2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

ഒരു നാലാംകിട പ്രണയ (രഹിത) കഥ



                     തന്റെ കാത്തുനില്പിന് ഒട്ടനവധി അപകടസാധ്യതകള്‍ ഉണ്ടെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ കാത്തുനില്പിന്റെ ദൈര്‍ഘ്യം കുറക്കാന്‍ അവന്‍ അവതും ശ്രമിച്ചിട്ടുമുണ്ട്. ചെറിയ റോഡില്‍ കാര്‍ നിര്‍ത്തി കാത്തുനിന്നാല്‍ ആളുകള്‍ക്ക് സംശയം തോന്നുമെന്നതിനാല്‍ മെയിന്‍ റോഡില്‍ തന്നെയാണ് കാര്‍ പാര്‍ക്ക് ചെയ്തത്. ആരെങ്കിലുമൊക്കെ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നും അവന്‍ ഇടക്കൊക്കെ നോക്കാതിരുന്നില്ല.

                     കാര്‍ നിര്‍ത്തിയിട്ടതിന്റെ സമീപത്തൊന്നും ആരുമില്ല. ഇടക്കൊക്കെ ചില വാഹനങ്ങള്‍ എതിരെയോ സൈഡിലൂടെയോ പോകുന്നുണ്ട്. ചിലര്‍ നടന്നു പോകുന്നുമുണ്ട്. ആര്‍ക്കുമാര്‍ക്കും തന്റെ കാര്യത്തില്‍ വലിയ താല്പര്യമൊന്നുമില്ല. ആശ്വാസം. അവന്‍ മനസ്സില്‍ കരുതി.

                     വഴിയിലൂടെ പോകുന്ന ഒരാള്‍ കാറിലിരിക്കുന്ന അവനിലേക്ക് തെല്ലൊന്ന് കുനിഞ്ഞുകൊണ്ട്  ചോദിച്ചു.

                   - “ജ്യോത്സ്യം നോക്കുന്ന ഗോവിന്ദപ്പണിക്കരുടെ വീട് എവിടെയാ?”

                    അവന്‍ പെട്ടെന്ന് തെല്ലൊന്ന് പതറി. മറ്റെപ്പോഴെങ്കിലുമായിരുന്നു അയാള്‍ അത് ചോദിച്ചതെങ്കില്‍ അവന്‍ പതറുകയില്ലായിരുന്നു. ഗോവിന്ദപ്പണിക്കരുടെ പേരമകളെയും കാത്തായിരുന്നു അവന്‍ അവിടം നില്ക്കുന്നതു തന്നെ.

                   പിന്നെ അയാള്‍ വെറുമൊരു വഴി ചോദിക്കുന്ന ആളാണെന്നു കണ്ട് അവന്‍ വഴി പറഞ്ഞു കൊടുത്തു.

                   -“മെയിന്‍ റോഡില്‍ നിന്നും അടുത്ത വലത്തോട്ടുള്ള ചെറിയ താറിട്ട റോഡിലൂടെ നേരെ നടന്നാല്‍ മതി. ഓട്ടോ കൂട്ടാമായിരുന്നില്ലേ? അവിടേക്ക് ഒന്നൊന്നര കിലോമീറ്റര്‍ നടക്കാനുണ്ട്.”

                    - “അതു സാരേല്ല. ഞാന്‍ നടന്നോളാം.”

                    അയാള്‍ അതും പറഞ്ഞ് മുന്നോട്ട് നടക്കാന്‍ തുടങ്ങി. അപ്പോഴേക്കും ടൌണില്‍ നിന്നുമുള്ള ബസ്സ് തൊട്ടടുത്ത ബസ് സ്റോപ്പില്‍ വന്നു നിന്നു.  അവള്‍ തോളില്‍ വാനിറ്റി ബാഗും കൈയില്‍ കുടയുമായി ബസ്സില്‍ നിന്നും ഇറങ്ങിയപ്പോള്‍ അവന്റെ അടിവയറ്റില്‍ നിന്നും ഉച്ചിയിലേക്ക് ഭയം ഓടിപ്പോകുകയും ചങ്ക് തെല്ല് വേഗത്തില്‍ മിടിക്കാനും തുടങ്ങി. അത്തരമൊന്ന് ഉണ്ടാകുമെന്ന് ആദ്യം തന്നെ തോന്നിയിരുന്നതിനാല്‍ അവന്‍ അതിനെ പെട്ടെന്നു തന്നെ ക്രമപ്പെടുത്തി. ആ ക്രമപ്പെടുത്തലിനിടയില്‍ അവള്‍ വന്ന ബസ്സ് അവനെയും അവന്റെ നിര്‍ത്തിയിട്ട കാറിനെയും മറികടന്ന് പോയി.


                      ബസ്സില്‍ നിന്നും അവിടെ ഇറങ്ങിയത് അവളും അവളുടെ കൂട്ടുകാരിയും മാത്രമായിരുന്നു. കൂട്ടുകാരി അവളോട് എന്തോ പറഞ്ഞ് മറുവഴിക്ക് നടന്നു പോയി. അവള്‍ നടന്ന് കാറിന്റെ അടുത്ത് എത്തുമ്പോഴേക്കും അവന്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ഇറങ്ങി നിന്നു. അവനെ കണ്ടതും അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.

                     - “കല്യാണം ക്ഷണിക്കാന്‍ വന്നതാണോ? വീട്ടില്‍ പോയോ?”

                        അവന്‍ പറഞ്ഞു.

                    - “ഇല്ല. നിന്റെ വീട്ടിലേക്കാണ്.”

                       - “എന്നിട്ടെന്താ കാറ് ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്?”


                      - “ഓ ചുമ്മാ. നീ കയറിക്കോളു.”

                    അവള്‍ കാറില്‍ കയറുമ്പോള്‍ അവനോട് തിരക്കി.

                     - “എപ്പോഴാ കാര്‍ വാങ്ങിയത്?”

                      അവന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു.

                     - “വാങ്ങിയതൊന്നുമല്ല. വാടകക്കെടുത്തതാണ്. കല്യാണം ക്ഷണിക്കാന്‍ പോകാന്‍ എളുപ്പത്തിനാണ്.”

                      - “അതിന് ബൈക്കല്ലേ നല്ലത്?”

                      - “നല്ലത് ബൈക്കൊക്കെ തന്നെ. പക്ഷേ പാവങ്ങള്‍ ഞങ്ങള്‍ക്കും എപ്പോഴെങ്കിലുമൊക്കെ കാറില്‍ പോണമെന്നു തോന്നില്ലേ. അതിന്റെ ഒരു പൂതിക്ക് വാടകക്കെടുത്തതാ.”

                        അവള്‍ അതു കേട്ട് ചിരിച്ചു.

                      മെയിന്‍ റോഡില്‍ നിന്നും അവളുടെ വീട്ടിലേക്ക് തിരിയുന്ന റോഡ് എത്തിയപ്പോള്‍ അവന്‍ പറഞ്ഞു.

                      - “ആ ഡോറൊന്നു ലോക്ക് ചെയ്തേക്കാം.”

                      അതും പറഞ്ഞ് അവന്‍ അവളുടെ ഭാഗത്തെ ഡോര്‍ ലോക്കു ചെയ്തു. അപ്പോള്‍ മനപ്പൂര്‍വ്വം അവന്‍ അവളെയൊന്ന് തട്ടുകയും ചെയ്തു. അവള്‍ പക്ഷേ അതത്ര കാര്യമാക്കിയില്ല. അടുത്തു തന്നെ മറ്റൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ പോകുന്ന ആളാണ്്. അവളാകട്ടെ അവന്റെ അച്ഛന്റെ മരുമകളുടെ മകളും.

                       - “ബസ്സില്‍ നിന്ന് ഒന്നിച്ച് ഇറങ്ങിയത് കൂടെ പഠിക്കുന്ന പെണ്‍കുട്ടിയാണോ?”


                         അവള്‍ പറഞ്ഞു.

                      - “അല്ലല്ല. ഞങ്ങള്‍ ഒരേ കോളേജിലാണെന്നേയുള്ളു. അവള്‍ എം.എസ്.സി. ഞാന്‍ എം.എ.”

                         - “എം.എ ഇംഗ്ളീഷല്ലേ?”

                         - “അതെ. സെക്കന്റ് ഇയര്‍.”


                       അവള്‍ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും അവളുടെ വീട്ടിലേക്കുള്ള ചെറിയ റോഡിലേക്ക് തിരിയേണ്ട ഇടം വന്നപ്പോള്‍ അവന്‍ കാര്‍ സ്പീഡില്‍ മെയിന്‍ റോഡിലൂടെ നേരെ എടുത്തു. അവള്‍ സ്റിയറിംഗിന്റെ ഭാഗത്തേക്ക് കൈ നീട്ടി ഏയ്…ഏയ്… എന്നു പറയാന്‍ തുടങ്ങിയപ്പോള്‍ അവന്‍ അവളോട് തറപ്പിച്ചു പറഞ്ഞു.

                       - “ചെറിയ തോതില്‍ ഒരു കിഡ്നാപ്പിംഗ് ആണ് പ്ളാന്‍.”

                         അവള്‍ അവനെ തുറിച്ചു നോക്കി ചോദിച്ചു.

                         - “കിഡ്നാപ്പിംഗോ?”

                          അവന്‍ കാര്‍ ഓടിച്ചു കൊണ്ട് പറഞ്ഞു.

                         - “അതെ. എന്നെ കൊണ്ട് ആവുന്നതു പോലെ. ചെറിയ തോതില്‍.”

                         - “തമാശ കാണിക്കാതെ വണ്ടി തിരിക്ക്.”

                          അതു കേട്ടതും അവന്‍ കാറിന്റെ സ്പീഡ് കൂട്ടി.

                         അവള്‍ പറഞ്ഞു.

                          - “ഞാന്‍ ബഹളം വെക്കും.”

                          എങ്ങനെ ചിരിക്കാന്‍ പറ്റുന്നുവെന്ന് അവനു തന്നെ അവനെ വിശ്വസിപ്പിക്കാന്‍ പറ്റാത്ത വിധം ചിരിച്ചു കൊണ്ടു അവന്‍ പറഞ്ഞു.

                          - “വെച്ചോളു.”

                          അവള്‍ ദേഷ്യത്തോടെ അവനെ നോക്കി.

                         - “എന്താ ഉദ്ദേശ്യം?”

                           കാര്‍ ഓടിക്കുന്നതിനിടയില്‍ അവന്‍ അവളെ നോക്കാതെ റോഡിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

                           -“എനിക്ക് നിന്നെ വേണം. ”

                            അവള്‍ അതു കേട്ടതും അത്ഭുതത്തോടെ ചോദിച്ചു.

                            -“അപ്പോള്‍ കെട്ടാന്‍ പോകുന്ന പെണ്ണ്?”

                            അവന്‍ ശാന്തനായി പറഞ്ഞു.

                            -“വേണ്ടെന്നു വച്ചു.”

                             അവള്‍ തിരക്കി.

                           -“എന്നിട്ട് കല്യാണം പറയാനാണെന്ന് നേരത്തെ പറഞ്ഞല്ലോ. അതു വേണ്ടെന്നു വെച്ചതെന്തേ?”

                           അവന്‍ കാര്‍ മെല്ലെ റോഡിന്റെ സൈഡിലേക്കെടുത്തു.

                           -“ഞാന്‍ വേണ്ടെന്നു വെച്ചു.”

                           അവള്‍ അവന്റെ മുഖത്തേക്കു നോക്കി പറഞ്ഞു.

                          -“കള്ളം. അപ്പൂപ്പനൊക്കെ വന്ന് ഉറപ്പു കൊടുത്ത കല്യാണം വേണ്ടെന്നു വെക്ക്വേ?”

                             -“നിന്റെ അപ്പൂപ്പന്‍ ഉറപ്പിച്ചതു കൊണ്ടാണെന്നു തോന്നുന്നു ആ ഉറപ്പ് അത്രക്കങ്ങ് ഉറച്ചിട്ടില്ലായിരുന്നു. അന്നത്തെ ബിരിയാണിയിലെ ലഗോണ്‍ കോഴിയുടെ ഇറച്ചിക്ക് നല്ല ഉറപ്പായിരുന്നു എന്ന് എല്ലാവരും പറയുന്നതു കേട്ടു. ബ്രോയിലര്‍ വാങ്ങിയാല്‍ മതിയായിരുന്നു. ”   

                             -“അതുമിതും പറയാതെ  കാറ് തിരിക്ക്. ”

                              -“എന്തിന് കാറു തിരിക്കണം? ഞാനാ കല്യാണം ഇന്നലെ വേണ്ടെന്നു വെച്ചു.”

                                 അവള്‍ തിരക്കി.

                                -“അതെന്തേ ഇന്നലെ?”

                              -“ഇന്നലെ അങ്ങനെ തോന്നി. അത്ര തന്നെ.”


                               അവള്‍ വിരല്‍ ചൂണ്ടിവിറപ്പിച്ചു കൊണ്ട് തുടര്‍ന്നു.

                              -“തമാശ കളിക്കാതെ എന്നെ വീട്ടില്‍ കൊണ്ടാക്ക്. ”

                              -“ഇല്ല. ”

                               പരിസരത്തൊന്നും ആരുമില്ലെന്ന് കണ്ട് അവന്‍ കാര്‍ റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിര്‍ത്തി. പിന്നെ അവളെ തോളില്‍ ചേര്‍ത്ത് പിടിച്ചു തന്നോട് ചേര്‍ക്കാന്‍ നോക്കി. അവള്‍ കുതറി മാറാന്‍ ശ്രമിച്ചു. അവന്‍ ബലമായി അവളെ ചേര്‍ത്തു പിടിച്ചു പറഞ്ഞു.

                              -“ഇന്നലെ നിന്റെ അച്ഛനെ കണ്ടു.”

                              അവള്‍ കുതറി തെറിച്ചു മാറി പറഞ്ഞു.

                             -“അതിന് ഞാനെന്തു വേണം? മര്യാദക്ക് എന്നെ വീട്ടില്‍ കൊണ്ടു ചെന്നാക്ക്. ശരീരത്തില്‍ തൊട്ടുള്ള കളി വേണ്ട.” 

                               -“ഭീഷണിപ്പെടുത്താതെ.  കുട്ടിക്കാലത്ത് ഒന്നിച്ചു കളിക്കുമ്പോള്‍ ഇടക്കൊക്കെ ഞാന്‍ തൊട്ട ശരീരമൊക്കെ തന്നെ നിന്റേത്.”

                              -“ചുമ്മാ അതുമിതും പറയാതെ എന്നെ വിടുന്നുണ്ടോ?”

                               അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. 

                               -“നിന്റെ അച്ഛന്‍ എന്നെ പറ്റി എന്തു കരുതി?”

                               അവള്‍ അവന്റെ കൈപ്പിടിയില്‍ നിന്നും മാറാന്‍ കുതറിക്കൊണ്ടിരിക്കെ മുഖത്ത് ദേഷ്യം നിറച്ച് ഛെ എന്നൊരു ശബ്ദം ഉണ്ടാക്കി.

                            -“നിനക്ക് ഞാനൊരു ഉപദേശം തരാം. നീയൊരു പെണ്‍കുട്ടിയാണ്. ഒരിക്കലും മറ്റൊരാളുടെ, അത് ബന്ധുവാണെങ്കില്‍ തന്നെയും, വണ്ടിയില്‍ ഒറ്റക്ക് കയറരുത്.” 

                             അവന്‍ കൈ അവളില്‍ നിന്നും എടുത്ത് ഗിയര്‍ മാറ്റുകയും പിന്നെ സ്റിയറിംഗില്‍ വെക്കുകയും ചെയ്തു. അവള്‍ അവന്റെ കൈകളില്‍ നിന്നും വിടുതല്‍ കിട്ടിയ ശരീരത്തെ ഇരിക്കുന്നിടത്ത് തെല്ലൊന്നു ക്രമപ്പെടുത്തി. അവള്‍ റോഡിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു.

                            -“ഉപദേശത്തിന് നന്ദി. പിന്നെ അച്ഛന്റെ കാര്യം പറയുന്നതു കേട്ടല്ലോ. നിങ്ങളെ എന്റെ അചഛന്‍ എന്ത് ചെയ്തു?”

                          -“നിന്റെ അച്ഛന്‍ പറയുകയാണ് എനിക്ക് ആളുകളോട് സംസാരിക്കാന്‍ അറിയില്ലെന്ന്. അതു പറഞ്ഞതു ഞാന്‍ ക്ഷമിച്ചു. അതിപ്പോള്‍ നിന്റച്ഛന്‍ മാത്രമൊന്നുമല്ലല്ലോ പറയുന്നത്. ബന്ധുക്കളില്‍ പലരും പറയുന്നുണ്ടത്. നിന്റെ അച്ഛന്‍ പിന്നെ പറഞ്ഞതാണ് എനിക്ക് പിടിക്കാതെ പോയത്. ”

                             അവള്‍ അതെന്തെന്ന് അറിയാനെന്നോണം ചോദിച്ചു.

                           -“എന്ത്?”

                           -“ഞാന്‍ കെട്ടിയ പെണ്ണ് എന്റെ കൂടെ വാഴില്ലെന്ന്. എനിക്ക് മറ്റുള്ളവരോട് സംസാരിക്കാന്‍ അറിയില്ലെന്ന്. കല്യാണം കഴിഞ്ഞ് രണ്ടാം നാള്‍  കെട്ടിയ പെണ്ണ് എന്നെ വിട്ടുപോകുമെന്ന്. ”

                           അതുകേട്ടപ്പോള്‍ അതു വരെയുള്ള ദേഷ്യം വിട്ട് അവള്‍ ചിരിച്ചു.

                           -“ശരിയല്ലേ. നിങ്ങള്‍ മൌനിയല്ലേ എപ്പോഴും. മുനി. മഹാനായ മുനി. അപാരചിന്തകന്‍.”

                           ഒന്നു നിര്‍ത്തി അവള്‍ തുടര്‍ന്നു.

                          -“അച്ഛന്‍ തമാശ പറഞ്ഞതാകും. ”

                         -“നിന്റെ അച്ഛന്റെ തമാശയുടെ കാര്യമൊന്നും എനിക്കറിയേണ്ട. എവിടെ നിന്നാണ് അത് പറഞ്ഞത് എന്നതിലാണ് കാര്യം. സ്ക്കൂളില്‍ പഠിക്കുന്ന കാലത്തുള്ള സന്ദര്‍ഭവും ആശയവും വിശദീകരിക്കുക എന്ന മലയാളം ചോദ്യപ്പേപ്പറുകളിലെ ചോദ്യമില്ലേ. അതു പോലെ  വിശദീകരിച്ചു തരാം.”

                           അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

                           -“വിശദീകരിച്ചോളു.”

                           അവന്‍ തറപ്പിച്ചു പറഞ്ഞു.

                        - “നോക്കു ഞാന്‍ വളരെ സീരിയസ്സാണ്. എനിക്കത് ഒരു തമാശയല്ല.”

                          അവള്‍ അവനെ നോക്കുകയും അവന്റെ മുഖഭാവം കണ്ട് തെല്ലൊന്ന് ഗൌരവത്തിലാകുകയും ചെയ്തു.അവന്‍ തുടര്‍ന്നു.

                        - “നിന്റെ അച്ഛന്‍ അതു പറയുമ്പോള്‍ എന്റെ കൂടെ വര്‍ക്കു ചെയ്യുന്ന ഒരുവനും കൂടെയുണ്ടായിരുന്നു. എന്റെ ഫ്രണ്ടായല്ല. നിന്റെ അച്ഛന്റെ ഫ്രണ്ടായിട്ടാണ് എന്റടുത്തേക്ക് അവന്‍ വന്നത്. വന്നതും നിന്റെ അച്ഛന്‍ അതു പറയലും കഴിഞ്ഞു. കേള്‍ക്കേണ്ട താമസം അവന്‍ കളിയാക്കും മട്ടില്‍ ചിരി തുടങ്ങി. നിന്റച്ഛനാകട്ടെ ലോകത്തെ ഏറ്റവും വലിയ തമാശക്കാരന് കിട്ടിയ അംഗീകാരമായി അവന്റെ ചിരിയെ കണക്കാക്കുകയും ചെയ്തു.”

                         -“അതാര്? സനലേട്ടനോ? ”

                         - “അവന്‍ തന്നെ. നിന്റെയും നിന്റെ അച്ഛന്റെയുമൊക്കെ ഫാമിലി ഫ്രണ്ട്. ”

                         -“സനലേട്ടന്‍ നിങ്ങളെ പോലെയൊന്നുമല്ല. മറ്റുള്ളവരോടൊക്കെ നന്നായി വര്‍ത്തമാനം പറയും. ”

                          അവന്‍ കാര്‍ സറ്റാര്‍ട്ടാക്കിക്കൊണ്ട് മുഖം വീര്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

                        -“എല്ലാവരും വര്‍ത്തമാനവും കളിതമാശകളും പറയും. ഞാന്‍ മാത്രം പറയില്ല. ആളുകളുടെ കൂട്ടത്തില്‍ വെച്ച് എന്നെ അപമാനിക്കാന്‍ ഓരോരോ വര്‍ത്തമാനവുമായി ഓരോരാള്‍ക്കാര്‍ വന്നുകൊള്ളും. ”

                         അവന്‍ കാര്‍ മുന്നോട്ട് തന്നെ എടുക്കുന്നതു കണ്ട് അവള്‍ പറഞ്ഞു.

                        -“മര്യാദക്ക് വണ്ടി തിരിച്ചേ.”

                       അവന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

                      -“പിന്നെ…നീ പോടി. പേടിപ്പിക്കാതെ. എന്റെ വണ്ടിക്ക് റിവേഴ്സ് ഗിയറില്ല.”

                      അവള്‍ ചുണ്ടത്ത് തെല്ലൊരു പരിഹാസത്തോടെ പറഞ്ഞു.

                      -“അപാരവണ്ടി തന്നെ.”

                      അവളുടെ ചുണ്ടുകോട്ടലില്‍ അവന്‍ ഉരുകി. അവന്‍ വീണ്ടും വണ്ടി തെല്ലൊന്നു സൈഡിലേക്ക് മാറ്റി അവിടം നിര്‍ത്തി.

                      -“എന്തേ നിര്‍ത്തിയത്? ”

                         -“പോകണോ. പോയ്ക്കൊള്ളു. കല്യാണം കഴിഞ്ഞ് രണ്ടു നാള്‍ കൊണ്ട് വീട്ടിലേക്കു തന്നെ മടങ്ങിപോകുന്നത് മറ്റേതെങ്കിലും പെണ്ണാകേണ്ട എന്നു തോന്നി. പറഞ്ഞയാളുടെ മോളു തന്നെ മതി എന്നു തോന്നി. ചുണ്ടു കോട്ടി എന്നെ കൊളുത്തി വലിക്കാതെ. നിന്റച്ഛന്റെയോ സനലിന്റെയോ അത്രയൊന്നും പത്രാസും പ്രതാപമൊന്നും എനിക്കില്ല. അവര്‍ ഷര്‍ട്ടിട്ടതിനു ശേഷം അതിന്റെ മേലെ പേന്റ്സിടും. ഞാന്‍ പാന്റ്സിട്ട് ഷര്‍ട്ടിടും. ഷര്‍ട്ട് ഇന്‍സൈഡ് ചയ്യുമ്പോള്‍ പഴയ ഇല്ലായ്മ ഓര്‍മ്മ വരും. പെട്ടെന്നൊരു നാള്‍ അങ്ങനെ ചെയ്യുമ്പോള്‍ പണ്ട് ഇവനെന്തുണ്ടായിരുന്നു എന്ന് നിന്റെ അച്ഛനെ പോലുള്ളവര്‍ ചോദ്യം തുടങ്ങും. ഭക്ഷണം ഇല്ലായ്മയൊന്നും വീട്ടില്‍ ഇല്ലായിരുന്നു. വയര്‍ നിറയെ ഭക്ഷണം ഉണ്ടായിരുന്നു. പക്ഷേ മനസ്സിനായിരുന്നു എന്നുമെന്നും വിശപ്പ്. ”

                          -“അതുമിതും പറയാതെ വണ്ടി തിരിച്ചേ.”

                          -“എന്തിന് വണ്ടി തിരിക്കണം? ഇറങ്ങി നടന്ന് പോകാമല്ലോ. ”

                           -“നോക്കു. തമാശ കളിക്കാതെ. എന്നെ വീട്ടില്‍ കൊണ്ടാക്കിത്താ. നേരത്തിന് ചെല്ലാത്തതു കണ്ടാല്‍ അമ്മ ബേജാറാകാന്‍ തുടങ്ങും. ”

                          -“ബേജാറാകുന്നതൊക്കെ വിട്. നിന്നെ രണ്ടു ദിവസമായി ഞാന്‍ പഠിക്കുകയായിരുന്നു. കിഡ്നാപ്പിംഗ് നടത്തുമ്പോഴുള്ള മനസ്സിലാക്കി വെക്കലുകള്‍. നീ ഇന്നലെ സിനിമ കാണാന്‍ കൂട്ടുകാര്‍ക്കൊപ്പം ബ്ളൂ ഡയമണ്ടില്‍ കയറിയപ്പോള്‍ ഞാനും കയറിയതാണ്. നിന്നെ മുഴുവന്‍ പഠിച്ച് ബാല്‍ക്കണിയില്‍ വളരെ പുറകില്‍ ഞാനുണ്ടായിരുന്നു അവിടെ. നീയെന്നെ കണ്ടതേയില്ല. അതൊരു തല്ലിപ്പൊളി പടം. ഫെമിനിസ്റ് ലേബലില്‍ കുറെ പുരുഷന്‍മാര്‍ എടുത്ത ആന്റിഫെമിനിസ്റ് ഫിലിം. എനിക്കിഷ്ടപ്പെട്ടില്ല.അപ്പോഴൊന്നും അമ്മയെ പറ്റിയൊന്നും ചിന്തയേയില്ലായിരുന്നല്ലോ? ”

                            അവള്‍ അവനെ പുതിയൊരു അറിവെന്ന രീതിയിലും പഠിക്കാനെന്ന പോലെയും നോക്കി. അവന്‍ അവളുടെ നോട്ടത്തെ തെല്ലൊന്നു നോക്കുകയതിനു ശേഷം റോഡിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

                           -“ ഈ സനലിന്റെ കാര്യമറിയോ നീ? ഞാന്‍ അവനെയും കൂട്ടി ഒരു പെണ്ണു കാണാന്‍ പോയി. നിനക്കറിയാമല്ലോ എന്നേക്കാളും ഗ്ളാമറൊക്കെ അവനാണ് കൂടുതലെന്ന്. അവനെ കണ്ട് പെണ്‍കുട്ടി കരുതി അവനാണ് പെണ്ണുവേണ്ടതെന്ന്. അവളെ പറഞ്ഞിട്ടും കാര്യമില്ല. എനിക്കാണെങ്കില്‍  എന്നേക്കാളും പ്രായം തോന്നും. കൂട്ടത്തില്‍ തലയില്‍ കഷണ്ടിയും വന്നു കയറി. അകാല വാര്‍ധക്യം. ”

                           അവള്‍ പറഞ്ഞു.

                          -“ചിലതൊക്കെ വെറും തോന്നിച്ചയാണ്. നിങ്ങള്‍ക്ക് ഗ്ളാമറിനൊന്നും വലിയ കുഴപ്പമൊന്നുമില്ല. പറഞ്ഞു വന്ന കഥ എന്നിട്ടെന്തായി? ”

                          -“എന്നിട്ടെന്ത്? പിന്നെ, കഥയൊന്നുമല്ല അത്. ശരിക്കും നടന്ന സംഭവം. അവള്‍ അവനെയേ നോക്കുന്നുള്ളു. അവന്‍ അവിടെ ചെന്നപാടേ വാചകമടി തുടങ്ങിയതാണ്. അവന്റെ ലുക്കില്‍ മാത്രമല്ല, ആ വാചകമടിയിലും ആ പെണ്‍കുട്ടി വീണു. ഒരു പരിചയവുമില്ലാത്തവരോടൊക്കെ അവന്‍ എങ്ങനെയാണ് ഇത്രയും സംസാരിക്കുന്നതാവോ? എനിക്കാണെങ്കില്‍ ഒന്നും പറയാനില്ല. എല്ലാം കഴിഞ്ഞ് അവന്റെ വക ഒരു പറച്ചില്‍. പെണ്ണു വേണ്ടത് അവനല്ലെന്നും എനിക്കാണെന്നും. പെണ്‍കുട്ടിക്ക് അവനെ പിടിച്ചെന്ന് അവന്  അപ്പോഴേക്കും മനസ്സിലായി എന്നതുതന്നെ കാര്യം. ആ പെണ്‍കുട്ടിയുടെ മുഖം അപ്പോള്‍ തന്നെ വാടി. നന്നായി പ്രകാശിച്ചു നില്ക്കുന്ന സി.എഫ്്.എല്‍  ബള്‍ബ് കറന്റ് പോയാല്‍ തെല്ലു നേരം മങ്ങി നില്ക്കില്ലേ. അതുപോലെയായി  അവളുടെ മുഖം. തിരിച്ചു പോരുമ്പോള്‍ പെണ്ണെങ്ങനെയെന്ന് അവന്‍ ചോദിച്ചു.ഞാനൊന്നും പറഞ്ഞില്ല. അവന്‍ കുത്തിക്കുത്തി ചോദിക്കാന്‍ തുടങ്ങി. അതിനിടയില്‍ ഞ്യി ആള് മോശമില്ലാലോ, കൂടെ ചെന്ന ആളോടു പോലും കാര്യം പറയുന്നില്ലല്ലോ എന്ന് അവന്‍ എന്നോട് ഒരു പറച്ചിലും. അതു കേട്ടപ്പോള്‍ ഞാന്‍  ജാതകമൊക്കെ നോക്കാതെ ഇഷ്ടം പറയുന്നതെങ്ങനെ എന്ന് അവനോട് പറഞ്ഞു. പിറ്റേന്നു തന്നെ എന്തായി എന്നും പറഞ്ഞ് അവന്‍ വന്നു. ഞാന്‍ ജാതകം ഒക്കില്ലെന്നു പറഞ്ഞു. എന്നെ പരിഗണിക്കാത്ത പെണ്‍കുട്ടിയെ എനിക്ക് പറ്റുമോ? പറ്റില്ല തന്നെ. അവന്‍ അപ്പോള്‍ അവളുടെ ജാതകക്കുറിപ്പ് കൈയിലുണ്ടോ എന്നു ചോദിച്ചു. എനിക്കത് അത്ര ഇഷ്ടപ്പെട്ടൊന്നുമില്ല. എങ്കിലും പേഴ്സില്‍ നിന്നും ജാതകക്കുറിപ്പ് എടുത്തു കൊടുത്തു. നിനക്കറിയോ എന്റെ പരിചയത്തിലുള്ള ആരെങ്കിലുമൊക്കെ പോയിക്കണ്ട പെണ്‍കുട്ടികളെ പോലും ഞാന്‍ പെണ്ണുകാണലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പോട്ടെ. എന്തിനധികം പറയുന്നു. അങ്ങനെ അവന്‍ അവളെ കെട്ടി. ”

                        അവള്‍ അതു കേട്ട് തെല്ല് പരിഹാസത്തോടെ പറഞ്ഞു.

                        -“നല്ല കഥ. സനലേട്ടന്‍ ആളു മിടുക്കന്‍ തന്നെ. എന്നാലും ഈ കഥ സനലേട്ടന്‍ ഒരിക്കലും എന്നോട് പറഞ്ഞില്ലല്ലോ. ശ്രുതിച്ചേച്ചിയെയും കൊണ്ട് എത്ര പ്രാവശ്യം വീട്ടില്‍ വന്നതാണ്. അല്ലേലും അവര്‍ തന്നെയാ നല്ല മേച്ച്. നിങ്ങള്‍ അതിനിടയില്‍ വെറുതെ കയറി തല വെച്ചു. ”

                        അവന്‍ പെട്ടെന്ന് അവളുടെ പരിഹാസം പിടിക്കാതെ ദേഷ്യത്തോടെ ചോദിച്ചു.

                         -“ഞാന്‍ എന്തു തെറ്റു ചെയ്തു? ”

                         അവള്‍ പറഞ്ഞു.

                         -“ഈ ചെയ്യുന്നതു തന്നെയാണ് തെറ്റ്. നിങ്ങളെന്തു വിചാരിച്ചു? എന്നെയും കൊണ്ട് ഇത്ര ദൂരം ഓടിച്ചു പോന്നില്ലേ. വണ്ടി തിരിച്ച് എന്നെ എന്റെ വീട്ടില്‍ കൊണ്ടാക്ക്. ഭ്രാന്തിന് ഒക്കെ ഒരു അതിരുണ്ട്. നിങ്ങളുടെ സങ്കടകഥകള്‍ എന്തിന് ഞാന്‍ കേള്‍ക്കണം? വണ്ടി തിരിക്ക്. ”

                        -“ഞാന്‍ ചോദിക്കുന്നത് ഇത്രമാത്രമാണ്. നിന്നോടും നിന്റെ അച്ഛനോടും സനലിനോടും എന്തിന് ആ പെണ്‍കുട്ടിയോടും ഞാന്‍ എന്തു തെറ്റു ചെയ്തു എന്നാണ്. ഇന്‍സള്‍ട്ടിംഗാണ്. മിയര്‍ ഇന്‍സള്‍ട്ടിംഗ്. ”

                        അവള്‍ പറഞ്ഞു.

                        -“ഇന്‍സള്‍ട്ട് ചെയ്യാന്‍ നിന്നു കൊടുത്തിട്ടല്ലേ. എനിക്കതൊന്നും ഇപ്പോള്‍ അറിയേണ്ട. വണ്ടി തിരിക്ക്. എന്നെ വീട്ടില്‍ കൊണ്ടാക്ക്. ”

                          അവന്‍ അവളെ തെല്ലു പരിഭ്രമത്തോടെ വീണ്ടും ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അവനു നേരെ കൈ ചൂണ്ടി.

                        -“വേണ്ടാതീനം കാണിച്ചാല്‍ ഞാനലറും. പറഞ്ഞില്ലെന്നു വേണ്ട.”

                          അവന്‍ സ്റിയറിംഗിലേക്കു തന്നെ കൈ പിന്‍വലിച്ചു.

                        -“ഞാന്‍ കെട്ടാന്‍ നോക്കിയ പെണ്ണും എന്നെ ഇന്‍സെള്‍ട്ട് ചെയ്തു. അവള്‍ രണ്ടു ദിവസം മുമ്പ് പറഞ്ഞത് എന്തെന്നറിയുമോ? അവള്‍ക്ക് ഡിഗ്രിക്ക് ഒരു പ്രണയമുണ്ടായിരുന്നത്രെ. നന്നായി പാടുന്നൊരുത്തന്‍. അല്ലേലും ഈ പെണ്‍പിള്ളേരില്‍ ചിലര്‍ക്ക് പാട്ടുകാരെ ഭയങ്കര ആരാധനയാണ്. നമ്മള്‍ ഈ സാംസ്കാരികപ്രവര്‍ത്തനവും സാഹിത്യവുമൊക്കെയായി പാടു പെട്ട് നടക്കുമ്പോള്‍ അവന്‍മാരില്‍ ചിലര്‍ ഒരൊറ്റ പാട്ടു കൊണ്ട് പെണ്‍പിള്ളേരില്‍ പലരേയും കൈയിലടുക്കും. ഒന്നുമുണ്ടാകില്ല. മറ്റാരെങ്കിലും പാടിയത് അപ്പടി ട്രെയ്സ് എടുത്ത് പാടലാണ്. വരയിലൂടെ ട്രെയിസിംഗ് പേപ്പറു കൊണ്ടുള്ള വര. സ്വന്തമായി കഴിവുള്ളവര് എപ്പോഴും പിന്നില്‍ തന്നെ.”

                         - “സമ്മതിച്ചു. നല്ല കാലത്ത് പാട്ടു പഠിക്കായിരുന്നില്ലേ? ആര്‍ക്കും വായിച്ചാല്‍ മനസ്സിലാകാത്ത കവിതയും എഴുതി നടക്കുന്നതിനേക്കാളും അതു തന്നെ നല്ലത്. ”

                          - “കളിയാക്കാതെ. കല്യാണം കഴിഞ്ഞാലും അത് കൊണ്ടു നടക്കാന്‍ അവളെ ഞാന്‍ സമ്മതിക്കണമത്രെ. ഞാന്‍ അതു കേട്ടതും പൊട്ടിത്തെറിച്ചു. എവരിബഡി ഇന്‍സള്‍ട്ടിംഗ് മി. ”

                          അവള്‍ അതു കേട്ടെങ്കിലും പറഞ്ഞു.

                         -“എനിക്കതൊന്നും കേള്‍ക്കണ്ട. നേരം താമസിച്ചാല്‍ അമ്മ വിഷമിക്കും. എന്നെ വീട്ടില്‍ കൊണ്ടുവിട്. കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി പറയുന്ന തമാശ വരെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്തു കാര്യം. ”

                          -“തമാശയോ? കല്യാണം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരനോട് ചോദിക്കേണ്ട ചോദ്യമാണോ അത്? ബഹുമാനക്കുറവ്. അല്ലാതെന്ത്?. ആരെയും പറഞ്ഞിട്ടു കാര്യമില്ല. എന്റെ കുഞ്ഞുന്നാളില്‍ നാലാംക്ളാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ എങ്ങോട്ടേക്കെന്നില്ലാതെ പോയത്. നിനക്കറിയ്വോ ഞാന്‍ അനുഭവിച്ച പരിഹാസങ്ങളും നിന്ദകളും? അമ്മവീട്ടില്‍ അഭയാര്‍ത്ഥിയായുള്ള നില്പ്. അവഹേളനങ്ങള്‍. വേര്‍തിരിവുകള്‍. എന്തുമേതും ചെയ്യുമ്പോള്‍ അച്ഛന്റെ സ്വഭാവം തന്നെ എന്ന കുറ്റപ്പെടുത്തലുകള്‍. മിണ്ടിയാല്‍ കുറ്റം. മിണ്ടിയില്ലെങ്കിലും കുറ്റം. ഒന്നു ശരിക്കൊന്ന് ദേഷ്യം പിടിക്കാന്‍ പറ്റുമോ. അപ്പോള്‍ പറയും അച്ഛന്റെ ദേഷ്യമെന്ന്. മറ്റുള്ള സമപ്രായക്കാര്‍ക്കൊക്കെ അവരുടെ സ്വന്തം ദേഷ്യം. സ്വന്തമായിട്ട് ദേഷ്യം പോലുമില്ലാത്തവനായിപ്പോയി ഞാന്‍. ഒരിക്കലും ഉപകാരപ്പെട്ടിട്ടില്ലെങ്കിലും എവിടെയും എപ്പോഴും നിഴല്‍ പോലെ അച്ഛന്‍.”

                          അവള്‍ അപ്പോഴേക്കും എന്തുകൊണ്ടോ നിശ്ശബ്ദമായി അവനെ കേള്‍ക്കാന്‍ തുടങ്ങി. അവന്‍ തുടര്‍ന്നു.

                           -“നിന്റെ അമ്മയുടെ അച്ഛന്‍ മരിച്ചപ്പോള്‍ പതിനാറു ദിവസത്തേക്ക് തറവാട്ടില്‍ വന്നു നിന്നപ്പോഴാണ് ആദ്യമായി നിന്റെയൊപ്പം ഞാന്‍ കളിച്ചത്. കുറ്റി മാറിക്കളി. കര, വെള്ളം. കണ്ണാരം പൊത്തി. നിനക്കതൊക്കെ ഓര്‍മ്മയുണ്ടോ എന്തോ? അതിനു മുമ്പും നിന്നെ കണ്ടിട്ടുണ്ട് ഞാന്‍. നാട്ടിലെ ബന്ധത്തിലുള്ള ചില കല്യാണവീട്ടിലൊക്ക കിടത്തിയാല്‍ കണ്ണുകള്‍ അടച്ച് ഉറങ്ങുന്ന ബാര്‍ബിയുമായിട്ട്. അന്നേ നീ വലിയ പണക്കാരിയാ. അക്കാലത്ത് എനിക്കുണ്ടാകുക കീറിപ്പറിഞ്ഞ ടൌസര്‍. ഇരുന്നിരുന്ന് പിറകുഭാഗം കീറിപ്പോയ ടൌസര്‍. കല്യാണത്തിനൊക്കെ വരാന്‍ കീറാത്തതെന്തെങ്കിലുമൊക്കെ ഉണ്ടാകുമായിരുന്നിരിക്കാം. ഓര്‍മ്മ ഇപ്പോഴും കീറിയ ടൌസറാണെന്നു മാത്രം. പിന്നൊരു അപ്പ വടിയില്‍ തിരിയുന്ന തൊണ്ടുവണ്ടി. ദൂരെ നിന്നു നോക്കിയിട്ടേ ഉള്ളു അന്നൊക്കെ നിന്നെ ഞാന്‍. അത്രക്ക് വലിയ എന്തോ ഒന്ന് ആയിരുന്നു നീ എനിക്ക്. വലിയ വിലയുള്ള ഉടുപ്പുകള്‍. വലിയ പണക്കാരന്റെ ഒറ്റ മകള്‍. നിന്റെ ബാര്‍ബിയെ പോലും തൊട്ടുനോക്കാന്‍ പേടിച്ചതാണെന്റെ കുട്ടിക്കാലം. വലിയ പണക്കാരനായ എല്‍.ഐ.സി ഏജന്റിന്റെ മകള്‍. വീടിന്റെ ഉമ്മറത്ത് വി.ടി.പുരുഷോത്തമന്‍ ഇന്‍, ഔട്ട് എന്ന് ഡോക്ടര്‍മാരെ പോലെ ബോര്‍ഡ് വെക്കുന്ന അച്ഛന്റെ ഒറ്റ മകള്‍. ഞാനും ഒറ്റ മകനൊക്കെ തന്നെ. എങ്കിലും സങ്കടങ്ങളുടെ ഇടയിലായിരുന്നു ഞാന്‍.”

                            അവള്‍ മെല്ലെ പറഞ്ഞു.

                           -“എന്റെ അച്ഛന്‍ അത്ര വലിയ പണക്കാരനൊന്നുമല്ല.” 

                            -“അതൊന്നും എനിക്കറിയില്ല. സ്വന്തമായി കാറും കോളുമൊക്കെയായി നിന്റച്ഛന് ഹുങ്കിനു മാത്രം കുറവൊന്നുമില്ല. ”

                          -“അത് ഒന്നും മിണ്ടാത്തതു കൊണ്ട് കളിയാക്കിയതാവും. ”

                          -“ജോലിയാക്കിയത് നാലാളു കൂടുന്നിടത്ത് ഒരു കസേര കിട്ടാന്‍ വേണ്ടിയായിരുന്നു. കസേര ഒന്നുമില്ലെങ്കിലും മറ്റുള്ളവരുടെ കൂട്ടത്തില്‍ കൂടി നില്ക്കാനുള്ള ഒരു ഇടം ഞാന്‍ തീര്‍ച്ചയായും ആഗ്രഹിച്ചിട്ടുണ്ട്. വെറുതെയാണതൊക്കെ എന്ന് ജോലി കിട്ടിയപ്പോള്‍ തന്നെ മനസ്സിലായി. അവന് പണ്ടെന്തായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ഇപ്പോള്‍ എന്നെ പറ്റിയുള്ള മറ്റുള്ളവരുടെ ചോദ്യങ്ങള്‍. ”

                            അവന്‍ മെല്ല വണ്ടി തിരിച്ചു.

                           -“വീട്ടില്‍ കൊണ്ടാക്കിയേക്കാം. എങ്കിലും നിന്റെ അച്ഛനോട് പറയണം എന്നെ ഇന്‍സള്‍ട്ട് ചെയ്യരുതെന്ന്. പ്രത്യേകിച്ചും എന്റെ പരിചയക്കാരുടെ മുന്നില്‍ വെച്ച്. ”

                             അവള്‍ തെല്ലു നേരം മിണ്ടാതിരുന്നു. പിന്നെ തിരക്കി.

                            -“ശരിക്കും കല്യാണം മുടങ്ങിയോ? ”

                             അവന്‍ പറഞ്ഞു.

                            -“അവളോട് അവളുടെ പാട്ടിന് പോകാന്‍ പറഞ്ഞു. ഭര്‍ത്താവ് എന്ന നിലക്ക് ഒരു പിമ്പിന്റെ ജീവിതം എനിക്കെന്തിന്?”

                           -“ആ പെണ്‍കുട്ടി തമാശ പറഞ്ഞതാവും.”

                           -“അത്തരം തമാശകള്‍ എനിക്കിഷ്ടമല്ല. ബഹുമാനക്കുറവാണത്. അവളുടെ അച്ഛനെ വിളിച്ചു പറഞ്ഞു എനിക്ക് അവളെ വേണ്ടെന്ന്. എനിക്ക് ആ കല്യാണത്തില്‍ താല്പര്യമില്ലെന്ന്. ”

                             അവള്‍ വീണ്ടും മിണ്ടാതായി. കുറച്ചു കഴിഞ്ഞ് അവള്‍ പറഞ്ഞു.

                            -“വണ്ടി തിരിച്ചോളു.”

                             അവന്‍ പറഞ്ഞു.

                            -“വേണ്ട.”

                          - “വേണം. ഒരു കാലത്ത് എന്റെ ബാര്‍ബിയെ പോലും തൊടാന്‍ പേടിച്ച ആളല്ലേ ആരാന്റെ വണ്ടിയൊക്കെ എടുത്തിട്ടാണെങ്കിലും ഇത്രയും ധൈര്യം കാണിക്കുന്നത്. വണ്ടി തിരിച്ചോളു. ”

                            പിന്നെ അവള്‍ സ്റിയറിംഗില്‍ കൈ വെക്കുകയും കാര്‍ തിരിക്കാന്‍ അവനോട് കണ്ണുകള്‍ കൊണ്ട് പറയുകയും ചെയ്തു.


                           -“അപ്പോള്‍ നിന്റെ അച്ഛന്‍? നിന്റെ അമ്മ?”

                           അവള്‍ പറഞ്ഞു.

                            -“സാരമില്ല.”

                            പൊടുന്നനെ യാതൊരു മുന്നറിയിപ്പുമില്ലാതെ മഴ പെയ്തു. പൊന്‍വെയിലിലുള്ള മഴയായിരുന്നു അത്.  മഴയില്‍ കാറിന്റെ വൈപ്പര്‍ അവര്‍ക്കു മുന്നിലെ ഗ്ളാസില്‍ റ റ എന്നെഴുതാന്‍ തുടങ്ങി.
                                                                              -0-