2011, ഡിസംബർ 25, ഞായറാഴ്‌ച

കല്ലെട് തുമ്പീ, കല്ലെട്

അരുണ്‍കുമാര്‍ പൂക്കോം


                                                                            1
                       (പെണ്‍കുട്ടി വീടിന്റെ ഉമ്മറത്തിരുന്ന് കൊത്തന്‍കല്ല്
                      കളിക്കുന്നു.)

പെണ്‍കുട്ടി: (കല്ല് ചാടിപ്പിടിച്ചുകൊണ്ട് സ്വഗതം.) കൊത്ത് കോഴിക്കൊത്ത്,
                        വച്ചാടപ്പ് വാരിപ്പിടുത്തം, തപ്പ്, താളം, മേളം.

                    (പെണ്‍കുട്ടിയുടെ അമ്മച്ചി അകത്തു നിന്നും “രുക്കൂ, രുക്കൂ”
                    എന്നു വിളിക്കുന്ന ശബ്ദം.പെണ്‍കുട്ടി വിളിച്ചിട്ട് വിളി
                     കേള്‍ക്കാത്തതിന്റെ ഈര്‍ഷ്യയോടെ അമ്മച്ചി പാല് നിറച്ച
                     കുപ്പികളുള്ള കുട്ടയുമായി വരുന്നു.)

അമ്മച്ചി: രാവിലെ തന്നെ കൊത്തങ്കല്ലു കളിക്കാനിരിക്കുകയാണല്ലേ.
                   ചെന്ന് പാലു കൊടുക്ക് പെണ്ണേ. (പെണ്‍കുട്ടി    
                   ഇഷ്ടക്കേടോടെ  കല്ലുകള്‍ താഴത്തിട്ട് ഇഷ്ടപ്പടാത്ത
                   മുഖഭാവത്തോടെ കുട്ട വാങ്ങുന്നു.)

അമ്മച്ചി: പാലു കൊണ്ടുകൊടുക്കാന്‍ പറഞ്ഞാല്‍ എപ്പോഴും തേനീച്ച
                    കുത്തിയ പോലെയങ്ങ് വെച്ചോ. പെണ്ണിന്റെ മുഖത്ത്
                    ഒരിക്കലുമൊരിക്കലും തെളിച്ചം വേണ്ട. ഈ പാലു വിറ്റിട്ടാ
                    ഞാന്‍ കുടുംബം പുലര്‍ത്തുന്നത്. അല്ലാതെ നിന്റപ്പച്ചന്‍
                    പുള്ളി മുറിച്ച് കാശുണ്ടാക്കിയിട്ടല്ല. (പെണ്‍കുട്ടിക്ക് ഒരു
                   തള്ളു വെച്ചു കൊടുത്തുകൊണ്ട്)
                   പെട്ടെന്നു ചെല്ലെടീ. പാലു താമസിച്ചാല്‍
                    എനിക്കാ വഴക്ക്.

                    (പെണ്‍കുട്ടി കുട്ടയുമെടുത്ത് പോകുമ്പോള്‍ ഓടി വന്ന
                   പശുക്കിടാവിനെ അമ്മച്ചി തൊഴുത്തിലേക്ക് കൊണ്ടുപോകുന്നു.
                   പിന്നെ പശുവിന് വൈക്കോലിട്ട് കൊടുക്കുന്നു.)

                                                                          2
                   (പെണ്‍കുട്ടി പാലുകൊണ്ടു കൊടുക്കുന്ന വീട്ടിലെ ഓഫീസ്
                   മുറിയില്‍ കംപ്യൂട്ടറിന്റെ മുന്നിലിരിന്ന് ഒരു ആണ്‍കുട്ടി
                  കംപ്യൂട്ടറില്‍ ചിത്രം വരക്കുന്നു. പെണ്‍കുട്ടി ജാലകത്തിലൂടെ
                  അത്ഭുതത്തോടെ അതു നോക്കി നില്ക്കുന്നു. പെണ്‍കുട്ടി
                  നോക്കുന്നുണ്ടെന്നറിഞ്ഞ് ഗൌരവത്തോടെ ആണ്‍കുട്ടി അവളെ
                  നോക്കി “ഉംംം” എന്നു ചോദിക്കുന്നു.)

പെണ്‍കുട്ടി:  ഒരു ചിത്രം ഞാനും വരച്ചോട്ടെ.

ആണ്‍കുട്ടി : മറ്റാര്‍ക്കും കൊടുക്കരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.
                          (അവനതും പറഞ്ഞ് എഴുന്നേറ്റ് ജാലകം അടച്ചുകളയുന്നു.
                           അവള്‍ ജാള്യതയോടെ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍
                         വീട്ടുകാരി വന്ന് പാലിന്റെ ഒഴിഞ്ഞ കുപ്പി കൊടുത്തിട്ട്
                        തിരിച്ചു പോകുന്നു.)

പെണ്‍കുട്ടി: (മെല്ല തിരിഞ്ഞു നടക്കുന്നതിനിടയില്‍ ) ഓ! ഒലിയ വമ്പന്‍.
                        പെട്ടിപ്പീടിക പോലത്തെ കംപ്യൂട്ടറും വെച്ച് പത്രാസ്
                        കാണിക്കുന്നു. വലുതായാല്‍ ഞാനും വാങ്ങും
                        അതുപോലെ പത്തിരുപതെണ്ണം.

                                                                            3

                          (പെണ്‍കുട്ടി ഉറക്കെ ക്വിസ് പുസ്തകം വായിക്കുന്നു.)
പെണ്‍കുട്ടി: സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത
                         നക്ഷത്രം - പ്രോക്സിമ സെന്റോറി.
                         (ആവര്‍ത്തിച്ചാവര്‍ത്തിച്ച് മനസ്സിലുറപ്പിക്കുന്നു. കണ്ണാടിയുടെ
                         മുന്നില്‍ അണിഞ്ഞൊരുങ്ങുന്ന പെണ്‍കുട്ടിയുടെ അപ്പച്ചന്‍.
                         മീശയുടെയും തലമുടിയുടെയുമൊക്കെ ചേല് മാറി മാറി
                        നോക്കുന്നു. പെണ്‍കുട്ടിയുടെ അമ്മച്ചി അവഞ്ജയോടെ
                        അതു നോക്കുന്നു.)

അപ്പച്ചന്‍: (അമ്മച്ചിയോട്) നിന്റെ കൈയില്‍ ഒരു അഞ്ഞൂറു
                      രൂപയുണ്ടോ? ഞാന്‍ രണ്ടു ദിവസം കഴിഞ്ഞിട്ട്
                      തിരിച്ചു തരാം.

അമ്മച്ചി: ചീട്ടു കളിക്കാനല്ലേ. എന്റെ കൈയില്‍ കാശില്ല. ഉണ്ടെങ്കിലും
                    തരില്ല.

അപ്പച്ചന്‍: (ഉത്തരം ഉരുവിട്ടു കൊണ്ടിരുന്ന പെണ്‍കുട്ടിക്ക് നേരെ
                      തിരിഞ്ഞ്) പ്രോക്സിമ സെന്റോറി. പ്രോക്സിമ സെന്റോറി.
                       എന്ത് പ്രോക്സിമ സെന്റോറി. എഴുന്നേറ്റ് പോടി പെണ്ണേ.
                      ഇനിയിപ്പോള്‍ നീ പഠിച്ചിട്ട് ഉണ്ടാക്കാന്‍ പോകുവല്ലേ.
                      (പുസ്തകം പിടിച്ചു വാങ്ങി നിലത്തെറിയുന്നു. പെണ്‍കുട്ടി
                      പകച്ച് എഴുന്നേറ്റ് ചുമരും ചാരി നില്ക്കുന്നു.)

 അപ്പച്ചന്‍: (അമ്മച്ചിയോട്) നിന്നെ ഞാന്‍ മിന്നുകെട്ടിയത് പുവര്‍
                      ഫാമിലിയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാ. അന്ന് ഞാന്‍
                     കാണിച്ച മഹാമനസ്കത കൊണ്ടാണ് പുര നിറഞ്ഞു
                     നില്ക്കുന്ന നിനക്ക് ഭര്‍ത്താവായിട്ട് ഒരുത്തനുണ്ടായത്.
                      മറക്കേണ്ട നീ. ഇന്ന് പാലു വിറ്റ് നീ പണക്കാരിയായി. 
                      ഇന്നെനിക്ക് ഒരാവശ്യം  വന്നപ്പോള്‍ എനിക്ക് തരാന്‍
                      മാത്രം നിന്റെ പക്കല്‍ കാശില്ല.
                     (നിലത്ത് ചാടിയ പുസ്തകം കുനിഞ്ഞെടുക്കുന്നു.) ഇത് നീ
                      വാങ്ങിക്കൊടുത്ത പുസ്തകമല്ലേടി. കണ്ട പുസ്തകങ്ങള്‍
                     വാങ്ങിക്കൊടുത്ത് വെറുതെ കളയാന്‍ നിന്റെ കൈയില്‍
                     കാശുണ്ട്. ഞാന്‍ ചോദിച്ചാല്‍ തരാനില്ല. അല്ലേടി.
                      (പുസ്തകം അമ്മച്ചിയുടെ മുഖത്തെറിയുന്നു. പിന്നീട്
                      ധരിച്ചിരുന്ന ലുങ്കിയുടെ ഒരു വശം ഉയര്‍ത്തി ട്രൌസറിന്റെ
                     കീശയില്‍ നിന്നും രണ്ടുപെട്ടി ചീട്ടെടുത്തിട്ട് അതു തുറന്ന്
                     കുറച്ചു ചീട്ടുകള്‍ വിടര്‍ത്തിപ്പിടിച്ച് കാണിക്കുന്നു.)
                     എനിക്ക് ജീവിക്കാന്‍ ഇതു മതി. നീയൊരു അഞ്ഞൂറിങ്ങെട്.
                     കുറച്ചു ദിവസമായിട്ട് പണം നഷ്ടപ്പെട്ടു പോകുന്നൂന്നുള്ളത്
                      സത്യമാ. പക്ഷേ നീയൊരു അഞ്ഞൂറു സഹായിച്ചാല്‍
                      നഷ്ടപ്പെട്ടത് ഞാന്‍ തിരിച്ചു പിടിക്കും. നിനക്കൊരു സാരി
                      വാങ്ങിത്തരാം. പിന്നെ മോള്‍ക്കൊരു ഉടുപ്പും. (മുറിയില്‍
                      അവിടെയുമിവിടെയും കാശിനായി തപ്പി നോക്കുന്നു.)

അമ്മച്ചി: സാരിയും ഉടുപ്പും വാങ്ങിത്തരുന്ന ആളെക്കണ്ടാല്‍ മതി.
                    പൈസ മുഴുവന്‍ പോയപ്പോഴല്ലേ ഭാര്യയും മോളും. കുറെ
                    ദിവസമായി വീട്ടില്‍ പോലും വരാതെ ചീട്ടും കളിച്ച്
                    ഇരിക്കുകയായിരുന്നില്ലേ. വെറുതെ അതുമിതും പറയാതെ
                    ഇറങ്ങിപ്പോ മനുഷ്യാ.

                    (പെണ്‍കുട്ടിയുടെ അപ്പച്ചന്‍ “അധികപ്രസംഗം പറയുന്നോടി”
                    എന്നും പറഞ്ഞുകൊണ്ട് അമ്മച്ചിയെ ഓടി വന്ന് തല്ലുന്നു.
                    അമ്മച്ചി നിലവിലിച്ചു കൊണ്ട് പ്രാകുന്നു. ഇടയില്‍ വന്ന്
                    തടയാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ അപ്പച്ചന്‍
                   തട്ടിത്തെറിപ്പിക്കുന്നു. നിലത്തു വീഴുന്ന പെണ്‍കുട്ടി എഴുന്നേറ്റ്
                   വന്ന് വീണ്ടും അവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നു. ആകെ
                    ബഹളം. പിടി വലിക്കിടയില്‍ ബ്ളൌസിനിടയില്‍ നിന്നും
                   രണ്ടു മൂന്നു നൂറിന്റെ നോട്ടടുത്ത് അമ്മച്ചി നിലത്തേക്ക് 
                   എറിയുന്നു.)

അമ്മച്ചി: കൊണ്ടു പോ. എല്ലാം കൊണ്ടുപോയി കളിച്ചു തീര്‍ക്ക്.
                   കളിച്ചു തിമര്‍ക്ക്.
          
                     (അപ്പച്ചന്‍ കാശു കണ്ടതും അവ പെറുക്കിയെടുത്ത്
                    “നാവടക്കെടി” എന്ന് അമ്മച്ചിയോട് കയര്‍ത്ത്
                      പുറത്തേക്കിറങ്ങി പോകുന്നു. തന്നെ കെട്ടി പിടിച്ച
                     പെണ്‍കുട്ടിയെ തന്നോട് ചേര്‍ത്ത് അമ്മച്ചി ചുമരിലെ 
                    കര്‍ത്താവിന്റെ ചിത്രത്തിലേക്ക് നോക്കുന്നു.

 അമ്മച്ചി: കര്‍ത്താവേ. ഇതൊന്നും കാണുന്നില്ലല്ലോ?.

                                                                          4

                      (സ്ക്കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരു മരത്തിന്റെ
                     കീഴെയിരുന്ന് അപ്പച്ചന്‍ മറ്റുള്ളവരുടെ കൂടെ
                     ചീട്ടുകളിക്കുന്നത് കുറ്റിക്കാടിന്റെ മറ പറ്റി പെണ്‍കുട്ടി 
                    നോക്കുന്നു. അവള്‍ സ്ക്കൂള്‍ യൂണിഫോമാണ്
                     ധരിച്ചിരിക്കുന്നത്. അപ്പച്ചന്‍
                    അടുത്തിരിക്കുന്ന ആളുടെ കൈ എത്തിനോക്കുമ്പോള്‍
                     അയാള്‍ കൈ മറച്ചു കളയുന്നു. പെണ്‍കുട്ടി സ്ക്കൂളില്‍
                     നിന്നും ബെല്ലടിക്കുന്ന ശബ്ദം കേട്ട് ധ്യതിയില്‍
                    ഓടിപ്പോകുന്നു.)

                                                                           5

                      (വൈകുന്നേരം. അപ്പുറത്തെ വീട്ടിലെ വീട്ടുകാര്‍ അവിടുത്തെ
                      മരത്തിന്റെ കൊമ്പില്‍ നക്ഷത്രം തൂക്കുന്നത് അതിരില്‍
                      നിന്നുകൊണ്ട് പെണ്‍കുട്ടി നോക്കി നില്ക്കുന്നു. തന്റെ
                     പക്കല്‍ നക്ഷത്രമില്ലാത്തതിന്റെ സങ്കടം മുഖത്ത്
                     നിഴലിക്കുന്നു.)

                                                                            6

                             (പെണ്‍കുട്ടി സ്ക്കൂളിനടുത്തുള്ള ഗ്രീറ്റിംഗ് കാര്‍ഡുകടയില്‍
                             നിന്നും കാര്‍ഡുകളെടുത്ത് മറിച്ചു
                             നോക്കിക്കൊണ്ടിരിക്കുന്നു.
                             കടയിലെ ക്ളോക്കില്‍ 9.35.)

കടക്കാരന്‍: (കാര്‍ഡ് പിടിച്ചു വാങ്ങിയിട്ട്) വാങ്ങാനല്ലെങ്കില്‍ ഇടക്കിടക്ക്
                          വന്ന് അതുമിതുമെടുത്ത് നോക്കുന്നതെന്തിന്?  (കാര്‍ഡ്
                         തരിച്ചും മറിച്ചും നോക്കിയിട്ട്) ആകെ മുഷിച്ചു.
                         (അടുത്തു നിന്ന് കാര്‍ഡുകള്‍ നോക്കുന്ന ആളോട്)
                          ഈ കുട്ടി എപ്പോഴും വന്ന്
                         അധികാരത്തോടെ കാര്‍ഡെടുക്കും. കട അവളുടെ
                         സ്വന്തമാണെന്നാണ് വിചാരം. (വീണ്ടും കാര്‍ഡു നോക്കി
                         തുടച്ചുകൊണ്ട്) ആകെ വ്യത്തികേടാക്കി.

                          (പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുന്നു.)

                                                                            7

                          (ക്ളാസ് റൂം. കുട്ടികള്‍ക്കിടയില്‍ തനിക്കു കിട്ടിയ ഗ്രീറ്റിംഗ്
                         കാര്‍ഡ് മറ്റുകുട്ടികള്‍ക്ക് കാണിക്കുന്ന തിരക്കിലാണ്
                         അതിന്റെ ഉടമസ്ഥയായ കുട്ടി. പെണ്‍കുട്ടി
                         കൌതുകത്തോടെ കാര്‍ഡ് വാങ്ങി നോക്കുന്നു.
                         കാര്‍ഡിന്റെ ഉടമസ്ഥയായ കുട്ടി അത്
                         മറ്റുള്ളവരും നോക്കിക്കഴിഞ്ഞ് ഭദ്രമായി അവളുടെ
                         ബാഗില്‍ വെക്കുന്നു. പെണ്‍കുട്ടി അത് നോക്കി മനസ്സിലാക്കി
                        വെക്കുന്നു.)

                                                                           8

                          (ക്ളാസ് റൂമില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ
                          ബാഗില്‍ നിന്നും പെണ്‍കുട്ടി ഗ്രീറ്റിംഗ് കാര്‍ഡ്
                         മോഷ്ടിക്കുന്നു.  അത് തന്റെ പുസ്തകത്തില്‍
                         ഒളിപ്പിക്കുന്നു. ക്ളാസിലേക്ക് 
                          കുട്ടികള്‍ ‍ഓരോരുത്തരായി തിരിച്ചു വരുന്നു.)

                                                                           9

                          (മാഷ് ക്ളാസിലേക്ക് വരുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റു
                         നില്ക്കുകയും മാഷ് ഇരിക്കാന്‍ ആഗ്യം കാണിച്ചപ്പോള്‍
                         ഇരിക്കുകയും ചെയ്യുന്നു. ഗ്രീറ്റിംഗ് കാര്‍ഡിന്റെ
                        ഉടമസ്ഥയായ   കുട്ടി തന്റെ ബാഗില്‍ കാര്‍ഡ് പരതുന്നു.
                         കാണുന്നില്ലെന്ന് കണ്ട് പരിഭ്രമത്തോടെ വീണ്ടും പരതുന്നു.
                         അവള്‍ “എന്റെ  ഗ്രീറ്റിംഗ് കാര്‍ഡ് കാണുന്നില്ല.
                        നീയെടുത്തോ, നീയെടുത്തോ”
                        എന്ന് അടുത്തിരിക്കുന്നവരോട് ചോദിക്കുന്നു. പിന്നെ
                        മാഷോട് “സാര്‍, എന്റെ ഗ്രീറ്റിംഗ് കാര്‍ഡ് ആരോ എടുത്തു”
                        എന്നു പറയുന്നു.  പെണ്‍കുട്ടി അല്പം പരിഭ്രമത്തോടെ
                       മാഷെ നോക്കുന്നു.)

മാഷ്:            ആരാ ഈ കുട്ടിയുടെ ഗ്രീറ്റിംഗ് കാര്‍ഡെടുത്തത്? (ആരും
                        മിണ്ടുന്നില്ല.) ആരാ എടുത്തതെന്ന്? (ആരും മിണ്ടുന്നില്ലെന്ന്
                        കണ്ട്) എല്ലാവരും അടുത്തിരിക്കുന്നവരുടെ ബാഗ്
                        പരിശോധിക്കൂ.
                        (കുട്ടികള്‍ പരസ്പരം ബാഗ് പരിശോധിക്കുന്നു. പെണ്‍കുട്ടി
                        എന്തുചെയ്യണമെന്നറിയാതെ അല്പം പതറി പിന്നീട്
                        അടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ ബാഗ് പരിശോധിക്കുന്നു.
                        പെണ്‍കുട്ടിയുടെ അടുത്തിരിക്കുന്ന മറ്റൊരു കുട്ടി
                        പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ച് പുസ്തകത്തില്‍
                       നിന്നും മോഷ്ടിച്ചു വെച്ച ഗ്രീറ്റിംഗ് കാര്‍ഡ് പുറത്തെടുത്തിട്ട്
                       “സാര്‍, കാര്‍ഡു കിട്ടി. ഇവളെടുത്തു വെച്ചതാണ്” എന്ന്
                        മാഷോട് പറയുന്നു. പെണ്‍കുട്ടി ഭയത്തോടെ എഴുന്നേറ്റ്
                        നില്ക്കുന്നു. എല്ലാവരും അവളെ കുറ്റവാളിയെ പോലെ
                        നോക്കുന്നു. മാഷ് വടിയെടുത്ത് അവളുടെ കൈവെള്ളയില്‍
                       തല്ലുന്നു.)

മാഷ്:            ഇനി നീ മോഷ്ടിക്കുമോ? ഇല്ലെന്നു പറ. ഇല്ലെന്നു പറ.
                        (വീണ്ടും അടിക്കുന്നു. പെണ്‍കുട്ടി വിതുമ്പിക്കൊണ്ട് “ഇല്ല,
                       ഇല്ല” എന്നു പറയുന്നു.
                        അടി നിര്‍ത്തി കസേരയിലേക്ക് മടങ്ങുന്ന 
                        മാഷ് കുട്ടികളോടെല്ലാവരോടുമായി പറയുന്നു. )
                        തേങ്ങാക്കള്ളന്റെ മോളല്ലേ.
                       ഇവളുടെ അപ്പച്ചന്‍ കഴിഞ്ഞാഴ്ച എന്റെ പറമ്പത്തു
                      നിന്നും കട്ടത് ഒരു കുല തേങ്ങയാ. വിത്തുഗുണം.
                       അല്ലാണ്ടെന്ത്?

                       (തല കുനിച്ചു നില്ക്കുകയായിരുന്ന പെണ്‍കുട്ടി പുതുതായി
                       എന്തോ കേട്ടെന്ന വണ്ണം  നിറഞ്ഞ കണ്ണുകളോടെ മാഷെ ഒന്നു
                       നോക്കി വീണ്ടും തല കുനിച്ചു നില്ക്കുന്നു.  “മാഷ്
                       ഇരിയവിടെ” എന്നു പറയുന്നു. പെണ്‍കുട്ടി തല താഴ്ത്തി
                      പിടിച്ചു കൊണ്ടുതന്നെ ഇരിക്കുന്നു.)

                                                                       10

                       (ക്ളാസ് വിട്ടുപോരുമ്പോള്‍ വഴിവക്കില്‍ വെച്ച്
                      പെണ്‍കുട്ടിയെ ആണ്‍കുട്ടികളില്‍ ചിലര്‍ ‘കാര്‍ഡുപൊക്കിച്ചി’
                      എന്നു കളിയാക്കി വിളിക്കുന്നു.
                       പെണ്‍കുട്ടികള്‍ അടങ്ങുന്ന മറ്റു കുട്ടികള്‍ അതു
                       കേട്ട് അവരോടൊപ്പം കൂടി പെണ്‍കുട്ടിയെ
                       കളിയാക്കിച്ചിരിക്കുന്നു. പെണ്‍കുട്ടി തലയും താഴ്ത്തി നടന്നു
                       നീങ്ങുന്നു. )

                                                                           11

                          (പെണ്‍കുട്ടി ഘോഷയാത്രയുടെ ശബ്ദം കേട്ട് ഓടി വരുന്നു.
                          ക്രിസ്തുമസ്സ് അപ്പൂപ്പനും (സാന്താക്ളോസ്) സംഘവും
                          പാട്ടും പാടി വരുന്നു. പെണ്‍കുട്ടിയെ കണ്ട് സാന്താക്ളോസ്
                          ആശ്ളേഷിച്ച് തന്റെ കൈയിലെ ബലൂണ്‍ അവള്‍ക്കു
                         നല്കുന്നു. അവള്‍ അത് ആഹ്ളാദത്തോടെ വാങ്ങുന്നു.)

                                                                            12

                           (പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി ബലൂണ്‍ കൊണ്ട്
                           കളിക്കുന്നു. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ബലൂണ്‍ മുള്ളില്‍
                           തട്ടി പൊട്ടിപ്പോകുന്നു. പെണ്‍കുട്ടി പൊട്ടിയ ബലൂണ്‍
                          കഷണങ്ങള്‍ എടുത്ത് സങ്കടത്തോടെ നോക്കുന്നു.
                          സാന്തോക്ളോസ് വരുന്നു.)

സാന്താക്ളോസ് : ബലൂണ്‍ പൊട്ടിപ്പോയോ?ഇതാ കുട്ടിക്ക് മറ്റൊന്ന്.
                                      (പെണ്‍കുട്ടിയെ തന്നോട് ചേര്‍ത്തുപിടിച്ചു കൊണ്ട്
                                     സാന്താക്ളോസ് ഒന്നിനു പിറകെ മറ്റൊന്നായി
                                      ബലൂണുകള്‍ പെണ്‍കുട്ടിക്ക് നല്കുന്നു. അവള്‍
                                     ചിരിച്ചുകൊണ്ട്  അവ പറത്തിക്കളിക്കുന്നു.
                                     സാന്താക്ളോസും ഒപ്പം കളിച്ച് തളര്‍ന്ന് കിതക്കുന്നു.
                                      കിതപ്പടക്കാന്‍ സാന്താക്ളോസ് നിലത്തിരിക്കുന്നു.)

സാന്താക്ളോസ്: (കിതപ്പടക്കി) ഇനി നമുക്ക് കൊത്തങ്കല്ലു കളിക്കാം.

പെണ്‍കുട്ടി: (ബലൂണുകള്‍ നിലത്ത് ഭദ്രമായി വെച്ച് കൊണ്ട്) ഞാന്‍
                          അങ്ങോട്ട് പറയാന്‍ നോക്കുകയായിരുന്നു.

                            (പെണ്‍കുട്ടിയും സാന്താക്ളോസും കല്ലുകള്‍ പെറുക്കി
                             കൊത്തങ്കല്ലു കളിക്കുന്നു. സാന്താക്ളോസിന്റെ കൈയില്‍
                            നിന്നും കല്ലുകള്‍ താഴെ വീണു പോകുമ്പോള്‍ പെണ്‍കുട്ടി
                            വായ് പൊത്തിച്ചിരിക്കുന്നു. അതുകണ്ട് സാന്താക്ളോസും
                            ഒപ്പം ചിരിക്കുന്നു.)

പെണ്‍കുട്ടി: അപ്പൂപ്പന്റെ കൈയില്‍ ഗ്രീറ്റിംഗ് കാര്‍ഡുണ്ടോ?

സാന്താക്ളോസ്: (കല്ലുകള്‍ നിലത്തു വെച്ച്) ഉണ്ടല്ലോ.മോള്‍ക്ക് എത്ര
                                   വേണം? (സാന്താക്ളോസ് തോള്‍സഞ്ചിയില്‍
                                 നിന്നും ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എടുത്ത് പെണ്‍കുട്ടിക്ക്
                                  നല്കുന്നു.  അവള്‍ ആഹ്ളാദത്തോടെ അവ
                                  പരിശോധിക്കുന്നു.  പിന്നെ നെഞ്ചോടു
                                 ചേര്‍ത്തുപിടിക്കുന്നു.)

പെണ്‍കുട്ടി: ക്ളാസിലെ നൈനയുടെ ഗ്രീറ്റിംഗ് കാര്‍ഡ് എടുത്തതിന്
                        മാഷ് എന്നെ ഒരുപാട് തല്ലി.

സാന്താക്ളോസ്:  (പെണ്‍കുട്ടിയുടെ കൈയിലെ തല്ലിയ പാടുകള്‍
                                     പരിശോധിച്ച്) അയ്യോ! ഇങ്ങനെ തല്ലാന്‍ പാടുണ്ടോ?
                                     ആര്‍ക്കും മനസ്സിലായില്ലെങ്കിലും മോളെ അപ്പൂപ്പന്
                                     മനസ്സിലാകും. മോള്‍ക്ക് ഇന്നേവരെ ഗ്രീറ്റിംഗ് കാര്‍ഡു
                                     കിട്ടാത്തതു കൊണ്ടല്ലേ മോള് മോഷ്ടിച്ചത്, അല്ലേ.
                                    (പെണ്‍കുട്ടി തലയാട്ടുന്നു.) പക്ഷേ മോള്‍ക്കറിയോ?
                                     മറ്റുള്ളവരുടെ മുതല്‍ മോഷ്ടിക്കുന്നത് പാപമാണ്.
                                    എങ്കിലും അപ്പൂപ്പന്‍ മോളോട് ക്ഷമിച്ചിരിക്കുന്നു.
                                    ബൈബിളില്‍ പറഞ്ഞിരിക്കുന്നത് എന്താന്നെന്ന്
                                    മോള്‍ക്കറിയോ? (സാന്താക്ളോസ് തന്റെ തോള്‍
                                    സഞ്ചിയില്‍ നിന്നും ബൈബിളൈടുത്ത് നിവര്‍ത്തുന്നു.
                                    വെള്ളെഴുത്ത് കാരണം മുഖത്തോട് അടുപ്പിച്ച്
                                    പിടിച്ചാണ് വായന. പെണ്‍കുട്ടി നിര്‍ന്നിമേഷം
                                    നോക്കുന്നു.)

സാന്താക്ളോസ് : (വായിക്കുന്നു.) തെറ്റു ചെയ്യുന്നവരോട് നിങ്ങള്‍
                                      ക്ഷമിക്കുകയാണെങ്കില്‍ നിങ്ങളുടെ തെറ്റുകള്‍
                                      സര്‍വ്വശക്തനായ ദൈവം പൊറുക്കും. തെറ്റു
                                      ചെയ്യുന്നവരോട് നിങ്ങള്‍ ക്ഷമിക്കുന്നില്ല എങ്കില്‍
                                      നിങ്ങളുടെ തെറ്റുകള്‍ സര്‍വ്വശക്തനായ ദൈവം
                                      പൊറുക്കുകയില്ല.
                                       (സാന്താക്ളോസ് പെണ്‍കുട്ടിയെ ആശ്ളേഷിക്കുന്നു.

പെണ്‍കുട്ടി: ഇനി ഞാന്‍ സ്ക്കൂളില്‍ പോവില്ല. 

സാന്താക്ളോസ്: അയ്യോ അതെന്താ?

പെണ്‍കുട്ടി: അപ്പൂപ്പന് അറിയാത്തതു പോലെ. എല്ലാവരും എന്നെ
                         ‘കാര്‍ഡുപൊക്കിച്ചി’ എന്നാ വിളിക്കുന്നത്. കള്ളത്തിയെ
                          പോലെയാ എന്നെ നോക്കുന്നത്.

സാന്താക്ളോസ് : (തമാശ കേട്ടെന്ന പോലെ ചിരിച്ച്) ഒരു തെറ്റൊക്കെ
                                      ആര്‍ക്കും പറ്റും. മോള് അതൊക്കെ മറക്ക്. എന്നിട്ട്
                                      പഠിച്ച് നല്ല മിടുക്കിയാവ്. അമ്മച്ചിക്ക് മോള്
                                      മാത്രമേ  ഉള്ളു. അതുകൊണ്ട് മോളു വേണം
                                     അമ്മച്ചിയെ നോക്കാന്‍. (പെണ്‍കുട്ടി തലയാട്ടുന്നു.) 
                                     എന്നാല്‍  അപ്പൂപ്പന്‍ പോട്ടെ.
                                      (സാന്താക്ളോസ് റ്റാറ്റ പറഞ്ഞ്
                                     ചിരിച്ചുകൊണ്ട് മറയുന്നു. പെണ്‍കുട്ടി
                                     ചിരിച്ചുകൊണ്ട് തിരിച്ചും റ്റാറ്റ പറയുന്നു.)

                                                                          13

                                      (അമ്മച്ചി ഓടിവന്ന് ബോധം കെട്ടുകിടക്കുന്ന
                                      പെണ്‍കുട്ടിയെ കണ്ട് നിലവിളിച്ചു കൊണ്ട് അവളെ
                                      മടിയില്‍ എടുക്കുന്നു. ആളുകള്‍ ഓടി വരുന്നു.
                                      അതിലൊരാള്‍ പെണ്‍കുട്ടിയുടെ മുഖത്ത് വെള്ളം
                                     തളിക്കുന്നു. കണ്ണുകള്‍ തുറക്കുന്ന പെണ്‍കുട്ടി
                                    എല്ലാവരെയും കണ്ട് പകച്ചു നോക്കുന്നു.)

കൂട്ടത്തിലൊരാള്‍: (ആള്‍ക്കൂട്ടത്തില്‍ നിന്നും പെണ്‍കുട്ടിയുടെ
                                      അടുത്തേക്ക് വന്നു കുനിഞ്ഞു നോക്കിയതിനു ശേഷം
                                      ആള്‍ക്കൂട്ടത്തില്‍ വൈദ്യരെന്നു തോന്നിക്കുന്ന  ആളോട്.)
                                      കുഞ്ഞേക്കന്‍ വൈദ്യരൊന്ന് കുട്ടിയെ നോക്കിക്കേ.

                                      (വൈദ്യന് മറ്റുള്ളവര്‍ വഴി മാറിക്കൊടുക്കുന്നു.
                                     കുട്ടിയെ  വൈദ്യന്‍ നാഡി പിടിച്ചു നോക്കുന്നു.
                                      കണ്ണുകള്‍  പരിശോധിക്കുന്നു. )


വൈദ്യന്‍:  സാരാക്കാനൊന്നുമില്ല. എന്നാലും മനയിലൊന്നു
                      കാണിക്കുന്നത് നന്നായിരിക്കും. കുട്ടിക്കെന്തോ
                       മനസ്സിന് തെല്ലു പ്രയാസമുണ്ടെന്ന് തോന്നുന്നു. 

കൂട്ടത്തില്‍ നിന്നും മറ്റൊരാള്‍: (വൈദ്യരെ വിളിച്ചു മാറ്റി നിര്‍ത്തി
                                                                  സ്വകാര്യം) സൈക്യാട്രിസ്റോ
                                                                 സൈക്കോളജിസ്റോ പോരേ വൈദ്യരേ?

വൈദ്യര്‍:  അതൊന്നും വേണ്ട. മനയിലാകുമ്പോള്‍ തെല്ല് നെയ്യും
                     ഗുളികയുമൊക്കെ കഴിച്ചാ അസുഖം മാറിക്കിട്ടും.
                     അത്രക്കൊന്നുമില്ല. തെല്ലൊരു പ്രയാസം. ആയുര്‍വേദത്തില്‍
                     എന്തിനാ മരുന്നില്ലാത്തത് എന്നാ കരുതിയിരിക്കുന്നത്!

                    (അമ്മച്ചി പെണ്‍കുട്ടിയെ മുടിയും മുഖവുമൊക്കെ
                    തടവിക്കൊണ്ടിരിക്കുന്നു.)

                                                                          14

                    (മനയില്‍ ഉമ്മറത്ത് ഇരുത്തിയില്‍ ഇരുന്ന് കൊണ്ട് മനയിലെ
                   വൈദ്യര്‍ അമ്മച്ചിക്ക് കുപ്പിയില്‍ നെയ്യും ഗുളികയുടെ
                    പൊതിയും നല്കുന്നു.)

മനയിലെ വൈദ്യര്‍: (ചെറിയ പ്ളാസ്റിക് കുപ്പികളില്‍ ഒന്ന് കൈ
                                           നീട്ടി എടുത്തു കൊടുത്തു കൊണ്ട്.)
                                            ഇത് ഇടക്കൊക്കെ
                                           കുട്ടിയുടെ മൂക്കിനു മുകളിലും
                                           സന്ധികളിലുമൊക്കെ പുരട്ടിക്കൊടുക്കുക.
                                           മരുന്നൊക്കെ മുടങ്ങാതെ കഴിക്കുക.

അമ്മച്ചി: മോളുടെ അസുഖം ഭേദാവില്ലേ?

മനയിലെ വൈദ്യര്‍: ഭേദാകാതെ പിന്നെ. ധൈര്യായിട്ട് പോയിക്കോളു.
                                           രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വര്വാ. 
                                          (പെണ്‍കുട്ടിയോട്)  നന്നായി പഠിക്കണം ട്ടോ.

                                           (പെണ്‍കുട്ടി തലയാട്ടുന്നു.)

                                                                           15

                            (രാത്രി. കിടക്കയില്‍ ഇരിക്കുന്ന പെണ്‍കുട്ടി അമ്മച്ചിയുടെ
                           കൈ തന്നോട് ചേര്‍ത്തു പിടിക്കുന്നു.)

പെണ്‍കുട്ടി: അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ട് അമ്മച്ചിയെ ഒരുപാട്
                         സ്നേഹിക്കാന്‍. നന്നായി നോക്കണമെന്നും പറഞ്ഞിട്ടുണ്ട്.

അമ്മച്ചി: ഏതപ്പൂപ്പന്‍?

പെണ്‍കുട്ടി: സാന്താക്ളോസ് അപ്പൂപ്പന്‍.

അമ്മച്ചി: അതൊക്കെ മോള് വല്ല സ്വപ്നവും കണ്ടതായിരിക്കും.
                     (അമ്മച്ചി  അലമാരയില്‍ നിന്നും മനയിലെ നെയ്യുടെ
                     കുപ്പിയില്‍ നിന്നും  സ്പൂണില്‍ നെയ്യെടുത്ത് പെണ്‍കുട്ടിയുടെ
                     വായില്‍ പകരുന്നു.
                  പിന്നെ അവളെ പിടിച്ചു കിടത്തി അടുത്ത് കിടക്കുന്നു.) മോള്
                   ഉറങ്ങിക്കൊള്ളു. (പെണ്‍കുട്ടി കണ്ണുകള്‍ അടക്കുമ്പോള്‍ അമ്മച്ചി
                   അവളുടെ നെറ്റിയില്‍ ഉമ്മ വെക്കുന്നു. പുറത്ത് വാതിലില്‍
                   തട്ടുന്ന  ശബ്ദം. പിന്നെ പെണ്‍കുട്ടിയുടെ അപ്പച്ചന്റെ
                  “റീനേ, വാതിലു തുറക്ക്” എന്ന ശബ്ദം. പെണ്‍കുട്ടി ഉറങ്ങി എന്ന്
                   ബോധ്യപ്പെട്ട്  അമ്മച്ചി എഴുന്നേറ്റു ചെല്ലുന്നു.)

അമ്മച്ചി: (അകത്തു നിന്നും) കളിച്ചു കളിച്ച് കാശും കളഞ്ഞ് വന്നു
                    കയറാനുള്ള ഇടമല്ല ഇത്. മോള് ഇപ്പോള്‍
                    ഉറങ്ങിയതേയുള്ളു. ബഹളം വെക്കാതെ പോയേ.

അപ്പച്ചന്റെ ശബ്ദം: റീനേ, കുഞ്ഞേക്കന്‍ വൈദ്യര്‍ പറഞ്ഞാ
                                          കാര്യമൊക്കെ അറിഞ്ഞത്. എന്നെ
                                          വൈദ്യര് ഒത്തിരി വഴക്കും പറഞ്ഞു.
                                          വൈദ്യര് പറഞ്ഞപ്പോഴാ അറിയുന്നത്
                                           ഒപ്പം കളിക്കുന്നവരൊക്കെ മടിക്കെട്ടില്‍
                                          വേറെ ചീട്ടും ഒളിപ്പിച്ച്  എന്നെ
                                          പറ്റിക്കുകയായിരുന്നെന്ന്. ഇനി ഈ
                                          ജ•ം ഞാനിനി ചീട്ടു കളിക്കില്ല. 
                                          വാതിലു തുറക്ക്.

അമ്മച്ചി: (ജാലകം തുറന്ന് മുഖം കുനിച്ച് പുറത്തേക്ക് നോക്കിക്കൊണ്ട്
                    പതുക്കെയെങ്കിലും ദ്യഢമായ ശബ്ദത്തില്‍) ഉറപ്പാണോ?

അപ്പച്ചന്റെ ശബ്ദം : നിന്നാണെ, മോളാണെ സത്യം.

                       (അമ്മച്ചി തെല്ലു നേരം നിശ്ശബ്ദമായി ചുമര്‍ ചാരി
                       നിന്നതിനു ശേഷം വാതില്‍ തുറക്കുന്നു. അപ്പച്ചന്‍
                      അകത്തേക്ക് കടക്കുന്നു.)


                                                                            16

                         (പെണ്‍കുട്ടി അപ്പച്ചന്റെ ഓട്ടോറിക്ഷയില്‍ നിന്നും സ്ക്കൂള്‍
                          ബാഗുമെടുത്ത് ആഹ്ളാദത്തോടെ ഇറങ്ങുന്നു. അപ്പച്ചനോട്
                         സന്തോഷത്തോടെ തലയാട്ടിക്കൊണ്ട് പോട്ടെ എന്ന്
                         ചോദിക്കുന്നു. അപ്പച്ചന്‍ തിരിച്ചും സന്തോഷത്തോടെ
                         അവളെ നോക്കി സമ്മതഭാവത്തില്‍ തലയാട്ടി ഓട്ടോ
                         ഓടിച്ചു പോകുന്നു.  പെണ്‍കുട്ടി ചെറിയ വഴിയിലൂടെ
                         സ്ക്കൂളിലേക്ക് നടക്കുന്നു. 
                         നടന്നു പോകുന്ന വഴിയുടെ ഓരത്തു നിന്നും
                         തെല്ലുമാറി മറ്റുള്ളവര്‍ കളിക്കുന്നത് കണ്ടിട്ടും കാണാത്ത
                         ഭാവത്തില്‍  കുറ്റിക്കാട്ടിലെ ഒരു ചെറുമരക്കൊമ്പിലിരിക്കുന്ന
                         തുമ്പിയെ കണ്ട് പെണ്‍കുട്ടി അതിനെ ശബ്ദമുണ്ടാക്കാതെ
                        ചെന്ന് മെല്ലെ പിടിക്കുന്നു.)

പെണ്‍കുട്ടി: (കുനിഞ്ഞ് ഒരു ചെറുകല്ലെടുത്ത് കൈയില്‍ വച്ച് തുമ്പിയെ
                         അതിനടുത്തേക്ക് അടുപ്പിച്ച്) കല്ലെട് തുമ്പീ, കല്ലെട്. (തുമ്പിയെ
                         കൊണ്ട് കല്ലെടുപ്പിക്കുന്നു.)

പെണ്‍കുട്ടി: പാവം തുമ്പി. എന്തിനാ ഞാനിതിനെ വെറുതെ
                         ഉപദ്രവിക്കുന്നത്. പാവം പറന്നുപറന്നു പോയ്ക്കോട്ടെ.
                         (തുമ്പിയെ പറത്തി വിടുന്നു. അത് പറന്നു പറന്നു
                         പോവുന്നു.)

                                                                           -0-
   

  (എതിര്‍ദിശ മാസിക)


 Email: arunkumarpookkom@gmail.com





   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ