2011, ഡിസംബർ 3, ശനിയാഴ്‌ച

ബ്ളോഗിടങ്ങളിലെ അഭയാര്‍ത്ഥിപ്രവാഹങ്ങള്‍

അരുണ്‍കുമാര്‍ പൂക്കോം


                    പുതുകാലത്ത് മുഖ്യധാരാ ആനുകാലികങ്ങളില്‍ പലതും സര്‍ഗ്ഗാത്മകതക്ക് വലിയ ഇടമൊന്നും നല്കാത്ത തരത്തില്‍ ദ്യശ്യമാധ്യമങ്ങളുടെ അച്ചടിക്കപ്പെട്ട വേര്‍ഷനുകളായ  ചില വനിതാ പ്രസിദ്ധീകരണങ്ങളെ അനുകരിച്ചു കൊണ്ട് വിറ്റഴിക്കപ്പെടാനുള്ള സാധ്യതകളെ പരീക്ഷിക്കുന്നതും പിന്തുടരുന്നതുമായിട്ടാണ് കണ്ടു വരുന്നത്. ടി.വിയിലെ സിനിമകളിലേക്കും സിനിമാ പാട്ടുകളിലേക്കും അതിന്റെ ഹാസ്യകഷണങ്ങളിലേക്കും അതുപോലെ ഹാസ്യഅനുകരണങ്ങളിലേക്കും  സിനിമ പോലെത്തന്നെ എന്റര്‍ടെയിന്‍മെന്റാക്കപ്പെട്ട വാര്‍ത്തകളിലേക്കും സിനിമയിലെ ഗാനങ്ങളെയോ ന്യത്തങ്ങളെയോ  അവലംബിച്ചു കൊണ്ടുള്ള റിയാലിറ്റി ഷോകളിലേക്കും ഒതുങ്ങിപ്പോയ ജനവിഭാഗത്തിന് നാടകബോധവും കഥാപ്രസംഗബോധവും റേഡിയോയുടെ കേള്‍വി ബോധവും മാത്രമല്ല നഷ്ടപ്പെട്ടിരിക്കുന്നത്. നല്ലൊരു വായനാ ബോധവും കൂടിയാണ്. പുസ്തകങ്ങള്‍ ബിബ്ളിയോഗ്രാഫര്‍മാരിലേക്കും പല ലൈബ്രറികളിലേക്കും വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ വായന നൂറു ശതമാനവും സാധ്യമാകുന്നുണ്ടോ എന്ന അന്വേഷണത്തിന്റെ കണ്ടെത്തല്‍ ചിലപ്പോള്‍ തുലോം കുറവാണെന്നു തന്നെയായിരിക്കും.

                    വലിയ ബുദ്ധിയും ചിന്തകളുമൊന്നും ആവശ്യമില്ലാത്ത തരം വായനാനുഭവം നല്കുന്ന അഭിമുഖസംഭാഷണങ്ങളാണ് പ്രാധാന്യത്തോടെ മിക്ക പ്രസിദ്ധീകരണങ്ങളിലും ഈയിടെയായി കണ്ടുവരുന്നത്. പ്രസ്തുത അഭിമുഖങ്ങള്‍ ഗൌരവതരമായ ചിന്തകള്‍ക്കോ ചര്‍ച്ചകള്‍ക്കോ പകരം തികച്ചും നിസ്സാരമായ വ്യക്തിതാല്പര്യങ്ങളെയോ കൂട്ടുകെട്ടുകളെയോ പരസ്പരസ്പര്‍ദ്ധയെയോ പരസ്യപ്പെടുത്തലുകളായി മാറിപ്പോകുന്നതായാണ് കാണാറുള്ളത്. സുരക്ഷിതമായ ചത്വരങ്ങളില്‍ ഇരുന്നുകൊണ്ടുള്ള വെറുതെ തോന്നുംപടി വിളിച്ചുപറയലുകളായും അവ മാറാറുണ്ട്. ഇന്റനെറ്റിലെ വെബ്ക്യാമറക്ക് മുന്നില്‍ അന്യോന്യം കണ്ടുകൊണ്ട് അഭിമുഖം നടത്താന്‍ മാത്രം ശാസ്ത്രസാങ്കേതിക വിദ്യ പുരോഗമിച്ചിരിക്കുന്ന പുതുകാലത്ത് വ്യക്തികള്‍ തമ്മില്‍ അഭിമുഖങ്ങളില്‍ ഏര്‍പ്പെടാന്‍ എളുപ്പവുമാണ്. ചില ചോദ്യങ്ങള്‍ അയച്ചു കൊടുത്താല്‍ ക്യത്യമായി മറുപടി ആലോചിച്ച് തയ്യാറാക്കുവാനുള്ള സാദ്ധ്യതകളും വിവര സാങ്കേതിക വിദ്യ അത്യന്തം പുരോഗമിച്ചിരിക്കെ അഭിനവ അഭിമുഖ ബഹളങ്ങളില്‍ ചിലതിലൊക്കെ സംഭവിക്കുന്നില്ലേ എന്നും സംശയിക്കേണ്ടതുണ്ട്. വായനക്കാരന് താല്പര്യമുള്ളതു മാത്രം വെറുതെ ചികഞ്ഞു ചികഞ്ഞു വായിച്ചു പോകാമെന്ന ക്ഷണിക പ്രാധാന്യമുള്ള വായനക്കാണ് അഭിമുഖങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ആനുകാലികങ്ങളിലെ അഭിമുഖങ്ങള്‍ ടി.വിയിലെ നിരവധി ചാനലുകളിലെ അഭിമുഖങ്ങളുടെ അച്ചടിക്കപ്പെട്ട വേര്‍ഷനുകള്‍ ആണെന്നതിനപ്പുറം മറ്റൊന്നുമല്ല. വായിച്ചു തീരുമ്പോഴും എഴുന്നേറ്റു പോരുമ്പോഴും ചാനലുകള്‍ മാറ്റുമ്പോഴും അവ വായനക്കാരിലോ പ്രേക്ഷകരിലോ തെല്ലുനേരം സമയം നീക്കി എന്നതിനപ്പുറം യാതൊന്നും ഉല്പാദിപ്പിക്കുന്നുണ്ടെന്നും തോന്നുന്നില്ല. പുതുകാലത്തിന്റെ ആപ്തവാക്യങ്ങളില്‍ ഒന്ന് സമയം എന്നത് കളയാന്‍ കൂടിയുള്ളതാണെന്നതാണ്.                        

                     പലപ്പോഴും സമൂഹത്തിന് ഒരു എഴുത്തുകാരനെ അളക്കാന്‍ എഴുത്തിനപ്പുറവും വായനക്കപ്പുറവും അദ്യശ്യമായ അളവുതൂക്കങ്ങളുമുണ്ട്. എഴുത്തുകാരനെ മാത്രമല്ല, സമൂഹത്തിലെ ഏതു തുറകളിലുള്ളവരെയും അദ്യശ്യമായ അളവുതൂക്കങ്ങളുമായാണ് മറ്റുള്ളവര്‍ അളക്കുന്നത്. ചില അടയാളങ്ങളിലൂടെ ഒരു വിഭാഗം പൊതുസമൂഹത്താല്‍ തിരിച്ചറിയപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുമ്പോള്‍ തന്നെ മറ്റൊരു വിഭാഗം മറ്റ് അടയാളങ്ങളിലൂടെ പൊതുമനശാസ്ത്രപ്രശ്നങ്ങളാല്‍ തഴയപ്പെടുകയോ മാറ്റി നിര്‍ത്തപ്പെടുകയോ ചെയ്യുന്നുമുണ്ട്. ഒരേ വിഭാഗങ്ങളിലുള്ളവരോട് അതേ വിഭാഗത്തില്‍ പെട്ട ഏതൊരാള്‍ക്കും തോന്നാവുന്ന സഹജാവബോധം സാഹിത്യാസ്വാദനത്തെ ബാധിച്ചു കാണാറുണ്ട്. തങ്ങളുടെ വിഭാഗങ്ങളെ പരസ്പരം താങ്ങിനിര്‍ത്താന്‍ അവരില്‍ ചിലരൊക്കെ ശ്രമിച്ചുകൊണ്ടിരിക്കും. നിലവാരമില്ലാത്ത ക്യതികള്‍ പോലും ഇത്തരത്തില്‍ വാഴ്ത്തപ്പെടും. സമാനതകളില്‍ വിഹരിക്കുന്നവര്‍ക്ക് അവരുടെ അംഗസംഖ്യക്ക് അനുസരിച്ച് ആസ്വാദകര്‍ കൂടും. താങ്ങിനിര്‍ത്താനും കൊണ്ടുനടക്കാനും അസ്പദമില്ലാത്ത എഴുത്തുകാരന്‍ എത്രത്തോളം നല്ല ക്യതികള്‍ എഴുതിയാലും അംഗീകരിക്കപ്പെടാതെ വിസ്മ്യതിയില്‍ ആണ്ടുപോകാനും ഇടയുണ്ട്. പല നല്ല എഴുത്തുകാരും ചിന്തകരുമൊക്കെ ഏതാണ്ട് മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ നല്ലൊരു സൌഹ്യദവ്യന്ദമുണ്ടായിരുന്ന ചിലരൊക്കെ ഗ്യഹാതുരതയുടെ കുതിരപ്പുറത്ത് നിരന്തരം വായനക്കാരിലേക്ക് അതിഭാവുകത്വത്തിന്റെ ചിറകിലേറി വരുന്നത് അതു കൊണ്ടാണ്.

                     മേല്‍പ്പറഞ്ഞ അളവുതൂക്കങ്ങളിലൂടെ തന്നെയാണ് എഴുത്തുകാരനെ പുതുകാലത്ത് പ്രസിദ്ധീകരണങ്ങളില്‍ ചിലതൊക്കെ നോക്കിക്കാണുന്നത് എന്നും സംശയിക്കേണ്ടതുണ്ട്. മുന്‍വിധികളിലൂടെയുള്ള നോക്കിക്കാണലുകളില്‍ മാറ്റിനിര്‍ത്തപ്പെടുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യുന്ന ഇടങ്ങളില്‍ എഴുത്ത് നിരാശയാല്‍ ഉപേക്ഷിക്കുന്നതിനു പകരം പുതുഎഴുത്തുകാരന് ബ്ളോഗ് എഴുതാം എന്നത് വെറുമൊരു ആശ്വാസത്തിനുമപ്പുറം സമൂഹത്തിന്റെ അംഗീകാരത്തിന് വക നല്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയിക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞ ഭീതികള്‍ നിലനില്ക്കെ ആത്മവിശ്വാസമില്ലായ്മയുടെയും പിന്തിരിയലുകളുടെയും നിരാശയുടെയുമൊക്കെ സങ്കരരൂപങ്ങളില്‍ നിന്നുകൊണ്ടാണ് ഗൌരവപരമായ ഒരു എഴുത്ത് ബ്ളോഗില്‍ പുതുഎഴുത്തുകാരന്‍ നിറവേറ്റുന്നത്.എഴുതുമ്പോഴും എഴുതിക്കഴിഞ്ഞാലും ആരെങ്കിലും വായിക്കുമോ എന്ന ഉല്‍ക്കണ്ഠയിലേക്കും സങ്കടങ്ങളിലേക്കും ബ്ളോഗ് എഴുത്തുകാരന്‍ അഭിരമിച്ചു പോകാനും സാധ്യതകളുണ്ട്. അതിലുമപ്പുറം ആരോടെങ്കിലുമൊക്കെ തന്റെ ബ്ളോഗ് വായിക്കാന്‍ എഴുത്തുകാരന്‍ തന്നെ ആവശ്യപ്പെടുമ്പോള്‍ ഒരു ഭിക്ഷാംദേഹിയിലേക്കോ ചുമരെഴുത്തുകാരനിലേക്കോ നിവ്യത്തികേടുകൊണ്ട് പ്രസ്തുത വ്യക്തി താഴ്ന്നു പോകുന്നുമുണ്ട്. തന്നെ താന്‍ തന്നെ പരിചയപ്പെടുത്തുക എന്നത് പ്രസിദ്ധീകരണങ്ങളില്‍ നിന്നും ഭിന്നമായ കാര്യമായതിനാല്‍ അത്തരമൊന്നിനോട് മറ്റുള്ളവര്‍ പ്രതികരിക്കുന്നില്ലെന്നു തോന്നുന്ന പക്ഷം ആത്മനിന്ദയില്‍ അഭിരമിച്ചു പോകാവുന്ന കാര്യമാണ്. പലപ്പോഴും താന്‍ തന്നെ ബ്ളോഗിലേക്ക് മറ്റുള്ളവരെ ക്ഷണിക്കേണ്ടി വരുന്നു. പലരും അത്തരം ഒരു വായനയുടെ ആവശ്യം തന്റേതല്ലാതെ ബ്ളോഗറുടേത് മാത്രമായതിനാല്‍ കേട്ടില്ലെന്നു വെക്കാനാണ് കൂടുതല്‍ സാധ്യത. മറ്റുള്ളവര്‍ അതിനെ സമീപിക്കുന്നതു സൌമനസ്യത്തിന്റെ പുറത്തു മാത്രമാണ്. അത്തരം വായനക്കാര്‍ ബ്ളോഗിലെ പുതിയ പോസ്റുകള്‍ നിരന്തരം വന്നു വായിക്കുകയൊന്നുമില്ല. പ്രസിദ്ധീകരണങ്ങള്‍ക്കു തന്നെ വിപുലമായ ഒരു വായനാനുഭവം നല്കാതെ തങ്ങള്‍ക്കിഷ്ടപ്പെട്ടതു മാത്രം നോക്കിപ്പോകുന്നവരോ വായിക്കുന്നവരോ ആണ് പലരും എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. ബ്ളോഗര്‍ വായിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ട് അവര്‍ ബ്ളോഗ് ഗുണമോ നിലവാരമോ ഉണ്ടാവുകയില്ല എന്ന മുന്‍വിധികളോടെ നോക്കിപ്പോകുന്നു.മുന്‍വിധികളുള്ളതിനാല്‍ ബ്ളോഗ് എഴുത്ത് ഗൌരവമായ ഒരു വായനാനുഭവം ഉണ്ടാക്കിയെടുക്കുമെന്ന് അവകാശപ്പെടുവാന്‍ സാധിക്കുകയില്ല.

                   പിന്നെയുള്ള വായനക്കാര്‍ 'നാട്ടുപച്ച' എന്ന നെറ്റിലെ പ്രസിദ്ധീകരണത്തില്‍ മൈന ഉമൈബാന്‍ പറഞ്ഞു വെച്ചതു പോലെ പുറം ചൊറിഞ്ഞു പോകുന്നവരാണ്. സത്യത്തില്‍ അവരെ വായനക്കാര്‍ എന്നു വിളിക്കാമോ എന്നുതന്നെ സംശയമാണ്.അവര്‍ മറ്റുള്ളവരുടെ ബ്ളോഗില്‍ തെല്ലൊന്ന് കയറി തിടുക്കത്തില്‍ പോകുന്നവരാണ്. അവരുടെ ബ്ളോഗിലേക്ക് ക്ഷണിക്കുന്നതിനായി മറ്റൊരാളുടെ ബ്ളോഗില്‍ തികച്ചും ആത്മാര്‍ത്ഥതയില്ലാതെ നല്ല വാക്കുകളില്‍ മുഖസ്തുതിയും എഴുതിവെച്ച് ചെറിയൊരു കാക്കനോട്ടം നല്കിയതിനോ ഉപരിപ്ളവമായ കോഴിച്ചികയല്‍ നടത്തിയതിനോ ശേഷം പല ബ്ളോഗര്‍മാരും മറ്റൊരാളുടെ ബ്ളോഗിലേക്ക് ഓടിപ്പോവുകയും അവിടെയും സമാനപ്രവണതകള്‍ കാണിക്കുകയും ചെയ്യുന്നു.ഒരിക്കലും അവര്‍ ഗൌരവമായ ഒരു വായനാനുഭവത്തിന് വരുന്നവരല്ല. അത്തരം വായനക്ക് അവര്‍ക്ക് താല്പര്യവുമില്ല, സമയവുമില്ല. ഒരു പക്ഷേ അവര്‍ മാത്രമായിരിക്കും ഏറെക്കുറെ ബ്ളോഗുകള്‍ നോക്കുന്നവര്‍. അവര്‍ നോക്കുന്നവര്‍ മാത്രമാണ്, മറിച്ച് ബ്ളോഗ് വായിക്കുന്നവരല്ല.

                   ഇന്റര്‍നെറ്റിന്റെ ഏറെനേരത്തേക്കുള്ള ഉപയോഗം സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്നതും വലിയ തോതിലുള്ള ബ്ളോഗ് വായനയില്‍ നിന്നും ഏതൊരാളെയും വിലക്കുന്നു. ഉപഭോക്താവിന് മാനസികമായി ആധികാരികത ബോധ്യപ്പെടുന്ന വിധത്തിലുള്ള വെബ്സൈറ്റുകള്‍ ഒട്ടനവധി വായിക്കാന്‍ ലഭ്യമാണെന്നിരിക്കെ സാഹിത്യരചനയിലും അത്തരം മേഖലകളിലെ സൌഹ്യദങ്ങളിലും താല്പര്യമുള്ളവര്‍ മാത്രമേ ഇന്റര്‍നെറ്റില്‍ സാഹിത്യ പ്രാധാന്യമുള്ള ബ്ളോഗുകള്‍ അന്വേഷിക്കാന്‍ സാധ്യതയുള്ളു. ബഹുഭൂരിപക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളും സ്വന്തം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ തത്രപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ നൊടിനേരത്തേക്ക് ബ്ളോഗില്‍ കയറിയിറങ്ങുന്നവരെ ത്യപ്തിപ്പെടുത്തുക കവിതകള്‍ക്കും വളരെ ചെറിയ കഥകള്‍ക്കും സമാനമായ എഴുത്തുകളാണ്. അതല്ലെങ്കില്‍ ഹാസ്യപ്രധാനമായ ദൈര്‍ഘ്യം പരിമിതപ്പെടുത്തിയ കുറിപ്പുകള്‍. തനിക്കു പറ്റിയ അക്കിടികളോ ദാമ്പത്യത്തിലെ തമാശകളോ രസം പകരുന്ന സ്വപ്നവര്‍ണ്ണനകളോ മറ്റോ ആയിരിക്കും അവയില്‍ പലതും. അവയിലെ തമാശകളുണര്‍ത്തുന്ന അവതരണത്തിലോ വാക്കുകളിലോ തെല്ലുനേരം ബ്ളോഗ് നോക്കുന്നയാളുടെ ഫലിതബോധം ഉടക്കി നില്ക്കുമ്പോള്‍ തന്നെ, ബ്ളോഗില്‍ പറഞ്ഞുവെക്കുന്ന കാര്യം വളരെ നിസ്സാരമല്ലേ എന്ന തിരിച്ചറിവോടെ തന്റെ ബ്ളോഗിലേക്ക് ഒരു പാലം തീര്‍ക്കുക എന്ന ഉദ്ദേശത്തോടെ പേരിനൊരു അഭിപ്രായവും എഴുതി മറ്റൊരാളുടെ ബ്ളോഗിലേക്ക് പറക്കുകയായി.

                  പ്രശസ്ത എഴുത്തുകാരുടെ ബ്ളോഗുകള്‍ക്ക് മേല്‍പറഞ്ഞ തരം ബലഹീനതകള്‍ തുലോം കുറവാണ്. അവരുടെ ബ്ളോഗുകളെ അവരുടെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളിലെ രചനകളും വായിക്കുന്നതു പോലെ തന്നെ വായിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചില പ്രശസ്തരുടെ ബ്ളോഗുകളില്‍ മറ്റുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ എഴുതാന്‍ പോലും അവരുടെ അനുമതി ലഭിക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ മാച്ചുകളയാന്‍ ഉപാധികള്‍ ബ്ളോഗില്‍ തന്നെ ഉണ്ടെന്നിരിക്കെയാണ് നല്ലൊരു വായന അവകാശപ്പെടാവുന്ന അത്തരം ബ്ളോഗുകളില്‍ ഇത്തരം നിബന്ധനകള്‍ വെച്ചിരിക്കുന്നത്. പുതുബ്ളോഗറുടെ ബ്ളോഗും പ്രശസ്തരുടെ ബ്ളോഗും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഏതെങ്കിലും തരത്തില്‍ വായനയുടെ മേഖലകളില്‍ ഭിക്ഷാംദേഹി ആകുന്നില്ല പ്രശസ്തിയുള്ള എഴുത്തുകാര്‍. തന്റെ ഏതെങ്കിലും പുസ്തകത്തില്‍ ബ്ളോഗ് അഡ്രസ്സ് എഴുതിച്ചേര്‍ത്താല്‍ മൌത്ത് ടു മൌത്ത് പബ്ളിസിറ്റിയിലൂടെ അവരുടെ ബ്ളോഗുകള്‍ പ്രചരിച്ചുകൊള്ളും. അത്തരമൊരു സൌകര്യം പുതുബ്ളോഗര്‍ക്ക് അവകാശപ്പെടാന്‍ സാഹചര്യങ്ങളില്ല. 


                   പലപ്പോഴും ഗൌരവമായ എഴുത്തിനേക്കാള്‍ നിസ്സാരമെന്നോ അയത്നരഹിതമെന്നോ നേരമ്പോക്കെന്നോ പറയാവുന്ന വേണമെങ്കില്‍ തള്ളിക്കളയാവുന്ന തരത്തിലുള്ള താത്ത്വികമായതോ ചിന്താഗഹനമായതോ ആയ പോസ്റുകളല്ല ജനപ്രിയബ്ളോഗുകളില്‍ പലതും എന്ന കാര്യം ഇതിനോടകം പറഞ്ഞുവെച്ചതാണ്. പ്രശസ്തരായ എഴുത്തുകാര്‍ പോലും ബ്ളോഗെഴുത്തില്‍ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വാതന്ത്യവും തമാശയും നേരമ്പോക്കും അനുഭവിക്കുന്നതും അനുഭവിപ്പിക്കുന്നതും കാണാന്‍ പറ്റും. തന്റെ സ്വതസിദ്ധമായ ഹാസ്യത്തിന്റെയോ അതല്ല വളരെ വിഷമിച്ച് ഉല്പാദിപ്പിച്ചെടുത്ത ഹാസ്യത്തിന്റെയോ പുറത്ത് പോസ്റുകള്‍ തീര്‍ക്കുന്നവരാണ് പല ജനപ്രിയ ബ്ളോഗര്‍മാരും. ഫലിതബിന്ദുക്കളോ ടിന്റുമോന്‍ ഫലിതങ്ങളോ വായിക്കുന്ന ലാഘവത്തോടെ വായിച്ചുപോകാവുന്നവയാണവ. വായനക്കാരനെ തെല്ലിട സന്തോഷിപ്പിച്ച് അവരുടെ ഓര്‍മ്മകളില്‍ നിലനില്ക്കാതെ പോകുന്നതോ ബ്ളോഗറെ പോലും ശ്രദ്ധിക്കാതെ പോകുന്നതോ ആയ ലാഘവബോധത്തോടെയുള്ള വായന മാത്രമേ അത്തരം ബ്ളോഗര്‍ക്ക് ലഭിക്കുകയുള്ളു. വിശാലമനസ്കനെ പോലെയുള്ള ചില ബ്ളോഗര്‍മാര്‍ ലബ്ധപ്രതിഷ്ഠ നേടിയിട്ടുണ്ട് എന്നു മറന്നുകൊണ്ടല്ല അത്തരമൊരു വസ്തുത ചൂണ്ടിക്കാട്ടുന്നത്. വിശാലമനസ്കന്റെ ജനപ്രിയത കണ്ടുകൊണ്ട് പലരും അന്ധമായി അദ്ദേഹത്തെ അവരുടെ ബ്ളോഗുകളില്‍ അനുകരിക്കുന്നുമുണ്ട്. അത്തരം അനുകരണപ്രവണതകള്‍ ഉള്ളതിനാല്‍ ബ്ളോഗിന് സാഹിത്യത്തേക്കാള്‍ ട്രെന്‍ഡുകളെ തിരിച്ചറിഞ്ഞ് പിന്തുടരുന്ന സിനിമകളോടാണ് അതിന്റെ കാഴ്ചപ്പാടുകളിലും പ്രദര്‍ശനരീതികളിലും  കൂടുതല്‍ സാമ്യം.  

                   തങ്ങള്‍ തന്നെ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്നതു കൊണ്ട്, തന്നിലെ പ്രതിഭക്ക് പ്രശസ്തരും വഴികാട്ടികളുമായ പത്രാധിപന്‍മാരുടെ തിരിച്ചറിയലുകളോ പ്രോത്സാഹനങ്ങളോ ലഭിക്കാതെ പോകുന്ന നല്ല ഭാഷയും സാഹിത്യാഭിരുചിയുമുള്ള എഴുത്തുകാര്‍ ബ്ളോഗിടങ്ങളില്‍ ഒട്ടനവധിയുണ്ട്. ആത്മാര്‍ത്ഥതയൊന്നും അവകാശപ്പെടാനില്ലാത്ത തുടര്‍ച്ചയായ ബാര്‍ട്ടര്‍ സമ്പ്രദായത്തിലെ കൊടുക്കല്‍ വാങ്ങലുകളില്‍ ഇതിനോടകം തന്നെ പ്രസ്താവിച്ച പല തരം കാര്യങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലും ഏതൊരാള്‍ക്കും തോന്നിയേക്കാവുന്ന മടുപ്പിന്റെയും മറ്റും പുറത്ത് ബ്ളോഗെഴുതുന്നത് നിര്‍ത്തിയേക്കാം എന്നു തോന്നാനുള്ള സാധ്യതകളും സാഹചര്യങ്ങളും ബ്ളോഗിടങ്ങളില്‍ തുലോം കുറവല്ല. ജനപ്രിയനായ വിശാലമനസ്കനും മറ്റു ബ്ളോഗര്‍മാരും ചിലയിടങ്ങളില്‍ അത്തരം മടുപ്പ് പ്രകടിപ്പിച്ചതായി കണ്ടിട്ടുണ്ട്. 'സോ, ഇടക്ക് പലപ്പോഴും ഇതങ്ങട് നിര്‍ത്തിയാലോ  എന്ന് തോന്നാറുണ്ടെങ്കിലും....' എന്ന് 'മാത്യഭൂമി' ആഴ്ചപ്പതിപ്പില്‍ (പുസ്തകം 85, ലക്കം 32) മനില.സി.മോഹനുമായി നടത്തിയ അഭിമുഖത്തില്‍ ഒരിടത്ത് വിശാലമനസ്കന്‍ പറഞ്ഞു വെച്ചിട്ടുണ്ട്. ഇത് ആനുകാലികങ്ങളില്‍ എഴുത്തിന്റെ മേഖലകളില്‍ വ്യപരിക്കുന്ന എഴുത്തുകാര്‍ക്ക് വായനക്കാരില്‍  നിന്നും മറ്റ് എഴുത്തുകാരില്‍ നിന്നും ലഭിക്കുന്നതു പോലെയുള്ള ആത്മാര്‍ത്ഥമായ പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും കിട്ടാതാകുമ്പോള്‍ പല ബ്ളോഗര്‍ക്കും തോന്നാനിടയുള്ള കാര്യമാണ്. ആനുകാലികങ്ങളില്‍ രചനകള്‍ അച്ചടിച്ചു വരുന്നതു തന്നെ ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചും സമൂഹത്തിലെ ആദ്യത്തെ അംഗീകാരമാണ്. എഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ രചനകള്‍ക്കാണ് പൊതുവായനാ സമൂഹത്തിലും എഴുത്തുകാരനിലെ ആത്മവിശ്വാസത്തിന്റെ ഇടങ്ങളിലും തീര്‍ച്ചയായും സ്ഥാനവും അംഗീകാരവും എന്ന് നിസ്സംശയം പറയാവുന്നതാണ്.  അതില്‍ നിന്നും വളരെ വ്യത്യസ്തമാണ് അവനവന്‍ പ്രസാധകര്‍ ആകുന്ന ബ്ളോഗിടങ്ങള്‍ എന്നു പറയാതെ വയ്യ. 

                  'മാത്യഭൂമി' ആഴ്ചപ്പതിപ്പിന്റെ 2007 ഒക്ടോബര്‍ 7-ാം തീയതിയിലെ ലക്കത്തില്‍ ബ്ളോഗെഴുത്തിന് പ്രാധാന്യം നല്കി കൊണ്ടുള്ള ലേഖനങ്ങള്‍ വന്നെങ്കിലും  മുഖചിത്രമുള്‍പ്പെടെയുള്ള കെ.പി.മുരളീധരന്റെ ചിത്രങ്ങള്‍ പലതും അവനവന്‍ പ്രസാധകന്‍മാരായ ബ്ളോഗര്‍മാരെ കളിയാക്കുന്നവയായിരുന്നു. പല ചിത്രങ്ങളിലും ബ്ളോഗര്‍മാര്‍ നഗ്നരായിരുന്നു. ബ്ളോഗര്‍ അവനില്‍ നിന്നുതന്നെ വിരിയുന്ന പൂവിനെ അത്രയൊന്നും നല്ല പരിസരമെന്ന് വിളിക്കാന്‍ പറ്റാത്ത ഒരിടത്ത് ഒറ്റക്കിരുന്ന് സുദീര്‍ഘം മണത്ത് ആസ്വദിക്കുന്ന ചിത്രമായിരുന്നു അതിന്റെ മുഖചിത്രം. മറ്റൊരു ചിത്രം അതിലും കടന്ന കൈയായിരുന്നു. കുന്തിച്ചിരിക്കുന്നിടത്തു നിന്ന് നഗ്നനായ ഒരാള്‍ തന്റെ ഇടതു കൈ നോക്കുന്നവര്‍ക്ക് നേരെയെന്നോണം പ്രദര്‍ശിപ്പിക്കുന്ന കടന്ന കൈ.

                     പത്രാധിപരുടെ സാക്ഷ്യപ്പെടുത്തലിന് വിധേയമായിട്ടില്ലാത്തതിനാല്‍ ബ്ളോഗിന്റെ ഗുണനിലവാരത്തില്‍ ഏവരും സംശയിക്കും. ബ്ളോഗിലെ പ്രചുരപ്രചാരമുള്ള സ്വന്തം സ്വാതന്ത്യം എന്ന അവസ്ഥ കാരണം ഒന്നു കൊണ്ടു തന്നെ ബ്ളോഗില്‍ ആര്‍ക്കും എപ്പോഴും എഴുത്ത് സാധ്യമാണ് എന്നതും നല്ലൊരു എഡിറ്റിംഗിന് മേല്‍പറഞ്ഞ പ്രകാരം അവ വിധേയമാകുന്നില്ല എന്നതും അതിന്റെ മൂല്യം അളക്കുന്നതിന് അപര്യാപ്തത സ്യഷ്ടിക്കുന്നു. അത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അവനവന്‍ തന്നെ എഡിറ്ററാകേണ്ടി വരുന്ന അവസ്ഥ ബ്ളോഗിനുണ്ട്. അത്തരമൊരു എഡിറ്റിംഗ് നടത്തിയിട്ടുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ പക്ഷേ നന്നേ ബുദ്ധിമുട്ടുമാണ്. അത്തരം പരിമിതികളെ തരണം ചെയ്യാനായാണ് ബ്ളോഗിലെ രചനകള്‍ വിപുലമായ വായനാനുഭവം തേടി പിന്നീട് പുസ്തകങ്ങളായി വായനക്കാരിലേക്ക് വരുന്നത് എന്നും കാണേണ്ടതുണ്ട്. പുസ്തകങ്ങളാകുമ്പോള്‍ വായനക്കാരില്‍ വിശ്വാസ്യത കൂടും എന്നതാണ് അതിലെ ഗുണമേന്‍മ. 

                    ഇതിനുമപ്പുറം ബ്ളോഗിനേക്കാള്‍ തമ്മില്‍ തമ്മിലുള്ള ഇടപെടലുകള്‍ കുറച്ചുകൂടി ശക്തിമത്തായി സ്ഥാപിച്ചെടുക്കാന്‍ പറ്റുന്ന ഫേസ്ബുക്കിനോടും ഓര്‍ക്കൂട്ടിനോടും ട്വിറ്ററിനോടും ഒക്കെയായിരിക്കും നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ താല്പര്യം. തങ്ങളുടെ ചിന്തകളെയും അഭിപ്രായങ്ങളെയും മറ്റുള്ളവരിലേക്ക് എത്തിക്കുവാനും തങ്ങളുടെ സൌഹ്യദം ശക്തമായി സ്ഥാപിച്ചെടുക്കാനുമായിരിക്കും തങ്ങളെ സ്വയം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള ബ്ളോഗ് വായനയേക്കാള്‍ ഇന്റര്‍നെറ്റ് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഗുണപ്രദം. വെറുതെ കയറിയിറങ്ങി അഭിപ്രായങ്ങള്‍ എഴുതിയിടാം എന്നല്ലാതെ പുതുസൌഹ്യദങ്ങള്‍ ഉണ്ടാക്കിയെടുക്കാനൊന്നും ബ്ളോഗില്‍ കാര്യമായ ഇടമൊന്നുമില്ല. അഭിപ്രായങ്ങള്‍ എഴുതിയിട്ടാല്‍ തന്നെ തിരിച്ചൊരു വായനാസഹായം ലഭിക്കുമെന്നതിന് യാതൊരു ഗ്യാരന്റിയുമില്ല. അതേ സമയം തങ്ങള്‍ക്ക് പറയാനുള്ളത് നെറ്റിലെ സൌഹ്യദക്കൂട്ടായ്മകളിലേക്ക് ബ്ളോഗ് ലിങ്കുകള്‍ ഉപയോഗിച്ചുകൊണ്ട് സാധ്യമാകും എന്നത് ബ്ളോഗിന്റെ ഹുണഫലങ്ങളില്‍ ഒന്നാണെന്നത് വിസ്മയിക്കാവുന്നതുമല്ല.


                    രാഷ്ട്രീയ മേഖലയിലോ പത്രപ്രവര്‍ത്തന മേഖലയിലോ ഉള്ള ബ്ളോഗുകള്‍ക്ക് അതിന്റെ ഉടമയുടെ കഴിവുകള്‍ക്ക് അനുസരിച്ച് നല്ലൊരു വായനക്കാരും പങ്കുവെപ്പുകാരും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. അത്തരം മേഖലകളില്‍ സാധാരണക്കാര്‍ക്കു പോലുമുണ്ടാകുന്ന താല്പര്യങ്ങളാണ് അതിന് കാരണം. പൊതുജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളില്‍ സമൂഹം പൊതുവേ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. സാഹിത്യമേഖലകളില്‍ അത്തരം നിരന്തരമായ പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ ഇല്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ വേദികളില്‍ പ്രസംഗിച്ചും മറ്റും എഴുത്തുകാരില്‍ ചിലര്‍ പത്രമാധ്യമങ്ങളിലും മറ്റും പലപ്പോഴും നിറഞ്ഞുനില്ക്കുന്നതു കൊണ്ടുമാത്രമാണ് അത്തരമൊന്ന് സാധ്യമാകുന്നത്. രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും സാഹിത്യവും ഇഴകോര്‍ക്കുന്ന അത്തരം ഇടങ്ങളില്‍ എല്ലാ എഴുത്തുകാരും പങ്കാളികളാകണമെന്നില്ല.

                    ഐ.ടി മേഖലക്ക് പൊതുജനസമ്പര്‍ക്ക മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വാധീനം മനസ്സിലാക്കി, ദ്യശ്യമാധ്യമങ്ങളില്‍ ശക്തമായി ഇടപെടുന്ന പ്രശസ്തരായ പല എഴുത്തുകാരും ഫേസ് ബുക്കിലും ട്വിറ്ററിലും ഓര്‍ക്കൂട്ടിലുമൊക്കെ അണിനിരന്നിട്ടുണ്ട്. സാഹിത്യരംഗത്തുള്ള പുതുതലമുറയില്‍ പെട്ടവരും അല്ലാത്തവരുമായ ഏറെക്കുറെ എല്ലാവരും നെറ്റിലെ സൌഹ്യദക്കൂട്ടായ്മകളില്‍ സജീവമാണ്. ഏവരും കൌതുകത്തോടെയും ആകാംക്ഷയോടെയും നിരന്തരം വീക്ഷിക്കുന്ന പ്രശസ്തിയുടെ നക്ഷത്രപ്രഭയില്‍ കുളിച്ചു നില്ക്കുന്ന സിനിമാപ്രവര്‍ത്തകരും അവരുടേതായ പ്രചരണബ്ളോഗുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അത്തരത്തില്‍ വന്‍ ഡിമാന്റുകളുള്ള പ്രശസ്തരായവര്‍ നെറ്റില്‍ ബ്ളോഗും ചെയ്യുന്നുണ്ടെന്നിരിക്കെ ഒരു പുതുബ്ളോഗറെ തേടി ആരും തന്നെ വരാന്‍ താല്പര്യപ്പെടുകയില്ല.


                    ഇന്നത്തെ പുതുഎഴുത്തുകാരോട് കത്തെഴുതിയും മറ്റും സംവദിക്കുന്ന എഡിറ്റര്‍മാര്‍ ഇന്നത്തെ സാഹചര്യത്തില്‍ തുലോം കുറവാണ്. ചില നല്ല സാഹിത്യശില്പശാലകളെയും കൂട്ടായ്മകളെയും ഒഴിച്ചു നിര്‍ത്തിയാല്‍ എപ്പോഴും സ്നേഹത്തോടെയും കരുതലോടെയും പ്രത്യേകിച്ച് മുന്‍വിധികളില്ലാതെയും പുതു എഴുത്തുകാരോട് ഇടപെടുന്ന പഴയ തലമുറയിലെ ചിലരുടെ മാറിനില്പോടെയും വേര്‍പാടോടെയും നഷ്ടപ്പെട്ടു പോയിരിക്കുന്നു. ചില ആനുകാലികങ്ങളില്‍ തപാലില്‍ വരുന്ന രചനകളില്‍ പലതും വായിച്ചു നോക്കാറു പോലുമില്ല എന്ന് കേട്ടിട്ടുണ്ട്. എത്രത്തോളം സത്യമുണ്ടെന്നൊന്നും പറയാന്‍ പറ്റാത്ത കാര്യമാണതെങ്കിലും സത്യമാകാന്‍ വഴിയുള്ള കാര്യം കൂടിയാണത്. എഴുത്തുകാരുടെ പേരിലോ കൈയ്യക്ഷരഭംഗിയിലോ പെട്ടെന്നൊരു നോട്ടത്തില്‍ വായിക്കുന്നയാളില്‍ മതിപ്പുണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ ആനുകാലികങ്ങളില്‍ എത്തിപ്പെടുന്ന രചനകള്‍ ദൂരെക്കളയപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പലരും നിലവാരമില്ലാത്തവ എഴുതി അയച്ചുകൊടുക്കുന്നതിന്റെ ഫലമായിട്ടാണ് പ്രസിദ്ധീകരണങ്ങള്‍ അത്തരം സമീപനങ്ങളിലേക്ക് എത്തിപ്പെടുന്നത് എന്നതും മറ്റൊരു സത്യമാണ്. ഏതൊരു എഴുത്തുകാരനും താന്‍ എഴുതിയവ മഹാസംഭവങ്ങളാണ്. അവ തഴയപ്പെട്ടാല്‍ തന്റെ എഴുത്തിലെ ലോകമഹായുദ്ധങ്ങള്‍ക്ക് ആവശ്യമായ കവറേജ് കിട്ടിയില്ലെന്ന് തീര്‍ച്ചയായും തോന്നിപ്പോകാന്‍ സാധ്യതയുണ്ട്. നാല്ക്കവലകളിലെ തട്ടുമുട്ട് കവിസമ്മേളനങ്ങളില്‍ പെട്ടുപോയാല്‍ നമുക്ക് ഏതൊരു പത്രാധിപരോടും അനുതാപം തോന്നിപ്പോകും. അത്തരം കവികളൊക്കെ തീര്‍ച്ചയായും നിരന്തരം ആനുകാലികങ്ങളിലേക്ക് തങ്ങളുടെ കവിതകള്‍ അയച്ചുകൊടുക്കുന്നുമുണ്ടാകും. വെറുതെയാവില്ല എഡിറ്റര്‍മാര്‍ രചനകളോട് പ്രതികരിക്കാത്തത്.

                     എങ്കിലും സ്റാമ്പും കടലാസും കവറുമൊക്കെയായി മുപ്പതോ മുപ്പത്തഞ്ചോ രൂപ ചിലവാക്കി സകലമാന ദൈവങ്ങളേയും പ്രാര്‍ത്ഥിച്ച് തപാല്‍പെട്ടിയിലേക്ക് തന്റെ സ്യഷ്ടികള്‍ നിക്ഷേപിക്കുമ്പോള്‍ അവ പ്രസിദ്ധീകരണളുടെ അവഗണനയുടെ റീസൈക്കിള്‍ ബിന്നിലേക്കാണ് പോകുന്നത് എന്നത് എഴുത്തിനെ ഗൌരവത്തോടെ നോക്കിക്കാണുന്ന എഴുത്തുകാരെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല. അവര്‍ അര്‍ഹിക്കുന്ന പരിഗണന മുന്‍വിധികള്‍ മാറ്റിവെച്ച് പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് നല്കേണ്ടതുണ്ട്. കഴിവുള്ളവരാണെന്നു കണ്ടാല്‍ അവരുടെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരം തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് നല്ല എഴുത്തുകാരായി അവരെ വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന തരം ആത്മാര്‍ത്ഥമായ എഴുത്തുകുത്തുകള്‍ അവരുമായി നടത്തേണ്ടതുണ്ട്. പല എഡിറ്റേഴ്സിനും അവരുടെ സഹായികള്‍ക്കും തിരക്കാണെന്നാണ് പൊതുവേ പറയുന്നത്. തങ്ങളുടെ തിരക്കുകളിലേക്ക് മേല്‍പറഞ്ഞതും ഉള്‍പ്പെടുത്താനുള്ള സൌമനസ്യം അവര്‍ കാണിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഒന്നുമില്ലെങ്കിലും വൈശാഖന്‍ അദ്ദേഹത്തിന് ലഭിച്ചതായി 2011-ലെ മാത്യഭൂമി ഓണപ്പതിപ്പില്‍  പറഞ്ഞു കണ്ട എം.ടിയുടെ എഴുത്ത് സൂക്ഷിക്കുന്നതു പോലെ  അമൂല്യ നിധികളായി പുതു എഴുത്തുകാര്‍ക്ക് സൂക്ഷിക്കാന്‍ അവ തീര്‍ച്ചയായും ഉപകരിക്കും. വലിയൊരു മാനുഷികത കൂടിയാണത്. മൊബൈല്‍ ഫോണിലെ എഡിറ്റര്‍മാരുടെ വിളികള്‍ കാറ്റെടുത്തു പോകുന്നവ മാത്രമാണ്. രചനകള്‍ പ്രസിദ്ധീകരിച്ചില്ലെങ്കിലും ആനുകാലികങ്ങള്‍ തങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്നത് പുതുഎഴുത്തുകാര്‍ക്ക് എഴുത്തില്‍ എപ്പോഴും ആശ്വാസവും പ്രചോദനവും നല്കുന്ന കാര്യമാണ്.

                    മറ്റുള്ളവരുടെ ബ്ളോഗില്‍ ചെന്ന് എന്തെങ്കിലും അഭിപ്രായം എഴുതാത്തിടത്തോളവും ചില ബ്ളോഗ് അഗ്രഗേറ്ററുകള്‍ മുഖാന്തിരം തന്റെ പോസ്റുകളെ പ്രചരിപ്പിക്കാത്തിടത്തോളവും പുതുബ്ളോഗറെ ആരുമാരും തെല്ലെങ്കിലും തിരിഞ്ഞു കൂടി നോക്കില്ല. സൌഹ്യദത്തിന്റെ പേരില്‍ പരിചയക്കാര്‍ വല്ലവരും തെല്ല് വായിച്ചു നോക്കിയാലായി. അതും പുറമേ കാണുന്ന ഒന്നോ രണ്ടോ പോസ്റുകള്‍ മാത്രമേ വായിച്ചു നോക്കുകയുള്ളു. അവര്‍ ബ്ളോഗിലെ പഴയ പോസ്റുകളൊന്നും മൌസില്‍ ക്ളിക്ക് ചെയ്ത് വായിക്കുകയൊന്നുമില്ല. രചനകള്‍ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവരുന്നതിന്റെ ഗുണഫലമൊന്നും ഒരുകാലത്തും ബ്ളോഗിലെ എഴുത്തുകാര്‍ക്ക് ലഭിക്കുകയില്ല. ജേര്‍ണലിസ്റുകള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും സമൂഹമദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവരുടെ ബ്ളോഗുകള്‍ അന്വേഷിച്ചെത്തുന്നവര്‍ ധാരാളമുണ്ടാകും. അത്തരത്തില്‍ സമൂഹത്തില്‍ വലിയ ഇടപെടലുകള്‍ കാര്യമായൊന്നും നടത്താത്ത പുതുഎഴുത്തുകാരനെ പ്രചാരമുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് അപ്പുറം അത്രയൊന്നും പ്രചാരമില്ലാത്ത പ്രസിദ്ധീകരണങ്ങളില്‍ പോലും തിരയാത്തവര്‍ തൊട്ടാല്‍ കാശ് പൊടിയുന്ന ഇന്റര്‍നെറ്റില്‍ കയറി ബ്ളോഗില്‍ പരതി നോക്കുമെന്ന് തീര്‍ച്ചയായും തോന്നുന്നില്ല.

                     പ്രശസ്തരല്ലാത്ത ബ്ളോഗേഴ്സിന്റെ മേല്‍പറഞ്ഞ തരം വിഷമങ്ങള്‍ ചില ബ്ളോഗുകളിലെ പോസ്റുകളില്‍ തന്നെ കാണാറുണ്ട്. പണ്ടെഴുതിയതാണ്. നിങ്ങളൊന്നും വായിച്ചില്ലല്ലോ എന്ന് കരുതി ഒന്നൂടെ പോസ്റുകയാണ് എന്നൊക്കെ പോസ്റ് ചെയ്ത രചനകള്‍ക്ക് താഴെ കമന്റുകളില്‍ കാണാറുണ്ട്. ബ്ളോഗില്‍ ഒരിക്കല്‍ പോസ്റു ചെയ്തത് വീണ്ടും വീണ്ടും പോസ്റുന്ന ബ്ളോഗറുടെ ആരെ കൊണ്ടെങ്കിലും വായിപ്പിക്കുന്നതിലെ തത്രപ്പാട് അതില്‍ നിന്നു തന്നെ മനസ്സിലാകും. ചിലരാകട്ടെ അവരുടെ ബ്ളോഗുകള്‍ മറ്റുള്ള ബ്ളോഗര്‍മാര്‍ വായിക്കാനായി ഫലിതരസത്തില്‍ പൊതിഞ്ഞ സങ്കടഹര്‍ജികള്‍ മറ്റു ബ്ളോഗുകളില്‍ കമന്റായി പോസ്റു ചെയ്യുന്നതും കാണാറുണ്ട്. ഫലിതരസം പെട്ടെന്ന് മറ്റുള്ളവരാല്‍ തട്ടിമാറ്റപ്പെടില്ല എന്ന ഉത്തമ വിശ്വാസത്തിന്റെ പുറത്ത് ചെയ്യുന്ന ചില കൌശലവിദ്യകളാണവ. 

                    ആനുകാലികങ്ങളിലൂടെ തങ്ങളുടെ രചനകള്‍ക്ക് വായനക്കാര്‍ക്കിടയില്‍ പ്രചാരം നേടിയെടുക്കാന്‍ ശ്രമിക്കാതെ എഴുത്തുകാര്‍ തിടുക്കത്തില്‍ പുറത്തിറക്കുന്ന പുസ്തകങ്ങളില്‍ ബഹുഭൂരിപക്ഷവും ആവശ്യക്കാരില്ലാതെ പുസ്തകശാലകളില്‍ കെട്ടികിടക്കുകയും പിന്നീട് അവയൊക്കെ അവിടെ നിന്നും മാറ്റപ്പെടുകയും ചെയ്യുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരം അവസ്ഥ പുസ്തകങ്ങള്‍ക്കു തന്നെ ഉണ്ടെന്നിരിക്കെ ബ്ളോഗുകളുടെ കാര്യം ഇനിയും പ്രത്രേകിച്ച് പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. ആനുകാലികങ്ങളില്‍ ചിലതെങ്കിലും തെല്ലൊരു സ്ഥലം ബ്ളോഗിലെ ഗൌരവരചനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായി തെല്ലുപേജുകള്‍ മാറ്റിവെക്കുമെന്നും ഗുണനിലവാരമുള്ള ബ്ളോഗുകളെ അവയുടെ പ്രചരിപ്പിക്കുന്നതിലെ പരമിതികള്‍ കണക്കിലെടുത്ത് വായനക്കാരിലേക്ക് പ്രചരിപ്പിക്കുമെന്നും പ്രത്യാശിക്കാം. അവനവന്‍ തന്നെ തന്റെ സ്യഷ്ടികളെ മറ്റൊരാളിലേക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന നിസ്സഹായ അവസ്ഥക്കെങ്കിലും അങ്ങനെയാകുന്ന പക്ഷം തെല്ലൊരു പരിഹാരം പ്രതീക്ഷിക്കാവുന്നതാണ്.
                                   

 (എതിര്‍ദിശ മാസിക)


                                                                      -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ