2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

പപ്പായത്തണ്ടുകൊണ്ടൊരു പുല്ലാങ്കുഴല്



                          (ഈ കഥയിലെ കഥാപാത്രങ്ങളും മറ്റും തികച്ചും ഭാവനാ സ്യഷ്ടികളാണ്. ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ ആരുമായും ഈ കഥക്ക് യാതൊരു ബന്ധവുമില്ല. അഥവാ തോന്നുകയാണെങ്കില്‍ അത് തികച്ചും യാദ്യച്ഛികം മാത്രമാണ്.)
                                                                      
                                                                          1

                         ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ അപ്പുറത്തെ വീട്ടിലെ ആണ്‍കുട്ടി അവന്‍ വീട്ടിലുണ്ടെന്നറിഞ്ഞാല്‍ കാലത്തു തന്നെ ഓടി വരും. ഓലപ്പീപ്പി, ഓലപ്പന്ത്, ഓലപ്പാമ്പ്, കടലാസുതോണി, പട്ടം, ആട്ട, കടലാസുവിമാനം,ചെരുപ്പുമുറിച്ചുന്തുവണ്ടി,മച്ചിങ്ങയിലുരുളും പ്ളാവില വണ്ടി,പ്ളാവിലക്കാള അങ്ങനെ എന്തെങ്കിലുമൊക്കെ  കളിക്കാനായി അവന്‍ കുട്ടിക്ക്  ഉണ്ടാക്കി നല്കും. കവുങ്ങിന്‍ പാളയിലിരുത്തി മുറ്റം നിറയെ വലിച്ചുവലിച്ചു കൊണ്ടുപോകും. അവനെ കുട്ടിക്ക് വലിയ കാര്യം. അവന് കുട്ടിയെയും.

                       ഒരു നാള്‍ നാലഞ്ചു നാളേക്ക്  അവന്റെ മച്ചൂനിച്ചി കോളേജടച്ച കാലം വീട്ടില്‍ താമസിക്കാനെത്തി. എല്ലാദിവസവും കാലെത്തെഴുന്നേറ്റ് കുളിച്ച്, കണ്ണെഴുതി, പൊട്ടുകുത്തി പട്ടുപാവാടയണിഞ്ഞ് തുളസിപ്പൂ മുടിയില്‍ തിരുകി കാല്‍ക്കൊലുസും കിലുക്കി അവള്‍ വീടും തൊടിയും നിറയെ പൂത്തുലയും. കൂട്ടുകൂടാന്‍ കുട്ടിയും പതിവുപോലെ എത്തും.

                      ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കുട്ടിക്ക് അവളോടൊരു ചായ്വുണ്ടോ എന്ന് അവന് നേരിയ സംശയം തോന്നാന്‍ തുടങ്ങി. ഒന്നിച്ച് അതുമിതും പറഞ്ഞിരിക്കുമ്പോള്‍ അവള്‍ കുട്ടിയോട് തിരക്കി.

                     -'മോനൂട്ടന് ഞങ്ങളിലാരെയാ ഏറെയിഷ്ടം?'

                    അവന്‍ തെല്ലുപോലും ആലോചിക്കാതെ പറഞ്ഞു.

                    -'ചേച്ചിയോട്.’

                    അവള്‍ കുട്ടിയെ ചേര്‍ത്തുപിടിച്ചിട്ട് അവനോട് വമ്പുകാട്ടി.

                    - “കണ്ടോ, കണ്ടോ. ഇവനെന്നെ ഒത്തിരി ഇഷ്ടാണ്.”

                     അസൂയ അവനില്‍ തളിര്‍ത്തുപൂത്തു. മനസ്സില്‍ തോന്നിയ പേരറിയാത്ത  നോവും മുഖത്തു വന്ന വാടലും അവരെ കാണിക്കാതെ അവന്‍ എഴുന്നേറ്റ് അകത്തേക്ക് പോയി. അവരൊട്ട് അവനെ ശ്രദ്ധിച്ചതുമില്ല. അവര്‍ക്ക് അവര്‍  മാത്രം. അവന്‍ ജാലകത്തിലൂടെ ഇടക്കൊക്കെ നോക്കുമ്പോള്‍ അവര്‍ തമ്മില്‍ കളിയും ചിരിയും പാട്ടുപാടലും ആട്ടമാടലുമൊക്കെ തക്യതിയായി നടക്കുന്നു. പഠിച്ച തിരുവാതിരയും ഒപ്പനയും സംഘനൃത്തവുമെല്ലാം ഒറ്റക്ക് അവള്‍ കുട്ടിക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

                    അവന്‍ ജാലകത്തിനടുത്തു നിന്നും മാറി പുസ്തകങ്ങളിലേക്ക് മടങ്ങാന്‍ ശ്രമിക്കുമെങ്കിലും അക്ഷരങ്ങള്‍ മാഞ്ഞ്, അക്കങ്ങള്‍ മാഞ്ഞ് വായിക്കാന്‍ പറ്റുകയേയില്ല. അവരില്‍ നിന്നും മാറി നില്ക്കുമ്പോഴും എല്ലാമെല്ലാം അറിയുന്നതിനാല്‍ അവന് നെഞ്ചിന് നിയന്ത്രിക്കാന്‍ പറ്റാത്ത വിധം കനം വെച്ചു.

                     നാലഞ്ചുനാള്‍ക്കകം അവളുടെ പപ്പ വന്ന് അവളെ കൊണ്ടുപോയി. പോകാന്‍ നേരം വരട്ടെ എന്നവള്‍ ചോദിച്ചു. അവന്‍ വെറുതെ തലയാട്ടി.

                       പിറ്റേന്ന് കൈയിലൊരു പപ്പായത്തണ്ടുമായി കൂട്ടുകൂടാന്‍ കുട്ടി അവന്റെ അടുത്തേക്ക് ഓടിയെത്തി.
അതിനെ കൊണ്ട് അവന് പുല്ലാങ്കുഴലൊന്നു വേണമത്രെ!
                                                                      2
                     
                           ഇതിലെ മൂവരും ടി.വിക്ക് മുന്നിലായിരുന്നു കഥ നടന്ന കാലത്തിനു ശേഷം കുറെക്കാലം. അതിലെ വാര്‍ത്തകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും സിനിമകള്‍ക്കും സീരിയലുകള്‍ക്കും മുന്നില്‍ ഏറെ നേരം തെല്ലും ഒഴുക്കില്ലാതെ അവര്‍ കെട്ടിക്കിടന്നു.പിന്നീട് കംപ്യൂട്ടര്‍ വന്നതോടെ അവര്‍ അതിനു മുന്നിലേക്കും ചേക്കേറി. ഇന്ന് ഇതിലെ ആണ്‍കുട്ടി സുരാഗ്.കെ.ടി എന്ന പേരില്‍ നെറ്റിലെ സൌഹ്യദക്കൂട്ടായ്മയില്‍ ഏറെക്കുറെ മുഴുവന്‍ സമയവുമുണ്ട്. ഒരു സിനിമാനടിയുടെ മുഖം മറഞ്ഞു നിന്ന് കഥയിലെ അവള്‍ എന്ന കഥാപാത്രവും നിഷ അജയകുമാര്‍ എന്ന പേരില്‍ അതില്‍ തന്നെയുണ്ട്. അവളുടെ ഭര്‍ത്താവ് അജയകുമാറും വളരെ കാര്യമായി രാഷ്ട്രീയവും സാഹിത്യവും ആനുകാലിക സംഭവങ്ങളുമൊക്കെയായി സൌഹ്യദക്കൂട്ടായ്മയിലുണ്ട്. സുരാഗ്.കെ.ടിയും അജയകുമാറും നിഷ അജയകുമാറും പരസ്പരം സുഹ്യത്തുക്കളാണ്.


                            കഥയിലെ അവനും സുനില്‍ കുമാര്‍ താരകം എന്ന പേരില്‍ അതിലുണ്ട്. നിഷ അജയകുമാറിന്റെ അതിലെ ജനപ്രീതി അവന്‍ കണ്ട് ബോധ്യപ്പെട്ടതാണ്. അവള്‍ അതില്‍ എന്ത് വിഡ്ഡിത്തം എഴുതിയിട്ടാലും മൊബൈല്‍ഫോണ്‍ ക്യാമറ കൊണ്ട് എടുത്ത ഏതെങ്കിലുമൊക്കെ സ്വന്തം ഫോട്ടോ ഇട്ടാലും എവിടെ നിന്നെന്നില്ലാതെ ഉറുമ്പുകളെ പോലെ ആളുകള്‍ എത്തി ആ അഭിപ്രായത്തെ പൊതിയും. പിന്നെ ഉറുമ്പുകളുടെ ഘോഷയാത്രയായിരിക്കും. സുനില്‍കുമാര്‍ താരകം എന്ന അവന് ഉറുമ്പുകളെ ആകര്‍ഷിക്കാനുള്ള യാതൊരു കഴിവുകളുമില്ലെന്ന് അവന് അതിനോടകം തന്നെ മനസ്സിലായി കഴിഞ്ഞിരുന്നു. രാത്രി ഒന്നരക്കൊക്കെ അത്യന്തം നിരാശനും വിവശനുമായി അവന്‍ കംപ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്ത് ശബ്ദം കേള്‍പ്പിക്കാതെ ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ അടുത്തേക്ക് ചെന്ന് നേരത്തെ തന്നെ വന്ന് കിടന്നെന്നു വരുത്താനായി തൊടാതെ ഒരരികു പറ്റി പുറം തിരിഞ്ഞ് കിടക്കും. താന്‍ എഴുതുന്നതൊന്നും ആര്‍ക്കുമാര്‍ക്കും വേണ്ടല്ലോ എന്ന നിരാശ ഉറക്കം വരും വരെ ചിന്തിച്ചു തീര്‍ക്കും. ചില ദിവസങ്ങളില്‍ അവനെ ഭാര്യ ഉറക്കത്തില്‍ നിന്നും ഞെട്ടി വഴക്കു പറയാറുമുണ്ട്. കുറെ നേരം നീണ്ടു നില്ക്കുന്ന കശപിശക്കു ശേഷമായിരിക്കും പിന്നീട് അവരിരുവരുടെയും ഉറക്കം. വഴക്ക് ഏതാണ്ട് തീര്‍ന്നെന്ന് തോന്നുമ്പോള്‍ അവളെ തന്റെ വരുതിയിലാക്കാന്‍ അവന്‍ ചിലപ്പോഴൊക്കെ അവളോട് പറയും.

                          - “രേഷ്മ സുനില്‍കുമാര്‍ എന്നൊരു പെട്ടിക്കട നെറ്റിലെ സൌഹ്യദക്കൂട്ടായ്മയില്‍ നിനക്കും തുടങ്ങാവുന്നതേയുള്ളു.”
 16ഏതാണ്ട് നിര്‍ത്തിയ വഴക്ക് കൈമുട്ടു കൊണ്ട് അവനെ ഇടിച്ചു കൊണ്ട് അവള്‍ ഒരു ചീറ്റലോടെ വീണ്ടും തുടങ്ങും.

                            - “നാട്ടില്‍ ഒരു പൂച്ചയുമായും ബന്ധമില്ലാത്ത ആള് നെറ്റിലുണ്ടാക്കുന്ന സൌഹ്യദങ്ങള്‍ തന്നെ ഈ വീട്ടില്‍ ധാരാളം. ഇനി എന്റെ ഒരു പെട്ടിക്കടയുടെ കുറവേ അതിലുള്ളു. കിടന്നുറങ്ങാന്‍ നോക്ക് മനുഷ്യാ.”    
  

                              അത്തരമൊരു പുറം തിരിഞ്ഞുള്ള കിടപ്പിലാണ് ആനീസ് ട്രീസ എന്ന പേര് അവനിലേക്ക് ഓടിയെത്തിയത്. പിറ്റേന്നു കാലത്തു തന്നെ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ മുഖത്തോടെയുള്ള ഫേക്ക് ഐ.ഡിയില്‍ ആനീസ് ട്രീസയായി അവന്‍ മാറി. ആനീസ് ട്രീസ സുനില്‍ കമാര്‍ താരകത്തിന്റെ സുഹ്യത്താണ്. അജയകുമാറും നിഷ അജയകുമാറുമെല്ലാം ആനീസ് ട്രീസയുടെ സുഹ്യത്തുക്കളാണ്. ആനീസ് ട്രീസക്കും എന്ത് എഴുതിയിട്ടാലും ഉറുമ്പു പൊതിയും വിധം സൌഹ്യദങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആനീസ് ട്രീസ എന്ന സുനില്‍കുമാര്‍ താരകം ഏറെക്കുറെ ഇന്ന് സന്തോഷവാനാണ്. ആളുകളെ പറ്റിക്കുന്നതിലെ സന്തോഷവും സംത്യപ്തിയും അവനെ സംബന്ധിച്ച് ഇന്ന് ഒന്നു വേറെ തന്നെയാണ്.    

                             ആനീസ് ട്രീസ എന്ന സുനില്‍കുമാര്‍ താരകം സുരാഗ്.കെ.ടിയെ  അതില്‍ കണ്ടാലും കണ്ടതായി നടിക്കാറില്ല. ഒരു പെണ്ണായി പിറന്നാല്‍ മതിയായിരുന്നു എന്ന് ജീവിതത്തില്‍ ആദ്യമായി തോന്നിപ്പോയതിന് അവന്  ഇപ്പോഴും സുരാഗ്.കെ.ടിയോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നീരസമുണ്ട്. അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിലാണെങ്കില്‍ തന്നെയും നേരില്‍ കണ്ടാല്‍ എന്തെങ്കിലുമൊക്കെ തമ്മില്‍ തമ്മില്‍ പറയുമെന്നല്ലാതെ ഇനിയുള്ള കാലം അവര്‍ തമ്മില്‍ സൌഹ്യദങ്ങള്‍ നെറ്റിലും നാട്ടിലും ഉണ്ടാകുമോ എന്ന് പറയാന്‍ അവന്റെ ഇന്നത്തെ മാനോനില വെച്ച് പറയാന്‍ വലിയ പ്രയാസവുമാണ്.    

                             പപ്പായത്തണ്ടു കൊണ്ട് ഒരു പുല്ലാങ്കുഴല്‍ എന്തിന് സുനില്‍കുമാര്‍ താരകം എന്ന ആണൊരുവന്‍ മറ്റൊരു ആണായ സുരാഗ്.കെ.ടിക്ക് തന്നെത്തന്നെ സങ്കടപ്പെടുത്താനായി വെറുതെ ഉണ്ടാക്കി നല്കണം എന്നു തന്നെയാണ് അന്നു മുതല്‍ ഇന്നു വരെ അവന്റെ ചിന്ത.

                                                                       -0-

2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

നുറുങ്ങുകള്‍, ശകലങ്ങള്‍


ചിന്തകളും കൈകളും

                
                     ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തില്‍ ഒന്നുമൊന്നും ചിന്തിക്കാതെ മനസ്സിനെ വെക്കാന്‍ ശ്രമിക്കുന്ന രവിയുണ്ട്. മുത്തച്ഛന്റെ പക്കല്‍ നിന്നും കിട്ടിയതായിരുന്നു രവിക്ക് അത്. വായിച്ചു കഴിഞ്ഞ് അത് ചെയ്യാന്‍ ശ്രമിച്ചു നോക്കിയിട്ടുണ്ട്. ഒന്നുമൊന്നും ആലോചിക്കാതിരിക്കാന്‍ ആലോചിക്കുമ്പോഴൊക്കെയും അത്തരമൊന്ന് ഒരിക്കലും പറ്റില്ല എന്ന് തിരിച്ചറിഞ്ഞു എന്നു മാത്രം. ആനന്ദിന്റെ ആള്‍ക്കൂട്ടത്തില്‍ നിന്നും കൂടെ പോന്നത് എവിടെയെങ്കിലുമൊക്കെ നില്ക്കുമ്പോഴും മറ്റും കൈകള്‍ വെറുതെ വെക്കാനുള്ള പ്രയാസത്തെ പറ്റിയാണ്. എവിടെയെങ്കിലുമൊക്കെ താങ്ങ് നല്കാതെ കൈകള്‍ വെറുതെ വെക്കാന്‍ പറ്റില്ലെന്ന് അതിനു ശേഷം അത്തരമൊന്നിനെ പറ്റി ആലോചിക്കുമ്പോഴൊക്കെയും തിരിച്ചറിയുന്നു. പേന്റ്സിന്റെ കീശ, തോള്‍സഞ്ചി, വാനിറ്റി ബേഗ്, തൂവാല എന്നിവയെ എല്ലാം അതിനോട് കൂട്ടി വായിക്കുന്നു.           


തലശ്ശേരി കടല്‍പ്പാലം
           
          

                      തലശ്ശേരി കടല്‍പ്പാലത്തില്‍ ചെറുപ്പകാലത്ത് പോയ ഓര്‍മ്മകളില്‍ പ്രായമുള്ള ഒരാള്‍ അവിടെ ഇരുന്ന് മീന്‍ പിടിക്കുന്നതിന്റെ ഓര്‍മ്മ ഇപ്പോഴുമുണ്ട്. അതിനടുത്തുള്ള തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നാണ് ഞാന്‍ എന്റെ വയസ്സ് എണ്ണാന്‍ തുടങ്ങുന്നത്. കുട്ടിക്കാലത്ത് കണ്ട കഥ ഇതുവരെ എന്ന സിനിമയില്‍ നടന്‍ സോമന്‍ മീനുകളെ പിടിച്ചിടുന്ന രംഗം, അത് എവിടെ വെച്ച് എടുത്തതാണോ, എന്തോ, തലശ്ശേരി കടപ്പുറത്തേക്ക് അക്കാലത്ത് ഞാന്‍ മനസ്സു കൊണ്ട് പറിച്ചു മാറ്റിയിട്ടുമുണ്ട്.
        

                      കടല്‍പ്പാലത്തില്‍ നിന്നും നോക്കിയാല്‍ പഴയ കാലത്തെ ഒട്ടേറെ പാണ്ട്യാലകള്‍ കാണാം. അവിടം പിന്നീട് തലശ്ശേരിയിലെ സമാന്തരവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഇടങ്ങളായി മാറി. മഹാത്മ,ക്രെസ്റ്, പാട്യംസ് എന്നിവയായിരുന്നു അവയില്‍ മുന്‍പന്തിയില്‍. ഈയടുത്ത് പാരലല്‍ കോളേജുകള്‍ തലശ്ശേരിയുടെ മറ്റൊരു ഭാഗത്തേക്ക് മാറി.  ദൂരെയുള്ള ധര്‍മ്മടം തുരുത്ത് കടല്‍പ്പാലത്ത് നിന്നും കാണാവുന്നതാണ്.


                       കടല്‍പ്പാലത്തിന്റെ ഓര്‍മ്മയില്‍ ഇന്നും തങ്ങി നില്ക്കുന്നത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പേരമകള്‍ പ്രശസ്ത ചിത്രകാരനായ കെ.കെ.മരാരുടെ കൂടെ കടല്‍പ്പാലം കാണാന്‍ വന്ന ദ്യശ്യമാണ്. പേരമകള്‍ അപ്പൂപ്പന്റെ പ്രവര്‍ത്തന മേഖലയായിരുന്ന തലശ്ശേരി കാണാന്‍ വന്നതായിരുന്നു. കടല്‍പ്പാലത്തിലേക്ക് വാഹനങ്ങള്‍ കയറുന്നത് തടയാനായി കടല്‍പ്പാലം കടലിലേക്ക് കയറുന്ന ഇടത്ത് കല്ലുകൊണ്ട് മതില്‍ തീര്‍ത്തിട്ടുണ്ട്. എങ്കിലും ആളുകള്‍ക്ക് കടല്‍പ്പാലത്തിലേക്ക് കടക്കാന്‍ പറ്റും വിധത്തില്‍ ഉയരം കുറഞ്ഞ ഒരു കമാനം ആ മതിലില്‍ തീര്‍ത്തിട്ടുണ്ട്. അവിടെ നന്നായി തല താഴ്ത്തിക്കൊണ്ട് കയറാതിരുന്നതിനാല്‍ ഹെര്‍മെന്‍ ഗുണ്ടര്‍ട്ടിന്റെ പേരമകളുടെ തലയുടെ മുകള്‍ഭാഗം ചെറുതായി ഇടിച്ചു. ഇടിച്ചു പോയ ഭാഗം നന്നായി കൈ കൊണ്ട് തിരുമ്മാന്‍ കെ.കെ.മാരാര്‍ എപ്രകാരം എന്ന് കാട്ടിക്കൊടുക്കുന്നതിനായി അദ്ദേഹത്തിന്റെ തന്നെ തലയില്‍ കൈ വെച്ച് തിരുമ്മിക്കൊണ്ട് അവരോട് പറയുന്നതും അവര്‍ അത് മനസ്സിലാക്കി അനുസരിക്കുന്നതും ഇന്നും മായാത്ത ഓര്‍മ്മയാണ്. തലശ്ശേരിയില്‍ പൊതുവെ കാണാറുള്ള മറ്റ് വിദേശികളില്‍ നിന്നും വ്യത്യാസമായി അവര്‍ സല്‍വാറും കമ്മീസുമായിരുന്നു ധരിച്ചിരുന്നത്്.
          

                         പിന്നീട് ഒരു ബന്ധുവിന്റെ കൂടെ ഒരു വൈകുന്നേരം കടല്‍പ്പാലത്തില്‍ വന്നപ്പോള്‍ ചൂണ്ടക്കാരില്‍ ഒരാള്‍ക്ക് വലിയൊരു മീനിനെ കിട്ടി. പൊതുവെ കടല്‍പ്പാലത്തിലെ ചൂണ്ടക്കാര്‍ക്ക് കിട്ടുക ചെറിയ മീനുകളെയാണ്. അതുവരെ കണ്ട ചൂണ്ടക്കാരനേ ആയിരുന്നില്ല പിന്നീട് അയാള്‍. അതു വരെ ചെറിയ മീനുകളെ പിടിച്ചപ്പോഴൊന്നും കാണിക്കാത്ത വ്യഗ്രതയും തലയെടുപ്പും മറ്റും മറ്റും. അതിനിടയില്‍ സൈക്കിളില്‍ ഒരാള്‍ വന്ന് മീനിന് വലിയ വില പറഞ്ഞെങ്കിലും ചൂണ്ടക്കാരന് അത്തരമൊരു കച്ചവടത്തിലേ താല്പര്യമില്ല. മീന്‍ അപ്പോഴേക്കും ഒരു പിടച്ചലില്‍ മറു ഭാഗത്തേക്ക് തിരിഞ്ഞു കിടന്ന് വാലിട്ടടിച്ചു. അതിന്റെ വെള്ളി നിറമാര്‍ന്ന പുറത്താകെ മണ്ണ് പുരണ്ടു. ചൂണ്ടക്കാരന്‍ അതോടെ മീന്‍ പിടിക്കുന്നതു മതിയാക്കി ജേതാവിനെ പോലെ അതിനെ വാലില്‍ പിടിച്ചെടുത്ത് കമാനം കടന്ന് നടന്നു പോകുന്നത് എല്ലാവരും തെല്ലു നേരം നോക്കിനിന്നു. അയാള്‍ അതിനെ എന്തുചെയ്തോ, ആവോ?കടലില്‍ കഴിഞ്ഞു പോന്ന ആ വലിയ മീന്‍ ജീവിതത്തില്‍ അവസാനം തോന്നിപ്പോയ ബുദ്ധിമോശത്തിന്റെ പുറത്ത് അയാളുടെ സ്വന്തമായി.
         

                          പിന്നീടുള്ളത് ഒരു ചൂണ്ടക്കാരന്‍ പുറത്ത് ഒറ്റക്കൊമ്പുള്ള ഒരു ചെറുമീനിനെ കടല്‍പ്പാലത്തിലേക്ക് വലിച്ചു കയറ്റിയതിനു ശേഷം ചൂണ്ടക്കൊളുത്തില്‍ നിന്നും അടര്‍ത്തി അതിനെ കരയില്‍ പിടക്കും വിധം ഉപേക്ഷിച്ചതാണ്. കാരണം ചോദിച്ചപ്പോള്‍ അതിനെ തിന്നാന്‍ കൊള്ളില്ലെന്നു പറഞ്ഞു. അപ്പോഴേക്കും കടല്‍പ്പാലം കാണാന്‍ വന്ന രണ്ടു കുട്ടികള്‍ അതിന്റെ കൊമ്പില്‍ പിടിച്ച് കളി തുടങ്ങി. അവരുടെ അമ്മ അതിനെ കടലിലേക്കു തന്നെ വിടാന്‍ കുട്ടികളോട് പറഞ്ഞു. അവര്‍ മനസ്സില്ലാമനസ്സോടെ അതിനെ കടലിലേക്ക് തന്നെ വിട്ടു. അത് നീന്തിപ്പോയി കാണും. സ്ളേറ്റ് കളര്‍ കടലില്‍ അതിനെ പിന്നെ എങ്ങനെ  കാണാനാണ്!
            

                          മുമ്പ് കപ്പലില്‍ നിന്നും പാണ്ട്യാലകളിലേക്ക് സാധനങ്ങള്‍ ഇറക്കാന്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് ക്രെയിന്‍ പൊളിച്ചെടുത്ത ദ്വാരം കടല്‍പ്പാലത്തിന്റെ കാലുകള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ ചിലരൊക്കെ ഉപയോഗിക്കുന്നതു കാണാം. അവരെ കുറിച്ച് അപാരധീരന്‍മാരെന്നു മനസ്സില്‍ തോന്നിപ്പോയിട്ടുണ്ട്. കടല്‍പ്പാലത്തിനുള്ളിലേക്ക് ഇറങ്ങിയവരില്‍ ചിലര്‍ അതിന്റെ കാലിന്‍മേല്‍ നിന്നും കല്ലുമ്മക്കായകള്‍ പറിക്കുന്നതും കാണാറുണ്ട്. ചിലര്‍ കടല്‍വെള്ളത്തില്‍ നീന്തിക്കുളിക്കുന്നതും കടല്‍പ്പാലത്തില്‍ നിന്നുകൊണ്ട് കണ്ടിട്ടുണ്ട്.  ഇപ്പോള്‍ കടല്‍പ്പാലം ഏറെക്കാലത്തെ ഉപ്പുസ്പര്‍ശത്താല്‍ അതിന്റെ കാലുകള്‍ ഏറെയും തുരുമ്പെടുത്തു പോയിരിക്കുന്നു.
           

                        മനുഷ്യരില്‍ കൂടുതല്‍ പേരുടെയും കൂടെ സദാ പോരുന്ന മരണഭയം എന്നെ ഇന്ന് കടല്‍പ്പാലത്തേക്കുള്ള നടത്തത്തില്‍ നിന്നും വിലക്കുന്നുണ്ട്. എങ്കിലും കടല്‍പ്പാലത്തിന്‍ മേലെയുള്ള നടത്തത്തില്‍ വളരെ കുറഞ്ഞ ദൂരത്തേക്കെങ്കിലും കടലിലേക്കുള്ള ചെറുയാത്ര തരപ്പെടുമായിരുന്നു. ഞാന്‍ കണ്ട ദ്യശ്യങ്ങളില്‍ ചിലത് ഇത്രയെങ്കില്‍ കാണാതെ പോയ ദ്യശ്യങ്ങള്‍ എത്രയാകാം?


മുഴുനീളസിനിമാചാനലുകള്


                      എന്തിനാണ് മുഴുനീളസിനിമാചാനലുകള്‍ എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. സിനിമയിലെ കെട്ടുകാഴ്ചകള്‍ മാത്രമാണോ ജീവിതം? മുമ്പൊക്കെ വായിക്കുക, വരിക്കാരാകുക / വായിക്കുക, വളരുക എന്നൊക്കെ പറഞ്ഞിരുന്ന ആനുകാലികങ്ങളില്‍ ചിലതൊക്കെ ഇന്ന് വാങ്ങുക, വിത്തു നേടുക/ വാങ്ങുക, വിലയിളവില്‍ മരുന്ന് നേടുക  എന്നൊക്കെയായി മാറിയിട്ടുണ്ട്. എന്തുതരം സാമൂഹ്യപ്രതിബദ്ധതയാണ് സിനിമാ ചാനലുകള്‍ സമൂഹത്തില്‍ മുന്നോട്ട് വെക്കുന്നത്? ഒരു വിഭാഗം മനുഷ്യരുടെ ചലിക്കുന്ന ചിത്രങ്ങളും മറ്റും നോക്കിയും കേട്ടും ഇരിക്കുന്ന ഒരു ജനത. പ്രത്യേകിച്ചും പുറത്തു പോകാതെ വീട്ടില്‍ കഴിയുന്ന സ്ത്രീകള്‍. മുഴുനീളന്‍ സിനിമാ ചാനലുകള്‍ മുന്നോട്ടു വെക്കുന്നത് നേരം ഗുണപ്രദമായി ഉപയോഗിക്കാന്‍ മാത്രമുള്ളതല്ല, നേരം പോക്കാനുമുള്ളതാണെന്ന പുത്തന്‍ ചിന്താപദ്ധതികള്‍ ആയിരിക്കാന്‍ മാത്രമേ ഇടയുള്ളു. സിനിമകളില്‍ നിന്നും നാട്ടിലേക്ക് മുമ്പൊക്കെ വ്യാപകമായി പുറത്തിറങ്ങിയിരുന്ന പഞ്ച് ഡയലോഗുകള്‍ക്ക് ഈയിടെ വലിയ തോതില്‍ കുറവുണ്ടെന്നത് ചാനലുകളിലെ സിനിമകള്‍ സ്യഷ്ടിച്ച ഗുണഫലങ്ങളില്‍ ഒന്നാണ്.


ആപേക്ഷികം


                         മറ്റുള്ളവരുടെ അഹങ്കാരത്തെ പറ്റി എല്ലാവരും എപ്പോഴെങ്കിലുമൊക്കെ ചിന്തിക്കാറുണ്ട്. പക്ഷേ അഹങ്കാരത്തിന് രണ്ടു തലങ്ങളുണ്ട്. ഒരാളുടെ അഹങ്കാരത്തെ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താനാവുന്ന അവസ്ഥയും ഉപയോഗപ്പെടുത്താന്‍ ആകാത്ത അവസ്ഥയും. ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അതൊരു നല്ല കാര്യമാണ്. ഉപയോഗപ്പെടുത്താനാവാത്തവര്‍ക്ക് അതത്ര നല്ല കാര്യമല്ല. ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അത്തരക്കാരിലെ അഹങ്കാരം എന്നത് ഒരിക്കലും തോന്നാത്ത ഒരു അവസ്ഥയാണ്. അഹങ്കാരം ഉണ്ടെന്ന് മറ്റൊരു വിഭാഗത്തിന് തോന്നുന്നവര്‍ അവരെ ഉപയോഗപ്പെടുത്തുന്നവരെ സംബന്ധിച്ച് എന്നും നല്ല സുഹ്യത്തുക്കളുമായിരിക്കും.  ഉപയോഗപ്പെടുത്താന്‍ ആകാത്തവരെയോ അത്തരത്തില്‍ ഒന്നില്‍ താല്പര്യമില്ലാത്തവരെയോ സംബന്ധിച്ച് മറ്റുള്ളവരുടെ അഹങ്കാരം എന്നും കീറാമുട്ടിയാണ്. അഹങ്കാരം ഉണ്ടെന്നു തോന്നുന്നവരെ അവര്‍ ദൂരെ മാറ്റി നിര്‍ത്തുകയോ അത്തരക്കാരില്‍ നിന്നും അവര്‍ ദൂരെ മാറി നില്ക്കുകയോ ചെയ്യും.  അതുകൊണ്ടു തന്നെ ഒരാളുടെ അഹങ്കാരം എന്നത് മറ്റുള്ളവരെ സംബന്ധിച്ച് തികച്ചും ആപേക്ഷികമായ ഒരു കാര്യമാണ്.


സില്‍ക്ക സ്മിത എന്ന നടി


                         പൊതുവെ ഉച്ചപ്പടം എന്നു വിവക്ഷേപിക്കുന്ന വിഭാഗം സിനിമകളിലെ ഒരു നടിയോടൊപ്പം സില്‍ക്ക് സ്മിത തങ്ങളുടെ ലൈഗികാസംത്യപ്തികളെ ഒരു നിലക്ക് ആശ്വസിപ്പിച്ചുവെന്ന് ഏറ്റുപറയുന്ന ഒരു പുരുഷസമൂഹം മലയാളികള്‍ക്കിടയിലുണ്ട് എന്ന രീതിയില്‍ ഈയിടെ ഒരു ലേഖനത്തില്‍ വായിച്ചു. സിനിമ എന്നത് വികാരിയസായി പ്രേക്ഷകരിലേക്ക് കാര്യങ്ങള്‍ പകരുന്ന ഒരു മീഡിയമാണ്. പ്രേക്ഷകരുടെ മനസ്സിന്റെ തരാതരം പോലെ അവര്‍ സിനിമകളില്‍ നിന്നും പലതും ഉള്‍ക്കൊള്ളും. പ്രണയവും മറ്റും പ്രേക്ഷകര്‍ സിനിമയില്‍ നിന്നും ഉള്‍ക്കൊള്ളുന്നത് നായകനോടും നായികയോടും അവരുടെ സിനിമാ-കഥാ പരിസരങ്ങളോടും താദാത്മ്യപ്പെട്ടിട്ടു തന്നെയാണ്. പ്രേക്ഷകരില്‍ പുരുഷസമൂഹം മാത്രമല്ല അത്തരത്തില്‍ പെരുമാറുന്നത്. ഹ്യഷികേശ് മുഖര്‍ജിയുടെ ഗുഡി എന്ന സിനിമ തന്നെ അതിലെ നായികയായ പെണ്‍കുട്ടിക്ക്  ഒരു ഹിന്ദി സിനിമാതാരത്തോട് തോന്നുന്ന തികച്ചും അപക്വമായ പ്രണയത്തെ കുറിച്ചാണ്.  ഈ രണ്ടു നടിമാര്‍ക്കു മാത്രം ഒപ്പം പുരുഷ സമൂഹം കറങ്ങുന്നു എന്ന് മാത്രം പറയുന്നത് എന്തുകൊണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. വലിയ തെറ്റിദ്ധാരണയാണത്. മറ്റു നടീനടന്‍മാര്‍ക്കൊപ്പവും സിനിമാതിരക്കഥകള്‍ക്കൊപ്പവും വികാരിയസ് എന്ന ഇംഗ്ളീഷ് വാക്കിന് അര്‍ത്ഥമുണ്ടെങ്കില്‍ തീര്‍ച്ചയായും തരാതരം പോലെ പ്രേക്ഷകര്‍ പെരുമാറി കാണും.


                          അതോടൊപ്പം തന്നെ സില്‍ക്ക് സ്മിത എന്ന നടിയുടെ അഭിനയ ജീവിതവും ശരിക്കും പഠിക്കേണ്ടതുണ്ട്. അവര്‍ ഒന്നാന്തരം നടിയായിരുന്നു എന്നതാണ് സത്യം. തമിഴിലും മറ്റും അവര്‍ നിലവാരമുള്ള വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്തിന് കോമഡി റോള്‍ പോലും അവര്‍ തന്‍മയത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. കമല്‍ഹാസന്റെയും രജനീകാന്തിന്റെയും ഭാഗ്യരാജിന്റെയും മറ്റും സിനിമകളില്‍ പലതിലും ഒഴിവാക്കാന്‍ പറ്റാത്ത നടിയായിരുന്നു സില്‍ക്ക് സ്മിത. ഒരേ ടൈപ്പ് സിനിമകള്‍ ചെയ്ത ഏതെങ്കിലും ഒരു നടിയോട് അവരെ കൂട്ടിത്തുന്നുന്നതിനോട്  വിയോജിക്കേണ്ടതുണ്ട്. സില്‍ക്ക് സ്മിതയോടൊപ്പം പരാമര്‍ശിക്കപ്പെട്ട നടി അവരുടെ പേര് എന്നതിനുമപ്പുറം ഒരേ ടൈപ്പ് സിനിമകളുടെ ലേബല്‍ കൂടിയായിരുന്നു. പ്രത്യേകിച്ച് മേല്‍വിലാസങ്ങളാല്‍ അടയാളപ്പെടുത്താത്ത ഒട്ടനവധി നടികള്‍ ചേര്‍ന്നതായിരുന്നു അത്തരം സിനിമകള്‍. അടുത്തിടെ പല മാധ്യമങ്ങളാലും ഒട്ടേറെ കൊട്ടിഘോഷിക്കപ്പെട്ട മലയാളത്തിലെ ഒരു നാലാംകിട സിനിമയും പ്രത്യേകിച്ച് മേല്‍വിലാസങ്ങള്‍ തീര്‍ക്കാത്ത ഒട്ടേറെ നടികളുടെ സിനിമയാണ്. മേല്‍ പറഞ്ഞ നടിയെ പോലെ ആ സിനിമ അതിലെ നായകന്റെ പേരിനാല്‍ അറിയപ്പെടുന്നു എന്നേയുള്ളു. ചില ലേബലുകള്‍ വീഴുക എന്നതാണ് അത്തരം സിനിമകളുടെ പ്രത്യേകത.

                           എന്താണ് സില്‍ക്ക് സ്മിതയെ ബഹുമാനിക്കാന്‍ ഇത്രയും പ്രയാസം?  അവര്‍ മാത്രമാണോ ഐറ്റം ഡാന്‍സുകള്‍ സിനിമകളില്‍ മുന്‍കാലങ്ങളില്‍ ചെയ്തത്? ഇപ്പോഴും സിനിമകളില്‍ പലരും അത്തരം ഡാന്‍സുകള്‍ ചെയ്തു വരുന്നുണ്ട്. യാതൊരു സാങ്കേതികത്തികവുമില്ലാത്ത വിധവും ഔട്ട് ഡോര്‍ ഷൂട്ടിങ്ങ് രംഗങ്ങള്‍ പരമാവധി ഇല്ലാത്ത വിധവും ചിലവ് കുറച്ചെടുത്ത ഉച്ചപ്പടം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന  തട്ടിക്കൂട്ട് വിഭാഗം സിനിമകളിലെ ഭാഗമായിരുന്നില്ല സില്‍ക്ക് സ്മിത. ഒന്നാന്തരം സിനിമാ ബാനറുകളുടെ ഭാഗമായിരുന്നു അവര്‍. അവരെ കൊണ്ടുപോയി ഏതെങ്കിലും അപക്വമായ ചിന്തകളുടെ തൊഴുത്തില്‍ കെട്ടുന്നതിനോട് യോജിക്കേണ്ടതില്ലെന്നു തോന്നുന്നു. സില്‍ക്ക് സ്മിതയെ പറ്റി അത്തരം കാര്യങ്ങളൊക്കെ എഴുതുന്നതിന് മുമ്പ് ഏതാവത് ഭാഗ്യരാജിന്റെ സില്‍ക്ക് സ്മിത അഭിനയിച്ച സിനിമകളെങ്കിലും കാണേണ്ടതുണ്ട്.

                           അവരുടെ കാലശേഷം അവരെ പറ്റി കവിതകളും ലേഖനങ്ങളും നോവലുകളും പലപ്പോഴായി പലരാല്‍ എഴുതപ്പെടുന്നു.  അവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒട്ടനവധി സിനിമകള്‍ പല ഭാഷകളിലായി ഈയിടെ ഇറങ്ങുന്നതായും കാണുന്നു. അത്തരം സിനിമകളില്‍ ഒന്നായ ഡേര്‍ട്ടി പിക്ചര്‍ എന്ന ഹിന്ദി സിനിമയിലെ ട്വിസ്റ് തന്നെ അതുവരെയും അഭിനയിച്ചു കൊണ്ടിരുന്ന സിനിമകളില്‍  വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇഷ്ടപ്പെടാതിരിക്കുമ്പോള്‍ പോലും ഉദാരമായ നിലപാട് പല കാരണങ്ങളാല്‍ കാണിച്ച നായിക ഒടുവില്‍ സ്വയം ഒടുങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ ശരീരത്തെ പട്ടുസാരിയില്‍ വരേണ്യമായ ഒരു തലത്തിലേക്ക് മാറ്റി എഴുതിക്കൊണ്ടാണ്. അഭിനയ പ്രാധാന്യമുള്ള ഒരു സിനിമ എന്നും ഡേര്‍ട്ടി പിക്ച്ചറിലെ നായിക ആഗ്രഹിച്ചു കൊണ്ടിരുന്നു.

                            ജീവിക്കുമ്പോള്‍ വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിക്കാതെ പോകുകയും ചെവി അറുത്തു മാറ്റുകയും മറ്റും ചെയ്ത ചിത്രകാരനായ വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവിതത്തെ ഒരു പക്ഷേ സില്‍ക്ക് സ്മിതയുടെ ജീവിതത്തോടും കൂട്ടി വായിക്കേണ്ടതുണ്ടെന്നു തോന്നുന്നു.   സില്‍ക്ക് സ്മിത അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ ഗുണപ്രദമായ വിധത്തില്‍ സിനിമകളില്‍ ഉപയോഗിക്കപ്പെടാതിരുന്നിട്ടും ഒരു നടി ഓര്‍മ്മകളില്‍ എന്നും തങ്ങി നില്ക്കുക എന്നത് ഒരു ചെറിയ കാര്യമല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. 


ഒരേ അച്ചില്‍ ഒരേ ഇഡ്ഡലി, ഒരേ പുട്ട്.   
         


                          വായനക്കാരന്‍ എന്ന രീതിയില്‍ എനിക്കു തോന്നിയത് പലപ്പോഴും ചില സ്ത്രീകളുടെ രചനകള്‍ക്കുള്ള കുഴപ്പം പലതും സ്റീരിയോ ടൈപ്പോ പരസ്പര അനുകരണമോ ആകുന്നു എന്നതാണ്. വീടിനു പുറത്തു പോകുന്നവര്‍ പോലും അടുക്കളയില്‍ നീറുകയാണെന്ന്  എഴുതുന്നതു കാണാറുണ്ട്. അതൊക്കെയാണ് ഫെമിനിസ്റ് കവിതകള്‍ എന്നു കരുതിക്കൊണ്ടും എളുപ്പത്തില്‍ ശ്രദ്ധ ലഭിക്കും എന്ന ചിന്തയിലും പുതുതായി വരുന്ന പെണ്ണെഴുത്തുകള്‍ പോലും അത്തരം കവിതകളെ അനുകരിക്കുകയാണ് ചെയ്യുന്നത്. നാല്പത് നാല്പത്തഞ്ചു വയസ്സില്‍ നിന്നും പതിനാറ് പതിനേഴ് വയസ്സിലേക്ക് പഴയ പടിയാക്കാന്‍ പറയുന്ന ഒരു പെണ്‍കവിതക്ക് ഇത്രയും കാലം ഒരു മാംസത്തോടൊപ്പമാണല്ലോ കഴിഞ്ഞത് എന്ന് ഒരു ആണ്‍ എതിര്‍കവിതയുണ്ട്. പലപ്പോഴും പലരും കണ്ണടച്ച് അത്തരം കവിതകളെ പിന്താങ്ങുന്നതും കാണാറുണ്ട്. അത്തരം കവിതകളില്‍ ഫെമിനിസം എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരു ബാദ്ധ്യതയായാണ് അനുഭവപ്പെടാറുള്ളത്. ഒരേ അച്ചില്‍ ഒരേ ഇഡ്ഡലി, ഒരേ പുട്ട്.   


ബിജു പുതുപ്പണത്തിന്റെ കുഞ്ഞുകുഞ്ഞുസിനിമകള്‍


                        ബിജു പുതുപ്പണത്തെ പരിചയപ്പെടുന്നത് തികച്ചും അവിചാരിതമായിട്ടാണ്.  പുസ്തകവില്പനയുമായി ബന്ധപ്പെട്ട് കഴിയുന്ന ബിജുവിനെ പോലെ ഒരാളെ പരിചയപ്പെടാനുള്ള അവസ്ഥ ആ കാലത്ത് ഒരിക്കലും എനിക്കുണ്ടായിരുന്നില്ല. ഞാന്‍ അക്കാലങ്ങളില്‍ സാഹിത്യസംബന്ധിയായ പുസ്തകങ്ങള്‍ പൂട്ടിവെച്ചവനായിരുന്നു. എങ്കിലും ഒരു നാള്‍ അവന്‍ എന്നിലേക്ക് ആകസ്മികമായി വരികയായിരുന്നു. അവന്റെ കൈയില്‍ തലശ്ശേരി കറന്റ് ബുക്സില്‍ നടക്കുന്ന പരിപാടികളുടെ നോട്ടീസുമുണ്ടായിരുന്നു. അവന് എന്നെയോ എനിക്ക് അവനെയോ തെല്ലും അറിയുമായിരുന്നില്ല. അവന്‍ തന്ന നോട്ടീസില്‍ ഒട്ടനേകം സാഹിത്യകാരന്‍മാരുണ്ടായിരുന്നു. പരിപാടി കേള്‍ക്കാനും കാണാനും ചെല്ലാന്‍ അവന്‍ എന്നെ ക്ഷണിച്ചു. ചെല്ലാം എന്നു പറഞ്ഞെങ്കിലും ഒരു ദിവസം പോലും ഞാന്‍ പോയില്ല. എന്തെന്നാല്‍ ഞാന്‍ എഴുത്തും വായനയും ഏറെക്കുറെ നിര്‍ത്തിയവന്‍. അവര്‍ക്കും എനിക്കും തമ്മിലെന്ത് എന്നായിരുന്നു ചിന്ത.

                         പരിപാടികളൊക്കെ കഴിഞ്ഞ ഒരു നാള്‍ പക്ഷേ അവന്റെ അടുത്തേക്ക് ഞാന്‍ മണ്ടി മണ്ടി ചെന്നു. ഒരുപാട് സൌഹ്യദങ്ങളൊന്നുമില്ലാതെ ഏറെക്കുറെ ഉള്‍വലിഞ്ഞ് ഒതുങ്ങിക്കൂടുന്ന എനിക്ക് സൌഹ്യദം കൂടാന്‍ പറ്റുന്ന തരം ശരീരഭാഷ അവനിലുണ്ടായിരുന്നു. അവന്റെ സൌഹ്യദം നേടിയെടുക്കാന്‍ മാത്രമാണ് അവന്റെ അടുത്തേക്ക് ചെന്നത്. കരുതിയതു പോലെ തന്നെ സ്നേഹത്തിന്റെയും സൌഹ്യദത്തിന്റെയും ഒരു പാലം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി. എങ്കിലും പിന്നെയും ഒരുപാട് നാള്‍ അവനാരാണ് എന്ന് എനിക്ക് അറിയുമായിരുന്നില്ല. അവനൊട്ട് പറഞ്ഞുമില്ല.

                          ആ ഇടക്ക് ഒരു ദിവസമാണ് ടി.കെ.അനില്‍കുമാറിന്റെ വീട്ടില്‍ പോകുന്നത്. എന്റെ വീടിന് തെല്ലടുത്താണ്  അനില്‍കുമാറിന്റെ വീടെങ്കിലും ആദ്യമായിട്ടായിരുന്നു അവിടെ ചെല്ലുന്നത്. വര്‍ഷങ്ങളോളം എന്റെ വീടും അനില്‍കുമാറിന്റെ വീടും നാട്ടിലുണ്ടെങ്കിലും അവിടെ ചെല്ലുന്നതിന് മുപ്പത്തേഴു വര്‍ഷങ്ങള്‍ വേണ്ടിവന്നു. എന്തെന്നാല്‍, വീണ്ടും പറയട്ടെ, ഞാന്‍ എഴുത്തും വായനയും ഏറെക്കുറെ നിര്‍ത്തിയവന്‍. അനില്‍കുമാര്‍ അല്‍ കാഫറൂണ്‍- സംവാദങ്ങളുടെ പുസ്തകം എന്ന നോവലും സാഹിത്യത്തിലെ കീഴാളപരിപ്രേക്ഷം എന്ന ലേഖനവുമൊക്ക എഴുതി നില്ക്കുന്ന കാലമാണ്.പഠിക്കുന്ന കാലത്തേ അനില്‍കുമാര്‍ നാട്ടില്‍ കൈയെഴുത്തു മാസികകളും മറ്റും ഇറക്കിയിട്ടുണ്ട്. അനില്‍കുമാറിന് എന്നോടുണ്ടായിരുന്ന പരിചയം ഞാന്‍ അല്പസ്വല്പം എഴുതുമെന്ന് ഞങ്ങള്‍ക്കിടയിലുള്ളവര്‍ അക്കാലത്തേ പറഞ്ഞറിഞ്ഞുണ്ടായതാണ്.

                          അവിടെ വെച്ച് ബിജുവിനെ അനില്‍കുമാര്‍ എനിക്ക് പരിചയപ്പെടുത്തി തന്നു. പരിചയക്കാരനെ പരിചയപ്പെട്ട ദിവസമായിരുന്നു അത്. ബിജു അവിടെയുണ്ടായിരുന്നില്ല. പക്ഷേ അവന്റെ മൂന്ന് ഷോര്‍ട്ട് ഫിലിമുകളുണ്ടായിരുന്നു. ആദ്യത്തേത് എനിക്കൊന്നും മനസ്സിലായില്ല. ബുദ്ധിജീവി അല്ല ഞാന്‍ എന്ന് അനില്‍കുമാറിന് തോന്നാതിരിക്കാന്‍ ഞാന്‍ മനസ്സിലായ രീതിയില്‍ ഇരുന്നു. പിന്നെ ഇട്ടത് വലുതായി ഇഷ്ടപ്പെടായ്കയാല്‍ കൊള്ളാം എന്ന അഭിപ്രായം പറഞ്ഞു. മൂന്നാമത്തെതായിരുന്നു എന്നെ സ്പര്‍ശിച്ചത്. കളേര്‍സ് - ഫൈവ് മിനുട്ട്സ് ഷോര്‍ട്ട് ഫിലിം എന്ന ആ ഹ്രസ്വചിത്രം പല ആനുകാലികങ്ങളിലും വെബ് സൈറ്റുകളിലും സോഷ്യല്‍ കൂട്ടായ്മകളിലും ഫെമിനിസ്റ് സിനിമയാണെന്നും അല്ലെന്നും ഏറെ ചര്‍ച്ച ചെയ്യപ്പട്ട 22 ഫീമെയില്‍ കോട്ടയം ഇറങ്ങുന്നതിനു മുമ്പു തന്നെ ഇര കടന്നുകയറ്റക്കാരനെ ഒതുക്കിയ അഞ്ചു മിനുട്ടിന്റെ കവിതയാണെന്ന് കണ്ടു കഴിയുമ്പോള്‍ തിരിച്ചറിയാവുന്നതാണ്. എ ക്ളൌഡ് എലോണ്‍ ( ഷോര്‍ട്ട് ഫിലിം ബൈ അഖില്‍.വി) എന്ന ഹ്രസ്വചിത്രമാകട്ടെ പൂച്ചയും പശുവും പോലും നടീനടന്‍മാരായി അഖിലിനും ബിജുവിനും നന്നായി അഭിനയിച്ചു കൊടുക്കുന്ന ഷോര്‍ട്ട് ഫിലിമാണ്.

                         എഴുത്തിന്റെയും വായനയുടെയും മേഖലയിലേക്ക് ഈയിടെ മെല്ലെ മെല്ല തിരിച്ചു വരുമ്പോള്‍ ബിജു തരുന്ന സൌഹ്യദം തെല്ലൊന്നുമല്ല ഉപകരിക്കുന്നത്. ബിജുവിനോട് ഞാന്‍ നന്ദി പറയുന്നില്ല. എന്തെന്നാല്‍ ഞങ്ങള്‍ക്കിടയില്‍ ഒരു പക്ഷേ അങ്ങനെയൊന്നില്ല. 
                                                                            -0-