2011, ജൂലൈ 13, ബുധനാഴ്‌ച

അപഥസഞ്ചാരങ്ങള്‍

അരുണ്‍കുമാര്‍ പൂക്കോം
                 
                 
                   മകളുടെ കൈയും പിടിച്ച് മുറ്റത്തേക്കിറങ്ങുമ്പോള്‍ ഒന്നാം ക്ളാസിലേക്ക് ആദ്യമായി പോയ ദിവസത്തെ പോലെയൊന്നും അവള്‍ കരയാത്തതെന്തെന്ന് നാരായണന്‍ മാഷ് ആലോചിക്കാതിരുന്നില്ല. തന്നെ കണ്ടപ്പോള്‍ അവള്‍ ഒന്നു വിതുമ്പുക പോലും ചെയ്തില്ല. ഇളക്കമില്ലാത്ത കായല്‍ കണക്ക് വെറുതെ തെല്ലു നേരം ഇമ വെട്ടാതെ നോക്കി. അത്രതന്നെ. അവളുടെ കണ്ണുകളിലെ നിര്‍വ്വികാരത മാഷെ തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്.
               
                   വലിയ ഗെയിറ്റും കടന്ന് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ ആശ്വാസമെന്നോണം ഒരു ഓട്ടോ എതിരെ വന്നു.മകളെ മുതുകില്‍ ചേര്‍ത്തു പിടിച്ച് ഓട്ടോയില്‍ കയറ്റുന്നതിനിടയില്‍ മാഷ് ഇടറിയ ശബ്ദത്തോടെ പറഞ്ഞു.

                   -ടാക്സി സ്റാന്റ്.

                    മാഷുടെ ശബ്ദത്തിലെ ഇടര്‍ച്ച തിരിച്ചറിഞ്ഞ് മുന്നിലെ കണ്ണാടിയോട് ഡ്രൈവര്‍ ചോദിച്ചു.

                   -എന്താ, എന്തുപറ്റി?

                   മാഷ് ഒന്നുമില്ലെന്ന് കൈ കൊണ്ട് ചോദ്യങ്ങള്‍ നിരുത്സാഹപ്പെടുത്തുന്ന വിധം ആംഗ്യം കാട്ടി. ഓട്ടോ ഓടിക്കുന്നതിനിടയിലും  ഡ്രൈവര്‍ സംശയത്തോടെ ഇടക്കിടെ പിന്‍സീറ്റിലെ കാഴ്ചകള്‍ക്കായി കണ്ണാടിയില്‍ നോക്കിക്കൊണ്ടിരുന്നു. കണ്ണാടിയില്‍ ഡ്രൈവറുമായി കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ ഇനിയുള്ള നാളുകളില്‍ അത്തരം സംശയങ്ങളെ ഒട്ടനവധി തീര്‍ത്തു കൊടുക്കേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചുകൊണ്ട് മാഷ് മകള്‍ക്കു നേരെ തെല്ലൊന്ന് മുഖം തിരിച്ചു. പുറത്തേക്കു വെറുതെ എന്ന വണ്ണം നോക്കിയിരിക്കുന്ന അവളുടെ ഇടത്തെ കണ്ണിന്റെ വെള്ള മാത്രമേ മാഷ് കണ്ടുള്ളു. അത് ഒന്നും എഴുതാത്ത കടലാസ് പോലെ വരണ്ടിരുന്നു.

                   ടൌണില്‍ നിന്നും വീട്ടിലേക്ക് ടാക്സി പിടിച്ചു. ഓട്ടോറിക്ഷക്കാരനുണ്ടായിരുന്നതു പോലുള്ള സംശയങ്ങള്‍ യാതൊന്നും തോന്നാത്ത ടാക്സിക്കാരന്റെ പെരുമാറ്റം യാത്രയില്‍ തെല്ലൊന്നുമല്ല ആശ്വാസമായത്. ഇടക്കെപ്പോഴോ റോഡിലെ കുഴികളെ പറ്റിയും ട്രാഫിക് നിയമം തെറ്റിച്ച് ഇടതു ഭാഗത്തു കൂടെ അതിവേഗം ഓവര്‍ടേക്ക് ചെയ്ത മീശ മുളക്കാത്ത പയ്യനെ പറ്റിയും എന്തോ പറഞ്ഞെന്നല്ലാതെ അയാള്‍ യാത്രയിലുടനീളം നിശ്ശബ്ദനായിരുന്നു.               

                    അതിനോടകം അവളുടെ ശരീരത്തിന്റെ ഭാഷ അച്ഛന്റെ ചിറകിന് അടിയിലേക്ക് മാറിയതിന്റെ   മാറ്റങ്ങളും കാണിക്കാന്‍ തുടങ്ങിയിരുന്നു. തെല്ലു നേരം മുമ്പൊക്കെ അവള്‍ കൂട്ടില്‍ നിന്നും പുറത്തേക്ക് എറിയപ്പെട്ട ഒരു പക്ഷിക്കുഞ്ഞിനെ പോലെ നിരാലംബയായിരുന്നു. അവളെ തൊട്ടിരിക്കുമ്പോള്‍ മാഷത് തിരിച്ചറിയുകയും ചെയ്തു. കാര്‍ ഡ്രൈവര്‍ക്ക് സംശയങ്ങള്‍ തോന്നാതിരിക്കാന്‍ ചേര്‍ത്തു പിടിക്കുന്നത് വേണ്ടെന്ന് അവരിരുവരും പരസ്പരം പറഞ്ഞില്ലെങ്കില്‍ പോലും അദ്യശ്യമായ ആശയവിനിമയത്തിലൂടെ തീരുമാനിച്ചിരുന്നു.

                   വീട്ടുമുറ്റത്ത് കാര്‍ വന്നു നില്ക്കുമ്പോള്‍ മാഷുടെ ഭാര്യ കുളിമുറിയില്‍ ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടിയുടെ മണം കഴുകിക്കളയുകയായിരുന്നു. പൈപ്പ് നന്നായി തുറന്നിട്ടിരുന്നതിനാലും മൂളിപ്പാട്ട് പാടുന്നതിനാലും ടി.വി ശബ്ദത്തോടെ വെച്ചിരുന്നതിനാലും കാറ് വന്നുപോയതോ അതിനെ ഇഷ്ടപ്പെടാഞ്ഞ് നായ കുരക്കുന്നതോ മാഷുടെ ഉറക്കെയുള്ള ഒന്നുരണ്ടു വിളികളോ അവര്‍ കേട്ടതില്ല. ഒടുവില്‍ കേട്ടപ്പോള്‍ അവര്‍ വിളിച്ചു ചോദിച്ചു.

                  -ഇതെന്താ ഇത്ര നേരത്തെ? ഇന്ന് സ്ക്കൂളില്ലേ?

                   -നീയൊന്ന് വേഗം വാതില്‍ തുറക്ക്.

                   മാഷ് അക്ഷമയോടെ വിളിച്ചു പറഞ്ഞു.

                   -ഞാന്‍ കുളിക്കുകയാണ്. അല്പനേരം അവിടെയിരിക്ക്.

                    അതു കേട്ടതും മാഷുടെ ശ്രമപ്പെട്ട് ഉണ്ടാക്കിയ ക്ഷമ നശിച്ചു. മാഷ് ഒച്ചയുയര്‍ത്തി കയര്‍ത്തു.

                  -നിന്നോട് പറഞ്ഞതു കേട്ടില്ലേ?

                   താന്‍ ഒച്ചയുയര്‍ത്തിയത് മകളെ വിഷമിപ്പിച്ചു കാണുമോ എന്ന് ഉടനെ സംശയം തോന്നുകയും അവളെ ദയനീയമായി നോക്കുകയും ചെയ്തു. പിന്നില്‍ നില്ക്കുകയായിരുന്ന അവള്‍ അച്ഛനുമായി ഇടഞ്ഞ കണ്ണുകള്‍ മെല്ലെ മുറ്റത്തെ പട്ടിക്കൂട്ടിലേക്ക് മാറ്റിക്കളഞ്ഞു. അപ്പോള്‍ നായ കുര നിര്‍ത്തി അവരോട് വാലാട്ടിക്കൊണ്ടു നില്ക്കുകയായിരുന്നു. അതിന് തന്നോടുള്ള സ്നേഹം കണ്ടപ്പോള്‍ അവളുടെ മനസ്സിന് തെല്ലൊന്ന് ആശ്വാസമായി.    

                   താന്‍ കേട്ടത് തന്റെ ഭര്‍ത്താവിന്റെ ശബ്ദം തന്നെയോ എന്ന സംശയമാണ് മാഷുടെ ഭാര്യക്ക് ആദ്യം ഉണ്ടായത്. അനാവശ്യത്തിന് പോയിട്ട് ആവശ്യത്തിനു പോലും ദേഷ്യം പിടിക്കാത്ത പ്രക്യതമാണ്്. അവര്‍ കുളി പകുതിക്കിട്ട് വസ്ത്രം മാറി വേഗം തന്നെ വന്ന് വാതില്‍ തുറന്നു. വിവശനായ മാഷെയും കൂടെ മകളെയും കണ്ട് ഒരു നിമിഷം തരിച്ചിരുന്നു. പിന്നെ, മാഷ്ക്ക് തടയാന്‍ കഴിയുന്നതിന് മുമ്പേ അവര്‍ നിലവിളിച്ചു കൊണ്ട് മകളെ കെട്ടിപ്പിടിച്ചു.


                   അയല്‍ക്കാരൊക്കെ നിലവിളി കേട്ട് ഓടി വരുന്നത് കണ്ടപ്പോള്‍ മാഷ് മകളെ നെഞ്ചോട് ചേര്‍ത്ത് അകത്തേക്ക് കൂട്ടി കൊണ്ടുപോയി. മാഷുടെ ഭാര്യ നിലവിളിയുടെ ഭാഗമെന്നോണം എന്തൊക്കെയോ കൈ കൊണ്ടും മറ്റും മാഷോട് ചോദിച്ചു കൊണ്ട് പിന്നാലെ ചെന്നു. മാഷ് മകളെ പിടിച്ചു കൊണ്ടു നടക്കുന്നതിനിടയില്‍ തിരിഞ്ഞു നോക്കി കൊണ്ട് അവരെ പതിയെ ശാസിച്ചു.

                  -ബഹളം വെക്കല്ലേ. ബഹളം വെക്കല്ലേ.

                  തന്റെ സ്വന്തം മുറിയും കട്ടിലും കണ്ടപ്പോള്‍ മകള്‍ കട്ടിലിലേക്ക് വീണു. പരിഭ്രമത്തോടെ മാഷുടെ ഭാര്യ അവളുടെ പുറം തടവിക്കൊടുക്കാന്‍ തുടങ്ങി. മാഷ് അയല്‍ക്കാരുടെ ചോദ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ഓടി വന്ന സ്ത്രീകള്‍ അതിനോടകം അകത്തേക്ക് കയറിപ്പോയിരുന്നു.                

                  എല്ലാവരും പോയപ്പോള്‍ മാഷോട് ഭാര്യ സ്വകാര്യം ചോദിച്ചു.

                   -അവളെന്തേലും പറഞ്ഞോ?

                   മാഷ് ഇല്ലെന്നു തലയാട്ടി.

                  -അവള്‍ എന്നോടും ഒന്നും പറഞ്ഞില്ല.

                   മാഷ് അകത്തു ചെന്നു അവള്‍ കാണാതെ അവളുടെ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടു വന്ന് അതിലെ മെസേജുകളും കോളുകളും പരിശോധിച്ചു. ഇപ്പോഴുള്ള പല ദാമ്പത്യബന്ധങ്ങളും തകര്‍ന്നു പോകുന്നത് മൊബൈല്‍ ഫോണിന്റെ യാതൊരു നിയന്ത്രണവുമില്ലാത്ത ഉപയോഗം കൊണ്ടാണെന്ന് മാഷ് കഴിഞ്ഞ ലക്കം ഒരു ആഴ്ചപ്പതിപ്പില്‍ എഴുതിയിട്ട് തിരിഞ്ഞു നില്ക്കുമ്പോഴേക്കും തനിക്കും അത്തരമൊരു വിധി വന്നല്ലോ എന്ന് തന്നെ തന്നെ ശപിച്ചു. പക്ഷേ, അതില്‍ സംശയിക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല. അതിലെ അവസാനത്തെ കോള്‍ അവിടെ ചെന്ന് വിളിച്ചു കൊണ്ടുപോരാന്‍ അവള്‍ അന്നു കാലത്ത് തന്നെ വിളിച്ചതാണെന്ന് മാഷ് കണ്ടു.

                   മകള്‍ക്ക് പഠനത്തില്‍ മാത്രമായിരുന്നുവല്ലോ ശ്രദ്ധ എന്ന് മാഷ് ആശ്വസിച്ചു. എം.ബി.എയില്‍ യൂനിവേഴ്സിറ്റി റാങ്ക് ഹോള്‍ഡര്‍ ആയിരുന്നുവല്ലോ അവള്‍. അവള്‍ക്ക് ലഭിച്ച ഭര്‍ത്താവും അവളുടെ വിദ്യാഭ്യാസത്തിന് പറ്റിയ ആള്‍ തന്നെ. അവളുടെ ഭര്‍ത്താവ് മറുനാട്ടില്‍ എഞ്ചിനീയറായിരുന്നു. നീണ്ടു വെളുത്ത് സുമുഖനായ നല്ല പെരുമാറ്റക്കാരന്‍. എന്നിട്ടും അവര്‍ തമ്മില്‍ എന്താണ് സ്വരച്ചേര്‍ച്ചയില്ലായ്മ എന്ന് മാഷക്ക്  ഒരു എത്തും പിടിയും കിട്ടിയില്ല. വിരുന്നിനും മറ്റുമായി വീട്ടിലേക്ക് വന്നപ്പോള്‍ രണ്ടുപേരും നല്ല സന്തോഷത്തിലുമായിരുന്നു. അങ്ങോട്ട് ചെന്നപ്പോഴും നല്ല സ്വീകരണമായിരുന്നു. മകളുടെ ഭര്‍ത്താവിന്റെ അമ്മ മാഷക്ക് പ്രമേഹമായതിനാല്‍ പഞ്ചസാരയിടാത്ത ചായ നല്കാന്‍ ശുഷ്കാന്തി കാണിച്ചു. വല്ല സൌന്ദര്യപ്പിണക്കവുമാണെങ്കില്‍ എല്ലാം ആറിത്തണുത്താല്‍ രണ്ടുപേരെയും ഒരുമിപ്പിക്കാം എന്ന് മാഷ് മനസ്സില്‍ കണ്ടു. അത്തരമൊരു സാഹചര്യത്തെ കണ്ട് അവളെ കൂട്ടിക്കൊണ്ടു പോരുമ്പോള്‍ അവിടെയുള്ള ആരോടും തന്നെ കടുപ്പിച്ചോ സങ്കടപ്പെട്ടോ എന്തെങ്കിലും പറയാന്‍ മാഷ് നിന്നതുമില്ല. ഇരുവരും വഴക്കു കൂടിയതു കൊണ്ടോ എന്തോ മകളുടെ ഭര്‍ത്താവ് അകത്തെ മുറിയില്‍ നിന്നും പുറത്തേക്ക് വന്നതുമില്ല. മാഷ് കാണണമെന്ന് പറഞ്ഞതുമില്ല.

                   അന്ന് രാത്രി മാഷുടെ ഭാര്യ മകള്‍ക്ക് കൂട്ടു കിടന്നു. ഒറ്റക്ക് മുറിയില്‍ കിടക്കവേ മാഷ് തന്റെ ദാമ്പത്യം ഓര്‍ത്തെടുത്തു. നാട്ടിലെ ഹെല്‍ത്ത് സെന്ററില്‍ നഴ്സായി വന്ന ദൂരനാട്ടുകാരിയെ മാഷ് ആദ്യമായി കാണുന്നത് ടെറ്റ്നസ്സിന് ഇഞ്ചെക്ഷന്‍ എടുക്കാന്‍ പോയപ്പോഴാണ്. ഓഫീസിലക്ക് പോകും വഴിക്ക് റബ്ബര്‍ ചെരുപ്പ് തുളച്ചു കയറിയാണ് ശീലക്കുട പോലെയുള്ള ആണി കൊണ്ട് കാലു തെല്ല് ആഴത്തില്‍ മുറിഞ്ഞത്. ഡോക്ടര്‍ എഴുതിത്തന്ന മരുന്നുചീട്ട് വാങ്ങി അകത്തേക്ക് പോയത് വളരെ പ്രായമുള്ള നഴ്സായിരുന്നു. തിരിച്ച് ഇഞ്ചക്ഷന്‍ സിറിഞ്ചുമായി വന്ന അരയന്നത്തെ കണ്ട് തൊടിയിലെ തുമ്പപ്പൂക്കളെ മാഷ് ഓര്‍ത്തു പോയി. അവര്‍ ചിരിച്ചെങ്കിലും മാഷക്ക് ചിരിക്കാനായില്ല. സൂചി തുളച്ചുകയറിയപ്പോള്‍ മാഷ് വേദന കൊണ്ട് അറിയാതെ ശബ്ദമുണ്ടാക്കി. പഞ്ഞി കൊണ്ട് സൂചി വെച്ചിടം തടവുമ്പോള്‍ അവര്‍ മെല്ലെ ചിരിച്ചു കൊണ്ട് ചോദിച്ചു.

                  -എന്താത് കൊച്ചു കുട്ടികളെ പോലെ?                            

                   പിറ്റേന്ന് കാലത്ത് മകള്‍ അലമാരയില്‍ നിന്നും അവളുടെ വസ്ത്രങ്ങളൊക്കെ എടുത്ത് പോയി നന്നായി കുളിച്ച് ഒന്നുമൊന്നും സംഭവിക്കാത്ത പോലെ അവളുടെ കംപ്യൂട്ടര്‍ തുറന്നു. ഇന്റര്‍നെറ്റില്‍ വിക്കിപീഡിയയില്‍ അവള്‍ക്കറിയാവുന്നവ തുന്നിച്ചേര്‍ക്കാന്‍ തുടങ്ങി. കല്യാണത്തിന് മുമ്പ് അവളുടെ ഹോബിയായിരുന്നു അത്. അതു കണ്ട് മാഷക്ക് തെല്ല് ആശ്വാസമായി. ഇന്നലെ മുഴുവന്‍ ഒറ്റ കിടപ്പായിരുന്ന മകള്‍ പഴയതു പോലെ പെരുമാറാന്‍ തുടങ്ങിയല്ലോ എന്ന് മാഷ് മനസ്സില്‍ കരുതി. മാഷ് മുറിയിലേക്ക് ചെന്ന് അവള്‍ക്കടുത്തായി ഒരു കസേര നീക്കിയിട്ടിരുന്നു.

                  -എന്താ മോളേ ഉണ്ടായേ?

                   മാഷ് നയത്തില്‍ ചോദിച്ചു.

                  -പറയാന്‍ പാടില്ലാത്തതു വല്ലതുമാണെങ്കില്‍ പറയണ്ട.   

                  അവള്‍ ഒന്നും പറഞ്ഞില്ല.

                  -ആളുകള്‍ അതുമിതും പറയാന്‍ തുടങ്ങിയത്രെ. എന്റെ ഒരു


                   ഫ്രണ്ട് വിളിച്ചു പറഞ്ഞത്.

                  മാഷ് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. അവള്‍ അപ്പോഴും ഒന്നും പറഞ്ഞില്ല. മകളോട് പറയാന്‍ പാടില്ലാത്തതിനെ മാഷ് സംഗ്രഹിച്ചു.

                   -എന്താണ് പറ്റിയത് എന്നു പറഞ്ഞാല്‍ ആളുകള്‍ അതുമിതും അപവാദം പറയുന്നത് ഒഴിവാക്കാം.

                  വന്ന മാഷുടെ ഭാര്യയും അതു ശരി വെച്ചു.

                    അവള്‍ കീ ബോര്‍ഡില്‍ അനായാസം വിരലുകള്‍ ചലിപ്പിക്കുന്നതിനിടയില്‍ മെല്ലെ പറഞ്ഞു.

                  -ബന്ധം വിടുന്ന ഏതൊരു പെണ്ണും മറ്റുള്ളവര്‍ക്ക് പുതുകഥകളും പുതുവിവരങ്ങളും ചേര്‍ക്കാനുള്ളതാണ്. ചിലത് എരിവും പുളിയും കൂടും. അതൊക്കെ ഓരോരുത്തരുടെ താല്പര്യം പോലിരിക്കും.അതില്‍ വലിയ കാര്യമൊന്നുമില്ലച്ഛാ.

                  -മോളെ, എന്നാലും.. 

                   അവള്‍ മോണിറ്ററില്‍ നോക്കിക്കൊണ്ട് പറഞ്ഞു.

                   -ചിലത് മറ്റു ചിലര്‍ എടുത്തു കളയും. ചിലര്‍ കൂട്ടിച്ചേര്‍ക്കും. വിപുലീകരിച്ചു കൊണ്ടിരിക്കും. ഒരു സ്വതന്ത്രകൂട്ടായ്മ.

                   മാഷും ഭാര്യയും എന്തെന്നറിയാതെ പരസ്പരം നോക്കി.
മാഷുടെ ഭാര്യ ചോദിച്ചു.

                   -നിങ്ങള്‍ തമ്മില്‍ വലിയ ഇഷ്ടായിരുന്നല്ലോ?

                   അവള്‍ മെല്ലെ അതെ എന്ന് തലയാട്ടി. പിന്നെ മൌസില്‍ കൈയെത്തിച്ച് പറഞ്ഞു.

                   -അയാള്‍ നിങ്ങള്‍ കരുതുന്നതു പോലെയുള്ള ആളേ അല്ല.

                  മാഷ് ചെറുക്കനെ പറ്റി സുഹ്യത്തുക്കളോടൊക്കെ അന്വേഷിച്ചു തന്നെയായിരുന്നു അവന് അവളെ കല്യാണം കഴിച്ചു കൊടുത്തത്. എന്തുകൊണ്ടും നല്ലതാണെന്ന് എല്ലാവരും പറഞ്ഞു.

                  -എന്താ മോളേ നീയീ പറയുന്നത്?

                  മാഷുടെ ശബ്ദം വിറ പൂണ്ടു.

                   അന്തിച്ചു നില്ക്കുന്ന മാഷോട് വെളിയില്‍ പോകാന്‍ മാഷുടെ ഭാര്യ പറഞ്ഞു. മാഷ് പുറത്തു പോയപ്പോള്‍ അവര്‍ മകളോട് സ്വകാര്യമായി ചോദിച്ചു.

                 -എന്തേ ഉണ്ടായേ?

                  അവള്‍ അലക്ഷ്യമായി മോണിറ്ററില്‍ കഴ്സര്‍ ഓടിച്ചു കൊണ്ട് പറഞ്ഞു.

                 -ഹണിമൂണിന് പോയിടത്ത് ഹോട്ടലിലെ റൂമില്‍ കണ്ണാടി മേല്‍ വിരല്‍ വെച്ചു നോക്കുമ്പോള്‍ അപ്പടി ററൂ വേ ഗ്ളാസ്. ബാത്ത്റൂമില്‍ മൊബൈല്‍ ഫോണ്‍ മിണ്ടുന്നതേയില്ല.

                  -അതിനെന്താ മോളേ?

                  അമ്മ വെറും പൊട്ടത്തിയാണല്ലോ എന്ന ഭാവത്തില്‍ അവള്‍ അവരെ നോക്കി. പിന്നെ പറഞ്ഞു.

                   - നിറയെ ക്യാമറകള്‍. അപ്പുറത്തു നിന്നും നാമറിയാതെ നോക്കാവുന്ന കണ്ണാടികള്‍.

                   -എന്റീശ്വരാ

                   അവള്‍ അലക്ഷ്യമായി പറഞ്ഞു.

                  -ഞാന്‍ അവനോട് ചെന്നു പറഞ്ഞു. വലിയ ഹോട്ടലായാല്‍ അങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ലവലേശം നാണമില്ലാതെ അവന്‍ പറഞ്ഞു. ഹോട്ടലിലെ മാനേജറും അവനും വളരെ ക്ളോസ് ഫ്രണ്ട്സാണെന്ന് ഹോട്ടലില്‍ കയറിയപ്പോഴേ മനസ്സിലായതാണ്. 

                   ഒളിഞ്ഞു കേള്‍ക്കുന്നത് മോശമാണെന്ന ആത്മനിന്ദയോടെ ആയിരുന്നെങ്കിലും ചുമരോട് ചേര്‍ന്ന് ചെവി വട്ടം പിടിച്ച മാഷ് അവിടെ നിന്നും മുറിയിലെ ഈസിച്ചെയറിലേക്ക് ഇടിഞ്ഞ മനസ്സിനെ ചായ്ച്ചു കിടത്തി. രണ്ടാഴ്ച മുമ്പ് സ്ക്കൂളിലെ ഏഴാം ക്ളാസിലെ ആണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ അവരുടെ ബാഗില്‍ നിന്നും ഹെഡ്മാഷ് പിടിച്ചെടുത്തത് ഓര്‍ത്തു. അന്നു വൈകിട്ട് സ്ക്കൂള്‍ വിട്ട് ബസ്സ്റ്റോപ്പിലേക്ക് ഒന്നിച്ച് നടക്കുമ്പോള്‍ ഹെഡ്മാഷ് പറഞ്ഞു.

                   -പുറത്തറിഞ്ഞ് കുട്ട്യോള് കുറഞ്ഞ് ഡിവിഷന്‍ ഫോള് വരണ്ടാന്ന് കരുതീട്ടാ മൂടിവെക്കാന്‍ സ്റാഫ് മീറ്റിംഗില്‍ പറഞ്ഞത്. പെണ്‍കുട്ടികളുടെ ലാട്രിനായിരുന്നു മൊത്തം.   

                   അത്തരമൊന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ ചിലരില്‍ കണ്ടേക്കാവുന്ന ഉത്സാഹക്കൂടുതല്‍ മീറ്റിംഗില്‍ ചില അദ്ധ്യാപകരില്‍ കണ്ടതു കൊണ്ടുതന്നെ മാഷുടെ മനസ്സ് വിഷമിച്ചു നില്ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ  വിശദമായൊന്നും തിരക്കിയില്ല. വീണ്ടും അത് ഹെഡ്മാഷുമായി ചര്‍ച്ചക്ക് എടുക്കാന്‍ മാഷ് ഇഷ്ടപ്പെട്ടുമില്ല. അദ്ദേഹത്തിന്റെ പെന്‍ഷന്‍ പേപ്പറുകള്‍ പൂരിപ്പിച്ച് എത്രയും പെട്ടെന്ന് അയച്ചു കൊടുക്കാന്‍  പറഞ്ഞ് വിഷയം മാറ്റുകയും ചെയ്തു.


                   മാഷുടെ മൊബൈല്‍ ഫോണിലെ ഡയല്‍ ടോണ്‍ ഓര്‍മ്മയെ മുറിച്ചു. ഈസിച്ചെയറില്‍ നിന്നും കൈയെത്തിച്ച് അതെടുത്തപ്പോള്‍ ആരോ ഒരാള്‍ അങ്ങേത്തലക്കു നിന്നും പരിഹാസച്ചുവയോടെ പറഞ്ഞു.

                  -മല്ലു ഹോട്ട് - ആമ്പല്‍ പെണ്‍കൊടി എന്നൊന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്തു നോക്കിക്കേ മാഷേ. ഇതിനോടകം പതിനാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി എട്ട് വ്യൂവേഴ്സ് കണ്ടുകഴിഞ്ഞു. ഉടനെ സെര്‍ച്ച് ചെയ്താല്‍ മാഷക്ക് തൊട്ടടുത്ത നമ്പറാകാം.


                   പെട്ടെന്ന് മറുപുറത്ത് ഫോണ്‍ കട്ടു ചെയ്തു കളഞ്ഞു. പരിഭ്രാന്തിയോടെ തിരിച്ചു വിളിച്ചപ്പോള്‍ ഫോണെടുത്തയാള്‍ അതൊരു കോയിന്‍ ബോക്സാണെന്നും ആരാണ് തൊട്ടു മുമ്പ് വിളിച്ചതെന്ന് ശ്രദ്ധിച്ചില്ലെന്നുമാണ് പറഞ്ഞത്. 

                   അന്നു രാത്രി മാഷ് മുറ്റത്തു കൂടെ പലതും ആലോചിച്ച് വേവലാതിപ്പെട്ട് നടക്കവേ  ഒരു  എലി കേബിള്‍ വയറിലൂടെ ശബ്ദം കേള്‍പ്പിക്കാതെ ഓടി വന്ന് തട്ടിന്‍പുറത്തേക്ക് കയറുന്നത് കണ്ടു. ഓരോ വീട്ടിലെയും രഹസ്യങ്ങള്‍ എലികളാണ് ചോര്‍ത്തി പരസ്യപ്പെടുത്തിക്കളയുന്നത് എന്ന് അപ്പോള്‍ മാഷിന് തോന്നി. കേബിള്‍ വയറുകളും ഇലക്ടിക് വയറുകളും എല്ലാ വീടുകളെയും മറ്റ് കെട്ടിടങ്ങളെയും തമ്മില്‍ കൂട്ടി വരക്കുന്നവയാണെന്നും അതൊരു സഞ്ചാരമാര്‍ഗ്ഗമാണെന്നും ഉള്ളതിനെ കുറിച്ച് മാഷ് അപ്പോഴാണ് ചിന്തിച്ചത്.

                    അനന്തരം മാഷ് ചുട്ട കപ്പ കോര്‍ത്ത് വയറും പിളര്‍ത്തി എലിപ്പെട്ടി വെക്കുന്നതിനെ കുറിച്ചാലോചിച്ചു. ഉടനെ തന്നെ മറിച്ചും ആലോചിച്ചു.

                    -എലികള്‍ പാവം. അവക്ക് കണ്ണുകള്‍ കൊണ്ട് കാണാനാവാത്ത വലക്കണ്ണികളിലൂടെ ഓടാനാവില്ലല്ലോ.   

                                                            

                                                                        -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ