2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

മനസ്സ് തണുപ്പിക്കാന്‍ ഒരിടം


 

എളുപ്പവഴിയില്‍

ക്രിയകള്‍ ചെയ്യുന്നവര്‍

നേരെ നേരെ കാണുമ്പോള്‍

അറിയാമായിരുന്നിട്ടും

വിദൂരതയിലേക്ക് നോക്കി

കണ്ടില്ലെന്നു നടിക്കുമ്പോള്‍

വെറുതെ ഒന്ന് ചിരിക്കാന്‍ മാത്രം

ആഗ്രഹിച്ച മനസ്സ്

ഒറ്റപ്പെടലുകളില്‍

വിയര്ത്തെന്നു വരാം.  

കൌണ്സിലിംഗ് മുറികളിലേക്കുള്ള കയറ്റിറക്കങ്ങള്‍

ഒട്ടേറെ തവണ

കയറിയിറങ്ങി കഴിഞ്ഞിട്ടും

മനസ്സ് തെല്ലും തണുക്കാതെ വരുമ്പോള്‍

ഒടുവില്‍ പുഴക്കരികിലേക്ക് ചെല്ലുക.  

പുഴയിലൂടെ തോണിക്കാരനോട്

ഓരോന്നും പറഞ്ഞ്

അക്കരെയിക്കരെ പോയിക്കൊണ്ടേയിരിക്കുക.

പുഴയില്‍ ഒരിടത്തു വെച്ച്

എന്തേ ഇതെന്ന് തോണിക്കാരന്‍ ചോദിക്കും.

അപ്പോള്‍ സങ്കടങ്ങള്‍ മുഴുവന്‍

പുഴയിലേക്ക് പറഞ്ഞിടുക.

എല്ലാം കേട്ട് തുഴയുന്നതിനിടയില്‍

തെല്ലകലെയുള്ള പാലത്തെ നോക്കി

തോണിക്കാരന്‍ പറയും.

എല്ലാറ്റിനും

അതാണ്‌ കാരണം. 

ഒരു തോണിക്കാരന്റെ മനസ്സ്  

എപ്പോഴുമെപ്പോഴും

പ്രശ്നങ്ങളെ പാലത്തോട്

ചേര്‍ത്തുകെട്ടിക്കൊണ്ടേയിരിക്കും.

പിന്നെ മണല്‍ വാരിപ്പോയൊരിടം കാട്ടി 

അതുമാണ് കാരണം

എന്നും പറയും.

തോണിക്കാരന്‍ പറയുന്നതും

വേവലാതികളൊക്കെ തന്നെയാകാം.

എങ്കിലും

മറ്റാരുമില്ലാത്ത ഒരിടത്തു

ഒരാള്ക്കൊപ്പം

മുഖത്തോടു മുഖം നോക്കി

പരസ്പരം സങ്കടം പറഞ്ഞിരുന്നതിന്റെ

ഓര്മകളോടെ തിരിച്ചു പോരാന്‍

ഇക്കാലവും

മറ്റേത് ഇടമുണ്ട്?
 
-0-

ഇലയും പൂവും - ഒരു കാല്‍പനികകവിതാപുസ്തകം.


 


(പൂവുകളെ പറ്റിയും പൂമ്പാറ്റകളെ പറ്റിയുമൊക്കെ കവിതകള്‍ എഴുതുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള കവികള്‍ക്ക്)

 

വീട്ടുകാരന്‍ അന്നും അടുത്തേക്ക് വരുന്നത് കണ്ട് പേടിയാല്‍ ചെടിയുടെ അടിവയറ്റില്‍ നിന്നും മിന്നല്‍ പോലെ എന്തോ മേല്പോട്ടേക്ക്‌ ഓടിക്കയറി. വീട്ടുകാരന് ചെടിയുടെ അടുത്തു വന്നുനിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോഴൊക്കെയും  ഇലകളുടെ അറ്റം നുള്ളുന്ന സ്വഭാവമാണ്.  ചെടിക്ക് അതിനാല്‍ തന്നെ വീട്ടുകാരനെ തെല്ലും ഇഷ്ടമായിരുന്നില്ല.

വീട്ടുകാരന്‍ പൂവുകളെ പറ്റിയും പൂമ്പാറ്റകളെ പറ്റിയുമൊക്കെ കവിതകള്‍ എഴുതുന്ന മനുഷ്യനായിരുന്നു.

മൊബൈല്‍ ഫോണില്‍ വീട്ടുകാരന്‍ പറയുന്നത് കേട്ടു. പറയുന്നതിന്റെ ഒന്നിച്ച് താന്‍ പറയുന്നത് വീട്ടുകാരന്‍ തന്നെ ചിരിച്ചു കൊണ്ട് ആസ്വദിക്കുന്നുമുണ്ടായിരുന്നു.  

-ആത്മകഥയോ? ഏയ് ഇപ്പോഴൊന്നുമില്ല. എനിക്കത്ര വയസ്സൊന്നും ആയില്ലെന്നേ. അല്ലേലും പുഴുങ്ങിയ മുട്ടയല്ലേ ആത്മകഥ. അനുഭവങ്ങളെ വെള്ളത്തില്‍ ഇട്ടു ചൂടാക്കി ഇങ്ങോട്ട് എടുക്കലല്ലേ. മുട്ട കൊണ്ട് ആത്മാനുഭവങ്ങളുടെ എരിവും ഉപ്പുമൊക്കെ ചേര്‍ത്ത് കവിതയില്‍ ഓംലെറ്റും ബുള്‍സ്ഐയുമൊക്കെ ഉണ്ടാക്കുന്നതാ എനിക്കിഷ്ടം.

ഇന്നേവരെ അടുക്കളയില്‍ കയറാത്ത മനുഷ്യനാണ് ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒന്നൊക്കെ തന്നെയെങ്കിലും മുട്ട പുഴുങ്ങുന്നതിനെ പറ്റിയൊക്കെ പറയുന്നത്!  അത് പറയുന്നതിനിടയില്‍ ചെടിയുടെ മൂന്നുനാല് ഇലകളാണ് വീട്ടുകാരന്‍ നുള്ളി അവയുടെ അറ്റങ്ങള്‍ ഭൂപടം വരയ്ക്കുന്ന രീതിയില്‍ ആക്കിയത്. ഇലകളുടെ അറ്റം വേദനിക്കുമ്പോഴും കോഴികള്‍ ഇടുന്ന മുട്ടകളെ പോലും സാഹിത്യത്തില്‍ വെറുതെ വിടാത്ത മനുഷ്യന്‍ എന്ന് ചെടി മനസ്സില്‍ കരുതിക്കൊണ്ടിരുന്നു.

അടുക്കള ഭാഗത്ത്‌ നിന്നും വീട്ടുകാരി മകളോട് എന്തോ ഉറക്കെ പറയുന്നത് കേട്ടു. അവിടെ നിന്നും ഉയരുന്ന പുക കാണുമ്പോഴൊക്കെയും തെല്ലു കൂടി വലിയ മരമായിരുന്നെങ്കില്‍ കഴുത്ത് നീട്ടി ജലദോഷം വന്ന ഒരാളെ പോലെ ആവി പിടിക്കാമായിരുന്നു എന്ന് ചെടി എപ്പോഴും കരുതാറുണ്ട്. അങ്ങനെ ആയിരുന്നെങ്കില്‍ ചെടിക്ക് വീട്ടുകാരിയെ ജാലകക്കാഴ്ചയിലൂടെ  നോക്കുകയും ആകാമായിരുന്നു. അതിനു പറ്റാത്ത വിധം ജാലകത്തിന്റെ ഉയരം പോലും തനിക്ക് ഇല്ലാതെ പോയല്ലോ എന്ന് ചെടി എപ്പോഴും വിചാരപ്പെടും. വീട്ടുകാരിയെ ചെടിക്ക് അത്രയ്ക്ക് കാര്യമായിരുന്നു.

ചെടിക്ക് വീട്ടുകാരിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. റോഡ്‌ അരികില്‍ നിന്നുമാണ് ചെടിയെ വീട്ടുകാരി പറിച്ചു കൊണ്ടുവന്നത് തന്നെ. അന്ന് ചെടി നന്നേ കുഞ്ഞുകുട്ടിയായിരുന്നു. അത്തരമൊന്നു ചെയ്തതിന്റെ രണ്ടാം ദിവസം വെള്ളം ഒഴുകിപോകാനുള്ള ഓവുചാലിനു വേണ്ടി മുന്പ് ചെടി നിന്നിരുന്ന ഇടത്തില്‍ നിന്നും മണ്ണ് മാന്തുന്ന യന്ത്രം തൊഴുതുള്ളിയെ പോലെ വന്നു മണ്ണ് മാന്തി. വീട്ടുകാരി അതിനു മുന്നേ ഭാഗ്യത്തിനു പറിച്ചിരുന്നില്ലെങ്കില്‍ ചെടി മണ്ണിനടിയില്‍ പെട്ടുപോയേനെ.

വേനല്‍ക്കാലത്ത് വീട്ടുകാരി ദിവസവും ചെടിക്ക് വെള്ളം നല്‍കും. ഇടക്കൊക്കെ ചാണകപ്പൊടിയോ ആട്ടിന്പിട്ടയോ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് ഇട്ടു കൊടുക്കും. ചൊറിയന്‍ പുഴുവിനെ കാണുന്നത് അറപ്പൊക്കെ ആണെങ്കിലും ചില ഇലകള്‍ക്ക് അടിയില്‍ അവ വന്നാല്‍ ഈര്‍ക്കില്‍ കൊണ്ട് അയ്യേ..... എന്നൊക്കെ ശബ്ദം ഉണ്ടാക്കി ദൂരത്തേക്കു തട്ടിക്കളയും. അതിലുമൊക്കെ അപ്പുറം രണ്ടുമാസം മുമ്പ് നടന്ന കാര്യമാണ്. ചെടി ശരിക്കും പട്ടുപോകുമായിരുന്ന രോഗമായിരുന്നു വന്നു പെട്ടത്. അടിഭാഗത്ത്‌ നിന്നും ഫംഗസ് ബാധ. കണ്ടപാടെ വീട്ടുകാരി എല്ലാം ചുരണ്ടി മാറ്റി അടുത്തുള്ള നേഴ്‌സറിയില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന ലായനി പുരട്ടി അസുഖം ഭേദമാക്കി. പുനര്‍ജ്ജന്മം കിട്ടിയത് പോലെയായിരുന്നു ശരിക്കും ചെടിക്ക് അത്. വീട്ടുകാരന് അതിലൊന്നും യാതൊരു ശ്രദ്ധയുമുണ്ടായിരുന്നില്ല. വീട്ടുകാരി ചെടിക്ക് വന്നുപെട്ട ഫംഗസ് ബാധയെ കുറിച്ച് തെല്ലൊരു വേവലാതിയോടെ പറഞ്ഞപ്പോള്‍ വീട്ടുകാരന്‍ അത് കേട്ടത് തന്നെ താല്പര്യം ഇല്ലാത്ത വിഷയം കേട്ടുകൊടുക്കുന്നു എന്ന മട്ടിലായിരുന്നു. 

വീട്ടുകാരി ദിവസവും സ്വാദിഷ്ടമായ ഭക്ഷണം പലതും ഉണ്ടാക്കും. പക്ഷേ ഒരു പാചകപുസ്തകം പോലും പുറത്തിറക്കുകയുണ്ടായില്ല. പാചകക്കുറിപ്പുകള്‍ എഴുതാന്‍ എന്താണ് ഇത്രമാത്രം ബുദ്ധിമുട്ടുള്ളത്? എടുക്കുന്ന സാധനങ്ങളുടെ ഗ്രാം ഒപ്പിച്ചുള്ള കണക്ക്‌. കണക്ക്‌ തെല്ലൊന്നു തെറ്റിയാല്‍ തന്നെയെന്ത്? വായിച്ചിട്ട് ആരാണ് അളവൊക്കെ കൃത്യമായി നോക്കി ചെയ്യുന്നത്? പിന്നെ അവ പാചകം ചെയ്യേണ്ട വിധവും. വീട്ടുകാരി വിചാരിച്ചാല്‍ എളുപ്പം കഴിയുന്ന ഒന്ന്. എന്നിട്ടും അവര്‍ അത്തരം കുറിപ്പുകള്‍ ഒന്നും തന്നെ എഴുതിയതേ ഇല്ല.

റേഞ്ച് കട്ടായത് കൊണ്ടോ എന്തോ സംസാരം പതിയില്‍ മുറിഞ്ഞതിനാല്‍ വീട്ടുകാരന്‍ മറ്റൊരിടത്തേക്ക് റേഞ്ച് നോക്കി മാറി. അപ്പോഴെക്കും വീട്ടിനകത്ത് നിന്നും സ്കൂള്‍ ബാഗുമായി പുറത്തേക്ക്‌ വന്ന പെണ്‍കുട്ടി ചെടിയുടെ അരികിലെത്തി ഒരു പൂ പറിച്ചു മുടിയില്‍ തിരുകി. താനൊരു പൂത്തു നില്‍ക്കുന്ന ചെടിയാണ് എന്ന് മറ്റുള്ളവരെ കാണിക്കാനുള്ള അവള്‍ പോലും അറിയാതെ അവളുടെ ഉള്ളിന്റെ ഉള്ളില്‍ തോന്നുന്ന പെണ്‍കുട്ടിയുടെ സൂത്രം എന്ന് ചെടിക്ക് തോന്നാതിരുന്നില്ല. ചെടിയെ തന്നെയും പൂത്തു നില്‍ക്കുമ്പോഴാണ് എല്ലാവരും നോക്കാറുള്ളത്. പൂക്കാതെ നില്‍ക്കുന്ന കാലത്ത് വീട്ടുകാരി ഒഴിച്ചു ആരും പരിഗണിക്കുന്നത് കാണാറില്ലായിരുന്നു. ചെടി പൂത്തുനില്‍ക്കുന്നത് കാണുമ്പോഴാണ് വിത്ത് തരണേ എന്നൊക്കെ ചില അതിഥികള്‍ വന്നാല്‍ വീട്ടുകാരിയോട് പറയുന്നത് കേള്‍ക്കാറുള്ളത്. അല്ലാത്തപ്പോള്‍ അവരാരും തന്നെ ചെടിയെ ശ്രദ്ധിക്കാറുപോലുമില്ല.    

പെണ്‍കുട്ടി പോയ ഉടനെ തന്നെ ഒരു വണ്ട്‌ ബുള്ളറ്റില്‍ എന്ന വണ്ണം ശബ്ദത്തോടെ വന്ന് മറ്റൊരു പൂവില്‍ വന്നിരുന്നു. തലയില്‍ കൊമ്പും കൈകാലുകളില്‍ കത്തിയും കൊണ്ടാണ് വരുന്നതെങ്കിലും വണ്ടിന് പൂവിനെ എന്തൊരു ശ്രദ്ധയാണെന്ന് ചെടിക്ക് തോന്നാതിരുന്നില്ല.

അപ്പോഴേക്കും വീട്ടുകാരന്റെ ഫോണിലേക്ക് പുതിയൊരു കോള്‍ വന്നു. അത് എടുത്തു അത്യന്ത്യം സന്തോഷത്തോടെയും ആശചര്യത്തോടെയും  വീട്ടുകാരന്‍ പറയുന്നത് കേട്ടു.


-അവാര്‍ഡോ! എനിക്കോ! എന്റെ ഇലയും പൂവും എന്ന പുസ്തകത്തിനോ! എനിക്ക് വയ്യ. സന്തോഷം. ഒരുപാടോരുപാട് സന്തോഷം.

വീട്ടുകാരന്‍ അതും പറഞ്ഞു കൊണ്ട് പിന്നെയും ഇലകള്‍ക്ക് നേരെ കൈ നീട്ടിക്കൊണ്ടു അടുത്ത് വരുന്നത് കണ്ടപ്പോള്‍ ചെടിക്ക് പിന്നെയും പേടിയാകാന്‍ തുടങ്ങി.
 
-0-

      

2013, ജൂലൈ 10, ബുധനാഴ്‌ച

ഒരു പഴയ ഫിലുമിനിസ്റിന്റെ തീപ്പെട്ടിച്ചിന്തകള്‍

 
                      പാത്തുമ്മായുടെ ആട് എന്ന പുസ്തകത്തില്‍ തീപ്പെട്ടിയെ പറ്റിയും വൈക്കം മുഹമ്മദ് ബഷീര്‍ പറയുന്നുണ്ട്. ആട് തീപ്പെട്ടി തിന്നാനായി തലയുയര്‍ത്തുന്നത് കണ്ടപ്പോള്‍ തീപ്പെട്ടിക്കമ്പുകള്‍ മാറ്റി കൂട് മാത്രമായി ബഷീര്‍ ആടിനു നല്കുന്നതായാണ് അതില്‍ പറയുന്നത്. ബാല്യകാലസഖി, ശബ്ദങ്ങള്‍ എന്നീ പുസ്തകങ്ങളുടെ കോപ്പികള്‍ ആടിനു തിന്നാന്‍ കൊടുത്ത എഴുത്തുകാരനാണ് അദ്ദേഹം. പാത്തുമ്മായുടെ ആടിനു പഴവും പുസ്തകങ്ങളുമൊക്കെ കൊടുത്ത കൂട്ടത്തില്‍ അദ്ദേഹം തീപ്പെട്ടിക്കൂടും നല്കിയിട്ടുണ്ട്. അത്യന്തം രസകരമായ ആ പുസ്തകത്തില്‍ അത്തരത്തില്‍ തീപ്പെട്ടിക്കും ഒരു ഇടം കിട്ടിയിട്ടുണ്ട്.



                       തീപ്പെട്ടികള്‍ ഏതൊരാളുടെയും ജീവിതത്തില്‍ കടന്നു വരുന്ന വസ്തുക്കളില്‍ ഒന്നു തന്നെ എങ്കിലും തീപ്പെട്ടിച്ചിത്രങ്ങള്‍ ശേഖരിക്കുന്നവരായ ഫിലുമിനിസ്റുകളുടെ ജീവിതത്തില്‍ അവക്ക് ചെറുതല്ലാത്ത ഇടമുണ്ട്. ഫിലുമിനിസത്തെ പറ്റിയോ അതിന്റെ സാധ്യതകളെ പറ്റിയോ അറിയാത്ത കാലത്ത് തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിച്ച് ഒരു പുസ്തകത്തില്‍ ഒട്ടിക്കുക എന്നത് കുട്ടിക്കാലത്തെ ഹോബികളില്‍ ഒന്നായിരുന്നു. യഥാര്‍ത്ഥത്തില്‍ അത് എന്റെ ഹോബിയായിരുന്നില്ല. മൂത്ത ചേച്ചിയുടെ ഹോബിയില്‍ തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിച്ചും അവ ഒട്ടിച്ചും രണ്ടാമത്തെ ചേച്ചിയും ഞാനും കൂട്ടു ചേര്‍ന്നു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. സമപ്രായക്കാരില്‍ ചിലരൊക്കെ പ്രത്യേക തരത്തിലുള്ള ആല്‍ബങ്ങളൊക്കെ സംഘടിപ്പിച്ച് വളരെ കാര്യമായി സ്റാമ്പുകള്‍ ശേഖരിക്കുന്നതു പോലെയോ നാണയങ്ങള്‍ ശേഖരിക്കുന്നതു പോലെയോ ഗൌരവസ്വഭാവത്തിലൊന്നും ചെയ്ത ഒന്നായിരുന്നില്ല ഞങ്ങളുടെ തീപ്പെട്ടി ചിത്രങ്ങളുടെ ശേഖരണം. മൂത്ത ചേച്ചി തൊട്ടുമുമ്പ് പഠിച്ച ക്ളാസിലെ ഉപയോഗം കഴിഞ്ഞ ഒരു ഇരുന്നൂറു പേജ് നോട്ടുപുസ്തകത്തിലായിരുന്നു തീപ്പെട്ടി ചിത്രങ്ങള്‍ ഒട്ടിക്കാന്‍ തുടങ്ങിയത്. മറ്റു നോട്ടുപുസ്തകങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേജുകള്‍ കിട്ടുമെന്നതിനാല്‍ തെല്ല് പരിഗണന കൂടിയ പുസ്തകങ്ങളാണ് ഇരുന്നൂറ് പേജുകളുടെ പുസ്തകം എന്നതിന്റെ ഒരു മേല്‍ക്കോയ്മ മാത്രമേ ആ പുസ്തകത്ത്ിനു അവകാശപ്പെടാന്‍ ഉണ്ടായിരുന്നുള്ളു.



                         പക്ഷേ വളര്‍ന്നു വലുതാകുന്ന കാലങ്ങളിലൊന്നില്‍ എപ്പോഴോ പഴയ പാഠപുസ്തകങ്ങള്‍ക്കും നോട്ടുപുസ്തകങ്ങള്‍ക്കും കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണങ്ങള്‍ക്കുമൊപ്പം ആ പുസ്തകവും വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി. കുറെക്കാലം വീടിന്റെ മുകളിലെ അത്രയൊന്നും ഉപയോഗിക്കാത്ത മുറിയില്‍ അത് മറ്റു പുസ്തകങ്ങള്‍ക്കൊപ്പം പൊടിപിടിച്ച് കിടന്നു. അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥയായ മൂത്ത ചേച്ചിക്കു പോലും അത്തരമൊന്നില്‍ താല്പര്യം എപ്പോഴോ നഷ്ടപ്പെട്ടു പോയിരുന്നു. ഒരു പക്ഷേ വെറും തീപ്പെട്ടി ചിത്രങ്ങള്‍ എന്ന ചിന്തയുമാകാം ഞങ്ങള്‍ മൂവരും അത്തരമൊരു ഉപേക്ഷ കാണിക്കാന്‍ കാരണമായിട്ടുണ്ടാകുക. പിന്നീട് മൂത്ത ചേച്ചിയുടെ കല്യാണക്കാലത്ത് വീട് വ്യത്തിയാക്കുന്നതിന്റെ ഭാഗമായി പഴയ പുസ്തകങ്ങള്‍ നീക്കം ചെയ്യുന്നതില്‍ അതും പെട്ടുപോകുകയായിരുന്നു. ആക്രി സാധനങ്ങള്‍ എടുക്കുന്നയാള്‍ നല്കിയ ചെറുനാണയത്തുട്ടുകളില്‍ ആ പുസ്തകം വീടിന്റെ പടിയിറങ്ങിപ്പോയി. അതു മാത്രം മാറ്റി വെക്കാന്‍ ആരുമാരും ശ്രദ്ധിച്ചതുമില്ല. കുട്ടിക്കാലത്തിന്റെ മറ്റ് ഓര്‍മ്മകള്‍ക്കൊപ്പം ആ പുസ്തകവും തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിക്കുന്നതും അവ ഒട്ടിക്കുന്നതിന്റെ  ഓര്‍മ്മകളും മറ്റും ഇടക്കൊക്കെ ഓടിയെത്തും. തെല്ലു ശിഥിലമാണെങ്കിലും അവയുടെ ഓര്‍മ്മകള്‍ മനസ്സില്‍ അവിടവിടം ഒട്ടിപ്പിടിച്ച് പോയിരിക്കുന്നു. 





                         ഒരു കാലത്ത് അച്ഛ്നു നന്നായി പുകവലിക്കുന്ന ശീലമുണ്ടായിരുന്നു. അക്കാലത്ത് വലിച്ചെറിഞ്ഞ ബീഡിക്കുറ്റികളും തീപ്പെട്ടിക്കമ്പുകളും വീടിന്റെ മുറ്റത്ത് കിടപ്പുണ്ടാകും. വീടിന്റെ ഉമ്മറത്തൊക്കെ അവിടവിടെയായി അവയുടെ ചാരപ്പൊടികളും പുകയില മണവും കാണും. ആ വകയിലാണ് തീപ്പെട്ടികളില്‍ ഏറെയും വീട്ടിലെത്തിയിരുന്നത്. പിന്നീട് ഡോക്ടര്‍ വിലക്കിയതോടെ പുകവലി നിര്‍ത്തുകയും വിത്ത്ഡ്രോയല്‍ സിന്‍ഡ്രത്തിന്റെ പ്രശ്ം കൊണ്ടോ ശീലിച്ചു പോയത് ഉപേക്ഷിക്കാന്‍ പറ്റാത്തതിനാലോ രക്തത്തിലെ നിക്കോട്ടിന്‍ വീണ്ടും കൂടുതല്‍ കൂട്ടു ചോദിച്ചതിനാലോ എന്തോ അച്ഛന്‍ പൊടിവലിയിലേക്ക് കാലുമാറുകയായിരുന്നു.




                          അദ്ധ്യാപകായിരുന്നതിനാല്‍ അച്ഛന്‍ ചിലപ്പോഴൊക്കെ പലതരം ചിത്രങ്ങളുടെ ആല്‍ബങ്ങള്‍ തീര്‍ക്കാറുണ്ടായിരുന്നു. അച്ഛന്റെ തടിയന്‍ ആല്‍ബങ്ങളില്‍ നിന്നുമാണ് കല്ലുകളിട്ട് കൊക്കെത്താത്ത പാത്രത്തില്‍ നിന്നും സൂത്രശാലിയായ കാക്ക വെള്ളം കുടിക്കുന്ന ചിത്രങ്ങളുടെ പല ഘട്ടങ്ങളുടെയും ന്യത്തത്തിലെ നവരസഭാവങ്ങളുടെയും ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നില്ല എന്ന ബൈബിള്‍ വചം അടിക്കുറിപ്പായി കൊടുത്ത പറവക്കൂട്ടത്തിന്റെയും രാജാ രവിവര്‍മ്മയുടെ മുല്ലപ്പൂ ചൂടിയ നായര്‍ വനിതയുടെയും ഒട്ടേറെ ഭരണാധികാരികളുടെയും സ്മാരകങ്ങളുടെയും സാഹിത്യകാരന്‍മാരുടെയുമൊക്കെ ചിത്രങ്ങള്‍ ആദ്യമായി കാണുന്നത്. അച്ഛന്റെ ആല്‍ബനിര്‍മ്മാണങ്ങള്‍ കണ്ടിട്ടാവാം മൂത്ത ചേച്ചിയില്‍ തീപ്പട്ടി ചിത്രങ്ങള്‍ ഒട്ടിക്കാനുള്ള ആഗ്രഹം ഒരു പക്ഷേ ഉണ്ടാകാനിടയായത്. അല്ലെങ്കില്‍ അക്കാലം ക്ളാസില്‍ ഒന്നിച്ചു പഠിച്ച ചിലരില്‍ നിന്നും ചേച്ചിയിലേക്ക് പങ്കുവെക്കപ്പെട്ട ഹോബിയുമാകാം അത്. എന്തിരുന്നാലും തീപ്പെട്ടി ചിത്രങ്ങള്‍ ഒട്ടിക്കുന്നത്ിനു അനുസരിച്ച് ഇരുന്നൂറു പേജ് നോട്ടുപുസ്തകം തടിച്ചു തടിച്ചു വന്നു. അതിന്റെ പേജുകളും കവറും ചേരുന്ന മടക്കു ഭാഗം നേര്ക്കുകയും ചുരുങ്ങുകയും മധ്യഭാഗവും തുറക്കുന്ന ഭാഗവും വീര്‍ത്തുവീര്‍ത്തു വരികയും ചെയ്തു. 




                           അച്ഛന്‍ ബീഡി കൊളുത്താന്‍ ഉപയോഗിക്കുന്ന തീപ്പെട്ടികള്‍ ശേഖരിക്കുന്നതിനു പുറമേ ഞങ്ങള്‍ക്ക് സ്ക്കൂളിലേക്ക് പോകുന്ന റോഡരുകുകളില്‍ നിന്നും മറ്റും തീപ്പെട്ടികള്‍ ശേഖരിക്കുന്ന സ്വഭാവവുമുണ്ടായിരുന്നു. ആ പുസ്തകത്തിലുണ്ടായിരുന്ന പല തീപ്പെട്ടി ചിത്രങ്ങളും അവയുടെ പേരുകളും ഓര്‍ത്തെടുക്കാന്‍ ഈയിടെ ശ്രമിച്ചു നോക്കി. അവയില്‍ ഒന്നില്‍ സൂര്യന്‍ ഉദിച്ചുയരുന്നതായ ചിത്രം നല്ല ഓര്‍മ്മ ഉണ്ടെങ്കിലും ആ തീപ്പെട്ടിയുടെ പേര് എന്തായിരുന്നു എന്ന് ഓര്‍മ്മയില്‍ വരുന്നതേയില്ല. മരത്തിന്റെ നന്നേ നേര്‍ത്ത പാളികളില്‍ വയലറ്റ് നിറമുള്ള കടലാസുകള്‍ ഒട്ടിച്ചു ചേര്‍ത്ത തീപ്പെട്ടിയായിരുന്നു അത്. അതിനോട് കൂടുതലുള്ള പ്രിയം കുട്ടിക്കാലങ്ങളില്‍ അതിന്റെ തീപ്പെട്ടിക്കമ്പുകള്‍ ഇടുന്ന ഭാഗം ഊരിയെടുത്ത് അതിന്റെ അടിഭാഗം എടുത്തു കളഞ്ഞ് നനച്ചെടുത്ത മണ്ണു നിറച്ച് ഒട്ടേറെ കൊച്ചു കൊച്ചു മണ്‍കട്ടകള്‍ തീര്‍ത്തിരുന്നു എന്നതിനാലാണ്. കുഞ്ഞുകുഞ്ഞു മണ്‍കട്ടചുമര്‍വീടുകള്‍ തീര്‍ക്കാന്‍ സഹായിച്ചിരുന്നത് ആ തീപ്പെട്ടിയുടെ കൂടിന്റെ ചട്ടമായിരുന്നു. തെല്ല് ചിലവ് കുറഞ്ഞ വീടുകളുടെ ചുമരുകള്‍ തീര്‍ക്കാന്‍ മണ്‍കട്ടകള്‍ ഉണ്ടാക്കുന്ന വലിയവരുടെ ചട്ടകള്‍ക്ക് കുട്ടികളുടെ കുഞ്ഞുഭാഷ്യമായിരുന്നു അത്. ആ തീപ്പെട്ടിയെ അത്രയും ഓര്‍ത്തു വെക്കാനുള്ള കാരണവും ഒരു പക്ഷേ അതു തന്നെ.





                            തീപ്പെട്ടിച്ചിത്രപ്പുസ്തകത്തിലെ തീപ്പെട്ടിച്ചിത്രങ്ങളില്‍ മറ്റു പല ചിത്രങ്ങളും മനസ്സില്‍ തെളിയുന്നുണ്ടെങ്കിലും അവയില്‍ പലതിന്റെയും പേരുകളും അതു പോലെ തന്നെ മറന്നു പോയിരുന്നു. നഷ്ടപ്പെട്ടു പോയ തീപ്പെട്ടിച്ചിത്രപുസ്തകത്തിലുണ്ടായിരുന്ന ചിത്രങ്ങളില്‍ പലതും മാറ്റ്ലീയുടെ വെബ് സൈറ്റില്‍ ഈയിടെ കാണാനിടയായി. ഒട്ടകേം തീപ്പെട്ടി ചിത്രങ്ങള്‍ കംപ്യൂട്ടര്‍ മോണിറ്ററില്‍ തെളിഞ്ഞപ്പോള്‍ നഷ്ടപ്പെട്ടുപോയ പഴയ തീപ്പെട്ടിച്ചിത്രപുസ്തകത്തില്‍ ഒട്ടിച്ചിരുന്ന എറെക്കുറെ ചിത്രങ്ങളും കാണാന്‍ കഴിഞ്ഞു. അടുക്കോടെയും ചിട്ടയോടെയും ക്രമപ്പെടുത്തിയ രീതിയിലായിരുന്നു തീപ്പെട്ടിച്ചിത്രങ്ങള്‍ വെബ്സൈറ്റിലുണ്ടായിരുന്നത്. രണ്ടു പൂച്ചകള്‍ മുഖാമുഖം ഇരിക്കുന്ന കാറ്റ്സ്, പേരു പോലെ തന്നെ താക്കോലിന്റെ ചിത്രമുള്ള ചാവിയും ചാവി ഡീലക്സും, സൈക്കിളിന്റെ ചിത്രമുള്ള ബൈസിക്കിള്‍, 123 എന്നെഴുതിയ 123, ജൂഡോ കുപ്പായത്തിന്റെ ചിത്രമുള്ള ജൂഡോ, രണ്ട് ഇണക്കിളികളുടെ ചിത്രമുള്ള വി റ്റൂ, ഒട്ടകത്തിന്റെ ചിത്രമുള്ള കേമല്‍, തോക്കു കൊണ്ടോ അമ്പു കൊണ്ടോ ചൂണ്ടാനുള്ള ലക്ഷ്യത്തിന്റെ വ്യത്തങ്ങളുള്ള എയിം, 27 എന്നെഴുതിയ 27, കടിപിടി കൂടുന്ന പുലികളുടെ ചിത്രമുള്ള ചീറ്റ ഫൈറ്റ്, കുതിരയുടെ ചിത്രമുള്ള ഹോര്‍സ് തുടങ്ങി ഒട്ടനേകേം ഗ്യഹാതുരത ഉണര്‍ത്തുന്ന തീപ്പെട്ടി ചിത്രങ്ങള്‍ വെബ് സൈറ്റില്‍ കാണുകയുണ്ടായി. ചിത്രങ്ങളുടെ പേരുകള്‍ തന്നെയായിരുന്നു അവയില്‍ പല തീപ്പെട്ടികള്‍ക്കും. ഇംഗ്ളീഷിലോ ഹിന്ദിയിലോ ചില പ്രാദേശിക ഭാഷകളിലോ പേരുകള്‍ എഴുതിയ തീപ്പെട്ടിച്ചിത്രങ്ങളുടെ കൂട്ടത്തില്‍ മലയാളത്തില്‍ പേരെഴുതിയ ആന, ചക്രം എന്നീ തീപ്പെട്ടികളുടെ ചിത്രങ്ങളും കാണുകയുണ്ടായി. തീപ്പെട്ടി ചിത്രങ്ങള്‍ക്ക് ഏറ്റവും മുകളിലായി അദ്ദേഹം വെബ് സൈറ്റില്‍ അവയെ പറ്റി ചെറുവിവരണവും നല്കിയിട്ടുണ്ട്.




                          ഒരു കാലത്ത് തയ്യാറാക്കിയിരുന്ന തീപ്പെട്ടിച്ചിത്രപുസ്തകത്തിന്റെ നൊള്‍സ്റാള്‍ജിക്ക് ഓര്‍മ്മകളില്‍ ചിലപ്പോഴൊക്കെയും മനസ്സിലേക്ക് ഓടിവന്ന് നഷ്ടബോധം ഉണര്‍ത്തിയിരുന്ന പഴയ തീപ്പെട്ടിച്ചിത്രങ്ങളില്‍ പലതും വീണ്ടും മെറ്റ്ലീയുടെ വെബ്സൈറ്റില്‍ കണ്ടപ്പോള്‍ ചെറുതല്ലാത്ത സന്തോഷം തോന്നി. അച്ഛിനില്‍ നിന്നും പുകവലി ശീലം എന്നിലേക്ക് പകര്‍ന്നിട്ടില്ലാത്തതിനാല്‍ തീപ്പെട്ടി എപ്പോഴെങ്കിലുമൊക്കെ വാങ്ങുന്ന പതിവ് മാത്രമേ ഇപ്പോഴുള്ളു. പുകവലി ഉയര്‍ത്തുന്ന ആരോഗ്യപ്രശ്ങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഫലമായും മറ്റും ആളുകള്‍ക്കിടയിലെ പുകവലി ശീലം ഈയിടെ സാരമായി കുറഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു. റോഡരികുകളിലൊക്കെ കാലിയായ തീപ്പെട്ടികള്‍ കാണുന്നത് ഇപ്പോള്‍ അപൂര്‍വ്വമാണ്. സിഗരറ്റ് ലൈറ്റര്‍ ഈയിടെ വീടുകളിലും തീപ്പെട്ടികളുടെ സ്ഥാം ചെറുതായി അപഹരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഗ്യാസ് സ്റൌവും മറ്റും വ്യാപകമായതോടെ അടുക്കളകളിലും വലിയ തോതിലുള്ള തീപ്പെട്ടിയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്.





                              തീപ്പെട്ടിച്ചിത്രങ്ങളുടെ ഓര്‍മ്മകള്‍ക്കൊപ്പം തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന മറ്റൊരു വ്യക്തിയുമുണ്ട്. രണ്ടാം ക്ളാസ് കാലത്ത് അമ്മയുടെ വീട്ടില്‍ മുത്തച്ഛന്റെ മരണത്തോട് അുബന്ധിച്ച് തെല്ലു ദിവസത്തേക്ക് നില്ക്കാന്‍ ഇടയായപ്പോള്‍  എന്റെ കൂടെ തീപ്പെട്ടിച്ചൊട്ട് കളിക്കാന്‍ ദിവസവും ഓടിയെത്തിയിരുന്ന തെല്ലു പ്രായമുള്ള വ്യക്തിയായിരുന്നു അത്. ടീപ്പോയി മേല്‍ വെച്ച് തീപ്പെട്ടി ശക്തിയില്‍ ചൊട്ടുമ്പോള്‍ തീപ്പെട്ടിയുടെ ചിത്രമുള്ള ഭാഗം വീണാല്‍ ഒരു പോയന്റ്. തീപ്പെട്ടിക്കമ്പ് ഉരക്കുന്ന കെമിക്കലുള്ള ഭാഗം വീണാല്‍ അഞ്ചു പോയന്റ്. വളരെയധികം ഭാഗ്യം കടാക്ഷിക്കുന്ന വിധം തീപ്പെട്ടി തലകുത്തി വീണാല്‍ പത്തു പോയന്റ്. ചൊട്ടുമ്പോള്‍ കാണും വിധം വെക്കുന്ന സീലിന്റെ സ്റിക്കറൊട്ടിച്ച ഭാഗം വീണാല്‍ അടുത്തയാള്‍ക്ക് കളിക്കാനുള്ള അവസരം. തീപ്പെട്ടിക്കുമുണ്ട് ആുകാലികങ്ങളെയും പുസ്തകങ്ങളെയും പോലെ തന്നെ പേരെഴുതിയ മുഖചിത്രവും പിന്‍കവറും. ചൊട്ടിയാല്‍ വീഴുന്നത് പിന്‍കവര്‍ തന്നെ എങ്കില്‍ അടുത്ത കളി മറ്റൊരാള്‍ക്ക്.  




                                ഈയടുത്ത് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ബസ്സിലിരിക്കെ ഏറെ പ്രായമായി പ്രമേഹത്തിന്റെ ഭാഗമായി കാല്‍പാദത്തില്‍ വന്ന മുറിവില്‍ തുണി കൊണ്ടുള്ള വലിയ കെട്ടുമായി അദ്ദേഹം ബസ്സ്റാന്റിലേക്ക് നടന്നു പോകുന്നത് കണ്ടു. എന്റെ ഒമ്പതാം ക്ളാസ് കഴിഞ്ഞുള്ള ഒഴിവുകാലത്ത് മരിച്ചു പോയ അച്ഛന്റെ കാലുകളിലുമുണ്ടായിരുന്നു ശരീരത്തിന്റെ മറ്റെവിടെയുമില്ലാത്ത വിധം കറുത്ത നിറമാര്‍ന്ന കാല്‍പാദങ്ങളില്‍ എന്നും അത്തരം പ്രമേഹമുറിവുകള്‍. അദ്ദേഹം ഒന്നിച്ചു കളിച്ച പഴയ തീപ്പെട്ടിച്ചൊട്ടുകാരനെ തീര്‍ച്ചയായും മറന്നു പോയിക്കാണും. അന്നത്തെ കുട്ടിയില്‍ നിന്നും യൌവ്വനത്തിന്റെ ഏതാണ്ട് വൈകുന്നേരത്തേക്ക് നടന്നു കൊണ്ടിരിക്കുന്ന എന്നെ ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അദ്ദേഹത്ത്ിനു മനസ്സിലാകാന്‍ തീര്‍ച്ചയായും പ്രയാസമായിരിക്കും.




                            തീപ്പെട്ടി കുട്ടികളുടെ ലോകത്ത് കളിപ്പാട്ടങ്ങളില്‍ ഒന്നു തന്നെയാണ്. മിന്നാമിനുങ്ങിനെയോ മുള്ളുള്ള പനച്ചി എന്ന ചെടിയുടെ മഞ്ഞ നിറമാര്‍ന്ന പൂവില്‍ നിന്നും സൂത്രത്തില്‍ പിടിക്കുന്ന തേനീച്ചയെയോ പെട്ടിയിലാക്കാന്‍ ഭൂരിഭാഗം കുട്ടികളും ആദ്യം കണ്ടെത്തുക തീപ്പെട്ടി തന്നെയാകും. തേനീച്ച തീപ്പെട്ടിക്കകത്ത് ഇരുന്ന് വിമോചനഗാം പാടിക്കൊണ്ടേയിരിക്കും. ചെവിയോട് ചേര്‍ത്ത് ആ വിമോചനഗാം കേള്‍ക്കുക എന്നത് അത്തരം ചെറിയ ചെറിയ ക്രൂരതയെ പറ്റിയൊന്നും തിരിച്ചറിവില്ലാത്ത കാലത്തെ കുട്ടികളുടെ ഹരവുമാണ്. മിന്നാമിനുങ്ങിനെ ആണെങ്കില്‍ ഇടക്കിടെ തീപ്പെട്ടി തുറന്ന് അതിന്റെ ടോര്‍ച്ച് തെളിയുന്നുണ്ടോ എന്നും ഏതൊരു കുട്ടിയും നോക്കിക്കൊണ്ടേയിരിക്കും.





                              കളിത്തോക്ക് കുട്ടികളുടെ വലിയ ഭ്രമങ്ങളിലൊന്നു തന്നെ. റബ്ബര്‍ ബാന്‍ഡുകളും തെങ്ങിന്റെ മടലോ മുളയോ ചീന്തിയെടുത്ത ചെറുകമ്പുകള്‍ ഉപയോഗിച്ച് തീപ്പെട്ടി കൊണ്ട് കളിത്തോക്ക് നിര്‍മ്മിക്കാനാകും. തീപ്പെട്ടിയോട് കമ്പുകള്‍ രണ്ടു വശത്തായി ചേര്‍ത്തു വെച്ചുണ്ടാക്കുന്ന കളിത്തോക്ക് കുട്ടികളുടെ മനസ്സു കൊണ്ട് തുരുതുരെ വെടിവെക്കാന്‍ പറ്റിയ ഒന്നു തന്നെ. കുട്ടിക്കാലത്ത് അത്തരം കളിസാധനങ്ങള്‍ ഉപയോഗിച്ച് കളിച്ചതിനു ശേഷം പിന്നീടെപ്പോഴോ അത്തരം കളികളെല്ലാം നിര്‍ത്തി കഴിയുന്നവര്‍ മാത്രമാണ് ഭൂരിഭാഗം പ്രായമായവരും എന്നേയുള്ളു. പിന്നീട് കുട്ടിക്കാലത്തെ അത്തരം കളികളെല്ലാം തിരിച്ചെടുക്കുന്നത് അച്ഛും അമ്മയുമൊക്കെ ആകുമ്പോഴാണ്. തങ്ങളുടെ ചെറിയ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ കളിപ്പാട്ടങ്ങള്‍ കൊണ്ട് കുട്ടിക്കാലത്തേക്ക് മനസ്സു കൊണ്ട് പിന്‍മടങ്ങി വീണ്ടും കളിക്കുക തന്നെയാണ് ചെയ്യുന്നത്. ആരുമാരും അത് ആ അര്‍ത്ഥത്തില്‍ ശ്രദ്ധിക്കാറില്ല എന്നേയുള്ളു. ഒരു പക്ഷേ കളിക്കുന്നവര്‍ പോലും അത് അറിയുന്നുമില്ല എന്നുമേയുള്ളു.  





                        തീപ്പെട്ടികള്‍ കൊണ്ടുള്ള മറ്റൊരു കളിപ്പാട്ടം പല തീപ്പെട്ടികള്‍ ചേര്‍ത്തു വെച്ച് അതിന്റെ ഉള്ളിലെ ഭാഗം ഒന്ന് മറ്റൊന്നിനോട് ചേര്‍ത്തു ചേര്‍ത്തു വെച്ചുണ്ടാക്കുന്ന തീവണ്ടിയാണ്. മുട്ടുകാലുകളില്‍ ഇരുന്ന് അത് ഓടിച്ചുപോകുന്നതിന്റെ രസം ചിലവ് കുറഞ്ഞ രീതിയില്‍ ഉണ്ടാക്കിയെടുത്ത തീവണ്ടി ഓടിക്കുന്നതിന്റെതു തന്നെ. അതു താനല്ലയോ ഇത് എന്ന അലങ്കാര ലക്ഷണത്തില്‍ തീവണ്ടി തന്നെയാണ് തീപ്പെട്ടികള്‍ എന്നു തോന്നിപ്പോകുന്നതിലെ യുക്തിയും കുട്ടിക്കാലത്തെ മനസ്സു തന്നെ. ഒരു വിരല്‍ പൊക്കുമ്പോള്‍ മടക്കി വെച്ച നാലു വിരലുകളുടെ എണ്ണമായ നാല് എന്നു തോന്നാതെ ഒന്ന് എന്നു മാത്രം തോന്നുന്ന മനുഷ്യരിലെ ഭാവാനപരമായ പരസ്പരയുക്തി തന്നെ അവിടെയും വര്‍ത്തിക്കുന്നു.    





                           തീപ്പെട്ടികള്‍ക്ക് മനുഷ്യരുടെ ജീവിതത്തില്‍ തീപ്പെട്ടിക്കമ്പുകളാല്‍ തീ കത്തിക്കുക എന്നതിക്കോള്‍ ചെറുതല്ലാത്ത ഇടങ്ങളുണ്ട് എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. ഉപേക്ഷിച്ചു കളഞ്ഞ തീപ്പെട്ടിച്ചിത്രങ്ങള്‍ ഒട്ടിച്ച പുസ്തകത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ന് ചെറുതായി നഷ്ടബോധം തോന്നുന്നുണ്ട്. അവ ഉണ്ടായിരുന്നെങ്കില്‍ പഴയ നോട്ടുപുസ്തകത്തില്‍ നിന്നും നല്ല ഒരു ആല്‍ബത്തിലേക്ക് അവയെ പറിച്ചു നടാമായിരുന്നു. ആ തടിച്ചു വീര്‍ത്ത പുസ്തകം വിറ്റുകളയാതെ സൂക്ഷിച്ചു വെക്കാമായിരുന്നു.






                              തീപ്പെട്ടിച്ചിത്രശേഖരണത്ത്ിനു ഫിലുമിനിസം എന്ന നല്ലൊരു ഇംഗ്ളീഷ് പേരുണ്ടെന്നു തന്നെ വളരെ വൈകിയാണ് അറിയുന്നത്. തീപ്പെട്ടിച്ചിത്രശേഖരണത്തിന്റെതു മാത്രമല്ല പല ഹോബികളുടെയും ഇംഗ്ളീഷ് പേരുകള്‍ കേള്‍ക്കാന്‍ അത്യന്തം മനോഹരമായവയാണ്. ആ പേര് ആ കാലത്തെ അറിഞ്ഞിരുന്നെങ്കില്‍ അതിന്റെ മനോഹാരിതയില്‍ ഭ്രമിച്ചെങ്കിലും ആക്രി സാധനങ്ങള്‍ എടുക്കുന്ന ആളുടെ കൂടെ ആ പുസ്തകത്തെ പറഞ്ഞയക്കില്ലായിരുന്നു. ആ പുസ്തകം വീണ്ടും പള്‍പ്പായും വീണ്ടും വീണ്ടും പല മട്ടിലുള്ള വ്യതിയാനങ്ങള്‍ക്കും ഇപ്പോഴേക്കും വിധേയമായി കാണും.   





                              ലോകത്ത് ഗിന്നസ് ബുക്ക് ഓഫ് വേര്‍ഡ് റിക്കോഡ്സില്‍ പേരു ചേര്‍ക്കപ്പെട്ട ഫിലുമിനിസ്റ് പോലുമുണ്ടത്രെ. അത്രയൊന്നുമായില്ലെങ്കിലും തീപ്പെട്ടിച്ചിത്രങ്ങളുടെ ശേഖരവുമായി ഫിലുമിനിസത്തിന്റെ തെല്ലൊരു അരികിലെങ്കിലും നില്ക്കാമായിരുന്നു. യൌവ്വനത്തിന്റെ വൈകുന്നേരങ്ങളില്‍ കഴിയുന്ന ഇക്കാലത്ത് ഇിയിപ്പോള്‍ കുട്ടിക്കാലത്തിന്റെ പഴയ കൌതുകത്തോടെയും നിഷ്കളങ്കതയോടെയും അവ ശേഖരിക്കുന്നതെങ്ങനെ?


                                                                          -0-

2013, ജൂൺ 23, ഞായറാഴ്‌ച

പുസ്തകം ഒരു വീട്

 

                        കാത്തുവെച്ച ഇടത്തു നിന്നും വര്‍ഷങ്ങള്‍ക്കു ശേഷം ആരെങ്കിലുമൊക്കെ എടുത്തുനോക്കുമ്പോള്‍ പുസ്തകത്തിലെ ഏതെങ്കിലും ഒരു കവിതയില്‍ നിന്നും കവറിലേക്കും പിന്നെ മറ്റൊരു കവിതയിലേക്കും വെള്ളി വാല് വിറപ്പിച്ച് ഒരു പുസ്തകപ്പുഴു ഒരു പക്ഷേ പാഞ്ഞുപോയേക്കാം. വീണ്ടും വായനക്ക് എടുക്കും വരെ പുസ്തകങ്ങള്‍ പുസ്തകപ്പുഴുക്കള്‍ക്ക് സ്വസ്ഥമായി താമസിക്കാനുള്ള വീടുകളാണ്. എന്നാല്‍ ആകും വിധം അവക്ക് ഒരു  വീട് ആദ്യമായി ഞാനും പണിതു നല്കിയിരിക്കുന്നു. അവക്ക് അകത്തേക്കുള്ള വാതിലുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളുകളും. വായിച്ചതിനു ശേഷം പുസ്തകഷെല്‍ഫില്‍ ഭദ്രമായി വെച്ച് ഓരോ കവിതകളെയും അവക്ക് വിട്ടു കൊടുത്തേക്കുക.

                                       

                                        ഒരുപാട് കാലം കഴിഞ്ഞാല്‍ ഈ പുസ്തകവും പഴക്കം ചെന്ന പുസ്തകമാകും. പഴയ മട്ടില്‍ അച്ചടിച്ചതും തുറക്കുമ്പോള്‍ തുരുമ്പിച്ച പിന്നുകള്‍ അടര്‍ന്ന് കവറും പേജുകളും പറിഞ്ഞു പോരുന്നതുമായ  പുസ്തകങ്ങളില്‍ ചിലതൊക്കെ എടുത്തു നോക്കുമ്പോള്‍ എത്ര പഴയ പുസ്തകം എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്. കാലങ്ങള്‍ക്കപ്പുറം മറ്റാരെങ്കിലുമൊക്കെ ഈ പുസ്തകത്തെയും അത്തരത്തില്‍ എടുത്തു നോക്കിയേക്കാം.അപ്പോള്‍ അവര്‍ക്കു തോന്നും ഞാന്‍ എന്ന എഴുത്തുകാരന്‍ എത്രയെത്ര പഴഞ്ചനാണെന്ന്. എങ്കിലും ഇക്കാലം ഈ പുസ്തകത്തെ പറ്റി അങ്ങനെ തോന്നുമോ?ഇല്ലെന്നാണ് ഇതിനോടകം പുസ്തകം വായിച്ചവരില്‍ പലരും സ്നേഹത്തോടെ പറയുന്നത്. 
 
                                                                     -൦-

ഒറ്റുകാര്‍


കഴിയുന്നത്
ഇട്ടാവട്ടത്തിലൊക്കെ തന്നെ.
ഒരിക്കലും
പുറത്തിറങ്ങി
ഒരു ഉറുമ്പിനെ പോലും
പിടിക്കാറില്ല.
... സമ്മതിച്ചു.
ഭീകരജീവി
ഒന്നുമല്ല തന്നെ.
എങ്കിലും
കബളിപ്പിച്ചതിന്റെ
ഉത്സവങ്ങളാണ്
ഓരോ കുമ്പിള്‍ കുഴിയിലും
കുഴിയാനകള്‍
നടത്തുന്നത്.
ഒച്ചബഹളങ്ങള്
ഇല്ലെന്നേയുള്ളു.
‍ആ ചെറിയ ആനകളാണ്
വലിയ ആനകളെ
പിടിക്കാനുള്ള
സൂത്രങ്ങള്‍
പറഞ്ഞുകൊടുത്തുകളഞ്ഞത്.
പാവം
ആനകള്‍
നേരില്‍
കണ്ടിട്ട് പോലുമുണ്ടാകില്ല
ഒറ്റുകാരെ.

          -൦-

ആടുകള്‍ പുല്ലു തിന്നുന്ന ഫോട്ടോകള്‍


                    കടല്‍ ഏറെ നാളായല്ലോ കണ്ടിട്ട് എന്ന തോന്നിച്ചയാല്‍ അവന്‍ കടപ്പുറം കാണാന്‍ പോയി. ചെവിയില്‍ നിര്‍ത്താതെ പലതും പറയുന്ന കടല്‍ക്കാറ്റിനൊപ്പം നടന്നു കൊണ്ടിരിക്കെ തെല്ല് പുല്ലുള്ള ഇടത്ത് കുറച്ച് ആടുകള്‍ മേയുന്നതു കണ്ടു. മൊബൈല്‍ ഫോണ്‍ കൊണ്ട് അവന്‍ അവയുടെ ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി.


                    പക്ഷേ അവ മേയുന്ന ഇടം വ്യത്തിയില്ലാത്ത പരിസരമായതിനാല്‍ ഫോട്ടോകള്‍ ഒന്നും തന്നെ വ്യത്തിയോടെയും വെടിപ്പോടെയും കിട്ടിയില്ല. പ്ളാസ്റിക് ഉറകളും വലക്കണ്ണികളും വാഹനങ്ങളുടെ പഴകിയ ഭാഗങ്ങളും മറ്റുമായി ആകെ അലങ്കോലപ്പെട്ട ഫോട്ടോകള്‍.


                    ഫോട്ടോകള്‍ എടുക്കുന്നതും നോക്കി ഒരാള്‍ പഴയ ഒരു കെട്ടിടത്തിലെ അരഭിത്തിയില്‍ ഇരിപ്പുണ്ടായിരുന്നു. അയാള്‍ ആരോ ഒരാള്‍ എന്നു കരുതി അയാളെ കാര്യമാക്കാതെ അവന്‍ ആടുകളുടെ വ്യത്തിയുള്ള ഫോട്ടോകള്‍ക്കായി വീണ്ടും നോക്കി.


                    തെല്ലു കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് വന്ന് ആടുകളെ തെളിച്ചു കൊണ്ടു പോയി. വ്യത്തിയുള്ള ഫോട്ടോ എന്ന ചിന്തയുടെ പുറത്ത് അവന്‍ പിന്നാലെ നടന്നു ചെന്നു. വലിയ ഫോട്ടോഗ്രാഫര്‍ ആയിട്ടൊന്നുമല്ല അങ്ങനെ ചെയ്തത്. അവന്‍ തന്നെ ചിന്തിക്കാറുള്ളത് മൊബൈല്‍ഫോണില്‍ എടുക്കുന്ന ചിത്രങ്ങളെ പറ്റി കൂടുതല്‍ എന്തു പറയാനാണ് എന്നാണ്.  വെറുതെയുള്ള ഫോട്ടോ പിടുത്തം എന്നേ അവനുണ്ടായിരുന്നുള്ളു.



                       അയാളുടെയും ആടുകളുടെയും പിന്നാലെ നടന്ന് അവന്‍ ചെന്നു പെട്ടത് മാര്‍ക്കറ്റിലെ കശാപ്പുശാലക്കരികിലായിരുന്നു. ആടുകള്‍ അയാള്‍ തെളിച്ച വഴിയേ ഉള്ളിലേക്ക് നടന്നു പോകുന്നത് അവന്‍ കണ്ടു.



                    വീട്ടില്‍ എത്തി അവന്‍ ഫോട്ടോകള്‍ കംപ്യൂട്ടറില്‍ ആക്കി നോക്കി. മൊബൈല്‍ ഫോണില്‍ കണ്ടതിക്കോള്‍ കൂടുതല്‍ വ്യക്തതയോടെ അവ പുല്ലു തിന്നുന്ന ഫോട്ടോകള്‍. അയാള്‍ ഫോട്ടോയില്‍ ഇല്ലെങ്കിലും അയാള്‍ക്ക് പിന്നാലെ അുസരണയോടെ അവ നടന്നു പോകുന്ന ഫോട്ടോകള്‍.


                                                                      -0-

തന്നെത്തന്നെ കളഞ്ഞു പോയൊരാള്‍


                     നൊള്‍സ്റാള്‍ജിയയുടെ പുറത്ത് അടുത്തിടെ അയാള്‍ ഒരു റേഡിയോ വാങ്ങിച്ചു.


                     വീട്ടില്‍ എത്തി തുറന്നു നോക്കിയപ്പോള്‍ തുറന്ന പാടെ റേഡിയോ പാടുന്നു.


                    ‘എന്നെ എനിക്കു തിരിച്ചു കിട്ടാതെ ഞാന്‍ ഏതോ ദിവാസ്വപ്നമായി*…..’



                        പാട്ടില്‍ ഉദ്ദേശിക്കുന്നത് മറ്റെന്തൊക്കെയോ ആണെങ്കിലും ഇടക്കാലം കാഴ്ചകളില്‍ തന്നെത്തന്നെ തളച്ച് അത്തരത്തിലാണല്ലോ തനിക്കും പറ്റിപ്പോയത് എന്ന് അയാള്‍ ആലോചിച്ചു.



                         പഴയ തന്നെ ഏതാണ്ടൊക്കെ തനിക്ക് തിരിച്ചു കിട്ടി എന്ന തോന്നലോടെ അയാള്‍ ഒരു പുസ്തകമെടുത്ത് നിവര്‍ത്തി ചാരുകസേരയിലേക്ക് ചാഞ്ഞു.


                         (*ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ ഗാനം.)
        

                                                                         -0-

സൂചിയും തോട്ടിയും


                     കഥ വായിച്ച ഉടനെ കുട്ടി ചോദിച്ചു.


                   -ആനയെ സൂചി കൊണ്ട് കുത്താനുള്ള ധൈര്യമൊക്കെ തയ്യല്‍ക്കാരനു കാണുമോ? തോട്ടിയേക്കാള്‍ വലുതാണോ ആനക്ക് സൂചി?


                   അച്ഛന്‍ അതുകേട്ട് അമ്മയോട് സ്വകാര്യം പറഞ്ഞു.


                  -നമുക്ക് ഇതേവരെ അതൊന്നും തോന്നിയില്ലല്ലോടീ.


                  അമ്മയും തിരിച്ച് സ്വകാര്യം പറഞ്ഞു.


                   - അവന്‍ കഥയുടെ രസം മൊത്തത്തില്‍ കളഞ്ഞു.


                    പിന്നെ തിരിഞ്ഞ് കുട്ടിയോടായി പറഞ്ഞു.


                 -നീയാ പുസ്തകം അവിടെ വെച്ച് വല്ല കംപ്യൂട്ടര്‍ ഗെയിമും പോയി കളിച്ചോളു, മോനേ.  


                                                                      -0-

ശാകുന്തളം ചിത്രകഥ - ഒരു ചാറ്റുബോക്സ് പഠനം


                   അവളെ ചാറ്റ് ബോക്സില്‍ നിന്നും കൊത്തിയെടുത്ത് അവന്‍ എഴുതി.

                

                      -കോപം വരുമ്പോഴൊക്കെയും നൂറില്‍ നിന്നും ഒന്നിലേക്ക് ദുര്‍വ്വാസാവ് എണ്ണിയിരുന്നെങ്കില്‍ ശകുന്തളക്ക് ദുഷ്യന്തനിട്ട മോതിരത്ത്ിനു അടയാളമാകേണ്ടണ്‍തില്ലായിരുന്നു. അതിനും മുമ്പ് ശകുന്തളക്ക് കാലില്‍ ഇല്ലാത്ത മുള്ളു കൊള്ളാന്‍ നില്ക്കുന്ന നേരേത്ത് ആരെയും കൂസാതെ തോഴികള്‍ക്കൊപ്പം നടന്നു പോകാമായിരുന്നു. മുന്നും പിന്നുമില്ലാതെ പെട്ടെന്ന് ക്ഷോഭിച്ച് ശപിക്കുന്നവരെയൊക്കെ കണ്വ്നു പണ്ടേ‍ക്കു പണ്ടേ അണ്‍ഫ്ര‍ണ്ട് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ ബ്ളോക്കു ചെയ്യാമായിരുന്നു. തന്നെ കുരുക്കാന്‍ കാത്തു നിന്നതാണെന്ന് തിരിച്ചറിഞ്ഞ് മോതിരം വിഴുങ്ങിയ മീന്‍ ചൂണ്ടയെ ഒഴിവാക്കി പോയിരുന്നെങ്കില്‍ മറവിയില്‍ തന്നെ ദുഷ്യന്തനു മനപ്പൂര്‍വ്വം കഴിയാമായിരുന്നു.


                     തമാശക്കാരിയായ അവള്‍ തിരിച്ചു ചോദിച്ചു.


                    -ആ മീനിനെ പിന്നെ എന്തു ചെയ്തു? വരട്ടിയോ? മുളകിട്ടോ? പൊരിച്ചോ? കറി വെച്ചോ?


                      - ബി സീരിയസ്. ശാകുന്തളത്തെ ദയവായി അടുക്കളയിലേക്ക് കൊണ്ടു പോകരുത്.


                      -ആയ്ക്കോട്ടെ.


      
                   -എന്തിനു കൂടുതല്‍ പറയുന്നു.സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ അക്കാലം ഇല്ലാതിരുന്നതിന്റെ കുഴപ്പങ്ങളാണ് അഭിഞ്ജാശാകുന്തളം നിറയെ.


                    -വായിച്ചിട്ടുണ്ടോ?



                  -സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളോ? ഒട്ടേറെ. അവയിലെ തിയറികള്‍ ഓ.കെ. പ്രാക്ടിക്കല്‍ ടെഫ്.


                  -അതല്ല. അഭിഞ്ജാനശാകുന്തളം?


                    -ഇല്ല. പണ്ട് ചിത്രകഥ വായിച്ചിട്ടുണ്ട്.



                    -പോയിക്കിടന്നുറങ്ങെടാ. ഗുഡ് നൈറ്റ്.



                     -ഞാന്‍ തന്ന മോതിരം പോയിപ്പോകരുത്. വീണു പോകരുത്.


                   - നീ തന്ന ചിരട്ട മോതിരമോ? അതിപ്പോള്‍ കാണാനില്ല. സോറി.  



                  അതും പറഞ്ഞ് അവള്‍ ലോഗ് ഔട്ട് ചെയ്തു.

                                                                        -0-

കൈവിട്ടു പോയ ചിരിയെ തിരഞ്ഞ് ഒരു പെണ്‍കുട്ടി നിലക്കണ്ണാടി നോക്കുന്നു.


                          ഹോട്ടല്‍ മുറിയിലിരുന്ന് ലാപ്പ് ടോപ്പില്‍ തന്റെ ലേറ്റസ്റ് ഫോട്ടോകളിലൂടെ അവള്‍ കണ്ണോടിച്ചു. ജീവിതത്തില്‍ താനിതു വരെ ചിരിക്കാത്ത തരം ചിരിയെ അവള്‍ പല ഫോട്ടോകളിലായി വീണ്ടും വീണ്ടും നോക്കിക്കൊണ്ടേയിരുന്നു. ഇത്രയും തെളിച്ചക്കുറവുള്ള ചിരി ജീവിതത്തില്‍ അതിനു മുമ്പ് താന്‍ ചിരിച്ചു കാണുമോ എന്ന് അവള്‍ അത്ഭുതപ്പട്ടു.


                        ഫോട്ടോകളില്‍ കാണുന്ന തന്റെ ചിരി ക്യത്രിമമായി പഴുപ്പിച്ചെടുത്ത പഴം പോലെ എന്ന് അവള്‍ മനസ്സില്‍ ചിന്തിച്ചു കൊണ്ടേയിരുന്നു. ഫോട്ടോഷോപ്പില്‍ തേച്ചു മാച്ചുകളയാനാവാത്ത ക്യത്രിമത്വം തുറന്നു വെച്ച തന്റെ ചുണ്ടുകള്‍ക്കിടയില്‍ വന്നു പെട്ടിരിക്കുന്നു. നന്നായി ചിരിക്കാന്‍ പഠിച്ച പാഠങ്ങളെല്ലാം മറന്നു പോയ നിമിഷങ്ങളായിരുന്നു അത്. വിജയിയുടെ പേര് സ്റേജില്‍ മുഴങ്ങിയപ്പോള്‍ പെരുമ്പറ കൊട്ടിക്കൊണ്ടിരുന്ന ഹ്യദയത്തിന്റെ താളങ്ങള്‍ ജാസിനിടിക്കുന്ന കമ്പുകള്‍ കൈയില്‍ നിന്നും പെട്ടെന്ന് താഴെ വീണുപോയതു പോലെ നിലച്ചു പോയ നിമിഷങ്ങള്‍. മുറിയില്‍ മറ്റാരും ഇല്ലാത്തതിനാല്‍ അവള്‍ കനത്ത ഒരു നെടുവീര്‍പ്പ് പൊഴിച്ചു.



                         തനിക്കും സെക്കന്റ് റണ്ണറപ്പിനും നടുവില്‍ നില്ക്കുന്ന പെണ്‍കുട്ടിയുടെ മനസ്സു നിറഞ്ഞ ചിരിയിലേക്ക് അവള്‍ അസൂയയോടെ നോക്കി. മറ്റൊരാളോട് അത്രയും അസൂയപ്പെടുന്ന മനസ്സ് തനിക്കു വന്നു പെട്ടല്ലോ എന്ന് തോന്നുമ്പോഴും അവള്‍ക്ക് അത്തരമൊന്നിനെ നിയന്ത്രിക്കാന്‍ പറ്റിയില്ല.



                         പിന്നെ ലാപ്പ്ടോപ്പ് അടച്ചു വെച്ച് ഭിത്തിയിലെ മൊണാലിസയുടെ ചിത്രത്തിന്റെ അടുത്തേക്ക് നടന്നു ചെന്നു. മൊണാലിസയുടെ അര്‍ത്ഥം തിരിയാത്ത ചിരി തെല്ലു നേരേം വെറുതെ നോക്കി നിന്നു. പിന്നെ നിലക്കണ്ണാടിക്കു മുന്നില്‍ വന്നു നിന്ന് വെറുതെ ചിരിച്ചു. ഇല്ല. പഴയ ഭംഗി തെല്ലും ഇല്ല തന്നെ.



                         തെല്ലും ക്യത്രിമത്വമില്ലാത്ത പഴയ ചിരി വീണ്ടു കിട്ടാന്‍ ഒന്നു രണ്ടു ദിവസം തീര്‍ച്ചയായും ഇനി വേണ്ടിവരും എന്നു വിചാരിച്ചു കൊണ്ട് അവള്‍ കിടക്കയിലേക്ക് ചാഞ്ഞു.     
          

                                                                             -0-

ഗ്രൂപ്പ് ഫോട്ടോകളില്‍ തുടങ്ങിയവരില്‍ ഒരാള്‍


                    പലരും നില്ക്കുന്ന ഫോട്ടോകള്‍ക്ക് താഴെ ചേര്‍ക്കുന്ന അടിക്കുറിപ്പുകളില്‍ പേരുകള്‍ എടുത്തെഴുതിയവര്‍ക്ക് ശേഷം തുടങ്ങിയവരില്‍ എന്ന വാക്കിലായിരുന്നു അയാള്‍ എന്നുമു‍ണ്ടായിരുന്നത്. പത്രത്തിലും മറ്റും അവ വരുമ്പോള്‍ സന്തോഷത്തോടെ ആ ഫോട്ടോകള്‍ വീട്ടിലുള്ളവരെ കാണിച്ച് അയാള്‍ സംത്യപ്തിപ്പെട്ടു.


                     മക്കള്‍ എല്ലാവരും മറുനാടുകളില്‍ ആയതിനാല്‍ അയാളുടെ മരണശേഷം വീട്ടില്‍ പ്രായമുള്ള അയാളുടെ ഭാര്യ തനിച്ചാകുമെന്ന സ്ഥിതി വന്നു. അമ്മയെ തനിച്ചാക്കേണ്‍ എന്നു കരുതി ബിസിനസ്സ് മക്കള്‍ക്ക് നോക്കി നടത്താന്‍ വിട്ടുകൊടുത്ത്  മൂത്ത മകനു ഭാര്യയും നാട്ടിലേക്ക് പോന്നു. എത്രയും പെട്ടെന്ന് വന്നിടത്തേക്കു തന്നെ തിരിച്ചു പോകും എന്ന മട്ടില്‍ അവരുടെ കൂടെ ഏറ്റവും ഇളയ മകനുമുണ്ട‍ായിരുന്നു.


                  അവ് ആ വീട്ടില്‍ ഉപയോഗിക്കാന്‍ കിട്ടിയത് വരാന്തയോട് ചേര്‍ന്നു നില്ക്കുന്ന ഒറ്റ മുറിയായിരുന്നു. തെല്ലു കാലത്തേക്ക് ആണെങ്കിലും ആ മുറിയിലെ അലമാര വ്യത്തിയാക്കി ഉപയോഗിക്കാന്‍ അവന്‍ തീരുമാനിച്ചു. പലതും നോക്കി നിലത്തേക്ക് ഇടവെ ഒരു പ്ളാസ്റിക് ഫയല്‍ മുഴുവന്‍ മുത്തച്ഛന്‍ പലര്‍ക്കുമൊപ്പം നില്ക്കുന്ന ഫോട്ടോകളാണെന്ന് അവന്‍ കണ്ട‍ു. മുത്തച്ഛന്‍ എല്ലാം വെട്ടിയെടുത്ത് സൂക്ഷിച്ചു വെച്ചിരിക്കുന്നു.


                
                     അവന്‍ ചിരിച്ചുകൊണ്ട‍് അച്ഛനു അമ്മക്കും ആ ഫോട്ടോകള്‍ എല്ലാം കാണിച്ചു കൊടുത്തു. അവന്‍ അച്ഛനോട് ചോദിച്ചു.



                    -മുത്തച്ഛനു പലര്ടേം കൂടെ ഫോട്ടോക്ക് നില്ക്കലാര്ന്നു ഹോബി, ല്ലേ?



                    അച്ഛനു അമ്മയും അതു കേട്ട് ചിരിച്ചു. അവര്‍ മൂവരും ഫോട്ടോകള്‍ പലതും എടുത്തു നോക്കി അവര്‍ക്ക് തോന്നുന്ന തമാശകള്‍ പലതും പറഞ്ഞു.



                     അതോടൊപ്പമുണ്ട‍ായിരുന്ന രണ്ട‍ു മൂന്ന് സുവിനീറുകളും അവന്‍ മറിച്ചു നോക്കി മുത്തച്ഛന്‍ അതില്‍ എഴുതിയ കവിതകള്‍ തെല്ലൊന്ന് വായിച്ചു നോക്കി. കവിതകള്‍ വായിക്കുന്നത് മുഴുവനാക്കാതെ അവന്‍ പറഞ്ഞു.



                         -അച്ഛാ, കവിതകളൊക്കേം പരമബോറ്. മുത്തച്ഛനെ മുത്തശ്ശി എങ്ങനെ സഹിച്ചാവോ?


                          അതു കേട്ട് അവന്റെ അച്ഛനു അമ്മയും കുടുകുടാ ചിരിച്ചു.



                        കണ്ടു നിന്ന മുത്തശ്ശി ഫോട്ടോകളും സുവിനീറുകളുമെല്ലാം കളയാനാണ് അവരുടെ ഭാവമെന്നു തോന്നി  പെട്ടെന്നു ചെന്നു വാങ്ങിച്ചു. പിന്നെ പറഞ്ഞു.



                        - ഒര് പാട് വല്യ വല്യ കൂട്ടുകാര്ണ്‍ായിര്ന്നു മുത്തച്ഛന്. പലരു നാട്ടില് വന്നാ മുത്തച്ഛന്‍ അങ്ങട്ട് ഓടിച്ചെല്ലും. വല്യ കാര്യ്യ്യായ്രുന്ന് എല്ലാര്‍ക്കും മുത്തച്ഛനെ.




                          അതും പറഞ്ഞ് മുത്തശ്ശി ആ ഫോട്ടോകളും സുവിനീറുകളും അടങ്ങിയ പ്ളാസ്റിക് ഫയല്‍ പേരക്കുട്ടിയുടെ കൈയില്‍ നിന്നും വാങ്ങിച്ച് അവരുടെ മുറിയിലേക്ക് കൊണ്ട‍ു പോയി അലമാരയില്‍ ഭാഗവതത്ത്ിനു അടിയിലായി വെച്ചു.


                          അതുകണ്ട‍് അവന്‍ അച്ഛനോടും അമ്മയോടും അടക്കം പറഞ്ഞു.


                        - മുത്തശ്ശി മുത്തച്ഛന്റെ കട്ടഫേനാണല്ലോ.


                                                                      -0-

തേരട്ടയെ പോലെ നീങ്ങി പിന്നെ ചുരുണ്ട് വീണ്ടും നീങ്ങി വീണ്ടും ചുരുണ്ട് ഒരാള്‍ മുന്നോട്ട് പോകുന്നു.


                     പേഴ്സില്‍ ആവശ്യത്ത്ിനു ചില്ലറയില്ലാത്തത് വലിയ കഷ്ടമായി എന്ന് അവനു തോന്നിപ്പോയത് കണ്ടക്ടര്‍ കയര്‍ത്തപ്പോഴാണ്. നിസ്സാരമായ ഒരു കാര്യത്ത്ിനു വായില്‍ തോന്നിയത് പറയുമ്പോള്‍ തൊട്ടടുത്ത് തന്റെ ഭാര്യ ഇരിപ്പുണ്ട് എന്നെങ്കിലും അയാള്‍ക്ക് തോന്നേണ്ടതല്ലേ എന്നും അവനു തെല്ല് വിഷമം തോന്നാതിരുന്നില്ല. ആരാണ് ഇത്രമാത്രം ചില്ലറ പേഴ്സില്‍ കരുതുന്നത്. മുഷിപ്പോടെയാണ് ചില്ലറ കണ്ടക്ടര്‍ തന്നത്. അത് കൈ നീട്ടി വാങ്ങുമ്പോള്‍ അന്നത്തെ നല്ല മൂഡ് ആകെ പോയല്ലോ എന്ന് അവനു മനസ്സില്‍ തോന്നാതിരുന്നില്ല.
  



                         പിന്നെ അവന്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം സ്റാന്റില്‍ നിന്നും ബസ് എടുക്കുന്നതും കാത്ത് ഇരിക്കാന്‍ തുടങ്ങി.  ഭാര്യ ന്യൂസ് സ്റാന്റില്‍ നിന്നും വാങ്ങിയ ഒരു വനിതാ പ്രസിദ്ധീകരണം വാനിറ്റി ബാഗില്‍ നിന്നുമെടുത്ത് മറിച്ചു നോക്കാന്‍ തുടങ്ങി.



                        അപ്പോഴാണ് നടുഭാഗം വളഞ്ഞ ഒരു ഭിക്ഷക്കാരന്‍ ബസ്സിലേക്ക് കയറി വന്നത്. അയാള്‍ സീറ്റിലിരിക്കുന്ന യാത്രക്കാര്‍ക്കു നേരേ കൈ നീട്ടി. അയാളുടെ ശബ്ദം പരുപരുത്തിരുന്നു. അയാളുടെ അവസ്ഥ കണ്ടപ്പോള്‍ അവന്‍ കണ്ടക്ടറില്‍ നിന്നും കിട്ടിയ ബാക്കിയില്‍ നിന്നും അഞ്ചു രൂപാ നാണയം എടുത്തു കൊടുത്തു. പക്ഷേ ഭിക്ഷക്കാരന്‍ ആ നാണയം വാങ്ങുന്നതിനിടയില്‍ അയാളുടെ കൈയില്‍ നിന്നും അത് താഴേക്കു വീണ് ഉരു‍ണ്ട്ണ് എങ്ങോട്ടോ പോയി. ഭിക്ഷക്കാരന്‍ പിന്നെ സീറ്റുകളുടെ അടിയിലും മറ്റും നാണയം  നോ ക്കാന്‍ തുടങ്ങി. യാത്രക്കാരില്‍ ചിലരും കാണാതെ പോയ നാണയത്തെ അവിടെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കാന്‍ തുടങ്ങി.




                            നോക്കുന്നതിനിടയില്‍ ഭിക്ഷക്കാരന്‍ താഴെ വീഴാത്ത വിധത്തില്‍ നാണയം നല്കാതിരുന്നത്ിനു അവനോട് കയര്‍ക്കാന്‍ തുടങ്ങി. അവന്‍ തെല്ല് മുഖം ചെരിച്ച് നാണയം അവിടെ എവിടെയെങ്കിലുമു‍േണ്ടാ എന്ന് നോക്കിയതിനു ശേഷം ഇല്ലെന്നു കണ്ട് ക്യത്രിമഗൌരവത്തിലേക്ക് ഒളിച്ചോടി.



                           ഭിക്ഷക്കാരന്‍ വലതു കൈയുടെ ചൂണ്ടുവിരല്‍ അവനു നേരേ നീട്ടി വിറപ്പിച്ചു കൊണ്ട് പരുക്കന്‍ ശബ്ദത്തില്‍ പറയാന്‍ തുടങ്ങി.



                          -തരുമ്പോ ശെരിക്കും തരണ്ടേ. ഏട്യാ പോയേ? അഞ്ചുറപ്യാ പോയേ.ഏട്യാ പോയേ?



                         അപ്പോഴേക്കും ബസ് നീങ്ങിത്തുടങ്ങി. അപ്പോഴും പലതും പറഞ്ഞ് നാണയം പരതിക്കൊണ്ട‍ിരുന്ന ഭിക്ഷക്കാരാനോട് ക‍ണ്ടക്ടര്‍ ബസ്സില്‍ നിന്നും ഇറങ്ങിക്കൊടുക്കാന്‍ പറഞ്ഞു. അയാള്‍ എന്തൊക്കെയോ അവനെ നോക്കി പറഞ്ഞു കൊണ്ട് ബസ്സില്‍ നിന്നും ഇറങ്ങിപ്പോയി. അയാള്‍ പോകുന്നതു കണ്ട‍തും അവന്‍ ക്യത്രിമമായി ഉണ്ടാക്കിയ ഗൌരവത്തിലുള്ള ഇരിപ്പില്‍ നിന്നും ആശ്വാസത്തോടെ സ്വതന്ത്രാനായി.


                         അപ്പോള്‍ ഭാര്യ ചോദിച്ചു.



                         -വല്ല ആവശ്യവുമുണ്ടായിരുന്നോ? ഒരു ഐസ്ക്രീം കഴിക്കാമെന്നു പറഞ്ഞപ്പോള്‍ ചുമ വരും, ജലദോഷം വരും, പനി വരും- അങ്ങനെ എന്തൊക്കെയായിരുന്നു പറച്ചില്. ആവശ്യത്ത്ിനു കേട്ടല്ലോ. നന്നായിപ്പോയി.



                          രാവിലെ മുതല്‍ അവളോടൊപ്പം കറങ്ങാന്‍ തുടങ്ങിയതാണ്. മലയാളവും ഹിന്ദിയും തമിഴും സിനിമകള്‍ മാത്രം കണ്ട അവള്‍ അത്ഭുതപ്പെടാനായി ജാക്കിച്ചാന്റെ ഫോര്‍ബിഡന്‍ കിങ്ഡമാണ് കാണിച്ചു കൊടുത്തത്. സിനിമ കണ്ട് ഇറങ്ങുമ്പോള്‍ അവള്‍ തന്നെ പറഞ്ഞു.



                         -എന്തൊരു സിനിമയാണ്. ഇങ്ങംനേ സിനിമയുണ്ടാകുമോ?


                         പിന്നെ കോട്ട. അതും കഴിഞ്ഞ് ബീച്ച്. പഴയ ഓട് വീടായതിനാല്‍ തെങ്ങിന്റെ കഴുക്കോലില്‍ നിന്നും വല്ലാത്ത തരം പൊടിയടിച്ചിട്ടോ എന്തോ രാവിലെ എഴുന്നേല്ക്കുമ്പോള്‍ അവള്‍ക്ക് ഇസ്നോഫീലിയയുടെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ആവശ്യപ്പെട്ടിട്ടും ഐസ്ക്രീം കഴിക്കാന്‍ സമ്മതിക്കാതിരുന്നത്. പകരം ന്യൂസ് സ്റാന്റില്‍ നിന്നും ആവശ്യപ്പെട്ട വനിതാപ്രസിദ്ധീകരണം വാങ്ങി നല്കുകയും ചെയ്തു. എന്നിട്ടാണ് അവള്‍ അവസരം കിട്ടിയപ്പോള്‍ കിട്ടാതെ പോയ ഒന്നിന്റെ കണക്കു പറയുന്നത്. അതങ്ങു വാങ്ങിച്ചു കൊടുത്താല്‍ മതിയായിരുന്നു.  



                           ബസ് അപ്പോള്‍ ഒരു റെയില്‍വേ ക്രോസിങ്ങില്‍ ഗെയിറ്റ് അടച്ചതു കൊണ്ട് നില്പായി. തീവണ്ടി ഓടിപ്പോകുന്നത് കണ്ടപ്പോള്‍ വലിയ കാരണമൊന്നുമില്ലാതെ പെട്ടെന്ന് അവനു ഓര്‍മ്മ വന്നത് തേരട്ടയെയാണ്. ഓരോ മനുഷ്യരും ഓരോ ദിവസവും എത്ര തവണയാണ് ഓരോ കാര്യങ്ങളില്‍ ചെന്നു മുട്ടി നീങ്ങിപ്പോകുന്നിടത്തു നിന്നും ചുരുളുന്നത് എന്നും വീണ്ടും നീങ്ങുന്നത് എന്നും വീണ്ടും ചുരുളുന്നത് എന്നും അവനു എന്തുകൊണ്ടൊക്കെയോ തോന്നിപ്പോയി. 

                                                                          -0-

ഓട്ടപ്പന്തയം അഥവാ പിള്ളേരുടെ കഥകളുടെ കാലാവസ്ഥകള്‍


                     നിലവിലെ ചാമ്പ്യാനായ ആമയെ തോല്പിക്കണമെന്ന വിചാരത്തോടെ തന്നെ മുയല്‍ കച്ച കെട്ടി ഓടി ഒന്നാമനായി. ഓട്ടത്തിനിടയില്‍ പഴയതു പോലെ ഉറങ്ങിപ്പോകാതിരിക്കാന്‍ മുയല്‍ കണ്ണില്‍ എണ്ണയൊഴിച്ചു മുന്‍കരുതല്‍ എടുത്തിരുന്നു.


                    ഫിനിഷിംഗ് പോയന്റില്‍ റിബണ്‍ നെഞ്ചില്‍ തട്ടിയപ്പോള്‍ മുതല്‍ ഉണ്ടായ സന്തോഷം മുയല്‍ കൈ രണ്ടും മുകളിലേക്കുയര്‍ത്തി ഗാലറിയിലെ എഴുന്നേറ്റു നിന്നുകൊണ്ടുള്ള കൈയ്യടികളെ  ചിരിച്ചു കൊണ്ടും ഇടക്കിടെ കൈ രണ്ടും ചേര്‍ത്ത് ചുണ്ടില്‍ നിന്നും ചുബനങ്ങള്‍ പകര്‍ത്തിയെടുത്ത് ഗാലറിയിലേക്ക് പറപ്പിച്ചും അത്യാഹ്ളാദം പ്രകടിപ്പിച്ചു തീര്‍ത്തു.



                     രണ്ടാമതായി ഫിനിഷ് ചെയ്ത ആമ ഫിനിംഷിംഗ് പോയന്റിന്റെ തെല്ല് അപ്പുറം മണ്ണില്‍ പോയിരുന്ന് കാലുകള്‍ മുന്നോട്ട് നീട്ടിയും കൈകള്‍ പിന്നിലേക്ക് കുത്തിയും തന്റെ രണ്ടാം നില കിതച്ചു തീര്‍ത്തു.


                      ഡ്രോപ്പിംഗ് ടെസ്റ്റിലാണ് പക്ഷേ മുയല്‍ നാലുമാസം പ്രെഗ്നെന്റ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അന്വേഷണമായി. പിന്നെ പുകിലായി. മുയല്‍ ഒടുവില്‍ സത്യം തുറന്നു പറഞ്ഞു. ഷൂസിനുള്ളിലെ സോക്സില്‍ ഭാര്യയുടെ യൂറിന്‍ വെച്ചായിരുന്നു മുയല്‍ ഓടിയത്. ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും അത്തരത്തിലൊരു പുകില്‍ വരുമെന്ന് മുയല്‍ കരുതിയേ ഇല്ലായിരുന്നത്രെ.


                      പിന്നെയും നിലവിലെ ചാമ്പ്യന്‍ ആമ തന്നെ ആയി. ആമ വീണ്ടും ഒരിക്കല്‍ കൂടി മൂക്കത്ത് വിരല്‍ വെച്ച് അന്തം വിട്ടു നിന്നുപോയി. പിന്നെ ആമ തന്നത്താന്‍ പറഞ്ഞു.


                      -ഈ പിള്ളേരുടെ കഥകളുടെ ഒരു കാര്യമേ!

                                                                      -0-

അറിയാതെ തമ്മിലടിച്ചു പോകുന്ന കൈകള്‍


                        റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ കണ്ട് രാത്രി തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ അവന്‍ അവനോടു തന്നെ ചോദിച്ചു.

                      -എല്ലാരും ഒന്നു കൈയ്യടിച്ചേ എന്നു പറയുന്നതു കേള്‍ക്കുമ്പോള്‍ കൈയ്യടിച്ചു പോകുന്നത് എന്താണോ, എന്തോ?


                        അനന്തരം കൈകള്‍ വീശി വീശി നടക്കുമ്പോള്‍ എന്തു സുഖം എന്നും അവനു തോന്നാതിരുന്നില്ല.

                                                                              -0-

താറാവ് പുസ്തകം


                      ടൌണില്‍ നടക്കുന്ന പുസ്തകമേളയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയത് കൂട്ടുകാരില്‍ ഒരു പുസ്തകപ്പുഴുവായിരുന്നു. താല്പര്യമില്ലെന്നും മൈ ഹോബി ഈസ് വാച്ചിങ്ങ് ടി.വി, ഓണ്‍ലി വാച്ചിങ്ങ് ടി.വി എന്നൊക്കെ പലവട്ടം പറഞ്ഞു നോക്കിയിട്ടും പുസ്തകപ്പുഴു അവനെ ബലമായി പുസ്തകമേളയിലേക്ക് കൂട്ടിക്കൊണ്ട‍ു പോകുകയായിരുന്നു.


                     മേളയില്‍ എത്തിയപ്പോള്‍ പുസ്തകപ്പുഴു പുസ്തകങ്ങളില്‍ പലതും അരിച്ചെടുക്കാന്‍ തുടങ്ങി. അവനാകട്ടെ ഇടക്കിടെ വാച്ചില്‍ സമയം നോക്കിക്കൊണ്ട് പുസ്തകപ്പുഴുവിനോട് അക്ഷമയോടെ പറഞ്ഞു.


                    -കലക്കനൊരു പ്രോഗ്രാമുണ്ട് രാത്രി ടി.വിയില്‍. ചിരിച്ചു ചിരിച്ച് മനുഷ്യാനൊരു വകയാകും. വീട്ടിലെത്താന്‍ ലേറ്റായാല്‍ അതു കാണാനാവില്ല. അതുകൊണ്ട് എന്താ വാങ്ങാനുള്ളതെന്നു വെച്ചാല്‍ വാങ്ങിയിട്ട് വേഗം വാ.


                     പറയുന്നത് പുസ്തകപ്പുഴു കേട്ടതായി ഭാവിക്കുന്നില്ലെന്നു കണ്ട് കൂടെ വന്നു പോയല്ലോ, ഒഴിഞ്ഞു മാറിക്കളയാമായിരുന്നു എന്ന ചിന്തയോടെ അവന്‍ മുന്നില്‍ കണ്ട പുസ്തകങ്ങളില്‍ ചിലത് വെറുതെ അലക്ഷ്യമായി മറിച്ചു നോക്കി.



                       ഒടുവില്‍ പുസ്തകങ്ങള്‍ക്ക് ഇടയില്‍ ഒരിടത്തു ക‍ണ്ട താറാവുകളെ വളര്‍ത്തുന്നതിനെ പറ്റിയുള്ള പുസ്തകം അവന്‍ കൈയിലെടുത്തു തുറന്നു നോക്കി. തുറന്നു നോക്കിയ പേജില്‍ തന്നെ താറാവിന്റെ മുട്ടകളുടെ ഫോട്ടോയുണ്ട‍ായിരുന്നു. അവന്‍ പിന്നെയും അതിലുള്ള പല ചിത്രങ്ങളും നോക്കിയതിനു ശേഷം ആ പുസ്തകം തിരികെ തന്നെ വെച്ചു.



                          അവരിരുവരും ഒടുവില്‍ അവിടെ നിന്നും പുറത്തേക്കിറങ്ങി. ഒരു കെട്ട് പുസ്തകങ്ങളുമായി മുന്നില്‍ നടക്കുന്ന പുസ്തകപ്പുഴുവിന്റെ പിന്നാലെ പാന്റിസിന്റെ കീശയില്‍ ര‍ണ്ടുകൈയും ഇട്ടുകൊണ്ട‍് നടക്കവെ അവന്‍ ചോദിച്ചു.


                          -ഇവിടെ അടുത്തെവിടെയെങ്കിലും താറാമുട്ട കിട്ടുമോ? എത്ര കാലായീന്നോ ഒരു താറാമുട്ട കഴിച്ചിട്ട്.

                                                                     -0-

2013, ജൂൺ 22, ശനിയാഴ്‌ച

മുട്ടകളുടെ അച്ഛന്‍ എന്ന നിലയില്‍ ഒരു ആണ്‍പ്രാവിന്റെ ജീവിതാവസ്ഥകള്‍


                            കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെറ്റേണിറ്റി വിഭാഗത്തില്‍ ഡോക്ടറെ കാണിക്കാന്‍ ഊഴവും കാത്ത് അവള്‍ അകത്ത് ഇരിക്കുമ്പോള്‍ അവള്‍ വരുന്നതു വരെ പുറത്ത് വെറുതെ നില്ക്കലും പിന്നെ പുറത്തേക്ക് ഇറങ്ങിയുള്ള നടപ്പും മെഡിക്കല്‍ കോളേജ് കോമ്പൌണ്ട്ിനു അകത്തുള്ള ഇന്ത്യന്‍ കോഫി ഹൌസില്‍ ചെന്നുള്ള ഒന്നോ രണ്ടോ തവണയുള്ള ചായ കുടിയും ഒക്കെയാണ് സമയം നീങ്ങിക്കിട്ടാന്‍ ചെയ്യാറുള്ളത്. മുന്നിലെ റോഡ് വക്കില്‍ താല്ക്കാലികമായി ഒരുക്കിയ ഷെഡുകളില്‍ ഒരു ആശുപത്രിയില്‍ രോഗികള്‍ക്കും ബൈസ്റാന്റേഴ്സിനും കാണാന്‍ വരുന്നവര്‍ക്കും ആവശ്യം വേണ്ട ഏറെക്കുറെ എല്ലാമുണ്ട്. തലയിണകള്‍, കിടക്ക, പുല്ലുപായ, പിറന്നു വീണ കുഞ്ഞുങ്ങള്‍ക്കുള്ള ഗിഫ്റ്റുകള്‍, സോപ്പ്, ചീര്‍പ്പ്, കണ്ണാടി, കഞ്ഞി വാങ്ങാനുള്ള സ്റീല്‍ പാത്രങ്ങള്‍ - അത്തരത്തില്‍ എല്ലാം. എല്ലാം നടന്നു കാണുമ്പോഴും തിരിച്ച് അവള്‍ വരാനായോ എന്ന് രണ്ടു മൂന്നു തവണയെങ്കിലും ചെന്നു നോക്കിക്കൊണ്ടേയിരിക്കും. തെല്ലു നേരേം അകത്തേക്ക് പോയവരെ കാത്തു നില്ക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്ന് അവിടെ തന്നെ നില്ക്കും.


                          ഈയിടെ പോയപ്പോള്‍ അവിടെ നിന്നും വെറുതെ ചുറ്റും നോക്കിക്കൊണ്ടിരിക്കെ കണ്ടത് മെഡിക്കല്‍ കോളേജിന്റെ ചുമരില്‍ കൂടു കൂട്ടുന്ന പ്രാവുകളെയാണ്. പെണ്‍പ്രാവ് കൂട്ടില്‍ തന്നെ ഇരിപ്പാണ്. ആണ്‍പ്രാവ് പുറത്തേക്ക് പറന്നു പോയി ചുള്ളിക്കമ്പുകളുമായി പാറി വരുന്നു. കൊണ്ടു ചെല്ലുന്ന കമ്പുകളെ കൂട്ടില്‍ കൊക്ക് കൊണ്ട് ചേര്‍ത്തു വെക്കുന്നത് പെണ്‍പ്രാവിന്റെ ജോലിയാണ്. ഓരോ കമ്പ് കൊണ്ടു ചെല്ലുമ്പോഴും ആണ്‍പ്രാവ് പെണ്‍പ്രാവിനെ കൊക്കു കൊണ്ട് സ്പര്‍ശിച്ചു കൊണ്ടിരുന്നു. തെല്ലിട അവിടെ ചുറ്റിപ്പറ്റി ഇരുന്ന് വീണ്ടും ആണ്‍പ്രാവ് പുറത്തേക്ക് പറന്നു പോവുകയും കമ്പുകളുമായി തിരിച്ചു വരികയും ചെയ്തു കൊണ്ടേയിരുന്നു. 



                        നന്നേ കാലത്ത് റെയില്‍വേ സ്റേഷില്‍ നിന്നും കിട്ടിയ സ്ളീപ്പര്‍ ക്ളാസ് ടിക്കറ്റ് വാങ്ങി നോക്കി അത്തരമൊരു സംവിധാനമുണ്ടല്ലേ എന്ന് സീസണ്‍ ടിക്കറ്റില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി ദിവസവും കോഴിക്കോട് വന്നു പഠിച്ച അവള്‍ എന്നോട് അത്ഭുതപ്പെട്ടു. തിരക്കില്ലാത്ത കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യാമല്ലോ എന്ന ആശ്വാസം അതുകണ്ടപ്പോഴേ അവള്‍ക്കുണ്ടായിരുന്നു. സ്ളീപ്പര്‍ ക്ളാസില്‍ ഒഴിവുള്ളതു കൊണ്ട് ഭാഗ്യം കൊണ്ട് കിട്ടിയതാണെന്നൊന്നും പറയാന്‍ നിന്നില്ല. ആ ടിക്കറ്റ് കണ്ടപ്പോള്‍ എന്നോട് അവള്‍ക്ക് തോന്നിയ മതിപ്പ് ഭാഗ്യത്തിന്റെ എക്കൌണ്ടിലേക്ക് പോകേണ്ടതില്ലല്ലോ. ചുള്ളിക്കമ്പുകള്‍ എവിടെ നിന്നും എങ്ങനെയൊക്കെ കൊത്തിക്കൊണ്ടു വരുന്നു എന്ന കാര്യമൊന്നും ഒരിക്കലും പെണ്‍പ്രാവിനോട് ആണ്‍പ്രാവ് പറയാതിരിക്കുന്നതാണ് ബുദ്ധി. പെണ്‍പ്രാവിനാകട്ടെ,  ആണ്‍പ്രാവ് കൊണ്ടു ചെല്ലുന്ന ചുള്ളിക്കമ്പുകള്‍ എന്തുകൊണ്ടൊക്കെയോ വലിയ കാര്യവുമാണ്.



                         തികച്ചും വിവേചിച്ചറിയാനാകാത്ത ചില രസതന്ത്രങ്ങളിലാണ് ജീവജാലങ്ങളില്‍ ആണ്‍പെണ്‍ പരസ്പരജീവിതം സാധ്യമാകുന്നത്. ആ ആണ്‍പ്രാവിനു എഴുത്തും വായനയും അറിയാത്തതു കൊണ്ട് അവനു വേണ്ടി ഞാനിതിവിടെ കുറിക്കുന്നു.

                                                                    -0-

2013, ഏപ്രിൽ 6, ശനിയാഴ്‌ച

വായിച്ചു വളരുന്നതിലെ പ്രശ്നങ്ങള്‍


അരുണ്‍കുമാര്‍ പൂക്കോം


(വായിച്ചു വളര്‍ന്ന് ഒട്ടേറെ ആകുലതകളില്‍ പെട്ടുപോയ ഏതൊരാള്‍ക്കും)


കടലാസില്‍
ഏതൊരു മുയലിനെ കണ്ടാലും
മോട്ടുമുയല്‍ എന്നു തോന്നിപ്പോകുന്നത്
കുട്ടിക്കാലത്ത്
വായിച്ചു വളര്‍ന്നതിന്റെ പ്രശ്നമാണ്.
വഴി തെറ്റിപ്പോയ
എത്ര ജീവികള്‍ക്കാണ്
പേന കൊണ്ടു വരഞ്ഞ്
ഓരോരുത്തരും
കുട്ടിക്കാലത്ത്
വീട്ടിലേക്കുള്ള വഴി
കാണിച്ചു കൊടുത്തത്.
വഴി തെറ്റിപ്പോകാതിരിക്കാന്‍
എത്ര കുട്ടികളോടാണ്
മുതിര്‍ന്നവര്‍ പറഞ്ഞ്
ഓരോരുത്തരും
കൂട്ടു കൂടാതിരുന്നത്.
അവരില്‍ പലരും
പിന്നീട് പണക്കാരായി
കാറോടിച്ചു പോകുമ്പോള്‍
റോഡിന്റെ ഓരത്തേക്ക്
വഴി മാറി കൊടുക്കേണ്ടി വരുന്ന
ഇരുകാലികളില്‍
കുട്ടിക്കാലം വഴി തെറ്റാതെ
നോക്കിയവരുമുണ്ട്.
മുതിര്‍ന്നവരില്‍ പലരും
എന്തിനും മുതിരുന്നവരാണ്.
അവര്‍ക്ക് ഏതൊരു വഴിയും
പൊതുവെ ഒരു വിഷയമല്ല.
എന്നിട്ടും
അവരെന്തിനാണ്
കുട്ടികള്‍ വഴി തെറ്റുന്നതില്‍
ഇത്ര മാത്രം
വേവലാതിപ്പെടുന്നത്?
മോട്ടു മുയലും
മറ്റു ജീവികളും
പേന കൊണ്ട് നേര്‍വഴി
കാട്ടിയ വഴിയിലൂടെ അല്ലാതെ
അതിന്റെ വഴിക്കു പോകട്ടെ.
അവയെ പുലി പിടിച്ചാല്‍,
ചെന്നായ പിടിച്ചാല്‍,
മനുഷ്യന്‍ പിടിച്ചാല്‍
വായിക്കുന്ന കുട്ടിക്കെന്ത്?

-0-

2013, മാർച്ച് 15, വെള്ളിയാഴ്‌ച

യാത്രിയോം ക്യപയാ ദ്യാന്‍ ദീജിയേ


അരുണ്‍കുമാര്‍ പൂക്കോം



                    തീവണ്ടിയില്‍ സ്ഥിരം യാത്ര ചെയ്യുന്ന സീസണ്‍ ടിക്കറ്റുകാരനായത് ഈയടുത്താണ്. മുമ്പൊക്കെ  ബസ്സിലായിരുന്നു യാത്ര. യാത്രയില്‍ ബസ്സില്‍ ഇരുന്ന് പുറംകാഴ്ചകള്‍ കാണാനായിരുന്നു താല്പര്യം. തീവണ്ടിയില്‍ ഇരിക്കുമ്പോള്‍ കമ്പാര്‍ട്ടുമെന്റിലുള്ള ഒരേ ആളുകളും പുറത്ത് ഏതാണ്ട് ഒരേ പോലുള്ള വഴികളുമായിരിക്കും എന്നൊരു തോന്നലായിരുന്നു അക്കാലം. നിറയെ അനുഭവങ്ങളുടെയും കാഴ്ചകളുടെയും ധ്രുതവേഗ ഓട്ടമാണ് തീവണ്ടി എന്ന് പിന്നീടാണ് മനസ്സിലാകുന്നത്.
 

                                                                       (1)
                 

                     ഏറ്റവും ഒടുവിലത്തെ കമ്പാര്‍ട്ടുമെന്റില്‍ കയറാനായി വൈകുന്നേരം കണ്ണൂര്‍ റെയില്‍വേ സ്റേഷനിലെ സിമന്റ് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ഒരു ആട്ടിന്‍കുട്ടിയെയും നടത്തിച്ച് ദൂരെ ഏതോ വീട്ടിലുള്ള ഒരു കുഞ്ഞുമോളുടെ ഉപ്പുപ്പായും ഇക്കാക്കയും എന്റെ അടുത്തു വന്നിരുന്നു. ഉപ്പുപ്പായുടെ കൈയില്‍ ചെറിയ കെട്ട് പ്ളാവിലയുണ്ട്. അവര്‍ എന്റെ അടുത്ത് വന്നിരുന്നതും ആട് പ്ളാവില തിന്നാന്‍ തുടങ്ങി. ആടിന്റെ കഴുത്തില്‍ എന്തൊക്കെയോ എഴുതിയ ഒരു കാര്‍ഡ് തൂങ്ങുന്നുണ്ടായിരുന്നു. ഉപ്പൂപ്പായും ഇക്കാക്കയും സംസാരിച്ചു കൊണ്ടിരുന്നു. ഇടയിലൊരിക്കല്‍ സിമന്റ് ബഞ്ചിനടിയിലേക്ക് നൂഴാന്‍ നോക്കിയ ആട്ടിന്‍കുട്ടിയെ ഉപ്പൂപ്പാ പ്ളാസ്റിക് കയറില്‍ തിരിച്ചു വലിച്ച് പഴയതു പോലെ നിര്‍ത്തി.  അപ്പോള്‍ ദൂരെ നിന്നും കുഞ്ഞുമോള്‍ ഇക്കാക്കയെ വിളിച്ചു. അവളുടെ കൊഞ്ചല്‍ അവരെ മാത്രമല്ല എന്നെയും വന്നു പൊതിഞ്ഞു. ആട്ടിന്‍കുട്ടി വീട്ടിലേക്ക് വരുന്നതിന്റെ എല്ലാ എക്സൈറ്റ്മെന്റും കുഞ്ഞുമോളുടെ ശബ്ദത്തിലുണ്ടായിരുന്നു.
                    
                    
                      ഇക്കാക്ക പറഞ്ഞു.
                  

                      “മോളേ, ഉപ്പൂപ്പായുണ്ടടുത്ത്.”
                   

                       അവള്‍ വിളിച്ചു.

                    - “ഉപ്പൂപ്പാ…ഉപ്പൂപ്പാ….”
                   

                       ഉപ്പൂപ്പാ തിരിച്ചു ചോദിച്ചു.
                   

                       - “ന്താ മോളേ?…”

                      അതിനിടയില്‍ ഇക്കാക്ക ചോദിച്ചു.
                  

                       - “മോള്‍ക്ക് ആടിനെ കാണണാ?”

                       അവള്‍ പറഞ്ഞു.

                    
                       - “വേണം.”
                 

                       ഇക്കാക്ക മൊബൈല്‍ ഫോണില്‍ വീഡിയോ ഓപ്ഷനെടുത്തു ആടിനെ കാണിച്ചു കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. ആടിനെ കണ്ടതും അപ്പുറത്തു നിന്നും ആഹ്ളാദശബ്ദമുയര്‍ന്നു.
                  

                      - “മോള് ആടിനെ കണ്ടാ?”
                   

                        അവള്‍ ആഹ്ളാദത്തോടെ പറഞ്ഞു.

                  
                        - “കണ്ട്.കണ്ട്.”
                     

                        ഞാന്‍ അവരോട് എങ്ങോട്ടാണെന്ന് ആട്ടിന്‍കുട്ടിയെ കണ്ടതിന്റെയും മറ്റും ആകാംക്ഷയുടെ പുറത്ത് ചോദിച്ചു. എറണാകുളത്തേക്കാണെന്ന് ഇക്കാക്ക മറുപടി തന്നു. 
                 

                         എന്നോട് ചിരിച്ചതിനു ശേഷം ഉപ്പൂപ്പാ മൊബൈല്‍ ഫോണിലേക്ക് മുഖം ചേര്‍ത്തു പറഞ്ഞു.
                 

                         - “മോള് ആടങ്ങ് വന്നാല്‍ ആടിന്റോടി കെടന്നോള്ണ്ടാ.”
                  

                         അപ്പുറത്തു നിന്നും ചിരി ചിലമ്പി.
                   

                         അപ്പോഴേക്കും തീവണ്ടി വന്നു. തീവണ്ടി കണ്ടും കേട്ടും പേടിച്ചോ എന്തോ അതു വരെ ശാന്തമായി പ്ളാവില കടിച്ചു കൊണ്ടിരുന്ന ആട്ടിന്‍കുട്ടി കൂടെ ചെല്ലാന്‍ കൂട്ടാക്കാത്തതിനാല്‍  തീവണ്ടിയില്‍ കയറാന്‍ തിരക്കു കൂട്ടുന്ന ആളുകള്‍ക്ക് ഇടയിലൂടെ അവര്‍ക്ക് ഗാര്‍ഡ് റൂമിലേക്ക് അതിനെ തെല്ലു ശക്തിയോടെ വലിച്ചു കൊണ്ടു പോകേണ്ടി വന്നു.
                  

                           തലശ്ശേരിയില്‍ ഇറങ്ങി പ്ളാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ ഗാര്‍ഡ് റൂമില്‍ നിന്നും ആട്ടിന്‍കുട്ടി ഉപ്പൂപ്പാക്കും ഇക്കാക്കക്കും ഒപ്പമുള്ള അതുവരെയുള്ള യാത്രയില്‍ നിന്നും അവിടെ ഒറ്റക്കായി പോയതിനാല്‍ കരയുന്നതു കേട്ടു. നടക്കുന്നതിനിടയില്‍ വെറുതെ തലയെത്തിച്ചു നോക്കിയെങ്കിലും ആടിനെ കാണാന്‍ പറ്റിയില്ല. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്ത് ആ ആട്ടിന്‍കുട്ടി ഇനി കുഞ്ഞു മോളുടെ സ്വന്തമാകും.


                                                                           (2)
                  

                           തീവണ്ടിയില്‍ ഒറ്റക്കുള്ള സീറ്റില്‍ ഇരിക്കുമ്പോള്‍ ഏതാണ്ട് അമ്പതിനോട് അടുത്ത് പ്രായമുള്ള ഒരു വ്യക്തി  മുന്നിലെ സീറ്റില്‍ വന്നിരുന്നു. ഉടന്‍ തന്നെ ബാഗിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് ചെവിയില്‍ ഞാത്തിയിട്ട് പാട്ടു വെച്ചു. പലരെയും അത്തരത്തില്‍ കാണാറുള്ളതിനാല്‍ അത്ഭുതമൊന്നും തോന്നിയില്ല. പെട്ടെന്ന്് മൊബൈല്‍ ഫോണില്‍ നിന്നും ഉയരുന്ന ഞാന്‍ കേള്‍ക്കാത്ത, മറ്റാരും കേള്‍ക്കാത്ത, അദ്ദേഹം  മാത്രം കേള്‍ക്കുന്ന പാട്ടിനൊപ്പം അദ്ദേഹം പാടാന്‍ തുടങ്ങി. വലിയ ഉച്ചത്തിലൊന്നുമല്ല. എങ്കിലും മുന്നിലിരിക്കുന്ന എനിക്ക് കേള്‍ക്കാന്‍ പറ്റുന്ന വിധത്തിലാണ് പാട്ട്. ഓരോ പാട്ടു കഴിയുമ്പോഴും മൊബൈല്‍ ഫോണ്‍ ബാഗിന്റെ കീശയില്‍ നിന്നുമെടുത്ത് പുതിയൊരെണ്ണം വെച്ച് വീണ്ടും തിരിച്ച് അവിടെ തന്നെ വെക്കും. എഴുപതുകളിലെയും എണ്‍പതുകളിലെയും പാട്ടുകളാണ് പാടുന്നത്. മ്യദുലേ, ഇതാ ഒരു ഭാവഗീതമിതാ…എന്ന് പാടിത്തുടങ്ങിയ അദ്ദേഹം വെറുതെ പാടുകയൊന്നുമല്ല, ഗാനമേളയിലൊക്കെ  പാടും മട്ടില്‍ പല്ലവിയും അനുപല്ലവിയുമൊക്കെ കഴിഞ്ഞുള്ള മ്യൂസിക് മാത്രമുള്ള സമയത്ത് തെല്ലു നേരം നിര്‍ത്തുകയും അടുത്ത വരി വരുമ്പോള്‍ പാട്ട് തുടരുകയുമൊക്കെയാണ്. മുഖത്തെ പുരികങ്ങള്‍ കൂടുന്നിടം അതിനനുസരിച്ച് വലിഞ്ഞ് മുറുകുന്നുമുണ്ട്. നെറ്റി തെല്ല് സംഗീതാത്മകമായി ചുളിയുന്നുണ്ട്. വലതു കൈ നെഞ്ചിനടുത്തേക്ക് ഉയര്‍ത്തി വെച്ച് പെരുവിരലില്‍  ചൂണ്ടു വിരല്‍ കൊണ്ട് താളമടിക്കുന്നുണ്ട്. ചെറുവിരല്‍ ഉയര്‍ന്നു നില്ക്കുന്നു. മോതിരവിരലും നടുവിരലും തെല്ല് താഴേക്ക് താഴ്ത്തി വെച്ചിരിക്കുന്നു. ഇടക്ക് ചിലപ്പോള്‍ മറ്റു വിരലുകളും താളാത്മകമായി ചെന്ന് പെരുവിരലില്‍ മുട്ടുന്നുമുണ്ട്. ഇടക്ക് തീവണ്ടിയുടെ ജാലകത്തിനു മേല്‍ താളം പിടിക്കുന്നുമുണ്ട്. വീണ്ടും കൈ വിരലുകളിലേക്ക് തിരിച്ചു വരുന്നുമുണ്ട്. സന്ധ്യ മയങ്ങും നേരം…, കായലൊന്ന് ചിരിച്ചാല്‍ കരയോളം നീര്‍മുത്ത്…, ഒരു പുഷ്പം മാത്രം…., മുന്‍ കോപക്കാരീ… അദ്ദേഹം പാടുന്നതെല്ലാം കണ്ടും കേട്ടും ഞാനിരുന്നു. മറ്റാരെങ്കിലും കാണുമോ കേള്‍ക്കുമോ എന്നൊന്നും അദ്ദേഹം ചിന്തിക്കുന്നതായൊന്നും തോന്നിയില്ല. പാട്ടുകള്‍ പാടുക എന്നതില്‍ മാത്രമാണ് ശ്രദ്ധ. വല്ല റിയാലിറ്റി ഷോയിലേക്കുമുള്ള റിഹേഴ്സലോ മറ്റോ ആയിരിക്കാനാണ് സാധ്യത എന്നു തോന്നി. എന്തിരുന്നാലും ഇറങ്ങേണ്ട സ്റേഷനിലെത്തിയപ്പോള്‍ എനിക്ക് അദ്ദേഹത്തെ അദ്ദേഹത്തിന്റെ പാട്ടിന് വിടേണ്ടി വന്നു.


                                                                     (3)

                   


                               തീവണ്ടിയില്‍ കുട്ടികള്‍ക്ക് അടുത്തിരിക്കുന്ന ആളുകള്‍ ഇറങ്ങുമ്പോള്‍ അവിടെ ചെന്ന് ഇരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ പെട്ടെന്ന് ങ്ങൂഹും…എന്ന് പറഞ്ഞു കൊണ്ട് പ്രതിഷേധിക്കും. അതുവരെ ഒതുങ്ങിയിരുന്ന കുട്ടികള്‍ അപ്പോഴേക്കും സീറ്റില്‍ രണ്ടു കൈകളും അമര്‍ത്തി വെച്ച് വിശാലമായി ഇരുന്നിട്ടുണ്ടാകും. അപ്പോള്‍ അവര്‍ക്കൊപ്പമുള്ള അവരുടെ അമ്മ മോനൊ(ളൊ)ന്ന് ഒതുങ്ങി ഇരുന്നേ എന്നു പറഞ്ഞാലെ അമ്മയോട് മറുത്തൊന്നും പറയാതെ അവര്‍ ഒതുങ്ങിത്തരികയുള്ളു. തെല്ലു കഴിയുമ്പോഴേക്കും അടുത്തിരിക്കുന്നതില്‍ പ്രതിഷേധിച്ച കുട്ടി കൈ മുട്ട് എടുത്ത് തന്റെ സ്വന്തമാണെന്ന മട്ടില്‍ അടുത്തിരിക്കുന്നയാളുടെ മടിയില്‍ വെച്ചിട്ടുണ്ടാകും. മേലേക്ക് ചാരിയിരുന്നിട്ടുമുണ്ടാകും.

                   

                           ഒരു ദിവസം അടുത്തിരുന്ന ആണ്‍കുട്ടി തീവണ്ടി കോഴിക്കോട് റെയില്‍വേ സ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ കാറ്ററിംഗ് സര്‍വ്വീസുകാര്‍ ജനലിനടുത്ത് കൊണ്ടു വന്ന ഭക്ഷണസാധനങ്ങളില്‍ നിന്നും പഴംപൊരിക്കായി കരയാന്‍ തുടങ്ങി. വലിയ വായിലാണ് കരച്ചില്‍. കിട്ടിയപ്പോള്‍ സന്തോഷം. ലെഗേജ് വെക്കുന്ന തട്ടിലേക്ക് ചേച്ചിയുടെ അടുത്തേക്ക് അവന്‍ കയറിയപ്പോഴാണ് ശ്രദ്ധിച്ചത് കണങ്കാലില്‍ നിറയെ പരുക്കള്‍ പൊട്ടിയിരിക്കുന്നു. പൊതുവെ ഏതൊരാള്‍ക്കും കുട്ടിക്കാലത്ത് കൂടെയുണ്ടാകുന്ന പരുക്കള്‍. വലുതാകുമ്പോള്‍ മറയുന്നവ.

                  

                           സൈഡ് സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി നോക്കിയിരിക്കുന്ന കുട്ടികള്‍. ഒരു തീവണ്ടി എതിരെ വന്നപ്പോള്‍ അടുത്തിരുന്ന കുട്ടി കിടുങ്ങിയത് ശരിക്കും അറിഞ്ഞു. രണ്ടു തീവണ്ടികളുടെയും ശബ്ദബഹളങ്ങളില്‍ പിന്നെ അവന്‍ ചുമല്‍ ചുരുക്കി ചമ്മിയിരിപ്പായി.യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് അടുത്തിരുന്ന് യാത്ര ചെയ്യുന്നത് തികച്ചും രസകരമാണ്.
                


                            ഒരു ദിവസം യാത്ര ചെയ്തത് അത്യന്തം കുസ്യതിയായ കുട്ടിയും അവന്റെ അമ്മയും ബന്ധുക്കളുമൊക്കെയുള്ള കമ്പാര്‍ട്ടുമെന്റില്‍ അവരൊക്കെ ഇരുന്നതിനു ശേഷം ഒരാള്‍ക്കു മാത്രമായി അവശേഷിച്ച ഇടത്ത് ഇരുന്നായിരുന്നു. ഡിസംബര്‍ മാസം അവസാനമായതിനാല്‍ കുട്ടിയുടെ കൈയില്‍ അമ്മ നല്കിയ റോളായി ചുരുട്ടിയ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു. അമ്മ തന്നെയാണ് കുട്ടിയുടെ കാതിനോട് ചേര്‍ത്ത് കലണ്ടറിന്റെ മറ്റേ അറ്റത്ത് നിന്നും കാര്യങ്ങള്‍ പറയാം എന്നു കാണിച്ചു കൊടുത്തത്. അവന്‍ അതില്‍ രസം പിടിച്ച് എല്ലാവരുടെയും ചെവിയില്‍ പലതും പറയാന്‍ തുടങ്ങി. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടിക്ക് നാലഞ്ചു മുട്ടയിട്ട് അടയിരുന്നു വിരിയിച്ച തള്ളക്കോഴിയുടെയും കുഞ്ഞുങ്ങള്‍ തെല്ലു വലുതായപ്പോള്‍ എല്ലാ കുഞ്ഞുങ്ങളും തോട്ടിലേക്ക് നീന്തിപ്പോയതും തള്ളക്കോഴിക്ക് സങ്കടമായതുമായ കുട്ടിക്കവിത അവന്‍ കലണ്ടര്‍ കുഴലിലൂടെ ഈണത്തില്‍ പാടിക്കൊടുത്തു. ആദ്യമായി കേള്‍ക്കുന്ന കുട്ടിക്കവിതയായതിനാല്‍ എല്ലാവര്‍ക്കുമൊപ്പം ഞാനും രസം പിടിച്ച് കേട്ടിരുന്നു. അത്രയും നല്ലൊരു കുട്ടിക്കവിത എഴുതിയത് ആരാവാം എന്നും അതൊടൊപ്പം തന്നെ ആലോചിച്ചു പോയി. കുട്ടിക്കവിതകളുടെ എഴുത്തുകാര്‍ ആരാണെന്ന് അവയില്‍ പലതും പാടുമ്പോഴും കേള്‍ക്കുമ്പോഴും പലരും പൊതുവെ അന്വേഷിക്കാറില്ല. എഴുത്തുകാര്‍ ആരാണെന്നു ശ്രദ്ധിക്കാതെ എത്രയെത്ര കുട്ടിക്കഥകളും കവിതകളുമൊക്കെയാണ് ഓരോരാളെയും മറികടന്നു പോകുന്നത്. എഴുത്തുകാരുടെ കൈയില്‍ നിന്നും കാലിലെ നൂല്‍ പൊട്ടിച്ച് പറന്നു പറന്നു പോകുന്ന പക്ഷികളെ പോലെയാണ് അവ.  
                  


                             അവന്റെ കുസ്യതി കൂടിയപ്പോള്‍ അമ്മൂമ്മ അടങ്ങിയിരിക്കാഞ്ഞാല്‍ പുലി വരുമേ എന്നു പറഞ്ഞ് കുട്ടിയെ പേടിപ്പിക്കാന്‍ നോക്കി. പുലി അമ്മയെയും തിന്നുമോ എന്ന് അവന്‍ അമ്മയോട് തിരക്കി. അവന്റെ മാമന്‍ തിന്നുമെന്നു പറഞ്ഞു. ചേച്ചിയേയും തിന്നുമോ എന്നവന്‍ ഏതാണ്ട് പ്ളസ്ടുവിന് പഠിക്കുന്ന പ്രായമുള്ള തെല്ലു മെലിഞ്ഞ പെണ്‍കുട്ടിയെ ഉദ്ദേശിച്ച് ചോദിച്ചു. അപ്പോള്‍ അതിന് ഉത്തരമായി അമ്മയെ തിന്നതിനു ശേഷം പല്ലിട കുത്താന്‍ അവളെയും പുലി പിടിക്കുമെന്നു മാമന്‍ ചുണ്ടത്ത് തെല്ലൊരു തമാശച്ചിരിയോടെ പറഞ്ഞു. മുതിര്‍ന്ന എല്ലാവരും അതു കേട്ട് ചിരി തുടങ്ങി. ആ പെണ്‍കുട്ടിയാകട്ടെ ചിരിക്കുന്നതിനൊപ്പം തന്നെ തികച്ചും അപരിചിതനായ ഞാന്‍ പറയുന്നതെല്ലാം കേട്ടുപോയോ എന്ന തരത്തില്‍ എന്നെ ഇടം കണ്ണാല്‍ നോക്കിക്കൊണ്ടിരുന്നു.       

                

                            മറ്റൊരു ദിവസം തീവണ്ടിയില്‍ നിന്നും ഇറങ്ങി ഒന്നാം പ്ളാറ്റ്ഫോമിലേക്ക് ഓവര്‍ബ്രിഡ്ജ് കയറുമ്പോള്‍ പ്ളാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട തീവണ്ടിയിലേക്ക് റ്റാറ്റ പറഞ്ഞു കൊണ്ട് കൈ വീശുന്ന പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നും ആരും ശ്രദ്ധിക്കുന്നു പോലുമില്ലായിരുന്നു. എന്നിട്ടും അവള്‍ കൈ വീശിക്കൊണ്ട് ഒതുക്കുകള്‍ കയറിക്കൊണ്ടിരുന്നു.
30ഏതെങ്കിലും വീട്ടില്‍ നിന്നും ഏതെങ്കിലും കുട്ടികള്‍ കൈ വീശിയാല്‍ അത് യാത്രക്കാര്‍ക്കുള്ളത്  തന്നെയാണ്. തിരിച്ച് വീശാന്‍ ആവതില്ലെങ്കിലും മനസ്സു കൊണ്ട് വീശിപ്പോകുക തന്നെ ചെയ്യും.


                                                                     (4)            
                    


                              തീവണ്ടി വരുന്നതും കാത്ത് ഒന്നാം പ്ളാറ്റ്ഫോമില്‍ ഏറ്റവും മുന്നിലെ കമ്പാര്‍ട്ടുമെന്റില്‍ കയറാനായി സിമന്റു ബെഞ്ചില്‍ ഒറ്റക്ക് ഇരിക്കുമ്പോള്‍ രണ്ടാം പ്ളാറ്റ്ഫോമില്‍ നിന്നും ഒരു നാടോടി സ്ത്രീ തെല്ലകലത്തു വന്ന് നിലത്തിരുന്നു. അവര്‍ക്കിരിക്കാന്‍ ഒഴിഞ്ഞ ഒരു സിമന്റ് ബെഞ്ച് തെല്ലപ്പുറം ഉണ്ടായിരുന്നിട്ടും അവര്‍ തറയില്‍ ചടഞ്ഞിരിക്കുകയാണുണ്ടായത്. റെയില്‍വേ സ്റേഷന്റെ ഓരത്തുള്ള തണല്‍ മരത്തില്‍ നിന്നും അതുവരെയും ഉറക്കമുണരാത്ത കാക്കകളെ ഉണര്‍ന്ന കാക്കകള്‍ വിളിച്ചുണര്‍ത്തുന്നുണ്ട്. അതിന്റെ ബഹളമാണ് തണല്‍ മരം നിറയെ. ചിലത് ജോലിക്കായി മരത്തില്‍ നിന്നും പറന്നു പോകുന്നുമുണ്ട്. നാടോടി സ്ത്രീ ഇരുന്ന ഉടനെ അവരുടെ വേഷം പോലെ  തന്നെ മുഷിഞ്ഞ തുണി കൊണ്ടുള്ള സഞ്ചി തുറന്ന് പാക്ക് എടുത്ത് മുറുക്കാന്‍ തുടങ്ങി. വിസ്തരിച്ച് മുറുക്കാനുള്ള നേരമൊന്നുമായിട്ടില്ല. നേരം പുലര്‍ന്നിട്ടേയുള്ളു. അപ്പോഴേക്കും അവരുടെ കൂട്ടാളികളായ നാലു പേര്‍ കൂടി പാളം മുറിച്ചു കടന്ന് അവിടേക്ക് വന്നു. അവരില്‍ ഒരാളുടെ അരക്കെട്ടില്‍ തുണി കൊണ്ട് തീര്‍ത്ത ജിറാഫ് കീശയില്‍ ഒരു കുഞ്ഞ് ഇരുന്ന് അവരെയൊക്കെയും നോക്കുന്നുണ്ടായിരുന്നു. അവരില്‍ കുഞ്ഞിനെ എടുത്തവളും തെല്ല് പ്രായമുള്ളവരും വന്ന ഉടനെ തറയില്‍ ചടഞ്ഞുള്ള ഇരിപ്പ് തുടങ്ങി. അവരും മുറുക്കാന്‍ എടുത്ത് ചവക്കാന്‍ തുടങ്ങി. പ്രായമായ സ്ത്രീയില്‍ ജീവിതം ഏറെ കണ്ടതിന്റെയും മനസ്സിലാക്കിയതിന്റെയും പക്വതയുണ്ടായിരുന്നു. കൂട്ടത്തിലുള്ള മറ്റുള്ളവര്‍ പറയുന്നതിന് അവര്‍ പെട്ടെന്ന് ചിരിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. അവര്‍ ഇടക്കെന്തെങ്കിലും പറയുന്നതാകട്ടെ മറ്റുള്ളവര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതായും തോന്നി.

                      

                              അവരില്‍ ഒരു നാടോടി സ്ത്രീ പ്ളാസ്റിക് ബോട്ടിലില്‍ വെള്ളമെടുക്കാന്‍ പോകുന്നതു കണ്ട് അവര്‍ക്കടുത്തായി നില്ക്കുകയായിരുന്ന സ്ത്രീയും അവരുടെ കൈയിലെ പ്ളാസ്റിക് ബോട്ടില്‍ അവര്‍ക്ക് നല്കി. പബ്ളിക് ലാട്രിന്റെ അടുത്ത് പോയി അവള്‍ വെള്ളവുമായി വന്ന് തെല്ലു ദൂരേക്ക് നടന്നു പോയി. അവര്‍ക്ക് പിന്നാലെ വെള്ളം കൊണ്ടു കൊടുക്കാന്‍ ആവശ്യപ്പെട്ട സ്ത്രീയും ബോട്ടിലും വാങ്ങി കൂടെ പോയി. വെള്ളം കുടിക്കാനോ മറ്റോ ആകും കൊണ്ടു പോകുന്നത് എന്നു കരുതി അവര്‍ പോകുന്നതും നോക്കി നിന്ന എനിക്ക് തെല്ലു നേരത്തേക്ക് തല തിരിക്കേണ്ടി വന്നു. പ്ളാറ്റ്ഫോമില്‍ തെല്ല് അകലെ റെയില്‍വേയുടെ കാബിള്‍ പെട്ടിയുടെ മറയിലേക്ക് അവര്‍ ഇരുവരും തെല്ല് ഇരുന്നതിനു ശേഷം തിരിച്ചു വന്നു. ലാട്രിനിന്റെ അടുത്തു നിന്നും വെള്ളവുമായി പോയവര്‍ക്ക് ലാട്രിന്‍ സംവിധാനങ്ങളെ പറ്റി ഒന്നുമൊന്നും അറിയില്ലെന്നു തോന്നി. അവനവന്‍ ശുചിത്വത്തെ പറ്റിയും പരിസരശുചിത്വത്തെ പറ്റിയും എത്രയോ ദിവസങ്ങളായി കുളിക്കുകയോ വസ്ത്രം മാറുകയോ ചെയ്യാത്തവര്‍ക്ക് എന്ത് അറിയാനാണ്? അവരാണെങ്കില്‍ ആരും തന്നെ ഞാനെന്ന വ്യക്തിയെ തെല്ലും ശ്രദ്ധിക്കുന്നു പോലുമുണ്ടായിരുന്നില്ല. അവര്‍ എല്ലാവരും അവരുടേതായ ലോകത്തു മാത്രമായിരുന്നു.
                     


                               അപ്പോഴേക്കും ഇരിക്കുന്നവരില്‍ അമ്മയായവരുടെ മടിയിലിരിക്കുന്ന കുഞ്ഞിന് കളിപ്പാട്ടമായി ഒരു ചെരിപ്പ് കിട്ടിയിരുന്നു. ഏതെങ്കിലും കുട്ടികളുടേതായ കളിപ്പാട്ടം അവന് ഈ ജ•ം കിട്ടുമെന്ന് എന്തുകൊണ്ടോ തോന്നിയില്ല. അവനത് രണ്ടു കൈകള്‍ കൊണ്ട് പിടിക്കാനും കടിക്കാനുമൊക്കെ തുടങ്ങി. അവരില്‍ ഇരിക്കുന്നവരില്‍ ചിലര്‍ അപ്പോഴേക്കും വായിലിട്ട് മുറുക്കിയത് വായില്‍ വിരല്‍ വെച്ച് പ്ളാറ്റ്ഫോമില്‍ തന്നെ പുറത്തേക്ക് കളയാനും തുടങ്ങി. അവര്‍ പറയുന്ന ഭാഷ എന്തെന്ന് എനിക്ക് മനസ്സിലായതേയില്ല. ഭാഷയില്‍ എന്തിരുന്നാലും തമാശകളൊക്കെയുണ്ട്. പരസ്പരം അവര്‍ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നതൊക്കെ കണ്ടു.
                     


                               അപ്പോഴേക്കും തീവണ്ടി വന്നു. തീവണ്ടി വരുന്നത് കണ്ട് അവരില്‍ ഇരുന്നവര്‍ എഴുന്നേറ്റു. അവര്‍ തീവണ്ടിയില്‍ എല്ലാവരും കയറിയതിനു ശേഷം ഏറ്റവും ഒടുവിലേ കയറൂ എന്ന് എന്തുകൊണ്ടോ എനിക്ക് തോന്നിയിരുന്നു. അവര്‍ അത്തരത്തില്‍ തന്നെ ആളുകള്‍ ഇറങ്ങാനായി കാത്തു നിന്നു. എന്റെ മുന്നില്‍ തീവണ്ടിയുടെ വാതിലിനടുത്തുള്ള കമ്പിയില്‍ അകത്തേക്ക് കയറുന്നതിനായി പിടിച്ചു കൊണ്ട് നില്ക്കുന്ന ചെറുപ്പക്കാരനോട് അവനെ തെല്ലും പരിചയമില്ലാത്ത തികച്ചും മാന്യനായ ഒരു മനുഷ്യന്‍ ആളുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ അകത്തു ധ്യതിയില്‍ കടന്ന് സീറ്റ് കിട്ടാനായി ആളുകള്‍ ഇറങ്ങാന്‍ കാക്കാതെ, ഗേപ്പിലൂടെ കയറ് ഭായ് എന്ന് മറ്റുള്ളവരിലേക്ക് ഇടിച്ച് കയറിക്കൊണ്ട് പറയുന്നുണ്ടായിരുന്നു.
                 


                              ഒടുവില്‍ ഇറങ്ങേണ്ട സ്റേഷനെത്തിയപ്പോള്‍ ഞാന്‍ കരുതിയതു പോലെ തന്നെ വാതിലിനടുത്തുള്ള സ്ഥലത്ത് തറയില്‍ ആ നാടോടി സ്ത്രീകള്‍ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിലെ വഴി കാണിച്ചു കൊടുക്കുക എന്ന മട്ടില്‍ മറ്റുള്ളവര്‍ക്ക് കാലുകള്‍ വെച്ച് പോകാന്‍  മാത്രമുള്ള ഇടം അവര്‍ക്കിടയില്‍ വെച്ച് തറയില്‍ തലങ്ങും വിലങ്ങും ഇരിപ്പുണ്ടായിരുന്നു. തീവണ്ടിയുടെ സൈഡ് സീറ്റില്‍ ഇരുന്നു കൊണ്ട് പുറത്ത് കണ്ട പല തരം സൂത്രവാക്യങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന കെട്ടിടങ്ങളുടെ ഉള്ളുകള്‍, മുകളിലേക്കുയരുന്ന ലിഫ്റ്റുകള്‍ അവര്‍ എന്നെങ്കിലും കാണുമോ? അവര്‍ യാത്രയില്‍ ആ കൂറ്റന്‍ കെട്ടിടങ്ങള്‍ ശ്രദ്ധിച്ചിട്ടു പോലുമുണ്ടാകില്ല.
                     


                               പോയിച്ചെല്ലുന്നിടത്ത് അവര്‍ തറയിലിരുന്ന് ആളുകള്‍ ഇട്ടു കൊടുക്കുന്ന  നാണയങ്ങള്‍ക്കായി അവരുടെ വേഷം പോലെ തന്നെയുള്ള മുഷിഞ്ഞ തുണി വിരിക്കും.
                     


                             തീവണ്ടി ഇറങ്ങി നടന്നു പോരുമ്പോള്‍ പ്ളാറ്റ്ഫോമില്‍ എതിരെ വരുന്ന ചെറുപ്പക്കാരന്റെ ബനിയന്‍ ഏതാണ്ട് വായിച്ചു.

                     

                            യു കാന്‍ ടേക്ക് ഏന്‍ ഏനിമല്‍ ഔട്ട് ഓഫ് ദി ജംഗിള്‍, ബട്ട് നോട്ട് ദി ജംഗില്‍ ഔട്ട് ഓഫ് എന്‍ ഏനിമല്‍.

                     

                             പുറത്തേക്ക് ഇറങ്ങി നടക്കുമ്പോള്‍ ഒരു കാക്ക റെയില്‍വേ ക്വാര്‍ട്ടേഴ്സിന്റെ വേലിയില്‍ ഒറ്റക്കിരുന്ന് കരയുന്നു. കാലത്ത് ഏതോ തണല്‍ മരത്തില്‍ നിന്നും തെല്ലു നേരം കൂട്ടത്തോടെ ബഹളമൊക്കെ തീര്‍ത്ത് പറന്നു വന്ന് ഇരിക്കുന്നതാകും ആ കാക്കയും. വൈകിട്ട് ആ മരത്തിലേക്കു തന്നെ അത് തിരിച്ചു പോകും. അപ്പോഴുമുണ്ടാകും തെല്ലു നേരം ഒത്തു ചേരലിന്റെ ഒരു ബഹളം. നേരമിരുട്ടിയിട്ടും ആരുമാരും ഉറങ്ങാത്തതെന്തെന്ന് പറഞ്ഞും കൊണ്ടുള്ള പരസ്പരബഹളം.



                                                                       (5)
                   


                           കണ്ണൂര്‍ റെയില്‍വേ സ്റേഷനില്‍ എന്നും കാണാറുള്ള കൊച്ചകള്‍ പാറിപ്പറന്നു വന്ന് പാളത്തിലൂടെ ഒരു നടപ്പുണ്ട്. നിര്‍ത്തിയിട്ട ലോക്കല്‍ ട്രെയിനില്‍ നിന്നും എന്നും നോക്കിയിരിക്കുന്ന കാഴ്ചയാണത്. തീറ്റ തേടിയുള്ള നടപ്പാണ്. ഒന്നോ രണ്ടോ ഒന്നുമല്ല. നാലഞ്ചു കൊച്ചകളുണ്ട്. ഗ എന്ന അക്ഷരം ചെരിച്ചു വെച്ചതു പോലുള്ള കഴുത്തും ചെറിയ കമ്പിക്കഷ്ണം പോലുള്ള കാലുകളുമായി അവ നടക്കുന്നതു കാണാന്‍ അതിന്റേതായ രസമൊക്കയുണ്ട്.

                  

                           ഒരു ദിവസം വൈകിട്ട് റെയില്‍വേ സ്റേഷനില്‍ ചെന്നപ്പോള്‍ മൂന്നു വിദേശസഞ്ചാരികള്‍ അവയുടെ ഫോട്ടോ എടുക്കുകയാണ്. പ്ളാറ്റ്ഫോമില്‍ നിന്നും പാളത്തിലേക്ക് നോക്കുന്ന ക്യാമറയിലെ ചിത്രങ്ങള്‍ മതിയാകാതെ അതിലൊരു ചെറുപ്പക്കാരന്‍ പാളത്തിലേക്കിറങ്ങിയായി പിന്നീടുള്ള ഫോട്ടോ എടുക്കല്‍. ഒന്നിച്ചുള്ളയാള്‍ അകലെ നിന്നും തീവണ്ടിയോ മറ്റോ വരുന്നുണ്ടോ എന്നു നോക്കി നില്ക്കുമ്പോള്‍ ഒന്നിച്ചുള്ള സ്ത്രീ എല്ലാം കണ്ടുകൊണ്ട് നില്ക്കുകയാണ്. ക്ളോസ് അപ്പിനു വേണ്ടിയുള്ള ശ്രമത്തില്‍ ഫോട്ടോഗ്രാഫര്‍ അടുത്തു വരുന്നതു കണ്ട് ഫോട്ടോഷൂട്ട് മടുത്ത് കൊച്ച പറന്നു പോയി. റെയില്‍വേ സ്റേഷനിലുള്ള പലരും അവരുടെ ഫോട്ടോ പിടുത്തം തെല്ല് അത്ഭുതത്തോടെ നോക്കിനില്ക്കുകയായിരുന്നു.

                    

                           ഇവിടെയുള്ള ആളുകള്‍ അത്തരം കാര്യങ്ങളില്‍ മറ്റുള്ള ആളുകള്‍ എന്തു കരുതും എന്നൊക്കെ വിചാരിച്ച് കഴിഞ്ഞു കൂടുന്നവരാണ്. അവര്‍ ഒരിക്കലും അത്തരം ഫോട്ടോ പിടുത്തത്തിനൊന്നും മുതിരില്ല. ശരീരഭാഷകളെ മറ്റുള്ളവര്‍ക്കായി തികച്ചും അനാവശ്യമായി ക്രമപ്പെടുത്തി ജീവിക്കുന്നവരാണ് പലരും. തന്നെയാണ് മറ്റുള്ളവര്‍ നോക്കിക്കൊണ്ടേയിരിക്കുന്നത് എന്നു കരുതി ജീവിക്കുന്ന ജീവിതമാണെന്നും തോന്നുന്നു പലരുടെതും. അവരെ പറഞ്ഞിട്ടും കാര്യമില്ല. മറ്റുള്ളവരുടെ ജീവിതത്തില്‍ പല മേഖലകളിലും അനാവശ്യമായി ഇടപെട്ടു കൊണ്ടിരിക്കുന്ന രീതികളും ഇവിടെയുള്ളവര്‍ക്കുണ്ട്. ആരെങ്കിലും എന്തെങ്കിലും കാര്യങ്ങള്‍ പറയുമ്പോള്‍ ഉയര്‍ന്ന ശബ്ദത്തില്‍ അതിനെ എതിര്‍ത്തു പറഞ്ഞ് പറയുന്ന ആളുടെ സമൂഹത്തിലെ അത്തരമൊരു ഇടം നഷ്ടപ്പെടുത്തുക, വെറുതെ അന്യരുടെ കാര്യങ്ങളില്‍ മേല്‍ക്കോയ്മ കാണിക്കുക തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങള്‍ പലര്‍ക്കുമുണ്ട്. ക്രിയേറ്റീവായ മേഖലകളില്‍ യാതൊരു ഇന്‍ഹിബിഷന്‍സും ഇല്ലാത്ത ജീവിതം വളരെ രസകരമായ ജീവിതം തന്നെയാണെന്നാണ് തോന്നുന്നത്.

                    

                            കണ്ണൂര്‍ റെയില്‍വേ സ്റേഷനിലെ കൊച്ചകളെ പോലെ തന്നെ ശ്രദ്ധയില്‍ പെട്ട മറ്റൊരു കാഴ്ചയുമുണ്ട്. തിരൂര്‍ റെയില്‍വേ സ്റേഷന്‍ പരിസരത്തെ റോഡരികില്‍ നിന്നും പാളത്തിനു മുകളില്‍  വരെ ആകാശത്ത് പടര്‍ന്ന മരത്തിന്‍മേല്‍ നിറയെ പഞ്ഞിക്കെട്ടുകള്‍ പോലെ വിദേശത്തു നിന്നും വന്ന വെളുപ്പ് നിറമുള്ള ദേശാടനപക്ഷികളുണ്ട്. അവ ഉറങ്ങുമ്പോള്‍ ആ മരം ഉന്നക്കായ പൊട്ടി നില്ക്കുന്ന ഉന്നമരം പോലെ തോന്നിക്കും. നന്നേ കാലത്ത് അവ അവിടെ നിന്നും പറന്ന് എങ്ങോട്ടൊക്കെയോ പോകും. വീണ്ടും സന്ധ്യയോടെ പറന്നു വന്ന് അതെ മരത്തില്‍ ഉറങ്ങും. ആ മരത്തില്‍ നിന്നും തൊട്ടടുത്ത മറ്റൊരു മരത്തില്‍ നിന്നും പറന്നു പോകുകയും തിരിച്ചു വരികയും ചെയ്യുന്ന പക്ഷികള്‍.


                                                                           (6)
                     


                              ഒരു വര കുത്തനെ വരച്ച് താഴെയും നെഞ്ചിന്റെ ഭാഗത്തും ഇംഗ്ളീഷ് അക്ഷരമായ വി കമഴ്ത്തി വരച്ച് ഒരു മുട്ട കുത്തനെയുള്ള വരയുടെ ഏറ്റവും മുകളിലായി വരച്ചു വെച്ചാല്‍ ഒരു മനുഷ്യനായി. ആരുമാരും അത് മനുഷ്യനല്ലെന്ന് പറയില്ല. അത്തരത്തില്‍ ചില തോന്നിച്ചകളുമാണ് ചിലപ്പോഴൊക്കെ ചിത്രങ്ങള്‍.
                    


                             ഏതാണ്ട് പതിനെട്ടു വയസ്സു പ്രായമുള്ള ഒരു ആണ്‍കുട്ടി ജനലിനരികില്‍ ഒറ്റക്കിരിക്കാവുന്ന സീറ്റിലിരുന്ന് പ്ളസ്ടുവിന്റെ ഉപയോഗം കഴിഞ്ഞ റിക്കോര്‍ഡു ബുക്കിലെ അവശേഷിച്ച വെളുത്ത പേജുകളില്‍ ബോള്‍പോയിന്റ് പേന കൊണ്ട് ചിത്രം വരക്കുന്നത് കണ്ടാണ് തൊട്ടടുത്തുള്ള അഞ്ചു പേര്‍ ഇരിക്കുന്ന സീറ്റിലെ മധ്യത്തിലായിരുന്ന ഞാന്‍ വെറുതെ തലയെത്തിച്ച് നോക്കിയത്. അതുവരെ മുന്നിലിരിക്കുന്ന ആളോട് ആണ്‍കുട്ടി തമിഴില്‍ പലതും പറയുന്നുണ്ടായിരുന്നു. മുന്നിലിരിക്കുന്ന മധ്യവയസ്കനായ ആ ആളും ആണ്‍കുട്ടി വരക്കുന്ന ചിത്രം നോക്കുന്നുണ്ടെങ്കിലും ചിത്രത്തില്‍ വലിയ താല്പര്യമൊന്നും ആ മുഖത്തുള്ളതായി കണ്ടില്ല. വിശേഷിച്ച് ഒന്നും പറയാന്‍ മാത്രമില്ലാത്ത ഒരു റോസാപ്പൂവാണ് ആണ്‍കുട്ടി ആദ്യം വരച്ചത്. റോസാപ്പൂ എളുപ്പം വരക്കാന്‍ നടുവില്‍ നിന്നും വികസിച്ചു വരുന്ന വ്യത്തങ്ങളെ തണുപ്പില്‍ കോടും വിധം വിറപ്പിച്ച് വരച്ചാല്‍ മതിയെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇതാണോ തീവണ്ടിയിലിരുന്ന് കാര്യമായി വരക്കുന്നത് എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ തല തിരിച്ചു.
                   


                            തെല്ലു കഴിഞ്ഞ് വീണ്ടും നോക്കിയപ്പോള്‍ ആണ്‍കുട്ടി ഒരു താമരയുടെ പണിയിലാണ്. അതും എളുപ്പം വരക്കാവുന്ന രീതിയില്‍ നടുവിലെ ഇതള്‍ ആദ്യവും പിന്നെ മറ്റുള്ള ഇതളുകള്‍ ഒന്നിനൊന്നോട് ചേര്‍ത്തു വെച്ചും തന്നെയാണ് വരച്ചത്. കുട്ടികള്‍ ഏവരും വരക്കുന്ന സാധാരണ ചിത്രങ്ങള്‍. ഞാന്‍ പിന്നെ അങ്ങോട്ട് ശ്രദ്ധിക്കാതായി. അപ്പോള്‍ അടുത്ത സ്റേഷനില്‍ ഇറങ്ങുന്നതിനായി ഒരു കുടുബം അപ്പുറത്തു നിന്നും ആണ്‍കുട്ടിയുടെ അരികിലേക്ക് നടന്നു വന്നു. ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛനും അമ്മയുമായിരുന്നു അത്. അത്തരം അവസ്ഥകളില്‍ ബാഗും മറ്റുമായി ഒരു കുടുംബത്തിലെ പുരുഷന്‍മാരും ആണ്‍കുട്ടികളും തെല്ല് വാതിലിനടുത്തായാണ് നില്ക്കുന്നത് കാണാറുള്ളത്. തീവണ്ടി നിര്‍ത്തും വരെ വാതിലിനരികില്‍ നിന്നും തെല്ലു ദൂരത്താണ് അവരുടെ സ്ത്രീകളും പെണ്‍കുട്ടികളും പൊതുവെ നില്ക്കുക. ഇറങ്ങാന്‍ നേരം പെട്ടെന്നുണ്ടാകുന്ന തിരക്കില്‍ പെടാതിരിക്കാനുള്ള കരുതലാണെന്നു തോന്നുന്നു ആ അകലം കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ പരസ്പരം പറയാതെയും പ്ളാന്‍ ചെയ്യാതെയുമൊക്കെ എടുക്കുന്ന ചില തീരുമാനങ്ങളിലാണ് അവ പെടുക.
                       


                             പെണ്‍കുട്ടിക്ക് ഏതാണ്ട് നാലാം ക്ളാസിലോ അഞ്ചാം ക്ളാസിലോ  പഠിക്കുന്ന പ്രായമേ തോന്നുന്നുള്ളുവെങ്കിലും ഏതാണ്ട് അമ്മയുടെ അത്ര തന്നെ ഉയരമുണ്ട്. ആ പെണ്‍കുട്ടി അത്യന്തം കൌതുകത്തോടെ സീറ്റിലിരുന്ന് ആണ്‍കുട്ടി വരക്കുന്ന ചിത്രത്തിലേക്ക് നോക്കുന്നതും അവള്‍ നോക്കുന്നതിന് പിന്തുണ എന്ന വിധത്തില്‍ അമ്മയും അതു തന്നെ നോക്കി അവളുടെ ചെവിയില്‍ എന്തൊക്കെയോ പറയുന്നതും വരക്കുന്നത് കണ്ടോ എന്ന ഭാവത്തില്‍ അവള്‍ ഇടക്കിടെ ചിത്രത്തില്‍ നിന്നും മുഖമുയര്‍ത്തി അമ്മയെ  സന്തോഷത്തോടെ നോക്കുന്നതുമൊക്കെ കണ്ട് ആ ആണ്‍കുട്ടി ഒത്തൊപ്പിച്ച് വരക്കുന്ന പൂക്കളില്‍ അവര്‍ക്ക് ഇരുവര്‍ക്കും എന്തിത്ര ശ്രദ്ധിക്കാനും പറയാനും മാത്രം എന്ന് ഞാന്‍ വിചാരപ്പെട്ടു. പെണ്‍കുട്ടിയെ മറഞ്ഞ് ആണ്‍കുട്ടി വരക്കുന്ന ചിത്രം എനിക്ക് കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വണ്ടി നിര്‍ത്തി അവര്‍ അവിടെ നിന്നും നീങ്ങിയപ്പോള്‍ ആണ്‍കുട്ടിയുടെ ചിത്രത്തിലേക്ക് എന്താണതില്‍ വരച്ചിരിക്കുന്നത് എന്നറിയാനായി നോക്കുമ്പോള്‍ അതില്‍ ആരാധനയോടെ സ്റെല്‍ മന്നനെ കുറ്റമറ്റ രീതിയില്‍ വരച്ചിരിക്കുന്നു. വെറുതെയായിരുന്നില്ല ആ പെണ്‍കുട്ടിയും അവളുടെ അമ്മയും രജനീകാന്ത് വരും വരെ അവിടെ കാത്തു നിന്നത്.


                                                                     (7)
                      

                                  റീഡിംഗ്, നുമിസ്മാറ്റിക്സ്, ഫിലാറ്റലിയൊക്കെ പോലെ തന്നെ ടെസ്റ് മെസേജിങ്ങും ഒരു ഹോബിയാണെന്നു പറഞ്ഞു കാണാറുണ്ട്. ഞാന്‍ കരുതിയത് വെറുതെ പറയുന്നതാവും, അത്തരമൊരു ഹോബിയൊന്നും കാണില്ലെന്നാണ്. മൊബൈല്‍ ഫോണ്‍ വാങ്ങിയ ഉടനെയല്ലാതെ പിന്നെയെന്താണ് ഹോബിയാകാന്‍ മാത്രം മെസേജിങ്ങില്‍ ഇത്രമാത്രം താല്പര്യം ഒരാള്‍ക്കുണ്ടാകുക എന്നും ചിന്തിച്ചു പോയിട്ടുണ്ട്. ദിവസം തോറും മെസേജ് അയക്കുന്ന കൂട്ടുകാരില്‍ ചിലരെ പറ്റി അതെടുത്ത് വായിക്കുമ്പോള്‍ ഇവന് വേറെ പണിയൊന്നുമില്ലേ, ആവോ എന്നും മനസ്സില്‍ തോന്നിയിട്ടുണ്ട്. (എന്നെ പറ്റി എന്റെ മെസേജുകള്‍ കിട്ടിയ മറ്റുള്ളവര്‍ക്കും അത്തരത്തില്‍ തോന്നിയ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ആദ്യകാലഘട്ടം ഉണ്ടായിരുന്നിരിക്കാം.) അവക്ക് മറുപടി തിരിച്ചയക്കാത്തതിനാല്‍ മെസേജുകള്‍ ചിലവാകുന്നില്ലെന്നു കണ്ട് അവര്‍ക്കും മടുത്തു കാണും. ഇപ്പോള്‍ പഴയ പടി അത്തരം മെസേജുകള്‍ കാണുന്നില്ല.
                    


                                  അദ്യം നില്ക്കുകയായിരുന്ന യൂനിഫോമിട്ട ഒരു പെണ്‍കുട്ടി എന്റെ അടുത്തിരിക്കുന്നയാള്‍ ഇറങ്ങാന്‍ എഴുന്നേറ്റപ്പോള്‍ തീവണ്ടിയില്‍ എന്റെ അടുത്തു വന്നിരുന്നു. എത്ര പെട്ടെന്നാണ് മൊബൈല്‍ ഫോണില്‍ അവള്‍ ടെക്സ്റ് മെസേജുകള്‍ തയ്യാറാക്കുന്നതും കൂട്ടുകാര്‍ക്കായി അയക്കുന്നതും എന്ന് അങ്ങോട്ട് നോക്കാതെ തന്നെ അത്ഭുതത്തോടെ ഞാന്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു. തീവണ്ടിയിലെ ആരെയും തന്നെ അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. തീവണ്ടിയുടെ ജാലകത്തിലൂടെ പുറത്തേക്കും  അവള്‍ ശ്രദ്ധിച്ചതേയില്ല. യാത്രയില്‍ ഉടനീളം ശ്രദ്ധ മൊബൈല്‍ ഫോണില്‍ തന്നെ. ഇടക്ക് മറുപടികള്‍ തരാതരം പോലെ അവളുടെ ഫോണിലേക്ക് വരുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്. ഇറങ്ങുമ്പോള്‍ മനസ്സു കൊണ്ട് ടെക്സ്റ് മെസേജിംഗ് ഹോബിയാക്കിയ ആ കുട്ടിയെ സമ്മതിച്ചു പോയി. ടെക്സ്റ് മെസേജിംഗും ഒരു ഹോബി തന്നെ.

                  

                                പഠിക്കുന്ന കാലമൊക്കെ കഴിഞ്ഞാല്‍ പലരുടെയും ഹോബികള്‍ പിന്നീട് കൂടെ വരാതെ തിരിച്ചു പോകാറാണ് പതിവ്. പഠിക്കുന്ന കാലത്തെ കൂട്ടുകാര്‍ ആരാണ് ഇന്ന് കൂടെ ഉള്ളത്? ആരുമില്ല തന്നെ. ഒരു മൊബൈല്‍ ഫോണ്‍ വിളിപ്പുറത്ത് ആരെങ്കിലുമൊക്കെ ഉണ്ടാകാം. എങ്കിലും അവരും അവരുടെ തിരക്കുകളില്‍ ദൂരത്തു തന്നെ. ക്ളാസ് റൂമുകളില്‍ ബെഞ്ചില്‍ അടുത്തിരുന്നവര്‍ പോലും പിന്നീട് കണ്ടാല്‍ ചിരിച്ചെന്നു വരുത്തി പോകാറുണ്ട്. ആ പെണ്‍കുട്ടിക്കും പഠനകാലം കഴിഞ്ഞാല്‍ ടെക്സ്റ് മെസേജിംഗ് ഹോബി  മടുത്തു തുടങ്ങും. മറുപടികളും പിന്നീട് കാണില്ല.

                  

                                 പണ്ട് കൂടെ പഠിച്ച പെണ്‍കുട്ടികളെ ആരെയും പൊതുവെ ഞാന്‍ എവിടെയും കാണാറില്ല. എല്ലാവരും വീടു നോക്കുന്നതിന്റെയും കുട്ടികളെ നോക്കുന്നതിന്റെയുമൊക്കെ പ്രാരബ്ധങ്ങളിലാകും. അന്ന് ഇല്ലിയിട്ടു തലമുടി പിരിച്ചിട്ട് വ്യത്തിയുള്ള ഉടുപ്പിട്ടു സ്ക്കൂളില്‍ വന്ന പെണ്‍കുട്ടികളെല്ലാം ഇന്ന് ചിലപ്പോള്‍ അവരുടെ വീടുകളിലെ അടുക്കളയില്‍ മുഷിഞ്ഞ മാക്സികളിലാകും. നാട്ടിലെ ഉത്സവങ്ങളിലും ഏതെങ്കിലും കല്യാണത്തിനുമൊക്കെയാകും ഒന്ന് പുറത്തിറങ്ങുന്നുണ്ടാകുക.  ആണ്‍കുട്ടികളെ എപ്പോഴെങ്കിലുമൊക്കെയായി എന്നാലും കാണാറുണ്ട്. മനുഷ്യര്‍ക്കിടയില്‍ ഗാഢമായി എന്നുമെന്നും അടുപ്പം നിലനിര്‍ത്താനുള്ള പ്രയാസത്തെ അറിയാന്‍ ക്ളാസ്റൂം സൌഹ്യദങ്ങളെ ചേര്‍ത്തു വായിച്ചു നോക്കിയാല്‍ മാത്രം മതിയാകും. മനുഷ്യര്‍ക്കിടയില്‍ പലയിടങ്ങളിലായി പലപ്പോഴായി കൊഴിഞ്ഞു പോകുന്ന എത്രയെത്ര മാനുഷിക ബന്ധങ്ങളാണ്. പല സ്റേഷനുകളില്‍ ഇറങ്ങിക്കൊണ്ട് അവര്‍ ഉറങ്ങാനുള്ള കൂടുകളിലേക്ക് പിരിഞ്ഞു കൊണ്ടേയിരിക്കുന്നു. ചിലര്‍ പിറ്റേന്നും കാണുന്നു. ചിലര്‍ തമ്മില്‍ പിന്നെ എപ്പോഴെങ്കിലും കാണുന്നു. ചിലര്‍ പിന്നീട് തമ്മില്‍ തമ്മില്‍ ഒരിക്കലും കാണുന്നതേയില്ല. 


                                                                           (8)
                    

                                     ദേശീയപണിമുടക്കായ ദിവസം തീവണ്ടിയില്‍ യാത്രക്കാര്‍ നന്നേ കുറവായിരുന്നു. രാവിലെ കയറിയപ്പോള്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റ് സീറ്റുകളില്‍ ആളുകള്‍ കിടന്നുറങ്ങുന്നു. ഒടുവില്‍ ഇരിക്കാനായി അതിലൊരാളെ തട്ടി വിളിക്കേണ്ടി വന്നു. ചെറുപ്പക്കാരന്‍ ഉറക്കപ്പിച്ചോടെ എഴുന്നേല്ക്കുകയും പൊടുന്നനെ തന്നെ ലഗേജുകള്‍ വെക്കുന്ന സ്റാന്റിലേക്ക് കയറി ഉറക്കം തുടരുകയും ചെയ്തു. എന്നെ ആ ചെറുപ്പക്കാരന്‍ ഇഷ്ടക്കേടോടെ രൂക്ഷമായി നോക്കുമോ എന്ന സംശയം തികച്ചും വെറുതെയായിരുന്നു.
                   


                                     ആ ചെറുപ്പക്കാരനെ ഇരിക്കുന്നിടത്തു നിന്നും വെറുതെ നോക്കി. അപ്പോഴാണ് പാന്റ്സ് ഊരി താഴേക്കു പോകാതിരിക്കാന്‍ തെല്ലു തടിച്ച ഒരു ചുവപ്പുനൂലു കൊണ്ട് കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. അത് ഇറുകിപ്പോയതു കൊണ്ടോ എന്തോ ഹുക്ക് ഇടാന്‍ പറ്റാത്ത വിധമായിരുന്നു. ബെല്‍റ്റിന്റെ സാധ്യതകളെ അന്വേഷിക്കാത്ത ആ ചെറുപ്പക്കാരനോട് വിളിച്ചുണര്‍ത്തിയതിന്റെ പേരില്‍ മനസ്സില്‍ സഹതാപം തോന്നാന്‍ തുടങ്ങി. ഒരു പക്ഷേ അത്തരമൊരു സഹതാപമൊന്നും ചെറുപ്പക്കാരന് ആവശ്യമുണ്ടായിരിക്കില്ല. എങ്കിലും വെറുതെ സഹതപിക്കുക തന്നെയായിരുന്നു എന്റെ മനസ്സ്.
                 


                                   തെല്ലു കഴിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഉറക്കം കഴിഞ്ഞ് താഴേക്ക് ഇറങ്ങി വന്നു. പിന്നെ എന്റെ അടുത്തിരുന്നു. വിളിച്ചുണര്‍ത്തിയതില്‍ നീരസം കാണുമെന്നു തന്നെ തന്നെ ഞാന്‍ ചിന്തിച്ചു കൂട്ടിക്കൊണ്ടിരുന്നു.  അടുത്ത റെയില്‍വേ സ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഓടിച്ചെന്ന് പ്ളാസ്റിക് കുപ്പിയില്‍ വെള്ളമെടുത്തു കൊണ്ടു വന്നു.  പിന്നെ അടുത്തിരുന്ന് പ്ളാസ്റിക് കുപ്പി എന്നെ കാണിച്ച് തമിഴില്‍ എന്തോ പറഞ്ഞു. ഭാഷ അറിയാത്തതിനാല്‍ എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. എങ്കിലും തണ്ണി എന്ന വാക്ക് അതിലുണ്ടായിരുന്നു. പക്ഷേ എന്നെ ആകര്‍ഷിച്ചത് ആ ചെറുപ്പക്കാരന്റെ മനസ്സു തുറന്നുള്ള ചിരിയാണ്. മലയാളികളില്‍ എത്ര പേര്‍ക്ക് അത്തരത്തില്‍ മനസ്സു തുറന്നു ചിരിക്കാന്‍ പറ്റുമെന്നു ഞാന്‍ ചിന്തിച്ചു പോയി. ഭൂരിഭാഗം മലയാളികളും  അനാവശ്യമായ ഗൌരവത്തോടെയാണ് യാത്രകളിലൊക്കെ പെരുമാറുന്നത് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
                   


                                  ആ ചിരിയില്‍ അലിഞ്ഞു പോയിരുന്നു ചെറുപ്പക്കാരന്‍ എന്നെ പറ്റി എന്തു കരുതിക്കൊണ്ടിരിക്കുന്നു എന്ന എന്റെ സംശയങ്ങളെല്ലാം. ദൂരം താണ്ടി എവിടേക്കെങ്കിലും എന്തെങ്കിലും ജോലി തേടി പോകുന്നതായിരിക്കാം. പുത്തന്‍ പാന്റ്സ് വാങ്ങാത്തതും ബെല്‍റ്റ് വാങ്ങാത്തതുമൊക്കെ എത്തം വരാത്ത കാശ് മിതമായി ചെലവാക്കാന്‍ വേണ്ടിയായിരിക്കാം. അല്ലെങ്കില്‍ ഒരു പക്ഷേ ബെല്‍റ്റിന്റെ സാധ്യതകളെ പറ്റി ആ ചെറുപ്പക്കാരന് അറിയാന്‍ പാടില്ലാത്തതിനാലോ അത്തരമൊന്നിനെ പറ്റി മനസ്സിലാക്കാന്‍ താല്പര്യപ്പെടാത്തതിനാലോ ആകാം. 
                      


                                 എങ്കിലും ആ നൂല്‍ ആ ചെറുപ്പക്കാരന്റെ ഹ്യദ്യമായ ചിരിയോടൊപ്പം തന്നെ എന്റെ ചിന്തകളില്‍  പിന്നെയും ചുറ്റിക്കൊണ്ടേയിരുന്നു. 

                      

                                 തീവണ്ടി യാത്രകളുടെ നുറുങ്ങ് കുറിപ്പുകളുടെ എഴുത്തിന്റെ വേഗം ഇവിടെ എത്തുമ്പോഴേക്കും തെല്ലൊന്ന് പതുക്കെയാക്കി അടുത്ത സ്റേഷനില്‍ നിര്‍ത്തേണ്ടതായുണ്ട്. അവിടെ ഞാന്‍ തല്ക്കാലം ഇറങ്ങുകയാണ്. ആനുകാലികങ്ങളിലൊക്കെ നോവലുകള്‍ക്കും യാത്രാവിവരണങ്ങള്‍ക്കും മറ്റും ഒടുവില്‍ നല്കുന്ന തുടരും എന്ന ഒരു വാക്ക് ബ്രാക്കറ്റില്‍ ഈ ലേഖനത്തോടൊപ്പം വലതു വശത്തായി ചേര്‍ത്തു വെക്കാം. എന്തെന്നാല്‍ തീവണ്ടി ഏതൊരു യാത്രികനും ഒട്ടനവധി അനുഭവങ്ങളും കാഴ്ചകളും എപ്പോഴും നല്കിക്കൊണ്ടേയിരിക്കും. 
                                                                        

                                                                      -0-