2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

പത്തു രൂപാ പുസ്തകങ്ങള്‍

അരുണ്‍കുമാര്‍ പൂക്കോം

                   എക്സ്പ്രസ് തീവണ്ടിയില്‍ നിന്നും തൊട്ടടുത്ത തിരക്കേറിയ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റിഫോമില്‍ ഇറങ്ങുകയും ധ്യതിയില്‍  ട്രാക്ക് മുറിച്ചു കടന്ന് രണ്ടാം പ്ളാറ്റ്ഫോമില്‍ നിന്നും എതിര്‍ദിശയിലേക്ക് പോകാനായി പുറപ്പെട്ട പാസഞ്ചര്‍ വണ്ടിയില്‍ കരിങ്കല്‍ച്ചീളുകളില്‍ ചവിട്ടിക്കൊണ്ട് ഓടിക്കയറാന്‍ ശ്രമിക്കുമ്പോള്‍  വാതില്‍ക്കല്‍ നിന്നയാള്‍ ഈര്‍ഷ്യയോടെ അവനോട് വിളിച്ചു ചോദിച്ചു.

                 -എന്തോന്നെടേ? ചാവാമ്പോവ്വാണോ?

                  ഓടുന്ന തിരക്കില്‍ പിറകിലേക്ക് മാറിപ്പോയ തോള്‍സഞ്ചി മുതുകിലേക്ക്് മാറ്റിക്കൊണ്ട് അയാള്‍ പറഞ്ഞത് കേട്ടില്ലെന്ന ഭാവത്തില്‍ നീങ്ങിപ്പോവുന്ന എക്സ് എന്ന ചിഹ്നം തെല്ലു നിരാശയോടെ നോക്കിനിന്നു. പ്ളാറ്റിഫോമിലേക്ക് മുട്ടുകുത്തി കയറുമ്പോള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ശുഷ്കാന്തി കാണിക്കുന്ന സ്വഭാവക്കാരനെന്നു തോന്നിക്കുന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.

                     -റണ്ണിംഗ് ട്രെയിനില്‍ ഓടിക്കയറരുത്. കാലോ കൈയോ, എന്തിന് ജീവന്‍ തന്നെ പോകും.

                      അവന്‍ വിഷാദത്തോടെ ചിരിച്ചെന്നു വരുത്തി. പാസഞ്ചര്‍ വണ്ടിയാണ് കൈവിട്ടു പോയത്. ഒരു വിധം നന്നായി കച്ചവടം കിട്ടുന്ന വണ്ടിയായിരുന്നു. ഇനി വരാനുള്ളത് രാജധാനി എക്സ്പ്രസ്.  ആ വണ്ടി കൊണ്ട് അവന് വലിയ കാര്യമൊന്നുമില്ല. അവന്റെ കച്ചവടം അതില്‍ നടക്കില്ല. പിന്നെ വരാനുള്ളത് വന്ന ഭാഗത്തേക്കു തന്നെയുള്ള ഒരു സ്പെഷ്യല്‍ ട്രെയിനാണ്. അതില്‍ കയറിപ്പറ്റാന്‍ അപ്പുറത്തേക്ക് കടക്കേണ്ടതുണ്ട്. അവന്‍ വീണ്ടും ട്രാക്ക് മുറിച്ചു കടന്നു.
വേണമെങ്കില്‍ അവന് പ്ളാറ്റ്ഫോമിലെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നവരുടെ അടുത്തേക്ക് ചെന്ന് തുണിസഞ്ചിയില്‍ നിന്നും കുറച്ച് പുസ്തകങ്ങള്‍ പകുത്ത് അവരുടെ നേര്‍ക്ക് നോക്കുന്നതിനും ബോധ്യപ്പെട്ടാല്‍ വാങ്ങിക്കുന്നതിനുമായി നീട്ടാവുന്നതേയുള്ളു. പക്ഷേ, അവന് കാലത്തു മുതലുള്ള അലച്ചില്‍ കാരണം പ്ളാറ്റ്ഫോമിലെ സ്റാന്റില്‍ നിന്നും ഒരു ചായ കുടിക്കാനാണ് തോന്നിയത്. അതു കഴിഞ്ഞപ്പോള്‍ തെല്ലൊന്ന് ഇരിക്കണമെന്നു തോന്നി. റെയില്‍വേ സ്റേഷനില്‍ ദൂരെ തിരക്കൊഴിഞ്ഞ ഭാഗത്തായി കണ്ട മറ്റാരുമില്ലാത്ത സിമന്റുബെഞ്ചിന്റെ അടുത്തേക്ക് അവന്‍ നടന്നു.

                    സിമന്റുബെഞ്ചിലിരുന്ന് അവന്‍ പ്ളാറ്റ്ഫോം ആകമാനം വെറുതെ നോക്കി. എത്രാമത്തെ തവണയാണ് അവിടം ഇറങ്ങുന്നതെന്ന് ഓര്‍ത്തു നോക്കി. പത്തിരുപത് തവണയെങ്കിലും  ഇറങ്ങിക്കാണും. നാട്ടില്‍ നിന്നും വിദൂരമായ നഗരം. പുസ്തകവിതരണക്കാരനായതോടെ എത്താത്ത ഇടങ്ങളില്ലാതായി.

                      പ്ളാറ്റ്ഫോമില്‍ അവിടവിടെ ഉറുമ്പുകളെ പോലെ ആളുകള്‍ പോകേണ്ട വണ്ടിയും കാത്തു നില്ക്കുന്നു.  ചിലര്‍ ന്യൂസ്സ്റ്റാന്റിനടുത്ത്. മറ്റു ചിലര്‍ ടീസ്റാളിന്റെ അടുത്ത്. ചിലര്‍ നിരനിരയായിട്ട കസേരകളില്‍ ഇരുന്ന് കാക്കയെ പോലെ തല ചരിച്ച് മേല്‍ക്കൂരയില്‍ തൂക്കിയിട്ട ടി.വികളിലെ കാഴ്ചകള്‍ നോക്കിയിരിക്കുന്നു.

                       അപ്പോള്‍ അവന്റെ അടുത്തുള്ള സിമന്റ് ബെഞ്ചിലേക്ക് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വന്നിരിക്കുകയും പെണ്‍കുട്ടി തന്റെ ബേഗ് തുറന്ന് ലാപ്പ് ടോപ്പെടുത്ത് നിവര്‍ത്തി വെക്കുകയും ചെയ്തു. അവര്‍ തൊട്ടുതൊട്ടിരുന്നു കൊണ്ട് അതിലേക്ക് നോക്കിയിരിക്കുന്നതും എന്തൊക്കെയോ തമ്മില്‍ കുറുകുന്നതും അവന്‍ തെല്ലുനേരം നോക്കിയിരിക്കുകയും അവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആലോചിച്ച് എത്തുപിടിയും കിട്ടാതെ തന്നിലേക്കു തന്നെ മടങ്ങുകയും ചെയ്തു. ആണ്‍കുട്ടിയുടെ വലതുകൈ അവളുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചിരിക്കുകയാണെന്നതും അത് ഇടക്കൊക്കെ ഞണ്ടിനെ പോലെ ചലിച്ചു കൊണ്ടിരിക്കുന്നതും അവനെ അപ്പോഴും തെല്ലൊന്ന് അലോസരപ്പെടുത്തി. കുറെ നേരത്തോളമായി കൂടെ ബോഗികളില്ലാതെ നിന്നു കിതച്ചു കൊണ്ടിരിക്കുന്ന തെല്ലകലെയുള്ള തീവണ്ടിയുടെ എഞ്ചിനോട് അവന്‍ തന്നെ ചേര്‍ത്തു വെച്ചു.

                     അവന്റെ പുസ്തകസഞ്ചിയിലെ ലോകോത്തരപ്രണയകഥകള്‍ വിറ്റഴിഞ്ഞു പോകുന്നത് ചൂടപ്പം പോലെയാണ്. വായനക്കാര്‍ എന്താണതില്‍ അന്വേഷിക്കുന്നതാവോ? ഏവരും പൊടുന്നനെ മറിച്ചു നോക്കുന്ന പുസ്തകമായതിനാല്‍ അവന്‍ സഞ്ചിയില്‍ നിന്നും ആദ്യമെടുത്ത് നീട്ടുന്നതും അതു തന്നെ. പ്രണയം നന്നായി വിറ്റഴിക്കപ്പെടുന്ന സ്വപ്നമാണ്. വായിക്കുമ്പോഴും സിനിമ കാണുമ്പോഴും താദാത്മ്യം തോന്നുന്ന വികാരമെന്നതിന് അപ്പുറം പ്രണയത്തെ പറ്റി അവനൊന്നും അറിയുമായിരുന്നില്ല.

                   കുട്ടിക്കാലത്തെ അവന്റെ ഓര്‍മ്മകളിലെ അച്ഛന്‍ ഒരു ലുങ്കിയും ഷര്‍ട്ടുമിട്ട് രാവിലെ ബസ്സ് കയറിപ്പോകും. തെല്ലു കഴിഞ്ഞ് ആടിക്കുഴഞ്ഞ് കയറി വരും. ഉമ്മറത്തിരുന്ന് ചെറുപ്പത്തില്‍ കോയമ്പത്തൂരില്‍ പലചരക്കു കടയില്‍ നില്ക്കുമ്പോള്‍ കേട്ട സൌന്ദര്‍രാജിന്റെ പാട്ടുകള്‍ ഉറക്കെ പാടും. ഭക്ഷണസമയത്ത് അതുമിതും കുറ്റം പറഞ്ഞ് മറ്റുള്ളവരുടെ പൊറുതി കെടുത്തും. നിര്‍ത്താത്ത പ്രസംഗങ്ങളായിരിക്കും പിന്നീട്. ഇടക്കുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയില്ലെങ്കില്‍ അതിന്‍മേല്‍ പിടിച്ചാവും പിന്നീടുള്ള ബഹളങ്ങള്‍. പിന്നീട് വീണുറങ്ങും. അച്ഛനെ പോറ്റേണ്ടത് തന്റെ കടമയാണെന്ന പോലെ അവന്റെ അമ്മ ഒന്നുരണ്ടു വീടുകളില്‍ അലക്കാനും തൂത്തുവാരാനും മറ്റുള്ള പുറംപണിക്കും പോയി.

                    അമ്മ വരുമ്പോള്‍ കൈലിയുടെ മടിക്കുത്തില്‍ പണിക്കു നില്ക്കുന്ന വീടുകളില്‍ നിന്നും രാവിലത്തെ പ്രാതലിന് അവിടെ ഉണ്ടാക്കിയ പലഹാരങ്ങള്‍ കൊണ്ടുവരും. അവിടെ അതിഥികള്‍ വല്ലവരും വന്നാല്‍ ബേക്കറി സാധനങ്ങളും കൊണ്ടുവരും. കുട്ടിക്കാലത്ത് അവ വലിയ കാര്യമായിരുന്നുവെങ്കിലും കോളേജിലെത്തിയപ്പോള്‍ അവ കൊണ്ടുവരുന്നതിന് അമ്മയെ വഴക്കു പറയാന്‍ തുടങ്ങി. എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴേക്കും ലിവര്‍ സീറോസിസ് വന്ന് മുഖത്ത് നീരു വന്നും മുടി മുക്കാലും കൊഴിഞ്ഞും കണ്ണുകള്‍ മഞ്ഞളിച്ചും അച്ഛന്‍ വഴി വക്കില്‍ വീണുമരിച്ചിരുന്നു. അച്ഛന്റെ വസ്ത്രങ്ങളും മഞ്ഞളിച്ചു പോയിരുന്നു. ഒരു നോക്കുകുത്തി പോലെയുണ്ടായിരുന്ന വ്യത്തിയില്ലാത്ത അച്ഛന്‍ ആടിയാടി ഇനി വീട്ടിലേക്ക് വരില്ല എന്നത് അവന് ആശ്വാസമാണ് നല്കിയത്.
സ്ക്കൂളിലേക്ക് പോകുന്ന ബസ്സില്‍ ആടിയാടി കയറുന്ന അച്ഛനെ ചൂണ്ടിക്കാട്ടി അദേ നിന്റെ അച്ഛന്‍ എന്ന് ഇനി കൂട്ടുകാരില്‍ ആരും ചൂണ്ടിക്കാണിക്കുകയില്ലല്ലോ എന്ന സന്തോഷവും ചെറുതായിരുന്നില്ല. അച്ചന്‍ ബസ്സില്‍ കയറിയാല്‍ ആദ്യം ചെയ്യുക ഇരിക്കുന്ന ആരോടെങ്കിലും എഴുന്നേറ്റ് കൊടുക്കാനാണ്. പ്രായമുള്ള ആള്‍ക്ക് ഒന്നു ഒഴിഞ്ഞു തന്നേ എന്നാണ് പറയുക. സ്ഥിരം കുടിക്കാന്‍ പോകുന്ന ആളാണെന്ന് അറിയാവുന്നതു കൊണ്ടു തന്നെ ആരും കേട്ട ഭാവം നടിക്കില്ല. പിന്നെ അതും പറഞ്ഞ് വിദേശമദ്യ ഷാപ്പു വരെ ബഹളമായിരിക്കും. നാണക്കേട് ഭയന്ന് കഴിവതും അവന്‍ അച്ഛന്‍ കയറുന്ന ബസ്സില്‍ കയറാറുണ്ടായിരുന്നില്ല.

                     പ്രീഡിഗ്രിക്ക് രണ്ടു തവണ എഴുതിയിട്ടും ഇംഗ്ളീഷ് കിട്ടാതായപ്പോള്‍ പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് അവന് മനസ്സിലായിത്തുടങ്ങിയിരുന്നു. അനിയത്തി മുട്ടോളമെത്തുന്ന ഉടുപ്പില്‍ നിന്നും പൊടുന്നനെയാണ് കാലുമാറിക്കളഞ്ഞത്. അമ്മ രണ്ടുപേരെ കുറിച്ചും വേവലാതിപ്പെടാന്‍ തുടങ്ങി. താന്‍ കാണാതെ അവന്‍ കള്ളുകുടി തുടങ്ങിക്കളയുമോ എന്നതായിരുന്ന അവനെ ചൊല്ലിയുള്ള അമ്മക്കുള്ള ഏറ്റവും വലിയ വേവലാതി. എന്തെങ്കിലും ജോലിക്ക് പോകാന്‍ അമ്മ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

                   വയറിംഗിന്റെ പണിക്ക്  സഹായിയായി കൂടി. ഏറെ നാളുകള്‍ കഴിഞ്ഞിട്ടും ചുമര്‍ കുത്തിക്കുന്നതല്ലാതെ വയര്‍ വലിക്കുന്ന വിധമോ സ്വിച്ച് ബോര്‍ഡ് ഉണ്ടാക്കുന്ന വിധമോ മേസ്തിരി പഠിപ്പിച്ചു തരുന്നത് കാണാതായപ്പോള്‍ മെല്ലെ പോകാതായി. വായനശാലയില്‍ പോയിരുന്ന് നേരം കളയലായി. ഉണ്ണാനിരിക്കുമ്പോഴൊക്കെ അതുമിതും പറഞ്ഞ് അമ്മ വഴക്കുകള്‍ തീര്‍ത്തു. ജോലിയുള്ള സമപ്രായക്കാരെ കണ്ടുപഠിക്കാന്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. അടക്കയായാല്‍ മടിയില്‍ വെക്കാം, അടക്കാ മരമായാലോ എന്ന് പഴഞ്ചൊല്ല് ഇടക്കിടെ പിറുപിറുത്തു.  ആ അച്ഛന്റെ വിത്തല്ലേ, വിത്തു ഗുണം പത്തു ഗുണം എന്നും തന്നോടു തന്നെ പറഞ്ഞു. എല്ലാം കേട്ട് അനിയത്തി അവനില്‍ നിന്നും ചെറുതായി അകന്നു. ഭക്ഷണം കഴിച്ച പാത്രങ്ങളൊക്കെ അവനവന്‍ തന്നെ കഴുകി വെച്ചോണ്ടാല്‍ മതി എന്നവള്‍ ഒരു ദിവസം പറഞ്ഞു.    

                     അന്നവന്‍ മനസ്സു നൊന്തു കൊണ്ട് വായനശാലയിലെ പത്രങ്ങളില്‍ ക്ളാസിഫൈഡ് കോളങ്ങള്‍ നോക്കുകയും ഒടുവില്‍ തനിക്കാവും എന്നു തോന്നിയ പുസ്തകവിതരണക്കാരെ തേടുന്നു എന്ന പരസ്യത്തില്‍ തട്ടിത്തടഞ്ഞ് നില്ക്കുകയും പത്രം പതുക്കെ മറ്റാരും കാണാതെ ഡെസ്കിനടിയിലേക്ക് കൊണ്ടുവന്ന്  ആ ഭാഗം കീറി കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തു. ടൌണില്‍ മീന്‍ വാങ്ങാന്‍ പോകുന്ന കച്ചവടക്കാരെ കൊണ്ട് നിറഞ്ഞ പിറ്റേന്നു കാലത്തെ അഞ്ചരക്കുള്ള ബസ്സില്‍ പത്രത്തില്‍ കണ്ട മേല്‍വിലാസവും തേടിയിറങ്ങി.  തോള്‍ സഞ്ചിയില്‍ പുസ്തകങ്ങളുമായി തന്റെ മെല്ലിച്ച ശരീരം താണ്ടേണ്ടുന്ന ദൂരങ്ങളും സ്ഥലങ്ങളും അതോടെ അവനോട് ചേര്‍ത്തു വെക്കപ്പെട്ടു.

                     ആദ്യമാദ്യം നടന്നു നടന്നു കാലുകള്‍ വേദനിച്ചു. പിന്നെ കാലുകള്‍ പുസ്തകങ്ങളോട് സമരസപ്പെട്ടു. ആദ്യമാദ്യം ചില പുസ്തകങ്ങള്‍ വില കുറഞ്ഞ ലോഡ്ജ് മുറിയില്‍ കൊതുകു കടികളേറ്റ് രാത്രികളില്‍ വെറുതെ മറിച്ചു നോക്കുമായിരുന്നു. ഇംഗ്ളീഷ് ഗ്രാമറൊക്കെ ഇത്രയും ലളിതമായിരുന്നോ എന്നവന്‍ തനിക്ക് വഴങ്ങാതെ പോയ പ്രീഡിഗ്രി കാലത്തെ തടിയന്‍ പുസ്തകത്തെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു. ഇംഗ്ളീഷ് വാക്കുകള്‍ പഠിച്ചെടുക്കാന്‍ ഡിക്ഷ്ണറി പോലും വേണ്ട എന്ന് ഒരു പുസ്തകത്തില്‍ കണ്ട് അവന്‍ അമ്പരന്നു. ഇംഗ്ളീഷ് കിട്ടാതെ വന്നപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന ഇംഗ്ളീഷ് ഡിക്ഷ്ണറി മനപ്പാഠമാക്കാന്‍ ശ്രമിച്ച് പറ്റാതെ വന്നപ്പോള്‍ ഒന്നു രണ്ടു ദിവസം കൊണ്ടുതന്നെ ദൂരെ മാറ്റി വെച്ചത് അവനോര്‍ത്തു. എല്ലാ ഇംഗ്ളീഷ് വാക്കുകള്‍ക്കും ഒരു റൂട്ടും സഫിക്സോ പ്രിഫിക്സോ രണ്ടും കൂടിയോ മുന്നിലോ പിന്നിലോ ആയിട്ട് ഉണ്ടെന്നത് അവന് പുത്തന്‍ അറിവായിരുന്നു. അവയുടെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ ഇംഗ്ളീഷ് വാക്കുകള്‍ പഠിക്കുക എളുപ്പമായി. അതു പോലെ  കണക്കു ചെയ്യാനുള്ള എളുപ്പ വഴികള്‍ കണ്ട് ക്ളാസുകളില്‍ കണക്കിനോട് പട വെട്ടിയ കാലം അവന്‍ ഓര്‍ത്തു പോയി. മരത്തിന്റെ സ്കെയി ല്‍ കൊണ്ടുള്ള കൈയുടെ കൊട്ടിന്‍മേലുള്ള മാഷുടെ അടിയും എല്ലാവരുടെയും മുന്നില്‍ വെച്ചുള്ള കളിയാക്കലുകളും അവന്‍ വീണ്ടും അയവിറക്കി.  പഠിക്കുന്ന കാലത്ത് അത്തരം പുസ്തകങ്ങള്‍ കിട്ടാതെ പോയതിന് അവന് എന്തെന്നില്ലാത്ത നഷ്ടബോധം തോന്നി. ഇത്തരം എളുപ്പവഴികളൊന്നും സ്ക്കൂളുകളില്‍ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് പറഞ്ഞു നല്കാത്തതെന്തെന്ന് ആലോചിച്ചിട്ട് അവനൊരു എത്തും പിടിയും കിട്ടിയില്ല. അവര്‍ക്കും അറിഞ്ഞു കൂടാത്തതു കൊണ്ടായിരിക്കും എന്നവന്‍ നിരൂപിച്ചു. വെറുതെയല്ല സാധാരണക്കാര്‍ എന്നും സാധാരണക്കാര്‍ ആയിപ്പോകുന്നത് എന്നവന്‍ മനസ്സില്‍ പറഞ്ഞു.

                      ഇനി പഠിച്ചിട്ട് എന്തു നേടാനാണെന്ന ചിന്ത അവനില്‍ അതിനോടകം വേരുറച്ചു പോയതിനാല്‍ ഏതൊരു വില്പനക്കാരന്റെയും കച്ചവടക്കണ്ണുകളോടെ മാത്രമേ അവന് പുസ്തകങ്ങളെ നോക്കിക്കാണാന്‍ പറ്റിയുള്ളു. അവ വിറ്റാല്‍ തനിക്ക് കിട്ടുന്ന കമ്മീഷനില്‍ മാത്രമായി അവന്റെ ശ്രദ്ധ. അതിനോടകം ടൌണില്‍ എംബ്രോയ്ഡറി വര്‍ക്ക് പഠിക്കാന്‍ പോകുന്ന അനിയത്തിയെ കടയിലേക്ക് പോകുന്ന ഇടനാഴിയില്‍ വെച്ച് ഒന്നു രണ്ടു തവണ ഒരു മധ്യവയസ്കനായ തടിയന്‍ കഷണ്ടിക്കാരന്‍ തിരക്കിട്ട് നടന്നു വന്ന് ചുമലു കൊണ്ട് അവളുടെ തോളില്‍ മുട്ടി എന്ന വിവരം അവനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അവളെ ആരുടെ കൂടെയെങ്കിലും കെട്ടിച്ചു വിട്ടാല്‍ സമാധാനമായി. തന്റെ ചെറിയ വരുമാനം കുതിച്ചുയരുന്ന സ്വര്‍ണ്ണവിലയുമായി തട്ടിച്ചു നോക്കി അമേരിക്കന്‍ ഡോളറിന്റെ വിലയിടിവിനെ അവന്‍ പഴിക്കും. 

                      അവന്‍ പുസ്തകങ്ങള്‍ ബാഗില്‍ നിന്നും പുറത്തെടുത്ത് ഒന്നു കൂടെ അടുക്കാന്‍ തുടങ്ങി. ട്രെയിനിലെ യാത്രക്കാരുടെ മടിയിലേക്ക് ഇട്ടുകൊടുത്തതിനു ശേഷം ഇറങ്ങാനുള്ള സ്റേഷനെത്തിയപ്പോള്‍ തിരക്കിട്ട് സഞ്ചിയിലേക്ക് ഇട്ടതായിരുന്നു. അവനപ്പോള്‍ കോളേജില്‍ പഠിക്കുന്ന നാല് പെണ്‍കുട്ടികള്‍ക്കും ഒന്നിച്ചുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കും ഇടയില്‍ പെട്ടു പോയിരുന്നു. എല്ലാം മറിച്ചു നോക്കുകയല്ലാതെ അവരൊന്നും വാങ്ങിയതില്ല. ആണ്‍കുട്ടികള്‍ പാചകപുസ്തകങ്ങള്‍ എടുത്ത് പെണ്‍കുട്ടികളെ കളിയാക്കുന്നതില്‍ മുഴുകിയിരുന്നു. പെണ്‍കുട്ടികളും തമാശയില്‍ ഒട്ടും മോശക്കാരായിരുന്നില്ല. ഒരുപാടു സമയം വെറുതെ കളഞ്ഞു എന്നല്ലാതെ അവരെ കൊണ്ട് ഒരുപകാരവും കിട്ടിയില്ല. അതില്‍ തെല്ലൊരു മനുഷ്യപ്പറ്റുള്ള  പെണ്‍കുട്ടി ഊത്തപ്പം ഉണ്ടാക്കും വിധം വേണമെന്നും പറഞ്ഞ് പുസ്തകം എടുത്തതായിരുന്നു. അടുത്തിരിക്കുന്ന ജീന്‍സുകാരന്‍ പയ്യന്‍ പുസ്തകം തട്ടിപ്പറിച്ച് തിരികെ തന്നു. അവന്‍ അത് തിരിച്ചു തരുമ്പോള്‍ എല്ലാവരോടുമായി പറയുന്നുണ്ടായിരുന്നു.

                   -മിയര്‍ ടെന്‍ റുപ്പീസ് ബുക്ക്സ്. ഐ വില്‍ ബ്രിങ്ങ് യു മൈ ഷീലാ ആന്റീസ് കുക്കറി ബുക്ക് റ്റുമോറോ. ഇറ്റ് വര്‍ത്ത് നൈന്‍ ഹണ്ട്രഡ് ഏന്റ് നൈന്റി നൈന്‍ റുപ്പീസ്.

                      അതു കേട്ട് ഒരു പെണ്‍കുട്ടി ചോദിച്ചു.

                      -ഹൂയീസ് ഷീ?

                       -മൈ ഫാദേര്‍സ് എല്‍ഡര്‍ സിസ്റര്‍. ഷീ ബേഗ്ഡ് സോ മെനി പ്രെസ്റീജിയസ് അവാര്‍ഡ്സ് ഫോര്‍ റൈറ്റിങ്ങ് ഇറ്റ്.

                      സ്റേഷന്‍ എത്തുന്നതിന്റെ വെപ്രാളത്തില്‍ അവന്‍ അവരോട് പുസ്തകങ്ങള്‍ പിടിച്ചു വാങ്ങുകയായിരുന്നു. അപ്പോള്‍ അതിലൊരുവന്‍ ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും തടിയന്‍ പുസ്തകം പിടിച്ചുവാങ്ങി അവനെ കാണിച്ചു കൊണ്ട് പറഞ്ഞു.

                     -അല്ലിഷ്ടാ, തിരക്കാക്കല് കണ്ടാല്‍ വിചാരിക്കുമല്ലോ നമ്മളാരും ഇതിനു മുമ്പ് പുസ്തകം കണ്ടിട്ടില്ലെന്ന്. നിന്റെ അമ്പത്തഞ്ച് പുസ്തകം ഒന്നിച്ച് വെച്ചാലാകില്ല ഞങ്ങളുടെ ഒരു ബുക്കിന്റെ വലുപ്പം.

                     മറുത്തൊന്നും പറയാതെ അവിടെ നിന്നും മാറിപ്പോന്ന ആത്മനിന്ദയെ മറക്കാന്‍ അവന്‍ പുസ്തകം മണപ്പിച്ചു നോക്കി. എല്ലാ പുസ്തകങ്ങള്‍ക്കും ഒരേ മണമാണ്. പുറംചട്ട കണ്ടാല്‍ തന്നെ അതേതാണ് പുസ്തകമെന്ന് അവനറിയാം. സാമൂഹ്യപരിഷ്കര്‍ത്താക്കള്‍, വിശ്വസാഹിത്യകാരന്‍മാര്‍, ലോകത്തിലെ നാണയങ്ങള്‍, പക്ഷികളും മ്യഗങ്ങളും, ഇംഗ്ളീഷ് ഭാഷാ സഹായി, ബോണ്‍സായി നിര്‍മ്മിക്കും വിധം, ചിത്രം വരഞ്ഞു പഠിക്കാം, എസ്.എം.എസ് ജോക്കുകള്‍, കംപ്യൂട്ടര്‍ പഠന സഹായി അങ്ങനെയുള്ള ഏതു വിധം പുസ്തകങ്ങള്‍ ഏത് ഇരുട്ടിലും പുസ്തകസഞ്ചിക്കകത്തു നിന്നും കൈയിട്ട് എളുപ്പം എടുക്കാന്‍ അവന്റെ കൈവിരലുകള്‍ മനഃപ്പാഠമാക്കിയിരുന്നു. കുറത്തിയുടെ ദൈവത്തിന്റെ ചിത്രങ്ങള്‍ കൊത്തിയെടുക്കുന്ന തത്തയെ പോലെയായിരിക്കുന്നു അവന്റെ കൈവിരലുകള്‍.

                     പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കുന്നിന്‍ പുറത്തു നിന്നും തെങ്ങിന്റെ ഈര്‍ക്കില്‍ പലതായി മടക്കി നിവര്‍ത്തിയ പോലുള്ള കല്‍പടവുകള്‍ ഇറങ്ങി താഴെ പുഴയുടെ തീരത്തേക്ക്  ഇറങ്ങി ചെല്ലേണ്ടുന്ന അമ്പലത്തിലേക്കുള്ള വഴിയില്‍ വെച്ച് തന്റെ കൈ നോക്കിയ പ്രായമേറെയുള്ള കുറത്തിയെ അവന്‍ ഓര്‍ത്തു.

                       -അലച്ചിലായിരിക്കും മോനേ, അലച്ചില്‍. ജീവിതം മുഴുവന്‍ അന്നം തേടിയുള്ള അലച്ചില്‍.

                        അന്ന് കുറത്തിയോടും തത്തയോടും തോന്നിയ നീരസം തെല്ലൊന്നുമല്ല. പക്ഷേ തത്ത കൊത്തിയെടുത്തത് തന്റെ ജീവിതം തന്നെയായിരുന്നു എന്ന് ഇപ്പോള്‍ തോന്നാറുണ്ട്.

                        പുസ്തകങ്ങള്‍ അടുക്കി സഞ്ചിയില്‍ തന്നെ വെച്ചതിനു ശേഷം അപ്പുറത്തെ ഫ്ലാറ്റ്ഫോമിനപ്പുറത്ത് പടര്‍ന്നു പിടിച്ചിരിക്കുന്ന അരയാലിന്റെ വേരുകളിലേക്ക് വെറുതെ നോക്കി. മുതുകില്‍ കീറിപ്പറിഞ്ഞ സഞ്ചിയും കൈത്തണ്ടയില്‍ തൂക്കുപാത്രവുമായി ഒരു ഭിക്ഷക്കാരന്‍ മുന്നില്‍ വന്ന് കൈ നീട്ടി.

                        -പശ്ക്ക്റ്തപ്പാ.

                        തന്നെ പോലെ തന്നെ ടിക്കറ്റെടുക്കാത്ത അനധിക്യതനാണ് അയാളും. എല്ലാ റെയില്‍വേ സ്റേഷനുകളിലും തീവണ്ടികളിലും അവരുണ്ടാകും. അവര്‍ക്കൊക്കെ കാശു കൊടുക്കാന്‍ തുടങ്ങിയാല്‍ തന്റെ കൈയില്‍ ബാക്കിയൊന്നും കാണില്ല എന്ന് ചിന്തിച്ചു കൊണ്ട് അവന്‍ അയാളെ ഒഴിവാക്കാനായി മറുഭാഗത്തേക്ക് തലവെട്ടിച്ചു. ഭിക്ഷക്കാരന്‍ നിഴലായി മുന്നിലൂടെ നീങ്ങിക്കൊണ്ടിരിക്കെ അമ്മ പണ്ട് അടുക്കള ജോലിക്ക് പോയിരുന്ന വീട്ടിന്റെ ഉടമയുടെ യുവനേതാവായ രണ്ടാമത്തെ മകന്‍ നാലഞ്ചുപേര്‍ക്കൊപ്പം  എതിര്‍വശത്തെ പ്ളാറ്റ്ഫോമില്‍ നിന്നും ഓവര്‍ബ്രിഡ്ജിലേക്ക് കയറുന്നതു അവന്‍ കണ്ടു. അവന്‍ കാണാനാഗ്രഹിക്കാത്ത മനുഷ്യനായിരുന്നു അത്. നേതാവായതിനാല്‍ വല്ല മീറ്റിംഗും കഴിഞ്ഞ് വരുന്ന വരവായിരിക്കും അതെന്ന് അവന്‍ മനസ്സില്‍ ഈര്‍ഷ്യയോടെ ആലോചിക്കുകയും കണ്ട കാഴ്ചയില്‍ നിന്നും മുഖം തിരിക്കുകയും ചെയ്തു.

                       അമ്മക്ക് പനിയായതിനാല്‍ അന്ന് ജോലിക്ക് ചെല്ലാന്‍ ആവതില്ലെന്ന് പറയാന്‍ അമ്മ അവനെ കാലത്തുതന്നെ അവിടേക്ക് പറഞ്ഞയച്ചതായിരുന്നു. ഒന്നുരണ്ടു തവണ അവിടെ അവന്‍ അമ്മയുടെ കൂടെ പോയിട്ടുണ്ടായിരുന്നു. തലേന്ന് തെങ്ങിന്റെ ഓലയുടെ മട്ടല്‍ ചെത്തി അതിന്റെ അറ്റത്ത് അമുല്‍ പാല്‍പ്പൊടിയുടെ അടപ്പ് മദ്ധ്യത്തില്‍ ആണിയടിച്ചുണ്ടാക്കിയ പുതിയ വണ്ടിയും ഓടിച്ചായിരുന്നു നാലഞ്ചു വീടുകള്‍ക്കപ്പുറത്തുള്ള ആ വീട്ടിലേക്ക് ചെന്നത്. അവിടെ യുവനേതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റുള്ളവരെല്ലാം കാലത്തു തന്നെ ദൂരെ എവിടേക്കോ യാത്ര പോയിരിക്കുകയായിരുന്നു.

                     ഉമ്മറത്തിരുന്ന് പത്രം വായിക്കുന്ന അയാള്‍ അവനെ കണ്ട് മുഖമുയര്‍ത്തി. മുറ്റത്തു നിന്നുകൊണ്ട് അവന്‍ പറഞ്ഞു.

                    -അമ്മക്ക് പനിക്കുന്നൂന്നു പറഞ്ഞു. ഇന്നു വരൂല്ലാന്ന് പറയാന്‍ പറഞ്ഞു.
 

                     വള്ളിട്രൌസറുകാരനായ അവനെ കണ്ട് അയാള്‍ പത്രം ടീപ്പോയി മേല്‍ ഇട്ട് മുറ്റത്തേക്ക് ഇറങ്ങി വന്നു.

                    -നീ ലക്ഷ്മീടെ മോനാണോ?

                      അവന്‍ തലയാട്ടി.

                    അയാള്‍ അവന്റെ വണ്ടി പിടിച്ചു വാങ്ങി തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ചോദിച്ചു.

                     -നല്ല അടിപൊളി വണ്ടിയൊക്കെയുണ്ടല്ലോ. ഇത് നീ തന്നെ ഉണ്ടാക്കിയതാ?

                      അവന്‍ അതിനും തലയാട്ടി.

                      -ഇതിന്റെ മേല്‍ ഒന്നു രണ്ട് ടോര്‍ച്ച് ബള്‍ബ് നങ്കീസില്‍ കെട്ടിത്തൂക്കി ഫിറ്റാക്കിയാല്‍ നല്ല ശൊങ്കുണ്ടാവും കാണാന്‍. നീയിങ്ങു വന്നേ.

                       അതും പറഞ്ഞ് അയാള്‍ അവന്റെ കൈയും പിടിച്ച് വണ്ടിയുമെടുത്ത് അകത്തേക്ക്  നടന്നു.

                      -വാതിലങ്ങടച്ചേക്കാം. വല്ല പൂച്ചയോ നായയോ കയറും.

                      അയാള്‍ അതും പറഞ്ഞ് ഉമ്മറത്തെ വാതിലടച്ചു. പിന്നെ അകത്തെ മുറിയിലേക്ക് അയാള്‍ അവനെ കൂട്ടിക്കൊണ്ടുപോയി.
അയാള്‍ കിടക്കയില്‍ ഇരിക്കുകയും അവന്റെ വള്ളിട്രൌസറിന്റെ നെഞ്ചിന്റെ ഭാഗത്തുള്ള കയല്‍ പിടിച്ചുകൊണ്ട് ചോദിച്ചു.

                       -നിനക്കൊരു ഷര്‍ട്ടിട്ടാലെന്താ?

                        വീട്ടിലെ ദാരിദ്യത്തെ പറ്റി നന്നായി അറിയാവുന്നതിനാല്‍ അവന്‍ ഷര്‍ട്ടിനെ പറ്റി പറയാന്‍ ഇഷ്ടപ്പെട്ടില്ല. അപ്പോഴേക്കും അയാളുടെ കൈവിരലുകള്‍ പുഴുക്കളെപ്പോലെ അവനില്‍ ഇഴയാന്‍ തുടങ്ങിയിരുന്നു. എന്തോ അപകടത്തില്‍ പെട്ടിരിക്കുന്നു താന്‍ എന്നറിഞ്ഞ് അവന്റെ വായിലെ വെള്ളം വറ്റാന്‍ തുടങ്ങിയിരുന്നു. എങ്കിലും തപ്പിത്തപ്പി രക്ഷപ്പെടാനെന്ന വണ്ണം അവന്‍ ചോദിച്ചു.

                     -ടോര്‍ച്ച് ബള്‍ബ്?

                      -നീ തിരക്കു വെക്കല്ലേ. അതെടുക്കാലോ.

                       അതും പറഞ്ഞ് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാതെ സംഭ്രമത്തില്‍ കരയാന്‍ പോലും മറന്നുപോയ അവനെ അയാള്‍ കട്ടിലിലേക്ക് വലിച്ചു കിടത്തി.

                     അയാള്‍ കണ്ടന്‍പൂച്ചയെ പോലെ അവന്റെ നിസ്സഹായക്കു മുകളില്‍ നിന്നും വിറക്കുന്നതിനിടയില്‍ കാമപ്പേച്ചില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നത് അവന്‍ ഇന്നും ഓര്‍ക്കുന്നു.

                     അന്ന് വീട്ടിലെത്തി കിണറ്റിനടുത്തു കണ്ട വക്കു പൊട്ടിയ അലൂമിനിയപ്പാത്രത്തിലെ വെള്ളത്തില്‍ ശരീരത്തില്‍ പറ്റിയ അശുദ്ധം കഴുകിയിട്ടും കഴുകിയിട്ടും പോയില്ല. ആരോട് പരാതിപ്പെടാനാണ്? കുടിച്ച് ബോധമില്ലാതെ നടക്കുന്ന അച്ഛനോടോ? അച്ചനോടുള്ള വിലക്കുറവ് തന്നോടും അമ്മയോടുമൊക്കെ കാട്ടുന്ന നാട്ടുകാരോടോ? ഒരുപാട് സങ്കടങ്ങളില്‍ കഴിയുന്ന അമ്മയോട് എന്തു പറയാന്‍?വായയിലെ വ്യത്തികേട് എത്ര വെള്ളം വായിലാക്കി പുറത്തേക്ക് തുപ്പിയിട്ടും മാറിയതായി തോന്നിയില്ല. അന്നു തോന്നിയ വ്യത്തികേട് ഒഴിയാബാധയായി അവന്റെ കൂടെ പോന്നു. കൈയും മുഖവുമൊക്കെ കഴുകിയാല്‍ വ്യത്തിയായില്ലെന്ന് തോന്നി വീണ്ടും വീണ്ടും കഴുകിക്കൊണ്ടിരിക്കും. അലട്ടുന്ന ചിന്തകളില്‍ നിന്നും രക്ഷപ്പെടാനും വെള്ളം കൊണ്ട് നിര്‍ത്താതെ കഴുകിക്കൊണ്ടിരിക്കും. കഴുകുന്നിടത്തു നിന്നു വന്നാലും പൊടുന്നനെ വീണ്ടും ചെന്ന് കൈയും മുഖവുമൊക്കെ വീണ്ടും വീണ്ടും കഴുകിക്കൊണ്ടിരിക്കും.

                        അവന്‍ നിര്‍ത്താതെ കൈ കഴുകുന്നതു കണ്ട്് ഒരു ദിവസം അമ്മ പറഞ്ഞു

                      -മതി മോനേ കൈ കഴുകിയത്.

                      അനിയത്തി അതുകേട്ട് പറഞ്ഞു.

                   - കഴുകിക്കോട്ടമ്മേ. കഴുകിക്കോട്ടെ.

                    അവള്‍ തെല്ലിട നിര്‍ത്തി പറഞ്ഞു.

                        -ചേട്ടന്‍ എപ്പോ ഈ കൈ കഴുകല് തുടങ്ങിയോ അന്നത്തോടെ ചേട്ടന്റെ പഠിപ്പും പോയി. താല്പര്യവും പോയി. ചേട്ടന്റെ വിവരം അന്വേഷിച്ചതിനു ശേഷം എത്ര നന്നായി പഠിക്കുന്ന കുട്ടിയായിരുന്നൂന്നോ, അവന്റെ ഒരു വിധിയേ എന്ന് ഇന്നലേം കണ്ടപ്പോള്‍ നാണു മാഷ് പറഞ്ഞിരുന്നു. കഷ്ടോണ്ട്ട്ടോ, ചേട്ടാ.  

                       അഞ്ചാം ക്ളാസിലെ ക്ളാസ്മാഷായ നാണുമാഷ്് ഇടക്കൊക്കെ ക്ളാസില്‍ വെച്ച് വിളിക്കുന്നത് ഓര്‍മ്മ വന്നു.

                      -മിടുക്കന്‍.

                     തന്റെ സഞ്ചിയിലുള്ള മാനസികപ്രശ്നങ്ങളും പരിഹാരങ്ങളും എന്ന കുഞ്ഞുപുസ്തകത്തില്‍ നിന്നും തന്റെ പ്രശ്നം ഒ.സി.ഡി എന്ന് ചുരുക്കി വിളിക്കുന്ന ഒബ്സസീവ് കമ്പല്‍സീവ് ഡിസോര്‍ഡറാണെന്ന് അവന് മനസ്സിലായിരുന്നു. അണക്കെട്ടിന്റെ താഴത്തു പോയി നിന്നാല്‍ പോലും വ്യത്തിയായി എന്ന് മനസ്സിന് തോന്നാത്ത ആശയക്കുഴപ്പത്തിന്റെ അസുഖം.        
 

                       അവന്‍ ഓവര്‍ബ്രിഡ്ജ്  ഇറങ്ങി താനിരിക്കുന്ന പ്ളാറ്റ്ഫോമിലേക്ക് നടന്നു വരുന്ന അയാളെയും അയാളെ പറ്റിയുള്ള ചിന്തകളെയും ഒഴിവാക്കാനായി വാട്ടര്‍ പൈപ്പിന്റെ അടുത്തേക്ക് നടന്നു. പുസ്തകസഞ്ചി ചുമലില്‍ നിന്നും പുറത്തേക്ക് മാറ്റി വെള്ളം കൈക്കുമ്പിളില്‍ എടുത്തുകൊണ്ട് നല്ല ശക്തിയില്‍ മുഖത്തേക്ക്  എറിയുമ്പോള്‍ നാട്ടിലെ ഒരു കല്യാണവീട്ടിലെ  തിരക്കില്‍ അറിയാതെ അയാളെ ഒന്നു മുട്ടിപ്പോയപ്പോള്‍ ഒന്നിച്ചുള്ളവര്‍ക്കിടയില്‍ നിന്നും ഒന്നു തിരിഞ്ഞു നോക്കി അവനെന്ന് കണ്ട് കുപ്പായക്കെയില്‍ അഴുക്കു പറ്റിയെന്ന വണ്ണം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൈകൊണ്ട് തട്ടുന്നതു കണ്ടു.  കാമവെറി  തീര്‍ത്ത ഇര വേട്ടക്കാരന് എന്നും അപരിഷ്ക്യതവും നിക്യഷ്ടവുമായ വ്യത്തികെട്ട ഒന്നാണ് എന്നവന് ബോധ്യപ്പെട്ടു. സമൂഹത്തിലെ വലിയവര്‍ മറ്റുള്ളവരോട് തെറ്റുകള്‍ ചെയ്തിട്ടും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ എത്ര പെട്ടെന്നാണ് ശരീരത്തിലെയും മനസ്സിലെയും അഴുക്ക് തട്ടിക്കളയുന്നത് എന്നവന്‍ സങ്കടപ്പെട്ടു. അയാളെ തട്ടിപ്പോയതിന് അവനന്ന് കല്യാണവീട്ടിലെ പൈപ്പിനടുത്ത് ചെന്ന് നിര്‍ത്താതെ കൈയും മുഖവും കഴുകുന്നത് കണ്ട് നോക്കിനിന്ന ഒരാള്‍ ചോദിച്ചു.

                    -എന്തോന്നിത്? കൈ കഴുകാനുള്ള വെള്ളത്തില്‍ കുളിക്ക്വാണോ?

                     അവന്‍ അതോര്‍ത്തതും കൈ കഴുകുന്നത് നിര്‍ത്തി സ്റേഷന്‍ മാഷുടെ റൂമിന്റെ ഭിത്തിക്ക് അഭിമുഖമായി ചേര്‍ന്നു നിന്നു. അയാളെ കാണാതിരിക്കാനും അയാള്‍ തന്നെ കാണാതിരിക്കാനുമായിരുന്നു അവനങ്ങനെ ചെയ്തത്. അവനെ കണ്ടാല്‍ അയാള്‍ കാണാത്ത ഭാവം നടിക്കും. അയാളുടെ സമൂഹത്തിലെ വലിയ നില ഭാവപ്രകടനത്തിലൂടെയും പ്രകടനപരതയിലൂടെയും കാണിക്കുകയും ചെയ്യും.

                       അപ്പോഴേക്കും തീവണ്ടി ഓടിക്കിതച്ചെത്തി. തെല്ലു നേരം നിര്‍ത്തിയ വണ്ടി ചൂളം വിളിച്ച് നീങ്ങുന്നതു വരെ അവന്‍ അങ്ങനെ തന്നെ നിന്നു. അയാള്‍ എ.സി കമ്പാര്‍ട്ടുമെന്റില്‍ തീര്‍ച്ചയായും കയറിക്കാണും. അയാളുള്ള ട്രെയിനില്‍ എന്തായാലും യാത്ര ചെയ്യാന്‍ വയ്യ.

                       എല്ലാവരും പോയിക്കഴിഞ്ഞെന്ന് തോന്നിയപ്പോള്‍ അവന്‍ റെയില്‍വേസ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങി. തെല്ലുനേരം നടന്ന് ബസ്സ്സ്റ്റാന്റിലെത്തി. നിര്‍ത്തിയിട്ട ബസ്സിലെ യാത്രക്കാരുടെ മടിയിലേക്ക് പുസ്തകങ്ങള്‍ ഇടുമ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

                       -വായിച്ചു വളരാന്‍ പുസ്തകങ്ങള്‍. വെറും പത്തു രൂപ. വെറും പത്തു രൂപാ പുസ്തകങ്ങള്‍.
                                

                                                                          -0-    
  
                     
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ