2012, ഡിസംബർ 18, ചൊവ്വാഴ്ച

എലിപ്പെട്ടി ജാലകം

അരുണ്‍കുമാര്‍ പൂക്കോം


കഥാപാത്രങ്ങളുടെ തീവണ്ടിയിലെ ഇരിപ്പുവശങ്ങള്‍


                       ലഗേജ് വെക്കുന്ന തട്ടില്‍ പിടിച്ചു കൊണ്ട് നില്ക്കുമ്പോഴും എലിപ്പെട്ടിക്കാരന്റെ കണ്ണുകള്‍ മുന്നിലെ സീറ്റില്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് മദ്ധ്യത്തിലായി ഇരിക്കുന്ന കുര്‍ത്തക്കാരി പെണ്‍കുട്ടിയിലേക്കായിരുന്നു. മറ്റുള്ളവരിലേക്കും തെല്ലൊന്ന് പാളുന്നുണ്ടെങ്കിലും  അവന്റെ കണ്ണുകള്‍ അവളിലേക്കു തന്നെ മടങ്ങി ചെന്നുകൊണ്ടേയിരുന്നു.  

                      ആ പെണ്‍കുട്ടിയാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ തന്റെ അപ്പുറത്തിരിക്കുന്ന ആണ്‍കുട്ടികളോട്  വളരെ സ്നേഹത്തോടെ എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. അവള്‍ അത്യന്തം സന്തോഷവതിയും ചുറുചുറുക്കുള്ളവളുമായിരുന്നു. അവളെ കേള്‍ക്കുന്നതോടൊപ്പം അതിലൊരു ആണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ഗെയിമുകള്‍  തിരഞ്ഞു. സീറ്റിന്റെ അറ്റത്തായി ഇരിക്കുന്ന തെല്ല് തമാശക്കാരനായ ആണ്‍കുട്ടി അതിനിടയില്‍ തന്റെ അടുത്തിരിക്കുന്ന ആണ്‍കുട്ടിക്കും അവള്‍ക്കും പിന്നിലായി കൈ വെച്ച് ചാരിയിരിക്കാന്‍ ഒരുങ്ങി. അവന്‍ പൊടുന്നനെ കൈ പിന്നോക്കം വലിച്ച് അവളിലേക്ക് തെല്ലൊന്ന് കുനിഞ്ഞു ചെന്ന് പറഞ്ഞു.

                        - “നിന്റെ മുടി കൊണ്ട് എന്റെ കൈ ചൊറിയുന്നു.”

                       അവള്‍ പെട്ടെന്നു തന്നെ പോണി ടെയില്‍ കെട്ടിയ മുടി എടുത്ത് മുന്നിലേക്കിട്ട് വളരെ നല്ലൊരു ചിരി അവന്  നല്കി. അവനാകട്ടെ നല്ലൊരു തമാശ പറയാന്‍ കഴിഞ്ഞു എന്ന ആഹ്ളാദത്തോടെ വീണ്ടും പിന്നിലേക്ക് കൈയിട്ട് ചാരി ഇരിക്കുകയും ചെയ്തു.

                       ആ സീറ്റില്‍ ജാലകത്തിന് അരികിലായി ഇരിക്കുന്ന പെണ്‍കുട്ടി കമ്പിമേല്‍ തല വെച്ച് കണ്ണുകളടച്ച് ഒരു ഉറക്കം സ്യഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അവള്‍ക്ക് മുന്നിലായി ജാലകത്തിന് അടുത്തിരിക്കുന്ന ആണ്‍കുട്ടിയാകട്ടെ ഇടക്കിടെ ഒരു ഇന്‍ഹേലറിന്റെ അടപ്പ് തുറന്ന് മൂക്കിലേക്ക് വലിച്ചു കൊണ്ടിരുന്നു. ഒന്നോ രണ്ടോ വലിക്കു ശേഷം അവന്‍ തല മുകളിലേക്ക് ഉയര്‍ത്തി ബോഗിച്ചുമരില്‍ ചാരി വെച്ച് കണ്ണുകള്‍ അടച്ചു. അവനടുത്ത് തികച്ചും നിശ്ശബ്ദയായി ഒരു ഇംഗ്ളീഷ് മത്സരപരീക്ഷാപുസ്തകത്തില്‍ മൂക്കു കുത്തി ഒരു കണ്ണടക്കാരി പെണ്‍കുട്ടി ഇരിപ്പുണ്ടായിരുന്നു. അവളുടെ അടുത്തായി മറ്റൊരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും അവര്‍ക്കു മാത്രം കേള്‍ക്കാന്‍ പറ്റും വിധം എന്തൊക്കെയോ പതിയെ സംസാരിച്ച് ഇരിപ്പാണ്. അവരാകട്ടെ പരസ്പരം പ്രണയിക്കുന്നവരുമായിരുന്നു.  

                          രണ്ടു സീറ്റുകളിലുമായി മുഖത്തോട് മുഖം നോക്കിയിരിക്കുന്നവരില്‍ ഓഡ് മേന്‍ ഔട്ട് എന്ന വിധത്തില്‍ എല്ലാം തികച്ചും നിസ്സംഗമായി നോക്കിക്കൊണ്ടും ഇടക്ക് തന്റേതായ ചിന്തകളില്‍ മുഴുകിയും മുണ്ടുടുത്ത ഒരു മദ്ധ്യവയസ്കന്‍ പകുതിയില്‍ വെച്ചു മടക്കിയ പ്ളാസ്റിക് സഞ്ചി മടിയില്‍ വെച്ച് സീറ്റില്‍ എറ്റവും അറ്റത്തായി ഇരിപ്പുണ്ടായിരുന്നു. അയാള്‍ക്ക് അടുത്തായിരുന്നു സീറ്റിന്റെ ഭിത്തിയില്‍ ചാരി നിന്നു കൊണ്ട് ഒളിച്ചോട്ടക്കാരി  തന്റെ കൈ കൊണ്ട് എലിപ്പെട്ടിക്കാരന്റെ ഷര്‍ട്ടില്‍ പിടിച്ചുകൊണ്ട് നില്പുണ്ടായിരുന്നത്. അതിനിടയില്‍ മുഖത്തെ വിയര്‍പ്പ് തുടക്കാനായി തൂവാല എടുക്കാന്‍ തുറന്നപ്പോള്‍ പാളം തെറ്റിയ തെല്ലു പഴക്കമുള്ള വാനിറ്റി ബാഗിന്റെ സിബ്ബ് തെല്ലു നേരം കൊണ്ട് അവള്‍ പഴയ പടിയാക്കി.

                            യാത്രയില്‍ ഇടക്കൊക്കെയും ഒളിച്ചോട്ടക്കാരി എലിപ്പെട്ടിക്കാരന്റെ ശരീരത്തിലേക്ക് തല ചായ്ചു കൊണ്ടിരുന്നു. അവള്‍ അത്തരമൊന്നില്‍ എലിപ്പെട്ടിക്കാരനില്‍ തന്റെ ജീവിതം ചാരി നിര്‍ത്തുന്നതു പോലെ തോന്നി. അവനാകട്ടെ കുര്‍ത്തക്കാരിയെ നോക്കിനില്ക്കുമ്പോഴും ഒളിച്ചോട്ടക്കാരിയുടെ അത്തരം തല ചായ്ക്കലുകളെ ഏറ്റെടുക്കുന്നുണ്ടെന്ന തോന്നല്‍ അവളിലേക്ക് ചാഞ്ഞും തൊട്ടുതൊട്ടു നിന്നും ഉണ്ടാക്കിക്കൊണ്ടേയിരുന്നു. തീവണ്ടിയുടെ ചെറിയ തോതിലുള്ള ആട്ടങ്ങളില്‍ ഒളിച്ചോട്ടക്കാരി അവനെ തിരിച്ചും ശരീരം കൊണ്ട് തൊട്ടുകൊണ്ടേയിരുന്നു.

                            അവര്‍ക്ക്  അപ്പുറം ജനാലക്ക് അരികിലുള്ള സീറ്റുകളില്‍ ഒരു പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ചെവിയില്‍ ഞാത്തിയിട്ട് സക്രീനിലേക്ക് നോക്കിക്കൊണ്ട് പാട്ടുകള്‍ കേള്‍ക്കുകയും കാണുകയുമായിരുന്നു. അവള്‍ക്കു മുന്നിലായി ഇരിപ്പുണ്ടായിരുന്ന ആണ്‍കുട്ടിയാകട്ടെ ഒരു കാല്‍ സീറ്റിലേക്ക് മടക്കി വച്ച് ജനാലയിലേക്ക് തല ചായ്ച്ച് അഗാധമായ ഉറക്കത്തിലായിരുന്നു. അവര്‍ അപ്പുറത്തിരിക്കുന്നവരുടെ കൂടെ ഒന്നിച്ചിരിക്കാനാവാതെ പോയ കൂട്ടുകാരായിരുന്നു.


തീവണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു.


                             സ്റ്റേഷനുകളില്‍ നിര്‍ത്തുന്നതിന് അനുസരിച്ച് കംപാര്‍ട്ട്മെന്റിലേക്ക് ആളുകള്‍ കയറിക്കൊണ്ടിരിക്കുകയോ ഇറങ്ങിക്കൊണ്ടിരിക്കുകയോ ചെയ്യുമ്പോള്‍ ചെറുതായി ഉണ്ടാകുന്ന തിരക്കില്‍ എലിപ്പെട്ടിക്കാരന്‍ തന്റെ നില്പിനെ ചെറുതായി ക്രമീകരിക്കുകയും വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തുകൊണ്ടിരുന്നു. അവന്‍ നോക്കിക്കൊണ്ടിരിക്കുന്ന കുര്‍ത്തക്കാരി ബോഗിച്ചുമരില്‍ നിന്നും മുഖം താഴേക്കു താഴ്ത്തി അടച്ച കണ്ണുകള്‍ തുറന്ന് വീണ്ടും ഇന്‍ഹേലര്‍ തുറക്കുന്ന ജലദോഷക്കാരനോട് ചോദിച്ചു.


                             - “എന്തോന്നെടാ ഇത്? അതു മുഴുവന്‍ തീര്‍ന്നു കാണുമല്ലോ. ഇന്നലെ രാത്രി ട്രെയിനില്‍ കയറുമ്പോഴേ തുടങ്ങിയതല്ലേ നീയീ വലി.”

                              എല്ലാവരും അതുകേട്ട് ചിരിച്ചു. ജനാലക്കരികില്‍ ഇരുന്ന് ഉറങ്ങാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയും കണ്ണുകള്‍ തുറന്ന് അവരോടൊപ്പം ചിരിച്ചെന്നു വരുത്തി വീണ്ടും ഉറക്കത്തിലേക്ക് പോകാനൊരുങ്ങി. അവനതു കേട്ട് നെറ്റിയും മൂക്കുമൊക്കെ ചുളിച്ചുകൊണ്ട് പറഞ്ഞു.

                             - “കോള്‍ഡ് ഏന്റ് ഹെഡ് ഏക്ക്.”

                              ഉറങ്ങാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടി പെട്ടെന്ന് ഓര്‍മ്മ വന്നെന്ന പോലെ സീറ്റില്‍ നിന്നും എഴുന്നേറ്റു. ലഗേജ് തട്ടില്‍ വെച്ച ബാഗില്‍ നിന്നും പ്ളാസ്റിക് സഞ്ചിയില്‍ കെട്ടി വെച്ച തേങ്ങാബന്ന് പുറത്തെടുത്ത് അവള്‍ മറ്റുള്ളവര്‍ക്കായി പകുക്കാന്‍ തുടങ്ങി. തേങ്ങാബന്ന് കണ്ടപ്പോള്‍ അവരുടെ എല്ലാം എടുപ്പിനും മട്ടിനും ചേരാത്ത ഒരു ഭക്ഷണമാണ് അതെന്ന് എലിപ്പെട്ടിക്കാരന് എന്തുകൊണ്ടോ തോന്നി. തേങ്ങാബന്നൊക്കെ പൊതുവെ കഴിക്കുക അവനെ പോലെയുള്ള സാധാരണക്കാരാണെന്ന ഒരു തോന്നല്‍ എലിപ്പെട്ടിക്കാരന് ഉണ്ടായിരുന്നു. മൊബൈല്‍ഫോണില്‍ അപ്പോഴേക്കും ഗെയിം കളിക്കാന്‍ തുടങ്ങിയ ആണ്‍കുട്ടി കൈയുയര്‍ത്തി അവനു നേരെ നീട്ടിയ ബന്നിന്റെ കഷണം വേണ്ടെന്ന് കാണിച്ചു. ആണ്‍കുട്ടികളുടെ കൂട്ടത്തില്‍ മീശ വെച്ചവന്‍ അവന്‍ മാത്രമായിരുന്നു.

                                 മീശവെച്ചവന്റെ അപ്പുറത്ത് ഇരിക്കുന്ന തമാശക്കാരനായ ആണ്‍കുട്ടിയോട് അതേ തേങ്ങബന്നിന്റെ കഷണം നീട്ടിക്കൊണ്ട് വേണോ എന്ന് അവള്‍ ചോദിച്ചു. അവന്‍ ഉടന്‍ ഏന്തിവലിഞ്ഞ് കൈകള്‍ നീട്ടിക്കൊണ്ട് പറഞ്ഞു.

                               - “വേണോന്നോ. വലുതു തന്നെ ആയ്ക്കോട്ടെ.”

                                അവള്‍ക്ക് ആ പറഞ്ഞത് നന്നായി ഇഷ്ടപ്പെടുകയും വെച്ചു നീട്ടിയ കഷണം നല്കിയതിനു ശേഷം മറ്റൊരു വലിയ കഷണം കൂടി അവള്‍ അവന് നല്കുകയും ചെയ്തു. അത് കഴിച്ചു കൊണ്ടിരിക്കെ കര്‍ശനക്കാരനായ ഏതോ ഒരു അദ്ധ്യാപകന്റെ മുന്നില്‍ ക്ളാസ് കട്ടു ചെയ്ത് നടക്കുമ്പോള്‍ പെട്ടു പോയതിന്റെ കഥ തമാശക്കാരന്‍ പറയാന്‍ തുടങ്ങി. അവരില്‍ എല്ലാവരിലും അച്ചടക്കത്തിനും കാര്‍ക്കശ്യത്തിനും എതിരെയുള്ള മനസ്സുള്ളതിനാല്‍ തമാശക്കാരന്‍ അദ്ധ്യാപകനില്‍ നിന്നും സമര്‍ത്ഥമായി രക്ഷപ്പെട്ടതിന്റെ കഥ എല്ലാവരും ചിരിച്ചു കൊണ്ട് ഏറ്റെടുത്തു. അപ്പോഴേക്കും കുര്‍ത്തക്കാരിക്ക് ആ അദ്ധ്യാപകനോടുള്ള സ്നേഹബഹുമാനത്തെ കുറിച്ച് ചെറിയൊരു പാരഗ്രാഫ് പറയാനുണ്ടായിരുന്നു. അതു പറഞ്ഞു നിര്‍ത്തുമ്പോഴേക്കും കൈയില്‍ പിടിച്ചിരുന്ന മൊബൈല്‍ഫോണിലേക്ക് അവള്‍ക്ക് ഒരു കോള്‍ വന്നു. അവള്‍ മൊബൈല്‍ ഫോണ്‍ പെട്ടെന്ന് പുറത്തെടുത്ത് അതിലേക്ക് കാര്യം മാത്രം പറഞ്ഞ് അത്യന്തം ഭംഗിയുള്ള അതിന്റെ ഉടുപ്പിലേക്കു തന്നെ അതിനെ മടക്കി വെക്കുകയും ചെയ്തു.

                             അവള്‍ പിന്നെ ഗെയിം കളിച്ചുകൊണ്ടിരുന്ന മീശവെച്ചവന്റെ മൊബൈല്‍ഫോണിലെ ഗെയിമിലേക്ക്  തെല്ലൊന്ന് മുഖം നീട്ടി. അതിലെ ഇടുങ്ങിയ പാതകളിലൂടെ നടന്നു പോകുകയായിരുന്ന മുള്ളന്‍ മുടിയുള്ള പയ്യന്‍ പെട്ടെന്ന് മുകളില്‍ നിന്നും വീണ കണ്ണും മൂക്കും വായുമുള്ള ഉരുളന്‍ കല്ലുകളില്‍ പെട്ട് ചതഞ്ഞൊടുങ്ങിയതു കണ്ട് അവള്‍  മീശക്കാരന്‍ ചെറുപ്പക്കാരന് ചുമല്‍ കൊണ്ട് ഒരു തട്ട് വെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.

                           - “ നീ നിനക്കു പറഞ്ഞ പണി വല്ലോം ചെയ്യെടാ.”

                           അവന്‍ മുഖമുയര്‍ത്തി അവള്‍ക്കൊരു ചിരി കൈമാറുകയും വീണ്ടും ഗെയിം ആദ്യം മുതല്‍ കളിക്കാന്‍ തുടങ്ങുകയും ചെയ്തു.
തമാശക്കാരന്‍ അതു കണ്ട് തല നീട്ടി നോക്കിക്കൊണ്ട് മൊബൈല്‍ ഫോണിലേക്ക് നോക്കിയതിനു ശേഷം കുര്‍ത്തക്കാരിയോട് പറഞ്ഞു.
 

                           - “കളിയില്‍ തോറ്റ സ്ഥിതിക്ക് അവന്‍ കുഞ്ഞുന്നാളിലെ പോലെ ആത്യേം പൂത്യേം കളിക്ക്വായിരിക്കും."

                             മറ്റുള്ളവര്‍ അതു കേട്ട് തെല്ലു ശബ്ദത്തോടെ ചിരിച്ചു. ആ ചിരിയില്‍ മീശവെച്ചവനും പതിഞ്ഞ ഒരു ചിരി ചേര്‍ത്തു വെച്ചു.

                             അനന്തരം കുര്‍ത്തക്കാരി മെല്ലെ ചാരിയിരുന്ന് കണ്ണുകള്‍ അടച്ച് ഉറങ്ങാനൊരുങ്ങി. തെല്ലുകഴിഞ്ഞ് ഇരുത്തം ശരിയല്ലെന്ന് തോന്നി ഇടം കൈ മടിയില്‍ കുത്തിവെച്ച്  കൈയില്‍ തലതാങ്ങി നിര്‍ത്തി ഉറങ്ങാനുള്ള  ശ്രമമായി. എലിപ്പെട്ടിക്കാരന്‍ അവളെ മാത്രം ശ്രദ്ധിച്ചു കൊണ്ട് നില്പായി. അത്യന്തം സുന്ദരിയായ അവളെ ഒന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് അവന്‍ അപ്പോള്‍ വെറുതെ ആലോചിച്ചു കൊണ്ടിരുന്നു.  അവന്റെ ആലോചനകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് തമാശക്കാരന്‍ അതിവേഗം കൈ ചലിപ്പിച്ച് അവളുടെ തലക്ക് ആസ്പദം  കൊടുത്ത കൈ തട്ടി മാറ്റി. അവളുടെ തല തെല്ലൊന്ന് താഴേക്കു പോയി. അവള്‍ ദേഷ്യം പിടിക്കുന്നതിനു പകരം തലയുയര്‍ത്തി തമാശക്കാരന് ചെറിയൊരു ചിരി സമ്മാനിച്ചു. തമാശക്കാരന്‍ ചിരിച്ചു പറഞ്ഞു.


                            - “അങ്ങനെയങ്ങ് ഉറങ്ങണ്ട.”

                            അവള്‍ ഉറക്കം വന്ന കണ്ണുകളോടെ അവനെ നോക്കി വീണ്ടും ചിരിച്ചതിനു ശേഷം ബോഗിച്ചുമരിലേക്ക് തല ചായ്ച്ച് വീണ്ടും കണ്ണടച്ചു. അപ്പോള്‍ അവളുടെ അടഞ്ഞ കണ്‍പോളകളിലെ  ചോരത്തുടിപ്പിലായി എലിപ്പെട്ടിക്കാരന്റെ നോട്ടം.


ഇരിക്കുന്നവര്‍ എല്ലാവരും അവിടം ഉറങ്ങിക്കൊണ്ടിരിക്കുന്നു.


                                ഉറക്കം പകരുന്ന രോഗം പോലെ ഇരിക്കുന്നവരില്‍ എല്ലാവരിലേക്കും മെല്ലെ മെല്ലെ പടര്‍ന്നു കൊണ്ടിരുന്നു. ഉറക്കത്തില്‍ ജുബ്ബക്കാരിയുടെ ചുണ്ടുകള്‍ വിടര്‍ന്ന് ചെറിയൊരു വിടവുണ്ടാകുന്നത് എലിപ്പെട്ടിക്കാരന്‍ നോക്കി നിന്നു.

                               അപ്പോഴേക്കും ഒച്ച താഴ്ത്തി കാര്യമായി എന്തൊക്കെയോ പരസ്പരം പറഞ്ഞു കൊണ്ടിരുന്ന പ്രണയിനികളും ഉറക്കം തുടങ്ങിയിരുന്നു. അവളുടെ ചുമലില്‍ തല ചായ്ച്ച് ഒരു കുഞ്ഞിനെ പോലെയായിരുന്നു അവന്‍ ഉറങ്ങിയിരുന്നത്. അവന്റെ കൈത്തണ്ട അവളുടെ കൈത്തണ്ടയില്‍ മുദ്യവായി സ്പര്‍ശിച്ചു കിടന്നു. അവളാകട്ടെ അവളുടെ ചുണ്ടുകള്‍ അവന്റെ തലമുടിയില്‍ തൊട്ടുകൊണ്ട് ഉറങ്ങി. അവരിരുവരും ഉറക്കത്തില്‍ പോലും അത്യന്തം പ്രണയിക്കുന്നതായി ആ കിടപ്പില്‍ പോലും തോന്നുണ്ടായിരുന്നു.
 അതിനോടകം മത്സരപരീക്ഷാപുസ്തകം മടിയിലേക്ക് മടക്കി പിടിച്ച് വായനക്കാരി പെണ്‍കുട്ടിയും പ്രണയക്കാരിയിലേക്ക് ഉറങ്ങിച്ചാഞ്ഞിരുന്നു. അവരെ രണ്ടുപേരെയും പ്രണയക്കാരി ഉറക്കത്തിനിടയിലും രണ്ടു വശങ്ങളിലും കമ്പി വലിച്ചു കെട്ടിയ പഴയ ടി.വി ആന്റിന പോലെ തന്നില്‍ താങ്ങി നിര്‍ത്തി.

                               അറ്റത്ത് ഇരിക്കുന്ന മധ്യവയസ്കനും അവരോടൊപ്പം എപ്പോഴോ ഉറക്കം തൂങ്ങാന്‍ തുടങ്ങി.

                              കുര്‍ത്തക്കാരിയില്‍ മാത്രം അപ്പോഴും എലിപ്പെട്ടിക്കാരന്റെ നോട്ടം ഉടക്കി നിന്നു. ഒളിച്ചോട്ടക്കാരിയാകട്ടെ  അപ്പോഴും അവനിലേക്ക് ചേര്‍ന്നു ചേര്‍ന്നു നിന്നു കൊണ്ടുമിരുന്നു.
 
തീവണ്ടിക്ക് പുറത്തു നിന്നും ഒരു കഥാപാത്രം ശബ്ദം നല്കുന്നു.


                             അപ്പോഴേക്കും എലിപ്പെട്ടിക്കാരന് മൊബൈല്‍ ഫോണില്‍ ഒരു കോള്‍ വന്നു. അവന്‍ ഒളിച്ചോട്ടക്കാരിയോട് പറഞ്ഞു

                             - “ഇപ്പ വെരാം. ഈടത്തന്ന നിക്ക്.”

                           അവന്‍ മൊബൈല്‍ ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കുകയും പിന്നെ അതുമെടുത്ത് ട്രെയിനിലെ കമ്പാര്‍ട്ടുമെന്റുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത മറ്റാരുമില്ലാത്ത സ്ഥലത്തേക്കു പോകുകയും ചെയ്തു.

                          അപ്പുറത്തു നിന്നും ചോദ്യമുയര്‍ന്നു.

                         - “ഏട്യെത്തി?”

                            അവനൊന്ന് പുറത്തേക്ക് തലയെത്തിച്ചു നോക്കി പറഞ്ഞു.

                         - “ഏട എത്ത്യോ, ന്തോ? ഏയ്തായാലും വൈയ്യീട്ട് ഏതാണ്ടൊര്


                           ആറര്യോട് അട്പ്പ്ച്ച് അവ്ടെത്തും.”

                           - “ഓളെന്ത് പറയ്ന്ന്? പ്രശ്നോന്നുല്ലാലോ?”

                          - “ഏയ് ഒന്നൂല്ല. പെരുത്ത് സന്തോഷം തന്നെ.”

                          - “ങ്ങനേണ്ട്?”

                          - “ഒര് ആവറേജ്.”

                           - “വിളിച്ചെറക്കാന് പാട്വെട്ടോ?”

                           - “ഏയ് ല്ല. ഓള് ഹോം നേഴ്സായി നിക്കണ വീട്ടില് നാട്ടില് ഒര് കല്യാണത്തിനാന്നും പറഞ്ഞ് പോന്ന്യാണ്.”

                               - “ആരേലും അന്വേഷിക്ക്വോ?”

                              - “ഏയ്. ഓക്കതിന് ചോയിക്കാനും പറ്യാനും കാര്യായിറ്റ് ആരൂല്ല. ഓളെ അച്ഛനുമമ്മേം വീടിന്റ ഓട് വിറ്റ് വെള്ളടിക്കണ കൂട്ടാണ്.”

                             - “ന്ത് പറഞ്ഞൊപ്പിച്ച്?”

                               - “ഇനിക്കൊന്നും അറിയാത്തെ പോല. സ്െതരം പര്പാട്യെന്നെ. അമ്പലത്തില് വച്ച് താലി കെട്ടാന്ന്ള്ള പദ്ധത്യെന്നെ. ഓളെ ഞ്യാന്‍ കെട്ട്ണേന് നാട്ട്വാര്‍ക്കും വീട്ട്വാര്‍ക്കും എത്ര്‍പ്പാന്ന് പറഞ്ഞപ്പോ പാവത്തെന് പെട്ടന്നന്നെ കൂട പൊറ്ക്കണംന്ന്.”

                            - “ലേഡീസ് കമ്പാട്ടുമെന്റില് കയറ്റാര്ന്ന്ല്ലേ? ഒന്ന്ച്ച് വന്നാ പരിചെയക്കാര് ആരേലും കാണ്വാറ്റം ചെയ്താലോ?”

                            - “ഏയ് ല്ല. പരിചെയക്കാര് ഇല്ലാത്തെടം ആദ്യേം തന്ന നോക്ക്വെച്ചു. ഓളാണേല്  തല ഏതാണ്ടൊക്കെ ഷാള്വൊണ്ട് മൂടീറ്റ് നില്ക്വാണ്. എന്നാ പിന്ന  ട്രെയിനെറങ്ങീറ്റ്  വിള്ക്കാം.”

                          - “ഏയ് വെക്കല്ലേ. ഞ്യാനെന്നാ മാനേജറോട് പറേട്ടെ.”

                           - “ഇന്റ ഓട്ടലും ഇന്റ മാനേജറ്വല്ലേ. പോയി പറഞ്ഞേക്ക്. ഓളെ പൂട്ടീടാന്‍ ഒര് മുറീം കണ്ടു വെക്ക്.”

                             മറുതലക്കല്‍ നിന്നും അമര്‍ത്തിച്ചിരിച്ചു കൊണ്ട് ചോദ്യം.

                           - “ഈപ്പെണ്ണ് ഇദ് ഇന്റ എത്രാമത്യാ?”

                            - “ഇന്നപ്പോല അദൊക്കെ എണ്ണലല്ലേ എന്റ പണി.”

                              അവനതും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് മൊബൈല്‍ ഫോണ്‍ കീശയിലേക്കു തന്നെ ഇട്ട് തിരക്കിലൂടെ നൂണ്ട് പഴയ സ്ഥാനത്തു തന്നെ പോയി നിന്നു. കുര്‍ത്തക്കാരിയെ കണ്ടു നില്ക്കാന്‍ പറ്റുന്ന ഇടം മറ്റാരെങ്കിലും അപ്പോഴേക്കും കവര്‍ന്നു കളഞ്ഞിരിക്കുമോ എന്ന ആശങ്ക അവനില്‍ ഉണ്ടായിരുന്നു. ഇല്ലെന്നു കണ്ട് അവന് ആശ്വാസമായി. ഒളിച്ചോട്ടക്കാരി അവനെ കണ്ടതും അവന്‍ തിരിച്ചു വന്നതിന്റെ  സ്നേഹം മുഴുവന്‍ കണ്ണുകളില്‍ വിടര്‍ത്തി പതിയെ തിരക്കി.

                            - “ആരേനും?”

                           അവന്‍ തെല്ലു കുനിഞ്ഞ് അവളുടെ കാതില്‍ സ്വകാര്യം പറഞ്ഞു.

                           -“ലീവ് പറയാണ്ട് പോന്നതോണ്ട് കമ്പനീന്ന് വിള്ച്ചതാ. ആരോടെങ്ക്ലും പറഞ്ഞാല് നമ്മടെ പ്ളാനൊക്കെ ആക പൊളിയൂല്ലേ.”

                           അവള്‍ അതു വിശ്വസിക്കുകയും തെല്ലു നേരത്തേക്കുള്ള വിട്ടുനില്ക്കല്‍ പരിഹരിക്കാനെന്ന വണ്ണം അവന്റെ ചുമലിലേക്ക് തല ചായ്ക്കുകയും ചെയ്തു. അവന്‍ അവളുടെ അരക്കെട്ടില്‍ തിരക്കിനിടയില്‍ ആരുമാരും ശ്രദ്ധിക്കുന്നില്ലെന്നതിനാല്‍ കൈ ചേര്‍ത്ത് പിടിച്ച് അവളെ തെല്ലു കൂടി സുരക്ഷിതയാണെന്നു തോന്നിക്കാനായി ശരീരത്തോട് ചേര്‍ത്തു നിര്‍ത്തി. അവള്‍ക്ക് അത് ഒരുപാട്  ഇഷ്ടമായി എന്ന വണ്ണം മുഖമുയര്‍ത്തി അവന്റെ കണ്ണിലേക്ക് കണ്ണുകള്‍ വിടര്‍ത്തി അവള്‍ നോക്കുകയും നാണത്തോടെ ചിരിക്കുകയും പിന്നെ പഴയ പടി മുഖം താഴ്ത്തി നില്ക്കുകയും ചെയ്തു. യാത്രയില്‍ ഉടനീളം തലതാഴ്ത്തി നിന്നു കൊള്ളാന്‍ അവന്‍ പുറപ്പെടും മുമ്പേ തന്നെ പറഞ്ഞു കൊടുത്തിരുന്നു. ട്രെയിനില്‍ വെച്ച് പരിചയക്കാരാരും തന്നെ കാണാതിരിക്കാന്‍ അത് വേണമെന്ന് കേട്ടപ്പോള്‍ തന്നെ അവള്‍ക്കും തോന്നിയിരുന്നു. ആരുമാരും തന്നെ ഇതുവരെയും തിരിച്ചറിയാത്തതില്‍ അവള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം തോന്നിയതും.


പുറം ലോകം കാണിച്ച് കുടുക്കുന്ന കെണിപ്പെട്ടി


                           സ്റേജില്‍ മുടിയാട്ടം കളിച്ചു തീര്‍ന്ന് അണിയറയില്‍ കിതപ്പോടെ ഇരിക്കുമ്പോഴാണ് അവള്‍ ആദ്യമായി അവനെ കാണുന്നത്. അവന്റെ കണ്ണിലെ പ്രകാശത്തിലും നീണ്ട ക്യതാവിലും സിനിമാപ്പാട്ടിന് ഒപ്പിച്ച ചൂളം വിളിയിലും നെഞ്ചത്തൊക്കെ പലതും വായിക്കാനുള്ള ബനിയനിലും ജീന്‍സ് പാന്റ്സിലും അപ്പോഴേക്കും അവള്‍ വീണു പോയിരുന്നു. തെല്ല് നേരം അവിടം ചുറ്റിപ്പറ്റി നിന്ന് കണ്ണുകളാല്‍ അവനായി വിടര്‍ന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി നോക്കിക്കൊണ്ടിരിക്കെ ഒടുവില്‍ അവന്‍ അവളുടെ അടുത്തു കൂടി മെല്ലെ ചോദിച്ചു.

                           - “ഇത്രേം നേരം മുടിയിട്ട് ആട്ടാന്‍ എങ്ങനെ പറ്റ്ന്ന്? തലയും കഴുത്ത്വൊക്കെ വേദന്യാവൂല്ലേ?”

                              അവള്‍ ചിരിച്ചു കൊണ്ടു നിന്നു. ഒന്നിച്ച് മുടിയാട്ടത്തിനുണ്ടായിരുന്ന പെണ്‍കുട്ടി അവളുടെ അവനോടുള്ള ഇഷ്ടം മനസ്സിലാക്കിയിട്ട് കളിയാക്കി.

                             - “അദൊക്കെ അബള് നോക്ക്യോളും. ങ്ങള് പോയാട്ടെ.”

                               അവള്‍ക്കാണെങ്കില്‍ കൂട്ടുകാരി പറഞ്ഞതു കേട്ട് അവന്‍ പോയ്ക്കളയുമോ എന്ന ആശങ്കയുണ്ടായി. പക്ഷേ അവന്‍ വീണ്ടും അവളെ ചുറ്റിപ്പറ്റി നില്പ് തുടര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ക്കൊരു ജോലി എന്ന വണ്ണം ഹോം നേഴ്സിങ്ങിന് സൌകര്യം ചെയ്തു കൊടുത്തതു പോലും അവനാണ്.

                              എലിപ്പെട്ടിക്കാരന്‍ വീണ്ടും ഉറങ്ങുന്ന കുര്‍ത്തക്കാരിയുടെ ചുണ്ടുകളിലെ വിടവിലേക്ക് കണ്ണുകളാല്‍ നൂഴ്ന്നു പോയി. തനിക്കൊരിക്കലും പിടിച്ചടക്കാന്‍ പറ്റാത്ത സാമ്രാജ്യമാണ് അവളെന്ന് ആ പെണ്‍കുട്ടിയെ കണ്ട മാത്രയില്‍ തന്നെ അവന് മനസ്സിലായിരുന്നു. ഒരു എലിപ്പെട്ടിക്കാരന്‍ എന്ന നിലയില്‍ അവന്റെ കെണിയില്‍ കുടുങ്ങിയ എലികളെല്ലാം സാധാരണ എലികളായിരുന്നു. അവന്‍ എലിപ്പെട്ടി ഉണ്ടാക്കുന്നവനാണെന്ന് അറിഞ്ഞ് കാട്ടില്‍ നിന്നും നാട്ടില്‍ ഇറങ്ങി കാല്‍പ്പാടുകള്‍ കാണിച്ച പുലിയെ പിടിക്കാന്‍ കെണിയൊരുക്കാന്‍ ആളെ നോക്കുന്നുണ്ടെന്നും അവര്‍ക്ക് ഒരു കൂറ്റന്‍ കെണിപ്പെട്ടി ഉണ്ടാക്കിക്കൊടുക്കുമോ എന്നും ലോഡ്ജിലെ പയ്യന്‍ അവനോട് ചോദിച്ചിരുന്നു. അവന്‍ പക്ഷേ അത് വേണ്ടെന്നു വെച്ചു. ആളുകള്‍ പലരും ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവന്റെ ഇഷ്ടവിനോദങ്ങള്‍ തെല്ലും നടക്കില്ല എന്ന് അവന് നന്നായി അറിയാം. ചില പെണ്‍കുട്ടികളും ചില എലികളും അവനാല്‍ കെണി വെക്കപ്പെടുന്നവ.  


                                 തലേന്ന് വരെ കുറച്ചു ദിവസങ്ങളായി തങ്ങിയിരുന്ന തരം താണ ലോഡ്ജ് മുറിയില്‍ യാതൊരു പേടിയുമില്ലാതെ പകല്‍ പോലും ഇറങ്ങി നടന്ന ഒരു പെണ്ണെലിയെ അവന്‍ ഇന്നലെ തീര്‍ത്ത പുത്തന്‍ എലിപ്പെട്ടിയില്‍ കുടുക്കുകയുണ്ടായി. ഇരുട്ടില്‍ തേങ്ങാപ്പൂളിന്റെ വെളുത്ത ചിരി കാണിച്ചാണ് അവന്‍ അതിനെ കുടുക്കിയത്. വലിയ ശബ്ദത്തോടെ വീഴുന്ന ഒച്ച കാലത്ത് ഇരുട്ടിലേക്ക് മുറി പൂട്ടി ഇറങ്ങുമ്പോഴാണ് അവന്‍ കേട്ടത്. അവന്‍ എത്തുമ്പോഴേക്കും ഒളിച്ചോട്ടക്കാരി റെയില്‍വേ സ്റേഷന്റെ ഏതാണ്ട് അടുത്തുള്ള അവള്‍ ഹോം നേഴ്സായി നില്ക്കുന്ന വീട്ടില്‍ നിന്നും ഇരുട്ടിലേക്ക് ഇറങ്ങി വന്നിരുന്നു.

                                 എലികളെ പറ്റിയും എലിപ്പെട്ടിയെ പറ്റിയും അവന് നന്നായി അറിയാം. കെണിക്ക് ഇരയുടെ അതേ മുഖഛായയുള്ള മറ്റേതൊരു കെണിയാണ് ഉള്ളത് എന്ന് ഓരോ എലിപ്പെട്ടി തീര്‍ത്തു കഴിയുമ്പോഴും അതിന്റെ അടഞ്ഞ വാതില്‍ ഭാഗം നോക്കി അവന്‍ വിചാരിക്കാറുണ്ട്. കൂര്‍ത്തമുഖമാണ് എലിക്കും എലിപ്പെട്ടിക്കും.

                                  എല്ലാ ലോഡ്ജ് മുറികളിലും അവന്‍ നിന്നത് എലിപ്പെട്ടി ഉണ്ടാക്കുന്നവനായാണ്. പീഞ്ഞപ്പലകയില്‍ എലിപ്പെട്ടിയുണ്ടാക്കലായിരുന്നു അവന്റെ ജോലി. അതു പക്ഷേ അവന്റെ മുഖ്യജോലിയൊന്നുമായിരുന്നില്ല. അതൊരു ഹോബിയായിരുന്നു. ഉണ്ടാക്കിയ പെട്ടികള്‍ അവന്‍ കടകളില്‍ കൊണ്ടു പോയി വിറ്റു കാശാക്കും. ലഗേജ് വെക്കുന്ന തട്ടിലെ അവന്റെ ബാഗില്‍ പലതരം ഉളികളും മുട്ടിയുമൊക്കെയുണ്ട്. അതില്‍ ഉളികളാണെന്ന് പക്ഷേ ഒളിച്ചോട്ടക്കാരിക്ക് അറിയുകയേ ഇല്ല. അവന്‍ വലിയ ഏതോ കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടീവാണ് അവള്‍ക്ക്.  അങ്ങനെയാണ് അവന്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തിരിക്കുന്നത്. സെയില്‍സ് എക്സിക്യൂട്ടീവ് ആരാണെന്നോ എന്താണെന്നോ അവള്‍ക്ക് ഒട്ട് അറിയത്തുമില്ല. അവന്‍ ഇനി അതു വരെ തങ്ങിയ ലോഡ്ജ് ഉപേക്ഷിച്ച് പുതിയൊരിടം തേടും.


                                   സ്നേഹത്തിന്റെ പുറത്ത് കൂടെ പോരുന്ന പെണ്‍കുട്ടികളെ ഒരിടത്തു നിന്നും  കടത്തിക്കഴിഞ്ഞാല്‍ എപ്പോഴുമുള്ളതാണ് അവന് അവിടെ നിന്നും നാടുമാറ്റം. അവിടെയും അവന് എലിപ്പെട്ടി നിര്‍മ്മാണം തന്നെയാകും.  
എലിപ്പെട്ടിയില്‍ വന്നു പെട്ടാല്‍ എലിക്ക് ബുദ്ധി മരവിച്ചു പോകും. ആദ്യം തന്നെ വതിലടയുന്ന ഭയാനക ശബ്ദത്തില്‍ അവ പേടിച്ചു പോകും. പിന്നെ ദയനീയമായി കരഞ്ഞ് കമ്പി കൊണ്ട് തീര്‍ത്ത പുറം കാഴ്ചകളില്‍ കടിച്ചു കടിച്ച് രക്ഷപ്പെടാമെന്ന ചിന്തയേ അവക്ക് വരികയുള്ളു. വലിയ പത്തായവും വാതിലുമൊക്കെ കരണ്ടു മുറിക്കുന്ന പഴയ ബുദ്ധി തെല്ലും ശക്തിയില്ലാത്ത പീഞ്ഞപ്പെട്ടി കൊണ്ട് തീര്‍ത്ത എലിപ്പെട്ടി കരളാന്‍ അവക്ക് കമ്പിയാല്‍ തീര്‍ത്ത ജാലകത്തിലൂടെയുള്ള പുറം കാഴ്ചയില്‍ വീണ് തോന്നുകയേയില്ല. എലിപ്പെട്ടിയുടെ അകമല്ല ശരിക്കും എലിയെ കുടുക്കുന്നത്, എലിപ്പെട്ടിയില്‍ നിന്നും അത് കാണുന്ന പുറം ലോകമാണ്.

                                     അപ്പോഴേക്കും ജാലകത്തിന് അടുത്തിരിക്കുന്ന ജലദോഷക്കാരന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.  ഇന്‍ഹേലര്‍ എടുത്ത് മണപ്പിക്കാനെന്ന വണ്ണമാണ് ഉണര്‍ന്നത് എന്നതു പോലെ ധ്യതിയില്‍ അവന്‍ അത് തുറക്കുകയും മണപ്പിക്കുകയും ചെയ്തു. അവന്‍ ഉണര്‍ന്നതോടെ നീളത്തില്‍ പകുതി വെച്ച് മടക്കി കുത്തനെ ഒന്നിനൊന്ന് പിറകിലായി വെച്ച ചീട്ടുകള്‍ ഏറ്റവും ആദ്യത്തേത് വീഴുമ്പോള്‍ എല്ലാം വീഴുന്നതു പോലെ എല്ലാവരും ഉണര്‍ന്നു. ജലദോഷക്കാരന്‍ ജാലകത്തിലൂടെ പുറത്തേക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ നോക്കിയതിനു ശേഷം ലഗേജ് തട്ടില്‍ നിന്നും ബാഗ് എടുക്കാനായി എഴുന്നേറ്റു. അവന്‍ ബാഗുമായി വീണ്ടും സീറ്റില്‍ ഇരുന്നപ്പോള്‍ തമാശക്കാരന്‍ എഴുന്നേറ്റ് ബാഗില്‍ നിന്നും ക്യാമറ എടുക്കുകയും എല്ലാവരെയും ചേര്‍ത്ത്  ഫോട്ടോ എടുക്കുവാനും തുടങ്ങി.  പ്രണയിനിയുടെ ചുമലില്‍ ചാഞ്ഞ് ഉറങ്ങിയിരുന്ന ആണ്‍കുട്ടി  ഉറക്കം മതിയാകാതെ വീണ്ടും അവളുടെ ചുമലിലേക്ക് തന്നെ തല ചായ്ച്ചു. അപ്പോഴേക്കും തമാശക്കാരന്റെ ക്യാമറയുടെ പിന്നാമ്പുറത്ത് അതൊരു നിശ്ചലദ്യശ്യമായി രൂപപ്പെട്ടു.


ഒരിടത്ത് നിര്‍ത്താന്‍ കഥയുടെ വേഗം കുറയുന്നു.


                                    അപ്പോഴേക്കും തീവണ്ടി വേഗം കുറച്ചു തുടങ്ങിയിരുന്നു. എഴുന്നേറ്റ കുര്‍ത്തക്കാരി തമാശക്കാരന്റെ കൈയില്‍ നിന്നും ക്യാമറ ധ്യതിയില്‍ വാങ്ങി ഫോട്ടോകള്‍ നോക്കാന്‍ തുടങ്ങി.  ഉറങ്ങുന്ന ചെറുപ്പക്കാരന്‍ ചുമലില്‍ തല ചായ്ച്ച് കിടക്കുന്ന ഫോട്ടോ അവള്‍ അവനെ താങ്ങുന്ന പ്രണയിനിക്ക് കാണിച്ചു കൊടുത്തു. അവള്‍ അതു കണ്ടതും തെല്ലൊന്ന് ബോധവതിയായതു പോലെ തോന്നി. അവള്‍ അവനെ കുലുക്കി വിളിച്ചുണര്‍ത്തി നേരെ നിര്‍ത്തി. അവന്‍ വീണ്ടും ചുമലിലേക്ക് ചായാന്‍ നോക്കിയപ്പോള്‍ അവള്‍ ചുമല്‍ വെട്ടിച്ചു. അവന്‍ എന്തോ ഒന്ന് നഷ്ടമായതു പോലെ തെല്ല് നിരാശനായി. തമാശക്കാരനോട് പ്രണയിനി പറഞ്ഞു.

                                  - “നീയാ ഫോട്ടോ നിന്റെ വാളിലൊന്നും ഇട്ടേക്കല്ലേ. പപ്പാ കാണും. എന്റെ പിന്നാലെയുള്ള ഇവന്റെ ചുറ്റിക്കളി കൊണ്ടു തന്നെ എന്റെ കൂടെ ഇവനെ കാണുന്നത് പപ്പാക്ക് ചതുര്‍ത്ഥിയാ.”

                              എല്ലാവരും അതുകേട്ട് ഉറക്കെ ചിരിച്ചു. ചിരിയില്‍ പങ്കു ചേരാതെ ഉറക്കം തീരാത്ത ആണ്‍കുട്ടി  അവളുടെ തോളിലേക്ക് അല്പം ബലമായി ചായുകയും ചെയ്തു. അപ്പോള്‍ അവനോട് പാവം തോന്നിയിട്ടോ എന്തോ അവള്‍ പ്രതിഷേധം തെല്ലും കാണിച്ചില്ല.

                                എഴുന്നേറ്റു നിന്ന കുര്‍ത്തക്കാരിയോട് തമാശക്കാരന്‍ ചോദിച്ചു.

                            - “ഇനിയെപ്പോഴാണ് കാണുക?”

                             - “ഞാന്‍ നിന്നെ വിളിക്കാം. അല്ലേല്‍ വേണ്ട. നമുക്ക് ചാറ്റില്‍ കാണാം.”

                              അവന്‍ യെസ് എന്നും പറഞ്ഞ് അവളുടെ കൈ പിടിച്ച് അമര്‍ത്തി.
 

                              മീശക്കാരന്‍ എഴുന്നേറ്റ രണ്ടുപേരോടും തിരക്കി.

                              - “എങ്ങനെ പോകും?”

                               ജലദോഷക്കാരന്‍ പറഞ്ഞു.

                               - “പപ്പ വന്നിട്ടുണ്ടാകും കാറുമായി. ഇവളെ ഞാന്‍ വീട്ടിലെത്തിച്ചേക്കാം.”


                                മീശക്കാരന്‍ അതു കേട്ട് ഓക്കെ എന്ന് പറഞ്ഞു.

                               അപ്പുറത്തെ ജാലകത്തിനടുത്ത് ഒറ്റക്ക് അഭിമുഖമായിരിക്കുന്നവര്‍ അപ്പോഴേക്കും അവര്‍ രണ്ടു പേര്‍ ഒഴിഞ്ഞ ഇടത്തേക്ക് മാറി ഇരുന്നു. അവരും ഇറങ്ങാന്‍ പോകുന്നവര്‍ക്ക് ചിരിച്ചു കൊണ്ട് കൈ കൊടുത്തു.

                            എലിപ്പെട്ടിക്കാരനാകട്ടെ ഒളിച്ചോട്ടക്കാരി കാണാതെ കുര്‍ത്തക്കാരിയെ ശരീരം കൊണ്ട് തൊടാനായി അവള്‍ അടുത്ത് എത്തുന്ന നേരം ക്യത്രിമമായി ചെറിയ തിരക്ക് ഉണ്ടാക്കാന്‍ ശ്രമിച്ചു. അതു മനസ്സിലാക്കിയിട്ടോ എന്തോ അവള്‍ ചുമലിലേറ്റിയ വലിയ ബാഗ് കൈയിലെടുത്ത് തന്റെ ശരീരത്തിലേക്ക് ചായാന്‍ ശ്രമിക്കുന്ന എലിപ്പെട്ടിക്കാരനെ തടഞ്ഞു. എന്നിട്ടും ശരീരത്തില്‍ തൊടാന്‍ ശ്രമിക്കുന്ന അവനോട് അവള്‍ ഈര്‍ഷ്യയോടെ പറഞ്ഞു.

                            - “ഏയ് മിസ്റര്‍, ദൂരെ നില്ക്ക്. അവിടെയതാ ഇഷ്ടം പോലെ മാറി നില്ക്കാന്‍ സ്ഥലം.”

                            ജലദോഷക്കാരന്‍ അതു കേട്ടതും എലിപ്പെട്ടിക്കാരനെ രൂക്ഷമായൊന്ന് നോക്കി. അവന് അപ്പോള്‍ ഒളിച്ചോട്ടക്കാരിയുടെ അടുത്തേക്ക് മാറി നില്ക്കേണ്ടി വന്നു. ജുബ്ബക്കാരി പിന്നെ തിരക്കിലൂടെ നൂഴ്ന്ന് ജലദോഷക്കാരനൊപ്പം പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങി. അവരിരുവരും പെട്ടെന്നു തന്നെ ജാലകത്തിന് അടുത്തേക്ക് വന്ന് തെല്ല് കുനിഞ്ഞ് കൂട്ടുകാരോട് വീണ്ടും യാത്ര ചോദിച്ചു.

                              അപ്പോഴും എലിപ്പെട്ടിക്കാരന്‍ ആ കുര്‍ത്തക്കാരിയെ നോക്കുകയായിരുന്നു. ഒളിച്ചോട്ടക്കാരിയാകട്ടെ കാര്യങ്ങളൊന്നുമറിയാതെ അവനെ അഗാധമായി കൈത്തണ്ടയിലൂടെ കൈയിട്ട് ചേര്‍ത്തു പിടിച്ച് ഗാഢമായി സ്നേഹിക്കുകയും.

                             തീവണ്ടി അവിടെ നിന്നും എടുത്തപ്പോള്‍ എലിപ്പെട്ടിക്കാരന്‍ ഒളിച്ചോട്ടക്കാരിയോട് സ്വകാര്യം പറഞ്ഞു.

                              - “വല്യേട്ത്തെ പിള്ളേര്‍ക്കെല്ലാം ന്താ പത്രാസ്, ല്ലേ? ഓളുടെ മിസ്റര്‍ വിളിയെല്ലാം കേട്ടാ മതി. എനിക്കൊരു കുസ്രയൊക്കെ ഇങ്ങ് കാരീന്. ഞാന്‍ പിന്ന വേണ്ടാന്നു വെച്ച്റ്റാ.”

                             ഒളിച്ചോട്ടക്കാരി അതുകേട്ട് അത്യന്തം സന്തോഷത്തോടെ അവന്റെ ചുമലില്‍ തല കൊണ്ട് ഉരുമ്മി.

                             അവന്‍ ലോഡ്ജ് മുറിയില്‍ കൊല്ലാന്‍ മറന്ന പെണ്ണെലി അപ്പോഴേക്കും ഒരുപാട് നേരത്തെ നിലവിളിക്കും എലിപ്പെട്ടി ജാലകത്തിന്‍ മേലുള്ള ഏറെ നേരത്തെ കടിച്ചു പറിക്കലുകളുമെല്ലാം കഴിഞ്ഞ് നിസ്സഹായയായി ഒരു മൂലയില്‍ പുറത്തേക്ക് നോക്കിക്കൊണ്ട് തളര്‍ന്നുള്ള ഇരിപ്പു തുടങ്ങിയിരുന്നു.


                                                                          -0-





       
  
       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ