2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഒളിനോട്ടക്കാരന്‍ മരപ്പട്ടി

               
                   ‍പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നുമില്ലാത്ത ദിവസത്തിന്റെ ഒടുവില്‍ ചുമരിലെ ക്ളോക്കിലെ കിളി പതിനൊന്നു തവണ ചിലച്ചു കഴിഞ്ഞെന്ന് ഉറപ്പു വരുത്തിയാണ് അയാള്‍ ഭാര്യക്കടുത്തു നിന്നും പൂച്ചക്കാലുകളില്‍ വളരെ സൂക്ഷിച്ച് ശബ്ദമില്ലാതെ എഴുന്നേറ്റത്. ഏതാണ്ട് പത്തു മണിയോടെ ഉറങ്ങാന്‍ കിടന്നപ്പോള്‍ തന്നെ അവള്‍ സമയക്രമം പാലിച്ച് കൂര്‍ക്കം വലി തുടങ്ങിയിരുന്നു. അയാള്‍ മെല്ലെ തൊട്ടടുത്ത സ്വീകരണമുറിയില്‍ ചെന്ന് ഇന്റര്‍നെറ്റില്‍ തന്നെ കുരുത്തു. പ്രമുഖപത്രത്തിന്റെ വെബ്സൈറ്റ് ക്ളിക്ക് ചെയ്തെടുത്ത് പത്തി വിടര്‍ത്തി നിന്ന പാമ്പിനെ കൂടയിലേക്കെന്ന വണ്ണം മോണിറ്ററിലെ മേല്‍ഭാഗത്തുള്ള ചെറുവടിയില്‍ തൊട്ട് താഴത്തേക്കിട്ടു. അനന്തരം അയാള്‍ വീഡിയോ ചാറ്റിങ്ങ് സൈറ്റ് തുറക്കുകയും മൊബൈല്‍ഫോണെടുത്ത് തന്റെ ഷോപ്പില്‍ നില്ക്കുന്ന പെണ്‍കുട്ടിക്ക് തുടരെത്തുടരെ മിസ്കോളുകള്‍ തൊടുത്തു വിടുകയും ചെയ്തു. പൊതുവെ എതെങ്കിലുമൊരു മിസ്കോളില്‍ അവള്‍ കൊത്തുകയും ചാറ്റിങ്ങിനായി താന്‍ വാങ്ങി നല്കിയ കംപ്യൂട്ടറിന്റെ വെബ്കേമിലൂടെ കാതരമായ കണ്ണുകളുള്ള നീണ്ടു മെലിഞ്ഞ മത്സ്യകന്യകയെ പോലെ പ്രത്യക്ഷപ്പെടാറുമാണ് പതിവ്. ചുണ്ടുകള്‍ കൊണ്ടും നാക്കു കൊണ്ടും അവള്‍  ചുവപ്പ്  പനനീരുകള്‍ വിരിയിക്കും. അയാള്‍ തന്റെ ഹ്യദയം പുറത്തേക്ക് ചാടിപ്പോരുമെന്നതിനാല്‍ ശ്വാസമിടിപ്പുകള്‍ ശ്രമപ്പെട്ട് അടക്ക്ി പാമ്പിനെ പോലെ അവളുടെ ദ്യശ്യങ്ങളിലേക്ക് പുളഞ്ഞു കയറും.

                    പക്ഷേ പഴയതു പോലെയല്ലാതെ അവള്‍ക്ക് ഈയിടെയായി പല ഒഴിവുകഴിവുകളും പറഞ്ഞ് തന്നെ ഒഴിവാക്കുന്ന സ്വഭാവമുണ്ടെന്ന് അയാള്‍ക്ക് കുറച്ചു ദിവസങ്ങളായി തോന്നിത്തുടങ്ങിയിരുന്നു. ദ്വയാര്‍ത്ഥങ്ങള്‍ ചാലിച്ച് അക്കരെയിക്കരെ കടലാസ് വിമാനങ്ങള്‍ പറത്താനുള്ള അവസരമാണ് തനിക്ക് ഈയിടെയായി നഷ്ടപ്പെടുന്നതെന്ന് അവള്‍ വരാതെയായപ്പോള്‍ അയാള്‍ക്ക് അരിശവും സങ്കടവും വന്നു. അവള്‍ തന്റെ ഷോപ്പ് വിട്ടു പോയേക്കുമോ എന്നും അയാള്‍ക്ക് ഈയിടെയായി സംശയം തോന്നിത്തുടങ്ങിയിരുന്നു. താനയക്കുന്ന ഇക്കിളി ചോദ്യങ്ങളില്‍ നിന്നും ഏതാണ്ട് ഒരാഴ്ചയായി മത്സ്യകന്യക വഴുതി മാറിക്കളയുന്നുണ്ടായിരുന്നു. വെറുതെ തോന്നുന്നതാവും എന്നാണ് ആദ്യമൊക്കെ കരുതിയത്. ചുണ്ടു കൊണ്ടുള്ള ഗോഷ്ടികള്‍ പഴയതു പോലെയില്ലെന്നു മാത്രമല്ല ചിലതൊക്കെ തന്നെ ഇകഴ്ത്തും വിധത്തിലാണെന്നും അയാള്‍ക്ക് തോന്നാറുണ്ടായിരുന്നു. സ്ത്രീകളുടെ സ്നേഹം കുമിളകള്‍. പൊടുന്നനെ പൊട്ടിപ്പോകുന്നവ. അവള്‍ മനസ്സിനെ തട്ടിക്കളിക്കുന്നത് കണ്ടില്ലെന്നു നടിച്ചു. അല്ലാതെ മറ്റെന്തു ചെയ്യാനാണ്?

                    അവള്‍ക്ക് റോഡിന്റെ അപ്പുറത്തെ കടകളുടെ മുകളില്‍ അടുത്തിടെ തുടങ്ങിയ ‘സിക്സ് പാക്ക്ഡ്’ എന്ന ജിമ്മിലെ ഇന്‍സ്ട്രക്റ്റര്‍ പയ്യനോട് ചെറിയ അടുപ്പമുണ്ടോ എന്ന് സംശയമുണ്ടെന്ന് പാറാവുകാരന്‍ ചായ കൊണ്ടുവന്നപ്പോള്‍ ഇന്നലെയാണ് പറഞ്ഞത്. കിഴവനപ്പോള്‍ ഒരു മനസ്സാക്ഷി സൂക്ഷിപ്പുകാരന്റെ ശരീരചലനങ്ങളും നോക്കുകളും ശബ്ദവുമായിരുന്നു. അല്ലെങ്കിലും ഈ മനുഷ്യന്‍മാര്‍ക്ക് തരാതരം എന്തൊക്കെ തരം ശബ്ദങ്ങളും ചലനങ്ങളും നോക്കുകളുമാണ്. വ്യത്തികെട്ടവര്‍. കടും പച്ച യൂനിഫോമിട്ട നരച്ച ചുളിവു വീണ വാക്കുകളോട് അയാള്‍ തന്റെ വെറുപ്പ് മേശപ്പുറം വ്യത്തിയാക്കിയില്ലെന്ന് കയര്‍ത്തു കൊണ്ട് തീര്‍ത്തു. ശീലമായതിനാല്‍ കിഴവന്‍ വര്‍ത്തമാനം ഒരു സഡന്‍ബ്രേക്കില്‍ നിര്‍ത്തുകയും ഓടിപ്പോയി കൊണ്ടുവന്ന ഒരു പഴന്തുണിയാല്‍ മേശപ്പുറമാകെ അത്യന്തം ശ്രദ്ധിച്ച് വ്യത്തിയാക്കുകയും ചെയ്തു. ആത്മനിന്ദയാല്‍ കിഴവന്റെ കണ്ണുകളും മൂക്കിനു താഴെയുള്ള ഭാഗങ്ങളും അപ്പോള്‍ താഴേക്ക് ഊര്‍ന്നു പോയിരുന്നു. പാവം എന്ന് കിഴവനു വേണ്ടി സഹതപിക്കുന്ന തന്റെ മനസ്സിനെ ഉടന്‍ തന്നെ അയാള്‍ വിചാരങ്ങളാല്‍ കടിഞ്ഞാണിട്ടു.

                     വാജീകരണഗുളികള്‍ വളരെ അധികം വിറ്റഴിക്കപ്പെട്ടിരുന്ന ഒരു കമ്പനിയെ നിരോധിച്ചതായുള്ള വാര്‍ത്തയുടെ ലിങ്ക് ഒരു പത്രത്തിന്റെ വെബ്സൈറ്റില്‍ നിന്നും രണ്ടു നാള്‍ മുമ്പ് അയാളുടെ മെയിലിലേക്ക് അവള്‍ അയച്ചു നല്കിയത് അയാള്‍ ഓര്‍ത്തു. വെറുതെ തമാശക്ക് അയച്ചതായിരിക്കുമെന്ന് കരുതിയത് ഒരുപാട് അര്‍ത്ഥങ്ങളോടെയാണ് അയച്ചതെന്ന് അപ്പോള്‍ മുതല്‍ അയാള്‍ക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു. എപ്പോഴെങ്കിലും നാട്ടിന്‍ പുറങ്ങളിലെ പകലുകളിലേക്ക് പുറത്തിറങ്ങുന്ന രാത്രി സഞ്ചാരിയായ കുറുക്കന്‍ പകല്‍ വെളിച്ചത്തോട് കാണിക്കുന്ന കള്ളത്തരങ്ങള്‍ നിറഞ്ഞ ഒളിച്ചുകളിളോടെ ഷോറൂമിലെ ആരെങ്കിലുമൊക്കെ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് കൂടെക്കൂടെ തിട്ടപ്പെടുത്തി  അയാള്‍ അന്ന് ഷോറൂമിന്റെ കണ്ണാടിച്ചില്ലുകളിലൂടെ കണ്ണുകളുയര്‍ത്തി ഇടക്കിടെ പുറത്തേക്ക് നോക്കുകയും റോഡിന്റെ എതിര്‍വശത്ത് കാണുന്ന ജിമ്മിന്റെ വരാന്തയിലും ജാലകങ്ങളിലുമൊക്കെ തെല്ലിട മാഞ്ഞുതെളിഞ്ഞു കൊണ്ടിരിക്കുന്ന ബര്‍മ്മുഡയിലും ടീ ഷര്‍ട്ടിലും പൊതിഞ്ഞ യൌവനത്തിന്റെ മസിലുകളുള്ള ശരീരങ്ങളില്‍ അസൂയപ്പെടുകയുമുണ്ടായി. ഷോറൂമിലെ തന്റെ മാത്രമായ ലാട്രിനിലെ കണ്ണാടിയിലേക്ക് അയാളുടെ മുഖം പലപ്പോഴായി ചെല്ലുകയും അതിലേക്ക് പേര്‍ത്തും പേര്‍ത്തും നോക്കുകയും ചെയ്തു. വടുക്കളെ കൈവിരലുകളാല്‍ വലിച്ച് നേരയാക്കാന്‍ നോക്കിയെങ്കിലും അവ വീണ്ടും പഴയതു പോലെ തന്നെയായി.  കേട്ടതു സത്യമാണെങ്കില്‍ അവളെ പറഞ്ഞു വിട്ട് പുതിയൊരു പെണ്‍കുട്ടിയെ നിയമിക്കുന്നതിനെ പറ്റി അയാള്‍ അതിനിടയില്‍ തന്നെ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. എങ്കിലും തനിക്കു തോന്നിയ സംശയങ്ങള്‍ തീര്‍ക്കേണ്ടതുണ്ടെന്ന തോന്നലോടെയാണ് അയാള്‍ ഭാര്യ ഉറങ്ങിയപ്പോള്‍ തത്രപ്പെട്ട് എഴുന്നേറ്റതു തന്നെ.  


                    പ്രതികരണങ്ങളൊന്നും കാണാതായപ്പോള്‍ അവള്‍ ഉറങ്ങുകയായിരിക്കുമോ എന്ന് അയാള്‍ സംശയിച്ചു. അയാള്‍ വീണ്ടും വീണ്ടും അവളെ വിളിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അയാളുടെ മൊബൈല്‍ ഫോണിലെ ഇന്‍ബോക്സില്‍ അവള്‍ ഈര്‍ഷ്യയോടെ വന്നു വീണു.

                   “സോറി സര്‍. എ സിവ്യര്‍ ഹെഡ്ഏക്ക്. നോട്ട് ടുഡേ. ഗുഡ് നൈറ്റ്.”

                   അതു വായിച്ചുണ്ടായ വിഷമത്തില്‍ കംപ്യൂട്ടറില്‍ സെര്‍ച്ച് കൊടുത്താല്‍ വരുന്ന നായയെ പോലെ അയാള്‍ പെണ്ണുടലുകള്‍ പരതുകയും കൂടെക്കൂടെ ഭാര്യ ഉണരുന്നുണ്ടോ എന്ന് ബെഡ്റൂമിലേക്ക് തലയെത്തിച്ച് നോക്കുകയും ചെയ്തുകൊണ്ടിരുന്നു. നേരത്തിന് ഉറങ്ങാതിരിക്കുന്നതു കണ്ടാല്‍ പ്രഷറും പ്രമേഹവുമൊക്കെ വരുമെന്നു പറഞ്ഞ് അവള്‍ കോപിക്കുമെന്ന് ഉറപ്പാണ്. അതോര്‍ത്തപ്പോള്‍ പെണ്ണുടലുകള്‍ കാണുകയാണെങ്കില്‍ തന്നെയും ഉറങ്ങുന്ന ഭാര്യയോട് അയാള്‍ക്ക് കാരണമെന്തെന്ന് അറിയാതെ സപതാപവും തോന്നുന്നുണ്ടായിരുന്നു. വായും പൊളിച്ചാണ് ഉറക്കം. ഒരു കൈ നെഞ്ചിന്‍മേലും മറുകൈ തലയിണയിലും വെച്ചാണ് കിടപ്പ്. കാലത്തു മുതലേ ഒറ്റക്ക് വീട്ടുജോലി മുഴുവന്‍ ചെയ്തുള്ള ഉറക്കമാണ്. അവള്‍ ദിനം തോറും വണ്ണം വെച്ച് വരികയാണെന്ന് അയാള്‍ക്ക് തോന്നി. കല്യാണം കഴിച്ചു കൊണ്ടുവരുമ്പോഴുള്ള രൂപമേയല്ല അവള്‍ക്കിപ്പോള്‍. ആദ്യത്തെ കുട്ടിയെ പ്രസവിച്ച ശേഷമാണ് അവള്‍ വല്ലാതെയങ്ങ് തടിച്ചത്.
                  

                    തന്റെ കൂടെ കഴിഞ്ഞ മെല്ലിച്ച പെണ്‍കുട്ടിയെ അധികമായി വന്ന അവളുടെ ശരീരത്തില്‍ നിന്നും ശ്രമപ്പെട്ട് കുറച്ചെടുക്കാന്‍ ശ്രമിച്ചു നോക്കിയ തൊട്ടടുത്ത ദിനങ്ങളിലൊന്നില്‍ തന്റെ വെറും സ്വപ്നം മാത്രമാണതെന്നു തിരിച്ചറിഞ്ഞ് പിന്നീടയാള്‍ മനസ്സു കൊണ്ടുള്ള ശസ്ത്രക്രിയകള്‍ വേണ്ടെന്നു വെച്ചു. എന്നിട്ടും തീന്‍മേശയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അയാള്‍ ചിലപ്പോഴൊക്കെ അവള്‍ വല്ലാതെ കണക്കറ്റ് ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഇടംകണ്ണുകൊണ്ടും പിടികൊടുക്കാത്ത മുഷിഞ്ഞ മുഖത്തോടെയും നോക്കും. അവള്‍ അതറിയാതെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ തീന്‍മീശമേല്‍ നിരത്തിയ എന്തെങ്കിലുമൊക്കെ കഴിക്കാന്‍ സ്നേഹത്തോടെ അയാളെ നിര്‍ബന്ധിക്കും. തന്റെ മനസ്സിലിരിപ്പ് കണ്ടുപിടിച്ചു പോകാതിരിക്കാനായി പൊടുന്നനെ അയാള്‍ പഴമോ ആപ്പിളോ മറ്റെന്തെങ്കിലുമോ കൈയെത്തിപ്പിടിക്കും.

                
                     വീട്ടില്‍ അവരിരുവരും മാത്രമായിട്ട് ഏതാണ്ട് ഏഴോ എട്ടോ കൊല്ലങ്ങളായി. കുട്ടികളെ രണ്ടുപേരെയും ഊട്ടിയില്‍ ബോര്‍ഡിംഗ് സ്ക്കൂളില്‍ ചേര്‍ക്കുകയായിരുന്നു. കുട്ടികള്‍ കുഞ്ഞുന്നാളിലേ വീടു വിട്ടു നിന്നാല്‍ വിലകെട്ട മൂല്യബോധങ്ങളും ധാര്‍മ്മിക ചിന്തകളും മറ്റും അവരെ നിരന്തരം വേട്ടയാടുകയില്ലെന്ന് അയാള്‍ക്ക് തോന്നിയതിന്റെ പുറത്തായിരുന്നു അങ്ങനെ ചെയ്തത്. ചെറുപ്പത്തിലേ ആരുടെ മുഖത്തു നോക്കിയും എന്തും പറയാനുള്ള തന്റേടം കൈ വന്നാല്‍ അവരായി, അവരുടെ പാടായി. തനിക്കൊക്കെ മറ്റുള്ളവരോട് ആവശ്യത്തിനും അനാവശ്യത്തിനും തോന്നുന്ന വിധേയത്വപ്രശ്നങ്ങളൊന്നും തന്നെ അവര്‍ക്ക് പിന്നെ കാണില്ല. ഇപ്പോള്‍ ഒരു വിധം നല്ല നിലയില്‍ നടത്തിക്കൊണ്ടു പോകുന്ന യൂസ്ഡ് കാറുകള്‍ വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന ഷോറൂം തുടങ്ങാന്‍ പെട്ട പാടുകള്‍ അയാള്‍ക്ക് മാത്രമേ അറിയുകയുള്ളു. ബന്ധുക്കളായവരും അല്ലാത്തവരുമായ ഒരുപാടു പേരെ അയാള്‍ക്ക് അതു തുടങ്ങുമ്പോള്‍ വെറുതെ പ്രസാദിപ്പിക്കേണ്ടി വന്നു. ഷോപ്പ് ഭാര്യയുടെ സ്ത്രീധനത്തുക ഉപയോഗിച്ചു തുടങ്ങിയതിനാല്‍ തന്നെ ഇപ്പോഴും അവളുടെ വീട്ടുകാരോട് വിധേയത്വം കാണിക്കേണ്ടി വരുന്നു.   

                     അതിനിടയില്‍ അവള്‍ കൂര്‍ക്കം വലിക്ക് തെല്ലൊരു ഇടവേള നല്കി വലിയ പശുവിനെ പോലെ കട്ടിലിനെ കരയിച്ചു കൊണ്ട് ഉറക്കത്തില്‍ അയാള്‍ക്കു നേരെ തിരിഞ്ഞു കിടക്കാനൊരുങ്ങുന്നത് കണ്ടു. അവള്‍ തിരിയുന്നതിനു മുമ്പേ തന്നെ അയാള്‍ ധ്യതിയില്‍ നോക്കിക്കൊണ്ടിരിക്കുന്ന പെണ്ണുടല്‍ സൈറ്റ് മൌസ് കൊണ്ട് പേജിന്റെ നടുവില്‍ നില്ക്കുകയായിരുന്ന റോക്കറ്റിനെ വലതു ഭാഗത്തെ എക്സിലേക്ക് പറത്തി ക്ളോസ് ചെയ്തു. താഴത്തു കിടപ്പുണ്ടായിരുന്ന പ്രമുഖപത്രത്തിന്റെ വെബ്സൈറ്റിനെ അയാള്‍ തൊട്ടുണര്‍ത്തി. അന്നത്തെ വാര്‍ത്തകളിലൂടെ കള്‍സര്‍ ഓടിച്ചു പോവുകയും ‘നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം’ എന്നതിലേക്ക് തന്റെ ഷോപ്പിനടുത്തുള്ള സ്റ്റേ വയര്‍ ഇളകി ഏവരെയും മുതുകു മടക്കി വണങ്ങി നില്ക്കുന്ന ഇലക്ടിക് പോസ്റിനെ പറ്റി ഒരു വാര്‍ത്ത യൂനിക്കോഡ് മലയാളത്തില്‍ കൊരുത്ത് അയക്കുകയും ചെയ്തു.

                    അനന്തരം അയാള്‍ മെല്ലെ ശബ്ദമില്ലാതെ എഴുന്നേല്ക്കുകയും തീന്‍മുറിയില്‍ പോയി മേശപ്പുറത്തെ കൂജയില്‍ നിന്നും വെള്ളമെടുത്ത് കുടിക്കുകയും മുഖം തെല്ലൊന്ന് അടുത്തുള്ള തോര്‍ത്തില്‍ തുടക്കുകയും ചെയ്തു. തോര്‍ത്തില്‍ അന്ന് രാവിലെ അടിച്ച ഡൈ കാറും കോളും തീര്‍ത്ത് കിടപ്പുണ്ടായിരുന്നു. കിടക്കുന്ന ഇടത്തുനിന്നും ഉണര്‍ന്നാല്‍ കംപ്യൂട്ടര്‍ കാണും വിധം തന്റെ നേര്‍ക്കു തിരിഞ്ഞുകിടക്കുന്ന ഭാര്യയെ അയാള്‍ അതിനിടയില്‍ മനസ്സു കൊണ്ട് പ്രാകുകയും ചെയ്തു. പിന്നെ തിരിച്ചു വന്ന് കംപ്യൂട്ടറിന്റെ മുന്നില്‍ ഇരുന്ന് തന്റെ ബ്ളോഗ് തുറന്നു. അഥവാ ഭാര്യ കിടന്നയിടത്തു നിന്നും  ഉറക്കം ഞെട്ടി കണ്‍തുറന്നു നോക്കുകയാണെങ്കില്‍ താന്‍ കാര്യമായി ബ്ളോഗ് ചെയ്യുകയാണെന്ന് കരുതിക്കൊള്ളുമല്ലോ എന്നായിരുന്നു അയാളുടെ ചിന്ത. അനന്തരം അച്ചടി മാസികകള്‍ നാലയലത്തുപോലും അടുപ്പിക്കാത്ത തന്റെ രചനകളെ അയാള്‍ നിരാശയോടെ ചികഞ്ഞു. ആദ്യമാദ്യമൊക്കെ ചിലരോടൊക്കെ ബ്ളോഗ് വായിക്കാന്‍ പറയാറുണ്ടായിരുന്നു. ആരുമാരും അത് ചെവിക്കൊള്ളുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ബ്ളോഗില്‍ പോസ്റ് ചെയ്യുന്നതും നിര്‍ത്തി. കാലങ്ങളായി ഒഴിച്ചിട്ട വീടു പോലെ ബ്ളോഗ് അനാഥമായി കിടപ്പുണ്ടായിരുന്നു. പിന്നാമ്പുറത്ത് കിടക്കുന്ന ചതുങ്ങി മുഷിഞ്ഞ ഒരു പഴയ പ്ളാസ്റിക് കളിപ്പാട്ടം പോലെ തന്റെ ബ്ളോഗിലേക്ക് ക്ഷണിക്കാനായി ഏതോ ഒരു ബ്ളോഗര്‍ അയാളുടെ ഒരു പോസ്റിന് നന്നായിട്ടുണ്ട് എന്ന് എഴുതിയിട്ടത് വീണ്ടും വെറുതെ വായിച്ച് അയാള്‍ സകലമാന പേരെടുത്ത ബ്ളോഗര്‍മാരോടും തെല്ലുനേരം അസൂയപ്പെട്ടു.

                     പിന്നെ തന്റെ സൌഹ്യദക്കൂട്ടായ്മയിലേക്ക് ഒരു രഹസ്യഅറ തുറക്കുന്ന സൂക്ഷ്മതയോടെ പാസ്സ്വേഡിട്ടപ്പോള്‍ അനന്തന്‍ തൈപ്പറമ്പേല്‍ എന്ന അയാള്‍ തന്നെ അയാളെ സൈഡ്പോസില്‍ നിന്നു കൊണ്ട് അകത്തേക്ക് ക്ഷണിച്ചു. തെല്ലൊന്നു പരതി നടന്ന് തുറുപ്പുഗുലാന്‍ എന്ന ഫേക്ക് ഐഡിക്കാരന്‍ എഴുതിയിരിക്കുന്നതില്‍ തെല്ലുനേരം അയാള്‍ രസം പിടിച്ചു നിന്നു. “ഉട്ടോപ്പ്യന്‍ വാലി സ്കാം - അഴിമതിക്കാര്‍ കൈപ്പറ്റിയ ആയിരത്തിന്റെ നോട്ടുകള്‍ കൂമ്പാരം കൂട്ടിയാല്‍ എവറസ്റിന്റെ നാലിരട്ടി. മറിയാനാ ഗഞ്ചില്‍ കൊണ്ടുപോയിട്ടാല്‍ അതും നിറഞ്ഞു കവിഞ്ഞ്….” എന്ന തുറുപ്പുഗുലാന്റെ ഭാവനയില്‍ മതിമറന്ന് അതിനോടകം വന്ന ധാരാളം കമന്റുകളെല്ലാം ഒന്നും വിടാതെ വായിച്ച് അവയുടെ അടിയിലായി തന്റെ ഇഷ്ടം അറിയിക്കുന്നതിനായി ഒരു കോളനെ ബ്രാക്കറ്റിനോടൊപ്പം കാണിച്ച് അനന്തന്‍ തൈപ്പറമ്പേലിനെ അയാള്‍ കമന്റുകള്‍ക്ക് അടിയിലായി ചേര്‍ത്തു വെച്ചു.

                    അപ്പോഴേക്കും ഭാര്യ എന്തോ ഉറക്കത്തില്‍ പുലമ്പുകയും അതോടൊപ്പം തിരിഞ്ഞുകിടക്കുകയും ചെയ്തു. തന്നോട് എന്തെങ്കിലും പറയുകയാണോ എന്ന് സംശയിച്ച് മോണിറ്ററില്‍ നിന്നും കണ്ണെടുത്ത് അവളെ നോക്കുകയായിരുന്ന അയാള്‍ക്ക് ആ തിരിഞ്ഞുകിടപ്പ് തെല്ലൊന്നുമല്ല ആശ്വാസം നല്കിയത.്

                   മത്സ്യകന്യക കൈവിട്ടു പോയതില്‍ സങ്കടപ്പെട്ട് അയാള്‍ നിരാശയോടെ കൂടുതല്‍ കൂടുതല്‍ പെണ്ണുടല്‍ കാഴ്ചകളിലേക്ക് മനസ്സിന് തോന്നിയ നഷ്ടബോധത്തിന് പകരം വെക്കാനായി ഊളിയിട്ടു. മീനുകളുടെ പലതരം പുളയലുകളില്‍ പെട്ട് അയാള്‍ക്ക് തന്നെത്തന്നെ നഷ്ടപ്പെട്ടു. അപ്പോഴാണ് മുറിയിലേക്ക് മുകളിലെ എയര്‍ഹോളില്‍ നിന്നും പൊടുന്നനെ ഓര്‍ക്കാപ്പുറത്ത് ഒരു ശബ്ദം വന്നു വീണത്. കംപ്യൂട്ടറിന്റെ മുന്നിലിരിക്കുന്ന അയാളിലേക്കും ഉറങ്ങുന്ന ഭാര്യയിലേക്കും ഏതാണ്ട് ഒരേ സമയം അത് പാഞ്ഞുകയറി. അയാളും അവളും ചാടിയെഴുന്നേറ്റു. അവള്‍ “എന്താ..ങ്ഹേ” എന്നൊക്കെ പേടിയാല്‍ വീണ്ടും വീണ്ടും അയാളോട് ചോദിച്ചു കൊണ്ട് തട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് സ്വീകരണമുറിയിലേക്ക് ഓടിയെത്തി.

                   ബദ്ധപ്പാടിലും  പേടിയിലും പെട്ട് അയാള്‍ക്ക് സൈറ്റ് ക്ളോസ് ചെയ്യാന്‍ പറ്റിയില്ല. കംപ്യൂട്ടര്‍ മോണിറ്ററിലെ ദ്യശ്യങ്ങളിലേക്ക് അവളുടെ കണ്ണുകള്‍ വഴിമാറി. അവിടെ രണ്ട് ലെസ്ബിയന്‍ മീനുകള്‍ തുടിക്കുന്നുണ്ടായിരുന്നു. അവള്‍ അത്യന്തം അറപ്പോടെ അയാളെ നോക്കി. അവളുടെ വിലകുറക്കുന്ന തരം നോട്ടത്തില്‍ ചൂളി സൈറ്റുകള്‍ ക്ളോസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബദ്ധപ്പാടില്‍ മൌസ് അയാള്‍ക്ക് വഴങ്ങിയില്ല. എങ്കിലും അഭിപ്രായക്കുറവോടെ തന്നെ നോക്കുന്ന അവളുടെ കണ്ണുകള്‍ക്ക് തന്നിലെ വിടനെ പിടികൊടുക്കാതിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അത്തരമൊരു ശ്രമം പരാജയമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ തലയും താഴ്ത്തി അയാള്‍ മെല്ലെ സൈറ്റ് ക്ളോസ് ചെയ്യാന്‍ തുടങ്ങി.

                     അവള്‍ വെറുപ്പോടെ അയാളെ കംപ്യൂട്ടറിന്റെ മുന്നില്‍ ഉപേക്ഷിക്കുകയും എന്താണ് മുറിയിലേക്ക് വീണതെന്ന് കുനിഞ്ഞും മുട്ടുകാലില്‍ അമര്‍ന്നുമൊക്കെ നോക്കാനും തുടങ്ങി. അപ്പോള്‍ മുറിയില്‍ ഒളിച്ചു നിന്ന ഇടത്തു നിന്നും പരിഭ്രാന്തമായ രണ്ടു കണ്ണുകള്‍ ഇടം വലം മാറിക്കൊണ്ട് ഓടുന്നതിനിടയില്‍ കംപ്യൂട്ടര്‍ മേശമേല്‍ ഓടിക്കയറുകയും അവള്‍ രാവിലെ അമ്പലത്തില്‍ നിന്നും കുട്ടികളുടെ അച്ഛന്റെയും കുട്ടികളുടെയും ആയുരാരോഗ്യസൌഖ്യത്തിന് വഴിപാട് കഴിപ്പിച്ച് കൊണ്ടുവെച്ച രക്തപുഷ്പാഞ്ജലിയുടെ നിവേദ്യം തട്ടിത്തെറിപ്പിക്കുകയും അയാളുടെ കൈയിലും മൌസിലും പരക്കം പാച്ചിലില്‍ ഒന്നു മാന്തുകയും ചെയ്തുകൊണ്ട് അപ്പുറത്തെ ബാല്‍ക്കണി മുറിയിലേക്ക് ചാടി.


                    അവള്‍ അതിന്റെ പിന്നാലെ പരിഭ്രാന്തിയോടെ ഓടിച്ചെന്നു. പിന്തുടരുന്ന അവളെ അത് ചമ്മലോടെ ഒന്ന് നോക്കുകയും പിന്നെ വാലു വിറപ്പിച്ച് ബാല്‍ക്കണിയിലൂടെ തട്ടിന്‍പുറത്തേക്ക് ഓടിക്കയറുകയും അവിടെ നിന്ന് താഴെ നില്ക്കുന്ന അവളുടെ കാതുകളിലേക്ക് മുറ്റത്തേക്ക് വീഴുന്നതായി കേള്‍പ്പിക്കുകയും ചെയ്തു.

                     അവള്‍ തിരിച്ചു മുറിയിലേക്ക് വന്നപ്പോള്‍ മുറ്റത്തേക്ക് ചാടി ഓടി മറഞ്ഞെന്ന് തീര്‍ച്ചപ്പെടുത്തിയ കണ്ണുകള്‍ കംപ്യൂട്ടറിന്റെ മുന്നില്‍ മാന്തു കിട്ടിയ കൈയില്‍ പിടിച്ചുകൊണ്ട് പൂട്ടിയ മോണിറ്ററിലേക്ക് വിഷണ്ണതയോടെ നോക്കിയിരിപ്പുണ്ടായിരുന്നു. അവള്‍ നീരസത്തോടെ ബെഡ്റൂമിലേക്ക് തന്നെ പോവുകയും തന്റെ കനത്തതും വീര്‍ത്തതുമായ ശരീരത്തെ കിടക്കയില്‍ തന്നെ പുനഃസ്ഥാപിക്കുകയും പിന്നെ തെല്ലും ജീവനില്ലാത്ത ചുമരിനെ നോക്കിക്കിടക്കുകയും കവിളുകള്‍ക്കു താഴെ രണ്ടു കൈത്തലങ്ങളും ചേര്‍ത്ത് കാല്‍മുട്ടുകള്‍ മടക്കി കിടക്കുകയും ചെയ്തു.

                      അപ്പോള്‍ അവര്‍ക്കിരുവര്‍ക്കുമിടയില്‍ യാതൊന്നുമുണ്ടായിരുന്നില്ല. ഒരു വാക്കിന്റെ പാലം പോലും.    

                                                        -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ