2011, മേയ് 26, വ്യാഴാഴ്‌ച

കൊടുംകടലില്‍ എത്തിപ്പെട്ട ഒരു പാവം മാനത്തുകണ്ണിയുടെ കഥ

അരുണ്‍കുമാര്‍ പൂക്കോം
                  
                   ചെറുപ്പക്കാരന്റെ നോക്കിന്റേയും പുഞ്ചിരിയുടേയും വാക്കിന്റേയും ചൂണ്ടക്കുരുക്കിലാണ് ഉള്‍നാടന്‍ തോടിലെ മാനത്തുകണ്ണി കുരുങ്ങിപ്പോയത്. അവന്‍ കരയിലേക്ക് വലിച്ചിട്ടപ്പോള്‍ തന്റെ ചെതുമ്പലുകള്‍ ഇളകിപ്പോകുന്നത് കുന്നത് നിസ്സഹായയായ അവള്‍ അറിഞ്ഞു. തനിക്കിതുവരെ പരിചയമില്ലാത്തിടത്ത് ശ്വാസം കിട്ടാതെ പിടയുമ്പോഴും അവന്‍ തീരെ കരുണയില്ലാതെ അവളെ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. അതിനിടയില്‍ ചോര കിനിയുന്നതും അവള്‍ ഭയപ്പാടോടെ അറിഞ്ഞു.

                   അവളുടെ പ്രതിഷേധം വകവെക്കാതെ അവനവളെ കടലില്‍ കൊണ്ടുപോയിട്ടു. ഉള്‍നാടന്‍ തോടിലെ ശുദ്ധമായ വെള്ളത്തില്‍ നിന്നും ഉപ്പുവെള്ളം നിറഞ്ഞ ആരെന്നും എന്തെന്നുമറിയാത്ത കണ്ണെത്താത്ത കടലില്‍ പെട്ട അവള്‍ക്ക് ആദ്യമാദ്യം ശ്വാസംമുട്ടി. പിന്നെ പിന്നെ എല്ലാറ്റിനോടും അവള്‍ സന്ധിയായി. പുഴമീനുകളെ കടലില്‍ കൊണ്ടുപോയിട്ടാല്‍ അവക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് ആരാണ് പറഞ്ഞത്?

                   ഇപ്പോഴവള്‍ അക്വേറിയത്തില്‍ ചെതുമ്പലുകളില്ലാതെ നീന്തി തിമിര്‍ക്കുകയാണ്. ശ്വാസമടക്കി കാണുന്നവര്‍ക്ക് പുളകം ചൊരിയുന്ന കാഴ്ച. അവളുടെ കണ്ണിന്റെ കോണില്‍ എവിടെയെങ്കിലും അല്പം ദൈന്യത ബാക്കികിടക്കുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ അവള്‍ തന്നെ മനസ്സിരുത്തുന്നു. അല്ലെങ്കിലും അക്വേറിയത്തിലെ മീനിനോട് ആര്‍ക്കാണ് സഹതാപം തോന്നാറുള്ളത്? അതുതരുന്ന വര്‍ണ്ണക്കാഴ്ചക്കു മുന്നില്‍ അതിന്റെ മനസ്സിനെ പറ്റിയും ജീവിതത്തെ പറ്റിയും ചിന്തിച്ച് നേരം കളയുന്നതെന്തിന്?
  
                   പ്രിയപ്പെട്ട വായനക്കാരാ, കഥ വായിച്ചിട്ട് ഒന്നുമൊന്നും മനസ്സിലായില്ല, അല്ലേ? സാരമില്ല. മീനിന്റെ നിങ്ങള്‍ക്കുള്ള വീതം പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും ദ്യശ്യമാധ്യമങ്ങളിലൂടെയും എപ്പോഴെങ്കിലും നിങ്ങള്‍ക്കടുത്തെത്തിക്കോളും. നന്നായി എരിവും പുളിയും ചേര്‍ത്ത് പൊരിച്ചും വരട്ടിയും കറിവെച്ചും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച്. മനസ്സിലാകാത്ത ഈ കഥയങ്ങ് മറന്നോളൂ.

     
(എതിര്‍ദിശ മാസിക)


                                                           -0-

2011, മേയ് 5, വ്യാഴാഴ്‌ച

കവിയോട്

അരുണ്‍കുമാര്‍ പൂക്കോം

കവിയേ,
തിരക്കുള്ള
ബസ്സില്‍
കാലുകുത്താനിടമില്ലാതെ
നില്ക്കുമ്പോള്‍
ഇരിക്കുന്നിടത്തുനിന്ന്
കൊഞ്ഞനം കുത്തിച്ചിരിച്ചതിന്
നല്ലനടപ്പിനായി
കൂടെകൂട്ടിയതാണ്
താങ്കളുടെ പേഴ്സിനെ.
തുറന്നപ്പോള്‍
അകത്തൊരു ഉണക്കക്കമ്പു
പോലൊരു പെണ്ണിന്റെ ഫോട്ടോ.
എന്നെ വിറ്റ് മദ്യപിക്കരുത്,
ചീട്ടുകളിക്കരുത്,
വൃഭിചരിക്കരുത്
എന്ന് വെള്ളയില്‍
എഴുതിവെച്ച
ഒരു പഴകിയ അമ്പതു രൂപാനോട്ട്.
മേമ്പൊടിക്ക്
ചില്ലറ നാണയങ്ങള്‍.
വായിച്ചാല്‍ തിരിയാത്തൊരു
മരുന്നുചീട്ട്.
നാലഞ്ച് ആഴ്ചപ്പതിപ്പുകളുടെ
മേല്‍വിലാസം.
ഒരു നുറുങ്ങുകവിത.
അതിനൊടുവില്‍
താങ്കളുടെ മേല്‍വിലാസം.
ആദര്‍ശങ്ങളെഴുതിയ അമ്പതുരുപ
ഒന്നിനുമൊന്നിനും തികയില്ലെങ്കിലും
ഞാനെടുക്കുന്നു.
കൂടെ ചില്ലറനാണയങ്ങളും.
നുറുങ്ങുകവിതയും
ഉണക്കക്കമ്പിന്റെ ഫോട്ടോയും
ആഴ്ചപ്പതിപ്പുകളുടെ മേല്‍വിലാസങ്ങളും
മരുന്നുചീട്ടും
താങ്കള്‍ക്കുതന്നെ അയക്കുന്നു.
ഉടനടി കവിതയെഴുത്ത്
നിര്‍ത്തിയേക്കുക.
വേറെ ജോലി നോക്കുക.
താങ്കളൊന്ന് നന്നാവുക.
ഉണക്കക്കമ്പിനെ
തളിരിടാനും പൂക്കാനും
പരിചരിച്ചേക്കുക.
എന്നെപ്പോലുള്ളവന്
അല്പം തമാശക്ക്
ഒത്തിരിഒത്തിരികാശ്
പേഴ്സില്‍ കരുതിയേക്കുക.
    -0-

2011, മേയ് 4, ബുധനാഴ്‌ച

അയാളൊരാള്‍


അരുണ്‍കുമാര്‍ പൂക്കോം


                   എന്തൊക്കെയോ തിരയുന്ന കണ്ണുകളോടെ, തലയില്‍ അങ്ങിങ്ങ് മുടികൊഴിഞ്ഞ, കവിളുകള്‍ അല്പം കുഴിഞ്ഞ, നീണ്ടുമെലിഞ്ഞ അയാളെ ഈയിടെയായി ഞാന്‍ ചിലപ്പോഴൊക്കെ കണ്ടുമുട്ടുക പതിവായിരിക്കുന്നു. മറ്റുള്ളവര്‍ക്ക് ഒറ്റനോട്ടത്തില്‍ അത്രയൊന്നും നല്ല അഭിപ്രായം തോന്നിക്കാത്ത തരത്തിലുള്ള ഒരാളായിരുന്നു അയാള്‍.
     

                    ഞാന്‍ അയാളെ ആദൃമായി ശ്രദ്ധിക്കുന്നത് നഗരത്തിലെ പെട്ടിക്കടയുടെ അടുത്തുവെച്ചാണ്. സമീപത്ത് ആളുകള്‍ അധികമൊന്നുമില്ലാത്ത നേരം നോക്കി മുന്‍കൂട്ടി കൈയ്യിലെടുത്തുവെച്ച കാശ് നീട്ടി ആവശൃം രഹസൃമായി പറഞ്ഞ് അയാള്‍ അന്ന് പെട്ടിക്കടയില്‍ നിന്നും ഒരു ആനുകാലികം ധൃതിയില്‍ കൈപ്പറ്റി. മുഖചിത്രത്തിലെ അശ്ളീലത പുറത്തുകാണാതിരിക്കാന്‍ കടക്കാരന്‍  ആനുകാലികം മറുപുറം കാണത്തക്കവിധത്തില്‍ മടക്കി മറച്ചിട്ടാണ് അയാള്‍ക്കു നല്കിയത്. അത്തരം പ്രസിദ്ധീകരണങ്ങള്‍ വില്ക്കുന്ന കടക്കാര്‍ എടുത്തുചാര്‍ത്തേണ്ട നിര്‍വികാരത ശ്രമപ്പെട്ട് കാണിക്കുമ്പോഴും അയാളെ പറ്റി ഒരുതരം അഭിപ്രായക്കുറവ് കടക്കാരന്റെ മുഖത്ത് അവിടവിടെ  തെളിയുന്നുണ്ടായിരുന്നു. അയാള്‍ ആ പുസ്തകം മറ്റാരും കാണാതിരിക്കാന്‍ തിടുക്കത്തില്‍ പാന്റ്സിന്റെ കീശയിലേക്ക് തള്ളുകയും പുറത്തേക്ക് തള്ളിയ അല്പം ഭാഗം ഷര്‍ട്ടുകൊണ്ട് മറക്കുകയും ചെയ്തു. പിന്നെ അയാള്‍ റോഡുമുറിച്ചു കടന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്നുപോകുന്ന ആളുകള്‍ക്ക് ഇടയിലൂടെ അവരിലൊരാളായി നടന്നുനീങ്ങി.  

                   പിന്നീട് ഒരുനാള്‍, നഗരത്തില്‍ നിന്നും തെല്ലുമാറിയുള്ള അശ്ളീലബിറ്റുകള്‍ മാത്രം കാണിക്കുന്ന സിനിമാകൊട്ടകയിലേക്ക് പ്രദര്‍ശനം തുടങ്ങിയതിനു ശേഷമുള്ള ഇരുട്ടില്‍ തന്നെ ആരും തിരിച്ചറിയില്ലെന്ന് വെറുതെ കരുതിക്കൊണ്ട ് ഓടിക്കയറുന്ന അയാളെ ഞാന്‍ കാണുകയുണ്ടായി. നഗരത്തില്‍ പുത്തന്‍ പരിഷ്കാരങ്ങളോടെ പുതിയ സിനിമാതീയേറ്റര്‍ സമുച്ചയം വന്നതോടെ നിലനില്പിനായി വേശൃയായി തീര്‍ന്ന തീയേറ്ററായിരുന്നു അത്. വൃത്തിയും വെടിപ്പുമില്ലാത്ത പരിസരമൊന്നും ഗൌനിക്കാതെ കൈയ്യില്‍ മുന്‍പേ തന്നെ എടുത്തുപിടിച്ച കാശുകൊണ്ട ് കൌണ്ടറിലിരിക്കുന്ന ആളുടെ മുഖത്തുനോക്കാതെ ടിക്കറ്റെടുത്ത്, വാതിലിനു പുറത്തു നില്ക്കുന്ന കൂട്ടിക്കൊടുപ്പുകാരന്റെ മുഖഭാവത്തോടെയുള്ള ആളുടെ ടിക്കറ്റുവാങ്ങലും മുറിക്കലും കഴിഞ്ഞ്, തിരക്കുപിടിച്ച് സ്ക്രീനില്‍ നോക്കിക്കൊണ്ട് അയാള്‍ ഇരുളില്‍ ഒരുവിധം കസേര തപ്പിപ്പിടിച്ചു. പിന്നെ തീയേറ്ററില്‍ മറ്റുള്ളവര്‍ തൊടുത്തുവിടുന്ന അശ്ളീല കമന്റുകള്‍ക്കും വിസിലടികള്‍ക്കും ഇടയില്‍ തന്റെ പരിചയക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് മുഖം കൊടുക്കാതിരിക്കാന്‍ തിരിഞ്ഞും മറിഞ്ഞും നോക്കാതെ വെള്ളമിറങ്ങാത്ത തൊണ്ടയോടെ കണ്ണും തള്ളി സ്ക്രീനിലെ നഗ്നതകളില്‍ നോക്കിയിരിപ്പായി. ഷോ കഴിഞ്ഞപ്പോള്‍ തീയേറ്ററിന്റെ പുറത്തു വന്നുനിന്ന ബസ്സില്‍ പരിചയക്കാര്‍ വല്ലവരുമുണ്ടാകുമെന്നതിനാല്‍ അതു പോകും വരെ അയാള്‍ കൌണ്ടറിന്റെ മറവില്‍ നിന്നു. പിന്നീട് മാനൃത കാക്കാനായി രണ്ട് ബസ്സ്സ്േറ്റാപ്പുകള്‍ക്ക് അപ്പുറത്തേക്ക് നടന്ന് അവിടെ നിന്നും ബസ്സ് കയറിപ്പോയി.  


                    പിന്നീട് ഞാന്‍ അയാളെ കാണുന്നത് നഗരത്തിലെ ബസ്്റ്റാന്റില്‍ ദൂരെ മാറി നില്ക്കുന്നതായിട്ടാണ്. അവിടെ നിന്നും അയാള്‍ തനിക്കു പോകേണ്ട ബസ്സിനെ നോക്കിനില്ക്കുന്നു. തങ്ങളുടെ വീടുകളിലെത്താന്‍ ആളുകള്‍ തിരക്കുകൂട്ടും വൈകുന്നേരമായിരുന്നു അത്. ബസ്സില്‍ ആളുകള്‍ തിങ്ങിനിറയും വരെ അയാള്‍ കാത്തുകാത്തു നിന്നു. ബസ്സ് നീങ്ങാന്‍ നേരം തിരക്കിട്ട് അയാള്‍ മുന്നിലെ വാതിലിലൂടെ ബസ്സിലേക്ക് തിക്കിഞെരുങ്ങി കയറി. കോളേജും സ്ക്കൂളും ഓഫീസും വിട്ടുവരുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ ബസ്സ് നീങ്ങുന്നതിന് അനുസരിച്ച് അയാള്‍ താന്‍ ആഗ്രഹിക്കുന്ന ഒരിടം കിട്ടുന്നതു വരെ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരുന്നു. ഒരു പെണ്ണിനെ ചേര്‍ന്നുചേര്‍ന്നു നില്ക്കാമെന്നായപ്പോള്‍ മുകളിലെ കമ്പിയില്‍ പിടിച്ച് നില്പ്പായി. ബസ്സില്‍ തിരക്കൊഴിയും നേരത്ത് അയാള്‍ വളരെ മാനൃനായി അടുത്തുള്ള കമ്പിയില്‍ ചാരി നില്പ്പായി.


                   പിന്നെയും പലപ്പോഴും പലയിടങ്ങളിലായി  ഞാന്‍ അയാളെ തികച്ചും അശ്ളീലമായ ചുറ്റുപാടുകളില്‍ കാണുകയുണ്ടായി. ഒരുനാള്‍ വീട്ടിലെത്തി വസ്ത്രങ്ങള്‍ മാറുമ്പോള്‍ മുറിയിലെ നിലക്കണ്ണാടിയില്‍ അതേ കണ്ണുകളോടെ, തലയില്‍ അങ്ങിങ്ങ് മുടികൊഴിഞ്ഞ, കവിളുകള്‍ അല്പം കുഴിഞ്ഞ, നീണ്ടുമെലിഞ്ഞ അയാള്‍ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് നിവര്‍ന്നു നില്ക്കുന്നു. ഞാന്‍ ചെയ്യുന്നതുതന്നെ അയാള്‍ അതിനകത്തുനിന്ന് തിരിച്ച് എന്നോട് ചെയ്യുന്നു.
 
                    അയാളിതെങ്ങനെ എന്റെ നിലക്കണ്ണാടിയില്‍ കയറിക്കൂടി?


                    ഇതെന്തു കഥ!!!!!  

(പടയാളി സമയം മാസിക)


                                                                      -0-