2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

കാക്കക്കൂട്

അരുണ്‍കുമാര്‍ പൂക്കോം


കുറച്ചുനാള്‍ക്കകം തിരിച്ചുവന്നപ്പോള്‍
ഉമ്മറത്ത് വലിച്ചുചാടിയ ബീഡിക്കുറ്റികള്‍
കെടുത്തിച്ചാടിയ തീപ്പെട്ടിക്കമ്പുകള്‍ക്കൊപ്പമിരുന്ന്
ബഹളത്തോടെ കാശുവെച്ചു ചീട്ടുകളിക്കുന്നു.
എവിടെ നിന്നോ വന്ന കുഞ്ഞുകല്ലുകള്‍
മറ്റൊരിടത്ത് മൌനമായി നിര കളിക്കുന്നു.
ഇളക്കിമാറ്റിത്തുറന്നിട്ട വാതിലുകള്‍
തിരക്കുപിടിച്ച് അതുവഴി വന്ന കാറ്റിനോട്
ഗദ്ഗദം പൊഴിച്ച് സങ്കടം പറഞ്ഞു.
കള്ളന്‍മാരായ കുയിലുകള്‍ കണ്ണില്‍
കണ്ടതെല്ലാം കവര്‍ന്നു കടന്നു കളഞ്ഞു.
വൈദ്യുതിവിളക്കുകള്‍, മേശകള്‍, കസേരകള്‍,
അമ്മി, അമ്മിക്കുട്ടി, ഉരല്‍, ഉലക്ക,
മേല്‍ക്കൂരയിലെ ഓടുകള്‍, മരത്തൂണുകള്‍..
കേട്ടുനില്ക്കാന്‍ നേരമില്ലാഞ്ഞ് കാറ്റു പറഞ്ഞു.
അടച്ചിട്ടുപോയ കൂടുകള്‍ എല്ലാം ഇപ്പടി തന്നെ.
കട്ടുപോയതിന്‍ കണക്കു വേണ്ട,
കവരാതെ മിച്ചമുള്ളതെന്തേലുമുണ്ടെങ്കില്‍
കേള്‍ക്കാന്‍ ആയതിന്‍ കണക്കു മതി.……
പോകും വഴി ഒരുപാടൊരുപാട് ജോലിയുണ്ട്.
പൂക്കളുമിലകളും പൊഴിക്കാനുണ്ട്.
കാത്തുനില്ക്കുന്നോരപ്പൂപ്പന്‍ താടികള്‍ പറത്താനുണ്ട്.
രാത്രി പാല പൂത്തൊരാ കാര്യം പറയാനുണ്ട്.
നൂറുകൂട്ടം പണി കിടപ്പൂ.
തിരിച്ചു വരുമ്പോള്‍ നേരമുണ്ടെങ്കില്‍ കേട്ടു നില്ക്കാം.
അകത്ത്, സ്വീകരണമുറിയില്‍ ഒഴിഞ്ഞ കള്ളിന്‍കുപ്പികള്‍
ലഹരിയില്‍ വെളിവുമറഞ്ഞ് പിച്ചും പേയും
പറയുന്നതിനിടയില്‍ ആടി ഉഴറുന്നു.
പാനപാത്രത്തില്‍ പകരാനൊരു പുതുകുപ്പിക്കായി
കുടിച്ച് കണ്ണുപോയൊരു
കുരുടന്‍ കുയില്‍ ഇരുളില്‍ തപ്പുന്നു.
തീന്‍മുറിയില്‍, ആര്‍ത്തിയോടെ തിന്നതിന്‍ ശേഷിപ്പുകള്‍
ഈച്ചയാര്‍ത്തുറുമ്പരിച്ച് മുടന്തന്‍ പുഴുക്കള്‍
വലിഞ്ഞിഴഞ്ഞു വരുന്നതും നോക്കിയിരിക്കുന്നു.
അമ്മയുള്ള കാലം കൊക്കു കൊണ്ട് കൊത്തിക്കൊത്തി
വൃത്തിയാക്കിയൊരിടമായിരുന്നെന്ന്
ഓര്‍മ്മകള്‍ ഓടിയെത്തുന്നു.
കിടപ്പറയില്‍ കുപ്പായക്കുടുക്കുകളും
കാലുറക്കുടുക്കുകളും
വളപ്പൊട്ടുകളും പശപ്പൊട്ടുകളും
പൊട്ടിവീണ പാദസരങ്ങളും
ഊരിവീണ മുടിക്കുത്തികളും
പലകേളികളാടുന്നു.
അകത്ത് കൊത്തിത്തിന്നാന്‍
പാകത്തിലിളം കനികളുണ്ടെന്നും
വിലക്കപ്പെട്ടതല്ലെന്നും കുയിലുകള്‍
 മായപ്പാമ്പുകളായി വന്ന്
അശ്ളീലച്ചുവയും ചേഷ്ടകളും ചേര്‍ത്ത് കാതില്‍
പിമ്പുകളായി വന്നടക്കം പറയുന്നു.
പഠനമുറിയില്‍, വടിവാളുകളും കഠാരകളും മഴുകളും
പ്രകോപന ബാനറുകളും അന്യോന്യം തുറിച്ചുനോക്കി
ഒന്നുമറ്റൊന്നിനെ കൊല്ലാന്‍
തക്കം പാര്‍ത്ത് ഒരുങ്ങി നില്ക്കുന്നു.
കാലും കൊക്കും പൊട്ടിത്തെറിച്ച് ജീവന്‍ പോകാതെ
തിരിച്ചിറങ്ങാന്‍ കഴിഞ്ഞതേ ഭാഗ്യം.
അടുക്കളയില്‍ ഒരു പെണ്‍കുയിലും ഒരാണ്‍കുയിലും
ജീവിതനൈരാശ്യം പിരിച്ചുപിരിച്ചൊരു കയറാക്കി
അതിനറ്റത്തിരു തലകളിലും ഓരോരോ കുരുക്കിട്ട്
കണ്ണുതള്ളിച്ച് നാക്കും പുറത്തിട്ട് ചീഞ്ഞളിഞ്ഞഴുകി
വാട വമിച്ച് തൂങ്ങിച്ചത്താടുന്നു.
മാംസനിബന്ധമായിരിക്കില്ല രാഗമെന്നാകിലും
കണ്ണിനും മൂക്കിനും മനസ്സിനും കാഴ്ചയതു വിമ്മിട്ടം.
ഇല്ലില്ല, ബലിയിനിമേല്‍ ഉണ്ണേണ്ടതില്ല, നിശ്ചയം.
ശിഥിലമെന്നാകിലും പഴയൊരോര്‍മ്മകള്‍ മനസ്സില്‍
കാത്തുവെച്ചീ കൂട് പൊടുന്നനെ പൊളിച്ചുകളഞ്ഞേക്കാം.
കുയിലുകളില്ലാത്ത മറ്റൊരു നാട്ടില്‍, മറ്റൊരു മരത്തില്‍,
മറ്റൊരു കൂട് കൂട്ടിയേക്കാം.
  

                                            -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ