2013, ജനുവരി 10, വ്യാഴാഴ്‌ച

കോഴികള്‍ കുളിച്ചു കുളിച്ച് കാക്കകള്‍ ആകേണ്ട വിധം


അരുണ്‍കുമാര്‍ പൂക്കോം

പക്ഷികള്‍ എന്ന നിലയില്‍
കാക്കകളെ പഠിക്കുന്നതിന്
ഇറച്ചിക്കടകളിലെ കോഴികളെ
നോക്കിയിട്ട് കാര്യമില്ല.
മറ്റൊന്നിനെ അറക്കാന്‍ പിടിക്കുമ്പോള്‍
തന്നെയാണോ എന്നു കരുതി
കൊക്കിച്ച് ചാടി
തന്നെ അല്ലെന്നു കണ്ട്
വീണ്ടും തീറ്റ കൊത്തിത്തിന്നുന്നവര്‍,
ഇറച്ചിക്കടകളിലെ കോഴികള്‍.
ചങ്ക് അറുത്ത നിലയില്‍
തൂവല്‍ പൊഴിക്കാന്‍ എടുക്കുന്നതിനിടയില്‍
ഇറച്ചിക്കാരനോട് തട്ടിപ്പോകുമ്പോള്‍
ചവിട്ടിപ്പോയ പീപ്പിയുള്ള കളിപ്പാട്ടം പോലെ
ബാക്കി നിര്‍ത്തിയ കരച്ചില്‍
പുറത്തേക്ക് പൊഴിക്കാന്‍
മാത്രമറിയുന്ന കോഴി എന്ന ഇര.
അതൊന്നും കേള്‍ക്കാതെ
ഇരുക്കുന്നിടത്ത് ഇരിക്കുന്നവര്‍,
തീറ്റകൊത്തി തിന്നുന്നവര്‍
കൂട്ടിലെ മറ്റ് കോഴികള്‍.
തുറന്നയിടങ്ങളിലെ കോഴികളും
അങ്ങനെയൊക്കെ തന്നെ.
ഒറ്റ തിരിഞ്ഞാണ് കാക്കകള്‍
തീറ്റകള്‍ തേടുന്നത്.
കൊത്തിത്തിന്നാവുന്ന ഇടങ്ങളില്‍
ഇരുകാലുകളാല്‍ മാറി മാറി മണ്ണിളക്കി
കോഴികളെ പോലെ അവ ഇല്ലാത്ത സമയം കളയാറില്ല.
പെട്ടു പോകുന്ന മറ്റൊരു കാക്കയെ തേടി
കരഞ്ഞു ബഹളം വെച്ച് ഓടിയെത്തുന്ന
കാക്കക്കൂട്ടം ഒരിക്കലും കോഴികളല്ല.
എത്ര വേഗമാണ് അവ തമ്മില്‍ തമ്മില്‍
വാര്‍ത്തകള്‍ കരഞ്ഞു വിളിച്ച് അറിയിക്കുന്നത്.
അവക്ക് ഇരകളുടെ ജീവിതത്തോട്
പൊരുത്തപ്പെട്ട ജീവിതവുമല്ല.
അതിനാലാണ്
കാക്കകളുടെ ഇറച്ചി
മാര്‍ക്കറ്റില്‍ കിട്ടാത്തത്.
കരഞ്ഞു ബഹളം വെക്കുന്ന കാക്കക്കൂട്ടം
എപ്പോഴാണ് നിശ്ശബ്ദം പിരിഞ്ഞു പോകേണ്ടത് എന്ന്
അവ തമ്മില്‍ തമ്മില്‍ തന്നെയാണ് തീരുമാനിക്കുന്നത്.
അവ ഒരേ സമയം ഒന്നിച്ചാണ്
മരക്കൊമ്പുകളില്‍ ചര്‍ച്ച ചെയ്യുന്നത്.
ബഹളങ്ങള്‍ക്കിടയിലും അവക്ക് കാര്യങ്ങള്‍
പരസ്പരം നന്നായി മനസ്സിലാകുന്നുണ്ട്.
അതു കൊണ്ടാണ്
കാക്കക്കൂട്ടങ്ങള്‍ക്ക്
എടുത്തു കാണിക്കാന്‍
ഒരു നേതാവില്ലാതെ പോകുന്നത്.
ഇനിയെങ്കിലും കോഴികള്‍
കുളിച്ചു കുളിച്ച്
കാക്കകള്‍ ആകേണ്ടിയിരിക്കുന്നു.

                                            -0-

2013, ജനുവരി 5, ശനിയാഴ്‌ച

പഴയ പ്രൊമിത്ത്യൂസുകളുടെ എഴുപതുകള്‍

അരുണ്‍കുമാര്‍ പൂക്കോം

എഴുപതുകളുടെ പകുതിക്ക്
ശേഷമാണ് ജീവിതം തുടങ്ങിയത്.
മേലോട്ടു നോക്കി കൈകാലിട്ട് ആകാശത്ത് ഇടിച്ചും
മുട്ടിട്ട് ഇഴഞ്ഞും
നാലാം വയസ്സിലെ നട്ടപ്പിരാന്തിലുമാണ്
എഴുപതുകള്‍
തീര്‍ന്നു പോയത്.
പിന്നീട് വന്ന പത്തുകള്‍ക്കൊന്നും
എഴുപതുകളുടെ നിലവാരമില്ലെന്ന്
മറ്റുള്ളവര്‍ക്ക് തോന്നിപ്പോകുന്നതിന്
എന്തു ചെയ്യാന്‍?
എങ്കിലും വലുതും ചെറുതുമായ
ഇടിമുഴക്കങ്ങള്‍,
നടുക്കടലിലെ കൊടുങ്കാറ്റ്,
എങ്ങോട്ടേക്ക്
എന്നറിയാത്ത ആകുലതകള്‍,
മിന്നലുകളില്‍ കരിഞ്ഞു പോയ മനസ്സ്,
എന്നിട്ടും ഉണങ്ങാത്ത കൊമ്പുകളിലെ വീണ്ടുമുള്ള തളിര്‍ക്കലുകള്‍…..
അങ്ങനെ ഒത്തിരി ഞാനും അറിഞ്ഞിട്ടുണ്ട്.
വെറും വൈയക്തികം
എന്ന് കരുതി തള്ളിക്കളയരുത്.
ഒരു വീട്ടില്‍ നിന്നും
മറ്റൊരു വീട്ടിലേക്ക് തേങ്ങാച്ചകിരിയില്‍
തീ കടം വാങ്ങിയ കാലമായിരുന്നു എഴുപതുകള്‍,
തീ കടം കൊടുത്ത കാലവും.
പഴയ പ്രൊമിത്ത്യൂസുകളുടെ എഴുപതുകള്‍
ഊതിയൂതി
ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക്
തീപടര്‍ത്താവുന്ന കാലവുമായിരുന്നു.
അക്കാലത്തുള്ളവരില്‍ പലരും ഇക്കാലം പറയുന്നതെല്ലാം
നൊസ്റാള്‍ജിയ നിറഞ്ഞ കഥകളാണ്.
വഴിയില്‍ കളഞ്ഞു പോയ
എന്തൊക്കെയോ
കഥ പറഞ്ഞ് കഥ പറഞ്ഞ്
അവര്‍ വീണ്ടും വീണ്ടും
പരതിക്കൊണ്ടേയിരിക്കുകയാണ്.
തീ ഇക്കാലം
പൊതുവെ ആരും കടം വാങ്ങാറില്ല.
ഗ്യാസ് ലൈറ്ററില്‍ നിന്നും
പുറത്തേക്ക് തെറിക്കുന്ന ഒരു തരി തീയില്‍ നിന്നുമാണ്
ഇക്കാലം എല്ലാം വേവുന്നത്.
പെട്ടെന്ന്
എല്ലാം വേവുന്ന കാലവുമാണ്.
ഓരോ കാലത്തിന്
ഓരോ നിറമെന്നൊരു ഒത്തുതീര്‍പ്പാണ്
സുഖം.

                                                    -0-