2011, ഡിസംബർ 4, ഞായറാഴ്‌ച

ചൂണ്ടകള്‍


അരുണ്‍കുമാര്‍ പൂക്കോം


                 രാത്രി തെല്ലൊന്നു വൈകിയാണ് പുഴയില്‍ പലയിടങ്ങളിലായി അവര്‍ ചൂണ്ടയിടാന്‍ തുടങ്ങിയത്.

                   പുഴമദ്ധ്യത്തിലുള്ള പാറ മേലിരിക്കുന്ന ചൂണ്ടയാണ് മണ്ണിരകളെ പറ്റിയുള്ള ചര്‍ച്ച തുടങ്ങി വെച്ചത്.

                  -"മണ്ണിരകള്‍ക്ക് വഴുവഴുപ്പിന്റെ സാധുത്തരം മാത്രമേ ഉള്ളു. അവ പാവം പാവം ജീവികളാണ്."

                     പാറ പുഴയിലേക്കിറങ്ങി നില്ക്കുന്നതിനാല്‍ നെഞ്ചോളം നനഞ്ഞുനില്ക്കുകയായിരുന്നു.  

                      അതു കേട്ട് അണക്കെട്ടിനു മേലിരിക്കുന്ന ചൂണ്ട ചര്‍ച്ച ഏറ്റു പിടിച്ചു.

                    -" അതെയതെ.  ചെകിള തുളച്ചു കയറുന്ന നമ്മിലെ മൂര്‍ച്ചയെ മറച്ചു പിടിക്കാന്‍ ഏറ്റവും ചേര്‍ച്ചയുള്ള ഉടയാടകളാണ് അവ."

                     ഒരു മീനിനെ അതിവേഗം വലിച്ച് കരയിലേക്ക് ഇടുന്നതിനിടയില്‍ പുഴ വരമ്പത്തിരുന്ന ചൂണ്ടയും ചര്‍ച്ചയിലേക്ക്  എടുത്തുചാടി.

                    -" പക്ഷേ ഉടയാടകള്‍ പാലിക്കേണ്ട നിസ്സംഗതകളെ പറ്റി അവക്കൊന്നും അറിയില്ല."

                       ചൂണ്ടക്കുരുക്കിലുണ്ടായിരുന്ന തുണ്ട് മണ്ണിരയെ കളഞ്ഞ് മറ്റൊരു മണ്ണിരയെ ബലമായി എടുത്തണിയുന്നതിനിടയില്‍ പുഴക്കരയില്‍ നില്കുന്ന ചൂണ്ട പുഴ വരമ്പത്തിരിക്കുന്ന ചൂണ്ടയുടെ അഭിപ്രായത്തിന് ഒരു താങ്ങ് നല്കിക്കൊണ്ട്  ഉറക്കെ പറഞ്ഞു.


                       -"അവ അണിയാന്‍ നേരം പിടപിടക്കുന്നത് അതുകൊണ്ടു തന്നെ."

                     എല്ലാ ചൂണ്ടകളും പരസ്പരം ലോകത്തെ സകലമാന മണ്ണിരകളെയും ചുണ്ടുകോട്ടി കോക്രി കാട്ടി ചിരിച്ചു. എല്ലാ അഭിപ്രായങ്ങളും പരസ്പരം ഇഷ്ടപ്പെട്ടെന്നു കാണിക്കാനും അവര്‍ മറന്നില്ല.

                        അനന്തരം സമാധാനത്തോടെ അവര്‍ മണ്ണിരകളെ പറ്റിയുള്ള ചര്‍ച്ചയില്‍ നിന്നും പുഴ വരമ്പിലെ മാളത്തില്‍ കുത്തി നിര്‍ത്തിയിരുന്ന ചൂണ്ട എയ്ത "മീനുകള്‍ക്ക് എന്തിനു ചെതുമ്പലുകള്‍" എന്ന വിഷയത്തിലേക്ക് കടന്നു.   ഉത്തരം കിട്ടാത്ത വിഷയമാകയാല്‍ ചര്‍ച്ചയില്‍ മുഴുകി മുഴുകി തെല്ലൊന്നുമല്ല രാത്രി ഒത്തിരി വൈകിയ സമയത്തെ അവര്‍ എല്ലാവരും മുഷിഞ്ഞും മുഷിയാതെയുമൊക്കെ പിടിച്ചു പിടിച്ചു കരക്കിട്ടത്.

                          ഒടുവില്‍ പുഴയില്‍ നിന്നും ചൂണ്ടകള്‍ ഘട്ടം ഘട്ടമായി അന്നേക്ക് ലോഗ് ഔട്ട് ചെയ്ത് കിടന്നുറങ്ങി.


                                                               -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ