2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

പപ്പായത്തണ്ടുകൊണ്ടൊരു പുല്ലാങ്കുഴല്



                          (ഈ കഥയിലെ കഥാപാത്രങ്ങളും മറ്റും തികച്ചും ഭാവനാ സ്യഷ്ടികളാണ്. ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ ആരുമായും ഈ കഥക്ക് യാതൊരു ബന്ധവുമില്ല. അഥവാ തോന്നുകയാണെങ്കില്‍ അത് തികച്ചും യാദ്യച്ഛികം മാത്രമാണ്.)
                                                                      
                                                                          1

                         ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ അപ്പുറത്തെ വീട്ടിലെ ആണ്‍കുട്ടി അവന്‍ വീട്ടിലുണ്ടെന്നറിഞ്ഞാല്‍ കാലത്തു തന്നെ ഓടി വരും. ഓലപ്പീപ്പി, ഓലപ്പന്ത്, ഓലപ്പാമ്പ്, കടലാസുതോണി, പട്ടം, ആട്ട, കടലാസുവിമാനം,ചെരുപ്പുമുറിച്ചുന്തുവണ്ടി,മച്ചിങ്ങയിലുരുളും പ്ളാവില വണ്ടി,പ്ളാവിലക്കാള അങ്ങനെ എന്തെങ്കിലുമൊക്കെ  കളിക്കാനായി അവന്‍ കുട്ടിക്ക്  ഉണ്ടാക്കി നല്കും. കവുങ്ങിന്‍ പാളയിലിരുത്തി മുറ്റം നിറയെ വലിച്ചുവലിച്ചു കൊണ്ടുപോകും. അവനെ കുട്ടിക്ക് വലിയ കാര്യം. അവന് കുട്ടിയെയും.

                       ഒരു നാള്‍ നാലഞ്ചു നാളേക്ക്  അവന്റെ മച്ചൂനിച്ചി കോളേജടച്ച കാലം വീട്ടില്‍ താമസിക്കാനെത്തി. എല്ലാദിവസവും കാലെത്തെഴുന്നേറ്റ് കുളിച്ച്, കണ്ണെഴുതി, പൊട്ടുകുത്തി പട്ടുപാവാടയണിഞ്ഞ് തുളസിപ്പൂ മുടിയില്‍ തിരുകി കാല്‍ക്കൊലുസും കിലുക്കി അവള്‍ വീടും തൊടിയും നിറയെ പൂത്തുലയും. കൂട്ടുകൂടാന്‍ കുട്ടിയും പതിവുപോലെ എത്തും.

                      ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കുട്ടിക്ക് അവളോടൊരു ചായ്വുണ്ടോ എന്ന് അവന് നേരിയ സംശയം തോന്നാന്‍ തുടങ്ങി. ഒന്നിച്ച് അതുമിതും പറഞ്ഞിരിക്കുമ്പോള്‍ അവള്‍ കുട്ടിയോട് തിരക്കി.

                     -'മോനൂട്ടന് ഞങ്ങളിലാരെയാ ഏറെയിഷ്ടം?'

                    അവന്‍ തെല്ലുപോലും ആലോചിക്കാതെ പറഞ്ഞു.

                    -'ചേച്ചിയോട്.’

                    അവള്‍ കുട്ടിയെ ചേര്‍ത്തുപിടിച്ചിട്ട് അവനോട് വമ്പുകാട്ടി.

                    - “കണ്ടോ, കണ്ടോ. ഇവനെന്നെ ഒത്തിരി ഇഷ്ടാണ്.”

                     അസൂയ അവനില്‍ തളിര്‍ത്തുപൂത്തു. മനസ്സില്‍ തോന്നിയ പേരറിയാത്ത  നോവും മുഖത്തു വന്ന വാടലും അവരെ കാണിക്കാതെ അവന്‍ എഴുന്നേറ്റ് അകത്തേക്ക് പോയി. അവരൊട്ട് അവനെ ശ്രദ്ധിച്ചതുമില്ല. അവര്‍ക്ക് അവര്‍  മാത്രം. അവന്‍ ജാലകത്തിലൂടെ ഇടക്കൊക്കെ നോക്കുമ്പോള്‍ അവര്‍ തമ്മില്‍ കളിയും ചിരിയും പാട്ടുപാടലും ആട്ടമാടലുമൊക്കെ തക്യതിയായി നടക്കുന്നു. പഠിച്ച തിരുവാതിരയും ഒപ്പനയും സംഘനൃത്തവുമെല്ലാം ഒറ്റക്ക് അവള്‍ കുട്ടിക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

                    അവന്‍ ജാലകത്തിനടുത്തു നിന്നും മാറി പുസ്തകങ്ങളിലേക്ക് മടങ്ങാന്‍ ശ്രമിക്കുമെങ്കിലും അക്ഷരങ്ങള്‍ മാഞ്ഞ്, അക്കങ്ങള്‍ മാഞ്ഞ് വായിക്കാന്‍ പറ്റുകയേയില്ല. അവരില്‍ നിന്നും മാറി നില്ക്കുമ്പോഴും എല്ലാമെല്ലാം അറിയുന്നതിനാല്‍ അവന് നെഞ്ചിന് നിയന്ത്രിക്കാന്‍ പറ്റാത്ത വിധം കനം വെച്ചു.

                     നാലഞ്ചുനാള്‍ക്കകം അവളുടെ പപ്പ വന്ന് അവളെ കൊണ്ടുപോയി. പോകാന്‍ നേരം വരട്ടെ എന്നവള്‍ ചോദിച്ചു. അവന്‍ വെറുതെ തലയാട്ടി.

                       പിറ്റേന്ന് കൈയിലൊരു പപ്പായത്തണ്ടുമായി കൂട്ടുകൂടാന്‍ കുട്ടി അവന്റെ അടുത്തേക്ക് ഓടിയെത്തി.
അതിനെ കൊണ്ട് അവന് പുല്ലാങ്കുഴലൊന്നു വേണമത്രെ!
                                                                      2
                     
                           ഇതിലെ മൂവരും ടി.വിക്ക് മുന്നിലായിരുന്നു കഥ നടന്ന കാലത്തിനു ശേഷം കുറെക്കാലം. അതിലെ വാര്‍ത്തകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും സിനിമകള്‍ക്കും സീരിയലുകള്‍ക്കും മുന്നില്‍ ഏറെ നേരം തെല്ലും ഒഴുക്കില്ലാതെ അവര്‍ കെട്ടിക്കിടന്നു.പിന്നീട് കംപ്യൂട്ടര്‍ വന്നതോടെ അവര്‍ അതിനു മുന്നിലേക്കും ചേക്കേറി. ഇന്ന് ഇതിലെ ആണ്‍കുട്ടി സുരാഗ്.കെ.ടി എന്ന പേരില്‍ നെറ്റിലെ സൌഹ്യദക്കൂട്ടായ്മയില്‍ ഏറെക്കുറെ മുഴുവന്‍ സമയവുമുണ്ട്. ഒരു സിനിമാനടിയുടെ മുഖം മറഞ്ഞു നിന്ന് കഥയിലെ അവള്‍ എന്ന കഥാപാത്രവും നിഷ അജയകുമാര്‍ എന്ന പേരില്‍ അതില്‍ തന്നെയുണ്ട്. അവളുടെ ഭര്‍ത്താവ് അജയകുമാറും വളരെ കാര്യമായി രാഷ്ട്രീയവും സാഹിത്യവും ആനുകാലിക സംഭവങ്ങളുമൊക്കെയായി സൌഹ്യദക്കൂട്ടായ്മയിലുണ്ട്. സുരാഗ്.കെ.ടിയും അജയകുമാറും നിഷ അജയകുമാറും പരസ്പരം സുഹ്യത്തുക്കളാണ്.


                            കഥയിലെ അവനും സുനില്‍ കുമാര്‍ താരകം എന്ന പേരില്‍ അതിലുണ്ട്. നിഷ അജയകുമാറിന്റെ അതിലെ ജനപ്രീതി അവന്‍ കണ്ട് ബോധ്യപ്പെട്ടതാണ്. അവള്‍ അതില്‍ എന്ത് വിഡ്ഡിത്തം എഴുതിയിട്ടാലും മൊബൈല്‍ഫോണ്‍ ക്യാമറ കൊണ്ട് എടുത്ത ഏതെങ്കിലുമൊക്കെ സ്വന്തം ഫോട്ടോ ഇട്ടാലും എവിടെ നിന്നെന്നില്ലാതെ ഉറുമ്പുകളെ പോലെ ആളുകള്‍ എത്തി ആ അഭിപ്രായത്തെ പൊതിയും. പിന്നെ ഉറുമ്പുകളുടെ ഘോഷയാത്രയായിരിക്കും. സുനില്‍കുമാര്‍ താരകം എന്ന അവന് ഉറുമ്പുകളെ ആകര്‍ഷിക്കാനുള്ള യാതൊരു കഴിവുകളുമില്ലെന്ന് അവന് അതിനോടകം തന്നെ മനസ്സിലായി കഴിഞ്ഞിരുന്നു. രാത്രി ഒന്നരക്കൊക്കെ അത്യന്തം നിരാശനും വിവശനുമായി അവന്‍ കംപ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്ത് ശബ്ദം കേള്‍പ്പിക്കാതെ ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ അടുത്തേക്ക് ചെന്ന് നേരത്തെ തന്നെ വന്ന് കിടന്നെന്നു വരുത്താനായി തൊടാതെ ഒരരികു പറ്റി പുറം തിരിഞ്ഞ് കിടക്കും. താന്‍ എഴുതുന്നതൊന്നും ആര്‍ക്കുമാര്‍ക്കും വേണ്ടല്ലോ എന്ന നിരാശ ഉറക്കം വരും വരെ ചിന്തിച്ചു തീര്‍ക്കും. ചില ദിവസങ്ങളില്‍ അവനെ ഭാര്യ ഉറക്കത്തില്‍ നിന്നും ഞെട്ടി വഴക്കു പറയാറുമുണ്ട്. കുറെ നേരം നീണ്ടു നില്ക്കുന്ന കശപിശക്കു ശേഷമായിരിക്കും പിന്നീട് അവരിരുവരുടെയും ഉറക്കം. വഴക്ക് ഏതാണ്ട് തീര്‍ന്നെന്ന് തോന്നുമ്പോള്‍ അവളെ തന്റെ വരുതിയിലാക്കാന്‍ അവന്‍ ചിലപ്പോഴൊക്കെ അവളോട് പറയും.

                          - “രേഷ്മ സുനില്‍കുമാര്‍ എന്നൊരു പെട്ടിക്കട നെറ്റിലെ സൌഹ്യദക്കൂട്ടായ്മയില്‍ നിനക്കും തുടങ്ങാവുന്നതേയുള്ളു.”
 16ഏതാണ്ട് നിര്‍ത്തിയ വഴക്ക് കൈമുട്ടു കൊണ്ട് അവനെ ഇടിച്ചു കൊണ്ട് അവള്‍ ഒരു ചീറ്റലോടെ വീണ്ടും തുടങ്ങും.

                            - “നാട്ടില്‍ ഒരു പൂച്ചയുമായും ബന്ധമില്ലാത്ത ആള് നെറ്റിലുണ്ടാക്കുന്ന സൌഹ്യദങ്ങള്‍ തന്നെ ഈ വീട്ടില്‍ ധാരാളം. ഇനി എന്റെ ഒരു പെട്ടിക്കടയുടെ കുറവേ അതിലുള്ളു. കിടന്നുറങ്ങാന്‍ നോക്ക് മനുഷ്യാ.”    
  

                              അത്തരമൊരു പുറം തിരിഞ്ഞുള്ള കിടപ്പിലാണ് ആനീസ് ട്രീസ എന്ന പേര് അവനിലേക്ക് ഓടിയെത്തിയത്. പിറ്റേന്നു കാലത്തു തന്നെ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ മുഖത്തോടെയുള്ള ഫേക്ക് ഐ.ഡിയില്‍ ആനീസ് ട്രീസയായി അവന്‍ മാറി. ആനീസ് ട്രീസ സുനില്‍ കമാര്‍ താരകത്തിന്റെ സുഹ്യത്താണ്. അജയകുമാറും നിഷ അജയകുമാറുമെല്ലാം ആനീസ് ട്രീസയുടെ സുഹ്യത്തുക്കളാണ്. ആനീസ് ട്രീസക്കും എന്ത് എഴുതിയിട്ടാലും ഉറുമ്പു പൊതിയും വിധം സൌഹ്യദങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആനീസ് ട്രീസ എന്ന സുനില്‍കുമാര്‍ താരകം ഏറെക്കുറെ ഇന്ന് സന്തോഷവാനാണ്. ആളുകളെ പറ്റിക്കുന്നതിലെ സന്തോഷവും സംത്യപ്തിയും അവനെ സംബന്ധിച്ച് ഇന്ന് ഒന്നു വേറെ തന്നെയാണ്.    

                             ആനീസ് ട്രീസ എന്ന സുനില്‍കുമാര്‍ താരകം സുരാഗ്.കെ.ടിയെ  അതില്‍ കണ്ടാലും കണ്ടതായി നടിക്കാറില്ല. ഒരു പെണ്ണായി പിറന്നാല്‍ മതിയായിരുന്നു എന്ന് ജീവിതത്തില്‍ ആദ്യമായി തോന്നിപ്പോയതിന് അവന്  ഇപ്പോഴും സുരാഗ്.കെ.ടിയോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നീരസമുണ്ട്. അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിലാണെങ്കില്‍ തന്നെയും നേരില്‍ കണ്ടാല്‍ എന്തെങ്കിലുമൊക്കെ തമ്മില്‍ തമ്മില്‍ പറയുമെന്നല്ലാതെ ഇനിയുള്ള കാലം അവര്‍ തമ്മില്‍ സൌഹ്യദങ്ങള്‍ നെറ്റിലും നാട്ടിലും ഉണ്ടാകുമോ എന്ന് പറയാന്‍ അവന്റെ ഇന്നത്തെ മാനോനില വെച്ച് പറയാന്‍ വലിയ പ്രയാസവുമാണ്.    

                             പപ്പായത്തണ്ടു കൊണ്ട് ഒരു പുല്ലാങ്കുഴല്‍ എന്തിന് സുനില്‍കുമാര്‍ താരകം എന്ന ആണൊരുവന്‍ മറ്റൊരു ആണായ സുരാഗ്.കെ.ടിക്ക് തന്നെത്തന്നെ സങ്കടപ്പെടുത്താനായി വെറുതെ ഉണ്ടാക്കി നല്കണം എന്നു തന്നെയാണ് അന്നു മുതല്‍ ഇന്നു വരെ അവന്റെ ചിന്ത.

                                                                       -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ