2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ഇലയും പൂവും - ഒരു കാല്‍പനികകവിതാപുസ്തകം.


 


(പൂവുകളെ പറ്റിയും പൂമ്പാറ്റകളെ പറ്റിയുമൊക്കെ കവിതകള്‍ എഴുതുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള കവികള്‍ക്ക്)

 

വീട്ടുകാരന്‍ അന്നും അടുത്തേക്ക് വരുന്നത് കണ്ട് പേടിയാല്‍ ചെടിയുടെ അടിവയറ്റില്‍ നിന്നും മിന്നല്‍ പോലെ എന്തോ മേല്പോട്ടേക്ക്‌ ഓടിക്കയറി. വീട്ടുകാരന് ചെടിയുടെ അടുത്തു വന്നുനിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോഴൊക്കെയും  ഇലകളുടെ അറ്റം നുള്ളുന്ന സ്വഭാവമാണ്.  ചെടിക്ക് അതിനാല്‍ തന്നെ വീട്ടുകാരനെ തെല്ലും ഇഷ്ടമായിരുന്നില്ല.

വീട്ടുകാരന്‍ പൂവുകളെ പറ്റിയും പൂമ്പാറ്റകളെ പറ്റിയുമൊക്കെ കവിതകള്‍ എഴുതുന്ന മനുഷ്യനായിരുന്നു.

മൊബൈല്‍ ഫോണില്‍ വീട്ടുകാരന്‍ പറയുന്നത് കേട്ടു. പറയുന്നതിന്റെ ഒന്നിച്ച് താന്‍ പറയുന്നത് വീട്ടുകാരന്‍ തന്നെ ചിരിച്ചു കൊണ്ട് ആസ്വദിക്കുന്നുമുണ്ടായിരുന്നു.  

-ആത്മകഥയോ? ഏയ് ഇപ്പോഴൊന്നുമില്ല. എനിക്കത്ര വയസ്സൊന്നും ആയില്ലെന്നേ. അല്ലേലും പുഴുങ്ങിയ മുട്ടയല്ലേ ആത്മകഥ. അനുഭവങ്ങളെ വെള്ളത്തില്‍ ഇട്ടു ചൂടാക്കി ഇങ്ങോട്ട് എടുക്കലല്ലേ. മുട്ട കൊണ്ട് ആത്മാനുഭവങ്ങളുടെ എരിവും ഉപ്പുമൊക്കെ ചേര്‍ത്ത് കവിതയില്‍ ഓംലെറ്റും ബുള്‍സ്ഐയുമൊക്കെ ഉണ്ടാക്കുന്നതാ എനിക്കിഷ്ടം.

ഇന്നേവരെ അടുക്കളയില്‍ കയറാത്ത മനുഷ്യനാണ് ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒന്നൊക്കെ തന്നെയെങ്കിലും മുട്ട പുഴുങ്ങുന്നതിനെ പറ്റിയൊക്കെ പറയുന്നത്!  അത് പറയുന്നതിനിടയില്‍ ചെടിയുടെ മൂന്നുനാല് ഇലകളാണ് വീട്ടുകാരന്‍ നുള്ളി അവയുടെ അറ്റങ്ങള്‍ ഭൂപടം വരയ്ക്കുന്ന രീതിയില്‍ ആക്കിയത്. ഇലകളുടെ അറ്റം വേദനിക്കുമ്പോഴും കോഴികള്‍ ഇടുന്ന മുട്ടകളെ പോലും സാഹിത്യത്തില്‍ വെറുതെ വിടാത്ത മനുഷ്യന്‍ എന്ന് ചെടി മനസ്സില്‍ കരുതിക്കൊണ്ടിരുന്നു.

അടുക്കള ഭാഗത്ത്‌ നിന്നും വീട്ടുകാരി മകളോട് എന്തോ ഉറക്കെ പറയുന്നത് കേട്ടു. അവിടെ നിന്നും ഉയരുന്ന പുക കാണുമ്പോഴൊക്കെയും തെല്ലു കൂടി വലിയ മരമായിരുന്നെങ്കില്‍ കഴുത്ത് നീട്ടി ജലദോഷം വന്ന ഒരാളെ പോലെ ആവി പിടിക്കാമായിരുന്നു എന്ന് ചെടി എപ്പോഴും കരുതാറുണ്ട്. അങ്ങനെ ആയിരുന്നെങ്കില്‍ ചെടിക്ക് വീട്ടുകാരിയെ ജാലകക്കാഴ്ചയിലൂടെ  നോക്കുകയും ആകാമായിരുന്നു. അതിനു പറ്റാത്ത വിധം ജാലകത്തിന്റെ ഉയരം പോലും തനിക്ക് ഇല്ലാതെ പോയല്ലോ എന്ന് ചെടി എപ്പോഴും വിചാരപ്പെടും. വീട്ടുകാരിയെ ചെടിക്ക് അത്രയ്ക്ക് കാര്യമായിരുന്നു.

ചെടിക്ക് വീട്ടുകാരിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. റോഡ്‌ അരികില്‍ നിന്നുമാണ് ചെടിയെ വീട്ടുകാരി പറിച്ചു കൊണ്ടുവന്നത് തന്നെ. അന്ന് ചെടി നന്നേ കുഞ്ഞുകുട്ടിയായിരുന്നു. അത്തരമൊന്നു ചെയ്തതിന്റെ രണ്ടാം ദിവസം വെള്ളം ഒഴുകിപോകാനുള്ള ഓവുചാലിനു വേണ്ടി മുന്പ് ചെടി നിന്നിരുന്ന ഇടത്തില്‍ നിന്നും മണ്ണ് മാന്തുന്ന യന്ത്രം തൊഴുതുള്ളിയെ പോലെ വന്നു മണ്ണ് മാന്തി. വീട്ടുകാരി അതിനു മുന്നേ ഭാഗ്യത്തിനു പറിച്ചിരുന്നില്ലെങ്കില്‍ ചെടി മണ്ണിനടിയില്‍ പെട്ടുപോയേനെ.

വേനല്‍ക്കാലത്ത് വീട്ടുകാരി ദിവസവും ചെടിക്ക് വെള്ളം നല്‍കും. ഇടക്കൊക്കെ ചാണകപ്പൊടിയോ ആട്ടിന്പിട്ടയോ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് ഇട്ടു കൊടുക്കും. ചൊറിയന്‍ പുഴുവിനെ കാണുന്നത് അറപ്പൊക്കെ ആണെങ്കിലും ചില ഇലകള്‍ക്ക് അടിയില്‍ അവ വന്നാല്‍ ഈര്‍ക്കില്‍ കൊണ്ട് അയ്യേ..... എന്നൊക്കെ ശബ്ദം ഉണ്ടാക്കി ദൂരത്തേക്കു തട്ടിക്കളയും. അതിലുമൊക്കെ അപ്പുറം രണ്ടുമാസം മുമ്പ് നടന്ന കാര്യമാണ്. ചെടി ശരിക്കും പട്ടുപോകുമായിരുന്ന രോഗമായിരുന്നു വന്നു പെട്ടത്. അടിഭാഗത്ത്‌ നിന്നും ഫംഗസ് ബാധ. കണ്ടപാടെ വീട്ടുകാരി എല്ലാം ചുരണ്ടി മാറ്റി അടുത്തുള്ള നേഴ്‌സറിയില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന ലായനി പുരട്ടി അസുഖം ഭേദമാക്കി. പുനര്‍ജ്ജന്മം കിട്ടിയത് പോലെയായിരുന്നു ശരിക്കും ചെടിക്ക് അത്. വീട്ടുകാരന് അതിലൊന്നും യാതൊരു ശ്രദ്ധയുമുണ്ടായിരുന്നില്ല. വീട്ടുകാരി ചെടിക്ക് വന്നുപെട്ട ഫംഗസ് ബാധയെ കുറിച്ച് തെല്ലൊരു വേവലാതിയോടെ പറഞ്ഞപ്പോള്‍ വീട്ടുകാരന്‍ അത് കേട്ടത് തന്നെ താല്പര്യം ഇല്ലാത്ത വിഷയം കേട്ടുകൊടുക്കുന്നു എന്ന മട്ടിലായിരുന്നു. 

വീട്ടുകാരി ദിവസവും സ്വാദിഷ്ടമായ ഭക്ഷണം പലതും ഉണ്ടാക്കും. പക്ഷേ ഒരു പാചകപുസ്തകം പോലും പുറത്തിറക്കുകയുണ്ടായില്ല. പാചകക്കുറിപ്പുകള്‍ എഴുതാന്‍ എന്താണ് ഇത്രമാത്രം ബുദ്ധിമുട്ടുള്ളത്? എടുക്കുന്ന സാധനങ്ങളുടെ ഗ്രാം ഒപ്പിച്ചുള്ള കണക്ക്‌. കണക്ക്‌ തെല്ലൊന്നു തെറ്റിയാല്‍ തന്നെയെന്ത്? വായിച്ചിട്ട് ആരാണ് അളവൊക്കെ കൃത്യമായി നോക്കി ചെയ്യുന്നത്? പിന്നെ അവ പാചകം ചെയ്യേണ്ട വിധവും. വീട്ടുകാരി വിചാരിച്ചാല്‍ എളുപ്പം കഴിയുന്ന ഒന്ന്. എന്നിട്ടും അവര്‍ അത്തരം കുറിപ്പുകള്‍ ഒന്നും തന്നെ എഴുതിയതേ ഇല്ല.

റേഞ്ച് കട്ടായത് കൊണ്ടോ എന്തോ സംസാരം പതിയില്‍ മുറിഞ്ഞതിനാല്‍ വീട്ടുകാരന്‍ മറ്റൊരിടത്തേക്ക് റേഞ്ച് നോക്കി മാറി. അപ്പോഴെക്കും വീട്ടിനകത്ത് നിന്നും സ്കൂള്‍ ബാഗുമായി പുറത്തേക്ക്‌ വന്ന പെണ്‍കുട്ടി ചെടിയുടെ അരികിലെത്തി ഒരു പൂ പറിച്ചു മുടിയില്‍ തിരുകി. താനൊരു പൂത്തു നില്‍ക്കുന്ന ചെടിയാണ് എന്ന് മറ്റുള്ളവരെ കാണിക്കാനുള്ള അവള്‍ പോലും അറിയാതെ അവളുടെ ഉള്ളിന്റെ ഉള്ളില്‍ തോന്നുന്ന പെണ്‍കുട്ടിയുടെ സൂത്രം എന്ന് ചെടിക്ക് തോന്നാതിരുന്നില്ല. ചെടിയെ തന്നെയും പൂത്തു നില്‍ക്കുമ്പോഴാണ് എല്ലാവരും നോക്കാറുള്ളത്. പൂക്കാതെ നില്‍ക്കുന്ന കാലത്ത് വീട്ടുകാരി ഒഴിച്ചു ആരും പരിഗണിക്കുന്നത് കാണാറില്ലായിരുന്നു. ചെടി പൂത്തുനില്‍ക്കുന്നത് കാണുമ്പോഴാണ് വിത്ത് തരണേ എന്നൊക്കെ ചില അതിഥികള്‍ വന്നാല്‍ വീട്ടുകാരിയോട് പറയുന്നത് കേള്‍ക്കാറുള്ളത്. അല്ലാത്തപ്പോള്‍ അവരാരും തന്നെ ചെടിയെ ശ്രദ്ധിക്കാറുപോലുമില്ല.    

പെണ്‍കുട്ടി പോയ ഉടനെ തന്നെ ഒരു വണ്ട്‌ ബുള്ളറ്റില്‍ എന്ന വണ്ണം ശബ്ദത്തോടെ വന്ന് മറ്റൊരു പൂവില്‍ വന്നിരുന്നു. തലയില്‍ കൊമ്പും കൈകാലുകളില്‍ കത്തിയും കൊണ്ടാണ് വരുന്നതെങ്കിലും വണ്ടിന് പൂവിനെ എന്തൊരു ശ്രദ്ധയാണെന്ന് ചെടിക്ക് തോന്നാതിരുന്നില്ല.

അപ്പോഴേക്കും വീട്ടുകാരന്റെ ഫോണിലേക്ക് പുതിയൊരു കോള്‍ വന്നു. അത് എടുത്തു അത്യന്ത്യം സന്തോഷത്തോടെയും ആശചര്യത്തോടെയും  വീട്ടുകാരന്‍ പറയുന്നത് കേട്ടു.


-അവാര്‍ഡോ! എനിക്കോ! എന്റെ ഇലയും പൂവും എന്ന പുസ്തകത്തിനോ! എനിക്ക് വയ്യ. സന്തോഷം. ഒരുപാടോരുപാട് സന്തോഷം.

വീട്ടുകാരന്‍ അതും പറഞ്ഞു കൊണ്ട് പിന്നെയും ഇലകള്‍ക്ക് നേരെ കൈ നീട്ടിക്കൊണ്ടു അടുത്ത് വരുന്നത് കണ്ടപ്പോള്‍ ചെടിക്ക് പിന്നെയും പേടിയാകാന്‍ തുടങ്ങി.
 
-0-

      

1 അഭിപ്രായം: