2013, മാർച്ച് 15, വെള്ളിയാഴ്‌ച

യാത്രിയോം ക്യപയാ ദ്യാന്‍ ദീജിയേ


അരുണ്‍കുമാര്‍ പൂക്കോം



                    തീവണ്ടിയില്‍ സ്ഥിരം യാത്ര ചെയ്യുന്ന സീസണ്‍ ടിക്കറ്റുകാരനായത് ഈയടുത്താണ്. മുമ്പൊക്കെ  ബസ്സിലായിരുന്നു യാത്ര. യാത്രയില്‍ ബസ്സില്‍ ഇരുന്ന് പുറംകാഴ്ചകള്‍ കാണാനായിരുന്നു താല്പര്യം. തീവണ്ടിയില്‍ ഇരിക്കുമ്പോള്‍ കമ്പാര്‍ട്ടുമെന്റിലുള്ള ഒരേ ആളുകളും പുറത്ത് ഏതാണ്ട് ഒരേ പോലുള്ള വഴികളുമായിരിക്കും എന്നൊരു തോന്നലായിരുന്നു അക്കാലം. നിറയെ അനുഭവങ്ങളുടെയും കാഴ്ചകളുടെയും ധ്രുതവേഗ ഓട്ടമാണ് തീവണ്ടി എന്ന് പിന്നീടാണ് മനസ്സിലാകുന്നത്.
 

                                                                       (1)
                 

                     ഏറ്റവും ഒടുവിലത്തെ കമ്പാര്‍ട്ടുമെന്റില്‍ കയറാനായി വൈകുന്നേരം കണ്ണൂര്‍ റെയില്‍വേ സ്റേഷനിലെ സിമന്റ് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ഒരു ആട്ടിന്‍കുട്ടിയെയും നടത്തിച്ച് ദൂരെ ഏതോ വീട്ടിലുള്ള ഒരു കുഞ്ഞുമോളുടെ ഉപ്പുപ്പായും ഇക്കാക്കയും എന്റെ അടുത്തു വന്നിരുന്നു. ഉപ്പുപ്പായുടെ കൈയില്‍ ചെറിയ കെട്ട് പ്ളാവിലയുണ്ട്. അവര്‍ എന്റെ അടുത്ത് വന്നിരുന്നതും ആട് പ്ളാവില തിന്നാന്‍ തുടങ്ങി. ആടിന്റെ കഴുത്തില്‍ എന്തൊക്കെയോ എഴുതിയ ഒരു കാര്‍ഡ് തൂങ്ങുന്നുണ്ടായിരുന്നു. ഉപ്പൂപ്പായും ഇക്കാക്കയും സംസാരിച്ചു കൊണ്ടിരുന്നു. ഇടയിലൊരിക്കല്‍ സിമന്റ് ബഞ്ചിനടിയിലേക്ക് നൂഴാന്‍ നോക്കിയ ആട്ടിന്‍കുട്ടിയെ ഉപ്പൂപ്പാ പ്ളാസ്റിക് കയറില്‍ തിരിച്ചു വലിച്ച് പഴയതു പോലെ നിര്‍ത്തി.  അപ്പോള്‍ ദൂരെ നിന്നും കുഞ്ഞുമോള്‍ ഇക്കാക്കയെ വിളിച്ചു. അവളുടെ കൊഞ്ചല്‍ അവരെ മാത്രമല്ല എന്നെയും വന്നു പൊതിഞ്ഞു. ആട്ടിന്‍കുട്ടി വീട്ടിലേക്ക് വരുന്നതിന്റെ എല്ലാ എക്സൈറ്റ്മെന്റും കുഞ്ഞുമോളുടെ ശബ്ദത്തിലുണ്ടായിരുന്നു.
                    
                    
                      ഇക്കാക്ക പറഞ്ഞു.
                  

                      “മോളേ, ഉപ്പൂപ്പായുണ്ടടുത്ത്.”
                   

                       അവള്‍ വിളിച്ചു.

                    - “ഉപ്പൂപ്പാ…ഉപ്പൂപ്പാ….”
                   

                       ഉപ്പൂപ്പാ തിരിച്ചു ചോദിച്ചു.
                   

                       - “ന്താ മോളേ?…”

                      അതിനിടയില്‍ ഇക്കാക്ക ചോദിച്ചു.
                  

                       - “മോള്‍ക്ക് ആടിനെ കാണണാ?”

                       അവള്‍ പറഞ്ഞു.

                    
                       - “വേണം.”
                 

                       ഇക്കാക്ക മൊബൈല്‍ ഫോണില്‍ വീഡിയോ ഓപ്ഷനെടുത്തു ആടിനെ കാണിച്ചു കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. ആടിനെ കണ്ടതും അപ്പുറത്തു നിന്നും ആഹ്ളാദശബ്ദമുയര്‍ന്നു.
                  

                      - “മോള് ആടിനെ കണ്ടാ?”
                   

                        അവള്‍ ആഹ്ളാദത്തോടെ പറഞ്ഞു.

                  
                        - “കണ്ട്.കണ്ട്.”
                     

                        ഞാന്‍ അവരോട് എങ്ങോട്ടാണെന്ന് ആട്ടിന്‍കുട്ടിയെ കണ്ടതിന്റെയും മറ്റും ആകാംക്ഷയുടെ പുറത്ത് ചോദിച്ചു. എറണാകുളത്തേക്കാണെന്ന് ഇക്കാക്ക മറുപടി തന്നു. 
                 

                         എന്നോട് ചിരിച്ചതിനു ശേഷം ഉപ്പൂപ്പാ മൊബൈല്‍ ഫോണിലേക്ക് മുഖം ചേര്‍ത്തു പറഞ്ഞു.
                 

                         - “മോള് ആടങ്ങ് വന്നാല്‍ ആടിന്റോടി കെടന്നോള്ണ്ടാ.”
                  

                         അപ്പുറത്തു നിന്നും ചിരി ചിലമ്പി.
                   

                         അപ്പോഴേക്കും തീവണ്ടി വന്നു. തീവണ്ടി കണ്ടും കേട്ടും പേടിച്ചോ എന്തോ അതു വരെ ശാന്തമായി പ്ളാവില കടിച്ചു കൊണ്ടിരുന്ന ആട്ടിന്‍കുട്ടി കൂടെ ചെല്ലാന്‍ കൂട്ടാക്കാത്തതിനാല്‍  തീവണ്ടിയില്‍ കയറാന്‍ തിരക്കു കൂട്ടുന്ന ആളുകള്‍ക്ക് ഇടയിലൂടെ അവര്‍ക്ക് ഗാര്‍ഡ് റൂമിലേക്ക് അതിനെ തെല്ലു ശക്തിയോടെ വലിച്ചു കൊണ്ടു പോകേണ്ടി വന്നു.
                  

                           തലശ്ശേരിയില്‍ ഇറങ്ങി പ്ളാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ ഗാര്‍ഡ് റൂമില്‍ നിന്നും ആട്ടിന്‍കുട്ടി ഉപ്പൂപ്പാക്കും ഇക്കാക്കക്കും ഒപ്പമുള്ള അതുവരെയുള്ള യാത്രയില്‍ നിന്നും അവിടെ ഒറ്റക്കായി പോയതിനാല്‍ കരയുന്നതു കേട്ടു. നടക്കുന്നതിനിടയില്‍ വെറുതെ തലയെത്തിച്ചു നോക്കിയെങ്കിലും ആടിനെ കാണാന്‍ പറ്റിയില്ല. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്ത് ആ ആട്ടിന്‍കുട്ടി ഇനി കുഞ്ഞു മോളുടെ സ്വന്തമാകും.


                                                                           (2)
                  

                           തീവണ്ടിയില്‍ ഒറ്റക്കുള്ള സീറ്റില്‍ ഇരിക്കുമ്പോള്‍ ഏതാണ്ട് അമ്പതിനോട് അടുത്ത് പ്രായമുള്ള ഒരു വ്യക്തി  മുന്നിലെ സീറ്റില്‍ വന്നിരുന്നു. ഉടന്‍ തന്നെ ബാഗിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് ചെവിയില്‍ ഞാത്തിയിട്ട് പാട്ടു വെച്ചു. പലരെയും അത്തരത്തില്‍ കാണാറുള്ളതിനാല്‍ അത്ഭുതമൊന്നും തോന്നിയില്ല. പെട്ടെന്ന്് മൊബൈല്‍ ഫോണില്‍ നിന്നും ഉയരുന്ന ഞാന്‍ കേള്‍ക്കാത്ത, മറ്റാരും കേള്‍ക്കാത്ത, അദ്ദേഹം  മാത്രം കേള്‍ക്കുന്ന പാട്ടിനൊപ്പം അദ്ദേഹം പാടാന്‍ തുടങ്ങി. വലിയ ഉച്ചത്തിലൊന്നുമല്ല. എങ്കിലും മുന്നിലിരിക്കുന്ന എനിക്ക് കേള്‍ക്കാന്‍ പറ്റുന്ന വിധത്തിലാണ് പാട്ട്. ഓരോ പാട്ടു കഴിയുമ്പോഴും മൊബൈല്‍ ഫോണ്‍ ബാഗിന്റെ കീശയില്‍ നിന്നുമെടുത്ത് പുതിയൊരെണ്ണം വെച്ച് വീണ്ടും തിരിച്ച് അവിടെ തന്നെ വെക്കും. എഴുപതുകളിലെയും എണ്‍പതുകളിലെയും പാട്ടുകളാണ് പാടുന്നത്. മ്യദുലേ, ഇതാ ഒരു ഭാവഗീതമിതാ…എന്ന് പാടിത്തുടങ്ങിയ അദ്ദേഹം വെറുതെ പാടുകയൊന്നുമല്ല, ഗാനമേളയിലൊക്കെ  പാടും മട്ടില്‍ പല്ലവിയും അനുപല്ലവിയുമൊക്കെ കഴിഞ്ഞുള്ള മ്യൂസിക് മാത്രമുള്ള സമയത്ത് തെല്ലു നേരം നിര്‍ത്തുകയും അടുത്ത വരി വരുമ്പോള്‍ പാട്ട് തുടരുകയുമൊക്കെയാണ്. മുഖത്തെ പുരികങ്ങള്‍ കൂടുന്നിടം അതിനനുസരിച്ച് വലിഞ്ഞ് മുറുകുന്നുമുണ്ട്. നെറ്റി തെല്ല് സംഗീതാത്മകമായി ചുളിയുന്നുണ്ട്. വലതു കൈ നെഞ്ചിനടുത്തേക്ക് ഉയര്‍ത്തി വെച്ച് പെരുവിരലില്‍  ചൂണ്ടു വിരല്‍ കൊണ്ട് താളമടിക്കുന്നുണ്ട്. ചെറുവിരല്‍ ഉയര്‍ന്നു നില്ക്കുന്നു. മോതിരവിരലും നടുവിരലും തെല്ല് താഴേക്ക് താഴ്ത്തി വെച്ചിരിക്കുന്നു. ഇടക്ക് ചിലപ്പോള്‍ മറ്റു വിരലുകളും താളാത്മകമായി ചെന്ന് പെരുവിരലില്‍ മുട്ടുന്നുമുണ്ട്. ഇടക്ക് തീവണ്ടിയുടെ ജാലകത്തിനു മേല്‍ താളം പിടിക്കുന്നുമുണ്ട്. വീണ്ടും കൈ വിരലുകളിലേക്ക് തിരിച്ചു വരുന്നുമുണ്ട്. സന്ധ്യ മയങ്ങും നേരം…, കായലൊന്ന് ചിരിച്ചാല്‍ കരയോളം നീര്‍മുത്ത്…, ഒരു പുഷ്പം മാത്രം…., മുന്‍ കോപക്കാരീ… അദ്ദേഹം പാടുന്നതെല്ലാം കണ്ടും കേട്ടും ഞാനിരുന്നു. മറ്റാരെങ്കിലും കാണുമോ കേള്‍ക്കുമോ എന്നൊന്നും അദ്ദേഹം ചിന്തിക്കുന്നതായൊന്നും തോന്നിയില്ല. പാട്ടുകള്‍ പാടുക എന്നതില്‍ മാത്രമാണ് ശ്രദ്ധ. വല്ല റിയാലിറ്റി ഷോയിലേക്കുമുള്ള റിഹേഴ്സലോ മറ്റോ ആയിരിക്കാനാണ് സാധ്യത എന്നു തോന്നി. എന്തിരുന്നാലും ഇറങ്ങേണ്ട സ്റേഷനിലെത്തിയപ്പോള്‍ എനിക്ക് അദ്ദേഹത്തെ അദ്ദേഹത്തിന്റെ പാട്ടിന് വിടേണ്ടി വന്നു.


                                                                     (3)

                   


                               തീവണ്ടിയില്‍ കുട്ടികള്‍ക്ക് അടുത്തിരിക്കുന്ന ആളുകള്‍ ഇറങ്ങുമ്പോള്‍ അവിടെ ചെന്ന് ഇരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ പെട്ടെന്ന് ങ്ങൂഹും…എന്ന് പറഞ്ഞു കൊണ്ട് പ്രതിഷേധിക്കും. അതുവരെ ഒതുങ്ങിയിരുന്ന കുട്ടികള്‍ അപ്പോഴേക്കും സീറ്റില്‍ രണ്ടു കൈകളും അമര്‍ത്തി വെച്ച് വിശാലമായി ഇരുന്നിട്ടുണ്ടാകും. അപ്പോള്‍ അവര്‍ക്കൊപ്പമുള്ള അവരുടെ അമ്മ മോനൊ(ളൊ)ന്ന് ഒതുങ്ങി ഇരുന്നേ എന്നു പറഞ്ഞാലെ അമ്മയോട് മറുത്തൊന്നും പറയാതെ അവര്‍ ഒതുങ്ങിത്തരികയുള്ളു. തെല്ലു കഴിയുമ്പോഴേക്കും അടുത്തിരിക്കുന്നതില്‍ പ്രതിഷേധിച്ച കുട്ടി കൈ മുട്ട് എടുത്ത് തന്റെ സ്വന്തമാണെന്ന മട്ടില്‍ അടുത്തിരിക്കുന്നയാളുടെ മടിയില്‍ വെച്ചിട്ടുണ്ടാകും. മേലേക്ക് ചാരിയിരുന്നിട്ടുമുണ്ടാകും.

                   

                           ഒരു ദിവസം അടുത്തിരുന്ന ആണ്‍കുട്ടി തീവണ്ടി കോഴിക്കോട് റെയില്‍വേ സ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ കാറ്ററിംഗ് സര്‍വ്വീസുകാര്‍ ജനലിനടുത്ത് കൊണ്ടു വന്ന ഭക്ഷണസാധനങ്ങളില്‍ നിന്നും പഴംപൊരിക്കായി കരയാന്‍ തുടങ്ങി. വലിയ വായിലാണ് കരച്ചില്‍. കിട്ടിയപ്പോള്‍ സന്തോഷം. ലെഗേജ് വെക്കുന്ന തട്ടിലേക്ക് ചേച്ചിയുടെ അടുത്തേക്ക് അവന്‍ കയറിയപ്പോഴാണ് ശ്രദ്ധിച്ചത് കണങ്കാലില്‍ നിറയെ പരുക്കള്‍ പൊട്ടിയിരിക്കുന്നു. പൊതുവെ ഏതൊരാള്‍ക്കും കുട്ടിക്കാലത്ത് കൂടെയുണ്ടാകുന്ന പരുക്കള്‍. വലുതാകുമ്പോള്‍ മറയുന്നവ.

                  

                           സൈഡ് സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി നോക്കിയിരിക്കുന്ന കുട്ടികള്‍. ഒരു തീവണ്ടി എതിരെ വന്നപ്പോള്‍ അടുത്തിരുന്ന കുട്ടി കിടുങ്ങിയത് ശരിക്കും അറിഞ്ഞു. രണ്ടു തീവണ്ടികളുടെയും ശബ്ദബഹളങ്ങളില്‍ പിന്നെ അവന്‍ ചുമല്‍ ചുരുക്കി ചമ്മിയിരിപ്പായി.യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് അടുത്തിരുന്ന് യാത്ര ചെയ്യുന്നത് തികച്ചും രസകരമാണ്.
                


                            ഒരു ദിവസം യാത്ര ചെയ്തത് അത്യന്തം കുസ്യതിയായ കുട്ടിയും അവന്റെ അമ്മയും ബന്ധുക്കളുമൊക്കെയുള്ള കമ്പാര്‍ട്ടുമെന്റില്‍ അവരൊക്കെ ഇരുന്നതിനു ശേഷം ഒരാള്‍ക്കു മാത്രമായി അവശേഷിച്ച ഇടത്ത് ഇരുന്നായിരുന്നു. ഡിസംബര്‍ മാസം അവസാനമായതിനാല്‍ കുട്ടിയുടെ കൈയില്‍ അമ്മ നല്കിയ റോളായി ചുരുട്ടിയ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു. അമ്മ തന്നെയാണ് കുട്ടിയുടെ കാതിനോട് ചേര്‍ത്ത് കലണ്ടറിന്റെ മറ്റേ അറ്റത്ത് നിന്നും കാര്യങ്ങള്‍ പറയാം എന്നു കാണിച്ചു കൊടുത്തത്. അവന്‍ അതില്‍ രസം പിടിച്ച് എല്ലാവരുടെയും ചെവിയില്‍ പലതും പറയാന്‍ തുടങ്ങി. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടിക്ക് നാലഞ്ചു മുട്ടയിട്ട് അടയിരുന്നു വിരിയിച്ച തള്ളക്കോഴിയുടെയും കുഞ്ഞുങ്ങള്‍ തെല്ലു വലുതായപ്പോള്‍ എല്ലാ കുഞ്ഞുങ്ങളും തോട്ടിലേക്ക് നീന്തിപ്പോയതും തള്ളക്കോഴിക്ക് സങ്കടമായതുമായ കുട്ടിക്കവിത അവന്‍ കലണ്ടര്‍ കുഴലിലൂടെ ഈണത്തില്‍ പാടിക്കൊടുത്തു. ആദ്യമായി കേള്‍ക്കുന്ന കുട്ടിക്കവിതയായതിനാല്‍ എല്ലാവര്‍ക്കുമൊപ്പം ഞാനും രസം പിടിച്ച് കേട്ടിരുന്നു. അത്രയും നല്ലൊരു കുട്ടിക്കവിത എഴുതിയത് ആരാവാം എന്നും അതൊടൊപ്പം തന്നെ ആലോചിച്ചു പോയി. കുട്ടിക്കവിതകളുടെ എഴുത്തുകാര്‍ ആരാണെന്ന് അവയില്‍ പലതും പാടുമ്പോഴും കേള്‍ക്കുമ്പോഴും പലരും പൊതുവെ അന്വേഷിക്കാറില്ല. എഴുത്തുകാര്‍ ആരാണെന്നു ശ്രദ്ധിക്കാതെ എത്രയെത്ര കുട്ടിക്കഥകളും കവിതകളുമൊക്കെയാണ് ഓരോരാളെയും മറികടന്നു പോകുന്നത്. എഴുത്തുകാരുടെ കൈയില്‍ നിന്നും കാലിലെ നൂല്‍ പൊട്ടിച്ച് പറന്നു പറന്നു പോകുന്ന പക്ഷികളെ പോലെയാണ് അവ.  
                  


                             അവന്റെ കുസ്യതി കൂടിയപ്പോള്‍ അമ്മൂമ്മ അടങ്ങിയിരിക്കാഞ്ഞാല്‍ പുലി വരുമേ എന്നു പറഞ്ഞ് കുട്ടിയെ പേടിപ്പിക്കാന്‍ നോക്കി. പുലി അമ്മയെയും തിന്നുമോ എന്ന് അവന്‍ അമ്മയോട് തിരക്കി. അവന്റെ മാമന്‍ തിന്നുമെന്നു പറഞ്ഞു. ചേച്ചിയേയും തിന്നുമോ എന്നവന്‍ ഏതാണ്ട് പ്ളസ്ടുവിന് പഠിക്കുന്ന പ്രായമുള്ള തെല്ലു മെലിഞ്ഞ പെണ്‍കുട്ടിയെ ഉദ്ദേശിച്ച് ചോദിച്ചു. അപ്പോള്‍ അതിന് ഉത്തരമായി അമ്മയെ തിന്നതിനു ശേഷം പല്ലിട കുത്താന്‍ അവളെയും പുലി പിടിക്കുമെന്നു മാമന്‍ ചുണ്ടത്ത് തെല്ലൊരു തമാശച്ചിരിയോടെ പറഞ്ഞു. മുതിര്‍ന്ന എല്ലാവരും അതു കേട്ട് ചിരി തുടങ്ങി. ആ പെണ്‍കുട്ടിയാകട്ടെ ചിരിക്കുന്നതിനൊപ്പം തന്നെ തികച്ചും അപരിചിതനായ ഞാന്‍ പറയുന്നതെല്ലാം കേട്ടുപോയോ എന്ന തരത്തില്‍ എന്നെ ഇടം കണ്ണാല്‍ നോക്കിക്കൊണ്ടിരുന്നു.       

                

                            മറ്റൊരു ദിവസം തീവണ്ടിയില്‍ നിന്നും ഇറങ്ങി ഒന്നാം പ്ളാറ്റ്ഫോമിലേക്ക് ഓവര്‍ബ്രിഡ്ജ് കയറുമ്പോള്‍ പ്ളാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട തീവണ്ടിയിലേക്ക് റ്റാറ്റ പറഞ്ഞു കൊണ്ട് കൈ വീശുന്ന പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നും ആരും ശ്രദ്ധിക്കുന്നു പോലുമില്ലായിരുന്നു. എന്നിട്ടും അവള്‍ കൈ വീശിക്കൊണ്ട് ഒതുക്കുകള്‍ കയറിക്കൊണ്ടിരുന്നു.
30ഏതെങ്കിലും വീട്ടില്‍ നിന്നും ഏതെങ്കിലും കുട്ടികള്‍ കൈ വീശിയാല്‍ അത് യാത്രക്കാര്‍ക്കുള്ളത്  തന്നെയാണ്. തിരിച്ച് വീശാന്‍ ആവതില്ലെങ്കിലും മനസ്സു കൊണ്ട് വീശിപ്പോകുക തന്നെ ചെയ്യും.


                                                                     (4)            
                    


                              തീവണ്ടി വരുന്നതും കാത്ത് ഒന്നാം പ്ളാറ്റ്ഫോമില്‍ ഏറ്റവും മുന്നിലെ കമ്പാര്‍ട്ടുമെന്റില്‍ കയറാനായി സിമന്റു ബെഞ്ചില്‍ ഒറ്റക്ക് ഇരിക്കുമ്പോള്‍ രണ്ടാം പ്ളാറ്റ്ഫോമില്‍ നിന്നും ഒരു നാടോടി സ്ത്രീ തെല്ലകലത്തു വന്ന് നിലത്തിരുന്നു. അവര്‍ക്കിരിക്കാന്‍ ഒഴിഞ്ഞ ഒരു സിമന്റ് ബെഞ്ച് തെല്ലപ്പുറം ഉണ്ടായിരുന്നിട്ടും അവര്‍ തറയില്‍ ചടഞ്ഞിരിക്കുകയാണുണ്ടായത്. റെയില്‍വേ സ്റേഷന്റെ ഓരത്തുള്ള തണല്‍ മരത്തില്‍ നിന്നും അതുവരെയും ഉറക്കമുണരാത്ത കാക്കകളെ ഉണര്‍ന്ന കാക്കകള്‍ വിളിച്ചുണര്‍ത്തുന്നുണ്ട്. അതിന്റെ ബഹളമാണ് തണല്‍ മരം നിറയെ. ചിലത് ജോലിക്കായി മരത്തില്‍ നിന്നും പറന്നു പോകുന്നുമുണ്ട്. നാടോടി സ്ത്രീ ഇരുന്ന ഉടനെ അവരുടെ വേഷം പോലെ  തന്നെ മുഷിഞ്ഞ തുണി കൊണ്ടുള്ള സഞ്ചി തുറന്ന് പാക്ക് എടുത്ത് മുറുക്കാന്‍ തുടങ്ങി. വിസ്തരിച്ച് മുറുക്കാനുള്ള നേരമൊന്നുമായിട്ടില്ല. നേരം പുലര്‍ന്നിട്ടേയുള്ളു. അപ്പോഴേക്കും അവരുടെ കൂട്ടാളികളായ നാലു പേര്‍ കൂടി പാളം മുറിച്ചു കടന്ന് അവിടേക്ക് വന്നു. അവരില്‍ ഒരാളുടെ അരക്കെട്ടില്‍ തുണി കൊണ്ട് തീര്‍ത്ത ജിറാഫ് കീശയില്‍ ഒരു കുഞ്ഞ് ഇരുന്ന് അവരെയൊക്കെയും നോക്കുന്നുണ്ടായിരുന്നു. അവരില്‍ കുഞ്ഞിനെ എടുത്തവളും തെല്ല് പ്രായമുള്ളവരും വന്ന ഉടനെ തറയില്‍ ചടഞ്ഞുള്ള ഇരിപ്പ് തുടങ്ങി. അവരും മുറുക്കാന്‍ എടുത്ത് ചവക്കാന്‍ തുടങ്ങി. പ്രായമായ സ്ത്രീയില്‍ ജീവിതം ഏറെ കണ്ടതിന്റെയും മനസ്സിലാക്കിയതിന്റെയും പക്വതയുണ്ടായിരുന്നു. കൂട്ടത്തിലുള്ള മറ്റുള്ളവര്‍ പറയുന്നതിന് അവര്‍ പെട്ടെന്ന് ചിരിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. അവര്‍ ഇടക്കെന്തെങ്കിലും പറയുന്നതാകട്ടെ മറ്റുള്ളവര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതായും തോന്നി.

                      

                              അവരില്‍ ഒരു നാടോടി സ്ത്രീ പ്ളാസ്റിക് ബോട്ടിലില്‍ വെള്ളമെടുക്കാന്‍ പോകുന്നതു കണ്ട് അവര്‍ക്കടുത്തായി നില്ക്കുകയായിരുന്ന സ്ത്രീയും അവരുടെ കൈയിലെ പ്ളാസ്റിക് ബോട്ടില്‍ അവര്‍ക്ക് നല്കി. പബ്ളിക് ലാട്രിന്റെ അടുത്ത് പോയി അവള്‍ വെള്ളവുമായി വന്ന് തെല്ലു ദൂരേക്ക് നടന്നു പോയി. അവര്‍ക്ക് പിന്നാലെ വെള്ളം കൊണ്ടു കൊടുക്കാന്‍ ആവശ്യപ്പെട്ട സ്ത്രീയും ബോട്ടിലും വാങ്ങി കൂടെ പോയി. വെള്ളം കുടിക്കാനോ മറ്റോ ആകും കൊണ്ടു പോകുന്നത് എന്നു കരുതി അവര്‍ പോകുന്നതും നോക്കി നിന്ന എനിക്ക് തെല്ലു നേരത്തേക്ക് തല തിരിക്കേണ്ടി വന്നു. പ്ളാറ്റ്ഫോമില്‍ തെല്ല് അകലെ റെയില്‍വേയുടെ കാബിള്‍ പെട്ടിയുടെ മറയിലേക്ക് അവര്‍ ഇരുവരും തെല്ല് ഇരുന്നതിനു ശേഷം തിരിച്ചു വന്നു. ലാട്രിനിന്റെ അടുത്തു നിന്നും വെള്ളവുമായി പോയവര്‍ക്ക് ലാട്രിന്‍ സംവിധാനങ്ങളെ പറ്റി ഒന്നുമൊന്നും അറിയില്ലെന്നു തോന്നി. അവനവന്‍ ശുചിത്വത്തെ പറ്റിയും പരിസരശുചിത്വത്തെ പറ്റിയും എത്രയോ ദിവസങ്ങളായി കുളിക്കുകയോ വസ്ത്രം മാറുകയോ ചെയ്യാത്തവര്‍ക്ക് എന്ത് അറിയാനാണ്? അവരാണെങ്കില്‍ ആരും തന്നെ ഞാനെന്ന വ്യക്തിയെ തെല്ലും ശ്രദ്ധിക്കുന്നു പോലുമുണ്ടായിരുന്നില്ല. അവര്‍ എല്ലാവരും അവരുടേതായ ലോകത്തു മാത്രമായിരുന്നു.
                     


                               അപ്പോഴേക്കും ഇരിക്കുന്നവരില്‍ അമ്മയായവരുടെ മടിയിലിരിക്കുന്ന കുഞ്ഞിന് കളിപ്പാട്ടമായി ഒരു ചെരിപ്പ് കിട്ടിയിരുന്നു. ഏതെങ്കിലും കുട്ടികളുടേതായ കളിപ്പാട്ടം അവന് ഈ ജ•ം കിട്ടുമെന്ന് എന്തുകൊണ്ടോ തോന്നിയില്ല. അവനത് രണ്ടു കൈകള്‍ കൊണ്ട് പിടിക്കാനും കടിക്കാനുമൊക്കെ തുടങ്ങി. അവരില്‍ ഇരിക്കുന്നവരില്‍ ചിലര്‍ അപ്പോഴേക്കും വായിലിട്ട് മുറുക്കിയത് വായില്‍ വിരല്‍ വെച്ച് പ്ളാറ്റ്ഫോമില്‍ തന്നെ പുറത്തേക്ക് കളയാനും തുടങ്ങി. അവര്‍ പറയുന്ന ഭാഷ എന്തെന്ന് എനിക്ക് മനസ്സിലായതേയില്ല. ഭാഷയില്‍ എന്തിരുന്നാലും തമാശകളൊക്കെയുണ്ട്. പരസ്പരം അവര്‍ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നതൊക്കെ കണ്ടു.
                     


                               അപ്പോഴേക്കും തീവണ്ടി വന്നു. തീവണ്ടി വരുന്നത് കണ്ട് അവരില്‍ ഇരുന്നവര്‍ എഴുന്നേറ്റു. അവര്‍ തീവണ്ടിയില്‍ എല്ലാവരും കയറിയതിനു ശേഷം ഏറ്റവും ഒടുവിലേ കയറൂ എന്ന് എന്തുകൊണ്ടോ എനിക്ക് തോന്നിയിരുന്നു. അവര്‍ അത്തരത്തില്‍ തന്നെ ആളുകള്‍ ഇറങ്ങാനായി കാത്തു നിന്നു. എന്റെ മുന്നില്‍ തീവണ്ടിയുടെ വാതിലിനടുത്തുള്ള കമ്പിയില്‍ അകത്തേക്ക് കയറുന്നതിനായി പിടിച്ചു കൊണ്ട് നില്ക്കുന്ന ചെറുപ്പക്കാരനോട് അവനെ തെല്ലും പരിചയമില്ലാത്ത തികച്ചും മാന്യനായ ഒരു മനുഷ്യന്‍ ആളുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ അകത്തു ധ്യതിയില്‍ കടന്ന് സീറ്റ് കിട്ടാനായി ആളുകള്‍ ഇറങ്ങാന്‍ കാക്കാതെ, ഗേപ്പിലൂടെ കയറ് ഭായ് എന്ന് മറ്റുള്ളവരിലേക്ക് ഇടിച്ച് കയറിക്കൊണ്ട് പറയുന്നുണ്ടായിരുന്നു.
                 


                              ഒടുവില്‍ ഇറങ്ങേണ്ട സ്റേഷനെത്തിയപ്പോള്‍ ഞാന്‍ കരുതിയതു പോലെ തന്നെ വാതിലിനടുത്തുള്ള സ്ഥലത്ത് തറയില്‍ ആ നാടോടി സ്ത്രീകള്‍ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിലെ വഴി കാണിച്ചു കൊടുക്കുക എന്ന മട്ടില്‍ മറ്റുള്ളവര്‍ക്ക് കാലുകള്‍ വെച്ച് പോകാന്‍  മാത്രമുള്ള ഇടം അവര്‍ക്കിടയില്‍ വെച്ച് തറയില്‍ തലങ്ങും വിലങ്ങും ഇരിപ്പുണ്ടായിരുന്നു. തീവണ്ടിയുടെ സൈഡ് സീറ്റില്‍ ഇരുന്നു കൊണ്ട് പുറത്ത് കണ്ട പല തരം സൂത്രവാക്യങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന കെട്ടിടങ്ങളുടെ ഉള്ളുകള്‍, മുകളിലേക്കുയരുന്ന ലിഫ്റ്റുകള്‍ അവര്‍ എന്നെങ്കിലും കാണുമോ? അവര്‍ യാത്രയില്‍ ആ കൂറ്റന്‍ കെട്ടിടങ്ങള്‍ ശ്രദ്ധിച്ചിട്ടു പോലുമുണ്ടാകില്ല.
                     


                               പോയിച്ചെല്ലുന്നിടത്ത് അവര്‍ തറയിലിരുന്ന് ആളുകള്‍ ഇട്ടു കൊടുക്കുന്ന  നാണയങ്ങള്‍ക്കായി അവരുടെ വേഷം പോലെ തന്നെയുള്ള മുഷിഞ്ഞ തുണി വിരിക്കും.
                     


                             തീവണ്ടി ഇറങ്ങി നടന്നു പോരുമ്പോള്‍ പ്ളാറ്റ്ഫോമില്‍ എതിരെ വരുന്ന ചെറുപ്പക്കാരന്റെ ബനിയന്‍ ഏതാണ്ട് വായിച്ചു.

                     

                            യു കാന്‍ ടേക്ക് ഏന്‍ ഏനിമല്‍ ഔട്ട് ഓഫ് ദി ജംഗിള്‍, ബട്ട് നോട്ട് ദി ജംഗില്‍ ഔട്ട് ഓഫ് എന്‍ ഏനിമല്‍.

                     

                             പുറത്തേക്ക് ഇറങ്ങി നടക്കുമ്പോള്‍ ഒരു കാക്ക റെയില്‍വേ ക്വാര്‍ട്ടേഴ്സിന്റെ വേലിയില്‍ ഒറ്റക്കിരുന്ന് കരയുന്നു. കാലത്ത് ഏതോ തണല്‍ മരത്തില്‍ നിന്നും തെല്ലു നേരം കൂട്ടത്തോടെ ബഹളമൊക്കെ തീര്‍ത്ത് പറന്നു വന്ന് ഇരിക്കുന്നതാകും ആ കാക്കയും. വൈകിട്ട് ആ മരത്തിലേക്കു തന്നെ അത് തിരിച്ചു പോകും. അപ്പോഴുമുണ്ടാകും തെല്ലു നേരം ഒത്തു ചേരലിന്റെ ഒരു ബഹളം. നേരമിരുട്ടിയിട്ടും ആരുമാരും ഉറങ്ങാത്തതെന്തെന്ന് പറഞ്ഞും കൊണ്ടുള്ള പരസ്പരബഹളം.



                                                                       (5)
                   


                           കണ്ണൂര്‍ റെയില്‍വേ സ്റേഷനില്‍ എന്നും കാണാറുള്ള കൊച്ചകള്‍ പാറിപ്പറന്നു വന്ന് പാളത്തിലൂടെ ഒരു നടപ്പുണ്ട്. നിര്‍ത്തിയിട്ട ലോക്കല്‍ ട്രെയിനില്‍ നിന്നും എന്നും നോക്കിയിരിക്കുന്ന കാഴ്ചയാണത്. തീറ്റ തേടിയുള്ള നടപ്പാണ്. ഒന്നോ രണ്ടോ ഒന്നുമല്ല. നാലഞ്ചു കൊച്ചകളുണ്ട്. ഗ എന്ന അക്ഷരം ചെരിച്ചു വെച്ചതു പോലുള്ള കഴുത്തും ചെറിയ കമ്പിക്കഷ്ണം പോലുള്ള കാലുകളുമായി അവ നടക്കുന്നതു കാണാന്‍ അതിന്റേതായ രസമൊക്കയുണ്ട്.

                  

                           ഒരു ദിവസം വൈകിട്ട് റെയില്‍വേ സ്റേഷനില്‍ ചെന്നപ്പോള്‍ മൂന്നു വിദേശസഞ്ചാരികള്‍ അവയുടെ ഫോട്ടോ എടുക്കുകയാണ്. പ്ളാറ്റ്ഫോമില്‍ നിന്നും പാളത്തിലേക്ക് നോക്കുന്ന ക്യാമറയിലെ ചിത്രങ്ങള്‍ മതിയാകാതെ അതിലൊരു ചെറുപ്പക്കാരന്‍ പാളത്തിലേക്കിറങ്ങിയായി പിന്നീടുള്ള ഫോട്ടോ എടുക്കല്‍. ഒന്നിച്ചുള്ളയാള്‍ അകലെ നിന്നും തീവണ്ടിയോ മറ്റോ വരുന്നുണ്ടോ എന്നു നോക്കി നില്ക്കുമ്പോള്‍ ഒന്നിച്ചുള്ള സ്ത്രീ എല്ലാം കണ്ടുകൊണ്ട് നില്ക്കുകയാണ്. ക്ളോസ് അപ്പിനു വേണ്ടിയുള്ള ശ്രമത്തില്‍ ഫോട്ടോഗ്രാഫര്‍ അടുത്തു വരുന്നതു കണ്ട് ഫോട്ടോഷൂട്ട് മടുത്ത് കൊച്ച പറന്നു പോയി. റെയില്‍വേ സ്റേഷനിലുള്ള പലരും അവരുടെ ഫോട്ടോ പിടുത്തം തെല്ല് അത്ഭുതത്തോടെ നോക്കിനില്ക്കുകയായിരുന്നു.

                    

                           ഇവിടെയുള്ള ആളുകള്‍ അത്തരം കാര്യങ്ങളില്‍ മറ്റുള്ള ആളുകള്‍ എന്തു കരുതും എന്നൊക്കെ വിചാരിച്ച് കഴിഞ്ഞു കൂടുന്നവരാണ്. അവര്‍ ഒരിക്കലും അത്തരം ഫോട്ടോ പിടുത്തത്തിനൊന്നും മുതിരില്ല. ശരീരഭാഷകളെ മറ്റുള്ളവര്‍ക്കായി തികച്ചും അനാവശ്യമായി ക്രമപ്പെടുത്തി ജീവിക്കുന്നവരാണ് പലരും. തന്നെയാണ് മറ്റുള്ളവര്‍ നോക്കിക്കൊണ്ടേയിരിക്കുന്നത് എന്നു കരുതി ജീവിക്കുന്ന ജീവിതമാണെന്നും തോന്നുന്നു പലരുടെതും. അവരെ പറഞ്ഞിട്ടും കാര്യമില്ല. മറ്റുള്ളവരുടെ ജീവിതത്തില്‍ പല മേഖലകളിലും അനാവശ്യമായി ഇടപെട്ടു കൊണ്ടിരിക്കുന്ന രീതികളും ഇവിടെയുള്ളവര്‍ക്കുണ്ട്. ആരെങ്കിലും എന്തെങ്കിലും കാര്യങ്ങള്‍ പറയുമ്പോള്‍ ഉയര്‍ന്ന ശബ്ദത്തില്‍ അതിനെ എതിര്‍ത്തു പറഞ്ഞ് പറയുന്ന ആളുടെ സമൂഹത്തിലെ അത്തരമൊരു ഇടം നഷ്ടപ്പെടുത്തുക, വെറുതെ അന്യരുടെ കാര്യങ്ങളില്‍ മേല്‍ക്കോയ്മ കാണിക്കുക തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങള്‍ പലര്‍ക്കുമുണ്ട്. ക്രിയേറ്റീവായ മേഖലകളില്‍ യാതൊരു ഇന്‍ഹിബിഷന്‍സും ഇല്ലാത്ത ജീവിതം വളരെ രസകരമായ ജീവിതം തന്നെയാണെന്നാണ് തോന്നുന്നത്.

                    

                            കണ്ണൂര്‍ റെയില്‍വേ സ്റേഷനിലെ കൊച്ചകളെ പോലെ തന്നെ ശ്രദ്ധയില്‍ പെട്ട മറ്റൊരു കാഴ്ചയുമുണ്ട്. തിരൂര്‍ റെയില്‍വേ സ്റേഷന്‍ പരിസരത്തെ റോഡരികില്‍ നിന്നും പാളത്തിനു മുകളില്‍  വരെ ആകാശത്ത് പടര്‍ന്ന മരത്തിന്‍മേല്‍ നിറയെ പഞ്ഞിക്കെട്ടുകള്‍ പോലെ വിദേശത്തു നിന്നും വന്ന വെളുപ്പ് നിറമുള്ള ദേശാടനപക്ഷികളുണ്ട്. അവ ഉറങ്ങുമ്പോള്‍ ആ മരം ഉന്നക്കായ പൊട്ടി നില്ക്കുന്ന ഉന്നമരം പോലെ തോന്നിക്കും. നന്നേ കാലത്ത് അവ അവിടെ നിന്നും പറന്ന് എങ്ങോട്ടൊക്കെയോ പോകും. വീണ്ടും സന്ധ്യയോടെ പറന്നു വന്ന് അതെ മരത്തില്‍ ഉറങ്ങും. ആ മരത്തില്‍ നിന്നും തൊട്ടടുത്ത മറ്റൊരു മരത്തില്‍ നിന്നും പറന്നു പോകുകയും തിരിച്ചു വരികയും ചെയ്യുന്ന പക്ഷികള്‍.


                                                                           (6)
                     


                              ഒരു വര കുത്തനെ വരച്ച് താഴെയും നെഞ്ചിന്റെ ഭാഗത്തും ഇംഗ്ളീഷ് അക്ഷരമായ വി കമഴ്ത്തി വരച്ച് ഒരു മുട്ട കുത്തനെയുള്ള വരയുടെ ഏറ്റവും മുകളിലായി വരച്ചു വെച്ചാല്‍ ഒരു മനുഷ്യനായി. ആരുമാരും അത് മനുഷ്യനല്ലെന്ന് പറയില്ല. അത്തരത്തില്‍ ചില തോന്നിച്ചകളുമാണ് ചിലപ്പോഴൊക്കെ ചിത്രങ്ങള്‍.
                    


                             ഏതാണ്ട് പതിനെട്ടു വയസ്സു പ്രായമുള്ള ഒരു ആണ്‍കുട്ടി ജനലിനരികില്‍ ഒറ്റക്കിരിക്കാവുന്ന സീറ്റിലിരുന്ന് പ്ളസ്ടുവിന്റെ ഉപയോഗം കഴിഞ്ഞ റിക്കോര്‍ഡു ബുക്കിലെ അവശേഷിച്ച വെളുത്ത പേജുകളില്‍ ബോള്‍പോയിന്റ് പേന കൊണ്ട് ചിത്രം വരക്കുന്നത് കണ്ടാണ് തൊട്ടടുത്തുള്ള അഞ്ചു പേര്‍ ഇരിക്കുന്ന സീറ്റിലെ മധ്യത്തിലായിരുന്ന ഞാന്‍ വെറുതെ തലയെത്തിച്ച് നോക്കിയത്. അതുവരെ മുന്നിലിരിക്കുന്ന ആളോട് ആണ്‍കുട്ടി തമിഴില്‍ പലതും പറയുന്നുണ്ടായിരുന്നു. മുന്നിലിരിക്കുന്ന മധ്യവയസ്കനായ ആ ആളും ആണ്‍കുട്ടി വരക്കുന്ന ചിത്രം നോക്കുന്നുണ്ടെങ്കിലും ചിത്രത്തില്‍ വലിയ താല്പര്യമൊന്നും ആ മുഖത്തുള്ളതായി കണ്ടില്ല. വിശേഷിച്ച് ഒന്നും പറയാന്‍ മാത്രമില്ലാത്ത ഒരു റോസാപ്പൂവാണ് ആണ്‍കുട്ടി ആദ്യം വരച്ചത്. റോസാപ്പൂ എളുപ്പം വരക്കാന്‍ നടുവില്‍ നിന്നും വികസിച്ചു വരുന്ന വ്യത്തങ്ങളെ തണുപ്പില്‍ കോടും വിധം വിറപ്പിച്ച് വരച്ചാല്‍ മതിയെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇതാണോ തീവണ്ടിയിലിരുന്ന് കാര്യമായി വരക്കുന്നത് എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ തല തിരിച്ചു.
                   


                            തെല്ലു കഴിഞ്ഞ് വീണ്ടും നോക്കിയപ്പോള്‍ ആണ്‍കുട്ടി ഒരു താമരയുടെ പണിയിലാണ്. അതും എളുപ്പം വരക്കാവുന്ന രീതിയില്‍ നടുവിലെ ഇതള്‍ ആദ്യവും പിന്നെ മറ്റുള്ള ഇതളുകള്‍ ഒന്നിനൊന്നോട് ചേര്‍ത്തു വെച്ചും തന്നെയാണ് വരച്ചത്. കുട്ടികള്‍ ഏവരും വരക്കുന്ന സാധാരണ ചിത്രങ്ങള്‍. ഞാന്‍ പിന്നെ അങ്ങോട്ട് ശ്രദ്ധിക്കാതായി. അപ്പോള്‍ അടുത്ത സ്റേഷനില്‍ ഇറങ്ങുന്നതിനായി ഒരു കുടുബം അപ്പുറത്തു നിന്നും ആണ്‍കുട്ടിയുടെ അരികിലേക്ക് നടന്നു വന്നു. ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛനും അമ്മയുമായിരുന്നു അത്. അത്തരം അവസ്ഥകളില്‍ ബാഗും മറ്റുമായി ഒരു കുടുംബത്തിലെ പുരുഷന്‍മാരും ആണ്‍കുട്ടികളും തെല്ല് വാതിലിനടുത്തായാണ് നില്ക്കുന്നത് കാണാറുള്ളത്. തീവണ്ടി നിര്‍ത്തും വരെ വാതിലിനരികില്‍ നിന്നും തെല്ലു ദൂരത്താണ് അവരുടെ സ്ത്രീകളും പെണ്‍കുട്ടികളും പൊതുവെ നില്ക്കുക. ഇറങ്ങാന്‍ നേരം പെട്ടെന്നുണ്ടാകുന്ന തിരക്കില്‍ പെടാതിരിക്കാനുള്ള കരുതലാണെന്നു തോന്നുന്നു ആ അകലം കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ പരസ്പരം പറയാതെയും പ്ളാന്‍ ചെയ്യാതെയുമൊക്കെ എടുക്കുന്ന ചില തീരുമാനങ്ങളിലാണ് അവ പെടുക.
                       


                             പെണ്‍കുട്ടിക്ക് ഏതാണ്ട് നാലാം ക്ളാസിലോ അഞ്ചാം ക്ളാസിലോ  പഠിക്കുന്ന പ്രായമേ തോന്നുന്നുള്ളുവെങ്കിലും ഏതാണ്ട് അമ്മയുടെ അത്ര തന്നെ ഉയരമുണ്ട്. ആ പെണ്‍കുട്ടി അത്യന്തം കൌതുകത്തോടെ സീറ്റിലിരുന്ന് ആണ്‍കുട്ടി വരക്കുന്ന ചിത്രത്തിലേക്ക് നോക്കുന്നതും അവള്‍ നോക്കുന്നതിന് പിന്തുണ എന്ന വിധത്തില്‍ അമ്മയും അതു തന്നെ നോക്കി അവളുടെ ചെവിയില്‍ എന്തൊക്കെയോ പറയുന്നതും വരക്കുന്നത് കണ്ടോ എന്ന ഭാവത്തില്‍ അവള്‍ ഇടക്കിടെ ചിത്രത്തില്‍ നിന്നും മുഖമുയര്‍ത്തി അമ്മയെ  സന്തോഷത്തോടെ നോക്കുന്നതുമൊക്കെ കണ്ട് ആ ആണ്‍കുട്ടി ഒത്തൊപ്പിച്ച് വരക്കുന്ന പൂക്കളില്‍ അവര്‍ക്ക് ഇരുവര്‍ക്കും എന്തിത്ര ശ്രദ്ധിക്കാനും പറയാനും മാത്രം എന്ന് ഞാന്‍ വിചാരപ്പെട്ടു. പെണ്‍കുട്ടിയെ മറഞ്ഞ് ആണ്‍കുട്ടി വരക്കുന്ന ചിത്രം എനിക്ക് കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വണ്ടി നിര്‍ത്തി അവര്‍ അവിടെ നിന്നും നീങ്ങിയപ്പോള്‍ ആണ്‍കുട്ടിയുടെ ചിത്രത്തിലേക്ക് എന്താണതില്‍ വരച്ചിരിക്കുന്നത് എന്നറിയാനായി നോക്കുമ്പോള്‍ അതില്‍ ആരാധനയോടെ സ്റെല്‍ മന്നനെ കുറ്റമറ്റ രീതിയില്‍ വരച്ചിരിക്കുന്നു. വെറുതെയായിരുന്നില്ല ആ പെണ്‍കുട്ടിയും അവളുടെ അമ്മയും രജനീകാന്ത് വരും വരെ അവിടെ കാത്തു നിന്നത്.


                                                                     (7)
                      

                                  റീഡിംഗ്, നുമിസ്മാറ്റിക്സ്, ഫിലാറ്റലിയൊക്കെ പോലെ തന്നെ ടെസ്റ് മെസേജിങ്ങും ഒരു ഹോബിയാണെന്നു പറഞ്ഞു കാണാറുണ്ട്. ഞാന്‍ കരുതിയത് വെറുതെ പറയുന്നതാവും, അത്തരമൊരു ഹോബിയൊന്നും കാണില്ലെന്നാണ്. മൊബൈല്‍ ഫോണ്‍ വാങ്ങിയ ഉടനെയല്ലാതെ പിന്നെയെന്താണ് ഹോബിയാകാന്‍ മാത്രം മെസേജിങ്ങില്‍ ഇത്രമാത്രം താല്പര്യം ഒരാള്‍ക്കുണ്ടാകുക എന്നും ചിന്തിച്ചു പോയിട്ടുണ്ട്. ദിവസം തോറും മെസേജ് അയക്കുന്ന കൂട്ടുകാരില്‍ ചിലരെ പറ്റി അതെടുത്ത് വായിക്കുമ്പോള്‍ ഇവന് വേറെ പണിയൊന്നുമില്ലേ, ആവോ എന്നും മനസ്സില്‍ തോന്നിയിട്ടുണ്ട്. (എന്നെ പറ്റി എന്റെ മെസേജുകള്‍ കിട്ടിയ മറ്റുള്ളവര്‍ക്കും അത്തരത്തില്‍ തോന്നിയ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ആദ്യകാലഘട്ടം ഉണ്ടായിരുന്നിരിക്കാം.) അവക്ക് മറുപടി തിരിച്ചയക്കാത്തതിനാല്‍ മെസേജുകള്‍ ചിലവാകുന്നില്ലെന്നു കണ്ട് അവര്‍ക്കും മടുത്തു കാണും. ഇപ്പോള്‍ പഴയ പടി അത്തരം മെസേജുകള്‍ കാണുന്നില്ല.
                    


                                  അദ്യം നില്ക്കുകയായിരുന്ന യൂനിഫോമിട്ട ഒരു പെണ്‍കുട്ടി എന്റെ അടുത്തിരിക്കുന്നയാള്‍ ഇറങ്ങാന്‍ എഴുന്നേറ്റപ്പോള്‍ തീവണ്ടിയില്‍ എന്റെ അടുത്തു വന്നിരുന്നു. എത്ര പെട്ടെന്നാണ് മൊബൈല്‍ ഫോണില്‍ അവള്‍ ടെക്സ്റ് മെസേജുകള്‍ തയ്യാറാക്കുന്നതും കൂട്ടുകാര്‍ക്കായി അയക്കുന്നതും എന്ന് അങ്ങോട്ട് നോക്കാതെ തന്നെ അത്ഭുതത്തോടെ ഞാന്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു. തീവണ്ടിയിലെ ആരെയും തന്നെ അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. തീവണ്ടിയുടെ ജാലകത്തിലൂടെ പുറത്തേക്കും  അവള്‍ ശ്രദ്ധിച്ചതേയില്ല. യാത്രയില്‍ ഉടനീളം ശ്രദ്ധ മൊബൈല്‍ ഫോണില്‍ തന്നെ. ഇടക്ക് മറുപടികള്‍ തരാതരം പോലെ അവളുടെ ഫോണിലേക്ക് വരുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്. ഇറങ്ങുമ്പോള്‍ മനസ്സു കൊണ്ട് ടെക്സ്റ് മെസേജിംഗ് ഹോബിയാക്കിയ ആ കുട്ടിയെ സമ്മതിച്ചു പോയി. ടെക്സ്റ് മെസേജിംഗും ഒരു ഹോബി തന്നെ.

                  

                                പഠിക്കുന്ന കാലമൊക്കെ കഴിഞ്ഞാല്‍ പലരുടെയും ഹോബികള്‍ പിന്നീട് കൂടെ വരാതെ തിരിച്ചു പോകാറാണ് പതിവ്. പഠിക്കുന്ന കാലത്തെ കൂട്ടുകാര്‍ ആരാണ് ഇന്ന് കൂടെ ഉള്ളത്? ആരുമില്ല തന്നെ. ഒരു മൊബൈല്‍ ഫോണ്‍ വിളിപ്പുറത്ത് ആരെങ്കിലുമൊക്കെ ഉണ്ടാകാം. എങ്കിലും അവരും അവരുടെ തിരക്കുകളില്‍ ദൂരത്തു തന്നെ. ക്ളാസ് റൂമുകളില്‍ ബെഞ്ചില്‍ അടുത്തിരുന്നവര്‍ പോലും പിന്നീട് കണ്ടാല്‍ ചിരിച്ചെന്നു വരുത്തി പോകാറുണ്ട്. ആ പെണ്‍കുട്ടിക്കും പഠനകാലം കഴിഞ്ഞാല്‍ ടെക്സ്റ് മെസേജിംഗ് ഹോബി  മടുത്തു തുടങ്ങും. മറുപടികളും പിന്നീട് കാണില്ല.

                  

                                 പണ്ട് കൂടെ പഠിച്ച പെണ്‍കുട്ടികളെ ആരെയും പൊതുവെ ഞാന്‍ എവിടെയും കാണാറില്ല. എല്ലാവരും വീടു നോക്കുന്നതിന്റെയും കുട്ടികളെ നോക്കുന്നതിന്റെയുമൊക്കെ പ്രാരബ്ധങ്ങളിലാകും. അന്ന് ഇല്ലിയിട്ടു തലമുടി പിരിച്ചിട്ട് വ്യത്തിയുള്ള ഉടുപ്പിട്ടു സ്ക്കൂളില്‍ വന്ന പെണ്‍കുട്ടികളെല്ലാം ഇന്ന് ചിലപ്പോള്‍ അവരുടെ വീടുകളിലെ അടുക്കളയില്‍ മുഷിഞ്ഞ മാക്സികളിലാകും. നാട്ടിലെ ഉത്സവങ്ങളിലും ഏതെങ്കിലും കല്യാണത്തിനുമൊക്കെയാകും ഒന്ന് പുറത്തിറങ്ങുന്നുണ്ടാകുക.  ആണ്‍കുട്ടികളെ എപ്പോഴെങ്കിലുമൊക്കെയായി എന്നാലും കാണാറുണ്ട്. മനുഷ്യര്‍ക്കിടയില്‍ ഗാഢമായി എന്നുമെന്നും അടുപ്പം നിലനിര്‍ത്താനുള്ള പ്രയാസത്തെ അറിയാന്‍ ക്ളാസ്റൂം സൌഹ്യദങ്ങളെ ചേര്‍ത്തു വായിച്ചു നോക്കിയാല്‍ മാത്രം മതിയാകും. മനുഷ്യര്‍ക്കിടയില്‍ പലയിടങ്ങളിലായി പലപ്പോഴായി കൊഴിഞ്ഞു പോകുന്ന എത്രയെത്ര മാനുഷിക ബന്ധങ്ങളാണ്. പല സ്റേഷനുകളില്‍ ഇറങ്ങിക്കൊണ്ട് അവര്‍ ഉറങ്ങാനുള്ള കൂടുകളിലേക്ക് പിരിഞ്ഞു കൊണ്ടേയിരിക്കുന്നു. ചിലര്‍ പിറ്റേന്നും കാണുന്നു. ചിലര്‍ തമ്മില്‍ പിന്നെ എപ്പോഴെങ്കിലും കാണുന്നു. ചിലര്‍ പിന്നീട് തമ്മില്‍ തമ്മില്‍ ഒരിക്കലും കാണുന്നതേയില്ല. 


                                                                           (8)
                    

                                     ദേശീയപണിമുടക്കായ ദിവസം തീവണ്ടിയില്‍ യാത്രക്കാര്‍ നന്നേ കുറവായിരുന്നു. രാവിലെ കയറിയപ്പോള്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റ് സീറ്റുകളില്‍ ആളുകള്‍ കിടന്നുറങ്ങുന്നു. ഒടുവില്‍ ഇരിക്കാനായി അതിലൊരാളെ തട്ടി വിളിക്കേണ്ടി വന്നു. ചെറുപ്പക്കാരന്‍ ഉറക്കപ്പിച്ചോടെ എഴുന്നേല്ക്കുകയും പൊടുന്നനെ തന്നെ ലഗേജുകള്‍ വെക്കുന്ന സ്റാന്റിലേക്ക് കയറി ഉറക്കം തുടരുകയും ചെയ്തു. എന്നെ ആ ചെറുപ്പക്കാരന്‍ ഇഷ്ടക്കേടോടെ രൂക്ഷമായി നോക്കുമോ എന്ന സംശയം തികച്ചും വെറുതെയായിരുന്നു.
                   


                                     ആ ചെറുപ്പക്കാരനെ ഇരിക്കുന്നിടത്തു നിന്നും വെറുതെ നോക്കി. അപ്പോഴാണ് പാന്റ്സ് ഊരി താഴേക്കു പോകാതിരിക്കാന്‍ തെല്ലു തടിച്ച ഒരു ചുവപ്പുനൂലു കൊണ്ട് കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. അത് ഇറുകിപ്പോയതു കൊണ്ടോ എന്തോ ഹുക്ക് ഇടാന്‍ പറ്റാത്ത വിധമായിരുന്നു. ബെല്‍റ്റിന്റെ സാധ്യതകളെ അന്വേഷിക്കാത്ത ആ ചെറുപ്പക്കാരനോട് വിളിച്ചുണര്‍ത്തിയതിന്റെ പേരില്‍ മനസ്സില്‍ സഹതാപം തോന്നാന്‍ തുടങ്ങി. ഒരു പക്ഷേ അത്തരമൊരു സഹതാപമൊന്നും ചെറുപ്പക്കാരന് ആവശ്യമുണ്ടായിരിക്കില്ല. എങ്കിലും വെറുതെ സഹതപിക്കുക തന്നെയായിരുന്നു എന്റെ മനസ്സ്.
                 


                                   തെല്ലു കഴിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഉറക്കം കഴിഞ്ഞ് താഴേക്ക് ഇറങ്ങി വന്നു. പിന്നെ എന്റെ അടുത്തിരുന്നു. വിളിച്ചുണര്‍ത്തിയതില്‍ നീരസം കാണുമെന്നു തന്നെ തന്നെ ഞാന്‍ ചിന്തിച്ചു കൂട്ടിക്കൊണ്ടിരുന്നു.  അടുത്ത റെയില്‍വേ സ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഓടിച്ചെന്ന് പ്ളാസ്റിക് കുപ്പിയില്‍ വെള്ളമെടുത്തു കൊണ്ടു വന്നു.  പിന്നെ അടുത്തിരുന്ന് പ്ളാസ്റിക് കുപ്പി എന്നെ കാണിച്ച് തമിഴില്‍ എന്തോ പറഞ്ഞു. ഭാഷ അറിയാത്തതിനാല്‍ എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. എങ്കിലും തണ്ണി എന്ന വാക്ക് അതിലുണ്ടായിരുന്നു. പക്ഷേ എന്നെ ആകര്‍ഷിച്ചത് ആ ചെറുപ്പക്കാരന്റെ മനസ്സു തുറന്നുള്ള ചിരിയാണ്. മലയാളികളില്‍ എത്ര പേര്‍ക്ക് അത്തരത്തില്‍ മനസ്സു തുറന്നു ചിരിക്കാന്‍ പറ്റുമെന്നു ഞാന്‍ ചിന്തിച്ചു പോയി. ഭൂരിഭാഗം മലയാളികളും  അനാവശ്യമായ ഗൌരവത്തോടെയാണ് യാത്രകളിലൊക്കെ പെരുമാറുന്നത് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
                   


                                  ആ ചിരിയില്‍ അലിഞ്ഞു പോയിരുന്നു ചെറുപ്പക്കാരന്‍ എന്നെ പറ്റി എന്തു കരുതിക്കൊണ്ടിരിക്കുന്നു എന്ന എന്റെ സംശയങ്ങളെല്ലാം. ദൂരം താണ്ടി എവിടേക്കെങ്കിലും എന്തെങ്കിലും ജോലി തേടി പോകുന്നതായിരിക്കാം. പുത്തന്‍ പാന്റ്സ് വാങ്ങാത്തതും ബെല്‍റ്റ് വാങ്ങാത്തതുമൊക്കെ എത്തം വരാത്ത കാശ് മിതമായി ചെലവാക്കാന്‍ വേണ്ടിയായിരിക്കാം. അല്ലെങ്കില്‍ ഒരു പക്ഷേ ബെല്‍റ്റിന്റെ സാധ്യതകളെ പറ്റി ആ ചെറുപ്പക്കാരന് അറിയാന്‍ പാടില്ലാത്തതിനാലോ അത്തരമൊന്നിനെ പറ്റി മനസ്സിലാക്കാന്‍ താല്പര്യപ്പെടാത്തതിനാലോ ആകാം. 
                      


                                 എങ്കിലും ആ നൂല്‍ ആ ചെറുപ്പക്കാരന്റെ ഹ്യദ്യമായ ചിരിയോടൊപ്പം തന്നെ എന്റെ ചിന്തകളില്‍  പിന്നെയും ചുറ്റിക്കൊണ്ടേയിരുന്നു. 

                      

                                 തീവണ്ടി യാത്രകളുടെ നുറുങ്ങ് കുറിപ്പുകളുടെ എഴുത്തിന്റെ വേഗം ഇവിടെ എത്തുമ്പോഴേക്കും തെല്ലൊന്ന് പതുക്കെയാക്കി അടുത്ത സ്റേഷനില്‍ നിര്‍ത്തേണ്ടതായുണ്ട്. അവിടെ ഞാന്‍ തല്ക്കാലം ഇറങ്ങുകയാണ്. ആനുകാലികങ്ങളിലൊക്കെ നോവലുകള്‍ക്കും യാത്രാവിവരണങ്ങള്‍ക്കും മറ്റും ഒടുവില്‍ നല്കുന്ന തുടരും എന്ന ഒരു വാക്ക് ബ്രാക്കറ്റില്‍ ഈ ലേഖനത്തോടൊപ്പം വലതു വശത്തായി ചേര്‍ത്തു വെക്കാം. എന്തെന്നാല്‍ തീവണ്ടി ഏതൊരു യാത്രികനും ഒട്ടനവധി അനുഭവങ്ങളും കാഴ്ചകളും എപ്പോഴും നല്കിക്കൊണ്ടേയിരിക്കും. 
                                                                        

                                                                      -0-