2011, ജനുവരി 6, വ്യാഴാഴ്‌ച

ഒമ്പ്

അരുണ്‍കുമാര്‍ പൂക്കോം

                   ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്നും പുറപ്പെട്ട് കിഴക്കോട്ട് നാലു കിലോമീറ്റര്‍ നടന്ന്, അവിടെ നിന്നു വലത്തോട്ട് തിരിഞ്ഞ് മൂന്ന് കിലോമീറ്റര്‍ നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് രണ്ടു കിലോമീറ്റര്‍ നടക്കുകയും ചെയ്താല്‍ എത്തിച്ചേര്‍ന്ന സ്ഥലത്തുനിന്നും വീട്ടിലെത്താന്‍ അവള്‍ ഏതു ദിക്കിലേക്ക് നടക്കണം എന്ന ചോദ്യത്തിന് താഴെയായി എ) തെക്കുകിഴക്ക്, ബി) വടക്കുകിഴക്ക്, സി) തെക്കുപടിഞ്ഞാറ്, ഡി) വടക്കുപറിഞ്ഞാറ് എന്നീ മള്‍ട്ടിപ്പിള്‍ ചോയ്സുകള്‍ക്ക് മുന്നില്‍ ബിനു തെല്ലു പതറി നിന്നു. മനസ്സില്‍ അവള്‍ പോയ വഴികളൊക്കെ അവന്‍ തിട്ടപ്പെടുത്തി നോക്കിയെങ്കിലും തന്നിരിക്കുന്ന നാല് ചോയ്സുകളില്‍ ശരിയായ ഉത്തരം ഏതെന്ന ആശയക്കുഴപ്പം മാറിക്കിട്ടിയില്ല. അവസാനം ഉത്തരം കുലുക്കികുത്തുവാന്‍ തന്നെ അവന്‍ തീരുമാനിച്ചു. മാനസികശേഷി പരിശോധനാചോദ്യങ്ങള്‍ തന്നെ സംബന്ധിച്ച് എന്നും വിഷമമാണല്ലോ എന്ന നിരാശയോടെ അവന്‍ വെറുതെ ഒരുത്തരം കറുപ്പിച്ചു. 
ഒന്നിനും നൂറിനുമിടയില്‍ എത്ര ഒമ്പതുകള്‍ ഉണ്ടെന്നായിരുന്നു അടുത്ത ചോദ്യം. ഒമ്പതു മുതല്‍ തൊണ്ണൂറ്റിഒമ്പതു വരെയുള്ള ഒമ്പതുകള്‍ വിരലുകളില്‍ എണ്ണിത്തിട്ടപ്പെടുത്തിയെങ്കിലും തൊണ്ണൂറ്റിഒമ്പതിലെ രണ്ട് ഒമ്പതുകളിലെ ഒരു ഒമ്പത് കണക്കിലെടുക്കാന്‍ ബിനുവിനോട് വിട്ടുപോയി. അവനാകട്ടെ വിരലുകളില്‍ എണ്ണിക്കിട്ടിയ പത്തൊമ്പത് എന്ന എണ്ണം മള്‍ട്ടിപ്പിള്‍ ചോയ്സില്‍ കണ്ടപ്പോള്‍ അത്  ശരിയാണെന്ന് കരുതി ആ ഉത്തരം കറുപ്പിക്കുകയും ചെയ്തു.

                  ശരിയായ ഉത്തരങ്ങള്‍ ഒത്തു വരായ്കയാല്‍ പല ചോദ്യങ്ങള്‍ക്കും അവന് കുലുക്കിക്കുത്തേണ്ടി വന്നു. ടൌണിലെ കോച്ചിംഗ് സെന്ററില്‍ ഇടക്കൊക്കെ നടത്തുന്ന മാത്യകാപരീക്ഷകള്‍ എപ്പോഴും അവനെ സങ്കടപ്പെടുത്താറാണ് പതിവ്. അടുത്തിരുന്ന ചെറുപ്പക്കാരനോട് ഉത്തരങ്ങള്‍ ശരിയാണോ എന്ന് പരീക്ഷ കഴിഞ്ഞ് ബസ്സ് സ്റ്റോപ്പു വരെ ഒന്നിച്ച് നടന്നുപോരുമ്പോള്‍ വിലയിരുത്തിയപ്പോഴാണ് കുലക്കിക്കുത്തിയ ഉത്തരങ്ങളെല്ലാം തെറ്റാണെന്ന് മനസ്സിലായത്. അവന്‍ ഏതാണ്ടെല്ലാം ശരിയായി ചെയ്തിരുന്നു. അടുത്തു വരാന്‍ പോകുന്ന മത്സരപരീക്ഷയില്‍ ചെറുപ്പക്കാരന് ജോലി ഉറപ്പാണല്ലോ എന്ന് അവന്‍ തെല്ല് അസൂയയോടെ ചിന്തിച്ചു. ഭാഗ്യം പരീക്ഷിക്കാനായി കുലുക്കിക്കുത്തിയ ഉത്തരങ്ങള്‍ യഥാവില്‍ പോലും ഒരിക്കലും ശരിയാകാറില്ലല്ലോ എന്ന് അവന്‍ അന്നും സങ്കടപ്പെട്ടു. ഒട്ടുമിക്കതും തെറ്റിപ്പോയിട്ട് ഇനി പറഞ്ഞിട്ടെന്ത് കാര്യം? അല്ലെങ്കിലും തനിക്ക്് ഭാഗ്യം അല്പം കുറവാണെന്ന് അവന്‍ പണ്ടു തന്നെ മനസ്സിലാക്കിയ കാര്യമാണ്. കുട്ടിക്കാലത്ത് അവന്‍ രജനീകാന്തിന്റെ ചെറിയ ചെറിയ ചിത്രങ്ങളുള്ള പ്രൈസ് പറിച്ചാലും മറുപുറത്ത് സമ്മാനങ്ങള്‍ ഒന്നും തന്നെ കാണുകയില്ല. മറ്റുള്ളവര്‍ സോപ്പുചീര്‍പ്പുകണ്ണാടികള്‍ സമ്മാനമായി കൊണ്ടുപോകന്നത് നിരാശയോടെ അവന്‍ കണ്ടുനില്ക്കും. ഭാഗ്യം പരീക്ഷിക്കാനായി ലോട്ടറി ടിക്കറ്റെടുത്താല്‍ മുടക്കുമുതല്‍ പോലും  ഒരിക്കലും തിരിച്ചുകിട്ടുകയില്ല. ദിനപ്പത്രങ്ങളിലെ സമ്മാനപരിപാടികളിലും സ്ഥിതി അതുതന്നെ.

                  വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബസ്സിലിരുന്ന് ബിനു ഒന്നിനും നൂറിനുമിടയിലെ ഒമ്പതുകള്‍ വീണ്ടും എണ്ണിനോക്കി. പെട്ടെന്നാണ് ഈ ഒമ്പതു തന്നെ ഒരു വലിയ തെറ്റാണെന്ന് അവനു മനസ്സിലായത്. പത്ത്, ഇരുപത്, മുപ്പത്, നാല്പത്, അമ്പത്, അറുപത്, എഴുപത്, എമ്പത്, തൊണ്ണൂറ്, നൂറ് എന്നിങ്ങനെ അവന്‍ മനസ്സില്‍ പലവട്ടം പറഞ്ഞുനോക്കി. തൊണ്ണൂറിന്റെ സ്ഥാനത്ത് എന്തോ കുഴപ്പമുണ്ടന്ന് അവന് തോന്നി. തൊണ്ണൂറില്‍ ഒരു നൂറുണ്ട്. നൂറ് എത്തുന്നതിനു മുമ്പുള്ള നൂറ്. ഒമ്പതും അങ്ങനെ തന്നെ. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് എന്നിങ്ങനെ എണ്ണിപ്പോകുമ്പോള്‍ വന്നെത്തുന്നത് ഒരു ഒമ്പതില്‍. ഒമ്പതില്‍ ഒരു പത്തുണ്ട്. പത്തിനു മുമ്പുള്ള പത്ത്. ഇരുപതും മുപ്പതുമൊക്കെ പത്തിനു ശേഷം വരുന്നതൊക്കെ ശരിയാണ്. അങ്ങനെ പറഞ്ഞുപോകുമ്പോള്‍ തീര്‍ച്ചയായും എമ്പതിനു ശേഷം ഒമ്പതാണ് വരേണ്ടത്. പക്ഷേ ഒമ്പത് വരണ്ടേ സ്ഥാനത്ത് തൊണ്ണൂറാണ് വരുന്നത്. തൊണ്ണൂറിന്റെ സ്ഥാനത്ത് വരേണ്ട ഒമ്പത് എട്ടിനും പത്തിനും ഇടയിലായി വരുന്നു. ശരിക്കും ഒമ്പതിന്റെ സ്ഥാനത്തു വരേണ്ടത് ഒമ്പ് എന്ന അക്കമാണ്. തീര്‍ച്ചയായും ഒമ്പതിനു പകരം ഒമ്പാണ് വേണ്ടത്. തൊണ്ണൂറിനു പകരം ഒമ്പത്, തൊള്ളായിരത്തിനു പകരം തൊണ്ണൂറ്, ഒമ്പതിനായിരത്തിനു പകരം തൊള്ളായിരം എന്നിങ്ങനെയായിരുന്നു ശരിക്കും വേണ്ടിയിരുന്നത്. ആരാണ് എല്ലാം ക്രമം മാറ്റിക്കളഞ്ഞത്? ആരാണ് ഒമ്പിനെ എടുത്തു കടന്നുകളഞ്ഞത്? ബിനു അവനോടു തന്നെ ചോദിച്ചു തുടങ്ങി.

                  ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ അവന്‍ അനിയത്തിയെ മൊബൈല്‍ ഫോണില്‍ വിളിച്ചു. അവള്‍ നഴ്സിംഗിന് ഹോസ്റലില്‍ നിന്നുകൊണ്ട് പഠിക്കുകയാണ്. എടുത്ത ഉടനെ മോഡല്‍ പരീക്ഷ എങ്ങിനെ ഉണ്ടായിരുന്നു എന്ന് അവള്‍ തിരക്കി. ഒത്തൊപ്പിച്ചൊരു ഉത്തരം തിരിച്ചു നല്കി. അവനോടുള്ള അഭിപ്രായമില്ലായ്മ ഒരു നീട്ടിമൂളലില്‍ അവള്‍ അങ്ങേത്തലക്കല്‍ നിന്നും അവന് ചാര്‍ത്തിനല്കി.

                -'സാരമില്ല. ഒന്നു കൂടിയൊക്കെ നന്നായി നോക്കിയിട്ട് ഒറിജിനല്‍ പരീക്ഷ നന്നായി ചെയ്യാം'.

                 അവന്‍ അവളെ സമാധാനിപ്പിച്ചു. അവള്‍ ഏതാണ്ട് സമാധാനപ്പെട്ടു എന്നു തോന്നിയപ്പോള്‍ അവന്‍ അവളോട് ചോദിച്ചു.

                 -'നമ്മുടെ എണ്ണല്‍സംഖ്യയില്‍ ഒമ്പ് എന്ന അക്കം ഇല്ലാത്തത് നീ എപ്പോഴെങ്കിലും ശ്രദ്ധിച്ചോ?'

                  അവള്‍ അത്ഭുതത്തോടെ തിരിച്ചു ചോദിച്ചു.

                   -'ഒമ്പോ?'

                  -'അതെ. ഒമ്പ്. ഒമ്പതിനു പകരം വേണ്ടിയിരുന്ന ഒമ്പ്'.

                  -'എന്തോന്ന് ഒമ്പിനെ പറ്റിയാണ് പറയുന്നത്? ഒന്നു തെളിച്ചു പറഞ്ഞേ.'

                   അവന്‍ അവള്‍ക്ക് ഒന്നു മുതല്‍ പത്തു വരെയും പത്ത്, ഇരുപത്, മുപ്പത് എന്നീ ക്രമത്തില്‍ നൂറു വരെയും എണ്ണിക്കൊടുത്തു. എന്നിട്ട് അവന്‍ അവളോട് ചോദിച്ചു.

                   -'നീ ശ്രദ്ധിച്ചോ, പത്തിനു മുമ്പ് ഒന്‍ അധികം പത്ത് സമം ഒമ്പത്, നൂറിനു മുമ്പ് തൊണ്‍ അധികം നൂറ് സമം തൊണ്ണൂറ് എന്നിങ്ങനെ വരുന്നത് കണ്ടില്ലേ. പത്തു വരുന്നതിനു മുമ്പ് ഇരുപത്, മുപ്പത് എന്നൊക്കെ പറയുന്നതു പോലെ ഒമ്പത് വരുന്നതും നൂറു വരുന്നതിനു മുമ്പ് ഇരുന്നൂറ്, മുന്നൂറ് എന്നൊക്കെ പറയുന്നതു പോലെ തൊണ്ണൂറ് വരുന്നതെന്തേ? ഒമ്പതിനു പകരം ഒമ്പാണ്  ശരിക്കും വേണ്ടിയിരുന്നത്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് പിന്നെ ഒമ്പ്. പിന്നെ പത്ത്. എങ്ങിനെ?'

                  കേട്ടയുടനെ അവള്‍ വലിയൊരു തമാശ കേട്ടതു പോലെ നിര്‍ത്താതെ ചിരി തുടങ്ങി. പിന്നെ ചിരി തീരും മുമ്പേ ചോദിച്ചു.

                  -'ചേട്ടന്‍ മറ്റാരോടെങ്കിലും ഇതേപ്പറ്റി പറഞ്ഞോ?'

                   -'ഇല്ല. എന്തേ?' അവന്‍ തിരക്കി.

                   -'ഒന്നുമില്ല. ചേട്ടന് ഭ്രാന്തു പിടിച്ചെന്ന് എല്ലാവരും പറഞ്ഞേനെ. എന്നോടു പറഞ്ഞതിരിക്കട്ടെ. ഇനി മറ്റാരോടും ഈ കണ്ടുപിടുത്തത്തെ പറ്റി പറയേണ്ട'.

                   -'അതെന്തേ?'

                   -'ഇത് മലയാളഭാഷയില്‍ പറ്റിപ്പോയ അബദ്ധമാണ്. അല്ലാതെ മാത്തമാറ്റിക്സിന്റെ പ്രശ്നമല്ല. അതും അബദ്ധമെന്നു പറഞ്ഞുകൂടാ. ഒന്നും ഒമ്പും ഏതാണ്ട് ഒരേപോലെ ആയതിനാല്‍ ആശയക്കുഴപ്പം വരാതിരിക്കാന്‍ ഒമ്പിനെ ഒഴിവാക്കിക്കാണും. ഒമ്പാണോ ശരി, അതോ ഒന്‍പോ, ഒമ്പതാണോ ശരി, അതോ ഒന്‍പതോ, പിന്നെ ഒമ്പതെന്ന് ആറ് തിരിച്ചിട്ട് എഴുതണോ, അതോ ഇംഗ്ളീഷ് സ്മോള്‍ ലെറ്റര്‍ ബി തിരിച്ചിട്ട് എഴുതണോ എന്നിങ്ങനെ ഒരുപാട് സംശയങ്ങള്‍ എനിക്കും വേണമെങ്കില്‍ ചോദിക്കാമായിരുന്നു. പക്ഷേ ഞാന്‍ ചോദിക്കില്ല. എന്താണെന്നോ? എനിക്ക് ചേട്ടനെ പോലെ നൊസ്സില്ല.'

                  -'അല്ലെങ്കിലും നിനക്ക് എന്നോട് അസൂയയാണ്.'

                 -'ഓ പിന്നെ. അസൂയപ്പെടാന്‍ മാത്രമുള്ള കാര്യമല്ലേ ഇത്. ഈ പ്രശ്നം തീര്‍ക്കാന്‍ ഇംഗ്ളീഷില്‍ എണ്ണിയാല്‍ മതി. ഒമ്പതിന് നൈന്‍, തൊണ്ണൂറിന് നൈന്റി. പ്രശ്നം തീര്‍ന്നല്ലോ? ഇനിയിപ്പോള്‍ ചേട്ടന് നിര്‍ബന്ധമാണെങ്കില്‍ ഒമ്പെന്നോ ഒമ്പതെന്നോ പറഞ്ഞോളൂ. പക്ഷേ, നൈന്റി റുപ്പീസിന് ഒമ്പതെന്നു ചോദിച്ചാല്‍ തൊണ്ണൂറ് രൂപ ആരും തരില്ല. ചേട്ടന്റെ ഒമ്പ് മാത്രമേ തരൂ. വേണ്ടാത്ത അതുമിതും പറഞ്ഞ് സ്വപ്നം കണ്ടു നടക്കാനാണ് ചേട്ടന് പണ്ടുപണ്ടേ ഇഷ്ടം. ഇപ്പോള്‍ കണ്ടുപിടുത്തവുമായി. അതും കണക്കിനോടാണ് കളി. ആരിത് പൈതഗോറസോ, യൂക്ളിഡോ, അതുമല്ല ഹാഡിയോ, അതോ രാമാനുജനോ?'

                  -'കളിയാക്കണ്ട. ഞാന്‍ പറഞ്ഞതില്‍ അല്പസ്വല്പം കഴമ്പൊക്കെയുണ്ട്.'


                    -'ചുമ്മാ അതുമിതും പറഞ്ഞു നടക്കുന്ന നേരത്ത് ജനറല്‍ നോളജും ഇംഗ്ളീഷും മാത്സുമൊക്കെ നന്നായി നോക്കി വരുന്ന ടെസ്റ്റ് പിടിക്കാന്‍ ശ്രമിക്ക്, ചേട്ടാ. എന്റെ എക്സാം ഇങ്ങ് അടുത്തെത്തി.  പഠിക്കാന്‍ ഒത്തിരിയുണ്ട്. പിന്നെ വിളിക്കാം, കേട്ടോ.' 

                    അവള്‍ അതും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

                   നടക്കുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍ അല്പം നിരാശയോടെ അവന്‍ കീശയിലിട്ടു. ബൈക്ക് ഓടിച്ചു കൊണ്ട് പത്താം ക്ളാസില്‍ കൂടെ പഠിച്ച രതീഷ് മറികടന്നു പോയത് ബിനുവിന് മനസ്സിന് പ്രയാസമുണ്ടാക്കി. രതീഷ് തന്നെ കാണാതെ പോയതായിരിക്കുമോ എന്ന സംശയം അവനെ പിടികൂടി. എങ്കിലും ബൈക്ക് നിര്‍ത്തി എന്തെങ്കിലുമൊക്ക ചോദിച്ചില്ലെങ്കിലും തല തിരിച്ച് ചിരിക്കാമായിരുന്നല്ലോ എന്ന് അവന്റെ ഉള്ളം നീറി. പൈസ കൊടുത്ത് ജോലി നേടിയതിനു ശേഷം എവിടെയെങ്കിലും വെച്ചു കണ്ടാല്‍ കാണാത്ത ഭാവത്തില്‍ വിദൂരതയിലേക്ക് നോക്കുന്നതും മറ്റും അവന്റെ ശീലമായിട്ടുണ്ട്. ബൈക്കിന്റെ പിന്‍സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ടാകും. എവിടേക്കാണെന്നോ പിന്നില്‍ കയറുന്നോ എന്നൊന്നും ചോദിക്കുക പോലുമില്ല. തൊഴില്‍ രഹിതനായ താന്‍ കൂടെ പഠിച്ചവനാണെന്ന് പറയാന്‍ രതീഷിന് ലജ്ഞയാണെന്നു അവന് അപ്പോഴൊക്കെ തോന്നാറുണ്ട്.


                   രതീഷിന് നല്ല രീതിയില്‍ രാഷ്ട്രീയപ്രവര്‍ത്തനവുമുണ്ട്. കല്ല്യാണവീട്ടിലും മറ്റും പോയാല്‍ മറ്റുള്ളവരില്‍ നിന്നും അവന് കിട്ടുന്ന പരിഗണനയും ബഹുമാനവും കണ്ട് എന്തെന്നില്ലാത്ത അസൂയ ബിനുവിന് തോന്നിയിട്ടുണ്ട്. തനിക്ക് തിരക്കുണ്ടെന്ന് കാണിക്കാനായി രതീഷ് എവിടെയും വൈകിയേ എത്തുകയുള്ളു. ഒന്നിച്ച് മൂന്നുനാല് ശിങ്കിടികളും സദാ കൂടെ കാണും. അവരോട് ഒന്നിച്ചുള്ള രതീഷിന്റെ ചിരിച്ചുകൊണ്ടുള്ള വരവു കാണുമ്പോഴേ എല്ലാവരും എഴുന്നേറ്റു നില്ക്കും. രതീഷിനെ ഹസ്തദാനം ചെയ്യാനും കൂടെ സംസാരിക്കാനും ആളുകള്‍ക്ക് എന്തെന്നില്ലാത്ത ഉത്സാഹമാണ്. നേതാവ് തന്റെ സുഹൃത്തും പരിചയക്കാരനുമൊക്കെയാണെന്ന് മറ്റുള്ളവരെ കാണിക്കാനുള്ള തത്രപ്പാടായിരിക്കും അധികം പേര്‍ക്കും. രതീഷ് പ്രകടനപരതയില്‍ പൊതിഞ്ഞ സൌഹൃദം അവര്‍ക്കും തിരിച്ചു നല്കും.


                   സാധാരണക്കാരായവരെയൊക്കെ പേരെടുത്ത് വിളിച്ച് അവരുടെ ചുമലിലൊക്കെ തട്ടും. അവര്‍ക്ക് തങ്ങളും മോശക്കാരല്ലെന്നും തങ്ങളും അംഗീകരിക്കപ്പെട്ടു എന്നും ഉള്ള തെറ്റിദ്ധാരണയുടെ പുറത്ത് എവിടെ നിന്നെന്നില്ലാതെ സന്തോഷവും മനസ്സു നിറഞ്ഞ ചിരിയും വരും. അവന്റെ താല്പര്യങ്ങളൊക്കെ വലിയ പണക്കാരുടെയും നിലയും വിലയുമുള്ളവരുടെയും കുഞ്ഞുകുഞ്ഞു പ്രശ്നങ്ങള്‍ പരിഹരിച്ചു കൊടുക്കുന്നതിലാണെന്നും സാധാരണക്കാരെ അവന് ഉള്ളു കൊണ്ട് പരിഹാസമാണെന്നും ബിനുവിന് നന്നായി അറിയാം.
 രതീഷ് തമാശ പോലെ എന്തെങ്കിലും പറഞ്ഞാല്‍ അത്രയും വലിയൊരു തമാശ മറ്റാരും ഇതുവരെ പറഞ്ഞിട്ടില്ലെന്ന പോലെ കൂടെയുള്ള ശിങ്കിടികള്‍ ചിരി തുടങ്ങും. ശിങ്കിടികള്‍ക്കൊപ്പം മറ്റുള്ളവരും ചിരി ഏറ്റു പിടിക്കും. ബിനുവിന്റെ കൂടെ പഠിക്കുന്ന കാലത്ത് അവന്‍ എല്ലാ വിഷയത്തിലും ഒത്തൊപ്പിച്ചു പാസാകുന്നവന്‍ മാത്രമായിരുന്നു. പക്ഷേ, അന്നേ രതീഷ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുണ്ട്. അന്ന് ക്ളാസില്‍ ഒന്നാമന്‍ ബിനുവായിരുന്നു. അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം?


                    പണക്കാരനായതിനാല്‍ രതീഷിന് പെട്ടെന്ന് ജോലി കിട്ടി. ജനിക്കുമ്പോഴേ വലിയവര്‍ക്കിടയില്‍ വളര്‍ന്നതിനാല്‍ രതീഷ് അദ്ധ്യാപകര്‍ക്കു പോലും എത്രയോ വലിയവനായിരുന്നു. രാഷ്ട്രീയക്കാരനായതോടെ സമൂഹത്തിലുള്ള അവന്റെ സ്ഥാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര വലുതായി.

                     വെറുതെ അതുമിതും ഓര്‍ക്കേണ്ട എന്നു കരുതിക്കൊണ്ട് നടക്കവേ ബിനു വകയിലുള്ള ബന്ധുവീട്ടിന്റെ മുന്നില്‍ കാറില്‍ കയറാനൊരുങ്ങുന്ന അവിടുത്തെ മൂത്തയാളായ സഹദേവന്‍ എന്നയാളെയും ഭാര്യയെയും മകളായ ഗ്രീഷ്മയെയും കണ്ടു. അയാള്‍ തെല്ലു കാലമായി തറവാട് വിട്ട് ടൌണിലെ ഫ്ലാറ്റിലേക്ക് മാറിയിരുന്നു. തറവാട്ടിലേക്ക് അയാള്‍ അമ്മയെ കാണാന്‍ വന്നതാകും. ഗ്രീഷ്മ കുട്ടിക്കാലത്ത് അവന്റെ ഒപ്പം ചിരട്ട പുട്ടും കണ്ണാരം പൊത്തിയും ചൂടോ തണുപ്പോ ഒക്കെ കളിച്ചവളായിരുന്നു. അവളിപ്പോള്‍ ബാംഗ്ളൂരില്‍ നിന്നും മൈക്രോബയോളജി ലക്ഷങ്ങള്‍ നല്കി പഠിക്കുന്നു. ബിനു ആരോടും പറയാതെ മനസ്സില്‍ കൊണ്ടുനടന്നിരുന്ന പഴയ പട്ടുപാവാടയുടെ ശാലീനതയൊക്കെ അവള്‍ക്ക് നഷ്ടപ്പെട്ടുപോയിരുന്നു. അവന്‍ കാണാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവളുടെ നീണ്ടുചുരുണ്ട ഇടതൂര്‍ന്ന മുടി നീളം മുറിച്ചുകളയുകയും സ്െട്രയ്റ്റന്‍ ചെയ്യുകയും അവളുടെ വേഷം ജീന്‍സ് പാന്റ്സിലേക്കും കുറുകിയ ബനിയനിലേക്കുമൊക്കെ മാറിപ്പോയിരുന്നു.

                     അയാള്‍ അവനെ കണ്ടപാടെ കാറിന്റെ ഡോറും പിടിച്ച് ചിരിച്ചു കൊണ്ട് കളിയാക്കി.

                    -'ആരിത് ഡൊണാള്‍ഡ് ഡെക്കോ? തനിക്ക് ഇതുവരെ പണിയൊന്നുമായില്ലേടോ? അന്നത്തെ പോലെ തന്നെ കാര്യപ്രാപ്തിയൊന്നുമില്ലാതെ പൊളുന്തനായി നടപ്പു തന്നെയാണല്ലേ ഇപ്പോഴും?

                      അവന്‍ എന്തുപറയണമെന്ന് അറിയാതെ തെല്ലൊന്ന് പരുങ്ങി. പിന്നെ ചിരിച്ചെന്നു വരുത്തിത്തീര്‍ത്തു. ചെറുപ്പത്തില്‍ എന്നോ ഷൂസിട്ട് അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ അയാള്‍ അവനിട്ട പേരായിരുന്നു അത്. ഷൂസൊക്കെ വാങ്ങാന്‍ മാത്രം അവന്റെ അമ്മയുടെ കൈയില്‍ കാശൊക്കെയുണ്ടോ എന്ന് അയാള്‍ അന്നേ തിരക്കുകയുമുണ്ടായി. അന്നുതന്നെ പത്തിക്ക് അടി കൊണ്ടതു പോലെ അവന്‍ തെല്ലൊന്ന് പുളഞ്ഞതാണ്. ഡൊണാള്‍ഡ് സെക്കെന്ന് അയാള്‍ പിന്നീട് കാണുമ്പോഴൊക്കെ വിളിക്കാന്‍ തുടങ്ങി. അയാള്‍ ചോദിച്ചതു കേട്ട് അയാളുടെ ഭാര്യ പരിഹാസത്തോടെ അയാളുടെ ഒപ്പം ചേര്‍ന്ന് ചിരിച്ചു.  ഗ്രീഷ്മയുടെ മുഖത്തു നോക്കിയപ്പോള്‍ അവനെ കണക്കിലെടുക്കാത്തതു പോലെയുള്ള ഭാവമായിരുന്നു മുഖത്തുണ്ടായിരുന്നത്. അവന്‍ നോക്കിയപ്പോള്‍ അവള്‍ കണ്ണുകള്‍ കൊണ്ട് കണ്ടെന്നു വരുത്തി എന്നു മാത്രം. കുട്ടിക്കാലത്ത് കളിക്കൂട്ടുകാരിയായിരുന്ന ഗ്രീഷ്മ എന്നു പേരുള്ള അവള്‍ക്ക്  പല കാര്യങ്ങളിലും താനൊരു ഹീറോ ആയിരുന്നുവല്ലോ എന്ന് തെല്ലൊരു സങ്കടം ബിനുവിന് തോന്നാതിരുന്നില്ല. അവള്‍ക്ക് ആ നോസ്റ്റാള്‍ജിയ വല്ലതും ഇപ്പോഴും തന്നോടുണ്ടോ എന്ന് അവളുടെ കണ്ണുകളിലും മുഖത്തുമൊക്കെ വെറുതെ തിരഞ്ഞെങ്കിലും അതൊന്നും തന്നെ അവന് കണ്ടുകിട്ടിയില്ല. പെട്ടെന്ന് അവള്‍ക്ക് അവളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വരികയും രഹസ്യമായ എന്തോ ഒന്നാകയാല്‍ അവരുടെ അടുത്തു നിന്നു പോലും മാറി ദൂരെ പോയി ഒരുപാടുനേരം അതിനോട് കുറുകുകയും ചിരിക്കുകയും ചെയ്തു. ഇടക്കൊക്കെ അവള്‍ എന്താണ് ചെയ്യുന്നത് എന്ന് കാണാനായി അങ്ങോട്ട് നോക്കുമ്പോള്‍ അവള്‍ അതിനെ ചുംബിക്കുന്നതായി പോലും അവന് തോന്നി. അയാളും ഭാര്യയും അതൊക്കെ വല്ലാത്തൊരു അഭിമാനത്തോടെ നോക്കി നില്ക്കുന്നതായും കണ്ടു.

                    മയില്‍പ്പീലി പോലെ പുസ്തകത്താളുകളില്‍ അവന്‍ കാത്തുവെച്ച അവളോടുള്ള പഴയ പ്രണയം എവിടെ എന്ന് അവനു തന്നെ അറിയാത്തവിധം അതിനോടകം തന്നെ അപ്പോഴേക്കും ബിനുവിന് നഷ്ടപ്പെട്ടുപോയിരുന്നു. പെട്ടെന്നുണ്ടായ യുക്തിയുടെ പുറത്ത് അവരെ ഒഴിവാക്കാനായി അവന്‍ പോട്ടെ എന്നും ചോദിച്ച്  നടന്നു തുടങ്ങി. താനുമുണ്ട് കൂടെ എന്ന മട്ടില്‍ അയാളുടെ പരിഹാസവാക്കുകളും അവന്റെ കൂടെ പോന്നു. പരിഹാസവാക്കുകള്‍ക്ക് ഇരുതല മൂര്‍ച്ചയാണ്. മനസ്സ് കഷണിച്ചു കഷണിച്ച് ചോരയില്‍ കുളിപ്പിച്ചു കിടത്തും. പോസ്റുമോര്‍ട്ടം ചെയ്ത ശവം പോലെ ഓര്‍ക്കുമ്പോഴൊക്കെയും അവ മനസ്സിനെ വിമ്മിഷ്ടപ്പെടുത്തും. അത്തരം അപമാനിക്കലുകള്‍ ചില ബന്ധുക്കളുടെ ഭാഗത്തുനിന്നും എപ്പോഴും ഉണ്ടാകുന്നതിനാല്‍ മനസ്സിന്റെ ഒരിടത്തേക്ക് അവന്‍ അതിനെ തട്ടുമെങ്കിലും ഇടക്കൊക്കെ പാമ്പുകളെ പോലെ അവയുടെ ഓര്‍മ്മകള്‍ മാളത്തില്‍ നിന്നും തലയെത്തിച്ചു നോക്കും. നിയന്ത്രിക്കാന്‍ മനസ്സു കൊണ്ട് പറ്റാതെ വരുമ്പോള്‍ അവ അവനില്‍ കുറെ നേരം ഇഴഞ്ഞിഴഞ്ഞ് അസ്വസ്ഥപ്പെടുത്തും.

                    ജീവിതചുറ്റുപാടുകള്‍, പാരമ്പര്യം, ബന്ധുക്കള്‍, നിറം, കീഴാളജീവിതം, ശരീരഭാഷ അങ്ങനെ അവന് തന്നെ വേര്‍തിരിച്ചെടുക്കാനാവാത്ത എന്തൊക്കെയോ കാര്യങ്ങള്‍ അവന്‍ ഒന്നുമല്ലെന്ന് അവനെ മറ്റുള്ളവര്‍ക്ക് സദാ ഒറ്റുകൊടുക്കുന്നതായി അവന് തോന്നാറുണ്ട്. എന്തെങ്കിലുമാണ് താനെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള അവന്റെ ഏതൊരു ശ്രമവും നടിപ്പാണെന്ന തരത്തില്‍ നീര്‍ക്കുമിള പോലെ പൊട്ടിപ്പോവുകയാണ് എന്നും പതിവ്. അവന്‍ വന്ന വഴികളെ പറ്റി നല്ല ബോധമുള്ളതിനാല്‍ നിലയും വിലയുമുള്ള ചില ബന്ധുക്കള്‍ അവന്റേത് വെറും നടിപ്പാണെന്ന് ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ പൊട്ടിക്കുന്ന ലാഘവത്തോടെ യാതൊരു മാനുഷിക പരിഗണനയുമില്ലാതെ മറ്റുള്ളവര്‍ക്കു മുന്നില്‍ നാണം കെടുത്താറുമുണ്ട്.

                    അവരുടെ യോഗ്യതയുള്ള മക്കളോട് ആരെങ്കിലുമൊക്കെ അവരൊക്കെ അനുഭവിക്കുന്ന അദൃശ്യമായ എന്തൊക്കെയോ മേല്‍ക്കോയ്മകളെ എങ്ങനെയൊക്കെയോ അറിഞ്ഞ് ഒരിക്കലും അവരൊക്കെ തന്നോട് പെറുമാറുന്നതു പോലെ പെരുമാറുകയില്ലെന്ന് ഓര്‍ത്തപ്പോള്‍ അവന്റെ സങ്കടം ഇരട്ടിച്ചു. എങ്ങനെയാണ് മറ്റുള്ളവര്‍ സമൂഹത്തില്‍ മേല്‍ക്കോയ്മയുള്ളവരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ചും താഴെ കിടയിലുള്ളവരോട് അതിനനുസരിച്ചും തരാതരം പോലെ പെരുമാറുന്നത് എന്ന് അവന് എത്രയൊക്കെ ആലോചിച്ചിട്ടും ഇന്നുവരെ ഒരു പിടുത്തവും കിട്ടിയിട്ടില്ല. ഫിറമോണുകള്‍ പോലെ അദൃശ്യമായ എന്തോ ഒന്ന് ചുറ്റുപാടുകളില്‍ നിന്നും എല്ലാവര്‍ക്കും പെട്ടെന്നു തന്നെ മണത്തെടുക്കാന്‍ ആകുന്നുണ്ടാവാം. 
നാട്ടുകാരെ കൊണ്ടല്ല ബുദ്ധിമുട്ട് എന്ന് അവന് നന്നായി അറിയാം. അവര്‍ക്ക് എപ്പോഴും നല്ല സ്നേഹമായിരിക്കും. ചില ബന്ധുക്കളെ കൊണ്ടാണ് ബുദ്ധിമുട്ട്. ഒന്നുകില്‍ അവര്‍ വീട്ടിലേക്ക് വിരുന്നു വരുമ്പോള്‍, അല്ലെങ്കില്‍ അവരുടെ വീട്ടില്‍ എന്തെങ്കിലും കാര്യത്തിന് ചെല്ലുമ്പോള്‍, അല്ലെങ്കില്‍ ഒത്തുകൂടുന്ന മറ്റേതെങ്കിലുമൊക്കെ ഇടങ്ങളില്‍ വെച്ച് എല്ലാവരുടെയും മുന്നില്‍ വെച്ച് അവര്‍ അപമാനിക്കാന്‍ എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ കണ്ടെത്തും. ചോദിക്കാനും പറയാനും ആരുമില്ലെന്നു കണ്ടാണ് അവര്‍ അത്തരം കാര്യങ്ങള്‍ പ്രയോഗിക്കുന്നത്. അച്ഛന്‍ മരിച്ചു പോയതോ, രോഗികളായ അച്ഛനുള്ളതോ ആയ കുട്ടികള്‍ക്ക് അത്തരം ബന്ധുക്കളുടെ ഭാഗത്തു നിന്നും അപമാനങ്ങളുടെ മഴവെള്ളപ്പാച്ചിലായിരിക്കും. അവര്‍ എപ്പോഴും അത്തരം കുട്ടികളില്‍ നിന്നും ജീവിതകാലം മുഴുവന്‍ വിധേയത്വം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. അഥവാ വിധേയത്വം കിട്ടിയില്ലെങ്കില്‍ അവരുടെ ദുഷ്ടബുദ്ധിയുടെ പുറത്ത് പലതരം ഉപദ്രവങ്ങള്‍ തീര്‍ത്ത് അത്തരം കുട്ടികളുടെ ജീവിത വഴികളിലെങ്ങും പലതരം ബുദ്ധിമുട്ടുകളും അപമാനങ്ങളും തീര്‍ക്കും. ജീവിച്ചിരിക്കുന്ന ഒന്ന് ശവമായി കാണാനാഗ്രഹിക്കുന്ന കഴുകന്റെ മനസ്സാണ് അത്തരം ബന്ധുക്കള്‍ക്കുള്ളത്. ഒരു ജോലി കിട്ടിയാലെങ്കിലും താന്‍ നേരിടുന്ന അത്തരം അപമാനങ്ങള്‍ മാറികിട്ടുമോ, എന്തോ എന്ന് ആലോചിച്ചാല്‍ അവനൊരു എത്തും പിടിയും കിട്ടുകയില്ല.       

                     കല്യാണവീടുകളിലും മറ്റും വെച്ച് ചിലര്‍ അവനോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കും. കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞാല്‍ എന്തെങ്കിലും പേരിന് വീണ്ടും ചോദിച്ചെന്ന് വരുത്തി മറ്റാരിലേക്കെങ്കിലും അവര്‍ തിരിയും. അവന്‍ ആരോരും കൂട്ടിനില്ലാതെ തനിച്ച് എവിടെയെങ്കിലുമൊക്കെയായി നില്ക്കും, പിന്നെ ഭക്ഷണവും കഴിച്ച് തിരിച്ചു പോരും. കല്ല്യാണവീടുകളില്‍ ഒന്നിച്ച് ജീവിച്ചാലോ എന്ന് അവനോട് കണ്ണുകള്‍ കൊണ്ട് ചോദിക്കുന്ന പെണ്‍കുട്ടികള്‍ അത്യാവശ്യത്തിന് കാണും. ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്ന് തൊഴിലില്ലാത്തതിനാല്‍ ഒരു പിടിപാടുമില്ലാത്തതിനാല്‍ അര്‍ത്ഥശൂന്യമായി അവന്‍ തിരിച്ചു നോക്കും. ആഗ്രഹിച്ച പ്രണയം തിരിച്ചു കിട്ടുന്നില്ലെന്നു കണ്ടാല്‍ അവരുടെ കണ്ണിലെ പ്രണയവെളിച്ചം നോക്കിനില്ക്കെ മാഞ്ഞുപോകും. അപ്പോള്‍ ചെറുതല്ലാത്ത നിരാശ അവന്റെ മനസ്സില്‍ തത്തിത്തത്തി നില്ക്കും. സമപ്രായക്കാരും മറ്റും ജോലിയുടെയോ അച്ഛനമ്മമാരുടെ പ്രതാപത്തിന്റെയോ പുറത്ത് തികച്ചും ആത്മവിശ്വാസത്തോടെ പെണ്‍കുട്ടികളോട് പ്രണയവും സ്നേഹവും പരിചയവും കൂടുന്നത് തെല്ലൊരു അസൂയയോടെ അവന്‍ നോക്കിനില്ക്കും. തനിക്കത് രണ്ടുമില്ലല്ലോ എന്ന് അവന്‍ സങ്കടപ്പെടും.
ജ്യോതിഷിയായിരുന്ന അച്ഛന്‍ അവന്‍ അഞ്ചില്‍ പഠിക്കുമ്പോള്‍ ഓറല്‍ ക്യാന്‍സര്‍ വന്ന് മരിച്ചതില്‍ പിന്നെ പോസ്റ്ഓഫീസിലെ ആര്‍.ഡി പിരിച്ചും എല്‍.ഐ.സി പിരിച്ചുമൊക്കെയാണ് അവന്റെ അമ്മ കുടുംബം നോക്കുന്നത്. ഡിഗ്രി കഴിഞ്ഞയുടനെ അവനോട് ജ്യോതിഷം പഠിക്കാന്‍ അമ്മ പറഞ്ഞിരുന്നു. വായനശാലയില്‍ നിന്നും എടുത്തു വായിച്ച ചില പുസ്തകങ്ങളില്‍ നിന്നും ചില കൂട്ടുകാരില്‍ നിന്നും എപ്പോഴോ കൂടെ പോന്ന നിരീശ്വരവാദത്തിന്റെയും മറ്റും പുറത്ത് അതൊരു കപടശാസ്ത്രമാണെന്ന ചിന്തയോടെ വെറുതെ അവന്‍ മടിച്ചു നിന്നു. കുട്ടിക്കാലത്ത് വരാന്തയില്‍ ജാതകം നോക്കാന്‍ അച്ഛനെ കാണാന്‍ വരുന്നവരുടെ തിരക്കായിരുന്നു. അച്ഛന്‍ ഉപയോഗിച്ചിരുന്ന കവിടി ഒരു ഒഴിഞ്ഞ അനിക്സ്പ്രേയുടെ പ്ളാസ്റിക് കുപ്പിയില്‍ ഭദ്രമായി തട്ടിന്‍പുറത്ത് അമ്മ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.  അച്ഛന്‍ ഉപയോഗിച്ചിരുന്ന ജ്യോതിഷഗ്രന്ഥങ്ങള്‍ പലതും ചിലപ്പോഴൊക്കെ മറിച്ചു നോക്കിയെങ്കിലും അത് പഠിക്കാന്‍ എന്തുകൊണ്ടോ അവന് താല്പര്യം തോന്നിയില്ല. ഇടക്കൊക്കെ അമ്പലങ്ങളില്‍ പോകുന്നതിലേക്കും മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നതിലേക്കും പ്രായം അവനെ മാറ്റിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അത് എന്തുകൊണ്ടെന്ന് ആലോചിച്ചാല്‍ അവന് ഒരു പിടുത്തവും കിട്ടാറില്ല.

                       നാട്ടില്‍ നിന്നിട്ട് യാതൊരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ലെന്നും ജോലിക്കായി ബാംഗ്ളൂരിലേക്കോ ചെന്നൈയിലേക്കോ എത്രയും പെട്ടെന്ന് വണ്ടി കയറണമെന്നും ചിലപ്പോഴൊക്കെ അവന് തോന്നാറുണ്ട്. അമ്മയെയും അനിയത്തിയെയും വിട്ടുപോകാന്‍ വയ്യാഞ്ഞ് ആ ചിന്തയും ഉപേക്ഷിക്കും. അവനെ പോലെയുള്ള ജീവിതസാഹചര്യങ്ങളില്‍ വളരുന്നവര്‍ക്ക് എന്തിലുമേതിലും ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ, പ്രത്രേകിച്ചും ബന്ധുക്കളുടെ നിരന്തരമായുള്ള ഇടപെടലുകള്‍ കൊണ്ടായിരിക്കാം ഒരു പക്ഷേ അങ്ങനെ സംഭവിക്കുന്നത്. ചിലപ്പോള്‍ എന്തെന്നറിയാത്ത ഏതേങ്കിലും തരത്തിലുളള ആത്മവിശ്വാസക്കുറവുമായിരിക്കാം കാരണം.      

                  പലതും ആലോചിച്ചുകൊണ്ട് നടന്നതിനാല്‍ വീടിനടുത്തുള്ള ക്ളബിനടുത്തെത്തിയപ്പോഴാണ് വീടെത്താറായല്ലോ എന്ന് അവന്‍ അറിഞ്ഞത്. ക്ളബിന്റെ വരാന്തയില്‍ പതിവു പോലെ നാട്ടിലെ അവന്റെ ചങ്ങാതിമാര്‍ കാരംസ് കളിക്കുന്നു. കളി കണ്ടുകൊണ്ടിരിക്കുന്ന ചങ്ങാതിമാരില്‍ ഷാജി ചോദിച്ചു.

                  -'നിനക്കിന്നും പരീക്ഷയായിരുന്നോ?'

                  അവന്‍ അതെ എന്ന അര്‍ത്ഥത്തില്‍ മൂളി.

                 കാരംസ് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മുഖമുയര്‍ത്താതെ രൂപേഷ് ചോദിച്ചു.

                 - 'പരീക്ഷ വല്ല ഗുണവുമുണ്ടോടാ?'

                   അവന്‍ ഒത്തൊപ്പിച്ചു മൂളി. അടിച്ച സ്ട്രൈക്കര്‍ പാഴായെന്ന് കണ്ട് നിവര്‍ന്നിരുന്നതിനു ശേഷം രൂപേഷ് തന്നെ  അവരുടെ വിശേഷം പറഞ്ഞു.

                   -'നമ്മളെല്ലാവരും കണക്കിന്റെ കവാത്തിന്റെ പുതിയ വീടിന്റെ മെയ്ന്‍വാര്‍പ്പിന് പോയി. നമ്മുടെ പഴയ അടിയിടി മാഷൊന്നുമല്ല മൂപ്പരിപ്പോള്‍. എന്തൊരു സ്നേഹം. നല്ല ഒന്നാന്തരം ഭക്ഷണം. കോഴിക്ക് കോഴി. ബീഫിന് ബീഫ്. പന്നിക്ക് പന്നി. പിന്നെ മാഷുടെ അളിയന്റെ വക മിലിട്ടറിയും. മാഷും ഞങ്ങളുമൊക്കെ കമ്പിനി കൂടി അടിച്ചുപൊളിച്ചു. വെള്ളമടിച്ചാല് മാഷക്ക് കരച്ചിലു വരും, കൊടുക്കരുതെന്ന് ടീച്ചര്‍ പറഞ്ഞായിരുന്നു. അവരങ്ങ് തെറ്റിയ താമസം എന്തോന്ന് ഭാര്യെഡേ എന്നും പറഞ്ഞ് കവാത്ത് കുടിയോട് കുടി. പിന്നെ കരച്ചിലോട് കരച്ചില്‍. പണ്ടത്തെ അടി വീരന്‍ ഇത്രേയുള്ളൂന്ന് ഇന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.'

                   ഷാജി അവനോട് പറഞ്ഞു.           

                 - 'നീയീ ജോലി, ജോലിയെന്നും പറഞ്ഞ് നടക്കാണ്ട് ഞങ്ങളുടെ കൂടെ വാര്‍പ്പിന്റെ പണിക്ക് വാ. ആരോഗ്യത്തിന് അതാ നല്ലത്. വെറുതെ ഇരുന്ന് മെയ്യനങ്ങാതെ പഠിപ്പും എഴുത്തുമായി കഴിഞ്ഞാല്‍ പല പല രോഗങ്ങളും വരും.'

                  ഷാജി കൈകള്‍ അവന്റെ നേര്‍ക്ക് നീട്ടി പറഞ്ഞു.

                  - 'തഴമ്പ് കണ്ടോ, തഴമ്പ്? ഒന്നു തൊട്ടുനോക്ക്.'

                   നോക്കിയപ്പോള്‍ തഴമ്പു കൊണ്ട് ഷാജിയുടെ കൈരേഖകള്‍ പോലും മാഞ്ഞു പോയിരിക്കുന്നു. ഷാജി അവന്റെ കൈ കടന്നു പിടിച്ചു. തെല്ലും തഴമ്പില്ലാത്ത റോസ് നിറമുള്ള അവന്റെ കൈ ബലമായി പിടിച്ച് ഷാജി പറഞ്ഞു.

                     -'വെറും സുഖിയന്റെ കൈ. ഇത്രയായിട്ടും നിന്റമ്മ വെച്ചു വിളമ്പുന്ന ചോറും തിന്നുകൂടാന്‍ നാണമില്ലേടാ നിനക്ക്? നാളെ തന്നെ വാര്‍പ്പിന്റെ പണിക്ക് കൂടെ വാ.'

                      അവര്‍ പറയുന്നത് കേട്ട് വല്ലാത്തൊരു അപകര്‍ഷതാബോധം ബിനുവിന് തോന്നി. എം.എക്കാരനായ താന്‍ വാര്‍പ്പിന്റെ പണിക്ക് പോവുകയോ എന്ന് അവന്‍ അവനോട് തന്നെ സന്ദേഹപ്പെട്ടു. ചങ്ങാതിമാരൊക്കെ ഒത്തൊപ്പിച്ച് പത്താം ക്ളാസും പ്ളസ്ടുവുമൊക്കെ കടന്നു കൂടിയവരാണ്. അവര്‍ക്ക് വാര്‍പ്പിന്റെ പണിക്കും മറ്റും പോകാം. ആരുമാരും ഒന്നും ചോദിക്കില്ല. അവനാണെങ്കില്‍ മെച്ചപ്പെട്ട ജോലികളുള്ള യോഗ്യന്‍മാരായ ബന്ധുക്കള്‍ക്ക് പറഞ്ഞു ചിരിക്കാന്‍ വാര്‍പ്പിന്റെ പണിക്കു പോകുന്നു എന്നതുമൊരു കാരണമായെന്നു വരും. പാരലല്‍ കോളേജില്‍ പഠിപ്പിക്കാന്‍ അവന്‍ ഒരു ശ്രമം നടത്തി നോക്കിയതായിരുന്നു. ചെന്ന് അന്വേഷിച്ചിടങ്ങളില്‍ നിന്നെല്ലാം അവിടെ ഒഴിവില്ലെന്നും പേരും അഡ്രസ്സും വാങ്ങിവെച്ചതിന് ശേഷം ഒഴിവ് വരികയാണെങ്കില്‍ അറിയിക്കാം എന്നുമാണ് പൊതുവെ പറയാറ്. ഒരുവിധം എല്ലാവരും ഇക്കാലത്ത് എം.എക്കാരാണെന്നും സെറ്റ് പാസായിട്ട് വന്നാല്‍ പരിഗണിക്കാം എന്നും അവര്‍ പറയും. ഇക്കാലത്തെ കുട്ടികള്‍ക്കൊന്നും ആര്‍ട്സ് വിഷയങ്ങളോട് തെല്ലും താല്പര്യമില്ലത്രെ. എല്ലാവരും പ്ളസ്ടു കഴിഞ്ഞാല്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണത്രെ പോകുന്നത്. മെറിറ്റില്‍ കിട്ടാത്തവര്‍ ലക്ഷങ്ങള്‍ കാശു കൊടുത്ത് പഠിക്കും. ആര്‍ട്സ് വിഷയങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കിലല്ലേ മാഷേ താങ്കളെ എടുക്കാന്‍ പറ്റൂ എന്ന് കാര്യകാരണങ്ങള്‍ പറഞ്ഞതു കേട്ടിട്ടും അവന്‍ മനസ്സിലാകാതെ വീണ്ടും മടിച്ചു മടിച്ചു നില്ക്കുന്നത് കണ്ട് ചുണ്ടിലൊരു പരിഹാസചിരിയോടെ ഒരിടത്തെ പ്രിന്‍സിപ്പാള്‍ ബിനുവിനെ ഒഴിവാക്കാനായി മാഷൊന്ന് പോയേ, ഒത്തിരി തിരക്കുണ്ടെന്നും പറഞ്ഞ് ഹോട്ടല്‍ മാനേജ്മെന്റിന്റെ ഒരു തടിയന്‍ പുസ്തകത്തിലേക്ക് കൂപ്പുകുത്തി. മാഷ് എന്നത് അയാള്‍ ഉപയോഗിച്ചതു പോലെ ഉപയോഗിച്ചാല്‍ വലിയൊരു തോന്ന്യാസവാക്കാണെന്ന് അന്ന് അവന് ബോധ്യപ്പെട്ടു. അന്നു തന്നെ വീട്ടിലേക്ക് മടങ്ങാനായി കയറിയ ബസ്സിലെ കണ്ടക്ടര്‍ പിന്നെ തരാം എന്നു പറഞ്ഞ ബാക്കി അമ്പതു പൈസക്ക് ഇറങ്ങാന്‍ നേരം ആവശ്യപ്പെട്ടപ്പോള്‍ അല്ല സുഹൃത്തേ, ഒരു അമ്പതു പൈസയല്ലേ, പോട്ടേന്നു വെച്ചൂടേ എന്ന് ചോദിച്ചപ്പോള്‍ സുഹൃത്തിനും മാഷുടെ ഗതി തന്നെ എന്നും അവന് മനസ്സിലായി. മാഷന്‍മാരില്‍ ചിലര്‍ നല്ല മാഷന്‍മാരും സുഹൃത്തുക്കളില്‍ ചിലര്‍ നല്ല സുഹൃത്തുക്കളുമല്ലാത്തതു കൊണ്ടായിരിക്കാം രണ്ടും ഒരേ ദിവസം തന്നെ കേള്‍ക്കേണ്ടി വന്നതെന്ന് അവന്‍ സമാധാനപ്പെട്ടു. ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നതിന് മറ്റുള്ളവര്‍ കേള്‍ക്കേണ്ടി വരുന്നു. 

                  ഓര്‍മ്മകളെ മേയുന്നിടത്തു നിന്നും വീട്ടിലേക്ക് തെളിക്കാനായി കൂട്ടുകാരോട് വാര്‍പ്പിന്റെ പണിക്ക് വരുന്നതിനെ പറ്റി ആലോചിച്ച് ഒരു ഉത്തരം പറയാമെന്നും പറഞ്ഞ് അവന്‍ ക്ളബിന്റെ പടികളിറങ്ങി. ഒമ്പിനെ പറ്റിയും ഒമ്പതിനെ പറ്റിയുമൊക്കെ അവരോട് പറയണമെന്നുണ്ടായിരുന്നു. കൂട്ടു ചേര്‍ന്ന് കളിയാക്കിയെങ്കിലോ എന്നു കരുതി വേണ്ടന്നു വെച്ചു. അല്ലെങ്കില്‍ തന്നെ താനും ഒരു ഒമ്പാണല്ലോ എന്ന് അവന്‍ ചിന്തിച്ചു. മറ്റുള്ളവര്‍ അവരുടെ സൌകര്യങ്ങള്‍ക്കായും മറ്റും മാറ്റിനിര്‍ത്തുന്നതോ ഒഴിവാക്കുന്നതോ ആയ ഒരു ഒമ്പ്. ആരോരും കാണാതെ എണ്ണല്‍ സംഖ്യകള്‍ക്ക് പുറത്തിരിക്കുന്ന വെറുമൊരു അക്കം. ഗതികെട്ട  വെറും ബഹിഷ്ക്യതജന്‍മക്കാരന്‍. അല്ലാതെ മറ്റെന്ത്? എല്ലാം എങ്ങനെയെങ്കിലുമൊക്കെ മാറിക്കിട്ടുമോ, എന്തോ?

                    പലതരം ആലോചനകളുടെ പുറത്തു കൂടെ നടന്ന് വെള്ളമൊഴുകുന്ന കൊച്ചുതോടിന്റെ ഇരുകരകളിലേക്കുമായി ഇട്ട ദ്രവിച്ച തെങ്ങിന്‍പാലം കടന്ന് ബിനു വീട്ടിന്റെ മുറ്റത്തേക്ക് കയറി. ജോലി കിട്ടിയിട്ടു വേണം നല്ല വീതിയില്‍ തോടിനു കുറുകെ ഒരു ടെമ്പോലോറി കയറാന്‍ വീതിയില്‍ കോണ്‍ക്രീറ്റ് പാലം പണിയാന്‍ എന്ന് എന്നുമെന്ന പോലെ അന്നും അവന്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു. അതുമാതിരി എത്രയെത്ര പദ്ധതികളാണ് അവന്റെ മനസ്സില്‍ കിടക്കുന്നത്. 

                    വീട്ടിലെത്തി തൂണിന്റെ മുകളില്‍ നിന്നും അവന്‍ താക്കോലെടുത്ത് വാതില്‍ തുറന്നു. അകത്തു കയറി കതകടച്ചു. മുറിയില്‍ കയറി മോഡല്‍ പരീക്ഷക്കായി കൊണ്ടുപോയ തടിയന്‍ പുസ്തകവും പിന്നെ പേഴ്സും മേശപ്പുറത്ത് വെച്ച് അവന്‍ തെല്ലൊന്നു കിടക്കയില്‍ കിടന്നു. പിന്നെ എഴുന്നേറ്റ് ഷര്‍ട്ടിന്റെ കുടുക്കുകള്‍ ഊരാന്‍ തുടങ്ങി. അപ്പോഴാണ് പുറത്ത് ആരോ കോളിംഗ്ബെല്ലടിച്ചത്. അമ്മ ഇന്ന് നേരത്തെ മടങ്ങിയോ എന്ന് അവന്‍ സംശയിച്ചു. പിന്നെ ചെന്ന് വാതില്‍ തുറന്നു. പുറത്ത് ഒരു പെണ്‍കുട്ടിയായിരുന്നു. അവള്‍ കൈയിലെ കുട ഒതുക്കിക്കൊണ്ടിരുന്നു. ഷര്‍ട്ടിന്റെ കുടുക്കുകള്‍ ധൃതിയില്‍ ഇടുന്നതിനിടയില്‍ അവന്‍ അവളോട് ചോദിച്ചു.

                      -'ആരാ?'

                     -'ഞാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട് നാലുകിലോമീറ്റര്‍ കിഴക്കോട്ടും പിന്നെ വലത്തോട്ട് തിരിഞ്ഞ് മൂന്നു കിലോമീറ്റര്‍ നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് രണ്ടുകിലോമീറ്റര്‍ നടന്നതിനു ശേഷം വീടന്വേഷിച്ച പെണ്‍കുട്ടിയാണ്.'

                     അവള്‍ അതു പറയുന്നതിനിടയില്‍ കുട ഒതുക്കി അതിന്റെ കുടുക്കിടുകയും അവനെ അധികാരഭാവത്തോടെ നോക്കുകയും തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ അകത്തേക്ക് കയറി ചെല്ലുകയും ചെയ്തു.
അവന്‍ അവളെ തടഞ്ഞുകൊണ്ട് മുന്നില്‍ കയറി നിന്നു.  


                    -'നില്ക്ക്. നില്ക്ക്. എന്തൊക്കെയാ പറയുന്നത്? എവിടേക്കാ കയറിപ്പോകുന്നത്?'

                     -'മാറിയേ.'

                      അവള്‍ അവനെ മാറ്റിക്കൊണ്ട് കൈയിലെ വാനിറ്റിബാഗും കുടയും അകത്തെ കസേരയിലേക്ക് അലക്ഷ്യമായി ഇട്ടു. പിന്നെ തലമുടിയിലെ ഹെയര്‍പിന്നുകള്‍ അഴിച്ചുകൊണ്ട് മുറിയിലേക്ക് കയറുന്നതിനിടയില്‍ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.                                                    

                       -'കാണിച്ചുതന്ന വഴിയിലൂടെ തന്നെയാ ഞാനിങ്ങു പോന്നത്.'

                      അതുവരെയും ഇട്ടുതീരാത്ത ഷര്‍ട്ടിന്റെ കുടുക്കില്‍ പിടിച്ചുകൊണ്ട് ബിനു അവളോട് ചോദിച്ചു. 

                        -'ആരാ നീ? എന്താ വേണ്ടത്?'

                        -'അതൊക്കെ ഉത്തരം കുലുക്കിക്കുത്തുമ്പോള്‍ അന്വേഷിക്കാമായിരുന്നില്ലേ? വീട്ടിലേക്കുള്ള വഴിയും കാണിച്ചുതന്ന് എന്നെ ഇങ്ങോട്ടു കൊണ്ടു പോന്നിട്ട് അതുമിതും ചോദിക്കുന്നതെന്തേ?'

                        പെണ്‍കുട്ടി മുറിയുടെ വാതിലടക്കുന്നതിനു മുമ്പ് അവനെ നോക്കിക്കൊണ്ട് പറഞ്ഞു.

                         -'ഞാനീ ഡ്രസ്സൊന്ന് മാറ്റട്ടെ. ഒരുപാട് ദുരം യാത്ര ചെയ്തിട്ട് വല്ലാത്ത വിമ്മിഷ്ടം.'

                         ഭാഗ്യത്തിന് ഒരു മാര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ എന്നു കരുതി ഉത്തരം കുലുക്കിക്കുത്തിയപ്പോള്‍ പെണ്‍കുട്ടി നില്ക്കുന്നിടത്തുനിന്നും തന്റെ വീട്ടിലേക്കുള്ള വഴിയായിപ്പോയോ ഓര്‍ക്കാതെ കാണിച്ചു കൊടുത്തത് എന്ന് സംശയിച്ചു കൊണ്ട് അവന്‍ വാതിലിന് പുറത്തു നിന്നും ചോദിച്ചു.

                       - “അതൊരു വെറും മോഡല്‍ പരീക്ഷയായിരുന്നില്ലേ? അല്ലെങ്കിലും അത് വെറുമൊരു ചോദ്യവുമായിരുന്നില്ലേ. അതിലെ പെണ്‍കുട്ടി ചോദ്യത്തില്‍ നിന്ന് കേട്ട പാതി കേള്‍ക്കാത്ത പാതി കൂടെ ഇറങ്ങിപ്പോന്നതെന്തിന്? അതും പ്രത്രേകിച്ച് ജോലിയൊന്നുമില്ലാത്ത എന്റെ കൂടെ. അമ്മയും അനിയത്തിയും നാട്ടുകാരും ബന്ധുക്കളുമൊക്കെ അറിഞ്ഞാല്‍ എന്താകും പുകില്? എങ്ങിനെയാണ് ഞാന്‍ നിന്നെ പോറ്റുക? എം.എക്കാരനായ ഞാന്‍ നിന്നെ പോറ്റാനായി വാര്‍പ്പ് പണിക്ക് പോകേണ്ടി വരുമോ?” 

                        അവള്‍ കേട്ടതായി പോലും ഭാവിക്കുന്നുണ്ടായിരുന്നില്ല. അവന്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നില്ക്കുമ്പോള്‍ അവള്‍ അനിയത്തിയുടെ ഒരു മാക്സിയുമിട്ട് വാതില്‍ തുറന്നു ഇറങ്ങി വന്നു. പിന്നെ അടുക്കളയിലേക്ക് ഒന്നും സംഭവിക്കാത്ത പോലെ നടന്നുപോയി. അപ്പോള്‍ ബിനു അവനോട്  തന്നെ ഉറക്കെ ആലോചിച്ചു കൊണ്ടിരുന്നു.

                   - “ഏതാണ്ട് ഒമ്പ് പോലെ തന്നെയാണല്ലോ പെണ്‍കുട്ടിയും. രണ്ടിലും നിഗൂഡതകള്‍. ഒമ്പ് എങ്ങോട്ട് പോയെന്നറിയില്ല. പെണ്‍കുട്ടി എവിടെ നിന്നും വരുന്നു എന്നും അറിയില്ല. ആരെങ്കിലും വരുന്നതിനു മുമ്പ് ഒമ്പിനെ പോലെ പെണ്‍കുട്ടിയെ എവിടെയുമില്ലാതാക്കാന്‍ എന്താണൊരു വഴി?  എങ്ങിനെയാണ് അവളെ ചോദ്യപേപ്പറിലേക്കു തന്നെ പറഞ്ഞയക്കുന്നത്? മറ്റുള്ളവര്‍ക്ക് പറഞ്ഞു കളിയാക്കാന്‍ മറ്റൊരു കാര്യം കൂടിയായല്ലോ.”

                   അവന്‍ മുറിക്കകത്ത് നടന്നുകൊണ്ട് പിറുപിറുത്തു കൊണ്ടേയിരുന്നു. അത് ജീവിതം ഒഴുകുന്നത് എങ്ങോട്ട് എന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത തികച്ചും സാധാരണക്കാരനായ ചെറുപ്പക്കാരന്റെ പിറുപിറുപ്പുകളായിരുന്നു.  

                                                                     -0-
(Akam Masika)

1 അഭിപ്രായം:

  1. ഒമ്പ് ഒരു പുതിയ സംഭവം.രസകരമായി ചിന്തിച്ചു.നന്നായി എഴുതി.ഒരു വിഷയം ഒരു കഥയില്‍ ഒതുക്കുമ്പോള്‍ അത് ഒതുക്കമുള്ള ചെറുകഥ ആവുന്നു.പൂമ്പാറ്റയുടെ പല പോസ്റ്റും വായിച്ചപ്പോള്‍ തോന്നി.പല കഥയിലും ആവശ്യമില്ലാതെ കഥാകാരന്റെ മനസ്സ് മേഞ്ഞു നടക്കുക ആണെന്ന്..ഈ കഥ
    ഒമ്ബിന്റെ കഥ ആയി തുടങ്ങി ചോദ്യത്തിലെ പെണ്‍കുട്ടി വീട്ടില്‍ വരുന്നത് കാല്പനികം ആയി നിര്‍ത്തി എങ്കില്‍ വളരെ മെച്ചം ആയിരുന്നു.ഇതില്‍ കൂടുതല്‍..
    ഇടക്കുള്ള ഖണ്ഡികകള്‍ വേറൊരു പോസ്റ്റിനു തന്നെ ഉപയുക്തം ആണ്..
    പൂമ്പാറ്റേ ..എഴുതാന്‍ നല്ല കഴിവുണ്ട്..അല്പം ഒന്ന് ശ്രദ്ധിച്ചാല്‍ ഈ തൂലികയില്‍ നിന്നും ഇനിയും ഉത്തമ സൃഷ്ടികള്‍ തീര്‍ച്ച ആയും അനവധി പിറക്കും..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ