2011, ഡിസംബർ 31, ശനിയാഴ്‌ച

കപ്പലണ്ടി

അരുണ്‍കുമാര്‍ പൂക്കോം


മുന്നിലെ സീറ്റില്‍
കണ്ണുകളാല്‍ പരസ്പരം തേടിയും
ചിരിച്ചും കുറുകിയും
ഒരാണും പെണ്ണും.
അവരില്‍ പീലി വിരിച്ചാടുന്നു
പ്രണയം.
എഫ്.ഐ ബോക്സിനടുത്തായി
കൊക്കുരുമ്മിയ നിലയില്‍
ടാബ്ളോ തീര്‍ത്ത്
ഏതോ രണ്ട് പക്ഷികള്‍.
പിറകിലേക്ക് ഓടിമറയുന്ന കാഴ്ചകളില്‍
മായാതെ നില്പൂ
പൂത്തുലഞ്ഞൊരു ഗുല്‍മോഹറില്‍
പടര്‍ന്നു പടര്‍ന്നേറിയ
പ്രണയാര്‍ദ്രയാം
വര്‍ണ്ണാഭയാം ബോഗന്‍വില്ല.
അടുത്തിരിക്കുന്ന നിനക്ക് പക്ഷേ
കപ്പലണ്ടിയോടാണ് സ്നേഹം.
എനിക്കുമതെ.

                    -0-

ഗ്ളും

അരുണ്‍കുമാര്‍ പൂക്കോം


പോസ്റ് ബോക്സില്‍
കവിതകളിടുമ്പോള്‍
തീരത്തിരുന്ന്
പുഴയിലെറിയുന്ന ചെറുകല്ലുകള്‍ പോലെ
ചെറുതായി കേള്‍ക്കാറുണ്ട്
ഗ്ളും എന്നൊരു ശബ്ദം, അല്ലല്ല നിസ്വനം.
പുഴയില്‍ എത്രയോ തരം മീനുകള്‍.
എന്നിട്ടും വന്നു വീഴുന്ന ചെറുകല്ലുകളെ അവയൊന്ന്
നോക്കുന്നു പോലുമില്ല.
ഇനി മുതല്‍
സംസ്ക്യതം അലകുകള്‍ ചാര്‍ത്തിയ
മുട്ടന്‍ കല്ലുകള്‍
ഖണ്ഡകാവ്യങ്ങളിട്ടു നോക്കാം.
ഒന്നുമില്ലെങ്കിലും
അവയൊന്ന് ചിതറിയോടുമല്ലോ.
ഗോലി കളിച്ചു നടന്ന കാലം
സംസ്ക്യതം പഠിക്കാതെ പോയി, കഷ്ടം, അല്ലല്ല നഷ്ടം.

                 -0-

കോപ്പി വരകളില്‍ ഒരു കാക്ക

അരുണ്‍കുമാര്‍ പൂക്കോം


(കുഞ്ഞുണ്ണി മാഷോട് ക്ഷമാപൂര്‍വ്വം)


കാക്ക പാറി
ന്യൂട്രലില്‍ ഇരുന്നു.
വാല് ഫേസില്‍ തട്ടി.
കാക്ക കാലിയായി.

                     -0-

ചുമരിലെ ഫോട്ടോകള്‍

അരുണ്‍കുമാര്‍ പൂക്കോം


പണ്ടൊക്കെ ചുമരില്‍ ആണിയടിച്ചു തൂക്കിയ
കറുപ്പും വെളുപ്പും വിവാഹഫോട്ടോകള്‍ ഉണ്ടായിരുന്നു.
അവരിരുവരും നോക്കുന്നവരെ
നോക്കിച്ചിരിക്കാറുമുണ്ടായിരുന്നു.
വശം തെല്ലൊന്നു മാറിച്ചിരിച്ചാല്‍
അവരും കണ്ണുകള്‍ തെല്ലൊന്ന് ചെരിച്ചു ചിരിക്കുമായിരുന്നു.
അവരാകമാനം മനസ്സിനൊരു സന്തോഷമായിരുന്നു.


ചില ചുമരുകളില്‍ കിളിക്കൂടും ക്യതാവും കട്ടിക്കോളറുമുള്ള
ദേഹത്തോടൊട്ടിയ ഷര്‍ട്ടിട്ട ചെറുപ്പക്കാരുടെ പടങ്ങളുണ്ടാകും.
ചിലര്‍ നാടു മാറ്റാന്‍ പോയി തിരിച്ചു വരാത്തവര്‍,
 ചിലര്‍ പാതിവഴിക്ക് ഇറങ്ങിപ്പോയവര്‍.
നാട്ടുവര്‍ത്തമാനങ്ങള്‍ പറയുമ്പോഴും
അയാള്‍ നനവൂറുന്നതു പോലുള്ള
കണ്ണുകളാല്‍ നമ്മെ സങ്കടപ്പെടുത്തിക്കൊണ്ടിരിക്കും.


മറ്റു ചിലരുണ്ട്, പ്രായമായവര്‍, ചുമരിലെ ഫോട്ടോയില്‍ ഗൌരവത്തിലിരിക്കുന്നവര്‍.
പറയുന്നൊക്കെയും ഇഷ്ടപ്പെടായ്ക വരുമോ എന്ന്
മുള്‍മുനകളില്‍ ഇരുത്തുന്നവര്‍.
ചായ കുടിക്കാന്‍ വിളിക്കുമ്പോഴും മനസ്സയച്ചിട്ട്
കഴിക്കാന്‍ പോലും സമ്മതിക്കാത്തവര്‍.


ഇന്നത്തരമൊരു വീടു കണ്ടാല്‍ തോന്നും
മനസ്സിനകത്ത് ഇരുത്തേണ്ടവരെ
പുറത്തിരുത്തിയിരിക്കുന്നുവെന്ന്.

                       -0-

രമണിക ടാക്കീസ്

അരുണ്‍കുമാര്‍ പൂക്കോം

ടൌണിലേക്ക് ബസ്സില്‍ പോകുമ്പോള്‍
കാണാറുണ്ട്
രമണിക ടാക്കീസ് നിന്നിടത്ത്
തലയോട്ടിയും
കുറെ എല്ലുകളും.
ഒറ്റക്കു പോയി അവിടെ നിന്നാണ്
അടുത്തിടെ
ലൈലാ മജ്നു കണ്ടത്,
ചെമ്മീനും.
അതു പറഞ്ഞപ്പോള്‍
കൂട്ടുകാര്‍ കളിയാക്കി.
ബ്ളാക്ക് ഏന്റ് വൈറ്റിലും
ഈസ്റ് മേന്‍ കളറിലും
അവര്‍ക്കിടയില്‍ ഞാന്‍ മങ്ങി നിന്നു.
എങ്കിലും ഇപ്പോഴും തോന്നും
അവസാനകാലത്ത്
ഞാനുണ്ടായിരുന്നു കൂടെ.
അടുത്തിരിക്കാന്‍,
തെല്ലു വെള്ളം കൊടുക്കാന്‍.
കിടക്കയില്‍ തെല്ലൊന്ന് മാറ്റിക്കിടത്താന്‍.

                           -0-

2011, ഡിസംബർ 30, വെള്ളിയാഴ്‌ച

വെള്ളെണ്ണ

അരുണ്‍കുമാര്‍ പൂക്കോം

വീട്ടുമുറ്റത്തുണ്ടായിരുന്നു
ഒരുനാളും വറ്റാ
തെളിനീര്‍ കിണര്‍.
ഒരു നാളൊരു
തോക്കിന്‍ കുഴല്‍
വെള്ളം മൊത്തം
ഊറ്റി കൊണ്ടുപോയി.
വധശിക്ഷക്കായി
വീട്ടുകാരെയെല്ലാം
പിടിച്ചോണ്ടും പോയി.
                   -0-

പുഴ

അരുണ്‍കുമാര്‍ പൂക്കോം


പണ്ട് അവരുടെ സ്േനഹം
നിറഞ്ഞു കവിഞ്ഞൊഴുകുന്ന
പുഴയായിരുന്നു.
ആദ്യമാദ്യമൊക്കെ അവര്‍ക്കിടയില്‍
പരിഭവങ്ങളും പിണക്കങ്ങളും
കുരുക്കുമ്പോള്‍ അകല്‍ച്ചയുടെ
സ്വയം തീര്‍ത്ത ചങ്ങാടത്തില്‍
അവള്‍ തനിച്ച്
അക്കരെക്കുപോകും.
പിന്നെ
ഒത്തുതീര്‍പ്പിന്റെ തോണിയേറി
ഇക്കരെക്കും പോരും.
ഒത്തൊപ്പിച്ചു വീണ്ടും കഴിയുമ്പോള്‍
മറക്കാനാവാതെ
അവരുടെ ഓര്‍മ്മകളിലേക്ക്
പുതിയവക്കൊപ്പം
പഴയ ശ്രുതിഭംഗങ്ങളും
താളപ്പിഴകളും
വിളിച്ചും വിളിക്കാതെയും
തികട്ടിത്തികട്ടി വരും.
അപ്പോഴേക്കും
പുഴ വറ്റിവരണ്ടേ പോയിരുന്നു.
അവള്‍ അനായാസം
മറുകരക്കു നടന്നേപോയി.
പുറമേ പരുപരുപ്പെങ്കിലും
തരളമവന്റകം.
വറ്റിവരണ്ട്
ചുട്ടുപഴുത്തു കിടക്കുമാ
മണലിലൂടെ വീണ്ടുമൊരു നാള്‍
അവളൊഴുകുമെന്ന്
വെറുതെ എന്നറിയുമ്പോഴും
വെറുതെ കാത്തിരിപ്പൂ
ഒറ്റയാനവന്‍.

                     -0-

കാളക്കണ്ണ്

അരുണ്‍കുമാര്‍ പൂക്കോം

എളുപ്പവഴികളിലൂടെ
കോട്ടേഴ്സില്‍
അത്താഴത്തിന്
മുട്ടകള്‍ ഉടച്ച്
കാളക്കണ്ണുകള്‍
തീര്‍ക്കുകയായിരുന്നു.
പെട്ടെന്നാണ്
ഇരുട്ടിലൂടെ
ഒരു മഴ വരാന്തയിലേക്ക്
ആര്‍ത്തലച്ച്
അണച്ചെത്തിയത്.
ഒന്നുമുണ്ടായിരുന്നില്ല
ചേരുന്നത് കൊടുക്കാന്‍.
ഒരു ഷര്‍ട്ട് നല്കി.
ഒരു മുണ്ടും.
അപ്പോഴേക്കും
കാളക്കണ്ണ്
കരിഞ്ഞുപോയിരുന്നു.
തെല്ലൊന്ന് ചോര്‍ന്നപ്പോള്‍
പരാതി കൊടുക്കാനായി
കൂടെപ്പോയി.

           -0-

നങ്കൂരം

അരുണ്‍കുമാര്‍ പൂക്കോം


തളച്ചിടുന്നുവെന്ന്
പരിഭവത്തോടെ
ചാഞ്ചാടുന്ന പായ്ക്കപ്പലേ,
കടലു നിറയെ കാറ്റാണ്,
നിര്‍ത്താത്ത തിരയിളക്കങ്ങളും.
ആഹാ കടലെന്ന് മനസ്സ് ആടിയുലയും
പുറംമോടിയല്ല കാര്യം.
കടലിനകം
ഞെരിച്ചു തകര്‍ക്കുന്ന നീരാളിയുണ്ട്,
ഈര്‍ച്ചവാള്‍പ്പല്ലുകളുള്ള കൊമ്പന്‍ സ്രാവുകളും.
പായ്ക്കപ്പലുകള്‍ക്ക് ഒറ്റക്കൊരിടത്ത്
തെല്ലും നില്ക്കുവാനാവതില്ല.
തളച്ചിടുമ്പോഴും വെള്ളത്തിലാണ്ട്
ശ്വാസമൊപ്പിച്ച് നങ്കൂരം കിടപ്പത്
കാണാതെ പോവതെന്തേ?
യാത്രയിലുടനീളം
കൂടെപ്പോരുന്നതും കാണാത്തതെന്തേ?
ചില തളച്ചിടലുകളാണ്
ചിലപ്പോള്‍ സ്നേഹം.

                            -0-

അസാമാന്യ സര്‍ക്കസ്സുകാരനെ ഞാനൊരാള്‍ വായിക്കുന്നു.

അരുണ്‍കുമാര്‍ പൂക്കോം


അസാമാന്യ സര്‍ക്കസ്സുകാരാ,
ഞാനിപ്പോള്‍ താങ്കളുടെ ആകാശച്ചരടിലൂടെയുള്ള
നടത്തം കാണുകയാണ്.
എനിക്കറിയാം താങ്കളെ പറ്റി പറഞ്ഞാല്‍  ചുളുവില്‍
 എനിക്കൊരു ബുദ്ധിജീവിയാകാം.
(പക്ഷേ അതെന്നെ മോഹിപ്പിക്കുന്നില്ല.)
കംപ്യൂട്ടറിന്റെ മുന്നിലാണെങ്കിലും
താങ്കളുടെ ലോകം വളരെ വലുതാണ്.
ഞാനും അതിന്റെ മുന്നില്‍ തന്നെ.
ഇതുവരെയും ഞാന്‍ കണ്ണുരോഗ വിദഗ്ധന്റെ
 ചൂണ്ടുവിരല്‍ വെട്ടത്തിലെ എഴുത്തുകള്‍ വായിച്ചിട്ടില്ല.
അടുത്തുള്ളതും അകലത്തുള്ളതും ക്യത്യമായി കാണാം.
എങ്കിലും താങ്കളുടെ കാഴ്ചകള്‍ എനിക്ക് കിട്ടുന്നതേയില്ല.
ഇതുവരെയും പാറ്റ പാറ്റയായും പരുന്തു പരുന്തായും
 പാറിപ്പോകുന്നത് കണ്ടതില്‍
എനിക്കിപ്പോള്‍ അതിയായ സങ്കടമുണ്ട്.
താങ്കള്‍ അതിവേഗമാണ് നടക്കുന്നത്.
ഒച്ചിഴയലുകളില്‍ ഒപ്പമെത്താന്‍ ഞാന്‍ പാടുപെടുന്നു.
ഞാന്‍ കിതക്കുന്നത് താങ്കള്‍ കേള്‍ക്കുമെന്ന് എനിക്കറിയാം.
എങ്കിലും തളര്‍ന്നിരിക്കാന്‍ മനസ്സ് സമ്മതിക്കുന്നതേയില്ല.
എനിക്ക് പിന്നില്‍ കെട്ടിയ നുകം കൊണ്ട്
വരയേണ്ട വ്യത്തങ്ങളുണ്ട്.
ഞാനുണ്ടായിരുന്നതിന്റെ അടയാളപ്പെടുത്തലുകളാണവ.
ഒരുപക്ഷേ പിന്നീടെപ്പോഴെങ്കിലും സ്വര്‍ണ്ണനിറത്തില്‍
 നെല്ലുകള്‍ ഉണ്ടായെങ്കിലോ?
പറന്നിറങ്ങുന്ന വെട്ടുകിളികളെ എനിക്കിഷ്ടമാണ്.
അവരാണ് സത്യം പറയുന്നവര്‍.
സ്വാര്‍ത്ഥതയോടെ കറ്റ മെതിക്കുന്നവരിലും
 തൂളി കളയുന്നവരിലും എനിക്ക് താല്പര്യമില്ല.
ഒട്ടനവധി സര്‍ക്കസ്സുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
പാവങ്ങളാണവര്‍.
താഴെ വീണുതകരാതിരിക്കാന്‍ തേച്ചുമിനുക്കിയ
സ്ഫടികപാത്രങ്ങള്‍ക്ക്  അരയില്‍
ആകാശത്ത് തൂങ്ങിയാടാന്‍ പാകത്തില്‍ കമ്പിച്ചരടുകളുണ്ട്.
താങ്കളെ പോലെ കൈവിട്ടുള്ള കളികള്‍
 അവര്‍ നടത്താറേയില്ല.
എന്നിട്ടും താങ്കള്‍ നാലുകാലുകളില്‍ തന്നെ
 ഭൂമിയില്‍ വന്നുവീഴുന്നു.
താങ്കളെ പഠിക്കുമ്പോള്‍ ഞാന്‍ നിലത്തടിച്ചു വീണുപോകുന്നു.
അതുകണ്ട് ചിരിക്കുന്നവരേ, ചിരിയും
 ചിലപ്പോള്‍ തെല്ലൊരു അനുകരണമാണ്.
എങ്കിലും ഓടിക്കൊണ്ടിരിക്കെ
മുന്നിലെ ചക്രമൂരിപ്പിടിച്ചുകൊണ്ടുള്ള
ഒറ്റച്ചക്രത്തില്‍ ഓടുന്ന സൈക്കിളിലെ യാത്രയെങ്കിലും
എനിക്ക് പഠിച്ചെടുക്കാനായാല്‍ മതിയായിരുന്നു.
ഒന്നുമില്ലെങ്കിലും താങ്കളുടെ കൈകളില്‍ തന്നെ
 റ റ എന്നെഴുതിക്കൊണ്ട്
നിര്‍ത്താതെ വന്നു വീണുകൊണ്ടിരിക്കുന്ന പന്തുകളെങ്കിലും
എന്റെ കൂടെ തെല്ലും മടിക്കാതെ വരേണ്ടതല്ലേ?

                                          -0-

2011, ഡിസംബർ 25, ഞായറാഴ്‌ച

കല്ലെട് തുമ്പീ, കല്ലെട്

അരുണ്‍കുമാര്‍ പൂക്കോം


                                                                            1
                       (പെണ്‍കുട്ടി വീടിന്റെ ഉമ്മറത്തിരുന്ന് കൊത്തന്‍കല്ല്
                      കളിക്കുന്നു.)

പെണ്‍കുട്ടി: (കല്ല് ചാടിപ്പിടിച്ചുകൊണ്ട് സ്വഗതം.) കൊത്ത് കോഴിക്കൊത്ത്,
                        വച്ചാടപ്പ് വാരിപ്പിടുത്തം, തപ്പ്, താളം, മേളം.

                    (പെണ്‍കുട്ടിയുടെ അമ്മച്ചി അകത്തു നിന്നും “രുക്കൂ, രുക്കൂ”
                    എന്നു വിളിക്കുന്ന ശബ്ദം.പെണ്‍കുട്ടി വിളിച്ചിട്ട് വിളി
                     കേള്‍ക്കാത്തതിന്റെ ഈര്‍ഷ്യയോടെ അമ്മച്ചി പാല് നിറച്ച
                     കുപ്പികളുള്ള കുട്ടയുമായി വരുന്നു.)

അമ്മച്ചി: രാവിലെ തന്നെ കൊത്തങ്കല്ലു കളിക്കാനിരിക്കുകയാണല്ലേ.
                   ചെന്ന് പാലു കൊടുക്ക് പെണ്ണേ. (പെണ്‍കുട്ടി    
                   ഇഷ്ടക്കേടോടെ  കല്ലുകള്‍ താഴത്തിട്ട് ഇഷ്ടപ്പടാത്ത
                   മുഖഭാവത്തോടെ കുട്ട വാങ്ങുന്നു.)

അമ്മച്ചി: പാലു കൊണ്ടുകൊടുക്കാന്‍ പറഞ്ഞാല്‍ എപ്പോഴും തേനീച്ച
                    കുത്തിയ പോലെയങ്ങ് വെച്ചോ. പെണ്ണിന്റെ മുഖത്ത്
                    ഒരിക്കലുമൊരിക്കലും തെളിച്ചം വേണ്ട. ഈ പാലു വിറ്റിട്ടാ
                    ഞാന്‍ കുടുംബം പുലര്‍ത്തുന്നത്. അല്ലാതെ നിന്റപ്പച്ചന്‍
                    പുള്ളി മുറിച്ച് കാശുണ്ടാക്കിയിട്ടല്ല. (പെണ്‍കുട്ടിക്ക് ഒരു
                   തള്ളു വെച്ചു കൊടുത്തുകൊണ്ട്)
                   പെട്ടെന്നു ചെല്ലെടീ. പാലു താമസിച്ചാല്‍
                    എനിക്കാ വഴക്ക്.

                    (പെണ്‍കുട്ടി കുട്ടയുമെടുത്ത് പോകുമ്പോള്‍ ഓടി വന്ന
                   പശുക്കിടാവിനെ അമ്മച്ചി തൊഴുത്തിലേക്ക് കൊണ്ടുപോകുന്നു.
                   പിന്നെ പശുവിന് വൈക്കോലിട്ട് കൊടുക്കുന്നു.)

                                                                          2
                   (പെണ്‍കുട്ടി പാലുകൊണ്ടു കൊടുക്കുന്ന വീട്ടിലെ ഓഫീസ്
                   മുറിയില്‍ കംപ്യൂട്ടറിന്റെ മുന്നിലിരിന്ന് ഒരു ആണ്‍കുട്ടി
                  കംപ്യൂട്ടറില്‍ ചിത്രം വരക്കുന്നു. പെണ്‍കുട്ടി ജാലകത്തിലൂടെ
                  അത്ഭുതത്തോടെ അതു നോക്കി നില്ക്കുന്നു. പെണ്‍കുട്ടി
                  നോക്കുന്നുണ്ടെന്നറിഞ്ഞ് ഗൌരവത്തോടെ ആണ്‍കുട്ടി അവളെ
                  നോക്കി “ഉംംം” എന്നു ചോദിക്കുന്നു.)

പെണ്‍കുട്ടി:  ഒരു ചിത്രം ഞാനും വരച്ചോട്ടെ.

ആണ്‍കുട്ടി : മറ്റാര്‍ക്കും കൊടുക്കരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.
                          (അവനതും പറഞ്ഞ് എഴുന്നേറ്റ് ജാലകം അടച്ചുകളയുന്നു.
                           അവള്‍ ജാള്യതയോടെ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍
                         വീട്ടുകാരി വന്ന് പാലിന്റെ ഒഴിഞ്ഞ കുപ്പി കൊടുത്തിട്ട്
                        തിരിച്ചു പോകുന്നു.)

പെണ്‍കുട്ടി: (മെല്ല തിരിഞ്ഞു നടക്കുന്നതിനിടയില്‍ ) ഓ! ഒലിയ വമ്പന്‍.
                        പെട്ടിപ്പീടിക പോലത്തെ കംപ്യൂട്ടറും വെച്ച് പത്രാസ്
                        കാണിക്കുന്നു. വലുതായാല്‍ ഞാനും വാങ്ങും
                        അതുപോലെ പത്തിരുപതെണ്ണം.

                                                                            3

                          (പെണ്‍കുട്ടി ഉറക്കെ ക്വിസ് പുസ്തകം വായിക്കുന്നു.)
പെണ്‍കുട്ടി: സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത
                         നക്ഷത്രം - പ്രോക്സിമ സെന്റോറി.
                         (ആവര്‍ത്തിച്ചാവര്‍ത്തിച്ച് മനസ്സിലുറപ്പിക്കുന്നു. കണ്ണാടിയുടെ
                         മുന്നില്‍ അണിഞ്ഞൊരുങ്ങുന്ന പെണ്‍കുട്ടിയുടെ അപ്പച്ചന്‍.
                         മീശയുടെയും തലമുടിയുടെയുമൊക്കെ ചേല് മാറി മാറി
                        നോക്കുന്നു. പെണ്‍കുട്ടിയുടെ അമ്മച്ചി അവഞ്ജയോടെ
                        അതു നോക്കുന്നു.)

അപ്പച്ചന്‍: (അമ്മച്ചിയോട്) നിന്റെ കൈയില്‍ ഒരു അഞ്ഞൂറു
                      രൂപയുണ്ടോ? ഞാന്‍ രണ്ടു ദിവസം കഴിഞ്ഞിട്ട്
                      തിരിച്ചു തരാം.

അമ്മച്ചി: ചീട്ടു കളിക്കാനല്ലേ. എന്റെ കൈയില്‍ കാശില്ല. ഉണ്ടെങ്കിലും
                    തരില്ല.

അപ്പച്ചന്‍: (ഉത്തരം ഉരുവിട്ടു കൊണ്ടിരുന്ന പെണ്‍കുട്ടിക്ക് നേരെ
                      തിരിഞ്ഞ്) പ്രോക്സിമ സെന്റോറി. പ്രോക്സിമ സെന്റോറി.
                       എന്ത് പ്രോക്സിമ സെന്റോറി. എഴുന്നേറ്റ് പോടി പെണ്ണേ.
                      ഇനിയിപ്പോള്‍ നീ പഠിച്ചിട്ട് ഉണ്ടാക്കാന്‍ പോകുവല്ലേ.
                      (പുസ്തകം പിടിച്ചു വാങ്ങി നിലത്തെറിയുന്നു. പെണ്‍കുട്ടി
                      പകച്ച് എഴുന്നേറ്റ് ചുമരും ചാരി നില്ക്കുന്നു.)

 അപ്പച്ചന്‍: (അമ്മച്ചിയോട്) നിന്നെ ഞാന്‍ മിന്നുകെട്ടിയത് പുവര്‍
                      ഫാമിലിയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാ. അന്ന് ഞാന്‍
                     കാണിച്ച മഹാമനസ്കത കൊണ്ടാണ് പുര നിറഞ്ഞു
                     നില്ക്കുന്ന നിനക്ക് ഭര്‍ത്താവായിട്ട് ഒരുത്തനുണ്ടായത്.
                      മറക്കേണ്ട നീ. ഇന്ന് പാലു വിറ്റ് നീ പണക്കാരിയായി. 
                      ഇന്നെനിക്ക് ഒരാവശ്യം  വന്നപ്പോള്‍ എനിക്ക് തരാന്‍
                      മാത്രം നിന്റെ പക്കല്‍ കാശില്ല.
                     (നിലത്ത് ചാടിയ പുസ്തകം കുനിഞ്ഞെടുക്കുന്നു.) ഇത് നീ
                      വാങ്ങിക്കൊടുത്ത പുസ്തകമല്ലേടി. കണ്ട പുസ്തകങ്ങള്‍
                     വാങ്ങിക്കൊടുത്ത് വെറുതെ കളയാന്‍ നിന്റെ കൈയില്‍
                     കാശുണ്ട്. ഞാന്‍ ചോദിച്ചാല്‍ തരാനില്ല. അല്ലേടി.
                      (പുസ്തകം അമ്മച്ചിയുടെ മുഖത്തെറിയുന്നു. പിന്നീട്
                      ധരിച്ചിരുന്ന ലുങ്കിയുടെ ഒരു വശം ഉയര്‍ത്തി ട്രൌസറിന്റെ
                     കീശയില്‍ നിന്നും രണ്ടുപെട്ടി ചീട്ടെടുത്തിട്ട് അതു തുറന്ന്
                     കുറച്ചു ചീട്ടുകള്‍ വിടര്‍ത്തിപ്പിടിച്ച് കാണിക്കുന്നു.)
                     എനിക്ക് ജീവിക്കാന്‍ ഇതു മതി. നീയൊരു അഞ്ഞൂറിങ്ങെട്.
                     കുറച്ചു ദിവസമായിട്ട് പണം നഷ്ടപ്പെട്ടു പോകുന്നൂന്നുള്ളത്
                      സത്യമാ. പക്ഷേ നീയൊരു അഞ്ഞൂറു സഹായിച്ചാല്‍
                      നഷ്ടപ്പെട്ടത് ഞാന്‍ തിരിച്ചു പിടിക്കും. നിനക്കൊരു സാരി
                      വാങ്ങിത്തരാം. പിന്നെ മോള്‍ക്കൊരു ഉടുപ്പും. (മുറിയില്‍
                      അവിടെയുമിവിടെയും കാശിനായി തപ്പി നോക്കുന്നു.)

അമ്മച്ചി: സാരിയും ഉടുപ്പും വാങ്ങിത്തരുന്ന ആളെക്കണ്ടാല്‍ മതി.
                    പൈസ മുഴുവന്‍ പോയപ്പോഴല്ലേ ഭാര്യയും മോളും. കുറെ
                    ദിവസമായി വീട്ടില്‍ പോലും വരാതെ ചീട്ടും കളിച്ച്
                    ഇരിക്കുകയായിരുന്നില്ലേ. വെറുതെ അതുമിതും പറയാതെ
                    ഇറങ്ങിപ്പോ മനുഷ്യാ.

                    (പെണ്‍കുട്ടിയുടെ അപ്പച്ചന്‍ “അധികപ്രസംഗം പറയുന്നോടി”
                    എന്നും പറഞ്ഞുകൊണ്ട് അമ്മച്ചിയെ ഓടി വന്ന് തല്ലുന്നു.
                    അമ്മച്ചി നിലവിലിച്ചു കൊണ്ട് പ്രാകുന്നു. ഇടയില്‍ വന്ന്
                    തടയാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ അപ്പച്ചന്‍
                   തട്ടിത്തെറിപ്പിക്കുന്നു. നിലത്തു വീഴുന്ന പെണ്‍കുട്ടി എഴുന്നേറ്റ്
                   വന്ന് വീണ്ടും അവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നു. ആകെ
                    ബഹളം. പിടി വലിക്കിടയില്‍ ബ്ളൌസിനിടയില്‍ നിന്നും
                   രണ്ടു മൂന്നു നൂറിന്റെ നോട്ടടുത്ത് അമ്മച്ചി നിലത്തേക്ക് 
                   എറിയുന്നു.)

അമ്മച്ചി: കൊണ്ടു പോ. എല്ലാം കൊണ്ടുപോയി കളിച്ചു തീര്‍ക്ക്.
                   കളിച്ചു തിമര്‍ക്ക്.
          
                     (അപ്പച്ചന്‍ കാശു കണ്ടതും അവ പെറുക്കിയെടുത്ത്
                    “നാവടക്കെടി” എന്ന് അമ്മച്ചിയോട് കയര്‍ത്ത്
                      പുറത്തേക്കിറങ്ങി പോകുന്നു. തന്നെ കെട്ടി പിടിച്ച
                     പെണ്‍കുട്ടിയെ തന്നോട് ചേര്‍ത്ത് അമ്മച്ചി ചുമരിലെ 
                    കര്‍ത്താവിന്റെ ചിത്രത്തിലേക്ക് നോക്കുന്നു.

 അമ്മച്ചി: കര്‍ത്താവേ. ഇതൊന്നും കാണുന്നില്ലല്ലോ?.

                                                                          4

                      (സ്ക്കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരു മരത്തിന്റെ
                     കീഴെയിരുന്ന് അപ്പച്ചന്‍ മറ്റുള്ളവരുടെ കൂടെ
                     ചീട്ടുകളിക്കുന്നത് കുറ്റിക്കാടിന്റെ മറ പറ്റി പെണ്‍കുട്ടി 
                    നോക്കുന്നു. അവള്‍ സ്ക്കൂള്‍ യൂണിഫോമാണ്
                     ധരിച്ചിരിക്കുന്നത്. അപ്പച്ചന്‍
                    അടുത്തിരിക്കുന്ന ആളുടെ കൈ എത്തിനോക്കുമ്പോള്‍
                     അയാള്‍ കൈ മറച്ചു കളയുന്നു. പെണ്‍കുട്ടി സ്ക്കൂളില്‍
                     നിന്നും ബെല്ലടിക്കുന്ന ശബ്ദം കേട്ട് ധ്യതിയില്‍
                    ഓടിപ്പോകുന്നു.)

                                                                           5

                      (വൈകുന്നേരം. അപ്പുറത്തെ വീട്ടിലെ വീട്ടുകാര്‍ അവിടുത്തെ
                      മരത്തിന്റെ കൊമ്പില്‍ നക്ഷത്രം തൂക്കുന്നത് അതിരില്‍
                      നിന്നുകൊണ്ട് പെണ്‍കുട്ടി നോക്കി നില്ക്കുന്നു. തന്റെ
                     പക്കല്‍ നക്ഷത്രമില്ലാത്തതിന്റെ സങ്കടം മുഖത്ത്
                     നിഴലിക്കുന്നു.)

                                                                            6

                             (പെണ്‍കുട്ടി സ്ക്കൂളിനടുത്തുള്ള ഗ്രീറ്റിംഗ് കാര്‍ഡുകടയില്‍
                             നിന്നും കാര്‍ഡുകളെടുത്ത് മറിച്ചു
                             നോക്കിക്കൊണ്ടിരിക്കുന്നു.
                             കടയിലെ ക്ളോക്കില്‍ 9.35.)

കടക്കാരന്‍: (കാര്‍ഡ് പിടിച്ചു വാങ്ങിയിട്ട്) വാങ്ങാനല്ലെങ്കില്‍ ഇടക്കിടക്ക്
                          വന്ന് അതുമിതുമെടുത്ത് നോക്കുന്നതെന്തിന്?  (കാര്‍ഡ്
                         തരിച്ചും മറിച്ചും നോക്കിയിട്ട്) ആകെ മുഷിച്ചു.
                         (അടുത്തു നിന്ന് കാര്‍ഡുകള്‍ നോക്കുന്ന ആളോട്)
                          ഈ കുട്ടി എപ്പോഴും വന്ന്
                         അധികാരത്തോടെ കാര്‍ഡെടുക്കും. കട അവളുടെ
                         സ്വന്തമാണെന്നാണ് വിചാരം. (വീണ്ടും കാര്‍ഡു നോക്കി
                         തുടച്ചുകൊണ്ട്) ആകെ വ്യത്തികേടാക്കി.

                          (പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുന്നു.)

                                                                            7

                          (ക്ളാസ് റൂം. കുട്ടികള്‍ക്കിടയില്‍ തനിക്കു കിട്ടിയ ഗ്രീറ്റിംഗ്
                         കാര്‍ഡ് മറ്റുകുട്ടികള്‍ക്ക് കാണിക്കുന്ന തിരക്കിലാണ്
                         അതിന്റെ ഉടമസ്ഥയായ കുട്ടി. പെണ്‍കുട്ടി
                         കൌതുകത്തോടെ കാര്‍ഡ് വാങ്ങി നോക്കുന്നു.
                         കാര്‍ഡിന്റെ ഉടമസ്ഥയായ കുട്ടി അത്
                         മറ്റുള്ളവരും നോക്കിക്കഴിഞ്ഞ് ഭദ്രമായി അവളുടെ
                         ബാഗില്‍ വെക്കുന്നു. പെണ്‍കുട്ടി അത് നോക്കി മനസ്സിലാക്കി
                        വെക്കുന്നു.)

                                                                           8

                          (ക്ളാസ് റൂമില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ
                          ബാഗില്‍ നിന്നും പെണ്‍കുട്ടി ഗ്രീറ്റിംഗ് കാര്‍ഡ്
                         മോഷ്ടിക്കുന്നു.  അത് തന്റെ പുസ്തകത്തില്‍
                         ഒളിപ്പിക്കുന്നു. ക്ളാസിലേക്ക് 
                          കുട്ടികള്‍ ‍ഓരോരുത്തരായി തിരിച്ചു വരുന്നു.)

                                                                           9

                          (മാഷ് ക്ളാസിലേക്ക് വരുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റു
                         നില്ക്കുകയും മാഷ് ഇരിക്കാന്‍ ആഗ്യം കാണിച്ചപ്പോള്‍
                         ഇരിക്കുകയും ചെയ്യുന്നു. ഗ്രീറ്റിംഗ് കാര്‍ഡിന്റെ
                        ഉടമസ്ഥയായ   കുട്ടി തന്റെ ബാഗില്‍ കാര്‍ഡ് പരതുന്നു.
                         കാണുന്നില്ലെന്ന് കണ്ട് പരിഭ്രമത്തോടെ വീണ്ടും പരതുന്നു.
                         അവള്‍ “എന്റെ  ഗ്രീറ്റിംഗ് കാര്‍ഡ് കാണുന്നില്ല.
                        നീയെടുത്തോ, നീയെടുത്തോ”
                        എന്ന് അടുത്തിരിക്കുന്നവരോട് ചോദിക്കുന്നു. പിന്നെ
                        മാഷോട് “സാര്‍, എന്റെ ഗ്രീറ്റിംഗ് കാര്‍ഡ് ആരോ എടുത്തു”
                        എന്നു പറയുന്നു.  പെണ്‍കുട്ടി അല്പം പരിഭ്രമത്തോടെ
                       മാഷെ നോക്കുന്നു.)

മാഷ്:            ആരാ ഈ കുട്ടിയുടെ ഗ്രീറ്റിംഗ് കാര്‍ഡെടുത്തത്? (ആരും
                        മിണ്ടുന്നില്ല.) ആരാ എടുത്തതെന്ന്? (ആരും മിണ്ടുന്നില്ലെന്ന്
                        കണ്ട്) എല്ലാവരും അടുത്തിരിക്കുന്നവരുടെ ബാഗ്
                        പരിശോധിക്കൂ.
                        (കുട്ടികള്‍ പരസ്പരം ബാഗ് പരിശോധിക്കുന്നു. പെണ്‍കുട്ടി
                        എന്തുചെയ്യണമെന്നറിയാതെ അല്പം പതറി പിന്നീട്
                        അടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ ബാഗ് പരിശോധിക്കുന്നു.
                        പെണ്‍കുട്ടിയുടെ അടുത്തിരിക്കുന്ന മറ്റൊരു കുട്ടി
                        പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ച് പുസ്തകത്തില്‍
                       നിന്നും മോഷ്ടിച്ചു വെച്ച ഗ്രീറ്റിംഗ് കാര്‍ഡ് പുറത്തെടുത്തിട്ട്
                       “സാര്‍, കാര്‍ഡു കിട്ടി. ഇവളെടുത്തു വെച്ചതാണ്” എന്ന്
                        മാഷോട് പറയുന്നു. പെണ്‍കുട്ടി ഭയത്തോടെ എഴുന്നേറ്റ്
                        നില്ക്കുന്നു. എല്ലാവരും അവളെ കുറ്റവാളിയെ പോലെ
                        നോക്കുന്നു. മാഷ് വടിയെടുത്ത് അവളുടെ കൈവെള്ളയില്‍
                       തല്ലുന്നു.)

മാഷ്:            ഇനി നീ മോഷ്ടിക്കുമോ? ഇല്ലെന്നു പറ. ഇല്ലെന്നു പറ.
                        (വീണ്ടും അടിക്കുന്നു. പെണ്‍കുട്ടി വിതുമ്പിക്കൊണ്ട് “ഇല്ല,
                       ഇല്ല” എന്നു പറയുന്നു.
                        അടി നിര്‍ത്തി കസേരയിലേക്ക് മടങ്ങുന്ന 
                        മാഷ് കുട്ടികളോടെല്ലാവരോടുമായി പറയുന്നു. )
                        തേങ്ങാക്കള്ളന്റെ മോളല്ലേ.
                       ഇവളുടെ അപ്പച്ചന്‍ കഴിഞ്ഞാഴ്ച എന്റെ പറമ്പത്തു
                      നിന്നും കട്ടത് ഒരു കുല തേങ്ങയാ. വിത്തുഗുണം.
                       അല്ലാണ്ടെന്ത്?

                       (തല കുനിച്ചു നില്ക്കുകയായിരുന്ന പെണ്‍കുട്ടി പുതുതായി
                       എന്തോ കേട്ടെന്ന വണ്ണം  നിറഞ്ഞ കണ്ണുകളോടെ മാഷെ ഒന്നു
                       നോക്കി വീണ്ടും തല കുനിച്ചു നില്ക്കുന്നു.  “മാഷ്
                       ഇരിയവിടെ” എന്നു പറയുന്നു. പെണ്‍കുട്ടി തല താഴ്ത്തി
                      പിടിച്ചു കൊണ്ടുതന്നെ ഇരിക്കുന്നു.)

                                                                       10

                       (ക്ളാസ് വിട്ടുപോരുമ്പോള്‍ വഴിവക്കില്‍ വെച്ച്
                      പെണ്‍കുട്ടിയെ ആണ്‍കുട്ടികളില്‍ ചിലര്‍ ‘കാര്‍ഡുപൊക്കിച്ചി’
                      എന്നു കളിയാക്കി വിളിക്കുന്നു.
                       പെണ്‍കുട്ടികള്‍ അടങ്ങുന്ന മറ്റു കുട്ടികള്‍ അതു
                       കേട്ട് അവരോടൊപ്പം കൂടി പെണ്‍കുട്ടിയെ
                       കളിയാക്കിച്ചിരിക്കുന്നു. പെണ്‍കുട്ടി തലയും താഴ്ത്തി നടന്നു
                       നീങ്ങുന്നു. )

                                                                           11

                          (പെണ്‍കുട്ടി ഘോഷയാത്രയുടെ ശബ്ദം കേട്ട് ഓടി വരുന്നു.
                          ക്രിസ്തുമസ്സ് അപ്പൂപ്പനും (സാന്താക്ളോസ്) സംഘവും
                          പാട്ടും പാടി വരുന്നു. പെണ്‍കുട്ടിയെ കണ്ട് സാന്താക്ളോസ്
                          ആശ്ളേഷിച്ച് തന്റെ കൈയിലെ ബലൂണ്‍ അവള്‍ക്കു
                         നല്കുന്നു. അവള്‍ അത് ആഹ്ളാദത്തോടെ വാങ്ങുന്നു.)

                                                                            12

                           (പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി ബലൂണ്‍ കൊണ്ട്
                           കളിക്കുന്നു. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ബലൂണ്‍ മുള്ളില്‍
                           തട്ടി പൊട്ടിപ്പോകുന്നു. പെണ്‍കുട്ടി പൊട്ടിയ ബലൂണ്‍
                          കഷണങ്ങള്‍ എടുത്ത് സങ്കടത്തോടെ നോക്കുന്നു.
                          സാന്തോക്ളോസ് വരുന്നു.)

സാന്താക്ളോസ് : ബലൂണ്‍ പൊട്ടിപ്പോയോ?ഇതാ കുട്ടിക്ക് മറ്റൊന്ന്.
                                      (പെണ്‍കുട്ടിയെ തന്നോട് ചേര്‍ത്തുപിടിച്ചു കൊണ്ട്
                                     സാന്താക്ളോസ് ഒന്നിനു പിറകെ മറ്റൊന്നായി
                                      ബലൂണുകള്‍ പെണ്‍കുട്ടിക്ക് നല്കുന്നു. അവള്‍
                                     ചിരിച്ചുകൊണ്ട്  അവ പറത്തിക്കളിക്കുന്നു.
                                     സാന്താക്ളോസും ഒപ്പം കളിച്ച് തളര്‍ന്ന് കിതക്കുന്നു.
                                      കിതപ്പടക്കാന്‍ സാന്താക്ളോസ് നിലത്തിരിക്കുന്നു.)

സാന്താക്ളോസ്: (കിതപ്പടക്കി) ഇനി നമുക്ക് കൊത്തങ്കല്ലു കളിക്കാം.

പെണ്‍കുട്ടി: (ബലൂണുകള്‍ നിലത്ത് ഭദ്രമായി വെച്ച് കൊണ്ട്) ഞാന്‍
                          അങ്ങോട്ട് പറയാന്‍ നോക്കുകയായിരുന്നു.

                            (പെണ്‍കുട്ടിയും സാന്താക്ളോസും കല്ലുകള്‍ പെറുക്കി
                             കൊത്തങ്കല്ലു കളിക്കുന്നു. സാന്താക്ളോസിന്റെ കൈയില്‍
                            നിന്നും കല്ലുകള്‍ താഴെ വീണു പോകുമ്പോള്‍ പെണ്‍കുട്ടി
                            വായ് പൊത്തിച്ചിരിക്കുന്നു. അതുകണ്ട് സാന്താക്ളോസും
                            ഒപ്പം ചിരിക്കുന്നു.)

പെണ്‍കുട്ടി: അപ്പൂപ്പന്റെ കൈയില്‍ ഗ്രീറ്റിംഗ് കാര്‍ഡുണ്ടോ?

സാന്താക്ളോസ്: (കല്ലുകള്‍ നിലത്തു വെച്ച്) ഉണ്ടല്ലോ.മോള്‍ക്ക് എത്ര
                                   വേണം? (സാന്താക്ളോസ് തോള്‍സഞ്ചിയില്‍
                                 നിന്നും ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എടുത്ത് പെണ്‍കുട്ടിക്ക്
                                  നല്കുന്നു.  അവള്‍ ആഹ്ളാദത്തോടെ അവ
                                  പരിശോധിക്കുന്നു.  പിന്നെ നെഞ്ചോടു
                                 ചേര്‍ത്തുപിടിക്കുന്നു.)

പെണ്‍കുട്ടി: ക്ളാസിലെ നൈനയുടെ ഗ്രീറ്റിംഗ് കാര്‍ഡ് എടുത്തതിന്
                        മാഷ് എന്നെ ഒരുപാട് തല്ലി.

സാന്താക്ളോസ്:  (പെണ്‍കുട്ടിയുടെ കൈയിലെ തല്ലിയ പാടുകള്‍
                                     പരിശോധിച്ച്) അയ്യോ! ഇങ്ങനെ തല്ലാന്‍ പാടുണ്ടോ?
                                     ആര്‍ക്കും മനസ്സിലായില്ലെങ്കിലും മോളെ അപ്പൂപ്പന്
                                     മനസ്സിലാകും. മോള്‍ക്ക് ഇന്നേവരെ ഗ്രീറ്റിംഗ് കാര്‍ഡു
                                     കിട്ടാത്തതു കൊണ്ടല്ലേ മോള് മോഷ്ടിച്ചത്, അല്ലേ.
                                    (പെണ്‍കുട്ടി തലയാട്ടുന്നു.) പക്ഷേ മോള്‍ക്കറിയോ?
                                     മറ്റുള്ളവരുടെ മുതല്‍ മോഷ്ടിക്കുന്നത് പാപമാണ്.
                                    എങ്കിലും അപ്പൂപ്പന്‍ മോളോട് ക്ഷമിച്ചിരിക്കുന്നു.
                                    ബൈബിളില്‍ പറഞ്ഞിരിക്കുന്നത് എന്താന്നെന്ന്
                                    മോള്‍ക്കറിയോ? (സാന്താക്ളോസ് തന്റെ തോള്‍
                                    സഞ്ചിയില്‍ നിന്നും ബൈബിളൈടുത്ത് നിവര്‍ത്തുന്നു.
                                    വെള്ളെഴുത്ത് കാരണം മുഖത്തോട് അടുപ്പിച്ച്
                                    പിടിച്ചാണ് വായന. പെണ്‍കുട്ടി നിര്‍ന്നിമേഷം
                                    നോക്കുന്നു.)

സാന്താക്ളോസ് : (വായിക്കുന്നു.) തെറ്റു ചെയ്യുന്നവരോട് നിങ്ങള്‍
                                      ക്ഷമിക്കുകയാണെങ്കില്‍ നിങ്ങളുടെ തെറ്റുകള്‍
                                      സര്‍വ്വശക്തനായ ദൈവം പൊറുക്കും. തെറ്റു
                                      ചെയ്യുന്നവരോട് നിങ്ങള്‍ ക്ഷമിക്കുന്നില്ല എങ്കില്‍
                                      നിങ്ങളുടെ തെറ്റുകള്‍ സര്‍വ്വശക്തനായ ദൈവം
                                      പൊറുക്കുകയില്ല.
                                       (സാന്താക്ളോസ് പെണ്‍കുട്ടിയെ ആശ്ളേഷിക്കുന്നു.

പെണ്‍കുട്ടി: ഇനി ഞാന്‍ സ്ക്കൂളില്‍ പോവില്ല. 

സാന്താക്ളോസ്: അയ്യോ അതെന്താ?

പെണ്‍കുട്ടി: അപ്പൂപ്പന് അറിയാത്തതു പോലെ. എല്ലാവരും എന്നെ
                         ‘കാര്‍ഡുപൊക്കിച്ചി’ എന്നാ വിളിക്കുന്നത്. കള്ളത്തിയെ
                          പോലെയാ എന്നെ നോക്കുന്നത്.

സാന്താക്ളോസ് : (തമാശ കേട്ടെന്ന പോലെ ചിരിച്ച്) ഒരു തെറ്റൊക്കെ
                                      ആര്‍ക്കും പറ്റും. മോള് അതൊക്കെ മറക്ക്. എന്നിട്ട്
                                      പഠിച്ച് നല്ല മിടുക്കിയാവ്. അമ്മച്ചിക്ക് മോള്
                                      മാത്രമേ  ഉള്ളു. അതുകൊണ്ട് മോളു വേണം
                                     അമ്മച്ചിയെ നോക്കാന്‍. (പെണ്‍കുട്ടി തലയാട്ടുന്നു.) 
                                     എന്നാല്‍  അപ്പൂപ്പന്‍ പോട്ടെ.
                                      (സാന്താക്ളോസ് റ്റാറ്റ പറഞ്ഞ്
                                     ചിരിച്ചുകൊണ്ട് മറയുന്നു. പെണ്‍കുട്ടി
                                     ചിരിച്ചുകൊണ്ട് തിരിച്ചും റ്റാറ്റ പറയുന്നു.)

                                                                          13

                                      (അമ്മച്ചി ഓടിവന്ന് ബോധം കെട്ടുകിടക്കുന്ന
                                      പെണ്‍കുട്ടിയെ കണ്ട് നിലവിളിച്ചു കൊണ്ട് അവളെ
                                      മടിയില്‍ എടുക്കുന്നു. ആളുകള്‍ ഓടി വരുന്നു.
                                      അതിലൊരാള്‍ പെണ്‍കുട്ടിയുടെ മുഖത്ത് വെള്ളം
                                     തളിക്കുന്നു. കണ്ണുകള്‍ തുറക്കുന്ന പെണ്‍കുട്ടി
                                    എല്ലാവരെയും കണ്ട് പകച്ചു നോക്കുന്നു.)

കൂട്ടത്തിലൊരാള്‍: (ആള്‍ക്കൂട്ടത്തില്‍ നിന്നും പെണ്‍കുട്ടിയുടെ
                                      അടുത്തേക്ക് വന്നു കുനിഞ്ഞു നോക്കിയതിനു ശേഷം
                                      ആള്‍ക്കൂട്ടത്തില്‍ വൈദ്യരെന്നു തോന്നിക്കുന്ന  ആളോട്.)
                                      കുഞ്ഞേക്കന്‍ വൈദ്യരൊന്ന് കുട്ടിയെ നോക്കിക്കേ.

                                      (വൈദ്യന് മറ്റുള്ളവര്‍ വഴി മാറിക്കൊടുക്കുന്നു.
                                     കുട്ടിയെ  വൈദ്യന്‍ നാഡി പിടിച്ചു നോക്കുന്നു.
                                      കണ്ണുകള്‍  പരിശോധിക്കുന്നു. )


വൈദ്യന്‍:  സാരാക്കാനൊന്നുമില്ല. എന്നാലും മനയിലൊന്നു
                      കാണിക്കുന്നത് നന്നായിരിക്കും. കുട്ടിക്കെന്തോ
                       മനസ്സിന് തെല്ലു പ്രയാസമുണ്ടെന്ന് തോന്നുന്നു. 

കൂട്ടത്തില്‍ നിന്നും മറ്റൊരാള്‍: (വൈദ്യരെ വിളിച്ചു മാറ്റി നിര്‍ത്തി
                                                                  സ്വകാര്യം) സൈക്യാട്രിസ്റോ
                                                                 സൈക്കോളജിസ്റോ പോരേ വൈദ്യരേ?

വൈദ്യര്‍:  അതൊന്നും വേണ്ട. മനയിലാകുമ്പോള്‍ തെല്ല് നെയ്യും
                     ഗുളികയുമൊക്കെ കഴിച്ചാ അസുഖം മാറിക്കിട്ടും.
                     അത്രക്കൊന്നുമില്ല. തെല്ലൊരു പ്രയാസം. ആയുര്‍വേദത്തില്‍
                     എന്തിനാ മരുന്നില്ലാത്തത് എന്നാ കരുതിയിരിക്കുന്നത്!

                    (അമ്മച്ചി പെണ്‍കുട്ടിയെ മുടിയും മുഖവുമൊക്കെ
                    തടവിക്കൊണ്ടിരിക്കുന്നു.)

                                                                          14

                    (മനയില്‍ ഉമ്മറത്ത് ഇരുത്തിയില്‍ ഇരുന്ന് കൊണ്ട് മനയിലെ
                   വൈദ്യര്‍ അമ്മച്ചിക്ക് കുപ്പിയില്‍ നെയ്യും ഗുളികയുടെ
                    പൊതിയും നല്കുന്നു.)

മനയിലെ വൈദ്യര്‍: (ചെറിയ പ്ളാസ്റിക് കുപ്പികളില്‍ ഒന്ന് കൈ
                                           നീട്ടി എടുത്തു കൊടുത്തു കൊണ്ട്.)
                                            ഇത് ഇടക്കൊക്കെ
                                           കുട്ടിയുടെ മൂക്കിനു മുകളിലും
                                           സന്ധികളിലുമൊക്കെ പുരട്ടിക്കൊടുക്കുക.
                                           മരുന്നൊക്കെ മുടങ്ങാതെ കഴിക്കുക.

അമ്മച്ചി: മോളുടെ അസുഖം ഭേദാവില്ലേ?

മനയിലെ വൈദ്യര്‍: ഭേദാകാതെ പിന്നെ. ധൈര്യായിട്ട് പോയിക്കോളു.
                                           രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വര്വാ. 
                                          (പെണ്‍കുട്ടിയോട്)  നന്നായി പഠിക്കണം ട്ടോ.

                                           (പെണ്‍കുട്ടി തലയാട്ടുന്നു.)

                                                                           15

                            (രാത്രി. കിടക്കയില്‍ ഇരിക്കുന്ന പെണ്‍കുട്ടി അമ്മച്ചിയുടെ
                           കൈ തന്നോട് ചേര്‍ത്തു പിടിക്കുന്നു.)

പെണ്‍കുട്ടി: അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ട് അമ്മച്ചിയെ ഒരുപാട്
                         സ്നേഹിക്കാന്‍. നന്നായി നോക്കണമെന്നും പറഞ്ഞിട്ടുണ്ട്.

അമ്മച്ചി: ഏതപ്പൂപ്പന്‍?

പെണ്‍കുട്ടി: സാന്താക്ളോസ് അപ്പൂപ്പന്‍.

അമ്മച്ചി: അതൊക്കെ മോള് വല്ല സ്വപ്നവും കണ്ടതായിരിക്കും.
                     (അമ്മച്ചി  അലമാരയില്‍ നിന്നും മനയിലെ നെയ്യുടെ
                     കുപ്പിയില്‍ നിന്നും  സ്പൂണില്‍ നെയ്യെടുത്ത് പെണ്‍കുട്ടിയുടെ
                     വായില്‍ പകരുന്നു.
                  പിന്നെ അവളെ പിടിച്ചു കിടത്തി അടുത്ത് കിടക്കുന്നു.) മോള്
                   ഉറങ്ങിക്കൊള്ളു. (പെണ്‍കുട്ടി കണ്ണുകള്‍ അടക്കുമ്പോള്‍ അമ്മച്ചി
                   അവളുടെ നെറ്റിയില്‍ ഉമ്മ വെക്കുന്നു. പുറത്ത് വാതിലില്‍
                   തട്ടുന്ന  ശബ്ദം. പിന്നെ പെണ്‍കുട്ടിയുടെ അപ്പച്ചന്റെ
                  “റീനേ, വാതിലു തുറക്ക്” എന്ന ശബ്ദം. പെണ്‍കുട്ടി ഉറങ്ങി എന്ന്
                   ബോധ്യപ്പെട്ട്  അമ്മച്ചി എഴുന്നേറ്റു ചെല്ലുന്നു.)

അമ്മച്ചി: (അകത്തു നിന്നും) കളിച്ചു കളിച്ച് കാശും കളഞ്ഞ് വന്നു
                    കയറാനുള്ള ഇടമല്ല ഇത്. മോള് ഇപ്പോള്‍
                    ഉറങ്ങിയതേയുള്ളു. ബഹളം വെക്കാതെ പോയേ.

അപ്പച്ചന്റെ ശബ്ദം: റീനേ, കുഞ്ഞേക്കന്‍ വൈദ്യര്‍ പറഞ്ഞാ
                                          കാര്യമൊക്കെ അറിഞ്ഞത്. എന്നെ
                                          വൈദ്യര് ഒത്തിരി വഴക്കും പറഞ്ഞു.
                                          വൈദ്യര് പറഞ്ഞപ്പോഴാ അറിയുന്നത്
                                           ഒപ്പം കളിക്കുന്നവരൊക്കെ മടിക്കെട്ടില്‍
                                          വേറെ ചീട്ടും ഒളിപ്പിച്ച്  എന്നെ
                                          പറ്റിക്കുകയായിരുന്നെന്ന്. ഇനി ഈ
                                          ജ•ം ഞാനിനി ചീട്ടു കളിക്കില്ല. 
                                          വാതിലു തുറക്ക്.

അമ്മച്ചി: (ജാലകം തുറന്ന് മുഖം കുനിച്ച് പുറത്തേക്ക് നോക്കിക്കൊണ്ട്
                    പതുക്കെയെങ്കിലും ദ്യഢമായ ശബ്ദത്തില്‍) ഉറപ്പാണോ?

അപ്പച്ചന്റെ ശബ്ദം : നിന്നാണെ, മോളാണെ സത്യം.

                       (അമ്മച്ചി തെല്ലു നേരം നിശ്ശബ്ദമായി ചുമര്‍ ചാരി
                       നിന്നതിനു ശേഷം വാതില്‍ തുറക്കുന്നു. അപ്പച്ചന്‍
                      അകത്തേക്ക് കടക്കുന്നു.)


                                                                            16

                         (പെണ്‍കുട്ടി അപ്പച്ചന്റെ ഓട്ടോറിക്ഷയില്‍ നിന്നും സ്ക്കൂള്‍
                          ബാഗുമെടുത്ത് ആഹ്ളാദത്തോടെ ഇറങ്ങുന്നു. അപ്പച്ചനോട്
                         സന്തോഷത്തോടെ തലയാട്ടിക്കൊണ്ട് പോട്ടെ എന്ന്
                         ചോദിക്കുന്നു. അപ്പച്ചന്‍ തിരിച്ചും സന്തോഷത്തോടെ
                         അവളെ നോക്കി സമ്മതഭാവത്തില്‍ തലയാട്ടി ഓട്ടോ
                         ഓടിച്ചു പോകുന്നു.  പെണ്‍കുട്ടി ചെറിയ വഴിയിലൂടെ
                         സ്ക്കൂളിലേക്ക് നടക്കുന്നു. 
                         നടന്നു പോകുന്ന വഴിയുടെ ഓരത്തു നിന്നും
                         തെല്ലുമാറി മറ്റുള്ളവര്‍ കളിക്കുന്നത് കണ്ടിട്ടും കാണാത്ത
                         ഭാവത്തില്‍  കുറ്റിക്കാട്ടിലെ ഒരു ചെറുമരക്കൊമ്പിലിരിക്കുന്ന
                         തുമ്പിയെ കണ്ട് പെണ്‍കുട്ടി അതിനെ ശബ്ദമുണ്ടാക്കാതെ
                        ചെന്ന് മെല്ലെ പിടിക്കുന്നു.)

പെണ്‍കുട്ടി: (കുനിഞ്ഞ് ഒരു ചെറുകല്ലെടുത്ത് കൈയില്‍ വച്ച് തുമ്പിയെ
                         അതിനടുത്തേക്ക് അടുപ്പിച്ച്) കല്ലെട് തുമ്പീ, കല്ലെട്. (തുമ്പിയെ
                         കൊണ്ട് കല്ലെടുപ്പിക്കുന്നു.)

പെണ്‍കുട്ടി: പാവം തുമ്പി. എന്തിനാ ഞാനിതിനെ വെറുതെ
                         ഉപദ്രവിക്കുന്നത്. പാവം പറന്നുപറന്നു പോയ്ക്കോട്ടെ.
                         (തുമ്പിയെ പറത്തി വിടുന്നു. അത് പറന്നു പറന്നു
                         പോവുന്നു.)

                                                                           -0-
   

  (എതിര്‍ദിശ മാസിക)


 Email: arunkumarpookkom@gmail.com





   

2011, ഡിസംബർ 13, ചൊവ്വാഴ്ച

അപ്പൂപ്പന്‍താടി.


അരുണ്‍കുമാര്‍ പൂക്കോം

കൈവിരലില്‍ പിടിച്ച്
കൂടെയുണ്ടായിരുന്ന
കുഞ്ഞുവിത്തിനെ
കാണാനില്ലെന്ന്
കരഞ്ഞു പാറിനടക്കുന്നു
വിളറിവെളുത്തൊരു
അപ്പൂപ്പന്‍താടി.


          -0-

കമ്പോളം


അരുണ്‍കുമാര്‍ പൂക്കോം


എനിക്കായതു
കൊണ്ടുമാത്രമത്രെ
ബലൂണിന്
തെല്ലുകാശു കുറച്ചത്.
എനിക്കയാളെയും
അയാള്‍ക്കെന്നെയും
അറിയില്ല എന്നതെന്റെ
വെറും തോന്നലാവാം.
അല്ലേലും ഞാനിതാരാ മോന്‍
എന്നു ഞാന്‍ എന്നോട്
ചിരിക്കുന്നു.
മനസ്സിലൊരു
കണ്ണാടി നോക്കുന്നു.
തെല്ലു നേരം
നിവര്‍ന്നുനടക്കുന്നു.
ഊതിവീര്‍പ്പിച്ച
കാറ്റൊഴിയുമ്പോള്‍
ബലൂണ്‍ താനേ വാടുന്നു.

               -0-

കൊമ്പ്

അരുണ്‍കുമാര്‍ പൂക്കോം


നോട്ടവും തലയെടുപ്പും
തന്നേക്കാള്‍
വലുതാരുമില്ലെന്ന്.
അടുത്തുചെന്നാല്‍
കുത്തുമെന്ന്
വിറപ്പിക്കല്‍.
വീട്ടുകാരുടെ
കുഞ്ചിരോമങ്ങളിലെ
തഴുകിത്തലോടലേല്‍ക്കുമ്പോള്‍
മാത്രം മുഖമുയര്‍ത്തി
സ്നേഹത്താല്‍ കീഴ്പോട്ട്.
ഷര്‍ട്ടഴിച്ചിട്ടതുപോല്‍
തൂങ്ങിക്കിടക്കുന്ന
ഉടലിനെ നോക്കി
നെടുവീര്‍പ്പിടുന്നു
പാതി ചരിഞ്ഞ്
കണ്ണുകള്‍ മലര്‍ന്ന്
മാര്‍ബിള്‍ മേശമേല്‍
ശിരസ്സിനു മേല്‍
അതേ കൊമ്പ്.
സൂപ്പിനുപോലും
കൊള്ളില്ലെന്ന്
പാവം അറിയാതെ പോയി.

                     -0-

തള്ളക്കോഴി

അരുണ്‍കുമാര്‍ പൂക്കോം


ഉറക്കത്തിലെവിടെയെങ്കിലും വെച്ച്
തല പിടിച്ചു പെന്‍ഡുലം പോല്‍ ആട്ടും
പേടിസ്വപ്നങ്ങള്‍ ഉണര്‍ന്നു രക്ഷപ്പെടാനാവാത്തവണ്ണം.
ഒടുവിലൊരു നിലവിളിയില്‍ കുതറിയുണരുമ്പോള്‍
അപ്പുറത്തെ മുറിയിലെ പൂച്ചയുറക്കത്തിനിടയില്‍ നിന്നുമെഴുന്നേറ്റ്
ഓടിയെത്തും പ്രാപ്പിടിയനെ കണ്ടെന്ന പോല്‍ തള്ളക്കോഴി.
നിഷേധത്താല്‍ മൂളി ഉറക്കത്തിലേക്ക് വീണ്ടും വഴുതുമ്പോഴും
അടുത്തിരുന്നു പണ്ടെന്ന പോല്‍ കഴുത്തുയര്‍ത്തി കൊക്കു പിളര്‍ത്തി
കൊക്കിക്കുന്നുണ്ടാകും പാവം നാളുകള്‍ക്കിപ്പുറവുമമ്മ.

                                       -0- 

2011, ഡിസംബർ 12, തിങ്കളാഴ്‌ച

അവസ്ഥാന്തരം

അരുണ്‍കുമാര്‍ പൂക്കോം


അക്ഷരങ്ങളില്‍ നിന്നും
കുത്തും കൊമയും വള്ളിപുള്ളികളുമായി
നുള്ളിപ്പെറുക്കി അടുക്കിവെച്ചവയെ
പുറത്തേക്ക് അയച്ചാല്‍  
ഒരിടത്തൊരിടത്തു നിന്നും 
മറ്റൊരിടത്തൊരിടത്തേക്ക്
തിക്കിത്തിരക്കി യാത്ര ചെയ്യുമ്പോള്‍
അവ ബാഗിലോ കീശയിലോ
കരുതി വെച്ച ചിന്തകളും ഭാവനയും
ചിലപ്പോള്‍ പോക്കറ്റടിച്ചു പോയെന്നു വരാം.
മറ്റൊരിടത്ത് പുതിയ രൂപത്തിലും ഭാവത്തിലും
അവയെ കാണുമ്പോള്‍
എന്റെ പേഴ്സ്, എന്റെ പേഴ്സ്
എന്നു തോന്നുമ്പോഴും
മറ്റുള്ളവരുടെ മുന്നില്‍ എന്റേതെന്ന്
പറഞ്ഞു ഫലിപ്പിക്കാന്‍
തെളിവുകള്‍ കാണുകില്ല.
 അവര്‍ പെട്ടെന്ന് പേഴ്സിന്റെ നിറം മാറ്റും.
 പേഴ്സിലെ കള്ളികളുടെ എണ്ണം മാറ്റും.
ചില്ലറ കാശുകള്‍ ഒറ്റ രൂപകളാക്കും.
ഒറ്റ രൂപകള്‍ ചില്ലറകളും.
പേഴ്സിലെ ഫോട്ടോക്കു പകരം
അവരുടെ ഫോട്ടോ എടുത്തു വെക്കും.
അക്ഷരങ്ങള്‍ ഒരിടത്തു നിന്നും
മറ്റൊരിടത്തേക്ക്
യാത്ര ചെയ്യുമ്പോള്‍ എത്രയെന്നു വെച്ചാണ്
പോക്കറ്റടിക്കാരെ സൂക്ഷിക്കുക.
പോട്ടെ, സാരമില്ലെന്ന്
മനസ്സ് വീണ്ടും
ഗതിയെന്താകുമെന്നറിയാതെ
പുതിയൊരെണ്ണം തീര്‍ക്കാനൊരുങ്ങും.

                              -0-

2011, ഡിസംബർ 11, ഞായറാഴ്‌ച

ബ്രീത്തിംഗ് ഇന്‍ഹേലര്‍


അരുണ്‍കുമാര്‍ പൂക്കോം



                    ജാലകത്തിലൂടെ നോക്കുമ്പോഴൊക്കെയും അവര്‍ നാലുപേരും കാണുക അയാള്‍ ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നതും പൂവുകളോട് വര്‍ത്തമാനം പറയുന്നതും പറമ്പില്‍ കുന്തിച്ചിരുന്ന് ചെറിയ കമ്പുകൊണ്ട് മണ്ണ് ഇളക്കുന്നതുമൊക്കെയാവും. തൊട്ടടുത്ത വീട്ടില്‍ വാടകക്ക് വന്ന അന്ന് അവര്‍ ആദ്യം നോക്കിയതും അയാളെ തന്നെ ആയിരുന്നു.

                    ഒരു ദിവസം നോക്കുമ്പോള്‍ അയാള്‍ ചീരവിത്തുകള്‍ പാകുകയായിരുന്നു.  അതുകണ്ടപ്പോള്‍ തന്നെ അയാളുമായി ലോഗ്യം കൂടാന്‍ പറ്റിയ അവസരം അതുതന്നെയാണെന്ന് മനസ്സിലാക്കി അവര്‍ അടുത്തു കൂടുകയായിരുന്നു.അയാള്‍ ചീരവിത്തുകള്‍ക്കൊപ്പം റവത്തരികള്‍ ചേര്‍ക്കുന്നതുകണ്ട് അവരില്‍ ജിജേഷ് ചോദിച്ചു.

                   -അതെന്താണ്, റവയോ?

                     അയാള്‍ മൂക്കിലേക്ക് ചാഞ്ഞ കണ്ണടക്ക് മുകളിലൂടെ അവരെ നോക്കിക്കൊണ്ട് ചീരവിത്തുകള്‍ കടലാസിലേക്കു തന്നെ ഇട്ട് ഇരുന്നിടത്തു നിന്നും മുട്ടുകളില്‍ കൈകുത്തിക്കൊണ്ട് എഴുന്നേറ്റു. അയാള്‍ ചോദിച്ചു.

                    -ആരാ? ഇതിനു മുമ്പൊന്നും കണ്ടിട്ടില്ലല്ലോ

                     ജിജേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.

                  - ഞങ്ങള്‍ അപ്പുറത്തെ വീട്ടില്‍ വാടകക്ക് നില്ക്കുന്നവരാ.

                   -നന്നായി. ഈയടുത്ത് രാത്രി വെളിച്ചം കണ്ടപ്പോഴേ തോന്നിയിരുന്നു താമസത്തിന് പുതിയ ആള്‍ക്കാര്‍ വന്നിടുണ്ടാകുമെന്ന്.

                     സംസാരം പകുതിക്ക് നിര്‍ത്തി പ്രായത്തിന്റെ മേല്‍ക്കോയ്മയോടെ തികച്ചും ചെറുപ്പക്കാരായ അവരോട് അയാള്‍ തിരക്കി.

                     -അതൊക്കെ പോട്ടെ. എന്താ പാട്?

                     അവരില്‍ സനീഷ് പറഞ്ഞു.

                   -ഡോര്‍ ടു ഡോര്‍ ഡെലിവറി.

                  -അപ്പടി നടത്തമായിരിക്കുമല്ലോ. ഏതാ കമ്പനി?

                  ജിജേഷ് ഉത്തരം നല്കി.

                  -അങ്ങനെ ഇന്ന കമ്പനി എന്നൊന്നുമില്ല. ടൌണിലെ ഈസി ഷോപ്പിംഗ് സ്റാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി വീടുകള്‍ കയറിയിറങ്ങി അവര്‍ക്ക് പര്‍ച്ചേസ് പിടിച്ചു നല്കുക. അത്രതന്നെ.

                   -എത്ര വരെ പഠിച്ചു എല്ലാരും?

                  ജിസ് ആണ് മറുപടി നല്കിയത്.

                  -അത്രയൊന്നുമില്ല.

                  അപ്പോള്‍ പൂമുഖത്തേക്ക് ഒരു പിടി മുള്ളങ്കിയുമായി ഇറങ്ങിവന്ന് മുയല്‍ക്കൂട്ടില്‍ ഇട്ടതിനു ശേഷം അവിടെയുണ്ടായിരുന്ന ഒരു പാത്രവുമായി അയാളുടെ പേരക്കുട്ടി അകത്തേക്ക് കയറിപ്പോയി. അതിനിടയിലും അവള്‍  സ്നേഹത്തോടെയുള്ള പുഞ്ചിരി അവര്‍ക്കേവര്‍ക്കും നല്കി.

                 ജിജേഷ് ആദ്യത്തെ ചോദ്യം വീണ്ടും ചോദിച്ചു.

                  -റവയാണോ ചീരവിത്തിനോടൊപ്പം ഇടുന്നത്?

                    അയാള്‍ കൈ വിടര്‍ത്തി ചീരവിത്തുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

                  -ഉറുമ്പുകളെ ചെറിയൊരു പറ്റിക്കല്‍ പരിപാടി. കൂടെ റവയില്ലെങ്കില്‍ ചീരവിത്തുകള്‍ അവയുടെ ഒരു ജാഥക്ക് തികയില്ല.

                   അപ്പോഴേക്കും പേരക്കുട്ടി പറഞ്ഞിട്ടാണെന്നു തോന്നുന്നു അയാളുടെ ഭാര്യ അകത്തു നിന്നും മുറ്റത്തേക്ക് ഇറങ്ങി വന്നു. അവരെ കണ്ടതും അവര്‍ സന്തോഷത്തോടെ ചോദിച്ചു.

                  -അപ്പുറത്തെ താമസക്കാരാണോ?

                  അവര്‍ ചിരിച്ചുകൊണ്ട് തലയാട്ടി. 

                 -കാണുമ്പോള്‍ എല്ലാവര്‍ക്കും ഏതാണ്ട് ഒരേ പ്രായമാണെന്നു തോന്നുന്നു. കൂടെ പഠിച്ചവരാണോ?

                 അതും ചോദിച്ച് അവര്‍ അയാളോട് പറഞ്ഞു.

                 -നമ്മുടെ അമ്മൂന്റെ പ്രായേ കാണൂള്ളു, അല്ലേ? പഠിക്കുകയായിരുന്നേല്‍ കൂടിയാല്‍ അവളെ പോലെ ഡിഗ്രിക്ക് പഠിക്കുന്നുണ്ടാകും.

                  അവരത് കേട്ട് വെറുതെ ചിരിച്ചു.

                  പിറ്റേ ദിവസം ഐശ്വര്യത്തോടെ ആവട്ടെ കച്ചവടം എന്നും പറഞ്ഞ് നാലുപേരും അയാളുടെ അടുത്തു ചെന്നു. അപ്പോള്‍ അയാള്‍ പോറ്റുന്ന മുയലുകള്‍ക്ക് ഒപ്പമായിരുന്നു.  ബാഗുകള്‍ നാലും താഴെയിറക്കിവെച്ച് പാനും ഇഡ്ഡലിത്തട്ടും മേശമേല്‍ ഘടിപ്പിക്കാവുന്ന ചിരവയും പോലുള്ള കൈയില്‍ കിട്ടുന്നതെല്ലാം നാലുപേരും പുറത്തേക്ക് എടുത്തുവെച്ചു. കോളേജിലേക്ക് പോകാന്‍  ഇറങ്ങിയ പേരക്കുട്ടി പാനെടുത്ത് തിരിച്ചും മറിച്ചും നോക്കി. പിന്നെ  അയാളോട് പോയിട്ടു വരട്ടെ മുത്തശ്ശാ എന്നും പറഞ്ഞ്  അയാളുടെ തലയാട്ടലും വാങ്ങി  അവരോട് ചിരിച്ചുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി നടന്നു പോയി.

                   അയാള്‍ അവര്‍ക്കു വേണ്ടി സ്നേഹത്തോടെ ഒരു ബ്രീത്തിംഗ് ഇന്‍ഹേലര്‍ വാങ്ങിച്ചു. കാശു നല്കുമ്പോള്‍ അയാള്‍ പറഞ്ഞു.

                   -കച്ചവടത്തിനായി ഇനി വരരുതൂട്ടോ. വെറും കൈയോടെ മടക്കേണ്ടെന്നു കരുതി വാങ്ങിച്ചെന്നേയുള്ളു. പെന്‍ഷന്‍ കിട്ടുന്ന കാശേയുള്ളു കൈയില്‍. 

                   കൂട്ടത്തിലുള്ള അനൂപ് മുയലിന്റെ കൂടിനടുത്തേക്ക് നടന്നു ചെന്നു. അയാളും അവന്റെ അടുത്തേക്ക് ചെന്നു.
അയാള്‍ പറഞ്ഞു.

                    - രണ്ടു തരമേ ഉള്ളു. വൈറ്റ് ജെയന്റും ഗ്രേ ജെയന്റും.
അവയില്‍ ചിലത് അനൂപിനെ നോക്കി മേല്‍ച്ചുണ്ട് ഇളക്കി. അവന്‍ അയാളോട് ചിരിച്ചെന്നു വരുത്തി.

                     പിന്നെ അയാള്‍ എല്ലാവരോടുമായി പറഞ്ഞു.

                    -ഇപ്പോള്‍ പോയത് എന്റെ മകന്റെ മോളാണ്. അവള്‍ക്ക് കല്യാണം ഒത്തുവന്നിട്ടുണ്ട്. നിശ്ചയമാണ് വരുന്ന ഞായറാഴ്ച. ഇനി ആറു ദിവസമേ ഉള്ളു. എല്ലാവരും വരണം. എല്ലാ സഹായവും ചെയ്തുതരണം. അച്ഛനുമമ്മയുമില്ലാത്ത കുട്ടിയാണ്. ക്ഷണിക്കാനായി നിങ്ങളെല്ലാവരും വീട്ടിലുള്ള രാത്രിയോ മറ്റോ ഞാന്‍ അങ്ങു വന്നു കൊള്ളാം.

                       ജിസ് ചോദിച്ചു.

                     -അവര്‍ക്കെന്തു പറ്റി?

                    -ആക്സിഡന്റ്.

                     പറഞ്ഞു ശീലിച്ചതിനാലോ എന്തോ അയാള്‍ കൂടുതല്‍ പറയുകയോ സങ്കപ്പെടുകയോ ഉണ്ടായില്ല.

                     മടങ്ങിപ്പോരുമ്പോള്‍ അനൂപ് പറഞ്ഞു.

                    -നല്ല കൊഴുത്ത മുയലുകള്‍. അവയെ കൊല്ലുക നല്ല രസമാണ്. ഒന്നു കരയുക പോലുമില്ലവ. കോഴിയെ പോലെയും ആടിനെ പോലെയൊന്നും പിടപിടക്കുകയേ ഇല്ല. കൈകള്‍ തെല്ലൊന്ന് അരുതേ എന്നു കാട്ടും. അത്രതന്നെ.

                     ജിജേഷ് തമാശയെന്നോണം പറഞ്ഞു.

                   -ആട്ടുന്നത് കണ്ടില്ലെന്നു വെച്ചാല്‍ അതിന്റെ പ്രശ്നവുമില്ല. സിംപിള്‍ ഡീലിംഗ്.

                    അവര്‍ നാലുപേരും വലിയൊരു തമാശ കേട്ടെന്നതു പോലെ ചിരിച്ചു.

                   ജിജേഷ് അനൂപിനോട് തിരക്കി.

                  -എപ്പോഴാണ് ഓപ്പറേഷന്‍?

                   അനൂപ് പറഞ്ഞു.

                 -നാളെത്തന്നെ. അയാള്‍ കാലത്ത് നടക്കാന്‍ പോകുമ്പോള്‍ നമുക്ക് തട്ടിയേക്കാം. ഇരുള്‍ മാറാത്തപ്പോഴാണ് അയാളുടെ കൈകള്‍ ആട്ടിയുള്ള ആയുസ്സ് നീട്ടാനുള്ള ആഞ്ഞുനടത്തം. ആര്‍ക്കുമാര്‍ക്കും ലവലേശം സംശയം തോന്നാത്ത വിധം തട്ടിയേക്കാം.

                ജിസ് തിരക്കി.

                  -എന്താണ് കാശു തരുമ്പോള്‍ അവര്‍ പറഞ്ഞത്?.

                  ബേഗ് ചുമല്‍ മാറ്റിക്കൊണ്ട് അനൂപ് പറഞ്ഞു.

                 -കളയാണത്രെ അയാള്‍. പറിച്ചു കളയേണ്ടത്. കുന്നിടിക്കാനും മണല്‍ വാരാനും വയല്‍ നികത്താനുമൊന്നും അവന്‍മാരെ സമ്മതിക്കില്ലത്രെ.  പരാതിയോട് പരാതി. അതൊക്കെ അവരുടെ കാര്യം. നമുക്ക് കാശ്.

                     സനീഷ്  അതുകേട്ട് പറഞ്ഞു.

                  -അയാള്‍ വാങ്ങിയത് ബ്രീത്തിംഗ് ഇന്‍ഹേലറാണ്.

                 അവരെല്ലാവരും അതിലെ തമാശ തിരിച്ചറിഞ്ഞ് ഉറക്കെ ചിരിച്ചു.

                                                                     -0-


(പ്രദീപം മാസിക)