2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

മത്സ്യബന്ധന ആത്മചരിതം

അരുണ്‍കുമാര്‍ പൂക്കോം



                   കുട്ടിക്കാലത്ത് വീടിന്റെ പിന്നിലെ ഇടവഴിയില്‍ മഴക്കാലത്ത് ഉറവ വരും. കൊള്ള് എന്ന് നാട്ടിന്‍പുറത്ത് പറയുന്ന വീട്ടുപറമ്പുകളുടെ മണ്‍തിട്ടകളിലെ മാളങ്ങളിലൂടെ ഇടവഴിയിലെ നീരൊഴുക്കിലേക്ക് വെള്ളം കിനിയുന്നുണ്ടാകും. മാളങ്ങള്‍ വെള്ളത്തിലേക്ക് പോകുന്ന ഇടങ്ങള്‍ വെളുത്ത മണല്‍ രൂപപ്പെട്ടു കാണും.ചിലതില്‍ നിന്നും കൈവിരലുകളുടെ അറ്റത്ത് കറുപ്പ് മൈലാഞ്ചിയിട്ട ചുവന്ന കുറുക്കന്‍ ഞണ്ട് എത്തിനോക്കും.

                    വെള്ളത്തിലൂടെ രണ്ടുമൂന്നു വീടുകള്‍ക്ക് അപ്പുറത്തുള്ള വയലുകളില്‍ നിന്നും വന്ന ചാരനിറമുള്ള പരലുകള്‍ കൂട്ടത്തോടെ ഓടിക്കളി തുടങ്ങിക്കാണും. മുന്നോട്ടേക്ക് നടക്കുമ്പോള്‍ അവ മുന്നില്‍ തത്രപ്പാടോടെ തെല്ലൊന്ന് ഓടും. പിന്നെ കാലുകള്‍ക്ക് ഇടയിലൂടെയും പുറത്തു കൂടെയും പിന്നിലേക്ക് ഓടും. അപ്പോഴാണ് അവയില്‍ ചിലതിന്  വെള്ളമൊഴുകാത്ത പുല്ലുകള്‍ നിറഞ്ഞ ചെറിയ ഇരുകരകളിലേക്ക്് കാലുകള്‍ കൊണ്ട് വെള്ളം തെറിപ്പിച്ച് വെള്ളത്തിനപ്പുറത്തെ പുറംലോകം കാട്ടിക്കൊടുക്കുന്നത്. അവ വെള്ളി കൊണ്ടുതീര്‍ത്ത വെള്ളത്തിനടിയിലായിരുന്ന മേനി കാട്ടി പിടച്ചു തുള്ളാന്‍ തുടങ്ങും. തൊട്ടടുത്തു കാണുന്ന വെളിച്ചെടിയുടെ ഇല കുമ്പിളാക്കി വെള്ളം നിറച്ച് അതില്‍ അവയെ പിടിച്ചിട്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തോടെ വീട്ടിലേക്ക് ഓടും. ഓടുന്നതിനിടയിലും ഇടക്കിടെ അവയെ നോക്കി അവിടെ തന്നെയുണ്ടെന്ന് ബോധ്യപ്പെടും.


                   കിണറ്റിനടുത്തുള്ള ബക്കറ്റില്‍ അവയെ തല്ക്കാലം ഇട്ട് എതെങ്കിലും കുപ്പി അടുക്കളയില്‍ നിന്നും സംഘടിപ്പിക്കും. കുപ്പിയില്‍ വെള്ളം നിറച്ച് അവയെ ബക്കറ്റിലെ വെള്ളത്തില്‍ കൈയിട്ട് പിടിച്ച് കുപ്പിക്കകത്താക്കിയാല്‍ പുതിയൊരു ലോകത്തെത്തിയ തത്രപ്പാടോടെ അവ അതില്‍ പരക്കം പായും. പിന്നെ കുപ്പിയുടെ ചില്ലിലൂടെ പുറത്തേക്ക് നോക്കും. കുപ്പിയുടെ പുറത്ത് തട്ടു വെച്ചു കൊടുത്താല്‍ മയങ്ങിപ്പോയതില്‍ നിന്നും പൊടുന്നനെ എഴുന്നേറ്റ് മുന്നില്‍ നിവര്‍ത്തി വെച്ചിരുന്ന പുസ്തകത്തില്‍ തിരയുന്ന കുട്ടിയുടെ വെപ്രാളത്തോടെ വീണ്ടും ഓടിക്കളിക്കാന്‍ തുടങ്ങും. 

                  അവയെ അവിടെ വെച്ച് വീണ്ടും ഇടവഴിയിലേക്ക് ഓടും. വെള്ളത്തില്‍ പൊഴിഞ്ഞു വീണുകിടക്കുന്ന ചില തവിട്ട് ഇലകള്‍ ചെറുതായി ഒന്ന് പൊക്കിനോക്കിയാല്‍ വയലറ്റ് നിറമുള്ള വാളയുടെ കുഞ്ഞുങ്ങള്‍ പുറത്തേക്ക് മീശ വിറപ്പിച്ച് വാലാട്ടി തെല്ലൊന്നു മാറി ഇലക്കടിയില്‍ തന്നെ വന്നിരിക്കും. ഇലയെ കൈകള്‍ ചേര്‍ത്ത് വാരിയെടുക്കും. കൈയിലെ വെള്ളം ഊര്‍ന്നു പോകുമ്പോള്‍ കൈകളിലൊരു പിടപ്പായി വാളയുടെ കുഞ്ഞ് കിടപ്പുണ്ടാകും. അതിനിടയില്‍ ശ്രദ്ധാപൂര്‍വ്വം ഇല മെല്ലെ എടുത്തു കളയും. വീട്ടിലേക്കോടി അതിനെയും കുപ്പിയിലേക്കിടും. ഇലയുടെ തണല്‍ പോയതിന്റെ സങ്കടത്തോടെ അത് കുപ്പിയുടെ അടിത്തട്ടില്‍ മീശ വിറപ്പിട്ട് കിടക്കും.


                    പിന്നെയുണ്ടാകുക വാല്‍മാക്രിയാണെന്ന്  തെറ്റിദ്ധരിക്കപ്പെട്ടു പോയേക്കാവുന്ന പൊലത്തോടന്‍ എന്ന മീനാണ്. പൊലത്തോടനാണെന്നു കരുതി ഒന്നു രണ്ടു  വാല്‍മാക്രികളെ അതിനോടകം പിടിച്ച് പൊലത്തോടന്റെ ലക്ഷണങ്ങളൊന്നും തന്നെ ഒക്കുന്നില്ലെന്നു കണ്ട് വെള്ളത്തിലേക്ക് തന്നെ ഉപേക്ഷിച്ചുകാണും. പൊലത്തോടന്റെ വാലിന്റെ അറ്റത്തായി ഇരവശത്തും ഓരോ കറുത്ത പുള്ളി ഐഡന്റിഫിക്കേഷന്‍ മാര്‍ക്കായി കിടപ്പുണ്ടാകും. പൊലത്തോടന്‍ മീന്‍ ആളു പൊട്ടനാണ്. ശത്രുവിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പെട്ടെന്നു തന്നെ വഴങ്ങുന്ന മീനാണത്. അതിനെയും ഇലകള്‍ നീക്കി പിടിച്ച് കുപ്പിക്കകത്താക്കും.

                    അപ്പോഴേക്കും കുപ്പിക്കകത്ത് മീന്‍സംഖ്യാപ്പെരുപ്പമായിട്ടുണ്ടാകും. എല്ലാറ്റിനെയും കിണറ്റിലേക്ക് തൊട്ടിയില്‍ ഇറക്കും. എല്ലാം ഇറങ്ങി കിണറ്റിലെ വെള്ളത്തിലേക്ക് പോകാനായി തൊട്ടി നാലഞ്ചു തവണ വെള്ളത്തിലിട്ട് കുത്തും. വലിച്ചെടുത്തു നോക്കിയാലുണ്ടാകും കിണറ്റിലെ വെള്ളത്തിലേക്കിറങ്ങാന്‍ പേടിച്ച് ഒന്നു രണ്ടെണ്ണം തൊട്ടിയില്‍ തന്നെ നില്ക്കുന്നു. പിടിച്ചെടുത്ത് കിണറ്റിലെ വെള്ളത്തിലേക്ക് അവയെ എറിയും. അവ വെള്ളത്തിലേക്ക് ഊളിയിട്ട് ഓടി പിന്നെ മുകള്‍പ്പരപ്പിലേക്ക് തന്നെ വരും.
അന്ന് കിണറ്റിലേക്ക് നോക്കുന്നതിന് ക്യത്യമായ കണക്കൊന്നും കാണില്ല. കൂടെക്കൂടെ ചെന്നു നോക്കും. കിണറ്റിന്‍ പടയില്‍ തട്ടി വിളിച്ചു നോക്കും. പരിചയമാകാത്തതിനാല്‍ അവ ഗൌനിക്കുകയില്ല. കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ അവ വിളിച്ചാല്‍ ഓടി വരാന്‍ തുടങ്ങും.

                   ഇതിനിടയില്‍ എപ്പോഴെങ്കിലും ഇടവഴിയിലെ നീരൊഴുക്കിലേക്ക് വില്ലന്‍മാര്‍ കടന്നു വന്നിട്ടുണ്ടാകും. അവയില്‍ എതെങ്കിലുമൊന്ന് പൊത്തില്‍ നിന്നോ കല്ലിടുക്കുകളില്‍ നിന്നോ തലയെത്തിച്ചു നോക്കും. മറ്റേതെങ്കിലുമൊന്ന് വെള്ളത്തിലൂടെ പുളഞ്ഞോടുന്നുണ്ടാകും. ട്രോളിംഗ് നിരോധനം എര്‍പ്പെടുത്താനായാണ് അവ വരുന്നത്. തിരിച്ച് പേടിയുടെ ഉള്‍ക്കുളിരോടെ വീട്ടിലേക്കോടും. അതോടെ നിര്‍ത്തും വെള്ളത്തില്‍ ഇറങ്ങിയുള്ള മത്സ്യബന്ധനം. പിന്നീട് വെള്ളം വറ്റിയോ എന്നറിയാന്‍ എപ്പോഴെങ്കിലും എത്തിനോക്കിയാലായി.

                    പിന്നീടുള്ളത് വെള്ളത്തിലേക്ക് ഇറങ്ങാതെയുള്ള മത്സ്യബന്ധനങ്ങളുടെ ഓര്‍മ്മകളാണ്. അവയുടെ ഓര്‍മ്മകള്‍ക്ക് അച്ഛന്റെ രോഗത്തിന്റെയും ക്ഷോഭത്തിന്റെയും കലിപ്പും കൂടെയുണ്ട്. മാമന്റെ വീട്ടുപറമ്പിന്റെ മൂന്നുപുറവുമുള്ള ആരുമാരും യാത്രചെയ്യാത്ത നീര്‍ച്ചാലുകളിലെ മീന്‍ പിടുത്തങ്ങളുടെ ഓര്‍മ്മകളായിരുന്നു അത്. അച്ഛന്‍ പ്രമേഹം മൂര്‍ച്ഛിച്ച് കാലിലെ വ്രണവുമായി തലശ്ശേരി ജനറല്‍ ആശുപത്രിയിലോ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലോ കോഴിക്കോട് മെഡിക്കല്‍ കോളേജിലോ മറ്റോ അഡ്മിറ്റായിരിക്കുന്ന കാലങ്ങളിലാണ് അമ്മയുടെ വീട്ടിലേക്ക് ഞങ്ങള്‍ മൂന്നു മക്കളുടെ അഭയാര്‍ത്ഥി പ്രവാഹമുണ്ടാവുക. മൂത്തത് രണ്ടുപേരും ചേച്ചിമാരായിരുന്നു. അമ്മ ആശുപത്രികളില്‍ കഴിയുന്നുണ്ടാകും. ഒരേയൊരു മാമന്‍ രാത്രികളില്‍ അമ്മക്കും അച്ഛനും തുണ ചേരും. മാമന്റെ വീട്ടില്‍ നിന്നാണ് ആശുപത്രികളിലേക്കുള്ള ഭക്ഷണം കൊണ്ടുപോവുക. രോഗത്തിന്റെ പുറത്ത് തിരിച്ചറിവില്ലാത്ത വിധം ക്ഷോഭക്കാരനായ അച്ഛനെ അവരിരുവരും വീട്ടിലെന്ന പോലെ തന്നെ ആശുപത്രിയിലും സഹിക്കും.

                   മാമന്റെ വീടിന്റെ മുന്‍ഭാഗം വയലായിരുന്നു. വയല്‍ പരന്നു ചെന്ന് വണ്ണാത്തിപ്പുഴയുടെ വക്കത്തുനിന്ന് അപ്പുറത്തെ വയലിനോട് സദാ നാട്ടുവര്‍ത്തമാനം പറഞ്ഞു നില്പാണ്. അണക്കെട്ടില്‍ നിന്നും വെള്ളം താഴേക്കു വീഴുമ്പോള്‍ കൂട്ടിന് കിട്ടിയ മൂളലും എറ്റെടുത്ത് വയലുകള്‍ക്ക് ഇടയിലൂടെ പുഴ എന്നൊന്നും വിസ്തരിച്ച് പറയാനാവാത്ത തോട് ഒഴുകുന്നുണ്ടാകും. വയലിലേക്ക് പുഴയില്‍ നിന്നും വെള്ളം കൊണ്ടുവരാനുള്ള നീര്‍ച്ചാലുകളായിരുന്നു മാമന്റെ വീടിന്റെ മൂന്നു വശങ്ങളിലുമുണ്ടായിരുന്നത്. നാട്ടുകാര്‍ മുന്നിലെ വയല്‍ വരമ്പുകളിലൂടെ നടന്നു വന്ന് പറമ്പിന്റെ ഓരത്തുള്ള നടവരമ്പുകളിലൂടെ അപ്പുറത്തെ വീടുകളിലേക്ക് നടന്നു പോകും.

                    അവിടെയുള്ള എറ്റവും രസമുള്ള കാഴ്ച രാത്രി ഉമ്മറത്ത് ഇരിക്കുമ്പോള്‍ വയലിലൂടെ വരുന്ന ചൂട്ടുവെളിച്ചങ്ങളും ഒന്നിച്ചുള്ള ശബ്ദങ്ങളുമായിരുന്നു. ചൂട്ടുവെളിച്ചങ്ങള്‍ ഉമ്മറത്തിരിക്കുന്ന അമ്മമ്മയോട് വരുന്നേ എന്ന് വിളിച്ചു പറയും. അവര്‍ നടന്നടുക്കുമ്പോഴേക്കും അമ്മമ്മ ആളുകളെ മനസ്സിലാക്കി ങ്ഹാ എന്ന് മൂളും. ഇന്ന് നാട്ടിന്‍പുറങ്ങളിലും ന്യൂക്ളിയര്‍ ഫാമിലികള്‍ രണ്ടുതട്ടുള്ള കോണ്‍ക്രീറ്റ് വീടുകളായി തെല്ലൊരു സ്യൂഡോ വാനിറ്റിയിലും ഗൌരവത്തിലും തല പൊക്കാന്‍ തുടങ്ങിയതോടെ അത്തരം നന്‍മകളും ഇല്ലാതായിട്ടുണ്ട്.

                    അവിടുത്തെ എന്റെ പകലുകള്‍ നടവരമ്പുകളിലിരുന്നു കൊണ്ട് ചൂണ്ടയിടലുകളില്‍ തീരുന്നത് ഞാന്‍ തന്നെ അറിയാറില്ല. സ്ക്കൂളിലേക്കുള്ള പോക്കിനൊക്കെ അച്ഛന്‍ ആശുപത്രിയില്‍ നിന്നും തിരിച്ചു വരുന്നതു വരെ അവധിയായിരിക്കും. അടുക്കള ഭാഗത്തുള്ള വളക്കൂറുള്ള മണ്ണിളക്കി മണ്ണിരകളെ കിളച്ചെടുത്ത് എതെങ്കിലും ഇലയില്‍ അല്പം മണ്ണ് അവക്ക് അവസാനമായി കഴിയാനെടുത്ത് അതില്‍ പിടിച്ചിടും. തല ചായ്ക്കാന്‍ മണ്ണുണ്ടായാല്‍ അവക്ക് പിടിക്കപ്പെട്ടതിലെ പ്രതിഷേധങ്ങള്‍ തെല്ലുമുണ്ടാകില്ല. ഇല്ലെങ്കില്‍ അവ ഇലകളില്‍ നിന്നും നൂഴ്ന്ന്് മണ്ണും തേടിയിറങ്ങും.

                   അവിടെയുള്ള മത്സ്യബന്ധനത്തിന് എന്റെ പ്രായത്തിന്റേതായ പരിണാമങ്ങളുമുണ്ടായിരുന്നു. നന്നേ കുട്ടിയായിരുന്നപ്പോള്‍ തൊടിയിലെ വാഴയില്‍ നിന്നും നാര് കൈനഖങ്ങള്‍ കൊണ്ട് നേര്‍പ്പിച്ചു പറിച്ചെടുത്ത് ഒരു വടിയുടെ അറ്റത്ത് അത് കെട്ടിയുണ്ടാക്കുന്ന ഒത്തൊപ്പിച്ച ബാലാരിഷ്ടതകളുള്ള ചൂണ്ടയായിരുന്നു ഉണ്ടായിരുന്നത്. അവയുടെ അറ്റത്ത് മണ്ണിരയെ നടുവില്‍ മുറുക്കി കെട്ടി കരക്കിരുന്ന് വെള്ളത്തിലേക്ക് ഇടും. മാനത്തുകണ്ണി എന്നും കണ്ണിക്കുറിയന്‍ എന്നൊക്കെ പറയുന്ന തെല്ലും പ്രയാസങ്ങളില്ലാതെ പിടിച്ച് കരക്കു കയറ്റാവുന്ന മീനായിരുന്നു ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിലെ ആദ്യ ഇരകള്‍. അവ വെള്ളത്തിന്റെ മുകള്‍ പരപ്പില്‍ മേലെ നിന്നും വീഴുന്നതിനെയും നോക്കി ഇരിക്കുകയാണ് പതിവ്. മറ്റു പരലുകള്‍ ഒന്നിച്ച് നീന്തിത്തുടിക്കുമ്പോള്‍ തികച്ചും എകാകിയായി നില്പായിരിക്കും കണ്ണിക്കുറിയന്‍മാര്‍.  ചൂണ്ട വെള്ളത്തിലേക്ക് ഇടുമ്പോഴേക്കും അവ ഓടിയെത്തി മണ്ണിരയെ പകുതിയോളം കടിച്ചു പിടിക്കും. ഒരു വലിക്ക് കരയിലേക്ക് അവയെ വലിച്ചിടും. അവയില്‍ ചിലത്  അപ്പോഴാണ് അപകടം തിരിച്ചറിഞ്ഞ് മണ്ണിരയിലെ കടി വിടുന്നതു തന്നെ. ചിലത് കരയിലേക്കുള്ള യാത്രയിലെവിടെ വെച്ചെങ്കിലും വെള്ളത്തിലേക്കു തന്നെ വീഴും. എങ്കിലും മണ്ണിരയെ ഞാത്തിയിട്ടിരിക്കുന്ന വാഴനാരിലെ അപകടത്തിന്റെ  കാര്യമറിയാതെ വീഴ്ചയില്‍ പോലും പാഠം പഠിക്കാതെ വീണ്ടും വന്ന് മണ്ണിരയെ കടിക്കും. ഒരേ പ്രശ്നങ്ങളിലേക്കു തന്നെ ആദ്യത്തേതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ വീണ്ടും വീണ്ടും പെട്ടുപോകുമ്പോള്‍ ആരോടും വലിയ കൂട്ടില്ലാതെ നിലാവില്‍ ഇറങ്ങിയ പോലുള്ള ആ മീനുകളോട് ചേര്‍ത്ത് എന്റെ ജീവിതത്തെ ഞാന്‍ താരതമ്യപ്പെടുത്തി നോക്കാറുണ്ട്. നിലാവിലിറങ്ങിയതു പോലുള്ള സ്വപ്നം കാണുന്ന ജീവിതം എനിക്കും അവക്കും.

                     കരയില്‍ വന്നു വീണിടത്തു നിന്നും പിടച്ചു കൊണ്ടിരിക്കുന്ന അവയെ ചൂണ്ട കരക്കിട്ട് ഓടിച്ചെന്ന് അത്യന്തം സന്തോഷത്തോടെ പിടിച്ച് മാമന്റെ വീട്ടിലെ കിണറ്റിലേക്കിടും. എന്റെ വീട്ടിലെ കിണര്‍ പോലെ മീനുകള്‍ക്ക് സുരക്ഷിതത്തമുള്ള ഒന്നായിരുന്നില്ല മാമന്റെ വീട്ടിലെ കിണര്‍. വയല്‍ പ്രദേശമായിരുന്നതിനാല്‍ ആ കിണറിന് ആഴം നന്നേ കുറവായിരുന്നു. പുള്ളിവാലാട്ടി കിണറ്റിലേക്ക് എന്തെങ്കിലും വീഴുന്നതും കാത്തിരിക്കുന്ന ചേര്‍മീന്‍ എന്റെ നിഴല്‍ മുകളില്‍ കണ്ടാല്‍ പിടിച്ചു കൊണ്ടു വന്ന മീന്‍ താഴത്തേക്ക് ഇടുമ്പോഴേക്കും ഗപ്പ് എന്ന ശബ്ദത്തോടെ അവയുടെ പിന്നാല ഓടിച്ചെന്ന് വായിലാക്കും. പിന്നെ തെല്ലൊന്ന് അടിയിലേക്ക് ഒഴുകി നീന്തി മുകള്‍പരപ്പിലേക്ക് ഉയര്‍ന്നു വന്ന് ചേര്‍മീന്‍ ഒരു കവിള്‍ വെള്ളം അകത്താക്കും. സുന്ദരമായ കാഴ്ച കാണാന്‍ മാമിയോ ചേച്ചിമാരോ അപ്പോഴേക്കും കിണറ്റിനടുത്തേക്ക് ഓടിവന്നിരിക്കും. അടുക്കളയില്‍ തിരക്കിലായിരിക്കുന്ന മാമി കുളിമുറിയുടെ കിണറ്റിലേക്ക് തുറക്കുന്ന അരവാതിലിലൂടയാണ് കിണറ്റിലേക്ക് നോക്കാറ് പതിവ്. ഇനിയുമുണ്ടോ എന്ന് ചേര്‍മീന്‍ അപ്പോഴേക്കും നിശ്ശബ്ദം ചോദിക്കും. വീണ്ടും നടവരമ്പിലേക്ക് ഓടിച്ചെന്ന് മറ്റൊരു കണ്ണിക്കുറിയനെ പിടിച്ചു കൊണ്ടുവരും.

                  ചൂണ്ടയില്‍ കരക്കിടാന്‍ മറ്റു പരലുകളെ തെല്ല് പ്രയാസമായിരുന്നു. അവയില്‍ കൊളോന്‍ എന്ന  വിളിപ്പേരുള്ള കൂട്ടത്തോടെ ഓടിക്കൊണ്ടിരിക്കുന്ന മീനുകള്‍ മണ്ണിരയെ വാഴനാരില്‍ നിന്നും കടിച്ചു പൊട്ടിച്ചോടും. മണ്ണിരയെ അവ തമ്മില്‍ തമ്മില്‍ ചെറിയ തോതില്‍ പിടിവലികളൊക്കെയായി നൊടിനേരം കൊണ്ട് തിന്നുതീര്‍ക്കുന്നത് വാഴനാര് കരയിലേക്ക് അടുത്ത മണ്ണിരയെ കെട്ടാനായി വലിച്ചെടുക്കുമ്പോള്‍ തെല്ലൊരു നഷ്ടബോധത്തോടെ നോക്കിനില്ക്കേണ്ടി വരും. അവയില്‍ എതിനെയെങ്കിലും മിന്നല്‍ വേഗതയില്‍ പിടിച്ച് കരക്കെത്തിക്കാന്‍ ചിലപ്പോള്‍ പറ്റിയാലായി. അവയെ കിട്ടിയാല്‍ പിടിക്കാന്‍ പ്രയാസമുള്ളവയാകയാല്‍ മനസ്സില്‍ തെല്ലൊരു ആത്മവിശ്വാസം വന്നു ചേരും.

                   പിന്നെയുള്ളത് മണ്ണിരയെ വന്ന് ചുംബിച്ച് തീര്‍ക്കുന്ന ഇനത്തില്‍ പെട്ട കാലേക്കൊത്തി മീനുകളാണ്. പുഴയിലിറങ്ങിയാല്‍ കാലില്‍ കൊത്താന്‍ വരുന്നവയാണവ. കാലിന്‍ മേലുള്ള  കൊത്തി, കൊത്തിയില്ലെന്ന നിലപാടു തന്നെയായിരിക്കും അവ മണ്ണിരയോടും കാണിക്കുക. അതേ നിലപാടു തന്നെയാണ് നാട്ടിന്‍പുറത്തെ മീനുകളിലെ വര്‍ണ്ണഭംഗിയാര്‍ന്ന പൂച്ചപ്പരല്‍ എന്നു വിളിക്കുന്ന കടുവയുടെ ചിത്രപ്പണികള്‍ തീര്‍ത്ത മീനുകള്‍ക്കും. അവയുടെ വര്‍ണ്ണ ഭംഗി മനസ്സിനെ വല്ലാതെ മോഹിപ്പിക്കും. മത്സ്യബന്ധന ആത്മചരിതത്തില്‍ പൂച്ചപ്പരലുകളില്‍ ഒന്നിനെ പറ്റി മാത്രമേ കൂടെ പോന്നതായി രേഖപ്പെടുത്താന്‍ വകയുള്ളു. അതിന് ചില്ലുകുപ്പിയിലെ വെള്ളത്തില്‍  വി.ഐ.പി പരിഗണന അതിന്റെ അന്ത്യശ്വാസം വരെ നല്കുകയുമുണ്ടായി.  എന്നിരുന്നാലും അവ രണ്ടുകൂട്ടരേയും പിടിക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. ചൂണ്ട പൊക്കുമ്പോഴേക്കും അവ മണ്ണിരയിലെ ചുംബനം മതിയാക്കിയിരിക്കും. ചുംബനവീരന്‍മാരെ ഭാഗ്യത്തിന് കിട്ടിയാലായി.

                    നാട്ടിലെ പുലത്തോടന്‍ കുഞ്ഞുങ്ങളുടെ വലിയവര്‍ വെള്ളത്തില്‍ തെല്ലു താഴെയായി പുറത്തുകാണാത്തവിധം വെള്ളത്തില്‍ വീണുകിടക്കുന്ന അഴുകിയ ചെടിക്കമ്പുകള്‍ക്ക് ഇടയിലൊക്കെയുണ്ടാകും. പുലത്തോടനെ പോലെത്തന്നെ മുന്നില്‍ കൂര്‍ത്ത കൊമ്പുള്ള നുള്ളിക്കോട്ടി എന്ന മീനും ഉള്ളില്‍ എവിടെ നിന്നെങ്കിലുമാണ് വരിക. മുഴു, വാള എന്നീ മീനുകളും അത്തരത്തില്‍ തന്നെ. മീനുകളില്‍ ഒളിവുജീവിതക്കാരാണിവ. ചെറിയ മീനിനെ പിടിക്കാന്‍ തുനിഞ്ഞിറങ്ങുമ്പോഴായിരിക്കും അവ വന്ന് മണ്ണിരയെ കടിച്ചു പിടിച്ച് ചെടിക്കമ്പുകള്‍ക്ക് ഇടയിലേക്കു തന്നെ ഓടിക്കയറുന്നത്. അപ്പോഴേക്കും വാഴനാര് പൊട്ടിപ്പോയിട്ടുണ്ടാകും. അപ്പോഴാണ് വാഴനാരിന്റെ മത്സ്യബന്ധനത്തിലെ അപരിഷ്ക്യതമായ അവസ്ഥയും പരിമിതികളും  ബോധ്യപ്പെടുക. വീണ്ടും ചെന്ന് വാഴനാര് പൊഴിച്ചെടുക്കുമ്പോഴും മനസ്സിലുണ്ടാവുക നല്ലൊരു വള്ളോം വലയും മുക്കിലെ പീടികയില്‍ പോയി വാങ്ങുന്നതിനെ പറ്റിയുള്ള ചിന്തയായിരിക്കും. മണ്ണിരയെ വലിച്ചോടിയ വലിയ  മീനിന്റെ വലിപ്പവും വല്ലാതെ മനസ്സിനെ മോഹിപ്പിക്കുന്നുണ്ടാകും. വീണ്ടും തീര്‍ത്ത ചൂണ്ട പൊട്ടിപ്പോകാതിരിക്കാന്‍ നടവരമ്പുകളിലൂടെ അപ്പുറത്തെ വീട്ടിലേക്കൊക്കെ നടന്നു ചെന്ന് ശിലായുഗമത്സ്യബന്ധനത്തിന് തെല്ലും ഭീഷണികള്‍ ഉയര്‍ത്താത്ത മുകള്‍പ്പരപ്പിലെ കണ്ണിക്കുറിയന്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്കും.

                   അപ്പോഴായിരിക്കും മോഹിപ്പിച്ചു കൊണ്ട് കൈച്ചില്‍ എന്ന ചേര്‍മീനിനെ പോലെ തന്നെ വലുപ്പമുള്ള മീനിനെ അതിന്റെ നല്ലപാതിയോടൊപ്പം വെള്ളത്തിനടിയില്‍ ചെടിക്കമ്പുകള്‍ കൊണ്ടുള്ള വീട്ടിന്റെ മുറ്റത്ത് കാണുക. തെല്ലൊന്നുമല്ല അവ മോഹിപ്പിക്കുക. അപരിഷ്ക്യതമായ വാഴനാര്‍ ആയുധത്തെ പറ്റി സങ്കടം മനസ്സിന്റെ മുകള്‍പരപ്പിലേക്ക് വന്നു മുകളിലെ വായു വന്നെടുക്കും. 

                   ഇതിന്റെയൊക്കെ ഇടയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി വാഴനാരില്‍ പിടയുന്ന മണ്ണിരയുടെ നേര്‍ക്ക് വെള്ളത്തിന്റെ മണ്‍തിട്ടയോട് ചേര്‍ന്ന് നില്ക്കുന്ന പുല്‍ക്കൂട്ടത്തിന്റെ കാണാമറയത്തു നിന്നും ഒരാള്‍ ചാടി വീഴാനുണ്ട്. നാലു കാലില്‍ ചാടി വീണ് മണ്ണിരയെ നൊടിയിടയില്‍ നാല്ക്കാലി വായിലാക്കും. വായിലായ വാഴനാരിനെ തെല്ലൊന്ന് തലകുടഞ്ഞ് പുറത്തേക്ക് തെറിപ്പിക്കും. പച്ചയും തവിട്ടും കലര്‍ന്ന നിറത്തിലോ ഗോതമ്പിന്റെ നിറത്തില്‍ മേലൊക്കെ പരുപരുപ്പുള്ളതോ ആയ തവളകളാകും അവ. നാലു കാലില്‍ അവ അടുത്ത മണ്ണിരക്കായി മുകളിലേക്ക് സര്‍ക്കസ്സിലെ കോമാളിയെ പോലെ എങ്ങനെയുണ്ട് എന്റെ പെര്‍ഫോമന്‍സ്, ചിരി വരുന്നുണ്ടോ എന്ന പോലെ മുകളിലേക്ക് നോക്കും. ചൂണ്ട വീണ്ടും അവിടെയിട്ടാല്‍ അവ വന്ന് വീണ്ടും തിന്നുകയേയുള്ളു. മറ്റൊരിടത്തേക്ക് ചൂണ്ടക്ക് സ്ഥലംമാറ്റം വാങ്ങി പോവുകയേ പിന്നെ നിര്‍വ്വാഹമുള്ളു.

                   തെല്ലൊന്നു വലുതായെന്ന തോന്നലിന്റെ പുറത്താണ് മാമന്റെ വീട്ടിലെ അഭയാര്‍ത്ഥി പ്രവാഹത്തിലൊന്നില്‍  പുത്തന്‍ വള്ളോം വലയുമായ നങ്കീസും ചൂണ്ടക്കുരുക്കും വാങ്ങുന്നത്. തികച്ചും സാധുവും ഉപകാരിയും മാത്രമായ മണ്ണിര ചൂണ്ടക്കൊളുത്തില്‍ കോര്‍ക്കുമ്പോള്‍ വേദനയില്‍ പുളഞ്ഞു കൊണ്ട് കാട്ടുന്ന പിടപിടപ്പ് മനസ്സ് കല്ലാക്കി കണ്ടില്ലെന്നു നടിക്കും. മണ്ണിര എന്ന വാക്കില്‍ തന്നെയുണ്ട് ഇരയാക്കപ്പെടുന്നത് എന്ന സംഞ്ജ. മണ്‍വിരയല്ലത്. മണ്ണിരയാണ്.
ചൂണ്ടക്കൊളുത്തും നങ്കീസും ആയതോടെ പൊലത്തോടനെ പിടിച്ചു കരക്കിടുക എളുപ്പമായി. അവക്ക് കണ്ണിക്കുറിയന്റെ അതേ സ്വഭാവമാണ്. ചൂണ്ടക്കുരുക്കില്‍ കോര്‍ത്ത മണ്ണിരയിലെ കടി അവ വിട്ടുകളയുകയേ ഇല്ല. അഥവാ വെള്ളത്തിലേക്കു തന്നെ വീണാലും അവ വീണ്ടും വന്നു കടിക്കും. കിട്ടിയ മണ്ണിര തന്റേതു തന്നെയാണെന്ന ചിന്തയാണവക്ക്. ഇരയെ തെല്ലും വച്ചു താമസിപ്പിക്കാനോ മെല്ലെ മെല്ലെ കൊത്തിക്കൊത്തി തിന്നാനോ അവക്കാവില്ല.

                   എല്ലാറ്റിനേയും കിണറ്റിലെ ചേര്‍മീന്‍ തിന്നുതീര്‍ക്കും. അന്നന്നത്തെ മീനുകള്‍ മതിയായെന്നു കണ്ടാല്‍ ചിലതിനെ പിന്നീടുള്ള ദിവസങ്ങളിലേക്ക് കാത്തുവെക്കും. ശത്രുവിനോടൊപ്പം പിടിച്ചിട്ട മീനുകള്‍ ഇറച്ചിക്കടകളിലെ കോഴികളെ പോലെ കിണറ്റില്‍ കഴിയും.
വയലിലൂടെ വാല്‍മാക്രികളെ പോലുള്ള നന്നേ കുട്ടികളോടൊപ്പം കൈച്ചിലിലെ തള്ളമീന്‍ അപൂര്‍വ്വമായി നടപ്പുണ്ടാകും. ചൂണ്ട കണ്‍മുന്നിലേക്കിട്ടാലും തള്ളമീന്‍ ഒന്നു ഗൌനിക്കുക പോലുമില്ല. നാലഞ്ചു തവണ ഇട്ടിട്ടും ഫലമൊന്നുമില്ലെന്നു കണ്ടാല്‍ മണ്ണിര പോരാഞ്ഞിട്ടാകും എന്നു കരുതി പറമ്പില്‍ ചീഞ്ഞുകിടക്കുന്ന ഓലകള്‍ മാറ്റി രാത്രിയില്‍ വയലുകളില്‍ നിര്‍ത്താതെ ശബ്ദമുണ്ടാക്കുന്ന  ചീവീടിനെ പിടിച്ച് കോര്‍ത്ത് കൈച്ചിലിനെ കണ്ടിടത്തേക്ക് ഓടി ചെന്നും. അപ്പോഴേക്കും കുഞ്ഞുങ്ങളെ മേക്കാനിറങ്ങിയ കൈച്ചിലിനെ അവിടെയെവിടെയും കാണാനേയുണ്ടാകില്ല. ഒരു കൂട്ടം കുഞ്ഞുമീനുകളെ നൊടിനേരം കൊണ്ട് അനാഥരാക്കാനുള്ള അന്നത്തെ മോഹത്തിലെ ക്രൂരതയെ പറ്റി ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത്തരം ചിന്തകള്‍ വേണ്ടിയിരുന്നില്ലെന്ന് തോന്നാറുണ്ട്.

                    മാമന്റെ അപ്പുറത്തെ വീട്ടിലെ സതീശന്‍ മത്സ്യബന്ധനത്തില്‍ കൂട്ടു ചേര്‍ന്നതും എതാണ്ട് അക്കാലത്തു തന്നെയായിരുന്നു.  സതീശന്‍ എന്റെ കൂട്ടുകാരനാകുന്നതില്‍ മുഖ്യപങ്കു വഹിച്ചത് തികച്ചും നിശ്ശബ്ദമായി നീര്‍ച്ചാലുകളിലെ മീനുകളാണ്. അവന്റെ അമ്മ വീട്ടിലെ കുട്ടിക്കാലത്തിന്റെ തുടക്കത്തിലേയുള്ള എറെക്കാലത്തെ ജീവിതത്തിനൊടുവില്‍ അവന്റെ അച്ഛന്റെ വീട്ടിലേക്ക് മീനുകളെ കുപ്പിയില്‍ നിന്നും മറ്റൊരു കുപ്പിയിലേക്കെന്ന പോലെ മാറ്റപ്പെട്ട കാലമായിരുന്നു അത്. മീന്‍ പിടിക്കുന്നതില്‍ അവനും അതീവ താല്പര്യമുണ്ടായിരുന്നു. അവന്‍ എന്നേക്കാളും മത്സ്യബന്ധനത്തില്‍ എക്സ്പേട്ടായിരുന്നു. എനിക്കാവില്ലെന്ന് അപകര്‍ഷതയോടെ ഒഴിവാക്കാറുള്ള  മീനുകളെയെല്ലാം അവന്‍ പൂ പറിക്കുന്ന ലാഘവത്തോടെ കരയിലേക്കു പിടിച്ചിട്ടു തന്നു. പിന്നെ ചൂണ്ടയില്‍ മീന്‍ കൊത്തുന്നതു നോക്കലും അവന്‍ കരയിലേക്കിടുന്നതിനെ പിടിച്ചുകൊണ്ട് കിണറ്റിനടുത്തേക്ക് ഓടലും മാത്രമായി എന്റെ ജോലി. ക്രിക്കറ്റില്‍ അടിച്ചു കളിക്കുന്ന കളിക്കാരന് മറ്റേ അറ്റത്തു നിന്നും മുട്ടിമുട്ടി സിംഗിളുകള്‍ എടുത്ത് പരമാവധി സ്ട്രെക്ക് നല്കുന്ന കളിക്കാരന്റെ സ്വഭാവമായി അതോടെ എനിക്ക്. അവന്‍ തെല്ലൊന്നു അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ മാറുമ്പോള്‍ മാത്രം അവനില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കടുങ്കാലി, വാള എന്നിവയെ പോലുള്ള ഭക്ഷ്യയോഗ്യമായ മീനുകളെ പിടിക്കാനുള്ള ആത്മധൈര്യം എനിക്കുണ്ടായി. ശരിക്കും സതീശന്‍ എന്ന മീന്‍പിടുത്തത്തിലെ ഓള്‍റൌണ്ടര്‍ക്ക് ഞാന്‍ ശിഷ്യപ്പെടുകയായിരുന്നു.

                     ഒരു ദിവസം വെള്ളത്തിലെ പൊത്തില്‍ നിന്നും കൈച്ചിലിനെ പോലെ ഒരു മീന്‍ കൊത്തുന്നുണ്ടെന്നും പറഞ്ഞ് അവന്‍ ചൂണ്ടക്കൊളുത്ത് പൊത്തിലേക്ക് താഴ്ത്തിയിട്ടു. തെല്ലുനേരം കാത്ത് ഫലമൊന്നും കാണാതെ വന്നപ്പോള്‍ തെല്ലുകഴിഞ്ഞ് വന്നെടുക്കാം അപ്പോഴേക്കും കൈച്ചില്‍ ചൂണ്ടയില്‍ കുരുങ്ങിയിട്ടുണ്ടാകും എന്നും പറഞ്ഞ് ഞങ്ങള്‍ ഇരുവരും വീടുകളിലേക്ക് മടങ്ങി. അപ്രകാരം വലിയ മീനുകള്‍  ചൂണ്ടയില്‍ കുരുങ്ങാറുമുണ്ടായിരുന്നു. തെല്ല് കഴിഞ്ഞ് ചെന്നു വലിച്ചെടുത്തപ്പോള്‍ ചൂണ്ടയില്‍ മഞ്ഞനിറത്തിലും അടിഭാരത്ത് വെള്ളയില്‍ അടുക്കുകളുമായി ഒരു പാമ്പ് കുരുങ്ങിക്കിടക്കുന്നു. പാമ്പാണെന്നു കണ്ടപ്പോള്‍ ധൈര്യവാനായ അവനു പോലുമില്ല ധൈര്യം. ചൂണ്ട അവിടെ തന്നെ ഇട്ട് പരിഭ്രാന്തിയോടെ വീട്ടിലേക്കോടി.

                   കാര്യമറിഞ്ഞ് മാമനും അവന്റെ ചേട്ടനും ചെന്ന് ചൂണ്ടയില്‍ തൂങ്ങിക്കിടക്കുന്ന അതിനെ പൊക്കിയെടുത്തു കൊണ്ടുപോന്നു. മാമന്‍ അതിനെ തൂക്കിപ്പിടിച്ച് രക്ഷിക്കാന്‍ വകുപ്പുകളില്ലെന്ന് പറഞ്ഞു. പാമ്പിനെ തൊട്ടാല്‍ അത് കടിക്കുമെന്ന് ഉറപ്പാണ്. ആ പാവം നീര്‍ക്കോലിയെ വെള്ളമൊഴുകുന്ന നീര്‍ച്ചാലില്‍ തന്നെ ചൂണ്ടയോടെ ഉപേക്ഷിച്ചു. ചില ദിവസങ്ങളില്‍ പൊത്തുകളില്‍ നിന്നും പുറത്തേക്ക് തലയിടുന്ന പാമ്പുകളെ കണ്ടാല്‍ മേലാകെ ഭയം പുളഞ്ഞു കയറി പാമ്പ്, പാമ്പ് എന്ന് വാക്കുകള്‍ തൊണ്ടയില്‍ നിന്നും പ്രയാസപ്പെട്ട് ഉണ്ടാക്കിയെടുത്ത് ഓടാറുണ്ടായിരുന്ന എനിക്ക് ഇപ്പോഴും ചൂണ്ടയില്‍ കുരുങ്ങി ഒടുങ്ങിയ ആ പാവം പാമ്പിനെ ഓര്‍ത്ത് സങ്കടം തോന്നാറുണ്ട്. മീനുകള്‍ പിടിക്കപ്പെടാനുള്ളതാണെന്ന തോന്നലുള്ളതിനാല്‍ അവയെ പിടിച്ചതിലും ചേര്‍മീനിന് വിഴുങ്ങാനായി കിണറ്റിലേക്കിട്ടു കൊടുത്തതിലും ഇപ്പോഴുമില്ല സഹതാപം. കടലിലെ മീനുകളെ വീട്ടുകാര്‍ മീന്‍കാരനില്‍ നിന്നും വാങ്ങി മുറിക്കുന്നതും ഒന്നിച്ചിരുന്ന് കഴിക്കുന്നതു കൊണ്ടാകും മീനുകളോട് ആരുമാരും ഇന്നേവരെ സഹതപിച്ചു കാണാത്തത്.          

                     മീന്‍ പിടിക്കുന്നതിലെ അഭിനിവേശം കണ്ട് മാമന്‍ ആ ദിനങ്ങളില്‍ ഒരുനാള്‍ ബക്കൂബി എന്ന് എനിക്ക് ഇരട്ട പേരിട്ടു. മീന്‍ ബക്കുന്നവന്‍ അഥവാ പിടിക്കുന്നവന്‍ ബക്കൂബി എന്നാണ് അതിലെ മാമന്റേതു മാത്രമായ ഭാഷാശാസ്ത്രം. നന്നേ വലുതായതോടെ മത്സ്യബന്ധനജീവിതത്തില്‍ നിന്നും പെന്‍ഷന്‍ പറ്റിയിട്ടും ഇന്നും ബക്കൂബി എന്ന പേര് അമ്മയും അമ്മ വീട്ടുകാരും അമ്മയുടെ ബന്ധുക്കളും ഉപയോഗിച്ചു പോരുന്നു. എന്റെ സ്വന്തം പേരില്‍ ഞാനവര്‍ക്ക് തികച്ചും അന്യനാണ്. എനിക്കവരും.

                    മാമന്റെ വീട്ടിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹങ്ങള്‍ നിലച്ചത് ഒമ്പതാം ക്ളാസിനും പത്താം ക്ളാസിനുമിടയിലെ ഒഴിവുകാലത്തെ ദിവസങ്ങളിലൊന്നില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കും അവിടെ നിന്നും വീട്ടിലേക്കും പോയ്ക്കൊള്ളാന്‍ പറഞ്ഞയച്ച അച്ഛന്റെ മടങ്ങിപ്പോക്കോടെയാണ്. പിന്നീട് മാമന്റെ വീട്ടിലേക്ക് എപ്പോഴെങ്കിലുമൊക്കെയുള്ള വിരുന്നു പോകല്‍ മാത്രമായി അഭയാര്‍ത്ഥി പ്രവാഹം ഒതുങ്ങി.

                    എങ്കിലും ഈയടുത്ത് മാമനോടൊപ്പമുള്ള വയല്‍ വരമ്പിലൂടെയുള്ള ഒരു യാത്രയില്‍ പഴയൊരു ഓര്‍മ്മയുടെ പുറത്ത് വയല്‍ വരമ്പ് മുറിഞ്ഞിരിക്കുന്നതിലൂടെ ഒഴുകുന്ന വെള്ളത്തില്‍ നിന്നും ഒരു ചെറുകാല്‍ തട്ടലില്‍ മീനുകളില്‍ ചിലതിനെ വെള്ളത്തോടൊപ്പം കരക്കടിച്ചിട്ടപ്പോള്‍ മാമന്‍ എന്തിനെടാ എന്നും പറഞ്ഞ് എല്ലാറ്റിനേയും കുനിഞ്ഞു പെറുക്കി വെള്ളത്തിലേക്കു തന്നെ ഇട്ടു. ഒരു പക്ഷേ അമിതമായ രാസവളപ്രയോഗങ്ങളാലോ കീടനാശിനി പ്രയോഗങ്ങളാലോ വയല്‍ നികത്തലുകള്‍ പോലുള്ളതോ ആയ പ്രത്യേകിച്ച് തിരിച്ചറിയാനാവാത്ത എന്തൊക്കെയോ കാരണങ്ങളാല്‍ വയലുകളിലെയും നീര്‍ച്ചാലുകളിലേയും മീനുകളുടെ എണ്ണം കുറഞ്ഞതോടെയാകാം പണ്ട് പിടിച്ചു കൊടുത്തവയില്‍ ചിലതിനെയൊക്കെ സ്വാദോടെ കഴിച്ച മാമന്റെ മനസ്സ് പോലും മാറിപ്പോയിട്ടുണ്ടാവുക.

                    അമ്മയുടെ വീട്ടില്‍ ചെന്നാല്‍ റോഡും പുരയിടങ്ങളും ആകാതെ ബാക്കിയായിരിക്കുന്ന വയലിന്റെ കഷണങ്ങളിലേക്കും നീര്‍ച്ചാലുകളിലേക്കും മീനുകളുടെ പഴയ സമ്യദ്ധി കാണാനേയില്ല എന്ന തോന്നലുകളുടെ പുറത്ത് അവ അവിടെ എവിടയെങ്കിലുമുണ്ടോ എന്ന് തെല്ലൊന്ന് നടന്ന് പേര്‍ത്തും പേര്‍ത്തും നോക്കാറുണ്ട്. റോഡില്‍ മഴക്കാലത്ത് വീണു പരക്കുന്ന പെട്രോളിന്റെയോ ഡീസലിന്റെയോ റെയിന്‍ബോ നിറം പോലുള്ള വെള്ളം അവിടവിടെ ശ്വാസം മുട്ടി കിടപ്പുണ്ടാകും. പ്രക്യതിയുമായുള്ള സ്വച്ഛന്ദമായ ഒഴുക്ക് നിലച്ച മാനുഷിക ഇടങ്ങളില്‍ മീനുകള്‍ ഉണ്ടാകുമോ, എന്തോ. തവളകളും പാമ്പുകളും അതെ.

                                                          -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ