2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

തുണ്ടുകള്

അരുണ്‍കുമാര്‍ പൂക്കോം

തങ്ങാനെടുത്ത
ലോഡ്ജ് മുറി
തുറക്കാന്‍ നേരം
വഴിയില്‍ തടഞ്ഞ്
വ്യത്തികെട്ട ചിരി ചിരിക്കുന്നു
താക്കോല്‍ദ്വാരത്തില്‍
തിരുകി കയറിയ കടലാസുതുണ്ടുകള്‍.
മനസ്സിന്റെ താക്കോല്‍
പിന്നെ തുറക്കുന്നതെല്ലാം
ചിലതരം
ദ്യശ്യങ്ങളിലേക്ക് മാത്രം.

              -0-

പരസ്പരം

അരുണ്‍കുമാര്‍ പൂക്കോം


നോക്കുമ്പോള്‍
തിരിച്ചു നോക്കും.
ചിലപ്പോള്‍ പല്ലിളിക്കും.
മുഖത്ത് ചുളിവ് വീണെന്ന്,
കണ്ണിന് താഴെ കറുപ്പ് പടര്‍ന്നെന്ന്
പരസ്പരം വിഷാദപ്പെടും.
കൈയെത്തിച്ച്
നരകള്‍ പിഴുതെടുക്കും.
മീശയും ക്യതാവും
ഒരു പോലെ ഒപ്പിച്ചു തരും.
ചീകി മിനുക്കിത്തരും.
ക്രമം തെറ്റിയവ
നേരെയാക്കെന്ന്
മൌനമായി പറയും.
ചില നേരങ്ങളില്‍
മറ്റാരും കാണാതെ അഭിനയിക്കും.
പരസ്പരം വായിക്കുന്നത്
തല തിരിച്ചാവാം.
എന്നും
എത്ര വട്ടമെന്ന് എണ്ണാത്ത
തല തിരിഞ്ഞ
വായനകള്‍.
മറ്റിടങ്ങളിലെ ഞാന്‍
ബാര്‍ബര്‍ ഷാപ്പിലെ കസേരയിലിരിക്കുന്ന
പല ഞാന്‍.
എന്റെ മുന്നാമ്പുറങ്ങള്‍.
പിന്നെ എന്റെ പിന്നാമ്പുറങ്ങളും.

                     -0-