2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

ഇരട്ടപ്പേര്

അരുണ്‍കുമാര്‍ പൂക്കോം


അതിരു കടക്കുന്നവരോട്
പെട്ടെന്ന് മുഷിഞ്ഞു പോകുന്ന മനസ്സ്
മാറ്റാന്‍ പറ്റുന്നതേയില്ല.
അതു തന്നെ ഓര്‍ത്തോര്‍ത്ത്
പഴയപടി നേരെയാവാന്‍
പിന്നെയും എത്രയോ നേരം.
മുള്‍വാക്കുകളാല്‍ പോറലേല്പിച്ച്
ജയിക്കണമെന്നും
തോന്നിച്ചകള്‍.
അവര്‍ പക്ഷേ
ഇല പിഴുതെടുത്ത്
തുഞ്ചത്തു പൊടിയുന്ന കണ്ണീര് പോലും
പുല്‍ച്ചെടിയുടെ പൈപ്പിന്‍കുഴലിട്ട്
വായുവില്‍ കുമിളകള്‍ പറത്തി
മറ്റുള്ളവര്‍ക്കു മുന്നില്‍
രസത്തോടെ പൊട്ടിച്ചു കളയുന്നു.
പിന്നെയും കൂമ്പിക്കൂമ്പി
അവര്‍ക്കിടയില്‍
അവര്‍ ഒഴിഞ്ഞു പോകുന്നതും കാത്ത്
നില്ക്കെ
ഏതിനോടും ചിരിച്ചു രസിച്ചും
ജീവിക്കാനറിയാവുന്ന മറ്റു ചെടികളാണ്
കളിയാക്കി ഇരട്ടപ്പേര് വിളിച്ചു കളയുന്നത്.
തൊട്ടാവാടി.
അപ്പോഴാണ്
ശരിക്കും വാടിപ്പോകുന്നത്.
-0-

 

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

തുറസ്സുകളിലെ ഒളിച്ചിരിപ്പുകള്‍

അരുണ്‍കുമാര്‍ പൂക്കോം



                 “……നാല്പത്തിയെട്ടേ, നാല്പത്തിയൊമ്പതേ, അമ്പതേ….
എന്നെ പോലേള്ള ചങ്ങായ്യ്യേളെ ഒളിച്ചേട്ത്ത്ന്നും കാണാന്‍ ബെര്ന്നേ…..”*


                    താല്ക്കാലിക ജോലിയില്‍ കഴിയുന്ന കാലത്ത് ഇടക്കൊക്കെ ഇടവേളകളും വന്നുപെടാറുണ്ടായിരുന്നു. മാസങ്ങളോളം ജോലി ചെയ്യുന്ന ഇടത്തു നിന്നും മാറി വീട്ടില്‍ കഴിയേണ്ടി വരും. അക്കാലത്ത് മത്സരപരീക്ഷകള്‍ക്കായുള്ള പഠനത്തോടൊപ്പം വീട്ടില്‍ നിന്നും ഇറങ്ങി തെല്ല് അടുത്തുള്ള പഴശ്ശി ജലസേചന പദ്ധതിയുടെ കനാലിന്റെ റോഡിലൂടെ ഏതാണ്ട് രണ്ടു കിലോമീറ്റര്‍ നടന്ന് കണ്ണംവെള്ളിയിലെ മഹാത്മ വായനശാലയില്‍ പോയിരിക്കുക പതിവായിരുന്നു. വായനശാലയില്‍ വരുന്നവരില്‍ പലരും ജോലിക്ക് പോകുന്നവരാകയാല്‍ ഇടക്കൊക്കെ വായിക്കാനായി ആരെങ്കിലുമൊക്കെ വരുമെന്നല്ലാതെ പകല്‍ സമയത്ത് പലപ്പോഴും ഞാന്‍ അവിടം ഒറ്റക്കു തന്നെയായിരുന്നു. അവിടെ ചുമരില്‍ പ്ളാസ്റിക് കയറില്‍ തൂക്കിയിട്ട ആനുകാലികങ്ങളിലാണ് ഞാന്‍ ജോലിയില്ലാത്തതിന്റെ വിഷമങ്ങള്‍ അക്കാലം തീര്‍ത്തത്. കോയിന്‍ ബോക്സ് സജീവമായിരുന്ന കാലമായിരുന്നതിനാല്‍ ഇടക്ക് ആരെങ്കിലും വായനശാലയില്‍ ഫോണ്‍ ചെയ്യാന്‍ വരുമെന്നല്ലാതെ പല നേരത്തും ഞാന്‍ അവിടം ഏകനായി വായിച്ചു കൊണ്ടിരുന്നു. വൈകുന്നേരങ്ങളിലും രാത്രികളിലും വായനശാല എന്നും ചുറ്റുവട്ടത്തുള്ള വായനക്കാരാലും വായനശാല പ്രവര്‍ത്തകരാലും  സജീവമായി. അക്കാലത്ത് വായനശാലയോട് ചുറ്റിപ്പറ്റിയുള്ള പലരും എന്റെ സുഹ്യത്തുക്കളോ പരിചയക്കാരോ ആയിത്തീരുകയുമുണ്ടായി. ഒരു പക്ഷേ വായനക്കും അപ്പുറം വായനശാല നിര്‍വ്വഹിക്കുന്ന ഏറ്റവും വലിയ കാര്യം മനുഷ്യര്‍ക്കിടയില്‍ സ്യഷ്ടിക്കുന്ന അത്തരം പരിചയമോ സൌഹ്യദമോ പരസ്പരമുള്ള മാനുഷികതയോ ഒക്കെ തന്നെയാണ്.

                     പാനൂര്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് സക്കൂളില്‍ നിന്നും ഇറങ്ങി നാലാം പെരിയ എന്നു വിളിക്കപ്പെടുന്ന നാലും കൂടിയ മുക്കിലേക്ക് ഇറങ്ങുന്ന താഴ്ചയിലെ കെട്ടിടങ്ങളില്‍ ഒന്നിന്റെ മുകളിലായിരുന്നു അന്ന് പാനൂര്‍ പഞ്ചായത്ത് വായനശാല. അതൊരു പഴയ കെട്ടിടമായിരുന്നു. താഴെ പലചരക്ക് കടകള്‍ ഉള്ളതിനാല്‍ ചാര നിറമുള്ള അങ്ങാടിക്കിളികള്‍ വായനശാലയുടെ മച്ചിന്‍മേലും മറ്റും പറന്നിറങ്ങി പെട്ടെന്നു തന്നെ തിരക്കോടെ പറന്നു പോവുകയും ചെയ്യും. എപ്പോഴും തിരക്കുള്ള പക്ഷികളാണവ. പഴയമട്ടിലുള്ള കോണിപ്പടികളും കയറി ചെന്ന് അവിടെ നിന്നും പഠികുന്ന കാലത്ത് പല ദിവസങ്ങളിലും വായിക്കുകയുണ്ടായിട്ടുണ്ട്. റോഡിലേക്ക് തുറക്കുന്ന വലിയ ജാലകക്കാഴ്ചകളായിരുന്നു ആ വായനശാലയുടെ പ്രത്യേകത. വായിക്കുന്നതിനിടയില്‍ പുറത്തേക്ക് തലയുയര്‍ത്തിയാല്‍ റോഡിലൂടെ പോകുന്ന വാഹനങ്ങളെയും മനുഷ്യരെയും കാണാം. അവിടെ നീളമുള്ള മരമേശയുടെ ഇരുവശത്തുമുള്ള ബെഞ്ചുകളില്‍ ഇരുന്നും ജാലകത്തോട് ചേര്‍ത്തിട്ട ഉയരമുള്ള മേശക്കു പിന്നില്‍ നിന്നു കൊണ്ടും വായിക്കാനുള്ള സൌകര്യമുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ ലൈബ്രേറിയന്‍ വന്ന് വരിക്കാര്‍ക്ക് അവിടെയുള്ള ലൈബ്രറി തുറന്ന് പുസ്തകങ്ങള്‍ എടുത്തു നല്കുകയും ചെയ്യും.

                      എന്നിലേക്ക് വായനശാല എന്ന കാഴ്ച ആദ്യമായി ഉണ്ടാക്കിയത് വീട്ടില്‍ നിന്നും ഒട്ടേറെ ദൂരം നടന്നു ചെന്ന് ആറിലും ഏഴിലും പഠിക്കുന്ന കാലത്ത് പാലത്തായിലുണ്ടായിരുന്ന ജ്ഞാനോദയവായനശാലയായിരുന്നു. പാലത്തായി യു.പി സ്ക്കൂള്‍ അച്ഛന്‍ പഠിപ്പിച്ചിരുന്ന സ്ക്കൂളായതിനാല്‍ എന്നെയും രണ്ട് ചേച്ചിമാര്‍ പഠിച്ചതു പോലെ തന്നെ യു.പി.വിഭാഗത്തിലേക്ക് അവിടെ ചേര്‍ത്തു.  അക്കാലത്ത് കടവത്തൂരില്‍ നിന്നും വരുന്ന റോഡ് വളയുന്ന ഇടത്ത് അക്കാലത്ത് എന്നില്‍ അത്ഭുതം തോന്നിക്കുന്ന വിധത്തിലായിരുന്നു ആ വായനശാല. ഞാന്‍ ആദ്യമായി കണ്ട ജനകീയ വായനശാലകളില്‍ ഒന്നായിരുന്നു അത്. ദിവസങ്ങളോളം അകത്ത് കയറാന്‍ പാടുണ്ടോ എന്ന് സംശയിച്ചു സംശയിച്ച് ഒടുവില്‍ ഒരു ദിവസമാണ് ആദ്യമായി അവിടേക്ക് കയറി ചെല്ലുന്നത്. തെല്ലും സംശയിക്കാതെ തന്റെ സ്വന്തമാണ് എന്നു കരുതിക്കൊണ്ട് ആര്‍ക്കും കയറി ഇരിക്കാവുന്ന ഒരിടമാണ് പൊതുജനവായനശാല എന്ന അറിവ് എന്നിലുണ്ടാക്കിയ ആഹ്ളാദം തെല്ലൊന്നുമായിരുന്നില്ല. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അദ്ദേഹത്തിന്റെ ജീവപര്യന്തം എന്ന ആത്മകഥയില്‍ കുട്ടിക്കാലത്ത് തല്ലുന്ന അദ്ധ്യാപകന്‍മാരെ ഭയന്ന് സ്ക്കൂളില്‍ പോകാതെ വായനശാലകളില്‍ ഒളിച്ചിരിക്കുന്നതിനെ പറ്റിയും പിന്നീട് വായനയിലേക്കും എഴുത്തിന്റെ ലോകത്തേക്കും വന്നതിനെ പറ്റിയുമൊക്കെ വിവരിക്കുന്നുണ്ട്. അത്തരത്തിലൊന്നുമായിരുന്നില്ല എന്റെ അവസ്ഥകള്‍ എങ്കിലും പല മേഖലകളിലും ആ ആത്മകഥ ചിലയിടങ്ങളിലൊക്കെ എന്റെ ജീവിതാനുഭങ്ങളോട് സാദ്യശ്യം തോന്നിയതിനാല്‍ ബാര്‍ബര്‍ ഷാപ്പിലെ കസേരയില്‍ എന്നെ പിടിച്ചിരുത്തിയതു പോലെയുണ്ടെന്നും ബാര്‍ബര്‍ ഷാപ്പിലെ പല കണ്ണാടികളില്‍ എന്നെ പലതായി കാണുന്ന ഞാന്‍ എന്നുമൊക്കെ അദ്ദേഹത്തിന് ഞാന്‍ എഴുതുകയുണ്ടായിട്ടുണ്ട്. ഒരു പക്ഷേ പാലത്തായി വായനശാലയിലേക്കുള്ള എന്റെ കടന്നു ചെല്ലലുകളും വായനയുമൊക്കെ ആ പുസ്തകത്തിലെ ചില ഭാഗങ്ങളോട് ഞാന്‍ ചേര്‍ത്തു വായിച്ചിരുന്നിരിക്കാം. പോസ്റ് ഓഫീസില്‍ വെച്ച് ആ എഴുത്ത് അയക്കുന്നതിലേക്ക് അദ്ദേഹത്തിന്റെ മേല്‍വിലാസം കവറിനു പുറത്ത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ എന്തോ ഫോമുകള്‍ അയക്കുന്നതിനായി മേല്‍വിലാസം എഴുതുവാനും മറ്റുമായി ഞാന്‍ എഴുതിക്കൊണ്ടിരുന്ന ചുമര്‍ മേശയുടെ അടുത്തേക്ക് വരികയും അതിലൊരു പെണ്‍കുട്ടി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനാണോ എഴുതുന്നത്, അദ്ദേഹം റൈറ്റല്ലേ എന്ന് അതിനു മുമ്പ് യാതൊരു പരിചയവുമില്ലാത്ത എന്നോട് അത്യധികം സ്നേഹത്തോടെ ചോദിച്ചത് ഒരുകാലത്ത് വായനശാലയില്‍ ഒളിച്ചിരുന്ന വ്യക്തി എത്രമാത്രം ആളുകള്‍ക്കിടയിലേക്ക് എത്തിപ്പെട്ടു എന്നു തെളിയിക്കാന്‍ പോന്ന വസ്തുതയാണ്. ആ പെണ്‍കുട്ടി അന്ന് എന്നോട് കാണിച്ച സ്നേഹം അവളുടെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളോടുള്ള സ്നേഹമായിരുന്നു.

                       അപ്പോഴേക്കും ഒന്നോ രണ്ടോ ബസുകള്‍ എന്ന അവസ്ഥയില്‍ നിന്നും പാലത്തായിലേക്ക് രണ്ടുമൂന്നു  ബസുകള്‍ കൂടി വരാന്‍ തുടങ്ങി. പാനൂരിലേക്കുള്ള ബസുകള്‍ വരുന്ന സമയം വരെ കിട്ടുന്ന സമയത്ത് വൈകുന്നേരങ്ങളില്‍ ഞാന്‍ ആ വായനശാലയില്‍ ഇരുന്ന് ചില ആനുകാലികങ്ങള്‍ മറിച്ചു വായിച്ചു. അച്ഛന്‍ വീട്ടിലേക്ക് കൊണ്ടു വരുന്ന മാത്യഭൂമി ആഴ്ചപ്പതിപ്പ്, ദി വീക്ക്, സണ്‍ഡേ, ഭാഷാപോഷിണി, കഥ, ഇന്ത്യാടുഡേ, ഓണക്കാലസത്തെ ഒട്ടേറെ ഓണപ്പതിപ്പുകള്‍ എന്നിവ എന്നിലെ വായനക്കാരനെ തീര്‍ച്ചയായും വായനശാലകളോട് അടുപ്പിച്ചിരിക്കാം. മറ്റു പല ഇടങ്ങളിലും തികച്ചും അന്യഥാ ബോധം തോന്നാറുണ്ടെങ്കിലും വായനശാലകളില്‍ ഞാന്‍ അത് അനുഭവിച്ചതേയില്ല. ഒരു പക്ഷേ ഏതൊരാള്‍ക്കും അവരവരെ എവിടെയും പ്രത്യക്ഷത്തില്‍ ഒളിക്കാതെ മറ്റുള്ളവരില്‍ നിന്നും ഒളിച്ചിരുത്താന്‍ പറ്റുന്ന ഇടങ്ങളുമാണ് വായനശാലകള്‍. അന്നത്തെ വായനശാല പിന്നീട് രണ്ടു നിലകളിലായി പുതുക്കിപ്പണിതു. അടുത്തിടെ അവിടെ നടത്തിയ കുട്ടികള്‍ക്കായുള്ള ഒരു കഥാക്യാമ്പില്‍ ഒരു പുതുഎഴുത്തുകാരന്‍ എന്ന മട്ടില്‍ സംസാരിക്കാന്‍ പറ്റിയെങ്കിലും പൂമുഖത്ത് അരഭിത്തിയൊക്കെയുള്ള പഴയ വായനശാലയും പൂമുഖത്തുണ്ടായിരുന്ന ഇലക്ടരിസിറ്റി ബോര്‍ഡിന്റെ വൈദ്യതി പോയാല്‍ നാട്ടുകാര്‍ക്ക് വിവരം എഴുതാനായി വെച്ച പുസ്തകവുമൊക്കെ ഓര്‍മ്മയിലേക്ക് ഓടിയെത്തി. എല്ലാവര്‍ക്കും ലാന്റ് ഫോണുകളും മൊബൈല്‍ ഫോണുകളുമൊക്കെ ആയപ്പോള്‍ അത്തരം പുസ്തകങ്ങളും ഇല്ലാതായി. അകത്തു കയറി വായിക്കാത്ത പക്ഷം അവിടത്തെ അരഭിത്തി ബസ് വരും വരെ ഇരിക്കാവുന്ന ഒരിടമായിരുന്നു. അക്കാലം അവിടെ ഇരിക്കുമ്പോള്‍ തൊട്ടടുത്തുള്ള വയലില്‍ നിന്നുമുള്ള കാറ്റ് മെല്ലെ ഒഴുകി വരുമായിരുന്നു.  വായനശാലയുടെ തുറസ്സ് ശരിക്കും അനുഭവിച്ച ഇടമായിരുന്നു അത്.

                   പിന്നീട് എപ്പോഴോ തലശ്ശേരി ആസാദ് ലൈബ്രറി തേടിച്ചെന്നു. അടുത്തിടെ പുതുക്കിപ്പണിയുന്നതിന് മുമ്പു തന്നെ അവിടെ ഞാന്‍ എത്തിപ്പെട്ടിരുന്നു. ചില ദിവസങ്ങളില്‍ അവിടെ പോയിരുന്ന് വായിച്ചു. മെമ്പര്‍ഷിപ്പെടുത്ത് പുസ്തകങ്ങളുടെ വരിക്കാരനായി. ഇടക്കാലത്ത് ലൈബ്രറിയില്‍ വീട്ടില്‍ കൊണ്ടു പോയിക്കൂടാത്ത റഫറന്‍സ് വിഭാഗം വന്നപ്പോള്‍ അവയില്‍ ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ അവിടെ ഇരുന്നു വായിച്ചു. അവയില്‍ ഇഡാ എഹ്റിച്ചിന്റെ ഇന്‍സ്റന്റ് വൊക്കാബുലറി എന്ന പുസ്തകം എന്നെ അത്യന്തം ആകര്‍ഷിച്ച പുസ്തകമാണ്. ആ പുസ്തകം കാണുമ്പോഴേക്കും എനിക്ക് ഇംഗ്ളീഷില്‍ ബിരുദം ലഭിച്ചു കഴിഞ്ഞിരുന്നു. അര്‍ത്ഥമറിയാതെ എത്രയോ ഇംഗ്ളീഷ് വാക്കുകള്‍ അപ്പോഴേക്കും എന്നെ കടന്നു പോയിരുന്നു. ഓരോ ഇംഗ്ളീഷ് വാക്കും ഡിക്ഷണറികള്‍ നോക്കാതെ തന്നെ ആര്‍ക്കും അര്‍ത്ഥം മനസ്സിലാക്കാം എന്നു പറഞ്ഞ ആ പുസ്തകം എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. വിദേശഭാഷ എന്ന നിലയില്‍ വാക്കുകളുടെ അര്‍ത്ഥമറിയാത്തതിനാല്‍ ഇംഗ്ളീഷ് ഭാഷാപഠനം പ്രയാസമായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയായിരുന്നു ഇഡാ എഹ്റിച്ച് ആ പുസ്തകം തയ്യാറാക്കിയത് എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. വിദ്യാഭ്യാസത്തിലെ എളുപ്പവഴികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുത്ത  ഇഡാ എഹ്റിച്ച് എന്ന അദ്ധ്യാപിക എന്നെ തെല്ലൊന്നുമല്ല ആ പുസ്തകത്തിലൂടെ അത്ഭുതപ്പെടുത്തിയത്. ആ പുസ്തകത്തിനായുള്ള എന്റെ വിവിധ പുസ്തകശാലകളിലെ അന്വേഷണം എത്തിച്ചത് നോര്‍മാന്‍ ലെവിസിന്റെ ഇന്‍സ്റന്റ് വൊക്കാബുലറി എന്ന പുസ്തകത്തിലായിരുന്നു. വായിച്ച ഏറ്റവും നല്ല പുസ്തകങ്ങളില്‍ ഇന്‍സ്റന്റ് വൊക്കാബുലറി സംശയലേശമെന്യേ ഇടം നേടി.

                     ജോലി കിട്ടിയതോടെ വീട്ടില്‍ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള മഹാത്മ വായനശാലയില്‍ നടന്നു ചെന്ന് വായിക്കുക എന്നത് പഴയതു പോലെ നേരം കിട്ടുന്ന ഒന്നല്ലാതെയായി. അപ്പോഴൊക്കെ പൂക്കോം എന്ന സ്ഥലത്ത് വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വായനശാല ഇല്ലാതെ പോയല്ലോ എന്ന് ഞാന്‍ സങ്കടപ്പെട്ടു കൊണ്ടിരുന്നു. അത്തരം സങ്കടങ്ങളിലേക്ക്  ദിനേശന്‍ വേങ്ങര എന്ന സുഹ്യത്ത് വേങ്ങരയിലെ കസ്തൂര്‍ബ വായനശാലയുടെ സിക്രട്ടറി എന്ന നിലക്കുള്ള അവന്റെ പ്രവര്‍ത്തനങ്ങളും മറ്റു വിശേഷങ്ങളും പറഞ്ഞ് എന്നെ കൊതിപ്പിച്ചുകൊണ്ടിരുന്നു. വര്‍ത്തമാനങ്ങള്‍ പറയുമ്പോള്‍ പൊതുവെ തമാശക്കാരനായ അവന്‍ വായനശാലയുടെ കാര്യത്തില്‍ അത്യന്തം ഗൌരവക്കാരനായിരുന്നു. അവന്റെ ഗൌരവങ്ങളില്‍ നിന്നും ഇതുവരെയും കാണാത്ത കസ്തൂര്‍ബ വായനശാലയെ കുറിച്ച് എനിക്ക് ഏതാണ്ടൊക്കെ ഊഹിക്കാന്‍ കഴിഞ്ഞു. പിന്നീട് തീയൂര്‍ രേഖകള്‍ എന്ന എന്‍.പ്രഭാകരന്‍ മാഷുടെ നോവലില്‍ നിന്നും അദ്ദേഹം എഴുതിയ ആത്മാംശമുള്ള ചില ലേഖനങ്ങളില്‍ നിന്നും കസ്തൂര്‍ബ വായനശാലയെ ഞാന്‍ വായിച്ചെടുത്തു. അദ്ദേഹം വായിച്ചു വളര്‍ന്ന വായനശാലയായിരുന്നു അത്.

                       ദിനേശന്‍ വേങ്ങര പറയുന്ന വിവരങ്ങളില്‍ വര്‍ഷാവര്‍ഷം വലിയ മട്ടില്‍ നടത്തുന്ന സാംസ്കാരികയോഗങ്ങളും വായനക്കൂട്ടം എന്ന പേരില്‍ നടത്തുന്ന കുട്ടികളുടെ പുസ്തകചര്‍ച്ചകളും വായനാദിനത്തിലും മറ്റും കുട്ടികള്‍ നടത്തുന്ന ഘോഷയാത്രകളും യുവാക്കളുടെ പി.എസ്.സി കോച്ചിംങ്ങ് ക്ളാസുകളുമൊക്കെ കടന്നുവന്നു കൊണ്ടേയിരുന്നു. പഴയ തലമുറയില്‍ പെട്ടവരില്‍ പലരിലും കാണാറുള്ള മറ്റുള്ളവരുടെ മേലുള്ള മേധാവിത്വസ്വഭാവങ്ങള്‍ തെല്ലുമില്ലാതെ പുതിയ തലമുറയോടുള്ള ഒത്തുചേരലാണ് വായനശാലയില്‍ നടക്കുന്നതെന്ന് അവയില്‍ നിന്നും വായിച്ചെടുത്തു കൊണ്ടിരുന്നു. പൊതുജനവായനശാലകളുള്ള  നാടുകളില്‍ മാത്രമേ പുതിയ തലമുറയോട് പഴയ തലമുറക്ക് നല്ല രീതിയില്‍ ഇടപഴകാന്‍ കഴിയുകയുള്ളു എന്നും അതു കേള്‍ക്കുമ്പോഴൊക്കെയും എനിക്ക് തോന്നിക്കൊണ്ടിരുന്നു. പുതുതലമുറ പറയുന്നതിനെ അതിനു മുകളില്‍ ഉച്ചത്തില്‍ മേധാവിത്വത്തോടെ എന്തെങ്കിലുമൊക്കെ പറഞ്ഞ് തളര്‍ത്തി ഇരുത്തുന്നതും സമൂഹത്തില്‍ തങ്ങളുടെ മാത്രമായ മറ്റുള്ളവര്‍ക്കു മേലെയുള്ള തികച്ചും അനാവശ്യമായ  മേധാവിത്വം ഉറപ്പിച്ചു നിര്‍ത്തുന്നതിനായുള്ള മുതിര്‍ന്നവരുടെ സങ്കുചിതമായ കാഴ്ചപ്പാടുകളുമൊക്കെ പൊതുവെ പൊതുജനവായനശാല ഉള്ളിടങ്ങളില്‍ നന്നേ കുറവായിരിക്കാനാണ് സാധ്യത കൂടുതല്‍ എന്നും അത്തരം സംഭാഷണങ്ങളില്‍ നിന്നും തോന്നുകയുണ്ടായി. മറ്റുള്ളവരെ കേള്‍ക്കാനുള്ള മനസ്സും കാതുമുണ്ടായാല്‍ തീര്‍ച്ചയായും ഏതൊരു മനുഷ്യനും പുരോഗമനപരമായി ചിന്തിക്കുന്നു എന്നു തന്നെയാണ് അര്‍ത്ഥം. വായനശാലയില്‍ നിന്നും മൈക്കിലൂടെ നാട്ടിലേക്ക് ഉയരുന്ന റേഡിയോ പരിപാടികളെ പറ്റിയുള്ള ദിനേശന്‍ വേങ്ങരയുടെ വിവരണവും എന്നെ തെല്ലൊന്നുമല്ല അത്ഭുതം തോന്നിപ്പിച്ചത്. കറുപ്പിലും വെളുപ്പിലും തുടങ്ങി കളറിലേക്ക് മാറിയ ടി.വികളില്‍ മൂന്നാമത്തേതും അവശത കാണിക്കാന്‍ തുടങ്ങിയതോടെ ദിനേശന്‍ അത് വായനശാലയില്‍ നിന്നും മാറ്റുകയും വായനയുടെ ലോകത്ത് ദ്യശ്യമാധ്യമങ്ങള്‍ തടസ്സം നില്ക്കും എന്ന് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി എന്നതും കേട്ടത് എന്നെ സന്തോഷിപ്പിച്ചു. വായനക്കൂട്ടത്തിലെ കുട്ടികളില്‍ എല്ലാവരെയും തന്നെ മറ്റുള്ളവരുടെ മുന്നില്‍ പ്രസംഗിക്കാനും മറ്റുമായി പ്രേരിപ്പിക്കുന്ന രീതികളും അവിടെ കൈക്കൊള്ളുന്നുണ്ട്. പ്രസംഗം എന്നത് മറ്റുള്ളവരുടെ മുന്നില്‍ താന്‍ അല്പം ഉയര്‍ന്നവരാണെന്ന ആത്മവിശ്വാസം നല്കുന്ന കലയാണ്. മറ്റുള്ളവര്‍ക്കിടയില്‍ ഇന്‍ഫീരിയോറിറ്റി കോംപ്ളക്സുകളോടെയോ ഇന്‍ഫീരിയോറിറ്റി ഫീലിംഗുകളോടെയോ ജീവിതം തള്ളി നീക്കാതെ ആത്മവിശ്വാസത്തോടെ സമൂഹത്തിലെ ഏതൊരു കാര്യത്തെയും നോക്കിക്കാണാനും സമീപിക്കാനും അവരെ തീര്‍ച്ചയായും അത് പ്രാപ്തരാക്കുകയും ചെയ്യുന്നു.  അപ്പോഴും പൂക്കോം എന്ന നാട്ടില്‍ ഇല്ലാതെ പോയ ജനകീയ വായനശാലയെ പറ്റി ഞാന്‍ സങ്കടപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തു. താഴെ പൂക്കോം, മേലെ പൂക്കോം എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ അത്തരത്തില്‍ ഏതാണ്ട് ഒരു വായനശാല ഉണ്ടെങ്കില്‍ തന്നെയും ആരുമാരും അത്രയൊന്നും വന്നു ചേരാത്ത ഒരിടത്ത് ആകയാല്‍ അത് അവിടം വലിയ തോതിലുള്ള വായനക്കാരുടെ ഇടപെടലുകളില്ലാതെ ഒതുങ്ങിപ്പോയി. ജനങ്ങള്‍ ഏറെയും വന്നു ചേരുന്ന നാലു റോഡുകളോ മൂന്നു റോഡുകളോ ചേരുന്ന ഒരിടത്താകണം കഴിവതും വായനശാലകള്‍ എന്ന് തോന്നുന്നു.

                  നാട്ടുകാരില്‍ അടുത്തു പരിചയമുള്ളവരില്‍ പലരും ചില ബന്ധുക്കളും അപ്പോഴേക്കും എന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഞാന്‍ ആരോടും ഇടപഴകുന്നില്ല, ആരോടും കൂട്ടു ചേരുന്നില്ല എന്നൊക്കെയായിരുന്നു അതില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട കുറ്റപ്പെടുത്തലുകള്‍ എന്നത് ഞാന്‍ എന്റെ വായനശാലകളോടുള്ള അഭിനിവേശത്തോട് ചേര്‍ത്തു വായിച്ചു കൊണ്ടിരുന്നു. ഞാന്‍ അവിടങ്ങളില്‍ ഒളിച്ചിരിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യനാണ്. അവിടെ വരുന്ന ആളുകള്‍ക്കിടയില്‍ തുറസ്സായ ഒരിടത്ത് ഒളിച്ചിരിക്കാന്‍ ആഗ്രഹിക്കുന്ന വെറുമൊരു മനുഷ്യന്‍. പൂക്കോം എന്ന സ്ഥലത്ത് അത്തരത്തില്‍ തുറസ്സായ ഒരിടമില്ല. തലശ്ശേരിക്ക് കോപ്പാലം വഴിക്ക് പാനൂരില്‍ നിന്നും പോകുമ്പോള്‍ ബസ്സിന്റെ സൈഡ് സീറ്റില്‍ ഇരുന്ന് താഴെ ചമ്പാടുള്ള താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെയും കല്‍ക്കത്ത രാജാറാം മോഹന്‍ റോയി ലൈബ്രറി ഫൌണ്ടേഷന്റെയും സഹായത്തോടെ നിര്‍മ്മിക്കപ്പട്ട മൂന്നു നിലയില്‍ പ്രവര്‍ത്തിക്കുന്ന വായനശാലയിലേക്കും ലൈബ്രറിയിലേക്കും ഞാന്‍ അത്യന്തം ആഗ്രഹത്തോടെ നോക്കിക്കൊണ്ടിരിക്കുന്നു. എന്തെന്നാല്‍ അത്തരത്തില്‍ തികച്ചും തുറസ്സായ ഒരു വായനശാല എന്റെ നാട്ടിലില്ല. ഇക്കാലം ആരാണ് വായിക്കുന്നത് എന്ന് ചോദിക്കുന്നവരോടൊക്കെയും പറയാതെ പറയുന്ന ഉത്തരമാണ് അത്തരം വായനശാലകള്‍. തുറസ്സായ ഇടങ്ങളില്‍ ആളുകള്‍ ഇപ്പോഴും യഥേഷ്ടം വായിക്കാനെത്തുന്നുണ്ട്. മൂന്നു നിലകളില്‍ ഒന്നുമല്ലെങ്കിലും അതിന്റെ ചെറിയ പതിപ്പെങ്കിലും ഞാന്‍ മനസ്സു കൊണ്ട് നാട്ടില്‍ വേണമെന്ന് ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ തന്നെ അത്രയൊന്നും വലുതല്ലെങ്കിലും ചമ്പാടും മനേക്കരയിലും പാനൂര്‍ കോപ്പാലം റോഡില്‍ നിന്നും മനേക്കര റോഡ് തെല്ലൊന്ന് ഇറങ്ങിച്ചെല്ലുന്നിടത്തുമൊക്കെയുള്ള വായനശാലകള്‍ പോലെയുള്ള പൊതുജനവായനശാല പൂക്കോം എന്ന നാട്ടിലും ഞാന്‍ ആഗ്രഹിക്കുന്നു.

                   മറ്റ് നാടുകളില്‍ പലതിലും എല്ലാവര്‍ക്കും പൊതുവായി ഇരിക്കാവുന്ന പൊതുഇടമായി പൊതുജനവായനശാലകള്‍ ഉണ്ടെന്നിരിക്കെ ഞാനന്തിന് ആളുകളോട് ഇടപഴകാന്‍ ഏതെങ്കിലും വീട്ടിലോ കടകളിലോ പോയിരിക്കണം എന്ന ചോദ്യം ഏറെ കാലമായി ഞാന്‍ എന്നോടു തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു. ഇത് എന്റെ മാത്രം പ്രശ്നമാകില്ല. എന്നെ പോലെ ചിന്തിക്കുന്ന ഒട്ടനവധി പേരുടെ പ്രശ്നമായിരിക്കും. ഏതെങ്കിലും കടക്കാരന്റെയോ വീട്ടുകാരന്റെയോ മറ്റുള്ളവരുടെയോ ഔദാര്യത്തിന്റെ പുറത്തുള്ള ഇരിപ്പുകളല്ല ഏതൊരു നാട്ടിലെയും ആളുകള്‍ക്ക് ആവശ്യം. ഏതെങ്കിലും വീട്ടില്‍ ചെന്നിരിക്കുന്നത് വീട്ടിലുള്ള എല്ലാവര്‍ക്കും മനസ്സാല്‍ ഇഷ്ടമുള്ള കാര്യമാകണമെന്നുമില്ല. അക്കാലം വരാന്തകള്‍ നന്നേ ചെറുതും സ്വീകരണമുറി വലുതുമായാണ് വീടുകളുടെ പ്ളാനുകള്‍ വരയുന്നത്. പണ്ടൊക്കെ ഏവര്‍ക്കും കയറി ചെന്നിരിക്കാവുന്ന പോലെയല്ല ഏതൊരു വീടിന്റെയും ഇപ്പോഴുള്ള വരാന്ത എന്നു വന്നിരിക്കുന്നു. വലിയ തോതില്‍ അടുപ്പമുള്ളവരെ മാത്രമേ വീട്ടുകാര്‍ പൊതുവെ ഇക്കാലം അകത്ത് സ്വീകരണമുറിയില്‍ ഇരുത്തുന്നുള്ളു. മറ്റുള്ളവരോട് കാര്യമാത്രപ്രസക്തമായി സംസാരിച്ചതിനു ശേഷം വരാന്തയില്‍ വെച്ച് പിരിയുകയാണ് ചെയ്യുന്നത്. അണുകുടുംബകാലത്ത് വീടുകളുടെ പ്ളാനില്‍ പോലും വന്ന മാറ്റമാണത്. അപ്പോള്‍ നാട്ടുകാര്‍ക്ക് ഒന്നിച്ചിരിക്കാന്‍ ഒരു പൊതുജനവായനശാല അത്യാവശ്യമാണെന്നു വരുന്നു. പൊതുജനവായനശാലയില്‍ നിന്നും മനുഷ്യര്‍ക്കിടയില്‍ ഉടലെടുക്കുന്ന മാനുഷികബന്ധങ്ങളാകും അതിഥിയായി ചെല്ലുന്ന ഏതൊരു വീടിന്റെയും സ്വീകരണമുറിയില്‍ ഇരിക്കാന്‍ ഏതൊരു വ്യക്തിയെയും പ്രാപ്തനാക്കുന്ന മേഖല എന്നും അത്തരം കാര്യങ്ങളോട് ചേര്‍ത്തു വായിക്കാവുന്നതാണ്. ജാതിമതഭേദമെന്യേ തൊഴില്‍ ഭേദമെന്യേ ആളുകള്‍ക്കിടയില്‍ അത്തരം ആത്മബന്ധങ്ങള്‍ ഉണ്ടാകാന്‍ തീര്‍ച്ചയായും ഒരു പൊതുജനവായനശാല ഏതൊരു നാടിനും ഇനിയുള്ള കാലം ആവശ്യമായി വരുന്നു. അല്ലാത്തപക്ഷം പലതരം അപകര്‍ഷങ്ങളില്‍ പെട്ട് സംഘര്‍ഷഭരിതമായ ജീവിതം നയിക്കുന്നവരാകും നാട്ടിലുള്ളവര്‍ പൊതുവെ. മാനസികസംഘര്‍ഷങ്ങള്‍ ഇല്ലാതിരിക്കുക എന്നത് നിസ്സാരകാര്യമല്ല താനും. സമൂഹനന്‍മക്ക് മാനസികസംഘര്‍ഷങ്ങള്‍  ഇല്ലാത്ത അവസഥ തീര്‍ച്ചയായും ഗുണം ചെയ്യുക തന്നെ ചെയ്യും.  

                    തുറസായ ഇടങ്ങളുള്ള നാട്ടിലേ കാറ്റും വെളിച്ചവും കടക്കുകയുള്ളു. ഇല്ലാത്ത പക്ഷം പലരും പലരെയും കുറ്റം പറഞ്ഞ് കാലം കഴിച്ചു കൂട്ടുകയേ ഉള്ളു. പുതുനാമ്പുകള്‍ക്ക് വേരിറങ്ങാത്ത വരണ്ടുണങ്ങിയ ഭൂമിയാകും അത്. തുറന്ന മനസ്സോടെയുള്ള പരസ്പരമുള്ള മനസ്സു കൊണ്ടുള്ള കെട്ടിപ്പിടിക്കലുകളാണ് മനുഷ്യര്‍ക്കിടയില്‍ തീര്‍ച്ചയായും പച്ചപ്പുകളും കായ്ഫലങ്ങളും തരിക. അപ്പോള്‍ മനുഷ്യര്‍ക്കിടയില്‍ തണുത്ത കുളിര്‍ക്കാറ്റ് വീശിക്കൊണ്ടേയിരിക്കും. അത് തീര്‍ച്ചയായും വലിയ വലിയ ലോകമാണ്. കാണാവുന്ന, കേള്‍ക്കാവുന്ന, തൊട്ടറിയാവുന്ന മനുഷ്യര്‍ക്കിടയിലെ വലിയ വലിയ ലോകം.

                     അത്തരമൊരു ലോകത്തില്‍ നിന്നുമാണ് പൊടുന്നനെ ചില ആളുകള്‍ ഒളിച്ചിരിക്കുന്ന ഇടത്തു നിന്നും ഞാനിവിടെയൊക്കെ ഉണ്ടായിരുന്നു എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ആളുകള്‍ക്കിടയിലേക്ക് ഉയര്‍ന്നു വരിക. ഇനിയുള്ള കാലം അതൊരു പക്ഷേ താങ്കള്‍ തന്നെയാകാം വായനക്കാരാ/ വായനക്കാരീ.


*കുട്ടികളുടെ കണ്ണാരംപൊത്തിക്കളിയിലെ മരത്തോട് ചേര്‍ന്നു നിന്നുള്ള കണ്ണടച്ചുള്ള നീട്ടിയുള്ള പറച്ചില്‍.
   
                                                               -0-