2012, ഫെബ്രുവരി 29, ബുധനാഴ്‌ച

തീര്‍പ്പ്


അരുണ്‍കുമാര്‍ പൂക്കോം


                     റെനി ജോലി കിട്ടിയ ഉടനെ വാങ്ങിച്ചത് ഒരു പള്‍സറാണ്. തവണകളായി പണമടക്കാനുള്ള വരുമാനം വന്നു എന്ന തോന്നലിന്റെ പുറത്താണ് അതു വാങ്ങാന്‍ ലോണെടുത്തത്. അന്നു കാലത്തു വരെ വണ്ടി വാങ്ങിക്കാന്‍ പറ്റിയതില്‍ അവന്‍ അത്യന്തം സന്തോഷവാനുമായിരുന്നു. അവന്റെ സന്തോഷം മുഴുവന്‍ തകിടം മറിക്കും വിധം കാലത്ത് ഓഫീസിലേക്കുള്ള വരവിലാണ് ഒരു ടെമ്പോ ലോറി അവന്റെ ബൈക്കില്‍ ഇടിക്കാന്‍ നോക്കിയത്. വെട്ടിച്ചു മാറിയിരുന്നില്ലെങ്കില്‍ അതിനടിയില്‍ പെട്ടതു തന്നെയായിരുന്നു. അത്യന്തം രോഷത്തോടെ തിരിഞ്ഞു നോക്കി നല്ല തെറി പറയാന്‍ ഒരുങ്ങിയ അവനെ ഡ്രൈവറുടെ സീറ്റില്‍ നിന്നും പുറത്തേക്ക് എത്തിച്ചു നോക്കിയ മുഖം പല്ലിളിച്ചതിന്റെയും കണ്ണുകള്‍ ഇറുക്കി തല പലതവണ ആട്ടിയതിന്റെയും  കാഴ്ചകള്‍ സ്തംബ്ധനാക്കി.

                      ഓഫീസില്‍ അവന് അന്ന് ഒന്നും ചെയ്യാന്‍ പറ്റിയതേയില്ല. എങ്ങോ പോയ സ്റീഫന്‍ വീണ്ടും നാട്ടിലെത്തിയിരിക്കുന്നു എന്നത് അവനെ തെല്ലൊന്നുമല്ല അലട്ടിയത്. അവന്റെ മനസ്സ് കൂട്ടില്‍ നിന്നും താഴെ വീണ പക്ഷിക്കുഞ്ഞിനെ പോലെ വിറച്ചു കൊണ്ടിരുന്നു. ഇനി ബൈക്കില്‍ പോകുന്നത് അത്രയൊന്നും സുരക്ഷിതമായ ഒന്നല്ലെന്ന് അവന്‍ അതിനോടകം തീര്‍ച്ചയാക്കിയിരുന്നു. ഓഫീസില്‍ എത്തിയ ഉടനെ തന്നെ ബൈക്ക് വന്ന് എടുത്തു കൊള്ളാന്‍ അവന്‍ ചേച്ചിയുടെ ഭര്‍ത്താവ് ജോസച്ചായനോട് വിളിച്ചു പറയുകയും ചെയ്തു കഴിഞ്ഞിരുന്നു. വിശ്വാസം വരാഞ്ഞ് വീണ്ടും വീണ്ടും പലതും ജോസഫച്ചായന്‍ ചോദിച്ചെങ്കിലും അവന്‍ വ്യക്തമായ ഒരു മറുപടി നല്കാതെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. പിന്നെ ജോസച്ചായന് സംശയം തീരുന്നില്ലെന്നു കണ്ട് പറഞ്ഞു.

                     - “ഒരു കൈ വിറ. മെയിന്‍ റോഡിലേക്ക് കയറുന്ന കട്ട് റോഡിലുണ്ടായിരുന്ന ഒരു പോത്ത് ബൈക്ക് കണ്ടതോടെ വിരണ്ടോടി. അതിന്റെ കയറു തടഞ്ഞ് വണ്ടിയടക്കം തെല്ലൊന്ന് മറിഞ്ഞു. കാര്യമായൊന്നും പറ്റിയില്ല. കൈ വിറയലൊന്നു മാറട്ടെ. എന്നിട്ട് വീണ്ടും വന്നെടുത്തു കൊള്ളാം. അതു വരെ അച്ചായന്‍ ഓടിച്ചോളു.”

                      ഏതാണ്ട് പതിനൊന്നു മണിയോടെ ജോസച്ചായന്‍ വേവലാതിയോടെ ഓഫീസിലെത്തി അവനെ മേലാസകലം പരിശോധിച്ച് യാതൊരു പോറലുമില്ലെന്ന് കണ്ട് സമാധാനപ്പെട്ടു. പിന്നെ വണ്ടിയുമെടുത്ത് മടങ്ങി.തന്റെ പുതുപുത്തന്‍ വണ്ടി കാഴ്ചയില്‍ നിന്നും മറയുന്നതു വരെ അവന്‍ സങ്കടത്തോടെ നോക്കിനിന്നു. 

                      റെനിക്ക് ടെമ്പോ ലോറിയില്‍ നിന്നും പുറത്തേക്ക് എത്തിച്ചു നോക്കിയ സ്റീഫന്റെ മുഖം വീണ്ടും തെളിഞ്ഞു വന്നു. കുറെ നാളായി കാണാത്ത മുഖമായിരുന്നു അത്. അപ്പോഴൊക്കെ അയാളെ പറ്റി അന്വേഷിക്കാതെയുമിരൂന്നില്ല. ബാംഗ്ളൂരില്‍ ഏതോ ബേക്കറിയിലാണെന്ന് അറിഞ്ഞ് മനസ്സ് തണുപ്പിച്ച് നിര്‍ത്തുകയായിരുന്നു. അതിനിടയിലൊന്നില്‍ അയാള്‍ ലീവിന് വന്നപ്പോള്‍ ഒന്നിച്ചൊരു ബസ്സിലെ തിരക്കില്‍ പിന്നില്‍ നിന്നും നൂണ്ടു വന്ന് അവനടുത്ത് എത്തുകയും കൈ മുട്ടുകള്‍ അവന്റെ മൂക്കിന് തൊട്ടു തൊട്ടില്ലെന്ന് പോലെ വെക്കുകയും ചെയ്തു. റെനിയാകട്ടെ തിരക്കില്‍ ചാരി നില്ക്കാന്‍ ഒരു കമ്പി കിട്ടിയ സന്തോഷത്തില്‍ നില്ക്കുകയായിരുന്നു. അവന് മുഖം തിരിക്കാനും മാറ്റാനും പറ്റാത്ത വിധം അയാള്‍ ബലിഷ്ഠമായ കൈമുട്ട് അവന്റെ മൂക്കില്‍ തട്ടിക്കൊണ്ടിരുന്നു. ബസ്സിന്റെ ഓരോ ബ്രേക്കിടലിലും തെല്ലു വേദനിപ്പിക്കും വിധം അതിന്റെ മുട്ടല്‍ ശക്തമായി. അവന്‍ അനങ്ങാതെ തെല്ലു നേരം സഹിക്കുകയും പിന്നെ മെല്ലെ തിരക്കിലൂടെ നൂഴ്ന്ന് മുന്നിലെ ഡോറിലൂടെ അടുത്ത സ്റോപ്പില്‍ ഇറങ്ങി മറ്റൊരൂ ബസ്സ് പിടിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ബസ്സിറങ്ങിയപ്പോള്‍ അവന്‍ തിരിഞ്ഞു നോക്കിയതേയില്ല. തീരച്ചയായും ആയാള്‍ ബസ്സിലെ ജാലകത്തിലൂടെ പല്ലിളിച്ചു നോക്കുന്നുണ്ടാകുമെന്ന് അവന് ഉറപ്പായിരുന്നു. വീട്ടിലേക്ക് നടക്കുമ്പോഴൊക്കെയും തന്റെ മെലിഞ്ഞു ദുര്‍ബലമായ ശരീരത്തെ കുറിച്ച് ആലോചിച്ച് അതിനെ റെനി വെറുത്തു.


                     ജോലിയില്ലായ്മ റെനിയെ അലട്ടിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനക്ക് പോകുമ്പോള്‍ പരിചയപ്പെട്ട സെലീന എന്ന പെണ്‍കുട്ടിക്കു ചുറ്റും ഭ്രമണം ചെയ്യുന്ന കാലം കൂടിയായിരുന്നു അത്. പിറ്റേന്ന് വൈകുന്നേരം കോളേജില്‍ നിന്നും വരികയായിരുന്ന അവളോട് റെനി വഴിവക്കില്‍ വെച്ച് വര്‍ത്തമാനം പറയുന്നത് കണ്ട് സ്റീഫന്‍ അടുത്തു വന്ന് സെലീനയോട് ചോദിച്ചു.

                      - “കൊച്ചേതാ?”

                     അയാളുടെ സൌഹ്യദരഹിതമായ മുഖം കണ്ട് അവള്‍ തെല്ലൊരു പേടിയോടെ റെനിയെ നോക്കി. അവനും വല്ലാതെ പരിഭ്രാന്തിയിലായിരുന്നു. അവള്‍ പെട്ടെന്നു തന്നെ ഒന്നും പറയാതെ നടന്നു നീങ്ങി. നിരാശയോടെയും ഭയന്നും നില്ക്കുന്ന അവനെ നോക്കി പോകാന്‍ നേരം സ്റീഫന്‍ അമര്‍ത്തി മൂളി. പിന്നെ അയാള്‍ തെല്ലു ദൂരത്തു നിന്നും തിരിഞ്ഞു നോക്കി പല്ലിളിച്ച് കണ്ണുകള്‍ ഇറുക്കി അമര്‍ത്തി.

                      അന്നു രാത്രി മുഴുവന്‍ റെനിക്ക് ഉറങ്ങാനായില്ല. പിറ്റേന്ന് കാലത്ത് സെലീന കോളേജിലേക്ക് പോകുന്ന വഴിയില്‍ അവള്‍ വരുന്നതും കാത്ത് നിന്നെങ്കിലും അവള്‍ കണ്ടതായി പോലും നടിക്കാതെ നടന്നു നീങ്ങി. അവന്‍ പിന്നാലെ ചെന്നു വിളിച്ചപ്പോള്‍ അവള്‍ കണ്ണുകളില്‍ അനിഷ്ടം നിറച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. എത്ര പെട്ടെന്നാണ് പൂവാകാതെ ഒരു മൊട്ട് കൊഴിഞ്ഞു പോയത് എന്നവന്‍ തിരിച്ച് വീട്ടിലേക്കുള്ള വഴിയില്‍ റോഡിലേക്ക് ചാഞ്ഞ ചെമ്പരത്തിപ്പൂമൊട്ട് പറിച്ച് ചതച്ചുകൊണ്ട് സങ്കടപ്പെട്ടു.

                    അയാളുടെ അനിയന്‍ സിബി അവന്റെ കൂടെ പത്താം ക്ളാസു വരെ പഠിച്ചതാണ്. പഠിക്കുമ്പോള്‍ സിബി അവനെയും മറ്റു കൂട്ടുകാരെയും അവന്റെ വീട്ടില്‍ ഒട്ടനവധി കായ്ചു നില്ക്കുന്ന മാവുകളുണ്ടെന്നും മൂത്തു പഴുത്ത മാങ്ങകള്‍ കെല്ലെറിഞ്ഞു വീഴ്ത്താമെന്നും പറഞ്ഞ് ക്ഷണിച്ചു കൂട്ടിക്കൊണ്ടുപോയി. അവരെ കണ്ടപ്പോള്‍ വീടടിലുണ്ടായിരുന്ന അവരേക്കാള്‍ രണ്ടു ക്ളാസുകള്‍ക്ക്  മൂത്തവനായ സ്റീഫനും കൂടെ വന്നു. അയാള്‍ തന്റെ ചേട്ടനാണെന്നും സ്റീഫന്‍ എന്നാണ് പേരെന്നും അവരുടെ വീടിന് അടുത്തുള്ള ഹൈസ്ക്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുകയാണെന്നും അന്ന് സിബി അവരോട് പറഞ്ഞിരുന്നു.

                     എറിയുന്നതിനനുസരിച്ച് മാങ്ങകള്‍ ചിലതൊക്കെ താഴേക്ക് വീഴുകയും അവര്‍ ഓടിച്ചെന്ന് പെറുക്കുകയും ചെയ്തു. ചിലത് ഏറു കൊണ്ടിട്ടും താഴേക്ക് വീഴാന്‍ കൂസാക്കാതെ തെല്ലൊന്ന് ആടി. ചില കല്ലുകള്‍ എവിടെയും തൊടാതെ മാവിന്‍ കൊമ്പുകള്‍ക്കിടയിലൂടെ ആകാശത്തേക്ക് മൂളിപ്പാഞ്ഞ് എവിടയൊക്കെയോ പോയി വീണു. പെട്ടെന്നാണ് വലിയ കാര്യമോ കാരണമോ റെനിക്ക് തിരിച്ചറിയാന്‍ പറ്റാത്ത വിധം അവനെ സ്റീഫന്‍ പറമ്പില്‍ നിന്നും താഴേക്ക് ഇടവഴിയിലേക്ക്  തള്ളുകയും പിന്നെ കട്ട് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തത്. അവന് ഒന്നും ചെയ്യാനാവാതെ കരച്ചിലോടെ സ്റീഫന്‍ വലിക്കുന്ന വഴിയിലൂടെ വലിയാന്‍ മാത്രമേ ആയുള്ളു. മറ്റു കുട്ടികള്‍ ആരു ഇടപെടാതെ നോക്കിനിന്നു. എല്ലാവര്‍ക്കും തടിമാടനായ സ്റീഫനെ ഭയമായിരുന്നിരിക്കാം. സ്റീഫനാകട്ടെ അത്യന്തം സന്തോഷത്തോടെയും വലിയൊരു തമാശയാണതെന്ന മട്ടിലും ചിരിച്ചാര്‍ത്തു കൊണ്ടിരുന്നു.ഒടുവില്‍ എപ്പോഴോ സ്റീഫന്‍ അവന്റെ പിടി വിടുകയും അവന്‍ കരഞ്ഞു കൊണ്ട് കാല്‍മുട്ടിന്‍മേലും കൈമുട്ടിന്‍മേലുമൊക്കെ പൊടിയുന്ന ചോരയും മണ്ണും തുടച്ചു കൊണ്ട്  വീട്ടിലേക്ക് ഓടിപ്പോവുകയും ചെയ്തു. കരയുന്ന കണ്ണോടെ തിരിഞ്ഞു നോക്കിയപ്പോള്‍ സ്റീഫന്‍ പിന്നില്‍ നിന്നും പല്ലിളിച്ചും കണ്ണിറുക്കിയും തലയാട്ടുന്നതായി അവന്‍ കണ്ടു. തൊട്ടടുത്തെത്തിയ മരണം അകന്നു പോയതു പോലെയാണ് അവന് വീട്ടിലേക്കോടുമ്പോള്‍ തോന്നിയത്.

                      മേലാസകലമുള്ള നീറ്റലോടെ വീട്ടിലെത്തിയപ്പോള്‍ ഷര്‍ട്ടും ട്രൌസറുമൊക്കെ ചളിയാക്കിയതിന് ശകാരിക്കുകയും ദേഹമാസകലം അവിടെയുമിവിടെയും പോറല്‍ കണ്ട് മറ്റു കുട്ടികളോട് വഴക്കടിച്ചതിന് തല്ലുകയുമുണ്ടായി. അവന്‍ നടന്നതൊക്ക പറഞ്ഞിട്ടും അമ്മച്ചി അതു വിശ്വസിക്കാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല സത്യവിശ്വാസിയായ മാത്യുവിന്റെ മക്കളാരും, പ്രത്യേകിച്ച് നല്ലവനില്‍ നല്ലവനായ സ്റീഫന്‍ തോന്നിയവാസം കാട്ടുകയില്ലെന്നും കണ്ണും മൂക്കുമില്ലാതെ കുടിച്ചും തല്ലു കൂടിയും കഴിഞ്ഞ് ഒടുവില്‍ അവന്‍ ഗര്‍ഭത്തിലിരിക്കുന്ന കാലത്തുണ്ടായ മദ്യദുരന്തത്തില്‍ പെട്ട് മരിച്ച അപ്പച്ചന്റെ മാര്‍ഗ്ഗം നോക്കുകയാണെന്നും പറഞ്ഞായിരുന്നു തല്ല്. വീട്ടിലെ മുറിയില്‍ ഒരു മൂലയില്‍ അവന കൂനിയിരുന്ന് തെല്ലു നേരമൊന്നുമല്ല അന്ന് ഏങ്ങിയത്. അമ്മച്ചി അന്ന് ചോദിക്കാന്‍ പോകാത്തതിന്റെ സങ്കടം അവന് ഇന്നും തീര്‍ന്നു കിട്ടുന്നതേയില്ല.

                     എട്ടാം ക്ളാസിലേക്ക് ഒന്നിച്ചു പഠിച്ചവര്‍ക്കൊപ്പം അവന്‍ ചേര്‍ന്നത് സ്റീഫന്‍ ഒമ്പതില്‍ തോറ്റു നില്ക്കുന്ന ഹൈസ്ക്കൂളിലായിരുന്നു. അവിടെ പല ഡിവിഷനുകളുള്ളതിനാല്‍ റെനിയും സിബിയും വെവ്വേറെ ഡിവിഷനുകളിലായിരുന്നു. സ്റീഫനാകട്ടെ റെനിയുടെ തൊട്ടടുത്ത ക്ളാസിലുമായിരുന്നു ഉണ്ടായിരുന്നത്. സമരങ്ങളില്‍ മുദ്രാവാക്യം വിളിക്കാനും മുകളിലെ നിലയിലെ ക്ളാസ്റൂമിലേക്ക് പോകുന്ന പെണ്‍കുട്ടികളെ കോണിച്ചുവട്ടില്‍ നിന്നു കൊണ്ട് കളിയാക്കാനും അവരില്‍ യൂനിഫോമിന്റെ പാവാടയിലും കുപ്പായത്തിലും ഒതുങ്ങാത്ത വിധം വളര്‍ന്ന തെറിച്ച പെണ്‍കുട്ടികളോട് സൊള്ളാനും സമയം കണ്ടെത്തുന്നതിനിടയില്‍ എതെങ്കിലുമൊക്കെ ദിവസങ്ങളില്‍ ചിലതില്‍ ഒരു ചടങ്ങ് എന്നപോലെയും ചിലതില്‍ അത്യന്തം അനിവാര്യമായ എന്തോ വലിയ കാര്യമെന്ന പോലെയും അവന്റെ ക്ളാസിലേക്ക് കയറി വന്ന് അവനെ വലിച്ചിഴച്ച് മാഷുടെ മേശമേല്‍ കിടത്തി ശരീരത്തെ വേദനയാകും വിധം ഞെരിച്ചമര്‍ത്താനും സ്റീഫന്‍ സമയം കണ്ടെത്തിയിരുന്നു. അവയെ മറ്റുള്ളവര്‍ക്ക് തോന്നുക സ്റീഫന്റെ വലിയ മട്ടിലുള്ള സ്നേഹപ്രകടനമാണെന്നു മാത്രമാണെങ്കിലും അത്തരം വേളകളില്‍ റെനി വല്ലാതെ നോവുകയും വിട്ടയക്കുന്നതോടെ അപകര്‍ഷതയോടെ ബെഞ്ചിലെ തന്റെ സ്ഥാനത്തേക്ക് മടങ്ങുകയും ചെയ്തു പോന്നു. കൂടെ പഠിക്കുന്നവര്‍ക്ക് ഇതൊരു കാഴ്ച മാത്രമായിരുന്നു. അവരാരും അതില്‍ ഇടപെടുകയോ  അദ്ദ്യാപകരോട് പറയുകയോ ഉണ്ടായില്ല. മിക്സഡ് ക്ളാസ് അല്ലാത്തതിനാല്‍ റെനിക്ക് പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നാണം കെടേണ്ടി വന്നില്ലെന്നു മാത്രം.

                      ഒരു ദിവസം അത്തരമൊരു മേശമേലുള്ള കിടത്തലും ഞെരിച്ചമര്‍ത്തലും കണ്ടുകൊണ്ട് കണക്കിന്റെ മാഷ് കയറി വരികയും രണ്ടുപേരെയും മാറ്റിനിര്‍ത്തി വടി കൊണ്ട് തല്ലുകയും ചെയ്തു. സ്റീഫന്‍ കൈ നീട്ടാന്‍ പറഞ്ഞപ്പോള്‍ നിര്‍ഭയം കൈ നീട്ടുകയും അടി കിട്ടിക്കഴിഞ്ഞപ്പോള്‍ അപ്പുറത്തെ ക്ളാസിലേക്ക് മടങ്ങിപ്പോകാന്‍ നേരം ഉടുത്തിരുന്ന മുണ്ട് അദ്ധ്യാപകന്റെ മുന്നിലാണെന്ന തോന്നല്‍ പോലുമില്ലാതെ നിസ്സങ്കോചം മുകളിലേക്ക് മുട്ടു വരെ കയറ്റിക്കൊണ്ട് മുകളിലേക്ക് ഉയര്‍ത്തിയ കുതിരയുടെ മുഖത്തോടെ നടന്നു പോകുകയും ചെയ്തു. അടി കൊള്ളുന്നതിന് മുമ്പ് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിരപരാധിത്തം റെനി മാഷോട് പറഞ്ഞു നോക്കി.

                  - “സര്‍, ഞാനൊന്നും ചെയ്തില്ല.”

                   മാഷ് അത്യന്തം കുദ്ധ്രനായി പറഞ്ഞു.

                  - “പിന്നെയാണോടാ രണ്ടും കൂടെ കെട്ടി മറിയുന്നത് കണ്ടത്. തനിക്കൊക്കെ തല്ലു കൂടുമ്പോള്‍ കിടക്കാനുള്ളതാണോടാ ക്ളാസ് റൂമിലെ മേശ?”

                      അത്തരത്തിലൊന്ന് പറഞ്ഞതിന്റെ ദേഷ്യത്തില്‍ മാഷ് സ്റീഫന് കൊടുത്തതിനക്കാള്‍ രണ്ട് തല്ല് റെനിക്ക് കൂടുതല്‍ നല്കുകയും അന്നത്തെ ദിവസം മുഴുവനും അത്യധികമായ വിഷാദത്തിലേക്ക് അവനെ തള്ളിയിടുകയും ചെയ്തു. അതിനിടയില്‍ ഒരു ചോദ്യം ചോദിക്കുകയും അതിനോടകം തന്നെ തൊണ്ടയില്‍ കുടുങ്ങിയ ശബ്ദത്തെ പുറത്തേക്കെടുക്കുവാന്‍ ആകാതിരുന്ന റെനിക്ക് അതിന്റെ പേരില്‍ മാഷ് ബെബെബ്ബേ എന്ന് കളിയാക്കുകയും തല്ലു കൂടി നടന്ന് ഒന്നും പഠിക്കണ്ടെടാ എന്നും പറഞ്ഞ് രണ്ടടി കൂടുതല്‍ നല്കുകയും ചെയ്തു.

                      സ്റീഫന്‍ ഒരു ഒഴിയാബാധയാണെന്ന് അവന് അ്തിനോടകം തോന്നിത്തുടങ്ങിയിരുന്നു. അന്നൊക്കെ നാട്ടില്‍ ടി.വി വന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ കോളേജ് ലക്ചറായ ശിവപ്രസാദ് മാഷുടെ വീട്ടിലായിരുന്നു ആദ്യമായി ടി.വി വന്നത്. മറ്റു കുട്ടികളോടൊപ്പം ക്രിക്കറ്റ് കാണാനും മറ്റും റെനി അവിടെ പോകാറുണ്ടായിരുന്നു. അവര്‍ വരാന്തയിലെ ജാലകത്തിലൂടെ സ്വീകരണമുറിയില്‍ വെച്ച ടി.വിയിലേക്ക് നോക്കാറായിരുന്നു പതിവ്. ഒരു ദിവസം സ്റീഫനും കളി കാണാന്‍ കയറി വന്നു. വന്നയുടനെ റെനിയെ തള്ളിമാറ്റി ജനലിനടുത്ത് സ്ഥലം പിടിച്ചു. ലോകകപ്പ് സെമി ഫൈനലിലേക്ക് ഇന്ത്യ കടക്കുമോ ഇല്ലയോ എന്ന് നിശ്ചയിക്കുന്ന കളിയാകയാല്‍ റെനിക്ക് മടങ്ങിപ്പോരാന്‍ തോന്നിയില്ല. അന്ന് കളിയും കണ്ട് മടങ്ങുമ്പോള്‍ റോഡിന്റെ തൂക്കായ സ്ഥലത്തെത്തിയപ്പോള്‍ പിന്നില്‍ നിന്നും സ്റീഫന്‍ അവനെ തള്ളിത്താഴത്തേക്കിട്ടു. അവന്‍ വഴുക്കുന്ന റോഡിലൂടെ കൈമുട്ടില്‍ ചോര വാര്‍ന്ന മുറിവുകളോടെ എഴുന്നേറ്റു. അറ്റു കുട്ടികള്‍ക്കു മുന്നില്‍ നിന്നും സ്റീഫന്‍ പല്ലുകള്‍ പുറത്തുകാട്ടി കണ്ണുകളിറുക്കി. അവന്‍ തലയും താഴ്ത്തി വീട്ടിലേക്ക് മടങ്ങി. കൈമുട്ടിലെ മുറിവുകള്‍ കണ്ട് കാര്യം തിരക്കിയ അമ്മയോട് വരുന്ന വഴി റബ്ബര്‍ തോട്ടത്തില്‍ വീണതാണെന്ന് അവന്‍ കള്ളം പറഞ്ഞു.

                   ആലോചിച്ചിട്ടും പിന്നെയും പിന്നെയും ആലോചിച്ചിട്ടും സ്റീഫന്‍ നിരന്തരം പിന്തുടര്‍ന്ന് ദ്രോഹിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ അവന് ഇഴ പിരിച്ചെടുക്കാന്‍ പറ്റിയതേയില്ല. റെനിയുടെ അപ്പച്ചന്‍ വെറുമൊരു കള്ളുകുടിയന്‍ മാത്രമായിരുന്നു. സ്റീഫന് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചു പോയ അവന്റെ അച്ഛന് സ്റീഫനോട് എന്തു വിരോധം തോന്നാനാണ്. പിന്നെ അവന്റെ അമ്മച്ചി പള്ളി വകയുള്ള ആശുപത്രി അടിച്ചും തുടച്ചും വീല്‍ച്ചെയറില്‍ രോഗികളെ തള്ളിയും മറ്റും ജീവിതം ഉന്തിനീക്കുന്നു. അവിടെയുമില്ല വഴക്കിനും ദ്രോഹബുദ്ധിക്കും മതിയായ ഒരു ഇടം. ഏകെയുള്ള ചേടത്തിയാകട്ടെ അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയുമായിരുന്നു. പതിനെട്ടു വയസ്സായപ്പോഴേ ഒത്തൊപ്പിച്ച് കെട്ടിച്ചയച്ചു.

                    ചിന്തിച്ചു നോക്കിയാല്‍ വിദൂരമായി ഒരൊറ്റ കാരണമേ കാണുന്നുള്ളു. സ്റീഫന്‍ എറിയാന്‍ വിചാരിച്ച മാങ്ങ റെനി എറിഞ്ഞു വീഴ്ത്തിക്കാണും. പക്ഷേ അതിനുമില്ല സാധ്യത. അന്ന് റെനി എറിഞ്ഞപ്പോള്‍ ഒന്നു പോലും മാങ്ങയുടെ നാലയലത്തു പോലും എത്തിയില്ല. പിന്നെ മാങ്ങ പങ്കു വക്കുന്നതിലെ പ്രശ്നം. മാങ്ങകള്‍ പെറുക്കിക്കൂട്ടിയത് അവരിലെ അല്പം മുടന്തുള്ള സനലായിരുന്നു. പങ്കുവച്ചെടുക്കുന്നതിന് മുമ്പു തന്നെ റെനിയെ സ്റീഫന്‍ പറമ്പില്‍ നിന്നും ഇടവഴിയിലേക്ക് തള്ളിയിട്ടു കഴിഞ്ഞിരുന്നു.

                     അതിനെ കുറിച്ചൊക്കെ ഓര്‍ത്തോത്ത് തന്റെ മെല്ലിച്ചതും ദുര്‍ബലമായതുമായ ശരീരത്തിന്റെ തിരിച്ചു തല്ലാന്‍ പാങ്ങില്ലായ്മയെ അവന്‍ ചിലപ്പോഴൊക്കെ വെറുത്തു. ചിലപ്പോള്‍ അത്യന്തം ഖിന്നനായി. ഇന്നും അത്തരമൊന്ന് ആര്‍ജ്ജിച്ചെടുക്കാനവ് ആവാത്തതില്‍ അവന് തെല്ലൊന്നുമല്ല സങ്കടമുണ്ടായത്. ആശിച്ചു വാങ്ങിച്ച ബൈക്കും സ്റീഫന്‍ കാരണം ഇന്ന് കൈവിട്ടു പോയതില്‍ അവന്‍ എന്തെന്നില്ലാതെ വിഷമിച്ചു.

                    അന്ന് വൈകിട്ട് അവന്‍ ചേടത്തിയുടെ വീട്ടിലേക്ക് ബസ്സില്‍ പോകുകയും ജോസച്ചായന്റെ കൈയില്‍ നിന്നും തോക്കോല്‍ തിരിച്ചു ചോദിക്കുകയും ചെയ്തു. അപ്പോള്‍ അത്ദുതത്തോടെ ജോസച്ചായന്‍ ചായ കൊണ്ടു വരാന്‍ അടുക്കളയിലേക്ക് പോയ ചേടത്തിയോട് വിളിച്ചു പറഞ്ഞു.

                   - “എടീ ആലീസേ, ഇവന്റെ പേടീം വെറേമൊക്കെ പോയെടീ.”

                    അപ്പോള്‍ ചേടത്തി അകത്തു നിന്നും വിളിച്ചു പറഞ്ഞു.

                   - “എനിക്കപ്പോഴേ തോന്നയാര്ന്ന് അവനത് ഇന്നു തന്നെ തിരിച്ചു വാങ്ങിക്കുമെന്ന്. അവന്‍ പറഞ്ഞപ്പോഴേ പോയടുക്കേണ്ട വല്ല കാര്യോണ്ടായിരുന്നോ? എന്തായാലും പോത്ത് കുറുകെ ചാടിയപ്പോ ഒന്നും പറ്റാഞ്ഞതു ഭാഗ്യം.”

                      ചായയും കഴിച്ച് തിരിച്ചു പോരാന്‍ നേരം ജോസച്ചായന്‍ തമാശയെന്നോണം ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു.

                       - “വഴി മുടക്കുന്ന പോത്തിനേം പശൂനേം എരുമേനേമൊക്കെ ഒഴിവാക്കിയേക്കണം. ഇറങ്ങി ചെന്ന് കയറഴിച്ച് വിട്ടേക്കുക. വഴി ശരിയാക്കി ശരിയാക്കി വണ്ടി ഓടിക്കുക.”

                       ചേടത്തിയും അതു കേട്ട് പറഞ്ഞു.

                        - “നീ പേടിക്കാതെ വണ്ടി ഓടിക്കെടാ. നീ ആരോരും തുണയില്ലാതെ ഒറ്റക്ക് നേടിയതല്ലേ അത്. കൈ വിട്ടു കളയാതെ.”

                      അന്ന് രാത്രി അവന്‍ സധൈര്യം സ്റീഫന്റെ വീട്ടിലക്ക് വണ്ടിയോടിച്ച് ചെയ്യുകയും അവനെ കണ്ട് ഉമ്മറത്ത് ഇരുന്ന് ടി.വി കാണുകയായിരുന്ന സിബി പുരത്തേക്കിറങ്ങി വരികയും ഇരുന്നാട്ടെ എന്നു പരയുകയും ചെയ്തു. സ്റീഫനെ പേടിച്ച് അവന്‍ മാങ്ങ എറിയാന്‍ പോയതിന് പിന്നീട് അവിടെ പോയതെയില്ലായിരുന്നു. റെനി സിബിയെ കണ്ടതും ചോദിച്ചു.

                    - “നിന്റെ അച്ചായന്‍ എന്തിയേടാ?”

                     സിബി പറഞ്ഞു.

                     - “അകത്തു വെള്ളമടിച്ചു കിടപ്പാ. വിളിക്കണോ.”

                      - “ഉം.”

                     അവന്‍ വേണമെന്ന അര്‍ത്തത്തില്‍ അമര്‍ത്തി മൂളി. സിബി അകത്തക്ക് കയറിപ്പോവുകയും പെട്ടെന്നു തന്നെ തിരിച്ചു വരികയും ചെയ്ത് പറഞ്ഞു.

                    - “പെണ്ണുമ്പിള്ള കൂടെയുണ്ട്. ഇപ്പോ വേണോ. കുറ്റിയിട്ടേക്കുവാ.”

                    - “വേണം. എനിക്കൊന്ന് കണ്ടേ മതിയാകു.”

                     അവന് ഇരിക്കാനായി സിബി മുന്നോട്ട് നീക്കിവെച്ച കസേര വേണ്ടെന്നു വെച്ച് അവന്‍ ശാന്തനായി ഉമ്മറത്തിണ്ണയില്‍ നിന്നുകൊണ്ട് പറഞ്ഞു. സിബി വീണ്ടും അകത്തേക്ക് പോവുകയും തെല്ലു കഴിഞ്ഞ് സ്റീഫന്റെ ഒപ്പം തിരിച്ചു വരികയും ചെയ്തു. അവരുടെ പിന്നിലായി സ്റീഫന്റെ ഭാര്യയുമുണ്ടായിരുന്നു. ധ്യതിപ്പെട്ട് വസ്ത്രങ്ങള്‍ നേരെയാക്കിയതിന്റെ ലക്ഷണങ്ങള്‍ അവളിലുണ്ടായിരുന്നു.

                      അത്ര നേരവും മനസ്സില്‍ ചവച്ചു കൊണ്ടിരുന്ന മുട്ടന്‍തെറി സ്റീഫനെ കണ്ടയുടനെ പുറത്തേക്ക് തുപ്പണമെന്ന് വിചാരിച്ചിരുന്നെങ്കിലും  അത്തരമൊന്ന് തന്റെ സ്വഭാവത്തിന് ചേരില്ലെന്ന് വെച്ച് അവന്‍ ഉറച്ച ശബ്ദത്തില്‍  ചോദിച്ചു.

                     - “നിനക്കെന്നെ കൊല്ലണോടാ?”

                      തന്റെ മടിക്കുത്തില്‍ നിന്നും അതിനോടകം വാങ്ങിവെച്ച കത്തി ഷര്‍ട്ടിന്റെ തെല്ലൊരു പൊന്തിക്കലിലൂടെ പുറത്തെടുത്ത് അത് വലതു കൈയാല്‍ സ്റീഫന് നേര്‍ക്ക് നീട്ടിക്കൊണ്ടും ഇടതു കൈ കൊണ്ട് ഷര്‍ട്ടിന്റെ കുടുക്കുകള്‍ വലിച്ചു പൊട്ടിച്ച് തന്റെ നെഞ്ചിന്റെ ഹ്യദയത്തിന്റെ ഭാഗം കാണിച്ചുകൊണ്ടും അവന്‍ പറഞ്ഞു.

                     - “ഇന്നെടാ കത്തി. ഇവിടെ തന്നെ കുത്തെടാ. ഇന്നാ എന്റെ ചങ്ക്. കുത്തെടാ.”

                      സിബി കാര്യമറിയാതെ റെനിയെ കയറിപ്പിടിച്ചു. സ്റീഫന്റെ ഭാര്യ തെല്ലൊന്ന് പകച്ച് സ്റീഫനെയും കയറിപ്പിടിച്ചു.

                     എന്താണ് കാര്യമെന്ന് സിബി അതിനിടയിലും ചോദിക്കുന്നുണ്ടായിരുന്നു. സ്റീഫന്‍ തികച്ചും പതറി നില്ക്കുന്നതു കണ്ട് തെല്ലൊന്ന് അയഞ്ഞ് റെനി പറഞ്ഞു.

                      - “എന്തേലുമൊരു കാരണം വേണമെടാ ഒരുത്തനെ ശത്രുവാക്കാന്‍. ചുമ്മാ ഒരുത്തന്റെ മേക്കിട്ട് വെറുതെ കളിക്കാന്‍ നില്ക്കരുത്.”

                        കത്തി വലിച്ച് സ്റീഫന്റെ നേര്‍ക്കെറിഞ്ഞ് റെനി സിബിയെ തട്ടി മാറ്റി പുറത്തേക്കിറങ്ങുകയും മാങ്ങക്ക് എറിഞ്ഞ അന്നു മുതല്‍ സ്റീഫനോട് തോന്നിയ വെറുപ്പിനെ മുറ്റത്തേക്ക് കാര്‍ക്കിച്ച് തുപ്പുകയും ചെയ്തു. എന്നിട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ടെമ്പോ ലോറിയില്‍ അതിന്റെ ഇടത്തെ കണ്ണിനടുത്തായി അതിശക്തമായി രണ്ടിടിയിടിച്ച് ബൈക്കില്‍ കയറുകയും അത് സ്റാര്‍ട്ടാക്കിക്കൊണ്ട് പറയുകയും ചെയ്തു.

                       - “പെണ്ണുമ്പിള്ളയൊക്കെയായില്ലേ. ഇനി മുതല്‍ അവളോട് കാണിക്കെടാ നിന്റെ പൊളുന്തന്‍ ശൌര്യം.” 

                       അനന്തരം അവന്‍ ബൈക്കില്‍ റോഡിലേക്കിറങ്ങുകയും ഇരുട്ടിലേക്ക് അത് തെളിച്ച വെളിച്ചത്തില്‍ എതിരെ വരുന്ന കാറ്റില്‍ കാലങ്ങളായി പേറുന്ന വലിയൊരു ഭാരം ഇറക്കി വെച്ചതിനാല്‍ മനം തണുപ്പിച്ച് ഓടിച്ചു പോവുകയും ചെയ്തു.
                                                                     -0-


(പ്രദീപം മാസിക)