2012, മാർച്ച് 29, വ്യാഴാഴ്‌ച

ശത്രു

അരുണ്‍കുമാര്‍ പൂക്കോം


നിനച്ചിരിക്കാതെ
പെട്ടെന്നാകും
കുത്തുവാക്കുകളില്‍
ഹ്യദയം തറക്കുന്നത്.
ഒരിക്കലും ഉണങ്ങാതെ
ചിലപ്പോള്‍ പൊറ്റ മൂടി,
ചിലപ്പോള്‍ ചോര വാര്‍ന്ന്
കറുത്ത് കല്ലിച്ച ഭാഗമാകുമത്.
പിന്നീടെപ്പോഴും
ചെറുക്കാന്‍
ഒഴിഞ്ഞുമാറലുകളുടെ
കത്തികള്‍
 എളിയില്‍ കരുതും.
ഉണങ്ങാത്തിടം
ചൊറിഞ്ഞു ചൊറിഞ്ഞ്
പുണ്ണാക്കും.
ശത്രു പക്ഷേ
യാതൊന്നും അറിയുന്നുണ്ടാകില്ല.
പുറത്ത് മറ്റുള്ളവരും.
              
                  -0-

2012, മാർച്ച് 20, ചൊവ്വാഴ്ച

ക്യാമറക്കണ്ണുകളിലെ സെലിബ്രിറ്റി ക്രിക്കറ്റ്

അരുണ്‍കുമാര്‍ പൂക്കോം



                    ക്രിക്കറ്റിന് മറ്റു കായികയിനങ്ങളില്‍ നിന്നും മുന്‍തൂക്കം ലഭിക്കുന്ന വിധം ദ്യശ്യമാധ്യമങ്ങളിലൂടെയുള്ള അതിന്റെ ദ്യശ്യഭാഷ അതിശക്തമാണ്. ഒരു പക്ഷേ രണ്ടു പേരോ നാലു പേരോ ഉള്‍പ്പെടുന്ന ടെന്നീസിന് ഏതാണ്ടൊക്കെ അത്തരമൊന്ന് ലഭിക്കുന്നുണ്ടെന്നു പറയാമെങ്കിലും അതില്‍ ഉപയോഗിക്കുന്ന അഡ്വാന്റേജ് എന്ന പദം ക്രിക്കറ്റിന് അതിന്റെ കളി സംവിധാനങ്ങള്‍ക്ക് അനുസരിച്ച് ദ്യശ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന മുന്‍തൂക്കത്തിന് ഉപയോഗിക്കാമെന്നു തോന്നുന്നു. ക്രിക്കറ്റ് ദ്യശ്യമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്ന രീതി അതു  കാണുന്ന പ്രേക്ഷകരില്‍ കളിക്കാരില്‍ ചിലരെ നായകരാക്കുന്ന വിധത്തിലുള്ളതാണ്. കളിക്കാരെ വ്യക്തി കേന്ദ്രീക്യതമായി പിന്തുടരുന്ന ക്യാമറക്ക് അവരുടെ മാനറിസങ്ങളെയും ചെയ്തികളെയും സൂക്ഷ്മമായി ഒപ്പിയെടുക്കാനും സിനിമയില്‍ എന്ന പോലെ കളിക്കാരെ അവതരിപ്പിക്കാനുമുള്ള സാധ്യതയും ക്രിക്കറ്റില്‍ ധാരാളം ലഭിക്കുന്നതായി കാണാം. ഓരോ പന്തേറുകള്‍ക്കിടയിലും പന്ത് കൈയിലുള്ള കളിക്കാരനെയും അതിനെ കൈകാര്യം ചെയ്യുന്ന രീതിയെയും കാണിക്കുന്നതു പോലെ തന്നെ അതിനെ നേരിടുന്ന കളിക്കാരനെയും സ്റ്റേഡിയത്തില്‍ പലയിടങ്ങളിലായി വിന്യസിച്ചു നില്ക്കുന്ന കളിക്കാരെയും കാണികളെയുമൊക്കെ തന്നെ സൌന്ദര്യവത്കരിച്ചു കൊണ്ട് സൂക്ഷ്മമായി ദ്യശ്യവത്കരിക്കാനുതകും വിധമാണ് ക്രിക്കറ്റിന്റെ കളി സംവിധാനം.

                   കളിയുടെ ഭാഗം തന്നെയാകുന്നു ഇടവേളകള്‍ എന്നതാണ് മറ്റേതെങ്കിലും കൂട്ടായ കളികളില്‍ നിന്നും ക്രിക്കറ്റിനെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന കായികഇനങ്ങളാകയാല്‍ ഫുട്ബോളിലും ഹോക്കിയിലുമൊക്കെ അത്തരം ഇടവേളകള്‍ തുലോം കുറവാണ്. ലോകകപ്പിന്റെ കാലങ്ങളില്‍ ഫുട്ബോള്‍ സാധാരണക്കാരായ പ്രേക്ഷകരെ പോലും ഭ്രമിപ്പിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റിലെ കാഴ്ച അനുഭവങ്ങളോട് ചേര്‍ത്തു വെക്കുമ്പോള്‍ അല്പമൊന്നുമല്ല ക്രിക്കറ്റിന്റെ ക്യാമറയോടുള്ള അനുയോജ്യമായ രീതി എന്നു കാണാന്‍ കഴിയും. ഓവറുകള്‍ക്കിടയിലും വിക്കറ്റു വീഴ്ചകള്‍ക്കിടയിലും പരസ്യങ്ങള്‍ ധാരാളം ചേര്‍ത്തു വെക്കാന്‍ ഉതകുന്ന മറ്റൊരു കായിക ഇനം ഉണ്ടെന്നു തോന്നുന്നില്ല. അത്തരം ഒട്ടനവധി അനുയോജ്യമായ ഘടകങ്ങളെ തിരിച്ചറിയുന്നതു കൊണ്ടുതന്നെയാണ് ക്രിക്കറ്റ് ദ്യശ്യമാധ്യമങ്ങളില്‍ ആഘോഷമായി തീരുന്നതും. 


                     നാട്ടിന്‍പുറങ്ങളിലേക്ക് മറ്റു കായികയിനങ്ങളുടെ സ്ഥാനം അപഹരിക്കുന്ന വിധം ആണ്‍കുട്ടികളിലേക്ക് ക്രിക്കറ്റ് കടന്നു വരാന്‍ കാരണമായത് അതിന്റെ ദ്യശ്യഭാഷ അതിശക്തമായതു കൊണ്ടുതന്നെയാണ്. ഉള്‍നാടന്‍ ഊടുവഴികളില്‍ പോലും തെങ്ങോലകളുടെ ഭാഗങ്ങള്‍ കൊണ്ട് തീര്‍ത്ത ബാറ്റുപയോഗിച്ച് കുട്ടികള്‍ അതിനെ ആഘോഷിച്ചു. ക്രിക്കറ്റിന് വഴി മാറിക്കൊടുത്തത് ചുള്ളിയും കോലും പന്ത് ഉപയോഗിക്കുന്ന ഡപ്പയും തലമയും പോലുള്ള നാടന്‍ കളികളായിരുന്നു. അത്തരം നാടന്‍ കളികളെ മറവിയിലേക്ക് മാറ്റാനുതകുന്ന തരത്തില്‍ അതിലെ പല അംശങ്ങളും കൂട്ടിയിണക്കപ്പെട്ട കളി സംവിധാനങ്ങളാണ് ക്രിക്കറ്റിലുള്ളത്. അതോടൊപ്പം നാട്ടിന്‍ പുറങ്ങളില്‍ നിന്നും വോളിബോള്‍, കബഡി, ഫുട്ബോള്‍ എന്നിങ്ങനെയുള്ള കായികയിനങ്ങളും ഏതാണ്ട് പാര്‍ശ്വവത്ക്കരിക്കപ്പെടുകയുമുണ്ടായി.

                      ദ്യശ്യമാധ്യമങ്ങള്‍ക്ക് പ്രചാരം നേടിക്കൊണ്ടിരുന്ന കാലത്തു തന്നെയാണ് ഇന്ത്യക്ക് ആദ്യമായി കപില്‍ദേവിന്റെ നേത്യത്വത്തില്‍ ലോകകപ്പ് ലഭിക്കുന്നതും. ക്രിക്കറ്റിന്റെ പ്രചാരത്തിന് ലോകകപ്പ് വിജയം ആക്കം കൂട്ടുകയായിരുന്നു. ഏതൊരു കളിയിനത്തിലും നേടുന്ന ആത്യന്തിക വിജയം തങ്ങളുടെ തന്നെ വിജയമാണെന്ന തരം പ്രേക്ഷക-വായന മനശാസ്ത്രവും ക്രിക്കറ്റിന്റെ പ്രചാരത്തില്‍ നല്ല പങ്കു വഹിക്കുകയുണ്ടായി. ഹോക്കിയിലുമൊക്കെ അത്തരം വിജയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഹോക്കി ഉള്‍നാടുകളിലേക്കൊന്നും വരികയുണ്ടായില്ല. കളിക്കുള്ളിലെ വിശ്രമം ഒരു പക്ഷേ ഹോക്കിക്കും ഫുട്ബോളിനും അന്യമായതു കൊണ്ടാകാം ക്രിക്കറ്റിന് ലഭിച്ചതു പോലെ ജനകീയസ്വാധിനം അവക്ക് ലഭിക്കാതെ പോയത്. ഹോക്കിയും ഫുട്ബോളുമൊക്കെ കളിക്കാന്‍ ഉള്‍നാടുകളില്‍ വലിയ കളിസ്ഥലം ആവശ്യമാണെന്നതും അത്തരം കളിസ്ഥലങ്ങള്‍ ചില കളിക്കാരില്‍ മാത്രം ഒതുങ്ങിപ്പോകുമെന്നതും അവയുടെ പ്രചാരത്തിന് തടയിടാന്‍ കാരണമായി
കാണും.

                      നാട്ടിന്‍പുറങ്ങളില്‍ കാണികളുടെ കരക്കിരിക്കുന്ന സാധ്യതയില്‍ നിന്നും ക്രിക്കറ്റ് ഏറെക്കുറെ എല്ലാവരെയും കളിയുടെ ഭാഗമാക്കിക്കൊണ്ട്  സംത്യപ്തിപ്പെടുത്തുന്നതായി കാണാം. ഷട്ടില്‍ ബാഡ്മിന്റനും വോളിബോളുമൊക്കെ പ്രചാരമുള്ള കളിയാണെങ്കില്‍ തന്നെ ഒന്നിച്ച് കളിക്കാവുന്നത് തുലോം കുറച്ചു പേര്‍ക്കു മാത്രമാണെന്ന അവസ്ഥയാണ് ഉള്ളത്. കാണി എന്ന അവസ്ഥയില്‍ നിന്നും കളിക്കളത്തിലേക്ക് ഇറങ്ങാന്‍ ക്രിക്കറ്റ് കുട്ടികളെയും ചെറുപ്പക്കാരെയും പ്രാപ്തരാക്കി എന്നതാണ് സത്യം. അതിന് വലിയ മൊതാനങ്ങള്‍ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല. വളരെ ചെറിയ ഊടുവഴികളിലും വീട്ടുമുറ്റങ്ങളിലുമൊക്കെ ക്രിക്കറ്റ് പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് അരങ്ങേറി. കളിക്കാര്‍ തന്നെ നിശ്ചയിച്ച മേഖലകളില്‍ സിക്സും ഫോറും ഉള്‍പ്പെട്ട റണ്‍സുകളുണ്ടായി. പന്ത് ചെന്നു വീഴുന്ന തൊട്ടടുത്ത വീട്ടുകാരുടെ ഇഷ്ടക്കേടുകള്‍ക്ക് അനുസരിച്ച് കൂറ്റനടികള്‍ക്ക് തടയിടുകയും അത്തരത്തില്‍ അടിക്കുന്നവര്‍ ഔട്ട് ആകുകയും ചെയ്യുന്ന അലിഖിത ഉള്‍നാടന്‍ ക്രിക്കറ്റ് കളിനിയമങ്ങളുണ്ടായി. കളിസ്ഥലത്തെ പരിമിതികള്‍ക്ക് അനുസരിച്ച് അവക്ക് കളിക്കാരുടെ കൂട്ടായ തീരുമാനത്തിന് അനുസരിച്ച് ഭേദഗതികളുണ്ടായി. 

                   നാടന്‍കളികളില്‍ നിന്നും വ്യത്യസ്തമായി തങ്ങള്‍ കളിക്കുന്നത് നായകപ്രാധാന്യമുള്ള ഒരു കായിക ഇനമാണെന്ന തോന്നല്‍ അവരുടെ മനസ്സില്‍ അന്തര്‍ലീനമായി കിടക്കാനും ക്രിക്കറ്റ് ഉപകരിച്ചു. സിനിമ കണ്ടുകൊണ്ടിരിക്കെ നായകനോട് തോന്നുന്ന താദാത്മ്യപ്പെടല്‍ ക്രിക്കറ്റ് ദ്യശ്യമാധ്യമങ്ങളിലൂടെ കാണുമ്പോഴും അതിനെ അനുകരിച്ചു കൊണ്ട്  കളിക്കുമ്പോഴും കാണികളില്‍ ഒരു പക്ഷേ സംഭവിക്കുന്നുണ്ടാകാം. ഭൂരിപക്ഷം സിനിമകളും പുരുഷകേന്ദ്രീക്യതമായ നായകസങ്കല്പങ്ങളില്‍ അഭിരമിക്കുന്നതു പോലെ തന്നെയാണ് ക്രിക്കറ്റിലും സംഭവിക്കുന്നത്. വനിതാ ക്രിക്കറ്റിന് പുരുഷ ക്രിക്കറ്റിന് ലഭിക്കുന്ന തരത്തില്‍ പത്ര- ദ്യശ്യമാധ്യമങ്ങളുടെ പിന്‍ബലമോ പ്രേക്ഷകരുടെ കാഴ്ചകളോ കാര്യമായി ഇതുവരെയും ലഭിച്ചിട്ടില്ല. ദ്യശ്യമാധ്യമങ്ങള്‍ ചിലപ്പോഴൊക്കെ വനിതാ ക്രിക്കറ്റ് കാണിച്ചെങ്കിലും പലപ്പോഴും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെ ഭാഗങ്ങള്‍ വലിയ മുതല്‍ മുടക്കുകളില്ലാത്ത വിധം കാണിക്കുന്ന തരത്തില്‍ നിറം മങ്ങിയ രീതികളിലാണ് അവ പ്രക്ഷേപണം ചെയ്യത് എന്നു കാണാന്‍ പറ്റും. 

                    എഴുപതുകളിലും മറ്റും ശ്രവ്യമാധ്യമങ്ങളിലൂടെ ക്രിക്കറ്റിന്റെ റണ്ണിംഗ് കമന്ററി കേട്ട് കേള്‍വിയെ മനസ്സു കൊണ്ട് ദ്യശ്യവത്കരിച്ച കേള്‍വിക്കാരും ദ്യശ്യമാധ്യമങ്ങളിലെ ക്രിക്കറ്റ് കാഴ്ചയുടെ ഉപലബ്ധി തന്നെയായിരുന്നു. അന്ന് ഇറങ്ങിയ സിനിമകളില്‍ ചിലതിലൊക്കെ യുവത്വത്തിന്റെ ചിഹ്നമായി ചെവിയില്‍ പോക്കറ്റ് റേഡിയോ ചേര്‍ത്തു പിടിച്ച യുവാക്കളെ ആവിഷ്കരിച്ചതായി കാണാം. ദ്യശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ മേല്‍ക്കോയ്മ നേടിയതോടെ തികച്ചും അന്യം നിന്നുപോയ ഒന്നായി ശ്രവ്യമാധ്യമങ്ങളിലൂടെയുള്ള ക്രിക്കറ്റ് കമന്ററി എന്നും പറയാവുന്നതാണ്.

                       ദ്യശ്യമാധ്യമങ്ങള്‍ ശക്തമായപ്പോള്‍ പല ക്രിക്കറ്റ് കളിക്കാരും പരസ്യങ്ങളിലൂടെയും പ്രേക്ഷകരിലേക്ക് എത്തിപ്പെട്ടു. ചില ടി.വി പ്രോഗ്രാമുകളില്‍ അവരില്‍ ചിലര്‍ അവതാരകരോ ചിലപ്പോള്‍ അതിന്റെ ഭാഗമോ ആയി. അവരുടെ ഭാവത്തിനും ശബ്ദത്തിനും ശരീരഭാഷക്കുമുള്ള  സ്വീകാര്യത സിനിമാനടന്‍മാരെ പോലെ തന്നെ പ്രേക്ഷകരില്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായിരുന്നു. ക്യാമറയിലൂടെ തീര്‍ത്ത അത്തരം നായക പരിവേഷങ്ങള്‍ അച്ചടി പ്രസിദ്ധീകരണങ്ങളിലേക്കും പരസ്യങ്ങളായും വര്‍ഷിപ്പ് ലേഖനങ്ങളായും മറ്റും വ്യാപിച്ചു. സിനിമാപ്രവര്‍ത്തകരുടെ ചിത്രങ്ങളും അവരെ കുറിച്ചുള്ള വാര്‍ത്തകളും വിറ്റഴിക്കപ്പെടാന്‍ ഉപയോഗിക്കുന്നതു പോലെ തന്നെയായിരുന്നു ക്രിക്കറ്റ് കളിക്കാരെയും അവരെ കുറിച്ചുള്ള വാര്‍ത്തകളെയും മാധ്യമങ്ങള്‍ ഉപയോഗിച്ചത്. മറ്റേതൊരു കളികളിലുമില്ലാത്ത വിധം അതിലെ പടലപ്പിണക്കങ്ങളും കളിക്കു പിറകിലെ കളികളുമെല്ലാം സിനിമയുടെ പിന്നാമ്പുറങ്ങളിലെ കഥകളോ വാര്‍ത്തകളോ പോലെ തന്നെ വളരെ പ്രാധാന്യത്തോടെ വായനക്കാരിലേക്കും പ്രേഷകരിലേക്കും വരുന്നതിന്റെ പിന്നിലെ കാര്യം അതിന്റെ വിറ്റഴിക്കപ്പെടുന്നതിലെ സാധ്യതകള്‍ തന്നെ. ഇത്തരം കാരണങ്ങളാലാണ് ക്രിക്കറ്റ് കളിക്കാര്‍ മറ്റു മേഖലകളിലെ കളിക്കാര്‍ക്ക് ഉപരിയായി സിനിമാനടന്‍മാരെ പോലെ തന്നെ സാമ്പത്തിക മേഖലകളിലും ഒപ്പം നില്ക്കുന്നത്.    

                    ക്രിക്കറ്റ് കളി രീതികള്‍ സാമ്പത്തിക നേട്ടങ്ങളെ ലക്ഷ്യമാക്കിക്കൊണ്ട് കാലാന്യസ്യതമായി മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന ടെസ്റുകളില്‍ നിന്നും നിശ്ചിത അമ്പത് ഓവര്‍ ഏകദിന മത്സരങ്ങളിലേക്കും പിന്നീട് ടൊന്‍ടി ടൊന്‍ടിയിലേക്കും പല തരം മാറ്റങ്ങളിലൂടെ അവ പരിഷ്കരിക്കപ്പെടുകയായിരുന്നു. ഈ മൂന്നു കളി രീതികളും ഇന്നും പ്രചാരത്തിലുണ്ടു താനും. ടൊന്റി ടൊന്റി ക്രിക്കറ്റ് മത്സരങ്ങള്‍ വന്നതോടെയാണ് ക്രിക്കറ്റ് ദ്യശ്യമാധ്യമങ്ങളില്‍ സിനിമകളുടെ രീതികളോട് കൂടുതല്‍ അടുത്തത്. ചിയര്‍ ഗേള്‍സ് നിരന്തരം ഗാലറികളില്‍ ആടാന്‍ തുടങ്ങിയത് സിനിമയിലെ ഐറ്റം ഡാന്‍സിനെ പറിച്ചു നട്ടതിന് സമാനമായിരുന്നു. അതുവരെ വെറും കാഴ്ചക്കാരോ മറ്റോ ആയിരുന്ന നടീനടന്‍മാര്‍ ടൊന്റി ടൊന്റി ടീമുകളില്‍ ചിലതിന്റെ ഉടമകളുമായി. സിനിമയുടെയും ക്രിക്കറ്റിന്റെയും ദ്യശ്യമാധ്യമങ്ങളിലൂടെയുള്ള ദ്യശ്യപരത അതോടെ ക്രിക്കറ്റില്‍ കൈകോര്‍ത്തു തുടങ്ങി. രണ്ടുമേഖലകളിലേയും നായകന്‍മാരോടൊപ്പം സിനിമയിലെ നായികമാരും പ്രേക്ഷകര്‍ക്ക് ഹരം പകര്‍ന്നു. സിനിമയെയും ന്യത്തത്തെയും ദ്യശ്യമാധ്യമങ്ങളിലൂടെ ഫലപ്രദമായി ഒന്നിപ്പിക്കുന്ന മേഖലകള്‍ മറ്റു കളികളില്‍ തുലോം കുറവാണ്. ചിലപ്പോള്‍ ഫുട്ബോള്‍ ഗാലറികളിലെ ബ്രസിലിയന്‍ സാംബ ന്യത്തച്ചുവടുകളുടെ സാധ്യതകള്‍ ക്രിക്കറ്റിന്റെ ഗാലറികളിലേക്കും വന്നു ചേര്‍ന്നതുമാകാം. പക്ഷേ, ഫുട്ബോള്‍ നിരന്തരം ഉരുളുന്ന പന്തിനെ കേന്ദ്രീകരിച്ചു കൊണ്ട് നടക്കുന്ന കളിയായതിനാല്‍ അത്തരം ന്യത്തച്ചുവടുകളെ പിന്തുടര്‍ന്നു കൊണ്ടിരിക്കാനുള്ള പഴുതുകള്‍ ഫുട്ബോളിന്റെ പ്രക്ഷേപണത്തിന്റെ കാര്യത്തില്‍ ദ്യശ്യ മാധ്യമങ്ങളെ സംബന്ധിച്ച് തുലോം കുറവാണ്.

                     ടൊന്റി ടൊന്റി കളിരീതികളില്‍ ക്രിക്കറ്റിലെ ബോളര്‍മാര്‍ പലപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. ബാറ്റ്സ്മാന്‍മാരുടെ കൂറ്റനടികള്‍ക്ക് ക്രിക്കറ്റ് പ്രേക്ഷകര്‍ കണ്ണും കാതും മനസ്സും നല്കി. ഒരു പക്ഷേ പെട്രോള്‍ പമ്പുകളിലെ മീറ്ററില്‍ എണ്ണങ്ങള്‍ മാറി മറിയുന്നത് നോക്കിയിരിക്കുന്ന രസം ക്രിക്കറ്റിലും സാധ്യമാണ്. ടൊന്റി ടൊന്റിയില്‍ അക്കങ്ങളുടെ മാറി മറിയലുകളുടെ വേഗത കൂടി. കളികളില്‍ പ്രേക്ഷകര്‍ അക്കങ്ങളുടെ അനക്കങ്ങള്‍ക്കായി കണ്ണും നട്ടിരിക്കുന്നു. അക്കങ്ങളുടെ കാര്യത്തില്‍ ഇലക്ടോണിക് മെഷീനുകള്‍ പ്രേക്ഷകര്‍ക്ക് നല്കുന്ന രസങ്ങളാണവ.

                      ക്രിക്കറ്റ് മത്സരങ്ങളില്‍ തങ്ങളും ഭാഗമായതോടെയാണ് ക്രിക്കറ്റിന്റെ സാധ്യതകള്‍ സിനിമാപ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെടുന്നത്. ഇതിനു മുമ്പും മറ്റു ഭാഷകളില്‍ സെലിബ്രിറ്റി ക്രിക്കറ്റുകള്‍ അരങ്ങേറിയെങ്കിലും മലയാളസിനിമാപ്രവര്‍ത്തകര്‍ കാര്യമായൊന്നും പങ്കെടുത്തിരുന്നില്ല. ഇതിനോടകം ക്രിക്കറ്റിന്റെ സാധ്യതയെ ദ്യശ്യമാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും വെബ് സൈറ്റുകളിലൂടെയും അവര്‍ കണ്ടെത്തി തുടങ്ങി. കൊച്ചി ടെസ്കേര്‍സ് എന്ന ടൊന്റി ടൊന്റി ടീമിനു ലഭിച്ച താരപരിവേഷമായിരിക്കാം അവരെ കൊണ്ട് അത്തരത്തില്‍ ചിന്തിപ്പിച്ചതും.


                        സെലിബ്രിറ്റികളുടെ ടൊന്റി ടൊന്റി ക്രിക്കറ്റില്‍ ഏറെക്കുറെ ആരു ജയിക്കുന്നു എന്നതോ ആര് തോല്ക്കുന്നു എന്നതോ പ്രേക്ഷകര്‍ക്കോ മാധ്യമങ്ങള്‍ക്കോ വലിയ വിഷയമൊന്നുമല്ല. ടീമുകളുടെ ജയാപരാജയങ്ങളെ ഗൌരവത്തോടെ നോക്കിക്കാണുന്ന രീതിയിലല്ല ടൊന്റി ടൊന്റി ക്രിക്കറ്റ് മത്സരങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നത്. അവ തികച്ചും വിനോദോപാധി മാത്രമാണ്. അതിനൊപ്പമുള്ള സിനിമാ പ്രവര്‍ത്തകര്‍ എല്ലാവരും പ്രേക്ഷകരുടെ സ്വന്തമാണെന്ന തോന്നലില്‍ നിന്നും ഉണ്ടാകുന്ന മാനസികാവസ്ഥയാണത്. പ്രേക്ഷകരെ സംബന്ധിച്ച് സിനിമ എന്ന വിനോദോപാധിയും ക്രിക്കറ്റ് എന്ന വിനോദോപാധിയും കൈ കോര്‍ത്ത മേഖല അവര്‍ ആവോളം ആസ്വദിക്കുകയായിരുന്നു. മാധ്യമങ്ങളിലും വൈബ്സൈറ്റുകളിലും പത്രങ്ങളിലും സിനിമാ പ്രവര്‍ത്തകരെ മറ്റു മേഖലകളിലെല്ലാം പ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്ന അതേ രീതിയില്‍ തന്നെ കായിക മേഖലകളിലും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കാനുള്ള സാധ്യത മാധ്യമങ്ങള്‍ക്ക് സെലിബ്രിറ്റി ക്രിക്കറ്റിന്റെ കാര്യത്തിലും ലഭിക്കുന്നുണ്ട്. സെലിബ്രിറ്റികളുടെ ഏതു തരം വാര്‍ത്തകളും ആഘോഷമാക്കുന്ന മാധ്യമങ്ങള്‍ക്ക് സെലിബ്രിറ്റി ക്രിക്കറ്റ് വലിയ ആഘോഷമായിരുന്നു. സിനമയെ നിരന്തരം പിന്തുടര്‍ന്ന് സായൂജ്യമടയുന്ന വായനക്കാര്‍ക്ക് വേണ്ടി ഒരു പന്തു പോലും വിടാതെ കളി മുഴുവന്‍ എഴുതിയ വൈബ് സൈറ്റുകള്‍ പോലുമുണ്ടെന്ന് സംശയിക്കേണ്ടതുണ്ട്.

                     ക്രിക്കറ്റ് ചിലപ്പോഴൊക്കെ അഭിനയപ്രാധാന്യമുള്ള ഒരു കായികയിനം കൂടിയാണ്. അത്തരത്തിലുള്ള അഭിനയ പ്രാധാന്യമാണ് മാച്ച് ഫിക്സിങ്ങ് പോലുള്ള കോഴ വിവാദങ്ങളിലേക്ക് അതിനെ തള്ളിയിട്ടതും. അതിനു ശേഷം കൈയില്‍ നിന്നും ക്യാച്ച് ഊര്‍ന്നുപോയാലും കളിക്കാരന്‍ പുറത്തായാലും നോബോളുകള്‍ തുടരെ എറിഞ്ഞാലും അത് ശരിക്കും സംഭവിച്ചതാണോ എന്ന് പ്രേക്ഷകര്‍ക്ക് സംശയം തോന്നിയ കളികളുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ലക്ഷണവുമൊത്ത കളിക്കാര്‍ക്കു പോലും അഭിയ സാധ്യത നല്കുന്ന ക്രിക്കറ്റ് തീര്‍ച്ചയായും സെലിബ്രിറ്റികള്‍ക്കും കളിക്കാവുന്നതോ അഭിനയിക്കാവുന്നതോ ആണ്.

                     മുന്‍കാലങ്ങളില്‍ സാഹിത്യപ്രാധാന്യം നലകിയിരുന്ന പല ആനുകാലികങ്ങളിലും മറ്റും നടീനടന്‍മാര്‍ മറ്റുള്ളവരെ കൊണ്ട് എഴുതിച്ച ആത്മകഥകളും ഓമ്മക്കുറിപ്പുകളുമൊക്കെയായി നെടുനീളന്‍ ഫോട്ടോകളും ദ്യശ്യമാധ്യമങ്ങളില്‍ വിളിച്ചു വരുത്തിയ എല്ലാ നടീനടന്‍മാര്‍ക്കും അവര്‍ക്ക് സിനിമാറ്റിക് ഡാന്‍സുകളുടെയും കോമഡികളുടെയും പാട്ടുകളുടെയും ഇടയില്‍ താരങ്ങളുടെ അമാനുഷികമായ ക്യാമറ ദ്യശ്യങ്ങളില്‍ ഭ്രമിച്ച് വശായി അവരെ ദൂരെ നിന്നെങ്കിലും നേരിട്ടു കാണാനായി നിറഞ്ഞു കവിയുന്ന പ്രേക്ഷകസമക്ഷം പരസ്പരം നല്കാനായി പല പേരുകളില്‍ അവാര്‍ഡുകള്‍ നല്കുന്ന പരിപാടികളും നിറയുന്ന കാലത്ത് പത്രങ്ങളിലെയും വെബ് സൈറ്റുകളിലെയും മറ്റും  സ്പോട്സ് കോളങ്ങള്‍ മാത്രമേ സിനിമ അപഹരിക്കാതിരുന്നിട്ടുള്ളു. സെലിബ്രിറ്റി ക്രിക്കറ്റോടെ അതും സാധ്യമായി എന്നാണ് മനസ്സിലാക്കേണ്ടത്. ആകാശത്തെ ഇരുളില്‍ താരങ്ങളെ കാണുന്നതു കൊണ്ടു തന്നെ അവയെ കാണാത്ത മേഖലകളിലുള്ളവരുടെ വാര്‍ത്തകളും കഴിവുകളും മാധ്യമങ്ങള്‍ ഈയിടെ കാണാതെ പോകുകയോ കാണാത്ത ഭാവം നടിക്കുകയോ ചെയ്യുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ക്ക് സ്വന്തമായി യാഥാര്‍ത്ഥ്യമുണ്ടാക്കാന്‍ അറിയാവുന്നതു കൊണ്ട് പാവം വായനക്കാരും പ്രേക്ഷകരും പക്ഷേ തികച്ചും സംത്യപ്തരാണ്.

                     മാധ്യമങ്ങളില്‍ പലതും സ്പോര്‍ട്സ് മേഖലകളിലും വാര്‍ത്തകളെ പെരുപ്പിച്ചു കാണിക്കാന്‍ താരങ്ങളെ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതായി കാണാം. ഏതെങ്കിലും മത്സരഇനങ്ങളില്‍ പങ്കെടുക്കുന്ന കായികതാരങ്ങളില്‍ ചിലരെ പറ്റി മത്സരം നടക്കുന്നതിന്റെ എത്രയോ ദിവസങ്ങള്‍ക്കു മുമ്പേ തന്നെ അവരുടെ ഫോട്ടോകള്‍ അടക്കം പ്രത്യേകം കോളങ്ങള്‍ വലിയ പ്രാധാന്യത്തോടെ എഴുതുകയും പിന്നീട് അവര്‍ പങ്കെടുത്ത മത്സരയിനത്തില്‍ വളരെ പിറകിലാകുകയും ചെയ്യുമ്പോഴും പ്രസ്തുത കായികതാരം പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നില്ലെന്നും ഏറ്റവും ഒടുവിലായി ഫിനിഷ് ചെയ്തു എന്നും മറ്റുമുള്ള തരത്തിലുള്ള വാര്‍ത്തകള്‍ പലപ്പോഴും വരാറുണ്ട്. അതേ സമയം കായികയിനങ്ങളില്‍ നേട്ടങ്ങള്‍ കൊയ്യുന്നവര്‍ക്ക് മേല്‍പറഞ്ഞ തരം കായികതാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന വാര്‍ത്താപ്രാധാന്യം മാധ്യമങ്ങളില്‍ ചിലത് നല്കാതെയും കാണാറുണ്ട്. അതുവരെ മാധ്യമങ്ങളില്‍ എവിടെയും വാഴ്ത്തപ്പെട്ടവരായിരിക്കില്ല അവരുടെ കായിക ഇനങ്ങളില്‍ നേട്ടങ്ങള്‍ പലതും കൊയ്യുന്നതും എന്നും ശ്രദ്ധിക്കേണ്ടതാണ്. മാധ്യമങ്ങള്‍ കഴിവുള്ളവരെ തിരിച്ചറിയാന്‍ ശ്രമിക്കാതെ ചിലരുടെ മാത്രം പിന്നാലെ പോകുന്നതു കൊണ്ടാണ് അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നത്.  

                     സിനിമയിലെ സൂപ്പര്‍താരങ്ങളെ നിലനിര്‍ത്തിപ്പോരുന്ന ഫാന്‍സ് അസോസിയേഷനും ക്രിക്കറ്റ് താരങ്ങളുടെ ഫാന്‍സും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ക്രിക്കറ്റ് കായികക്ഷമതയെ കേന്ദ്രീകരിച്ചും മറ്റും താരങ്ങളെ നിലനിര്‍ത്തുന്ന മേഖലയാകയാല്‍ നന്നായി കളിക്കുന്ന കാലങ്ങളില്‍ മാത്രമേ അവരുടെ ആരാധകര്‍ അവരെ വാഴ്ത്തുകയുള്ളു. വിമര്‍ശനാത്മകമായ സമീപനമാണ് ക്രിക്കറ്റ് താരങ്ങളോട് ആരാധകര്‍ക്കുള്ളത്. പല ക്രിക്കറ്റ് താരങ്ങളും ഫോം നഷ്ടപ്പെടുന്നതോടെ വിമര്‍ശനങ്ങള്‍ക്ക് വിധേയരാകുന്നത് കാണാം. നന്നായി കളിക്കുന്ന കാലത്താണ് അവരില്‍ ചിലരെ പരസ്യക്കമ്പനികളും ഉപയോഗിക്കുന്നത്. ടീമില്‍ നിന്നും ഒഴിയുന്നതോടെ പരസ്യക്കമ്പനികളും അവരെ പരസ്യങ്ങളില്‍ നിന്നും പൊടുന്നനെയോ ക്രമേണയോ ഒഴിവാക്കുന്നതായി കാണാം. സൂപ്പര്‍ താരങ്ങളെ പലപ്പോഴും അന്ധമായി വാഴ്ത്തുകയും അവരെ സിനിമയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ പക്ഷേ അവരുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് വലിയ പങ്കുണ്ട്. മലയാള സിനിമയില്‍ ഈയിടെ നല്ല സിനിമകള്‍ തുലോം കുറവായതിനു പിന്നില്‍ അവയിലെ പലതരം സംഘടനകള്‍ക്കും സൂപ്പര്‍ താരങ്ങളെ അന്ധമായി പിന്താങ്ങുന്ന പല ഫാന്‍സ് അസോസിയേഷനുകള്‍ക്കും വലിയ പങ്കുണ്ട് എന്ന് സംശയിക്കേണ്ടതുണ്ട്.

                     സെലിബ്രിറ്റികള്‍ ക്രിക്കറ്റ് കളിക്കുന്ന ഇടങ്ങളിലുള്ള സിനിമാ നടികളില്‍ ചിലരെ ക്യാമറാക്കണ്ണുകള്‍ പിന്തുടര്‍ന്ന രീതിയും ബഹുവിശേഷമാണെന്ന് പറയേണ്ടതുണ്ട്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ കഴുത്ത് തെല്ലൊന്ന് ഇറങ്ങിയിരുന്ന നടിയെ ക്യാമറ സദാ പിന്തുടരുകയും നിലത്തു വെച്ചിരുന്ന വെള്ളക്കുപ്പി എടുക്കാനും മറ്റും അവര്‍ കുനിയുന്നതിനും മറ്റും ഇടയില്‍ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം എന്ന മട്ടില്‍ ക്യാമറ ആ ദ്യശ്യങ്ങള്‍ ആഘോഷിക്കുന്നതായും കണ്ടു. പെണ്ണവയവങ്ങള്‍ വാരി വിതറുക എന്നത് ഒട്ടനവധി സിനിമകളുടെ ഭാഗമാണെന്നത് സെലിബ്രിറ്റി ക്രിക്കറ്റിനോട് അനുബന്ധിച്ചുള്ള അത്തരം ദ്യശ്യങ്ങളില്‍ കൂട്ടി വായിക്കാവുന്നതാണ്. 

                      എങ്കിലും ഈ ക്രിക്കറ്റ് കളിത്തിരക്കുകള്‍ക്കും നിരന്തരം പൊട്ടി മുളക്കുന്ന ഒട്ടനവധി സിനിമാ സംഘടനകളുടെ പരസ്പര പോരുകള്‍ക്കും അത്തരം കിടമത്സരങ്ങള്‍ക്കുമിടയില്‍ ചില നടീനടന്‍മാര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഇടക്കൊക്കെ വരുന്ന ചിലരുടെ താല്പര്യാര്‍ത്ഥമുള്ള വിലക്കുകള്‍ക്കിടയിലും യാതൊരു അര്‍ത്ഥവുമില്ലാതെ കൂലം കുത്തി ഒലിച്ചു വരുന്ന മലയാള സിനിമകളില്‍ എപ്പോഴെങ്കിലുമൊക്ക ചീത്തയില്‍ മേത്തരമായ ഒന്നോ രണ്ടോ സിനിമകള്‍ ഉണ്ടാകുന്നുണ്ട് എന്നതു തന്നെ പ്രേക്ഷകര്‍ക്ക് വെറുതെ ആശ്വാസത്തിന് വക നല്കുന്നുണ്ട്.

                      യാതൊരു അര്‍ത്ഥവുമില്ലാത്ത നാലാംകിട സിനിമ മലയാളത്തില്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത് അതില്‍ നായകനായും അഭിനയിച്ച വ്യക്തി അവയിലെ പാട്ടുകള്‍ യൂട്യൂബിലൂടെ കണ്ട കാണികളുടെ എണ്ണത്തിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിരന്തരം വാഴ്ത്തപ്പെടുകയുണ്ടായി. സംസ്ഥാന യുവജനോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അടുത്ത സിനിമയിലേക്ക് നടീനടന്‍മാരെ തേടി അദ്ദേഹം വന്ന  ചില വാര്‍ത്തകളെ നിരാകരിക്കുന്നില്ലെങ്കിലും അത്തരം വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്കാതിരിക്കുന്ന തരം മാധ്യമപ്രവര്‍ത്തനം  എന്നെങ്കിലും വരുമായിരിക്കും എന്നു മാത്രം പ്രതീക്ഷിക്കാം.

                       അര്‍ത്ഥരഹിത വാര്‍ത്തകള്‍ സ്യഷ്ടിച്ചെടുത്ത് ആഘോഷിക്കുന്നതിനേക്കാള്‍ അവയെ ചെറുകോളങ്ങളില്‍ അത്രയൊന്നും പ്രാധാന്യം നല്കാതെ വാര്‍ത്തയായി നല്കുന്നതോ അതിനുമപ്പുറം നിരാകരിക്കുന്നതോ ആണ് കൂടുതല്‍ നല്ലതെന്ന് തോന്നുന്നു. പരസ്പര മത്സരങ്ങളില്‍ മുഴുകി എല്ലാം വിറ്റഴിക്കാനുള്ള വ്യഗ്രത കാണിക്കുന്നതിനിടയില്‍ അത്തരമൊന്ന് ഒരിക്കലും ഇനി തിരിച്ചു വരില്ലെന്ന് അറിയുമ്പോഴും ചില പ്രതീക്ഷകള്‍ക്ക് ചിലപ്പോള്‍ അതിന്റേതായ സുഖമുണ്ട്.

                                                            -0-

(എതിര്‍ദിശ മാസിക)