2011, മേയ് 4, ബുധനാഴ്‌ച

അയാളൊരാള്‍


അരുണ്‍കുമാര്‍ പൂക്കോം


                   എന്തൊക്കെയോ തിരയുന്ന കണ്ണുകളോടെ, തലയില്‍ അങ്ങിങ്ങ് മുടികൊഴിഞ്ഞ, കവിളുകള്‍ അല്പം കുഴിഞ്ഞ, നീണ്ടുമെലിഞ്ഞ അയാളെ ഈയിടെയായി ഞാന്‍ ചിലപ്പോഴൊക്കെ കണ്ടുമുട്ടുക പതിവായിരിക്കുന്നു. മറ്റുള്ളവര്‍ക്ക് ഒറ്റനോട്ടത്തില്‍ അത്രയൊന്നും നല്ല അഭിപ്രായം തോന്നിക്കാത്ത തരത്തിലുള്ള ഒരാളായിരുന്നു അയാള്‍.
     

                    ഞാന്‍ അയാളെ ആദൃമായി ശ്രദ്ധിക്കുന്നത് നഗരത്തിലെ പെട്ടിക്കടയുടെ അടുത്തുവെച്ചാണ്. സമീപത്ത് ആളുകള്‍ അധികമൊന്നുമില്ലാത്ത നേരം നോക്കി മുന്‍കൂട്ടി കൈയ്യിലെടുത്തുവെച്ച കാശ് നീട്ടി ആവശൃം രഹസൃമായി പറഞ്ഞ് അയാള്‍ അന്ന് പെട്ടിക്കടയില്‍ നിന്നും ഒരു ആനുകാലികം ധൃതിയില്‍ കൈപ്പറ്റി. മുഖചിത്രത്തിലെ അശ്ളീലത പുറത്തുകാണാതിരിക്കാന്‍ കടക്കാരന്‍  ആനുകാലികം മറുപുറം കാണത്തക്കവിധത്തില്‍ മടക്കി മറച്ചിട്ടാണ് അയാള്‍ക്കു നല്കിയത്. അത്തരം പ്രസിദ്ധീകരണങ്ങള്‍ വില്ക്കുന്ന കടക്കാര്‍ എടുത്തുചാര്‍ത്തേണ്ട നിര്‍വികാരത ശ്രമപ്പെട്ട് കാണിക്കുമ്പോഴും അയാളെ പറ്റി ഒരുതരം അഭിപ്രായക്കുറവ് കടക്കാരന്റെ മുഖത്ത് അവിടവിടെ  തെളിയുന്നുണ്ടായിരുന്നു. അയാള്‍ ആ പുസ്തകം മറ്റാരും കാണാതിരിക്കാന്‍ തിടുക്കത്തില്‍ പാന്റ്സിന്റെ കീശയിലേക്ക് തള്ളുകയും പുറത്തേക്ക് തള്ളിയ അല്പം ഭാഗം ഷര്‍ട്ടുകൊണ്ട് മറക്കുകയും ചെയ്തു. പിന്നെ അയാള്‍ റോഡുമുറിച്ചു കടന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്നുപോകുന്ന ആളുകള്‍ക്ക് ഇടയിലൂടെ അവരിലൊരാളായി നടന്നുനീങ്ങി.  

                   പിന്നീട് ഒരുനാള്‍, നഗരത്തില്‍ നിന്നും തെല്ലുമാറിയുള്ള അശ്ളീലബിറ്റുകള്‍ മാത്രം കാണിക്കുന്ന സിനിമാകൊട്ടകയിലേക്ക് പ്രദര്‍ശനം തുടങ്ങിയതിനു ശേഷമുള്ള ഇരുട്ടില്‍ തന്നെ ആരും തിരിച്ചറിയില്ലെന്ന് വെറുതെ കരുതിക്കൊണ്ട ് ഓടിക്കയറുന്ന അയാളെ ഞാന്‍ കാണുകയുണ്ടായി. നഗരത്തില്‍ പുത്തന്‍ പരിഷ്കാരങ്ങളോടെ പുതിയ സിനിമാതീയേറ്റര്‍ സമുച്ചയം വന്നതോടെ നിലനില്പിനായി വേശൃയായി തീര്‍ന്ന തീയേറ്ററായിരുന്നു അത്. വൃത്തിയും വെടിപ്പുമില്ലാത്ത പരിസരമൊന്നും ഗൌനിക്കാതെ കൈയ്യില്‍ മുന്‍പേ തന്നെ എടുത്തുപിടിച്ച കാശുകൊണ്ട ് കൌണ്ടറിലിരിക്കുന്ന ആളുടെ മുഖത്തുനോക്കാതെ ടിക്കറ്റെടുത്ത്, വാതിലിനു പുറത്തു നില്ക്കുന്ന കൂട്ടിക്കൊടുപ്പുകാരന്റെ മുഖഭാവത്തോടെയുള്ള ആളുടെ ടിക്കറ്റുവാങ്ങലും മുറിക്കലും കഴിഞ്ഞ്, തിരക്കുപിടിച്ച് സ്ക്രീനില്‍ നോക്കിക്കൊണ്ട് അയാള്‍ ഇരുളില്‍ ഒരുവിധം കസേര തപ്പിപ്പിടിച്ചു. പിന്നെ തീയേറ്ററില്‍ മറ്റുള്ളവര്‍ തൊടുത്തുവിടുന്ന അശ്ളീല കമന്റുകള്‍ക്കും വിസിലടികള്‍ക്കും ഇടയില്‍ തന്റെ പരിചയക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് മുഖം കൊടുക്കാതിരിക്കാന്‍ തിരിഞ്ഞും മറിഞ്ഞും നോക്കാതെ വെള്ളമിറങ്ങാത്ത തൊണ്ടയോടെ കണ്ണും തള്ളി സ്ക്രീനിലെ നഗ്നതകളില്‍ നോക്കിയിരിപ്പായി. ഷോ കഴിഞ്ഞപ്പോള്‍ തീയേറ്ററിന്റെ പുറത്തു വന്നുനിന്ന ബസ്സില്‍ പരിചയക്കാര്‍ വല്ലവരുമുണ്ടാകുമെന്നതിനാല്‍ അതു പോകും വരെ അയാള്‍ കൌണ്ടറിന്റെ മറവില്‍ നിന്നു. പിന്നീട് മാനൃത കാക്കാനായി രണ്ട് ബസ്സ്സ്േറ്റാപ്പുകള്‍ക്ക് അപ്പുറത്തേക്ക് നടന്ന് അവിടെ നിന്നും ബസ്സ് കയറിപ്പോയി.  


                    പിന്നീട് ഞാന്‍ അയാളെ കാണുന്നത് നഗരത്തിലെ ബസ്്റ്റാന്റില്‍ ദൂരെ മാറി നില്ക്കുന്നതായിട്ടാണ്. അവിടെ നിന്നും അയാള്‍ തനിക്കു പോകേണ്ട ബസ്സിനെ നോക്കിനില്ക്കുന്നു. തങ്ങളുടെ വീടുകളിലെത്താന്‍ ആളുകള്‍ തിരക്കുകൂട്ടും വൈകുന്നേരമായിരുന്നു അത്. ബസ്സില്‍ ആളുകള്‍ തിങ്ങിനിറയും വരെ അയാള്‍ കാത്തുകാത്തു നിന്നു. ബസ്സ് നീങ്ങാന്‍ നേരം തിരക്കിട്ട് അയാള്‍ മുന്നിലെ വാതിലിലൂടെ ബസ്സിലേക്ക് തിക്കിഞെരുങ്ങി കയറി. കോളേജും സ്ക്കൂളും ഓഫീസും വിട്ടുവരുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ ബസ്സ് നീങ്ങുന്നതിന് അനുസരിച്ച് അയാള്‍ താന്‍ ആഗ്രഹിക്കുന്ന ഒരിടം കിട്ടുന്നതു വരെ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരുന്നു. ഒരു പെണ്ണിനെ ചേര്‍ന്നുചേര്‍ന്നു നില്ക്കാമെന്നായപ്പോള്‍ മുകളിലെ കമ്പിയില്‍ പിടിച്ച് നില്പ്പായി. ബസ്സില്‍ തിരക്കൊഴിയും നേരത്ത് അയാള്‍ വളരെ മാനൃനായി അടുത്തുള്ള കമ്പിയില്‍ ചാരി നില്പ്പായി.


                   പിന്നെയും പലപ്പോഴും പലയിടങ്ങളിലായി  ഞാന്‍ അയാളെ തികച്ചും അശ്ളീലമായ ചുറ്റുപാടുകളില്‍ കാണുകയുണ്ടായി. ഒരുനാള്‍ വീട്ടിലെത്തി വസ്ത്രങ്ങള്‍ മാറുമ്പോള്‍ മുറിയിലെ നിലക്കണ്ണാടിയില്‍ അതേ കണ്ണുകളോടെ, തലയില്‍ അങ്ങിങ്ങ് മുടികൊഴിഞ്ഞ, കവിളുകള്‍ അല്പം കുഴിഞ്ഞ, നീണ്ടുമെലിഞ്ഞ അയാള്‍ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് നിവര്‍ന്നു നില്ക്കുന്നു. ഞാന്‍ ചെയ്യുന്നതുതന്നെ അയാള്‍ അതിനകത്തുനിന്ന് തിരിച്ച് എന്നോട് ചെയ്യുന്നു.
 
                    അയാളിതെങ്ങനെ എന്റെ നിലക്കണ്ണാടിയില്‍ കയറിക്കൂടി?


                    ഇതെന്തു കഥ!!!!!  

(പടയാളി സമയം മാസിക)


                                                                      -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ