2011, ജനുവരി 31, തിങ്കളാഴ്‌ച

കുറുക്കനും മുന്തിരിയും - പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍

അരുണ്‍കുമാര്‍ പൂക്കോം

        - എന്നെ മറന്നോ?

       -എപ്പോഴെങ്കിലും ഓര്‍മ്മിച്ചിട്ടു വേണ്ടേ മറക്കാന്‍.

      -ഒരിക്കല്‍ എന്നെ ഒരുപാട് ആശിച്ചതായിരുന്നില്ലേ?

      -അതൊക്കെ വെറും പഴങ്കഥയല്ലേ.

     -എനിക്ക് നേരെ ചാടിയിട്ട് പുളിക്കുമെന്ന് പറഞ്ഞത് ഓര്‍മ്മയില്ലേ?

     --സമ്മതിച്ചു. ഞാന്‍ ചാടിക്കാണും. കിട്ടാതെ വന്നപ്പോള്‍ തമാശക്ക് വല്ലതും പറഞ്ഞും കാണും. അത് നീയും ഞാനും മാത്രമറിഞ്ഞ കാര്യം. പക്ഷേ പിന്നീട് ലോകം മുഴുവന്‍ ഇക്കാര്യം അറിഞ്ഞതെങ്ങനെ. ഈ വഴി വന്നവരോടൊക്കെ നീ പറഞ്ഞു. നീ പറഞ്ഞല്ലാതെ മറ്റേതു വഴിക്ക്. ഞാന്‍ ആര്‍ത്തി മൂത്തു ചാടിയെന്നും കിട്ടാതെ വന്നപ്പോള്‍ പുളിക്കുമെന്ന് പറഞ്ഞെന്നും എല്ലാവരോടും നീയാണ് പറഞ്ഞത്. നിനക്ക് നിന്റെ സൌന്ദര്യത്തിന് കിട്ടിയ വലിയ അംഗീകാരമായിരുന്നു അത്. ഞാന്‍ ഇളിഭ്യനായ കഥ. അതിലൊരു കഥയെഴുത്തുകാരന്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അതൊരു വലിയ കഥയാക്കി മാറ്റി. ഒരിക്കലും മറവികളില്‍ നഷ്ടപ്പെട്ടു പോകാത്ത കഥ.കുട്ടിക്കാലത്തേ അമ്മ മോദിച്ചു കൊടുക്കുന്ന കഥ. അതു പിന്നെ ഒരു ചൊല്ലു പോലെയായി. എത്തിപ്പിടിക്കാന്‍ പറ്റാത്തത് ആഗ്രഹിക്കുന്നവരോടൊക്കെ മുന്തിരി പുളിക്കുമെന്ന് പറയാന്‍ തുടങ്ങി. എല്ലാവരുടേയുമിടയില്‍ അതുവരെ കൌശലക്കാരനായി പുകള്‍പെറ്റ ഞാന്‍ വെറുമൊരു പരിഹാസകഥാപാത്രമായി. എനിക്ക് വന്നുപെട്ട ദുരവസ്ഥയില്‍ നിനക്ക് എന്തെന്നില്ലാത്ത ആഹ്ളാദമായിരുന്നു. ഞാന്‍ തലയും താഴ്ത്തി നാണം കെട്ട് മറ്റുള്ളവരെയൊക്കെ കാണുമ്പോള്‍ ഇവരും എന്റെ കഥ അിറഞ്ഞുകാണുമല്ലോ എന്ന അപകര്‍ഷതാബോധത്തോടെ നടക്കുമ്പോള്‍ നീ മുകളിലിരുന്ന് പരിഹസിച്ച് ചിരിക്കുകയായിരുന്നു.

         -അതൊക്കെ കഴിഞ്ഞുപോയില്ലേ. മറന്നു കളയാവുന്നതല്ലേയുള്ളു. ഇപ്പോള്‍ എന്റെ അവസ്ഥ നോക്കൂ. ഉറുമ്പരിച്ച്, ഈച്ചയാര്‍ത്ത് വെറും നിലത്ത് കിടക്കുന്നത് കാണുന്നില്ലേ. കിട്ടാതെ കിട്ടിയപ്പോള്‍ ഇവറ്റകള്‍ക്ക് ആര്‍ത്തി തീരുന്നില്ല. എന്നെ ഒന്നു കൊണ്ടുപോകുമോ?

         -നിന്റെ പഴയ അഹങ്കാരം ഇപ്പോഴും വിട്ടുപോയിട്ടില്ല, അല്ലേ. ഉറുമ്പുകള്‍ക്കും ഈച്ചകള്‍ക്കും തൊടാന്‍ പാടില്ലാത്ത മഹത്വമൊന്നും ലോകത്ത് ആര്‍ക്കുമില്ല. അവസാനം അവരുടെ കയ്യിലാണ് എല്ലാവരും. ഈ ഞാന്‍ പോലും. ഒരു കൂട്ടം നായകള്‍ സംഘം ചേര്‍ന്ന് കൊന്നിട്ടാല്‍, അല്ലെങ്കില്‍ പ്രായം ചെന്ന് കണ്ണിന്റെ കാഴ്ച പോയി, കാലുകള്‍ തളര്‍ന്ന് ജീവിതം മടുത്തിരിക്കുമ്പോള്‍ ആരും കരയാനില്ലാത്ത വിധം വായില്‍ നിന്ന് നുരയും പതയും വന്ന് ഞാന്‍ ചത്തുപോകുമ്പോള്‍ ഈച്ചകളും ഉറുമ്പുകളും മാത്രമേ എനിക്കും കാണൂ. ഒരു കാലത്ത് ഒരുപാട് സൌന്ദര്യത്തോടെ, അംഗീകാരത്തോടെ കഴിഞ്ഞതു കൊണ്ടാണ് മരണത്തെ നീ വെറുക്കുന്നത്. അതൊക്കെ പോട്ടെ. എങ്ങനെയാണ് വലിയ നിലയില്‍ നിന്നും നീ താഴേക്ക് വീണത്.

          -കാക്കകള്‍ കൊത്തിയിട്ടതാണ്. കുറേനേരം ചാഞ്ഞും ചെരിഞ്ഞും കോങ്കണ്ണിട്ടു നോക്കി, തുടുതുടുത്ത മുന്തിരിക്കുലയെന്ന് അശ്ളീല ചുവയോടെ പരസ്പരം പറഞ്ഞ്, ആര്‍ത്തു ചിരിച്ച് അവറ്റകള്‍ എന്നെ കൊത്തിപ്പറിച്ചു. എന്റെ കരച്ചിലും തേങ്ങലും പ്രതിഷേധവുമൊന്നും അവര്‍ കാര്യമാക്കിയതേയില്ല. അവറ്റകള്‍ക്ക് ശേഷമിതാ ഉറുമ്പുകളും ഈച്ചകളും. ഇനിയെനിക്കെന്തു ജീവിതമാണുള്ളത്. ദയവായി ശേഷിച്ചത് എടുത്തോളൂ. മുമ്പ് ഒരുപാട് ആശിച്ചതല്ലേ.

           -പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. കാക്ക കൊത്തിയതും ഈച്ചയാര്‍ത്തതും ഉറുമ്പരിച്ചതുമൊന്നും ഞാന്‍ കഴിക്കാറില്ല. അല്ലെങ്കിലും ആപ്പിളും മുന്തിരിയും കഴിച്ചല്ല ഞാന്‍ വളര്‍ന്നത്. നോക്കുകുത്തി കാവല്‍ നില്ക്കാത്ത വയലിലെ വെള്ളരിക്ക രാത്രി ആരും കാണാതെ പറിച്ചു തിന്നാണ് വിശപ്പടക്കിയത്. പിന്നെ പൊത്തില്‍ കൈയിട്ടുപിടിക്കുന്ന ഞണ്ടുകള്‍. അതിനു കുറുക്കന്‍ ഞണ്ടെന്നു തന്നെയാണ് പേര്. പിന്നെ കാക്കയെ പാട്ടുപാടിച്ച് കിട്ടുന്ന അപ്പം. ഓണവും വിഷുവും പോലെ എപ്പോഴെങ്കിലും കോഴി. ഒരു സാദാകുറുക്കന് വിശപ്പടക്കാന്‍ ഇതൊക്കെ ധാരാളം.

           - ശവത്തില്‍ കുത്തി വേദനിപ്പിക്കുകയാണല്ലേ. ദയവായി പഴയതൊക്കെ മറന്ന് എന്നെ എടുത്തോളൂ.

            -അപമാനിച്ചവരെ തിരിച്ചപമാനിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കുന്നത് മൂഢത്തമാണ്. മറിച്ചവരോട് സ്നേഹത്തോടെ പെരുമാറിയാല്‍ അത്തരത്തിലുള്ള മഹാമനസ്കത നമ്മള്‍ കാണിക്കുന്ന മറ്റൊരു വിഡ്ഢിത്തമാണെന്ന് മാത്രമേ അവര്‍ മനസ്സിലാക്കുകയുള്ളു. എന്തൊരു വിഡ്ഢിയാണിവനെന്ന് അവര്‍ വീണ്ടും പരിഹസിക്കും. നീ എന്നെ മുമ്പ് പരിഹസിച്ചത് ലോകം മുഴുലനും അറിഞ്ഞു. ഇപ്പോള്‍ ഞാന്‍ നിന്നോട് പകരം വീട്ടിയത് ആരുമാരും അറിയാന്‍ പോകുന്നില്ലെന്ന് എനിക്ക് നന്നായി അറിയാം. ഒരു പൂച്ചയും ഈ സംഭവം കഥയാക്കി മാറ്റുമെന്നും എനിക്ക് തോന്നുന്നില്ല. പക്ഷേ എനിക്കിത് മനസ്സിന് എന്തെന്നില്ലാത്ത സുഖം തരും.

             - ഇത്രക്ക് ക്രൂരനാകുന്നതെന്തിന്? ഒന്നുമില്ലെങ്കിലും എനിക്ക് ഒന്നിനും വയ്യാതായില്ലേ. അല്പം കരുണ കാണിച്ചുകൂടേ?

             -കരുണ! എന്നോട് ആരെങ്കിലും അത്തരത്തിലൊന്ന് കാണിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മറ്റുള്ളവര്‍ കരുണ കാണിക്കാത്തത് കാരണം എനിക്ക് പകല്‍ ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാമോ. രാത്രിയാവണം ഒന്ന് പുറത്തിറങ്ങാന്‍. നിന്റെ നേര്‍ക്ക് ഞാന്‍ ചാടിയതും ഒരു രാത്രിയായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ഞാന്‍ പലവട്ടം ചാടിയതും കിട്ടാതെ വന്നപ്പോള്‍ ഒത്തിരി പുളിക്കുമെന്ന് എന്നെ നീ പരിഹസിച്ചതും മുന്തിരി തിന്നാന്‍ മാത്രം ആളുകളുടെ മുഖത്ത് നോക്കാത്ത കള്ളനായ തനിക്കെന്ത് യോഗ്യതയാണുള്ളതെന്ന് നീ എന്നോട് ചോദിച്ചതുമൊന്നും ആരുമാരും കണ്ടതൊന്നുമല്ല, കേട്ടതുമല്ല. നീ വഴിയേ പോകുന്നവരോടൊക്കെ നിന്റെ സൌന്ദര്യത്തിന്റെ ഊറ്റത്തോടെ പറഞ്ഞാണ് ലോകം മുഴുവന്‍ അറിഞ്ഞത്. അന്ന് നീ എന്നോട് കാണിക്കാത്ത കരുണ ഞാനെന്തിന് നിന്നോട് കാണിക്കണം. അല്ലെങ്കിലും ലോകം മുഴുവനും അറിയുന്നത് നിന്റെ സൌന്ദര്യത്തില്‍ മയങ്ങി ഞാന്‍ നിന്നോട് ശൃംഗാരം ഭാവിച്ച് മയക്കിയെടുക്കാന്‍ ശ്രമിച്ചെന്നാണ്. ശൃംഗാരം മാത്രമേ ഈ മുഖത്ത് വരൂ. കരുണം വരില്ല. പക്ഷേ ഇപ്പോള്‍ നിന്നോട് ശൃംഗരിക്കാന്‍ എനിക്ക് തീരെ നേരമില്ല. നിനക്കിപ്പോള്‍ ഇഷ്ടം പോലെ ഈച്ചകളും ഉറുമ്പുകളുമില്ലേ. അതിനിടയിലെന്തിന് ഈ പഴയ വഷളനായ ഞാന്‍? അപ്പുറത്തെ വയലില്‍ ഇഷ്ടം പോലെ വെള്ളരിയുണ്ട്. അവക്ക് എന്നെ വലിയ കാര്യമാണ്. താഴെ നിലത്ത് നില്ക്കുന്നതു കൊണ്ടാണെന്ന് തോന്നുന്നു മാനം മുട്ടുന്ന വലിയ ആഗ്രഹമൊന്നും അവക്കില്ല. അവ മതി എനിക്ക്. പിന്നെ വഴിക്കെവിടെയെങ്കിലും പൊത്തുകളില്‍ ഞണ്ടുകളുണ്ടെങ്കില്‍ സന്തോഷം. പിന്നെ അടച്ചുറപ്പില്ലാത്ത കൂട്ടിലെ വല്ല കോഴിയേയും കിട്ടിയാല്‍ കുശാലായി.

             -കണ്ണില്‍ ചോരയില്ലാത്ത കള്ളക്കുറുക്കന്‍.

             -അതെനിക്കിഷ്ടപ്പെട്ടു. പകരം ഇത്തിരിനേരം ഞാനൊരു പാട്ടുപാടിത്തരാം. പാതിരാവില്‍ , നിലാവത്ത് ഞങ്ങള്‍ സംഘം ചേര്‍ന്ന് പാടുന്നത് വെറുതെ തമാശക്ക് ഞാന്‍ ഒറ്റക്ക് പാടിത്തരാം. ക്ക്ക്ക്യോ.. ക്ക്ക്ക്യോ..ക്ക്ക്ക്യോ..ക്ക്ക്ക്യോ..ക്ക്ക്ക്യോ..ക്ക്ക്ക്യോക്ക്ക്ക്യോക്ക്ക്ക്യോ..…
             
              (എതിര്‍ദിശ മാസിക) 
                    
                                                            -0-         

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ