അരുണ്‍കുമാര്‍ പൂക്കോം
(വായിച്ചു വളര്‍ന്ന് ഒട്ടേറെ ആകുലതകളില്‍ പെട്ടുപോയ ഏതൊരാള്‍ക്കും)
കടലാസില്‍
ഏതൊരു മുയലിനെ കണ്ടാലും
മോട്ടുമുയല്‍ എന്നു തോന്നിപ്പോകുന്നത്
കുട്ടിക്കാലത്ത്
വായിച്ചു വളര്‍ന്നതിന്റെ പ്രശ്നമാണ്.
വഴി തെറ്റിപ്പോയ
എത്ര ജീവികള്‍ക്കാണ്
പേന കൊണ്ടു വരഞ്ഞ്
ഓരോരുത്തരും
കുട്ടിക്കാലത്ത്
വീട്ടിലേക്കുള്ള വഴി
കാണിച്ചു കൊടുത്തത്.
വഴി തെറ്റിപ്പോകാതിരിക്കാന്‍
എത്ര കുട്ടികളോടാണ്
മുതിര്‍ന്നവര്‍ പറഞ്ഞ്
ഓരോരുത്തരും
കൂട്ടു കൂടാതിരുന്നത്.
അവരില്‍ പലരും
പിന്നീട് പണക്കാരായി
കാറോടിച്ചു പോകുമ്പോള്‍
റോഡിന്റെ ഓരത്തേക്ക്
വഴി മാറി കൊടുക്കേണ്ടി വരുന്ന
ഇരുകാലികളില്‍
കുട്ടിക്കാലം വഴി തെറ്റാതെ
നോക്കിയവരുമുണ്ട്.
മുതിര്‍ന്നവരില്‍ പലരും
എന്തിനും മുതിരുന്നവരാണ്.
അവര്‍ക്ക് ഏതൊരു വഴിയും
പൊതുവെ ഒരു വിഷയമല്ല.
എന്നിട്ടും
അവരെന്തിനാണ്
കുട്ടികള്‍ വഴി തെറ്റുന്നതില്‍
ഇത്ര മാത്രം
വേവലാതിപ്പെടുന്നത്?
മോട്ടു മുയലും
മറ്റു ജീവികളും
പേന കൊണ്ട് നേര്‍വഴി
കാട്ടിയ വഴിയിലൂടെ അല്ലാതെ
അതിന്റെ വഴിക്കു പോകട്ടെ.
അവയെ പുലി പിടിച്ചാല്‍,
ചെന്നായ പിടിച്ചാല്‍,
മനുഷ്യന്‍ പിടിച്ചാല്‍
വായിക്കുന്ന കുട്ടിക്കെന്ത്?
-0-