2011, ഡിസംബർ 4, ഞായറാഴ്‌ച

X

അരുണ്‍കുമാര്‍ പൂക്കോം


ഇടുങ്ങിയ ഇടങ്ങളില്‍
ഇരകളെ കിട്ടാതെ വലഞ്ഞൊരു
ചിലന്തി
പല കൊമ്പുകളില്‍ കൊരുക്കും
കൂട്ടായ്മകളില്‍ പശയാല്‍
കവിത നെയ്ത്
നടുവില്‍ തെറ്റു ചിഹ്നം തീര്‍ത്ത്
കാത്തിരിപ്പായി.
ഇഷ്ടങ്ങളൊക്കെയും
വന്നു വീഴും നേരം
എട്ടുകാലുകളില്‍
ഓടിച്ചെന്നവയെ
ഈമ്പിക്കുടിച്ചു
ഒരു രാത്രി വൈകിയ വേളയും
ഒരു പകല്‍ പകുതിയും
മദിച്ചു നിന്നു.
വലക്കണ്ണികളില്‍
വിരിയും മഴവില്‍ ഭംഗി കണ്ട്
ചലിക്കാതെ തീര്‍ക്കുന്ന ഒളിഞ്ഞിരിപ്പില്‍
ചൂണ്ടയിടുന്നത്
ഇനി മുതല്‍
കൂട്ടായ്മകളില്‍ തന്നെയെന്ന്
മനസ്സിലുറപ്പിച്ചു.
പിന്നെപ്പിന്നെ
ആകാശത്ത് നെയ്തു വിരിച്ച
കവിതകളെല്ലാം താഴേക്കൂര്‍ന്നൂര്‍ന്ന്
രണ്ടു നാള്‍ക്കകം
മാറാലയാകുന്നത് കണ്ടുകണ്ട്
ചിലന്തി ഇരകളെ ചാടിപ്പിടിക്കാന്‍
കവിയരങ്ങുകള്‍
തേടി യാത്രയായി.
യാത്ര ചെയ്തിറങ്ങിയ
തീവണ്ടി പോകുന്നതും
നോക്കിനില്ക്കെ
ചിലന്തി കണ്ടു
അതിനു പിന്നിലായും
ഒരു X ചിഹ്നം
കവിതയായി
തൂങ്ങിക്കിടപ്പൂ.

                -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ