2012, നവംബർ 17, ശനിയാഴ്‌ച

കടല്‍മൂരിയുടെ പുസ്തകശാല


                       പുറത്ത് മദ്യശാലക്ക് മുന്നിലെ ആളുകളുടെ ക്യൂ തെല്ലകലെയുള്ള അരയാലും കടന്നു എന്ന് രതീശന്‍ മൂക്കിലേക്ക് താണ കണ്ണടക്കു മുകളിലൂടെ കണ്ണുകളുയര്‍ത്തി കണ്ടുവെച്ചു. സായാഹ്നപത്രം വന്നപ്പോഴാണ് സംഗതി മനസ്സിലായത്. വലിയ അക്ഷരത്തില്‍ നാളെ ഹര്‍ത്താലും പണിമുടക്കുമെന്ന് മുന്‍പേജില്‍ അതിലുണ്ടായിരുന്നു. പുതിയ കട തുടങ്ങിയിട്ട് മൂന്നു ദിവസമേ ആയിരുന്നുള്ളു. ഉദ്ഘാടന ദിവസം കുറച്ച് ആളുകള്‍ ഉണ്ടായിരുന്നത് ഒഴിച്ചാല്‍ പിന്നെയുള്ള രണ്ടു ദിവസവും കടയിലേക്ക് ഒന്നോ രണ്ടോ പേരല്ലാതെ മറ്റാരും കാര്യമായി വന്നതില്ല എന്നത് അവനെ തെല്ലൊന്നുമായിരുന്നില്ല അലട്ടുന്നത്. അപ്പോഴേക്കും ഹര്‍ത്താല്‍ വന്നുവെന്ന് അവന്‍ മനസ്സില്‍ കരുതി. സാധനങ്ങള്‍ വാങ്ങാന്‍ പുതിയ സ്ഥലത്ത് ആളുകള്‍ വരുമോ എന്ന ആശങ്ക തികച്ചും തീര്‍ന്നിട്ടില്ലാത്തതിനാല്‍ പെട്ടെന്നൊരു ഹര്‍ത്താല്‍ വന്നു പെട്ടത് അവന് തെല്ലും ഇഷ്ടപ്പെട്ടില്ല.

                         അഗ്രിഷോപ്പില്‍ നിന്നും വാങ്ങിക്കൊണ്ടു വെച്ച മഞ്ഞള്‍ വിത്തുകള്‍ നടാമെന്നും അടുക്കളക്ക് മുകളില്‍ പുകയത്തിട്ട തേങ്ങകള്‍ താഴേക്കിട്ട് പൊതിക്കാമെന്നും നാളത്തെ പരിപാടികളെ അവന്‍ തീര്‍ച്ചപ്പെടുത്തി. ചേനയുടെയും ചേമ്പിന്റെയും മഞ്ഞളിന്റെയും വിത്തുകള്‍ നാലു മാസം മുമ്പ് വാങ്ങിയതായിരുന്നു. വിത്തുകള്‍ തരുമ്പോള്‍ തന്നെ അഗ്രിഷോപ്പുകാരന്‍ പറഞ്ഞു.

                          - “ചേന ഇപ്പോള്‍ തന്നെ നട്ടോളു. ചേമ്പ് മെയില്‍ നട്ടാ മതി. മഞ്ഞള്‍ നടാന്‍ ജൂണ്‍ വരെ കാത്തോളു.”

                         അഗ്രിഷോപ്പുകാരന്‍ വിത്തുകളുടെ കൂടെ കുമിള്‍നാശിനിയും നല്കി. വിത്തുകളൊക്കെ കണ്ടപ്പോഴേ തുടങ്ങിയ ദേഷ്യം പിറ്റേന്ന് കുളിക്കാനെടുക്കുന്ന വലിയ ചെമ്പുപാത്രത്തിലെ വെള്ളത്തില്‍ കുമിള്‍നാശിനി ചേര്‍ത്ത് ഉണ്ടാക്കിയ ലായനിയില്‍ അവയെ മുക്കുമ്പോഴാണ് ശാലിനി പുറത്തെടുത്തത്.

                          - “എന്നെ കൊണ്ട് പറ്റില്ല ഇതൊന്നും ചെയ്യാന്‍. ചേനയും ചേമ്പും മഞ്ഞളും നട്ട് ഇരുപത് സെന്റില്‍ എസ്റേറ്റ് പണിയാന്‍ പോകുവല്ലേ. പാറ പോലത്തെ മണ്ണില്‍ ഇതില്‍ നിന്നും എന്തുണ്ടാകാനാ? എന്റെ മനുഷ്യാ, മാലയും വളയും പണയം വെച്ചിട്ടായാലും വേണ്ടില്ല നിങ്ങളാ പുസ്തകക്കട കടപ്പുറത്തു നിന്നും ടൌണിലേക്ക് മാറ്റാനുള്ള വഴി നോക്ക്.”

                          അപ്പോഴാണ് കുമിള്‍ നാശിനി ഒന്നാം ക്ളാസില്‍ പഠിക്കുന്ന ഇളയ കുട്ടി വന്ന് കൈ കൊണ്ട് തൊടാന്‍ നോക്കിയത്. അവള്‍ രതീശനോട് തോന്നിയ ദേഷ്യം മുഴുവന്‍ കൈയിലുണ്ടായിരുന്ന കീടനാശിനി വെള്ളത്തിലിട്ട് ഇളക്കാനായി എടുത്ത കയില്‍ക്കണ അടിക്കാനെന്ന വണ്ണം വിറപ്പിച്ചു കൊണ്ട് കുട്ടിയോട് കാണിച്ചു.

                          - “ആവശ്യമുള്ളത് എടുത്താല്‍ പോരെ നിനക്ക്. പോയ്ക്കോ ദൂരെ. കണ്ണിന്‍ മുമ്പില്‍ കണ്ടു പോകരുത് നിന്നെ.”

                           അവന്‍ മുഖവും വീര്‍പ്പിച്ച് അകത്തേക്ക് ഓടിപ്പോയി. മൂന്നാം ക്ളാസില്‍ പഠിക്കുന്ന മൂത്തവന് അത് കണ്ട് സന്തോഷമായി. അവന്‍ മെല്ലെ അമ്മയെ സഹായിക്കാന്‍ ചെന്നപ്പോള്‍ അവനും കിട്ടി വഴക്ക്.

                      - “ഇനിയിപ്പോള്‍ നിന്നോട് പ്രത്യേകം പറയണമായിരിക്കും. പോ. എന്തെങ്കിലുമെടുത്ത് വായിക്കാന്‍ നോക്ക്.”

                        പോയില്ലെങ്കില്‍ തല്ലുകൊള്ളും എന്ന് കണ്ട് അവനും അകത്തേക്ക് പോയി. ശാലിനി പിറുപിറുത്തു.

                       - “പിള്ളേരും അച്ഛന്റെ ജനുസ്സ് തന്നെ.”

                          അവള്‍ ദേഷ്യപ്പെടുന്നതു കണ്ട് അകത്തു നിന്നും പുറത്തേക്ക് വന്ന് അമ്മയും പറഞ്ഞു.

                           - “എന്തിനാടാ ഇതൊക്കെ കൊണ്ടു വന്നിരിക്കുന്നത്? നിനക്കാ കട അവിടുന്നു മാറ്റരുതോ? എന്നാല്‍ ആകുന്നത് ഞാനും സഹായിക്കാലോ.”         

                        ശാലിനിക്ക് മൂക്കത്തായിരുന്നു അക്കാലം ശുണ്ഠി. തൊട്ടതിനും തൊടുന്നതിനുമെല്ലാം വഴക്കു പറയുമായിരുന്നു. രതീശന്റെ വീട്ടില്‍ കഷ്ടപ്പാടുണ്ടെന്നു കണ്ട് അവള്‍ക്ക് അവളുടെ അച്ഛന്‍ പെന്‍ഷനില്‍ നിന്നും നല്കിയ കാശില്‍ നിന്നുമാണ് വിത്തുകള്‍ വാങ്ങാന്‍ വക മാറ്റിയത്. അവള്‍ക്ക് ദേഷ്യം പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. പറഞ്ഞതു പോലെ കട തെല്ലൊന്ന് ടൌണിന് അടുത്തേക്ക് മാറ്റിയപ്പോള്‍ കുറച്ചു ദിവസമായി അവള്‍ ഏതാണ്ട് പഴയപടി തന്നെ ആയിട്ടുണ്ട്. അവളെ പറഞ്ഞിട്ടും കാര്യമില്ല. അത്രക്ക് കഷ്ടപ്പാടുകളായിരുന്നു അക്കാലം അത്രയും.

                      പാണ്ട്യാല റോഡില്‍ പുസ്തകക്കടയുള്ള കാലത്ത് ഒരു ദിവസം ഇരുന്നൂറ് പേജിന്റെ നോട്ട് വാങ്ങാനാണ് അവളും കൂട്ടുകാരിയും കടയിലേക്ക് വന്നത്. അന്നാണ് ആദ്യമായി രതീശന്‍ അവളെ കാണുന്നതു തന്നെ. കറുത്തു മെലിഞ്ഞ പെണ്‍കുട്ടി. പുസ്തകവും രണ്ട് മിഠായിയും വാങ്ങി അവള്‍ കൂട്ടുകാരിക്കൊപ്പം പോയെങ്കിലും അല്പം കഴിഞ്ഞ് ഒറ്റക്ക് തിരിച്ചു വന്നു. കൈവിരല്‍ കൊണ്ട് അടയാളം വെച്ചു പിടിച്ച പുസ്തകതതിന്റെ പുറം മലര്‍ത്തി അവള്‍ പറഞ്ഞു.

                     - “നോട്ട് കീറിയിട്ടുണ്ട്. ഇതൊന്നു മാറ്റിത്തരണം.”

                     അവന്‍ വാങ്ങി നോക്കുമ്പോള്‍ ഒരു പേജിന്റെ കാല്‍ഭാഗം പോയിരിക്കുന്നു. അവന് പെട്ടെന്ന് ഒരു തമാശ പറയാനാണ് തോന്നിയത്.

                     - “ആ പേജു പറിച്ചു കളഞ്ഞാല്‍ പ്രശ്്നം തീര്‍ന്നില്ലേ.”

                      അവള്‍ അത് കേട്ട് അവനെ പഠിക്കാനെന്ന വണ്ണം തെല്ലൊന്ന് നോക്കിക്കൊണ്ട് പറഞ്ഞു.

                        - “അങ്ങനെയിപ്പോള്‍ പ്രശ്നം തീര്‍ക്കണ്ട. ഇതിന് പകരം പുതിയൊരെണ്ണം താ.”

                        അവന്‍ നീട്ടിയ പുതിയ നോട്ട് വാങ്ങി ആകെ മറിച്ചു നോക്കി പേജുകളൊന്നും തന്നെ കീറിയിട്ടില്ലെന്ന് തിട്ടപ്പെടുത്തിയാണ് അന്ന് അവള്‍ മടങ്ങിപ്പോയത്. അതിന്റെ പുറത്ത് ഒരു കുഞ്ഞിന്റെ ചിരിക്കുന്ന മുഖമുണ്ടായിരുന്നു. അവള്‍ തെല്ലു നേരം അതിനെ കൌതുകത്തോടെ നോക്കിയത് അവന്‍ ശ്രദ്ധിച്ചു.

                       എത്രയോ കുട്ടികള്‍ തൊട്ടടുത്തുള്ള പാരലല്‍ കോളേജുകളിലേക്ക് പോകുന്നുണ്ടങ്കിലും അതിനുശേഷം ആദ്യമായി അവന്‍ അവള്‍ കോളേജിലേക്ക് വരുന്നതും പോകുന്നതും കാത്തിരിക്കാന്‍ തുടങ്ങി. അങ്ങനെയൊന്ന് എന്തിനെന്ന് അവന് തന്നെ അറിയില്ലായിരുന്നു. ചില ദിവസങ്ങളില്‍ അവളും എതെങ്കിലും കൂട്ടുകാരിയും പെന്നിനോ പുസ്തകങ്ങള്‍ക്കോ ഗൈഡുകള്‍ക്കോ കടയിലേക്ക് വരും. അവള്‍ വാങ്ങുന്ന പുസ്തകങ്ങളില്‍ നിന്നുമാണ് അവള്‍ ഡിഗ്രിക്ക് ഇംഗ്ളീഷാണ് പഠിക്കുന്നതെന്ന് അവന് മനസ്സിലായത്. കോളേജില്‍ അവന്‍ പഠിച്ചതും ഇംഗ്ളീഷായിരുന്നു.  സെക്കന്റ് ക്ളാസില്‍ അവന്‍ ഡിഗ്രി പാസായി. ഇംഗ്ളീഷ് പഠിച്ചതു കൊണ്ടു തന്നെ അവന് അവള്‍ക്ക് വേണ്ട പുസ്തകങ്ങളെ പറ്റി പറയാന്‍ പറ്റുമായിരുന്നു. 

                        പാരലല്‍ കോളേജുകള്‍ മൂന്നെണ്ണമായിരുന്നു കടല്‍ക്കരയിലുണ്ടായിരുന്നത്. പണ്ട് ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് പാണ്ട്യാലകളായിരുന്നു അവ. രണ്ടു തട്ടുകളുള്ള ഓടിട്ട വലിയ കെട്ടിടങ്ങള്‍. ഉള്‍വശത്ത് വലിയ മുറികള്‍. വലിയ തടി കൊണ്ടു തീര്‍ത്ത വാതിലുകളും ജനലുകളും. മച്ചും വലിയ മരപ്പണികള്‍ കൊണ്ട് തീര്‍ത്തവ തന്നയായിരുന്നു. പാരലല്‍ കോളേജുകള്‍ക്ക് പറ്റും വിധം വലിയ കെട്ടിടങ്ങളായിരുന്നു അവ.  മോണ്ടിസോറി, അക്കാദമി, മഹാരാജ എന്നീ കോളേജുകളായിരുന്നു അവയില്‍ ഉണ്ടായിരുന്നത്. അവയില്‍ മോണ്ടിസോറിക്കാണ് കെട്ടിടങ്ങള്‍ കൂടുതലുള്ളത്. മോണ്ടിസോറിയിലും അക്കാദമിയിലും തെല്ല് അച്ചടക്കം കൂടുതലാണ്. മഹാരാജ കുറച്ചുകൂടി റഗുലര്‍ കോളേജുകളില്‍ എന്ന പോലെ കുട്ടികള്‍ക്ക് സ്വാതന്ത്യം നല്‍കുന്ന കോളേജായിരുന്നു. അവിടെയാണ് ഡിഗ്രിക്ക് രതീശന്‍ പഠിച്ചത്. അവിടെയാണ് ശാലിനിയും പഠിക്കാനെത്തിയത്.

                         പുസ്തകക്കട രതീശന്‍ തുടങ്ങിയതായിരുന്നില്ല. രതീശന്റെ അച്ഛന്റെതായിരുന്നു അത്. പാരലല്‍ കോളേജുകള്‍ അടുത്തുള്ളതിനാല്‍ പുസ്തകക്കടക്ക് നല്ല വരുമാനം കിട്ടുമെന്ന ചിന്തയിലാണ് കട തുടങ്ങിയത്. രതീശന്റെ അച്ഛന് ഒരു കൈക്ക് തെല്ലൊരു സ്വാധീനക്കുറവുണ്ടായിരുന്നു. അത് വല്ലാതെ മെലിഞ്ഞിട്ടായിരുന്നു. വലതുകൈ കൊണ്ട് പുസ്തകങ്ങളും മറ്റും എടുത്തു നല്കുമ്പോള്‍ ഇടതു കൈ ശരീരത്തോട് ചേര്‍ന്ന് വലതു കൈക്ക് എല്ലാം ചെയ്യാന്‍ മൌനമായി സമ്മതം മൂളിക്കൊണ്ടിരിക്കും. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തന്നെ ക്ളാസു കഴിഞ്ഞുള്ള സമയം രതീശന്‍ അച്ഛനെ സഹായിക്കാന്‍ കടയിലേക്ക് പോരുക പതിവായി. അവന്‍ ഡിഗ്രി കഴിഞ്ഞ് എം.എക്ക് മഹാരാജയില്‍ തന്നെ ചേര്‍ന്നു പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പക്ഷാഘാതം വന്ന് അച്ഛന്‍ കിടപ്പിലാകുന്നത്. ആകെയുള്ള  ഒറ്റ മകനാകയാല്‍ കട അവന്‍ ഏറ്റെടുത്തു. അക്കാലം കൂടെ പഠിക്കുന്നവര്‍ കടയിലെ നിത്യസന്ദര്‍ശകരായിരുന്നു. പക്ഷേ വീട്ടിലെ കാര്യങ്ങള്‍ നോക്കലും മറ്റുമായി എം.എ മുഴുവനാക്കാന്‍ അവന് സാധിച്ചില്ല. ആറര കൊല്ലങ്ങളുടെ കിടപ്പിനു ശേഷം അച്ഛന്‍ മരിച്ചു പോയി.

                       അച്ഛനെ ശുശ്രുഷിച്ച് അമ്മക്കും വയ്യാതായിരുന്നു. വീട്ടിലേക്ക് ഒരാള്‍ തുണ വേണമെന്ന് അമ്മ പറയാന്‍ തുടങ്ങിയ കാലത്താണ് ശാലിനി മോണ്ടിസോറിയിലേക്ക് വരുന്നത്. കടയിലേക്ക് എന്തെങ്കിലുമൊക്കെ വാങ്ങാന്‍ അവള്‍ വരുമായിരുന്നു എന്നല്ലാതെ വരുന്നതും പോകുന്നതും നോക്കി അവന്‍ നില്പുണ്ടെന്നൊന്നും അവള്‍ക്ക് അറിയില്ലായിരുന്നു. അത്തരമൊന്നിനെ പറ്റി അവളോട് പെണ്ണുകാണാന്‍ ചെന്നപ്പോഴും അവന്‍ പറഞ്ഞതില്ല. പിന്നീടും ഒരിക്കലും പറഞ്ഞില്ല. അവള്‍ക്കാകട്ടെ പഠിക്കുന്ന കാര്യത്തില്‍ വലിയ താല്പര്യം ഒട്ടുണ്ടായിരുന്നതുമില്ല. ഡിഗ്രിക്ക് രണ്ടാം വര്‍ഷം പറഞ്ഞയക്കാന്‍ അവന്‍ നോക്കിയെങ്കിലും അവള്‍ മടിച്ചു കളഞ്ഞു. അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒടുവില്‍ അവള്‍ അവനോട് സ്വകാര്യം പറഞ്ഞു. 

                        - “അപ്പുറത്ത് കടയും വെച്ച് രതീശേട്ടന്‍ ഇരിക്കുമ്പോള്‍ പഠിപ്പൊന്നും ശരിയാകില്ല. കൂടെ പഠിക്കുന്ന പിള്ളേര് കളിയാക്കും. അവര്‍ക്ക് എന്തെങ്കിലുമൊക്കെ വീണുകിട്ടുകയേ വേണ്ടു. എന്നെ കൊണ്ട് പറ്റില്ല.”

                        പഠിക്കുന്നതിനേക്കാളും അവള്‍ക്കിഷ്ടം കുട്ടിയെ നോക്കുന്നതാണെന്ന് അവന് പെട്ടെന്നു തന്നെ മനസ്സിലായി. ആദ്യം കണ്ട ദിവസം തന്നെ അവള്‍ ആ ഇഷ്ടം തന്റെ മുന്നില്‍ നോട്ടുപുസ്തകത്തിലെ കവറിലെ കുഞ്ഞിന്റെ ചിത്രം കൌതുകത്തോടെ നോക്കിക്കൊണ്ട് കാണിച്ചതാണല്ലോ എന്ന് അവന്‍ ജനറല്‍ ആശുപത്രിയിലെ കിടക്കയില്‍ അവള്‍ക്കടുത്ത് കണ്ണടച്ച് ഉറങ്ങുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ തന്നെ ഓര്‍ത്തതുമാണ്.

                         കഴിഞ്ഞ വര്‍ഷമാണ് കടല്‍ക്കരയില്‍ നിന്നും മോണ്ടിസോറി സ്വന്തമായി വലിയ കെട്ടിടം ടൌണില്‍ നിന്നും രണ്ടു കിലോമീറ്ററുകള്‍ക്കപ്പുറത്ത് പണിതുയര്‍ത്തിയത്. രണ്ടു ബ്ളോക്കുകളിലായി വലിയ മൂന്നു നില കെട്ടിടങ്ങളും വലിയ ക്യാമ്പസുമൊക്കെയായി റഗുലര്‍ കോളേജു പോലെയാണ് മോണ്ടിസോറി മാറിയത്. വിദ്യാര്‍ത്ഥികളെല്ലാം ആ കോളേജിലേക്ക് പോകാന്‍ തുടങ്ങി. പുസ്തകങ്ങളും മറ്റും വില്ക്കുന്ന കടയും അവര്‍ തന്നെ അതിനകത്ത് തുടങ്ങി. അക്കാദമിയില്‍ തീരെ ആളില്ലാതെയായതിനാല്‍ പൂട്ടിപ്പോയി. മഹാരാജയും നിലനില്പിനായി മോണ്ടിസോറിക്കടുത്തായുള്ള ഷോപ്പിംഗ് കോംപ്ളക്സിന്റെ മുകളിലേക്ക് മാറി. എങ്കിലും അവിടെയും കുട്ടികള്‍ കുറവായിരുന്നു. കൊളേജുകള്‍ അവിടെ നിന്നും മാറുന്നതിനു മുമ്പു തന്നെ പാരലല്‍ കോളേജുകളിലും മറ്റും ആര്‍ട്സ് വിഷയങ്ങള്‍ക്ക് ഈയിടെ കുട്ടികള്‍ കുറവാണെന്ന് രതീശന് തോന്നിത്തുടങ്ങിയിരുന്നു. പണ്ടത്തെ പോലെ ആണ്‍കുട്ടികളൊന്നും ആര്‍ട്സ് വിഷയങ്ങള്‍ക്ക് വരുന്നില്ലെന്ന് രതീശന് തോന്നി. ഈയിടെ ആര്‍ട്സ് വിഷയങ്ങള്‍ക്ക് പെണ്‍കുട്ടികളാണ് കൂടുതല്‍ എന്നായിരുന്നു രതീശന്റെ കണ്ടെത്തല്‍. കോമേഴ്സിനും മാത്സിനുമൊക്ക എന്നാലും ആണ്‍കുട്ടികളുണ്ട്. ഈയിടെ എല്ലാവരും പ്രൊഫണല്‍ കോഴ്സുകള്‍ക്ക് പിന്നാലെയാണ് എന്നവന്‍ ചിന്തിച്ചുറപ്പിച്ചു.

                         പാരലല്‍ കോളേജുകള്‍ പോയതോടെ പാണ്ട്യാലകളിലേക്കുള്ള താറിട്ടതെങ്കിലും അത്രയൊന്നും വീതിയില്ലാത്ത റോഡുകളില്‍ കുട്ടികള്‍ വരാതായി. പഴയ മഹാരാജ കോളേജില്‍ പാത്രങ്ങളുടെ ഗോഡൌണ്‍ പെട്ടെന്നാണ് തുടങ്ങിയത്. കുട്ടികള്‍ ഒഴിയാന്‍ കാത്തതു പോലെയായിരുന്നു പാത്രങ്ങള്‍ വന്നത്. മറ്റുള്ളവയും പലതരം ഗോഡൌണുകളാകാന്‍ തുടങ്ങി. രതീശന്റെ കടയില്‍ ആരും വരാതായി. റോഡിലൂടെ ഇടക്കൊക്കെ കൈവണ്ടികള്‍ വലിച്ചുകൊണ്ട് ലോഡിംഗ് ഏന്റ് അണ്‍ലോഡിംഗ് ആളുകള്‍ പോകും. പണ്ടേ പാണ്ട്യാല റോഡുകളില്‍ അവരുണ്ട്. ഈയിടെ അവരും എപ്പോഴെങ്കിലും വഴിയിലൂടെ പോകുന്ന യാത്രക്കാരും മാത്രമായി. അവന്‍ പുസ്തകങ്ങളിലേക്ക് നോക്കി. എഴുന്നേറ്റ് ചെന്ന് ചിലത് എടുത്തു നോക്കി. ഷേക്സ്പിയറുടെ ആന്റണി ഏന്റ് ക്ളിയോപാട്ര എടുത്തപ്പോള്‍ അവനില്‍ പരിചാരികമാരും മറ്റുമുണ്ടെങ്കിലും ക്ളിയോപാട്രയുടെ ഒറ്റയായിപ്പോയ അവസാന കാലം ഓര്‍മ്മ വന്നു. ബര്‍ണാഡ് ഷായുടെ ആംസ് ഏന്റ് ദി മാന്‍, ഇബ്സന്റെ ഡോള്‍സ് ഹൌസ് എന്നിവയെല്ലാം അവന്‍ എടുത്തു നോക്കി. പുസ്തകങ്ങളും അവനെ പോലെ മൂകരായിരിക്കുന്നു എന്നവന് തോന്നി. പുസ്തകങ്ങളില്‍ ചെറുതായി പൊടി വരുന്നുണ്ടോ എന്നു തോന്നിയതിനാല്‍ അവന്‍ പുസ്തകങ്ങള്‍ പൊടിമുട്ടി എടുത്ത്് മുട്ടാന്‍ തുടങ്ങി. പഴയ കുടയുടെ ശീല കൊണ്ട് ശാലിനി ചെറിയ ഓടക്കമ്പില്‍ ഉണ്ടാക്കി നല്കിയതായിരുന്നു അത്.

                          ചില ദിവസങ്ങളില്‍ കട തുറന്ന് തെല്ലു കഴിഞ്ഞാല്‍ കട പൂട്ടി കടല്‍ക്കരയിലൂടെ നടന്നു ചെന്ന് കടല്‍പ്പാലത്തില്‍  പോയി വെറുതെ ഇരിക്കും. ചില ദിവസങ്ങളില്‍ പാത്രങ്ങളുടെ ഗോഡൌണിനു മുമ്പില്‍ ചില പാണ്ടി ലോറി വന്നു കിടക്കുന്നുണ്ടാകും. പാത്രങ്ങള്‍ പാണ്ട്യാലയില്‍ സ്റോക്കു ചെയ്യുന്ന തിരക്ക് കടല്‍പ്പാലത്തില്‍ നിന്നും രതീശന്‍ തെല്ലു നേരം വെറുതെ നോക്കിനില്ക്കും. പിന്നെ കടല്‍. വെറുതെ നോക്കിനില്ക്കാന്‍ ഏറ്റവും പറ്റിയ ഒന്നാണ് കടല്‍. ഒരേ പരപ്പും ഒരേ ശബ്ദങ്ങളും ഒരേ കാറ്റും പുറത്തേക്കു തള്ളി നില്ക്കുന്ന ഒരേ പാറക്കെട്ടുകളും ഒരേ കടല്‍മണവും ഒരേ തീരവുമൊക്കെയാകും കടലിലുണ്ടാകുക. എങ്കിലും വെറുതെ കണ്ടുനിന്നാലും തെല്ലും മുഷിയില്ല. കടല്‍പ്പാലത്തിന്‍ മേല്‍ ചൂണ്ടലിട്ട് മീന്‍ പിടിക്കാനായി ഇരിക്കുന്നവരുടെ അടുത്തു ചെന്നു വെറുതെ നോക്കും. എത്ര നേരം വേണമെങ്കിലും മീനിനായി കാത്തിരിക്കുന്ന അവരുടെ ക്ഷമയാണ് ലോകത്തെ ഏറ്റവും വലിയ ക്ഷമ എന്ന് അവനപ്പോള്‍ തോന്നാറുണ്ട്. അപ്പോഴും വീട്ടിലെ അടുക്കളയില്‍ നിന്നും ദേഷ്യത്തോടെ ശാലിനി പാത്രങ്ങളോട് ശബ്ദത്തോടെ പെരുമാറുന്നത് ഓര്‍മ്മ വരും.

                          തലേന്ന് രാത്രി അവള്‍ ചോദിച്ചത് അവന്‍ ഓര്‍ത്തു.


                        - “വയ്യാത്ത കാലത്ത് എന്റെ അച്ഛന്‍ പോറ്റാനാണോ എന്നെയും കുട്ടികളെയും?”

                        അര്‍ത്ഥം വെച്ചു കൊണ്ടുള്ള ഒരു മാതിരി ചിരി ചിരിച്ച് അവള്‍ കൂട്ടിച്ചേര്‍ത്തു.

                        - “അതും പോരാഞ്ഞ് എന്റെ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ അമ്മയേയും അച്ഛന്‍ പോറ്റണോ?”

                        അവളുടെ നാക്കും വാക്കുകളും കൊണ്ട് എന്തൊരു പൊറുതികേട് എന്നു തോന്നിയതിനാല്‍ പെട്ടെന്നു വന്ന ദേഷ്യത്തിന് വായില്‍ തോന്നിയതെല്ലാം അവന്‍ വിളിച്ചു പറഞ്ഞു. കുട്ടികള്‍ ഉണര്‍ന്നെഴുന്നേറ്റ് പകച്ചു നിന്നു. അമ്മ നിശ്ശബ്ദം അപ്പുറത്തെ മുറിയില്‍ നിന്നും എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ശാലിനി തലയണയില്‍ മുഖം ചേര്‍ത്ത് കരയാന്‍ തുടങ്ങി. അതു കണ്ട് സങ്കടം തോന്നി ആശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും ചുമല്‍ കുടഞ്ഞു കൊണ്ട് അവള്‍ തിരിഞ്ഞു കിടന്നു കളഞ്ഞു. എന്താണ് ചെയ്യേണ്ടത് എന്ന് എത്തും പിടിയും കിട്ടാതെ നെഞ്ചില്‍ രണ്ടു കൈകളും വെച്ചു കൊണ്ട് മുകളിലേക്ക് ഇരുട്ടില്‍ നോക്കി എത്ര നേരമാണ് കിടന്നതെന്നും എപ്പോഴാണ് ഉറങ്ങിയതെന്നും അവന്‍ അറിഞ്ഞില്ല.

                         ചൂണ്ടയില്‍ കുരുങ്ങുന്ന മീനുകളെ പിടിച്ച് അടുത്തുള്ള കുട്ടയിലാക്കുന്നുണ്ടെങ്കിലും മുതുകില്‍ ഒറ്റ കൊമ്പുള്ള ഒരു മീനിനെ കിട്ടിയപ്പോള്‍ അതിനെ പാലത്തിന്‍ മേല്‍ വെറുതെ ഇടുന്നത് കണ്ട് ചൂണ്ടക്കാരനോട് അവന്‍ തിരക്കി.

                         - “അതെന്താ ആ മീനിനെ എടുക്കാത്തത്?”

                         അയാള്‍ പറഞ്ഞു.

                         - “ങ്ങാ. അതോ. അതു തിന്നാന്‍ കൊള്ളില്ല.”

                        - “എന്താ അതിന്റെ പേര്?”

                       അയാള്‍ പറഞ്ഞു.

                        - “കടല്‍മൂരി.”

                       അവന്‍ അതിനെ മുതുകിലെ ഒറ്റക്കൊമ്പില്‍ പിടിച്ച് കൈയിലെടുത്തു. ആര്‍ക്കും വേണ്ടാത്ത ആ മീന്‍ താന്‍ തന്നെയാണോ എന്ന് അവനപ്പോള്‍ തോന്നി. അത് വായും ചെകിളയും ശ്വാസം കിട്ടാതെ അപ്പോഴും പിടപ്പിക്കുന്നുണ്ടായിരുന്നു. അവന്‍ അതിനെ കടലിലേക്കു തന്നെ എറിഞ്ഞു. സ്ളേറ്റ് കളറുള്ള കടലില്‍ അതെങ്ങോട്ട് പോയെന്ന് കാണാനുണ്ടായിരുന്നില്ല. എങ്കിലും അത് രക്ഷപ്പെട്ടു കാണുമെന്ന് അവന്‍ ഉറപ്പിച്ചു. ചൂണ്ടക്കാരന്‍ പക്ഷേ അതൊന്നും ശ്രദ്ധിച്ചതേയില്ല.

                      മീനിനെ കടലിലേക്ക് എറിഞ്ഞതോടെ അതുവരെയും അവിടെ വന്നിരിക്കുമ്പോഴൊന്നും തോന്നാതിരുന്ന ചില ചിന്തകള്‍ അവനുണ്ടായി. കടല്‍പ്പാലത്തിന്റെ അറ്റത്തു നിന്നും അവനെ തന്നെ താഴേക്കു ചാടിയാല്‍ എവിടെയായിരിക്കും പൊങ്ങുക എന്നതായിരുന്നു ആ ആലോചന. പണ്ട് കപ്പല്‍ അടുത്ത ഭാഗമാണത്. അടിയൊഴുക്കുകള്‍ ശക്തമായ സ്ഥലമായിരിക്കും. എല്ലാം പൊടുന്നനെ ഒടുങ്ങിക്കിട്ടും. പെട്ടെന്നു തന്നെ അവന് അത്തരമൊരു ആലോചനയില്‍ എന്തെന്നില്ലാത്ത ഭയം തോന്നുകയും വേഗത്തില്‍ അവിടെ നിന്നും തിരിച്ച് നടക്കുകയും ചെയ്തു. കടല്‍പ്പാലത്തില്‍ നിന്നും തെല്ല് അകലെ എത്തിയപ്പോള്‍ അവന്‍ നടത്തത്തിന്റെ വേഗം കുറച്ചു. അനന്തരം അവന്‍ ടൌണിലൂടെ അലസമായി നടന്നു.  

                       തന്നെ ജീവിതത്തിലേക്കു തന്നെ തിരിച്ചു പിടിക്കേണ്ടതുണ്ടെന്ന തോന്നിച്ചയോടെ പിന്നീടുള്ള ദിവസങ്ങളില്‍ ടൌണിനടുത്ത് എവിടേക്കെങ്കിലും കട മാറ്റാനുള്ള ഇടം അവന്‍ നോക്കിക്കൊണ്ടിരുന്നു. ചിലതിനൊക്കെ അന്വേഷിച്ചപ്പോള്‍ താങ്ങാന്‍ പറ്റാത്ത വാടക. ഒടുവിലാണ് മദ്യശാലക്ക് മുമ്പിലുള്ള കട കണ്ടെത്തിയത്. ഏതാണ്ട് ടൌണിനടുത്താണ്. ഇത്രയും കാലം പുസ്തകങ്ങള്‍ വിറ്റതിനാല്‍ തന്നെ മറ്റൊരു ജോലി ചെയ്യുന്നതിനെ പറ്റി അവന് ആലോചനകള്‍ പോകുന്നതുമില്ലായിരുന്നു. ആകെ ചിന്തകള്‍ പോയത് ചേമ്പും ചേനയും മഞ്ഞളും വാങ്ങുന്നതിലേക്കും ക്യഷി ചെയ്യുന്നതിലേക്കുമാണ്. ഒരു പശുവിനെ വാങ്ങണമെന്നും തോന്നാതിരുന്നില്ല. അന്വേഷിച്ചപ്പോള്‍ പശുവൊന്നും ഇക്കാലം മുതലാകില്ലെന്ന് അപ്പുറത്തെ വീട്ടിലെ ഗോപാലേട്ടന്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. പശുവിനെ വളര്‍ത്തി ശീലമില്ലാത്തവര്‍ക്ക് തീരെയും ശരിയാകില്ലെന്നും ഗോപാലേട്ടന്‍ പറഞ്ഞു. ആണ്‍കുട്ടികള്‍ ഗള്‍ഫില്‍ പോയതോടെ ഗോപാലേട്ടനും പശുവിനെ  ഒഴിവാക്കിയിരുന്നു.

                        കുറച്ചു ദിവസം മുമ്പാണ് ശാലിനിയുടെയും അമ്മയുടെയും മാലയും വളയുമൊക്കെ അവര്‍ രണ്ടുപേരും പറഞ്ഞതു പോലെ പണയം വെച്ച് അവന്‍ കട ടൌണിനടുത്തേക്ക് മാറ്റിയത്. ചില പ്രസാധകന്‍മാരുടെ പുസ്തകങ്ങള്‍ വരുത്തി റാക്കുകളില്‍ ഭംഗിയില്‍ നിരത്തി വെച്ചു. മത്സരപരീക്ഷ പുസ്തകങ്ങളും ആനുകാലികങ്ങളും പണ്ടത്തേതില്‍ നിന്നും പുതുതായി ചേര്‍ത്തു. പലതരം പെന്നുകളും ഓഫീസ് ഉപയോഗങ്ങള്‍ക്കായുള്ള സാമഗ്രികളും കൂടി കൂട്ടത്തില്‍ ചേര്‍ത്തു.

                        അവന്‍ മുന്നിലെ മദ്യശാലയിലേക്ക് വെറുതെ നോക്കി. എന്തൊരു തിരക്കാണവിടെ. ക്യൂവില്‍ നില്ക്കുന്നവര്‍ക്ക് മറ്റേതൊരു ക്യൂവിലുമില്ലാത്ത പരസ്പര ധാരണ മൂന്നു ദിവസമായി രതീശനെ തെല്ലൊന്നുമല്ല അമ്പരിപ്പിക്കുന്നത്. മദ്യപിക്കേണ്ടത് ഏതൊരാളുടെയും ആവശ്യമാണെന്നും പരസ്പരം സഹകരണം അതിന് ആവശ്യമാണെന്നും ആ നില്പില്‍ അവര്‍ പരസ്പരം അംഗീകരിച്ചതു പോലെയുണ്ട്.

                        അതും നോക്കി നിന്നാല്‍ തന്റെ ജോലിയൊന്നും നടക്കില്ലെന്ന് തോന്നുകയാല്‍ അവന്‍ എഴുന്നേറ്റ് അരയിലെ മുണ്ടിന്റെ ഉള്ളിലേക്ക് തെല്ല് കയറ്റിവെച്ചിരുന്ന തൂവാല എടുത്ത് മൂക്കിനു മുകളിലായി ചെവിക്കു പിന്നിലായി കെട്ടി. പിന്നെ പൊടിതട്ടി എടുത്ത് പുസ്തകങ്ങളുടെ പൊടി തട്ടാന്‍ തുടങ്ങി. പൊടി തട്ടിയില്ലെങ്കില്‍ പുസ്തകങ്ങള്‍ പെട്ടെന്ന് മഞ്ഞ നിറമാകും. എടുക്കുമ്പോള്‍ തന്നെ വല്ലാത്ത മണവും വരും. വല്ലാത്ത പൊടിയാണ് പുസ്തകങ്ങള്‍ക്കിടയിലേത്. അലര്‍ജി കൊണ്ട് ജലദോഷവും പിന്നെ പനി വരാനും മറ്റൊന്നും വേണ്ട തന്നെ.

                        അപ്പോഴാണ് കണ്ണടയും ജീന്‍സ് ഷര്‍ട്ടും പേന്റ്സുമിട്ട ഒരു ചെറുപ്പക്കാരന്‍ കടയിലേക്ക് വന്നത്. കണ്ടപ്പോള്‍ തന്നെ ബുദ്ധിജീവിയുടെ ലുക്കു തോന്നിയതിനാല്‍ ഒന്നു രണ്ടു പുസ്തകങ്ങള്‍ ചെറുപ്പക്കാരന്‍ വാങ്ങുമെന്ന് രതീശന് തോന്നി. അയാള്‍ രതീശനോട് ചിരിച്ച് റാക്കുകളിലെ പുസ്തകങ്ങള്‍ തിരയാന്‍ തുടങ്ങി. രതീശന് അടുത്തത്തിയപ്പോള്‍ പൊടി തട്ടാന്‍ എടുത്തു വെച്ച പുസ്തകങ്ങളും തിരയുവാന്‍ തുടങ്ങി.  തിരയുന്നതിനിടയില്‍ മദ്യശാലയിലേക്ക് നോക്കിക്കൊണ്ട് ചെറുപ്പക്കാരന്‍ പറഞ്ഞു.

                        - “നാട്ടിലിപ്പോള്‍ കള്ളുകുടിക്കുന്നവരാണ് കൂടുതല്‍.”

                        രതീശന്‍ പറഞ്ഞു.

                         - “അതെ. നാളെ ഹര്‍ത്താലായതു കൊണ്ടാണ് ഇത്രയും തിരക്ക്.”

                        - “പോരുമ്പോള്‍ കണ്ടു, മീന്‍ മാര്‍ക്കറ്റിലും നല്ല തിരക്കുണ്ട്.”

                         രതീശന്‍ പറഞ്ഞു.

                         - “കോഴിക്കടയിലും കാണും പിടിപ്പത് തിരക്ക്.”

                          ചെറുപ്പക്കാരന്‍ ചിരിച്ചു.

                         - “ഹര്‍ത്താലിന്റെ തലേന്ന് കോഴികള്‍ക്ക് ഇരിക്കപ്പൊറുതി കാണില്ല തന്നെ.”

                         രതീശന്‍ ശിവ് ഖേരയുടെ മാന്യതയാര്‍ന്ന ജീവിതം എന്ന പുസ്തകം പൊടി തട്ടി മേശപ്പുറത്തക്ക് വെച്ചു. 

                        അപ്പോള്‍ മറ്റൊരു ചെറുപ്പക്കാരനും കടയിലേക്ക് വന്നു. രതീശന്‍ അയാളുടെ അടുത്തേക്ക് ചെന്നു.  കൈയിലെ ബേഗില്‍ നിന്നും ഒരു കെട്ട് പുസ്തകങ്ങള്‍ എടുത്ത് വെച്ചു കൊണ്ട് അയാള്‍ പറഞ്ഞു.


                         - “എന്റെ പുസ്തകമാണ്.”

                         രതീശന്‍ പുസ്തകങ്ങള്‍ എടുത്തു നോക്കി. കഥകളാണ്. കടല്‍ മൂരിയുടെ പുസ്തകശാല എന്നാണ് പേര്. അവന് പെട്ടെന്ന് താന്‍ കടലിലേക്ക് എറിഞ്ഞ കടല്‍മൂരിയെ ഓര്‍മ്മ വന്നു. പുസ്തകശാലയുമായി ബന്ധമുള്ള കഥയാണല്ലോ എന്നും പൊടി തട്ടിക്കഴിഞ്ഞ് കഥകള്‍ വായിച്ചു നോക്കണമെന്നും അവന്‍ തീരുമാനിച്ചു. സുധേഷ്.ഒ.ആര്‍ എന്നാണ് ചെറുപ്പക്കാരന്റെ പേരെന്ന് രതീശന് കവറില്‍ നിന്നു തന്നെ മനസ്സിലായി.

                          അവന്‍ തിരക്കി.

                         - “എന്തു ചെയ്യുന്നു?”

                        - “ഞാനിവിടെ മോണ്ടിസോറിയിലാണ്.”

                       മോണ്ടിസോറി തന്നെ പറിച്ചു നട്ട സ്ഥാപനമാണല്ലോ എന്നവന്‍ പെട്ടെന്ന് ഓര്‍ത്തു പോയി.

                      - “ഒരു പത്തു നാല്പതു കോപ്പിയുണ്ട്.”

                       അവന്‍ പറഞ്ഞു.

                      - “നാല്പതൊന്നും വേണ്ട. പത്തെണ്ണം വെച്ചോളു.”

                       - “അതു സാരമില്ലെന്നേ. അവിടെ ഇരിക്കട്ടെ.”

                       - “പുസ്തകങ്ങള്‍ വല്ലതും വേണോ. കയറി നോക്കിക്കോളു.”

                       - “ഞാന്‍ പിന്നീട് നേരത്തോടെ വരാം. ബാക്കി പുസ്തകങ്ങള്‍ അനശ്വര ബുക്സില്‍ കൊടുക്കേണ്ടതുണ്ട്. ആള്‍ക്കാരൊക്കെ വന്നാല്‍ എന്റെ പുസ്തകം വാങ്ങാന്‍ ഒന്നു പറയണേ.”

                       രതീശന്‍ തലയാട്ടി. ചെറുപ്പക്കാരന്‍ ധ്യതിയില്‍ ഇറങ്ങിപ്പോയി.

                       വീണ്ടും പുസ്തകങ്ങള്‍ പൊടി തട്ടുന്നിടത്തേക്ക് രതീശന്‍ പോന്നു. അപ്പോള്‍ ചെറുപ്പക്കാരന്‍ തിരക്കി.

                      - “എന്നെ ഓര്‍മ്മയുണ്ടോ?”

                       രതീശന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് പറ്റാത്തതിനാല്‍ അയാളെ ചോദ്യഭാവത്തില്‍ നോക്കി.

                      - “ഞാന്‍ മഹാരാജയില്‍ പഠിച്ചതായിരുന്നു. ഒരു ഏഴു കൊല്ലം മുമ്പ്.”

                       രതീശന്‍ ഓര്‍മ്മയില്ലാത്തതിനാല്‍ പറഞ്ഞു.

                       - “എത്ര കുട്ടികള്‍ വന്നതും പോയതുമാണ്. അതുകൊണ്ട് ഓര്‍മ്മ കിട്ടില്ല.”

                        - “കടപ്പുറത്തുള്ള പാരലല്‍ കോളേജുകള്‍ പോയതോടെയാണല്ലേ ഇങ്ങോട്ടേക്ക് മാറിയത്. ഇവിടെയും പുസ്തകങ്ങള്‍ അത്രയൊന്നും പോകുന്നില്ല, അല്ലേ?”

                        രതീശന്‍ പറഞ്ഞു.

                       - “അത്യാവശ്യം പോകുന്നൊക്കെയുണ്ട്.”

                     - “തെല്ലു കൂടെ ടൌണിനടുത്തേക്ക് മാറ്റാമായിരുന്നില്ലേ?”

                      അവന്‍ പറഞ്ഞു.

                    - “റെന്റ് ഒക്കുന്നില്ല.”

                    - “ഇപ്പോള്‍ ആളുകളുടെ വായനയും തെല്ലു പിന്നോട്ടാ. ടി.വിയും കണ്ടിരിപ്പല്ലേ എല്ലാരും. പിന്നെ മൊബൈല്‍ ഫോണും. അതില്‍ നെറ്റു കൂടി കിട്ടാന്‍ തുടങ്ങിയതോടെ ആളുകള്‍ സിനിമാപ്പാട്ടും കണ്ടിരിപ്പായി. അല്ലേ?”

                     രതീശന്‍ സമ്മതിച്ചു കൊടുത്തു. അപ്പോള്‍ ഒരു ബൈക്ക് നിരങ്ങി വന്ന് കടയുടെ മുന്നില്‍ വന്നു നിന്നു. ചെറുപ്പക്കാരന്‍ രതീശനോട് പറഞ്ഞു.

                     - “എന്നാ വരട്ടെ. പിന്നൊരു ദിവസം നേരത്തോടെ വരാം.”

                      രതീശന്‍ ബൈക്കുകാരനെ നോക്കി. തെല്ലുനേരം മുമ്പത്തെ പാളിനോട്ടത്തില്‍ മദ്യശാലക്ക് മുന്നിലെ ക്യൂവില്‍ നില്പുണ്ടായിരുന്നു അയാള്‍. ക്യൂവില്‍ നില്ക്കാന്‍ വയ്യാത്തതിനാല്‍ കടയിലേക്ക് കയറി വന്നതാണ് ചെറുപ്പക്കാരന്‍ എന്ന് രതീശന് മനസ്സിലായി.

                       ഇക്കാലത്തെ ചെറുപ്പക്കാരുടെ ഓരോരോ കാര്യങ്ങള്‍ എന്നു വിചാരിച്ചു കൊണ്ട് രതീശന്‍ വീണ്ടും പുസ്തകങ്ങള്‍ പൊടി തട്ടാന്‍ തുടങ്ങി.

                       പൊടി മുട്ടിയ പുസ്തകങ്ങള്‍ തിരിച്ച് റാക്കിലേക്ക് തന്നെ വെക്കാന്‍ നേരത്താണ് മാന്യതയാര്‍ന്ന ജീവിതം എന്ന പുസ്തകം വെച്ചിടത്ത് കാണുന്നില്ലെന്ന് രമേശന് മനസ്സിലായത്. അവന്‍ ആ പുസ്തകത്തിനായി പലയിടങ്ങളിലായി നോക്കി. താഴെ എങ്ങാനും വീണോ എന്ന് മുട്ടുകാലില്‍ കുത്തിയിരുന്ന് റാക്കുകള്‍ക്കിടയിലേക്കും നോക്കി.

                      അതു പക്ഷേ അവിടെ എവിടെയുമില്ലായിരുന്നു. പുതിയ കടയിലെ ആദ്യനഷ്ടം എന്ന് രതീശന്‍ അതിനെ മൂന്നു ദിവസമായി കടയിലും വീട്ടിലുമായി കൂട്ടിക്കൊണ്ടിരുന്ന പലതരം കണക്കുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ മറന്നു പോകാതിരിക്കാനായി പെട്ടെന്നു തന്നെ മേശവലിപ്പില്‍ നിന്നും ഡയറി എടുത്ത് കുറിച്ചിട്ടു.

                     അതിന്റെ സങ്കടവും ജീവിതത്തിലെ മറ്റു പലതരം സങ്കടങ്ങളും തീര്‍ക്കാനായി അവന്‍ അന്ന് കുറച്ചു നേരത്തെ തന്നെ കട പൂട്ടി ജീവിതത്തില്‍ ആദ്യമായി മദ്യശാലക്ക് മുന്നില്‍ പോയി ആദ്യമായി ചെയ്യുന്നതിനാല്‍ തെല്ല് ഉച്ചത്തില്‍ മിടിക്കുന്ന ഹ്യദയത്തോടെ ക്യൂവില്‍ നിന്നു.

                     തെല്ലു നേരം ക്യൂവില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ അവന്റെ മൊബൈല്‍ ഫോണ്‍ ചിലച്ചു. കീശയില്‍ നിന്നും അത് എടുത്തപ്പോള്‍ സ്ക്രീനില്‍ ശാലിനി കോളിംഗ് എന്നു കണ്ട് അവന്‍ പെട്ടെന്നു തന്നെ കോള്‍ കട്ടു ചെയ്തു. അവള്‍ വീണ്ടും വിളിക്കുന്നത് ഒഴിവാക്കാനായി അവന്‍ ഫോണ്‍ പെട്ടെന്നു തന്നെ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പരിഭ്രാന്തിയോടെ അവന്‍ ക്യൂവില്‍ നിന്നും റോഡിലേക്ക് ഇറങ്ങി.

                    നടന്നു പോരുമ്പോള്‍ അവന് പിന്നില്‍ നില്ക്കുകയായിരുന്ന ചീര്‍ത്ത മുഖവും അലങ്കോലമായ താടിയും മുടിയുമുള്ള മുഴുക്കുടിയനായ മുഷിഞ്ഞ വേഷക്കാരന്‍ ചോദിച്ചു.

                    - “നിക്ക്ണില്ലേ, സാറേ? പോക്വാണോ?”

                     അവന്‍ അയാളെ തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല.

                      അയാള്‍ പിന്നില്‍ നിന്നും വീണ്ടും ക്ഷണിച്ചു കൊണ്ടിരുന്നു.

                      - “അങ്ങനങ്ങ് പോയാലോ, സാറേ? ഇത്രേ നേരം ക്യൂ നിന്നിട്ട് അങ്ങനങ്ങ് പോയാലോ, സാറേ? വാ. നിക്കീന്‍. ഇതൊക്കെ കയിഞ്ഞിറ്റല്ലേ നമ്മക്ക് മറ്റുള്ള തെരക്കുള്ളു. വാ. വന്ന് നിക്കീന്‍.

                     അവന്‍ അതു കേട്ട് രക്ഷപ്പെടാന്‍ എന്ന വണ്ണം നടത്തത്തിന്റെ വേഗത തെല്ലു കൂടെ കൂട്ടി.   

                      (കുറിപ്പ്: ഫയല്‍ മത്സ്യത്തിന് ചിലയിടങ്ങളില്‍ പറയുന്ന പേരാണ് കടല്‍ മൂരി.)

                                                                      -0-