2012, ഡിസംബർ 20, വ്യാഴാഴ്‌ച

ഗപ്പി

അരുണ്‍കുമാര്‍ പൂക്കോം


                      ഒന്നിച്ച് ഓട്ടോറിക്ഷയില്‍ സ്ക്കൂളില്‍ പോകുന്ന കൂട്ടുകാരിയുടെ വീട്ടില്‍ നല്ലൊരു അക്വേറിയം ഉണ്ടെന്നതിനാല്‍ ഒരു അക്വേറിയത്തിനായി അവള്‍ വാശി പിടിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ഏറെയായിരുന്നു. അച്ഛനോട് പറഞ്ഞു നോക്കിയങ്കിലും അവള്‍ പറഞ്ഞത് കാര്യമാക്കിയില്ലെന്നു മാത്രമല്ല മടിയില്‍ വെച്ചുള്ള കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും കുറച്ചു കൂടി കൂടിയെന്നേ ഉണ്ടായുള്ളു. അതിനു ശേഷമാണ് അവള്‍ അമ്മയെ അതും പറഞ്ഞ് ശല്യപ്പെടുത്താന്‍ തുടങ്ങിയത്. ഒടുവില്‍ അമ്മ പറഞ്ഞു.

                      -“പറഞ്ഞതെന്നെ പറഞ്ഞോണ്ട്ര്ക്കാതെ. വാങ്ങിത്തെരാം. ”

                       പിന്നെ അമ്മ തന്നത്താന്‍ പിറുപിറുത്തു.

                      -“ന്തേലും കാര്യായ കാര്യത്ത്ന് എട്ക്കാന്‍ പോസ്റാപ്പീസില് ആര്‍ഡി വെച്ച പൈസ ഇനീപ്പോ അക്വേറ്യം വാങ്ങിത്തീരും. ല്ലാണ്ടെന്ത്? ” 

                        ടൌണിലെ ഒരു ജ്വല്ലറി നടത്തുന്ന ചിട്ടിയുടെ പിരിവ് എടുക്കാന്‍ പോകുന്ന അവളുടെ അമ്മ പറഞ്ഞതു പോലെ തന്നെ അന്ന് വൈകുന്നേരം ഒരു ഗുഡ്സ് ഓട്ടോയില്‍ ചില്ലുകൂടും അതു വെക്കാനുള്ള ഇരുമ്പ് സ്റാന്റും പ്ളാസ്റിക് കവറില്‍ മീനുകളുമായി വന്നു. പല നിറമാര്‍ന്ന കുഞ്ഞുടുപ്പിട്ട ഗപ്പികളായിരുന്നു എല്ലാം. ഒരു സക്കര്‍ ഫിഷും അവയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. സ്വീകരണമുറിയുടെ ഓരത്ത് അക്വേറിയം വെച്ച് വെള്ളം നിറച്ച് മീനുകളെയെല്ലാം ഓരോന്നായി അതിലേക്ക് ഇട്ടപ്പോള്‍ ആദ്യമൊന്നു പകച്ച് ഓടിയതിനു ശേഷം ഗപ്പികള്‍ പുതിയ വെള്ളത്തില്‍ ഓടിക്കളിക്കാന്‍ തുടങ്ങി. സക്കറാകട്ടെ അക്വേറിയത്തില്‍ അടിഭാഗത്തായി യാത്ര ചെയ്തു വന്ന ക്ഷീണം തീര്‍ക്കാനെന്ന വണ്ണം ഒരിടത്ത് പോയി കിടന്നു.

                          പിന്നീടുള്ള ദിവസങ്ങളില്‍ വീട്ടിലുള്ള നേരത്തെല്ലാം അവള്‍ അവയെ നോക്കി നില്ക്കലായി. ഒരു ദിവസം മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടയില്‍ അടുത്തു വന്നു നിന്ന അവളോട് അമ്മ പറഞ്ഞു.

                          - “പഠിക്കാണ്ട് എപ്പളും ഇങ്ങന നോക്കി നിന്നാ ഇന്റെ പേരും ഗപ്പീന്നാക്കും. ”

                          അവള്‍ അതു കേട്ട് സന്തോഷത്തോടെ ചിരിച്ചു. കൂട്ടുകാരിയുടെ വീട്ടിലെ അക്വേറിയത്തിലെ ചിറകുകള്‍ വിരിച്ച് പാറി ഒഴുകുന്ന ഗോള്‍ഡ് ഫിഷുകളെക്കാള്‍ അവള്‍ക്ക് എന്തു കൊണ്ടോ അവളുടെ ഗപ്പികളോടായിരുന്നു കൂടുല്‍ ഇഷ്ടം തോന്നിയത്. വര്‍ണ്ണഭംഗിയുള്ള ചെറിയ മീനുകള്‍. കടലാസുപെന്‍സില്‍ കട്ടറിലിട്ട് കൂര്‍പ്പിച്ചാല്‍ കിട്ടുന്ന അറ്റത്ത് പെന്‍സിലിന്റെ നിറമുള്ള ചീളുകള്‍ പോലെയായിരുന്നു അവയുടെ വാലുകള്‍. അവ അക്വേറിയത്തില്‍ എപ്പോഴും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് ഓടിപ്പറന്നു കൊണ്ടിരുന്നു.

                          മറ്റു മീനുകളെല്ലാം നീന്തിത്തുടിച്ച് ഓടിക്കളിക്കുമ്പോള്‍ അക്വേറിയത്തിലെ കണ്ണാടിച്ചുമരില്‍ ഒട്ടിപ്പിടിച്ച് നില്ക്കുന്നതായി കണ്ട സക്കര്‍ ഫിഷിനെ കണ്ണാടിക്കു പുറത്തു നിന്നും അടുപ്പിച്ചു നോക്കി അവള്‍ അമ്മയോട് ചോദിച്ചു.

                         -“അമ്മേ,  ഈ മീന്‍ എപ്പോം ചില്ലുമ്മേലാണല്ലോ? അവിടെയല്ലേല്‍ തോണി കേറ്റി വെച്ച മട്ട് എപ്പോം തായത്ത്.  ഒരേ കെടപ്പന്നെ എപ്പോം. നിറാണെങ്കി ഒട്ടും ഭംഗ്യൂല്ല. ഒന്നൂല്ലെങ്കി ഇതും ഒര് മീനല്ലേ. ഒര് പ്രസരിപ്പൂല്ലാണ്ട് എപ്പോം കെടക്ക്വെന്നെ. ഇതെന്താ ഇങ്ങനെ?”

                          അമ്മ അവള്‍ക്ക് അതിന്റെ പേരു പറഞ്ഞു കൊടുത്തു.

                          -“സക്കര്‍ ഫിഷാണ് മോളേ അത്. സക്കര്‍. ” 

                           -“ഈനെ വേണ്ടാന്നു വെക്കായ്ന്ന്ല്ലേ അമ്മക്ക്? വ്യത്തീല്ലാത്ത മീനെന്തിനാ നമ്മ്ക്ക്? സക്കര്‍ ഫിഷ്ന്ന്ള്ള പേരിനേക്കാള്‍ ഈന് പറ്റിയ പേര് മുനീന്നാ. മുനി. ”

                           അവള്‍ മീനിനിട്ട പേരു കേട്ട് അമ്മ ചിരിച്ചു.

                           -“ഇന്റെ അച്ഛന്റെ കൂട്ടാ സക്കര്‍ ഫിഷ്. കാര്യായിട്ട് ഒന്നും പറയേംല്ല. ഒന്നും ചെയ്യേംല്ല. അസ്സല് മുനി. ”

                            അവളും അതു കേട്ട് ചിരിച്ചു. 

                            കുഞ്ഞുടുപ്പില്‍ അവളും ഗപ്പിയെ പോലെ തന്നെ ഉണ്ടായിരുന്നു. മുട്ടറ്റത്ത് പലവര്‍ണ്ണങ്ങളില്‍ ഞൊറിയിട്ട കുഞ്ഞുടുപ്പായിരുന്നു അവള്‍ക്കുള്ളതെല്ലാം.

                             തീറ്റ കൊടുത്തു കഴിഞ്ഞ് അമ്മ തിരിഞ്ഞു നിന്ന് അവളോട് പറഞ്ഞു.

                            -“മോള് പറഞ്ഞ്ല്ലേ മുനീനെ വേണ്ടായ്ര്ന്നൂന്ന്. അക്വേറ്യെത്തി മുനീല്ലാണ്ട് പറ്റ്ല്ലാട്ടോ. മുനീടെ പണി അക്വേറിയം വ്യത്ത്യാക്കലാ. ”

                             അവള്‍ക്കത് തീരെ വിശ്വാസം വന്നില്ല.

                           -“വ്യത്ത്യാക്കലു പോയിറ്റ് അതൊന്ന് മേലനങ്ങ്ന്ന് പോലൂല്ലല്ലോ? ”

                             -“അതതിന്റെ പണ്യൊക്കെ ക്യത്യായിറ്റ് ചെയ്യണ്ണ്ട്. മോള് കാണാഞ്ഞിറ്റാ. ”   

                             -“ന്ത് പണി! അടിഭാഗത്തെ വായും തൊറന്ന്വെച്ച് ചുമ്മാ ഇരിക്ക്വെന്നെ.”

                              അമ്മ വീണ്ടും ചിരിച്ചു.

                            -“ല്ലാട്ടോ. മറ്റ് മീന്വേള്ടെ വ്യത്ത്വേട്കളാ അവ തിന്നണത്. അടങ്ങി
ഇരിക്കണതൊന്നും നോക്കെണ്ട. അക്വേറ്യം ക്ളീനറാ മുനി. ”

                             പിന്നീടുള്ള ദിവസങ്ങളില്‍ പല നേരങ്ങളിലായി അവള്‍ സക്കര്‍ ഫിഷിനെ നിരീക്ഷിക്കാന്‍ തുടങ്ങി. മറ്റു മീനുകളെ പോലെ ഭക്ഷണമിട്ടു കൊടുത്താല്‍ സക്കര്‍ ഫിഷ് ഓടി വരുന്നില്ലെന്ന് അവള്‍ കണ്ടു വെച്ചു. ഏതെങ്കിലും സമയത്ത് ധ്യാനത്തില്‍ നിന്നുമുണര്‍ന്ന് അടിയിലെ വെള്ളാരങ്കല്ലുകള്‍ക്കിടയില്‍ നിന്നും എന്തൊക്കെയോ ചികഞ്ഞു തിന്നുന്നത് കാണാം. എപ്പോഴും ഓടി നടക്കുന്ന ഗപ്പികളെ സ്നേഹിക്കുന്ന അവള്‍ക്ക് സക്കറിനെ ഇഷ്ടപ്പെടാന്‍ പറ്റിയതേയില്ല. ഇരുണ്ട നിറത്തില്‍ തെല്ലും ഭംഗിയില്ലാത്ത മീന്‍. അതിനെ വാങ്ങുന്ന കാശിന് നല്ല നിറമൊക്കെയുള്ള വേറെ ഏതെങ്കിലും മീനിനെ വാങ്ങാമായിരുന്നു എന്ന് അവള്‍ അപ്പോഴൊക്കെയും കരുതി. കുറച്ചു കൂടി ഗപ്പികളെ തന്നെയും വാങ്ങാമായിരുന്നു എന്നും അവള്‍ വിചാരിച്ചു.

                             ടൌണില്‍ സ്വന്തമായി നടത്തുന്ന ഇന്റര്‍ നെറ്റ് ഷോപ്പ് അടച്ച് അവളുടെ അച്ഛന്‍ വീട്ടിലെത്താന്‍ ഏതാണ്ട് രാത്രി എട്ടരയൊക്കെയാകും. മുറ്റത്തേക്ക് മുരണ്ടു വരുന്ന ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ പഠിക്കുന്ന ഇടത്തു നിന്നും അവളാണ് ഓടിച്ചെന്ന് വരാന്തയുടെ ഗ്രില്‍സ് തുറന്നു കൊടുക്കാറു പതിവ്.            
   

                             കുളിയൊക്കെ കഴിഞ്ഞ് അച്ഛന്‍ ടി.വിക്ക് മുന്നില്‍ അവളെ മടിയില്‍ വെച്ച് ഇരിക്കുമ്പോള്‍ അമ്മ അടുക്കളയില്‍ നിന്നും ചപ്പാത്തി പരത്തുന്നതിനിടയില്‍ വിളിച്ചു പറയും.

                             -“ചെറ്യെ കുട്ട്യൊന്ന്വെല്ല അവളിപ്പൊ. മൂന്നിലെത്തി. മടീലെട്ത്ത്വെച്ച് ലാളിച്ച് വഷളാക്കണ്ട. ”

                              അച്ഛനപ്പോള്‍ അവളുടെ കവിളിലും മറ്റും മുത്തുന്നതിന്റെ തിരക്കിലാകും. കുളിക്കുമ്പോള്‍ തേച്ച വാസനാസോപ്പിന്റെ മണം അച്ഛന്റെ ദേഹത്തു നിന്നും അപ്പോഴും വിട്ടൊഴിഞ്ഞിട്ടുണ്ടാകില്ല. 

                            എന്നുമെന്ന പോലെ അമ്മ അടുക്കളയില്‍ നിന്നും വീണ്ടും വിളിച്ചു പറയും.

                           -“കൊഞ്ചിച്ച് വഷളാക്കണ്ട. പഠിക്കെണ്ട നേരത്താ പായ്യ്യാരം. ഇങ്ങള് കുഞ്ഞ്നെ വിട്ടേ. അവള് പോയിര്ന്ന്  പഠിക്കെട്ടെ.”

                              അതും പറഞ്ഞ് അവളോടായി അമ്മ വിളിച്ച് ചോദിക്കും.

                             -“പെണ്ണേ, ഞ്യി ഹോംവര്‍ക്കൊക്കെ ചെയ്തോ? ചെയ്യാനുണ്ടേല്‍ പോയി ചെയ്യ്. നാള പോകാന്നേരത്ത് ഹോംവര്‍ക്കിന്റെ കാര്യോം പറഞ്ഞോണ്ട് ബഹളം വെക്കെര്ത്. ”

                             അവള്‍ ഇല്ലമ്മേ എന്നോ ചെയ്തമ്മേ എന്നോ വിളിച്ചു പറയാന്‍ തുനിയുമ്പോള്‍ അച്ഛന്‍ കൂറ്റന്‍ മീശയാല്‍ അവളുടെ ശബ്ദത്തെ ഒപ്പിയെടുക്കും. പാതി വഴിക്ക് മുറിഞ്ഞ അവളുടെ ശബ്ദം കേട്ട് അവളെ വിടാന്‍ അമ്മ വീണ്ടും വിളിച്ചു പറയും.

                            -“പെണ്ണ് ഹോംവര്‍ക്കൊന്നും ചെയ്ത് കാണ്ല്ല. ഇങ്ങളവളെ വിട്ടേ.”

                              എങ്കിലും അച്ഛന്‍ അവളെ വിടുകയില്ല. അമ്മ നിര്‍ബന്ധിക്കുമ്പോള്‍ അവള്‍ അച്ഛന്റെ കൈപ്പിടിയില്‍ നിന്നും കുതറി ഊരി മാറിച്ചെന്ന് തുറന്നു വെച്ച പുസ്തകം നിര്‍ത്തിയ ഇടത്തു നിന്നും പഠിക്കാന്‍ തുടങ്ങും. അപ്പോഴേക്കും അവള്‍ക്കു പിന്നാലെ അച്ഛനും അവിടെ എത്തി അവളെ പിന്നിലൂടെ ചേര്‍ത്ത് കെട്ടി പിടിക്കും.

                               ഒരു ദിവസം അതു പോലെ രാത്രി അച്ഛന്റെ മടിയിലിരുന്ന് അവള്‍ അന്ന് അക്വേറിയത്തില്‍ നടന്ന കാര്യം പറയുകയായിരുന്നു.

                              -“സക്കര്‍ ഫിഷില്ലേ അച്ഛാ, ആള് ഭീകരനാ. ഒന്ന്ച്ച് കഴിഞ്ഞോണ്ടിര്ന്ന ഒന്ന് ചത്തപ്പം പിന്ന സക്കറിന്  ബന്ധോം ഇല്ല, ഒന്നൂല്ല. അയിനെ തിന്നാന്‍ തുടങ്ങീര്ക്ക്വാ. നല്ല രസോള്ള ഗപ്പിയാര്ന്ന്. അയിനെ മുത്തിമുത്തി തിന്ന്വാ മുനി. തീരെ വ്യത്തീല്ലാത്ത മീനായീ സക്കറ്. ഒന്ന്ച്ച് കഴീണവരോട് അങ്ങനൊക്കെ പാട്വോ? ”

                               അച്ഛന്റെ കൈവിരലുകള്‍ അപ്പോള്‍ ചത്ത മീനിന്റെ മേല്‍ സക്കര്‍ ഫിഷിന്റെ ചുണ്ടുകള്‍ എന്ന പോലെ അവളുടെ മേല്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ അവളുടെ കാതില്‍ വിറക്കുന്ന ശബ്ദത്തിലും ഉയര്‍ന്ന ശ്വാസവേഗത്തോടെയും  എന്തോ സ്വകാര്യം ചോദിച്ചു. അതെന്താണെന്ന് അവള്‍ക്ക് മനസ്സിലായില്ല.

                                പെട്ടെന്നാണ് അവളുടെ അമ്മ അടുക്കളയില്‍ നിന്നും ബഹളം വെച്ച് ഓടിയെത്തിയത്. കൈയിലെ ചപ്പാത്തിക്കോല്‍ അമ്മ അച്ഛന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അമ്മ ഒരിക്കലും പറഞ്ഞു കേട്ടിട്ടാത്ത തെറിവാക്കുകള്‍ കേട്ട് അവള്‍ അച്ഛന്റെ മടിയില്‍ നിന്നുമിറങ്ങി ചുമരും ചാരി നിന്ന് കരഞ്ഞു കൊണ്ട് വഴക്ക് നോക്കി നില്പായി.

                               അതിനിടയില്‍ അച്ഛന്‍ ശക്തിയോടെ അമ്മയുടെ കരണത്ത് അടിച്ചു. അമ്മ തെല്ലൊന്ന് പിറകോട്ട് മറിയുകയും നിലത്ത് വീഴാതെ നിലയുറപ്പിക്കാനായി അടുത്തുള്ള അക്വേറിയത്തില്‍ പിടിക്കുകയും ചെയ്തു. അക്വേറിയം വലിയ ശബ്ദത്തോടെ പൊട്ടി. അതിലെ വെള്ളവും മീനുകളുമെല്ലാം നിലത്തേക്ക് നൊടിയിടയില്‍ തെറിച്ചു. അവള്‍ അതു കണ്ട് സങ്കടത്തോടെ കരയാന്‍ തുടങ്ങി. അവള്‍ക്ക് അതുവരെ ഇഷ്ടമല്ലാതിരുന്ന സക്കര്‍ ഫിഷിന്റെ പിടച്ചിലില്‍ പോലും അവളുടെ മനമുരുകി.  

                              അമ്മ കൈയിലെ മുറിവില്‍ നിന്നും ഒഴുകുന്ന ചോര നില്ക്കാനായി മറ്റേ കൈ കൊണ്ട് പിടിക്കുകയും പിന്നെ അത്യന്തം ദേഷ്യത്തോടെയും സങ്കത്തോടെയും നീറ്റലോടെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് സാരി വലിച്ചു പറിച്ച് മുറിവ് കെട്ടുകയും ചെയ്തു. അതിനിടയില്‍ മീനുകള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു തുള്ളുന്നത് സങ്കടത്തോടെ നോക്കുകയായിരുന്ന അവളെ നോക്കി പലതും വിളിച്ചു പറയുന്നതിനിടയില്‍ അമ്മ ചോദിച്ചു.

                              -“അക്വേറ്യം ഇല്ലാത്തേറ്റ കൊഴപ്പായ്ര്ന്ന്ല്ലേ ഇനിക്ക്. വീണ് പൊട്ട്യേപ്പോ മതിയായ്ല്ലേ? ”

                               അതും പറഞ്ഞ് അമ്മ കിടപ്പു മുറിയിലേക്ക് കയറി അലമാര തുറന്ന് ബേഗില്‍ വസ്ത്രങ്ങളും മറ്റും വാരിവലിച്ച് കുത്തി നിറക്കാന്‍ തുടങ്ങി. അപ്പോഴൊക്കെ അമ്മ നിര്‍ത്താതെ പലതും വിളിച്ചു പറയുന്നുണ്ടായിരുന്നു. അതില്‍ മുഴുവന്‍ താനാണ് വിഷയമെന്ന് അവള്‍ക്ക് മനസ്സിലായി. അച്ഛന്‍ അപ്പോഴേക്കും സെറ്റിയില്‍ തലയും താഴ്ത്തി ഇരിപ്പു തുടങ്ങിയിരുന്നു.
എല്ലാമെടുത്ത് അവളെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരത്ത് തിരിഞ്ഞു നിന്ന് അച്ഛനെ നോക്കി അമ്മ ആക്രോശിച്ചു.

                            -“നെനക്ക് ഞ്യാന്‍ വെച്ചിറ്റ്ണ്ട്. കൂട നില്ക്ക്ന്നോരെ തിര്ച്ചറ്യാത്ത നിക്യഷ്ടെന്‍. മൊട്ടേന്ന് വിര്യാത്തെത്ന്യാണ്  ചെറകും തായ്ത്തി ചുറ്റ്ണത്. നാണം മാനോം ഇല്ല്യാത്ത നിക്യഷ്ടെന്‍. ഒന്നൂല്ലെങ്കി സൊന്തം ചോരേല് പെറ്ന്നതല്ലേ അത്. നെനക്ക് ഞ്യാന്‍ വെച്ചിറ്റ്ണ്ട്. കണ്ടോള്ണ്ടോ. ”

                             മീനുകളുടെ പിടക്കലുകള്‍ നോക്കി തൊണ്ടയില്‍ തേങ്ങല്‍ കുടുങ്ങി ശ്വാസം നേരെ കിട്ടാതെ വിതുമ്പുകയായിരുന്ന അവളെ അതും പറഞ്ഞ് അമ്മ ശക്തിയില്‍ പിടിച്ചു വലിച്ചു.

                            -“വര്ന്ന്ണ്ടോ നീയ്യ്? ന്തും കണ്ടോണ്ട് നിക്ക്വാണ്വ്ടെ? ”

                            അമ്മയ്ക്കൊപ്പം മുറ്റത്തേക്ക് ഇറങ്ങുന്നതിനിടയില്‍ വിതുമ്മിക്കൊണ്ട് അവള്‍ തിരക്കി.

                           -“നമ്മ്ളെങ്ങോട്ടാ അമ്മേ പോണത്? ”

                              അമ്മ ബാധ കയറിയതു പോലെയുള്ള ശബ്ദത്തില്‍ പറഞ്ഞു.

                              -“നര്കത്തിലേക്ക്. ന്താ പേടീണ്ടോ ന്ക്ക്? ”    

                              അപ്പുറത്തെ വീടുകളിലെയെല്ലാം ആളുകള്‍ പുറത്തേക്ക് ഇറങ്ങി നോക്കിനില്ക്കെ അമ്മ അവരോടായി വിളിച്ചു പറഞ്ഞു.

                              -“നിങ്ങടെ കുഞ്ഞ്ങ്ങള്യൊക്കെ സൂക്ഷ്ച്ചോള്ണ്ടാ. സൊന്തം ചോരേനെ തിരീണ്ല്ലെങ്കി അന്യെര്ട ചോരേന്യാണോ തിരീണത്. ”

                                അയല്‍ക്കാര്‍ നോക്കിനില്ക്കെ അവളെയും വലിച്ച് അമ്മ നടക്കാന്‍ തുടങ്ങി.

                                നടക്കുന്നതിനിടയില്‍ വിതുമ്മിക്കൊണ്ടു തന്നെ അമ്മയോട് അവള്‍ ചോദിച്ചു.

                               - “നമ്മ്ടെ ഗപ്പ്യേളെ കൊണ്ട് പോണ്ല്ലേ അമ്മാ? അതൊക്ക്യേം അവ്ട കെട്ന്ന് പെട്യാണ്.”

                                  -“നീയ്യും നെന്റെ ഗപ്പീം. നടെക്ക് വ്വേം.”

                                അതും പറഞ്ഞ് അമ്മ കൈയാല്‍ അവളെ പുറത്ത് ശക്തിയില്‍ മുന്നോട്ട് തള്ളി.

                                                                        -0-

 

2012, ഡിസംബർ 18, ചൊവ്വാഴ്ച

എലിപ്പെട്ടി ജാലകം

അരുണ്‍കുമാര്‍ പൂക്കോം


കഥാപാത്രങ്ങളുടെ തീവണ്ടിയിലെ ഇരിപ്പുവശങ്ങള്‍


                       ലഗേജ് വെക്കുന്ന തട്ടില്‍ പിടിച്ചു കൊണ്ട് നില്ക്കുമ്പോഴും എലിപ്പെട്ടിക്കാരന്റെ കണ്ണുകള്‍ മുന്നിലെ സീറ്റില്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് മദ്ധ്യത്തിലായി ഇരിക്കുന്ന കുര്‍ത്തക്കാരി പെണ്‍കുട്ടിയിലേക്കായിരുന്നു. മറ്റുള്ളവരിലേക്കും തെല്ലൊന്ന് പാളുന്നുണ്ടെങ്കിലും  അവന്റെ കണ്ണുകള്‍ അവളിലേക്കു തന്നെ മടങ്ങി ചെന്നുകൊണ്ടേയിരുന്നു.  

                      ആ പെണ്‍കുട്ടിയാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ തന്റെ അപ്പുറത്തിരിക്കുന്ന ആണ്‍കുട്ടികളോട്  വളരെ സ്നേഹത്തോടെ എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. അവള്‍ അത്യന്തം സന്തോഷവതിയും ചുറുചുറുക്കുള്ളവളുമായിരുന്നു. അവളെ കേള്‍ക്കുന്നതോടൊപ്പം അതിലൊരു ആണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ഗെയിമുകള്‍  തിരഞ്ഞു. സീറ്റിന്റെ അറ്റത്തായി ഇരിക്കുന്ന തെല്ല് തമാശക്കാരനായ ആണ്‍കുട്ടി അതിനിടയില്‍ തന്റെ അടുത്തിരിക്കുന്ന ആണ്‍കുട്ടിക്കും അവള്‍ക്കും പിന്നിലായി കൈ വെച്ച് ചാരിയിരിക്കാന്‍ ഒരുങ്ങി. അവന്‍ പൊടുന്നനെ കൈ പിന്നോക്കം വലിച്ച് അവളിലേക്ക് തെല്ലൊന്ന് കുനിഞ്ഞു ചെന്ന് പറഞ്ഞു.

                        - “നിന്റെ മുടി കൊണ്ട് എന്റെ കൈ ചൊറിയുന്നു.”

                       അവള്‍ പെട്ടെന്നു തന്നെ പോണി ടെയില്‍ കെട്ടിയ മുടി എടുത്ത് മുന്നിലേക്കിട്ട് വളരെ നല്ലൊരു ചിരി അവന്  നല്കി. അവനാകട്ടെ നല്ലൊരു തമാശ പറയാന്‍ കഴിഞ്ഞു എന്ന ആഹ്ളാദത്തോടെ വീണ്ടും പിന്നിലേക്ക് കൈയിട്ട് ചാരി ഇരിക്കുകയും ചെയ്തു.

                       ആ സീറ്റില്‍ ജാലകത്തിന് അരികിലായി ഇരിക്കുന്ന പെണ്‍കുട്ടി കമ്പിമേല്‍ തല വെച്ച് കണ്ണുകളടച്ച് ഒരു ഉറക്കം സ്യഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അവള്‍ക്ക് മുന്നിലായി ജാലകത്തിന് അടുത്തിരിക്കുന്ന ആണ്‍കുട്ടിയാകട്ടെ ഇടക്കിടെ ഒരു ഇന്‍ഹേലറിന്റെ അടപ്പ് തുറന്ന് മൂക്കിലേക്ക് വലിച്ചു കൊണ്ടിരുന്നു. ഒന്നോ രണ്ടോ വലിക്കു ശേഷം അവന്‍ തല മുകളിലേക്ക് ഉയര്‍ത്തി ബോഗിച്ചുമരില്‍ ചാരി വെച്ച് കണ്ണുകള്‍ അടച്ചു. അവനടുത്ത് തികച്ചും നിശ്ശബ്ദയായി ഒരു ഇംഗ്ളീഷ് മത്സരപരീക്ഷാപുസ്തകത്തില്‍ മൂക്കു കുത്തി ഒരു കണ്ണടക്കാരി പെണ്‍കുട്ടി ഇരിപ്പുണ്ടായിരുന്നു. അവളുടെ അടുത്തായി മറ്റൊരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും അവര്‍ക്കു മാത്രം കേള്‍ക്കാന്‍ പറ്റും വിധം എന്തൊക്കെയോ പതിയെ സംസാരിച്ച് ഇരിപ്പാണ്. അവരാകട്ടെ പരസ്പരം പ്രണയിക്കുന്നവരുമായിരുന്നു.  

                          രണ്ടു സീറ്റുകളിലുമായി മുഖത്തോട് മുഖം നോക്കിയിരിക്കുന്നവരില്‍ ഓഡ് മേന്‍ ഔട്ട് എന്ന വിധത്തില്‍ എല്ലാം തികച്ചും നിസ്സംഗമായി നോക്കിക്കൊണ്ടും ഇടക്ക് തന്റേതായ ചിന്തകളില്‍ മുഴുകിയും മുണ്ടുടുത്ത ഒരു മദ്ധ്യവയസ്കന്‍ പകുതിയില്‍ വെച്ചു മടക്കിയ പ്ളാസ്റിക് സഞ്ചി മടിയില്‍ വെച്ച് സീറ്റില്‍ എറ്റവും അറ്റത്തായി ഇരിപ്പുണ്ടായിരുന്നു. അയാള്‍ക്ക് അടുത്തായിരുന്നു സീറ്റിന്റെ ഭിത്തിയില്‍ ചാരി നിന്നു കൊണ്ട് ഒളിച്ചോട്ടക്കാരി  തന്റെ കൈ കൊണ്ട് എലിപ്പെട്ടിക്കാരന്റെ ഷര്‍ട്ടില്‍ പിടിച്ചുകൊണ്ട് നില്പുണ്ടായിരുന്നത്. അതിനിടയില്‍ മുഖത്തെ വിയര്‍പ്പ് തുടക്കാനായി തൂവാല എടുക്കാന്‍ തുറന്നപ്പോള്‍ പാളം തെറ്റിയ തെല്ലു പഴക്കമുള്ള വാനിറ്റി ബാഗിന്റെ സിബ്ബ് തെല്ലു നേരം കൊണ്ട് അവള്‍ പഴയ പടിയാക്കി.

                            യാത്രയില്‍ ഇടക്കൊക്കെയും ഒളിച്ചോട്ടക്കാരി എലിപ്പെട്ടിക്കാരന്റെ ശരീരത്തിലേക്ക് തല ചായ്ചു കൊണ്ടിരുന്നു. അവള്‍ അത്തരമൊന്നില്‍ എലിപ്പെട്ടിക്കാരനില്‍ തന്റെ ജീവിതം ചാരി നിര്‍ത്തുന്നതു പോലെ തോന്നി. അവനാകട്ടെ കുര്‍ത്തക്കാരിയെ നോക്കിനില്ക്കുമ്പോഴും ഒളിച്ചോട്ടക്കാരിയുടെ അത്തരം തല ചായ്ക്കലുകളെ ഏറ്റെടുക്കുന്നുണ്ടെന്ന തോന്നല്‍ അവളിലേക്ക് ചാഞ്ഞും തൊട്ടുതൊട്ടു നിന്നും ഉണ്ടാക്കിക്കൊണ്ടേയിരുന്നു. തീവണ്ടിയുടെ ചെറിയ തോതിലുള്ള ആട്ടങ്ങളില്‍ ഒളിച്ചോട്ടക്കാരി അവനെ തിരിച്ചും ശരീരം കൊണ്ട് തൊട്ടുകൊണ്ടേയിരുന്നു.

                            അവര്‍ക്ക്  അപ്പുറം ജനാലക്ക് അരികിലുള്ള സീറ്റുകളില്‍ ഒരു പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ചെവിയില്‍ ഞാത്തിയിട്ട് സക്രീനിലേക്ക് നോക്കിക്കൊണ്ട് പാട്ടുകള്‍ കേള്‍ക്കുകയും കാണുകയുമായിരുന്നു. അവള്‍ക്കു മുന്നിലായി ഇരിപ്പുണ്ടായിരുന്ന ആണ്‍കുട്ടിയാകട്ടെ ഒരു കാല്‍ സീറ്റിലേക്ക് മടക്കി വച്ച് ജനാലയിലേക്ക് തല ചായ്ച്ച് അഗാധമായ ഉറക്കത്തിലായിരുന്നു. അവര്‍ അപ്പുറത്തിരിക്കുന്നവരുടെ കൂടെ ഒന്നിച്ചിരിക്കാനാവാതെ പോയ കൂട്ടുകാരായിരുന്നു.


തീവണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു.


                             സ്റ്റേഷനുകളില്‍ നിര്‍ത്തുന്നതിന് അനുസരിച്ച് കംപാര്‍ട്ട്മെന്റിലേക്ക് ആളുകള്‍ കയറിക്കൊണ്ടിരിക്കുകയോ ഇറങ്ങിക്കൊണ്ടിരിക്കുകയോ ചെയ്യുമ്പോള്‍ ചെറുതായി ഉണ്ടാകുന്ന തിരക്കില്‍ എലിപ്പെട്ടിക്കാരന്‍ തന്റെ നില്പിനെ ചെറുതായി ക്രമീകരിക്കുകയും വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തുകൊണ്ടിരുന്നു. അവന്‍ നോക്കിക്കൊണ്ടിരിക്കുന്ന കുര്‍ത്തക്കാരി ബോഗിച്ചുമരില്‍ നിന്നും മുഖം താഴേക്കു താഴ്ത്തി അടച്ച കണ്ണുകള്‍ തുറന്ന് വീണ്ടും ഇന്‍ഹേലര്‍ തുറക്കുന്ന ജലദോഷക്കാരനോട് ചോദിച്ചു.


                             - “എന്തോന്നെടാ ഇത്? അതു മുഴുവന്‍ തീര്‍ന്നു കാണുമല്ലോ. ഇന്നലെ രാത്രി ട്രെയിനില്‍ കയറുമ്പോഴേ തുടങ്ങിയതല്ലേ നീയീ വലി.”

                              എല്ലാവരും അതുകേട്ട് ചിരിച്ചു. ജനാലക്കരികില്‍ ഇരുന്ന് ഉറങ്ങാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയും കണ്ണുകള്‍ തുറന്ന് അവരോടൊപ്പം ചിരിച്ചെന്നു വരുത്തി വീണ്ടും ഉറക്കത്തിലേക്ക് പോകാനൊരുങ്ങി. അവനതു കേട്ട് നെറ്റിയും മൂക്കുമൊക്കെ ചുളിച്ചുകൊണ്ട് പറഞ്ഞു.

                             - “കോള്‍ഡ് ഏന്റ് ഹെഡ് ഏക്ക്.”

                              ഉറങ്ങാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടി പെട്ടെന്ന് ഓര്‍മ്മ വന്നെന്ന പോലെ സീറ്റില്‍ നിന്നും എഴുന്നേറ്റു. ലഗേജ് തട്ടില്‍ വെച്ച ബാഗില്‍ നിന്നും പ്ളാസ്റിക് സഞ്ചിയില്‍ കെട്ടി വെച്ച തേങ്ങാബന്ന് പുറത്തെടുത്ത് അവള്‍ മറ്റുള്ളവര്‍ക്കായി പകുക്കാന്‍ തുടങ്ങി. തേങ്ങാബന്ന് കണ്ടപ്പോള്‍ അവരുടെ എല്ലാം എടുപ്പിനും മട്ടിനും ചേരാത്ത ഒരു ഭക്ഷണമാണ് അതെന്ന് എലിപ്പെട്ടിക്കാരന് എന്തുകൊണ്ടോ തോന്നി. തേങ്ങാബന്നൊക്കെ പൊതുവെ കഴിക്കുക അവനെ പോലെയുള്ള സാധാരണക്കാരാണെന്ന ഒരു തോന്നല്‍ എലിപ്പെട്ടിക്കാരന് ഉണ്ടായിരുന്നു. മൊബൈല്‍ഫോണില്‍ അപ്പോഴേക്കും ഗെയിം കളിക്കാന്‍ തുടങ്ങിയ ആണ്‍കുട്ടി കൈയുയര്‍ത്തി അവനു നേരെ നീട്ടിയ ബന്നിന്റെ കഷണം വേണ്ടെന്ന് കാണിച്ചു. ആണ്‍കുട്ടികളുടെ കൂട്ടത്തില്‍ മീശ വെച്ചവന്‍ അവന്‍ മാത്രമായിരുന്നു.

                                 മീശവെച്ചവന്റെ അപ്പുറത്ത് ഇരിക്കുന്ന തമാശക്കാരനായ ആണ്‍കുട്ടിയോട് അതേ തേങ്ങബന്നിന്റെ കഷണം നീട്ടിക്കൊണ്ട് വേണോ എന്ന് അവള്‍ ചോദിച്ചു. അവന്‍ ഉടന്‍ ഏന്തിവലിഞ്ഞ് കൈകള്‍ നീട്ടിക്കൊണ്ട് പറഞ്ഞു.

                               - “വേണോന്നോ. വലുതു തന്നെ ആയ്ക്കോട്ടെ.”

                                അവള്‍ക്ക് ആ പറഞ്ഞത് നന്നായി ഇഷ്ടപ്പെടുകയും വെച്ചു നീട്ടിയ കഷണം നല്കിയതിനു ശേഷം മറ്റൊരു വലിയ കഷണം കൂടി അവള്‍ അവന് നല്കുകയും ചെയ്തു. അത് കഴിച്ചു കൊണ്ടിരിക്കെ കര്‍ശനക്കാരനായ ഏതോ ഒരു അദ്ധ്യാപകന്റെ മുന്നില്‍ ക്ളാസ് കട്ടു ചെയ്ത് നടക്കുമ്പോള്‍ പെട്ടു പോയതിന്റെ കഥ തമാശക്കാരന്‍ പറയാന്‍ തുടങ്ങി. അവരില്‍ എല്ലാവരിലും അച്ചടക്കത്തിനും കാര്‍ക്കശ്യത്തിനും എതിരെയുള്ള മനസ്സുള്ളതിനാല്‍ തമാശക്കാരന്‍ അദ്ധ്യാപകനില്‍ നിന്നും സമര്‍ത്ഥമായി രക്ഷപ്പെട്ടതിന്റെ കഥ എല്ലാവരും ചിരിച്ചു കൊണ്ട് ഏറ്റെടുത്തു. അപ്പോഴേക്കും കുര്‍ത്തക്കാരിക്ക് ആ അദ്ധ്യാപകനോടുള്ള സ്നേഹബഹുമാനത്തെ കുറിച്ച് ചെറിയൊരു പാരഗ്രാഫ് പറയാനുണ്ടായിരുന്നു. അതു പറഞ്ഞു നിര്‍ത്തുമ്പോഴേക്കും കൈയില്‍ പിടിച്ചിരുന്ന മൊബൈല്‍ഫോണിലേക്ക് അവള്‍ക്ക് ഒരു കോള്‍ വന്നു. അവള്‍ മൊബൈല്‍ ഫോണ്‍ പെട്ടെന്ന് പുറത്തെടുത്ത് അതിലേക്ക് കാര്യം മാത്രം പറഞ്ഞ് അത്യന്തം ഭംഗിയുള്ള അതിന്റെ ഉടുപ്പിലേക്കു തന്നെ അതിനെ മടക്കി വെക്കുകയും ചെയ്തു.

                             അവള്‍ പിന്നെ ഗെയിം കളിച്ചുകൊണ്ടിരുന്ന മീശവെച്ചവന്റെ മൊബൈല്‍ഫോണിലെ ഗെയിമിലേക്ക്  തെല്ലൊന്ന് മുഖം നീട്ടി. അതിലെ ഇടുങ്ങിയ പാതകളിലൂടെ നടന്നു പോകുകയായിരുന്ന മുള്ളന്‍ മുടിയുള്ള പയ്യന്‍ പെട്ടെന്ന് മുകളില്‍ നിന്നും വീണ കണ്ണും മൂക്കും വായുമുള്ള ഉരുളന്‍ കല്ലുകളില്‍ പെട്ട് ചതഞ്ഞൊടുങ്ങിയതു കണ്ട് അവള്‍  മീശക്കാരന്‍ ചെറുപ്പക്കാരന് ചുമല്‍ കൊണ്ട് ഒരു തട്ട് വെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.

                           - “ നീ നിനക്കു പറഞ്ഞ പണി വല്ലോം ചെയ്യെടാ.”

                           അവന്‍ മുഖമുയര്‍ത്തി അവള്‍ക്കൊരു ചിരി കൈമാറുകയും വീണ്ടും ഗെയിം ആദ്യം മുതല്‍ കളിക്കാന്‍ തുടങ്ങുകയും ചെയ്തു.
തമാശക്കാരന്‍ അതു കണ്ട് തല നീട്ടി നോക്കിക്കൊണ്ട് മൊബൈല്‍ ഫോണിലേക്ക് നോക്കിയതിനു ശേഷം കുര്‍ത്തക്കാരിയോട് പറഞ്ഞു.
 

                           - “കളിയില്‍ തോറ്റ സ്ഥിതിക്ക് അവന്‍ കുഞ്ഞുന്നാളിലെ പോലെ ആത്യേം പൂത്യേം കളിക്ക്വായിരിക്കും."

                             മറ്റുള്ളവര്‍ അതു കേട്ട് തെല്ലു ശബ്ദത്തോടെ ചിരിച്ചു. ആ ചിരിയില്‍ മീശവെച്ചവനും പതിഞ്ഞ ഒരു ചിരി ചേര്‍ത്തു വെച്ചു.

                             അനന്തരം കുര്‍ത്തക്കാരി മെല്ലെ ചാരിയിരുന്ന് കണ്ണുകള്‍ അടച്ച് ഉറങ്ങാനൊരുങ്ങി. തെല്ലുകഴിഞ്ഞ് ഇരുത്തം ശരിയല്ലെന്ന് തോന്നി ഇടം കൈ മടിയില്‍ കുത്തിവെച്ച്  കൈയില്‍ തലതാങ്ങി നിര്‍ത്തി ഉറങ്ങാനുള്ള  ശ്രമമായി. എലിപ്പെട്ടിക്കാരന്‍ അവളെ മാത്രം ശ്രദ്ധിച്ചു കൊണ്ട് നില്പായി. അത്യന്തം സുന്ദരിയായ അവളെ ഒന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് അവന്‍ അപ്പോള്‍ വെറുതെ ആലോചിച്ചു കൊണ്ടിരുന്നു.  അവന്റെ ആലോചനകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് തമാശക്കാരന്‍ അതിവേഗം കൈ ചലിപ്പിച്ച് അവളുടെ തലക്ക് ആസ്പദം  കൊടുത്ത കൈ തട്ടി മാറ്റി. അവളുടെ തല തെല്ലൊന്ന് താഴേക്കു പോയി. അവള്‍ ദേഷ്യം പിടിക്കുന്നതിനു പകരം തലയുയര്‍ത്തി തമാശക്കാരന് ചെറിയൊരു ചിരി സമ്മാനിച്ചു. തമാശക്കാരന്‍ ചിരിച്ചു പറഞ്ഞു.


                            - “അങ്ങനെയങ്ങ് ഉറങ്ങണ്ട.”

                            അവള്‍ ഉറക്കം വന്ന കണ്ണുകളോടെ അവനെ നോക്കി വീണ്ടും ചിരിച്ചതിനു ശേഷം ബോഗിച്ചുമരിലേക്ക് തല ചായ്ച്ച് വീണ്ടും കണ്ണടച്ചു. അപ്പോള്‍ അവളുടെ അടഞ്ഞ കണ്‍പോളകളിലെ  ചോരത്തുടിപ്പിലായി എലിപ്പെട്ടിക്കാരന്റെ നോട്ടം.


ഇരിക്കുന്നവര്‍ എല്ലാവരും അവിടം ഉറങ്ങിക്കൊണ്ടിരിക്കുന്നു.


                                ഉറക്കം പകരുന്ന രോഗം പോലെ ഇരിക്കുന്നവരില്‍ എല്ലാവരിലേക്കും മെല്ലെ മെല്ലെ പടര്‍ന്നു കൊണ്ടിരുന്നു. ഉറക്കത്തില്‍ ജുബ്ബക്കാരിയുടെ ചുണ്ടുകള്‍ വിടര്‍ന്ന് ചെറിയൊരു വിടവുണ്ടാകുന്നത് എലിപ്പെട്ടിക്കാരന്‍ നോക്കി നിന്നു.

                               അപ്പോഴേക്കും ഒച്ച താഴ്ത്തി കാര്യമായി എന്തൊക്കെയോ പരസ്പരം പറഞ്ഞു കൊണ്ടിരുന്ന പ്രണയിനികളും ഉറക്കം തുടങ്ങിയിരുന്നു. അവളുടെ ചുമലില്‍ തല ചായ്ച്ച് ഒരു കുഞ്ഞിനെ പോലെയായിരുന്നു അവന്‍ ഉറങ്ങിയിരുന്നത്. അവന്റെ കൈത്തണ്ട അവളുടെ കൈത്തണ്ടയില്‍ മുദ്യവായി സ്പര്‍ശിച്ചു കിടന്നു. അവളാകട്ടെ അവളുടെ ചുണ്ടുകള്‍ അവന്റെ തലമുടിയില്‍ തൊട്ടുകൊണ്ട് ഉറങ്ങി. അവരിരുവരും ഉറക്കത്തില്‍ പോലും അത്യന്തം പ്രണയിക്കുന്നതായി ആ കിടപ്പില്‍ പോലും തോന്നുണ്ടായിരുന്നു.
 അതിനോടകം മത്സരപരീക്ഷാപുസ്തകം മടിയിലേക്ക് മടക്കി പിടിച്ച് വായനക്കാരി പെണ്‍കുട്ടിയും പ്രണയക്കാരിയിലേക്ക് ഉറങ്ങിച്ചാഞ്ഞിരുന്നു. അവരെ രണ്ടുപേരെയും പ്രണയക്കാരി ഉറക്കത്തിനിടയിലും രണ്ടു വശങ്ങളിലും കമ്പി വലിച്ചു കെട്ടിയ പഴയ ടി.വി ആന്റിന പോലെ തന്നില്‍ താങ്ങി നിര്‍ത്തി.

                               അറ്റത്ത് ഇരിക്കുന്ന മധ്യവയസ്കനും അവരോടൊപ്പം എപ്പോഴോ ഉറക്കം തൂങ്ങാന്‍ തുടങ്ങി.

                              കുര്‍ത്തക്കാരിയില്‍ മാത്രം അപ്പോഴും എലിപ്പെട്ടിക്കാരന്റെ നോട്ടം ഉടക്കി നിന്നു. ഒളിച്ചോട്ടക്കാരിയാകട്ടെ  അപ്പോഴും അവനിലേക്ക് ചേര്‍ന്നു ചേര്‍ന്നു നിന്നു കൊണ്ടുമിരുന്നു.
 
തീവണ്ടിക്ക് പുറത്തു നിന്നും ഒരു കഥാപാത്രം ശബ്ദം നല്കുന്നു.


                             അപ്പോഴേക്കും എലിപ്പെട്ടിക്കാരന് മൊബൈല്‍ ഫോണില്‍ ഒരു കോള്‍ വന്നു. അവന്‍ ഒളിച്ചോട്ടക്കാരിയോട് പറഞ്ഞു

                             - “ഇപ്പ വെരാം. ഈടത്തന്ന നിക്ക്.”

                           അവന്‍ മൊബൈല്‍ ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കുകയും പിന്നെ അതുമെടുത്ത് ട്രെയിനിലെ കമ്പാര്‍ട്ടുമെന്റുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത മറ്റാരുമില്ലാത്ത സ്ഥലത്തേക്കു പോകുകയും ചെയ്തു.

                          അപ്പുറത്തു നിന്നും ചോദ്യമുയര്‍ന്നു.

                         - “ഏട്യെത്തി?”

                            അവനൊന്ന് പുറത്തേക്ക് തലയെത്തിച്ചു നോക്കി പറഞ്ഞു.

                         - “ഏട എത്ത്യോ, ന്തോ? ഏയ്തായാലും വൈയ്യീട്ട് ഏതാണ്ടൊര്


                           ആറര്യോട് അട്പ്പ്ച്ച് അവ്ടെത്തും.”

                           - “ഓളെന്ത് പറയ്ന്ന്? പ്രശ്നോന്നുല്ലാലോ?”

                          - “ഏയ് ഒന്നൂല്ല. പെരുത്ത് സന്തോഷം തന്നെ.”

                          - “ങ്ങനേണ്ട്?”

                          - “ഒര് ആവറേജ്.”

                           - “വിളിച്ചെറക്കാന് പാട്വെട്ടോ?”

                           - “ഏയ് ല്ല. ഓള് ഹോം നേഴ്സായി നിക്കണ വീട്ടില് നാട്ടില് ഒര് കല്യാണത്തിനാന്നും പറഞ്ഞ് പോന്ന്യാണ്.”

                               - “ആരേലും അന്വേഷിക്ക്വോ?”

                              - “ഏയ്. ഓക്കതിന് ചോയിക്കാനും പറ്യാനും കാര്യായിറ്റ് ആരൂല്ല. ഓളെ അച്ഛനുമമ്മേം വീടിന്റ ഓട് വിറ്റ് വെള്ളടിക്കണ കൂട്ടാണ്.”

                             - “ന്ത് പറഞ്ഞൊപ്പിച്ച്?”

                               - “ഇനിക്കൊന്നും അറിയാത്തെ പോല. സ്െതരം പര്പാട്യെന്നെ. അമ്പലത്തില് വച്ച് താലി കെട്ടാന്ന്ള്ള പദ്ധത്യെന്നെ. ഓളെ ഞ്യാന്‍ കെട്ട്ണേന് നാട്ട്വാര്‍ക്കും വീട്ട്വാര്‍ക്കും എത്ര്‍പ്പാന്ന് പറഞ്ഞപ്പോ പാവത്തെന് പെട്ടന്നന്നെ കൂട പൊറ്ക്കണംന്ന്.”

                            - “ലേഡീസ് കമ്പാട്ടുമെന്റില് കയറ്റാര്ന്ന്ല്ലേ? ഒന്ന്ച്ച് വന്നാ പരിചെയക്കാര് ആരേലും കാണ്വാറ്റം ചെയ്താലോ?”

                            - “ഏയ് ല്ല. പരിചെയക്കാര് ഇല്ലാത്തെടം ആദ്യേം തന്ന നോക്ക്വെച്ചു. ഓളാണേല്  തല ഏതാണ്ടൊക്കെ ഷാള്വൊണ്ട് മൂടീറ്റ് നില്ക്വാണ്. എന്നാ പിന്ന  ട്രെയിനെറങ്ങീറ്റ്  വിള്ക്കാം.”

                          - “ഏയ് വെക്കല്ലേ. ഞ്യാനെന്നാ മാനേജറോട് പറേട്ടെ.”

                           - “ഇന്റ ഓട്ടലും ഇന്റ മാനേജറ്വല്ലേ. പോയി പറഞ്ഞേക്ക്. ഓളെ പൂട്ടീടാന്‍ ഒര് മുറീം കണ്ടു വെക്ക്.”

                             മറുതലക്കല്‍ നിന്നും അമര്‍ത്തിച്ചിരിച്ചു കൊണ്ട് ചോദ്യം.

                           - “ഈപ്പെണ്ണ് ഇദ് ഇന്റ എത്രാമത്യാ?”

                            - “ഇന്നപ്പോല അദൊക്കെ എണ്ണലല്ലേ എന്റ പണി.”

                              അവനതും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് മൊബൈല്‍ ഫോണ്‍ കീശയിലേക്കു തന്നെ ഇട്ട് തിരക്കിലൂടെ നൂണ്ട് പഴയ സ്ഥാനത്തു തന്നെ പോയി നിന്നു. കുര്‍ത്തക്കാരിയെ കണ്ടു നില്ക്കാന്‍ പറ്റുന്ന ഇടം മറ്റാരെങ്കിലും അപ്പോഴേക്കും കവര്‍ന്നു കളഞ്ഞിരിക്കുമോ എന്ന ആശങ്ക അവനില്‍ ഉണ്ടായിരുന്നു. ഇല്ലെന്നു കണ്ട് അവന് ആശ്വാസമായി. ഒളിച്ചോട്ടക്കാരി അവനെ കണ്ടതും അവന്‍ തിരിച്ചു വന്നതിന്റെ  സ്നേഹം മുഴുവന്‍ കണ്ണുകളില്‍ വിടര്‍ത്തി പതിയെ തിരക്കി.

                            - “ആരേനും?”

                           അവന്‍ തെല്ലു കുനിഞ്ഞ് അവളുടെ കാതില്‍ സ്വകാര്യം പറഞ്ഞു.

                           -“ലീവ് പറയാണ്ട് പോന്നതോണ്ട് കമ്പനീന്ന് വിള്ച്ചതാ. ആരോടെങ്ക്ലും പറഞ്ഞാല് നമ്മടെ പ്ളാനൊക്കെ ആക പൊളിയൂല്ലേ.”

                           അവള്‍ അതു വിശ്വസിക്കുകയും തെല്ലു നേരത്തേക്കുള്ള വിട്ടുനില്ക്കല്‍ പരിഹരിക്കാനെന്ന വണ്ണം അവന്റെ ചുമലിലേക്ക് തല ചായ്ക്കുകയും ചെയ്തു. അവന്‍ അവളുടെ അരക്കെട്ടില്‍ തിരക്കിനിടയില്‍ ആരുമാരും ശ്രദ്ധിക്കുന്നില്ലെന്നതിനാല്‍ കൈ ചേര്‍ത്ത് പിടിച്ച് അവളെ തെല്ലു കൂടി സുരക്ഷിതയാണെന്നു തോന്നിക്കാനായി ശരീരത്തോട് ചേര്‍ത്തു നിര്‍ത്തി. അവള്‍ക്ക് അത് ഒരുപാട്  ഇഷ്ടമായി എന്ന വണ്ണം മുഖമുയര്‍ത്തി അവന്റെ കണ്ണിലേക്ക് കണ്ണുകള്‍ വിടര്‍ത്തി അവള്‍ നോക്കുകയും നാണത്തോടെ ചിരിക്കുകയും പിന്നെ പഴയ പടി മുഖം താഴ്ത്തി നില്ക്കുകയും ചെയ്തു. യാത്രയില്‍ ഉടനീളം തലതാഴ്ത്തി നിന്നു കൊള്ളാന്‍ അവന്‍ പുറപ്പെടും മുമ്പേ തന്നെ പറഞ്ഞു കൊടുത്തിരുന്നു. ട്രെയിനില്‍ വെച്ച് പരിചയക്കാരാരും തന്നെ കാണാതിരിക്കാന്‍ അത് വേണമെന്ന് കേട്ടപ്പോള്‍ തന്നെ അവള്‍ക്കും തോന്നിയിരുന്നു. ആരുമാരും തന്നെ ഇതുവരെയും തിരിച്ചറിയാത്തതില്‍ അവള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം തോന്നിയതും.


പുറം ലോകം കാണിച്ച് കുടുക്കുന്ന കെണിപ്പെട്ടി


                           സ്റേജില്‍ മുടിയാട്ടം കളിച്ചു തീര്‍ന്ന് അണിയറയില്‍ കിതപ്പോടെ ഇരിക്കുമ്പോഴാണ് അവള്‍ ആദ്യമായി അവനെ കാണുന്നത്. അവന്റെ കണ്ണിലെ പ്രകാശത്തിലും നീണ്ട ക്യതാവിലും സിനിമാപ്പാട്ടിന് ഒപ്പിച്ച ചൂളം വിളിയിലും നെഞ്ചത്തൊക്കെ പലതും വായിക്കാനുള്ള ബനിയനിലും ജീന്‍സ് പാന്റ്സിലും അപ്പോഴേക്കും അവള്‍ വീണു പോയിരുന്നു. തെല്ല് നേരം അവിടം ചുറ്റിപ്പറ്റി നിന്ന് കണ്ണുകളാല്‍ അവനായി വിടര്‍ന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി നോക്കിക്കൊണ്ടിരിക്കെ ഒടുവില്‍ അവന്‍ അവളുടെ അടുത്തു കൂടി മെല്ലെ ചോദിച്ചു.

                           - “ഇത്രേം നേരം മുടിയിട്ട് ആട്ടാന്‍ എങ്ങനെ പറ്റ്ന്ന്? തലയും കഴുത്ത്വൊക്കെ വേദന്യാവൂല്ലേ?”

                              അവള്‍ ചിരിച്ചു കൊണ്ടു നിന്നു. ഒന്നിച്ച് മുടിയാട്ടത്തിനുണ്ടായിരുന്ന പെണ്‍കുട്ടി അവളുടെ അവനോടുള്ള ഇഷ്ടം മനസ്സിലാക്കിയിട്ട് കളിയാക്കി.

                             - “അദൊക്കെ അബള് നോക്ക്യോളും. ങ്ങള് പോയാട്ടെ.”

                               അവള്‍ക്കാണെങ്കില്‍ കൂട്ടുകാരി പറഞ്ഞതു കേട്ട് അവന്‍ പോയ്ക്കളയുമോ എന്ന ആശങ്കയുണ്ടായി. പക്ഷേ അവന്‍ വീണ്ടും അവളെ ചുറ്റിപ്പറ്റി നില്പ് തുടര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ക്കൊരു ജോലി എന്ന വണ്ണം ഹോം നേഴ്സിങ്ങിന് സൌകര്യം ചെയ്തു കൊടുത്തതു പോലും അവനാണ്.

                              എലിപ്പെട്ടിക്കാരന്‍ വീണ്ടും ഉറങ്ങുന്ന കുര്‍ത്തക്കാരിയുടെ ചുണ്ടുകളിലെ വിടവിലേക്ക് കണ്ണുകളാല്‍ നൂഴ്ന്നു പോയി. തനിക്കൊരിക്കലും പിടിച്ചടക്കാന്‍ പറ്റാത്ത സാമ്രാജ്യമാണ് അവളെന്ന് ആ പെണ്‍കുട്ടിയെ കണ്ട മാത്രയില്‍ തന്നെ അവന് മനസ്സിലായിരുന്നു. ഒരു എലിപ്പെട്ടിക്കാരന്‍ എന്ന നിലയില്‍ അവന്റെ കെണിയില്‍ കുടുങ്ങിയ എലികളെല്ലാം സാധാരണ എലികളായിരുന്നു. അവന്‍ എലിപ്പെട്ടി ഉണ്ടാക്കുന്നവനാണെന്ന് അറിഞ്ഞ് കാട്ടില്‍ നിന്നും നാട്ടില്‍ ഇറങ്ങി കാല്‍പ്പാടുകള്‍ കാണിച്ച പുലിയെ പിടിക്കാന്‍ കെണിയൊരുക്കാന്‍ ആളെ നോക്കുന്നുണ്ടെന്നും അവര്‍ക്ക് ഒരു കൂറ്റന്‍ കെണിപ്പെട്ടി ഉണ്ടാക്കിക്കൊടുക്കുമോ എന്നും ലോഡ്ജിലെ പയ്യന്‍ അവനോട് ചോദിച്ചിരുന്നു. അവന്‍ പക്ഷേ അത് വേണ്ടെന്നു വെച്ചു. ആളുകള്‍ പലരും ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവന്റെ ഇഷ്ടവിനോദങ്ങള്‍ തെല്ലും നടക്കില്ല എന്ന് അവന് നന്നായി അറിയാം. ചില പെണ്‍കുട്ടികളും ചില എലികളും അവനാല്‍ കെണി വെക്കപ്പെടുന്നവ.  


                                 തലേന്ന് വരെ കുറച്ചു ദിവസങ്ങളായി തങ്ങിയിരുന്ന തരം താണ ലോഡ്ജ് മുറിയില്‍ യാതൊരു പേടിയുമില്ലാതെ പകല്‍ പോലും ഇറങ്ങി നടന്ന ഒരു പെണ്ണെലിയെ അവന്‍ ഇന്നലെ തീര്‍ത്ത പുത്തന്‍ എലിപ്പെട്ടിയില്‍ കുടുക്കുകയുണ്ടായി. ഇരുട്ടില്‍ തേങ്ങാപ്പൂളിന്റെ വെളുത്ത ചിരി കാണിച്ചാണ് അവന്‍ അതിനെ കുടുക്കിയത്. വലിയ ശബ്ദത്തോടെ വീഴുന്ന ഒച്ച കാലത്ത് ഇരുട്ടിലേക്ക് മുറി പൂട്ടി ഇറങ്ങുമ്പോഴാണ് അവന്‍ കേട്ടത്. അവന്‍ എത്തുമ്പോഴേക്കും ഒളിച്ചോട്ടക്കാരി റെയില്‍വേ സ്റേഷന്റെ ഏതാണ്ട് അടുത്തുള്ള അവള്‍ ഹോം നേഴ്സായി നില്ക്കുന്ന വീട്ടില്‍ നിന്നും ഇരുട്ടിലേക്ക് ഇറങ്ങി വന്നിരുന്നു.

                                 എലികളെ പറ്റിയും എലിപ്പെട്ടിയെ പറ്റിയും അവന് നന്നായി അറിയാം. കെണിക്ക് ഇരയുടെ അതേ മുഖഛായയുള്ള മറ്റേതൊരു കെണിയാണ് ഉള്ളത് എന്ന് ഓരോ എലിപ്പെട്ടി തീര്‍ത്തു കഴിയുമ്പോഴും അതിന്റെ അടഞ്ഞ വാതില്‍ ഭാഗം നോക്കി അവന്‍ വിചാരിക്കാറുണ്ട്. കൂര്‍ത്തമുഖമാണ് എലിക്കും എലിപ്പെട്ടിക്കും.

                                  എല്ലാ ലോഡ്ജ് മുറികളിലും അവന്‍ നിന്നത് എലിപ്പെട്ടി ഉണ്ടാക്കുന്നവനായാണ്. പീഞ്ഞപ്പലകയില്‍ എലിപ്പെട്ടിയുണ്ടാക്കലായിരുന്നു അവന്റെ ജോലി. അതു പക്ഷേ അവന്റെ മുഖ്യജോലിയൊന്നുമായിരുന്നില്ല. അതൊരു ഹോബിയായിരുന്നു. ഉണ്ടാക്കിയ പെട്ടികള്‍ അവന്‍ കടകളില്‍ കൊണ്ടു പോയി വിറ്റു കാശാക്കും. ലഗേജ് വെക്കുന്ന തട്ടിലെ അവന്റെ ബാഗില്‍ പലതരം ഉളികളും മുട്ടിയുമൊക്കെയുണ്ട്. അതില്‍ ഉളികളാണെന്ന് പക്ഷേ ഒളിച്ചോട്ടക്കാരിക്ക് അറിയുകയേ ഇല്ല. അവന്‍ വലിയ ഏതോ കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടീവാണ് അവള്‍ക്ക്.  അങ്ങനെയാണ് അവന്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തിരിക്കുന്നത്. സെയില്‍സ് എക്സിക്യൂട്ടീവ് ആരാണെന്നോ എന്താണെന്നോ അവള്‍ക്ക് ഒട്ട് അറിയത്തുമില്ല. അവന്‍ ഇനി അതു വരെ തങ്ങിയ ലോഡ്ജ് ഉപേക്ഷിച്ച് പുതിയൊരിടം തേടും.


                                   സ്നേഹത്തിന്റെ പുറത്ത് കൂടെ പോരുന്ന പെണ്‍കുട്ടികളെ ഒരിടത്തു നിന്നും  കടത്തിക്കഴിഞ്ഞാല്‍ എപ്പോഴുമുള്ളതാണ് അവന് അവിടെ നിന്നും നാടുമാറ്റം. അവിടെയും അവന് എലിപ്പെട്ടി നിര്‍മ്മാണം തന്നെയാകും.  
എലിപ്പെട്ടിയില്‍ വന്നു പെട്ടാല്‍ എലിക്ക് ബുദ്ധി മരവിച്ചു പോകും. ആദ്യം തന്നെ വതിലടയുന്ന ഭയാനക ശബ്ദത്തില്‍ അവ പേടിച്ചു പോകും. പിന്നെ ദയനീയമായി കരഞ്ഞ് കമ്പി കൊണ്ട് തീര്‍ത്ത പുറം കാഴ്ചകളില്‍ കടിച്ചു കടിച്ച് രക്ഷപ്പെടാമെന്ന ചിന്തയേ അവക്ക് വരികയുള്ളു. വലിയ പത്തായവും വാതിലുമൊക്കെ കരണ്ടു മുറിക്കുന്ന പഴയ ബുദ്ധി തെല്ലും ശക്തിയില്ലാത്ത പീഞ്ഞപ്പെട്ടി കൊണ്ട് തീര്‍ത്ത എലിപ്പെട്ടി കരളാന്‍ അവക്ക് കമ്പിയാല്‍ തീര്‍ത്ത ജാലകത്തിലൂടെയുള്ള പുറം കാഴ്ചയില്‍ വീണ് തോന്നുകയേയില്ല. എലിപ്പെട്ടിയുടെ അകമല്ല ശരിക്കും എലിയെ കുടുക്കുന്നത്, എലിപ്പെട്ടിയില്‍ നിന്നും അത് കാണുന്ന പുറം ലോകമാണ്.

                                     അപ്പോഴേക്കും ജാലകത്തിന് അടുത്തിരിക്കുന്ന ജലദോഷക്കാരന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.  ഇന്‍ഹേലര്‍ എടുത്ത് മണപ്പിക്കാനെന്ന വണ്ണമാണ് ഉണര്‍ന്നത് എന്നതു പോലെ ധ്യതിയില്‍ അവന്‍ അത് തുറക്കുകയും മണപ്പിക്കുകയും ചെയ്തു. അവന്‍ ഉണര്‍ന്നതോടെ നീളത്തില്‍ പകുതി വെച്ച് മടക്കി കുത്തനെ ഒന്നിനൊന്ന് പിറകിലായി വെച്ച ചീട്ടുകള്‍ ഏറ്റവും ആദ്യത്തേത് വീഴുമ്പോള്‍ എല്ലാം വീഴുന്നതു പോലെ എല്ലാവരും ഉണര്‍ന്നു. ജലദോഷക്കാരന്‍ ജാലകത്തിലൂടെ പുറത്തേക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ നോക്കിയതിനു ശേഷം ലഗേജ് തട്ടില്‍ നിന്നും ബാഗ് എടുക്കാനായി എഴുന്നേറ്റു. അവന്‍ ബാഗുമായി വീണ്ടും സീറ്റില്‍ ഇരുന്നപ്പോള്‍ തമാശക്കാരന്‍ എഴുന്നേറ്റ് ബാഗില്‍ നിന്നും ക്യാമറ എടുക്കുകയും എല്ലാവരെയും ചേര്‍ത്ത്  ഫോട്ടോ എടുക്കുവാനും തുടങ്ങി.  പ്രണയിനിയുടെ ചുമലില്‍ ചാഞ്ഞ് ഉറങ്ങിയിരുന്ന ആണ്‍കുട്ടി  ഉറക്കം മതിയാകാതെ വീണ്ടും അവളുടെ ചുമലിലേക്ക് തന്നെ തല ചായ്ച്ചു. അപ്പോഴേക്കും തമാശക്കാരന്റെ ക്യാമറയുടെ പിന്നാമ്പുറത്ത് അതൊരു നിശ്ചലദ്യശ്യമായി രൂപപ്പെട്ടു.


ഒരിടത്ത് നിര്‍ത്താന്‍ കഥയുടെ വേഗം കുറയുന്നു.


                                    അപ്പോഴേക്കും തീവണ്ടി വേഗം കുറച്ചു തുടങ്ങിയിരുന്നു. എഴുന്നേറ്റ കുര്‍ത്തക്കാരി തമാശക്കാരന്റെ കൈയില്‍ നിന്നും ക്യാമറ ധ്യതിയില്‍ വാങ്ങി ഫോട്ടോകള്‍ നോക്കാന്‍ തുടങ്ങി.  ഉറങ്ങുന്ന ചെറുപ്പക്കാരന്‍ ചുമലില്‍ തല ചായ്ച്ച് കിടക്കുന്ന ഫോട്ടോ അവള്‍ അവനെ താങ്ങുന്ന പ്രണയിനിക്ക് കാണിച്ചു കൊടുത്തു. അവള്‍ അതു കണ്ടതും തെല്ലൊന്ന് ബോധവതിയായതു പോലെ തോന്നി. അവള്‍ അവനെ കുലുക്കി വിളിച്ചുണര്‍ത്തി നേരെ നിര്‍ത്തി. അവന്‍ വീണ്ടും ചുമലിലേക്ക് ചായാന്‍ നോക്കിയപ്പോള്‍ അവള്‍ ചുമല്‍ വെട്ടിച്ചു. അവന്‍ എന്തോ ഒന്ന് നഷ്ടമായതു പോലെ തെല്ല് നിരാശനായി. തമാശക്കാരനോട് പ്രണയിനി പറഞ്ഞു.

                                  - “നീയാ ഫോട്ടോ നിന്റെ വാളിലൊന്നും ഇട്ടേക്കല്ലേ. പപ്പാ കാണും. എന്റെ പിന്നാലെയുള്ള ഇവന്റെ ചുറ്റിക്കളി കൊണ്ടു തന്നെ എന്റെ കൂടെ ഇവനെ കാണുന്നത് പപ്പാക്ക് ചതുര്‍ത്ഥിയാ.”

                              എല്ലാവരും അതുകേട്ട് ഉറക്കെ ചിരിച്ചു. ചിരിയില്‍ പങ്കു ചേരാതെ ഉറക്കം തീരാത്ത ആണ്‍കുട്ടി  അവളുടെ തോളിലേക്ക് അല്പം ബലമായി ചായുകയും ചെയ്തു. അപ്പോള്‍ അവനോട് പാവം തോന്നിയിട്ടോ എന്തോ അവള്‍ പ്രതിഷേധം തെല്ലും കാണിച്ചില്ല.

                                എഴുന്നേറ്റു നിന്ന കുര്‍ത്തക്കാരിയോട് തമാശക്കാരന്‍ ചോദിച്ചു.

                            - “ഇനിയെപ്പോഴാണ് കാണുക?”

                             - “ഞാന്‍ നിന്നെ വിളിക്കാം. അല്ലേല്‍ വേണ്ട. നമുക്ക് ചാറ്റില്‍ കാണാം.”

                              അവന്‍ യെസ് എന്നും പറഞ്ഞ് അവളുടെ കൈ പിടിച്ച് അമര്‍ത്തി.
 

                              മീശക്കാരന്‍ എഴുന്നേറ്റ രണ്ടുപേരോടും തിരക്കി.

                              - “എങ്ങനെ പോകും?”

                               ജലദോഷക്കാരന്‍ പറഞ്ഞു.

                               - “പപ്പ വന്നിട്ടുണ്ടാകും കാറുമായി. ഇവളെ ഞാന്‍ വീട്ടിലെത്തിച്ചേക്കാം.”


                                മീശക്കാരന്‍ അതു കേട്ട് ഓക്കെ എന്ന് പറഞ്ഞു.

                               അപ്പുറത്തെ ജാലകത്തിനടുത്ത് ഒറ്റക്ക് അഭിമുഖമായിരിക്കുന്നവര്‍ അപ്പോഴേക്കും അവര്‍ രണ്ടു പേര്‍ ഒഴിഞ്ഞ ഇടത്തേക്ക് മാറി ഇരുന്നു. അവരും ഇറങ്ങാന്‍ പോകുന്നവര്‍ക്ക് ചിരിച്ചു കൊണ്ട് കൈ കൊടുത്തു.

                            എലിപ്പെട്ടിക്കാരനാകട്ടെ ഒളിച്ചോട്ടക്കാരി കാണാതെ കുര്‍ത്തക്കാരിയെ ശരീരം കൊണ്ട് തൊടാനായി അവള്‍ അടുത്ത് എത്തുന്ന നേരം ക്യത്രിമമായി ചെറിയ തിരക്ക് ഉണ്ടാക്കാന്‍ ശ്രമിച്ചു. അതു മനസ്സിലാക്കിയിട്ടോ എന്തോ അവള്‍ ചുമലിലേറ്റിയ വലിയ ബാഗ് കൈയിലെടുത്ത് തന്റെ ശരീരത്തിലേക്ക് ചായാന്‍ ശ്രമിക്കുന്ന എലിപ്പെട്ടിക്കാരനെ തടഞ്ഞു. എന്നിട്ടും ശരീരത്തില്‍ തൊടാന്‍ ശ്രമിക്കുന്ന അവനോട് അവള്‍ ഈര്‍ഷ്യയോടെ പറഞ്ഞു.

                            - “ഏയ് മിസ്റര്‍, ദൂരെ നില്ക്ക്. അവിടെയതാ ഇഷ്ടം പോലെ മാറി നില്ക്കാന്‍ സ്ഥലം.”

                            ജലദോഷക്കാരന്‍ അതു കേട്ടതും എലിപ്പെട്ടിക്കാരനെ രൂക്ഷമായൊന്ന് നോക്കി. അവന് അപ്പോള്‍ ഒളിച്ചോട്ടക്കാരിയുടെ അടുത്തേക്ക് മാറി നില്ക്കേണ്ടി വന്നു. ജുബ്ബക്കാരി പിന്നെ തിരക്കിലൂടെ നൂഴ്ന്ന് ജലദോഷക്കാരനൊപ്പം പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങി. അവരിരുവരും പെട്ടെന്നു തന്നെ ജാലകത്തിന് അടുത്തേക്ക് വന്ന് തെല്ല് കുനിഞ്ഞ് കൂട്ടുകാരോട് വീണ്ടും യാത്ര ചോദിച്ചു.

                              അപ്പോഴും എലിപ്പെട്ടിക്കാരന്‍ ആ കുര്‍ത്തക്കാരിയെ നോക്കുകയായിരുന്നു. ഒളിച്ചോട്ടക്കാരിയാകട്ടെ കാര്യങ്ങളൊന്നുമറിയാതെ അവനെ അഗാധമായി കൈത്തണ്ടയിലൂടെ കൈയിട്ട് ചേര്‍ത്തു പിടിച്ച് ഗാഢമായി സ്നേഹിക്കുകയും.

                             തീവണ്ടി അവിടെ നിന്നും എടുത്തപ്പോള്‍ എലിപ്പെട്ടിക്കാരന്‍ ഒളിച്ചോട്ടക്കാരിയോട് സ്വകാര്യം പറഞ്ഞു.

                              - “വല്യേട്ത്തെ പിള്ളേര്‍ക്കെല്ലാം ന്താ പത്രാസ്, ല്ലേ? ഓളുടെ മിസ്റര്‍ വിളിയെല്ലാം കേട്ടാ മതി. എനിക്കൊരു കുസ്രയൊക്കെ ഇങ്ങ് കാരീന്. ഞാന്‍ പിന്ന വേണ്ടാന്നു വെച്ച്റ്റാ.”

                             ഒളിച്ചോട്ടക്കാരി അതുകേട്ട് അത്യന്തം സന്തോഷത്തോടെ അവന്റെ ചുമലില്‍ തല കൊണ്ട് ഉരുമ്മി.

                             അവന്‍ ലോഡ്ജ് മുറിയില്‍ കൊല്ലാന്‍ മറന്ന പെണ്ണെലി അപ്പോഴേക്കും ഒരുപാട് നേരത്തെ നിലവിളിക്കും എലിപ്പെട്ടി ജാലകത്തിന്‍ മേലുള്ള ഏറെ നേരത്തെ കടിച്ചു പറിക്കലുകളുമെല്ലാം കഴിഞ്ഞ് നിസ്സഹായയായി ഒരു മൂലയില്‍ പുറത്തേക്ക് നോക്കിക്കൊണ്ട് തളര്‍ന്നുള്ള ഇരിപ്പു തുടങ്ങിയിരുന്നു.


                                                                          -0-





       
  
       

2012, ഡിസംബർ 7, വെള്ളിയാഴ്‌ച

ഗോദയിലെ തലകളുടെ നില്പുവശങ്ങള്‍

അരുണ്‍കുമാര്‍ പൂക്കോം



തോറ്റു കിടക്കുന്നിടത്തു നിന്നും
ചില കുതറലുകളാണ്
ഒടുവില്‍ ചെയ്തു നോക്കുന്നത്.
എഴുന്നേല്പിക്കുമ്പോള്‍
റഫറിക്ക് ഒരുവശം
ജേതാവിനുള്ള ആരവങ്ങള്‍ക്കിടയില്‍
തല താഴ്ത്തി നില്ക്കാന്‍
ആവാതിരുന്നിട്ടൊന്നുമല്ല.
റഫറി തന്നെയും
ഗോദയില്‍ തോറ്റ മനുഷ്യനാണ്.
അതുകൊണ്ടാകാം
റഫറി ഒരു റഫറി മാത്രമാകുന്നത്.
രണ്ടു തോറ്റ മനുഷ്യര്‍ക്കപ്പുറത്താണ്
ജയിച്ചയാളുടെ
കൈയുയര്‍ത്തിയുള്ള നില്പ്.
തലയാണ്,
അതിന്റെ നില്പുവശങ്ങളാണ്
ഒടുവില്‍ എന്നും ഗോദയിലെ സ്കോര്‍ബോര്‍ഡ്.
തോറ്റവരില്ലെങ്കില്‍
ജയിച്ചവര്‍ ഉണ്ടാകുന്നതെങ്ങനെ
എന്നതാണ് ചിലര്‍ പിന്നീടും
കളിയിലേക്കു തന്നെ
മടങ്ങിപ്പോകുന്നതിലെ യുക്തി.
എങ്കിലും
കൂടെ നില്ക്കുന്നവരുടെ
ഒടുവിലുള്ള തലതാഴ്ത്തിയുള്ള നില്പുണ്ടല്ലോ,
അതാണ് ചിലപ്പോഴെങ്കിലും
തോറ്റവരെ സങ്കടപ്പെടുത്തുന്നത്.

                         -0-  

2012, ഡിസംബർ 1, ശനിയാഴ്‌ച

വിത്ത്

അരുണ്‍കുമാര്‍ പൂക്കോം



                                      പട്ടണത്തിലെ സ്വകാര്യ ആശുപത്രിയില്‍ യൂറോളജിസ്റിന്റെ പരിശോധനാമുറിയുടെ മുന്നില്‍ അനില്‍ തന്റെ ഊഴം വരുന്നതും കാത്ത് ഇരിക്കുമ്പോഴാണ് അവര്‍ തമ്മില്‍ കാണുന്നത്. അപ്പോഴേക്കും അവിടെ അലസമായി കിടന്ന ഒരു പത്രത്തിലെ വാര്‍ത്തകളില്‍ ആവശ്യമെന്നു തോന്നിയതെല്ലാം അവന്‍ വായിച്ചു തീര്‍ത്തിരുന്നു. അവളാകട്ടെ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റലിലേക്ക് പോകാന്‍ നോക്കുകയായിരുന്നു. അവനെ കണ്ടതും അവള്‍ ചോദിച്ചു.

                                    - “എന്തേ അനില്‍ ഇവിടെ? എന്തു പറ്റി?”

                                   അവളെ കണ്ടപ്പോള്‍ അവന്‍ മുഖത്തു വന്ന ചമ്മല്‍ മറക്കാന്‍ ശ്രമിച്ചു. അവന്‍ വന്നത് സെക്ഷ്വല്‍ പൊട്ടന്‍സിയില്ലായ്മക്കുള്ള പരിഹാരത്തിനായിരുന്നു. ഹൈസ്ക്കൂളില്‍  കൂടെ പഠിച്ച അവള്‍ നേഴ്സിങ്ങിന് പോയിട്ടുണ്ടെന്ന് ഏതാണ്ട് അറിഞ്ഞിരുന്നു എന്നല്ലാതെ അവിടെയാണ് അവള്‍ ജോലി ചെയ്യുന്നതെന്ന് അവന് അറിയില്ലായിരുന്നു. അവള്‍ അവിടെ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍  അവന്‍ മറ്റൊരു ആശുപത്രി തേടുമായിരുന്നു.

                                    അവന്‍ ഒരു കള്ളം പറഞ്ഞു.

                                    - “സ്റോണ്‍.”
  
                                 അപ്പോഴേക്കും അവന്റെ നമ്പര്‍ വാതിലിനടുത്തേക്ക് വന്ന് നേഴ്സ് വിളിച്ചു. അവന്റെ നമ്പറാണതെന്ന് മനസ്സിലാക്കി അവള്‍ പറഞ്ഞു.


                                 - “വാ. ഞാനും വരാം.”

                                    അവന്‍ വേണ്ടെന്നു പറഞ്ഞിട്ടും അവന്റെ ഒപ്പം അവളും അകത്തേക്ക് കടന്നു. വ്യക്കയിലെ ഇല്ലാത്ത കല്ലിന്റെ കാര്യവും പറഞ്ഞ് അവന്‍ ഡോക്ടര്‍ക്ക് മുന്നില്‍ മുറിയില്‍ ഒരു ഭാഗത്തായി ഇട്ട മേശമേല്‍ മലര്‍ന്നു കിടന്നു.

                                   തിരിച്ചു പോരുമ്പോള്‍ അവളും കൂടെ ഇറങ്ങി. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ അവള്‍ ചോദിച്ചു.

                                   - “എങ്ങനെ പോകുന്നു, അനില്‍?”

                                   അവന്‍ ചിരി വരുത്തി കൊണ്ട് ചുമല്‍ കുലുക്കി പറഞ്ഞു.

                                 - “അങ്ങനെ പോകുന്നു.”

                                 - “വൈഫ്?”

                                 കള്ളം പറയാമായിരുന്നിട്ടും അവന് അപ്പോള്‍ സത്യം പറയണമെന്നു തോന്നി.

                                - “ഉണ്ടായിരുന്നു. പിരിയാന്‍ പോകുന്നു.”

                                   അവള്‍ അത് കേട്ട് തെല്ല് അതിശയത്തോടെ അവനെ നോക്കിയതില്‍ പിന്നെ  മെല്ലെ പറഞ്ഞു.

                                   - “ഞാനുമതെ. സെപ്പറേറ്റഡ് അല്ലന്നേ ഉള്ളു. ആളെ ആറേഴു വര്‍ഷമായി കാണാനില്ല. ബാംഗ്ളൂരിലോ മറ്റോ വേറെ ഭാര്യയും കുട്ടികളുമായി നല്ല നിലയില്‍ കഴിയുന്നു എന്നു പറഞ്ഞു കേട്ടു. ഞാന്‍ അന്വേഷിക്കാനൊന്നും പോയില്ല. എന്നെ വേണ്ടെന്നു വെച്ച് ഓടിപ്പോയതല്ലേ. ഞാനെന്തിന് അന്വേഷിക്കണം?”

                                 അവന്‍ ചിരിച്ചെന്നു വരുത്തി.

                                - “കുട്ടികള്‍?”

                                 - “ഇല്ല.”

                                 - “എനിക്കുമതെ.”

                                ആശുപത്രിയുടെ കൂറ്റന്‍ ഗേറ്റിന് അടുത്തെത്തിയപ്പോള്‍ അവള്‍ തിരക്കി.

                                “അനിലിന് ശ പറയാന്‍ ഇപ്പോഴും ആകില്ലേ?”

                                അവന്‍ അവളെ നോക്കി. അവളുടെ മുഖത്ത് അപ്പോള്‍ പഴയ കള്ളച്ചിരിയുണ്ടായിരുന്നു. ക്ളാസ് റൂമിന്റെ പെണ്‍കുട്ടികളുടെ ഭാഗത്തു നിന്നും അവളും കൂട്ടുകാരികളും സാസ്ത്രം എന്ന് തന്നെ കളിയാക്കി വിളിക്കുന്നതിന്റെ ഓര്‍മ്മ അവനിലേക്ക് ഓടിയെത്തി.

                              അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

                              - “അതുകൊണ്ടല്ലേ ഞാന്‍ പേരു വിളിക്കാത്തത്.”

                             അവള്‍ അതുകേട്ട് അവളുടെ പേര് പണ്ട് അവന്‍ പറയുന്നതു പോലെ രണ്ടു തവണ പറഞ്ഞു ചിരിച്ചു.

                             - “സാരിക, സാരിക.”


                             അവന്‍ യാത്ര ചോദിച്ചു പിരിയാനായി ഒരുങ്ങുമ്പോഴാണ് അവള്‍ ചോദിച്ചത്.

                             - “തിരക്കുണ്ടോ? ഏറെക്കാലത്തിന് ശേഷം കണ്ടതല്ലേ. നമ്മെ ആണെങ്കില്‍ ആരോരും കാത്തിരിക്കാനുമില്ല. ഫ്രീ ബേഡ്സ്. നമുക്കൊന്ന് കറങ്ങാം.”

                             അവന്‍ തിരക്കി.

                              -“ടൌണിലോ?”

                             - “അധികം ആരുമില്ലാത്തിടം. ഫോര്‍ട്ട്. അവിടെയാകുമ്പോള്‍ സ്വസ്ഥമായി ഒരിടത്ത് ഇരിക്കാം. കറങ്ങുകയുമാകാം.” 

                             അവള്‍ അതും പറഞ്ഞ് ആശുപത്രിക്ക് മുന്നിലായി അപ്പോഴേക്കും ആളുകളെ ഇറക്കിയ ഓട്ടോറിക്ഷയില്‍ ഫോര്‍ട്ട് എന്ന് ഡ്രൈവറോട് പറഞ്ഞ് കയറിക്കഴിഞ്ഞിരുന്നു. അവനും മറ്റൊന്നും പറയാതെ അവളുടെ പിന്നാലെ കയറി.       


                             ഭാര്യയെയും കൂട്ടി അവന്‍ കോട്ടയില്‍ ഒരു തവണ വന്നിട്ടുണ്ട്. അന്ന് പരിചയക്കാരിയായ ഒരു പെണ്‍കുട്ടി ഒരു ചെറുപ്പക്കാരന്റെ കൂടെ ഒരു മരത്തണലില്‍ ഇരിക്കുന്നതു കണ്ട് അവന്‍ അവളോട് പറഞ്ഞിരുന്നു.

                              - “എനിക്കാ പെണ്‍കുട്ടിയെ അറിയാം. കോളേജിലുണ്ടായിരുന്നു ജൂനിയര്‍ ക്ളാസില്‍. അത് അവളുടെ ഭര്‍ത്താവല്ല.”

                                അന്ന് അവന്റെ ഭാര്യ തിരക്കി.

                               - “പിന്നെ?”

                              - “പത്രത്തില്‍ കണ്ടിട്ടുണ്ട് അവളുടെ ഇന്ന് വിവാഹിതരാകുന്നു എന്ന ഫോട്ടോ. അവനായിരുന്നില്ല ആ ഫോട്ടോയില്‍. വെളുത്തു തടിച്ച ഒരുവനായിരുന്നു. ഇതിപ്പോള്‍ ഏതോ ഒരുവന്‍. അതും മെലിഞ്ഞു നീണ്ട് ഒറ്റച്ചെവിയില്‍ കല്ലുകടുക്കനിട്ട ഒരുവന്‍. മുഖത്തു തന്നെ ഒരു അലവലാതി ലുക്ക്.”

                               അവന്റെ ഭാര്യ അത് കേട്ട് ചിരിച്ചത് അവന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കുട്ടികളാകാത്തതായിരുന്നു അവളുടെ പ്രശ്നം. ഇരുവര്‍ക്കും കുട്ടികളില്ലാതെ കഴിയാം എന്നു പറഞ്ഞിട്ടും അവള്‍ സമ്മതിച്ചില്ല. ഒരു ദിവസം അവള്‍ വീട്ടിലേക്ക് തിരിച്ചു പോയി. പിരിയാന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.

                               ഓട്ടോ ഇറങ്ങി കോട്ടയിലേക്ക് നടക്കുമ്പോള്‍ ശാരിക തിരക്കി.

                              - “എഴുത്തുണ്ടോ ഇപ്പോള്‍ അനിലിന്?”

                               അവന്‍ പറഞ്ഞു.

                              - “ഇല്ല.”

                              - “എന്തേ നിര്‍ത്തിക്കളഞ്ഞത്?”

                              - “ജോലിത്തിരക്ക്.”

                              - “ഞാന്‍ എഴുത്ത് നിര്‍ത്തിയില്ല. ഇടക്ക് വരുന്നുണ്ട്


                               അവിടെയുമിവിടെയുമൊക്കെ. അനില്‍ കാണാത്ത ഇടങ്ങളിലാണെന്നു മാത്രം. സമാന്തരമാസികകളില്‍.”

                               - “ഞാന്‍ പത്രം മാത്രമേ ഇപ്പോള്‍ വായിക്കാറുള്ളു. വായനയൊക്കെ നിന്നു പോയി.”

                                 - “അച്ചടിച്ചു വന്ന ഒന്ന് എന്റെ കൈയിലുണ്ട്. മറ്റ് നേഴ്സുമാര്‍ക്ക് വായിക്കാന്‍ കൊണ്ടു വന്നതാണ്.”

                                  അവള്‍ വാനിറ്റി ബേഗില്‍ നിന്നും ഒരു കുഞ്ഞുപുസ്തകം എടുത്ത് അവന് നേരെ നീട്ടി. അവന്‍ ആദ്യമായി കാണുകയായിരുന്നു ആ മാസിക. അവന്‍ അത് മറിച്ചു നോക്കി. ഒടുവില്‍ അവളുടെ കഥ കണ്ടെത്തി നടക്കുമ്പോള്‍ തന്നെ വായന തുടങ്ങി.

                                                           അധിനിവേശം


                                    തായ്മരം നിറയെ കായ്ച്ചു നില്ക്കുന്ന കാലത്താണ് ഒരു കൂട്ടം ദേശാടനക്കിളികള്‍ പാറിപ്പറന്നു വന്നത്. അവയെ കണ്ട് നാട്ടുകിളികള്‍ അവയുടെ വര്‍ണ്ണഭംഗിയിലും ദ്യഡഗാത്രത്തിലും ബഹുമാനപ്പെട്ട് പഞ്ചപുച്ഛമടക്കി മാറി നിന്നു. അവ ചില്ലമേല്‍ ഇരുന്ന് തോന്നും പടി പാട്ടുകള്‍ പാടി. അധികാരത്തോടെ ചില പഴങ്ങളുടെ രുചി നോക്കി. അവയില്‍ ചിലതിനെ കൊക്കുകൊണ്ട്ണ്‍് കൊത്തി താഴത്തിട്ടു. അവ കൊമ്പുകളില്‍ ഇണ ചേര്‍ന്നു.

                                   അവയുടെ അടക്കവും ഒതുക്കവുമില്ലാത്ത പെരുമാറ്റം കണ്ട്ണ്‍ അതുവഴി പോകുമ്പോഴൊക്കെ കാറ്റ് തായ്മരത്തോട് സ്വകാര്യം പറഞ്ഞു.

                                 - “അവയെ സൂക്ഷിക്കണം. എങ്ങുനിന്നോ വന്നവരാണ്. ചതിക്കും.”

                                    അപ്പോഴൊക്കെ തായ്മരം ഇലകളാട്ടി കാറ്റിന് ഒരേ മറുപടി നല്കി.

                                   - “എപ്പോഴെങ്കിലുമൊക്കെ വരുന്നവരല്ലേ. അവരാകട്ടെ ഇന്നോ നാളെയോ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്നവരുമാണ്. അല്പസ്വല്പം കുരുത്തക്കേടുകള്‍ ഒപ്പിക്കുന്നതല്ലേ. അതൊക്കെ ആര്‍ക്കാ ഇല്ലാത്തത്? സാരമില്ല. അതുമല്ല, അതിഥികളെ സ്നേഹത്തോടെയും ആദരവോടെയും കാണണമെന്നല്ലേ നമ്മള്‍ പണ്‍ണ്ടേണ്‍ ശീലിച്ചത്.” 

                                   അവര്‍ ഇരുവരും വലിയ ഇരുമ്പു വാതിലുള്ള കൂറ്റന്‍ കമാനത്തിലൂടെ കോട്ടക്കുള്ളിലേക്ക് കയറി. ഇരുഭാഗത്തുമുള്ള പീരങ്കികളെയും പൂക്കള്‍ നിറഞ്ഞു നില്ക്കുന്ന ചെടികളെയുമൊക്കെ അവന്‍ തെല്ലൊന്ന് നോക്കി വീണ്ടും വായന തുടര്‍ന്നു. 

                                       നല്ലത് പറഞ്ഞു കൊടുത്താല്‍ മനസ്സിലാകാത്തവരോട് കൂടുതല്‍ എന്തു പറയാനാണ് എന്ന ഭാവത്തോടെ കാറ്റ് ഉടനെ അതിന്റെ വഴിക്ക് വായുവില്‍ മുന്നോട്ടേക്ക് നീന്തിപോകും.

                                      തിരിച്ചു പോകാന്‍ ഒരുങ്ങിയ നാളിലാണ് അവയിലൊരു പക്ഷി കണ്ണിനു കാണാന്‍ പോലുമില്ലാത്ത ഒരു ചെറുവിത്ത് തായ്മരത്തില്‍ വിതച്ചത്. തായ്മരം ചില്ലകളാട്ടുമ്പോള്‍ താഴേക്ക് തെറിച്ചു പോകാനോ മഴയത്ത് ഒഴുകിപ്പോകാനോ സാധ്യതയില്ലാത്ത ഇടത്തായിരുന്നു പക്ഷി വിത്ത് വിതച്ചത്. സാരമില്ല, ചെറിയൊരു വിത്തല്ലേ, അവിടെ കിടന്നു കൊള്ളട്ടെ എന്ന് തായ്മരം വിശാലമനസ്കതയുടെ പുറത്ത് കരുതുകയും ചെയ്തു. ശിഖരം തുടങ്ങുന്നിടത്ത് തായ്ത്തടിയോട് ചേര്‍ന്ന ഇടത്ത് പക്ഷി മനഃപൂര്‍വ്വം വിത്തിട്ടതാണെന്ന് ന• മാത്രം ചിന്തിക്കുകയും കിനാവു കാണുകയും ചെയ്യുന്ന തായ്മരത്തിന് തോന്നിയതേയില്ല.

                                      ദേശാടനക്കിളികള്‍ പറന്നുപോകുന്നത് നോക്കി നില്ക്കേ തായ്മരം സ്നേഹത്തോടെ ചില്ലകളാട്ടി അവയോട് വിളിച്ചു പറഞ്ഞു.

                                      - “അടുത്ത വര്‍ഷവും വരണേ.”

                                    അവ പക്ഷേ തായ്മരത്തെ തിരിഞ്ഞുപോലും നോക്കിയില്ല.

                                    പിന്നീടുള്ള ദിവസങ്ങളില്‍  മുട്ട പൊട്ടി പുറത്തു വരുന്ന പാമ്പിന്‍കുഞ്ഞുങ്ങളെ പോലെ ചെറുവിത്തില്‍ നിന്നും വേരുകള്‍ തായ്മരത്തിന്റെ തടിയിലേക്ക് ഇഴഞ്ഞിറങ്ങി. സൂചി കുത്തുന്ന വേദന തോന്നിയെങ്കിലും കുഞ്ഞിക്കാലുകളല്ലേ, സാരമില്ലെന്ന് തായ്മരം കരുതി. പിന്നെ വിത്തില്‍ നിന്നും ചെറുതളിരുകള്‍ പക്ഷിക്കുഞ്ഞുങ്ങളെ പോലെ പുറത്തേക്ക് തലയെത്തിച്ചു നോക്കാന്‍ തുടങ്ങി.

                                       പൊടുന്നനെയായിരുന്നെങ്കില്‍ തന്നെ മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തിലായിരുന്നു കുഞ്ഞുമരത്തിന്റെ വളര്‍ച്ച. അത് കുടത്തില്‍ നിന്നും പുറത്തു വന്ന ചെകുത്താനെ പോലെ ആകാശത്തേക്ക് മെല്ലെ പടര്‍ന്നു കയറി. താഴെ മണ്ണിലേക്ക് പെരുമ്പാമ്പുകളെ പോലെ വേരുകളിറക്കി. പെരുമ്പാമ്പുകള്‍ തായ്മരത്തെ പുളഞ്ഞ് ഞെരിച്ചമര്‍ത്തി. പിന്നെ, ഒരു നാള്‍ തായ്മരത്തെ മുഴുവനായും വിഴുങ്ങി.

                                      തായ്മരമിപ്പോള്‍ അകത്ത് ശ്വാസം മുട്ടിക്കിടപ്പാണ്. മുങ്ങാന്‍ പോകുന്നതിനു മുമ്പ് വെള്ളത്തില്‍ നിന്നും മുകളിലേക്ക് ഉയര്‍ത്തിപ്പിടിക്കുന്ന നിസ്സഹായമായ കൈ പോലെ കുറച്ചുനാള്‍ മുമ്പുവരെ ആകാശത്തേക്ക് നോക്കി നില്പുണ്‍ണ്ടായിരുന്ന ചെറുചില്ലയേയും പെരുമ്പാമ്പ് വായിലേക്ക് വലിച്ചു. പാവം തായ്മരത്തിന്റെ നിലവിളികള്‍ പെരുമ്പാമ്പിന്റെ ചുറയലുകളില്‍ ശ്വാസം കിട്ടാതെ തൊണ്ടണ്‍യില്‍ കുരുങ്ങിപ്പോയതിനാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ആരുമാരും കേട്ടതില്ല.

                                     സംഗതികളെല്ലാം മനസ്സിലായിട്ടും ആ വഴി എന്നും വരുന്ന കാറ്റും ഈയിടെ കൂറുമാറി. ഇപ്പോള്‍ ചെകുത്താന്‍ മരത്തില്‍ തെല്ലൊന്ന് തത്തിക്കളിച്ചും അതുമിതും പായ്യാരം പറഞ്ഞുമാണ് കാറ്റും അതിന്റെ വഴിക്ക് പോകുന്നത്.

                                      കഥ വായിച്ചു തീര്‍ത്ത് അവന്‍ പറഞ്ഞു.

                                     - “സൂചി കുത്തുന്ന കാര്യമൊക്കെ എഴുതിയിട്ടുണ്ടല്ലോ.”

                                     അവള്‍ അതു കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.


                                     -“ ഞാന്‍ നേഴ്സല്ലേ. അതൊക്കെ എഴുതുന്ന കഥകളിലും വരില്ലേ.”

                                     അതും പറഞ്ഞ് അവള്‍ അവന് കാണാനായി അവിടെ നിന്നും നോക്കിയാല്‍ കാണുന്ന ഒരു മരം ചൂണ്ടിക്കാണിച്ചു. ആ മരം മുക്കാല്‍ ഭാഗവും ഒരു ആല്‍ ഭക്ഷിച്ചു കഴിഞ്ഞിരുന്നു.

                                    - “ആ മരം കണ്ടാണ് അനില്‍ ഇപ്പോള്‍ വായിച്ച കഥ എഴുതിയത്. വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റലിലെ കൂട്ടുകാരികള്‍ക്കൊപ്പം ഒരു ദിവസം വന്നപ്പോള്‍ കണ്ടതാണ്.”

                                    അവന്‍ ചിരിക്കുകയും മൊബൈല്‍ ഫോണെടുത്ത് അതിന്റെ അടുത്തേക്ക് അവളുടെ ഒപ്പം നടന്നു ചെന്ന്  ഫോട്ടോ എടുക്കുകയും ചെയ്തു.

                                    - “ഇതു പോലെ ഒരു ആല്‍ ഹസ്ബെന്റിന്റെ വീട്ടിലെ ഒരു മാവിനെ അത് നില്ക്കുന്നിടത്തു നിന്നും നടുവെ മുറിച്ചു കളഞ്ഞു. നന്നായി മാങ്ങ കായ്ക്കുന്ന മാവായിരുന്നു. ആല്‍ പൊടിക്കുന്നത് കണ്ടെങ്കിലും കാര്യമാക്കാതെ പോയതു കൊണ്ട് മാവ് ഉണങ്ങി പൊട്ടി വീണു. അന്നാണ് ഹസ്ബെന്റ് എങ്ങോട്ടെന്നില്ലാതെ പോയതും. മാവ് വീണത് കണ്ടിട്ട് പോയതായിരുന്നെങ്കില്‍ അതിന്റെ സങ്കടം കൊണ്ടാണെന്ന് പറയാമായിരുന്നു. അതിനും മുമ്പേ, എന്തിന് ഞാന്‍ ഉണരും മുമ്പേ തന്നെ പോയിരുന്നു.”  

                                     അവള്‍ അതും പറഞ്ഞ് തമാശ പറഞ്ഞു എന്ന വണ്ണം ചിരിച്ചു. അവളുടെ മനസ്സിലെ വിഷമം അവള്‍ പറയുന്നതിനും ചിരിക്കുന്നതിനും അപ്പുറം തൊട്ടറിയാന്‍ കഴിഞ്ഞതിനാല്‍ ചിരിയില്‍ പങ്കു ചേരേണ്ടതില്ല എന്ന ചിന്തയുടെ പുറത്ത് അവന്‍ കോട്ടയുടെ പലയിടങ്ങള്‍ അലസമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരുന്നു.


                                    - “അനിലെന്താ എഴുത്ത് നിര്‍ത്തിയത്? പണ്ട് എന്നെ തോല്പിച്ച് ഫസ്റ് പ്രൈസ് ഒക്കെ വാങ്ങിച്ച ആളല്ലേ.”  

                                    അവന്‍ അതിന് ഉത്തരമായി മെല്ലെ മൂളുക മാത്രം ചെയ്തു. അപ്പോഴേക്കും തടവറയുടെ അടുത്ത് അവര്‍ എത്തിയിരുന്നു. തടവറയുടെ പുറത്ത് വലിയൊരു സ്ഥലം മുഴുവനായും വെള്ള നിറമുള്ള വാടാമല്ലികള്‍ പൂത്തു നില്ക്കുന്നുണ്ടായിരുന്നു. അവളും അവനും അതിന്റെ ഫോട്ടോകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. അവന്റെ ഭാര്യ മുമ്പ് അവന്റെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി അവയുടെ ഫോട്ടോ എടുത്തതിന്റെ ഓര്‍മ്മ അവനിലേക്ക് ഒരു ഫ്ലാഷിന്റെ വേഗതയില്‍ തെളിഞ്ഞു വന്നു. ഒരു രാത്രിയുണ്ടായ കൂറ്റന്‍ വഴക്കില്‍ അവള്‍ ചുണ്ട് പ്രത്യേക രീതിയില്‍ അവനെ ഇകഴ്ത്തുന്ന രീതിയില്‍ വക്രിച്ച് നപുംസകം എന്നു വിളിച്ച് ആ മൊബൈല്‍ ഫോണ്‍ നിലത്ത് എറിഞ്ഞുടച്ചതും അവനിലേക്ക് ഓടിയെത്തി.

                                    അവിടെ നിന്നും അവര്‍ കമാനാക്യതിയുള്ള ബാരക്കിലേക്ക് നടന്നു കയറി. അവള്‍ പറഞ്ഞു.

                                   - “ഇവിടെ നിന്നുമാണ് ജോസഫ് അഗസ്റിന്റെ സിനിമയിലെ ചെല്ലക്കാറ്റിലെ ഖല്‍ബേ... എന്ന പാട്ട് ഷൂട്ട് ചെയ്തത്.” 

                                      അവന്‍ അറിയാം എന്ന മട്ടില്‍ തലയാട്ടി.

                                   - “അന്ന് സെലീനെയും രൂപന്‍ഷായേയും കാണാന്‍ ഞാനും കൂട്ടുകാരികളും വന്നിരുന്നു. നല്ല തിരക്കായിരുന്നു അന്നിവിടം. രണ്ടു പേരും പാട്ടില്‍ കാണുന്നതു പോലെയൊന്നുമല്ല. നമ്മെ പോലെ തന്നെ സാധാരണക്കാര്‍. മേക്കപ്പ് ഒക്കെ ഇടുമ്പോള്‍ അവര്‍ ജോറാകുന്നതാണ്.”

                                     അവന്‍ ചിരിച്ചെന്നു വരുത്തി. അവര്‍ നടന്ന് കോട്ടക്ക് മുകളിലെത്തി. അവിടെ നിന്നും തിരകള്‍ അലയടിക്കുന്ന കടല്‍ നോക്കി നിന്നു. അവളുടെ സാരിയും മുടിയും അവന്റെ മുണ്ടും ഷര്‍ട്ടും കാറ്റ് കടമെടുത്തു കൊണ്ടിരുന്നു.

                                    അവള്‍ പറഞ്ഞു.

                                   - “എത്ര കണ്ടാലും മതിയാകില്ല എനിക്ക് കടല്‍.”

                                    മുമ്പ് അവന്റെ ഭാര്യയും പറഞ്ഞിരുന്നു അവിടെ നിന്നുകൊണ്ട് അവന്റെ ഇടത്തെ കൈത്തണ്ടയില്‍ കൈകള്‍ ചുറ്റി അതേ വാക്കുകള്‍. അന്നും അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ കടല്‍ത്തിരകള്‍ താഴത്തെ പാറക്കെട്ടില്‍ വന്ന് ചിരിച്ചുടഞ്ഞു.

                                    അവര്‍ മെല്ലെ അവിടെ നിന്നും ഇറങ്ങി കടല്‍ മറ്റൊരു ഭാഗത്തു നിന്നും കാണാനായി പൂന്തോട്ടത്തിലൂടെ നടന്നു. നിരയായി നില്ക്കുന്ന കാറ്റാടി മരങ്ങളില്‍ ഒന്നിന് താഴെ എത്തി അവള്‍ നിന്നു, അവനും.

                                    അവള്‍ തെല്ലകലത്തു കാണുന്ന ഐസ്ക്രീംകാരനെ നോക്കിക്കൊണ്ട് പറഞ്ഞു.


                                  -“നമുക്കൊരു ഐസ്ക്രീം കഴിച്ചാലോ?”

                                   പണ്ടത്തെ അതേ ഐസ്ക്രീംകാരന്‍ തന്നെ. മുഖത്ത് ചുളിവുകള്‍ വീണ വെളുത്ത മുടിയുള്ള കള്ളി ഷര്‍ട്ടും കാക്കി ട്രൌസറും ധരിച്ച വ്യദ്ധന്‍. മുമ്പ് കാണുമ്പോഴും അതേ രൂപത്തിലായിരുന്നു ഐസ്ക്രീംകാരന്‍. യാതൊരു മാറ്റവുമില്ല. അയാളുടെ വളര്‍ച്ച അവിടെ എവിടെയോ നിലച്ചു പോയിരിക്കുന്നു എന്ന് അവന് തോന്നി. അവന്‍ ഭാര്യക്ക് ആവശ്യപ്പെടാതെ തന്നെ അവിടെ നിന്നും പണ്ട് ഐസ്ക്രീം വാങ്ങിച്ചു കൊടുത്തിരുന്നു. അവന്‍ ഐസ്ക്രീമുമായി അവളുടെ അടുത്തേക്ക് വന്നു. അവള്‍ അത് വാങ്ങി മെല്ലെ നുണഞ്ഞു കൊണ്ട് നടക്കാന്‍ തുടങ്ങി. പിന്നെ തൊട്ടടുത്ത് കണ്ട പടുകൂറ്റന്‍ മരത്തിന് താഴെയായി ഇരുന്നു. അടുത്തിരിക്കാന്‍ അവള്‍ അവനോട് പറയാതെ പറയുകയും ചെയ്തു. അത് അവന്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ ഭര്‍ത്താവിനോടൊപ്പമല്ലാതെ ജൂനിയര്‍ പെണ്‍കുട്ടിയെ കണ്ട അതേ ഇടമായിരുന്നു.

                                    തെല്ല് ദൂരത്തിരുന്ന് അവരെ നോക്കുന്ന നാലു പേരെ കണ്ട് അവള്‍ പറഞ്ഞു.

                                   - “കറക്കക്കമ്പനിയുമുണ്ടാകും ഇവിടെ. ചിലപ്പോഴൊക്കെ കോട്ട അത്രയൊന്നും സേഫായ സ്ഥലമല്ല.”

                                     അവന്‍ പറഞ്ഞു.

                                    - “അവരെ കാര്യമാക്കണ്ട.”

                                   - “എന്റെ പേടി സദാചാരപ്രശ്നത്തിന്റെ പുറത്ത് അവര്‍ കയറി ഇടപെട്ട് ഊരും പേരുമൊക്കെ ചോദിക്കുമോ എന്നാണ്.”

                                 - “ഇല്ല. പേടിക്കേണ്ട. നമ്മെ കണ്ടാല്‍ ഒരു ഭാര്യാഭര്‍ത്താവ് ലുക്ക് ഉണ്ട്.” 

                                അവള്‍ അതിലെ തമാശയില്‍ നന്നായി ചിരിച്ചു. പിന്നെ കോട്ട മുഴുവന്‍ കാണാനെന്ന വണ്ണം പിന്തിരിഞ്ഞു നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു. 

                               - “കോട്ടകള്‍ എന്നും അധിനിവേശത്തിന്റെ കഥകള്‍ പറയുന്ന ഇടമാണ്. ഈ കോട്ട തന്നെ എത്ര പേരുടെ കൈകള്‍ മറിഞ്ഞിരിക്കുന്നു.”

                                 - “അതെ. പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍….അങ്ങനെ എത്രപേര്‍.”

                                  - “നമ്മള്‍ ചരിത്രത്തില്‍ പഠിച്ച യുദ്ധങ്ങളൊക്കെ അനിലിന് പഴയതു പോലെ വള്ളിപുള്ളി വിടാതെ ഓര്‍മ്മയുണ്ടോ ഇപ്പോഴും? അവയുടെ കാരണങ്ങള്‍, അനന്തരഫലങ്ങള്‍, അങ്ങനെ എല്ലാം. എന്റെ ഓര്‍മ്മയില്‍ അന്നേ അതൊന്നും നില്ക്കില്ല. പരീക്ഷയില്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങള്‍ രണ്ടാം ലോകമഹായുദ്ധത്തിന് പോകും. രണ്ടാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിന് പോകും.”

                                     അവള്‍ തമാശ പറഞ്ഞെന്ന പോലെ അവനെ നോക്കി ചിരിച്ചു. മുഗള്‍ സാമ്രാജ്യം പഠിച്ചു തീരുമ്പോഴേക്കും രണ്ടു മെഴുകുതിരിയാണ് തീര്‍ന്നത്, സാര്‍ എന്ന് അവള്‍ മാഷോട് വിളിച്ചു പറഞ്ഞ് പണ്ട് ക്ളാസില്‍ ചിരിയുതിര്‍ത്തത് അവന്‍ അപ്പോള്‍ ഓര്‍ത്തു. അതിന്റെ ഓര്‍മ്മയില്‍ അവന്റെ മുഖത്ത് പൊടിഞ്ഞ ചിരി കണ്ട് സന്തോഷത്തോടെ മുഖം അടുപ്പിച്ച് അവള്‍ ചോദിച്ചു.

                                  - “നേഴ്സുമാരുമായി ബന്ധപ്പെട്ട യുദ്ധങ്ങളൊന്നും ചരിത്രത്തില്‍ ഇല്ലെന്നു തോന്നുന്നു, അല്ലേ അനില്‍?”

                                  അവള്‍ പറയുന്നതെല്ലാം ആസ്വദിച്ചു കൊണ്ടു തന്നെ അവന്‍ ഓര്‍മ്മിപ്പിച്ചു.

                                  - “ക്രിമിയന്‍ വാര്‍. ഫ്ലോറന്‍സ് നൈറ്റിംഗേള്‍ നേഴ്സായിരുന്നില്ലേ? വിളക്കേന്തിയ വനിത.”

                                    അവള്‍ അതോര്‍ത്തില്ലല്ലോ എന്ന വിധത്തില്‍ കണ്ണുകള്‍ തെല്ലു ചിമ്മിത്തുറന്ന് തല മുകളിലേക്കും താഴേക്കും രണ്ടു മൂന്ന് ആവര്‍ത്തി തെല്ല് ചെരിച്ച് ആട്ടിക്കൊണ്ട് അവന്‍ പറഞ്ഞത് സമ്മതിച്ചു കൊടുത്തു. അവനപ്പോള്‍ പണ്ട് അവള്‍ക്കൊപ്പം പഠിച്ച സ്ക്കൂളും അവിടത്തെ ക്ളാസ് റൂമുകളും ഓര്‍മ്മ വന്നു. അവള്‍ തലയാട്ടല്‍ നിര്‍ത്തിയതിന് ശേഷം ദൂരത്തേക്ക് എവിടെയോ വെറുതെ എന്ന വണ്ണം നോക്കിക്കൊണ്ട് പറഞ്ഞു.

                                   - “യുദ്ധങ്ങളുടെ എസ്സേ എഴുതാനുള്ള ചോദ്യങ്ങള്‍ക്ക് ആശ്വാസമായി ചോയ്സുകളുണ്ടായിരുന്നു. അവയുടെ കാരണങ്ങളും മറ്റും വേണ്ടെന്നു വെച്ച് മറ്റേതെങ്കിലും ചോദ്യത്തിന് ഉത്തരമെഴുതാമായിരുന്നു. ജീവിതത്തിലാണ് ചോയ്സുകള്‍ ഇല്ലാത്തത്. ജീവിതത്തിലെ കുഞ്ഞുകുഞ്ഞു യുദ്ധങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ പറ്റുന്നതേയില്ല.”  

                                     അവളുടെ കണ്ണുകളില്‍ തെല്ല് നനവൂറുന്നതായി അവന് തോന്നി. അവളെ ആശ്വസിപ്പിക്കാന്‍ പറ്റുന്നതൊന്നും പറയാന്‍ അറിയാതെ അവന്‍ മിണ്ടാതിരുന്നു. അവള്‍ കണ്ണുകളിലെ നനവിനെ തുടച്ചുകളയുകയൊന്നും ചെയ്യാതെ തന്നെ മുഖം അവനു നേര്‍ക്ക് ചെരിച്ചു കൊണ്ട് ചോദിച്ചു. 

                               - “ചോദിച്ചില്ല. അനിലെന്തു ചെയ്യുന്നു?”

                               - “സ്വസ്ഥം. ക്യഷി.”
                              അപ്പോഴേക്കും അവളുടെ കണ്ണുകളിലെ നനവ് കാറ്റെടുത്തു പോയെന്ന വണ്ണം ആറുകയും പഴയ മട്ടിലാകുകയും ചെയ്തു. 

                              - “വെറുതെ. റാങ്ക് ഹോള്‍ഡര്‍ക്ക് ക്യഷിയോ? ഞാന്‍ പത്രത്തില്‍ കണ്ടിരുന്നു ഡിഗ്രിക്ക് റാങ്ക് കിട്ടിയതിന്റെ ഫോട്ടോ.”

                               - “ആറു മാസം മുമ്പ് വി.ആര്‍.എസ്സ് എടുത്തു. ഇപ്പോള്‍ നല്ല തോതില്‍ പച്ചക്കറി ക്യഷിയുണ്ട്. ചെമ്മീന്‍, കട്ല, കല്ലുമ്മക്കായ അങ്ങനെ വേറെയും.”

                              - “വി.ആര്‍.എസ്സോ? എന്തിന്?”

                                - “അവളോടുള്ള ദേഷ്യത്തിന് ചെയ്യതാണ്. അവള്‍ എന്നെ കല്യാണം കഴിച്ചത് ജോലിയുടെ പേരിലായിരുന്നു. ഞാന്‍ അതില്‍ ഒരു വിഷയമായിരുന്നില്ല. ഉപാധികളില്ലാത്ത സ്നേഹം കിട്ടുക എന്നത് ഒരു ഭാഗ്യമാണ്.”

                                അവള്‍ അതു കേട്ട് തെല്ലു നേരം മിണ്ടാതെ ഇരുന്നു. പിന്നെ പറഞ്ഞു.

                                - “എന്റെ ആള്‍ സംശയക്കാരനായിരുന്നു.നേഴ്സല്ലേ ഞാന്‍. ചില ദിവസങ്ങളില്‍ നൈറ്റ് ഡ്യൂട്ടിക്കാരി. സംശയം തോന്നുന്ന ഒരാള്‍ക്ക് സംശയിക്കാന്‍ ഒട്ടേറെ സാധ്യതകള്‍. ഒടുങ്ങാത്ത സംശയം. കടലിലെ തിരകള്‍ പോലെ. ഇടക്കൊരു സൈക്യാട്രിസ്റിനെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി കാണിച്ചതാണ്. നോ രക്ഷ. ഒരു നാള്‍ സംശയിച്ചു സംശയിച്ചു മതിയായി ഇറങ്ങിപ്പോയി. ഇപ്പോഴത്തെ ഭാര്യയെ എങ്ങനെ കാണുന്നോ, എന്തോ?”           
 

                                     അവള്‍ അതും പറഞ്ഞ് വെറുതെ ചിരിച്ചു. അവരുടെ ഐസ്ക്രീം അപ്പോഴേക്കും തീര്‍ന്നു പോയിരുന്നു.

                                   അവള്‍ അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

                                 - “സത്യം പറയൂ. എന്തിനാണ് ഡോക്ടറെ കാണിക്കാന്‍ വന്നത്? സ്റോണൊന്നുമല്ലെന്ന് ഡോക്ടര്‍ പറഞ്ഞല്ലോ.”

                                 അവനൊന്നും പറഞ്ഞില്ല.

                                   - “ഇംപൊട്ടന്‍സി മാറ്റാനായിരുന്നോ? ചിലര്‍ ഇംപൊട്ടന്‍സിക്ക് ചികിത്സക്കായി സെക്സോളജിസ്റുകളുടെ അടുത്ത് പോകുന്നതിനു പകരം യൂറോളജിസ്റുകളുടെ അടുത്ത് വരുന്നതായി കാണാറുണ്ട്.”

                                നേഴ്സായതു കൊണ്ടാണെന്നു തോന്നുന്നു അവള്‍ക്ക് അതു ചോദിക്കുമ്പോള്‍ അനാവശ്യമായ കാര്യങ്ങള്‍ ചോദിച്ച് അറിയുന്ന വിധത്തിലുള്ള മുഖഭാവമൊന്നുമില്ലായിരുന്നു. അവനപ്പോഴും ഒന്നും പറഞ്ഞില്ല.

                                  - “കൈയൊഴിഞ്ഞവരെ തിരിച്ചു പിടിക്കാനുള്ള അവസാനത്തെ ശ്രമമാണോ, അനില്‍?”

                               അവന്‍ ചിരിച്ചൊഴിഞ്ഞു. അവള്‍ അതിനൊട്ട് മറുപടി പ്രതീക്ഷിച്ചിരുന്നുമില്ല. അവര്‍ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു. കോട്ടയുടെ മറുഭാഗത്തേക്ക് നടന്ന് അവിടെ നിന്നും കാണുന്ന ഹാര്‍ബറിലെ ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും കോട്ട മതിലിന്‍ മേല്‍ കൈമുട്ടുകള്‍ താടിക്ക് കുത്തി വെറുതെ നോക്കി നിന്നു.


                              - “എനിക്കും കുട്ടികളില്ല. മൂന്നു വര്‍ഷം മുമ്പ് യൂട്രസും റിമൂവ് ചെയ്തു. ഒരു കുഞ്ഞു സിസേറിയന്‍ പോലെ തോന്നി എനിക്കത്. അല്ലെങ്കില്‍ തന്നെ എനിക്കെന്തിന് കുഞ്ഞുങ്ങള്‍? ചില ദിവസങ്ങളില്‍ ഈ കൈകള്‍ ലേബര്‍ റൂമില്‍ എത്ര കുഞ്ഞുങ്ങളുടെ ആദ്യകരച്ചിലുകളെയാണ് വാരിയെടുക്കുന്നതെന്നോ.”


                               അവന്‍ ഒന്നും പറയാതെ അപ്പോഴേക്കും കടലില്‍ നിന്നും മത്സ്യവും  കൊണ്ട് തീരത്തെത്തിയ തോണിക്കാരുടെ തിരക്ക് നോക്കി നിന്നു. അവളും ആ കാഴ്ചയില്‍ തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. തെല്ലു കഴിഞ്ഞ് അവള്‍ കൈമുട്ടുകളിലെ മണ്ണ് തൂവാല കൊണ്ട് തട്ടിക്കൊണ്ട് പറഞ്ഞു.

                              - “നമുക്ക് മടങ്ങാം.”

                                അവന്‍ അത് കേട്ട് തലയാട്ടി. കടലിനെയും കോട്ടയെയും പിന്നില്‍ വിട്ട് അടുത്തുള്ള ബസ്സ്സ്റാന്റിലേക്ക് നടക്കുമ്പോള്‍ അവന്‍ അവളുടെ മാസിക തിരിച്ചു നല്കി.

                               - “ഏതിലെങ്കിലുമൊക്കെ വരുമ്പോള്‍ മെസേജ് അയക്കു. ഞാന്‍ അവ സംഘടിപ്പിച്ചോളാം.”

                                 അവന്‍ തന്റെ കീശയില്‍ നിന്നും തന്റെ അഗ്രോനഴ്സറിയുടെ കാര്‍ഡ് എടുത്ത് അവള്‍ക്ക് നല്കി. അവള്‍ അതില്‍ നിന്നും അവന്റെ നമ്പര്‍ മൊബൈല്‍ ഫോണിലേക്ക് സേവ് ചെയ്ത് കാര്‍ഡ് വാനിറ്റി ബേഗിന്റെ പോക്കറ്റിലേക്കിട്ടു.

                                അവള്‍ വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റലിലേക്ക് പോകുന്ന ബസ്സില്‍ കയറി. അവന്‍ ടൌണിലേക്കും. അവളുടെ ബസ്സാണ് ആദ്യം സ്റാന്റില്‍ നിന്നുമെടുത്തത്. അവള്‍ സൈഡ് സീറ്റില്‍ നിന്നും തലയാട്ടിക്കൊണ്ട് അവനോട് യാത്ര ചോദിച്ചു. അവനും തിരിച്ച് തലയാട്ടി.

                                ബസ്സ് നീങ്ങിക്കൊണ്ടിരിക്കെ അവളില്‍ എപ്പോഴോ എവിടെയോ വെച്ച് തന്റെ വിത്തു വീണു കിടക്കുന്നതില്‍ അവന് അതിയായ സന്തോഷം തോന്നി. തന്റെ സെക്ഷ്വല്‍ ഇംപൊട്ടന്‍സി പ്രശ്നങ്ങള്‍ അവന് അപ്പോള്‍ ഒരു പ്രശ്നമായി തോന്നിയതേയില്ല. 

                                                                       -0-