ്രാഫ്റ്റ് മെസേജായി ടൈപ്പു ചെയ്തു.


                        - നീ പണ്ട് ഒരു രാത്രി തേങ്ങലിലേക്ക് പോകാന്‍ കാരണമായ നിന്റെ ശത്രു കവിളില്‍ വയലറ്റു മഷിപ്പാടുകളുമായി താഴെ കിടക്കുന്നുണ്ട്. ആര്‍.സി.സിയിലേക്കുള്ള യാത്രയിലാണവള്‍. എനിക്കവള്‍ ആരുമല്ല. അവള്‍ക്ക് ഞാനും. എങ്കിലും നെഞ്ചില്‍ എന്തോ കനം വന്നതു പോലെ. യാത്രയിലുടനീളം എന്തു പറ്റി, എന്തു പറ്റി, സുഖമില്ലേ, തല വേദനിക്കുന്നോ എന്ന് നീ ചോദിച്ചു കൊണ്ടിരുന്നതിന് ഇതാണ് ഉത്തരം.  


                     അവന്‍ മൊബൈല്‍ അവള്‍ക്കു നേരെ നീട്ടി. അത് വായിച്ച് അവള്‍ ബെര്‍ത്തില്‍ നിന്നും താഴേക്കു കഴുത്തു നീട്ടി എത്തിനോക്കി. കിടക്കുന്നിടത്തു നിന്നും പെട്ടെന്നു അവള്‍ താഴെയിരുന്ന് കാല്പാദം മാന്തിക്കൊണ്ടിരിക്കെ ഉറങ്ങിപ്പോയ അവളുടെ ഭര്‍ത്താവിനെ ഒരു ടീച്ചറുടെ ഗൌരവത്തോടെ അന്നത്തെ സായാഹ്നപത്രമെടുത്ത് തട്ടിക്കൊണ്ട്  പറയുന്നത് കണ്ടു.


                   - അവരിപ്പോള്‍ താഴേക്കു വീഴും. ഒന്ന് വിളിച്ചുണര്‍ത്തി നേര്‍ക്കു കിടത്തു.


                    അനന്തു നോക്കുമ്പോള്‍ ഷേര്‍ലി പറഞ്ഞത് ശരിയാണെന്നു കണ്ടു. ഷേര്‍ലി കണ്ടില്ലായിരുന്നെങ്കില്‍ ഉറക്കത്തില്‍ താഴെ വീഴും വിധം അവള്‍ ബെര്‍ത്തില്‍ അറ്റത്തായിരുന്നു. അയാള്‍ എഴുന്നേറ്റ് അവളെ നേര്‍ക്ക് കിടത്തുന്നതു കണ്ടു.


                     ഷേര്‍ലി മെല്ലെ മുഖം തിരിച്ച് അനന്തുവിനോട് സഹതാപത്തോടെ പറഞ്ഞു.


                   -ഉറങ്ങിക്കോളു. ഉറക്കൊഴിഞ്ഞ് പ്രഷര്‍ കൂട്ടേണ്ട. 


                   അനന്തു അവള്‍ക്ക് വേണ്ടിയെന്നോണം കൈകള്‍ നെഞ്ചത്ത് പിണച്ചു വെച്ച്  മുകളില്‍ കറങ്ങുന്ന ഫേനുകളെ തെല്ലു നരം നോക്കുകയും പിന്നെ ഉറക്കത്തിനായി വെറുതെ കണ്ണുകള്‍ അടക്കുകയും ചെയ്തു.
                                

                                                                      -0-

(സാഫല്യം മാസിക)