2011, ഡിസംബർ 11, ഞായറാഴ്‌ച

ബ്രീത്തിംഗ് ഇന്‍ഹേലര്‍


അരുണ്‍കുമാര്‍ പൂക്കോം



                    ജാലകത്തിലൂടെ നോക്കുമ്പോഴൊക്കെയും അവര്‍ നാലുപേരും കാണുക അയാള്‍ ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നതും പൂവുകളോട് വര്‍ത്തമാനം പറയുന്നതും പറമ്പില്‍ കുന്തിച്ചിരുന്ന് ചെറിയ കമ്പുകൊണ്ട് മണ്ണ് ഇളക്കുന്നതുമൊക്കെയാവും. തൊട്ടടുത്ത വീട്ടില്‍ വാടകക്ക് വന്ന അന്ന് അവര്‍ ആദ്യം നോക്കിയതും അയാളെ തന്നെ ആയിരുന്നു.

                    ഒരു ദിവസം നോക്കുമ്പോള്‍ അയാള്‍ ചീരവിത്തുകള്‍ പാകുകയായിരുന്നു.  അതുകണ്ടപ്പോള്‍ തന്നെ അയാളുമായി ലോഗ്യം കൂടാന്‍ പറ്റിയ അവസരം അതുതന്നെയാണെന്ന് മനസ്സിലാക്കി അവര്‍ അടുത്തു കൂടുകയായിരുന്നു.അയാള്‍ ചീരവിത്തുകള്‍ക്കൊപ്പം റവത്തരികള്‍ ചേര്‍ക്കുന്നതുകണ്ട് അവരില്‍ ജിജേഷ് ചോദിച്ചു.

                   -അതെന്താണ്, റവയോ?

                     അയാള്‍ മൂക്കിലേക്ക് ചാഞ്ഞ കണ്ണടക്ക് മുകളിലൂടെ അവരെ നോക്കിക്കൊണ്ട് ചീരവിത്തുകള്‍ കടലാസിലേക്കു തന്നെ ഇട്ട് ഇരുന്നിടത്തു നിന്നും മുട്ടുകളില്‍ കൈകുത്തിക്കൊണ്ട് എഴുന്നേറ്റു. അയാള്‍ ചോദിച്ചു.

                    -ആരാ? ഇതിനു മുമ്പൊന്നും കണ്ടിട്ടില്ലല്ലോ

                     ജിജേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.

                  - ഞങ്ങള്‍ അപ്പുറത്തെ വീട്ടില്‍ വാടകക്ക് നില്ക്കുന്നവരാ.

                   -നന്നായി. ഈയടുത്ത് രാത്രി വെളിച്ചം കണ്ടപ്പോഴേ തോന്നിയിരുന്നു താമസത്തിന് പുതിയ ആള്‍ക്കാര്‍ വന്നിടുണ്ടാകുമെന്ന്.

                     സംസാരം പകുതിക്ക് നിര്‍ത്തി പ്രായത്തിന്റെ മേല്‍ക്കോയ്മയോടെ തികച്ചും ചെറുപ്പക്കാരായ അവരോട് അയാള്‍ തിരക്കി.

                     -അതൊക്കെ പോട്ടെ. എന്താ പാട്?

                     അവരില്‍ സനീഷ് പറഞ്ഞു.

                   -ഡോര്‍ ടു ഡോര്‍ ഡെലിവറി.

                  -അപ്പടി നടത്തമായിരിക്കുമല്ലോ. ഏതാ കമ്പനി?

                  ജിജേഷ് ഉത്തരം നല്കി.

                  -അങ്ങനെ ഇന്ന കമ്പനി എന്നൊന്നുമില്ല. ടൌണിലെ ഈസി ഷോപ്പിംഗ് സ്റാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി വീടുകള്‍ കയറിയിറങ്ങി അവര്‍ക്ക് പര്‍ച്ചേസ് പിടിച്ചു നല്കുക. അത്രതന്നെ.

                   -എത്ര വരെ പഠിച്ചു എല്ലാരും?

                  ജിസ് ആണ് മറുപടി നല്കിയത്.

                  -അത്രയൊന്നുമില്ല.

                  അപ്പോള്‍ പൂമുഖത്തേക്ക് ഒരു പിടി മുള്ളങ്കിയുമായി ഇറങ്ങിവന്ന് മുയല്‍ക്കൂട്ടില്‍ ഇട്ടതിനു ശേഷം അവിടെയുണ്ടായിരുന്ന ഒരു പാത്രവുമായി അയാളുടെ പേരക്കുട്ടി അകത്തേക്ക് കയറിപ്പോയി. അതിനിടയിലും അവള്‍  സ്നേഹത്തോടെയുള്ള പുഞ്ചിരി അവര്‍ക്കേവര്‍ക്കും നല്കി.

                 ജിജേഷ് ആദ്യത്തെ ചോദ്യം വീണ്ടും ചോദിച്ചു.

                  -റവയാണോ ചീരവിത്തിനോടൊപ്പം ഇടുന്നത്?

                    അയാള്‍ കൈ വിടര്‍ത്തി ചീരവിത്തുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

                  -ഉറുമ്പുകളെ ചെറിയൊരു പറ്റിക്കല്‍ പരിപാടി. കൂടെ റവയില്ലെങ്കില്‍ ചീരവിത്തുകള്‍ അവയുടെ ഒരു ജാഥക്ക് തികയില്ല.

                   അപ്പോഴേക്കും പേരക്കുട്ടി പറഞ്ഞിട്ടാണെന്നു തോന്നുന്നു അയാളുടെ ഭാര്യ അകത്തു നിന്നും മുറ്റത്തേക്ക് ഇറങ്ങി വന്നു. അവരെ കണ്ടതും അവര്‍ സന്തോഷത്തോടെ ചോദിച്ചു.

                  -അപ്പുറത്തെ താമസക്കാരാണോ?

                  അവര്‍ ചിരിച്ചുകൊണ്ട് തലയാട്ടി. 

                 -കാണുമ്പോള്‍ എല്ലാവര്‍ക്കും ഏതാണ്ട് ഒരേ പ്രായമാണെന്നു തോന്നുന്നു. കൂടെ പഠിച്ചവരാണോ?

                 അതും ചോദിച്ച് അവര്‍ അയാളോട് പറഞ്ഞു.

                 -നമ്മുടെ അമ്മൂന്റെ പ്രായേ കാണൂള്ളു, അല്ലേ? പഠിക്കുകയായിരുന്നേല്‍ കൂടിയാല്‍ അവളെ പോലെ ഡിഗ്രിക്ക് പഠിക്കുന്നുണ്ടാകും.

                  അവരത് കേട്ട് വെറുതെ ചിരിച്ചു.

                  പിറ്റേ ദിവസം ഐശ്വര്യത്തോടെ ആവട്ടെ കച്ചവടം എന്നും പറഞ്ഞ് നാലുപേരും അയാളുടെ അടുത്തു ചെന്നു. അപ്പോള്‍ അയാള്‍ പോറ്റുന്ന മുയലുകള്‍ക്ക് ഒപ്പമായിരുന്നു.  ബാഗുകള്‍ നാലും താഴെയിറക്കിവെച്ച് പാനും ഇഡ്ഡലിത്തട്ടും മേശമേല്‍ ഘടിപ്പിക്കാവുന്ന ചിരവയും പോലുള്ള കൈയില്‍ കിട്ടുന്നതെല്ലാം നാലുപേരും പുറത്തേക്ക് എടുത്തുവെച്ചു. കോളേജിലേക്ക് പോകാന്‍  ഇറങ്ങിയ പേരക്കുട്ടി പാനെടുത്ത് തിരിച്ചും മറിച്ചും നോക്കി. പിന്നെ  അയാളോട് പോയിട്ടു വരട്ടെ മുത്തശ്ശാ എന്നും പറഞ്ഞ്  അയാളുടെ തലയാട്ടലും വാങ്ങി  അവരോട് ചിരിച്ചുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി നടന്നു പോയി.

                   അയാള്‍ അവര്‍ക്കു വേണ്ടി സ്നേഹത്തോടെ ഒരു ബ്രീത്തിംഗ് ഇന്‍ഹേലര്‍ വാങ്ങിച്ചു. കാശു നല്കുമ്പോള്‍ അയാള്‍ പറഞ്ഞു.

                   -കച്ചവടത്തിനായി ഇനി വരരുതൂട്ടോ. വെറും കൈയോടെ മടക്കേണ്ടെന്നു കരുതി വാങ്ങിച്ചെന്നേയുള്ളു. പെന്‍ഷന്‍ കിട്ടുന്ന കാശേയുള്ളു കൈയില്‍. 

                   കൂട്ടത്തിലുള്ള അനൂപ് മുയലിന്റെ കൂടിനടുത്തേക്ക് നടന്നു ചെന്നു. അയാളും അവന്റെ അടുത്തേക്ക് ചെന്നു.
അയാള്‍ പറഞ്ഞു.

                    - രണ്ടു തരമേ ഉള്ളു. വൈറ്റ് ജെയന്റും ഗ്രേ ജെയന്റും.
അവയില്‍ ചിലത് അനൂപിനെ നോക്കി മേല്‍ച്ചുണ്ട് ഇളക്കി. അവന്‍ അയാളോട് ചിരിച്ചെന്നു വരുത്തി.

                     പിന്നെ അയാള്‍ എല്ലാവരോടുമായി പറഞ്ഞു.

                    -ഇപ്പോള്‍ പോയത് എന്റെ മകന്റെ മോളാണ്. അവള്‍ക്ക് കല്യാണം ഒത്തുവന്നിട്ടുണ്ട്. നിശ്ചയമാണ് വരുന്ന ഞായറാഴ്ച. ഇനി ആറു ദിവസമേ ഉള്ളു. എല്ലാവരും വരണം. എല്ലാ സഹായവും ചെയ്തുതരണം. അച്ഛനുമമ്മയുമില്ലാത്ത കുട്ടിയാണ്. ക്ഷണിക്കാനായി നിങ്ങളെല്ലാവരും വീട്ടിലുള്ള രാത്രിയോ മറ്റോ ഞാന്‍ അങ്ങു വന്നു കൊള്ളാം.

                       ജിസ് ചോദിച്ചു.

                     -അവര്‍ക്കെന്തു പറ്റി?

                    -ആക്സിഡന്റ്.

                     പറഞ്ഞു ശീലിച്ചതിനാലോ എന്തോ അയാള്‍ കൂടുതല്‍ പറയുകയോ സങ്കപ്പെടുകയോ ഉണ്ടായില്ല.

                     മടങ്ങിപ്പോരുമ്പോള്‍ അനൂപ് പറഞ്ഞു.

                    -നല്ല കൊഴുത്ത മുയലുകള്‍. അവയെ കൊല്ലുക നല്ല രസമാണ്. ഒന്നു കരയുക പോലുമില്ലവ. കോഴിയെ പോലെയും ആടിനെ പോലെയൊന്നും പിടപിടക്കുകയേ ഇല്ല. കൈകള്‍ തെല്ലൊന്ന് അരുതേ എന്നു കാട്ടും. അത്രതന്നെ.

                     ജിജേഷ് തമാശയെന്നോണം പറഞ്ഞു.

                   -ആട്ടുന്നത് കണ്ടില്ലെന്നു വെച്ചാല്‍ അതിന്റെ പ്രശ്നവുമില്ല. സിംപിള്‍ ഡീലിംഗ്.

                    അവര്‍ നാലുപേരും വലിയൊരു തമാശ കേട്ടെന്നതു പോലെ ചിരിച്ചു.

                   ജിജേഷ് അനൂപിനോട് തിരക്കി.

                  -എപ്പോഴാണ് ഓപ്പറേഷന്‍?

                   അനൂപ് പറഞ്ഞു.

                 -നാളെത്തന്നെ. അയാള്‍ കാലത്ത് നടക്കാന്‍ പോകുമ്പോള്‍ നമുക്ക് തട്ടിയേക്കാം. ഇരുള്‍ മാറാത്തപ്പോഴാണ് അയാളുടെ കൈകള്‍ ആട്ടിയുള്ള ആയുസ്സ് നീട്ടാനുള്ള ആഞ്ഞുനടത്തം. ആര്‍ക്കുമാര്‍ക്കും ലവലേശം സംശയം തോന്നാത്ത വിധം തട്ടിയേക്കാം.

                ജിസ് തിരക്കി.

                  -എന്താണ് കാശു തരുമ്പോള്‍ അവര്‍ പറഞ്ഞത്?.

                  ബേഗ് ചുമല്‍ മാറ്റിക്കൊണ്ട് അനൂപ് പറഞ്ഞു.

                 -കളയാണത്രെ അയാള്‍. പറിച്ചു കളയേണ്ടത്. കുന്നിടിക്കാനും മണല്‍ വാരാനും വയല്‍ നികത്താനുമൊന്നും അവന്‍മാരെ സമ്മതിക്കില്ലത്രെ.  പരാതിയോട് പരാതി. അതൊക്കെ അവരുടെ കാര്യം. നമുക്ക് കാശ്.

                     സനീഷ്  അതുകേട്ട് പറഞ്ഞു.

                  -അയാള്‍ വാങ്ങിയത് ബ്രീത്തിംഗ് ഇന്‍ഹേലറാണ്.

                 അവരെല്ലാവരും അതിലെ തമാശ തിരിച്ചറിഞ്ഞ് ഉറക്കെ ചിരിച്ചു.

                                                                     -0-


(പ്രദീപം മാസിക)


                                                                 



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ