2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

അരിമ്പാറ

അരുണ്‍കുമാര്‍ പൂക്കോം



                    നീണ്ട ക്യൂവില്‍ മെല്ലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ ഹോട്ടലിന്റെ പിന്നാമ്പുറത്ത് താന്‍ ബാക്കി നിര്‍ത്തിപ്പോന്ന പാത്രങ്ങളെ പറ്റിത്തന്നെയായിരുന്നു അവരുടെ മനസ്സു മുഴുവന്‍ ചിന്ത. രാവിലെ അടുക്കള ഭാഗത്തേക്ക് വന്ന് പാത്രങ്ങള്‍ മോറുകയായിരുന്ന അവരോട് മുതലാളി പറഞ്ഞു.

                     -എന്താ സുലോചനാമ്മേ വോട്ടിടാന്‍ പോകുന്നില്ലേ? നമ്മുടെ ആള്‍ക്ക് പോയി കുത്തിയേച്ചും വന്നാട്ടെ. വേഗം ചെല്ല്.

                     -ഇതൊന്ന് കഴുകി വ്യത്തിയാക്കി ഒതുക്കിയേച്ച് പതിനൊന്നരയോടെ പോകാം.

                     തേച്ചു കഴുകിക്കൊണ്ടിരുന്ന വലിയ ചെമ്പ് വെണ്ണീരിട്ട ചകിരി കൊണ്ട് ശക്തിയില്‍ ഉരച്ചു കൊണ്ടിരിക്കെ തന്നെ അവര്‍ മറുപടി നല്കി.

                    -ആയ്ക്കോട്ടെ.
             
                     അതും പറഞ്ഞ് മുതലാളി കാഷ് കൌണ്ടറിലേക്കു തന്നെ പോയി.

                     സ്ഥാനാര്‍ത്ഥിയായ ദിനകരന്‍ ചെറൂഴി മുതലാളിയുടെ സുഹ്യത്താണ്. അതാണ് വോട്ടിടാന്‍ മുതലാളി ഇത്രയും നിര്‍ബന്ധം പിടിക്കുന്നത്. ദിനകരന്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ വോട്ടു ചോദിക്കാനായി അനുയായികള്‍ക്കൊപ്പം ഹോട്ടലില്‍ കയറി വന്നപ്പോള്‍ പണിക്കാര്‍ക്കിടയില്‍ നിന്നും അവരെ കാണിച്ചു കൊണ്ട് മുതലാളി ചോദിച്ചു.

                      -ദിനകരന് സുലോചനാമ്മയെ അറിയില്ലേ? പണ്ട് നാടകത്തിലൊക്കെ അഭിനയിച്ച നമ്മുടെ സുലോചനാമ്മ.

                       അവരെ തിരിച്ചറിഞ്ഞ് ദിനകരന്‍ തെല്ലു സങ്കടത്തോടെയും അതിശയത്തോടെയും നോക്കിക്കൊണ്ട് ചോദിച്ചു.

                       -നമ്മുടെ പണ്ടത്തെ ’കള്ളന്‍ കപ്പലില്‍ തന്നെ’ എന്ന നാടകത്തിലെ സുലോചനാമ്മയോ! നമ്മളെയൊക്കെ നിര്‍ത്താണ്ട് ചിരിപ്പിച്ച കുഞ്ഞീലിയായി വന്ന സുലോചനാമ്മ! 

                          മുതലാളിയും അവര്‍ അഭിനയിച്ച നാടകത്തിന്റെ പേരു പറയാന്‍ തുടങ്ങി.

                           -അതു മാത്രോ. ‘ഉണ്ണിയാര്‍ച്ച‘യിലെ ആര്‍ച്ചയായിരുന്നില്ലേ ഇവര്. അതെന്തൊര് നാടകമായിര്ന്ന്.

                          പഴയ പൊന്നിന്‍ കസവുള്ള മുണ്ടും നേര്യതും ഉടുത്ത് സ്റേജിലെത്താറുണ്ടായിരുന്ന ഉണ്ണിയാര്‍ച്ചയെ ഓര്‍ത്ത് ദിനകരന്‍ പറഞ്ഞു.

                         -ആളാകെ മാറിപ്പോയി.

                          മുതലാളി അതു കേട്ട്, കൂട്ടത്തിലൊരു അനുയായി തിടുക്കം കൂട്ടുന്നത് ഗൌനിക്കാതെ പറഞ്ഞു.

                         -സുലോചനാമ്മക്ക് ഇത്തിരി ജീവിതപ്രശ്നങ്ങളൊക്കെയുണ്ട്. അതാ കോലം കെട്ടുപോയത്. ഒരു ചെക്കനുണ്ടായിരുന്നത് എങ്ങാണ്ടോ പോയി. മൂത്ത മോള്ടെ ഭര്‍ത്താവ് ഇവരെ വീട്ട്ന്ന് തച്ചു പുറത്താക്കി. വീട് ബുദ്ധീല്ലാണ്ട് അവന്റെ പേരിലാക്കീരുന്നു. അന്നു രാത്രി ചെറിയൊരു കടുംകൈ ചെയ്യാനൊക്കെ നോക്കീരുന്നു. നേരത്തിന് കണ്ടതു കൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടു. നാട്ടുമുഖ്യസ്ഥൊക്കെ കൂടി പറമ്പത്ത് ചെറുതായൊന്ന് വീടു പോലെ ഒന്നു മറച്ച് ഇപ്പോ അതിന്റാത്താ.

                            പറഞ്ഞതു കേട്ട്  ദിനകരന്‍ പറഞ്ഞു.

                          -സങ്കടാണല്ലോ കാര്യം. ജയിച്ചാല്‍ നോക്കട്ടേട്ടോ. അവശകലാകാരിക്കുള്ള പെന്‍ഷന്‍ നമുക്ക് ശരിയാക്കാം.

                          മുതലാളി അതു കേട്ട് പറഞ്ഞു.

                       - ഒന്നു രണ്ട് സിനിമേലും സുലോചനാമ്മ അഭിനയിച്ചായിര്ന്നു. അതേതായുന്നു, സുലോചനാമ്മേ?

                         അവര്‍ പതിയെ പറഞ്ഞു.

                       -അത് ഒന്നു രണ്ട് പാട്ട് രംഗങ്ങള്ല് ഡാന്‍സ്കാര്ടെ കൂട്ടത്തില് പിന്നിലായ്ട്ട്. 

                       ദിനകരന്‍ അതുകേട്ട് അവരുടെ അടുത്തേക്ക് തെല്ലൊന്നു നീങ്ങി അവരെ ചേര്‍ത്തു പിടിച്ചുകൊണ്ട്  പറഞ്ഞു.

                       -അതൊക്കെ ചെറിയ വേഷങ്ങളല്ലേ. അതിലുമൊക്കെ നന്നായത് ‘ദശരഥന്‍’ നാടകത്തിലെ മന്ഥരയായിട്ടുള്ള കൂനിയുള്ള വരവായിരുന്നു. ശരിക്കും കൂനുണ്ടെന്നേ തോന്നുമായിരുന്നുള്ളു. ഇപ്പോള്‍ ശരിക്കും തെല്ലൊരു കൂനു വന്നല്ലേ.

                       അവര്‍ ചിരിച്ചെന്നു വരുത്തി.

                     -ആയ്ക്കോട്ടെ. നമുക്ക് ശരിയാക്കാം. എനിക്ക് വോട്ടിടാന്‍ മറക്കരുത്.

                     അതു പറയുമ്പോള്‍ ദിനകരന്‍ വാര്‍ധക്യം ബാധിച്ച കൈകള്‍  പിടിച്ച് സ്നേഹത്തോടെ അമര്‍ത്തി.

                      ദിനകരന്‍ പോയതോടെ അവര്‍ മറ്റു പണിക്കാരോടൊപ്പം അടുക്കള ഭാഗത്തേക്ക് പോരികയും പിന്നെ പാത്രങ്ങളിലേക്ക് തിരിച്ചു പോകുകയും ചെയ്തു.

                     ഹോട്ടലില്‍ അവരുടെ ജോലിയതാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞ പാത്രങ്ങള്‍ കൊണ്ടുവരുന്ന മുറക്ക് എടുത്ത് ആദ്യം എച്ചിലുകള്‍ കൊട്ടയിലേക്ക് തട്ടണം. എച്ചിലുകള്‍ അടുത്ത ദിവസം മുന്‍സിപ്പാലിറ്റി തൂപ്പുകാര്‍ വന്ന് എടുത്തു കൊള്ളും. എന്നിട്ട് പാത്രങ്ങള്‍ വലിയ ചാടിയിലെ വെള്ളത്തിലേക്കിടണം. ആദ്യം ഇടുന്നത് അതിലേക്കായതിനാല്‍ അവശിഷ്ടങ്ങളുടെ തിരിച്ചറിയാനാവാത്ത നിറങ്ങളിലേക്ക് പാത്രങ്ങള്‍ മുങ്ങിപ്പോകും. അത് കാണുമ്പോള്‍ വേറെ വഴിയൊന്നുമില്ലാത്തപ്പോള്‍ ഒരു രാത്രി നിലയില്ലാ കിണറ്റിലേക്ക് എടുത്തു ചാടിയതിന്റെയും നാട്ടുകാര്‍ ഓടിയെത്തി രക്ഷിച്ചതിന്റെയും ഓര്‍മ്മ അവരിലേക്ക് പൊങ്ങി വരും.
പാത്രങ്ങള്‍ അവിടെ നിന്നുമെടുത്ത് മൂന്നു  വെള്ളത്തിലാണ് കഴുകുന്നത്. പാത്രങ്ങള്‍ ഡിറ്റേര്‍ജെന്റ് ഇട്ട് നന്നായി കഴുകി അതിന്റെ കുമിളകളുയരുന്ന വെള്ളത്തിലേക്ക് ഇടും. അവിടെ നിന്ന് മറ്റൊരു പാത്രത്തിലേക്ക് . പിന്നെ ചൂടുവെള്ളത്തില്‍ നന്നായി കഴുകി എടുക്കും. പാത്രങ്ങളുടെ കാര്യത്തില്‍ മുതലാളിക്ക് വലിയ കണിശതയും വ്യത്തിയുമാണ്.

                      മുതലാളിയുടെ നല്ല മനസ്സ് കൊണ്ടാണ് അവര്‍ക്ക് അവിടെ ജോലി കിട്ടിയതു തന്നെ. അവരുടെ ഗതികേട് ആരോ പറഞ്ഞറിഞ്ഞ് ആളെ വിട്ട് വരുത്തുകയായിരുന്നു. കുറച്ചുകാലം മുതലാളിക്കുമുണ്ടായിരുന്നു നാടകഭ്രാന്ത്. പിന്നീട് അല്ലറചില്ലറ നഷ്ടങ്ങള്‍ വരുന്നുണ്ടെന്ന് കണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഇടപെട്ട് നിര്‍ബന്ധിച്ച് നാടക പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. അപ്പോഴേക്കും നാടകത്തിന്റെ ഡിമേന്റും കുറഞ്ഞു വന്നു. എല്ലാവര്‍ക്കും മിമിക്സ് പരേഡ് മതിയെന്നായി. പിന്നെ ടി.വിയൊക്കെ എല്ലായിടത്തും വ്യാപകമായപ്പോള്‍ മിനക്കെട്ട് പണ്ടത്തെ പോലെ ആളുകള്‍ നാടകം കാണാനൊന്നും വരാതായി. അവരവരുടെ വീട്ടില്‍ ന്യൂസും റിയാലിറ്റി ഷോയുമൊക്കെ കണ്ടങ്ങിരിക്കും. 

                    ആദ്യത്തെ സിനിമയില്‍ പാട്ടു രംഗമായിരുന്നെങ്കിലും അഭിനയിക്കുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. നല്ല നടിയാണെന്ന് എല്ലാവരും പറയുന്നത് കേട്ടിട്ടുള്ളതിനാല്‍ കൈ നിറയെ അവസരങ്ങള്‍ വരുമെന്നാണ് കരുതിയത്. പ്രതിഫലമായി തന്ന ചെക്ക് വങ്ങുമ്പോള്‍ അതെന്താണെന്ന് അറിയില്ലായിരുന്നു. നാടകത്തില്‍ നിന്നൊക്കെ ലഭിച്ചിരുന്നത് രൊക്കം കാശാണ്. ബാങ്കില്‍ വന്ന് മാറാന്‍ നോക്കിയപ്പോള്‍ അവര്‍ പറഞ്ഞു.

                   -വണ്ടിച്ചെക്കാണ്. നിങ്ങളെ ആരാണ്ടോ പറ്റിച്ചതാണ്.

                   അതു വരെ സന്തോഷവാനായി കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് കാശില്ലെന്നു കണ്ടപ്പോള്‍ വഴി നീളെ വഴക്കു പറഞ്ഞു കൊണ്ടിരുന്നു.

                   -ഈ സിനിമാ സിനിമാന്നു പറേണത് നല്ല കാര്യല്ലാന്ന് ഞനെത്ര തവണ പറഞ്ഞിട്ടുണ്ട്. നീ കേട്ടോ? ഇല്ല. ഇപ്പോ പറ്റിച്ചപ്പോ സമാധാനായല്ലോ? ഇല്ലേ?

                    രണ്ടാമത്തെ സിനിമയുടേയും ഗതി അതുതന്നെയായിരുന്നു. കല്യാണം കഴിച്ച നടികള്‍ക്ക് സിനിമ പറ്റിയ ഇടമല്ലെന്ന് എല്ലാവരും പറയുന്നത് ശരിയാണെന്ന് അവര്‍ക്ക് തോന്നാന്‍ തുടങ്ങിയിരുന്നു. അന്നും ഭര്‍ത്താവ് വഴക്കു പറഞ്ഞു കൊണ്ട് അരിശം തീര്‍ത്തു. ലോഡിംഗ് ഏന്റ് അണ്‍ലോഡിംഗായിരുന്നു ഭര്‍ത്താവിന് പണി. ലോറിയില്‍ നിന്നും വലിയ അരിച്ചാക്ക് താഴെ നിന്നുകൊണ്ട് ഇറക്കാന്‍ നോക്കുമ്പോള്‍ അരിച്ചാക്കുകള്‍ അട്ടി മറിഞ്ഞ് മുതുകത്ത് വീണ് കുറച്ചു നാള്‍ കിടപ്പിലായി. എഴുന്നേല്ക്കാമെന്നായപ്പോള്‍ നടത്തത്തിലൊക്കെ വലിച്ചില്‍ വന്നു. പിന്നെ പണിക്കൊന്നും പോകാന്‍ പറ്റാതായി. ജീവിക്കാന്‍ വേണ്ടി നാടകത്തിന് പോകാന്‍ അപ്പോഴാണ് അവര്‍ തുടങ്ങിയത്. വീട്ടില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ വേറെ നിവ്യത്തിയൊന്നും കണ്ടില്ല. ഭര്‍ത്താവ് പിന്നെ അവരോടൊപ്പം നാടകത്തിന് കൂട്ടു പോകലായി. പിന്നെ നാടകങ്ങളില്ലാത്ത കര്‍ക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയില്‍ വീട്ടിലെ പീഞ്ഞക്കട്ടിലിലെ ഉറക്കത്തിലെപ്പോഴോ നിലത്തു പായയില്‍ കിടക്കുകയായിരുന്ന അവരറിയാതെ അയാള്‍ മരിച്ചും പോയി.

                    ക്യൂവിന്റെ മുന്നിലേക്ക് അവര്‍ ഏതാണ്ട് എത്താനൊരുങ്ങുമ്പോള്‍ സ്ക്കൂള്‍ മുറ്റത്തേക്ക് രണ്ടുമൂന്നു കാറുകള്‍ ഒഴുകി വന്നു. വീഡിയോ ക്യാമറകള്‍ തോളിലേറ്റിയും മറ്റും കുറേ ചെറുപ്പക്കാര്‍ പുറത്തേക്കിറങ്ങി. നടുവിലെ സണ്‍ഗ്ളാസ് ഒട്ടിച്ച കാറിന്റെ ഡോറിലേക്ക് ക്യാമറ ഫോക്കസ് ചെയ്തു. ഡോര്‍ തുറന്ന് അടുത്തിടെ ഇറങ്ങിയ ‘കര്‍ട്ടന്‍ റെയ്സര്‍’ എന്ന ഹിറ്റ് സിനിമയിലെ പുതുമുഖമായ  ചാരു എന്ന ഹീറോയിന്‍ പുറത്തേക്കിറങ്ങി. അവള്‍ എല്ലാവരെയും നോക്കിച്ചിരിച്ചു. മിന്നിത്തിളങ്ങുന്ന സാരിയില്‍ സുലോചനാമ്മയുടെ കണ്ണുകള്‍ തെല്ലൊന്ന് ഭ്രമിച്ചു നിന്നു. അവള്‍ നേരെ പോളിങ്ങ് ബൂത്തിലേക്ക് നടന്നു പോയി.

                    ക്യൂവില്‍ അവരുടെ തൊട്ടു പിന്നില്‍ നില്ക്കുന്ന സ്ത്രീ ആരോടെന്നില്ലാതെ പറയുന്നതു കേട്ടു.

                    -സിനിമാനടിയാണെന്നു വെച്ച് ക്യൂവില്‍ നില്ക്കാനൊന്നും പാടില്ലേ, ആവോ? നമ്മള് സാധാരണക്കാര് സിനിമാ തീയേറ്ററില് ക്യൂവില്‍ നിന്നിട്ടല്ലേ ഇവരൊക്കെ ഹീറോയും ഹീറോയിനുമൊക്കെ ആകുന്നത്. എന്തേലെങ്കിലുമായിക്കോട്ടപ്പാ. ഞാന്‍ പറഞ്ഞെന്നേയുള്ളു.

                      ആ സ്ത്രീ പറഞ്ഞത് പക്ഷേ ആരും ശ്രദ്ധിച്ചില്ല. എല്ലാവരും ചാരുവിനെ കണ്ട സന്തോഷത്തില്‍ ഭ്രമിച്ചു നില്ക്കുകയായിരുന്നു. ചിലരൊക്കെ ക്യൂവില്‍ നിന്നുകൊണ്ട് അകത്തേക്ക് എത്തിനോക്കിക്കൊണ്ടിരുന്നു. 

                      പോളിംഗ് ബൂത്തില്‍ നിന്നും മടങ്ങുമ്പോള്‍ കാറിന്റെ അടുത്തു നിന്നും ചാരുവിനെ ചാനലുകാരും പത്രക്കാരും പൊതിഞ്ഞു. അതിലൊരാള്‍ നീണ്ട മൈക്ക് നീട്ടിക്കൊണ്ട് ചോദിച്ചു.

                       -ചാരുവിന്റെ കന്നി വോട്ടാണോ?

                         അവള്‍ പറഞ്ഞു.

                         -അതെ. കഴിഞ്ഞ ബൈ ഇലക്ഷന് വോട്ടിടാനുള്ള പ്രായമായിരുന്നില്ല.

                          മറ്റൊരാള്‍ ചോദിച്ചു.

                          -എന്താണ് വോട്ടിംഗ് അനുഭവം?

                          അവള്‍ തെല്ലൊന്ന് ആലോചിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.

                            -സന്തോഷം തോന്നി.

                            -അടുത്ത പടമേതാണ്?

                            -ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഡിസ്കഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്.

                            -ആദ്യ സിനിമ കര്‍ട്ടന്‍ റെയ്സര്‍ തന്നെ സൂപ്പര്‍ ഹിറ്റായല്ലോ. സന്തോഷം തോന്നുന്നോ?

                              -തീര്‍ച്ചയായും. ഒരുപാട് നന്ദിയുണ്ട് അതിലേക്ക് എന്നെ കാസ്റു ചെയ്ത അജിലേഷേട്ടനോട്. ഹീ ഈസ് എ ബ്രില്ല്യന്റ് ഡയറക്ടര്‍. പിന്നെ ഹീറോ ആയ സുഖൈലും നല്ല ഹെല്‍പ്പു ചെയ്തു. എല്ലാ കോ സ്റാര്‍സും സോ ഫ്രണ്ടിലി ആയിരുന്നു.  ടോട്ടലി സെറ്റു മുഴുവന്‍ നല്ല ജോളിയായിരുന്നു. സോ നൈസ്.

                          അപ്പോള്‍ ചാരുവിന്റെ മൊബൈല്‍ ഫോണ്‍ ഒരു ഇംഗ്ളീഷ് പാട്ടു പാടാന്‍ തുടങ്ങി. അവള്‍ അതു നോക്കിയിട്ട് കോള്‍ സ്ക്രീനില്‍ തൊട്ടെടുത്ത് ചെവിയോട് ചേര്‍ത്തു പിടിക്കുന്നതോടൊപ്പം തിടുക്കത്തില്‍ കാറില്‍ കയറാന്‍ നോക്കുകയും ചെയ്യുന്നതിനിടയില്‍ അവരോട് എല്ലാവരോടുമായി പറഞ്ഞു.

                          -എക്സ്യൂസ് മി. തുഷാര ചാനലില്‍ അന്താക്ഷരി പ്രോഗ്രാമില്‍ സെലിബ്രിറ്റി ഗസ്റാണ്. വേഗം ചെല്ലേണ്ടതുണ്ട്. ദേ ആര്‍ വെയ്റ്റിംഗ് മി ഇന്‍ സ്റുഡിയോ. പിന്നീട് കാണാം.

                          അതും പറഞ്ഞ് കാറിലെ സീറ്റില്‍ ഇരുന്നിടത്തു നിന്നും അവള്‍ മൊബൈല്‍ ഫോണിലേക്ക് മുഖം ചേര്‍ത്ത് പറഞ്ഞു.

                       -ഇതാ പുറപ്പെട്ടൂട്ടോ.

                       നീങ്ങിപ്പോകുന്ന ആ വര്‍ണ്ണഭംഗി കണ്ട് പഴയ സിനിമാസെറ്റുകളിലേക്ക് സുലോചനാമ്മയുടെ മനസ്സ് വാ പൊളിച്ചു നിന്നുപോയി. മിന്നിത്തെളിയുന്ന ജോര്‍ജെറ്റ് സാരിയില്‍ ചഷകം കൈയിലേന്തി വെളിച്ചം ഒളിവെട്ടുന്ന ബാറില്‍ ന്യത്തം വെക്കുന്ന നായികയുടെ പിന്നിലായി താന്‍ താളത്തില്‍ മേനിയിളക്കുന്നത് അവര്‍ക്ക് ഓര്‍മ്മ വന്നു. തന്റെ മുഖം കറുത്ത നിഴലില്‍ തെളിഞ്ഞിരുന്നില്ല.
അവര്‍ സിനിമയില്‍ അഭിനയിച്ചതു കാണാനായി സിനിമാ കൊട്ടകയിലേക്ക് കൂട്ടിന് വന്ന സുനന്ദ എന്ന കൂടെ അഭിനയിക്കുന്ന നാടക നടി അടുത്തേക്ക് ചാഞ്ഞ് കൈ കൊണ്ട് വായ മറച്ച് ചെവിയിലേക്ക് മെല്ലെ പറഞ്ഞു.

                      -ഇടത്തേ അറ്റത്തല്ലേ ചേച്ചിയുള്ളത്? വയറിന് ഓരത്തായതാ ചേച്ചീടെ അരിമ്പാറ കാണുന്നു. 

                      ഓര്‍മ്മകളെ മുറിച്ചുകൊണ്ട് ക്യൂവില്‍ തൊട്ടു പിന്നില്‍ നില്ക്കുന്ന സ്ത്രീ തെല്ല് മുഷിച്ചിലോടെ അവരോട് പറഞ്ഞു.

                     -നോക്കി നിക്കാണ്ട് അകത്തേക്ക് ചെല്ല്, പെമ്പിറന്നോരേ. മനുഷ്യര് വന്ന് ക്യൂ നില്ക്കാന്‍ തുടങ്ങിയിട്ട് നേരമൊത്തിരിയായി.         

                      ക്യൂവില്‍ മുന്നിലേക്ക് യാന്ത്രികമായി നടന്നതിനാലും പലതും ആലോചിച്ചു കൊണ്ടിരുന്നതിനാലും മുന്നിലെത്തിയത് അവര്‍ അറിഞ്ഞതേയില്ലായിരുന്നു.

                       -ഓ. ഞാനിങ്ങ് മുന്നിലെത്തിപ്പോയിരുന്നോ.

                       അവര്‍ തെല്ലൊന്നുറക്കെ തന്നോടു തന്നെ പറഞ്ഞു. പാത്രം തേച്ചുകഴുകി തെല്ലൊന്ന് കൂനിയ ശരീരത്തെ അവര്‍ സ്ക്കൂളിന്റെ അകത്തേക്ക് കാലിന്റെ മുട്ടില്‍ പിടിച്ചു കൊണ്ട് കയറ്റി.

                       ഇലക്ട്രോണിക് മെഷിനില്‍ ദിനകരനെ തെല്ലൊന്ന് തെരഞ്ഞതിനു ശേഷം കണ്ടെത്തി ബട്ടണ്‍ അമര്‍ത്തി.  പിന്നെ മെല്ലെ  പുറത്തേക്കിറങ്ങി.


                        ഹോട്ടലിലേക്ക് കൂനിക്കൊണ്ട് നടക്കുമ്പോള്‍ അവര്‍  തന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിലെ വയലറ്റു മഷി വെറുതെയൊന്ന് നോക്കി. വലിയ ലോകത്ത് താന്‍ എന്ന സാധാരണക്കാരി തിരിച്ചറിയപ്പെടുന്നത് ചില അടയാളങ്ങളിലാണെന്ന് അവര്‍ വെറുതെ ഓര്‍ത്തു.        

                                                                  -0- 

(ജനശക്തി വാരിക)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ