2011, ജനുവരി 7, വെള്ളിയാഴ്‌ച

ഡിക്ഷണറികളില്‍ സ്പെല്ലിംഗ് മിസ്റേക്കില്ലാതായതെങ്ങനെ?

അരുണ്‍കുമാര്‍ പൂക്കോം

             ഒരിക്കല്‍ ക്യൂ വെറുതെ യുവിനോട് പറഞ്ഞു.

            -'ഐ ലവ് യു.'

             യു ആളൊരു സുയ്പ്പത്തിയായിരുന്നു. അവള്‍ ചിരിച്ചുകൊണ്ട് സമ്മതിച്ചു.

             -'ആയ്ക്കോട്ടെ.'

              രണ്ടുപേരും തമാശക്ക് തുടങ്ങി പ്രണയം. പക്ഷേ എപ്പോഴോ ക്യൂ അവനറിയാതെ സീരിയസ്സായിപ്പോയി. യുവിനാവട്ടെ അപ്പോഴും തമാശ തന്നെ. അവള്‍ക്ക് മറ്റ് അക്ഷരങ്ങളുമായുള്ള ആരോഗ്യകരമായ തേരാപ്പാരാ സൌഹ്യദങ്ങളില്‍ ക്യൂ കാണിക്കുന്ന പ്രണയം വെറും വട്ട്.

                അവനാകട്ടെ ക്യൂവിനെയല്ലാതെ മറ്റാരേയും സ്നേഹിക്കുന്നില്ല. പ്രണയം തലക്ക് പിടിച്ച അവന് ഒന്നുമൊന്നും സ്വന്തമായി ചെയ്യാനറിയാതായി. വാല് പോലെ യു ചിന്തകളില്‍ കൂടെ വേണം. ക്യൂവില്‍ നില്ക്കുമ്പോഴും ക്വയറ്റായി ഇരിക്കുമ്പോഴും, എന്തിന് ക്വാറലില്‍ പോലും അവള്‍ ഒന്നിച്ചുവേണമെന്നായി. ഒരു വാക്ക് മാത്രമല്ല വാക്കിനുള്ളില്‍ നില്ക്കാനും കൂടെ അവളില്ലാതെ പറ്റില്ലെന്നായി.

                യു ക്യൂവിന്റെ പ്രാന്തന്‍ പ്രണയം കണ്ടപ്പോള്‍ അവന് പ്രണയം അസ്ഥിക്ക് പിടിച്ചിരിക്കുകയാണെന്നും തമാശക്ക് തുടങ്ങിയത് കാര്യമാക്കാന്‍ പോവുകയാണെന്നും മനസ്സിലാക്കി അവനെ ഒഴിവാക്കാന്‍ തീരുമാനിച്ചു. അവനെ കണ്ടാല്‍ കാണാത്ത ഭാവം നടിക്കാന്‍ തുടങ്ങി.

                ക്യൂവിന് അവളില്ലാതെ വന്നപ്പോള്‍ സ്വാഭാവികമായും സ്പെല്ലിംഗ് മിസ്റേക്കുണ്ടായി. നോക്കിലും വാക്കിലും ചിരിയിലും സ്നേഹം വിരിയിക്കുന്ന യു അപരിചിതഭാവത്തില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ക്യൂവിന് മനസ്സ് നൊന്തു. മനസ്സില്‍ ഒരുപാട് താളപ്പിഴകള്‍.

                 എല്ലാമറിയാവുന്ന കൂട്ടുകാരും അവരുടെ ബന്ധത്തിലുണ്ടായ സ്പെല്ലിംഗ് മിസ്റേക്കിനെപ്പറ്റി ചോദിക്കാന്‍ തുടങ്ങി. അവന്റെ ആണത്തത്തെ കളിയാക്കാനും തുടങ്ങി.

                 അങ്ങനെ അവന്‍ അവളോട് ചെന്നു പറഞ്ഞു.

                 -'എന്തായാലും നമ്മള്‍ പരിചയപ്പെട്ടുപോയില്ലേ. കണ്ടാല്‍ പരിചയം കാണിക്കണം. ചിരിക്കണം. പ്രണയം വേണമെങ്കില്‍ വേണമെന്ന് വെക്കാനും വേണ്ടെങ്കില്‍ വേണ്ടെന്നുവെക്കാനും ഉള്ളതാണ്.'

                   അവള്‍ കേട്ടതായി നടിച്ചില്ല. അവന്‍ വീണ്ടും പരവശപ്പെട്ടു നടന്നു. അവളില്ലാതെ സ്പെല്ലിംഗ് മിസ്റേക്കില്ലാത്ത ഒരു വാക്കുണ്ടാക്കുന്നതെങ്ങനെ? ഒന്നുമൊന്നും ശരിയാവില്ല.

                   അവന്റെ ദുരവസ്ഥ കണ്ട് യുവിന്റെ കൂട്ടുകാരികളും പറഞ്ഞു.

                   -'പാവം ക്യൂ. നീ അവനെ വെറുതെ നോവിക്കണ്ട.'

                   തന്റെ സൌഹ്യദമില്ലാതെ ഒരു വാക്കു പോലുമുണ്ടാക്കാനാവാത്ത ക്യൂവിന്റെ ഗതികേടില്‍ യുവിനും സഹതാപം തോന്നിത്തുടങ്ങിയിരുന്നു.

                    അവള്‍ ക്യൂവിനോട് പറഞ്ഞു.

                  -'നീ ആളൊരു പൊക്കണനാണ്. വെറും പൊക്കണന്‍. നിന്റെ സ്നേഹം വളരെ ക്വീയറായിട്ടുള്ളതാണ്. ഇപ്പോള്‍ ആരും തന്നെ നിന്നെപ്പോലെ ഒന്നിച്ചു ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒന്നിച്ചു മരിക്കാം എന്ന രീതിയില്‍ സീരിയസ്സായി പ്രണയിക്കാറില്ല. എങ്കിലും നിന്നെ കാണുമ്പോള്‍ ഞാന്‍ ചിരിക്കാം. പരിചയം കാണിക്കാം. ഇനി ഞാനായിട്ട് സ്പെല്ലിംഗ് മിസ്റേക്കുണ്ടാക്കുന്നില്ല. പോരേ. സമാധാനമായല്ലോ.'

                 അങ്ങനെ അവരിരുവരും സ്നേഹത്തോടെ അഡ്ജസ്റ് ചെയ്ത് കഴിയാന്‍ തീരുമാനിച്ചതോടെയാണ് ഡിക്ഷണറികളില്‍ സ്പെല്ലിംഗ് മിസ്റേക്കില്ലാതായത്.

                കുറിപ്പ്: ഇംഗ്ളീഷ് വാക്കുകളില്‍ ക്യൂ എന്ന അക്ഷരത്തിന്റെ കൂടെ എപ്പോഴും യു എന്ന അക്ഷരം കാണും. ക്യൂവിന് അതൊരു ഗാഢബന്ധമാണ്. യുവിനാകട്ടെ മറ്റ് അക്ഷരങ്ങളുമായും സൌഹ്യദമുണ്ട്.

               (എതിര്‍ദിശ മാസിക)

                                                      -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ