2011, ഏപ്രിൽ 19, ചൊവ്വാഴ്ച

നിലക്കണ്ണാടിയും നായയും

അരുണ്‍കുമാര്‍ പൂക്കോം
            
                 വലിയ വില കൊടുത്ത് അയാള്‍ മനോഹരമായ ഒരു നിലക്കണ്ണാടി വാങ്ങി. വീട്ടിലെത്തി നോക്കുമ്പോള്‍ അയാള്‍ അതിലെത്രയോ ചെറുതും വികൃതവും. മറ്റുള്ളവരാകട്ടെ വളരെ വലിയവരും സൌന്ദര്യമുള്ളവരും. അയാള്‍ക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. അയാള്‍ തന്നോടു തന്നെ ചോദിച്ചു.
          
               -എന്റേത് എന്നോടിതെന്തിങ്ങനെ?
           
               പൊറുതി കെട്ട് തിരിച്ചുകൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ കടക്കാരന്‍ നിലക്കണ്ണാടിയെ അടിമുടി തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് പറഞ്ഞു.
           
               -നോക്കിക്കേ. കുഴപ്പമൊന്നുമില്ലല്ലോ.
            
               താന്‍ പറഞ്ഞത് അയാള്‍ക്ക് ബോധ്യപ്പെട്ടതായി തോന്നാത്തതിനാല്‍ കടക്കാരന്‍ അയാളെ അടിമുടി സംശയത്തോടെ നോക്കി. പിന്നെ തുടര്‍ന്നു.
          
              -ഒക്കെ തോന്നിച്ചയാണ്. മനസ്സൊന്നു കാണിച്ചുകള.
          
              നിലക്കണ്ണാടിയുമായി അയാള്‍ വീട്ടിലേക്ക് ഒട്ടനവധി ആശയക്കുഴപ്പങ്ങളുമായി തിരിച്ചുപോന്നു. വീട്ടില്‍ വന്നു നിലക്കണ്ണാടിയില്‍ നോക്കുമ്പോള്‍ വീണ്ടും പഴയപടി. അയാള്‍ കടക്കാരന്‍ പറഞ്ഞതു പോലെ ഒക്കെ തോന്നിച്ചയായിരിക്കും എന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചു.
           
               തന്റെ മനസ്സിന് എന്തു കുഴപ്പം വരാനാണെന്നും ആള്‍ക്കാര്‍ അതുമിതും പറയുന്നതാണെന്നും അയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. അതേ സമയം മനസ്സൊന്നു കാണിച്ചാലോ എന്ന് അയാള്‍ക്ക് ഇടക്കൊക്കെ തോന്നാതിരുന്നില്ല. പിന്നെ ധൈര്യം പോരാഞ്ഞ് വേണ്ടെന്നുവെച്ചു.
            
                അതിനിടയില്‍ ഒരു നാള്‍ വലിയ വില കൊടുത്ത് അയാള്‍ ഒരു നായയെ വാങ്ങി. കാണുമ്പോഴൊക്കെ അപരിചിതത്വത്തോടെ കണ്ണുകളില്‍ ക്രൂരതയും വെറുപ്പും ചാലിച്ച് നായ അയാളെ നോക്കും. പിന്നെ കുരച്ച് ബഹളം വെക്കും. അതേ സമയം മറ്റുള്ളവരോട് നിശ്ശബ്ദമായി സ്നേഹത്തോടെ വാലാട്ടും.
            
                 അയാള്‍ക്ക് നായയെ പറ്റിയും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. അയാള്‍ തന്നോടു തന്നെയുള്ള ചോദ്യം ആവര്‍ത്തിച്ചു..
            
                -എന്റേത് എന്നോടിതെന്തിങ്ങനെ?
           
                അതും പറഞ്ഞ് മറ്റുള്ളവരോട് സങ്കടപ്പെട്ടപ്പോള്‍ അവരും അയാളെ സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
           
                 -എല്ലാം തോന്നിച്ചയായിരിക്കും. മനസ്സൊന്നു കാണിച്ചേക്കൂ.
            
                 അയാള്‍ എന്നുമെന്ന പോലെ എത്തും പിടിയുമില്ലാത്ത ആലോചനകളിലേക്ക് ആഴ്ന്നാഴ്ന്നു പോയി.
           
                -ഓ വേണ്ട, വേണ്ട. മനസ്സുകാണിക്കുക വലിയ കുറച്ചിലാണ്.
           
                പൊടുന്നനെ അയാള്‍ മറിച്ചും ചിന്തിച്ചു.
           
                -എങ്കിലും ഒന്നുപോയിനോക്കാം. മനസ്സിന് ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടിട്ടു തന്നെ കാര്യം. നിലക്കണ്ണാടിക്കു തന്നെയാണ് കുഴപ്പം, നായക്കും.
             
                ഒരുപാട് ദിവസത്തെ ചിന്തകളുടെയും മറുചിന്തകളുടെയും ഒടുവില്‍ ഒരു നാള്‍ നന്നേ കാലത്ത് തന്നെ മറ്റാരും തിരിച്ചറിയാത്ത  ദൂരെ നഗരത്തില്‍ നിലക്കണ്ണാടിയുമെടുത്ത് നായയെയും നല്ലവരാണെന്ന് എതാണ്ടൊക്കെ ഉറപ്പു തോന്നിയ ഏറ്റവും അടുത്ത രണ്ടു പേരെയും കൂട്ടി  അയാള്‍ മനസ്സു കാണിക്കാന്‍ ചെന്നു.
              
               ക്ളിനിക്കില്‍ എത്തിയപ്പോള്‍ അയാള്‍ അതിശയപ്പെട്ടു.
              
               -എന്തൊരു തിരക്ക്. പലതരത്തിലുള്ളവര്‍.പലതരം മനസ്സിന്റെ പ്രശ്നങ്ങള്‍.
             
                നിലക്കണ്ണാടിയും നായയും ദൂരെ മാറി നിന്നു. അയാള്‍ക്കൊപ്പം നില്ക്കാന്‍ അവര്‍ക്ക് വല്ലാത്ത വിമ്മിഷ്ടമുള്ളതു പോലെ തോന്നി. മറ്റുള്ളവരുടെ നിര്‍ബന്ധം കൊണ്ടാണ് അവര്‍ അവിടേക്ക് വന്നതു തന്നെ.തങ്ങള്‍ക്കല്ല കുഴപ്പം എന്ന് നിലക്കണ്ണാടിയും നായയും തെല്ലും സഹതാപമില്ലാത്ത വിധം നിശ്ശബ്ദമായി തന്നോട് പറയുന്നതായി അയാള്‍ക്ക് തോന്നി. അവിടെ കൊണ്ടു വന്നതിന് കുറ്റപ്പെടുത്തുന്ന പോലെ നോക്കുന്നതായും അയാള്‍ക്ക് തോന്നി.
                
                  അകത്തു കടത്തി വിടുന്ന പാമ്പുമുഖമുള്ള ആള്‍ക്ക് എല്ലാമെല്ലാമൊരു രസമാണെന്ന് അയാള്‍ക്ക് തോന്നി. അത്തരമൊരു ഇടത്തിലേക്ക് ചെല്ലുന്ന ഉടനെ ആര്‍ക്കുമുണ്ടാകുന്ന തികച്ചും നിര്‍ദ്ദോഷമായ ഒരു സംശയത്തിന് പാമ്പുമുഖം ഈര്‍ഷ്യയോടെ പറഞ്ഞു.
               
                -വിളിച്ചു ബുക്കു ചെയ്തതല്ലേ. ടേണ്‍ ആയാല്‍ വിളിക്കും. പോയി അവിടിരിക്കു.
               
                 ഒട്ടനവധി ആളുകള്‍ ഉള്ളതിനാല്‍ ഇരിക്കാന്‍ ഇടമില്ലെന്ന് അറിഞ്ഞു കൊണ്ടുതന്നെയായിരുന്നു പാമ്പുമുഖം ചീറ്റിയത്. മനസ്സിന് ചെറുതോ വലുതോ കുഴപ്പമുള്ളവരോടുള്ള മറ്റുള്ളവരുടെ പെരുമാറ്റം നന്നേ മോശം എന്ന് മനസ്സില്‍ അയാള്‍ നിരൂപിച്ച് തെല്ലൊന്ന് സമാധാനിച്ചു.   
               
                  ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ഒടുവില്‍ അയാളുടെ ഊഴമായി. മൂക്കിലേക്ക് ഊഴ്ന്നു കിടക്കുന്ന കണ്ണടക്ക് മുകളിലൂടെ നോക്കുന്ന ഡോക്ടറോട് എല്ലാമെല്ലാം തുറന്നുപറഞ്ഞു. പറഞ്ഞു നിര്‍ത്താന്‍ നേരം അയാള്‍ ഒന്നു കൂടെ ഡോക്ടറെ ഓര്‍മ്മിപ്പിച്ചു.
-നിലക്കണ്ണാടിക്കും നായക്കുമാണ് കുഴപ്പമെങ്കില്‍ അവരെ, മറിച്ചെനിക്കാണെങ്കിലെന്നെ ചികിത്സിക്കണം. എങ്ങനെയെങ്കിലും ഒന്നു രക്ഷിക്കണം.
               
                   അയാളുടെ കൂടെ മുറിയിലേക്ക് വന്ന നിലക്കണ്ണാടിയെയും നായയെയും മറ്റു രണ്ടു പേരെയും ഡോക്ടര്‍ കണ്ടതായേ നടിച്ചില്ല. ചില മരുന്നുകള്‍ കുത്തിക്കുറിച്ച കുറിപ്പടി നീട്ടി ഡോക്ടര്‍ അയാളോട് മുടങ്ങാതെ കഴിക്കാന്‍ പറഞ്ഞു.അയാള്‍ അതു വാങ്ങുന്നതിനിടയില്‍ മനസ്സില്‍ സങ്കടപ്പെട്ടു.
              
                   -അയ്യയ്യോ! കുഴപ്പം എനിക്കെന്ന്. ഇതൊക്കെയും ഇനി എത്രനാള്‍ കഴിക്കണമാവോ?
മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ നേരം അയാള്‍ ഡോക്ടറോട് ഹ്യദയം പുറത്തേക്കും വരും വിധം ആകാംക്ഷയോടെ തിരക്കി.
              
                   -രോഗം മാറിയാല്‍ എന്റെ നിലക്കണ്ണാടിയും എന്റെ നായയും എന്നെ തെല്ലെങ്കിലുമൊന്നു പരിഗണിക്കുമോ, ഡോക്ടര്‍?
                
                    ഡോക്ടര്‍ തിരക്കുണ്ടെന്ന വിധം തലയാട്ടി പാമ്പുമുഖം കേള്‍ക്കാനായി അടുത്ത ആള്‍ക്കായി ബെല്ലടിച്ചു.
                                                             
                                                                -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ