2011, ജനുവരി 13, വ്യാഴാഴ്‌ച

പൂമ്പാറ്റയും മഞ്ഞുതുള്ളിയും

അരുണ്‍കുമാര്‍ പൂക്കോം

പൂമ്പാറ്റയുടേത്  ഒരു തുള്ളിച്ചിമനസ്സ്.
കണ്ണെറിഞ്ഞ്, വര്‍ണ്ണച്ചിറകുകള്‍ മിടിപ്പിച്ച്
പൂവുകളെ തന്നിലേക്ക് ആകര്‍ഷിച്ച്
വട്ടമിട്ട് തത്തിപ്പറന്ന് മുത്തമിട്ടുമുത്തമിട്ട്
തേന്‍ നുകര്‍ന്ന് പൂവുകളില്‍ നിന്ന്
പൂവുകളിലേക്ക് പാറിപ്പറക്കുന്ന മനസ്സ്.
അവളോട് നന്‍മകള്‍ ഓതരുത്.
പൂക്കളുടെ വര്‍ണ്ണഭംഗിയില്‍ ഭ്രമിച്ചു മയങ്ങി ചെല്ലുന്ന
പനനീര്‍ ചെടികളില്‍ മുള്ളുകളുണ്ടെന്ന് ഓര്‍മ്മിപ്പിക്കരുത്.
ചിറകും മേനിയും പോറുമെന്ന് വിലക്കരുത്.
തന്റെ ചിറകും മേനിയും നോക്കാന്‍
തനിക്കറിയാമെന്നവള്‍ നൊമ്പരപ്പെടുത്തും.
തിരിഞ്ഞുനിന്ന് അവനവന്‍ അവനവന്റെ
പാടുനോക്കിപ്പോയിക്കൊള്ളാന്‍ പറയും.
പൂക്കാരന്റെ പൂന്തോട്ടത്തിനരികിലേക്ക്
പാറിച്ചെല്ലരുതെന്ന് വിലക്കരുത്.
വിറ്റുകാശാക്കുന്ന മനസ്സ് സൂക്ഷിക്കണമെന്ന് ഉപദേശിക്കരുത്.
മാല കോര്‍ക്കുന്നതിനും ബൊക്ക മെടയുന്നതിനും
അപ്പുറം മരണത്തിനായി റീത്തുതീര്‍ത്ത്
കാത്തിരിക്കുന്ന ശവംതീനി കഴുകന്റെ
മനസ്സുണ്ടവനെന്ന് പേടിപ്പിക്കാന്‍ നോക്കരുത്.
മരണത്തെ തനിക്ക് ഭയമില്ലെന്നവള്‍ തിരിച്ചടിക്കും.
ഒരുപാട് നന്‍മകള്‍ കൊണ്ടുനടക്കുന്ന മനസ്സ്
നല്ലതല്ലെന്ന് ആക്കിച്ചിരിച്ചുകൊണ്ട് അവള്‍ ഇങ്ങോട്ട് പറഞ്ഞുതരും.
തുള്ളിച്ചിപ്പൂമ്പാറ്റയെ തിരുത്താന്‍ നോക്കരുത്.
അവള്‍ പൂവുകളില്‍ നിന്നും പൂവുകളിലേക്ക്
പാറിനടക്കാന്‍ ഒരുമ്പെട്ടിറങ്ങിയവള്‍.
ഇനിയുമിനിയും തിരുത്താന്‍ നിന്നാല്‍
പൂജക്കെടുക്കാത്ത പൂവാണെന്ന്,
മണമോ നിറമോ ഗുണമോ ഇല്ലാത്തതെന്ന് പരിഹസിക്കും.
അതും പോരാഞ്ഞ് ഒന്നിനുമൊന്നിനും കൊള്ളില്ലെന്ന്
ആണും പെണ്ണും കെട്ടതെന്ന് മറ്റ് പൂവുകളോട് പാടിനടക്കും.
ആയതിനാല്‍ നന്‍മകള്‍ കനവു കാണുന്ന പൂവേ,
നിന്നെ കാണാത്ത, നിന്നെ കേള്‍ക്കാത്ത, നിന്നെ അറിയാത്ത
തുള്ളിച്ചിപ്പൂമ്പാറ്റയെ മറന്നേക്കുക.
നിന്നില്‍ വീണ് നിന്നിലലിഞ്ഞില്ലാതാവുന്ന
മഞ്ഞുതുള്ളിയില്‍ സ്നേഹം ഒതുക്കിയേക്കുക.

4 അഭിപ്രായങ്ങൾ:

  1. Thank u 4 writing such an Excelent & hearttouching poem ........
    hoping more & more poem fRm ur pen.!

    Ashraf Ak Gvhss kOduvally-tly

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം.


    പിന്നെ, കമന്റെഴുതുമ്പോള്‍ കമന്റുകള്‍ക്ക് അറിയാതെ subscribe ചെയ്തു കാണണം. അതാണ് മറ്റു കമന്റുകളെല്ലാം മെയിലിലേയ്ക്ക് വരുന്നത്


    [കമന്റ് ബോക്സിനു താഴെ Email follow-up comments to
    എന്നുള്ളിടത്ത് മാര്‍ക്ക് ചെയ്തു കാണും. നോക്കൂ]

    മറുപടിഇല്ലാതാക്കൂ
  3. നന്നായി പൂവിന്റെ ദുഃഖം..
    പക്ഷെ തേന്‍ കുടിക്കാന്‍
    എത്തുന്ന പൂമ്ബാടയെ മറക്കാന്‍ പൂവിനു വയ്യല്ലോ..
    പിന്നെ പൂവിന്റെ തേന്‍ വറ്റി ആര്‍കും വേണ്ടാതെ
    കൊഴിഞ്ഞു വീഴുന്ന ജന്മം ആകുന്നതില്‍ ഭേദം
    കുടിച്ചിട്ട് പോയ്കോട്ടേ... കൂടെ പരാഗണം നടത്തി തന്റെ
    കുഞ്ഞുങ്ങളും എവിടെങ്കിലും ഒക്കെ വളരട്ടെ എന്നാവും പൂവിനു.

    മറുപടിഇല്ലാതാക്കൂ
  4. അഹങ്കാരത്തിന്റെ പ്രതീകമാക്കി പൂമ്പാറ്റയെ, പാവം

    മറുപടിഇല്ലാതാക്കൂ