2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ഭ്രാന്തുമരം

അരുണ്‍കുമാര്‍ പൂക്കോം

                   ദിവസവും ഇരുചുമലുകളിലും മുഷിഞ്ഞ വലിയ തുണിസഞ്ചികളും ഇരുകൈകളിലും വലിയ ഭാണ്ഡക്കെട്ടുകളുമായി കിഴവി റോഡിന്റെ എതിര്‍വശത്തുള്ള വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുകയും ഉച്ചയോടെ തിരിച്ചെത്തുകയും ചെയ്യുന്നത് ദിനേശന്‍ കാണാറുണ്ട്. എസ്.ടി.ഡി, ഐ.എസ്.ഡി, ലോക്കല്‍ കോള്‍ എന്ന് ചുവപ്പ് അക്ഷരത്തില്‍ എഴുതിയ ചില്ലിന്റെ അക്ഷരവിടവുകളിലൂടെ അവനത് തന്റെ കസേരയിലിരുന്ന് പുറത്തുള്ള കാഴ്ചകളില്‍ ഒന്നായി  വെറുതെ അലസമായി നോക്കും. ബൂത്തിന്റെ മുന്നിലുള്ള  പടുകൂറ്റന്‍  ആല്‍മരം പുറത്തേക്കുള്ള നോട്ടം കുറച്ചൊക്കെ മറച്ചിരുന്നു. എങ്കിലും തെല്ലൊരു ചെരിഞ്ഞ കോണിലൂടെയുള്ള നോട്ടത്തിലൂടെ റോഡിനപ്പുറത്തുള്ള കടകളും അതിനിടയിലുള്ള വീടും കാണാന്‍ പറ്റും. ഏതൊരാളും നൊസ്സുള്ളവരെ നോക്കുന്നതിലുള്ള കൌതുകത്തിനപ്പുറത്ത് അവന് അത്തരം കാഴ്ചയില്‍ ആ നേരങ്ങളില്‍ മറ്റൊന്നും തോന്നിയിരുന്നില്ല.

                   സഞ്ചികള്‍ പോലെ തന്നെ മുഷിഞ്ഞ നീളന്‍ ജുബ്ബയും പൈജാമയുമായിരുന്നു കിഴവിയുടെ വേഷം.  കണ്ണുകള്‍ നെറ്റിക്ക് താഴെ കുഴിയിലേക്ക് ആണ്ടുപോയിരുന്നു. നീണ്ട മുഖത്ത് മേല്‍വരിയിലെ പല്ലുകള്‍ അസാമാന്യനീളത്തോടെ വെളിയില്‍ കാണും വിധം താഴേക്ക് താഴ്ന്നിരുന്നു. മുടി കഴുത്തറ്റം കറുപ്പും സുതാര്യമല്ലാത്ത ജാലകഗ്ളാസിന്റെ നരച്ച നിറത്തോടെയും കലര്‍ന്ന് പിഴുതുണങ്ങിയ പുല്ലുപോലെ തോന്നിച്ചു. ആ വീടിന് ബ്രീട്ടീഷുകാരുടെ കാലത്ത് എടുത്തതാണോ എന്ന് സംശയം തോന്നുന്ന തരത്തില്‍ വലിയ മരപ്പണികളികളുണ്ടായിരുന്നു.  പുറത്തേക്ക് കാണുന്ന ജാലകങ്ങളാകട്ടെ എന്നും അടച്ചിട്ട നിലയിലുമായിരുന്നു. വീടിന്റെ ഉമ്മറവാതിലിന് റോഡിന്റെ കാഴ്ചകളില്‍ നിന്നും മുഖം തിരിച്ചുള്ള നില്പായിരുന്നു. കിഴവി വന്നു തുറക്കുമ്പോള്‍ പഴകിയ നീല നിറമുള്ള വാതിലുകള്‍ വെറുതെയൊന്ന് മുഖം തന്ന് വീണ്ടും അടയും. ആ വീടാകട്ടെ രണ്ടുനിലയാണെങ്കിലും ഏറെക്കാലം വെള്ള പൂശാത്തതിനാല്‍ അവിടവിടെ പണ്ടെന്നോ വലിച്ച കുമ്മായം നീലനിറത്തില്‍  ഇളകി കിഴവിയെ പോലെത്തന്നെ മുഷിഞ്ഞു കിടന്നു. 

                   വീടിന്റെ ഗേറ്റ് ഒഴിച്ച് ബാക്കി ഭാഗത്തെല്ലാം കടകളായിരുന്നു. ഗേറ്റാകട്ടെ തുരുമ്പിച്ച് ദിനേശന്റെ വലം കൈ പോലെ ഒരു ഭാഗത്തേക്ക് ബലക്ഷയത്തോടെ ചരിഞ്ഞു പോയിരുന്നു. പുറത്തേക്ക് പോകുമ്പോള്‍  ഒരു വശത്തേക്ക് ചരിഞ്ഞ ഗേറ്റ് പൂട്ടാന്‍ കിഴവി ഒരിക്കലും മറക്കാറില്ല. അതും പൂട്ടി ആരെയും ശ്രദ്ധിക്കാതെ കിഴവി തെല്ലിട നിലത്തു വെച്ച മാറാപ്പുകളുമെടുത്ത് നടന്നു നീങ്ങും. തോളിലെ സഞ്ചികളുടെ ഭാരത്താല്‍ കിഴവിയുടെ നീണ്ട ശരീരത്തിലെ മുതുക് മുന്നോട്ട് അല്പം വളഞ്ഞിരിക്കും.

                  ഗേറ്റിന് ഇരുവശവും ഒരാളുടെ നെഞ്ചോളം ഉയരത്തില്‍ ചെറിയൊരു മതിലുണ്ട്. മതിലിനോട് ചേര്‍ന്ന് ആ വീട് കാഴ്ചയില്‍ നിന്നും മറക്കും വിധം ഇരു വശങ്ങളിലുമായി വലിയ കച്ചവടങ്ങളൊന്നുമില്ലാത്ത രണ്ടു നിലകളായി തീര്‍ത്ത പഴയ ഓടിട്ട കടകളായിരുന്നു. അലമാരയും മറ്റും പൊടിമൂടിക്കിടക്കുന്ന പേരിനൊരു തുന്നല്‍ കടയായിരുന്നു അതിലൊന്ന്. പ്രായമായ ഒരു തുന്നല്‍ക്കാരന്‍ അല്ലറ ചില്ലറ എന്തെങ്കിലുമൊക്കെ പരിചയക്കാര്‍ക്ക് തയ്ച്ചു കൊടുക്കുന്ന കടയായിരുന്നു അത്. മറ്റൊന്ന് വിഷുവിന് മാത്രം തുറക്കുന്ന ചില്ലറ പടക്ക പീടിക. മുകളിലൊരു നിലയില്‍ ആളില്ലാത്തതിനാല്‍ പൂട്ടിപ്പോയ ഒരു ഇന്റര്‍നെറ്റ് കഫേ. പിന്നെ ആ നിരയില്‍ ഒരറ്റത്തായി ചുറ്റുവട്ടത്തുള്ളവര്‍ക്ക് ചില്ലറ സാധനങ്ങള്‍ വാങ്ങാനുള്ള ഒരു അനാദിക്കട. മറ്റേ അറ്റത്തുള്ള കട ഒരുവിധം നന്നായി നടക്കുന്ന ഒരു ആക്രിക്കടയായിരുന്നു. മറ്റെല്ലാം ആളില്ലാതെ നിരപ്പലകകള്‍ ദ്രവിച്ച് പൊടി മൂടിക്കിടന്നു.

                   ഗേറ്റിന് ഇരുവശവുമുള്ള കടകളുടെ ഓടിട്ട മേല്‍ക്കൂര തൊടും വിധം കൂണിന്റെ ആക്യതിയില്‍ അവന് പേരറിയാത്ത ഒരു മരം വെയിലത്തും മഴയത്തും രാത്രിയിലും കിഴവിയുടെ തൊടിയില്‍ കുട ചൂടി നില്പുണ്ടായിരുന്നു. നിരന്തരം റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനാല്‍ മരം മുഴുവന്‍ പൊടി മൂടി പച്ചപ്പും ചാരനിറവും ചേര്‍ന്നു കിടന്നു. അത് ഒരു കാലവും പൂക്കുകയോ കായ്ക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ടാല്‍ തന്നെ അറിയാം. കിഴവിയെ പോലെ അതിനും ചെറിയൊരു നൊസ്സുണ്ടെന്ന് അവന് തോന്നാറുണ്ട്.

                  ദിനേശന്‍ ആദ്യമൊന്നും കിഴവിയെ ശ്രദ്ധിച്ചിരുന്നില്ല. ഏതോ ഒരു വീട് അവിടെ കിടപ്പുണ്ട് എന്നേ കരുതിയുള്ളു. അന്നൊക്കെ കടയില്‍ അവന്‍ വരുന്നതും നന്നേ കുറവായിരുന്നു. കടയില്‍ നിര്‍ത്തിയിരുന്ന പെങ്കൊച്ച് എല്ലാം നോക്കിക്കൊള്ളുമായിരുന്നു. മാസാവസാനം പേരിനൊരു തുക കൊടുത്താല്‍ മാത്രം മതിയായിരുന്നു. അവളുടെ അച്ഛന് പുഴയില്‍ മീന്‍ പിടിക്കാന്‍ പോക്കായിരുന്നു ജോലി. അയാള്‍ ഒരു തോണിയുമെടുത്ത് നങ്കീസില്‍ ഇരയും കോത്ത് പുഴയില്‍ ഒഴുകി നടക്കും. വൈകുന്നേരം മീനുമെടുത്ത് പുഴക്കരയിലെ ബാറിലേക്ക് കയറും. കാലങ്ങളായി തുടരുന്ന കൊടുക്കല്‍ വാങ്ങലുകളില്‍ വീട്ടിലെത്തുക എപ്പോഴെങ്കിലുമായിരുന്നു. വീടിനെ ഓര്‍മ്മ വരുമ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ തന്റെ നാലുമക്കളെയും തള്ളയെയും കാണാന്‍ കയറി വരും. തെല്ലു കഴിഞ്ഞ് ഇറങ്ങിപ്പോകും. അതുകൊണ്ട് അവള്‍ക്ക് ചോദിക്കാനും പറയാനുമൊന്നും കാര്യമായി ആരുമില്ലായിരുന്നു. മൂത്ത മകളായ അവള്‍ പത്താം ക്ളാസ് ഒത്തൊപ്പിച്ച് പാസായതില്‍ പിന്നെ പഠിത്തം നിര്‍ത്തി ബൂത്തിലേക്ക് പോന്നു.
\
                   വീട്ടുവേലക്കൊക്കെ പോകുന്ന അവളുടെ അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ടിട്ടൊന്നുമായിരുന്നില്ല അവന്‍ അവളെ ജോലിക്ക് നിര്‍ത്തിയത്. അതിന് അവനെ സംബന്ധിച്ച് മതിയായ കാരണമുണ്ട്. ഇല്ലാത്ത കാശൊക്കെ എങ്ങനെയൊക്കെയോ ഒപ്പിച്ചെടുത്ത് അവന് ബൂത്തു തുടങ്ങിക്കൊടുത്തതിനു പിന്നില്‍ അവന്റെ അച്ഛനും അതിനുമപ്പുറം മതിയായ കാരണങ്ങളുണ്ടായിരുന്നു. 

                  ഒന്നരക്കയ്യാ എന്ന കൂടെ പഠിക്കുന്നവരുടെ വിളി കേട്ട് മടുത്ത് പഠിപ്പു നിര്‍ത്താന്‍ നോക്കിയതാണ്. അച്ഛനുമമ്മയും പക്ഷേ സമ്മതിച്ചില്ല. പത്തു വരെ അവന് സ്ക്കൂളില്‍ പോകേണ്ടി വന്നു. ടെക്സ്റ് ബുക്കുകളിലെ പേജുകള്‍ എലിയെ പോലെ അവിടവിടെ കരന്നെടുത്ത് തുണ്ടു കടലാസുകളാക്കി മുണ്ടിന്റെയും ഷര്‍ട്ടിന്റെയുമൊക്കെ ഉള്ളില്‍ ഒളിപ്പിച്ചിട്ടും പത്താം ക്ളാസ് ചാടിക്കടക്കാന്‍ പറ്റിയില്ല. നാട്ടിലെ കൂട്ടുകാര്‍ക്കൊപ്പം കറങ്ങലുകളായി പിന്നീടുള്ള കൊല്ലങ്ങള്‍. താവിലെ പത്തുപത്തര വരെ വീട്ടിന്റെ അടുത്തുള്ള  ബസ്സ്റ്റോപ്പിനെ ചുറ്റിപ്പറ്റി കൂട്ടുകാര്‍ക്കൊപ്പം നില്ക്കും. സ്ക്കൂളിലേക്കും കോളേജിലേക്കും പോകുന്ന പെണ്‍കുട്ടികളെ മൌനമായി യാത്രയയക്കലായിരുന്നു അവരുടെ ജോലി. ചില പെണ്‍കുട്ടികള്‍ അത്തരമൊരു മഹാമനസ്കതയെയും സ്നേഹവായ്പിനേയും തിരിച്ചറിഞ്ഞ് മറ്റുള്ളവരെ കണ്ണുകള്‍ വിടര്‍ത്തി നോക്കുകയും പുഞ്ചിരിക്കുകയും  ചെയ്തു പോന്നു. മറ്റു ചിലര്‍ അവരുടെ പാടും നോക്കി ബസ്സില്‍ കയറിപ്പോയി. ഒരു പെണ്‍കുട്ടിയും ദിനേശന്‍ ഒറ്റക്കൈയ്യനായതിനാല്‍ അവനെ നോക്കിയില്ല. അവന്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടിയുടെ കണ്ണുകളിലെ പ്രകാശത്തിന് അലഞ്ഞ് മടുത്ത് തനിക്ക് അത്തരമൊന്ന് ലഭിക്കുകയില്ലെന്ന്  മനസ്സിലാക്കി കൂട്ടുകാരെ അവരുടെ പ്രണയങ്ങളില്‍ പിന്താങ്ങി തന്റെ പ്രണയത്തെ ത്യപ്തിപ്പെടുത്തി. കൂട്ടുകാരുടെ പരിചയക്കാരികളുടെ അടുത്ത് പരിചയം കൂടാന്‍ ചെല്ലുമ്പോള്‍ അവന്റെ തൂങ്ങിക്കിടക്കുന്ന കൈ നോക്കി അവര്‍ സഹതപിക്കുന്നതു പോലെയാണ് അവന് തോന്നുക. അവന് അവരോടുണ്ടാകുന്ന ദേഷ്യം മുഴുവന്‍ വീട്ടില്‍ ഗ്ളാസും മറ്റും നിസ്സാര കാരണങ്ങളുടെ പേരില്‍ അമ്മയോട് വഴക്കു തീര്‍ത്ത് എറിഞ്ഞുടക്കും.  

                   അച്ഛന്റെ കാശ് പേഴ്സില്‍ നിന്നും മോഷ്ടിച്ച് ദിവസങ്ങളോളം ലോഡ്ജിലൊക്കെ നിന്ന് പുള്ളി മുറിക്കലായിരുന്നു കറക്കങ്ങള്‍ക്കിടയിലെപ്പോഴോ കൂട്ടുകാര്‍ വഴി പരിചയപ്പെട്ട് സുഹ്യത്തായിത്തീര്‍ന്ന സതീശന്‍ എന്നൊരുവന്റെ കൂടെ കൂടിയപ്പോള്‍ തുടങ്ങിയ പിന്നീടുള്ള ഹോബി. ഒന്നിച്ച് എല്ലാറ്റിനും മേല്‍നോട്ടം വഹിച്ച്  സതീശനുമുണ്ടാകുമായിരുന്നു.  അവന് എന്തിനും എന്തെന്നില്ലാത്ത ധൈര്യമായിരുന്നു.

                   ദൂരസ്ഥലങ്ങളിലേക്ക് യാത്ര പോകലും വികലാംഗര്‍ക്കും കൂടെയുള്ള ആള്‍ക്കും  തീവണ്ടി യാത്ര എതാണ്ടൊക്കെ സൌജന്യമാണെന്ന് അറിഞ്ഞതോടെ തുടങ്ങി. കൂട്ടിന് അടുത്ത ഏതെങ്കിലും സുഹ്യത്തിനെ കൂട്ടും. സതീശനാണ് പൊതുവേ ഉണ്ടാകുക പതിവ്.

                  അവനെ എവിടെയെങ്കിലും ഒരു ജോലിയില്‍ ഒതുക്കി ഇരുത്തേണ്ടതിന്റെ ആവശ്യം സ്ക്കൂളിലെ പ്യൂണായ അച്ഛന് മനസ്സിലാകുന്നത്  സ്റാഫ് റൂമില്‍ മറ്റാരുമില്ലാത്ത നേരം സ്വകാര്യമായി പൊതുപ്രവര്‍ത്തകനായ രാഘവന്‍ മാഷ്  പറഞ്ഞപ്പോഴാണ്. രാത്രിയില്‍  പമ്മിപ്പമ്മി മറ്റു വീടുകളിലെ കുളിമുറിയുടെയും ബെഡ്റൂമുകളിലെയും മറ്റും ജാലകങ്ങളില്‍ കൈകള്‍ കൊണ്ട് ചുരണ്ടി ചുരണ്ടിയുണ്ടാക്കുന്ന ചെറുദ്വാരങ്ങളിലൂടെയും നല്ല സിനിമകളിട്ടാല്‍  ആളില്ലാത്തതിനാല്‍ ചൂടന്‍ ബിറ്റ്സുകളിടുന്ന ടൌണും ഉള്‍നാടുമല്ലാത്ത സ്ഥലങ്ങളിലെ തീയേറ്ററുകളിലെ പെണ്‍ശരീരങ്ങളിലും ചലനങ്ങളിലും അവന്‍ കൂട്ടുകാര്‍ക്കൊപ്പം രാത്രികളില്‍ ഇഴയുന്നുണ്ടെന്ന വാര്‍ത്ത മറ്റാരും കേള്‍ക്കാതെ നോക്കാന്‍ മാഷ് മനസ്സിരുത്തി.

                   നെറി കെട്ടു നടക്കുന്നത് നിര്‍ത്താനായി അവനെ വീടിനോട് തളച്ചിടേണ്ടതുണ്ടെന്ന തോന്നലില്‍ അച്ഛന്‍ വികലാംഗന് പറ്റുന്ന ജോലി എന്ന നിലക്കാണ് എസ്.ടി.ഡി ബൂത്ത് തുടങ്ങിയത്. അത്തരമൊരു ഉപായം പറഞ്ഞു കൊടുക്കുന്നതില്‍ രാഘവന്‍ മാഷക്ക് ചെറുതൊന്നുമായിരുന്നില്ല പങ്ക്. ബൂത്തില്‍ അവനെ  തളച്ചിടാനുള്ള അച്ഛന്റെ സൂത്രത്തെ തകര്‍ക്കാനായി പൊളിയാനായ കടല്‍പ്പാലത്തിന്റെ താഴെയുള്ള തുരുമ്പിച്ച തൂണുകളിലിരുന്ന് കഞ്ചാവു ബീഡി വലിച്ചു കൊണ്ട് ചര്‍ച്ച ചെയ്തെടുത്ത തീരുമാനത്തിന്റെ പുറത്ത്  സതീശന്‍ സംഘടിപ്പിച്ചതായിരുന്നു ആ പെങ്കൊച്ചിനെ. അവന്റെ വകയിലൊരു അമ്മാമന്റെ മകളായിരുന്നു അവള്‍. 

                   സതീശന് അവനെ ആവശ്യമുണ്ടായിരുന്നു. എപ്പോഴും ഒറ്റക്കൈയ്യന്റെയൊരു ഭാഗ്യം എന്ന് ഒന്നിച്ച് കളിക്കുന്നവര്‍ അതിശയപ്പെട്ടിരുന്ന അത്ഭുതത്തിന്റെ പുറത്ത് പുള്ളിമുറിയില്‍ കൈ നിറയെ കാശു വാരുന്നവനായിരുന്നു അവന്‍. പക്ഷേ ആ ഭാഗ്യം അങ്ങോട്ടുമിങ്ങോട്ടുമുള്ള എന്തോ ഒന്നായിരുന്നു. ഒരു രാത്രി വീട്ടിലേക്കുള്ള വഴിയില്‍ സതീശനെ ആരൊക്കെയോ അവന്റെ വീട്ടിന്റെ അടുത്തുള്ള കപ്പണയില്‍ വെട്ടിക്കൊന്നിട്ടു. തലേന്ന് സതീശന്‍ നല്കിയിരുന്ന കഞ്ചാവില്‍  പോസ്റുമോര്‍ട്ടം ചെയ്തു വന്ന അവന്റെ ബോഡിയുടെ ഓര്‍മ്മയെ പുറത്ത് ഹര്‍ത്താലായതിനാല്‍ വീട്ടിലെ മുറിക്കകത്തിരുന്ന് അവന്‍ പുകച്ചുരുളുകളാക്കി പറത്തിക്കളഞ്ഞു. പക്ഷേ അതില്‍ പിന്നെ കളികളില്‍ അവന്‍ പതിവായി തോറ്റുകൊണ്ടിരുന്നു. ഒരിക്കലും തോല്ക്കാത്ത കളി തോല്ക്കുന്നു എന്നത്  അവനെ അലട്ടിക്കൊണ്ടിരിക്കുന്ന കാലത്താണ് പെങ്കൊച്ച് ടൌണിലെ ഒരു ഓട്ടോറിക്ഷക്കാരന്റെ കൂടെ ഒളിച്ചോടി പോയതും.

                   കളിയില്‍ ചിലവാക്കാന്‍ പറ്റാത്ത വിധം എസ്.ടി.ഡി ബൂത്തിന്റെ സാധ്യതകള്‍ അടുത്ത കാലത്തായി മങ്ങിത്തുടങ്ങിയിരുന്നു. എല്ലാവരുടെയും കൈകളിലുമുണ്ട്  കുറച്ച്് കാലം മുമ്പു വരെ അപൂര്‍വ്വമായിരുന്ന  മൊബൈല്‍ഫോണുകള്‍.  തിരക്കിലും ബസ്സില്‍ നിന്നുകൊണ്ടു യാത്ര ചെയ്യാന്‍ മടിയില്ലാതിരുന്ന ദിനേശന്‍ ബസ്സില്‍ വികലാംഗരുടെ സീറ്റിലിരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന കിഴവനെ തന്റെ നിരാംലംബമായ വലതുകൈ കാണിച്ച് രണ്ടുനാള്‍ മുമ്പ് എഴുന്നേല്പിക്കുകയുണ്ടായി. ബൂത്തിലെ ഫൈബര്‍ കൊണ്ടു തീര്‍ത്ത കേമ്പിനുള്ളില്‍ കയറി നമ്പറുകള്‍ കറക്കി മറുഭാഗത്തു നിന്നും ഫോണെടുക്കുന്നതും കാത്തു നില്ക്കുന്ന ചെറിയ ചില്ലുജാലകത്തിലൂടെ  കാണുന്ന മുഖക്കാഴ്ചകള്‍ ഈയിടെയായി തുലോം കുറവാണ്. പുറത്ത് വച്ചിരിക്കുന്ന കോയിന്‍ ബോക്സില്‍ എന്തെങ്കിലും തുട്ട് വന്ന് വീണാലായി.

                    അവനു തന്നെ തോന്നിയ യുക്തിയില്‍ കുറച്ച് സിനിമാ സി.ഡികള്‍ വില്ക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ചില പയ്യന്‍മാര്‍ വന്ന് വാങ്ങിയെങ്കിലും അവരും പിന്നീട് തിരിഞ്ഞു നോക്കാതായി. പിന്നെ ലുങ്കിയും തോര്‍ത്തുമൊക്കെ കൊണ്ടു വെച്ചു. ടൌണില്‍ നിന്നും കട വളരെ അകലത്തായതിന്റെ പ്രശ്നങ്ങള്‍ കൊണ്ട് ആരുമാരും വരികയുണ്ടായില്ല. മുമ്പിലെ തിരക്കില്ലാത്ത കടകള്‍ പോലെ തന്നെയാണ് അവന്റെ ബൂത്തും. അത്രയും ദൂരത്ത് കച്ചവടസാധ്യതയില്ലാത്ത സ്ഥലത്ത് കട വെച്ചുതന്ന അച്ഛന്റെ മുഖത്ത് നോക്കി ഒരു നാള്‍ വായില്‍ തോന്നിയ ചീത്ത വിളിച്ചു. ബൂത്ത് തുടങ്ങുമ്പോള്‍ റോഡിന് തെല്ലപ്പുറത്തുള്ള മിനി സിവില്‍ സ്റേഷനില്‍ വരുന്ന ആവശ്യക്കാര്‍ ഫോണ്‍ ചെയ്യാന്‍ തുരുതുരാ വരുമെന്ന്  പറഞ്ഞിട്ട് ഇപ്പോള്‍ ആരെയും കാണുന്നില്ലല്ലോ എന്ന് പരിഹാസത്തോടെ ചോദിച്ചപ്പോള്‍ അച്ഛന്‍ ക്ഷോഭിച്ച് അടിക്കാനായി കൈയ്യോങ്ങുകയും പിന്നെ വേണ്ടെന്നു വെക്കുകയും ചെയ്തു. അവനവന്‍ തേടേണ്ടതാണ് ജോലിയും അന്തസ്സുമൊക്കെ എന്നും മറ്റും പറയാന്‍ തുടങ്ങിയതോടെ തനിക്ക് അന്തസ്സില്ലേ, അന്തസ്സില്ലേ, എന്നാലിന്നാ അടിക്ക് എന്നും പറഞ്ഞ്  ബലഹീനമായ കൈ മറ്റേ കൈ കൊണ്ട് ഉയര്‍ത്തി അച്ഛന്റെ മുഖത്തേക്ക് ആട്ടിക്കാണിച്ച് അടുത്തേക്ക് ചെന്നു. അപ്പോള്‍ പോടാ, മാനം കെടുത്താന്‍ പിറന്നവനേ എന്നും പറഞ്ഞുള്ള കൈ കൊണ്ടും മുഖം കൊണ്ടുമുള്ള പരിഹാസം അന്ന് ലോഡ്ജില്‍ പള്ളിമുറിക്കുമ്പോള്‍ പോലും ഓര്‍മ്മയിലേക്ക് പോന്നു. അമ്മ അപ്പോള്‍ ഒറ്റ മോനെക്കൊണ്ട് ഒരു ഗുണവുമില്ലല്ലോ എന്റീശ്വരാ എന്നൊക്കെ എന്തൊക്കെയോ ബഹളം വെക്കുന്നുണ്ടായിരുന്നു. അതൊന്നും കേള്‍ക്കാത്ത ഭാവത്തില്‍ മുറ്റത്തേക്ക് ഇറങ്ങി. കളിയിലന്ന് നഷ്ടപ്പെട്ടത് കൈയിലെ കാശു മുഴുവനുമായിരുന്നു.
പിറ്റേന്ന് കാലത്ത് അച്ഛന്‍ എന്നും വന്നിരിക്കുന്ന ഉമ്മറത്തെ ചാരുകസേലയുടെ തുണിയെ താങ്ങുന്ന വടി വലിച്ചു വെച്ച് നിലത്ത് വീഴ്ത്തി. അച്ഛന്‍ തലയടിച്ചു വീണ് മൂന്നു ദിവസം ടൌണിലെ സഹകരണ ആശുപത്രിയില്‍ കിടന്നു. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ അമ്മ  കളിച്ചു കളിച്ച് അച്ഛനോടുമായല്ലേടാ എന്ന് മുറിയിലേക്ക് വന്ന് അടക്കം ചോദിച്ചു. അമ്മയുടെ ഔദാര്യത്തിന്റെ പുറത്ത് അച്ഛന്റെ കാശ് മോഷ്ടിക്കാനുള്ള അവകാശം അതോടെ നിന്നു. 

                   പെണ്‍കുട്ടി പോയതോടെ വൈകുന്നേരം ആറു മണിയോട് അടുപ്പിച്ച് ബൂത്തില്‍ ചെന്നിരുന്ന ദിനേശന്‍ പകലും  അവിടെ ഇരിക്കേണ്ടി വന്നു. അവള്‍ വന്നയുടനെ ഒരു പ്രണയം തനിക്കും തടയുമോ എന്ന സംശയത്താല്‍ ഒരു മാസത്തോളം  ഒത്തൊപ്പിച്ച് മുതലാളിയായി കസേരയില്‍ ഇരുന്നു നോക്കിയിരുന്നെങ്കിലും അവള്‍ ഊണു കഴിക്കുന്ന നേരത്ത് ബൂത്തിലേക്ക് വന്ന ഒരു നമ്പര്‍ എടുത്തപ്പോള്‍ തന്റെ ശബ്ദം കേട്ടയുടനെ  മറുപുറത്തു നിന്നും ഫോണ്‍ വെച്ചുകളഞ്ഞതില്‍ സംശയം തോന്നുകയും അവള്‍ക്കൊരു പ്രണയമുണ്ടെന്ന് രണ്ടുമൂന്നു നാള്‍ക്കകം തിരിച്ചറിയുകയും ചെയ്തിരുന്നു. അവളെ ആവശ്യത്തിനും  അനാവശ്യത്തിനും ശകാരിച്ച് അവന്‍ തന്റെ നഷ്ടപ്രണയത്തിന്റെ അരിശം തീര്‍ത്തു. അവള്‍ ഒളിച്ചോടി പോയപ്പോള്‍ അവന് തോന്നിയിരുന്നു അവളുടെ വീട്ടുകാരില്‍ നിന്നുമല്ല, മറിച്ച് തന്നില്‍ നിന്നുമാണ് അവള്‍ ഒളിച്ചോടിയതെന്ന്.

                   കുറച്ച് ദിവസമായി കാണാത്തതിനാല്‍ ലോഡ്ജില്‍ നിന്നും ആളുകള്‍ അന്വേഷിച്ച് വന്നു. മൊബൈല്‍ഫോണ്‍ കണ്ടുപിടിച്ചത് ആരാണെന്നൊന്നും അവന് അറിയില്ലെങ്കിലും അവന്‍ അത് കണ്ടുപിടിച്ചയാളെ മനസ്സു കൊണ്ട് പ്രാകാന്‍ തുടങ്ങി. തന്റെ കസേരയിലിരുന്ന് റാക്കുകളിലുള്ള വിറ്റഴിയാത്ത നിറം മങ്ങിയ പാട്ട് സി.ഡികളെല്ലാം ഡി.വി.ഡി പ്ളെയറില്‍ എടുത്തിട്ട് വീണ്ടും വീണ്ടും കേട്ട് ദിനേശന് മടുത്തു തുടങ്ങിയിരുന്നു. ലോഡ്ജിലെ പുള്ളിമുറിയെ ഓര്‍ത്ത് കൈയില്‍ കാശില്ലാത്ത വിഷമത്തോടെ അധ്വാനിച്ച് ജീവിക്കാന്‍ സമ്മതിക്കാത്ത ബലഹീനമായ തന്റെ വലംകൈക്ക് അവന്‍ ഇടതു കൈ കൊണ്ട് തന്നോടു തന്നെ ദേഷ്യപ്പെട്ട് തട്ടുവെച്ചു കൊടുക്കും. 
ഒരു ദിവസം സ്ക്കൂളില്‍ രാവിലെയുള്ള ഇന്റര്‍വെല്ലിനുള്ള ബെല്ലടിക്കാനായി ഇരുമ്പു ദണ്ഡെടുത്ത് ഉയര്‍ത്താനൊരുങ്ങുമ്പോള്‍ ശക്തിയായുണ്ടായ ഹാര്‍ട്ട് അറ്റാക്കില്‍ അത് താഴെ വീഴുകയും അതിന്റെ ശബ്ദത്തോടെ അച്ഛന്‍ ഒടുങ്ങുകയും ചെയ്തു. പതിനാറു ദിവസം പുറത്തേക്ക് പോകാനൊരുങ്ങിയ അവനെ എങ്ങോട്ടും വിടാതെ ബന്ധുക്കള്‍ വീട്ടില്‍ തന്നെ പിടിച്ചിരുത്തി. വീണ്ടും വന്ന് ബൂത്ത് തുറന്നപ്പോള്‍ കുടി നിര്‍ത്തുമ്പോഴുള്ള കുടിയന്‍മാരുടെ കൈ വിറ പോലെ പുള്ളിമുറിക്കാനുള്ള ത്വര അവനെ അപ്പോഴും കസേരയില്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് അവന്‍ മനസ്സിലാക്കുകയും അമ്മാമന്‍ തിരുനെല്ലിയില്‍ അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താനായി അവന്റെ കൈയില്‍ പണമില്ലെന്ന് കണ്ട് നല്കിയ പണം ലോഡ്ജില്‍ ഒഴുക്കുകയും ചെയ്തു. 

                   എസ്.ടി.ഡി ബൂത്ത് സിനിമാക്കഥയോ മറ്റോ പറഞ്ഞ് സൊറ പറയാന്‍ വരുന്നവരുടെ ഇടത്താവളമായി. പുതുതായി സി.ഡി ഇറങ്ങിയ സിനിമകളുടെ പേരും പറഞ്ഞ് വന്ന് അവര്‍ എന്തെങ്കിലും പറഞ്ഞിരിക്കുക പതിവായി. ദിനേശന് പതിവു പോലെ മടുക്കാന്‍ തുടങ്ങിയിരുന്നു. തന്റെ കട മൊബൈല്‍ ഫോണിന്റെയും സിം കാര്‍ഡിന്റെയും കടയാക്കി മാറ്റണമെന്നുള്ള തോന്നല്‍ ദിനേശന്റെ മനസ്സില്‍ ഉദിച്ചു തുടങ്ങിയതും ആയിടെയാണ്. കല്യാണം കഴിപ്പിച്ചാല്‍ സ്വഭാവം നന്നാകുമെന്ന മറ്റുള്ളവരുടെ  നിര്‍ദ്ദേശങ്ങളുടെ പുറത്ത് അമ്മ അവനെ ഒന്നു രണ്ടിടങ്ങളില്‍ പെണ്ണുകാണാന്‍ പറഞ്ഞു വിടുകയും  ചെയ്തു. ഒന്നരക്കൈയ്യനായതിനാല്‍ പ്രണയത്താലും മറ്റും വീട്ടിലിരുന്നു പോയ പ്രായമുള്ള പെണ്‍കുട്ടികളുടെ അടുത്തേക്കായിരുന്നു അവനെ എല്ലാവരും പറഞ്ഞു വിട്ടത്. എന്നിട്ടും ചെറുക്കന് കട കൊണ്ട് കാര്യമായ വരുമാനമൊന്നും  കിട്ടുന്നില്ലെന്ന് തിരിച്ചറിഞ്ഞ് എല്ലാം അലസിപ്പോവുകയാണുണ്ടായത്.

                   കിഴവിയെ അവന്‍ നന്നായി ശ്രദ്ധിക്കാന്‍ തുടങ്ങിയത് തികച്ചും ആകസ്മികമായി തൊട്ടടുത്തിരുന്ന് സിനിമ കണ്ടതോടെയാണ്. നാടന്‍പെണ്ണായി പാവാടയിലും ദാവണിയിലുമൊക്കെ പുതുമുഖനടിയായി മലയാളത്തിലെ ഒരു ഹിറ്റ് സിനിമയില്‍ അഭിനയിച്ച അളകനന്ദ വയറിലെ കുഴിയാനക്കുഴിയും അവിടെ നിന്നും താഴേക്ക് നീങ്ങുന്ന കറുത്ത ഉറുമ്പുകളുടെ ഘോഷയാത്രയും  കാണിച്ചുകൊണ്ട് തൊട്ടടുത്തിറങ്ങിയ തമിഴ്പടത്തിന്റെ പോസ്ററില്‍ വീട്ടില്‍ നിന്നും ടൌണിലേക്ക് വരുന്ന പോളി ടെക്നിക്കിന്റെ ചുമരില്‍ നില്ക്കുന്നതു കണ്ട് ബൂത്തിലേക്ക് പോകാതെ എന്നാലതൊന്ന് നേരിട്ടു കണ്ടുകളയാം എന്നു കരുതി ആദ്യദിവസം തന്നെ തീയേറ്ററില്‍ ചെന്നപ്പോഴായിരുന്നു അത്.  ഇരുട്ടില്‍ തപ്പിപ്പിടിച്ചു ചെന്ന് ഒരു സീറ്റിലിരുന്നു. സ്ക്രീനില്‍ ടൈറ്റിലുകള്‍ എഴുതിക്കാണിക്കാന്‍ തുടങ്ങിയിരുന്നു.  തീയേറ്ററിലെ ഇരുട്ട് തന്റെ കണ്ണുകളോട് ഇണങ്ങിയപ്പോള്‍ അവന്‍ തന്റെ അടുത്തിരിക്കുന്ന ആളെ വെറുതെയൊന്ന് നോക്കിയപ്പോള്‍ കിഴവി സ്ക്രീനിലേക്ക് നോക്കിക്കൊണ്ട് കുര്‍ക്കുറെ ആടിനെപ്പോലെ ചവക്കുന്നു. കിഴവി എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ടായിരുന്നു. അവന്‍ സീറ്റില്‍ തെല്ലകന്ന് തന്റെ ഇടതു കൈകൊണ്ട് ഇടതുകണ്ണിന്റെ ചാരത്തായി കിഴവി ചവയും നീണ്ട പല്ലുകളും കാണാതിരിക്കാനുമായി മറച്ചാണ് പിന്നീട് ഇരുന്നത്. അളകനന്ദയുടെ മേനി അവന് കിഴവിയോട് തോന്നിയ തെല്ലൊരു അറപ്പിനാല്‍ വിമ്മിഷ്ടത്തോടെ ആസ്വദിക്കേണ്ടി വന്നു. വെറുതെയല്ല ആ സീറ്റ് മറ്റുള്ളവരെല്ലാം അവസാനം എത്തിയ തനിക്കായി ഒഴിച്ചു നിര്‍ത്തിയത് എന്ന് അവന് അപ്പോള്‍ മനസ്സിലായി.
       

                   എപ്പോഴെങ്കിലുമായി വെറുതെ കുശലം പറയാന്‍ ബൂത്തിലേക്ക് വരുന്ന അനാദി കടക്കാരനോട് കിഴവിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ദിനേശന്‍ അന്വേഷിക്കാന്‍ തുടങ്ങി. താന്‍ ഒന്നിച്ച് അടുത്തടുത്തിരുന്ന് സിനിമ കണ്ടതിനെ പറ്റിയും വെറും കടലയൊന്നുമല്ല കിഴവി തിന്നുന്നതെന്നും കുര്‍ക്കുറെയാണെന്നും  പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു. കിഴവി പണ്ട് ടൌണിലെ ഒരു ഹൈസ്ക്കൂളില്‍ ഇംഗ്ളീഷ് ടീച്ചറായിരുന്നു എന്നും പെട്ടെന്നൊരു നാള്‍ നൊസ്സായി തുടങ്ങിയതാണെന്നും ഒറ്റക്ക് കഴിയാനായി കൂടപ്പിറപ്പുകളെയൊക്കെ അകറ്റിയതാണെന്നും അയാളാണ് അവനോട് പറഞ്ഞത്. ടീച്ചര്‍ എന്നു ആരെങ്കിലും വിളിച്ചാല്‍ കിഴവി തിരിഞ്ഞു നിന്ന് ഇംഗ്ളീഷില്‍ ചീത്ത പറയുമത്രെ.  എങ്ങനെയാണ് കിഴവിയുടെ ജീവിതം കഴിഞ്ഞു പോരുന്നതെന്ന അവന്റെ സംശയത്തിന് മറുപടിയായി കൂടപ്പിറപ്പുകളെല്ലാം വക്കീലന്‍മാരും അദ്ധ്യാപകരുമൊക്കെയായതിനാല്‍  മാസാദ്യം കിഴവിക്ക് പോസ്റുമാന്‍ ക്യത്യമായി മണിയോര്‍ഡര്‍ എത്തിച്ചു കൊടുക്കും എന്ന് കടക്കാരന്‍ പറഞ്ഞു.ബന്ധുക്കള്‍ നല്ലവരായതിനാല്‍ കിഴവിക്ക് തോന്നുമ്പോള്‍ സിനിമ കാണാം. ഇംഗ്ളീഷ് പത്രം വാങ്ങിച്ച് വായിക്കാം. ഹോട്ടലുകളില്‍ നിന്നും ബിരിയാണി പാര്‍സല്‍ വാങ്ങാം.

                  അതു കേട്ടതോടെ അവന്‍ കിഴവി വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ നേരം ഗേറ്റിനടുത്തുള്ള ഒഴിഞ്ഞ കടയുടെ വരാന്തയില്‍ നിന്നുകൊണ്ട് തെല്ലടുത്ത് നിന്നു നോക്കി. കട ഉടനടി മാറ്റണമെന്നും ലോഡ്ജില്‍ പോയി തുടര്‍ന്നും കളിക്കണമെന്നും ഒത്താല്‍ ഒരു കല്യാണം കഴിക്കണമെന്നും  അവന്റെ ഉള്ളില്‍ നീറുന്നുണ്ടായിരുന്നു.  അവന്‍ വ്യക്തമായും കണ്ടു. കിഴവിയുടെ കഴുത്തിലും കാതിലും കാലിലുമൊക്കെ അഴുക്ക് പിടിച്ച് സ്വര്‍ണ്ണം തിളക്കമില്ലാതെ കിടക്കുന്നു. അടിക്കടി വില കുതിച്ചു കയറുന്ന സ്വര്‍ണ്ണം കിഴവിയുടെ ശരീരത്തില്‍ ഉണ്ടെന്നത് കുര്‍ക്കറെ കണ്ട അതേ അത്ഭുതം അവനിലുണ്ടാക്കി. അപ്പോഴും പക്ഷേ അതിലെ സാധ്യതകളെ പറ്റിയൊന്നും അവന് തോന്നിച്ചകളുണ്ടായിരുന്നില്ല. മതിയായ കാശ് കൈയ്യിലില്ലാത്തതിനാല്‍ ടൌണിലെ ഹോട്ടലില്‍ ഉച്ചക്ക് മുന്നിലേക്ക് നീട്ടിയ പലതരം പൊരിച്ച മീനുകളിലേക്ക് നോക്കിക്കൊണ്ട് വേണ്ടെന്നു പറയുന്ന വേളയും കഴിഞ്ഞ് ചോറ് ഉരുട്ടി വായിലേക്കിടുമ്പോഴാണ് ദിനേശന് അതുവരെയും തോന്നാത്ത സാധ്യതകളെ പറ്റി ചിന്തകളുണ്ടായത്.

                  അന്ന് കട പൂട്ടിയിട്ടും ദിനേശന്‍ വീട്ടിലേക്ക് പോകാതെ ടൌണ്‍ ആകെയൊന്ന് ചുറ്റിക്കറങ്ങി എല്ലാവരും പോയെന്ന് ഉറപ്പു വരുത്തി ഇലക്ട്രിക് പോസ്റുകളിലെ നിയോണ്‍ ബള്‍ബുകളൊന്നും തന്നെ ചതിക്കല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് നെഞ്ചോളം ഉയരമുള്ള കിഴവിയുടെ വീടിന്റെ മതിലിനടുത്തെത്തി. അവന്റെ അടിവയറ്റില്‍ നിന്നും മുകളിലേക്ക് ഭയമുണര്‍ത്തിക്കൊണ്ട് ഒരു ആംബുലന്‍സ്  ശരവേഗത്തില്‍ ഓടിപ്പോയി. അപ്പോഴേക്കും അവന്‍ ആരും കാണാത്ത വിധം ദ്രുതവേഗത്തില്‍ മതില്‍ ചാടിക്കടന്ന് മരത്തിന്റെ മറ പറ്റി നിന്നിരുന്നു. പിന്നെ ഇരുട്ടില്‍ നടന്നു ചെന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചതിന് ശേഷം വാങ്ങിയ ഗ്ളൌസ് പാന്റ്സിന്റെ പോക്കറ്റില്‍ നിന്നുമെടുത്ത് ഇടതു കൈയ്ക്കിട്ട് മെയിന്‍ സ്വിച്ച് ഓഫാക്കി. അതിനിടയിലും ഉപയോഗമില്ലാത്ത വലം കൈയെ പറ്റിയോര്‍ത്ത് അവന്‍ പരിതപിച്ചു. പിന്നെ അത്യന്തം പ്രയാസപ്പെട്ട് വീടിന്റെ മേല്‍ക്കൂരയിലേക്ക് കയറി. ബ്രിട്ടീഷുകാരുടെ കാലത്തുള്ളതു പോലുള്ള വീടായതിനാല്‍ മുകളില്‍ തുറന്ന കിളിവാതിലുകളുണ്ടായിരുന്നു. അവന്‍ അതിലൂടെ പൂച്ചയെ പോലെ മെല്ലെ മുകളിലെ വരാന്തയിലേക്ക് ഇറങ്ങി. അനന്തരം ശബ്ദം കേള്‍പ്പിക്കാതെ ശ്രദ്ധിച്ച് വാതിലിന്റെ വിടവിലൂടെ പേന്റ്സിന്റെ പോക്കറ്റില്‍ നിന്നു തന്നെ എടുത്ത ആക്സോണ്‍ ബ്ളേഡുകൊണ്ട് സാക്ഷ മുറിച്ചു തുടങ്ങി.കുറച്ചുനേരത്തെ പരിശ്രമത്താല്‍ വാതില്‍  തുറക്കുകയും അവന്‍ ഓരോ ചുവടും ശ്രദ്ധിച്ച് മെല്ലെ ഗോവണി ഇറങ്ങാന്‍ തുടങ്ങുകയും ചെയ്തു. 

                     ഒന്നുരണ്ട് ചുവടുകള്‍ അവന്‍ ഇരുട്ടില്‍ താഴേക്ക്  വെച്ചതും എന്താണെന്ന് നൊടിനേരം കൊണ്ട് തിരിച്ചറിയാനാകാത്ത വിധം അത്യന്തം ശബ്ദത്തോടെ നാലഞ്ചു നായകള്‍ കുരച്ചുകൊണ്ട് ഗോവണിയിലേക്ക് ഓടിക്കയറുകയും അവനെ കടിച്ചു കുടയുകയും ചെയ്തു.നിലത്ത് രക്തത്തില്‍ കുളിച്ച് കിടക്കവേ അകത്തെ ഇരുട്ടില്‍ നിന്നും മുട്ടവിളക്ക് കത്തിച്ചുകൊണ്ട് കിഴവി വന്ന് ദിനേശന്റെ അടുത്ത് മുട്ടുകുത്തിയിരുന്നു. ചുറ്റും കൂടി നില്ക്കുന്ന നായകളുടെ കണ്ണുകള്‍ പോലെ തന്നെ അതില്‍ ക്രൌര്യം കണ്ട് ദിനേശന്റെ തൊണ്ടയില്‍ പുറത്തേക്കു വരാത്ത വിധം നിലവിളി കുരുങ്ങിക്കിടപ്പായി.

                  പുറത്തപ്പോള്‍  ഒരിക്കലും പൂക്കാത്തതും കായ്ക്കാത്തതുമായ മരം ഇരുട്ടില്‍ കാറ്റിന്റെ കൂട്ടു പിടിച്ച് ഉറക്കെയുറക്കെ ഭ്രാന്തന്‍ ചിരി ചിരിക്കാന്‍ തുടങ്ങി.

                                                                    -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ