2013, ജൂൺ 22, ശനിയാഴ്‌ച

മുട്ടകളുടെ അച്ഛന്‍ എന്ന നിലയില്‍ ഒരു ആണ്‍പ്രാവിന്റെ ജീവിതാവസ്ഥകള്‍


                            കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെറ്റേണിറ്റി വിഭാഗത്തില്‍ ഡോക്ടറെ കാണിക്കാന്‍ ഊഴവും കാത്ത് അവള്‍ അകത്ത് ഇരിക്കുമ്പോള്‍ അവള്‍ വരുന്നതു വരെ പുറത്ത് വെറുതെ നില്ക്കലും പിന്നെ പുറത്തേക്ക് ഇറങ്ങിയുള്ള നടപ്പും മെഡിക്കല്‍ കോളേജ് കോമ്പൌണ്ട്ിനു അകത്തുള്ള ഇന്ത്യന്‍ കോഫി ഹൌസില്‍ ചെന്നുള്ള ഒന്നോ രണ്ടോ തവണയുള്ള ചായ കുടിയും ഒക്കെയാണ് സമയം നീങ്ങിക്കിട്ടാന്‍ ചെയ്യാറുള്ളത്. മുന്നിലെ റോഡ് വക്കില്‍ താല്ക്കാലികമായി ഒരുക്കിയ ഷെഡുകളില്‍ ഒരു ആശുപത്രിയില്‍ രോഗികള്‍ക്കും ബൈസ്റാന്റേഴ്സിനും കാണാന്‍ വരുന്നവര്‍ക്കും ആവശ്യം വേണ്ട ഏറെക്കുറെ എല്ലാമുണ്ട്. തലയിണകള്‍, കിടക്ക, പുല്ലുപായ, പിറന്നു വീണ കുഞ്ഞുങ്ങള്‍ക്കുള്ള ഗിഫ്റ്റുകള്‍, സോപ്പ്, ചീര്‍പ്പ്, കണ്ണാടി, കഞ്ഞി വാങ്ങാനുള്ള സ്റീല്‍ പാത്രങ്ങള്‍ - അത്തരത്തില്‍ എല്ലാം. എല്ലാം നടന്നു കാണുമ്പോഴും തിരിച്ച് അവള്‍ വരാനായോ എന്ന് രണ്ടു മൂന്നു തവണയെങ്കിലും ചെന്നു നോക്കിക്കൊണ്ടേയിരിക്കും. തെല്ലു നേരേം അകത്തേക്ക് പോയവരെ കാത്തു നില്ക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്ന് അവിടെ തന്നെ നില്ക്കും.


                          ഈയിടെ പോയപ്പോള്‍ അവിടെ നിന്നും വെറുതെ ചുറ്റും നോക്കിക്കൊണ്ടിരിക്കെ കണ്ടത് മെഡിക്കല്‍ കോളേജിന്റെ ചുമരില്‍ കൂടു കൂട്ടുന്ന പ്രാവുകളെയാണ്. പെണ്‍പ്രാവ് കൂട്ടില്‍ തന്നെ ഇരിപ്പാണ്. ആണ്‍പ്രാവ് പുറത്തേക്ക് പറന്നു പോയി ചുള്ളിക്കമ്പുകളുമായി പാറി വരുന്നു. കൊണ്ടു ചെല്ലുന്ന കമ്പുകളെ കൂട്ടില്‍ കൊക്ക് കൊണ്ട് ചേര്‍ത്തു വെക്കുന്നത് പെണ്‍പ്രാവിന്റെ ജോലിയാണ്. ഓരോ കമ്പ് കൊണ്ടു ചെല്ലുമ്പോഴും ആണ്‍പ്രാവ് പെണ്‍പ്രാവിനെ കൊക്കു കൊണ്ട് സ്പര്‍ശിച്ചു കൊണ്ടിരുന്നു. തെല്ലിട അവിടെ ചുറ്റിപ്പറ്റി ഇരുന്ന് വീണ്ടും ആണ്‍പ്രാവ് പുറത്തേക്ക് പറന്നു പോവുകയും കമ്പുകളുമായി തിരിച്ചു വരികയും ചെയ്തു കൊണ്ടേയിരുന്നു. 



                        നന്നേ കാലത്ത് റെയില്‍വേ സ്റേഷില്‍ നിന്നും കിട്ടിയ സ്ളീപ്പര്‍ ക്ളാസ് ടിക്കറ്റ് വാങ്ങി നോക്കി അത്തരമൊരു സംവിധാനമുണ്ടല്ലേ എന്ന് സീസണ്‍ ടിക്കറ്റില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി ദിവസവും കോഴിക്കോട് വന്നു പഠിച്ച അവള്‍ എന്നോട് അത്ഭുതപ്പെട്ടു. തിരക്കില്ലാത്ത കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യാമല്ലോ എന്ന ആശ്വാസം അതുകണ്ടപ്പോഴേ അവള്‍ക്കുണ്ടായിരുന്നു. സ്ളീപ്പര്‍ ക്ളാസില്‍ ഒഴിവുള്ളതു കൊണ്ട് ഭാഗ്യം കൊണ്ട് കിട്ടിയതാണെന്നൊന്നും പറയാന്‍ നിന്നില്ല. ആ ടിക്കറ്റ് കണ്ടപ്പോള്‍ എന്നോട് അവള്‍ക്ക് തോന്നിയ മതിപ്പ് ഭാഗ്യത്തിന്റെ എക്കൌണ്ടിലേക്ക് പോകേണ്ടതില്ലല്ലോ. ചുള്ളിക്കമ്പുകള്‍ എവിടെ നിന്നും എങ്ങനെയൊക്കെ കൊത്തിക്കൊണ്ടു വരുന്നു എന്ന കാര്യമൊന്നും ഒരിക്കലും പെണ്‍പ്രാവിനോട് ആണ്‍പ്രാവ് പറയാതിരിക്കുന്നതാണ് ബുദ്ധി. പെണ്‍പ്രാവിനാകട്ടെ,  ആണ്‍പ്രാവ് കൊണ്ടു ചെല്ലുന്ന ചുള്ളിക്കമ്പുകള്‍ എന്തുകൊണ്ടൊക്കെയോ വലിയ കാര്യവുമാണ്.



                         തികച്ചും വിവേചിച്ചറിയാനാകാത്ത ചില രസതന്ത്രങ്ങളിലാണ് ജീവജാലങ്ങളില്‍ ആണ്‍പെണ്‍ പരസ്പരജീവിതം സാധ്യമാകുന്നത്. ആ ആണ്‍പ്രാവിനു എഴുത്തും വായനയും അറിയാത്തതു കൊണ്ട് അവനു വേണ്ടി ഞാനിതിവിടെ കുറിക്കുന്നു.

                                                                    -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ